ശുചൗ ചതുർണാം ജ്വലതാം
ഹവിർഭുജാം
ശുചിസ്മിതാ മധ്യഗതാ സുമധ്യമാ.
വിജിത്യ നേത്രപ്രതിഘാതിനീം പ്രഭാ-
വേനൽക്കാലത്തു്, നാലുചുറ്റിലും ആളിക്കത്തുന്ന അഗ്നിയുടെ നടുവിലിരുന്നു് അവൾ മറ്റെങ്ങും നോക്കാതെ കണ്ണഞ്ചിപ്പിക്കുന്ന പ്രഭയെ കീഴടക്കി പുഞ്ചിരിയോടെ സൂര്യനെ നോക്കി. പഞ്ചാഗ്നിമധ്യത്തിൽ തപസ്സുചെയ്യുമ്പോഴും പാർവതിയുടെ മുഖപത്മം വാടിയില്ലത്രെ. സൂര്യകിരണങ്ങളേറ്റു പഴുത്ത ആ മുഖം താമരപ്പൂവിന്റെ അഴകുപൂണ്ടു; നീണ്ട വാൽക്കണ്ണുകളിൽ മാത്രം പതുക്കെപ്പതുക്കെ കാളിമ വ്യാപിച്ചു.
ഗ്രീഷ്മത്തിൽ പഞ്ചാഗ്നി നടുവിലും നിറുത്താതെ മഞ്ഞുപെയ്യുന്ന ശിശിരർത്തുവിൽ കഴുത്തറ്റം വെള്ളത്തിൽനിന്നും തപസ്സനുഷ്ഠിച്ച ശ്രീപാർവതിയാണു് ചെങ്ങന്നൂർ ക്ഷേത്രത്തിലെ പ്രതിഷ്ഠ. വൃത്താകൃതിയാണു് ശ്രീകോവിലിനു്. കിഴക്കോട്ടു് ദർശനമായി പരമശിവൻ, പടിഞ്ഞാറോട്ടു് ദർശനമായി പാർവതി. മഹാദേവക്ഷേത്രമെന്നാണു് പേരെങ്കിലും ഭഗവതിക്കാണു് പ്രാധാന്യം. ചെങ്ങന്നൂർ ഭഗവതിയുടെ ‘തൃപ്പൂത്താറാട്ടു്’ പ്രസിദ്ധമാണു്.
ചെങ്ങന്നൂരെ ഉൽസവം 28 ദിവസമാണു്. ധനുമാസത്തിലെ തിരുവാതിര കൊടിയേറ്റു്; മകരത്തിലെ തിരുവാതിര ആറാട്ടും. ആദ്യത്തെ 18 ദിവസം ചെറിയ ഉൽസവം. ആറാട്ടിനെഴുന്നള്ളുന്ന ചെങ്ങന്നൂർ തേവർക്കു് ഇരുപത്തെട്ടര ദേവന്മാരാണു് അകമ്പടി സേവിക്കുക മിത്രപ്പുഴക്കടവിലാണു് ആറാട്ടു്.
ജന്മംകൊണ്ടു് ക്രിസ്ത്യാനിയെങ്കിലും ചെങ്ങന്നൂർ ഭഗവതിയുടെ ഭക്തയാണു് ശോഭനാ ജോർജ് എം. എൽ. എ. ക്ഷേത്രമതിൽ കെട്ടിനകത്തു് കടക്കാൻ അനുവാദമില്ല. മതിലിനു് പുറത്തുനിന്നു് തൊഴും. പറവെക്കും, വഴിപാടും കൊടുത്തയക്കും. ഉൽസവകാലത്തു് ശോഭനയുടെ സജീവസാന്നിധ്യം ഉണ്ടായിരിക്കും. ചെങ്ങന്നൂർ ഭഗവതി എന്റെ അമ്മയാണെന്നു് ഇടക്കിടെ പ്രഖ്യാപിക്കാറുമുണ്ടു്. കരയോഗം നായന്മാരുടെയും അമ്പലവാസികളുടെയും വോട്ടുതട്ടാനുള്ള ഡാവാണിതെന്നു് മാർക്സിസ്റ്റ്കാർപോലും പറയില്ലതാനും. ലീഡറുടെ ഗുരുവായൂർ ഭക്തിപോലെ ആത്മാർഥമാണു് ശോഭനയുടെ ചെങ്ങന്നൂർ ഭക്തിയും.
