മദ്ധ്യ തിരുവിതാംകൂറിൽ പണ്ടു് പുള്ളോലിൽ ചാക്കോ എന്നൊരാൾ ഉണ്ടായിരുന്നു അടിയുറച്ച കത്തോലിക്കൻ; തികഞ്ഞ കമ്മ്യൂണിസ്റ്റ് വിരുദ്ധൻ. തിരുസഭക്കെതിരായ സി. പി.-യുടെ വിദ്യാഭ്യാസനയത്തെ വിമർശിച്ചു് പ്രസംഗിച്ചതിനു് ഒരു വർഷം ജയിൽശിക്ഷ അനുഭവിച്ച ദേഹം “അച്ചന്മാരും കന്യാസ്ത്രീകളും മുഴുവൻ കമ്മ്യൂണിസ്റ്റായാലും ഈ പുള്ളോലിൽ ചാക്കോ കമ്മ്യൂണിസ്സത്തിനെതിരായി പടവെട്ടിക്കൊണ്ടിരിക്കും” എന്നു് പ്രതിജ്ഞയെടുത്തവൻ പി. ടി. ചാക്കോ എന്നറിയപ്പെട്ടു. സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം ചാക്കോച്ചൻ എം. എൽ. എ.-യായി, എം. പി.-യായി കോട്ടയം ഡി. സി. സി. പ്രസിഡന്റായി അങ്ങനെ വെച്ചടിവെച്ചടി കയറ്റമല്ലാരുന്നോ?
1957 ആകമ്പോഴേക്കും കോൺഗ്രസിലെ തലമുതിർന്ന നേതാക്കളേറെയും അസ്തമിച്ചിരുന്നല്ലോ. പട്ടം പി. എസ്. പി.-യായി, സി. കേശവൻ രാഷ്ട്രീയം വിട്ടു. എ. ജെ. ജോൺ ഗവർണറായി, ടി. എം. വർഗീസും കുമ്പളത്തു ശങ്കുപിള്ള യും കോൺഗ്രസിനു് പുറത്തായി പനമ്പള്ളി ചാലക്കുടിയിൽ നിന്നു് ഡീസന്റായി തോൽക്കുകകൂടി ചെയ്തപ്പോൾ പി. ടി. ചാക്കോ ആയി നിയമസഭയിലെ പ്രതിപക്ഷ നേതാവു്. ചോപ്പന്മാരുടെ ചെങ്കൊടിഭരണത്തിനെതിരെ സഭക്കകത്തും പുറത്തും പതറാതെ പടനയിച്ചതു് ചാക്കോ; പടനായകന്റെ കുന്തവും പരിചയുമായി വർത്തിച്ചതു് കത്തോലിക്കാസഭയും നസ്രാണി ദീപികയും.
1959 ഏപ്രിൽ മൂന്നാം തീയതി എറണാകുളത്തു് നടന്ന കെ. പി. സി. സി. തെരഞ്ഞെടുപ്പിൽ ചാക്കോയും കൂട്ടരും പിന്താങ്ങിയതു് ആർ. ശങ്കറി നെയായിരുന്നു. മലയാള മനോരമയുടെയും പി. സി. ചെറിയാന്റെ യും പിന്തുണയുണ്ടായിട്ടും കെ. എ. ദാമോദര മേനോനു് ജയിക്കാനായില്ല. ചാക്കോ-ശങ്കർ കൂട്ടുകെട്ടിനു് മന്നത്തപ്പന്റെ പിന്തുണ കൂടി കിട്ടിയപ്പോൾ വിമോചന സമരം ആളിപ്പടർന്നു. കമ്മ്യൂണിസ്റ്റ് സർക്കാറിന്റെ ഗളച്ഛേദവും നടന്നു.
കോൺഗ്രസ്-പി. എസ്. പി. ലീഗ് മുന്നണിക്കു് വൻ ഭൂരിപക്ഷം കിട്ടിയപ്പോൾ ചാക്കോച്ചനാകും മുഖ്യമന്ത്രിയെന്നു് കത്തോലിക്കർ പ്രത്യാശിച്ചു. കപ്പടാമീശക്കാരനും ‘മദ്യ’ തിരുവിതാംകൂറുകാരനുമായ ചാക്കോ മുഖ്യന്ത്രിയാകുന്നതു് കോൺഗ്രസിന്റെ മഹോന്നത പരമ്പര്യത്തിനു് നിരക്കാത്തതാണെന്നു് വിരോധികൾ. അവസാനം പട്ടംതാണുപിള്ള മുഖ്യനും ആർ. ശങ്കർ ധനകാര്യവകുപ്പോടെ ഉപമുഖ്യനുമായി ചാക്കോ ആഭ്യന്തരമന്ത്രിയായി പ്രശോഭിച്ചു.
