രാഷ്ട്രീയ നിരീക്ഷകരെ അൽപമൊന്നമ്പരപ്പിച്ചുകൊണ്ടു് ഉത്തർപ്രദേശിൽ ബഹുജൻ സമാജ് പാർട്ടി കേവല ഭൂരിപക്ഷം നേടിയിരിക്കുന്നു. ആർക്കും ഭൂരിപക്ഷമില്ലാതെ തൂക്കുസഭയുണ്ടാകും എന്നാണു് അഭിപ്രായ വേട്ടെടുപ്പുകാരും മാധ്യമങ്ങളും ഏകകണ്ഠമായി പ്രവചിച്ചിരുന്നതു്. ബി. എസ്. പി. ഒന്നാംസ്ഥാനത്തെത്തും, കോൺഗ്രസിന്റെയോ, ബി. ജെ. പി.-യുടെയോ പിന്തുണയോടെ മന്ത്രിസഭയുണ്ടാക്കാൻ ശ്രമിക്കുമെന്നു് രാഷ്ട്രീയ ജ്യോതിഷികൾ കവിടി വെച്ചുപറഞ്ഞു. എസ്. പി.-ബി. ജെ. പി. മന്ത്രിസഭ പ്രവചിച്ചവരുണ്ടു്. ബീഹാറിലെന്നപോലെ വിധാൻസഭ പിരിച്ചുവിട്ടു് വീണ്ടും തെരഞ്ഞെടുപ്പു് നടത്തുമെന്നു് ദീർഘദർശനം ചെയ്തവർപോലുമുണ്ടു്. ബി. എസ്. പി. തനിച്ചു ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്നു് ഒരാൾക്കും മുൻകൂട്ടി കാണാനൊത്തില്ല.
സമാജ്വാദി പാർട്ടിയുടെ പതനം സുനിശ്ചിതമായിരുന്നു. അഴിമതി, സ്വജനപക്ഷപാതം, ക്രമസമാധാന തകർച്ച, വർഗീയ പ്രീണനം, വിലക്കയറ്റം, വൈദ്യുതിക്ഷാമം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അതിശക്തമായിരുന്നു ഭരണവിരുദ്ധ വികാരം. മുലായംസിംഗി ന്റെ സംഘടനാ വൈഭവത്തിനോ അമർസിംഗിന്റെ പണക്കൊഴുപ്പിനോ ജയപ്രദ യുടെ ചർമകാന്തിക്കോ പാർട്ടിയെ രക്ഷിക്കാനാവിലെന്നു് വ്യക്തമായിരുന്നു. ജയലളിത രാഷ്ട്രഭാഷയിൽ നടത്തിയ പ്രഭാഷണങ്ങളോ ചില മുല്ല-മൗലവിമാർ പുറപ്പെടുവിച്ച ഫത്വകളോ ഏശിയില്ല. യാദവന്റെ മുസ്ലിം വോട്ടുബാങ്കിൽ ചോർച്ചയുണ്ടായി. എസ്. പി.-ബി. ജെ. പി. കൂട്ടുമന്ത്രിസഭയെക്കുറിച്ചുള്ള കിംവദന്തികൾ മുസ്ലിംകളെ സംശയാലുക്കളാക്കി. കുറച്ചുപേരെങ്കിലും ബി. എസ്. പി.-ക്കൊപ്പം പോയി. ബ്രാഹ്മണ-ക്ഷത്രിയ വോട്ടുകൾക്കായി കാട്ടികൂട്ടിയ കോപ്രായങ്ങളും പാർട്ടിക്കുള്ളിൽ അമർസിംഗ്; അമിതാഭ്ബച്ച ന്മാർക്കുള്ള അമിത സ്വാധീനവും പിന്നാക്കസമുദായങ്ങളെ വെറുപ്പിച്ചു.
ബി. ജെ. പി. വലിയ ആവേശത്തിലാണു് ആരംഭിച്ചതു്. പഞ്ചാബും ഉത്തരഖണ്ഡും ദൽഹിയും പകർന്നുനൽകിയ ആത്മ വിശ്വാസം, സംസ്ഥാനത്തു് പ്രകടമായിരുന്ന ഭരണവിരുദ്ധ വികാരം, പിന്നെ പഴയ പടക്കുതിര കല്യാൺ സിംഗി ന്റെ പുനരാഗമനം. മുന്നാക്ക-പിന്നാക്ക ഹിന്ദുക്കൾ മൽസരിച്ചു് വോട്ടുതരും, വിധാൻ സൗധത്തിനു മുകളിൽ വീണ്ടും കാവിക്കൊടി പാറും എന്നൊക്കെ നേതാക്കൾ വീമ്പിളക്കി. ബി. എസ്. പി.-ക്കു് പിന്നിൽ രണ്ടാംസ്ഥാനത്തെത്തണം എന്നു് ന്യായമായി ആഗ്രഹിച്ചു; മായാവതി യോടും മുലായംസിംഗി നോടും വിലപേശി രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ നില ഉറപ്പാക്കാമെന്നും കണക്കുകൂട്ടി.
