1976 ഫെബ്രുവരി 29 തിങ്കളാഴ്ച പുലർച്ചെക്കാണു് കോഴിക്കോടു് റീജ്യനൽ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി പി. രാജനെ പൊലീസ് കസ്റ്റഡിയിലെടുത്തതു്. കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണവുമായി ബന്ധമുണ്ടെന്ന സംശയത്തിലായിരുന്നു അറസ്റ്റ്. ചോദ്യം ചെയ്യുന്നതിനായി കക്കയത്തെ പൊലീസ് ക്യാമ്പിലേക്കു് നീക്കപ്പെട്ട രാജൻ മണിക്കൂറുകൾക്കകം മർദ്ദനമേറ്റു് മൃതനായി. രാജന്റെ മൃതദേഹത്തിനു് എന്തു സംഭവിച്ചു എന്ന കാര്യം ഇപ്പോഴും അജ്ഞാതമാണു്. കക്കയം ഡാമിൽ കല്ലുകെട്ടി താഴ്ത്തി എന്നു ചിലർ. വനാന്തരത്തിലെങ്ങോ കുഴിച്ചുമൂടിയെന്നു് മറ്റു ചിലർ. പഞ്ചസാരയിട്ടു് കത്തിച്ചുവെന്നു് മൂന്നാമതൊരു കൂട്ടർ.
രാജനെ പൊലീസ് പിടിച്ച വാർത്തയറിഞ്ഞു് (മരണവാർത്ത അറിയാതെയും) പിതാവു് ഈച്ചരവാര്യർ മുട്ടാത്ത വാതിലുകളൊന്നുമില്ല. മുഖ്യമന്ത്രി അച്യുതമേനോൻ, ആഭ്യന്തരമന്ത്രി കരുണാകരൻ, കെ. പി. സി. സി. പ്രസിഡന്റ് ആന്റണി—എല്ലാവരും കൈമലർത്തി. മാതൃഭൂമി പത്രാധിപർ കെ. പി. കേശവമേനോൻ സഹാനുഭൂതി പ്രകടിപ്പിച്ചു. സഖാവു് എ. കെ. ജി. കത്തിനു് മറുപടിയുമയച്ചു. വി. വിശ്വനാഥ മേനോൻ രാജ്യസഭയിലും രാജന്റെ കാര്യം ഉന്നയിച്ചു. ഇതൊക്കെയായിട്ടും യാതൊരു തുമ്പും കിട്ടിയില്ല.
അന്നു് അടിയന്തിരാവസ്ഥ എന്ന ഒരരക്ഷിതാവസ്ഥയായിരുന്നു. പത്രങ്ങൾക്കു് സെൻസർഷിപ്പ്, പ്രതിപക്ഷ നേതാക്കൾക്കു് കാരാഗൃഹവാസം. 359(1)-ാം അനുച്ഛേദപ്രകാരം രാഷ്ട്രപതി പൗരന്മാരുടെ മൗലികാവകാശങ്ങൾ—ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനും സുരക്ഷ ഉറപ്പുനൽകുന്ന 21-ാം അനുച്ഛേദം ഉൾപ്പെടെ—സസ്പെന്റ് ചെയ്തു. മൗലികാവകാശം സസ്പെന്റ് ചെയ്താൽ ഞങ്ങൾക്കും ഒന്നും ചെയ്യാനാവില്ല എന്നുപറഞ്ഞു് സുപ്രീംകോടതിയും കൈകഴുകി.
അടിയന്തിരാവസ്ഥ പിൻവലിക്കുകയും മൗലികാവകാശങ്ങൾ പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തയുടനെ ഈച്ചരവാര്യർ ഹൈക്കോടതിയെ സമീപിച്ചു. രാജനെ കസ്റ്റഡിയിലെടുത്തിട്ടേയില്ലെന്നായിരുന്നു സർക്കാർ നിലപാടു്. രാജനെ കസ്റ്റഡിയിലെടുത്തു എന്നു തെളിഞ്ഞതായും അയാളെ ഹാജരാക്കണമെന്നും കോടതി കൽപിച്ചു. കോടതിവിധിയിലെ ചില പരാമർശങ്ങളെ തുടർന്നു് കരുണാകരൻ മുഖ്യമന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നു. കള്ള സത്യവാങ്മൂലം സമർപ്പിച്ചതിനു് പ്രോസിക്യൂഷൻ നേരിടേണ്ടിവന്നെങ്കിലും കരുണാകരൻ അതിനെ അതിജീവിച്ചു. കരുണാകരാദികള വെറുതെവിട്ട മജിസ്ട്രേറ്റ് പിന്നീടു് പി. എസ്. സി. അംഗമായി ഉയർത്തപ്പെട്ടു.