ശങ്കറി ന്റെ ഒഴിവിൽ കെ. പി. സി. സി. പ്രസിഡന്റായ സി. കെ. ഗോവിന്ദൻനായർ മന്ത്രിസഭയെ വിമർശിക്കുന്നതിൽ പ്രതിപക്ഷ നേതാക്കളെ കടത്തിവെട്ടി. ശങ്കറിനും ദാമോദരമേനോനുമെതിരെ കോൺഗ്രസുകാർ തന്നെ അഴിമതി ആരോപണമുനയിച്ചു. ഒരു കോൺഗ്രസ് മന്ത്രിയുടെ നാലാമത്തെ കുഞ്ഞിന്റെ പിതൃത്വത്തെപ്പറ്റി നിയമസഭാ കക്ഷി യോഗത്തിൽ വാദപ്രതിവാദമുണ്ടായി സി. കെ. ജി.യുടെ കുത്തിത്തിരുപ്പിനെ ചാക്കോ യും ശങ്കറും ഒറ്റക്കെട്ടായി നേരിട്ടു. 1963 ഒക്ടബർ ആറാംതീയതി നടന്ന തെരഞ്ഞെടുപ്പു് പൊതുയോഗം അടിച്ചുപിരിഞ്ഞു. 27-അം തീയതി സി. കെ. ജി. പിന്തുണച്ച കെ. പി. മാധവൻ നായർ വിജയിച്ചു് പട്ടത്തിന്റെ ദളവാഭരണം അവസാനിപ്പിക്കുന്നതിലും ശങ്കർ-ചാക്കോമാർ ഒറ്റക്കെട്ടായിനിന്നു നൂലറ്റപട്ടം പഞ്ചാബിലേക്കു് പറന്നകന്നപ്പോൽ ശങ്കർ മുഖ്യമന്ത്രിയായി.
1963 ഡിസംബർ എട്ടാം തീയതി മന്ത്രി ചാക്കോ യുടെ കാർ തൃശൂരിൽ ഒരു കൈവണ്ടിയിൽ ഇടിച്ചു നിർത്താതെ പോയ കാറിൽ മന്ത്രിയോടോപ്പമുണ്ടായിരുന്ന സ്ത്രീയെക്കുറിച്ചു കിംവദന്തികൾ കാട്ടുതീപോലെ പടർന്നു “പാമ്പിന്റെ പകയും അരണയുടെ ബുദ്ധിയും കാളക്കൂറ്റന്റെ കാമാസക്തിയുമുള്ള” ആഭ്യന്തരമന്ത്രിക്കെതിരെ കമ്മ്യൂണിസ്റ്റംഗം ഇ. പി. ഗോപാലൻ നിയമസഭയിൽ ആഞ്ഞടിച്ചു. മാടായിൽ നിന്നുള്ള കോൺഗ്രസ് എം. എൽ. എ. പ്രഹ്ലാദഗോപലനു് സ്വപ്നത്തിൽ ഗാന്ധിജി പ്രത്യക്ഷനായി. അസന്മാർഗിയായ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു് ഗോപാലൻ രക്തസാക്ഷി ദിനത്തിൽ നിയമസഭാ കവാടത്തിൽ ഉപവാസ സമരം നടത്തി. ഇരു ഗോപാലന്മാർക്കും ആവേശം പകരാൻ സി. കെ. ജി.-യും സി. എം. സ്റ്റീഫനും ഉൽസാഹിച്ചു. കൈവണ്ടി പ്രശ്നത്തിൽ ശങ്കർ-ചാക്കോ അച്ചുതണ്ടു് ഒടിഞ്ഞു—1964 ഫെബ്രുവരി 20-നു് പി. ടി. ചാക്കോ മന്ത്രിപദം രാജിവെച്ചു.
പി. ടി. ചാക്കോ ക്കുപകരം തന്നെ മന്ത്രിയാക്കുമെന്നായിരുന്നു കെ. എം. ജോർജി ന്റെ മനോരാജ്യം തമ്മിൽഭേദം തൊമ്മൻ എന്ന പഴമൊഴി ഉദ്ധരിച്ചു് ശങ്കർ മന്ത്രിസഭയിലെടുത്തതു് പൂഞ്ഞാറിൽ നിന്നുള്ള ടി. എ. തൊമ്മനെ അതോടെ ശങ്കറിന്റെ കടുത്ത വിരോധിയായി കെ. എം. ജോർജ്ജ് മന്ത്രിസ്ഥാനം പോയ പി. ടി. ചാക്കോ കെ. പി. സി. സി. പ്രസിഡന്റ് സ്ഥാനത്തേയ്ക്കു് മൽസരിച്ചെങ്കിലും നല്ല വ്യത്യാസത്തിൽ കെ. സി. എബ്രഹാമി നോടു് തോറ്റു. ജൂൺ 27-നു് സി. കെ. ഗോവിന്ദൻ നായർ ദിവംഗതനായി: ആഗസ്റ്റ് ഒന്നാം തീയതി ചാക്കോ യും.
പന്നിത്തലയിൽ കൂടോത്രം ചെയ്തു് ശങ്കർ ചാക്കോ യെ കൊല്ലിക്കുകയായിരുന്നു എന്ന അപവാദം മധ്യതിരുവിതാംകുറിലാകമാനം അമർഷത്തിന്റെ അലകളിളക്കി അങ്ങനെ ചാമംപതാലിൽനിന്നു്—പി. ടി. ചാക്കോ യുടെ ശവകുടീരത്തിൽ നിന്നു് കേരള കോൺഗ്രസുണ്ടായി കെ. എം. ജോർജ്ജി ന്റെ നേതൃത്വത്തിൽ 15 എം. എൽ. എ.-മാർ വേറെ ഗ്രൂപ്പായി; അവർക്കു് ധാർമിക പിന്തുണ മന്നത്തു് പത്മനാഭന്റേതും സാമ്പത്തിക പിന്തുണ കുളത്തുങ്കൽ പോത്തന്റേതുമായിരുന്നു. അവിശ്വാസ പ്രമേയത്തിൽതട്ടി 1964 സെപ്റ്റംബർ ഒമ്പതിനു് ശങ്കർ മന്ത്രിസഭ തകർന്നു.