എന്നാൽ കല്യാൺസിംഗ്-രാജ്നാഥ് സിംഗ് കൂട്ടുകെട്ടു് സചിൻ ടെണ്ടുൽക്കർ-രാഹുൽദ്രാവിഡ് നിലവാരത്തിലേ എത്തിയുള്ളു. മായാവതി എന്ന തനി കടുവ ഉള്ളപ്പോൾ സടകൊഴിഞ്ഞ വൃദ്ധസിംഹങ്ങളെ ആരു് ഗൗനിക്കാൻ? അടൽബിഹാരി വാജ്പേയി തന്ത്രപൂർവം രംഗത്തുനിന്നു് വിട്ടുനിന്നു. ഭരണവിരുദ്ധ വികാരം മുതലാക്കാൻ ബി. ജെ. പി.-ക്കു് സാധിച്ചില്ല. പ്രചാരണാർഥം പുറത്തിറക്കിയ സി. ഡി. വിവാദമായി. ബാബുഭായ് കത്താരയുടെ മനുഷ്യക്കടത്തും ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടൽ മരണങ്ങളും പാർട്ടിയുടെ പ്രതിച്ഛായ വികൃതമാക്കി.
കോൺഗ്രസ് ചിത്രത്തിലെവിടെയും ഉണ്ടായിരുന്നില്ല. ബി. എസ്. പി.-ക്കും ബി. ജെ. പി.-ക്കും എസ്. പി.-ക്കും വളരെ പിന്നിൽ നാലാംസ്ഥാനത്തിനുവേണ്ടി അജിത്സിംഗി ന്റെ രാഷ്ട്രീയ ലോൿദളിനോടു് മൽസരിക്കേണ്ട ദുഃസ്ഥിതി. എന്നിട്ടും രാഹുൽ രാജ്കുമാരൻ അങ്കത്തിനിറങ്ങി. ബാബരി പള്ളിയെയും ബംഗ്ലാദേശിനെയും പറ്റി പയ്യൻസ് നടത്തിയ പ്രഭാഷണങ്ങൾ കേട്ടു് വയലാർ രവി ക്കു് കുളിരുകോരി. ഇതാ താരോദയം എന്നു് മലയാള മനോരമ വിളിച്ചു കൂവി. (ഫിലിപ്പ് മാത്യുവിനും ജേക്കബ് മാത്യുവിനും പത്മശ്രീ ഉറപ്പായി). രാഹുൽഗാന്ധി പ്രധാനമന്ത്രിയാകുമെന്നു് ജ്യോതിഷ ഭൂഷണം ദ്വൈവാരിക പ്രവചിച്ചു. മലയാള മനോരമക്കും ജ്യോതിഷഭൂഷണത്തിനും ഉത്തർപ്രദേശിൽ തീരെയുമില്ല സർക്കുലേഷൻ. രാഹുൽജിയുടെ മഹത്ത്വം യു. പി.-ക്കാർക്കു് മനസ്സിലായില്ല. അവർ കോൺഗ്രസിനെ പുച്ഛിച്ചുതള്ളി.
