ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകലാണു് ഏതൊരു ഭരണകൂടത്തിന്റെയും പ്രാഥമിക ചുമതല. ഏറ്റവും കുറച്ചു ഭരിക്കുന്ന സർക്കാറാണു് ഏറ്റവും മികച്ചതെന്നു് സിദ്ധാന്തിച്ചു് ജെയിംസ്മിൽ വരെ അംഗീകരിച്ചതാണു് ഇക്കാര്യം. വൈദേശികാക്രമണത്തിൽ നിന്നും ആഭ്യന്തരകലാപത്തിൽനിന്നും രക്ഷിക്കേണ്ട ഉത്തരവാദിത്തം കേന്ദ്രസർക്കാറിനാണു്; ക്രമസമാധാനപാലനം സംസ്ഥാനത്തിന്റെ കടമയും.
ആഭ്യന്തരമന്ത്രിപദം മുൾക്കിരീടമാണു്, അസാമാന്യമായ മെയ്വഴക്കം വേണം. കരളുറപ്പും വേണം. നാട്ടുകാരെ വെറുപ്പിക്കരുതു്. പത്രങ്ങളെ പിണക്കരുതു്. പോലീസിനെ നിയന്ത്രിക്കേണ്ടിടത്തു നിയന്ത്രിക്കണം. നിയമപാലകരുടെ ആത്മവീര്യം തകരാതെ നോക്കുകയും വേണം. തീവ്രവാദികളെയും ഗുണ്ട-മാഫിയ സംഘങ്ങളെയും അമർച്ച ചെയ്യണം. മനുഷ്യാവകാശലംഘനമുണ്ടാകാതെ സൂക്ഷിക്കുകയും ചെയ്യണം.
കേരളപ്പിറവി മുതലിങ്ങോട്ടു് പൊലീസ് വകുപ്പു് കൈയാളിയവരാരും ചില്ലറക്കാരല്ല—ഇ. എം. എസ്. മന്ത്രിസഭയിൽ ആദ്യം വി. ആർ. കൃഷ്ണയ്യർ, പിന്നെ അച്യുതമേനോൻ; പട്ടത്തിന്റെയും ശങ്കറിന്റെയും കാബിനറ്റിൽ പി. ടി. ചാക്കോ; അച്യുതമേനോന്റെ കൂടെ ആദ്യം സി. എച്ച്. മുഹമ്മദ്കോയ, പിന്നീടു് കെ. കരുണാകരൻ; കരുണാകരന്റെയും ആന്റണി യുടെയും പി. കെ. വി.യുടെയും മന്ത്രിസഭകളിൽ കെ. എം. മാണി, തെരഞ്ഞെടുപ്പുകേസിൽ കുടുങ്ങി മാണി രാജിവെച്ച ഇടവേളയിൽ പി. ജെ. ജോസഫ്; ഒന്നാം നായനാർ മന്ത്രിസഭയിൽ സഖാവു് ടി. കെ. രാമകൃഷ്ണൻ. എല്ലാവരും പ്രഗല്ഭർ, പ്രതിഭാശാലികൾ.
ഇടതുഭരണത്തിൻ കീഴിൽ ക്രമസമാധാനം തകർന്നു എന്നു് മുറവിളികൂട്ടിയാണു് 1982-ൽ ഐക്യമുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടതു്. തലശ്ശേരിയിലെ ആർ. എസ്. എസ്.-മാർക്സിസ്റ്റ് സംഘട്ടനങ്ങളും ഏറ്റുമാനൂരമ്പലത്തിൽ നടന്ന കവർച്ചയുമൊക്കെ പ്രചാരണായുധമായി. തെങ്ങിന്റെ കുലയും മനുഷ്യന്റെ തലയും സംരക്ഷിക്കാൻ യു. ഡി. എഫിനെ വിജയിപ്പിക്കണമെന്നു് സി. എച്ച്. മുഹമ്മദ്കോയ അഭ്യർഥിച്ചു. അത്തവണ ഐക്യമുന്നണി വിജയിച്ചു. കെ. കരുണാകരൻ മുഖ്യമന്ത്രി, വയലാർ രവി ആഭ്യന്തരമന്ത്രി.
