images/Laurits_Andersen_Ring_En_Dreng.png
A boy doing his homework, a painting by Laurits Andersen Ring (1854–1933).
എട്ടാമത്തെ മോതിരം തനിത്തങ്കം
കെ. രാജേശ്വരി

1953 ഡിസംംബർ 31-നും 1954 ജനുവരി ഒന്നിനുമിടക്കുള്ള രാത്രിയിലാണു് കെ. സി. മാമ്മൻ മാപ്പിള ഇഹലോകവാസം വെടിഞ്ഞതു്. ഏതാനും മാസങ്ങൾക്കുമുമ്പു് അദ്ദേഹത്തിന്റെ സഹധർമിണി മാമിമരണമടഞ്ഞിരുന്നു. മാമ്മൻ മാപ്പിള ഭാര്യയുടെ സ്വർണാഭരണങ്ങൾ ഉരുക്കി മോതിരം പണിയിച്ചു് മക്കൾക്കുകൊടുത്തു എന്നാണു് ഐതിഹ്യം.

ശതാബ്ദി വേളയിൽ (1988) മലയാള മനോരമ പ്രസിദ്ധീകരിച്ചു പുസ്തകമാണു് സംസ്കാരിക നവോത്ഥാനം. എൻ. വി. കൃഷ്ണവാര്യരു ടെ അവതാരികയും കെ. എം. മാത്യു വിന്റെ ആമുഖവും ഗ്രന്ഥകാരൻ മൂർക്കോത്തു കുഞ്ഞപ്പ യുടെ പ്രസ്താവനയും കഴിഞ്ഞു് ഒന്നാമധ്യായത്തിനു തൊട്ടുമുമ്പായി മോതിരങ്ങളുടെ കഥ സൂചിപ്പിച്ചിട്ടുണ്ടു്. “മാമ്മൻ മാപ്പിളയുടെ സഹധർമിണിയുടെ നിര്യാണത്തിനുശേഷം അവരുടെ ആഭരണങ്ങൾ ഉരുക്കി ഏഴുമോതിരങ്ങളുണ്ടാക്കി ഏഴുപുത്രന്മാർക്കും കൊടുത്തു. ആ മോതിരം ധരിക്കുമ്പോൾ ഈ പ്രതിജ്ഞ ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിർദേശം.

I humbly undertake to pray God constantly—especially when any difficulty or temptation confronts me—for divine guidance and help to conduct myself in thought, word and deed in such a manner as would have been pleasing to our dearest mother had she been alive—as would be pleasing to our dearest mother now resting in God’s presence—I shall cherish this ring as an ever present help and inspiration.

പരിഭാഷ: എല്ലായ്പ്പോഴും പ്രത്യേകിച്ചു് ഏതെങ്കിലും പ്രയാസവും പ്രലോഭനവും എന്നെ നേരിടുന്ന സന്ദർഭങ്ങളിൽ, ഞങ്ങളുടെ പ്രിയപ്പെട്ട അമ്മ ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ അമ്മക്കു സന്തോഷമാകുമായിരുന്ന വിധത്തിലും—ഇപ്പോൾ ദൈവസന്നിധിയിൽ വിശ്രമിക്കുന്ന ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട അമ്മയ്ക്കു സന്തോഷകരമായ വിധത്തിലും—പെരുമാറത്തക്ക ദൈവിക സഹായത്തിനും മാർഗ്ഗദർശനത്തിനും വേണ്ടി പ്രാർത്ഥിക്കുമെന്നു സവിനയം ഞാൻ പ്രതിജ്ഞ ചെയ്യുന്നു.

ആ സഹായവും ആശയ പ്രചോദനവും എപ്പോഴും എന്റെ കൂടെത്തന്നെ ഉണ്ടെന്നുള്ളതിന്റെ വിലയേറിയ അടയാളമായി ഞാൻ ഈ മോതിരം ധരിക്കുന്നതാണു്.”

മാമ്മൻ മാപ്പിള യുടെ കൈപ്പടയിലുള്ള കുറിപ്പിന്റെ പകർപ്പു് തൊട്ടടുത്ത പേജിലും പ്രസിദ്ധീകരിച്ചുകാണുന്നു.

