അധ്വാനിക്കുന്നവരുടെയും ഭാരം ചുമക്കുന്നവരുടെയും അവസാനത്തെ ആശാകേന്ദ്രം കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്). പി. കൃഷ്ണപിള്ള യും ഇ. എം. എസ്. നമ്പൂതിരിപ്പാടും എ. കെ. ഗോപാലനു മൊക്കെ നട്ടുനനച്ചു വളർത്തിയ മഹാ വിപ്ലവപ്രസ്ഥാനം. കയ്യൂരെ കർഷകരുടെ, വയലാറിലെ തൊഴിലാളികളുടെ, കൂത്തുപറമ്പിലെ യുവാക്കളുടെ ചോരയാൽ നിറം പകർന്ന ചെങ്കൊടി. പാലൊറ മാതയുടെ പൈക്കിടാവിനെ വിറ്റ പൈസയും സഖാവു് ഇ. എം. എസി ന്റെ ഇല്ലം ഭാഗംവെച്ചു കിട്ടിയ സംഖ്യയുമൊക്കെ ചേർത്തു് പടുത്തുയർത്തിയ പാർട്ടി പത്രം—നേരു നേരത്തേ അറിയിക്കുന്ന ദേശാഭിമാനി.
നൂറു ശതമാനവും പാർട്ടിയുടെ മുതലാണു് ദേശാഭിമാനി. നിയമദൃഷ്ട്യാ സി. പി. എം. സംസ്ഥാന സെക്രട്ടറിയാണു് പത്രമുടമ. പ്രസാധകനും പത്രാധിപന്മാരുമൊക്കെ പാർട്ടിയുടെ മുതിർന്ന നേതാക്കൾ. ജീവനക്കാരിലധികവും പാർട്ടി അംഗങ്ങൾ, ബാക്കി അടുത്ത അനുഭാവികൾ. നിലവിൽ സ. ഇ. പി. ജയരാജനാ ണു് ദേശാഭിമാനി ജനറൽ മാനേജർ. പാർട്ടിയുടെ കേന്ദ്രകമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ എന്നിങ്ങനെ ഭാരിച്ച ചുമതലകൾ വഹിക്കുന്നയാളാണു് ജയരാജൻ.
ദേശാഭിമാനിയുടെ യഥാർഥ കൈകാര്യകർത്താവു് കെ. വേണുഗോപാൽ എന്നൊരു പുമാനാണു്. പാവങ്ങളുടെ പടത്തലവൻ എ. കെ. ജി.-യുടെ സഹോദരപുത്രൻ. ദേശാഭിമാനി പത്രാധിപരും രാജ്യസഭാംഗവുമായിരുന്ന കെ. മോഹനൻ, കൊച്ചി മേയറും ജി. സി. ഡി. എ. ചെയർമാനുമായിരുന്ന കെ. ബാലചന്ദ്രൻ എന്നിവർ വേണുവിന്റെ സ്യാലന്മാരാണു്. വളരെ അടുത്ത ബന്ധുവാണു് ദേശാഭിമാനി മുൻ ജനറൽ മാനേജർ പി. കരുണാകരൻ എം. പി. വിപ്ലവപത്രത്തിൽ ക്ലാർക്കായി ജോലിയിൽ പ്രവേശിച്ച വേണു കഠിനാധ്വാനവും ബന്ധുബലവും കൊണ്ടു് ഡപ്യൂട്ടി ജനറൽ മാനേജരായി ഉയർന്നു. സ്വാഭാവികമായും ശത്രുക്കൾ പെരുകി. ഇയാൾ കണ്ടമാനം പണമുണ്ടാക്കി സുഖലോലുപ ജീവിതം നയിക്കുന്നു എന്നു് അസൂയാലുക്കൾ പറഞ്ഞുപരത്തി. വേണു പിണറായി വിജയ ന്റെ അടുപ്പക്കാരനെന്നതുകൊണ്ടുമാത്രം ദേശാഭിമാനി സഖാക്കളിൽ ഏറിയ പങ്കും വി. എസ്. ഗ്രൂപ്പിൽ ചേക്കേറി. ഫോട്ടോഗ്രാഫർ പത്മകുമാറിനെയും സീനിയർ സബ് എഡിറ്റർ ഐ. വി. ബാബുവിനെയും പത്രത്തിൽനിന്നു പുകച്ചു പുറത്താക്കുന്നതിൽ വേണു നിസ്തുലമായ പങ്കാണു് വഹിച്ചതു്. ഐ. വി. ദാസിന്റെ മകൻ എന്ന പരിഗണനപോലും ബാബുവിനു കിട്ടിയില്ല. ഐ. വി. ബാബു മലയാളം വാരികയിൽ സിൻഡിക്കേറ്റ് ലേഖകനായി; പത്മകുമാർ അശ്വത്ഥാമാവായി കൊച്ചിയിൽ അലയുന്നു.