പി. ടി. ചാക്കോ യെക്കാൾ, കെ. കരുണാകരനെ ക്കാൾ ഒന്നുകൊണ്ടും മോശക്കരനായിരുന്നില്ല വയലാർ രവി. വില്ലാളി വീരൻ, വീരമണികണ്ഠൻ. ആലപ്പുഴയിൽ നബിദിനാഘോഷ യാത്രക്കുനേരെ നടന്ന വെടിവെപ്പും തുടർന്നു് ചലക്കമ്പോളത്തിലുണ്ടായ കൊള്ളിവെപ്പുമൊഴിച്ചാൽ സമാധാന പൂർണമായിരുന്നു രവിയുടെ ഭരണകാലം. ഗ്രൂപ്പുവഴക്കു് മൂർച്ഛിച്ചപ്പോൾ കരുണാകരനു് രവി ചതുർഥിയായി. മന്ത്രിസഭയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ വയലാർ രവി ആഭ്യന്തരവും കെ. എം. മാണി ധനകാര്യവും ഒഴിയണമെന്നു് കരുണാകരൻ ശഠിച്ചു. ആഭ്യന്തരമില്ലാതെ മന്ത്രിയായി തുടരാൻ വയലാർജിയെ മനഃസാക്ഷി അനുവദിച്ചില്ല. മാണിസാർ അപമാനം സഹിച്ചും മന്ത്രിസ്ഥാനത്തു് തുടർന്നു. തച്ചടി പ്രഭാകരൻ ധനകാര്യമന്ത്രിയായി; ആഭ്യന്തരം മുഖ്യമന്ത്രി ഏറ്റെടുത്തു. കരുണാകർജി ആഭ്യന്തരവകുപ്പു് നേരിട്ടു ഭരിച്ച നല്ല കാലത്താണു് തങ്കമണിയിലും കീഴ്മാടും പൊലീസ് അതിക്രമം അരങ്ങേറിയതും മുന്നണിയുടെ പരാജയം സുനിശ്ചിതമായതും.
1987-ൽ ആഭ്യന്തരവകുപ്പു് മുഖ്യമന്ത്രി നായനാരു ടെ പറ്റിലെഴുതാനാണു് മാർക്സിസ്റ്റ് പാർട്ടി തീരുമാനിച്ചതു്. മുഖ്യന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായി എ. പി. കുര്യനെ യും നിയമിച്ചു. ഒന്നാന്തരം ഭരണാധികാരിയാണെന്നു കുര്യൻ തെളിയിച്ചു. ഉലുവക്കഷായം കുടിക്കാനും വിഡ്ഢിത്തം പറയാനും മാത്രം മുഖ്യമന്ത്രി, പോലീസിനെ നിയന്ത്രിക്കാനും നയിക്കാനും പൊളിറ്റിക്കൽ സെക്രട്ടറി.
1991-ൽ അധികാരത്തിൽ തിരിച്ചെത്തിയ കരുണാകരൻ ആഭ്യന്തരവകുപ്പു് മറ്റാർക്കെങ്കിലും വിട്ടുകൊടുക്കുന്ന പ്രശ്നമേ ഉദിച്ചില്ല. ചീഫ് സെക്രട്ടറി പത്മകുമാർ, ഡി. ജി. പി. മധുസൂദനൻ, കെ. മുരളീധരൻ, പിച്ച ബഷീർ എന്നീ പ്രഗല്ഭമതികൾ സഹായ സന്നദ്ധരായുള്ളപ്പോൾ കരുണാകരൻ ആരെ, എന്തിനെ പേടിക്കണം? ഭരണം ജിൽജില്ലായി നടന്നു. സിറാജുന്നിസയുടെ കൊലപാതകം, പൂന്തുറക്കലാപം, മട്ടാഞ്ചേരി ലഹള, ഐ. എസ്. ആർ. ഒ. ചാരക്കേസ്, കൂത്തുപറമ്പു് വെടിവെപ്പു്…
കരുണാകരന്റെ പകുതിയെങ്കിലും കഴിവോ കാര്യപ്രാപ്തിയോ ഇല്ലെങ്കിലും ആഭ്യന്തരവകുപ്പു് മറ്റാർക്കെങ്കിലും വിട്ടുകൊടുക്കാൻ എ. കെ. ആന്റണി തയാറായില്ല. പോലീസിനു മേൽ രാഷ്ട്രീയ നിയന്ത്രണം തീരെയും ഇല്ലാതായി. അഴിമതിയും കെടുകാര്യസ്ഥതയും വർധിച്ചു.
