“വിദ്യാഭ്യാസ ബില്ലിലെ ഒരു വകുപ്പും അറിയാതിരുന്ന കാലത്താണു് കോൺഗ്രസുകാരനായ ഞാൻ കമ്യൂണിസ്റ്റ് വിരോധംമൂലം അതിനെ എതിർത്തതു്. കോൺഗ്രസിൽ സത്യസന്ധരും ത്യാഗധനരുമായ നേതാക്കളുണ്ടായിരുന്നതുകൊണ്ടും യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ചതു മൂലവുമാണു് കോൺഗ്രസുകാരനായതു്. മുണ്ടശ്ശേരി വിദ്യാഭ്യാസ ബിൽ കൊണ്ടുവന്നപ്പോൾ മതസംഘടനകളുടെ നിയന്ത്രണത്തിലുള്ള സ്കൂൾ അധികൃതരും സ്വകാര്യ മാനേജുമെന്റുകളും രംഗത്തെത്തി. മാതൃകാവിദ്യാലയ നടത്തിപ്പില്ലായിരുന്നു. സാമ്പത്തിക നേട്ടത്തെക്കുറിച്ചുള്ള ആശങ്കയായിരുന്നു അതിൽ ഭൂരിപക്ഷത്തിനും. സ്കൂളുകളിൽ കമ്യൂണിസം പഠിപ്പിക്കുമെന്നു് ന്യൂനപക്ഷവും ഭയന്നു.”
“ന്യൂനപക്ഷ സംരക്ഷണത്തിന്റെ പേരിൽ വിദ്യാഭ്യാസ ബില്ലിന്റെ അലകുംപിടിയും മാറ്റിയപ്പോൾ വിദ്യാഭ്യാസരംഗത്തെ വാണിജ്യവത്കരണത്തിനുള്ള അവകാശമാണു് സംരക്ഷിക്കപ്പെട്ടതു്. വിദ്യാഭ്യാസ ബിൽ അതേരൂപത്തിൽ പാസായിരുന്നെങ്കിൽ ഉണ്ടാകാമായിരുന്ന വലിയ മാറ്റത്തെക്കുറിച്ചു് ഇപ്പോഴത്തെ അവസ്ഥ വെച്ചു് ഊഹിക്കാൻ കഴിയും. ജാതിയുടെ അടിസ്ഥാനത്തിലുള്ള സംഘടനകളുമായി സഖ്യമുണ്ടാക്കി കോൺഗ്രസ് വിദ്യാഭ്യാസ ബിൽ കൊണ്ടുവന്നവരെ തോൽപിച്ചതിന്റെ അനന്തരഫലം ജാതി അടിസ്ഥാനത്തിൽ വോട്ടുബാങ്കുകൾ ക്രമീകരിക്കപ്പെട്ടുവെന്നതാണു്. ഏതൊരു വിപത്തിനെ തോൽപിക്കാനാണോ ഭരണഘടന ശിൽപികൾ ഉദ്ദേശിച്ചതു്, അതു് ശക്തിപ്പെടുന്നു. ഭരണഘടനയുടെ രൂപവും ഭാവവും ഞെട്ടിപ്പിക്കുന്ന രീതിയിലേക്കു് മാറുന്ന, ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഭയാനകമായ മറുപുറത്തേക്കു് ഭീതിയോടെയാണു് ഞാൻ നോക്കുന്നതു്…”
ജസ്റ്റിസ് കെ. ടി. തോമസി ന്റേതാണു് പശ്ചാത്താപ നിർഭരമായ ഈ വാക്കുകൾ. 1963-ലെ കാലഹരണ നിയമത്തിലെ വ്യവസ്ഥകൾ പശ്ചാത്താപത്തെ സംബന്ധിച്ചിടത്തോളം ബാധകമാക്കിയിട്ടില്ല. സമയവും സൗകര്യവും പോലെ ആർക്കും പശ്ചാത്തപിക്കാം. ഉത്തമ മനഃസ്താപത്തോടെ കുമ്പസാരിക്കുകയും ചെയ്യാം. സിനിമാരംഗത്തുനിന്നു് പൂർണമായും ഔട്ടായ ശേഷമാണു് ഉണ്ണിമേരിക്കു് ദൈവവിളി ഉണ്ടായി കുമ്പസാരിച്ചതു്. സി. ആർ. പി.-യിൽനിന്നു് പെൻഷൻപറ്റിയ ശേഷം കോൺസ്റ്റബിൾ രാമചന്ദ്രൻ നായരും കുറ്റം ഏറ്റുപറഞ്ഞു. സുപ്രീം കോടതിയിൽനിന്നു് അടുത്തൂൺപറ്റിയ ശേഷം ഇപ്പോഴിതാ ജസ്റ്റിസ് തോമസും പശ്ചാത്തപിക്കുന്നു.
തൃശ്ശിവപേരൂരിൽ, മുണ്ടശ്ശേരി അനുസ്മരണ സമ്മേളനത്തിലാണു് ന്യായാധിപപ്രവരന്റെ പശ്ചാത്താപ പ്രകടനമുണ്ടായതെന്നതു് കുറ്റബോധത്തിന്റെ ആഴം വ്യക്തമാക്കുന്നു. തൃശൂർ ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി തിരുമനസ്സിലേക്കു് എന്തുതോന്നിയോ എന്തോ? ഏതായാലും ലൂർദ്ദ്പള്ളി സെമിത്തേരിയിൽ സകലമാന ചിട്ടിക്കമ്പനിക്കാരുടെയും വട്ടിപ്പണക്കാരുടെയും ഒത്ത നടുക്കു്, മാർബിൾക്കല്ലറയിലുറങ്ങുന്ന മുണ്ടശ്ശേരി മാസ്റ്റർ ഈ കുമ്പസാരം കേട്ടു് പുഞ്ചിരിച്ചിരിക്കും.
വിദ്യാഭ്യാസ രംഗത്തു് സമൂലമായ മാറ്റങ്ങൾക്കു് വഴിവെക്കുന്ന പുതിയ ബില്ല് കൊണ്ടുവരുമെന്ന സൂചന മുണ്ടശ്ശേരി ആദ്യമായി നൽകിയതു് 1957 ഏപ്രിൽ 11-നു് ആയിരുന്നു. അതോടെ പള്ളിയും പട്ടക്കാരും ഇളകിവശായി. “ഒരു കമ്യൂണിസ്റ്റ് ഗവൺമെന്റിനു് കത്തോലിക്കാ സഭയും സമുദായവും ഒരിക്കലും സ്വാഗതമരുളുകയില്ല. എന്തുകൊണ്ടെന്നാൽ കത്തോലിക്കർ പാവനമായി കരുതുന്ന പലതിനും എതിരായ നിരീശ്വരവാദ നിർമിത പ്രസ്ഥാനമാണു് കമ്യൂണിസം. കത്തോലിക്കാ സഭയും വിശ്വാസവും സാന്മാർഗിക തത്ത്വങ്ങളും കത്തോലിക്കരുടെ വ്യക്തിപരവും കുടുംബപരവും സാമൂഹികവുമായ ജീവിതക്രമവും ഭൂമുഖത്തുനിന്നു് തിരോധാനം ചെയ്യണമെന്നു് ആഗ്രഹിക്കുന്നവരാണു് കമ്യൂണിസ്റ്റുകാർ”—ഏപ്രിൽ 17-നു് ദീപിക പ്രഖ്യാപിച്ചു.