1965-ലെ തെരഞ്ഞെടുപ്പിലാണു് കെ. എം. മാണി യും ഉദിച്ചുയർന്നതു്, മദ്രാസ് ലോ കോളേജിൽ നിന്നു് ബിരുദം നേടി പാലായിൽ അഭിഭാഷകനായിരിക്കവെയാണു് കുഞ്ഞുമാണിക്കു് രാഷ്ട്രീയത്തിൽ കമ്പം കയറിയതു് കോട്ടയം ഡി. സി. സി. സെക്രട്ടറിയായിരിക്കുമ്പോഴാണു് കേരളകോൺഗ്രസ്സിന്റെ ഉദ്ഭവം. മാണി അതോടെ കേരളകോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയായി. പിന്നീടു് സംസ്ഥാന ജനറൽ സെക്രട്ടറിയും പുലിയന്നൂർ, മീനച്ചിൽ മണ്ഡലങ്ങളുടെ ഭാഗങ്ങൾ കൂട്ടിച്ചേർത്തു് പാലാ നിയോജകമണ്ഡലമുണ്ടായ 1965 മുതൽ ഇന്നേ ദിവസംവരെയും മാണി യാണു് എം. എൽ. എ. ഏറ്റവുമധികം കാലം ഒരേ മണ്ഡലത്തെ പ്രതിനിധാനം ചെയ്തയാളും മാണി തന്നെ.
ആർക്കും ഭൂരിപക്ഷമില്ലാഞ്ഞതുകൊണ്ടു് 1965-ൽ നിയമസഭ കൂടിയില്ല 1966-ൽ പദ്മഭൂഷൻ കൊടുത്തു് മന്നത്തു് പത്മനാഭനെ കോൺഗ്രസുകാർ ചാക്കിലാക്കി. ക്രിസ്ത്യൻ ബിഷപ്പുകാർ പാലാമെത്രാൻ സെബാസ്റ്റ്യൻ വയലിൽ അടക്കം കോൺഗ്രസ് കൂടാരത്തിൽ ചേക്കേറി. മന്നത്തിനെയും മെത്രാന്മാരെയും ധിക്കരിച്ചും കേരളാ-കോൺഗ്രസ് നിലനിന്നു. 1967-ലെ തെരഞ്ഞെടുപ്പിൽ സീറ്റുകൾ അഞ്ചായി കുറഞ്ഞു. സപ്തകക്ഷി മുന്നണി തകർന്നു് അച്യുതമേനോന്റെ മന്ത്രി സഭയുണ്ടായപ്പോൾ കെ. എം. ജോർജ്ജ് ഗതാഗതമന്ത്രിയായി. പത്തു് മാസമേ നീണ്ടുള്ളു രാജ്യഭാരം അപ്പോഴേക്കും മന്ത്രിസഭ തകർന്നു.
അവസാന നിമിഷം കോൺഗ്രസ്-സി. പി. ഐ. മുന്നണിയിൽനിന്നു് തെറ്റിപ്പിരിഞ്ഞ കേരളകോൺഗ്രസ് 1970-ൽ സംഘടനാ കോൺഗ്രസുമായി മുന്നണിയുണ്ടാക്കി മൽസരിച്ചു 14 സീറ്റുകളിൽ വിജയിച്ചെങ്കിലും പ്രതിപക്ഷത്തായി സ്ഥാനം. 1971-ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഭരണമുന്നണിയുമായി യോജിച്ചു് മൽസരിച്ചെങ്കിലും ഭരണത്തിലോ മുന്നണിയിലോ ഇടം കിട്ടിയില്ല. തുല്യദുഃഖിതരായ ഇ. എം. എസ്. നമ്പൂതിരിപ്പാടും കെ. എം. ജോർജു മായി അതിവേഗം അടുത്തു. വിമതലീഗിലെ ആറു് എം. എൽ. എ.-മാരെ കൂട്ടുപിടിച്ചു് ബദൽ മന്ത്രിസഭയുണ്ടാക്കാൻ ശ്രമിക്കുമ്പോൾ അടുത്ത പ്രഹരമുണ്ടായി കടുത്ത മാർക്സിസ്റ്റ് വിരോധിയായ ഇ. ജോൺ ജേക്കബ്, ജെ. എ. ചാക്കോ യുമൊത്തു് ഒറിജനൽ കേരളകോൺഗ്രസുണ്ടാക്കി കേരളകോൺഗ്രസിലെ ആദ്യത്തെ പിളർപ്പു്.
അടിയന്തരാവസ്ഥക്കാലത്തു് ദീപിക പത്രാധിപർ ഫാ. കൊളംബിയറിനെ ചൂണ്ടയാക്കി ഇന്ദിരാഗാന്ധി വീണ്ടും കേരളകോൺഗ്രസിനെ പിടികൂടി മന്ത്രിസ്ഥാനത്തെച്ചൊല്ലി പാർട്ടിയിൽ രണ്ടു ഗ്രൂപ്പകളുണ്ടായി ‘ഒരാൾക്കു് ഒരു പദവി’ എന്ന മനോഹര മുദ്രാവാക്യം കെ. എം. മാണി ഉയർത്തി. കെ. എസ്. സി.-യും യൂത്ത് ഫ്രണ്ടും മാണിയെ പിന്തുണച്ചു. കെ. എം. ജോർജ്ജി നെ പിന്തുണക്കാൻ ആർ. ബാലകൃഷ്ണപിള്ള യേ ഉണ്ടായുള്ളു. അങ്ങനെ മന്ത്രിപദമോഹമുപേക്ഷിച്ചു് ജോർജ്ജ് സാറിനു് പാർട്ടി ചെയർമാനായി തുടരേണ്ടിവന്നു. കത്തോലിക്കൻ-അകത്തോലിക്കൻ-നായർ എന്നതാണു് കേരളകോൺഗ്രസിലെ അധികാര സമവാക്യം കത്തോലിക്കനായ മാണി യും നായരായ ബാലകൃഷ്ണപിള്ള യും മന്ത്രിമാരായി അകത്തോലിക്കനായ ടി. എസ്. ജോൺ സ്പീക്കറും. 1975 ഡിസംബർ 26-നു് സത്യപ്രതിജ്ഞാ ചടങ്ങിനിടെ ഏതാനും പൂമാലകൾ കെ. എം. ജോർജി ന്റെ കഴുത്തിലും വീണു. കോപാക്രോന്തനായ ജോർജ് അവ വലിച്ചെറിഞ്ഞു!
