പണ്ടു് ഹേമാവതി നന്ദൻ ബഹുഗുണ എന്നൊരു നേതാവുണ്ടായിരുന്നു. ദീർഘകാലം യു. പി. വിധാൻസഭയിലും ലോക്സഭയിലും അംഗമായിരുന്ന ബഹുഗുണയെ ഇന്ദിരാഗാന്ധി 1973 നവംബറിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി നിയോഗിച്ചു. അടിയന്തരാവസ്ഥയുടെ ആദ്യനാളുകളിൽ ബഹുഗുണ സഞ്ജയ്ഗാന്ധി യുടെ കണ്ണിലെ കരടായി. അചിരേണ ടിയാന്റെ കസേരയും പോയി. അമർഷം ഉള്ളിലൊതുക്കി തക്കംപാർത്തിരുന്ന ബഹുഗുണക്കു് അടുത്തവർഷം തുല്യദുഃഖിതയായ ഒരു കൂട്ടുകാരിയെ കിട്ടി—നന്ദിനി സത്പതി. 1977 ജനുവരിയിൽ തെരഞ്ഞെടുപ്പു് പ്രഖ്യാപിച്ചതിനു് തൊട്ടുപിന്നാലെ ജഗ്ജീവൻ റാമും ബഹുഗുണ യും നന്ദിനി യും കോൺഗ്രസ് വിട്ടു. അവർ കോൺഗ്രസ് ഫോർ ഡമോക്രസി (സി. എഫ്. ഡി.) എന്നൊരു കക്ഷി രൂപവത്ക്കരിച്ചു് ജനതാപാർട്ടിയോടു് സഖ്യം ചെയ്തു.
ഉത്തർപ്രദേശിലെ ഗഡ്വാൾ സ്വദേശി ബഹുഗുണക്കു് ഇങ്ങു് തെക്കു് തിരുവനന്തപുരം ജില്ല നെയ്യാറ്റിൻകര താലൂക്കിൽ ഒരു അനുചരനെ കിട്ടി—എ. നീലലോഹിതദാസൻ നാടാർ. യുവ കോൺഗ്രസ് നേതാവു്, കേരള സർവകലാശാലാ യൂനിയൻ മുൻചെയർമാൻ, കോൺഗ്രസ് ഫോർ ഡമോക്രസിയുടെ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട നീലൻ കോവളം നിയോജക മണ്ഡലത്തിൽനിന്നു് നിയമസഭയിലേക്കു് ജയിച്ചു.
1977 മേയിൽ ജഗ്ജീവൻ റാമും ബഹുഗുണ യും സി. എഫ്. ഡി.-യെ ജനതാപാർട്ടിയിൽ ലയിപ്പിച്ചപ്പോൾ നീലനും ജനതയിൽ ചേർന്നു. 1979 മധ്യത്തിൽ ജനതാപാർട്ടി പിളർന്നു, ചരൺസിംഗും കൂട്ടരും ജനതാപാർട്ടി (എസ്) രൂപവത്ക്കരിച്ചു. ബഹുഗുണ ചരൺസിംഗിനൊപ്പം നിന്നു. നീലനും ഒപ്പംനിന്നു. മൂന്നുമാസത്തിനകം ചരൺസിംഗുമായി തെറ്റി ബഹുഗുണ കോൺഗ്രസ്-ഐയിലേക്കു് തിരിച്ചുപോയി. സംശയമേതുമില്ലാതെ നീലനും കൂടെ പോയി. ആയിടക്കു് ഏതാനും ദിവസം സി. എച്ചിന്റെ മന്ത്രിസഭയിൽ അംഗമാകാനും കഴിഞ്ഞു. നിയമം, വിദ്യുച്ഛക്തി, ജലസേചനം, തൊഴിൽ, ഭവനനിർമാണം എന്നിങ്ങനെയുള്ള വകുപ്പുകളാണു് കൈയാളിയതു്.