കത്തോലിക്കാ മെത്രാന്മാരുടെ യോഗം ഏപ്രിൽ 28-നു് വരാപ്പുഴ മെത്രാനരമനയിൽ ചേർന്നു് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു: “വിദ്യാഭ്യാസത്തിന്റെ ആദർശത്തെ സംബന്ധിച്ചിടത്തോളം മാറ്റം വരുത്താൻ പാടില്ലാത്ത മൗലികങ്ങളായ തത്ത്വങ്ങളെ ആദരിച്ചായിരിക്കണം വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിലും രീതിയിലും പരിഷ്കാരങ്ങൾ വരുത്താൻ. ഈശ്വരാസ്തിക്യബോധത്തിൽ അടിയുറച്ച ഭാരതീയ സംസ്കാരത്തിൽനിന്നു് ശാശ്വതമായ മൂല്യങ്ങളെ നിരാകരിക്കാൻ പാടുള്ളതല്ല… പ്രൈവറ്റ് വിദ്യാലയങ്ങളെ ഏറ്റെടുക്കണമെന്നുള്ള വാദഗതി സ്വീകാര്യമല്ല. വിദ്യാഭ്യാസം സ്റ്റേറ്റിന്റെ കുത്തകയാക്കുന്ന നടപടിയെ സർവശക്തിയും ഉപയോഗിച്ചു് എതിർക്കാൻ ഞങ്ങൾ നിർബന്ധിതരായിത്തീരും. ഭരണഘടന നാലാം പാർട്ട് 45-ാം വകുപ്പിന്റെ മറപിടിച്ചു് സ്കൂൾ നടത്താനുള്ള അവകാശം നിഷേധിക്കുകയാണെങ്കിൽ അതു് മൂന്നാം പാർട്ട് 30-ാം വകുപ്പിൽ അനുവദിച്ചിട്ടുള്ള മൗലികാവകാശത്തിന്മേലുള്ള ഒരു കൈയേറ്റമായിരിക്കും. ന്യൂനപക്ഷങ്ങൾക്കു് അവരുടെ വക സ്വന്തം വിദ്യാലയങ്ങൾ സ്ഥാപിക്കാനും അവയുടെ ഭരണം നിർവഹിക്കാനും സ്റ്റേറ്റിന്റെ ധനസഹായം ലഭിക്കാനുമുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ടു്. ഇതിനുപുറമെ, തങ്ങളുടെ കുട്ടികളെ എവിടെ പഠിപ്പിക്കണമെന്നും എന്തു പഠിപ്പിക്കണമെന്നും തീരുമാനിക്കാനുള്ള ചുമതല ദൈവദത്തമായിട്ടുള്ളതു് മാതാപിതാക്കൾക്കാണു്. അധ്യാപകർക്കു് സേവന സ്ഥിരതയും ജോലിക്കു് തക്ക വേതനവും നൽകുന്നതിനെ ഞങ്ങൾ സർവാത്മനാ സ്വാഗതം ചെയ്യും. വിദ്യാഭ്യാസ രംഗം മേഖലാ കൗൺസിലുകളെ ഏൽപിക്കുമെന്നു പറയുന്ന നടപടിക്കുവേണ്ടി ഉദ്യമിക്കരുതെന്നു് ഗവൺമെന്റിനെ ഞങ്ങൾ ഓർമിപ്പിക്കുന്നു. ഈ രാജ്യത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടി അനുസ്യൂതം പ്രവർത്തിക്കുന്ന സ്വകാര്യ ഏജൻസികളെ ബഹിഷ്കരിക്കുന്ന നീക്കത്തിൽനിന്നു് പിൻവാങ്ങുമെന്നു് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഈ രാജ്യത്തെ കത്തോലിക്കാ ജനതതിയുടെ സാന്മാർഗികമായ ഉത്കർഷത്തിനു് ചുമതലപ്പെട്ടവരെന്ന നിലയിൽ ഇക്കാര്യത്തിൽ അഭിപ്രായം പറയാനും മാർഗനിർദ്ദേശം നൽകാനുമുള്ള കർത്തവ്യം ഞങ്ങളിൽ നിക്ഷിപ്തമായിരിക്കുന്നതിനാൽ വിദ്യാഭ്യാസ ദേശസാത്കരണത്തിനുള്ള കേരള സർക്കാറിന്റെ ഈദൃശ ശ്രമങ്ങളെ എതിർക്കാൻ ഞങ്ങൾ നിർബന്ധിതരായിത്തീരുന്നു. ഗവൺമെന്റിന്റെ ഈ നടപടികളെ ജനങ്ങൾ ശക്തിയുക്തം പ്രതിഷേധിക്കേണ്ടതാണു്.”
ജസ്റ്റിസ് തോമസിന്റെ ജന്മംകൊണ്ടു് ധന്യമായ മാർത്തോമാ സഭ പിന്നെ അടങ്ങിയിരിക്കുമോ? ജൂൺ 6-ാം തീയതി മാർത്തോമാ സഭ കൗൺസിലും വരാനിരിക്കുന്ന വിദ്യാഭ്യാസ ബില്ലിനെ മുൻകൂറായി വിമർശിച്ചു. മാനേജ്മെന്റിന്റെ തുച്ഛമായ അവകാശത്തെപ്പോലും അപഹരിക്കാനാണു് സർക്കാറിന്റെ ശ്രമമെന്നു് യൂഹാനോൻ മാർത്തോമാ മെത്രാപ്പോലീത്ത കുറ്റപ്പെടുത്തി. തിരുവല്ല കേന്ദ്രമായി പ്രവർത്തിക്കുന്ന മലങ്കര കത്തോലിക്കാ സഭയും ബില്ലിനെ എതിർക്കാൻ തീരുമാനിച്ചു. ജൂലൈ 3-ാം തീയതി സി. എസ്. ഐ. മധ്യമേഖലാ കൗൺസിലും അതേ തീരുമാനം കൈകൊണ്ടു.
ഊഹാപോഹങ്ങൾക്കു് വിരാമമിട്ടുകൊണ്ടു് 1957 ജൂലൈ 7-നു് വിദ്യാഭ്യാസ ബിൽ പ്രസിദ്ധപ്പെടുത്തി. 39 വകുപ്പുകളും മൂന്നു് ഭാഗങ്ങളുമുള്ള ബില്ലിന്റെ ഉദ്ദേശ്യലക്ഷ്യം സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനവും മെച്ചപ്പെട്ട സംഘാടനവുമാണെന്നു് പ്രഖ്യാപിച്ചിരുന്നു. പ്രാഥമിക വിദ്യാഭ്യാസം നിർബന്ധിതവും സൗജന്യവുമാക്കി, വിദ്യാഭ്യാസച്ചെലവു് മുഴുവൻ സർക്കാർ വഹിക്കുന്നതായിരിക്കും. മാനേജർമാർ പിരിക്കുന്ന ഫീസ് മുഴുവൻ ഖജനാവിൽ അടയ്ക്കേണ്ടതാണു്. അധ്യാപകർക്കു് ശമ്പളം സർക്കാർ നേരിട്ടോ സ്കൂൾ വഴിയോ നൽകും. പബ്ലിക് സർവീസ് കമ്മീഷൻ നൽകുന്ന ലിസ്റ്റിൽനിന്നുവേണം മാനേജർ അധ്യാപകരെ നിയമിക്കാൻ. സർക്കാർ സ്കൂൾ അധ്യാപകരുടെ സേവന-വേതന വ്യവസ്ഥകൾ (പെൻഷനും പ്രോവിഡന്റ് ഫണ്ടുമുൾപ്പെടെ) എയ്ഡഡ് സ്കൂൾ അധ്യാപകർക്കു് ബാധകമാക്കി. മാനേജർമാർ ഇതിലേക്കായി യാതൊരു വിഹിതവും നൽകേണ്ടതില്ലതാനും. വേക്കൻസിയില്ലാഞ്ഞു് ജോലി നഷ്ടപ്പെടുന്ന അധ്യാപകർക്കു് പിന്നീടു് ഒഴിവു വരുമ്പോൾ നിയമനം നൽകണം. പൊതുതാൽപര്യം മുൻനിറുത്തി, നോട്ടീസോടെയോ അടിയന്തിര ഘട്ടങ്ങളിൽ നോട്ടീസ് കൂടാതെയും അഞ്ചുവർഷത്തിൽ കവിയാത്ത കാലയളവിലേക്കു് സർക്കാറിനു് സ്കൂൾ ഭരണം ഏറ്റെടുക്കാം. സ്കൂൾ വക സ്വത്തുക്കൾ അന്യാധീനപ്പെടുത്താൻ മാനേജർക്കു് അധികാരമില്ല. അതേസമയം, നഷ്ടപരിഹാരം നൽകി സർക്കാറിനു് സ്കൂൾ ശാശ്വതമായി ഏറ്റെടുക്കാവുന്നതാണു്. വിദ്യാഭ്യാസ കാര്യങ്ങളിൽ സർക്കാറിനെ ഉപദേശിക്കാൻ ഒരു വിദഗ്ദ്ധ സമിതി സംസ്ഥാന തലത്തിൽ രൂപവത്കരിക്കും. വിദ്യാഭ്യാസം സാർവത്രികവും നിർബന്ധിതവുമാക്കാൻ പ്രാദേശിക തലത്തിലും കമ്മിറ്റികളുണ്ടാകും. നിർധനരായ വിദ്യാർത്ഥികൾക്കു് സൗജന്യമായി ഉച്ചഭക്ഷണവും പുസ്തകവും വസ്ത്രങ്ങളും നൽകും.