മാമ്മൻ മാപ്പിള-മാമ്മി ദമ്പതികൾക്കു് ഒമ്പതു മക്കളാണു് ഉണ്ടായിരുന്നതു്. എട്ടാണും ഒരു പെണ്ണും കെ. എം. ചെറിയാൻ, കെ. എം. ഉമ്മൻ, കെ. എം. ഈപ്പൻ, കെ. എം. വർഗീസ് മാപ്പിളാ, കെ. എം. ജേക്കബ്, കെ. എം. മാത്യു, കെ. എം. ഫിലിപ്പ്, മറിയക്കുട്ടി, കെ. എം. മാത്യു, കെ. എം. മാമ്മൻ മാപ്പിള. ഇവരിൽ ചാക്കോച്ചൻ എന്നു വിളിച്ചിരുന്ന കെ. എം. ജേക്കബ് ചെറുപ്പത്തിലേ മരണമടഞ്ഞു. അദ്ദേഹത്തിന്റെ ഭാര്യ സാറാമ്മ കുട്ടികുളുമൊത്തു് പിതൃഭവനത്തിലേക്കു് മടങ്ങിപ്പോയി. മാമ്മൻ മാപ്പിളയുടെ ഏക മകൾ മറിയക്കുട്ടി ഭർത്താവു് കുര്യൻമാത്തനോടൊപ്പം ബാംഗ്ലൂരിലായിരുന്നു സ്ഥിരതാമസം.

ഏഴു മോതിരങ്ങൾ പണിയിച്ചു് ഏഴു പുത്രന്മാർക്കുകൊടുത്തതിൽ അസ്വാഭവികമായി ഒന്നുമില്ല. ഒന്നാമതു് സുറിയാനി ക്രിസ്ത്യാനികൾക്കു് മക്കളെന്നു പറഞ്ഞാൽ ആൺമക്കളാണു്. പെൺമക്കൾക്കു് പിതൃസ്വത്തിൽ അവകാശമില്ല. മേരി റോയ് കേസുണ്ടായതും തിരു-കൊച്ചി ഭാഗത്തു് ഇന്ത്യൻ പിന്തുടർച്ചവകാശം ബാധകമായതുമൊക്കെ മാമ്മൻ മാപ്പിള യുടെ കണ്ണടഞ്ഞു് നാലുപതിറ്റാണ്ടിനു ശേഷമാണു്. രണ്ടാമതു് മോതിരമല്ല പ്രതിജ്ഞയാണു് മുഖ്യം. മറിയക്കുട്ടിയോ സാറാമ്മയോ പ്രയാസങ്ങളും പ്രലോഭനങ്ങളും നേരിടാനുള്ള സാധ്യത കുറവാണു് അതുകൊണ്ടുതന്നെ അവർ മോതിരം ധരിക്കേണ്ട, പ്രതിജ്ഞയും എടുക്കേണ്ട. സംഗതി തികച്ചും ന്യായം.

images/KM_Mathew_AutoBiography.jpg
കെ. എം. മാത്യു

മനോരമയുടെ ശതാബ്ദിയും സാംസ്കാരിക നവോത്ഥാനത്തിന്റെ പ്രസിദ്ധീകരണവും കഴിഞ്ഞു് 20 കൊല്ലത്തിനുശേഷം മോതിരങ്ങളുടെ എണ്ണം ഏഴിൽ നിന്നു് ഒമ്പതായി ഉയർന്നിരിക്കുന്നു. ഡി. സി. ബുക്ക്സ് പ്രസിദ്ധീകരിച്ച കെ. എം. മാത്യു വിന്റെ ആത്മകഥയുടെ പേരുതന്നെ ‘എട്ടാമത്തെ മോതിരം’ എന്നാണു്. നഷ്ടജാതകം എന്ന ആമുഖക്കുറിപ്പിൽ മോതിരവൃത്താന്തം വിവരിച്ചിട്ടുള്ളതു് ഇപ്രകാരമാണു്.

