കേൾവികേട്ട ന്യായാധിപനാണു് ജസ്റ്റിസ് കെ. ടി. തോമസ്. 1977 ഓഗസ്റ്റിൽ 40-ാം വയസ്സിലാണു് അദ്ദേഹം ജില്ലാ ജഡ്ജിയായി നിയമിതനായതു്. 1985-ൽ ഹൈക്കോടതിയിലേക്കു് ഉയർത്തപ്പെട്ടു. ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആയിരിക്കവെ 1996-ൽ സുപ്രീംകോടതിയിലേക്കും. ഇക്കഴിഞ്ഞ ജനുവരി 30-നു് അദ്ദേഹം സർവീസിൽനിന്നു് വിരമിച്ചു. രാജീവ്ഗാന്ധി കൊലക്കേസ് അടക്കം എത്രയോ വ്യവഹാരങ്ങളിൽ തീർപ്പു കൽപിച്ചു. കാൽനൂറ്റാണ്ടു നീണ്ട ഔദ്യോഗിക ജീവിതത്തിൽ യാതൊരു ആരോപണവും നേരിട്ടില്ല. ഞാൻ നീതിയെ ധരിച്ചു; അതു് എന്റെ ഉടുപ്പായിരുന്നു. എന്റെ ന്യായം ഉത്തരീയവും തലപ്പാവും പോലെയായിരുന്നു. ഞാൻ അറിയാത്തവന്റെ വ്യവഹാരം പരിശോധിച്ചു. നീതി കെട്ടവന്റെ അണപ്പല്ലു ഞാൻ തകർത്തു; അവന്റെ പല്ലിന്റെ ഇടയിൽനിന്നു ഇരയെ പറിച്ചെടുത്തു.
സുപ്രീം കോടതിയിൽനിന്നു വിരമിക്കുന്ന ന്യായാധിപർ വാനപ്രസ്ഥത്തിൽ പ്രവേശിക്കുന്നതു് അപൂർവമാണു്. മനുഷ്യാവകാശ കമീഷൻ, ഉപഭോക്തൃ കമീഷൻ മുതലായവയുടെ ചെയർമാന്മാരായി ദൽഹിയിൽ പറ്റിക്കൂടുന്നവരാണു് അധികവും. ചിലരെങ്കിലും രാഷ്ട്രീയത്തിലും ഒരു കൈ പയറ്റാറുണ്ടു്. 1967-ൽ ചീഫ് ജസ്റ്റിസ് കെ. സുബ്ബറാവു ഉദ്യോഗം രാജിവെച്ചു് തീവ്ര വലതുപക്ഷ കക്ഷികളായ ജനസംഘത്തിന്റെയും സ്വതന്ത്രപാർട്ടിയുടെയും പിന്തുണയോടെ രാഷ്ട്രപതിസ്ഥാനത്തേക്കു മൽസരിച്ചു. 1982-ൽ എച്ച്. ആർ. ഖന്ന യും 1987-ൽ വി. ആർ. കൃഷ്ണയ്യരും പ്രതിപക്ഷ സ്ഥനാർഥികളായി മൽസരരംഗത്തുവന്നു. മൂവരും പരാജിതരായി. 1977–79 കാലത്തു് ലോക്സഭാ സ്പീക്കറായിരുന്ന കെ. എസ്. ഹെഗ്ഡേ യുടെയും 1979–84 കാലഘട്ടത്തിൽ ഉപരാഷ്ട്രപതിയായിരുന്ന എം. ഹിദായത്തുള്ള യുടെയും ഉദാഹരണങ്ങളും നമുക്കുമുന്നിലുണ്ടു്.
