അഞ്ചു കൊല്ലം തികച്ചു ഭരിച്ച ഒരു പാർട്ടി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുക എന്നതു് പശ്ചിമ ബംഗാൾ ഒഴികെ ഒരു സംസ്ഥാനത്തും പതിവുള്ളതല്ല. ബീഹാറിൽ ജനതാദളും (1995) മധ്യപ്രദേശിൽ കോൺഗ്രസും (1998) ആന്ധ്രയിൽ തെലുഗുദേശവും (1999) മാത്രമാണു് ഈ സാമാന്യ നിയമത്തിനു് അപവാദം. പ്രതിപക്ഷ വോട്ടുകൾ കോൺഗ്രസിനും ബി. ജെ. പി.-ക്കും സമതാ പാർട്ടിക്കുമിടയിൽ ചിതറിപ്പോയതാണു് ബീഹാറിൽ ലാലു വിന്റെ തിരിച്ചുവരവിനു് വഴിയൊരുക്കിയതെങ്കിൽ ദിഗ്വിജയസിംഗി ന്റെ വ്യക്തിത്വവും തെരഞ്ഞെടുപ്പുതന്ത്രങ്ങളുമാണു് മധ്യപ്രദേശിൽ കോൺഗ്രസിനു് തുണയായതു്. കാർഗിൽ യുദ്ധം ഉയർത്തിയ തീവ്രദേശീയ വികാരവും ബി. ജെ. പി.-യുമായുണ്ടാക്കിയ തെരഞ്ഞെടുപ്പു ധാരണയുമാണു് ആന്ധ്രയിൽ ചന്ദ്രബാബു നായിഡു വിനു് വിജയം നേടിക്കൊടുത്തതു്. ലാലു, ദിഗ്വിജയ്, നായിഡുമാരെയും വെല്ലുന്ന വിജയമാണു് ഇപ്പോൾ ഗുജറാത്തിൽ നരേന്ദ്ര മോഡി നേടിയിട്ടുള്ളതു്.
1998 ഫെബ്രുവരിയിൽ ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പമായിരുന്നു ഗുജറാത്തിൽ ഇതിനു മുമ്പു് നിയമസഭാ തെരഞ്ഞെടുപ്പു് നടന്നതു്. 182-ൽ 117 സീറ്റും ബി. ജെ. പി. നേടി. പാർലമെന്റിലേക്കു് 26-ൽ 19. അദ്വാനി യുടെ വിശ്വസ്തൻ കേശുഭായ് പട്ടേൽ മാർച്ച് നാലിനു് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
1999 ഒക്ടോബറിൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിലും ബി. ജെ. പി. ഗംഭീര പ്രകടനം (26-ൽ 20) കാഴ്ചവെച്ചെങ്കിലും പോകെപ്പോകെ കേശുഭായിയുടെ പ്രഭമങ്ങി. ഗിരിവർഗ മേഖലയിൽ ക്രൈസ്തവർക്കു് നേരെ നടന്ന അക്രമങ്ങളും സർക്കാർ ജിവനക്കാർക്കു് ആർ. എസ്. എസിൽ ചേർന്നു് പ്രവർത്തിക്കാൻ അനുവാദം നൽകിക്കൊണ്ടുള്ള ഉത്തരവും രാജ്യവ്യാപകമായ പ്രതിഷേധം ക്ഷണിച്ചുവരുത്തി. അഴിമതിയും കെടുകാര്യസ്ഥതയുമായി സർക്കാറിന്റെ മുഖമുദ്രകൾ. കുടിവെള്ളത്തിനും വൈദ്യുതിക്കും കടുത്ത ക്ഷാമം അനുഭവപ്പെട്ടു. വ്യവസായങ്ങൾ ക്ഷയിച്ചു. തൊഴിലില്ലായ്മ വർദ്ധിച്ചു. 2000-ാം ആണ്ടു് സെപ്റ്റംബറിലെ തെരഞ്ഞെടുപ്പിൽ ആകെയുള്ള 25 ജില്ലാ പഞ്ചായത്തുകളിൽ 23-ഉം നഷ്ടപ്പെട്ടു. ദീർഘകാലം അധികാരത്തിലിരുന്ന അഹ്മദാബാദ്, രാജ്കോട്ട് മുനിസിപ്പൽ കോർപ്പറേഷനുകളും പാർട്ടിയെ കൈവിട്ടു.