ശോഭന എന്ന വാക്കിനു് പ്രകാശിക്കുന്ന, ശുഭമായ, സുന്ദരമായ, സന്മാർഗനിഷ്ഠയുള്ള എന്നീ അർഥങ്ങളാണു് കേരള ഭാഷാ നിഘണ്ടു (ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണം—ചീഫ് എഡിറ്റർ: എസ്. ഗുപ്തൻനായർ) കൽപിച്ചിരിക്കുന്നതു്. മേൽപറഞ്ഞ നാലു വിശേഷണവും ചെങ്ങന്നൂർ എം. എൽ. എ.-ക്കു് തികച്ചും അനുയോജ്യവുമാണു്.
1960-മാണ്ടു് ഏപ്രിൽ മാസം നാലാം തീയതി ചെങ്ങന്നൂരിലാണു് ശോഭനയുടെ ജനനം. അപ്പൻ കെ. എം. ജോർജ്, അമ്മ തങ്കമ്മ. തിരുവിതാംകൂർ ഭാഗത്തെ മറ്റനേകം ബാലികാബാലന്മാരെപ്പോലെ ശോഭനയും പൊതുരംഗത്തുവന്നതു് അഖിലകേരള ബാലജനസംഖ്യത്തിലൂടെയാണു്. സഖ്യം സംസ്ഥാന പ്രസിഡന്റാകുന്ന ആദ്യത്തെ പെൺകിടാവു് ശോഭനയായിരുന്നു. കേരള സ്റ്റുഡന്റ്സ് യൂനിയന്റെ ഫീഡർ കാറ്റഗറിയാണു് അന്നുമിന്നും ബാലജനസഖ്യം. പിൽക്കാലത്തു് കോൺഗ്രസ് നേതൃനിരയിൽ ശോഭിച്ച ഉമ്മൻചാണ്ടി, വി. എം. സുധീരൻ, എം. എം. ഹസൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരൊക്കെ സഖ്യത്തിലൂടെ പൊതുപ്രവർത്തനവും കെ. എസ്. യു.-വിലൂടെ രാഷ്ട്രീയജീവിതവും ആരംഭിച്ചവരത്രെ. ശോഭനയാണെങ്കിൽ എക്കാലത്തും കോൺഗ്രസിനൊപ്പം നിലയുറപ്പിച്ച പാരമ്പര്യമുള്ള സിറിയൻ ഓർത്തഡോക്സ് സഭാംഗവും സഭയുടെ വകയായ കോട്ടയം ബസേലിയോസ് കോളേജ് വിദ്യാർഥിനിയുമായിരുന്നല്ലോ. ഏതുനിലക്കും കെ. എസ്. യു.-വിൽ ചേരേണ്ടതായിരുന്നു. പക്ഷേ, ശോഭനക്കു് കമ്പം കയറിയതു് കേരള കോൺഗ്രസിന്റെ വിദ്യാർഥി വിഭാഗമായ കെ. എസ്. സി.-യിലായിരുന്നു. അതോടെ, മലയാള മനോരമയുടെ രക്ഷാകർതൃത്വം അവസാനിച്ചു; അകത്തോലിക്കയാകയാൽ ദീപികയുടെ പിന്തുണ ലഭിച്ചതുമില്ല.