“ഓർമകളിലൂടെയുള്ള ദീർഘയാത്ര തുടങ്ങും മുൻപു് മോതിരവിരലിലെ ആ വഴിവെളിച്ചത്തെക്കുറിച്ചുകൂടി പറയണം. മക്കൾക്കു കെ. സി. മാമ്മൻ മാപ്പിള നൽകിയ അനർഘമായ സ്വത്തു് എന്തായിരുന്നുവെന്നോ? ഓരോ സ്വർണമോതിരം! ഇന്നത്തെ കംപ്യൂട്ടർ യുഗത്തിൽ ‘നെറ്റ് വർക്കിങ്’ എന്നു പറയാവുന്ന ഒരു സമ്മാനം എന്റെ അമ്മച്ചി മാമ്മിയുടെ നിര്യാണത്തിനുശേഷം അമ്മച്ചിയുടെ സ്വർണാഭരണങ്ങൾ ഉരുക്കി ഒൻപതു മോതിരങ്ങൾ ഉണ്ടാക്കി. ജീവിച്ചിരിക്കുന്ന ഞങ്ങൾ ഏഴു സഹോദരന്മാർക്കും പരേതനായ സഹോദരൻ കെ. എം. ജേക്കബ്ബിന്റെ പത്നിക്കും ഞങ്ങളുടെ ഏക സഹോദരിക്കും വീതിച്ചുതന്നു. എട്ടാമനുകിട്ടിയ മോതിരം ആദ്യമണിഞ്ഞപ്പോൾ തന്നെ എനിക്കു തോന്നി, മോതിരവിരലിലൊരു കാവൽ മാലാഖ ഉണ്ടെന്നു്.

ആ മോതിരം ധരിക്കുമ്പോൾ ഞങ്ങൾ എടുക്കേണ്ട പ്രതിജ്ഞാവാചകവും അപ്പച്ചൻ സ്വന്തം കൈപ്പടയിൽ എഴുതിത്തന്നിരുന്നു. പ്രതിജ്ഞ ഇതായിരുന്നു… ഇതെഴുതുന്ന പേനയ്ക്കടുത്തു് എട്ടാമത്തെ മോതിരം ഇപ്പോഴും പ്രകാശിപ്പിക്കുന്നുണ്ടു്.”

മേരി റോയ് കേസിലെ സുപ്രീംകോടതി വിധിക്കു പൂർവകാല പ്രാബല്യം നൽകരുതെന്നാവശ്യപ്പെട്ടു് അച്ചടിമഷി ഒരുപാടു വറ്റിച്ചയാളാണു് അച്ചായൻ. അപ്പച്ചൻ മരിച്ച 55 കൊല്ലത്തിനു ശേഷം രണ്ടുമോതിരങ്ങൾ കൂടി പണിയിച്ചു സഹോദരിയെയും സഹോദരപത്നിയെയും അണിയിക്കുകയും അവരെക്കൊണ്ടുകൂടി പ്രതിജ്ഞയെടുപ്പിക്കുകയും ചെയ്തിരിക്കുന്നു. ആറാമത്തെ മോതിരത്തെ എട്ടാമത്തെ മോതിരമാക്കാനുള്ള കൈയടക്കവും കർമകുശലതയുമാണു് ഈ ഗ്രന്ഥത്തെ ശ്രദ്ധേയമാക്കുന്നതു്.

images/CPRamaswami_Aiyar.jpg
സി. പി. രാമസ്വാമി അയ്യർ

‘എട്ടാമത്തെ മോതിര’ത്തിന്റെ ഒമ്പതു മുതൽ പതിനെട്ടുവരെ അധ്യായങ്ങൾ (110 പേജുകൾ) വിനിയോഗിച്ചിരിക്കുന്നതു് സി. പി. രാമസ്വാമി അയ്യരെ ദുഷിക്കാനും കെ. സി. മാമ്മൻ മാപ്പിള യുടെ നിരപരാധിത്വം ആവർത്തിച്ചാവർത്തിച്ചു വ്യക്തമാക്കാനുമാണു്. ട്രാവൻകൂർ നാഷനൽ ആന്റ് ക്വയിലോൺ ബാങ്കിന്റെ തകർച്ചയും ഉടമസ്ഥരുടെ വിചാരണയും തടവുശിക്ഷയുമൊക്കെ പ്രതിപാദിക്കുമ്പോൾ സഹജമായ നയവും വിനയവും അഭിനയവും ഗ്രന്ഥകാരനെ വിട്ടുപിരിയുന്നു. സ്വരം പരുഷമാകുന്നു വാക്കുകൾക്കു മൂർച്ച കൂടുന്നു. വ്യാജരേഖയുണ്ടാക്കി ഇടപാടുകാരെ വഞ്ചിച്ചതിനാണു് മാമ്മൻ മാപ്പിള യെയും കൂട്ടരെയും വിചാരണചെയ്തു ശിക്ഷിച്ചതു് എന്ന പ്രാഥമിക വസ്തുത വിസ്മരിക്കുന്നു. പകരം സി. പി.-യുടെ പൊലീസ്, സി. പി.-യുടെ കോടതി, സി. പി.-യുടെ പീനൽകോഡ്, സി. പി.-യുടെ ജയിൽ, സി. പി. അനുകൂല ചരിത്രകാരന്മാർ എന്നിവർക്കൊക്കെ നേരെ കുരച്ചു ചാടുന്നു. പ്രൊഫ. എ. ശ്രീധരമേനോനെ പ്പോലും വിട്ടിട്ടില്ല. മനോരമ പൂട്ടിച്ചതിന്റെയും ബാങ്ക് തകർത്തതിന്റെയും ഉത്തരവാദിത്തം അമ്മ മഹാറാണിക്കാണെന്ന തിയറിയെപാടേ നിരാകരിക്കുന്നു (മറിച്ചു തെളിയിക്കാനുള്ള വ്യഗ്രതകൊണ്ടാവണം മാർത്താണ്ഡവർമ്മ മഹാരാജാവിനെക്കൊണ്ടു് മോതിരം പ്രകാശിപ്പിച്ചതു്) തിരുവിതാംകൂറിന്റെ വ്യവസായ പുരോഗതിക്കുവേണ്ടി സി. പി. രാമസ്വാമി അയ്യർ ഒരു ചുക്കും ചെയ്തില്ല എന്നു വാദിക്കുന്നു.

