1977 ഡിസംബർ 19. മലപ്പുറം നിയോജക മണ്ഡലത്തിൽനിന്നു് സി. എച്ച്. മുഹമ്മദ്കോയ നിയമസഭയിലേക്കു് തെരഞ്ഞെടുക്കപ്പെട്ടതു് ഹൈക്കോടതി റദ്ദാക്കി. മതവികാരം ആളിക്കത്തിച്ചാണു് സി. എച്ച്. വോട്ട് പിടിച്ചതെന്നു് ജസ്റ്റിസ് എൻ. ഡി. പി. നമ്പൂതിരിപ്പാടു് കണ്ടെത്തി. കോടതിവിധിയെത്തുടർന്നു് കോയ മന്ത്രിപദം രാജിവെച്ചു. തൽസ്ഥാനത്തു് മുസ്ലിംലീഗ് യു. എ. ബീരാനെ വിദ്യാഭ്യാസമന്ത്രിയായി നിയോഗിച്ചു. 1976 സെപ്റ്റംബർ 12-നു് സുപ്രീംകോടതി സി. എച്ചിന്റെ അപ്പീൽ അനുവദിച്ചു. ഹൈക്കോടതിവിധി അസ്ഥിരപ്പെടുത്തി. അൽപം മനോവിഷമത്തോടെയാണെങ്കിലും ഒക്ടോബർ മൂന്നിനു് ബീരാൻ രാജി കൊടുത്തു. പിറ്റേന്നു് മുഹമ്മദ്കോയ വീണ്ടും അധികാരമേറ്റു. ബീരാൻ എം. എൽ. എയായി, അച്ചടക്കമുള്ള മുസ്ലിംലീഗുകാരനായി തുടർന്നു. പിന്നെ പാർട്ടി അധികാരത്തിൽ വന്ന 1982-ൽ അദ്ദേഹത്തെ ഭക്ഷ്യ-സിവിൽസപ്ലൈസ് മന്ത്രിയാക്കി എന്നാണു് ചരിത്രം.
1977–79 കാലത്തു് കേരള കോൺഗ്രസിനു് മൂന്നു് മന്ത്രിമാരാണു് ഉണ്ടായിരുന്നതു്. കത്തോലിക്കൻ, അകത്തോലിക്കൻ, നായർ എന്നാണു് പാർട്ടിയിലെ കമ്യൂണൽ റൊട്ടേഷൻ. മന്ത്രിമാർ യഥാക്രമം—കെ. എം. മാണി, ഇ. ജോൺ ജേക്കബ്, കെ. നാരായണക്കുറുപ്പ്. സി. എച്ചിനു് തൊട്ടുപിന്നാലെ (1977 ഡിസംബർ 21) ഹൈക്കോടതി മാണിയുടെ തെരഞ്ഞെടുപ്പും അസാധുവാക്കി. കോയ രാജിവെച്ച സ്ഥിതിക്കു് മാണിക്കു് മറ്റു നിവൃത്തിയില്ല. പോരാത്തതിനു് ആദർശത്തിന്റെ ഹെഡ് ഓഫീസായി (അന്നും ഇന്നും) പരിലസിക്കുന്ന എ. കെ. ആന്റണി യാണു് മുഖ്യമന്ത്രി. ഡിസംബർ 21-നു തന്നെ മാണി രാജിക്കത്തുകൊടുത്തു.
മാണിസാറിനു് യോഗ്യനായ പിൻഗാമിയെ കണ്ടെത്തണം. കത്തോലിക്കൻതന്നെ വേണംതാനും. കത്തോലിക്കർക്കു് യാതൊരു ക്ഷാമവുമുള്ള കക്ഷിയല്ല, കേരളകോൺഗ്രസ്. 20 എം. എൽ. എ.-മാരിൽ 13 പേർ സിറിയൻ കത്തോലിക്കരാണു്. മന്ത്രിക്കുപ്പായം തുന്നിച്ചു് മുന്നോട്ടിറങ്ങിയവർ മൂന്നുപേർ—പി. ടി. സെബാസ്റ്റ്യൻ (ഇടുക്കി), കെ. വി. കുര്യൻ (കാഞ്ഞിരപ്പള്ളി), ഒ. ലൂക്കോസ് (കടുത്തുരുത്തി). മൂവരും വൻ തോക്കുകൾ. അക്കാലത്തു് പാർട്ടി ചെയർമാനാണു് സെബാസ്റ്റ്യൻ. ലൂക്കോസ് പേരുകേട്ട പാർലമെന്റേറിയൻ, കുര്യൻ വലിയ ധനാഢ്യൻ.