പ്രബലരായ ബന്ധുക്കളുടെയും അതിശക്തരായ പാർട്ടി നേതാക്കന്മാരുടെയും ബലത്തിൽ ദേശാഭിമാനിയിൽ രാജപ്രൗഢിയിൽ ഛത്രചാമര പരിവീജിതനായി കഴിയുന്ന വേണുഗോപാൽ ഇതാ, സി. പി. എമ്മിൽനിന്നു് പുറത്താക്കപ്പെട്ടിരിക്കുന്നു. പാർട്ടിക്കു് അപകീർത്തികരമായ സാമ്പത്തിക ഇടപാടുകൾ നടത്തി എന്നാണു് ഔദ്യോഗിക ഭാഷ്യം.
പതിനായിരക്കണക്കിനു് ഇടപാടുകാരെ വഞ്ചിച്ചു് കോടിക്കണക്കിനു് രൂപ തട്ടിച്ച ‘ലിസ്’ എന്ന പണമിടപാടു് സ്ഥാപനത്തിൽനിന്നു് സഖാവു് വേണുഗോപാൽ ഒരു കോടി രൂപ കൈപറ്റിയെന്നാണു് സിൻഡിക്കേറ്റ് പത്രങ്ങൾ പ്രചരിപ്പിക്കുന്നതു്. സത്യമെന്തെന്നു് വേണുവിനും പാർട്ടിക്കും പടച്ചവനും മാത്രമറിയാം. ഏതായാലും പാർട്ടിയാകട്ടെ, വേണുവാകട്ടെ, ലിസിന്റെ മുതലാളിമാരാകട്ടെ ഈ ആരോപണം നിഷേധിച്ചിട്ടില്ല.
വേണുഗോപാൽ ബലിയാടാക്കപ്പെട്ടെന്നാണു് മാതൃഭൂമി പത്രം മാറത്തടിച്ചു പറയുന്നതു്. ലിസിനെതിരായ ക്രിമിനൽ കേസൊതുക്കാൻ പാർട്ടിയുടെ ഔദ്യോഗിക നേതൃത്വം ആവശ്യപ്പെട്ടതു് മൂന്നുകോടി, അഡ്വാൻസ് വാങ്ങിയതു് ഒരു കോടി; ഇടനില നിന്നതു് എറണാകുളത്തെ പ്രശസ്ത സി. പി. എം. അഭിഭാഷകൻ എന്നാണു് മാതൃഭൂമി ഭാഷ്യം. അന്വേഷണച്ചുമതലയിൽനിന്നു് ഐ. ജി. സെൻകുമാറി നെ ഒഴിവാക്കി, സബ് ഇൻസ്പെക്ടറെ കോടതിവരാന്തയിലിട്ടു് മർദ്ദിച്ചു, ചീഫ് ജസ്റ്റിസ് വി. കെ. ബാലി ഇടപെട്ടാണു് കേസിനു് ജീവൻ വെപ്പിച്ചതു്, ഇപ്പോൾ അന്വേഷണമേ നടക്കുന്നില്ല എന്നിങ്ങനെ നീളുന്നു, മാതൃഭൂമി വാർത്തകൾ.
പൊതു തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണി ഫലം പ്രഖ്യാപിക്കുന്നതിന്റെ തൊട്ടുതലേ ദിവസം, 2006 മേയ് 10-നാണു് ഐ. ജി. സെൻകുമാറും സംഘവും ലിസിന്റെ ഓഫീസും ശാഖകളും റെയ്ഡ് ചെയ്തതു്. മുത്തൂറ്റുകാരെ സഹായിക്കാൻ ഉമ്മൻചാണ്ടി ചെയ്യിച്ചതാണെന്നു് ദോഷൈകദൃക്കുകൾ കുറ്റപ്പെടുത്തി. കേസ് റജിസ്റ്റർ ചെയ്തു് അന്വേഷണം തുടങ്ങിയെങ്കിലും ഏറേക്കഴിയും മുമ്പു് സെൻകുമാർ തെറിച്ചു. ദർഭേ, കുശേ, ഞാങ്ങണേ, വൈക്കോലേ ന്യായപ്രകാരം ഐ. ജി., ഡി. വൈ. എസ്. പി., എസ്. ഐ. എന്ന ക്രമത്തിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ റാങ്ക് താണു താണു വന്നു. ആഭ്യന്തര വകുപ്പു് മുഖ്യമന്ത്രിയെ ഏൽപിക്കാഞ്ഞതിന്റെ രഹസ്യം പുറത്തായി. മുഴുവൻ സമയ പോലീസ് മന്ത്രിയുണ്ടെങ്കിൽ ഇത്തരം കേസുകളിൽ കൂടുതൽ ശ്രദ്ധ ചെലുത്താം. പ്രതികളെ കടുത്ത ശിക്ഷക്കു വിധേയരാക്കാം.