കെ. എം. ജോർജി നു് വിനയായതു് പാർട്ടി ഭരണഘടനയായിരുന്നെങ്കിൽ ബാലകൃഷ്ണപിള്ള ക്കു് പാരയായതു് ഇന്ത്യൻ ഭരണഘടന. നിയമസഭാംഗമല്ലാത്ത പിള്ളക്കു് ആറുമാസത്തിലധികം മന്ത്രിയായി തുടരാനാകില്ല. പിള്ള രാജിവെച്ചതിന്റെ പിറ്റേന്നു് (26.6.76) കെ. എം. ജോർജ് മന്ത്രിസഭയിൽ ചാടിക്കയറി. അതോടെ കേരളകോൺഗ്രസ് നെടുകെ പിളർന്നു. ഇരുവിഭാഗവും മൽസരിച്ചു് കോട്ടയത്തു് ശക്തി പ്രകടനം നടത്തി. എം. എൽ. എ.-മാരും ഭാരവാഹികളും ഏറെയും മാണിയോടൊപ്പമായിരുന്നു. സമ്മർദ്ദത്തിന്റെ മൂർധന്യത്തിൽ കെ. എം. ജോർജ്ജ് ഹൃദയം തകർന്നു് മരിച്ചു. പുഷ്പചക്രങ്ങളുമായെത്തിയ മാണിയെയും കൂട്ടരെയും ജോർജിന്റെ അനുയായികൾ തടഞ്ഞു.
കെ. എം. ജോർജിന്റെ ഒഴിവിൽ എ. സി. ചാക്കോ യെ മന്ത്രിയാക്കണമെന്നു് ബാലകൃഷ്ണപിള്ള എഴുതിക്കൊടുത്തെങ്കിലും ഫലമുണ്ടായില്ല. കെ. നാരായണക്കുറുപ്പി നെ മന്ത്രിയാക്കിക്കൊണ്ടു് മാണി സാമുദായിക സന്തുലനം സംരക്ഷിച്ചു. അതോടെ പിള്ള ഗ്രൂപ്പുകാർ പ്രതിപക്ഷത്തേക്കു മാറി. ഒറിജനിൽ കേരളകോൺഗ്രസുകാർ മാണിഗ്രൂപ്പിൽ മടങ്ങിയെത്തി. ഇ. ജോൺ ജേക്കബ് കേരളകോൺഗ്രസ് ചെയർമാനായി.
1977-ലെ തെരഞ്ഞെടുപ്പിൽ മാണി വെന്നിക്കൊടി പാറിച്ചു. മൽസരിച്ച 22 സീറ്റുകളിൽ 20-ഉം വിജയിച്ചു മറുഭാഗത്തു് 15 സീറ്റിൽ മൽസരിച്ച പിള്ളഗ്രൂപ്പിനു് രണ്ടിടത്തേ വിജയിക്കാൻ കഴിഞ്ഞുള്ളു. മാണി-പിള്ള ഗ്രൂപ്പുകൾ ഏറ്റുമുട്ടിയ എല്ലാ മണ്ഡലത്തിലും മാണിയുടെ സ്ഥാനാർത്ഥികൾ വിജയിച്ചു. മറുഭാഗത്തു് 15 സീറ്റിൽ മൽസരിച്ച പിള്ള ഗ്രൂപ്പിനു് രണ്ടിടത്തേ വിജയിക്കാൻ കഴിഞ്ഞുള്ളു. മാണി-പിള്ള ഗ്രൂപ്പുകൾ ഏറ്റുമുട്ടിയ എല്ലാ മണ്ഡലത്തിലും മാണിയുടെ സ്ഥാനാർഥികൾ വിജയിച്ചു. മാണിയോടും നാരായണക്കുറുപ്പിനോടുമൊപ്പം അകത്തോലിക്കാ ക്വാട്ടയിൽ ജോൺജേക്കബ് മന്ത്രിയായി. നിരാശമൂത്തു് ബാലകൃഷ്ണപിള്ള തന്റെ കക്ഷിയെ ജനതാപാർട്ടിയിൽ ലയിപ്പിച്ചു. പിന്നീടു് അവിടെയും ക്ലച്ചുപിടിക്കാതെ പിള്ളഗ്രൂപ്പ് പുനരുജ്ജീവിപ്പിച്ചു.