images/A_Sreedhara_Menon.jpg
എ. ശ്രീധരമേനോൻ

സത്യത്തിൽ ഒമ്പതുമുതൽ പതിനെട്ടുവരെ അധ്യായങ്ങളിൽ വിവരിക്കുന്ന സംഗതികളിൽ മുക്കാൽപങ്കും കെ. എം. മാത്യു വിനു് നേരിട്ടു് അറിവുള്ള കാര്യങ്ങളല്ല. ഇതേ കാര്യങ്ങൾ ഇതിനേക്കാൾ വ്യക്തതയോടെ കുറെക്കൂടി സത്യസന്ധമായി കെ. സി. മാമ്മൻ മാപ്പിള യുടെ ‘ജീവിതസ്മരണകളി’ൽ പ്രതിപാദിച്ചിട്ടുള്ളതുമാണു്.

ബാങ്കു തട്ടിപ്പുകേസിലെ പ്രതികളെ എട്ടുകൊല്ലത്തെ തടവിനാണു് വിചാരണക്കോടതി ശിക്ഷിച്ചതു്. അപ്പീൽ പരിഗണനയിലിരിക്കെ കെ. സി. ഈപ്പൻ മരിച്ചു. കെ. വി. വർഗീസിനെ ഹൈക്കോടതി വെറുതെവിട്ടു. ബാക്കി മൂന്നുപേരുടെയും ശിക്ഷ ശരിവെച്ചു. കെ. സി. മാമ്മൻ മാപ്പിള യും മകൻ കെ. എം. ഈപ്പനും നിരുപാധികം കുറ്റം സമ്മതിക്കുകയും ക്ഷമ യാചിക്കുകയും അനാരോഗ്യം പരിഗണിച്ചു് ജയിൽവിമുക്തരാക്കണമെന്നു് അന്നദാതാവായ പൊന്നുതമ്പുരാനോടു് താണപേക്ഷിക്കുകയും ചെയ്തു. മാപ്പപേക്ഷയിൽ ചിത്തിര തിരുനാൾ തൃക്കൈവിളയാടി 1941 സെപ്റ്റംബർ 11-നു് മാമ്മൻ മാപ്പിള യും മകനും ജയിൽമോചിതരായി. താമസം മദ്രാസിലേക്കു മാറ്റി.

images/Chalakuzhy_Paulose_Mathen.jpg
സി. പി. മാത്തൻ

അവശേഷിച്ച പ്രതി, ചാലക്കുഴിയിൽ സി. പി. മാത്തൻ കുറ്റം സമ്മതിച്ചു് ക്ഷമായാചനം നടത്താൻ തയാറായില്ല. മാമ്മൻ മാപ്പിള യും മകനും തടികഴിച്ചിലാക്കിയ ശേഷവും അദ്ദേഹം പൂജപ്പുര ജയിലിൽ ഉണ്ടതിന്നുകഴിഞ്ഞു, മാത്തന്റെ ഭാര്യ അന്നത്തെ അഡ്വക്കറ്റ് ജനറൽ സർ. ബി. എൽ. മിത്തറുടെ നിയമോപദേശം സഹിതം വൈസ്രോയിക്കു് സമ്മർദത്താൽ മാത്തനും മോചിതനായി എന്നാണു് ചരിത്രം.