അഡ്വ. എം. കെ. ദാമോദരൻ ഹൈക്കോടതിയിൽ ലിസിനുവേണ്ടി ഹാജരാകാൻ തുടങ്ങിയപ്പോൾ കേസിന്റെ ഗതി വ്യക്തമായി. മൂന്നാം നായനാർ സർക്കാറിന്റെ കാലത്തു് (1996–01) അഡ്വക്കറ്റ് ജനറലായിരുന്നയാളാണു് സഖാവു് ദമോദരൻ, അതി പ്രഗല്ഭ ക്രിമിനൽ അഭിഭാഷകൻ, ഭരണഘടനാ പാരംഗതൻ. ഐസ്ക്രീം പാർലർ പെൺവാണിഭക്കേസിൽ കല്ലട സുകുമാരന്റെ അഭിപ്രായം തൃണവൽഗണിച്ചു് ജനാബ് കുഞ്ഞാലിക്കുട്ടി യെ പ്രതിസ്ഥാനത്തു നിന്നു് ഒഴിവാക്കാൻ ധൈര്യപ്പെട്ട മഹാൻ. കണ്ണൂർ ലോബിയുടെ കണ്ണിലുണ്ണി (സ്വാഭാവികമായും വി. എസ്. വിഭാഗത്തിനു കണ്ടുകൂടാത്തയാൾ). ലാവ്ലിൻ കേസിൽ പിണറായി യുടെയും കോടതിയലക്ഷ്യക്കേസിൽ പാലൊളി യുടെയും അഭിഭാഷകനായിരുന്നു. സംഗതിവശാൽ മുരിങ്ങൂർ ധ്യാനകേന്ദ്രത്തിന്റെയും ലിസിന്റെയും മൂന്നാറിൽ ഒഴിപ്പിക്കൽ നടപടി നേരിടുന്ന അബാദ് ഗ്രൂപ്പിന്റെയും അഭിഭാഷകൻ.
സ്റ്റേറ്റ് പ്രോസിക്യൂട്ടറോ മറ്റേതെങ്കിലും സാദാ പ്രോസിക്യൂട്ടറോ ആണു് ലിസിന്റെ കേസിൽ ഹാജരാകേണ്ടിയിരുന്നതു്. പി. ജി. തമ്പി യാണു് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ്. ഒന്നാം തരം ക്രിമിനൽ വക്കീൽ. ബാർ കൗൺസിലിന്റെയും ബാർ ഫെഡറേഷന്റെയും ചെയർമാൻ. സിനിമാഗാന മഹാകവി ശ്രീകുമാരൻ തമ്പിയുടെ ജ്യേഷ്ഠ സഹോദരനാണു്. 1982-ൽ ഹരിപ്പാട്ടു മൽസരിച്ചു് രമേശ് ചെന്നിത്തല യോടു് തോറ്റയാളും. വി. കെ. മോഹനനാണു് അഡീഷനൽ ഡി. ജി. പി. പഴയ എസ്. എഫ്. ഐ. നേതാവും എം. കെ. ദാമോദരന്റെ മുൻകാലശിഷ്യനുമാണു് മോഹനൻ.
ലിസിന്റെ ഹർജിയെക്കുറിച്ചു് ചാരചക്ഷുസ്സുകളിൽനിന്നറിഞ്ഞു് അച്യുതാനന്ദൻ ഇടപെട്ടു: കേസുകെട്ടെടുത്തു് അഡീഷനൽ അഡ്വക്കറ്റ് ജനറലിനെ ഏൽപിച്ചു. പ്രലോഭനത്തിനോ സമ്മർദത്തിനോ വഴങ്ങാത്ത ഖലനായകനാണു് വെങ്ങാനൂർ ചന്ദ്രശേഖരൻ നായർ. മുരത്ത സി. പി. ഐ.-ക്കാരനും. ജസ്റ്റിസ് കെ. തങ്കപ്പൻ എന്ന നീതിമാന്റെ മുന്നിൽ വാദം പുരോഗമിക്കവേ, അടുത്ത വെള്ളിടി. ചീഫ് ജസ്റ്റിസ് വിനോദ്കുമാർ ബാലി ഇടപെട്ടു് ലിസിന്റെ ഹർജി ജസ്റ്റിസ് ആർ. ബസന്തിന്റെ ബഞ്ചിലേക്കു് മാറ്റി.