മന്ത്രിസ്ഥാനത്തേക്കു് വോട്ടെടുപ്പു് വേണ്ടിവന്നു. മാണിസാറിന്റെ അനുഗ്രഹാശിസ്സുകളോടെ കയറിവന്ന കറുത്തകുതിര—പി. ജെ. ജോസഫ്, തൊടുപുഴ മെമ്പർ. സുപ്രീംകോടതിയിൽ പോയി കേസുജയിച്ചുവരുമ്പോൾ സെബാസ്റ്റ്യനോ കുര്യനോ ലൂക്കോസോ മന്ത്രിപദമൊഴിഞ്ഞുതരില്ലെന്നു് മാണി ന്യായമായും ഭയപ്പെട്ടു. ജോസഫ് സത്യസന്ധനും മാന്യനുമാണു്. ഒന്നും പേടിക്കാനില്ല. പി. ടി. സെബാസ്റ്റ്യനെക്കൊണ്ടു് രാജിവെപ്പിച്ചു് കെ. എം. മാണി പാർട്ടി ചെയർമാൻ സ്ഥാനം ഏറ്റെടുത്തു് നില ഭദ്രമാക്കി.
1978 സെപ്റ്റംബർ 12-നു് മാണിയുടെ അപ്പീൽ സുപ്രീംകോടതി അനുവദിച്ചു. തൽക്ഷണം ജോസഫ് രാജി പ്രഖ്യാപിച്ചു. സെപ്റ്റംബർ 15-നു് രാജിക്കത്തു കൊടുത്തു. മംഗളകാര്യങ്ങൾക്കു് കന്നിമാസം വർജ്യമാണെന്നു് നാരായണക്കുറുപ്പ് വിലക്കുകയാൽ കെ. എം. മാണി സെപ്റ്റംബർ 16-നു് തിടുക്കപ്പെട്ടു് സത്യപ്രതിജ്ഞ ചെയ്തു. ജോസഫിന്റെ മഹാമനസ്കത വാഴ്ത്തപ്പെട്ടു. ജെന്റിൽമാനെ സ്തുതിച്ചുകൊണ്ടു് കലാകൗമുദി മുഖപ്രസംഗമെഴുതി.
സെബാസ്റ്റ്യൻ, കുര്യൻ, ലൂക്കോസുമാരെ ഒതുക്കുന്ന തിരക്കിൽ മാണി മറന്ന സത്യം: കറുത്ത കോലാടുകൾ ഒരു ആലയിലും അടങ്ങിക്കഴിയുകയില്ല. തേവര കോളജിൽനിന്നു് എം. എ. പാസായി പുറപ്പുഴയിൽ കൃഷിയും മൃഗപരിപാലനവും അൽപം സംഗീതവുമായി കഴിഞ്ഞിരുന്ന ഔസേപ്പച്ചനെ 1970-ൽ തൊടുപുഴ എം. എൽ. എ-യും യൂത്ത്ഫ്രണ്ട് പ്രസിഡന്റുമാക്കിയതു് കെ. എം. ജോർജാ ണു്. 1975-76-ലെ ഭിന്നിപ്പിന്റെ കാലത്തു് ജോർജുസാറിനെ തള്ളിപ്പറയാൻ ഔസേപ്പച്ചനു് തരിമ്പുമുണ്ടായില്ല മനഃപ്രയാസം.
മന്ത്രിയായിരുന്ന എട്ടേ എട്ടുമാസത്തിനുള്ളിൽ പാർട്ടിക്കകത്തു് സുശക്തമായ ഗ്രൂപ്പുണ്ടാക്കി ഔസേപ്പച്ചൻ മാണിസാറിനെ അന്ധാളിപ്പിച്ചു. ടി. എസ്. ജോൺ, ഈപ്പൻ വർഗീസ്, ടി. എം. ജേക്കബ് തുടങ്ങി ഏതാനും എം. എൽ. എ.-മാരും മാത്തച്ചൻ കുരുവിനാക്കുന്നേലിനെപ്പോലുള്ള ചില സ്ഥാപകനേതാക്കളും ജോസഫിനൊപ്പം നിന്നു. കോതമംഗലം മെത്രാൻ മാർ ജോർജ് പുന്നക്കോട്ടിലിന്റെയും എറണാകുളം സഹായമെത്രാൻ സെബാസ്റ്റ്യൻ മങ്കുഴിക്കരിയുടെയും ആത്മീയ പിന്തുണയും അവർക്കുണ്ടായി.