1979 അവസാനം ലോക്സഭയിലേക്കു് ഇടക്കാല തെരഞ്ഞെടുപ്പു് നടന്നു. തിരുവനന്തപുരത്തു് കരുണാകരൻ അവതരിപ്പിച്ച യുവപോരാളി—നീലലോഹിതദാസൻ നാടാർ. എതിരാളി സുപ്രസിദ്ധ കമ്യൂണിസ്റ്റ് നേതാവു് എം. എൻ. ഗോവിന്ദൻനായർ, നാടാർ സമുദായം നീലനുപിന്നിൽ ഉറച്ചുനിന്നപ്പോൾ തിരുവനന്തപുരത്തു് എം. എൻ. മലർന്നടിച്ചുവീണു. ഭൂരിപക്ഷം ഒരുലക്ഷം കടന്നു.
കേന്ദ്രമന്ത്രിസഭയിലോ കോൺഗ്രസ് ഹൈക്കമാന്റിലോ അർഹമായ സ്ഥാനം ലഭിക്കാതെ അപമാനിതനായ ബഹുഗുണ 1980-മാണ്ടിൽ ചരൺസിംഗിന്റെ ലോക്ദളിലേക്കു് മടങ്ങിപ്പോയി. രണ്ടാമതൊന്നു് ആലോചിക്കാതെ നീലനും ലോക്ദളിൽ ചേക്കേറി. 1982-ൽ ബഹുഗുണ ഡമോക്രാറ്റിക് സോഷ്യലിസ്റ്റ് പാർട്ടിയുണ്ടാക്കിയപ്പോൾ നീലൻ ഡി. എസ്. പി.-യുടെ സംസ്ഥാന ചെയർമാനായി. രണ്ടുവർഷം കഴിഞ്ഞു് ബഹുഗുണയും നീലനും ലോക്ദളിലേക്കു മടങ്ങി. ബഹുഗുണയുടെ വാലായി പാർട്ടി വിട്ടു് പാർട്ടി മാറുന്ന നാടാരെ കോൺഗ്രസ് നേതാവു് പീതാംബരകുറുപ്പ് ‘ചെറുഗുണ’ എന്നു് പരിഹസിച്ചു.
1984-ൽ തിരുവനന്തപുരത്തു് ശക്തമായ ത്രികോണമൽസരം നടന്നു. സവർണ വോട്ടുകളിൽ നല്ലപങ്കു് ഹിന്ദുമുന്നണി പിടിച്ചു. ക്രിസ്ത്യൻ, മുസ്ലീം വോട്ടുകൾ കോൺഗ്രസും കൊണ്ടുപോയി. നാടാർ വോട്ട് നീലനും ചാൾസിനുമിടക്കു് ഭിന്നിച്ചു. ഫലം എ. ചാൾസ് ജയിച്ചു; നീലൻ തോറ്റു.
1987-ൽ ലോക്ദൾ ടിക്കറ്റിൽ കോവളത്തു് മൽസരിച്ചു് എം. എൽ. എ. ആയി. നായനാരു ടെ മന്ത്രിസഭയിൽ സ്പോർട്സ്—യുവജനക്ഷേമ വകുപ്പുകൾ ഭരിച്ചു. 1988 മാർച്ച് 17-നു് എച്ച്. എൻ. ബഹുഗുണ ദിവംഗതനായി. അതോടെ നീലനു് രാഷ്ട്രീയഗുരുവും വഴികാട്ടിയും നഷ്ടമായി. 1989 ആകുമ്പോഴേക്കും ലോക്ദൾ ജനതാദളിൽ ലയിച്ചു. നീലൻ ജനതാദൾകാരനായി.
1991-ൽ കോവളത്തുനിന്നു് വീണ്ടും ജയിച്ചെങ്കിലും കോടതി തെരഞ്ഞെടുപ്പു് അസാധുവാക്കി, എതിർസ്ഥാനാർഥി ജോർജ് മസ്ക്രീനെ വിജയിയായി പ്രഖ്യാപിച്ചു.