ചീഫ് ജസ്റ്റിസായി വിരമിച്ച ബി. പി. സിൻഹ, ഹരിദാസ് മുണ്ഡ്ര എന്ന വ്യവസായിയുടെ കീഴിൽ ഉദ്യോഗം സ്വീകരിച്ചതു് പാർലെമെന്റിൽ ഒച്ചപ്പാടുണ്ടാക്കി. അടുത്തൂൺ പറ്റിയ ന്യായാധിപർ സ്വകാര്യ ഉദ്യോഗം സ്വീകരിക്കുന്നതിന്റെ ധാർമികതയെ മാന്യ അംഗങ്ങൾ ഭരണ-പ്രതിപക്ഷ ഭേദമന്യേ ചോദ്യംചെയ്തു. കേന്ദ്ര നിയമമന്ത്രിതന്നെയും അംഗങ്ങളുടെ വികാരത്തോടു യോജിച്ചു. ഇന്ത്യാരാജ്യംകണ്ട എക്കാലത്തെയും ഏറ്റവും നിർഭയനായ ന്യായാധിപൻ എന്നുപേരുകേട്ട എച്ച്. ആർ. ഖന്ന ചരൺസിംഗി ന്റെ ക്യാബിനറ്റിൽ നിയമമന്ത്രിസ്ഥാനം സ്വീകരിച്ചതു് വമ്പിച്ച പ്രതിഷേധത്തിനിടയാക്കി. ഖന്നയുടെ രാഷ്ട്രീയപ്രവേശം മഹാദുരന്തമാണെന്നു് എൻ. എ. പൽക്കിവാല അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ ഛായാചിത്രം സുപ്രീംകോടതിയിൽനിന്നു നീക്കം ചെയ്യണമെന്നു് ചീഫ് ജസ്റ്റിസിനോടു് ആവശ്യപ്പെടുന്ന പ്രമേയം അഭിഭാഷക സംഘടനകൾ പാസാക്കി. സ്ഥാനമേറ്റതിന്റെ നാലാംദിവസം (2-8-1979) രാജി കൊടുത്തു് ഖന്ന തന്റെ സൽപേരു് വീണ്ടെടുത്തു. അദ്ദേഹത്തിന്റെ നീതിബോധത്തെ എം. സി. ഛഗ്ല മുതൽക്കുള്ള നിയമജ്ഞർ അഭിനന്ദിച്ചു. ഇന്ത്യൻ എക്സ്പ്രസും സ്റ്റേറ്റ്മാനുമൊക്കെ മുഖപ്രസംഗവും എഴുതി.
കാലക്രമത്തിൽ ഇത്തരം പ്രതിഷേധങ്ങളും കുറഞ്ഞു. ആസാം നിയമസഭയിലേക്കു മൽസരിക്കാൻവേണ്ടി ബെഹറുൽ ഇസ്ലാം 1983 ജനുവരി 12-നു് രാജി കൊടുത്തപ്പോഴോ കോൺഗ്രസ് സ്ഥാനാർഥിയായി രംഗനാഥ മിശ്ര 1998 ജൂലൈയിൽ രാജ്യസഭയിലേക്കു ജയിച്ചപ്പോഴോ, വിജയം ഉറപ്പാക്കാൻ മുൻ ചീഫ് ജസ്റ്റിസ് ചില വോട്ടർമാർക്കു പണം കൊടുത്തു എന്ന ആരോപണം ഉയർന്നപ്പോൾപോലുമോ വലിയ കോലാഹലമൊനുമുണ്ടായില്ല. (മിശ്രാജി ഇപ്പോൾ രാജ്യസഭയിലെ എത്തിക്സ് കമ്മിറ്റി ചെയർമാനുമാണു്!). 1997-ൽ എം. ഫാത്തിമാബീവി ഗവർണർ സ്ഥാനം സ്വീകരിച്ചതിൽ ആരും അനൗചിത്യം കണ്ടില്ല. നിയമസഭാംഗമാകാൻ യോഗ്യതയില്ലാത്തയാൾക്കു് മുഖ്യമന്ത്രിയാകാൻ അയോഗ്യതയില്ലെന്ന മട്ടിൽ അവർ ഭരണഘടനാ വ്യാഖ്യാനം നടത്തുകയും ചെയ്തു. പിന്നീടു് അപമാനിതയായി മദ്രാസ് രാജ്ഭവന്റെ പടിയിറങ്ങേണ്ടി വന്ന ബീവിക്കുവേണ്ടി കണ്ണീരൊഴുക്കാനും വളരെ പേരൊന്നുമുണ്ടായില്ല.