സുദീർഘമായ വിചാരണക്കൊടുവിൽ ഡി. ഐ. ജി. മധുസൂദനൻ മുതൽ സബ് ഇൻസ്പെക്ടർ പുലിക്കോടൻ നാരായണൻ വരെയുള്ള ലോക്കൽ പൊലീസ് ഉദ്യോഗസ്ഥർ രക്ഷപ്പെട്ടു. മൂന്നു ക്രൈംബ്രാഞ്ചുകാർ ജയറാം പടിക്കൽ, മുരളീകൃഷ്ണദാസ്, കുഞ്ഞിരാമൻ നമ്പ്യാർ—മാത്രം ശിക്ഷിക്കപ്പെട്ടു. അവർക്കെതിരെയും കൊലപാതകമോ മാരകമായി മുറിവേൽപിക്കലോ തെളിഞ്ഞില്ല. രാജനെ അന്യായത്തടങ്കലിൽ വെച്ചതിനു് ഓരോവർഷം കഠിനതടവു ശിക്ഷ മാത്രം. അപ്പീലിൽ മദ്രാസ് ഹൈക്കോടതി എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി. സച്ചിദാനന്ദൻ ‘നീതിയുടെ വൃക്ഷം’ എന്ന കവിതയെഴുതി:
ഇവിടെ ഒരു കാഞ്ഞിരം നടുക:
നമ്മളിന്നോളം അനുഭവിച്ച നീതിയുടെ
മധുരം നിറഞ്ഞ ഓർമക്കു്
ഇവിടെ, ചുടലച്ചാരം പൂശി നൃത്തം ചെയ്യുന്ന
ഒരെരുക്കിൻതൈ നടുക:
ഓരോ നിമിഷവും ശ്മാശാനമായി
മാറിക്കൊണ്ടിരിക്കുന്ന
നമ്മുടെ ഭൂമിക്കു്, നമ്മുടെ മനസ്സിനു്.
സ്വാതന്ത്ര്യപ്രാപ്തിക്കു് മുമ്പും ശേഷവും എത്രയോ ഹതഭാഗ്യരാണു് പൊലീസ് മർദ്ദനമേറ്റു മരിച്ചതു്. എടുത്താൽ പൊന്താത്തത്രയും മൗലികാവകാശങ്ങളുമായി മഹത്തായ ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന ദിവസമാണു് (26.1.1950) നാട്ടികയിലെ സർദാർ ഗോപാലകൃഷ്ണൻ ലോക്കപ്പിനകത്തു് പിടഞ്ഞു മരിച്ചതു്. അടിയന്തിരാവസ്ഥയൊന്നുമില്ലാത്ത കാലത്താണു് നക്സൽ നേതാവു് വർഗീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതു്. അന്നൊന്നുമില്ലാത്ത വാർത്താപ്രാധാന്യം രാജൻകേസിനു് എങ്ങനെ കൈവന്നു? എഞ്ചിനീയറിംഗ് വിദ്യാർത്ഥി, അതും സമാദരണീയനായ ഒരധ്യാപകന്റെ മകനാണു് മരണപ്പെട്ടതു്. പ്രതികളാണെങ്കിൽ ഐ. പി. എസുകാരുൾപ്പെടെയുള്ള ഉന്നതർ, നിയമനടപടികളുടെ അസാധാരണത്വവും വൈപുല്യവും. എല്ലാത്തിലുമുപരി മുഖ്യമന്ത്രിയുടെ രാജിയിലും ക്രിമിനൽ പ്രോസിക്യൂഷനിലുംവരെ എത്തിച്ച രാഷ്ട്രീയ പ്രാധാന്യവും. കേസിന്റെ അന്വേഷണം നടക്കുമ്പോൾ തന്നെ ‘രാജൻ പറഞ്ഞ കഥ’ സിനിമയായി വന്നു. പതിറ്റാണ്ടുകൾക്കുശേഷം ഷാജിയുടെ ‘പിറവി’യുമുണ്ടായി. അടിയന്തിരാവസ്ഥക്കാലത്തെ പൊലീസ് അതിക്രമങ്ങളുടെ പ്രതിരൂപമായി രാജൻ എന്ന എഞ്ചിനീയറിംഗ് വിദ്യാർത്ഥി.
