കണ്ടിട്ടുണ്ടോ, പുതിയ ഹൈക്കോടതി മന്ദിരം? നീതിപീഠത്തിന്റെ ഭാവനയും പൊതുമരാമത്തു് വകുപ്പിന്റെ കർമകുശലതയും സമജ്ഞസം സമ്മേളിച്ച വമ്പൻ ഒമ്പതുനില കെട്ടിടം. സിമന്റും കമ്പിയും മാർബിളും തേക്കിൻകാതലുംകൊണ്ടു് പടുത്തുയർത്ത മഹാവിസ്മയം. ശീതീകരിച്ച വിശാലമായ കോടതിമുറികൾ. മുഗൾ ദർബാറിനെ അനുസ്മരിപ്പിക്കുന്ന ചേംബറുകൾ, പൂർണമായും ഡിജിറ്റലൈസ് ചെയ്ത ഓഫീസ്. അത്യാധുനിക സാങ്കേതിക സംവിധാനങ്ങൾ എമ്പാടും.
Fiat Justitia Ruat Coelum (ആകാശം ഇടിഞ്ഞുവീണാലും നീതി നടപ്പാകട്ടെ) എന്നായിരുന്നു ഇത്രയും കാലം കേരള ഹൈക്കോടതിയുടെ പ്രമാണവാക്യം. അരനൂറ്റാണ്ടു് നിരന്തരം, നിരങ്കുശം നീതി നടപ്പാക്കിയിട്ടും ആകാശത്തിനു് പറയത്തക്ക ഇടിവൊന്നും പറ്റാത്തതുകൊണ്ടാണോ എന്തോ, പുതിയ കെട്ടിടത്തിലേക്കു് മാറിയതോടെ പ്രമാണവാക്യവും മാറ്റിയിരിക്കുന്നു. മന്ദിരത്തിന്റെ മുഖപ്പിൽ മലയാളത്തിലും ആംഗലേയത്തിലും ആലേഖനം ചെയ്തുകാണുന്നതു് സത്യമേവ ജയതേ എന്നാണു്. 30 കോടതിമുറികളിലും ഇതു് ആവർത്തിച്ചിരിക്കുന്നു. കോടതിക്കകത്തു് മലയാളത്തിനു് പ്രവേശനമില്ലാത്തതുകൊണ്ടു് വചനം ഇംഗ്ലീഷിലും സംസ്കൃതത്തിലുമാണെന്നേയുള്ളൂ.
കോടതിമുറികളിൽ മഹാത്മാഗാന്ധി യുടെ ചിത്രം ആണിയടിച്ചു തൂക്കിയിട്ടുമുണ്ടു്. ദക്ഷിണാഫ്രിക്കയിൽ വക്കീലായിരുന്ന കാലത്തെ കോട്ടു-സൂട്ടു-പാപ്പാസ് പടമല്ല, രാഷ്ട്രപിതാവായ ശേഷമുള്ള ചിത്രം. ജീവിതംതന്നെ സത്യാന്വേഷണ പരീക്ഷണമാക്കി മാറ്റിയ, സത്യഗ്രഹ സമരത്തിലൂടെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ കെട്ടുകെട്ടിച്ച മഹാത്മാവിന്റെ സ്മരണ ന്യായാധിപർക്കും അഭിഭാഷകർക്കും ആവേശം പകരട്ടെ.
‘സത്യമേവ ജയതേ’ മുദ്രാവാക്യവും സത്യാന്വേഷണ വ്യഗ്രനായ രാഷ്ട്രപിതാവിന്റെ ചിത്രവും പകർന്നുനൽകിയ ആത്മവിശ്വാസംകൊണ്ടാകണം, എസ്. എം. ഇ. പീഡനക്കേസിലെ പരാതിക്കാരിയെ നുണപരിശോധനക്കു് വിധേയമാക്കണം എന്നു് കേരള ഹൈക്കോടതി വിധി കൽപിച്ചിരിക്കുന്നു. അതിധീരവും അഭൂതപൂർവവും അനുപമ സുന്ദരവും ആപാദചൂഡ മധുരവുമായ ഒരു വിധിന്യായം.
മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിലുള്ള ഒരു മഹാസ്ഥാപനമാണു് സ്കൂൾ ഓഫ് മെഡിക്കൽ സയൻസ്. ആർപ്പൂക്കര ഗാന്ധി നഗറിലാണു് എസ്. എം. ഇ.-യുടെ ആസ്ഥാനവും സ്വാശ്രയ നഴ്സിംഗ് വിദ്യാലയവും. അവിടത്തെ അധ്യാപകരും വിദ്യാർഥികളുമൊക്കെ തികഞ്ഞ ഗാന്ധിയന്മാരാണു്. സത്യം, ധർമം, അഹിംസ മുതലായ സനാതന മൂല്യങ്ങളുടെ പതാകവാഹകർ.
എസ്. എം. ഇ.-യിലെ ഒന്നാംവർഷ വിദ്യാർഥിനിയെ സീനിയർമാരായ രഞ്ജിത് വർഗീസ് മുതൽപേർ 21.10.05-നു് പട്ടാപ്പകൽ സ്ഥാപനത്തിൽ വെച്ചു് ലൈംഗികപീഡനത്തിനിരയാക്കി എന്നാണു് പ്രോസിക്യൂഷന്റെ ആരോപണം. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 342, 354, 366 എ, 376, 34 വകുപ്പുകളും കേരള റാഗിംഗ് നിരോധ നിയമത്തിലെ ഏഴാം വകുപ്പും പ്രകാരമാണു് ഗാന്ധിനഗർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുള്ളതു്. റാഗിംഗ് നടന്ന കാര്യം അറിഞ്ഞിട്ടും നടപടിയെടുക്കാഞ്ഞതിനു് പ്രിൻസിപ്പലിനെയും എസ്. എം. ഇ. ഡയറക്ടറെയും പ്രതികളാക്കിയിട്ടുണ്ടു്. പരാതിക്കാരിക്കു് അമിതമായി മയക്കുമരുന്നു് നൽകിയതിനും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിനും കോട്ടയം മെഡിക്കൽ കോളജിലെ മനോരോഗ ചികിത്സാവിഭാഗം മേധാവിയും പ്രതിയാണു്.
ഇപ്രകാരം ഒരു സംഭവമേ ഉണ്ടായിട്ടില്ല എന്നാണു് പ്രതികളുടെ പക്ഷം: ദുരുദ്ദേശ്യപ്രേരിതമായി കെട്ടിച്ചമച്ച കേസാണിതു്. പരാതിക്കാരി ഒരു സ്വതന്ത്ര വ്യക്തിയല്ല. അവൾ ഒരു പ്രത്യേക വ്യക്തിയുടെ (വി. എൻ. വാസവൻ—ഹർജിയിൽ പേരെടുത്തു് പറഞ്ഞിട്ടില്ല) തടവിലാണു്. സ്ഥാപനത്തിലെ ഏതെങ്കിലും വിദ്യാർഥി പരാതിക്കാരിയെ പിന്തുണക്കാൻ തയാറായിട്ടില്ല—അധ്യാപകരും സ്റ്റാഫും അതേ നിലപാടിൽ തന്നെ. ലൈംഗികാതിക്രമം നടന്നിട്ടില്ലെന്നു് ബഹു. വൈസ് ചാൻസലർക്കുതന്നെയും ബോധ്യപ്പെട്ടതാണു്. പോലീസ് വ്യാജ തെളിവുണ്ടാക്കുകയാണു്…
പ്രതികളുടെ നിഷ്കളങ്കത വ്യക്തമാക്കാൻ സഹപാഠികളായ നാലു് പെൺകുട്ടികൾ എറണാകുളം പ്രസ് ക്ലബിൽ പത്രസമ്മേളനം നടത്തി. ഹൃദയശൂന്യരായ എറണാകുളം എഴുത്താളർ അനാവശ്യ ചോദ്യങ്ങൾ ചോദിച്ചു് അവരെ വലച്ചെന്നു് മാത്രമല്ല, ദുഃസൂചനകളോടെ വാർത്ത കൊടുക്കുകയും ചെയ്തു. പത്രസമ്മേളനം നടത്തിയ വീരവനിതകൾ തന്നെ മുമ്പു് റാഗ് ചെയ്തവരാണെന്നായി, പരാതിക്കാരി. പൊലീസ് ഉടനെ അവരെയും റാഗിംഗ് കേസിൽ പ്രതികളാക്കി. അവരിലൊരാൾ മുഖ്യപ്രതിയുടെ കാമുകിയാണെന്നുകൂടി വെളിപ്പെടുത്തി. ഭർതൃകർമാനുകരണമത്രെ പാതിവ്രത്യനിഷ്ഠാ വധൂനാമെന്നു് നിർണയം.