1996–2001 കാലത്തു് ആഭ്യന്തര വകുപ്പിന്റെ ചുമതല മുഖ്യമന്ത്രി നായനാർക്കും ഭരണം പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കുമായിരുന്നു. ഐസ്ക്രീം പാർലർ പെൺവാണിഭം, പന്ന്യന്നൂർ ചന്ദ്രന്റെയും കെ. ടി. ജയകൃഷ്ണന്റെയും കൊലപാതകങ്ങൾ, പരുമല കോളജു വിദ്യാർഥികളുടെ ദാരുണമരണം, നാദാപുരത്തെ ലഹള എന്നിങ്ങനെ അനിഷ്ടസംഭവങ്ങൾ ഒട്ടേറെയുണ്ടായി. മുഖ്യമന്ത്രിയുടെ തൊപ്പിയിൽ എമ്പാടും കാക്കത്തൂവലുകൾ.
2001-ലെങ്കിലും ആഭ്യന്തരം മറ്റാരെയെങ്കിലും ഏൽപിക്കാൻ ആന്റണിക്കു തോന്നിയില്ല (ശങ്കരനാരായണനെ യും എം. എം. ഹസനെ യും പോലുള്ള ഉരുപ്പടികൾക്കു് പോലീസ് വകുപ്പു് ഭരിക്കാൻ കൊടുത്താൽ എന്താകും കഥ എന്നതു മറ്റൊരുകാര്യം). നിയമപാലകർക്കു പൂർണമായ ‘പ്രവർത്തന സ്വാതന്ത്ര്യം’ നൽകി. ഖദറിട്ടവർക്കു രണ്ടിടി കൂടുതൽ കിട്ടും എന്ന സ്ഥിതിവിശേഷം സംജാതമായി. മാറാട്, മുത്തങ്ങ സംഭവങ്ങൾ സർക്കാറിന്റെ പ്രതിച്ഛായ തകർത്തു. പോലീസുകാരുടെ ഒത്താശയോടും പങ്കാളിത്തത്തോടും കൂടി ഗുണ്ട-മാഫിയ സംഘങ്ങൾ തഴച്ചുവളർന്നു.
ആന്റണി യുടെ സ്ഥാനത്തു് ഉമ്മൻചാണ്ടി വന്നപ്പോൾ കാര്യങ്ങൾ കൂടുതൽ വഷളായി. സ്ഥലം മാറ്റത്തിനു കിഴി നിർബന്ധമായി. നിയമപാലകർ പിഴിച്ചിൽ, ഉഴിച്ചിൽ, കായകൽപ ചികിൽസ എന്നിവയിൽ പ്രാവീണ്യം തെളിയിച്ചു. തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിൽ ഉദയകുമാർ എന്നൊരു ചെറുപ്പക്കാരൻ പോലീസിന്റെ പരിലാളനമേറ്റു ദിവംഗതനായി.
തന്റെ മുൻഗാമികളെപ്പോലെ പോലീസിനെ നേരിട്ടു ഭരിക്കണമെന്നായിരുന്നു അച്യുതാനന്ദന്റെ ആഗ്രഹം. പക്ഷേ, പാർട്ടി സമ്മതിച്ചില്ല. മുഖ്യന്റെ പ്രായാധിക്യവും കൃത്യാന്തരബാഹുല്യവും പരിഗണിച്ചു് ഫുൾടൈം ആഭ്യന്തരനെ നിയമിച്ചു. വിജിലൻസ് പിടിച്ചുവെക്കാൻ അച്യുതാനന്ദൻ ആവതു ശ്രമിച്ചെങ്കിലും ഫലവത്തായില്ല. അങ്ങനെ വയലാർജി രാജിവെച്ചു് രണ്ടുപതിറ്റാണ്ടിനുശേഷം ആഭ്യന്തരവകുപ്പിനു സ്വന്തം മന്ത്രിയുണ്ടായി—കോടിയേരി ബാലകൃഷ്ണൻ.
വിദ്യാർഥി ഫെഡറേഷനിലൂടെ രാഷ്ട്രീയത്തിൽ വന്നയാളാണു് ബാലകൃഷ്ണൻ. എസ്. എഫ്. ഐ. സംസ്ഥാന സെക്രട്ടറി, സി. പി. എം. കണ്ണൂർ ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രശോഭിച്ചു. അടിയന്തരാവസ്ഥക്കാലത്തു് ജയിൽവാസം അനുഭവിച്ചു. മുമ്പു് മൂന്നുവട്ടം നിയമസഭാംഗമായിരുന്ന അനുഭവസമ്പത്തുണ്ടു്. സർവോപരി പിണറായി വിജയന്റെ വിശ്വസ്തനും മനഃസാക്ഷി സൂക്ഷിപ്പുക്കാരനുമാണു്. ഭാവിയിൽ സി. പി. എം. സംസ്ഥാന സെക്രട്ടറിയോ കേരള മുഖ്യമന്ത്രിയോ ആകാനും സാധ്യതയുണ്ടു്.