അന്ത്യവിധിവരെ കാത്തിരിക്കാതെ ലിസിന്റെ ഉടമകൾ കൊടുത്ത കാശു് തിരിച്ചു ചോദിച്ചതു സ്വാഭാവികം. ഇരുമ്പു കുടിച്ച വെള്ളമുണ്ടോ തിരികെ കിട്ടുന്നു? പാർട്ടിയിൽ പരാതിയായപ്പോൾ വേണുവിനെ കുരുതികൊടുത്തു് മേലാളന്മാർ കൈകഴുകി. കെ. വേണുഗോപാലിനെ പുറത്താക്കിയതോടെ പ്രശ്നം അവസാനിച്ചു എന്നാണു് പാർട്ടിയുടെ നിലപാടു്. കുറ്റക്കാരനെ കണ്ടെത്തി നടപടിയെടുത്ത സി. പി. എം. സംസ്ഥാന നേതൃത്വത്തെ അഭിനന്ദിക്കുകയാണു് വേണ്ടതെന്നു് ജൂൺ 28-നു് ദീപിക മുഖപ്രസംഗമെഴുതി. അതേ അഭിപ്രായമാണു് പാർട്ടി പത്രത്തിൽ സഖാവു് ദക്ഷിണാമൂർത്തി എഴുതിയ ലേഖനത്തിലും പ്രകടമാകുന്നതു്. ദീപികക്കും ദേശാഭിമാനിക്കും ഒരു ഹൃദയം, ഒരു മാനസം.
ബൂർഷ്വാപത്രങ്ങൾ പക്ഷേ, അടങ്ങിയിരിക്കുന്നില്ല. മകാരത്തിൽ തുടങ്ങുന്ന നാലു മലയാള പത്രങ്ങൾ—മാതൃഭൂമി, മാധ്യമം, മനോരമ, മംഗളം—നിരവധി ചോദ്യങ്ങൾ ഉന്നയിക്കുന്നു. ഇന്ത്യാവിഷൻ, ഏഷ്യാനെറ്റ്, മനോരമ ചാനലുകളും മോശമല്ല. കേരളകൗമുദി മാധ്യമസിൻഡിക്കേറ്റിൽനിന്നു പിന്മാറിയിരിക്കുന്നു. കാരണം അവ്യക്തം.
കേവലം ഒരു ലോക്കൽ കമ്മിറ്റി മെമ്പറായ വേണുഗോപാലിനു് ആരെങ്കിലും ഒരുകോടി കൊടുക്കുമോ എന്നാണു് മാധ്യമങ്ങളും പ്രതിപക്ഷക്കാരും ചോദിക്കുന്നതു്. അങ്ങനെയെങ്കിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്കു് എത്രകിട്ടും? സെക്രട്ടറിയറ്റ് അംഗങ്ങൾക്കു്, കേന്ദ്രകമ്മിറ്റിക്കാർക്കു്, പോളിറ്റ് ബ്യൂറോ മെമ്പർമാർക്കു് എത്രയെത്ര വീതം?