മലയാള മനോരമയുടെയോ ദീപികയുടെയോ പിന്തുണ കൂടാതെയും മധ്യതിരുവിതാംകൂറിൽ രാഷ്ട്രീയക്കാരിയായി നിലനിൽക്കാമെന്നു് ശോഭന തെളിയിച്ചു. കേരള കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം പിളർപ്പിന്റെ നാളുകളായിരുന്നു അവ. ടി. വി. എബ്രഹാമിനും ബാബു വർഗീസിനുമൊപ്പം വിദ്യാർഥി നേതാക്കളിൽ ഏറിയപങ്കും ജോസഫ് ഗ്രൂപ്പിലേക്കു് പോയപ്പോഴും ശോഭന മാണി സാറിനൊപ്പം ഉറച്ചുനിന്നു. കെ. എസ്. സി. പ്രായം കഴിഞ്ഞപ്പോൾ യൂത്ത്ഫ്രണ്ടിൽ പ്രവർത്തിക്കാൻ തുടങ്ങി.
യൂത്ത്ഫ്രണ്ട് പ്രവർത്തകയും പ്രസംഗകയുമായി കഴിഞ്ഞ ശോഭനയുടെ യഥാർഥ മഹത്ത്വം തിരിച്ചറിഞ്ഞതും അർഹതക്കു് അംഗീകാരം നേടിക്കൊടുത്തതും അക്കാലം കോട്ടയം എം. പി.-യായിരുന്ന രമേശ് ചെന്നിത്തല. ശോഭനാ ജോർജിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി നിയമിച്ചുകൊണ്ടു് ന്യൂദൽഹിയിൽനിന്നു് ഉത്തരവു് വന്നപ്പോൾ മധ്യതിരുവിതാംകൂറിലെ യൂത്തന്മാർ ഒന്നടങ്കം അദ്ഭുതംകൂറി. ആരാണിഷ്ടാ ഈ ശോഭന? യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയാകുന്ന പ്രഥമ വനിതയും ശോഭന തന്നെ.
1977 മുതൽ എൻ. ഡി. പി.-യുടെ മണ്ഡലമായിരുന്നു ചെങ്ങന്നൂർ. 1977-ൽ ചാത്തന്നൂർ തങ്കപ്പൻ പിള്ളയും ’80-ൽ കെ. ആർ. സരസ്വതിയമ്മ യും ’82-ൽ എസ്. രാമചന്ദ്രൻ പിള്ള യും എൻ. ഡി. പി. ടിക്കറ്റിൽ വിജയിച്ചു. 1987-ൽ രാമചന്ദ്രൻ നായരെ തോൽപിച്ചു് ഇടതുപക്ഷ മുന്നണിയിലെ മാമ്മൻ ഐപ്പ് ചെങ്ങന്നൂർ പിടിച്ചു. 1991-ൽ എൻ. ഡി. പി.-ക്കു് ആറന്മുള കൊടുത്തു് കോൺഗ്രസ് ചെങ്ങന്നൂർ മണ്ഡലം തിരികെ വാങ്ങി. വിജയകുമാർ എന്ന പ്രാദേശിക നേതാവിന്റെ പേരാണു് കെ. പി. സി. സി. പാസാക്കി വടക്കോട്ടയച്ചതു്. ദൽഹി അംഗീകരിച്ചതു് പക്ഷേ, ശോഭനാ ജോർജിന്റെ നാമധേയമായിരുന്നു! മെയ്യു് കണ്ണാക്കിയ കരുണാകര ച്ചേകവർപോലും അതറിഞ്ഞപ്പോൾ അന്ധാളിച്ചുപോയി. മാമ്മൻ ഐപ്പിനെ മലർത്തിയടിച്ചു് ശോഭന പുത്തരിയങ്കം ജയിച്ചു. ഭൂരിപക്ഷം 3447. ഏതായാലും ശോഭനയുടെ നയവും വിനയവും അഭിനയവുമൊക്കെ ലീഡർക്കു് നന്നേ ബോധിച്ചു. ‘ഐ’ ഗ്രൂപ്പിന്റെ പ്രമുഖ വക്താവായി ശോഭന. കാർത്തികേയനും രമേശു മൊക്കെ തിരുത്തൽവാദികളായപ്പോഴും ശോഭന കരുണാകരനൊ പ്പം ഉറച്ചുനിന്നു. ഇടതുപക്ഷ തരംഗത്തെയും ‘എ’ ഗ്രൂപ്പുകാരുടെ ചതിപ്രയോഗത്തെയും അതിജീവിച്ചു് അവർ 1996-ൽ സീറ്റ് നിലനിറുത്തി. തോറ്റ സ്ഥാനാർഥി മാമ്മൻ ഐപ്പ് തന്നെ. ഭൂരിപക്ഷം 3102 വോട്ട്.