പത്രസമ്മേളനം പാളിയെന്നു് വെച്ചു് അടങ്ങിയൊതുങ്ങിയിരിക്കുന്നവരല്ല, എസ്. എം. ഇ.-യിലെ ബി. എസ്സി. നഴ്സിംഗ് വിദ്യാർഥികൾ. ഒരു കുറ്റവും ചെയ്യാത്ത തങ്ങളുടെ സഹോദരന്മാരെ കള്ളക്കേസിൽ കുടുക്കി തടവിലാക്കി. കള്ളന്മാരുടെയും മറ്റു് കുറ്റവാളികളുടെയും കൂടെ പാർപ്പിച്ചിരിക്കുന്നതിലുള്ള മനോവിഷമം സഹിക്കാനാവാതെ അവർ ബഹു. കേരള മുഖ്യമന്ത്രിക്കു് ഭീമഹർജി സമർപ്പിച്ചു. കേസന്വേഷണം സി. ബി. ഐ.-യെ ഏൽപിക്കണം എന്നായിരുന്നു ആവശ്യം.
കേസിൽ പറയുന്ന കാര്യങ്ങളെല്ലാം കള്ളവും വാസ്തവവിരുദ്ധവുമാണു്. കേസിൽ പറയുന്ന പ്രകാരം റാഗിംഗോ ബലാൽസംഗമോ നടന്നിട്ടില്ല എന്നതാണു് സത്യം. ഇപ്പോൾ കേസന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥർ കൃത്രിമ തെളിവുകളുണ്ടാക്കി ചെയ്യാത്ത കുറ്റം ആരോപിച്ചു് ആറു് വിദ്യാർഥികളെ കുറ്റവാളികളാക്കി ചിത്രീകരിച്ചു് ശിക്ഷിക്കുന്നതിനുള്ള ശ്രമമാണു് നടന്നുവരുന്നതു്; ഭീമഹർജിക്കാർക്കു് സംശയമേതുമില്ല.
മുഖ്യപ്രതി രഞ്ജിത് വർഗീസിന്റെ അപ്പൻ മാത്യു ഗീവർഗീസ് 12 വർഷമായി സൗദിയിൽ ജോലി നോക്കുന്ന 53 കാരനായ, പ്രമേഹവും ഹൈപ്രഷറുമുള്ള ഒരു പ്രവാസിയാണു്; മുൻ മന്ത്രി ടി. എം. വർഗീസി ന്റെ ബന്ധുവും തികഞ്ഞ കോൻഗ്രസുകാരനും. പ്രവാസിയാകുന്നതിനു മുമ്പു് ഐ. എൻ. ടി. യു. സി. നടുവത്തൂർ ബ്ലോക്ക് സെക്രട്ടറി, ഹെഡ് ലോഡ് ആന്റ് ജനറൽ വർക്കേഴ്സ് കോൺഗ്രസ് നെടുവത്തൂർ ബ്ലോക്ക് ജനറൽ സെക്രട്ടറി, കശുവണ്ടി തൊഴിലാളി കോൺഗ്രസ് ബ്രാഞ്ച് സെക്രട്ടറി, വെളിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. ഏഴുകോൺ നാരായണനും കൊടിക്കുന്നിൽ സുരേഷിനും അച്ചായനെ നേരിട്ടറിയാം. നിരന്തര ബന്ധവുമുണ്ടു്.