ഇനി കെ. എം. മാത്യു വിന്റെ ഭാഷ്യം കേൾക്കുക. കുറ്റസമ്മതം ക്ഷമായാചനം തുടങ്ങിയ പദങ്ങളൊന്നും അദ്ദേഹം കേട്ടിട്ടേയില്ല:

“കേസിനോടു ബന്ധപ്പെട്ട കാര്യങ്ങളോടൊപ്പം വിധിന്യായവും ചേർത്തു് കെ. പി. എബ്രഹാം മുഖേന അയച്ച അഭ്യർത്ഥനയിലൂടെ സി. പി. മാത്തന്റെ പത്നി ഏലിയാമ്മ (കുഞ്ഞു), ഫെഡറൽ കോടതിയിലെ റിട്ടയേഡ് ജഡ്ജി ബി. എൽ. മിത്തറിനോടു് വിധിയെക്കുറിച്ചുള്ള വിദഗ്ദ്ധനിയമോപദേശം തേടി. വിശദമായ തെളിവുകളോടെ ബാർവെല്ലും കെ. ജി. നായരും കെ. പി. എബ്രഹാമും നടത്തിയ വാദവും മറ്റും പരിശോധിച്ചു ബോധ്യപ്പെട്ട മിത്തറിന്റെ അഭിപ്രായം കേസിനു് നിലനില്പില്ലെന്നും വിധി പക്ഷപാതപരമാണെന്നുമായിരുന്നു. വൈസ്രോയിക്കും ബന്ധപ്പെട്ട മറ്റുള്ളവർക്കും മിത്തറിന്റെ ആ അഭിപ്രായം മിസിസ് മാത്തൻ അയച്ചുകൊടുത്തു. സി. പി. പ്രതിക്ഷിക്കാത്ത ഒരു നീക്കമായിരുന്നു ഇതു്.

ഇതേത്തുടർന്നു് കേസിൽ വിധിന്യായം നടത്തിയ ജഡ്ജിമാർക്കെതിരെയും സി. പി.-ക്കെതിരെയും കൊട്ടാരത്തിനെതിരായിപ്പോലും പൊതുജങ്ങൾക്കിടയിലും ബ്രിട്ടീഷ് അധികാരകേന്ദ്രങ്ങളിലും അഭിപ്രായ രൂപികരണം ഉണ്ടാവുമെന്ന ഭീതിയിൽ ശിക്ഷാകാലാവിധി തീരുംമുൻപേ 1941 സെപ്തംബർ 11-നു് സി. പി. മാത്തനൊ ഴികെയുള്ള എല്ലാവരെയും വിട്ടയക്കുകയായിരുന്നു. സി. പി. മാത്തനെ വീണ്ടും പ്രകോപിപ്പിക്കുവാൻ വേണ്ടിയായിരുന്നു അപ്പച്ചനെയും മറ്റുള്ളവരെയും ആദ്യം വിട്ടയച്ചതു്. ഇതിൽ മാത്തൻ കുലുങ്ങില്ലെന്നു് ബോധ്യപ്പെട്ട സി. പി. വൈകാതെ മാത്തനെയും വിട്ടയച്ചു.”

‘സി. പി. മാത്തനൊഴികെയുള്ള എല്ലാവരെയും,’ ‘അപ്പച്ചനെയും മറ്റുള്ളവരെയും’ എന്നീ പ്രയോഗങ്ങൾ ശ്രദ്ധിക്കുക. സി. പി. മാത്തനെ ക്കൂടാതെ 10–15 പ്രതികളെങ്കിലും ഉണ്ടായിരുന്നു എന്ന പ്രതീതി സൃഷ്ടിക്കാനാണിതു് മാത്തനെ കൂടാതെ രണ്ടു പ്രതികളേ ജയിലിലുണ്ടായിരുന്നുള്ളു—മാമ്മൻ മാപ്പിള യും മകൻ കെ. എം. ഈപ്പനും മാത്രം. അവർ മാപ്പെഴുതിക്കൊടുത്തി ഇറങ്ങിപ്പോകുകയും ചെയ്തു.