മാണി യുടെ മന്ദഹാസം ഏറെക്കാലം നീണ്ടുനിന്നില്ല, 1977 ഡിസംബർ 21 നു്, മാണിയുടെ തെരഞ്ഞെടുപ്പു് ഹൈക്കോടതി റദ്ദാക്കി. അന്നുതന്നെ അദ്ദേഹം മന്ത്രി സ്ഥാനം രാജിവെച്ചു. സീനിയർ നേതാക്കളായ ഒ. ലൂക്കോസും വി. ടി. സെബാസ്റ്റ്യനും കെ. വി. കുര്യനും കൊണ്ടുപിടിച്ചു് ശ്രമിച്ചിട്ടും മന്ത്രിസ്ഥാനത്തേക്കു് മാണി പിന്തുണച്ചതു് യുവാവായ പി. ജെ. ജോസഫി നെയാണു്. സുപ്രിംകോടതി വിധി മാണി ക്കു് അനുകൂലമായ ഉടൻ ജോസഫ് സ്ഥാനമൊഴിഞ്ഞു. പിറ്റേദിവസം (16.9.78) മാണി വിണ്ടു മന്ത്രിപദം ഏറ്റു. കേരളകോൺഗ്രസിന്റെ ഗതകാല പ്രതാപം വിണ്ടെടുക്കാൻ പ്രതിജ്ഞാബദ്ധനായ മാണി അതിനോടകം എൻ. ഡി. പി.-യിൽ നിന്നു് രണ്ടംഗങ്ങളെ ചാക്കിലാക്കിയിരുന്നു.
1978 സെപ്റ്റംബർ 26-നു് ഇ. ജോൺ ജേക്കബ് നിര്യാതനായപ്പോൾ പാർട്ടിയിൽ വീണ്ടും കുഴപ്പം തലപൊക്കി. മാണിയും കൂട്ടരും ഡോ. ജോർജ്ജ് മാത്യു വിനെ പിന്താങ്ങി, പി. ജെ. ജോസഫ് വാശിപിടിച്ചു ടി. എസ്. ജോണി ന്റെ മന്ത്രിയാക്കി. ജോർജ്ജ് മാത്യു പിന്നീടു് ബഹു. മന്ത്രിയെ പൊതിരെ തല്ലി കൈത്തരിപ്പു് മാറ്റി.
കൊടുത്താൽ കോട്ടയത്തും കിട്ടും എന്നു് മാണി ക്കു് മനസ്സിലായി. ജോസഫിന്റെയും മാണിയുടെയും നേതൃത്വത്തിൽ കേരളകോൺഗ്രസ് പിളർന്നു. ജോസഫ് ഗ്രൂപ്പിനെ മന്ത്രിസഭയിൽ നിന്നു് പുറത്താക്കണം. അല്ലെങ്കിൽ താനും നാരായണക്കുറുപ്പും രാജിവെക്കുമെന്നു് മാണി ഭീഷണി മുഴക്കി. മുഖ്യമന്ത്രി വഴങ്ങാതെ വന്നപ്പോൾ മാണി രാജിവെച്ചു കുറുപ്പു് വിമത എൻ. ഡി. പി.-ക്കാരെ കൂട്ടി കേരളാകോൺഗ്രസിൽ മൂന്നാംചേരിയുണ്ടാക്കി മന്ത്രിസ്ഥാനത്തു് ഉറച്ചുനിന്നു.
മുഖ്യമന്ത്രിസ്ഥാനം നൽകാമെന്നു് മോഹിപ്പിച്ചപ്പോൾ സി. എച്ച്. മന്ത്രിസഭക്കുള്ള പിന്തുണ പിൻവലിച്ചു് മാർക്സിസ്റ്റ് മുന്നണിയിൽ ചേക്കേറാനും മാണിക്കു് മടിയുണ്ടായില്ല, റാന്നി എം. എൽ. എ. ആയിരുന്ന പ്രൊഫ കെ. എ. മാത്യു വിനെ ചാക്കിട്ടുപിടിച്ചു് കരുണാകരൻ സി. എച്ച്. മന്ത്രിസഭയെ തൽക്കാലം രക്ഷിച്ചു. രണ്ടാഴ്ചയെങ്കിലും മന്ത്രിയായിരുന്നു് നിർവൃതി അടയാൻ മാത്യുസാറിനു് സാധിച്ചു. പിന്നീടു് ആന്റണി ഗ്രൂപ്പും മുഹമ്മദ് കോയ യെ കൈവിട്ടപ്പോൾ ഗവർണർ നിയമസഭ പിരിച്ചുവിട്ടു. മാണി ക്കു് മുഖ്യമന്ത്രിപദം മരീചികയായി. അതിനിടെ ഭരണപക്ഷത്തേക്കും പ്രതിപക്ഷത്തേക്കും ചാടിച്ചാടി നാരായണക്കുറുപ്പു് കാലുമാറ്റത്തിൽ സർവകാല റെക്കോർഡ് സൃഷ്ടിച്ചിരുന്നു.
1980-ൽ ധനകാര്യവകുപ്പിന്റെ ചുമതലക്കാരനായി മാണി മന്ത്രിപദമേറ്റു. ഒ. ലൂക്കോസ് വീണ്ടും തഴയപ്പെട്ടു: തൃശുർ ജില്ലാ പ്രാതിനിധ്യത്തിന്റെ പേരു പറഞ്ഞു് ലോനപ്പൻ നമ്പാടനെ യാണു് മാണി മന്ത്രിയാക്കിയതു്. മാർക്സിസ്റ്റ് മുന്നണിയിൽ തന്നെയുണ്ടായിരുന്ന പിള്ളഗ്രൂപ്പുമായി ലയിച്ചു കൊണ്ടു് രാഷ്ട്രീയത്തിൽ ശാശ്വതമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്നും സ്ഥായിയായി താൽപര്യങ്ങൾ മാത്രമേയുള്ളുവെന്നും മാണി തെളിയിച്ചു. 22 സീറ്റിന്റെ പ്രലോഭനവുമായി കറുപ്പയ്യാ മൂപ്പനാരും കരുണാകരനും വന്നപ്പോൾ നായനാർ മന്ത്രിസഭ തകർക്കാൻ മാണി ക്കു് മടിയേതുമുണ്ടായില്ല. മാർക്സിസ്റ്റ് പക്ഷത്തേക്കു് മലക്കം മറിഞ്ഞു് കാസ്റ്റിംഗ് മന്ത്രിസഭ തകർത്ത ലോനപ്പൻ നമ്പാടൻ താനും മോശമല്ല എന്നു് തെളിയിച്ചു.