നിരണം ബേബി എന്ന വിളിപ്പേരിൽ മുപ്പാരും പുകഴ്പെറ്റ കുറുവടി സേനയുടെ മുൻ സുപ്രീം കമാന്റർ ഇ. ജോൺജേക്കബ് 1978 സെപ്റ്റംബർ 26-നു് കർത്താവിൽ നിദ്രപ്രാപിച്ചു. ബേബിച്ചായന്റെ പിൻഗാമിയാകാൻ മാണിസാർ ഡോ. ജോർജ് മാത്യു വിനെ നിർദേശിച്ചു; ഔസേപ്പച്ചൻ ടി. എസ്. ജോണി നേയും. സ്ഥാനമോഹികൾ രണ്ടുപേരും അകത്തോലിക്കർ. ജോർജ് മാത്യു സി. എസ്. ഐ.; ജോൺ ഓർത്തഡോക്സ്. വോട്ടെടുപ്പിൽ ജോർജ് മാത്യുവിനു് ഭൂരിപക്ഷംകിട്ടിയെങ്കിലും അതംഗീകരിക്കാൻ പി. ജെ. ജോസഫ് കൂട്ടാക്കിയില്ല. പാർട്ടി പിളർത്തും എന്ന ഭീഷണിക്കുമുന്നിൽ കീഴടങ്ങുകയേ മാണിക്കു വഴിയുണ്ടായിരുന്നുള്ളു. ഒക്ടോബർ 19-നു് ടി. എസ്. ജോൺ ഭക്ഷ്യമന്ത്രിയായി സത്യവാചകം ചൊല്ലി.
ബേബിച്ചായന്റെ നിര്യാണം മൂലം ഒഴിവുവന്ന തിരുവല്ല സീറ്റിനെച്ചൊല്ലിയുമുണ്ടായി അഭിപ്രായവ്യത്യാസം. കെ. എസ്. സി. നേതാവു് ബാബുവർഗീസിനെ സ്ഥാനാർത്ഥിയാക്കണം, അല്ലെങ്കിൽ സാറാമ്മാ ജോൺജേക്കബിനു് സീറ്റുകൊടുക്കണം എന്നു് ഔസേപ്പച്ചൻ വാദിച്ചു.
മാണി വഴങ്ങിയില്ല. പൊതുതെരഞ്ഞെടുപ്പിൽ പിള്ളഗ്രൂപ്പു സ്ഥാനാർത്ഥിയായി മൽസരിച്ചു് ബേബിച്ചായനോടു് തോറ്റ ജോൺജേക്കബ് വള്ളക്കാലിക്കാണു് മാണി സാർ ടിക്കറ്റ് കൊടുത്തതു്. ജോസഫും കൂട്ടരും മനോഹരമായി ടാങ്കുവെച്ചു; വള്ളക്കാലി പിന്നെയും തോറ്റു. 5689 വോട്ടിന്റെ വ്യത്യാസം.
ചരൽക്കുന്നു ക്യാമ്പിൽ ജോസഫ്-മാണി വിഭാഗം വിദ്യാർത്ഥിനേതാക്കൾ തമ്മിലടിച്ചു പിരിഞ്ഞു. കെ. എസ്. സി. നേതാവു് ടി. വി. എബ്രഹാമിനെ മാണി പാർട്ടിയിൽ നിന്നു് പുറത്താക്കി. 1979 ജൂലൈ 19-നു് കേരള കോൺഗ്രസ് നെടുകെ പിളർന്നു. വിധിയുടെ വിളയാട്ടം എന്നല്ലാതെ എന്തുപറയാൻ? വി. ടി. സെബാസ്റ്റ്യനും ഒ. ലൂക്കോസും കെ. വി. കുര്യനും മാണിസാറിനൊപ്പം ഉറച്ചുനിന്നു.
ജോസഫ് ഗ്രൂപ്പിനെ ഭരണമുന്നണിയിൽ നിന്നും ടി. എസ്. ജോണിനെ മന്ത്രിസഭയിൽനിന്നും പുറത്താക്കണമെന്നു് മാണി ശഠിച്ചു. മുഖ്യമന്ത്രി പി. കെ. വി.യാകട്ടെ, മുന്നണിയിലെ ഇതരകക്ഷികളാകട്ടെ ഗൗനിച്ചില്ല. താനും കുറുപ്പും രാജിവെക്കും, പാർട്ടി മുന്നണി വിടും എന്നു് മാണി. പോണാൽ പോകട്ടും പോടാ എന്നു പി. കെ. വി. ജൂലൈ 26-നു് മാണി വീരോചിതമായി രാജി കൊടുത്തു. നാരായണകുറുപ്പിന്റെ പൊടിപോലുമില്ലാ കണ്ടുപിടിക്കാൻ! രാജിവെക്കാൻ ഉദ്ദേശ്യമില്ലെന്നും കേരള കോൺഗ്രസുകളുടെ ഐക്യത്തിനുവേണ്ടി യത്നിക്കുമെന്നും കുറുപ്പദ്ദേഹം തട്ടിമൂളിച്ചു. എൻ. ഡി. പി.-യിൽനിന്നു് ആയിടെ മാത്രം കാലുമാറിവന്ന വട്ടിയൂർക്കാവ് രവി, ചാത്തന്നൂർ തങ്കപ്പൻപിള്ള എന്നീ എം. എൽ. എ.-മാരെക്കൂട്ടി കുറുപ്പ് കേരള കോൺഗ്രസ് യൂനിറ്റി സെന്റർ ഉണ്ടാക്കി.