ബി. ജെ പി.-യും കോൺഗ്രസും പരാജയപ്പെട്ടിടത്തു് ബി. എസ്. പി. വിജയിച്ചു. മുലായംസിംഗി ന്റെ അഴിമതിക്കും ദുർഭരണത്തിനുമെതിരെ മായാവതി ആഞ്ഞടിച്ചു. ബഹൻജിയുടെ പ്രസംഗം കേൾക്കാൻ പതിനായിരങ്ങൾ തടിച്ചുകൂടി. അംബേദ്കറു ടെയും കാൻഷിറാമി ന്റെയും സ്വപ്നങ്ങൾ സഫലീകരിക്കുമെന്നു് ആവർത്തിക്കുമ്പോൾ തന്നെ ബി. എസ്. പി.-യുടെ വാതായനങ്ങൾ ബ്രാഹ്മണർക്കും ക്ഷത്രിയർക്കുമായി തുറന്നുകൊടുത്തു. ബഹുജൻ സമാജ് അല്ല, സർവ സമാജാണു് ഇനി മേലിൽ ഞങ്ങളുടെ ലക്ഷ്യം. ബ്രാഹ്മണർ ശംഖുമുഴക്കും, ആന മുന്നേറും. പണ്ഡിറ്റ് ജവഹർ ലാൽ നെഹ്റു, ലാൽ ബഹദൂർ ശാസ്ത്രി, ഗോവിന്ദ വല്ലഭ പന്ത്, കമലാപതി ത്രിപാഠി, നാരായൺ ദത്ത് തിവാരി എന്നിവർക്കുശേഷം എണ്ണിപ്പറയാവുന്ന ഒരു ബ്രാഹ്മണ നേതാവുണ്ടോ യു. പി.-യിൽ? മുലായംസിംഗ്, കല്യാൺ സിംഗ് എന്നീ ഒ. ബി. സി.-കളേക്കാൾ ഭേദം, പഞ്ചമജാതിക്കാരി മായാവതി.
മുലായംവിരുദ്ധ വോട്ടുകൾ മൊത്തം മായാവതി യുടെ പെട്ടിയിൽ വീണു. ബി. ജെ. പി.-യുടെ കോട്ടകൊത്തളങ്ങൾ തകർന്നു, കോൺഗ്രസ് നിലംപരിശായി. ബി. എസ്. പി.-യുടെ മുന്നിൽ സമാജ്വാദി പാർട്ടി നിഷ്പ്രഭമായി. കേവല ഭൂരിപക്ഷം നേടി ബഹൻജി മുഖ്യമന്ത്രിയായി. കോൺഗ്രസിന്റെ സഹായ വാഗ്ദാനം നിരസിക്കാനും മായാവതിക്കു് മടിയേതുമുണ്ടായില്ല.
തോറ്റമ്പിയെങ്കിലും കോൺഗ്രസിനു് ആശ്വാസത്തിനു് വകയുണ്ടു്. അഹിംസയുടെ ആജന്മശത്രു മുലായംസിംഗ് അധികാരഭ്രഷ്ടനായിരിക്കുന്നു. ബി. ജെ. പി.-യുടെ വിജയക്കുതിപ്പിനു് വിരാമവുമായി. മൂന്നാം മുന്നണി എന്ന ഭീഷണി അവസാനിച്ചു. മൻമോഹൻസിംഗ് കാലാവധി തികച്ചു ഭരിക്കുമെന്നുറപ്പായി. രാഷ്ട്രപതി സ്ഥാനത്തേക്കു് കോൺഗ്രസ് നോമിനിക്കാണു് ഇനി സാധ്യത. ബഹൻജിയെ അനുനയിപ്പിച്ചു് സഖ്യകക്ഷിയാക്കിയാൽ അടുത്തവർഷം മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് നിയമ സഭകളിലും അതിനടുത്ത കൊല്ലം ലോൿസഭയിലും ഭൂരിപക്ഷം സുനിശ്ചിതം.
യു. പി. കൈവിട്ടുപോയി, സീറ്റുകൾ കുത്തനെ കുറഞ്ഞു, രാഷ്ട്രപതി സ്ഥാനം മരീചികയായി—എങ്കിലും ബി. ജെ പി.-ക്കുമുണ്ടു് തെല്ലു് ആശ്വാസത്തിനു് വക. മുലായംസിംഗ് അധികാരത്തിൽ തിരിച്ചെത്തിയിരുന്നെങ്കിൽ അണ്ണാ ഡി. എം. കെ.-യും ഐ. എൻ. എൽ. ഡി.-യും തെലുഗുദേശവുമുൾപ്പെട്ട മൂന്നാംമുന്നണി യാഥാർഥ്യമായേനെ. ഒരുപക്ഷേ, ഇടതുപാർട്ടികൾ കൂടിയും അവരോടു് സഹകരിക്കുമായിരുന്നു. ഐക്യജനതാദൾ, മതേതര ജനതാദൾ, ബിജു ജനതാദൾ എന്നീ എൻ. ഡി. എ. ഘടകകക്ഷികളും ആ പ്രലോഭനത്തിൽ വീഴാൻ ഇടയുണ്ടായിരുന്നു. മുലായം വീണതോടെ മൂന്നാംമുന്നണി നീർക്കുമിളയായി. ഇന്നല്ലെങ്കിൽ നാളെ ജയലളിത യും ചൗതാലയും നായിഡുവും ബി. ജെ പി. മുന്നണിയിൽ മടങ്ങിയെത്തും. നിതീഷ്കുമാറിന്റെ യും ദേവഗൗഡ യുടെയും പാത പിന്തുടർന്നു് മുലായംസിംഗുതന്നെ ദേശീയ ജനാധിപത്യ സഖ്യത്തിൽ അംഗമാകില്ലെന്നു് ആരു കണ്ടു?