ഇവിടെയാണു് ജസ്റ്റിസ് തോമസി ന്റെ യഥാർഥ മഹത്ത്വം. വിദ്യാർഥിയായിരിക്കുമ്പോഴും പിന്നീടും രാഷ്ട്രീയത്തിൽനിന്നും അകന്നുനിന്നയാളല്ല അദ്ദേഹം. ജന്മംകൊണ്ടു് ക്രൈസ്തവനും മാർത്തോമാ സുറിയാനിസഭ വിശ്വാസിയുമെങ്കിലും ഹൈന്ദവധർമത്തോടു് അനുഭാവവും ആദരവും പുലർത്തുന്ന വ്യക്തിയാണു്—ഏതാണ്ടൊരു കലാംമോഡൽ ക്രിസ്ത്യാനി. ഹൈക്കോടതി ജഡ്ജിയായിരിക്കുമ്പോൾ എല്ലാവർഷവും എറണാകുളത്തപ്പനു് പറവെച്ചിരുന്നു. ആർ. എസ്. എസിനു തൊട്ടുകൂടായ്മയൊന്നുമില്ല എന്നു് അദ്ദേഹം ജൂലായ് 24-ാം തീയതി കോട്ടയത്തു് പരമേശ്വർജിയുടെ സാന്നിധ്യത്തിൽ തട്ടിമൂളിക്കയും ചെയ്തു. (അയിത്താചരണ നിയമപ്രകാരം കുറ്റകരവും ശിക്ഷാർഹവുമാകുന്നു.) റിട്ടയർ ചെയ്തശേഷം ബാലഗോകുലത്തിന്റെ പരിപാടികളിലും പങ്കെടുക്കുന്നുണ്ടു്. ജസ്റ്റിസ് തോമസിന്റെ ഇളയമകൻ ഹൈന്ദവ മതാചാരപ്രകാരം ഒരു ബ്രാഹ്മണ യുവതിയെ ജീവിത സഖിയാക്കിയ ആളുമാണു്. രാജീവ്ഗാന്ധി കൊലക്കേസിൽ ഭിന്നാഭിപ്രായ വിധിയെഴുതിയ ആളെന്ന നിലക്കു് ദ്രാവിഡ കക്ഷികൾക്കും ജോർജ് ഫെർണാണ്ടസിനും പ്രിയങ്കരനാണു് തോമസ്. ഈയിടെ സ്ഥാനത്യാഗം ചെയ്ത ഡോ. പി. സി. അലക്സാണ്ടറും തോമസിന്റെ അഭ്യുദയകാംക്ഷിയാണു്. ഏതുനിലക്കും ഗവർണർ ഉദ്യോഗമോ ഉപരാഷ്ട്രപതിസ്ഥാനം തന്നെയോ. പ്രതീക്ഷിക്കാമായിരുന്നിട്ടും കോട്ടയത്തു വന്നു് വിശ്രമജീവിതം നയിക്കാനാണു് ജസ്റ്റിസ് തോമസ് ആഗ്രഹിച്ചതു്. ഹോൽപക്ഷിയെപ്പോലെ ഞാൻ ദീർഘായുസ്സോടെ ഇരിക്കും. എന്റെ വേരു് വെള്ളത്തോളം പടർന്നുചെല്ലുന്നു. എന്റെ കൊമ്പിന്മേൽ മഞ്ഞു രാപാർക്കുന്നു; എന്റെ മഹത്ത്വം എന്നിൽ പച്ചയായിരിക്കുന്നു.