1996-ൽ മസ്ക്രീനെ മലർത്തിയടിച്ചു് വീണ്ടും നിയമസഭയിലെത്തിയെങ്കിലും മന്ത്രിയാകാനൊത്തില്ല. ജനതാദളിനു് ആകെ കിട്ടിയ മന്ത്രിസ്ഥാനം വയോധികനായ പി. ആർ. കുറുപ്പ് കൈയടക്കി. വകുപ്പുകൾ വനം, ഗതാഗതം.
സോഷ്യലിസ്റ്റുകളെപ്പോലെ കലഹപ്രിയർ മറ്റൊരു പാർട്ടിയിലും കാണില്ല. അധികാരത്തിലേറി ഒരുവർഷത്തിനകം പി. ആർ. കുറുപ്പിനു് വീരേന്ദ്രകുമാർ ചതുർഥിയായി. ശണ്ഠ പരസ്യവിഴുപ്പലക്കലിലേക്കും അഴിമതിയാരോപണങ്ങളിലേക്കും നീണ്ടു. കുറുപ്പിന്റെ വിശ്വസ്തൻ പ്രൊഫ. രാമൻ കർത്തയെ ഗുരുവായൂർ ദേവസ്വം അധ്യക്ഷസ്ഥാനത്തുനിന്നു പുകച്ചുപുറത്താക്കുന്നതിൽ വീരൻ വിജയിച്ചു. 1999 ജനുവരി ആകുമ്പോഴേക്കും രാജിവെക്കുകയല്ലാതെ കുറുപ്പിനുമുന്നിൽ ഒരു വഴിയുമില്ലാതായി.
കുറുപ്പിന്റെ ഒഴിവിൽ മന്ത്രിയാകാൻ സി. കെ. നാണു വും സുലൈമാൻ റാവുത്തറും സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും വീരേന്ദ്രകുമാർ പിന്തുണച്ചതു് നീലലോഹിതദാസനെ യാണു്. അങ്ങനെ നീലൻ മൂന്നാംതവണയും മന്ത്രിയായി. പതിമൂന്നുമാസമേ മന്ത്രിപദത്തിനു് ആയുസ്സുണ്ടായുള്ളൂ. 2000 ഫെബ്രുവരിയിൽ നളിനി നെറ്റോ യും പ്രകൃതി ശ്രീവാസ്തവയും മന്ത്രിക്കെതിരെ ആരോപണമുന്നയിച്ചു് മുഖ്യനു് പരാതി നൽകി. പിന്നാക്കസമുദായക്കാരൻ മന്ത്രിക്കെതിരെ സവർണ ഗൂഢാലോചന എന്നൊക്കെ കേരള കൗമുദി വിലപിച്ചെങ്കിലും വിലപ്പോയില്ല. സി. പി. എം. ഉറച്ചുനിന്നു മുഖ്യമന്ത്രി നീലന്റെ രാജി ചോദിച്ചുവാങ്ങി.
നീലൻ-നളിനി വിവാദത്തെക്കുറിച്ചു് അന്വേഷണം നടത്താൻ ജസ്റ്റിസ് ജി. ശശിധരനെ കമീഷനായി നിയമിച്ചതും വിവാദമായി. ‘അടഞ്ഞ കോടതി’ വിചാരണക്കായി നളിനി സമർപ്പിച്ച അപേക്ഷ കമീഷൻ നിഷ്കരുണം തള്ളി. പക്ഷപാതപരമായ തീരുമാനങ്ങളിൽ പ്രതിഷേധിച്ചു് നളിനി നെറ്റോ അന്വേഷണം ബഹിഷ്ക്കരിച്ചു, മഹിളാ സംഘടനകൾ ജസ്റ്റിസ് ശശിധരന്റെ കോലം കത്തിച്ചു.
