ജപ്പാനിലും കൊറിയയിലുമായി നടന്ന 2002-ലെ ലോക ഫുട്ബാൾ മേള. ഇംഗ്ലണ്ടും ബ്രസീലും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ. അത്തവണത്തെ ഏറ്റവും മികച്ച ടീമുകൾ, ഏറ്റവും ആവേശകരമായ മൽസരം. കളിയുടെ ഗതിക്കെതിരായി ഇംഗ്ലണ്ട് ആദ്യം ഗോൾ നേടി. ഡിഫൻഡർ ലൂസിയോയുടെ പിഴവു് മുതലെടുത്തു് മൈക്കൽ ഓവൻ വലകുലുക്കിയപ്പോൾ ബ്രസീൽ നടുങ്ങി. ലോകമെമ്പാടും ആരാധകർക്കു് ശ്വാസതടസ്സമുണ്ടായി. ഒന്നാംപകുതി അവസാനിക്കുന്നതിനു് തൊട്ടു മുമ്പു് സമനില ഗോൾ വന്നു. നാലു് ഡിഫൻഡർമാരെ ഒന്നൊന്നായി മറികടന്ന ബ്രസീലിയൻ മിഡ്ഫീൽഡർ റൊണാൾഡീന്യോ, പന്തു് റിവാൾഡോക്ക് മറിച്ചുകൊടുത്തു. റിവാൾഡോയുടെ വെടിയുണ്ടപോലെയുള്ള അടി ഫുൾബാക്ക് സോൾകാംബെല്ലിനെയും ഗോളി സീമാനെയും അമ്പേ പരാജയപ്പെടുത്തി ഇംഗ്ലീഷ് വലയിൽ വീണു. 50-ാം മിനിറ്റിൽ ബ്രസീലിനു് അനുകൂലമായ ഫ്രീകിക്ക്. 35 വാര അകലെനിന്നു് കിക്കെടുത്തതു് റൊണാൾഡീന്യോ. അതിസുന്ദരമായ ഫാളിംഗ് ലീഫ് കിക്ക്. സീമാനല്ല, പടച്ചവനുപോലും തടയാൻ കഴിയാത്ത ഒന്നു്. ഇംഗ്ലണ്ടിന്റെ പോസ്റ്റിൽ രണ്ടാമത്തെ ഗോൾ. ഇതാ പുതിയ രാജകുമാരൻ എന്നു് കമന്റേറ്റർമാർ ആർത്തുവിളിച്ചു, കാണികൾ എഴുന്നേറ്റു് നിന്നു് കൈയടിച്ചു.
ഇവൻ അങ്ങനെയങ്ങു് ഷൈൻ ചെയ്യേണ്ട എന്നു് റഫറിക്കു് തോന്നിയതു് സ്വാഭാവികം. ബാറ്റിസ്റ്റ്യൂട്ടയും സിദാനും ഒളിമങ്ങിയ ലോകകപ്പിൽ ഒരു പീക്രി ചെക്കൻ വിലസുകയോ? അതും ബ്രസീൽ ടീമിൽത്തന്നെ റൊണാൾഡോ, റിവാൾഡോ, റൊബർട്ടോ കാർലോസ് മുതലായ പ്രതിഭകളുള്ളപ്പോൾ? 57-ാം മിനിറ്റിൽ നിസ്സാരമായ ഒരു ഫൗൾ. ഏറ്റവും കൂടിയതു് മഞ്ഞക്കാർഡ് കാണിക്കാം. പക്ഷേ, റഫറി ചുവപ്പുകാർഡ് വീശി. റൊണാൾഡിന്യോ കളത്തിനു് പുറത്തു്. മഞ്ഞപ്പടയുടെ അംഗബലം 10 ആയി ചുരുങ്ങി. ജയിച്ചാലും സെമിയിലും ഫൈനലിലും റൊണാൾഡീന്യോക്കു് കളിക്കാനാവില്ല.
ശേഷിച്ച 33 മിനിറ്റ് പത്തുപേരെ വെച്ചു് ബ്രസീൽ ഇംഗ്ലണ്ടിനും റഫറിക്കുമെതിരെ പിടിച്ചുനിന്നു. സെമിയിൽ തുർക്കിയെ ഒറ്റ ഗോളിനു് വീഴ്ത്തി, ഫൈനലിൽ ജർമ്മനിയെ രണ്ടു് ഗോളിനും. മൂന്നു ഗോളുമടിച്ചതു് റൊണാൾഡോ. അഞ്ചാം തവണയും ലോകകപ്പ് ബ്രസീൽ കൊണ്ടുപോയി.