അങ്ങനെ ജഡ്ജിയുദ്യോഗവും കഴിഞ്ഞു് പേരക്കിടാങ്ങളെയും കൊഞ്ചിച്ചു് മനസ്സമാധാനത്തോടെയിരിക്കുന്ന കെ. ടി. തോമസ് ഇതാ മലയാള മനോരമ ആഴ്ചപ്പതിപ്പിന്റെ പരസ്യത്തിൽ പ്രത്യക്ഷനായിരിക്കുന്നു. “കോടതിമുറിയിലെ തിരക്കുകൾക്കിടയിലും നിയമപ്രശ്നങ്ങളുടെ നൂലാമാലകൾക്കിടയിലും ഇപ്പോൾ വിശ്രമജീവിതത്തിന്റെ ആഹ്ലാദങ്ങൾക്കിടയിലും ഞാൻ മലയാള മനോരമ ആഴ്ചപ്പതിപ്പു് മുടങ്ങാതെ വായിക്കാറുണ്ടു്. ജീവിതഗന്ധിയായ കഥകൾ വായിച്ചു് ആസ്വദിക്കുന്ന ആളാണു ഞാൻ. സാധാരണക്കാരന്റെ ജീവിതസ്പന്ദനങ്ങളും ഹൃദയത്തുടിപ്പുകളുമാണു് മലയാള മനോരമ ആഴ്ചപ്പതിപ്പിലൂടെ പ്രതിഫലിക്കുന്നതു്” എന്നാണു് ന്യായാധിപന്റെ അനുഭവസാക്ഷ്യം.
പെൻഷൻ പറ്റിയ ന്യായാധിപർ പരസ്യമോഡലാകുന്നതിന്റെ ന്യായതയേയോ ധാർമികതയേയോപറ്റി അഭിഭാഷക സംഘടനകളാകട്ടെ സാംസ്കാരിക നായകരാകട്ടെ, നാളിതുവരെ പ്രതികരിച്ചു കണ്ടില്ല. “ഇതിയാനു് ഇതിന്റെ വല്ല കാര്യവും ഉണ്ടായിരുന്നോ” എന്നു് കോട്ടയത്തു് അച്ചായന്മാർ അടക്കം പറയുന്നുണ്ടു്. മലയാള മനോരമയോടുള്ള സ്നേഹാദരങ്ങളും കോടതിയലക്ഷ്യ നിയമത്തെക്കുറിച്ചുള്ള ഭയാശങ്കകളുമാകണം പരസ്യമായ ചർച്ചകൾ ഉണ്ടാകാതിരിക്കാൻ കാരണം.
ഇതെഴുതുന്നവൾ ഏതായാലും ജസ്റ്റിസ് തോമസിന്റെ ഭാഗത്താണു്. തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തിനിടയിലും ജീവിതഗന്ധിയായ കഥകൾ വായിച്ചു് ആസ്വദിച്ചിരുന്നു എന്നതുതന്നെ പ്രധാനപ്പെട്ട കാര്യം. “ആരെങ്കിലുമൊക്കെ വായിക്കും; ഉദ്യോഗത്തിൽനിന്നു് വിരമിച്ചവരും ഇനിയും ഉദ്യോഗമൊന്നുമാകാത്തവരുമായി ഒട്ടേറെ ജ്ഞാനികൾ നമ്മുടെ നാട്ടിലുണ്ടല്ലോ” എന്ന ലുഹ്സു ന്റെ വചനമാണു് കെ. രാജേശ്വരിയടക്കമുള്ളവരെ തുടർന്നും എഴുതാൻ പ്രേരിപ്പിച്ചുകൊണ്ടിരുന്നതു്. അപ്പോൾ, കോടതിമുറിയിലെ തിരക്കുകൾക്കിടയിലും ആഴ്ചപ്പതിപ്പു് വായിക്കാൻ സമയവും സൗകര്യവും കണ്ടെത്തിയ ജഡ്ജിയദ്ദേഹത്തിനുമുമ്പിൽ സാഷ്ടാംഗം നമസ്ക്കരിക്കുകയല്ലേ വേണ്ടതു്?