മറ്റു ചില പത്രങ്ങൾ അവകാശപ്പെടുന്നതുപോലെ സർവതന്ത്ര സ്വതന്ത്രമായ ഒരു സ്ഥാപനമല്ല, ദേശാഭിമാനി. പാർട്ടി അംഗമല്ലാത്തയാൾക്കു് പത്രത്തിൽ ജോലി ചെയ്യാം. പക്ഷേ, പാർട്ടിയിൽ നിന്നു് പുറത്താക്കപ്പെട്ടയാൾക്കു് ദേശാഭിമാനിയിൽ തുടരാനാവില്ല. അപ്പുക്കുട്ടൻ വള്ളിക്കുന്നി ന്റെ പ്രശ്നത്തിൽ അന്നത്തെ ജനറൽ മാനേജർ പി. കരുണാകരൻ വ്യക്തമാക്കിയ നിലപാടാണിതു്. അപ്പുക്കുട്ടനെ പുറത്താക്കിയതു് തെറ്റാണെന്നും പാർട്ടിയിൽ തിരിച്ചെടുക്കണമെന്നും സമർ മുഖർജി അധ്യക്ഷനായ കേന്ദ്ര കൺട്രോൾ കമീഷൻ വിധിച്ച ശേഷമാണു് കരുണാകരൻ സഖാവിന്റെ നയപ്രഖ്യാപനം എന്നതും ശ്രദ്ധേയം. വിവാദപരമായ പണമിടപാടു് വേണുഗോപാൽ സമ്മതിച്ചിട്ടുണ്ടു്. പാർട്ടിക്കു് അപകീർത്തിയുണ്ടാക്കി എന്നു കണ്ടെത്തി ലോക്കൽ കമ്മിറ്റി വേണുവിനെ പുറത്താക്കാൻ തീരുമാനിച്ചു. സ്റ്റേറ്റ് സെക്രട്ടേറിയറ്റ് അതംഗീകരിച്ചു. പുറത്താക്കൽ പൂർത്തിയായി. ഇതൊക്കെ കഴിഞ്ഞിട്ടും കെ. വേണുഗോപാൽ ദേശാഭിമാനിയിൽ ഡപ്യൂട്ടി ജനറൽ മാനേജരായി പരിലസിക്കുന്നു! അതാണു് സഖാവു് പിണറായി വിജയൻ പണ്ടുപറഞ്ഞതു്; ഈ പാർട്ടിയെപ്പറ്റി നമുക്കാർക്കും ഒരു ചുക്കും അറിയില്ല.
ഏതേതു് കേസ് ഒതുക്കണം, ആരെ ഇടനിലക്കാരനാക്കണം, എത്ര കോടി വാങ്ങണം, അതു് ആർക്കൊക്കെയായി വീതിക്കണം, പിടിക്കപ്പെട്ടാൽ ആരെ പുറത്താക്കണം, ആരെയൊക്കെ നിലനിറുത്തണം എന്നീ കാര്യങ്ങൾ പാർട്ടി തീരുമാനിക്കും. അതൊക്കെ പാർട്ടിയുടെ ആഭ്യന്തര കാര്യമാണു്. പാർട്ടിക്കു മീതെ പരുന്തും പറക്കില്ല. പാർട്ടി നേതൃത്വത്തിന്റെ സത്യസന്ധതയെ, തത്ത്വദീക്ഷയെ, നീതിബോധത്തെ നമ്മളൊക്കെ സ്തുതിക്കണം. ഓം ഹിരണ്യായ നമഃ എന്നു് ദിനംപ്രതി നൂറ്റൊന്നുരു ജപിക്കണം.
ദീപികയുടെയും ദേശാഭിമാനിയുടെയും ഭാഷ്യം തൊണ്ട തൊടാതെ വിഴുങ്ങാമെന്നു കരുതുമ്പോഴേക്കും അടുത്ത ബോംബ് ! ലോട്ടറി രാജാവു് സാന്റിയാഗോ മാർട്ടിനിൽനിന്നു് ദേശാഭിമാനി രണ്ടു കോടി കൈപ്പറ്റിയതിന്റെ രേഖ മാതൃഭൂമിയുടെ ഒന്നാം പേജിൽ. അതോടൊപ്പം അന്യസംസ്ഥാന ലോട്ടറികളിൽ നിന്നു് പിരിഞ്ഞുകിട്ടാനുള്ള കോടികളുടെ കണക്കും, ലോട്ടറി കേസുകളിൽ സർക്കാർ ഭാഗം നിരന്തരം തോൽക്കുന്നതിന്റെ വിശദാംശങ്ങളും.
പാർട്ടിയും പത്രവും വാർത്ത നിഷേധിക്കും, രേഖ വ്യാജമെന്നു കുറ്റപ്പെടുത്തും എന്നു കരുതിയവർക്കു തെറ്റി. പണം വാങ്ങിയതു് ദേശാഭിമാനി വികസന ബോണ്ടിലേക്കാണെന്നും പാർട്ടി ബന്ധുക്കളിൽനിന്നു് പണം സ്വീകരിക്കുക പതിവുണ്ടെന്നും സ. ഇ. പി. ജയരാജൻ വിശദീകരിച്ചപ്പോൾ കൂടുതൽ ചോദ്യങ്ങൾ ഉയർന്നു: ബോണ്ടിറക്കാൻ കമ്പനി റജിസ്ട്രാറിൽനിന്നു് അനുവാദം വാങ്ങിയിട്ടുണ്ടോ? നടപടിക്രമം പാലിച്ചിട്ടുണ്ടോ? മാർട്ടിൻ എന്നു മുതല്കാണു് പാർട്ടിയുടെ ബന്ധുവായതു്? തമിഴ്‌നാട് സർക്കാർ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതിനാൽ ഒളിവിൽ കഴിയുകയാണു് മാർട്ടിൻ എന്നറിയാമോ?