വളരെയൊന്നും ‘വിപ്ലവകര’മായിരുന്നില്ല ഈ നിബന്ധനകൾ. കോൺഗ്രസ് ഭരിച്ചിരുന്ന മഹാരാഷ്ട്രയിലും ആന്ധ്രയിലും രാജസ്ഥാനിലുമൊക്കെ ഏതാണ്ടു് ഇതേ വ്യവസ്ഥകളടങ്ങിയ നിയമങ്ങൾ നിലവിലുണ്ടായിരുന്നു.
വിദ്യാഭ്യാസ ബിൽ നിയമവിരുദ്ധവും ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്നു് പ്രൈവറ്റ് സ്ക്കൂൾ അവകാശസംരക്ഷണ സമിതി കുറ്റപ്പെടുത്തി. ഏകാധിപത്യത്തിലേക്കുള്ള ചുവടുവെപ്പാണീ ബില്ലെന്നും വ്യവസ്ഥകൾ മിക്കതും ദുരുദ്ദേശ്യപരമാണെന്നും പനമ്പള്ളി അഭിപ്രായപ്പെട്ടു. ബില്ല് പിൻവലിക്കുകയോ പൊതുജനാഭിപ്രായത്തിനു് വിടുകയോ വേണമെന്നു് പ്രതിപക്ഷ നേതാവു് പി. ടി. ചാക്കോ ആവശ്യപ്പെട്ടു. ‘വൃത്തികെട്ട ബിൽ’ എന്നു് കെ. എം. സീതിസാഹിബ്, ‘നാസി മോഡൽ’ ബിൽ എന്നു് സി. എച്ച്. മുഹമ്മദ്കോയ, മുണ്ടശ്ശേരിയുടെ ബിൽ വിദ്യാഭ്യാസമല്ല, കുറെ വിദ്യകളും അഭ്യാസങ്ങളും മാത്രമാണെന്നു് വന്ദ്യവയോധികനും നിവർത്തന സമരാചാര്യനുമായ ഐ. സി. ചാക്കോ. വിദ്യാഭ്യാസ ബില്ലിനെ അപലപിച്ചുകൊണ്ടു് ദീപിക ജൂലൈ 10, 11, 12, 14, 18 തീയതികളിലായി തുടരൻ മുഖപ്രസംഗം പ്രസിദ്ധീകരിച്ചു. അത്രതന്നെ നീളത്തിലല്ലെങ്കിലും മലയാള മനോരമയും കേരളഭൂഷണവും അതേ പാത പിന്തുടർന്നു.
ബിഷപ്പ് മാർ ജോർജ് ആലപ്പാട്ട് തിരുമനസ്സിലെ കൽപനപ്രകാരം ജൂലൈ 12-നു് തൃശൂർ പട്ടണത്തിൽ ഹർത്താൽ നടന്നു. കമ്യൂണിസ്റ്റുകാരും സൂറായികളും മാത്രമേ കട തുറന്നുള്ളു. വൈകീട്ടു് കരിങ്കൊടിജാഥയും പൊതുസമ്മേളനവുമുണ്ടായി. ഡോ. സെബാസ്റ്റ്യൻ വയലിൽ തിരുമേനിയുടെ കൽപനപ്രകാരം 13-ാം തീയതി പാലായിൽ പ്രകടനം അരങ്ങേറി. ജൂലൈ 14-നു് എറണാകുളത്തും കൊല്ലത്തും പ്രതിഷേധറാലികൾ ഇരമ്പി. എല്ലായിടത്തും പ്രകടനക്കാർ കത്തോലിക്കർ മാത്രം.
1957 ജൂലൈ 13-ാം തീയതി വിദ്യാഭ്യാസമന്ത്രി മുണ്ടശ്ശേരി ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. പ്രതിഷേധസൂചകമായി അന്നു് ദീപിക മുഖപ്രസംഗ കോളം കാലിയാക്കിയിട്ടു—വിദ്യാഭ്യാസ ബിൽ ഇന്നവതരിപ്പിക്കുന്നു എന്ന തലക്കെട്ടോടെ.
ജൂലൈ 20-നു് നിയമസഭ വിദ്യാഭ്യാസ ബിൽ സെലക്ട് കമ്മിറ്റിക്കയക്കാൻ തീരുമാനിച്ചു. കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നു് വിദ്യാഭ്യാസ മന്ത്രിയെക്കൂടാതെ ഇ. പി. ഗോപാലൻ, ടി. സി. നാരായണൻ നമ്പ്യാർ, ആർ. പ്രകാശം, പി. കെ. കോരു, റോസമ്മ പുന്നൂസ്, എൻ. ഇ. ബാലറാം, ടി. കെ. കൃഷ്ണൻ, എന്നിവരാണുണ്ടായിരുന്നതു്. കോൺഗ്രസിൽനിന്നു് പി. ടി. ചാക്കോ, ഇ. പി. പൗലോസ്, കെ. ആർ. നാരായണൻ, എം. എ. ആന്റണി, ലീലാ ദാമോദര മേനോൻ, പി. എസ്. പി.-യിൽനിന്നു് പട്ടം താണുപിള്ള, പി. എം. കുഞ്ഞിരാമൻ നമ്പ്യാർ, കെ. മൊയ്തീൻകുട്ടി ഹാജി.
ബില്ലിനോടുള്ള പ്രതിഷേധസൂചകമായി കത്തോലിക്കർ ജൂലൈ 21 പ്രാർത്ഥനാദിനമായി ആചരിച്ചു. ജൂലൈ 22-നു് കോട്ടയത്തും 29-നു് ആലപ്പുഴയിലും ഗംഭീര പ്രകടനങ്ങൾ നടന്നു. ആലപ്പുഴയിൽ മന്ത്രി ടി. വി. തോമസി ന്റെ സഹോദരൻ ടി. വി. ചാക്കോ പ്രകടനത്തിൽ പങ്കെടുത്തതു് വലിയ വാർത്തയായി.
നിയമസഭയുടെ സെലക്ട് കമ്മിറ്റി ആഗസ്റ്റ് 1 മുതൽ 3 വരെ ആലുവായിലും 13-ാം തീയതി തിരുവനന്തപുരത്തും തെളിവെടുപ്പു് നടത്തി. കോട്ടയത്തുനിന്നു് അയ്യായിരത്തോളം പേരെ തൊപ്പിപ്പാളയണിയിച്ചു് ആലുവായിൽ തെളിവെടുപ്പിനു് അണിനിരത്തി. തെളിവുകാർക്കു് പലർക്കും തീരെ വെളിവില്ലായിരുന്നു എന്നു മാത്രം.