57-ാം മിനിറ്റിലെ ചുവപ്പുകാർഡ് പ്രയോഗത്തെ പലവിധത്തിലും ഓർമ്മിപ്പിക്കുന്നു അച്യുതാനന്ദനെ യും പിണറായി വിജയനെ യും സസ്പെന്റ് ചെയ്യാനുള്ള പോളിറ്റ് ബ്യൂറോ തീരുമാനം.
വി. എസും വിജയനും കളി തുടങ്ങിയിട്ടു് കാലം കുറെയായി. പിണറായിയെ സെക്രട്ടറിസ്ഥാനത്തുനിന്നു് പുറത്താക്കാൻ രണ്ടു് വർഷം മുമ്പു് അച്യുതാനന്ദൻ ശ്രമിച്ചു് പരാജയപ്പെട്ടു. പോളിറ്റ് ബ്യൂറോയുടെ ആജ്ഞ ലംഘിച്ചു് സഖാവു് നിറുത്തിയ 12 സ്ഥാനാർഥികളും തോറ്റു. കാരണവരെ സകലവിധത്തിലും താഴ്ത്തികെട്ടാനുള്ള ശ്രമമാണു് പിന്നീടു് വിജയൻ നടത്തിയതു്. എസ്. ശർമ്മ യും എം. ചന്ദ്രനും സംസ്ഥാന സെക്രട്ടറിയേറ്റിൽനിന്നു് ഒഴിവാക്കപ്പെട്ടു; ദേശാഭിമാനി പത്രാധിപസ്ഥാനത്തുനിന്നു് അച്യുതാനന്ദൻ തന്നെയും നിഷ്കാസിതനായി. കൊമ്പുകളും ചില്ലകളുമൊക്കെ വെട്ടിയിറക്കിയശേഷം തടിമുറിക്കാനായിരുന്നു വിജയന്റെ പദ്ധതി.
അതിനിടെ ലാവ്ലിൻ പൊങ്ങിവന്നതുകൊണ്ടു് പദ്ധതി പാളി. മുഖ്യമന്ത്രിക്കസേര മരീചികയായി. ഡി. ഐ. സി. ബന്ധത്തിനെതിരെ വി. എസും ഘടകകക്ഷികളും വാളെടുത്തു. പോളിറ്റ് ബ്യൂറോ അവർക്കൊപ്പം നിന്നു. അങ്ങനെ കരുണാകര ബാന്ധവം കുന്തമായി. വികസന വിരുദ്ധനും ന്യൂനപക്ഷ വിരുദ്ധനുമായി മുദ്രയടിച്ചു് അച്യുമ്മാനെ ഒതുക്കാനായി അടുത്ത ശ്രമം. പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റും കേന്ദ്ര കമ്മിറ്റിയും വി. എസ്. മൽസരിക്കണ്ട എന്നു വിധിച്ചു. സംസ്ഥാന കമ്മിറ്റിയും അതേ നിലപാടു് അംഗീകരിക്കുമായിരുന്നു. അപ്പോഴേക്കും ബൂർഷ്വാ മാധ്യമങ്ങൾ ഉറഞ്ഞുതുള്ളി. പാലോളി മുഹമ്മദ്കുട്ടി സമുദായത്തിനു് സ്വീകാര്യനല്ലെന്നു് മാധ്യമം തുറന്നടിച്ചു. കേരള കൗമുദിയുടെ ഈഴവരക്തം തിളച്ചു. ഏഷ്യാനെറ്റിനും ഇന്ത്യാവിഷനും മാതൃഭൂമിക്കും മനോരമക്കും ഒരു ഹൃദയം ഒരു മാനസം! വി. എസില്ലെങ്കിൽ കളി തോൽക്കുമെന്നു് ഹിന്ദു പത്രാധിപൻ പറഞ്ഞപ്പോൾ കാരാട്ടിന്റെ കരളെരിഞ്ഞു. ബംഗാൾ സഖാക്കൾ അച്യുതാനന്ദന്റെ വക്കാലത്തുപിടിച്ചു. പോളിറ്റ് ബ്യൂറോ ഇടപെട്ടു് പുന്നപ്ര സമരനായകനു് സീറ്റുകൊടുപ്പിച്ചു.