2001-ലും സ്ഥിതി മെച്ചപ്പെട്ടില്ല. ജനുവരി 26-നുണ്ടായ ഭൂകമ്പം സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ തകർത്തു. സബർകാന്ത ലോക്സഭാ സീറ്റിലും സബർമതി അസംബ്ലി മണ്ഡലത്തിലും നടന്ന ഉപതെരഞ്ഞെടുപ്പുകളും തോറ്റപ്പോൾ കേന്ദ്ര നേതൃത്വം ഞെട്ടി. ബി. ജെ. പി. ഒറ്റക്കു് ഭരിക്കുന്ന ഒരേയൊരു സംസ്ഥാനമാണു് ഗുജറാത്തു്. സബർമതി, അദ്വാനിയുടെ സിറ്റിംഗ് സീറ്റായ ഗാന്ധി നഗറിന്റെ ഭാഗവും. അങ്ങനെ കേശുഭായിയുടെ പകരക്കാരനായി 2001 ഒക്ടോബർ ഏഴിനു് നരേന്ദ്രമോദി അധികാരമേറ്റു. മുഖ്യമന്ത്രി സ്ഥാനത്തെത്തുന്ന ആദ്യത്തെ ആർ. എസ്. എസ്. പ്രചാരകൻ. കഴിവുറ്റ സംഘാടകൻ, ഉജ്വല വാഗ്മി, 1995, 98, 99 വർഷങ്ങളിലൊക്കെ ഗുജറാത്തിൽ ബി. ജെ. പി. നേടിയ വിജയത്തിനു് പിന്നിൽ മോഡിയുടെ സംഘടനാ വൈഭവമുണ്ടായിരുന്നു.
മുഖ്യമന്ത്രി സ്ഥാനമേൽക്കുമ്പോൾ നിയമസഭാംഗമായിരുന്നില്ല മോഡി. പാർട്ടിയുടെ ശക്തികേന്ദ്രമായ രാജ്കോട്ട് രണ്ടിൽ നിന്നു് മോഡി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു. ഒപ്പം തെരഞ്ഞെടുപ്പു നടന്ന മഹുവ, സയാജിഗഞ്ച് സീറ്റുകൾ കോൺഗ്രസ് നേടി.
ഉപതെരഞ്ഞെടുപ്പിനു് തൊട്ടുപിന്നാലെയാണു് ഗോധ്രാ സംഭവം. അതേതുടർന്നു് അതിഭയാനകമായ വർഗീയ കലാപം. മുൻകാലങ്ങളിലെപ്പോലെ നഗര കേന്ദ്രീകൃതമായിരുന്നില്ല ലഹളകൾ. ഗ്രാമഗ്രാമാന്തരങ്ങളിലേക്കും കലാപത്തീപടർന്നു. വർഗീയ കലാപം ജനങ്ങളുടെ ഉൽസവമാക്കുന്നതിൽ വിശ്വഹിന്ദു പരിഷത്തും ബജ്റംഗ്ദളും കൊണ്ടുപിടിച്ചുൽസാഹിച്ചു. ദലിതരും ആദിവാസികളും വരെ ലഹളകളിൽ ആഹ്ലാദപൂർവം പങ്കെടുത്തു.
ലഹളയൊതുങ്ങി രണ്ടോ മൂന്നോ മാസത്തിനകം തെരഞ്ഞെടുപ്പു് നടന്നിരുന്നെങ്കിൽ 150 സീറ്റെങ്കിലും അനായസമായി ബി. ജെ. പി.ക്കു് ജയിക്കാമായിരുന്നു. അക്കാരണം കൊണ്ടുതന്നെ കോൺഗ്രസും കപട മതേതരരും തെരഞ്ഞെടുപ്പിനു് കാലമായില്ല എന്നാർത്തു വിളിച്ചു. ലിങ്ദോ എന്ന ക്രിസ്ത്യാനി മുഖ്യനായിരിക്കുന്ന തെരഞ്ഞെടുപ്പു് കമ്മീഷനും അതിനു് ഓശാനപാടി. കമീഷനെതിരെ കേന്ദ്രം സുപ്രീംകോടതിയിൽ പോയിട്ടും ഫലമുണ്ടായില്ല.