വിദ്യാഭ്യാസ ബില്ലിനെതിരെ ആഗസ്റ്റ് 26-ാം തീയതി തിരുവനന്തപുരത്തു് പതിനായിരങ്ങൾ പങ്കെടുത്ത പ്രകടനം നടന്നു. ഒട്ടേറെ പാതിരിമാരും കന്യാസ്ത്രീകളും പങ്കുകൊണ്ടു. പ്രകടനത്തിനു് മുന്നോടിയായി ക്രിസ്റ്റഫർ ധർമഭടന്മാരുടെ റൂട്ടുമാർച്ചുമുണ്ടായി.
സെലക്ട് കമ്മിറ്റി റിപ്പോർട്ട് ആഗസ്റ്റ് 27-നു് നിയമസഭയിൽ അവതരിപ്പിച്ചു. ആയിരത്തോളം ഭേദഗതികൾ നിർദ്ദേശിക്കപ്പെട്ടു; മിക്കവയും തള്ളപ്പെടുകയും ചെയ്തു. സുദീർഘമായ വാദപ്രതിവാദങ്ങൾക്കൊടുവിൽ 1957 സെപ്റ്റംബർ 2-ാം തീയതി വിദ്യാഭ്യാസ ബിൽ പാസായി.
നിയമസഭ പാസാക്കിയ ബില്ല് ഗവർണർ തിരുമനസ്സുകൊണ്ടു് തൃക്കൈ വിളയാടിയാലേ നിയമമാകൂ. ഭരണഘടനയുടെ 200-ാം അനുച്ഛേദപ്രകാരം ഒന്നുകിൽ ഗവർണർക്കു് ഒപ്പിടാം അല്ലെങ്കിൽ മടക്കിയയക്കാം. അതുമല്ലെങ്കിൽ രാഷ്ട്രപതിയുടെ പരിഗണനക്കു് സമർപ്പിക്കാം. സെപ്റ്റംബർ 19-ാം തീയതി ചങ്ങനാശ്ശേരി മെത്രാൻ മാർ മാത്യൂ കാവുകാട്ട്, തിരുവനന്തപുരം മെത്രാൻ ബെനഡിക്ട് മാർ ഗ്രിഗോറിയോസ്, കൊല്ലം ബിഷപ്പ് ഡോ. ജെറോം ഫെർണാണ്ടസ് എന്നിവരുടെ നേതൃത്വത്തിൽ മതമേധാവികൾ ഗവർണർ ബി. രാമകൃഷ്ണ റാവു വിനെ കണ്ടു് വിദ്യാഭ്യാസ ബില്ലിനു് അനുമതി നൽകരുതെന്നു് അഭ്യർത്ഥിച്ചു. ഉറച്ച കോൺഗ്രസുകാരനെന്നപോലെ കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധനുമായിരുന്ന റാവുജി സെപ്റ്റംബർ 2-നു് ബില്ല് രാഷ്ട്രപതിയുടെ പരിഗണനക്കയച്ചു. കേന്ദ്ര സർക്കാർ ഭൂതക്കണ്ണാടി വെച്ചു് ബില്ല് പലയാവർത്തി വായിച്ചു. ബില്ലിലെ ചില വ്യവസ്ഥകൾ ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വാവകാശത്തിനും മറ്റുചിലവ ന്യൂനപക്ഷങ്ങൾക്കു് ഇഷ്ടപ്പടി വിദ്യാലയങ്ങൾ നടത്താനുള്ള അവകാശത്തിനും എതിരല്ലേ എന്നായി ആശങ്ക. ഡിസംബർ 26-നു് ഇക്കാര്യം ബഹു. രാഷ്ട്രപതി ഭരണഘടനയുടെ 143-ാം അനുച്ഛേദനപ്രകാരം സുപ്രീം കോടതിയുടെ ഉപദേശത്തിനായി അയച്ചു.
സുപ്രീം കോടതി കേന്ദ്ര-കേരള സർക്കാറുകൾക്കു് നോട്ടീസ് അയച്ചു. താൽപര്യമുള്ളവർക്കൊക്കെ നടപടികളിൽ കക്ഷിചേരാനും അനുവാദം നൽകി. കൊലകൊമ്പന്മാരായ അഭിഭാഷകരെത്തന്നെ നെറ്റിപ്പട്ടം കെട്ടിച്ചു് ഹാജരാക്കി—കേന്ദ്ര സർക്കാറിനുവേണ്ടി അന്നത്തെ അറ്റോർണി ജനറൽ എം. സി. സെതൽവാദ്, സോളിസിറ്റർ ജനറൽ സി. കെ. ദഫ്തരി, കേരള സർക്കാറിനുവേണ്ടി ഡി. എൻ. പ്രിറ്റ്, പ്രൈവറ്റ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ, കാത്തലിക് യൂനിയൻ ഓഫ് ഇന്ത്യ, ക്രിസ്ത്യൻ എജുക്കേഷൻ ആക്ഷൻ കമ്മിറ്റി എന്നിവക്കുവേണ്ടി ജി. എസ്. പഥക്, ഓൾ ഇന്ത്യാ ആംഗ്ലോ ഇന്ത്യൻ അസോസിയേഷനുവേണ്ടി ഫ്രാങ്ക് ആന്റണി, ഓൾ ഇന്ത്യാ ജമാഅത്തെ ഉലമ ഹിന്ദിനു വേണ്ടി നൂറുദ്ദീൻ അഹമ്മദ്, മുസ്ലിംലീഗിനു വേണ്ടി ബി. കെ. ബി. നായിഡു, പ്രൈവറ്റ് ടീച്ചേഴ്സ് അസോസിയേഷനുവേണ്ടി എസ്. ഈശ്വരയ്യർ, ചീഫ് ജസ്റ്റിസ് എസ്. ആർ. ദാസിന്റെ നേതൃത്ത്വത്തിലുള്ള ഏഴംഗ ഭരണഘടനാ ബെഞ്ചാണു് വാദം കേട്ടതു്. 1958 ഏപ്രിൽ 29-നു് വാദം തുടങ്ങി, മെയ് 22-നു് വിധി പറയുകയും ചെയ്തു. ചീഫ് ജസ്റ്റിസ് എസ്. ആർ. ദാസ് ആയിരുന്നു ഭൂരിപക്ഷത്തിനുവേണ്ടി വിധിന്യായം എഴുതിയതു്. ജസ്റ്റിസ് ടി. എൽ. വെങ്കിട്ട രാമയ്യർ ഭിന്നാഭിപ്രായ വിധിയുമെഴുതി.
സർക്കാറിന്റെ അംഗീകാരവും ധനസഹായവും ആവശ്യപ്പെടാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു് 1958-ലെ വിദ്യാഭ്യാസ നിയമം ബാധകമേയല്ലെന്നും ഭൂരിപക്ഷ ന്യൂനപക്ഷ ഭേദമെന്യേ ആർക്കും അത്തരം വിദ്യാലയങ്ങൾ ആരംഭിക്കാമെന്നും കേരള സർക്കാർ ബോധിപ്പിച്ചതു് സുപ്രീം കോടതി അംഗീകരിച്ചു.
1948-നുമുമ്പു് സ്ഥാപിക്കപ്പെട്ട ആംഗ്ലോ ഇന്ത്യൻ സ്കൂളുകൾക്കു് ഭരണഘടനയുടെ 337-ാം അനുച്ഛേദത്തിന്റെ സംരക്ഷണമുണ്ടെന്നും വിവാദപരമായ വകുപ്പുകളൊന്നും ബാധകമാകാതെതന്നെ അവർക്കു് തുടർന്നും ഗ്രാന്റിനു് അർഹതയുണ്ടെന്നും കേടതി വിധിച്ചു.