2001 മേയിൽ വീണ്ടും തെരഞ്ഞെടുപ്പു്. ജനാധിപത്യ മഹിളാഅസോസിയേഷന്റെ വരെ എതിർപ്പിനെ വിഗണിച്ചു് കോവളത്തു് നീലനെ സ്ഥാനാർഥിയാക്കാൻ ജനതാദൾ തീരുമാനിച്ചു. എതിരാളി കോൺഗ്രസിലെ അൽഫോൽസാ ജോൺ. ഭൂരിപക്ഷത്തിൽ ഇടിവുണ്ടായെങ്കിലും നീലൻതന്നെ ജയിച്ചു.
അധികാരത്തിലേറിയ ഉടൻ ആന്റണി ചെയ്ത സൽക്കർമം ജസ്റ്റിസ് ശശിധരൻ കമീഷന്റെ പ്രവർത്തനം അവസാനിപ്പിച്ചുകൊണ്ടു് ഉത്തരവു് പുറപ്പെടുവിക്കലായിരുന്നു. സർക്കാർനടപടിയെ നീലൻ കോടതിയിൽ ചോദ്യം ചെയ്തെങ്കിലും ഫലവത്തായില്ല. ക്രിമിനൽകേസിലെ കുറ്റപത്രം അസ്ഥിരപ്പെടുത്താൻ നൽകിയ ഹർജിയും കോടതി നിഷ്കരുണം നിരാകരിച്ചു. വിചാരണ നീട്ടിക്കൊണ്ടുപോകാൻ പയറ്റിയ സകല അടവുകളും പൊളിഞ്ഞു. പ്രകൃതി ശ്രീവാസ്തവയെ പീഡിപ്പിച്ചതിനു് ഒരുവർഷവും നളിനി നെറ്റോ യെ കൈയേറ്റം ചെയ്തതിനു് മൂന്നുമാസവും തടവുശിക്ഷ വിധിക്കപ്പെട്ടു. പ്രകൃതി കേസിൽ അപ്പീലും തള്ളി; റിവിഷൻ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്നു. നളിനിയുടെ കേസ് അപ്പീൽഘട്ടത്തിലാണു്.
സവർണലോബിയും വനം മാഫിയയും കെട്ടിച്ചമച്ചതാണു് നളിനി-പ്രകൃതി കേസുകളെന്നു് നീലനു് അറിയാം. ജമീലക്കും പെൺമക്കൾക്കും കേരള കൗമുദി പത്രാധിപർക്കും അറിയാം. നീലനെ സ്നേഹിക്കുന്ന എല്ലാവർക്കും അറിയാം. ഇന്നല്ലെങ്കിൽ നാളെ നീതിപീഠം തന്റെ നിരപരാധിത്വം അംഗീകരിക്കും; കള്ളപ്പരാതി നൽകിയ മഹിളാമണികളെ മാതൃകാപരമായി ശിക്ഷിക്കും എന്നും നീലനു് ഉറപ്പുണ്ടു്. അതുകൊണ്ടുതന്നെ നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കാതിരിക്കാൻ ഒരു കാരണവും അദ്ദേഹം കാണുന്നില്ല.