കേരള കോൺഗ്രസിൽ ആളെകൂട്ടാൻ തിരുനക്കര മൈതാനത്തു് ചമ്പരക്കുറുപ്പിന്റെ ചവിട്ടുനാടകമാണോ പാലാമാണിയുടെ ഉരുട്ടുനാടകമാണോ എന്ന തർക്കം നടക്കവേ പി. കെ. വി. മന്ത്രിസഭ തകർന്നു. ഇഷ്ടദാനബിൽ പാസാക്കാൻവേണ്ടി മാത്രം സി. എച്ച്. മുഹമ്മദ്കോയ മന്ത്രിസഭയുണ്ടാക്കി. ജോസഫ്ഗ്രൂപ്പ് മന്ത്രിസഭയിൽ ചേർന്നു, മാണിഗ്രൂപ്പ് ചേർന്നില്ല. ബിൽ പാസായ ഉടൻ മാണി മന്ത്രിസഭക്കുള്ള പിന്തുണ പിൻവലിച്ചു. പ്രൊഫ. കെ. എ. മാത്യുവിനെ ചാക്കിട്ടുപിടിച്ചു് കരുണാകരൻ മാണിയെ ഞെട്ടിച്ചു. 16 ദിവസം കേരള സംസ്ഥാനത്തു് വ്യവസായമന്ത്രിയായിരിക്കാൻ മാത്യുസാറിനു് ഭാഗ്യമുണ്ടായി. അപ്പോഴേക്കും ആന്റണി വിഭാഗം കോൺഗ്രസും പാലം വലിച്ചു, മന്ത്രിസഭ മൂക്കുകുത്തി.
മാണി, പിള്ള ഗ്രൂപ്പുകൾ ഇടതുമുന്നണിയിൽ ചേക്കേറിയപ്പോൾ പി. ജെ. ജോസഫ് കരുണാകരനും സി. എച്ചിനുമൊപ്പം ഐക്യജനാധിപത്യമുന്നണിയിൽ ഉറച്ചുനിന്നു. 1980-ൽ മൂവാറ്റുപുഴ പാർലമെന്റുസീറ്റും തൊടുപുഴ അടക്കം ആറു് നിയമസഭാമണ്ഡലങ്ങളും ജയിച്ചു് ജോസഫ് ഗ്രൂപ്പ് ശക്തി തെളിയിച്ചു. അത്തവണ കെ. വി. കുര്യൻ മൽസരിച്ചില്ല. വി. ടി. സെബാസ്റ്റ്യൻ പരാജയപ്പെട്ടു. ഒ. ലൂക്കോസ് ജയിച്ചെങ്കിലും മന്ത്രിസ്ഥാനം കിട്ടിയില്ല. തൃശൂർ ജില്ലാ പ്രാതിനിധ്യം എന്നുപറഞ്ഞു് മാണി ലോനപ്പൻ നമ്പാടനെ മന്ത്രിയാക്കി. കരുണാകരന്റെ കാസ്റ്റിംഗ് മന്ത്രിസഭയിൽ മാണിയും ജോസഫും മന്ത്രിമാരായി. മാണിക്കു് ധനകാര്യം, ജോസഫിനു് റവന്യു. 1982 മാർച്ച് 16-നു് നമ്പാടൻമാഷ് മറുകണ്ടം ചാടി, മന്ത്രിസഭ തകർന്നു. അങ്ങനെ കേരള കോൺഗ്രസിന്റെ മഹോന്നത പാരമ്പര്യം നിലനിറുത്തി.