തെരഞ്ഞെടുപ്പു് അകലുന്തോറും സാമുദായിക വികാരം ദുർബലമാകും എന്നാണു് അനുഭവം. (ബഹുജനത്തിനു് ഓർമ്മശക്തി കുറവാണെന്നതു തന്നെ കാരണം). 1984-ൽ ഇന്ദിരാഗാന്ധി യുടെ കൊലപാതകവും സിക്കു വിരുദ്ധ കലാപവും കഴിഞ്ഞു് ആറാഴ്ചക്കകം വോട്ടെടുപ്പു് നടത്തിയതുകൊണ്ടാണു് കോൺഗ്രസിനു് റെക്കോർഡു ഭൂരിപക്ഷം നേടാനായതു്. മറിച്ചു്, ബാബരി മസ്ജിദ് തകർത്ത ശേഷം യു. പി., മധ്യപ്രദേശ്, ഹിമാചൽ, രാജസ്ഥാൻ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പു് ഒരു വർഷത്തോളം താമസിച്ചതു് ബി. ജെ. പി.ക്കു് ദോഷം ചെയ്തു. ഹിമാചലിലും മധ്യപ്രദേശിലും കോൺഗ്രസ് ഭൂരിപക്ഷം നേടി. യു. പി.-യിൽ എസ്. പി.-ബി. എസ്. പി. സഖ്യം മന്ത്രിസഭയുണ്ടാക്കി. രാജസ്ഥാനിൽ ബി. ജെ. പി. ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും 200 അംഗസഭയിൽ 88 സീറ്റേ നേടാനായുള്ളു. നയകോവിദനായ ഭൈറൻ സിംഗ് ഷേഖാവത്ത് (ബി. ജെ. പി.യിലെ കരുണാകരൻ) സ്വതന്ത്രന്മാരെ ചാക്കിട്ടും ചെറുകക്ഷികളെ പിളർന്നും ഭൂരിപക്ഷമുണ്ടാക്കിയെന്നു് മാത്രം.
1999-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ഇതേ പ്രതിഭാസം ദൃശ്യമായി. ലോക്സഭ പിരിച്ചുവിട്ട ശേഷമാണു് കാർഗിലിലെ പാക് നുഴഞ്ഞുകയറ്റം പുറത്തറിയുന്നതു്. മെയ് 24-നു് ആരംഭിച്ച സൈനിക നടപടി ജൂലൈ ആദ്യവാരത്തിൽ അവസാനിച്ചു. യുദ്ധസമയത്തു് അലയടിച്ചുയർന്ന ദേശീയ വികാരം/മുസ്ലിം വിരുദ്ധ വികാരം ബി. ജെ. പി. വോട്ടാക്കി മാറ്റി. സെപ്റ്റംബർ-ഒക്ടോബറിൽ അഞ്ചു ഘട്ടങ്ങളായാണു് പോളിംഗ് നടന്നതു്. ഒന്നാംഘട്ടത്തിൽ ബി. ജെ. പി. മുന്നണി എതിർകക്ഷികളിൽ നിന്നു് 26 സീറ്റുകൾ പിടിച്ചെടുത്തു. രണ്ടാം ഘട്ടത്തിൽ 21, മൂന്നാംഘട്ടത്തിൽ ആറു്. നാലാംഘട്ടത്തിൽ കൈവശമിരുന്ന മൂന്നു് സീറ്റുകൾ പോയി. കാർഗിൽ പ്രഭാവം ക്രമേണ ദുർബലമായി എന്നു് വ്യക്തം.
1993-ൽ അദ്വാനിക്കും 1999-ൽ വാജ്പേയിക്കും കഴിയാത്ത രീതിയിൽ ഏതാണ്ടു് ഒരു വർഷത്തോളം സാമുദായിക വിദ്വേഷം അണയാതെ സൂക്ഷിക്കാനായി എന്നതാണു് മോഡിയുടെ വിജയരഹസ്യം. ഗുജറാത്തിയുടെ ഹൃദയത്തിൽ മുസ്ലീം വിരോധം ഉമിത്തീപോലെ നീറിനിന്നു. മോഡിയും വി. എച്ച്. പി.-ബജ്റംഗ്ദൾ നേതാക്കളും പ്രസ്താവനകളിലൂടെ ഉലയൂതിയൂതി കത്തിക്കുകയും ചെയ്തു. സെപ്റ്റംബർ 24-നു് അക്ഷർധാം ക്ഷേത്ര സമുച്ചയത്തിനു് നേരെ നടന്ന ആക്രമണം മോഡിക്കു് ഒന്നാംതരം വടിയായി. പാക്കിസ്ഥാനും മിയാൻ മുശർഫിനുമെതിരെ മുഖ്യൻ ആഞ്ഞടിച്ചു. കോൺഗ്രസ് ജയിച്ചാൽ പാക്കിസ്ഥാനിലായിരിക്കും ആഘോഷമെന്നു് അദ്ദേഹം ജനങ്ങളെ ഓർമപ്പെടുത്തി. മോഡിയിൽ നിന്നു് ആവേശമുൾക്കൊണ്ടു് അദ്വാനി പാക്കിസ്ഥാനെ നാലാമതൊരു യുദ്ധത്തിനു് വെല്ലുവിളിച്ചു. മൽസരം മോഡിയും മുശർറഫും തമ്മിലായി. മോഡി പോകുന്നിടത്തൊക്കെ ജനം തടിച്ചുകൂടി. മോഡിതരംഗത്തിനു് മുന്നിൽ മുൻനിര നേതാക്കൾ നിഷ്പ്രഭരായി. കാറ്റത്തുവെച്ച വിളക്കുപോലെ വാജ്പേയി; കാലത്തുദിച്ച നിലാവുപോലെ അദ്വാനി.