മറ്റു് എയ്ഡഡ് സ്കൂളുകളെ സംബന്ധിച്ചിടത്തോളം ബില്ലിന്റെ 8 (3) ഉപവകുപ്പും 9 മുതൽ 13 വരെ വകുപ്പുകളും സാധുവാണെന്നു് കോടതി കണ്ടെത്തി. ഭരണഘടന ഉറപ്പുനൽകുന്ന യാതൊരു മൗലികാവകാശവും സമ്പൂർണമല്ല. അവ ന്യായമായ നിയന്ത്രണങ്ങൾക്കു് വിധേയമാണു്. ന്യൂനപക്ഷങ്ങൾക്കു് 30 (1) അനുച്ഛേദം ഉറപ്പുനൽകുന്ന വിദ്യാഭ്യാസപരമായ അവകാശം. അവരെ ഭൂരിപക്ഷത്തിന്റെ ആക്രമണത്തിൽനിന്നു് രക്ഷിക്കാനുള്ള പരിചയായാണു്, അല്ലാതെ ഭൂരിപക്ഷത്തെ ആക്രമിക്കാനുള്ള വാൾ ആയല്ല ഉപയോഗിക്കേണ്ടതു്. ഇഷ്ടപ്പടി വിദ്യാലയങ്ങൾ നടത്താനല്ലാതെ സർക്കാർ ഗ്രാന്റിനോ അംഗീകാരത്തിനോ ആർക്കും മൗലികാവകാശമില്ല. സർക്കാറിൽനിന്നു് ഗ്രാന്റ് വാങ്ങുന്ന വിദ്യാലയങ്ങളിലെ അധ്യായന നിലവാരം, അധ്യാപകരുടെ യോഗ്യത, നിയമനം, സേവന-വേതന വ്യവസ്ഥകൾ ഇവയൊക്കെ നിയന്ത്രിക്കാൻ സർക്കാറിനു് അവകാശമുണ്ടു്. ന്യൂനപക്ഷാവകാശത്തിന്റെ മറവിൽ അധ്യാപകരുടെ അവകാശങ്ങൾ ഹനിക്കപ്പെടരുതെന്നും വിദ്യാലയങ്ങൾ ഭരിക്കാനുള്ള അവകാശം ദുർഭരണം നടത്താനുള്ള ലൈസൻസ് അല്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം, പൊതുതാൽപര്യം മുൻനിറുത്തിയോ പൊതുനയത്തിന്റെ ഭാഗമായോ സ്കൂളുകൾ ഏറ്റെടുക്കാൻ സർക്കാറിനു് അധികാരം നൽകുന്ന, ബില്ലിലെ 14, 15 വകുപ്പുകൾ ന്യൂനപക്ഷ സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം ഭരണഘടനയുടെ 30 (1) അനുച്ഛേദത്തിന്റെ ലംഘനമാണെന്നു് കോടതി കണ്ടെത്തി.
ന്യൂന പക്ഷ സ്ഥാപനങ്ങൾ നടത്തുന്ന അൺ എയ്ഡഡ് സ്കൂളുകളെ സംബന്ധിച്ചിടത്തോളം പ്രൈമറി വിദ്യാർത്ഥികളിൽനിന്നു് ഫീസീടാക്കുന്നതു് തടയുന്ന 20-ാം വകുപ്പു് അസാധുവാണെന്നു് ഭൂരിപക്ഷം ജഡ്ജിമാരും വിധിച്ചു. സർക്കാറിൽനിന്നു് സഹായധനമില്ലാത്ത സ്കൂളുകൾ ഫീസുകൊണ്ടു് മാത്രമാണു് നിലനിൽക്കുന്നതെന്നും ഫീസീടാക്കുന്നതു് വിലക്കിയാൽ അവ അടച്ചുപൂട്ടേണ്ടിവരുമെന്നും അക്കാരണത്താൽ ഭരണഘടനയുടെ 30 (1) അനുച്ഛേദം ലംഘിക്കപ്പെടുമെന്നും അവർ കണ്ടെത്തി. ജസ്റ്റിസ് വെങ്കിട്ട രാമയ്യർ തന്റെ ഭിന്നാഭിപ്രായ വിധിയിൽ ഇതിനോടു് വിയോജിപ്പു് രേഖപ്പെടുത്തി. ഭരണഘടനയുടെ 45-ാം അനുച്ഛേദം വിഭാവനം ചെയ്യുന്ന സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം എന്ന ലക്ഷ്യത്തെ മുൻനിറുത്തി ഉണ്ടാക്കിയതാണു് ബില്ലിലെ 20-ാം വകുപ്പെന്നും അതു് ഭൂരിപക്ഷ-ന്യൂനപക്ഷ ഭേദമെന്യേ ഏവർക്കും ഒരുപോലെ ബധകമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പൊതു നയത്തിന്റെ ഭാഗമായോ സാക്ഷരതാ നിലവാരം ഉയർത്തുന്നതിനു വേണ്ടിയോ വിദ്യാലയങ്ങൾ നഷ്ടപരിഹാരം നൽകി ഏറ്റെടുക്കാൻ സർക്കാറിനെ അനുവദിക്കുന്ന ബില്ലിലെ 15-ാം വകുപ്പു് ഭരണഘടനയുടെ 14-ാം അനുച്ഛേദം ഉറപ്പുനൽകുന്ന സമത്വാവകാശത്തിന്റെ ലംഘനമാണോ എന്നതായിരുന്നു രാഷ്ട്രപതി ഉന്നയിച്ച മൂന്നാമത്തെ ചോദ്യം. 15-ാം വകുപ്പു് സർക്കാറിനു് നൽകുന്ന അധികാരം പൊതുനന്മയെ ലാക്കാക്കിയുള്ളതാണെന്നും ഇത്തരം കാര്യങ്ങൾ തീരുമാനിക്കാൻ നിയമസഭക്കു് അധികാരമുണ്ടെന്നും ആകയാൽ സമത്വാവകാശത്തിന്റെ ലംഘനമില്ലന്നും വിധിയായി.
വിദ്യാഭ്യാസ നിയമത്തെ സംബന്ധിച്ചിടത്തോളം സിവിൽ കേടതികൾ നിരോധന ഉത്തരവു് (ഇഞ്ചങ്ഷൻ) പുറപ്പെടുവിക്കുന്നതിനെ തടയുന്ന 33-ാം വകുപ്പിനെ സംബന്ധിച്ചായിരുന്നു, രാഷ്ട്രപതി റഫർ ചെയ്ത നാലാമത്തെയും അവസാനത്തെയും പ്രശ്നം. ബില്ലിലെ 33-ാം വകുപ്പു് സിവിൽ കോടതികളുടെ അധികാരത്തെ മാത്രമേ തടയുന്നുള്ളുവെന്നും ഭരണഘടനയുടെ 32-ാം അനുച്ഛേദപ്രകാരം സുപ്രീം കോടതിക്കും 226-ാം അനുച്ഛേദപ്രകാരം ഹൈക്കോടതിക്കും റിട്ടുകൾ പുറപ്പെടുവിക്കാവുന്നതാണെന്നും കേരള സർക്കാർ ബോധിപ്പിച്ചതു് കോടതി അംഗീകരിച്ചു.