1982-ലെ തെരഞ്ഞെടുപ്പിൽ മാണിഗ്രൂപ്പിനു് ബാലകൃഷ്ണപിള്ള യടക്കം ആറു് എം. എൽ. എ.-മാർ; ജോസഫ് ഗ്രൂപ്പിനു് എട്ടുപേർ. വിശ്വസ്തനായ ടി. എസ്. ജോണിനെ തഴഞ്ഞു് ഔസേപ്പച്ചൻ യുവതാരം ടി. എം. ജേക്കബിനെ മന്ത്രിയാക്കി. മാസങ്ങൾക്കകം സ്വന്തം ഗ്രൂപ്പുണ്ടാക്കി ജേക്കബ് ജോസഫിനെ ഒതുക്കി. കൊടുത്താൽ കോതമംഗലത്തും കിട്ടുമെന്നു് ഔസേപ്പച്ചനു് ബോധ്യം വന്നു.
1991-ൽ ഇതേ അനുഭവം ജേക്കബിൽനിന്നു് മാണിക്കുമുണ്ടായി. വിനീത വിധേയൻ സി. എഫ്. തോമസിനെ മാറ്റിനിറുത്തി മാണിസാർ ടി. എം. ജേക്കബിനെ മന്ത്രിയാക്കി. ജേക്കബ് മൂന്നു് എം. എൽ. എ.-മാരെ കൂട്ടുപിടിച്ചു് പാർട്ടി പിളർത്തി.
ഇടമലയാർ കേസിൽ കുറ്റപത്രം കിട്ടിയതിനെത്തുടർന്നു് ആർ. ബാലകൃഷ്ണപിള്ള 1995 ജൂലൈ 28-നു് രാജിവെച്ചു. നിയമ സഭയുടെ കാലാവധി തീരാൻ പിന്നെയുമുണ്ടു് 10 മാസം. പിള്ളയെക്കൂടാതെ ഒരു എം. എൽ. എ. കൂടി പാർട്ടിയിലുണ്ടു്.—കല്ലുപ്പാറ മെമ്പർ ജോസഫ് എം. പുതുശ്ശേരി. പത്തുമാസമെങ്കിൽ പത്തുമാസം മന്ത്രിയാകാൻ പുതുശ്ശേരി മോഹിച്ചതു് സ്വാഭാവികം. ഓർത്തഡോക്സ് സഭയിലെ ചില മെത്രാൻമാരെക്കൊണ്ടു് ശിപാർശയും ചെയ്യിച്ചു. പിള്ള അലിഞ്ഞില്ല—എനിക്കു ശേഷം പ്രളയം. പാവം പുതുശ്ശേരി മനസ്സുമടുത്തു് മാണി ഗ്രൂപ്പിൽ ചേക്കേറി.
1996-ൽ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിനു് ഒരു മന്ത്രിസ്ഥാനവും കനപ്പെട്ട മൂന്നു വകുപ്പുകളും കിട്ടി. പി. ജെ. ജോസഫ് മന്ത്രിയായി. (രണ്ടാമതൊരു സ്ഥാനം കൂടി കിട്ടിയുരുന്നെങ്കിൽ പി. സി. ജോർജ്, ടി. എസ്. ജോൺ, ഡോ. കെ. സി. ജോസഫ് എന്നിവർ തമ്മിൽ കത്തിക്കുത്തുനടന്നേനെ. മന്ത്രിയാകുന്നയാൾ പാർട്ടി പിളർത്തുകയും ചെയ്യുമായിരുന്നു). വ്യക്തിപരമായി തീരെ അഴിമതിക്കാരനല്ല, പി. ജെ. ജോസഫ്. വകുപ്പുകൾ മൂന്നും—വിദ്യാഭ്യാസം, മരാമത്ത്, ഭവനനിർമ്മാണം—എം. എൽ. എ.-മാരും അല്ലാത്തവരുമായ നേതാക്കൾക്കു് ഭരണത്തിനും ധനസമ്പാദനത്തിനും വിട്ടുകൊടുത്തു് അദ്ദേഹം കൃതാർഥനായി.
2001-ൽ മാണി ഗ്രൂപ്പിനു് ഒമ്പതു് നിയമസഭാംഗങ്ങളുണ്ടായി. രണ്ടു മന്ത്രിസ്ഥാനം കിട്ടി. ആദ്യത്തെയാൾ മാണിസാർ തന്നെ. രണ്ടാമൻ, നാട്ടുനടപ്പനുസരിച്ചു് അകത്തോലിക്കനോ നായരോ ആകണം. അകത്തോലിക്കാരായി മമ്മൻ മത്തായിയും ജോസഫ് എം. പുതുശ്ശേരി യുമുണ്ടു്; നായരായി നാരായണക്കുറുപ്പും. മൂന്നുപേരും ജഗജില്ലികളാണു്. ജോസഫ്, നമ്പാടൻ, ജേക്കബ്മാർ നൽകിയ അനുഭവം മാണിയെ വിവേകമതിയാക്കി. അദ്ദേഹം സാധുവും നിരുപദ്രവിയുമായ സി. എഫ്. തോമസി നെ മന്ത്രിയാക്കി. തോമസ് മാഷ് മാണിസാറിനു് പാരപണിയാനോ ഗ്രൂപ്പുണ്ടാക്കാനോ തുനിഞ്ഞില്ല. അഞ്ചുകൊല്ലവും വിനീത വിധേയനായി മന്ത്രിസ്ഥാനത്തിരുന്നു.