രാജന്റെ തിരോധാനവും മരണവും കഴിഞ്ഞു് കാൽനൂറ്റാണ്ടിനുശേഷം തന്റെ അനുഭവങ്ങൾ വായനക്കാരുമായി പങ്കുവെക്കുകയാണു് ‘ഒരച്ഛന്റെ ഓർമക്കുറിപ്പുകൾ’ എന്ന പുസ്തകത്തിലൂടെ ഈച്ചരവാര്യർ ചെയ്യുന്നതു്. കരുവന്നൂർ നിശാഗന്ധി പബ്ലിക്കേഷൻസാണു് പ്രസാധകർ. വില 80 രൂപ. മകനെ നഷ്ടപ്പെട്ട ഒരച്ഛന്റെ വേദനയുടെ, വേവലാതികളുടെ, അന്വേഷണത്തിന്റെ, വ്യവഹാരങ്ങളുടെ കഥയാണു് വാര്യർ പറയുന്നതു്. സമഗ്രമോ തികച്ചും വസ്തുനിഷ്ഠമോ അല്ല പ്രതിപാദനം. പ്രായാധിക്യവും ഓർമക്കുറവും മൂലമാകാം നിരവധി തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടു്. 1976 ഫെബ്രുവരി 22-നു് അടിയന്തിരാവസ്ഥ പിൻവലിച്ചു എന്ന മട്ടിലുള്ള തെറ്റുകളുണ്ടു്. ഹേബിയസ് കോർപസ് കേസിൽ പുലിക്കോടൻ നാരായണൻ എതിർകക്ഷിയായിരുന്നു എന്നതുപോലുള്ള ഓർമപ്പിശകുകളും. എഞ്ചിനിയറിംഗ് കോളേജ് പ്രിൻസിപ്പലായിരുന്ന കെ. എം. ബഹാവുദ്ദീനെ വഹാബുദ്ദീനാക്കിയിരിക്കുന്നു. ഗ്രന്ഥകാരന്റെ പേരുതന്നെയും ടി. വി. ഈച്ഛരവാര്യർ എന്നാക്കി പരിഷ്കരിച്ചിരിക്കുകയാണു്.
ഹേബിയസ് കോർപസ് കേസിലും പിന്നീടും കരുണാകരൻ ആയിരുന്നു പ്രധാന വില്ലനെങ്കിൽ ഈ പുസ്തകം അച്യുതമേനോനെയാണു് പ്രധാനമായും പ്രതിക്കൂട്ടിൽ കയറ്റുന്നതു്. “അച്യുതമേനോനെപ്പോലുള്ള ഒരു ധീരപുരുഷൻ കരുണാകരന്റെ ഏറാൻമൂളിയായി അധഃപതിച്ചതിൽ ഞങ്ങളൊക്കെ വളരെ വ്യസനിച്ചിട്ടുണ്ടു്. രാജൻ സംഭവവുമായി ബന്ധപ്പെട്ടു് അച്യുതമേനോനിൽ നിന്നുണ്ടായ അനുഭവമാണു് കരുണാകരനിൽനിന്നുണ്ടായ അനുഭവത്തെക്കാൾ എന്നെ വേദനിപ്പിച്ചതു്. കാരണം കരുണാകരനിൽനിന്നു് ഞാനിത്രയേ പ്രതീക്ഷിച്ചിരുന്നുള്ളു. മേനോനിൽനിന്നു് ഈ അനുഭവം ഞാൻ സ്വപ്നത്തിൽപോലും പ്രതീക്ഷിച്ചിരുന്നില്ല.”
എന്തായിരുന്നു അച്യുതമേനോനിൽ നിന്നുണ്ടായ അനുഭവം? വാര്യരുടെ വാക്കുകളിൽ: “അച്യുതമേനോനെ അദ്ദേഹത്തിന്റെ ഔദ്യോഗികവസതിയായ കന്റോൺമെന്റ് ഹൗസിൽ ചെന്നുകണ്ടപ്പോൾ തന്നെ ഞങ്ങൾ വന്ന കാര്യം മേനോനു് മനസ്സിലായി. അദ്ദേഹം രാജന്റെ കാര്യത്തിൽ വേണ്ടതു് ചെയ്യാമെന്നു് ഉടനടി ഉറപ്പുനൽകി. തുടർന്നുള്ള അന്വേഷണത്തിൽ മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹം അനുഭവിക്കുന്ന കഷ്ടപ്പാടുകളെക്കുറിച്ചും കേന്ദ്രത്തിൽനിന്നുള്ള സമ്മർദ്ദതന്ത്രങ്ങളെക്കുറിച്ചും മേനോൻ സവിസ്തരം പറഞ്ഞു. എന്തോ അദ്ദേഹത്തിന്റെ മുഖം ഒട്ടും പ്രസന്നമായിരുന്നില്ല. അടുത്തയാഴ്ച വീണ്ടും വരാനാവശ്യപ്പെട്ടു് മേനോൻ ഞങ്ങളെ യാത്രയാക്കി. കന്റോൺമെന്റ് ഹൗസിന്റെ പടിയിറങ്ങുമ്പോൾ ഞാൻ ഒരാവശ്യം അദ്ദേഹത്തോടുന്നയിച്ചു. രാജന്റെ കാര്യം ജയറാം പടിക്കലി നോടു് അന്വേഷിക്കണം. ക്രൈംബ്രാഞ്ച് ഡി. ഐ. ജി. ആയ പടിക്കലിനോടു് ചോദിച്ചാൽ മാത്രമേ കാര്യങ്ങൾ വ്യക്തമാവൂ എന്നെനിക്കുറപ്പായിരുന്നു. “ഞാൻ ജയറാം പടിക്കലിനോടന്വേഷിക്കില്ല. ഐ. ജി. രാജനോടന്വേഷിക്കാം” എന്നായിരുന്നു അച്യുതമേനോന്റെ മറുപടി…