1982-ലെ തെരഞ്ഞെടുപ്പിൽ മാണി യും പിള്ളയും ജോസഫും ഐക്യജനാധിപത്യമുന്നണിയിലായിരുന്നു. ജോസഫ് ഗ്രൂപ്പിനു് എട്ടും മാണി ഗ്രൂപ്പിനു പിള്ളയടക്കം ആറും എം. എൽ. എ.-മാർ മാണിക്കു് ധനകാര്യം. പിള്ളക്കു് വിദ്യുച്ഛക്തി, ജോസഫിനു് റവന്യൂ. വിശ്വസ്തനായ ടി. എസ്. ജോണി നേക്കാൾ യുവാവായ ടി. എം. ജേക്കബി നോടായിരുന്നു ജോസഫിനു് താൽപര്യം. അങ്ങനെ വിദ്യാഭ്യാസമന്ത്രിയായ ടി. എം. ജേക്കബ് പാർട്ടിക്കകത്തു് ഗ്രൂപ്പുണ്ടാക്കി ജോസഫിനെ നട്ടം തിരിച്ചു.
1984 അവസാനം നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇടുക്കി സീറ്റിനെ ചൊല്ലി കേരള കോൺഗ്രസുകൾ ഒന്നിച്ചു. ഐക്യം ആശയപരമെന്നതിനെക്കാൾ ആമാശയപരമായിരുന്നുവെന്നു് അചിരേണ വ്യക്തമായി 1987-ലെ നിയമസഭാ തെരഞ്ഞെടുപ്പിനു് മുമ്പായി പാർട്ടി വീണ്ടും പിളർന്നു. ഇത്തവണ ടി. എം. ജേക്കബും മാണി യോടോപ്പം നിന്നു; ബാലകൃഷ്ണപിള്ള പി. ജെ. ജോസഫി നോടൊപ്പവും. തെരഞ്ഞെടുപ്പിൽ മാണി ഗ്രൂപ്പിന്റെ സ്ഥാനാർഥികളെ ജോസഫ് ഗ്രൂപ്പുകാർ കാലുവാരി. അവർ തിരിച്ചും വാരി. കാഞ്ഞിരപ്പള്ളിയിലും കടുത്തുരുത്തിയിലും കല്ലുപ്പാറയിലുമൊക്കെ കേരളകോൺഗ്രസ് സ്ഥാനാർത്ഥികൾ തോറ്റു് തുന്നംപാടി. 1989-ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വീണ്ടും പ്രശ്നമുണ്ടായി. മൂവാറ്റുപുഴ സീറ്റ് കിട്ടാഞ്ഞു് ജോസഫ് ഗ്രൂപ്പ് ഐക്യമുന്നണി വിട്ടപ്പോൾ ബാലകൃഷ്ണപിള്ള അനങ്ങിയില്ല. മൂവാറ്റുപുഴയിൽ ഏകനായി പോരാടിയ ജോസഫിന്റെ ജാമ്യസംഖ്യ പോയി. കൂറുമാറ്റ നിയമപ്രകാരം പിള്ളയുടെ എം. എൽ. എ. സ്ഥാനവും.
1990 വി. പി. സിംഗി ന്റെ മന്ത്രിസഭ തകർന്നു് ചന്ദ്രശേഖർ അധികാരത്തിലെത്തിയപ്പോൾ കേന്ദ്രമന്ത്രിസഭയിൽ മാണി ഗ്രൂപ്പിനു് പ്രാതിനിധ്യം ലഭിക്കുമെന്ന പ്രതീക്ഷ പരന്നു. ലോക് സഭയിൽ പി. സി. തോമസും രാജ്യസഭയിൽ തോമസ് കുതിരവട്ടവും ഉണ്ടായിരുന്നെങ്കിലും കേന്ദ്രമന്ത്രിയാവാൻ മാണിയോളം അർഹത മറ്റാർക്കുണ്ടു്? പതിനൊന്നാം മണിക്കൂറിൽ കരുണാകരൻ പാരപണിഞ്ഞു് മാണി യുടെ മന്ത്രിസ്ഥാനം കുന്തമാക്കി. മനസ്സുനൊന്ത കുതിരവട്ടം പിള്ളഗ്രൂപ്പിൽ അഭയം തേടി.