2001-ൽ കേരള കോൺഗ്രസ്-ബിക്കു് രണ്ടു് എം. എൽ. എ.-മാരേ ഉണ്ടായിരുന്നുള്ളൂ. ഒന്നു് ബാലകൃഷ്ണപിള്ള, മറ്റേതു് മകൻ ഗണേശ്കുമാർ. ഇടമലയാർ, ഗ്രാഫൈറ്റ് കേസുകളിൽ ശിക്ഷിക്കപ്പെട്ടതിനാൽ പിള്ളയെ മന്ത്രിയാക്കാൻ ആന്റണി വിസമ്മതിച്ചു. പിള്ള മാറിനിന്നു, മകൻ മന്ത്രിയായി. ഗ്രാഫൈറ്റ് കേസ് വെറുതേ വിട്ടപ്പോൾ ഗണേശൻ രാജിവെച്ചു. ഇടമലയാർ വിധിക്കു കാത്തുനിൽക്കാതെ പിള്ളയദ്ദേഹം മന്ത്രിപദമേറ്റു.
ഇത്തവണ ജോസഫ്ഗ്രൂപ്പ് കേരള കോൺഗ്രസിനു് നാലു് എം. എൽ. എ.-മാരാണുള്ളതു്. പി. ജെ. ജോസഫ്, വി. സുരേന്ദ്രൻ പിള്ള. പി. സി. ജോർജ് പാർട്ടിക്കു് പുറത്താണു്, ഡോ. കെ. സി. ജോസഫ് തോറ്റുപോയി. മന്ത്രിയാകാൻ സർവഥാ യോഗ്യൻ ഔസേപ്പച്ചൻതന്നെ.
വിമാനവിവാദത്തിൽ കുരുങ്ങി സ്ഥാനമൊഴിയുമ്പോൾ പി. ജെ. ജോസഫിനു് മൂന്നിൽ രണ്ടുവഴികളുണ്ടായിരുന്നു: ഒന്നുകിൽ 1977-ൽ കെ. എം. മാണി ചെയ്തപോലെ മറ്റൊരാളെ മന്ത്രിയാക്കുക, അല്ലെങ്കിൽ 1995-ൽ ആർ. ബാലകൃഷ്ണപിള്ള ചെയ്തമാതിരി മന്ത്രിസ്ഥാനം തരിശിടുക.
തനിക്കുപകരം മറ്റാരും മന്ത്രിയാകേണ്ട എന്ന നിലപാടാണത്രെ ഔസേപ്പച്ചൻ ആദ്യം കൈക്കൊണ്ടതു്. അഗ്നിശുദ്ധി തെളിയിച്ചു് തിരിച്ചുവരുംവരെ മരാമത്തുപണികൾ കാത്തുകിടക്കട്ടെ. പക്ഷേ, പത്തുപുത്തനുണ്ടാക്കാൻ കൈവന്ന കനകാവസരം കളഞ്ഞുകുളിക്കരുതെന്നു് സഹപ്രവർത്തകർ കരഞ്ഞുപറഞ്ഞു. അഗ്നിപരീക്ഷക്കു പുറപ്പെട്ടു് ആപ്പൂരിയ കുരങ്ങന്റെ അവസ്ഥയിലെത്തിയ കെ. പി. വിശ്വനാഥന്റെ കദനകഥയും അവർ ഓർമിച്ചു. മരാമത്തു വകുപ്പു് കൈവിടുന്നതു് മരണതുല്യം. മന്ത്രിയാകുന്നയാൾ ജടാമകുടം ധരിച്ചു് ഔസേപ്പച്ചന്റെ മെതിയടിവെച്ചു് ഭരിക്കട്ടെ—കുഞ്ഞാലിക്കുട്ടി യുടെ വിധേയൻ ഇബ്രാഹിംകുഞ്ഞിനെ പ്പോലെ.