കിക്കോഫിൽനിന്നുതന്നെ അച്യുതാനന്ദൻ ഇരമ്പിക്കയറി. തെരഞ്ഞെടുപ്പു് രംഗത്തു് പുഷ്കാസും പെലെ യും മറഡോണ യുമൊക്കെ വി. എസ്. തന്നെ. ജനനായകനെക്കാണാൻ, ആരോഹണാവരോഹണങ്ങളോടെയുള്ള പ്രസംഗം കേട്ടു് ധന്യരാവാൻ പതിനായിരങ്ങൾ തടിച്ചുകൂടി. ഉമ്മൻചാണ്ടി യും കുഞ്ഞാലിക്കുട്ടി യുമൊക്കെ നിഷ്പ്രഭരായി. കോൺഗ്രസിന്റെയും ലീഗിന്റെയും പോസ്റ്റിൽ ഒട്ടെറെ ഗോളുകൾ വീണു. വി. എസിനെ ഫൗൾ ചെയ്തുവീഴ്ത്തി അധികാരം പിടിക്കാനും ഔദ്യോഗിക പക്ഷം ശ്രമിക്കാതിരുന്നില്ല. കോള, കരിമണൽ, ഇരുമ്പുരുക്കു് വ്യവസായികൾ പണമൊഴുക്കിയിട്ടും മലമ്പുഴയിൽ മാരാരിക്കുളം ആവർത്തിച്ചില്ല. തികച്ചും ഏകപക്ഷീയമായ മൽസരത്തിൽ ഇടതുമുന്നണി വിജയിച്ചു; വി. എസ്. മുഖ്യമന്ത്രിയുമായി.
നിയമസഭാ തെരഞ്ഞെടുപ്പു് കേവലം സെമിഫൈനൽ മാത്രം. മുഖ്യമന്ത്രിയായി അധികാരമേൽക്കുമ്പോഴേ അച്യുതാനന്ദനറിയാം കലാശക്കളി പിണറായി വിജയൻ നയിക്കുന്ന ഔദ്യോഗിക പക്ഷവുമായിട്ടാകുമെന്നു്.
കണ്ണൂർ ലോബിയുടെ കരുത്തും കാർക്കശ്യവും വിളിച്ചറിയിക്കുന്ന ലൈനപ്പ്. മുന്നേറ്റനിരയിൽ എണ്ണംപറഞ്ഞ അഞ്ചു് ഫോർവേഡുകൾ—കോടിയേരി ബാലകൃഷ്ണൻ, എ. കെ. ബാലൻ, പി. കെ. ശ്രീമതി, എളമരം കരീം, എം. എ. ബേബി, മിഡ്ഫീൽഡിൽ പിണറായിക്കിടവുംവലവും പരിചയസമ്പന്നരായ ഇ. പി. ജയരാജനും എം. വി. ഗോവിന്ദൻ മാസ്റ്ററും. ഡീപ് ഡിഫൻസിൽ മുതിർന്ന പത്രപ്രവർത്തകൻ എൻ. മാധവൻ കുട്ടി, ദീപികയുടെ പുതിയ മുതലാളി ഫാരീസ് അബുബക്കർ. ഗോൾകീപ്പർ, പുള്ളിപ്പുലിയുടെ മെയ്വഴക്കമുള്ള ദേശാഭിമാനി പത്രാധിപർ ദക്ഷിണാമൂർത്തി.
ടീം വി. എസ്. മോശമൊന്നുമല്ല. സ്റ്റാർ സ്ട്രൈക്കർ അച്യുതാനന്ദൻ തന്നെ. ഇടതുവിംഗിൽ ശർമ, വലതുവിംഗിൽ ഗുരുദാസൻ. കളിയുടെ വേഗം നിയന്ത്രിക്കുന്നതും നായകനു് പന്തെത്തിച്ചുകൊടുക്കുന്നതും മിഡ്ഫീൽഡ് ജനറൽ കെ. ചന്ദ്രൻപിള്ള. കൂടെ വിശ്വസ്തരായ എൻ. എൻ. കൃഷ്ണദാസ്, എം. ചന്ദ്രൻ, തന്ത്രങ്ങൾ മെനയുന്നതു് കെ. എം. ഷാജഹാൻ. പിണറായി യുടെ ആക്രമണങ്ങൾക്കെതിരെ പ്രതിരോധമൊരുക്കുന്നതു് മാതൃഭൂമി, മാധ്യമം, കേരള കൗമുദി പത്രങ്ങൾ, സമകാലിക മലയാളം ആഴ്ചപ്പതിപ്പു്. ഗോൾവല കാക്കാൻ ലെവ്യാഷിന്റെ നേരനന്തരവൻ ജി. ശക്തിധരൻ.