പിന്നെ, സുപ്രീംകോടതി ജഡ്ജിയായിരുന്ന ആൾ പൈങ്കിളി വാരിക വായിക്കുന്ന കാര്യം. ന്യായാധിപന്മാർ ‘കാരമസോവ് സഹോദരന്മാർ’ വേണം വായിക്കാൻ എന്നു വ്യവസ്ഥയില്ല. ഒന്നും വായിക്കാത്തതിനേക്കാൾ എത്രയോ ഭേദമാണു് സ്ത്രീ ജന്മം വായിക്കുന്നതു്. ജസ്റ്റിസ് തോമസിന്റെ സത്യസന്ധതയും നിഷ്കളങ്കതയും എത്രയോ സ്തുത്യർഹം. അദ്ദേഹം മനോരമ വായിക്കുന്നു; അക്കാര്യം തുറന്നുപറയുകയും ചെയ്യുന്നു. മറിച്ചു് മംഗളം ആഴ്ചപ്പതിപ്പു് വായിക്കുകയും ഫാർ ഈസ്റ്റേൺ എക്കണോമിക് റിവ്യു വായിക്കുന്നു എന്നു് അവകാശപ്പെടുകയും ചെയ്തിരുന്നെങ്കിലോ? സ്നേഹദൂരവും കനൽപ്പൂക്കളുമൊക്കെ ശ്വാസമടക്കിപ്പിടിച്ചിരുന്നു വായിക്കുന്ന തോമസ് എനിക്കു ഗുന്തർഗ്രസി ന്റെയും കവാബത്ത യുടെയും നോവലുകളാണിഷ്ടം എന്നു പറഞ്ഞിരുന്നെങ്കിലോ?
റിട്ടയർ ചെയ്ത ജഡ്ജിമാർ വക്കീൽപ്പണിയിൽ ഏർപ്പെടരുതെന്നു് ഭരണഘടനയുടെ 124(7) അനുച്ഛേദം വ്യവസ്ഥ ചെയ്തിരിക്കുന്നു. ലാഭകരവും നിയമവിധേയവുമായ മറ്റെന്തു തൊഴിലും സ്വീകരിക്കാം എന്നാണു് അതിന്റെ അർഥം. പരസ്യമോഡലിങ്ങിനും പതിത്വം കൽപിക്കേണ്ടതില്ല. മുമ്പൊന്നും ഒരു ജഡ്ജിയും പരസ്യത്തിൽ വന്നിട്ടില്ല എന്നു പറയുന്നവരുണ്ടു്. ന്യായാധിപന്മാരുടെ മാറുന്ന റോളിനെപ്പറ്റി ധാരണയില്ലാത്തവരാണവർ. പത്തുപതിനഞ്ചു കൊല്ലം മുമ്പുവരെ എത്ര പൊതുപരിപാടികളിൽ ജഡ്ജിമാർ പങ്കെടുത്തിരുന്നു. അഥവാ പങ്കെടുത്തവയിൽത്തന്നെ ദന്തഗോപുരനിവാസികളായ അന്നത്തെ ന്യായാധിപർ കോട്ടും സൂട്ടും പാപ്പാസുമിട്ടുവന്നു് കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷിൽ പ്രസംഗിച്ചു് പോകുകയായിരുന്നു പതിവു്. ഇപ്പോഴാണെങ്കിൽ പുസ്തകച്ചന്തയുടെ ഉദ്ഘാടനത്തിനും ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാളിന്റെ കൊടിയേറ്റിനുമൊക്കെ ജഡ്ജിമാർക്കാണു് മുൻഗണന. ജഡ്ജിമാരാണെങ്കിൽ കൃത്യസമയത്തു് വരും, ടി. എ., ഡി. എ. വാങ്ങിക്കയുമില്ല. സംഘാടകർക്കു സുഖം, ലാഭം. ഈ ട്രെൻഡിനു തുടക്കം കുറിച്ചതും ജസ്റ്റിസ് തോമസായിരുന്നു. 1986-മാണ്ടിൽ ‘പഞ്ചാഗ്നി’, ‘താളവട്ടം’ എന്നീ ചലച്ചിത്രങ്ങളുടെ 100-ാം ദിവസത്തെ ആഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തതും കലാകാരന്മാർക്കും സാങ്കേതിക വിദഗ്ദ്ധർക്കും ഉപഹാരങ്ങൾ നൽകിയതും അദ്ദേഹമായിരുന്നു. മമ്മൂട്ടിയുടെ ആത്മകഥയിലുമുണ്ടു് ജസ്റ്റിസ് കെ. ടി. തോമസി നെക്കുറിച്ചുള്ള പരാമർശം.