“…പിറ്റേന്നു് വളരെ പ്രതീക്ഷയോടെ ഞാൻ ഫോൺ ചെയ്തു. എന്നാൽ മേനോൻ പഴയ നിലപാടിൽ തന്നെയായിരുന്നു. ജയറാം പടിക്കലിനോടു് ചോദിക്കില്ല എന്നു് അദ്ദേഹം ആവർത്തിച്ചു. അപ്പോൾ കരുണാകരനോടു് ഒന്നു് ചോദിക്കണമെന്നു് ഞാൻ ആവശ്യപ്പെട്ടു. “I will not ask him, he will simply bluf” (ഞാൻ അദ്ദേഹത്തോടു് ചോദിക്കില്ല, അദ്ദേഹം വായെടുത്താൽ നുണയേ പറയൂ) എന്നായിരുന്നു മേനോന്റെ മറുപടി…”
“…മേനോൻ ഒരുപാടുമാറിപ്പോയി എന്നെനിക്കു് തോന്നി. ഞാൻ പിന്നീടു് കരുണാകരനെയോ ജയറാം പടിക്കലിനെയോ വിളിച്ചുചോദിക്കണമെന്നു് ആവശ്യപ്പെട്ടപ്പോൾ ശുണ്ഠിയെടുത്തു: “ഞാനിനി തന്റെ മകനെ അന്വേഷിച്ചു് ഒരു തോർത്തും തോളത്തിട്ടു് കേരളത്തിലങ്ങോളമിങ്ങോളമുള്ള പൊലീസ് സ്റ്റേഷൻ കയറി ഇറങ്ങണോ” അങ്ങനെയായിരുന്നു ആ വാക്കുകൾ. എനിക്കു് ക്ഷോഭവും കരച്ചിലും വന്നു. പരിഭ്രമം കൂടാതെ ഞാൻ പറഞ്ഞു: “ഒരു മുഖ്യമന്ത്രിക്കു് തന്റെ കീഴുദ്യോഗസ്ഥനോടു് ചോദിച്ചു് ഒരു കാര്യമറിയാൻ ഇത്രയേ കഴിവുള്ളു എന്നു് എനിക്കു് മനസ്സിലായിരുന്നില്ല. ഇതു് മനസ്സിലായിരുന്നുവെങ്കിൽ ഞാൻ താങ്കളെ സമീപിക്കുകയേ ഉണ്ടാവുമായിരുന്നില്ല…”
വാര്യരുടെ സന്ദർശനത്തെപ്പറ്റി അച്യുതമേനോന്റെ ഡയറിക്കുറിപ്പുകളിലും പരാമർശമുണ്ടു്. 1976 മെയ് 15-നു് മേനോൻ ഇപ്രകാരം കുറിച്ചിരിക്കുന്നു: “…രാത്രി എം. എസ്. നമ്പൂതിരിയും ടി. വി. ഈച്ചരവാര്യരും കൂടി കാണാൻ വന്നു. വാര്യരുടെ മകനെ പൊലീസ് പിടിച്ചുകൊണ്ടുപോയതിനെപ്പറ്റി അന്വേഷിക്കാനാണു്” പിറ്റേദിവസം: “പടിക്കലിനെ കണ്ടു സംസാരിച്ചു. പി. രാജൻ ഒളിവിലാണെന്നും പൊലീസിനു് പിടികിട്ടിയിട്ടില്ലെന്നും തറപ്പിച്ചു പറഞ്ഞു.”
എന്തുകൊണ്ടാണു് ഈച്ചവാര്യർ ജയറാം പടിക്കലിനോടന്വേഷിക്കണം എന്നു് നിർബന്ധം പിടിച്ചതു്? കാരണം അദ്ദേഹം തന്നെ പറയുന്നുണ്ടു്: “അടിയന്തിരാവസ്ഥയുടെ മൽസരക്കളത്തിൽ ഐ. ജി. രാജന്റെ പദവി വെറും അലങ്കാരം മാത്രമായിരുന്നുവെന്നു് കേരളത്തിലെ കൊച്ചുകുട്ടികൾക്കുവരെ അറിയാമായിരുന്നു. ക്രൈംബ്രാഞ്ച് ഡി. ഐ. ജി. ജയറാം പടിക്കൽ കേരളത്തിന്റെ നീതിന്യായവ്യവസ്ഥയെയാകെ തന്റെ ഉള്ളംകൈയിലൊതുക്കി അമ്മാനമാടുകയായിരുന്നു അക്കാലത്തു്.”