തെരഞ്ഞെടുപ്പു് കഴിഞ്ഞതും കളിയുടെ നിയന്ത്രണം പിണറായി സഖാവു് ഏറ്റെടുത്തു. അച്യുതാനന്ദന്റെ ഇഷ്ടത്തിനെതിരായി മന്ത്രിമാരുടെ എണ്ണം 19 ആയി വർദ്ധിപ്പിച്ചു. അതിൽ 12 പേർ സി. പി. എമ്മുകാർ, എട്ടുപേർ പിണറായി ഗ്രൂപ്പുകാർ. ആഭ്യന്തര-വിജിലൻസ് വകുപ്പുകൾ മുഖ്യമന്ത്രിയിൽനിന്നെടുത്തു് കോടിയേരി യെ ഏൽപിച്ചു. ഭാരിച്ച വകുപ്പുകളത്രയും പിണറായി പക്ഷക്കാർ കൈക്കലാക്കി. വി. എസ്. ഗ്രൂപ്പുകാർക്കു് പുല്ലും വൈക്കോലും മാത്രം. ഷാജഹാനെ ചുവപ്പുകാർഡ് കാണിച്ചു് പുറത്താക്കി. ശക്തിധരൻ ദേശാഭിമാനിയിൽ നിന്നു് തടികഴിച്ചിലാക്കി. പഴയ നസ്രാണി ദീപിക പിണറായി ദീപികയായി വേഷംമാറി ആഴ്ചയിൽ ഏഴുദിവസവും അച്യുതാനന്ദനെ പുലഭ്യം പറഞ്ഞു. ദേശാഭിമാനിയും കൈരളി-പീപ്പിൾ ചാനലുകളും മുഖ്യമന്ത്രിക്കെതിരെ ഒളിയമ്പുകളെയ്തു.
കനത്ത മാധ്യമപിന്തുണയും ചന്ദ്രൻപിള്ള യുടെ മികച്ച തന്ത്രങ്ങളുമുണ്ടായിട്ടും, പിണറായി പക്ഷത്തിന്റെ ഇരച്ചുകയറ്റത്തിനു് മുന്നിൽ വി. എസ്. തികച്ചും പ്രതിരോധത്തിലായി. സീറ്റ് നിഷേധിച്ചപ്പോൾ ജനനായകനുവേണ്ടി ജാഥ നടത്തിയവരെയും മുദ്രാവാക്യം വിളിച്ചവരെയുമൊക്കെ പാർട്ടിയിൽനിന്നു് പുറത്താക്കി. മഞ്ഞക്കാർഡ് വീശി കൃഷ്ണദാസി നെ തരംതാഴ്ത്തി; ടി. ശശിധരനെ സൈഡ് ബെഞ്ചിലിരുത്തി. ഋഷിരാജ്സിംഗി ന്റെ പ്രശ്നത്തിൽ ഡി. ജി. പി.-യെ വിളിച്ചുവരുത്തി ശാസിച്ചപ്പോൾ മാത്രമാണു് പഴയ പ്രഹരശേഷിയുടെ മിന്നലാട്ടം കണ്ടതു്.
മുഖ്യനെയും ഘടകകക്ഷി നേതാക്കളെയും ആസാക്കിക്കൊണ്ടു് എ. ഡി. ബി. കരാർ ഒപ്പിടാൻ പിണറായി പക്ഷത്തിനു് സാധിച്ചു. പണ്ടേ വേണ്ടേന്നുവെച്ച സൈലന്റ് വാലി പദ്ധതി, പാത്രക്കടവായി പുനർനാമകരണം ചെയ്തു് നടപ്പാക്കാൻ മന്ത്രിസഭ ഭരണാനുമതി നൽകിയപ്പോൾ, എൿസ്പ്രസ് വേ, തെക്കു-വടക്കു് പാതയെന്നപേരിൽ യാഥാർഥ്യമാക്കുമെന്നു് പൊതുമരാമത്തു് മന്ത്രി പ്രഖ്യാപിച്ചപ്പോൾ വി. എസ്. അപ്രസൿതനായി എന്നു് നിരീക്ഷകർ വിധികൽപിച്ചു.