യാദവനു് ഇനി കാത്തിരിപ്പിന്റെ നാളുകൾ. 2009-ലെ പൊതു തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകൾ നേടണം, കേന്ദ്രത്തിൽ ഭരണപങ്കാളിത്തത്തിനു് ശ്രമിക്കണം. മായാവതി യുടെ വീഴ്ചകളിൽ നിന്നു് ഊർജം നേടി മുന്നേറണം.
ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പുഫലം സി. പി. എമ്മിനും കനത്ത ആഘാതമായി. രാഷ്ട്രപതിയാകാൻ കുപ്പായം തയ്പിച്ചിരിക്കുകയാണു് സഖാവു് സോമനാഥ് ചാറ്റർജി. മൻമോഹൻ മന്ത്രിസഭക്കുള്ള പിന്തുണ പുനഃപരിശോധിക്കണമെന്നു് സി. പി. ഐ., ആർ. എസ്. പി., ഫോർവേഡ് ബ്ലോക്ക് കക്ഷികൾ ആവർത്തിച്ചു് ആവശ്യപ്പെട്ടപ്പോഴും മാർൿസിസ്റ്റ് പാർട്ടി വഴങ്ങാത്തതിന്റെ കാരണം മറ്റൊന്നല്ല. മുലായംസിംഗ് യാദവ് സി. പി. എം. സ്ഥാനാർത്ഥിയെ പിന്തുണക്കും, കോൺഗ്രസുകാരനെ പിന്താങ്ങില്ല എന്നിടത്തായിരുന്നു സോമനാഥി ന്റെ ബലം. ബി. എസ്. പി.-യുടെ വിജയത്തോടെ സഖാവിന്റെ സാധ്യത മങ്ങി. മുലായം മച്ചമ്പിക്കു് മായാവതിയുടെ വോട്ടുകിട്ടുന്ന പ്രശ്നമില്ല. ബി. എസ്. പി.-ക്കു് സമ്മതനായ കോൺഗ്രസുകാരനാണു് ഇനി സാധ്യത. രാഷ്ട്രപതിമോഹം പൊലിയുന്ന സാഹചര്യത്തിൽ മാർൿസിസ്റ്റുപാർട്ടി കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ ഉറച്ച നിലപാടു് സ്വീകരിക്കുമെന്നു് പ്രത്യാശിക്കുക.
ബി. എസ്. പി. ഇനി എത്ര മുന്നോട്ടു പോകും? ഈയിടെ നടന്ന ഉത്തരഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലും ദൽഹി മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിലും പാർട്ടി മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചിരുന്നു. വിമതസംഘടനയുടെ ആവിർഭാവത്താൽ പഞ്ചാബിൽ നിലംതൊടാനൊത്തില്ല. ഹിന്ദി മേഖലയിലെമ്പാടും ബി. എസ്. പി.-യെ ശക്തിപ്പടുത്താനായിരിക്കും ബഹൻജിയുടെ പരിശ്രമം. ബീഹാറിലെ രാംവിലാസ് പാസ്വാനും മഹാരാഷ്ട്രയിലെ ആർ. പി. ഐ. ഗ്രൂപ്പുകളും അതിനോടു് എങ്ങനെ പ്രതികരിക്കുമെന്നും കാത്തിരുന്നു് കാണുക.
ബി. എസ്. പി.-യുടെ പ്രഖ്യാപിത ദലിത് ഐഡന്റിറ്റിയിൽ മായം ചേർത്തതിനും ബ്രാഹ്മണ ബാന്ധവത്തിനും മായാവതിയെ കുറ്റപ്പെടുത്തുന്നവരുണ്ടു്; ദലിത്-പിന്നാക്ക-മുസ്ലിം ഐക്യം എന്ന മുദ്രാവാക്യം വെടിഞ്ഞു് കോൺഗ്രസിന്റെ പഴയ ബ്രാഹ്മണ-മുസ്ലിം-ദലിത് സമവാക്യത്തിലേക്കു് ബി. എസ്. പി. തിരിച്ചുപോയി. 86 ബ്രാഹ്മണരാണു് ആന അടയാളത്തിൽ മൽസരിച്ചതു്. ബ്രഹ്മണരുടെ ചുവടുമാറ്റമാണു് ബി. ജെ. പി.-യുടെ അടിത്തറയിളക്കിയതും യാദവന്റെ കണക്കുകൂട്ടൽ തെറ്റിച്ചതും.