ഐ. ജി. രാജന്റെ അവസ്ഥ തന്നെയായിരുന്നു മുഖ്യമന്ത്രി അച്യുതമേനോന്റേതും. മുഖ്യമന്ത്രിപദം തികച്ചും ആലങ്കാരികമായിരുന്നു. ആഭ്യന്തരമന്ത്രി കരുണാകരനായിരുന്നു സൂപ്പർ മുഖ്യമന്ത്രി. കരുണാകരന്റെ തണലിൽ ടി. എച്ച്. മുസ്തഫ ആലുവായിലും തച്ചടി പ്രഭാകരൻ ആലപ്പുഴയിലുമൊക്കെ പ്രാദേശിക മുഖ്യന്മാരായും വിലസി. പടിക്കലിനെപ്പോലുള്ള വേതാളങ്ങൾ വേറെയും. കേന്ദ്രത്തിലും ഏറെക്കുറെ ഇതേ സ്ഥിതിയായിരുന്നു. ഇന്ദിരാഗാന്ധി യേക്കാൾ പവറായിരുന്നു സഞ്ജയനും കൂട്ടാളികൾക്കും. ആഭ്യന്തരമന്ത്രി ബ്രഹ്മാനന്ദറെഡ്ഢി; ഭരണം സഹമന്ത്രി ഓംമേത്ത യും.
അടിന്തിരാവസ്ഥയുടെ മറവിൽ നടക്കുന്ന മനുഷ്യാവകാശലംഘനത്തെപ്പറ്റി അച്യുതമേനോനു് അറിവുണ്ടായിരുന്നെന്നും അക്കാര്യത്തിൽ അദ്ദേഹം ഖിന്നനായിരുന്നെന്നും ഡയറിക്കുറിപ്പുകൾ തെളിയിക്കുന്നു. പൊലീസ് മർദ്ദനകാര്യത്തിൽ സി. പി. ഐ. സംസ്ഥാന സെക്രട്ടറിയേറ്റ് ചില സുപ്രധാന തീരുമാനങ്ങൾ എടുത്തതായി 1976 ജനുവരി മൂന്നിനു് കുറിച്ചിരിക്കുന്നു. (വിശദാംശങ്ങൾ വ്യക്തമാക്കിയിട്ടില്ല). “ഉച്ചതിരിഞ്ഞു് ഇംപ്ലിമെന്റേഷൻ കമ്മിറ്റി കൂടി പൊലീസ് അതിക്രമങ്ങളെപ്പറ്റി ചർച്ച ചെയ്തു. വളരെ അടക്കിയൊതുക്കി ചർച്ച ചെയ്തതിനാൽ തീരെ ഫലപ്രദമായില്ല” എന്നു് ഫെബ്രുവരി 26-നും രേഖപ്പെടുത്തിയിരിക്കുന്നു. ഫലപ്രദമായില്ല എന്നതു് പരമാർത്ഥം. അതിന്റെ മൂന്നാം ദിവസമാണു് രാജനെ കസ്റ്റഡിയിലെടുത്തതും മർദ്ദിച്ചു കൊന്നതും.
പൊലീസിന്റെ കാര്യത്തിൽ മുഖ്യമന്ത്രിയുടെ നിസ്സഹായാവസ്ഥ വ്യക്തമാക്കുന്നതാണു് 1976 ആഗസ്റ്റ് 17-ാം തീയതിയിലെ ഡയറിക്കുറിപ്പു്. “…ആയിഷയും ഗുഹരാജും വന്നു് അവർക്കുണ്ടായ അനുഭവങ്ങൾ വിവരിച്ചു. പൊലീസ് എന്തു് തോന്ന്യാസവും കാട്ടാമെന്നായിട്ടുണ്ടു്. ഇതെന്തുകാലം!”