1996–2001 കാലഘട്ടം ശോഭനയെ സംബന്ധിച്ചിടത്തോളം പരീക്ഷണങ്ങൾ നിറഞ്ഞതായിരുന്നു. കരുണാകരപക്ഷക്കാരായ ഏതാനും എം. എൽ. എ.-മാരേ സഭയിലുണ്ടായിരുന്നുള്ളൂ. സ്വാഭാവികമായും ആന്റണി യും കൂട്ടരും അവരെ ശത്രുക്കളായി കണക്കാക്കി. ആലപ്പുഴ ഡി. സി. സി. യോഗത്തിനെത്തിയ ശോഭനയെ ഉടുമുണ്ടുയർത്തിയും പൂരപ്പാട്ടു് പാടിയുമാണു് ആന്റണി ഗ്രൂപ്പുകാർ എതിരേറ്റതു്. കോഴിക്കോട്ടുനിന്നു് പ്രസിദ്ധീകരിക്കുന്ന ക്രൈം ദ്വൈവാരിക ശോഭനയെപ്പറ്റി ആഭാസകരമായ വാർത്തകൾ പ്രസിദ്ധീകരിച്ചു. സഹികെട്ടപ്പോൾ മുഖ്യമന്ത്രിക്കു് നിവേദനം നൽകി. പത്രാധിപരെ പോലീസ് അറസ്റ്റ് ചെയ്തപ്പോൾ പത്രദുഃസ്വാതന്ത്ര്യത്തിന്മേലുള്ള കൈയേറ്റം എന്നായി ആക്ഷേപം. അടിസ്ഥാനരഹിതമായ വാർത്തകൾ പ്രസിദ്ധീകരിക്കരുതെന്നു് കോടതിയിൽ നിന്നു് ഉത്തരവു് വാങ്ങിയപ്പോൾ സത്യസന്ധമായ വാർത്തകളാണു് പ്രസിദ്ധീകരിക്കുന്നതെന്നും മേലിലും അടിസ്ഥാനമുള്ള വാർത്തകൾ പ്രസിദ്ധീകരിക്കുമെന്നുമായി ക്രൈം പത്രാധിപൻ.
ക്രൈം വാരികയുടെ പതിനായിരക്കണക്കിനു് പ്രതികളാണു് 2001-ലെ തെരഞ്ഞെടുപ്പുകാലത്തു് ചെങ്ങന്നൂർ മണ്ഡലത്തിൽ അങ്ങോളമിങ്ങോളം മാർക്സിസ്റ്റുകാർ വിതരണം ചെയ്തതു്. മലയാള സിനിമയിൽ ഷക്കീലക്കുള്ള സ്ഥാനമാണു് കേരള രാഷ്ട്രീയത്തിൽ ശോഭനാ ജോർജിനെന്നു് സഖാക്കൾ തൊണ്ടകീറി പ്രസംഗിച്ചു. സി. പി. എമ്മിലെ അഡ്വ. രാമചന്ദ്രൻ നായരും ബി. ജെ. പി.-യുടെ എം. ടി. രമേശും കാടിളക്കി പ്രചാരണവും നടത്തി. കിം ഫലം? ശോഭനാ ജോർജിനെ ചെങ്ങന്നൂർക്കാർക്കറിയാം. അപവാദപ്രചാരണവും അശ്ലീലപരാമർശങ്ങളും വിപരീത ഫലമാണുണ്ടാക്കിയതു്. ശോഭനാ പാട്ടുംപാടി ജയിച്ചു.