സൗദി അറേബ്യയിൽനിന്നു് മാത്യു ഗീവർഗീസ് കണ്ണീരോടെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ക്കു് ഒരു സങ്കടഹർജി അയച്ചു: പ്രായവും രോഗവും വകവെക്കാതെ പൊള്ളുന്ന ചൂടിൽ പണിയെടുക്കുന്നതു് എന്റെ മകന്റെ വിദ്യാഭ്യാസത്തിനുവേണ്ടി മാത്രം. എനിക്കു് രണ്ടു് പെൺമക്കളും ഒരു മോനുമാണുള്ളതു്. എന്റെ എല്ലാ ആശാകേന്ദ്രവുമായ എന്റെ മോനാണു് ഈ ദുരന്തസ്ഥിതി വന്നിരിക്കുന്നതു്. അവൻ തെറ്റു് ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടട്ടെ. അതിൽ എനിക്കു് യാതൊരു വിഷമവുമില്ല. എന്നാൽ ഒരു നിരപരാധിക്രൂശിക്കപ്പെടരുതു്. ഈ ദുരന്തവാർത്ത അറിഞ്ഞതുമുതൽ എന്റെ ഭാര്യ തളർന്നുകിടപ്പിലാണു്. ഒന്നു നാട്ടിൽപോയി ആശ്വസിപ്പിക്കാൻ പോലും ഈ ഹതഭാഗ്യനായ പ്രവാസിക്കു കഴിയുന്നില്ലല്ലോ എന്നോർത്തു കേഴുകയാണു്… ഞാനൊരു തികഞ്ഞ കോൺഗ്രസ് പ്രവർത്തകനായതിനാൽ മനഃപൂർവമായി എന്നെ കരിവാരി തേക്കാനും എന്റെ പൊതുപ്രവർത്തനത്തിനു് തടയിടാനും കരുതിക്കൂട്ടി ചെയ്ത ഒരു രാഷ്ട്രീയ പ്രതിയോഗമല്ലേ എന്നുപോലും സംശയിക്കുന്നു…
മാധ്യമങ്ങൾ തന്നെ വലിയ ധനികനും പ്രതാപിയുമായി കൊട്ടിഘോഷിക്കുന്നതിലുമുണ്ടു് അച്ചായനു് സങ്കടം. യാഥാർഥ്യം എന്താണു്?… വെറും 22 സെന്റ് ഭൂമി മാത്രമുള്ള പാവപ്പെട്ടവരിൽ പാവപ്പെട്ടവനാണു്. ഒരു ദിവസം പണിക്കുപോയില്ലെങ്കിൽ അരി മേടിക്കാൻ സാധിക്കാത്തവനാണു്. 12 വർഷമായി പ്രവാസിയായ എനിക്കു് ഒരു സെന്റ് ഭൂമി പോലും വാങ്ങാനോ ഭാവിയിലേക്കു് എന്തെങ്കിലും സമ്പാദിക്കാനോ സാധിച്ചിട്ടില്ല…
മാത്യു ഗീവർഗീസിനെ സമ്പന്നനും പ്രതാപിയുമാക്കി ചിത്രീകരിക്കുക മാത്രമാണോ മാധ്യമങ്ങൾ ചെയ്തതു്? അല്ല. പെൺകുട്ടിയെ പരമദരിദ്രയായി അവതരിപ്പിച്ചു. തകരവും ഷീറ്റും കൊണ്ടുണ്ടാക്കിയ കുടിലിന്റെ പടം സഹിതം ഫീച്ചറുകൾ കാച്ചി. നാട്ടുകാർ പിരിവെടുത്ത പണംകൊണ്ടാണു് അവൾ പഠിക്കുന്നതെന്നും ആവർത്തിച്ചു പറഞ്ഞു. എന്തു ചെയ്യാം? കപടലോകമല്യോ, സാറേ?
കോൺഗ്രസുകാരനും തദ്വാരാ ഗാന്ധിയനുമായ ഉമ്മൻചാണ്ടിയോടു് മാത്യു ഗീവർഗീസ് ആവശ്യപ്പെട്ട കാര്യങ്ങൾ
- ലൈംഗികപീഡനം ഉണ്ടായിട്ടുണ്ടെങ്കിൽ ഡി. എൻ. എ. പോലുള്ള ടെസ്റ്റുകൾ നടത്തി തെളിയിക്കണം.
- പെൺകുട്ടിയെ നുണ പരിശോധനക്കു് വിധേയയാക്കണം.
- വാസവൻ എന്ന സി. പി. എം. നേതാവിന്റെ റോൾ അന്വേഷിക്കണം.
പാവം, ഉമ്മൻചാണ്ടി എന്തുചെയ്യാനാണു്? അന്വേഷണചുമതല കോട്ടയം എസ്. പി.-യിൽനിന്നെടുത്തു മാറ്റാൻ ശ്രമിച്ചപ്പോൾ പത്രങ്ങളും പ്രതിപക്ഷവും വലിയ വായിൽ ഒച്ചയിട്ടു. വി. എസ്. അച്യുതാനന്ദൻ വെട്ടിവെളിച്ചപ്പെട്ടു. ഒടുവിൽ അന്വേഷണം എസ്. പി.-യും കോട്ടയം ഈസ്റ്റ് സർക്കിൾ ഇൻസ്പെക്ടറും തന്നെ നടത്തട്ടേ എന്നു് തീരുമാനമായി.