ഇതിനേക്കാൾ രസകരമാണു് മലയാള മനോരമ അടിയന്തരാവസ്ഥയെ എതിർത്ത കഥ. അച്ചായന്റെ വാക്കുകൾ ശ്രവിപ്പിൻ:

“…1957-ലെ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തെക്കുറിച്ചു് കയ്പോടെയല്ലാതെ ഓർക്കാൻ വയ്യ. സി. പി.-യെ എതിർത്തതിന്റെ പേരിൽ ശ്വാസംമുട്ടിച്ചു് നിശബ്ദമാക്കപ്പെട്ട മനോരമ മറ്റൊരു ഏകാധിപത്യ നടപടിക്കെതിരെ എന്തു നിലപാടാണു് എടുക്കേണ്ടതു് എന്ന കാര്യത്തിൽ കാര്യമായ ആലോചനകൾ തന്നെ വേണ്ടിവന്നു. മനോരമയിലെ മുതിർന്ന പത്രാധിപസമിതി അംഗങ്ങളെയും മാനേജർമാരെയുമൊക്കെ വിളിച്ചുവരുത്തി ഞാനിക്കാര്യം ചർച്ച ചെയ്തു. ജനാധിപത്യത്തിനു നേരെയുള്ള വെല്ലുവിളിയെ എതിർക്കേണ്ടതു് മനോരമയുടെ പ്രഖ്യാപിതനയം തന്നെയാണു്. പക്ഷേ, എതിർത്താൽ 24 മണിക്കൂറിനകം എന്തെങ്കിലും നടപടി ഉണ്ടാവുമെന്നുറപ്പു്. സി. പി.-യുടെ കാലത്തു് മനോരമയെ ആശ്രയിച്ചു ജീവിക്കുന്നവരുടെ എണ്ണം തീരെ കുറവായിരുന്നു. ഇപ്പോൾ അങ്ങനെയല്ല കാര്യങ്ങൾ എന്നു ചർച്ചയിൽ പലരും ചൂണ്ടിക്കാണിച്ചു. അടിയന്തരാവസ്ഥയെ എതിർക്കണമെന്ന തീരുമാനമെടുത്താൽ മനോരമയെ ആശ്രയിച്ചു ജീവിക്കുന്ന നൂറുകണക്കിനു കുടുംബങ്ങളാണു പട്ടിണിയിലാവുക. ചർച്ചക്കിടയിൽ പത്രാധിപസമിതിയിലെ വി. കെ. ബി. നായർ മാനേജ്മെന്റിനോടു് ഉറപ്പിച്ചു പറഞ്ഞു: പത്രം നിർത്തിയിട്ടു വീട്ടിൽ പോയി ഇരുന്നാലും നിങ്ങൾക്കാർക്കും ഒരു പ്രശ്നവുമുണ്ടാവില്ല. പക്ഷേ, അതോടെ ഞങ്ങളൊക്കെ പട്ടിണിയാവുമെന്നു് ഉറപ്പു്.

അങ്ങനെ ആ ചർച്ചയിൽ ഇങ്ങനെയൊരു തീരുമാനമെടുത്തു അടിയന്തരാവസ്ഥയെ മനോരമ അനുകൂലിക്കുന്നുമില്ല; പ്രത്യക്ഷത്തിൽ എതിർക്കുന്നുമില്ല.

അടിയന്തരാവസ്ഥ അധികകാലം ഉണ്ടാവില്ലെന്ന നിഗമനത്തിൽ അതുവരെ നമുക്കു് നീന്തിത്തുടിച്ചുകിടക്കാം എന്നായിരുന്നു എല്ലാവരുംകൂടി എടുത്ത തീരുമാനം…”

നീന്തിത്തുടിച്ചുകിടന്ന ആ കിടപ്പു്! കർത്താവേ അതെന്നാ കിടപ്പായിരുന്നു? ഇരുപതിനപരിപാടിക്കുംം അഞ്ചിന പരിപാടിക്കും, “നാവടക്കൂ പണിയെടുക്കൂ” തുടങ്ങിയ മുദ്രാവാക്യങ്ങൾക്കും നൽകിയ ധീരമായ പിന്തുണ, ജയിലിൽ അടയ്ക്കപ്പെട്ട പ്രതിപക്ഷ നേതാക്കളോടുള്ള വിദ്വേഷം, ആഫ്രിക്കൻ പായൽ നിർമാർജനത്തെക്കുറിച്ചെഴുതിയ അത്യുഗ്രൻ റിപ്പോർട്ടുകൾ…