വിദ്യാർഥി നേതാവായിരുന്ന കാലം മുതൽ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായി പോലീസ് സ്റ്റേഷനിൽ കയറിയ ആളാണു് കോടിയേരി ബാലകൃഷ്ണൻ. അദ്ദേഹത്തിന്റെ ഭാര്യപിതാവു് എം. വി. രാജഗോപാലൻ തലശ്ശേരി എം. എൽ. എ. ആയിരിക്കവെ കൊലക്കേസിൽ ജീവപര്യന്തം തടവിനു് ശിക്ഷിക്കപ്പെട്ടയാളാണു്. അപ്പീലിൽ ഹൈക്കോടതി സംശയത്തിന്റെ ആനുകൂല്യം നൽകി വിട്ടയക്കുകയായിരുന്നു. ബാലകൃഷ്ണന്റെ മകൻ ബിനീഷ് ഇതിനകം കഴിവു തെളിയിച്ച കലാ കായിക പ്രതിഭയാണു്. ഈയിടെ അദ്ദേഹത്തെ തിരുവനന്തപുരം കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു് ആദരിച്ചിരുന്നു.
ഇടതുപക്ഷ-ജനാധിപത്യ മുന്നണി ഭരണമേറ്റിട്ടു് മാസം മൂന്നായി. മന്ത്രി തിരുവനന്തപുരം മുതൽ കാസർകോടു വരെ നടന്നു് പ്രസ്താവനകൾ പാസാക്കുന്നുണ്ടു്. ക്രമസമാധാനനില മുമ്പത്തേക്കാളും വഷളായിരിക്കുന്നു. ഭവനഭേദനം, കൂട്ടായ്മ, കവർച്ച, സ്ത്രീപീഡനം, പെൺവാണിഭം, ക്ഷേത്ര കവർച്ച—ഒന്നിനുമൊരു കുറവില്ല. ഗുണ്ട-മാഫിയ സംഘങ്ങൾ സജീവം, സക്രിയം.
പോലീസ് തികച്ചും നിഷ്ക്രിയം എന്നു പറഞ്ഞുകൂടാ. നിയമപാലകർ തങ്ങളെകൊണ്ടു് കഴിയാവുന്നത്ര സഹായം മാഫിയാസംഘങ്ങൾക്കു ചെയ്യുന്നുണ്ടു്. കേസുകൾ തേച്ചുമായ്ച്ചു് കളയുന്നതിലും അവരുടെ സേവനം ലഭ്യമാണു്. ലോക്കൽ നേതാക്കളുടെ സഹായ-സഹകരണങ്ങളും ഗുണ്ടാസംഘങ്ങൾക്കുണ്ടു്.
സാധാരണഗതിയിൽ, സർക്കാർ മാറുമ്പോൾ പോലീസിൽ വലിയ ഇളക്കിപ്രതിഷ്ഠ പതിവുണ്ടു്. മുൻസർക്കാറിന്റെ പാർശ്വവർത്തികളെ ക്രൈം റെക്കോർഡ്സ് ബ്യൂറോയിലേക്കും ട്രാഫിക്കിലേക്കും വനവാസത്തിനു വിടും. പ്രതിബദ്ധതയുള്ളവർക്കു് ക്രമസമാധാനചുമതല നൽകും. ഇത്തവണ അത്തരം മാറ്റങ്ങൾക്കൊന്നും തുനിഞ്ഞിട്ടില്ല. കഴിഞ്ഞ സർക്കാറിന്റെ കാലത്തു് വലിയ തുക മുടക്കി പോസ്റ്റിംഗ് തരപ്പെടുത്തിയവർ തൽസ്ഥാനങ്ങളിൽ തുടരുന്നു. കഴിവിന്റെ തോതനുസരിച്ചു് വിഭവസമാഹരണം തുടരുന്നു.