മൂന്നാംവട്ടവും നിയമസഭയിലേക്കു് ജയിച്ചുകയറിയ ശോഭനക്കു് മന്ത്രിസ്ഥാനത്തേക്ക് ന്യായമായും ക്ലെയിം ഉണ്ടായിരുന്നു. നിലവിലുള്ള കോൺഗ്രസ് വനിതാ അംഗങ്ങളിൽ ഏറ്റവും സീനിയറാണു് അവർ. കാര്യപ്രാപ്തിയിലും വാഗ്ധാടിയിലും ഒട്ടും മോശക്കാരിയല്ലതാനും. എന്നിട്ടും സാമുദായിക പരിഗണനയാൽ ശോഭന തഴയപ്പെട്ടു. ഇരുപതംഗ മന്ത്രിസഭയിൽ പരമാവധി അഞ്ചു ക്രിസ്ത്യാനികളാകാം. കേരള കോൺഗ്രസ് ഗ്രൂപ്പുകൾക്കായി അവയിൽ മൂന്നെണ്ണം പോയി. ലത്തീൻ പ്രാതിനിധ്യത്തിനായി കെ. വി. തോമസി നെ ഉൾപ്പെടുത്തിയേ പറ്റൂ. കുർബാനയും കുന്തിരിക്കവും കുമ്പസാരവുമില്ലെങ്കിലും മുഖ്യനും ക്രിസ്ത്യാനിയാണല്ലോ. അങ്ങനെ അഞ്ചും തികഞ്ഞു.
മന്ത്രിസ്ഥാനം കിട്ടാത്തതിലും പരിഭവമേതുമില്ല ചെങ്ങന്നൂർ എം. എൽ. എ.-ക്കു്. ജനസേവനം നടത്താൻ മന്ത്രിസ്ഥാനം നിർബന്ധമല്ല. എന്നാൽ, എം. എൽ. എ.-മരോട് ചില മന്ത്രിമാർ പുലർത്തുന്ന ചിറ്റമ്മനയത്തിൽ അവർക്കു് അമർഷമുണ്ടു്. ഇക്കാര്യം നിയമസഭക്കകത്തും പുറത്തും തുറന്നടിച്ചു് പറഞ്ഞിട്ടുമുണ്ടു്. കയററ്റാൽ പാള കിണറ്റിൽ എന്ന പഴമൊഴിയോ താജ്മഹൽ പണിത ശിൽപിയുടെ കൈമുറിച്ച കഥയോ ആന്റണി യുടെ ചെവിയിൽ കയറിയിട്ടില്ല. ഭരണമങ്ങനെ ഉപ്പും പുളിയുമില്ലാതെ ഇഴഞ്ഞു നീങ്ങുന്നു.
ഹവാലാ കേസിൽ മന്ത്രി കെ. വി. തോമസി നു് പങ്കുണ്ടെന്നാരോപിക്കുന്ന പൊലീസ് രേഖ സൂര്യ ടി. വി. സംപ്രേഷണം ചെയ്തതു് സംബന്ധിച്ചാണു് ശോഭനാ ജോർജ് ഉൾപ്പെട്ട ഏറ്റവും പുതിയ വിവാദം. രേഖ വ്യാജമാണെന്നു് പോലീസ് പറയുന്നു. വ്യാജരേഖ തനിക്കു് കൈമാറിയതു് ശോഭനാ ജോർജാണെന്നു് സൂര്യ ലേഖകൻ. ശോഭനക്കു് പങ്കുണ്ടെന്നു് അന്വേഷണ ഉദ്യോഗസ്ഥർ, ഇല്ലെന്നു് ക്രൈംബ്രാഞ്ച് ഡി. ജി. പി., ആരോപണം സർക്കാറിനെ അട്ടിമറിക്കാനെന്നു് മുഖ്യമന്ത്രി, അപവാദപ്രചാരണം ഐ ഗ്രൂപ്പിനെ ഭിന്നിപ്പിക്കാനാണെന്നു് പത്മജാ വേണുഗോപാൽ, അന്വേഷണം ശരിയായ ദിശയിലല്ലെന്നു് കരുണാകരൻ.