അപ്പോൾ ജയരാജൻ ചുവടുമാറ്റി. ബോണ്ടോ? ഏതു് ബോണ്ട്? എവിടത്തെ ബോണ്ട്? വൈകിട്ടു് ചായക്കു പലഹാരം ബോണ്ടയെന്നാണു് ഞാൻ പറഞ്ഞതു്? പത്രക്കാർ തെറ്റായി റിപ്പോർട്ട് ചെയ്തതാണു്? ദേശാഭിമാനി ബോണ്ടേ ഇറക്കിയിട്ടില്ല.
സ. ജയരാജന്റെ തലേ ദിവസത്തെ പ്രസ്താവനയുടെ ചുവടു പിടിച്ചു് ജൂൺ 29-നു് മുഖപ്രസംഗമെഴുതിയ ദേശാഭിമാനി ഷൾഗവ്യത്തിലായി. മാർട്ടിൻ ബോണ്ടു വാങ്ങിയെന്നും ബോണ്ടിലൂടെ പണം വാങ്ങുന്നതിൽ യാതൊരു തെറ്റുമില്ലെന്നുമായിരുന്നു. എഡിറ്റോറിയൽ. കൂട്ടത്തിൽ മാധ്യമഭീകരതയെപ്പറ്റി ചില നല്ല വാക്കുകളും.
അസംബ്ലിയിൽ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ സബ്മിഷനു് മറുപടി പറയാതെ വി. എസ്. തടിയൂരി. സഖാവു് പി. ജയരാജൻ മാതൃഭൂമി മഞ്ഞപ്പത്രമാണെന്നു വെളിപ്പെടുത്തി. മഞ്ഞപ്പത്രം, നീലപ്പത്രം, മാധ്യമ സിൻഡിക്കേറ്റ്, എംബഡഡ് ജേണലിസം, മാധ്യമ ചെറ്റത്തരം, പിതൃശൂന്യപത്രപ്രവർത്തനം എന്നിങ്ങനെയുള്ള സുന്ദരപദങ്ങളെല്ലാം പ്രയോഗിച്ചിട്ടും സഖാക്കളുടെ സംശയം തീർന്നില്ല. ശ്രേയാംസ്കുമാർ ഭൂമി കൈയേറി, വീരേന്ദ്രകുമാർ കൈയേറി, പത്മപ്രഭ കൈയേറി, കൃഷ്ണ ഗൗണ്ടർ കൈയേറി എന്നൊക്കെ ദേശാഭിമാനി ആവർത്തിച്ചു പറഞ്ഞിട്ടും ഫലം നാസ്തി.
പരസ്യക്കൂലിയിനത്തിൽ രണ്ടുകോടി മുൻകൂർ കൈപ്പറ്റിയതാണെന്നു് പിന്നീടു് വിശദീകരണം വന്നു. എങ്കിലതിനെ എന്തിനു ഡവലപ്മെന്റ് ബോണ്ട് എന്നു് വിശേഷിപ്പിച്ചു? പരസ്യക്കൂലി പലിശയടക്കം തിരിച്ചു കൊടുക്കുമെന്നു് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? നിയമസഭയിൽ ബഹളം, ഇറങ്ങിപ്പോക്കു്. പരമരഹസ്യമായ രേഖ മാതൃഭൂമിക്കെവിടെ നിന്നു കിട്ടിയെന്നു മാത്രം ആരും ചോദിച്ചില്ല. ഒളിവിൽ കഴിയുന്ന സാന്റിയാഗോ മാർട്ടിൻ പെരുന്താന്നിയിൽ പത്രമാപ്പീസിലെത്തിച്ചു കൊടുക്കുകയായിരുന്നോ? അതോ പാർട്ടി സമ്മേളനങ്ങൾ ആരംഭിക്കാനിരിക്കെ വിജയ-ജയരാജന്മാരെ ഒതുക്കാൻ വിരുദ്ധഗ്രൂപ്പുകാർ കളിച്ചതാണോ? ഇതിന്റെ ഉത്തരവാദിത്തവും ഒടുവിൽ ഷാജഹാന്റെ തലയിൽ പതിക്കുമെന്നുറപ്പാണു്.