തടവുപുള്ളികൾക്കു് പരോൾ അനുവദിക്കുന്ന കാര്യത്തിൽ മാർക്സിസ്റ്റുകാർ പൊതുവേ ഉദാരമനസ്കരാണു്. സെൻട്രൽ ജയിലിലെ ജീവപര്യന്തക്കാരിൽ നല്ലൊരു ഭാഗം ധീരസഖാക്കളാണെന്നതു തന്നെ കാരണം. ഹൈക്കോടതിയുടെ വിലക്കുലംഘിച്ചും, ജയിൽ ഡി. ജി. പി.-യുടെ ഭിന്നാഭിപ്രായം വിഗണിച്ചും തടവുകാർക്കു് മന്ത്രി പരോൾ നൽകുകയാണു്.
കോടിയേരി സഖാവിന്റെ ഭരണകാലത്തു് കസ്റ്റഡി മരണങ്ങൾ കുറഞ്ഞു എന്നാരും പരാതി പറയില്ല. ജയിലിലും പൊലീസ് കസ്റ്റഡിയിലുമാണിപ്പോൾ മനുഷ്യർ ആത്മഹത്യ ചെയ്യുന്നതു്. ഹൃദയസ്തംഭനം മൂലം മരിച്ചവരുമുണ്ടു്. കസ്റ്റഡിയിൽ കഴിയുന്നയാൾ പട്ടി കടിയേറ്റു് മരിച്ചു എന്ന വാർത്ത ഇനി നമ്മൾ കേൾക്കും.
കസ്റ്റഡി മരണങ്ങളെക്കുറിച്ചു് ജുഡീഷ്യൽ അന്വേഷണം നടത്തും, അതിലേക്കായി ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിയുടെ സേവനം ആവശ്യപ്പെടും എന്നാണു് മന്ത്രി പറയുന്നതു്. സിറ്റിംഗ് ജഡ്ജിയെ വിട്ടുകിട്ടില്ല എന്നു് കൊച്ചുകുട്ടികൾക്കുവരെ അറിയാം. അവസാനം വല്ല റിട്ടയേഡ് മജിസ്ട്രേറ്റിനെയോ താസിൽദാരെയോ വെച്ചു് അന്വേഷണം നടത്തിക്കാം. കുറ്റവാളികൾക്കു രക്ഷപ്പെടാൻ ജുഡീഷ്യൽ അന്വേഷണംപോലെ സൗകര്യപ്രദമായ മറ്റൊരു പരിപാടിയില്ല. റിപ്പോർട്ടു കിട്ടുമ്പോഴേക്കും കൊല്ലങ്ങൾ പലതു കഴിയും. നിഗമനങ്ങൾ അനുകൂലമെങ്കിൽ സ്വീകരിക്കാം, പ്രതികൂലമെങ്കിൽ തള്ളിക്കളയാം.
പോലീസും പൊതുജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ കോടിയേരി സഖാവു് പുതിയ കർമപദ്ധതിക്കു രൂപം നൽകിയിട്ടുണ്ടു്. മാസത്തിലൊരിക്കൽ പോലീസ് സൂപ്രണ്ട് ജനങ്ങളിൽനിന്നു നേരിട്ടു പരാതി സ്വീകരിക്കണം, ജില്ലയിലെ എം. പി.-മാർ, എം. എൽ. എ.-മാർ, മുനിസിപ്പൽ പഞ്ചായത്തു് അംഗങ്ങൾ എന്നിവരുമായി ആശയവിനിയമയം നടത്തണം, മാസത്തിലൊരിക്കൽ ക്രൈം കോൺഫറൻസ് നടത്തണം എന്നിങ്ങനെയുള്ള ജനാധിപത്യവത്ക്കരണം ഒരു വശത്തു്, പോലീസ് ആക്റ്റും മാനുവലും ഭേദഗതി ചെയ്യുന്നതിനുള്ള നീക്കം മറ്റൊരുവശത്തു്. കേസു റജിസ്റ്റർ ചെയ്താൽ ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കണം, കസ്റ്റഡി മരണങ്ങൾ ഉണ്ടാകാൻ പാടില്ല, മൂന്നാംമുറ അനുവദനീയമല്ല എന്നിങ്ങനെയുള്ള സാരോപദേശങ്ങൾ വേറെയും. പൊലീസ് സേനയിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തുന്നതിനെപ്പറ്റി പഠിച്ചു് റിപ്പോർട്ടു സമർപ്പിക്കാൻ പുതിയ കമ്മിറ്റിയെ നിയോഗിക്കാനും പരിപാടിയുണ്ടു്.