നിരപരാധിയായ മകനെ കള്ളക്കേസിൽപെടുത്തി ജയിലിലടയ്ക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നു എന്നാരോപിച്ചു് രഞ്ജിത്തിന്റെ അമ്മ ഓടനാവട്ടം രാജി വില്ലയിൽ പെണ്ണമ്മ വർഗീസ് പൊലീസ് സൂപ്രണ്ട് ശ്രീജിത്തിനും സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറിനുമെതിരെ സംസ്ഥാന മനുഷ്യാവകാശ കമീഷനിൽ പരാതിക്കൊടുത്തു. ഏറക്കുറെ അതേ പരാതി തന്നെ പൊലീസ് ഡയറക്ടർ ജനറലിനും സമർപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥരുടെ കൊള്ളരുതായ്മകളും മനുഷ്യാവകാശ ലംഘനങ്ങളും പരാതിയിൽ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ടു്. പരാതികൾ രണ്ടും ബധിരകർണങ്ങളിലാണു് പതിച്ചതെന്നു് മാത്രം.
ഈ ഘട്ടത്തിൽ എസ്. എം. ഇ.-യിലെ മൂന്നാംവർഷ നഴ്സിംഗ് വിദ്യാർഥികളായ സുബിൻ പി. ഡാനിയേൽ, ജിന്റോ ഫിലിപ്പ്, ജോസഫ് കുരുവിള, ശരത് എസ്. എന്നിവർ അഡ്വക്കറ്റുമാരായ എം. കെ. ദാമോദരൻ, ഒ. വി. മണി പ്രസാദ് എന്നിവർ മുഖേന പൊതുതാൽപര്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചു. കേസിന്റെ രേഖകൾ വിളിച്ചുവരുത്തണം, അന്വേഷണം സി. ബി. ഐ.-ക്കു് കൈമാറണം, ശരിയായവിധത്തിൽ അന്വേഷിച്ചു് അന്തിമ റിപ്പോർട്ട് നൽകാൻ സി. ബി. ഐ.-യോടു് കൽപിക്കണം, അന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ചു് സമയാസമയങ്ങളിൽ ഹൈക്കോടതി റിപ്പോർട്ട് ആവശ്യപ്പെടണം എന്നിങ്ങനെ ലളിതമായ ആവശ്യങ്ങളേ ഹർജിയിൽ ഉണ്ടായിരുന്നുള്ളൂ.
അന്വേഷണം പൂർത്തിയായി ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയിൽ ചാർജ് കൊടുത്തു എന്നു് അന്വേഷണ ഉദ്യോഗസ്ഥർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. കേസ് ഏറ്റെടുക്കാൻ താൽപര്യമില്ലെന്നു് സി. ബി. ഐ.-യും അറിയിച്ചു. ക്രിമിനൽ കേസുമായി ബന്ധമില്ലാത്ത നാലു് വിദ്യാർഥികൾ ഇപ്രകാരം ഒരു ഹർജിയുമായി സമീപിച്ചതിന്റെ യുക്തി ഹൈക്കോടതിക്കു് ബോധ്യമായുമില്ല. 2006 ജനുവരി 30-നു് (മഹാത്മാഗാന്ധിയുടെ 49-ാം രക്തസാക്ഷിദിനം) ഹൈക്കോടതി പൊതുതാൽപര്യ ഹർജി തള്ളി വിധിയായി. സത്യമേവ ജയതേ പ്രാബല്യത്തിൽ വരുംമുമ്പു് പഴയ ഹൈക്കോടതി മന്ദിരത്തിൽനിന്നാണു് വിധി ഉണ്ടായതു്.
കേസന്വേഷണം സി. ബി. ഐ.-യെ ഏൽപിക്കണം. പരാതിക്കാരിയെയും പ്രതികളെയും പോളിഗ്രാഫ്, ബ്രെയിൻ മാപ്പിംഗ് റ്റെസ്റ്റുകൾക്കു് വിധേയരാക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു് രഞ്ജിത് വർഗീസ് ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹർജി ബോധിപ്പിച്ചു. അന്വേഷണം പൂർത്തിയായി ചാർജ് സമർപ്പിച്ച കേസിൽ ഇതൊന്നും സാധ്യമല്ല, തനിക്കു് അധികാരവുമില്ല എന്നു് കണ്ടു് മജിസ്ട്രേറ്റ് ഉത്തരവായി.