പന്തിന്റെ നിയന്ത്രണവും പാർട്ടിയുടെ പിന്തുണയുമുണ്ടായിട്ടും പിണറായി പക്ഷ മന്ത്രിമാർക്കു് സ്കോർ ചെയ്യാൻ കഴിഞ്ഞില്ല. അവരുടെ അടികളത്രയും പോസ്റ്റിലോ ക്രോസ്ബാറിലോ തട്ടി മടങ്ങി, അല്ലെങ്കിൽ പുറത്തുപോയി. മാധ്യമങ്ങളുടെ വിമർശനവും കോടതിയുടെ പ്രഹരവും ഏറെ ഏറ്റു വാങ്ങേണ്ടിവന്നതും പിണറായി പക്ഷക്കാർക്കുതന്നെ.
സ്വാശ്രയ വിദ്യാഭ്യാസ നിയമത്തിലൂടെ എം. എ. ബേബി കണ്ണഞ്ചിപ്പിക്കുന്ന ഗോൾ നേടിയതാണു്. ആഹ്ലാദാരവങ്ങൾ ഒടുങ്ങും മുമ്പു് കോടതി ഓഫ്സൈഡാണെന്നു് വിധിച്ചു. എ. കെ. ബാലനെ ക്രിമിനൽ കേസിൽ ശിക്ഷിച്ചു. പാലോളി മുഹമ്മദ്കുട്ടി കോടതിയലക്ഷ്യത്തിൽപ്പെട്ടു് ചക്രം ചവിട്ടി. പരിയാരം ഭരണസമിതി പിരിച്ചുവിട്ട സുധാകരനും കിട്ടി കനത്ത പ്രഹരം. നീതിപീഠത്തിനും മാധ്യമങ്ങൾക്കുമെതിരെ ബാലിശമായ പരാമർശങ്ങൾ നടത്തി കുട്ടിസഖാക്കൾ സ്വയം പരിഹാസ്യരായി.
ലാവ്ലിൻ കേസിൽ പിണറായി സെൽഫ് ഗോൾ വഴങ്ങി. മുൻ സർക്കാർ അന്വേഷണം സി. ബി. ഐ.-ക്കു് വിട്ടു് കൃതാർഥരായിരുന്നു. കൃത്യാന്തര ബാഹുല്യത്തിനിടക്കു് ലാവ്ലിൻ അന്വേഷിക്കാൻ നിവൃത്തിയില്ല എന്നു് സി. ബി. ഐ. പറഞ്ഞതും വിജിലൻസ് അന്വേഷണം മതിയെന്നു് അഡ്വക്കേറ്റ് ജനറൽ ബോധിപ്പിച്ചു. ഫൗൾ എന്നാക്രോശിച്ചുകൊണ്ടു് പ്രതിപക്ഷവും പൊതുതാൽപര്യ വ്യവഹാരികളും ചാടിവീണു. ദൽഹിയിൽനിന്നു് മണികെട്ടിയ വക്കീലന്മാരെ കൊണ്ടുവന്നിട്ടും ഫലമുണ്ടായില്ല—സി. ബി. ഐ. തന്നെ അന്വേഷിക്കണമെന്നു് ഹൈക്കോടതി ശഠിച്ചു.
പിണറായിപക്ഷത്തെ മൂന്നു് പ്രമുഖ മന്ത്രിമാർ—കോടിയേരി, ശ്രീമതി, ബാലൻ—പരമ പരാജയങ്ങളായി. കോടിയേരിയുടെ ഭരണത്തിൻ കീഴിൽ കസ്റ്റഡി മരണങ്ങൾ പെരുകി, ക്രമസമധാനനില മുമ്പത്തേതിനെക്കാൾ വഷളായി, നിയമപാലകരുടെ അഴിമതി കൂടി. മൻമോഹൻ ബംഗ്ലാവിന്റെ മോടികൂട്ടിയതും കാടാമ്പുഴയിൽ പൂമൂടൽ നടത്തിയതും മകനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതുമൊക്കെ ക്ഷീണമായി. ചികുൻ ഗുനിയയും, എസ്. എ. ടി. ആശുപത്രിയിലെ ശിശുമരണങ്ങളും ശ്രീമതി ടീച്ചറു ടെ യശോധാവള ്യം കെടുത്തി. പാത്രക്കടവിനു് വേണ്ടിയുള്ള കടുംപിടിത്തവും പെരിയാർ മലിനീകരണവും ബാലനെ ബാധിച്ചു.