ഇനി, മലയാള മനോരമ ആഴ്ചപ്പതിപ്പു് അത്ര മോശമാണോ? അല്ലേയല്ല. ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ (സുറിയാനിയും ലത്തീനും പ്രത്യേകം) പശ്ചാത്തലങ്ങളിലുള്ള ഏഴു നോവലുകൾ, കൈയെത്തും ദൂരത്തു് എന്ന തിര നോവൽ വേറെയും. എല്ലാം വായനക്കാരെ നോവിപ്പിക്കുന്നവ, സ്ത്രീകളുടെ കണ്ണീർഗ്രന്ഥികളെ ഉത്തേജിപ്പിക്കുന്നവയും.
പൈങ്കിളിക്കഥകളുടെ വില മനുഷ്യൻ അറിയുന്നില്ല. തങ്കംകൊടുത്താൽ അതു കിട്ടുന്നതല്ല; അതിന്റെ വിലയായി വെള്ളി തൂക്കിക്കൊടുക്കാറുമില്ല. ഒഫീർപൊന്നോ വിലയേറിയ ഗോമേദകമോ നീല രത്നമോ ഒന്നും അതിനു് ഈടാക്കുന്നതല്ല, സ്വർണ്ണവും സ്ഫടികവും അതിനോടു് ഒക്കുന്നില്ല; തങ്കംകൊണ്ടുള്ള പണ്ടങ്ങൾക്കു അതിനെ മാറിക്കൊടുപ്പാറില്ല. ജീവിതഗന്ധിയായ കഥകൾ കൂടാതെ പിന്നെയുമെന്തൊക്കെയുണ്ടു് വായിക്കാൻ—കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാടിന്റെയും എടപ്പാൾ ശൂലപാണി വാര്യരുടെയും ജ്യോതിഷ പംക്തികൾ, അന്നമ്മക്കൊച്ചമ്മയുടെ പാചകക്കുറിപ്പു്, വൈദ്യശാസ്ത്ര-മനഃശ്ശാസ്ത്ര പംക്തികൾ, നാട്ടറിവുകൾ, കടംകഥകൾ, പഴഞ്ചൊല്ലുകൾ, സിനിമാനടികളുടെ കുമ്പസാര രഹസ്യങ്ങൾ, ഇന്നസെന്റിന്റെ ചോദ്യോത്തരപംക്തി… വിലയോ വെറും മൂന്നു രൂപ അമ്പതു പൈസ. വാങ്ങിപ്പിൻ, വായിപ്പിൻ, ആനന്ദിക്കിൻ!