രാഷ്ട്രപതിയുടെ റഫറൻസിന്മേലുണ്ടായ സുപ്രീം കോടതി വിധി വമ്പിച്ച വിജയമായാണു് മാനേജർമാരും അവരുടെ പിന്തുണക്കാരും കൊണ്ടാടിയതു്. ശ്രീരാമനെ പ്രേമിക്കാൻ പോയ ശൂർപ്പണഖയെപ്പോലെ മൂക്കും മുലയും ഛേദിക്കപ്പെട്ട ബില്ലാണു് തിരിച്ചുവന്നിരിക്കുന്നതെന്നു് സി. എച്ച്. മുഹമ്മദ്കോയ പരിഹസിച്ചു. പക്ഷേ, യാഥാർത്ഥ്യം മറിച്ചായിരുന്നു. എണ്ണത്തിൽ നന്നേ കുറവായിരുന്ന ആംഗ്ലോ ഇന്ത്യൻ സ്കൂളുകൾക്കല്ലാതെ ആർക്കും കാര്യമായ ഗുണം കിട്ടിയില്ല. അൺ എയ്ഡഡ് സ്കൂളുകൾക്കു് (അവയും അക്കാലത്തു് എത്രയോ കുറവായിരുന്നു) പ്രൈമറി ക്ലാസുകളിലും ഫീസ് പിരിക്കാമെന്നായി. ന്യൂനപക്ഷ വിദ്യാലയങ്ങൾ 14, 15 വകുപ്പുകൾ പ്രകാരമുള്ള ഏറ്റെടുക്കലിൽനിന്നു് ഒഴിവായി എന്നതൊഴിച്ചാൽ മാനേജർമാരുടെ ദൈവദത്തമായ അധികാരങ്ങൾ മിക്കതും നഷ്ടമായി. നിയമനങ്ങൾ പി. എസ്. സിക്ക് വിടാനുള്ള 11-ാം വകുപ്പിനെയാണു് കത്തനാന്മാർ ബില്ലിന്റെ വിഷപ്പല്ലായി കണ്ടതു്. വിഷപ്പല്ലു് പറിക്കാൻ സുപ്രീം കോടതിയിലും കഴിഞ്ഞില്ല. ഭരണഘടനയും പരമോന്നത നീതിപീഠവും കൈവിട്ട നിലക്കു് പത്തൊമ്പതാമത്തെ അടവുമായി സമരം തുടങ്ങുകയല്ലാതെ മറ്റൊരു വഴിയും കത്തോലിക്കാ സഭയുടെ മുമ്പിലില്ലാതെയായി. ആയുധപരിശീലനം നൽകിയ ഒരു സന്നദ്ധസംഘടനയെ—ക്രിസ്റ്റഫർമാർ—ഇതിനകംതന്നെ പട്ടക്കാർ വാർത്തെടുത്തിരുന്നു. ഒരേ നീളത്തിൽ മുറിച്ച പുളിങ്കൊമ്പായിരുന്നു ക്രിസ്റ്റഫർമാരുടെ ആയുധം. കൂലിത്തല്ലിനു് ദൈവ ശാസ്ത്രപരമായ പരിപ്രേക്ഷ്യം ചമക്കാനും പാതിരിമാർക്കു് മടിയേതുമുണ്ടായില്ല. വാളുള്ളവർ വാളെടുക്കട്ടെ; ഇല്ലാത്തവർ മടിശ്ശീല വിറ്റു് വാൾ വാങ്ങട്ടെ!
1958 നവംബർ 24-നു് സുപ്രീം കോടതി നിർദ്ദേശിച്ച പരിഷ്കാരങ്ങളോടെ വിദ്യാഭ്യാസബിൽ നിയമസഭയിൽ അവതരിപ്പിക്കപ്പെട്ടു. നവംബർ 28-നു് സഭ ബില്ല് പാസാക്കുകയും ചെയ്തു. ആദ്യഘട്ടത്തിൽ ബില്ലിനെ അനുകൂലിച്ചിരുന്ന മന്നം അപ്പോഴേക്കും സർക്കാറിനു് എതിരായി. പാലക്കാട്ടു് എഞ്ചിനീയറിംഗ് കോളേജ് തുടങ്ങാൻ നായർ സർവീസ് സൊസൈറ്റിക്കു് അനുവാദം കിട്ടാഞ്ഞതായിരുന്നു പ്രകോപനം. കാർഷിക ബന്ധ ബില്ലിലെ വ്യവസ്ഥകൾ നായർ തറവാടുകൾ കുളംതോണ്ടുമെന്നും സമുദായാചാര്യൻ ഭയപ്പെട്ടു.
വിദ്യാഭ്യാസ ബില്ല് പാസായാലും നടപ്പാകാൻ പോകുന്നില്ലെന്നു് ഡിസംബർ 1-നു് മന്നം ആദ്യത്തെ വെടിപൊട്ടിച്ചു. മന്നത്തിന്റെ സ്വഭാവമറിയാവുന്നതുകൊണ്ടു് മെത്രാന്മാർ ആദ്യം പ്രതികരിച്ചില്ല. അപ്പോൾ അടുത്ത വെടിപൊട്ടി: “ഞങ്ങൾ അധ്യാപകർക്കെതിരായി ഒന്നും ചെയ്തിട്ടില്ല; ചെയ്യുകയുമില്ല. മാനേജർമാർ ഈ നാടിനു് സേവനം അനുഷ്ഠിച്ചവരാണു്. അവരുടെ നടുവുനിവർത്തി നടക്കാൻ അനുവദിക്കണമെന്നു് പറഞ്ഞിട്ടു് വഴിയിൽകൂടിപോലും നടക്കാൻ അനുവദിക്കാത്ത ബില്ലുണ്ടാക്കിയാൽ മാനേജർമാർ ഒറ്റക്കെട്ടായി എതിർക്കും. മാനേജ്മെന്റിനെ മുടിക്കാൻ മുണ്ടശ്ശേരിയെ ഞങ്ങൾ അനുവദിക്കുകയില്ല. വിദ്യാഭ്യാസ ബിൽ ഇവിടെ നടപ്പാകാൻ പോകുന്നില്ല.”
മുണ്ടശ്ശേരിയെപ്പറ്റി പിന്നെയുമുണ്ടായിരുന്നു പരാതികൾ. സഖാക്കളെ കുത്തിത്തിരുകി സംഗീത നാടക അക്കാദമി ഉണ്ടാക്കി, പാഠപുസ്തകങ്ങളിലൂടെ കമ്യൂണിസ്റ്റാശയ പ്രചാരണം നടത്തുന്നു. ‘ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് ’ എന്ന അശ്ലീല പുസ്തകം പാഠപുസ്തകമാക്കി—അങ്ങനെ പലതും. ഉപ്പാപ്പയുടെ ആനയെ നിയമസഭയിലെഴുന്നള്ളിച്ചതു് ഉത്തമ കത്തോലിക്കനായ കെ. എം. ജോർജ്. വൈക്കം മുഹമ്മദ് ബഷീർ നല്ല നോവലെഴുത്തുകാരനും സാഹിത്യകാരനുമാണെങ്കിലും ‘ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്’ എന്ന പുസ്തകം പാഠപുസ്തകമാക്കിയതിൽ സി. എച്ച്. മുഹമ്മദ് കോയ യും വിയോജിപ്പു് പ്രകടിപ്പിച്ചു: “ഇപ്പോൾ പാഠപുസ്തകമാക്കിയ കൃതിയിലെ ചില വാചകങ്ങൾ ഈ നിയമസഭയിൽ വായിക്കാൻ കൊള്ളാത്തതുകൊണ്ടു് ഞാൻ വായിക്കുന്നില്ല… ഹൈസ്കൂൾ ക്ലാസുകളിൽ, ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിരുന്നു് പഠിക്കുന്ന ക്ലാസുകളിൽ ബഷീറിന്റെ ‘ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്’ എന്ന പുസ്തകത്തിലുള്ള വാചകങ്ങൾ പഠിപ്പിക്കാൻ തീരെ പറ്റിയതല്ല എന്നു് ഞാൻ പറയും…”
‘ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്’ പാഠപുസ്തകമാക്കിയതിനെ വിമർശിച്ചു് 1958 ആഗസ്റ്റ് 19-നു് ദീപിക മുഖപ്രസംഗം എഴുതി. ‘ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്’ പാഠപുസ്തകമാക്കി പിഞ്ചുകുട്ടികൾക്കു് ദ്രോഹം ചെയ്ത മുണ്ടശ്ശേരിയെ വേലുത്തമ്പിയുടെ കാലത്തായിരുന്നെങ്കിൽ പിടിച്ചുനിർത്തി പന്തംകൊളുത്തി തലയിൽ കുത്തി തെരുവുനീളെ നടത്തുമായിരുന്നു” എന്നാണു് മന്നം പറഞ്ഞതു്. വേലുത്തമ്പി യുടെ കാലത്തു് ജനിക്കാതിരുന്നതു് മുണ്ടശ്ശേരിയുടെയും ബഷീറിന്റെയും ഭാഗ്യം!