കളി അങ്ങനെ വിരസമായ സമനിലയിലേക്കു് വഴുതി നീങ്ങവേ, മന്ത്രിസഭയുടെ ഒന്നാം വാർഷികാഘോഷത്തിനു് ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോൾ അതാ ആദ്യ ഗോൾ! മൈതാനമധ്യത്തുനിന്നു് ഒറ്റക്കു മുന്നേറി മുഖ്യമന്ത്രി സ്മാർട്ട് സിറ്റി കരാർ ഉറപ്പിച്ചു. ടീകോമിന്റെ ശാഠ്യമൊന്നും പുന്നപ്ര സമരനായകനോടു് വിലപ്പോയില്ല. ഇൻഫോ പാർക്ക് വിട്ടുകൊടുക്കില്ല, സ്ഥലം തീറുകൊടുക്കേണ്ട, വില വളരെ വർദ്ധിച്ചു, തൊഴിലവസരങ്ങൾ കുത്തനെ കൂടി. ഉമ്മൻചാണ്ടി ക്കു് മുഖം നഷ്ടപ്പെട്ടു. ഒറ്റദിവസംകൊണ്ടു് വികസനവിരുദ്ധൻ വികസന നായകനായി, മനോരമ പോലും എണീറ്റു നിന്നു് കൈയടിച്ചു.
ഹർഷാരവങ്ങൾ അടങ്ങുംമുമ്പു് അതാ വരുന്നു, രണ്ടാമത്തെ ഗോൾ. മൂന്നാറിലെ കൈയേറ്റക്കാരെ ഒഴിപ്പിക്കാമോ എന്നു് വെല്ലുവിളിക്കുമ്പോൾ രമേശ് ചെന്നിത്തല ഇത്രയും കരുതിയില്ല. തിരുവനന്തപുരത്തുനിന്നു് മുഖ്യന്റെ ഫാളിംഗ് ലീഫ്കിക്ക്! ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരുപോലെ അമ്പരപ്പിച്ചുകൊണ്ടു് മൂന്നംഗ ദൗത്യസംഘം മൂന്നാറിൽ അദ്ഭുതം സൃഷ്ടിച്ചു. പ്രഖ്യാപനമല്ല, പ്രവൃത്തിയും വശമെന്നു് അച്യുതാനന്ദൻ തെളിയിച്ചു. സി. പി. എം. സെക്രട്ടറിയേറ്റിന്റെ അന്ത്യശാസനം കോഴി കോട്ടുവായിട്ടപോലായി. വെളിയം ഭാർഗവനും പ്രൊഫ. ചന്ദ്രചൂഡനും ഊരിയ വാൾ ഉറയിലിട്ടു് രംഗത്തുനിന്നു് നിഷ്ക്രമിച്ചു.
എ. കെ. ജി.-യേക്കാൾ വലിയ ജനനായകൻ, അച്യുതമേനോനേക്കാൾ മികച്ച ഭരണാധികാരിയെന്നു് മാധ്യമങ്ങൾ വിശേഷിപ്പിച്ചതു് സ്വാഭാവികം. ഇന്ത്യാ ടുഡേ, മഹാത്മാഗാന്ധി യോടാണു് അച്യുതാനന്ദനെ താരതമ്യം ചെയ്തതു്; മൂന്നാർ ഒഴിപ്പിക്കലിനെ ഉപ്പുസത്യാഗ്രഹത്തോടും.
വി. എസിന്റെ ജനപ്രീതി വാനോളമുയർന്നു. ഇടതുഭരണത്തിന്റെ ഇതഃപര്യന്തമുള്ള വീഴ്ചകൾ, പോരായ്മകൾ, പോക്കണംകേടുകളൊക്കെ ജനം വിസ്മരിച്ചു. മന്ത്രിസഭയുടെ ഒന്നാം വാർഷികം പ്രമാണിച്ചു് ടി. വി. ചാനലുകൾ സംഘടിപ്പിച്ച അഭിപ്രായ വോട്ടെടുപ്പുകൾ ഇക്കാര്യം വ്യക്തമാക്കി. ഭരണം തൃപ്തികരമെന്നു് ബഹുഭൂരിപക്ഷവും അഭിപ്രായപ്പെട്ടു. ഏറ്റവും പ്രധാന നേട്ടം മൂന്നാർ ഒഴിപ്പിക്കൽ, പിന്നെ സ്മാർട്ട് സിറ്റി. മനോരമ ന്യൂസിന്റെ വോട്ടെടുപ്പിൽ മുഖ്യമന്ത്രിക്കു് 70 ശതമാനം വോട്ടു കിട്ടിയപ്പോൾ തൊട്ടടുത്തു വന്ന എം. എ. ബേബി ക്കു് അഞ്ചും കോടിയേരിക്കു് നാലും ശതമാനം വോട്ടാണു് കിട്ടിയതു്! ഇന്ത്യാവിഷനിൽ വി. എസിനു് 58 ശതമാനം കിട്ടിയപ്പോൾ ഐസക്, ബേബി, ശ്രീമതി മാർക്കു് ഒന്നുമുതൽ ഒന്നേകാൽ ശതമാനം വോട്ടാണു് കിട്ടിയതു്.