1937-മാണ്ടിൽ ആരംഭിച്ചതാണു് മലയാള മനോരമ ആഴ്ചപ്പതിപ്പു്. ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള വാരിക. യാതൊരു പരസ്യവും കൂടാതെ തന്നെ ലക്ഷക്കണക്കിനു കോപ്പികൾ വിറ്റുപോകുന്നു. മലയാളിക്കും മനോരമക്കും ഒരു ഹൃദയം, ഒരു മാനസം എന്നായിരുന്നു ഒരുകാലത്തു് അച്ചായന്റെ അവകാശവാദം. സ്ത്രീജനങ്ങളാണു് ആഴ്ചപ്പതിപ്പിന്റെ പ്രധാന ആരാധകർ. കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും ഉടുക്കാൻ വെള്ളപ്പുടവ, വായിക്കാൻ മനോരമ ആഴ്ചപ്പതിപ്പു്. സുപ്രീംകോടതി ജഡ്ജി പരസ്യത്തിനു നിന്നാൽ സർക്കുലേഷൻ കുത്തനെ കയറും എന്നു് വിശ്വസിക്കാനുള്ള മൗഢ്യമൊന്നും ഉണ്ടാകുകയില്ല മനോരമയുടെ ഉടമസ്ഥർക്കു്. പണം മോഹിച്ചോ പത്രത്തിൽ പടം അച്ചടിച്ചുവരാനുള്ള ആഗ്രഹംകൊണ്ടോ ആവില്ല ജസ്റ്റിസ് തോമസ് പരസ്യത്തിൽ നിന്നതു്. സാധാരണക്കാരന്റെ ഹൃദയത്തുടിപ്പുകൾ പ്രതിഫലിപ്പിക്കുന്ന ആഴ്ചപ്പതിപ്പാണു് മനോരമ എന്ന ആത്മാർഥമായ അഭിപ്രായം നല്ലവരായ നാട്ടുകാരെ അറിയിക്കണമെന്ന ഉദ്ദേശ്യമേ അദ്ദേഹത്തിനുണ്ടായി കാണൂ. മനുഷ്യർ കാത്തിരുന്നു് എന്റെ വാക്കുകേൾക്കും, എന്റെ മൊഴി അവരുടെമേൽ ഇറ്റിറ്റുവീഴും. മഴക്കു് എന്നപോലെ അവർ എനിക്കായി കാത്തിരിക്കും. പിൻമഴക്കെന്നപോലെ അവർ വായ് പിളർക്കും.
ഇന്നത്തെ നോവൽ നാളത്തെ സീരിയൽ എന്നാണല്ലോ മനോരമയുടെ സിദ്ധാന്തം. ആ നിലക്കു് മനോരമ വിഷന്റെ ‘മകൾ മരുമകൾ’ എന്ന സീരിയലിന്റെ പരസ്യത്തിലാകും ജസ്റ്റിസ് തോമസ് അടുത്തതായി പ്രത്യക്ഷപ്പെടുക. ഭർത്താവു് അകാരണമായി തെറ്റിദ്ധരിക്കുന്ന നായിക കുടുംബകോടതിയിൽ കേസുകൊടുക്കണോ എന്ന പ്രശ്നത്തിൽ അദ്ദേഹത്തിന്റെ വിലയേറിയ അഭിപ്രായം ഉണ്ടായേക്കും. അതല്ലെങ്കിൽ ‘സ്ത്രീജന്മം’ സീരിയലിന്റെ പരസ്യത്തിൽ. മലയാള സിനിമയിലെ ഏതൊരു നടനോടും കിടപിടിക്കാവുന്ന മുഖകാന്തിയും അകാരഗരിമയുമുണ്ടു് ജസ്റ്റിസിനു്. കാലക്രമേണ വനമാലയുടെയും പെപ്സിയുടെയുമൊക്കെ പരസ്യത്തിൽ റിട്ടയർ ചെയ്ത ജഡ്ജിമാരാവും അഭിനയിക്കുക. സിനിമാതാരങ്ങൾ ജാഗ്രതൈ.
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.