മജിസ്ട്രേറ്റിന്റെ ഉത്തരവിനെ ചോദ്യം ചെയ്തു് രഞ്ജിത് വർഗീസ് അഡ്വ. എം. കെ. ദാമോദരൻ മുഖേന ഹൈക്കോടതിയിൽ റിവിഷൻ പെറ്റീഷൻ ഫയൽ ചെയ്തു. അഡ്വക്കറ്റ് ജനറലായിരിക്കവേ ഐസ്ക്രീം പാർലർ പെൺവാണിഭക്കേസിൽ വിപ്ലവകരമായ നിയമോപദേശം നൽകി നിരപരാധിയായ പി. കെ. കുഞ്ഞലിക്കുട്ടി യെ രക്ഷപ്പെടുത്തിയ ദേഹമാകുന്നു. ദാമോദരൻ, വിവാദപരമായ പേര്യ മരംമുറിക്കേസിൽ ആരോപണ വിധേയനായി, സി. ബി. ഐ. അന്വേഷണം നേരിട്ടു് കുറ്റവിമുക്തനായ ആളുമാണു്. സി. ബി. ഐ. അന്വേഷണത്തിന്റെ ഗുണവും ദോഷവും അനുഭവിച്ചറിഞ്ഞ ആൾ.
രഞ്ജിത് വർഗീസിന്റെ ക്രിമിനൽ റിവിഷൻ പെറ്റീഷനിൽ ബാക്കി പ്രതികളും കക്ഷി ചേർന്നു. പോളിഗ്രാഫ്, ബ്രെയിൻ മാപ്പിംഗ്, നർകോ അനാലിസിസ് പരിശോധനകൾക്കു് വിധേയരാകാൻ സന്നദ്ധമെന്നു് അറിയിച്ചു. അന്വേഷണം പൂർത്തിയായി എന്നു് സർക്കാർ കോടതിയെ അറിയിച്ചു, പുനരന്വേഷണത്തിനു് സന്നദ്ധമല്ലെന്നു് സി. ബി. ഐ. ശഠിച്ചു. പോളിഗ്രാഫ് മുതലായ പരിശോധനകൾ ശാസ്ത്രീയമല്ലെന്നും തെളിവുനിയമപ്രകാരം സ്വീകാര്യമല്ലെന്നും പരാതിക്കാരിയുടെ അച്ഛൻ വാദിച്ചു.
ജസ്റ്റിസ് ജെ. എം. ജെയിംസ് ആണു് ക്രിമിനൽ റിവിഷൻ പെറ്റീഷൻ വാദം കേട്ടു് വിധി പറഞ്ഞതു്. വൃഥാപവാദത്തിനു് വിധേയനാകുന്നതിന്റെ വേദന തികച്ചും അറിയുന്ന ആൾ. പട്ടാപ്പകൽ ആൾത്തിരക്കേറിയ മേനക ജംഗ്ഷനിൽ വെച്ചു് മോട്ടോർ സൈക്കിൾ യാത്രക്കാരന്റെ ചെകിടത്തടിച്ചു എന്നു് ആരോപിച്ചു് മാധ്യമങ്ങൾ അദ്ദേഹത്തെ വേട്ടയാടുകയായിരുന്നു. ചീഫ് ജസ്റ്റിസിന്റെ നിർദേശപ്രകാരം അന്വേഷണം നടത്തിയ മൂന്നംഗ ന്യായാധിപ കമ്മിറ്റി കുറ്റവിമുക്തനാക്കി എന്നതു് വേറെ കാര്യം.
കേസന്വേഷണം സി. ബി. ഐ.-യെ ഏൽപിക്കണം എന്ന ആവശ്യം കോടതി വീണ്ടും നിരാകരിച്ചു. അതേസമയം, പരാതിക്കാരിയെയും പ്രതികളെയും പോളിഗ്രാഫ്, ബ്രെയിൻ മാപ്പിംഗ് പരിശോധനകൾക്കു് വിധേയമാക്കണം എന്നു കൽപിച്ചു. നർകോ അനാലിസിസ് ആരോഗ്യത്തിനു് ഹാനികരമാകയാൽ അതു് പാടില്ല എന്നും വിധിച്ചു.