ജൂൺ 30-നു് സി. പി. എം. സംസ്ഥാനക്കമ്മിറ്റിയിൽ പിണറായി വിജയനും ജയരാജനും ഒറ്റപ്പെട്ടു. സാന്റിയാഗോ മാർട്ടിൻ ഇടതു പക്ഷ ചിന്താഗതിക്കാരനും പാർട്ടി ബന്ധുവുമാണെന്നു് ഇരുവരും ആണയിട്ടു പറഞ്ഞിട്ടും അഖിലേന്ത്യാ സെക്രട്ടറിക്കു ബോധ്യപ്പെട്ടില്ല. കാരാട്ടിനെക്കണ്ടപ്പോൾ സഖാക്കൾ മിക്കവരും കവാത്തു മറന്നു. ഒടുവിൽ പണം തിരിച്ചുകൊടുക്കാൻ തീരുമാനിച്ചു. സി. പി. എമ്മിനെതിരെ അടിസ്ഥാനരഹിതമായ അധിക്ഷേപം ചൊരിയുവാൻ ഈ സംഭവത്തെ ദുരുപയോഗപ്പെടുത്തുന്നവരുടെ നിഗൂഢലക്ഷ്യങ്ങൾ പാർട്ടിയുടെ അഭ്യുദയകാംക്ഷികളും ബന്ധുക്കളും തിരിച്ചറിയുമെന്നു് സംസ്ഥാന കമ്മിറ്റി പ്രത്യാശ പ്രകടിപ്പിച്ചു.
പരസ്യക്കാരിൽനിന്നു മുൻകൂർ നിക്ഷേപം സ്വീകരിക്കുന്നതിലും അതു പലിശയടക്കം തിരിച്ചുനൽകുന്നതിലും യാതൊരു അപാകതയുമില്ലെന്നു് സംസ്ഥാന കമ്മിറ്റി ആവർത്തിച്ചുപറയുന്നു. എങ്കിൽപിന്നെ എന്തിനു സംഖ്യ തിരിച്ചുകൊടുക്കുന്നു? തെറ്റായ ഒരു ബാധ്യതയും വരുത്താത്ത സുതാര്യമായ പദ്ധതി ജനങ്ങൾക്കു ബോധ്യപ്പെടുത്താൻ പാർട്ടിക്കു സ്വന്തം പത്രവും ചാനലുകളുമുണ്ടല്ലോ? പി. എം. മനോജും ആർ. എസ്. ബാബുവും മുതൽ ഗോവിന്ദപിള്ള യും കുഞ്ഞമ്മദും വരെ എത്ര പ്രതിഭാശാലികൾ പേനയുമേന്തി നിൽക്കുന്നു. സഖാവു് പിണറായി യുടെ ആജ്ഞാനുവർത്തികളായി.
മാർട്ടിന്റെ പണം തിരിച്ചുകൊടുക്കുന്നതോടെ പാപം തീർന്നുവെന്നു് ദീപികയും ദേശാഭിമാനിയും വ്യാഖ്യാനിക്കും. പതിനെട്ടര ലക്ഷം മുടക്കി മോടി കൂട്ടിയ മൻമോഹൻ ബംഗ്ലാവിൽനിന്നു് മാറിത്താമസിച്ചതോടെ കോടിയേരി ബാലകൃഷ്ണൻ ശുദ്ധനായപോലെ. കൊന്നാൽ പാപം തിന്നാൽ തീരും, വാങ്ങിയ പാപം തിരിച്ചുകൊടുത്താലും.
ഒളിവിൽ കഴിയുന്ന പാർട്ടി ബന്ധുവിനെ എങ്ങനെ കണ്ടെത്തി പണം തിരിച്ചുകൊടുക്കുമെന്നാണു് അടുത്ത പ്രശ്നം. അദ്ദേഹം പുറത്തുവരും വരെ, അല്ലെങ്കിൽ പോലീസ് പിടികൂടും വരെ കാത്തിരിക്കുകയേ തരമുള്ളൂ. രണ്ടുകോടി തിരിച്ചുവാങ്ങാൻ സഖാവു് സാന്റിയാഗോ വിസമ്മതിച്ചാൽ, വിജയേട്ടാ, ദേശാഭിമാനി നിലനിൽക്കേണ്ടതു് ഇന്നാട്ടിലെ പട്ടിണിപ്പാവങ്ങളുടെ ആവശ്യമാണു്, മടക്കിവാങ്ങാൻ പറയരുതു് എന്നു ശഠിച്ചാൽ സംഗതി പിന്നെയും കുഴയും.