സ്ഥിതിഗതികൾ പള്ളിക്കാർക്കും മന്നത്തിനും അനുകൂലമായി അതിദ്രുതം തിരിഞ്ഞു. അഖിലേന്ത്യാ കോൺഗ്രസ് അധ്യക്ഷയായി ഇന്ദിരാഗാന്ധി വന്നതോടെ കമ്യൂണിസത്തിനെതിരായ കുരിശു യുദ്ധത്തിനു് ആക്കംകൂടി. ദാമോദരമേനോന്റെ സ്ഥാനത്തു് ആർ. ശങ്കർ കെ. പി. സി. സി. പ്രസിഡന്റായപ്പോൾ പി. ടി. ചാക്കോ ക്കു് പ്രബലനായ കൂട്ടാളിയുമായി. മുസ്ലീംലീഗ് പണ്ടേ വിദ്യാഭ്യാസ ബില്ലിനു് എതിരാണു്. ആശയപരമെന്നതിനെക്കാൾ ആമാശയപരമായ കാരണങ്ങളാൽ സോഷ്യലിസ്റ്റ് പാർട്ടികളും—പട്ടത്തിന്റെ പി. എസ്. പി., ശ്രീകണ്ഠൻ നായരുടെ ആർ. എസ്. പി., മത്തായി മഞ്ഞൂരാ ന്റെ കെ. എസ്. പി.—സർക്കാറിനെ എതിർത്തു. ഭാരതീയ ജനസംഘവും കമ്യൂണിസ്റ്റ് സർക്കാറിനെതിരായി സമരത്തിനിറങ്ങി. കമ്യൂണിസത്തെ തടഞ്ഞുനിറുത്താൻ പ്രസിഡന്റ് ഐസനോവറും സ്റ്റേറ്റ് സെക്രട്ടറി ഡള്ളസും അശ്രാന്തപരിശ്രമം നടത്തുന്ന കാലമാണു്. പണത്തിനുണ്ടോ പഞ്ഞം?
പുതുക്കിയ വിദ്യാഭ്യാസ നിയമം നടപ്പാക്കരുതെന്നു് 1959 മാർച്ച് 3-നു് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ സർക്കാറിനോടു് ആവശ്യപ്പെട്ടു. വരുന്ന ഇടവം 15-നു് സംസ്ഥാനത്തെ ഒരൊറ്റ സ്വകാര്യവിദ്യാലയവും തുറക്കുകയില്ലെന്നു് മന്നത്തപ്പൻ പ്രഖ്യാപിച്ചു. ഏപ്രിൽ 9-ാം തീയതി തിരുവനന്തപുരത്തു് നടത്തിയ പത്രസമ്മേളനത്തിൽ മന്നം വീണ്ടും ഗർജ്ജിച്ചു. കമ്യൂണിസ്റ്റുകാർക്കെതിരെ സന്ധിയില്ലാസമരം നടത്തും, ഏഴായിരം സ്വകാര്യ സ്കൂളുകൾ പൂട്ടും!
ഏപ്രിൽ 13-നു് സർക്കാർ വിളിച്ചുകൂട്ടിയ സ്കൂൾ മാനേജർമാരുടെ യോഗം എൻ. എസ്. എസും പള്ളിക്കാരും ബഹിഷ്കരിച്ചു. അന്നു് വൈകീട്ടു് തിരുവല്ലയിൽ വമ്പിച്ച പൊതുയോഗത്തെ അഭിസംബോധന ചെയ്തു് മന്നം പ്രസംഗിച്ചു: കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ദിനങ്ങൾ എണ്ണപ്പെട്ടു. ഒരുമാസംകൊണ്ടു് നന്നായില്ലെങ്കിൽ പിന്നെ ചെങ്കൊടി അധികനാൾ പാറിപ്പറക്കുകയില്ല. ഏപ്രിൽ 25-നു് മന്നം ചങ്ങനാശ്ശേരി മെത്രാനുമായി കൂടിക്കാഴ്ച നടത്തി. അന്നുതന്നെ വിദ്യാഭ്യാസ നിയമത്തിനും പാഠപുസ്തകത്തിലെ കമ്യൂണിസ പ്രചാരണത്തിനുമെതിരായി പ്രക്ഷോഭണം നടത്താൻ ബിഷപ്പ് ഇടയലേഖനം പുറപ്പെടുവിച്ചു. ഏപ്രിൽ 27-നു് എല്ലാ കത്തോലിക്കാ രൂപതകളുടെയും പ്രതിനിധി യോഗം ചങ്ങനാശ്ശേരി എസ്. ബി. കോളേജിൽ മെത്രാൻ മാർ മാത്യു കാവുകാട്ടിന്റെ അധ്യക്ഷതയിൽ കൂടി. വിദ്യാഭ്യാസ നിയമം മാറ്റും വരെ സ്കൂൾ തുറക്കേണ്ടതില്ല എന്നു് നിശ്ചയിച്ചു. ഏപ്രിൽ 28-നു് കേരളത്തിലെത്തിയ എ. ഐ. സി. സി. അധ്യക്ഷ ഇന്ദിരാഗാന്ധി എരിതീയിൽ എണ്ണ പകർന്നു. ഇന്ത്യയോടോ ഇന്ത്യാക്കാരോടോ കൂറില്ലാത്തവരാണു് കമ്യൂണിസ്റ്റുകാർ. സ്കൂളടപ്പു് സമരം നടത്തുന്നതു് തെറ്റല്ല, സമരം സമാധാനപരമായിരിക്കണമെന്നുമാത്രം.
മെയ് 3-നു് കത്തോലിക്കർ പ്രാർത്ഥനാ ദിനമായി ആചരിച്ചു. അന്നു് വൈകീട്ടു് കോട്ടയത്തു് ഹിന്ദു-മുസ്ലിം-ക്രിസ്ത്യൻ ഐക്യമഹാ സമ്മേളനവും സമരപ്രഖ്യാപനവും നടന്നു. എല്ലാവരുംകൂടി യോജിച്ചു് കമ്യൂണിസ്റ്റുകരടിയെ പിടികൂടി വലിച്ചെറിയാൻ പോവുകയാണെന്നു് മന്നം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ നിയമം പിൻവലിക്കാതെ സ്കൂൾ തുറക്കുകയില്ലെന്നു് 16 കത്തോലിക്കാ മെത്രാന്മാർ ചേർന്നു് മെയ് 7-നു് ഇടയലേഖനം പുറപ്പെടുവിച്ചു. മെയ് 9-നു് കോൺഗ്രസ് പ്രവർത്തക സമിതി സമരത്തെ അനുകൂലിച്ചു. 13-ാം തീയതി തിരുവല്ലയിൽ ചേർന്ന മാർത്തോമാ സഭാ കൗൺസിൽ സമരം തുടങ്ങാൻ തീരുമാനിച്ചു. അന്നുതന്നെ സി. എസ്. ഐ. മധ്യകേരള മഹാഇടവകയും ഇതേ തീരുമാനം കൈക്കൊണ്ടു. മെത്രാൻ-ബാവാ കക്ഷികൾ തമ്മിലുള്ള വഴക്കു് മൂർധന്യത്തിൽ നിൽക്കുന്ന സമയമാണെങ്കിലും വിമോചന സമരത്തിൽ പങ്കുകൊള്ളാൻ ജൂൺ രണ്ടിനു് കോട്ടയം എം. ഡി. സെമിനാരി സ്കൂളിൽ ചേർന്ന മലങ്കര സഭയുടെ മാനേജിംഗ് കമ്മിറ്റി തീരുമാനിച്ചു.