1948–51 കാലത്തു് പൊലീസിന്റെ ആതിഥ്യമര്യാദ ശരിക്കനുഭവിച്ചയാളാണു് സഖാവു് ആർ. എസ്. ഉണ്ണി. പൊലീസ് മർദ്ദനമേൽക്കാത്ത ഒരിടവുമില്ല സഖാവിന്റെ ശരീരത്തിൽ. അടിയന്തിരാവസ്ഥയുടെ ആദ്യനാളുകളിൽ സ്പീക്കറുടെ പദവി വഹിച്ചിരുന്ന ഉണ്ണിസഖാവിനു്, കണ്ണൂർ ജയിലിൽ തനിക്കനുഭവിക്കേണ്ടിവന്ന പീഡനത്തെപ്പറ്റി പരാതിപ്പെട്ടുകൊണ്ടു് പിണറായി വിജയൻ എം. എൽ. എ.-യുടെ കത്തു്, ഇ. എം. എസി ന്റെ കുറിപ്പുസഹിതം കിട്ടി. അന്നു് നിയമസഭാ സെക്രട്ടറിയായിരുന്ന ഡോ. ആർ. പ്രസന്നൻ വിവരിക്കുന്നു:
“പൊലീസ് കസ്റ്റഡിയിലെടുത്തശേഷം പരസ്യമായി നാട്ടുകാരുടെ കൺമുന്നിൽവെച്ചും ലോക്കപ്പിന്റെ കന്മതിൽ കെട്ടിനുള്ളിൽവെച്ചും നടത്തിയ മൃഗീയമായ മർദ്ദനത്തെക്കുറിച്ചുള്ള സംഭവകഥാവിവരണം വായിച്ചപ്പോഴേ ശ്രീ. ഉണ്ണി കോപതാപങ്ങൾകൊണ്ടു് ആകെ തളർന്നുപോയി. കുറിക്കുകൊള്ളുന്ന പദങ്ങളും വാക്യങ്ങളും പ്രയോഗിക്കുവാൻ അസാമാന്യ സിദ്ധിവിശേഷമുള്ള ശ്രീ. നമ്പൂതിരിപ്പാടിന്റെ അനുബന്ധക്കുറിപ്പു് കൂടി ആയപ്പോൾ അദ്ദേഹം ആകെ ഇളകിമറിഞ്ഞുവെന്നു് തോന്നുന്നു…
“ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്തേ തീരൂ. അല്ലെങ്കിൽ ഞാൻ ഈ സ്ഥാനത്തു് ഇരുന്നിട്ടു് കാര്യമില്ല.”
സിന്ദാബാദ് വിളിച്ചും തല്ലുകൊണ്ടും നേതാവായ സ്പീക്കറെപ്പോലെ വികാരാധീനനാകാൻ കഴിയുമോ യേൽ സർവകലാശാലയിൽനിന്നു് നിയമത്തിൽ ഗവേഷണബിരുദം നേടിയ നിയമസഭാ സെക്രട്ടറിക്കു്? അദ്ദേഹം ചോദിച്ചു: “കത്തുകൾ രണ്ടും ഗവൺമെന്റിനു് ഫോർവേഡ് ചെയ്യാനല്ലാതെ നമുക്കു് എന്തുചെയ്യാൻ കഴിയും? നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെടാം…” അന്നും തുടർന്നുള്ള ദിവസങ്ങളിലും ഉണ്ണി അസ്വസ്ഥനായിരുന്നുവെന്നും അദ്ദേഹം അനുഭവിച്ച മനോവ്യഥ എത്ര മാത്രമാണെന്നു് തനിക്കു് മനസ്സിലാക്കാൻ കഴിഞ്ഞെന്നും ഡോ. പ്രസന്നൻ രേഖപ്പെടുത്തിയിരിക്കുന്നു.
ഹൈക്കോടതിവിധിക്കുശേഷവും രാജൻ കേസിനെപ്പറ്റി അച്യുതമേനോൻ മൗനം പാലിച്ചു. ‘രാജൻ സംഭവത്തെപ്പറ്റി ഒരു പ്രസ്താവന എഴുതി ബാലരാമനുമായി ചർച്ച ചെയ്തശേഷം പ്രസിദ്ധീകരണത്തിനു് കൊടുക്കണമെന്നു് വിചാരിച്ചു. ബാലരാമനെ കണ്ടു സംസാരിച്ചു. ഒടുവിൽ വേണ്ടെന്നുവെച്ചു’ എന്നു് 1977 ജൂൺ 25-നു് ഡയറിയിൽ കുറിച്ചുകാണുന്നു. കരുണാകരൻ മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞെങ്കിലും അന്നും കോൺഗ്രസ്–സി. പി. ഐ. മുന്നണിയായിരുന്നു അധികാരത്തിൽ. മുന്നണിക്കകത്തു് അസ്വാരസ്യം ഉയരേണ്ട എന്നു് കരുതിയാകണം എൻ. ഇ. ബാലറാം പ്രസ്താവന ചെയ്യുന്നതിൽനിന്നു് നേതാവിനെ പിന്തിരിപ്പിച്ചതു്.
അച്യുതമേനോന്റെ മൗനം വൈലോപ്പിള്ളി യെ ശുണ്ഠി പിടിപ്പിച്ചു. അദ്ദേഹം കവിതയിലൂടെ പ്രതികരിച്ചു:
മിണ്ടുക, മഹാമുനേ, മിണ്ടുക; കാപട്യക്കാർ-
കൊണ്ടലിലൂടെ സത്യകിരണം പരക്കട്ടെ
എങ്ങെങ്ങുപണംപൂഴ്ത്തി,യാരാരെത്തച്ചുകൊന്നൂ.