1991-ലെ തെരഞ്ഞെടുപ്പിൽ മാണിഗ്രൂപ്പിനു് 10 എം. എൽ. എ.-മാരുണ്ടായി. രണ്ടു് മന്ത്രിസ്ഥാനവും ഡെപ്യുട്ടി സ്പീക്കർ പദവിയും കൈവന്നപ്പോൾ പാർട്ടി ചെയർമാൻ സി. എഫ്. തോമസ് പാവമായതുകൊണ്ടു് മാണിസാറിന്റെ കടുംകൈ സഹിച്ചു. പക്ഷേ, ദൈവം എന്നൊരുളുണ്ടല്ലോ? കരുണാകർജി യുടെ സർവവിധ ഒത്താശയോടും കൂടി ടി. എം. ജേക്കബ് സ്വന്തം പാർട്ടിയുണ്ടാക്കി. മാണി തന്നെ പാലൂട്ടിയ പി. എം. മാത്യുവും മാത്യുസ്റ്റീഫനും ജേക്കബിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരായി. ഇടമലയാർ കേസിൽ കുറ്റപത്രം കിട്ടിയതിനെ തുടർന്നു് ബാലകൃഷ്ണപിള്ള രാജിവെച്ചപ്പോൾ തന്നെ മന്ത്രിയാക്കുമെന്നു് ജോസഫ് എം. പുതുശ്ശേരി പ്രത്യാശ പുലർത്തി. ബാലകൃഷ്ണപിള്ള അനങ്ങിയില്ല—ഞാനല്ലെങ്കിൽ മന്ത്രിയേ വേണ്ട. ഹതാശനായ പുതുശ്ശേരി മാണിഗ്രൂപ്പിൽ ചേക്കേറി.
1996-ൽ ജോസഫ് ഗ്രൂപ്പിനു് ഭാഗ്യവശാൽ ഒറ്റക്കൊരു മന്ത്രിസ്ഥാനമേ കിട്ടിയുള്ളു. രണ്ടാമതൊരു മന്ത്രിയെ കൂടി കിട്ടിയെങ്കിൽ പി. സി. ജോർജും ഡോ. കെ. സി. ജോസഫും തമ്മിലടിച്ചേനെ. ജോസഫ് ഗ്രൂപ്പിൽ പ്രശ്നങ്ങളൊന്നും ഉണ്ടായില്ലെന്നല്ല. പുതുപ്പള്ളി സീറ്റ് കിട്ടാഞ്ഞ ടി. വി. എബ്രഹാമും അങ്കമാലിയിൽനിന്നു് തോറ്റ എം. വി. മാണി യും എറണാകുളം ജില്ലാ പഞ്ചായത്തു് അംഗം വർക്കി മത്തായിയും ജോസഫി നെതിരെ കലാപം ചെയ്തു് മാണിഗ്രൂപ്പിലേക്കു് പോയി. ജേക്കബ് ഗ്രൂപ്പിൽനിന്നു് പി. എം. മാത്യുവും പിള്ള ഗ്രൂപ്പിൽനിന്നു് തോമസ് കുതിരവട്ടവും ഉത്തമ മനഃസ്താപത്തോടെ കുമ്പസാരിച്ചു് മാണിയുടെ പാദപങ്കേരുഹങ്ങളിൽ അഭയംതേടി. ഇടതുമുന്നണിയുടെ പരാജയം ഉറപ്പായപ്പോൾ പി. ജെ. ജോസഫ് തന്നെയും മാണി ഗ്രൂപ്പുമായി ലയനത്തിനു് സന്നദ്ധനായി:
ചെയ്യരുതാത്തതു ചെയ്തവനെങ്കെലും
ഈയെന്നെ തള്ളല്ലേ തമ്പുരാനേ
തീയിനെപ്പോലും തണുപ്പിക്കുമപ്പൊൻതൃ-
ക്കയ്യിനാൽ തീർത്തവനല്ലേ ഞാനും.
കേരളകോൺഗ്രസുകളുടെ ഐക്യവും മുഖ്യമന്ത്രി പദവുമാണു് മാണി സാറിന്റെ എക്കാലത്തെയും സ്വപ്നം. ഔസേപ്പച്ചനോ ടല്ല ടി. എം. ജേക്കബി നോടും ബാലകൃഷ്ണപിള്ള യോടും വരെ ക്ഷമിക്കാനുള്ള ഹൃദയ വിശാലതയും അദ്ദേഹത്തിനുണ്ടു്. പക്ഷേ, ജോസഫ് ഗ്രൂപ്പിൽതന്നെ പാളയത്തിൽ പടയായി. മാണിയുമായി ഒരിടപാടും പാടില്ലെന്നു് പി. സി. ജോർജ്ജ് ശഠിച്ചു. പ്ലസ്ടു ഇടപാടിലെ അഴിമതിയുടെ കണക്കു് തന്റെ കൈവശമുണ്ടെന്നു് നായനാർ സൂചിച്ചപ്പോൾ ജോസഫ് അടങ്ങി.
കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ തന്റെ പാർട്ടിക്കുണ്ടായ അപാരമായ വളർച്ച കണക്കിലെടുത്തു് മാണി 14 സീറ്റുകൾ ചോദിച്ചു. അവസാനം 11-നു് സമ്മതിച്ചു. അവരിൽ ഒരാൾ യു. ഡി. എഫിന്റെ സ്വതന്ത്രനായിരിക്കുമെന്നും. സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോൾ പതിനൊന്നും പേരും കറതീർന്ന മാണിഗ്രൂപ്പുകാർ. എല്ലാവരുടെയും ചിഹ്നം രണ്ടില. ആരാണു് യു. ഡി. എഫ്. സ്വതന്ത്രൻ എന്നു ചോദിച്ചപ്പോൾ മാണി യുടെ മറുപടി: ഞാൻ തന്നെ, എന്താ സംശയമുണ്ടോ?