ജൂൺ 12-നു് അഖിലകേരളാടിസ്ഥാനത്തിലുള്ള ഹർത്താലോടെ വിമോചന സമരം ആരംഭിച്ചു. അന്നേദിവസം ദീപിക വീണ്ടും മുഖപ്രസംഗം കോളം കാലിയാക്കിയിട്ടു. ജൂൺ 13-നു് അങ്കമാലിയിൽ വെടിപൊട്ടി. ഏഴു് കത്തോലിക്കർ പരലോകപ്രാപ്തരായി. പിന്നാലെ വെട്ടുകാട്ടും പുല്ലുവിളയിലും ചെറിയതുറയിലും വെടിവെപ്പുണ്ടായി. രക്തസാക്ഷികളുടെ എണ്ണം 15 ആയി. രക്തസാക്ഷി ഫ്ളോറിയെപ്പറ്റി സിസ്റ്റർ മേരി ബെനീഞ്ഞ കവിതയെഴുതി. ഫ്ളോറിയുടെ ഗർഭസ്ഥശിശുവിനായി മഹാകവി ശങ്കരക്കുറുപ്പ് ‘അന്ത്യമാല്യം’ ചമച്ചു.
വിമോചനസമരക്കാരുടെ അധിക്ഷേപത്തിനു് ഏറ്റവുമധികം ശരവ്യനായതു് മുണ്ടശ്ശേരിതന്നെ. “തണ്ടാ മണ്ടാ കണ്ടാങ്ക്രസ്സേ, കണ്ടാശ്ശാങ്കടവിനു് പൊയ്ക്കൊള്ളു” എന്നതായിരുന്നു അക്കാലത്തെ ഏറ്റവും ജനപ്രിയ മുദ്രാവാക്യം. “മുണ്ടശ്ശേരിടെ മണ്ടയിലെന്താ ചകരിച്ചോറൊ ചാരായോ?” എന്നു് മറ്റൊന്നു്.
കേരളത്തിലെ സ്ഥിതിഗതികൾ നേരിട്ടു് കണ്ടുമനസ്സിലാക്കാനായി ജൂൺ 22-നു് പ്രധാനമന്ത്രി നെഹ്റു തിരുവനന്തപുരത്തെത്തി. നെഹ്റുവിനെ മുന്നിൽക്കണ്ടു് മലയാള മനോരമ ജൂൺ 24-നു് ഇംഗ്ലീഷിൽ മുഖപ്രസംഗം എഴുതി—kerala agitation and constitution എന്ന ശീർഷകത്തിൽ. കമ്യൂണിസ്റ്റ് സർക്കാറിന്റെ കൊള്ളരുതായ്മകൾ എണ്ണിപ്പറഞ്ഞ ശേഷം മൂന്നുവർഷം കൂടി ഭരണം നീണ്ടുനിന്നാലുണ്ടാക്കാവുന്ന ഭവിഷ്യത്തുകൾ അക്കമിട്ടു പറഞ്ഞു:
- ജനങ്ങളിൽ അസ്വസ്ഥത പടരും; നല്ലവയോടൊക്കെ വിരക്തിയുണ്ടാകും.
- വരാനിരിക്കുന്ന മൂന്നുവർഷംകൊണ്ടു് പ്രധാന തസ്തികകളിലൊക്കെ സഖാക്കൾ നുഴഞ്ഞുകയറും.
- ഭീഷണി നീണ്ടുനിൽക്കുന്നതുകൊണ്ടു് ജനങ്ങൾ ഇഷ്ടത്തിനു് വിപരീതമായി പോലും കമ്യൂണിസം സ്വീകരിക്കാൻ നിർബന്ധിതരാകും.
- വോട്ടർപട്ടിക താറുമാറാക്കുകയാൽ അടുത്ത പൊതുതെരഞ്ഞെടുപ്പു് പ്രഹസനമായി മാറും.
- പാർട്ടിയുടെ വമ്പൻ ധനശേഖരണം നിമിത്തം അഖിലേന്ത്യാ തലത്തിൽ കമ്യൂണിസ്റ്റുകൾക്കു് പ്രചാരണത്തിനു് പണം ലഭ്യമാകും.
- ഇപ്പോൾ ശക്തമായിരിക്കുന്ന ധാർമികവും ആത്മീയവുമായ മൂല്യങ്ങൾ മൂന്നുവർഷത്തിനുശേഷം ഉണ്ടാക്കിയെടുക്കാൻ സാധ്യമായി എന്നുവരില്ല.
മനോരമയുടെ അപേക്ഷ കേട്ടു് കരളലിഞ്ഞിട്ടോ എന്തോ 1959 ജൂലൈ 31-നു് ഇ. എം. എസ്. മന്ത്രിസഭയെ ഡിസ്മിസ് ചെയ്തു. ആനന്ദതുന്ദിലരായ സത്യക്രിസ്ത്യാനികൾ മന്ത്രിസഭയുടെ ശവപ്പെട്ടി ഉണ്ടാക്കി പുഴകളിലും കടലിലുമൊഴുക്കി: ഇ. എം. എസ്സേ മുങ്ങിക്കോ, റഷ്യൻ കടലിൽ പൊങ്ങിക്കോ! 1959 ജൂലൈ 31-നു് എറണാകുളം അതിരൂപതാ കച്ചേരിയിൽനിന്നു് വികാരി ജനറാൾ അറിയിച്ചതെന്തെന്നാൽ: “കേരളത്തിലെ അസ്വസ്ഥതകൾ നീങ്ങി സമാധാനം കൈവരുന്നതിനുവേണ്ടി ദിവസവും പരിശുദ്ധ കുർബാനയുടെ വാഴ്‌വും തിരുഹൃദയലുത്തിനിയായും നടത്തിവന്നിരുന്നല്ലോ. ആഗസ്റ്റ് 2-ാം തീയതി ഞായറാഴ്ച പരിശുദ്ധ കുർബാനയുടെ വാഴ്‌വു് സമയത്തു് ‘ലാക് ആലാഹാ’ പാടി പ്രസ്തുത പരിപാടി സമാപിപ്പിക്കേണ്ടതാണു്.”
1960-ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-ലീഗ്-പി. എസ്. പി മുന്നണി സഖാക്കളെ അമ്പേ പരാജയപ്പെടുത്തി. മണലൂർ നിയോജകമണ്ഡലത്തിൽ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി കോൺഗ്രസിലെ കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടി നോടു് തോറ്റു. നമ്പൂതിരിപ്പാടിനു് 30291 വോട്ട്, മുണ്ടശ്ശേരിക്കു് 27677. പിൽക്കാലത്തു് മലയാളമനോരമയുടെ റസിഡന്റ് എഡിറ്ററായ കെ. ആർ. ചുമ്മാറിനു് 296.
പട്ടംതാണുപിള്ള യുടെ സർക്കാർ വളരെ ചെറിയ ഒരു ശസ്ത്രക്രിയകൊണ്ടു് വിദ്യാഭ്യാസ നിയമത്തിലെ അപാകത പരിഹരിച്ചു. നിയമനാധികാരം മാനേജർക്കു് തിരിച്ചുകൊടുത്തു. അധ്യാപകരെ നിയമിക്കാനും കോഴ വാങ്ങാനും മാനേജർ, ശമ്പളം കൊടുക്കാൻ സർക്കാർ. ആഹാ, സുഖം!
മുണ്ടശ്ശേരിയെ സ്തുതിക്കുമ്പോൾ ജസ്റ്റിസ് തോമസ് തള്ളിപ്പറയുന്നതു് ആരെയൊക്കെയാണു്? കത്തോലിക്കാ തിരുസഭയെ, മാർത്തോമാ സഭാ കൗൺസിലിനെ, മന്നത്തു് പത്മനാഭനെ, പി. ടി. ചാക്കോ യെ. വൈകി വന്ന വിവേകത്തെ നാം അഭിനന്ദിക്കുക.
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.