സൈദ്ധാന്തികർക്കു് എന്തുംപറയാം. മായാവതി തനി രാഷ്ട്രീയക്കാരിയാണു്. അധികാരമാണു് ആദർശത്തേക്കാൾ മുഖ്യം. ബി. ജെ പി. എന്ന മനുവാദി പാർട്ടിയുടെ പിന്തുണയോടെയാണു് അവർ മുമ്പു് മൂന്നു തവണയും മുഖ്യമന്ത്രിയായതു്. എന്നിട്ടും ബഹുഭൂരിപക്ഷം ദലിതർക്കും ഒരു വിഭാഗം മുസ്ലിംകൾക്കും ബഹൻജിയോടുള്ള ബഹുമാനത്തിനു് കുറവേതും സംഭവിച്ചിട്ടില്ല. ബ്രാഹ്മണരെയും ഠാക്കൂർമാരെയും പാർട്ടി ടിക്കറ്റിൽ മൽസരിപ്പിച്ചിട്ടും സ്ഥിതിക്കു് മാറ്റമില്ല. ഒരുപക്ഷേ, ദലിതർ നിവൃത്തികേടുകൊണ്ടു് ബി. എസ്. പി.-യിൽ ഉറച്ചുനിൽക്കുന്നതാകാം. ബ്രാഹ്മണ ബാന്ധവത്തിലെ ചതിക്കുഴികൾ തിരിച്ചറിയാത്തതാകാം, ബഹൻജിയിലുള്ള അതിരറ്റ വിശ്വാസംകൊണ്ടുമാകാം.
ഒരു ദലിത് നേതാവു്, അതും വനിത, ബ്രാഹ്മണരുടെ വോട്ടുവാങ്ങി ജാതിരാഷ്ട്രീയം കൊടികുത്തിവാഴുന്ന ഉത്തർപ്രദേശിൽ മുഖ്യമന്ത്രിയാകുന്നതിൽ സാമൂഹിക വിപ്ലവത്തിന്റെ ഒരംശമുണ്ടു്. ബ്രാഹ്മണ പിന്തുണ നിവൃത്തികേടുകൊണ്ടുമാകാം, രാഷ്ട്രീയ കൗശലമാകാം, കോൺഗ്രസ്-ബി. ജെ പി നേതൃത്വത്തിലുള്ള പകവീട്ടൽ പോലുമാകാം. അതു് വേറെ കാര്യം. നായർ-നസ്രാണി-നമ്പൂരി നേതൃത്വം അംഗീകരിച്ചു് ദേശീയ വിപ്ലവ പാർട്ടികളിൽ ചേക്കേറിയ കേരളത്തിലെ ദലിതരുടെ സ്ഥിതി എന്താണു്? മൽസരിക്കാൻ സംവരണ സീറ്റുകൾ, ഭരിക്കാൻ പട്ടികജാതി ക്ഷേമ വകുപ്പു്. മുഖ്യമന്ത്രി പദത്തിന്റെ തീണ്ടാപ്പാടകലെ പോലും എത്തിയിട്ടില്ല, ആഭ്യന്തര, ധനകാര്യ, റവന്യൂ വകുപ്പുകൾ സ്വപ്നത്തിലെങ്കിലും ഭരിച്ചിട്ടുമില്ല.