മാർട്ടിൻ സഖാവിന്റെ രണ്ടുകോടി എവിടെനിന്നെടുത്തു കൊടുക്കുമെന്നാണു് അടുത്ത പ്രശ്നം. മാർട്ടിൻഫണ്ടിലേക്കു് ബക്കറ്റു പിരിവു നടത്താം, അല്ലെങ്കിൽ മറ്റേതെങ്കിലും ഉദാരമതിയെ കണ്ടെത്താം. ഒരു കുഴിമൂടാൻ മറ്റൊരു കുഴികുത്താം, അതുമൂടാൻ മൂന്നാമതൊന്നു് എന്ന പഴയ മുല്ലാക്കഥ ഓർമിക്കുക.
അഖിലേന്ത്യാ സെക്രട്ടറി എന്തുതന്നെ പറഞ്ഞാലും മാർട്ടിനു് പണം തിരിച്ചുകൊടുക്കുന്നതു് ആത്മഹത്യാപരമായിരിക്കും. അതു് തികച്ചും തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കും. ഇതേ മാനദണ്ഡമനുസരിച്ചാണെങ്കിൽ ലിസിന്റെ പി. വി. ചാക്കോക്കു് ഒരു കോടി തിരിച്ചുകൊടുക്കണ്ടേ? മുരിങ്ങൂർ ധ്യാനകേന്ദ്രത്തിൽനിന്നു കൈപ്പറ്റിയതും അബ്ദുൽ വഹാബ്, ഗൾഫാർ മുഹമ്മദാലി, ക്യാപ്റ്റൻ കൃഷ്ണൻ നായർ, ചാക്കു രാധകൃഷ്ണൻ, മണിച്ചൻ മുതലായ ഉദാരമതികളിൽ നിന്നു പലപ്പോഴായി വസൂലാക്കിയതും എസ്. എൻ. സി. ലാവലിൻ തന്നതും തിരിച്ചുകൊടുക്കേണ്ടിവരും. സംസ്ഥാനത്തെ മൊത്തം ബക്കറ്റുകളും ഉപയോഗിച്ചു പിരിച്ചാലും ബാധ്യത ബാക്കി നിൽക്കും.
പാലൊറ മാതയുടെ പൈക്കിടാവിനെക്കൊണ്ടൊന്നും ഇനിയുള്ള കാലം ദേശാഭിമാനി നടന്നുപോകില്ല. ഇല്ലംവിറ്റു് പാർട്ടിയെ പോറ്റാൻ ത്രാണിയുള്ള നേതാക്കളുമില്ല. പാർട്ടിയെ വിറ്റു് കുടുംബം പോറ്റുന്നവരാണു് ഏറിയകൂറും. പത്രം നിലനിൽക്കണമെങ്കിൽ മാർട്ടിനെപ്പോലുള്ള ഉദാരമതികൾ വേണം, വേണുഗോപാലിനെപ്പോലുള്ള ഉദ്യോഗസ്ഥരും.
മധുവ്രതത്തിനു മടുമലർ വേണം
മനംകുളിർപ്പിക്കാൻ,
മലർന്ന പൂവിനു വണ്ടും വേണം
മണ്ണിതു വിണ്ണാകാൻ!
കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ന്റെ വർഗ സ്വഭാവത്തെക്കുറിച്ചു് ഇനിയാർക്കും ഒരു സംശയവും വേണ്ട. പണക്കാർക്കുവേണ്ടി നിലകൊള്ളുന്ന പട്ടിണിപ്പാവങ്ങളുടെ പാർട്ടി. പട്ടിണിപാവങ്ങൾക്കു വേണ്ടി, പാവങ്ങൾ പാർട്ടിക്കുവേണ്ടി, പാർട്ടി നേതാക്കൾക്കുവേണ്ടി, നേതാക്കൾ പണത്തിനും പണക്കാർക്കും വേണ്ടി, പണക്കാരുടെ പടത്തലവനു് വിപ്ലവാഭിവാദനങ്ങൾ! രക്തസാക്ഷികൾ സിന്ദാബാദ്, രക്തപതാക സിന്ദാബാദ്, രക്തപതാകത്തണലിൽ വിരിയും സിക്കിം ലോട്ടറി സിന്ദാബാദ്!
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.