തലയിൽ വെണ്ണവെച്ചു് കൊക്കിനെ പിടിക്കുന്നതുപോലെ പ്രായോഗികവും പ്രാവർത്തികവുമാണു് കർമപദ്ധതിയെന്നു പറയേണ്ടതില്ലല്ലോ. പോലീസ് ഏമാൻമാരുടെ കിമ്പളപരിഷ്കരണത്തിനു വേണ്ടിയും ഒരു കമ്മിറ്റിയെ നിയോഗിക്കാമായിരുന്നു.
ഉമ്മൻചാണ്ടി യുടെ കാലത്തു് ഗുണ്ടാഓർഡിനൻസ് എന്നൊന്നു് നിലനിന്നിരുന്നു. (അതുപ്രകാരം ഒരാളെയും അകത്താക്കിയില്ല എന്നതു സത്യം) ഇടതു സർക്കാർ വന്നപ്പോൾ അതു ലാപ്സായി. പുതിയ നിയമം കൊണ്ടുവരും എന്നൊരു പ്രസ്താവന വന്നു. നിയമം എപ്പോൾ, എങ്ങനെ എന്നൊക്കെ കോടിയേരിക്കും പടച്ചതമ്പുരാനും മാത്രം അറിയാം.
മുൻ ചീഫ് സെക്രട്ടറി സി. രാമചന്ദ്രനെ ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവായി നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചിരിക്കുന്നു. കേരളചരിത്രത്തിൽ ആദ്യമായാണു് ഒരു മന്ത്രിക്കു് ഉപദേഷ്ടാവുണ്ടാകുന്നതു്. അതുകൊണ്ടുതന്നെ, ടിയാന്റെ അധികാര പരിധി എന്താണെന്നു വ്യക്തമല്ല. സേവന-വേതന വ്യവസ്ഥകളും വ്യക്തമല്ല. ചീഫ് സെക്രട്ടറിക്കു തുല്യമായ ശമ്പളവും ഔദ്യോഗിക വസതിയും കാറും ഫോണും മറ്റു് ആനുകൂല്യങ്ങളും അനുവദിച്ചു നൽകാനാണു് സാധ്യത. ജോലി, മുമ്പു് മുഖ്യന്റെ പൊളിറ്റിക്കൽ സെക്രട്ടറി ചെയ്തിരുന്നതാകാനേ തരമുള്ളൂ. ചുരുക്കി പറഞ്ഞാൽ ഇനിയങ്ങോട്ടു് ഊരുചുറ്റലും നാടമുറിക്കലും പത്രസമ്മേളനം നടത്തലും മാത്രം കോടിയേരി ചെയ്തൽ മതി. ബാക്കികാര്യങ്ങൾ രാമചന്ദ്രൻ സാർ നോക്കിക്കൊള്ളും. ഹാ, എത്ര മനോഹരമായ പരിഷ്ക്കാരം !
മന്ത്രിമാർ തന്നെ ഫയൽ നോക്കണം, ഉത്തരവുകൾ പാസാക്കണം, കീഴുദ്യോഗസ്ഥർക്കു നിർദേശം കൊടുക്കണം എന്നൊക്കെ ശഠിക്കുന്നതു് ബൂർഷ്വാ പരിപാടികളാണു്. മറ്റെന്തൊക്കെ തിരക്കുകളുള്ളവരാണു് നമ്മുടെ മന്ത്രിമാർ? കോടിയേരിയാണെങ്കിൽ സി. പി. എമ്മിന്റെ കേന്ദ്രക്കമ്മിറ്റിയിലും സംസ്ഥാന സെക്രട്ടേറിയറ്റിലും അംഗമാണു്. അടുത്ത വർഷം സംഘടനാ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കവെ തിരുത്തൽവാദികൾക്കും അതിവിപ്ലവകാരികൾക്കുമെതിരെ പാർട്ടി അണികളെ ജാഗരൂകരാക്കേണ്ട ഭാരിച്ച ചുമതല നിറവേറ്റേണ്ടിയിരിക്കുന്നു.
പ്രായാധിക്യം, പരിചയക്കുറവു്, സമയദൗർലഭ്യം എന്നിവകൊണ്ടു് വലയുന്ന മന്ത്രിമാർക്കു് അനുകരണീയമായ മാതൃകയാണു് കോടിയേരി ബാലകൃഷ്ണൻ കാഴ്ചവെച്ചിരിക്കുന്നതു്. പി. കെ. ഗുരുദാസനും മുല്ലക്കര രത്നാകരനു മൊക്കെ ഈ വഴിക്കു മുന്നേറുമെന്നു് പ്രത്യാശിക്കുക. അഡ്വൈസർ ഭരണം വെൽവൂതാക!
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.