ഏതു് നിലക്കുനോക്കിയാലും വിപ്ലവകരമാണു് വിധിന്യായം. പരാതിക്കാരുടെ ആവശ്യപ്രകരമല്ലാതെ പ്രതികളുടെ അപേക്ഷ പരിഗണിച്ചു് കോടതി അന്വേഷണത്തിൽഇടപെട്ടതുതന്നെ അസാധാരണം. പ്രതികളോടൊപ്പം പരാതിക്കാരിയെക്കൂടി നുണപരിശോധനക്കു് വിധേയമാക്കണം എന്നു് കൽപിച്ചതു് അത്യസാധാരണം. പോളിഗ്രാഫ്, ബ്രെയിൻ മാപ്പിംഗ് പരിശോധനകൾ ശാസ്ത്രീയമാണെന്നോ അവയുടെ റിപ്പോർട്ട് തെളിവു നിയമപ്രകാരം സാധുവാണെന്നോ ഇന്ത്യയിലെ കോടതികൾ ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നതു് കൗതുകകരമായ മറ്റൊരു വസ്തുത.
സ്ത്രീപീഡന കേസുകളിൽ പരാതിക്കാരിയുടെ മൊഴിയാണു് പരമപ്രധാനമെന്നും അതു് വിശ്വസനീയമാണെങ്കിൽ, സ്വതന്ത്രമായ മറ്റു തെളിവുകൾ കൂടാതെ തന്നെ പ്രതിയെ ശിക്ഷിക്കാമെന്നുമാണു് സുപ്രീംകോടതി നിരന്തരമായി വിധിച്ചിട്ടുള്ളതു്. പഞ്ചാബ് സംസ്ഥാനവും ഗുർമീത് സിംഗും തമ്മിലുള്ള കേസിൽ സുപ്രീം കോടതി പറഞ്ഞതു് ഇപ്രകാരമാണു്:
Rape is not merely a physical assault—it is often destructive of the whole personality of the victim. A murderer destroys the physical body of his victim, a rapist degrades the very soul of the helpless female. The courts, therefore shoulder a greater responsibility while trying an accused on charges of rape. They must deal with such cases with atmost sensitivity. The courts should examine the broader probabilities of a case and not get swayed by minor contradictions or insignificant discrepancies in the statement of the prosecutrix, which are not of a fatal nature, to throw out an otherwise reliable prosecution case. If evidence of the prosecutrix, which are not of a fatal nature, to throw out an otherwise reliable prosecution case. If evidence of the prosecutrix inspires confidence, it must be relied upon without seeking corroboration of her statement in material particulars. If for some reason the court finds it difficult to place implicit reliance on her testimony, it may look for evidence which may lend assurance to her testimony, short of corroboration required in the case of an accomplice. The testimony of the prosecutrix must be appreciated in the background of the entire case and the trial court must be alive to its responsibility and be sensitive while dealing with cases involving sexual molestation.
ഇതും ഇതുപോലുള്ളതുമായ എത്രയെത്ര വിധികൾ ഉണ്ടായി. എന്നിട്ടോ? പരാതിക്കാരിയുടെ സ്വഭാവശുദ്ധിയെക്കുറിച്ചുള്ള നമ്പൂരിശങ്ക മാറുന്നില്ല, കീഴ്ക്കോടതികൾക്കും ഹൈക്കോടതികൾക്കും. “നീചജാതിയാണു്. എന്തും പറയാൻ മടിക്കില്ല.” നിഷ്കളങ്ക പുരുഷന്മാരെ വഴിതെറ്റിക്കും. ചോരയൂറ്റി കുടിക്കും. പിറ്റേന്നു് കരിമ്പനച്ചോട്ടിൽ എല്ലും മുടിയും കിടക്കും. പരാതിക്കാരിയെ സാക്ഷിക്കൂട്ടിൽ കയറ്റി ചിത്രവധം ചെയ്താലും മതിയാകില്ല. അതുകൊണ്ടു് പോളിഗ്രാഫ്, ബ്രയിൻ മാപ്പിംഗ്. അതും ഫലവത്താകാതെ വന്നാൽ, തിളച്ച എണ്ണയിൽ കൈമുക്കി സത്യം തെളിയിക്കുന്ന പഴയ പരിപാടി തിരിച്ചുകൊണ്ടുവരും. അപ്പോഴും ഒരു വ്യത്യാസമുണ്ടാകും: രാജഭരണകാലത്തു് കുറ്റവാളികളാണു് കൈമുക്കിയിരുന്നതെങ്കിൽ, ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പരാതിക്കാർ വേണം തിളച്ച എണ്ണയിൽ കൈമുക്കാനും പാമ്പിൻപൊത്തിൽ കൈയിടാനും.