അങ്ങുന്നിതറിഞ്ഞോളമറിയിച്ചാലേ പറ്റൂ.
എത്തിനിൽക്കുന്നൂ നീതിപലന്മാർ, ജനം ശ്രദ്ധ-
മെത്തിനിൽക്കുന്നൂ ചുറ്റും, ഭഞ്ജിക്കൂ ഭവാൻ മൗനം.
നൈതികശാസ്ത്രങ്ങളിൽ നിഷ്ണാതനല്ലോതാത,
ഗൗതമധർമത്തിന്റെ സുസ്വരമല്ലോ ഭവാൻ!
സ്വന്തക്കാരിവരെന്നു് ചിന്തിച്ചു മിണ്ടാതങ്ങു
കുന്തത്തിലേറ്റപ്പെട്ടാലെന്തൊരു മഹാകഷ്ടം!
ഈച്ചയെപ്പോലും കൊന്നീലങ്ങു മുജ്ജന്മത്തിലും,
ഈച്ചതിയരിൽ മുഖ്യനെന്നു ശൂലത്തിൽ കേറാൻ.
മിണ്ടുക, മഹാമുനേ, മിണ്ടുക; പാഷണ്ഡരീ-
ത്തണ്ടുതപ്പികൾ മാത്രം തത്പാപം ഭുജിക്കട്ടെ.
ഇനിയീവിധന്മാർക്കും തോന്നായ്വാൻ ശിക്ഷാവിധി
മുനയിൽ പിടയട്ടെ മൂർഖരീപ്പിണ്ടാരികൾ.
കൗതുകകരമെന്നേ പറയേണ്ടു, അച്യുതമേനോൻ അധ്യക്ഷനായ വയലാർ അവാർഡ് കമ്മിറ്റി 1981 ഒക്ടോബറിൽ സമ്മാനാർഹമായി തെരഞ്ഞെടുത്തതു് ‘മിണ്ടുക, മഹാമുനേ’ എന്ന കവിത കൂടി ഉൾപ്പെട്ട ‘മകരക്കൊയ്ത്തു് ’ ആയിരുന്നു. ആ വർഷം പൊടിപൂരമായി നടന്ന വൈലോപ്പിള്ളിയുടെ സപ്തതിയാഘോഷത്തിനു് അധ്യക്ഷനായതും നൈതികശാസ്ത്രങ്ങളിൽ നിഷ്ണാതനായ അച്യുതമേനോൻ.
മരണത്തിനു് ഏതാനും മാസം മുമ്പായി അച്യുതമേനോൻ മൗനം ഭഞ്ജിച്ചു. കലാകൗമുദിക്കുവേണ്ടി (30.12.1990, ലക്കം 798) വിജു വി. നായർ നടത്തിയ അഭിമുഖ സംഭാഷണത്തിൽ മഹാമുനി രാജൻ സംഭവത്തെക്കുറിച്ചു് തനിക്കറിയാവുന്നതു് തുറന്നുപറഞ്ഞു:
- ചോദ്യം:
- ഭരണകാലത്തു് ഏറ്റവും നൊമ്പരപ്പെടുത്തിയ സംഭവമേതാണു്?
- അച്യുതമേനോൻ:
- പല പ്രശ്നങ്ങളുണ്ടായിട്ടുണ്ടെങ്കിലും അതൊക്കെ ഭരണമേഖലയുടെ ഭാഗമായ സ്വാഭാവിക പ്രശ്നങ്ങളായിരുന്നു. എന്നാൽ എന്നെ ഇന്നും വേദനിപ്പിക്കുന്ന ഒന്നുണ്ടു്—രാജൻ സംഭവം. ഇന്നും എനിക്കറിയാൻ പാടില്ല. അതെങ്ങനെ സംഭവിച്ചുവെന്നു്. പല ഐ. ജി.-മാരോടും ഞാൻ പലവട്ടം ചർച്ച ചെയ്തു. സ്ഥാനമൊഴിയുമ്പോഴും രാജൻ മരിച്ചിട്ടില്ലെന്നു് ഞാൻ വിചാരിച്ചു. അത്രക്കും സമർത്ഥമായി പൊലീസ് അതു് കവറപ്പു ചെയ്തു. എങ്ങനെയാണെന്നറിയില്ല ഇതേപ്പറ്റിയൊക്കെ ഒന്നും പറയാൻ പാടില്ല. പറഞ്ഞാൽ കൂടുതൽ വഷളാകുമോ എന്നു കരുതി ഞാൻ മൗനം പാലിച്ചു. മാത്രമല്ല, നേരിട്ടല്ലെങ്കിൽ പോലും എനിക്കും ഈ സംഭവത്തിൽ ധാർമികമായൊരു ഉത്തരവാദിത്തമുണ്ടല്ലോ. അതെന്നെ വല്ലാതെ നൊമ്പരപ്പെടുത്തുന്നുണ്ടു്. ഇന്നും അന്നത്തെ പ്രത്യേക ചുറ്റുപാടിൽ എനിക്കൊന്നും മിണ്ടാൻ കഴിഞ്ഞില്ല—കോൺഗ്രസ് മന്ത്രിമാർക്കു് നമ്മുടെ സംസ്ഥാനത്തു് കൂടുതൽ ശക്തിയുണ്ടായിരുന്നതുകൊണ്ടു്. വ്യക്തിപരമായി ഞാനാരെയും കുറ്റപ്പെടുത്തില്ല. കാരണം, ആ സംഭവത്തെപ്പറ്റി ഒന്നുമെനിക്കറിയാൻ കഴിയാതെ പോയല്ലോ.