ഔസേപ്പച്ചന്റെ പിൻഗാമി കടുത്തുരുത്തി മെമ്പർ മോൻസ് ജോസഫ് ആയിരിക്കുമെന്നു് മാധ്യമങ്ങൾ കാലേക്കൂട്ടി പ്രവചിച്ചു. കാരണം, മോൻസിനു് ക്ലീൻ ഇമേജുണ്ടു്—ചെറുപ്പക്കാരൻ, സുമുഖൻ, ജനപ്രിയൻ. മുമ്പൊരിക്കൽ എം. എൽ. എ. ആയിരുന്ന അനുഭവസമ്പത്തുണ്ടു്. സുരേന്ദ്രൻപിള്ള പ്ലസ്ടു ഇടപാടിലും കുരുവിള മൈത്രീ ഭവനപദ്ധതിയിലും ആരോപണ വിധേയർ. മോൻസിനു് മറ്റൊരു മേന്മകൂടിയുണ്ടു്. അദ്ദേഹം ഔസേപ്പച്ചനെപ്പോലെ സിറിയൻ കത്തോലിക്കനാണു്. കുരുവിള അന്ത്യോഖ്യാ ബാവയെ അംഗീകരിക്കുന്ന പുത്തൻകൂറ്റുകാരൻ, സുരേന്ദ്രൻപിള്ള വെറും വെള്ളാളൻ. നായർപോലുമല്ല.
കത്തോലിക്കരുടെ പാർട്ടിയാണു് കേരള കോൺഗ്രസ് എന്നതു് സുവിദിതം. പക്ഷേ, മോൻസ് ജോസഫിനെ മന്ത്രിയാക്കുന്നതു് ഭസ്മാസുരനു് വരം കൊടുക്കുന്നതിനു തുല്യം. മാണി ജോസഫിനെ മന്ത്രിയാക്കിയപോലെ, ജോസഫ് ജേക്കബിനെ മന്ത്രിയാക്കിയതുപോലുള്ള ആനമടയത്തം. പാർട്ടിയും സർക്കാറും സ്തുതിയും മഹത്ത്വവും പിന്നെ മോൻസിനു് മാത്രം.
ടി. യു. കുരുവിള യാണെങ്കിലോ? വയസ്സു് 70 ആയി. ഇനി ഗ്രൂപ്പുണ്ടാക്കാനോ പിളർക്കാനോ പോകില്ല. ജനപിന്തുണ തരിമ്പുമില്ല. (യു. ഡി. എഫ്. ഘടകകക്ഷികൾ വി. ജെ. പൗലോസിനെ മൽസരിച്ചു കാലുവാരിയിട്ടും, ഇടതുതരംഗം അതിശക്തമായിട്ടും കുരുവിളയുടെ ഭൂരിപക്ഷം 1,814). കത്തോലിക്കനല്ലാത്തതുകൊണ്ടു് സഭ പിന്തുണക്കുന്ന പ്രശ്നമില്ല. നിയമസഭ പരിചയം തീരെയില്ല. ആരോപണവിധേയനായതുകൊണ്ടു് ഗുരുഭക്തിയും ദൈവഭയവും ഏറും.
ജോസഫിന്റെ നിലപാടു് പക്ഷേ, സീറോ മലബാർസഭയെ വല്ലാത്തൊരു പതനത്തിലെത്തിച്ചിരിക്കുന്നു. സിറിയൻ കത്തോലിക്കരിൽനിന്നു് ഒരു മന്ത്രിയുമില്ലാതായി. സാമൂഹികമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും രാഷ്ട്രീയമായും മറ്റെല്ലാ സമുദായങ്ങളേക്കാളും മികച്ചു നിൽക്കുമ്പോഴാണു് ഇങ്ങനെ ഒരു ഇരുട്ടടി.