ഭരണഘടനാപരമായോ ജനപ്രാതിനിധ്യനിയമത്തിലെ ഏതെങ്കിലും വകുപ്പു് പ്രകാരമോ നീലനു് മൽസരിക്കാൻ അയോഗ്യതയില്ല. സ്ത്രീപീഡനക്കേസിലെ ശിക്ഷ നിയമസഭാംഗമാകാൻ അധികയോഗ്യതയാണുതാനും. ഇടമലയാർ, ഗ്രാഫൈറ്റ് കേസുകളിൽ ശിക്ഷിക്കപ്പെട്ടതിനു ശേഷമാണല്ലോ കഴിഞ്ഞതവണ മഹാരാജ രാജമാന്യ ശ്രീ. ബാലകൃഷ്ണപിള്ള കൊട്ടാരക്കരയിൽ മൽസരിച്ചതു്! അദ്ദേഹത്തിന്റെ പത്രിക തള്ളിയില്ല. നേതാവിനെ നന്നായി അറിയുന്ന കൊട്ടാരക്കരക്കാരും തള്ളിയില്ല. കൂടിയ ഭൂരിപക്ഷത്തോടെ അവർ പിള്ളയെ തെരഞ്ഞെടുത്തയച്ചു. തോറ്റ സ്ഥാനാർഥി തെരഞ്ഞെടുപ്പു് ഹർജി കൊടുത്തിട്ടും ഗുണം കിട്ടിയില്ല. സുപ്രീംകോടതിയും ഹൈക്കോടതിയും പിന്നീടു് ബാലകൃഷ്ണപിള്ളയെ നിരപരാധിയെന്നുകണ്ടു് വിട്ടയച്ചു; ആദർശധീരൻ അദ്ദേഹത്തെ മന്ത്രിസ്ഥാനത്തു് പുനഃപ്രതിഷ്ഠിച്ചു.
ബാലകൃഷ്ണപിള്ള സ്ഥാനിനായരായതുകൊണ്ടും മുന്നണി യു. ഡി. എഫ്. ആയതുകൊണ്ടും അതൊക്കെ സാധിച്ചു. പാവം നീലൻ നാടാരാണു്. മുന്നണി എൽ. ഡി. എഫ്.; പരമോന്നത നേതാവു് വി. എസ്. അച്യുതാനന്ദൻ. മഹിളാസംഘടനകളും കപടസദാചാരവാദികളും നീലനു് സീറ്റ് കൊടുക്കരുതെന്നു് വാദിച്ചതു് സ്വാഭാവികം. പെണ്ണുപിടിയനെ മൽസരിപ്പിക്കില്ലെന്നു് വി. എസ്. ഗർജിച്ചതു് അതിനേക്കാൾ സ്വാഭാവികം.
ജനതാദൾ സംസ്ഥാന കമ്മിറ്റി കോവളത്തേക്കു് പ്രഖ്യാപിച്ച സ്ഥാനാർഥി എ. നീലലോഹിതദാസൻ നാടാരാണു്. സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ശേഷം സ്വയം പിന്മാറാമെന്നു് നീലൻ വാക്കുകൊടുത്തിരുന്നുവെന്നാണു് വീരേന്ദ്രകുമാർ പറയുന്നതു്. തന്നെ അവഹേളിക്കാൻവേണ്ടി വീരൻ കള്ളംപറയുന്നുവെന്നാണു് നീലലോഹിതന്റെ ഭാഷ്യം. ഏപ്രിൽ മൂന്നാംതീയതി അദ്ദേഹം എം. എൽ. എ. സ്ഥാനം രാജിവെച്ചു. അന്നുതന്നെ കോവളത്തു് സ്വതന്ത്രസ്ഥാനാർഥിയായി പത്രിക കൊടുത്തു.
ഏതായാലും റൂഫസ് ദാനിയേൽ എന്നൊരു പുമാനാണു് ജനതാദൾ സ്ഥാനാർത്ഥിയായി ‘കറ്റയേന്തിയ കർഷകസ്ത്രീ’ അടയാളത്തിൽ കോവളത്തു് മൽസരിക്കുന്നതു്. വെങ്ങാന്നൂർ ഗ്രാമപഞ്ചായത്തു് പ്രസിഡന്റായിരുന്നിട്ടുള്ളയാളാണു് റൂഫസ്. കോൺഗ്രസുകാരൻ. യു. ഡി. എഫ്. സ്ഥാനാർഥിയാകാൻ അപേക്ഷ കൊടുത്തു് നിരാശനായി നിൽക്കുമ്പോഴാണു് ജനതാദളുകാർ പിടികൂടി സ്ഥാനാർഥിയാക്കിയതു്.