മായാവതി യുടെ ഭരണത്തിൻകീഴിൽ ഉത്തർപ്രദേശിന്റെ ഭാവി എന്താകും എന്ന ചോദ്യം അവശേഷിക്കുന്നു. മുലായംസിംഗ്, രാജ്നാഥ് സിംഗ്, കല്യാൺ സിംഗ് എന്നിവരേക്കാൾ മികച്ച മുഖ്യമന്ത്രിയായിരിക്കുമോ അവർ? ക്രമസമാധാനനില മെച്ചപ്പെടുത്താൻ, തൊഴിലില്ലായ്മക്കും വൈദ്യുതി ക്ഷാമത്തിനും പരിഹാരം കാണാൻ, ദലിതരടക്കമുള്ള ദരിദ്രനാരായണന്മാർക്കു് അൽപമെങ്കിലും ആശ്വാസം നൽകാൻ ബഹൻജിക്കു് കഴിയുമോ? അതോ പഴയപോലെ നാടെങ്ങും അംബേദ്കർ പാർക്കുകളുണ്ടാക്കിയും ജില്ലകൾ വിഭജിച്ചും പുനർനാമകരണം ചെയ്തും സാമൂഹിക വിപ്ലവം നടപ്പാക്കാനാണോ തുനിയുക? ബ്രാഹ്മണ-ക്ഷത്രിയ സഹോദരന്മാരോടുള്ള ബന്ധം സൗഹാർദപരമായിരിക്കുമോ? യാദവ, മുസ്ലിം സമുദായങ്ങളോടുള്ള നിലപാടു് എന്തായിരിക്കും, പ്രത്യേകിച്ചു് അവരിൽ നല്ലൊരുഭാഗം സമാജ്വാദി പാർട്ടിക്കാരാണെന്നിരിക്കെ?
മായാവതി, മമതാ ബാനർജി, ഉമാഭാരതി, ജയലളിത എന്നീ നേതാക്കികളെ കാണുമ്പോഴാണു് കുംഭമാസ നിലാവുപോലെ കുമാരിമാരുടെ ഹൃദയം എന്നു് സിനിമാഗാനമെഴുതിയ ശ്രീകുമാരൻ തമ്പി യെ നമിച്ചുപോകുന്നതു്. ഇരുളുന്നതെപ്പോഴെന്നറിയില്ല, തെളിയുന്നതെപ്പോഴെന്നറിയില്ല. നാൽവരും അവിവാഹിതർ, ദുശ്ശാഠ്യക്കാർ, രാഷ്ട്രീയ ചാപല്യത്തിനു് പേരുകേട്ടവർ. മമതയും ഉമയും അഴിമതിക്കാരല്ല. മായാവതി യെയും ജയലളിത യെയുംപറ്റി അങ്ങനെ ഒരാക്ഷേപം ആരും പറയില്ല.
തൻപ്രമാണിത്തത്തിലും ദുശ്ശാഠ്യത്തിലും ജയലളിതക്കു് സമശീർഷയാണു് മായാവതി. ഇരുവരുടെയും സ്വകാര്യ രാഷ്ട്രീയ ജീവിതങ്ങൾക്കുള്ള സാദൃശ്യം അദ്ഭുതകരമാണു്. നിറത്തിലും കുലത്തിലുമേയുള്ളു വ്യത്യാസം. “ബഹുമാനിയാ ഞാനാരെയും തൃണവൽ” എന്ന മനോഭാവം. അധികാരത്തോടും ‘വികസന’ത്തോടുമുളള പ്രതിബദ്ധ, സ്വന്തംമൂക്കിനപ്പുറം കാണാതിരിക്കാനുളള കഴിവു്—എല്ലാം തുല്യം. ജയലളിത കഷ്ടിച്ചു് എം. ജി. ആറി നെ മാത്രമേ അംഗീകരിച്ചിരുന്നുള്ളൂ; മായാവതി കാൻഷിറാമി നെയും. ബ്രാഹ്മണ വനിത ദ്രാവിഡ പ്രസ്ഥാനത്തിന്റെ നേതൃത്വമേറ്റു് അധികാരം പിടിച്ചു; ദലിത് വനിത ബ്രാഹ്മണ പിന്തുണയോടും.
ലഖ്നൗവിനെ ലങ്കാപുരമാക്കി ഉത്തർപ്രദേശിൽ രാവണ രാജ്യം സ്ഥാപിക്കുന്നതിൽ മായാ മേംസാബ് എത്രകണ്ടു് വിജയിക്കുമെന്നു് കാത്തിരുന്നു് കാണാം. ജയ് കൻഷിറാം!
വാൽക്കഷണം: അധഃസ്ഥിതരുടെ ഉന്നമനത്തിനായി പോരാടിയ ശ്രീനാരായണ ഗുരു ദേവനെ മായാവതി വിജയാഹ്ലാദ പ്രസംഗത്തിൽ അനുസ്മരിച്ചു. നമ്പൂതിരി മുതൽ നായാടി വരെയുള്ളവരുടെ ഐക്യത്തിനായി അനവരതം പ്രവർത്തിക്കുന്ന നടേശഗുരുദേവന്റെ അനുഗ്രഹവും തേടാമായിരുന്നു.
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.