കേരളപ്പിറവി മുതലിങ്ങോട്ടുള്ള സകല മന്ത്രിസഭകളും പരിശോധിക്കുക. എല്ലാത്തിലുമുണ്ടായിരുന്നു പ്രമുഖ സുറിയാനി കത്തോലിക്കർ. ഇ. എം. എസി ന്റെ ആദ്യ മന്ത്രിസഭയിൽ മുണ്ടശ്ശേരി യും ടി. വി. തോമസും; രണ്ടാമത്തേതിൽ മത്തായി മാഞ്ഞൂരാനും ടി. വി. തോമസും. അച്യുതമേനോന്റെ ആദ്യമന്ത്രിസഭയിൽ കെ. എം. ജോർജ്. നായനാരു ടെ കൂടെ ആദ്യതവണ കെ. എം. മാണി യും ലോനപ്പൻ നമ്പാടനും, രണ്ടാംവട്ടം നമ്പാടൻ, മൂന്നാമൂഴത്തിൽ പി. ജെ. ജോസഫ്. പട്ടത്തിന്റെയും ശങ്കറിന്റെയും മന്ത്രിസഭകളിൽ പി. ടി. ചാക്കോ, ചാക്കോ രാജിവെച്ച ശേഷം ടി. എ. തൊമ്മൻ. കരുണാകർജിയുടെ നാലു മന്ത്രിസഭകളിലുമുണ്ടായിരുന്നു കെ. എം. മാണി. രണ്ടാമത്തേതിലും മൂന്നാമത്തേതിലും പി. ജെ. ജോസഫുമുണ്ടായിരുന്നു; നാലാമത്തേതിൽ പി. പി. ജോർജും. പി. കെ. വി.യുടെ മന്ത്രിസഭയിലും കെ. എം. മാണിയുമുണ്ടായിരുന്നു. 51 ദിവസം മാത്രം രാജ്യഭാരം നടത്തിയ സി. എച്ചിന്റെ കൂടെയുണ്ടായുമുണ്ടായിരുന്നു ഒരത്യുത്തമ കത്തോലിക്കൻ—കെ. ജെ. ചാക്കോ. കുർബാനയും കുമ്പസാരവും കുന്തിരിക്കവുമില്ലെങ്കിലും എ. കെ. ആന്റണി യും സുറിയാനി കത്തോലിക്കനാണു്. ആദ്യവട്ടം അന്തപ്പനുകൂട്ടായി മാണിസാറുമുണ്ടായിരുന്നു; മാണി വിട്ടുനിന്നപ്പോൾ ഔസേപ്പും. രണ്ടാമൂഴത്തിലും മാണി; മൂന്നാം തവണ മാണിയും സി. എഫ്. തോമസും. ഉമ്മൻചാണ്ടി യുടെ മന്ത്രിസഭയിലെ സിറിയൻ കത്തോലിക്കർ കെ. എം. മാണി, സി. എഫ്. തോമസ്.
രണ്ടാം അച്യുതമേനോൻ മന്ത്രിസഭയുടെ ആദ്യവർഷം മാത്രമാണു്—കൃത്യമായി പറഞ്ഞാൽ 1970 ഒക്ടോബർ നാലു് മുതൽ 1971 സെപ്റ്റംബർ 24—വരെ—കേരളത്തിൽ സിറിയൻ കത്തോലിക്കാ മന്ത്രി ഇല്ലാതിരുന്നതു്. 1971 സെപ്റ്റംബർ 25-നു് ടി. വി. തോമസ് വന്നു, 1975 ഡിസംബർ 26-നു് കെ. എം. മാണി; 1976 ജൂൺ 26-നു് കെ. എം. ജോർജ്. 1971-നുശേഷം ഇതാദ്യമാണു് സുറിയാനി കത്തോലിക്കാ സമുദായത്തിനു് മന്ത്രിയില്ലാതാകുന്നതു്.
റോമിന്റെ നഷ്ടം അന്ത്യോഖ്യയുടെ നേട്ടം. ഷെവലിയാർ ടി. യു. കുരുവിള പരിശുദ്ധ പാത്രിയാർക്കീസ് ബാവയുടെ അടുത്ത അനുയായി. സഭയുടെ പരമോന്നത സിവിൽ ബഹുമതി—ബാർതോ ഷെറീറോ—ലഭിച്ചിട്ടുണ്ടു്. ഇത്തവണ യാക്കോബായ സുറിയാനിക്കാർ എട്ടുപേരാണു് ഇടതുപക്ഷ എം. എൽ. എ.-മാർ. അവരിൽ പ്രായംകൊണ്ടും പണം കൊണ്ടും പദവികൊണ്ടും മുമ്പൻ കോതമംഗലത്തുകാർ കുർളാൻ എന്നുവിളിക്കുന്ന നിയുക്ത മരാമത്തുമന്ത്രി. കൂർളാൻജിക്കു് ദീർഘായുസ്സും ആരോഗ്യവും നേരുന്നു. മരാമത്തുവകുപ്പു് പണിയിക്കുന്ന പാലങ്ങൾ ദീർഘകാലം നിലനിൽക്കട്ടെ, നിരത്തിന്റെ കുഴികൾ അതിവേഗം നികന്നുപോകട്ടെ. പത്രോസിന്റെ സിംഹാസനത്തിൽ ഇരുന്നരുളുന്ന പരിശുദ്ധ പാത്രിയാർക്കീസ് ബാവ നമ്മെയൊക്കെയും അനുഗ്രഹിക്കുമാറാകട്ടെ. ആമേൻ!
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.