നീലനു പകരം വി. ഗംഗാധരൻ നാടാരെ സ്ഥാനാർഥിയാക്കാനാണു് വീരേന്ദ്രകുമാർ ഉദ്ദേശിച്ചിരുന്നതു്. പക്ഷേ, ഗംഗാധരൻ ഒഴിഞ്ഞുമാറി. വടകരയിൽനിന്നു് കുടിയൊഴിപ്പിക്കപ്പെടുന്ന സി. കെ. നാണു വിനോടു് കോവളത്തു് നിൽക്കാമോ എന്നു ചോദിച്ചു. നാണുവേട്ടൻ സവിനയം നിരസിച്ചു. അങ്ങനെയാണു് റൂഫസ് ദാനിയേലിനെ തേടിപ്പോകേണ്ടിവന്നതു്.
ഐക്യജനാധിപത്യമുന്നണി, ലത്തീൻ കത്തോലിക്കർക്കു് സംവരണം ചെയ്ത മണ്ഡലമാണു് കോവളം. 1991-ലും 96-ലും ജോർജ് മസ്ക്രീൻ, 2001-ൽ അൽഫോൺസാ ജോൺ. ഇത്തവണ ജോർജ് മെഴ്സിയർ ആണു് യു. ഡി. എഫ്. സ്ഥാനാർഥി.
രാഷ്ട്രീയത്തേക്കാൾ സാമുദായിക വികാരമാണു് കോവളത്തെ നയിക്കുക. ലത്തീൻകാരൻ ജോർജ് മേഴ്സിയർ, ക്രിസ്ത്യൻ നാടാർ റൂഫസ് ദാനിയേൽ, ഹിന്ദു നാടാർ നീലലോഹിതദാസൻ. തുല്യശക്തികൾ തമ്മിലുള്ള മല്ലയുദ്ധപ്പോരാട്ടം!
ജനതാദളിന്റെ പ്രാദേശിക നേതാക്കൾ ഒന്നടങ്കം പാർട്ടിയിൽനിന്നു് രാജിവെച്ചു് നീലന്റെ വിജയത്തിനായി രംഗത്തിറങ്ങിയിട്ടുണ്ടു്. നീലന്റെ വ്യക്തിപ്രഭാവവും നാടാർ സമുദായ വികാരവും വോട്ടായി മാറിയാൽ, ക്രിസ്ത്യാനികൾക്കെതിരെ ഹിന്ദുവിനെ സഹായിക്കാൻ ബി. ജെ. പി. കൂടി തയ്യാറായാൽ കോവളത്തു് അട്ടിമറി നടക്കും. മുമ്പൊരിക്കൽ എം. കുഞ്ഞു കൃഷ്ണനാടാർ കോൺഗ്രസ് റെബലായി കോവളത്തുനിന്നു് ജയിച്ചിട്ടുണ്ടു്. തൊട്ടടുത്ത പാറശ്ശാല മണ്ഡലത്തിൽ സുന്ദരൻ നാടാരും റെബലായി മൽസരിച്ചു് ജയിച്ചിട്ടുണ്ടു്.
കോവളത്തെ അങ്കത്തട്ടിൽ പതറാതെ നിൽക്കുന്നു, നീലലോഹിതദാസൻ നാടാർ. നളിനി നെറ്റോ ചീഫ് ഇലക്ടറൽ ഓഫീസറായി പ്രവർത്തിക്കുന്ന ഈ തെരഞ്ഞെടുപ്പു് ജയിക്കേണ്ടതു് നീലന്റെ അഭിമാനപ്രശ്നമാണു്. ഇന്ദിരാഗാന്ധി യുമായി പിണങ്ങിപ്പിരിഞ്ഞ ശേഷം (1980) പ്രതികൂല സാഹചര്യങ്ങളോടു് പടവെട്ടി ഗഡ്വാളിൽനിന്നു് ജയിച്ച ബഹുഗുണ യുടെ വീരസ്മരണ ചെറുഗുണക്കു് ആവേശം പകരും, തീർച്ച!
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.