ഇന്നാട്ടിൽ ഒരു എസ്. എം. എസ്. സിൻഡിക്കേറ്റ് പ്രവർത്തിക്കുന്നുണ്ടെന്നു് ദേശാഭിമാനി സംശയിച്ചതിൽ തെറ്റില്ല. പിണറായി വിജയൻ കോപാകുലനായതിലും അദ്ഭുതത്തിനവകാശമില്ല. മെയ് 19-നു് നായനാരു ടെ ചരമവാർഷികാചരണത്തിനിടയിൽ സഖാവു് കാര്യങ്ങൾ വെട്ടിത്തുറന്നു് പറഞ്ഞു: മൂന്നാർ ഒഴിപ്പിച്ചതു് പാർട്ടിയാണു്, ഏതെങ്കിലും വ്യക്തിക്കു് ക്രെഡിറ്റ് അവകാശപ്പെടാൻ സാധ്യമല്ല. മറിച്ചു് ധരിക്കുന്ന സുന്ദര വിഡ്ഢികൾക്കു് നല്ല നമസ്കാരം. മിനിറ്റുകൾക്കകം തിരുവനന്തപുരത്തു് മുഖ്യൻ മറുപടി പറഞ്ഞു: ഞാൻ ക്രെഡിറ്റ് അവകാശപ്പെട്ടിട്ടില്ല. ദൗത്യസംഘത്തെപ്പറ്റി പരാതി പറഞ്ഞവരാണിപ്പോൾ വിജയം അവകാശപ്പെടുന്നതു്.
മുഖ്യമന്ത്രി പറഞ്ഞു് നാവെടുക്കുംമുമ്പു് മറ്റൊരദ്ഭുതം കൂടി നടന്നു. പ്രമുഖ വിപ്ലവ നേതാവിന്റെ ബിനാമിയുടെ പേരിലുള്ള റിസോർട്ട് ദൗത്യസംഘം തവിടുപൊടിയാക്കി. ഇതഃപര്യന്തം മൂന്നാർ ദൗത്യത്തെ അവഗണിച്ച അബ്കാരി ചാനൽ ഞെട്ടിയുണർന്നു് ഫൗൾ എന്നാക്രോശിച്ചു. ദീപിക ഒഴിപ്പിക്കലിലെ വിവേചനത്തിനെതിരായി ഒന്നാംപേജിൽ മുഖപ്രസംഗമെഴുതി. അടുത്ത ഘട്ടത്തിൽ മൂന്നാറിനെ തൂർക്ക്മാൻ ഗേറ്റിനോടും മുഖ്യമന്ത്രിയെ സഞ്ജയ്ഗാന്ധി യോടും ഉപമിച്ചു!
മാധ്യമ സിൻഡിക്കേറ്റിനെപ്പറ്റി പരാതിപറഞ്ഞവർതന്നെ അതിനെ ഉപയോഗപ്പെടുത്തുകയാണെന്നു് വി. എസ്. പറഞ്ഞു. മുഖ്യമന്ത്രി സാമാന്യമര്യാദ പാലിക്കണമെന്നു് പിണറായി. മര്യാദ രണ്ടുപേർക്കും വേണമെന്നു് വീണ്ടും വി. എസ്. പോളിറ്റ് ബ്യൂറോ ഇതൊക്കെ സസൂക്ഷ്മം വീക്ഷിക്കുന്നുണ്ടു്; അടുത്ത യോഗത്തിൽ ചർച്ചചെയ്യുമെന്നു് എസ്. രാമചന്ദ്രൻപിള്ള.