1977 ജനുവരിയിൽ സെൻസർഷിപ്പിനു് ഇളവുവരുത്തിയപ്പോൾ ഒരു വിഭാഗം പത്രങ്ങൾ സർക്കാറിനെ എതിർക്കാൻ തുടങ്ങി. മലയാള മനോരമ ഇന്ദിരാജി ക്കു് പിന്നിൽ പാറപോലെ ഉറച്ചുനിന്നു. പ്രിയദർശിനിയുടെയും പ്രിയപുത്രന്റെയും അപദാനങ്ങൾ വാഴ്ത്തി. അടിയന്തരാവസ്ഥയുടെ സൽഫലങ്ങളെ പ്രകീർത്തിച്ചു. അവയെ ശാശ്വതമാക്കാൻ നാടിനെ നാകമാക്കാൻ ‘പശുവും കിടാവും’ ചിഹ്നത്തിൽ വോട്ടുചെയ്യാൻ വായനക്കാരെ ഉദ്ബോധിപ്പിച്ചു.

images/Mohsina_Kidwai.jpg
മുഹ്സിനാ കിദ്വയി

1977 മാർച്ച് 21-നു ശേഷം ഇന്ദിര-സഞ്ജയ് സ്തുതി നിറുത്തിവെച്ചു കോൺഗ്രസിനുള്ള പിന്തുണ മുമ്പേപോലെ തുടർന്നു. 1978 ജനുവരി ഒന്നിനു് കോൺഗ്രസ് പിളർത്തി ഇന്ദിര പുതിയ പാർട്ടിയുണ്ടാക്കിയപ്പോൾ മനോരമ ശക്തമായി എതിർത്തു. സ്വേച്ഛാധിപത്യത്തിനും കുടുംബാധിപത്യ പ്രവണതക്കുമെതിരെ മുഖപ്രസംഗങ്ങൾ വന്നു. അസംഗഡ്മണ്ഡലത്തിൽ ഇന്ദിര നിറുത്തിയ മുഹ്സിനാ കിദ്വയി ജനതാപാർട്ടിയിലെ രാംബച്ചൻ സിംഗ് യാദവിനെയും കോൺഗ്രസിലെ ചന്ദ്രജിത് യാദവി നെയും മലർത്തിയടിച്ചപ്പോൾ മനോരമക്കു വീണ്ടുംവിചാരമുണ്ടായി. ആ വർഷാവസാനം ഇന്ദിരഗാന്ധി ചിക്മഗളൂർ ഉപതെരഞ്ഞെടുപ്പു് ജയിച്ചു് ലോക്സഭയിൽ തിരിച്ചെത്തിയപ്പോൾ കന്മഷം തീർത്തും മാറി. 1979 ആദ്യം കർണാടകത്തിലും ആന്ധ്രയിലും ഇന്ദിരാ കോൺഗ്രസ് അധികാരം പിടിച്ചപ്പോൾ വീണ്ടും ആരാധനയായി കണ്ടിട്ടില്ല, ഞാനീവിധം മലർച്ചെണ്ടുപോലൊരു മാനസം!

‘എട്ടാമത്തെ മോതിര’ത്തിലുള്ള അസത്യങ്ങളും അർധസത്യങ്ങളും എണ്ണിപ്പറയാൻ ഒരുമ്പെട്ടാൽ അതിനേക്കാൾ വലിയ ഗ്രന്ഥം എഴുതേണ്ടിവരും. ഒറ്റക്കൊരു തമാശകൂടി കേൾക്കുവിൻ:

images/PC_Alexander.jpg
പി. സി. അലക്സാണ്ടർ

ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലം. പി. സി. അലക്സാണ്ടർ അന്നു് ഇന്ദിര യുടെ പ്രിൻസിപ്പൽ സെക്രട്ടറിയാണു്. ഒരു ദിവസം ദൽഹിയിൽ നിന്നു് അലക്സാണ്ടർ എന്നെ വിളിച്ചു:

—മാത്തുക്കുട്ടിക്കു പത്മഭൂഷൻ ബഹുമതി ലഭിക്കാനുള്ള എല്ലാ രേഖകളും ശരിയായിക്കഴിഞ്ഞു. ഇനി പ്രഖ്യാപിച്ചാൽ മാത്രം മതി.