സുഹൃത്തും മുൻ കമ്യൂണിസ്റ്റ് എം. എൽ. എ.-യുമായ കെ. പി. കെ. വാര്യർക്കും പത്രപ്രവർത്തകനായ തെക്കും ഭാഗം മോഹനുമെഴുതിയ സ്വകാര്യകത്തുകളിലും ഇതേ അഭിപ്രായം തന്നെ ആവർത്തിച്ചുകാണുന്നു. വാര്യർക്കെഴുതിയതു്: “…ഞാൻ നിരപരാധിയാണെന്നു് പറഞ്ഞാൽ ആരു് വിശ്വസിക്കും? എനിക്കതിൽ മുഖ്യമന്ത്രിയെന്ന നിലയിൽ ധാർമിക ഉത്തരവാദിത്തമില്ലെന്നു് പറയാതെ വയ്യല്ലോ. അങ്ങനെയല്ല നിയമത്തിന്റെ കിടപ്പു്. ധാർമികം എന്നു് പറയുന്നതല്ല ശരി. Constructive liability എന്നു പറയുന്നതാണു് ശരി. മന്ത്രിസഭയിലെ ഏതു് മന്ത്രി കുറ്റം ചെയ്താലും അതിന്റെ ധാർമികമായ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ടെന്നാണു് വെപ്പു്. അതനുസരിച്ചുള്ള ഉത്തരവാദിത്തം എനിക്കുണ്ടു്. അതല്ലാതെ ഞാൻ ഈ വസ്തുത അറിഞ്ഞതല്ല… രാജനെ കാണാനില്ലെന്നു് പറഞ്ഞു് ഈച്ചരവാര്യരും അനിയൻ മാധവനും എന്നെ കാണാൻ വന്നിരുന്നു. അവർ പറഞ്ഞതുകേട്ടു് ഞാൻ അന്നത്തെ ഐ. ജി. രാജനോടു് അന്വേഷിച്ചു് വിവരം തരാൻ ആവശ്യപ്പെട്ടു. രണ്ടുതവണ അങ്ങനെ ചെയ്തു. രാജൻ എന്നൊരാൾ കസ്റ്റഡിയിലില്ലെന്നു് ഐ. ജി. പറഞ്ഞു. ഒരുപക്ഷേ, നക്സലൈറ്റായ അയാൾ രക്ഷപ്പെട്ടിരിക്കാമെന്നും പറഞ്ഞു…”
ക്ലിഫ്ഹൗസിലെ തടവുകാരനായിരുന്നു അടിയന്തിരാവസ്ഥക്കാലത്തെ അച്യുതമേനോൻ എന്നാണു് ഒ. വി. വിജയൻ ഒരിക്കൽ നിരീക്ഷിച്ചതു്. താമസസ്ഥലത്തെ സംബന്ധിച്ച ചെറിയ തെറ്റു തിരുത്തിയാൽ (കന്റോൺമെന്റ് ഹൗസായിരുന്നു മേനോന്റെ ഔദ്യോഗിക വസതി) വിജയന്റെ നിരീക്ഷണം അക്ഷരംപ്രതി സത്യമാണു്. അടിയന്തിരാവസ്ഥയുടെ തടവുകാരായിരുന്നു അച്യുതമേനോനും ആർ. എസ്. ഉണ്ണിയുമൊക്കെ. കാരാഗൃഹവാസമനുഭവിച്ച പ്രതിപക്ഷനേതാക്കളെക്കാൾ പാരതന്ത്ര്യമനുഭവിച്ചവർ, കുളിക്കാതെ ഈറൻ ചുമക്കാൻ വിധിക്കപ്പെട്ടവർ.
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.