കുറ്റം തെളിയിക്കപ്പെടുംവരെ പ്രതി നിരപരാധിയാണെന്നാണു് സങ്കൽപം. ഇനി മേലിൽ കുറ്റം സംശയാതീതമായി തെളിയുംവരെ പരാതിക്കാരി കുറ്റവാളിയാണെന്നും പരാതി കളവാണെന്നും കൂടി അനുമാനിക്കപ്പെടാവുന്നതാണു്.
പരാതിക്കാരിയെ നുണപരിശോധനക്കു് വിധേയമാക്കുന്നതു് മനുഷ്യാവകാശ ലംഘനമാണെന്നു് ഒരു വാദമുണ്ടു്. സത്യത്തിൽ മനുഷ്യാവകാശം പ്രതികൾക്കു മാത്രം ലഭ്യമാകുന്ന സൗഭാഗ്യമാണു്. പ്രതികളാൽ പീഡിപ്പിക്കപ്പെട്ട, മാധ്യമങ്ങളാലും സഹപാഠികളാലും അപഹസിക്കപ്പെട്ട, ഇനി അഭിഭാഷകരാലും ന്യായാധിപരാലും വേട്ടയാടപ്പെടേണ്ടിയിരിക്കുന്ന പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം തുടർക്കഥയിലെ എപ്പിസോഡുകൾ മാത്രം പോളിഗ്രാഫും ബ്രെയിൻ മാപ്പിംഗും.
പെൺവാണിഭക്കാരെയും സ്ത്രീപീഡകരെയും കൈയാമം വെച്ചു് തെരുവിലൂടെ നടത്തും എന്നു് പ്രഖ്യാപിച്ചു് കൈയടി നേടി അധികാരത്തിലേറിയ പുമാനാണു് അച്യുതാനന്ദൻ. അദ്ദേഹത്തിന്റെ സ്വന്തം ഗ്രൂപ്പുകാരനും വിശ്വസ്തനുമാണു് നിയമമന്ത്രി വിജയകുമാർ. എസ്. എം. ഇ. പീഡനക്കേസിലെ വിധിയെക്കുറിച്ചു് രണ്ടാളും പ്രതികരിച്ചിട്ടില്ല. പ്രതിപക്ഷത്തിരിക്കുമ്പോൾ പലതുംപറയാം, പ്രഖ്യാപിക്കാം. ഭരണത്തിൽ കയറുമ്പോൾ സൗകര്യപൂർവം വിസ്മരിക്കാം.
കോടതിവിധിയെ അപലപിക്കാൻ തയാറായ വനിതാ നേതാക്കൾ എം. സി. ജോസഫൈനും ആനിരാജ യും മാത്രം. വിധി വന്നതിന്റെ നാലാം ദിവസമാണു് അജിത യും കൂട്ടരും മുഖ്യമന്ത്രിയെ കണ്ടു് ഐസ്ക്രീം കേസ് പുനരന്വേഷിക്കണം എന്നു് ആവശ്യപ്പെട്ടതു്. എസ്. എം. ഇ.-യെക്കുറിച്ചു് സ്ത്രീവേദിക്കുപോലും ഒന്നുംപറയാനില്ല.
നുണ പരിശോധനക്കു് വിധേയയാക്കാൻ അനുവദിക്കില്ലെന്നു് പരാതിക്കാരിയുടെ പിതാവും സുപ്രീംകോടതിയിൽ പോകുമെന്നു് സഖാവു് വാസവനും പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ടു്. ഒരുപക്ഷേ, സുപ്രീംകോടതി ഈ വിധിയെ അസ്ഥിരപ്പെടുത്തിയേക്കാം. എന്നാൽപോലും അതിന്റെ ചരിത്രപ്രാധാന്യം ഇല്ലാതാകുകയില്ല. സത്യാന്വേഷണത്തിൽ പുതിയപാത വെട്ടിത്തെളിച്ച ജസ്റ്റിസ് ജെയിംസിനെ അഭിനന്ദിക്കുക. നീതിക്കുവേണ്ടി തളരാതെ പോരാടിയ രഞ്ജിത് വർഗീസിനെയും അഡ്വക്കറ്റ് എം. കെ. ദാമോദരനെയും മറക്കാൻ പാടില്ല. സത്യമേവ ജയതേ!
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.