മറുഭാഗത്തു്, ശങ്കർസിംഗ് വഗേല യായി കോൺഗ്രസിന്റെ വലിയ പടത്തലവൻ. 1996 ആഗസ്റ്റ് വരെ ബി. ജെ. പി.-ക്കാരനായിരുന്നു വഗേല. കേശുഭായി യോടും അദ്വാനി യോടും ഇടഞ്ഞു് രാഷ്ട്രീയ ജനതാ-പാർട്ടിയുണ്ടാക്കി; 1999 ജൂലൈയിൽ കോൺഗ്രസിൽ ലയിച്ചു. മോഡിയുടെ തീവ്ര ഹിന്ദുത്വത്തിനെതിരെ വഗേലയുടെ മൃദു ഹിന്ദുത്വമായിരുന്നു കോൺഗ്രസിന്റെ തുറുപ്പുചീട്ടു്. കല്ലിട്ട ദിക്കിലൊക്കെ പൂജയും വഴിപാടുമായാണു് കോൺഗ്രസ് പ്രചാരണം മുന്നേറിയതു്. ഉദര നിമിത്തം ബഹുകൃത വേഷക്കാരായ ഏതാനും കാഷായധാരികളെയും പാർട്ടി രംഗത്തിറക്കി. വടക്കൻ ഗുജറാത്തിലെ അംബാജി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണു് മദാമ്മാ ഗാന്ധി പ്രചാരണ പര്യടനം തുടങ്ങിയതു തന്നെ.
ഇറ്റലിക്കാരി നസ്രാണി പെമ്പിള അംബാജി ക്ഷേത്രത്തിൽ തൊഴുതു പ്രസാദം വാങ്ങിയതും വോട്ടു തട്ടാനാണെന്നു് മനസ്സിലാക്കാനുള്ള ബുദ്ധിയൊക്കെ ഗുജറാത്തികൾക്കുണ്ടു്. അവർ മൃദു ഹിന്ദുത്വ ലൈൻ നിസ്സങ്കോചം നിരാകരിച്ചു. കോൺഗ്രസിന്റെ പ്രച്ഛന്ന ഹിന്ദുത്വത്തെക്കാൾ സത്യസന്ധമെങ്കിലുമാണു് ബി. ജെ. പി.യുടെ പ്രകടന ഹിന്ദുത്വം.
ബി. ജെ. പി.യുടെ ഭരണപരാജയം മുതലാക്കാൻ കോൺഗ്രസിനു കഴിഞ്ഞതേയില്ല. രാഷ്ട്രത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും നേരെയുള്ള വെല്ലുവിളിയായിരുന്നു മുഖ്യ തെരഞ്ഞെടുപ്പു് വിഷയം. ഹിന്ദുത്വത്തിന്റെ വേലിയേറ്റത്തിൽ ജലക്ഷാമവും പവർകട്ടുമൊക്കെ മുങ്ങിത്താണുപോയി. ഭരണത്തിനെതിരായ വികാരം മുൻ മുഖ്യമന്ത്രി സുരേഷ് മേത്ത യുടെയും ഏതാനും മന്ത്രിമാരുടെയും സ്പീക്കറുടെയും പരാജയത്തിലൊതുങ്ങി.