ഇരുതലമൂർച്ചയുള്ള കായംകുളം വാളാണു് രാമചന്ദ്രൻപിള്ള. പാർട്ടിസംഘടനയെ മൊത്തം വരുതിയിൽ നിറുത്തുന്ന വിജയനോടും അതിഗംഭീര ജനപിന്തുണയുള്ള വി. എസിനോടും എസ്. ആർ. പി.-ക്കുള്ള വികാരം എന്തെന്നു് മാന്യവായനക്കാർ ഊഹിച്ചുകൊൾക. പോളിറ്റ് ബ്യൂറോ അച്ചടക്ക ഖഡ്ഗം വീശി. വി. എസിനും വിജയനും ചുവപ്പുകാർഡ്. ഇനിയൊരുത്തരവുണ്ടാകുംവരെ പോളിറ്റ് ബ്യൂറോയിൽ കയറാനാവില്ല. ശേഷം കാര്യങ്ങൾ ജൂൺ 24-നു് കേന്ദ്ര കമ്മിറ്റി ആലോചിച്ചു് തീരുമാനിക്കും.
മുഖ്യമന്ത്രിയായിരിക്കാൻ വി. എസിനോ പാർട്ടി സെക്രട്ടറിയായി തുടരാൻ വിജയനോ തൽക്കാലം വിലക്കൊന്നുമില്ല. പരസ്യ വിഴുപ്പലക്കൽ പാടില്ലെന്നേയുള്ളു, രഹസ്യമായി ഗ്രൂപ്പ് പ്രവർത്തനം തുടരാൻ തടസ്സമില്ല.
കേന്ദ്ര കമ്മിറ്റി ഇനി എന്തുചെയ്യും? വിഭാഗീയതയുടെ പേരുപറഞ്ഞു് സംസ്ഥാന കമ്മിറ്റി പിരിച്ചുവിടുമോ?അങ്ങനെയെങ്കിൽ രാമചന്ദ്രൻപിള്ളയുടെ നേതൃത്വത്തിൽ അഡ്ഹോക്ക് കമ്മിറ്റി വരും. സെക്രട്ടറിസ്ഥാനത്തുനിന്നു് നിഷ്കാസിതനായാൽ വിജയന്റെ കട്ടയും പടവും മടങ്ങും. ബേബി യും ഐസക്കും എസ്. ആർ. പി.-യുടെ മച്ചമ്പിമാർ. കറതീർന്ന കണ്ണൂർക്കാരൊഴികെ ഒരാളെയും നമ്പാനൊക്കില്ല. എസ്. ആർ. പി.-യുടെ കണ്ണു് പണ്ടേ മുഖ്യമന്ത്രിക്കസേരയിലാണു്. ബേബിക്കു് തൽക്കാലം പാർട്ടി സെക്രട്ടറിയായാൽ മതി.
പന്തു് ഇപ്പോൾ മൈതാനമധ്യത്തിലാണു്. വലിയ ജനപിന്തുണയുള്ളതുകൊണ്ടു് മുഖ്യമന്ത്രിയെ മാറ്റുക അസാധ്യം. ചന്ദ്രൻപിള്ള ഇനിയെന്തു് തന്ത്രമാണു് ആവിഷ്കരിക്കുക, വി. എസ്. ഏതു് സമരമുഖമാണു് തുറക്കുക, അച്ചടക്ക നടപടിക്കെതിരെ കണ്ണൂർ ലോബി എന്തു പ്രതിരോധമാണു് ഉയർത്തുക എന്നൊക്കെയുള്ള കാര്യങ്ങൾ കാത്തിരുന്നു കാണാം. ഫൈനൽ വിസിലിനു് ഇനിയും ഏറെ സമയം ബാക്കിയുണ്ടു്.
അച്യുതാനന്ദനെ സസ്പെന്റ് ചെയ്ത അതേ സായാഹ്നത്തിൽ ഗെറ്റഫെക്കെതിരെ ബാഴ്സലോണയുടെ വിജയഗോളടിച്ച റൊണാൾഡീന്യോയെ റഫറി ചുവപ്പുകാർഡു കാണിച്ചു പുറത്താക്കി. സ്പാനിഷ് ലീഗിലെ നിർണായകമായ അടുത്ത രണ്ടു മൽസരങ്ങൾ സൈഡ് ബെഞ്ചിലിരുന്നു് കാണേണ്ടിവരും. കളി തുടരുകയാണു്…
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.