രേഖ വ്യാജമാണെങ്കിൽ, സംശയമേ വേണ്ട അതു് കോൺഗ്രസുകാർ ഉണ്ടാക്കിയതാണു്. ചരിത്രാതീതകാലം മുതൽക്കു് കോൺഗ്രസിലെ ഉൾപ്പാർട്ടി ജനാധിപത്യത്തിന്റെ രീതി അതാണു്. ടി. കെ. നാരായണ പിള്ള യുടെ ഭരണകാലത്തു് മന്ത്രി ജോൺ ഫിലിപ്പോസിനെതിരെ അഴിമതി ആരോപണമുന്നയിച്ചതു് സമുന്നത കോൺഗ്രസ് നേതാവു് ആനി മസ്ക്രീൻ. അതു് മന്ത്രിസഭയുടെ രാജിയിലും മസ്ക്രീനെതിരായ മാനനഷ്ടക്കേസിലും അവസാനിച്ചു. കൈവണ്ടി സംഭവത്തെത്തുടർന്നു് മന്ത്രി പി. ടി. ചാക്കോ യെ മന്ത്രിസഭയിൽനിന്നു് പുറത്താക്കണമെന്നാവശ്യപ്പെട്ടു് രക്തസാക്ഷി ദിനത്തിൽ (30.1.1964) നിയമസഭാ കവാടത്തിൽ ഉപവാസം നടത്തിയതോ മാടായിൽനിന്നുള്ള കോൺഗ്രസ് അംഗം പ്രഹ്ലാദഗോപാലൻ. തലേദിവസം മഹാത്മജി സ്വപ്നത്തിൽ പ്രത്യക്ഷനായി ഗോപാലനു് ഉപവാസാഹ്വാനം നൽകുകയായിരുന്നു. ഏതായാലും ചാക്കോ രാജിവെച്ചു. വൈകാതെ ഹൃദയം തകർന്നു് മരിക്കുകയും ചെയ്തു. അങ്ങനെ കേരള കോൺഗ്രസുണ്ടായി. തനിക്കും കടവൂർ ശിവദാസനു മെതിരെ ലൈംഗികാപവാദം ഉന്നയിപ്പിച്ചവർ കോൺഗ്രസുകാരാണെന്നു് ജി. കാർത്തികേയൻ വെളിപ്പെടുത്തുന്നു. അനധികൃതമായി സമ്പാദിച്ച സ്വത്തുക്കളുടെ സർവേ നമ്പറും അടിയാധാരത്തിന്റെ പകർപ്പും സഹിതം കെ. വി. തോമസി നെതിരെ വിജിലൻസ് കോടതിയിൽ ഹർജി കൊടുത്തതും കോൺഗ്രസുകാർതന്നെ.
ഏതൊരു അന്വേഷണത്തിലും സത്യസന്ധത തെളിയിക്കാൻ ശോഭനാ ജോർജ് സന്നദ്ധയാണു്. പോളിഗ്രാഫ് ടെസ്റ്റെങ്കിൽ അതിനു്, ഡി. എൻ. എ. പരിശോധനയാണെങ്കിൽ അതിനും. അവരുടെ കൈകൾ തികച്ചും ശുദ്ധമാണു്. മടിയിൽ കനമുണ്ടെങ്കിലല്ലേ വഴിയിൽ ഭയം വേണ്ടൂ? അല്ലെങ്കിൽതന്നെ തോമസ് മാഷിനെതിരെ വ്യാജരേഖയുണ്ടാക്കിയിട്ട് പാവം ശോഭനയെന്തു നേടാനാണു്? തോമസ് രാജിവെച്ചാൽ ലത്തീൻ കത്തോലിക്കനെന്ന നിലക്കു് ഡൊമിനിക്ക് പ്രസന്റേഷൻ മന്ത്രിയാകും.