ജാതീയ ഘടകങ്ങളിലും കോൺഗ്രസ് പ്രതീക്ഷ പുലർത്തിയിരുന്നു. ഗുജറാത്ത് രാഷ്ട്രീയത്തിലെ ഹെവി വെയ്റ്റ് താരമായ കേശുഭായ് പട്ടേലി നെ തഴഞ്ഞതു് സാമൂഹികമായും സാമ്പത്തികമായും മുന്നാക്കം നിൽക്കുന്ന പട്ടേൽ സമുദായത്തെ പ്രകോപിപ്പിക്കുമെന്നും കോൺഗ്രസിന്റെ പരമ്പരാഗതമായ ക്ഷത്രിയ-ദലിത്-ആദിവാസി-മുസ്ലിം വോട്ടുബാങ്ക് കൂടിച്ചേർന്നു് വിജയം നേടിത്തരുമെന്നും വഗേല പ്രതീക്ഷിച്ചു. പിന്നാക്ക സമുദായക്കാരനായ മോഡിയെക്കാൾ ക്ഷത്രിയനായ വഗേലയോടാകണമല്ലോ പട്ടേൽമാർക്കു് മമത. സൗരാഷ്ട്രത്തിലും കച്ചിലും നഷ്ടമായതിലുമധികം സീറ്റുകൾ സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിൽ പിടിച്ചെടുത്തുകൊണ്ടു് ബി. ജെ. പി. പട്ടേൽമാരുടെ പ്രതിഷേധം അസ്ഥാനത്താക്കി.
ഫാഷിസ്റ്റ് ശക്തികളെ പരാജയപ്പെടുത്തണം എന്ന ഫത്വയിലൂടെ മുസ്ലിം മതപണ്ഡിതരാണു് കോൺഗ്രസിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയടിച്ചതു്. മുസ്ലിംകളുടെ വോട്ടു കോൺഗ്രസിനാണെങ്കിൽ ഹിന്ദു വോട്ട് ബി. ജെ. പി.-ക്കു തന്നെ.
കോൺഗ്രസിനും ബി. ജെ. പി.-ക്കുമെതിരെ മൂന്നാം മുന്നണിയുണ്ടാക്കി, സമാജ് വാദി പാർട്ടിയും ദേശീയവാദി കോൺഗ്രസും. മുന്നണി സ്ഥാനാർത്ഥികൾ തോറ്റു തട്ടിൻപുറത്തു കയറിയെങ്കിലും മുലായം സിംഗ് യാദവി നും ശരത് പവാറി നും അഭിമാനത്തിനു വകയുണ്ടു്.
ബി. ജെ. പി. ജയിച്ചിട്ടാണെങ്കിലും സോണിയ യുടെ കണ്ണീർ കാണാറായല്ലോ? മറിച്ചു്, കുമാരി മായാവതി അഹ്മദാബാദിൽ പറന്നെത്തി, പ്രധാനമന്ത്രിയോടൊപ്പം തെരഞ്ഞെടുപ്പു് സമ്മേളനങ്ങളിൽ പങ്കെടുത്തു. ബഹൻജിയുടെ ആഹ്വാനം കേട്ടോ എന്തോ, ദലിതരും ആദിവാസികളും പരക്കെ ബി. ജെ. പി.യെ പിന്തുണച്ചു. സംവരണ സീറ്റുകളിലും കാവിക്കൊടി പാറി.
ഗുജറാത്തിലെ വിജയം ബി. ജെ. പി.-ക്കു് പുത്തൻ ഉണർവു് നൽകിയിരിക്കുന്നു. എൻ. ഡി. എ. സഖ്യകക്ഷികളും മമത, ജയ, മായാവതിമാരും ബി. ജെ. പി.-യോടു് കൂടുതൽ സൗഹാർദം പുലർത്തുന്നു. സംഘപരിവാറിനകത്തു് വി. എച്ച്. പി.-യും ബജ്റംഗ്ദളും പ്രതിനിധാനം ചെയ്യുന്ന തീവ്ര ഹിന്ദുത്വം ശക്തിപ്പെടുകയും ചെയ്യുന്നു. അടുത്ത വർഷം നടക്കുന്ന ഹിമാചൽ, ദൽഹി, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പുകളാകും 2004-ലെ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ഡ്രസ് റിഹേഴ്സൽ.
മുലായം സിംഗിന്റെ കോൺഗ്രസ് വിദ്വേഷവും മായാവതിയുടെ ബി. ജെ. പി. പ്രണയവും 2004 വരെ നിലനിന്നാൽ, അദ്വാനി യാകും ഇന്ത്യൻ പ്രധാനമന്ത്രി. അദ്വാനിക്കു് ശേഷം ആരെന്ന ചോദ്യത്തിനും ഉത്തരം കിട്ടിക്കഴിഞ്ഞു—നരേന്ദ്രമോഡി തന്നെ.
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.