കോൺഗ്രസ് പിളർന്നതിനെത്തുടർന്നു് (1969) ഇന്ദിരഗാന്ധി യുടെ കൂടെയാണു് മനോരമ നിൽക്കേണ്ടതെന്നു് ഉണ്ണുണ്ണിച്ചായൻ തീരുമാനിച്ചിരുന്നു. തുടർന്നും ഇന്ദിരാഗാന്ധിക്കു നിർലോഭമായ പിന്തുണയാണു നൽകിക്കൊണ്ടിരുന്നതു്. അതിനകം മനോരമയുടെയും ഞങ്ങളുടെയും നല്ല സുഹൃത്തായി ഇന്ദിര മാറിക്കഴിഞ്ഞിരുന്നു. ഇക്കാര്യങ്ങളെല്ലാം മനസ്സിലോർമിച്ചു് ഞാൻ അലക്സാണ്ടറോടു് പറഞ്ഞു:

images/Inder_Kumar_Gujral.jpg
ഇന്ദർകുമാർ ഗുജ്റാൽ

—വേണ്ട അലക്സാണ്ടർ ഇന്ദിരാഗാന്ധി യെ ഇത്രയും കാലം പല കാര്യങ്ങളിലും മനോരമ പിന്താങ്ങിയതു് എനിക്കു പത്മ അവാർഡു കിട്ടാൻ വേണ്ടിയായിരുന്നുവെന്നോ ഇന്ദിരാഗാന്ധി ഈ അവാർഡ് സമ്മാനിക്കുന്നതു് ആ പിന്തുണയുടെ പേരിലാണെന്നോ ആളുകൾ പറയാനിടവരരുതു്. മനോരമയുടെ വിശ്വാസ്യതക്കു് അതു് നന്നല്ല. എന്നെ അതിൽനിന്നു ഒഴിവാക്കണം.

images/Atal_Bihari_Vajpayee.jpg
അടൽബിഹാരി വാജ്പേയി

തീരുമാനം മാറ്റണമെന്നു് അഭ്യർത്ഥിച്ചു് അലക്സാണ്ടർ എനിക്കു് കത്തെഴുതുകയും അന്നു് ഫോണിൽ പറഞ്ഞ കാര്യങ്ങൾ ഞാൻ മറുപടിയിൽ വിശദമാക്കുകയും ചെയ്തു. പിന്നീടു് ബി. ജെ. പി. സർക്കാർ അധികാരത്തിലെത്തിയപ്പോൾ 1998-ൽ എനിക്കു പത്മഭൂഷൻ പ്രഖ്യാപിക്കുകയും ഞാൻ ആ ബഹുമതി സ്വീകരിക്കുകയും ചെയ്തു. ബി. ജെ. പി. സർക്കാരിനോടുള്ള വിയോജിപ്പുകൾ മനോരമ തുറന്നെഴുതുന്ന കാലത്തായിരുന്നു. എനിക്കു് പത്മഭൂഷൺ ലഭിച്ചതു്…”

images/K_R_Narayanan.jpg
കെ. ആർ. നാരായണൻ

ബി. ജെ. പി.-ക്കാർക്കു് ഇത്ര ഹൃദയവിശാലതയോ എന്നു് അദ്ഭുതപ്പെടാൻ വരട്ടെ. പത്മ അവാർഡുകൾ പ്രഖ്യാപിക്കുന്നതു് ജനുവരി 26-നാണു്. 1998-ലും അതിനു മാറ്റമൊന്നുമില്ല. അന്നു ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദർകുമാർ ഗുജ്റാൽ ആണു്. രാഷ്ട്രപതി, മനോരമയുടെയും മാത്തുക്കുട്ടിച്ചായന്റെയും അഭ്യുദയകാംക്ഷി കെ. ആർ. നാരായണൻ. അടൽബിഹാരി വാജ്പേയി യുടെ മന്ത്രിസഭ സത്യ പ്രതിജ്ഞ ചെയ്തു് അധികാരമേറ്റതു് മാർച്ച 19-നാണു്.

എട്ടാമത്തെ മോതിരം തനിത്തങ്കമാണു്. ചെമ്പു് തീരെയുമില്ലെന്നർഥം.

അഡ്വക്കറ്റ് എ. ജയശങ്കർ
images/ajayasankar.jpg

അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.

Colophon

Title: Ettamaththe Mothiram Thanithankam (ml: എട്ടാമത്തെ മോതിരം തനിത്തങ്കം).

Author(s): K. Rajeswari.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, K. Rajeswari, Ettamaththe Mothiram Thanithankam, കെ. രാജേശ്വരി, എട്ടാമത്തെ മോതിരം തനിത്തങ്കം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: April 11, 2026.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: A boy doing his homework, a painting by Laurits Andersen Ring (1854–1933). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.