ചെങ്ങന്നൂർ കായംകുളംരാജ്യത്തിന്റെ ഭാഗമായിരുന്നപ്പോഴും പിന്നീടു് തിരുവിതാംകൂറിലായപ്പോഴും ക്ഷേത്രത്തിന്റെ പടിഞ്ഞാറേനടയിൽ (ദേവീസന്നിധിയിൽ) വിഷപരീക്ഷ പതിവായിരുന്നു. ക്രിമിനൽ നടപടി നിയമമോ തെളിവു് നിയമമോ ക്രൈംബ്രാഞ്ച് പൊലീസോ ഇല്ലാത്ത അക്കാലത്തു് അഗ്നിപരീക്ഷയോ വിഷപരീക്ഷയോ നടത്തിയാണു് കുറ്റം തെളിയിച്ചിരുന്നതു്. ശുചീന്ദ്രം ക്ഷേത്രസന്നിധിയിൽ തിളച്ച നെയ്യിൽ കൈമുക്കിയാണു് അഗ്നിപരീക്ഷ നടത്തിയിരുന്നതു്. ചെങ്ങന്നൂരെ പടിഞ്ഞാറേ ഗോപുരത്തിലുള്ള പാമ്പിൻമാളത്തിൽ കൈയിട്ടു് സത്യം ചെയ്യലായിരുന്നു വിഷപരീക്ഷ. കള്ളസത്യമാണെങ്കിൽ സർപ്പദംശനം ഉറപ്പു്. ചെങ്ങന്നൂർ ഭഗവതിയുടെ മുന്നിൽനിന്നു് സത്യം ചെയ്യാൻ താൻ സന്നദ്ധയാണെന്നു് ശോഭനാ ജോർജ്. ഇതേ പരീക്ഷണത്തിനു് അവർ സൂര്യ ലേഖകനെ വെല്ലുവിളിക്കുകയും ചെയ്തിരിക്കുന്നു. സർപ്പദർശനം ഭയന്നോ എന്തോ ലേഖകൻ വെല്ലുവിളി സ്വീകരിച്ചിട്ടില്ല.
മന്ത്രി തോമസിനു് പിന്തുണ പ്രഖ്യാപിച്ചു് ലത്തീൻ കത്തോലിക്കാ വൈദികരും അൽമായരും രംഗത്തിറങ്ങിക്കഴിഞ്ഞു. മറിച്ചു്, ശോഭനക്കനുകൂലമായി പരിശുദ്ധ കത്തോലിക്കാ ബാവയോ ഇതര തിരുമേനിമാരോ ഒരക്ഷരം ഉരിയാടിയിട്ടില്ല. കേസിനും പുക്കാറിനുമല്ലാതെ അവർക്കു് എവിടെ സമയം, സൗകര്യം? ശോഭനയെ പരിഹസിച്ചു് കാർട്ടൂൺ പ്രസിദ്ധീകരിക്കാത്ത ഒരു പത്രവുമില്ല ഭൂമിമലയാളത്തിൽ. ഉത്തരരാമചരിതത്തിലെ സീതയെപ്പോലെ, ചിലപ്പതികാരത്തിലെ കണ്ണകിയെപ്പോലെ വൃഥാ അപവാദം സഹിക്കുകയാണു് ആ സതീരത്നം. അപമാനം സഹിച്ച് താൻ നിയമസഭാംഗമായി തുടരുകയില്ലെന്നു് അവർ വ്യക്തമാക്കിയിട്ടുണ്ടു്. സീതയെപ്പോലെ ഭൂമിപിളർന്നു് അന്തർധാനം ചെയ്യുമോ അതോ കണ്ണകിയെപ്പോലെ മധുരാപുരി ചുട്ടുപൊട്ടിക്കുമോ എന്നു് കാത്തിരുന്നു് കാണുക. സർവശക്തയും സർവാഭിഷ്ടവരദായിനിയുമായ ചെങ്ങന്നൂർ ഭഗവതി ശോഭനയെ കാത്തുരക്ഷിക്കട്ടെ.
ദുർഗാ ഭഗവതി ദുഃഖവിനാശിനി
ശരണം മേ തവചരണ യുഗം.
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.