ജേക്കബ് ഗ്രൂപ്പിൽ നിന്നു് മല്ലടിച്ചു് നേടിയെടുത്ത കടുത്തുരുത്തി സീറ്റിൽ സ്വന്തം മകനെ നിർത്തണമെന്നായിരുന്നു മാണിയുടെ മനസ്സിലിരിപ്പു്. അതു് ന്യായവുമാണല്ലോ? കരുണാകരന്റെ മകനു് ലോക്സഭാംഗവും കെ. പി. സി. സി. വൈസ് പ്രസിഡന്റുമാകാമെങ്കിൽ മാണിയുടെ മകനു് എം. എൽ. എ.-യോ കേരളകോൺഗ്രസ് ചെയർമാനോ ആകാൻ തടസ്സമില്ല കെ. എം. ജോർജി ന്റെ മകൻ ജോസഫ് ഗ്രൂപ്പിനെയും പി. ടി. ചാക്കോ യുടെ മകൻ മാണി ഗ്രൂപ്പിനെയും ലോക്സഭയിൽ പ്രതിനിധാനം ചെയ്യുന്നുണ്ടല്ലോ? ബാലകൃഷ്ണപിള്ള യുടെ മകൻ പത്തനാപുരത്തു് മൽസരിക്കുന്നു. നാരായണക്കുറുപ്പിന്റെ മകൻ കോട്ടയം ജില്ലാപഞ്ചായത്തു് അംഗം. ടി. എം. ജേക്കബാ ണെങ്കിൽ മകൻ അനൂപി നെ മേക്കപ്പിട്ടു് നിർത്തിയിരിക്കയാണു്. ഇരുപത്തഞ്ചുതികഞ്ഞാലുടൻ എം. എൽ. എ.-യാക്കാൻ. മാണി സാറിന്റെ മകൻ ജോസുകുട്ടി യാണെങ്കിൽ സുമുഖൻ സൽസ്വഭാവി ഉന്നത ബിരുദധാരി.
കഴിഞ്ഞ തവണ മൽസരിച്ചുതോറ്റ പി. എം. മാത്യുവും മുൻ രാജ്യസഭാംഗം ജോയ് നടുക്കരയും കടുത്തുരുത്തിയിൽ കണ്ണുംനട്ടു് കാത്തിരിക്കുമ്പോഴാണു് മാണി മകന്റെ രംഗപ്രവേശം. സ്തബ്ധരായ മാത്യുവും ജോയിയും ഒറ്റക്കെട്ടായി. ഞങ്ങളിൽ ഒരാളെവേണം സ്ഥാനാർത്ഥിയാക്കാൻ. തോമസ് ചാഴിക്കാടനെ കടുത്തുരുത്തിക്കു് മാറ്റി മകനെ ഏറ്റുമാനൂരു് നിർത്താനായി മാണിയുടെ അടുത്തശ്രമം. ചാഴിക്കാടൻ ക്നാനായ കാർഡ് പുറത്തെടുത്തു. ഏറ്റുമാനൂരെ സ്ഥാനാർത്ഥിയെ മാറ്റരുതെന്നു് കോട്ടയം ബിഷപ്പു തന്നെ പറഞ്ഞപ്പോൾ മാണി ഒതുങ്ങി. ജോസ് കെ മാണി ക്കു് സീറ്റില്ലാതെയായി.
ജോസ് നടുക്കരയുടെയും പി. എം. മാത്യുവിന്റെയും പിന്നിലുള്ള ശക്തിയെയും മാണി തിരിച്ചറിഞ്ഞു—പി. സി. തോമസ് എം. പി. തന്റെ രാഷ്ട്രീയ ഗുരുനാഥനും കേരളകോൺഗ്രസുകാരുടെ ദൈവവുമായ പി. ടി. ചാക്കോ യുടെ മകൻ. മാണി ഗ്രൂപ്പിലെ രണ്ടാമൻ.
വക്കീൽ പണിയുമായി തൊടുപുഴയിൽ ഒതുങ്ങിക്കഴിഞ്ഞിരുന്ന തോമസിനെ രാഷ്ട്രീയത്തിലേക്കു് കൈപിടിച്ചിറക്കിയതു് മാണി തന്നെയായിരുന്നു. 1987-ൽ വാഴൂരിൽ സ്ഥാനാർത്ഥിയായിട്ടു് പുത്തരിയങ്കം നാരായണക്കുറുപ്പും സിൽബന്തികളും കാലുവാരിയതുകൊണ്ടു് അത്തവണ കമ്മ്യൂണിസ്റ്റ് സ്ഥാനർത്ഥി കാനം രാജേന്ദ്രനോ ടു് തോറ്റു. ജോസഫിനോടു് മല്ലിട്ടുവാങ്ങിയ മൂവാറ്റുപുഴയിൽ സ്ഥാനാർഥിയായി 1989-ൽ ലോക് സഭയിലേക്കു് മൽസരിച്ചു് വിജയിച്ചു. 1991-ലും ’96-ലും ’98-ലും ’99-ലും വിജയം ആവർത്തിച്ചു.
ആകൃതിയിലും പ്രകൃതത്തിലും പിതാവിൽ നിന്നു് വ്യത്യസ്തനാണു് തോമസ്. ചാക്കോ ച്ചന്റെ കപ്പടാമീശയോ ആജ്ഞാശക്തിയോ ഇല്ല. വാഗ്ധാടിയും കുറവു തന്നെ. അപ്പനെപ്പോലെ മികച്ച പാർലമെന്ററിയനുമല്ല തോമസ്. നരസിംഹറാവു വിനെതിരായ അവിശ്വാസ പ്രമേയ ചർച്ചയായാലും വാജ്പേയി യുടെ വിശ്വാസ വോട്ടെടുപ്പായാലും റബറിന്റെ വിലയിടിവിനെപ്പറ്റിയായിരിക്കും തോമസിന്റെ പ്രസംഗം.
കുറച്ചുകാലമായി കേന്ദ്രമന്ത്രിക്കസേരയിലേക്കും തോമസിനൊരു കണ്ണുണ്ടു്. പ്രാദേശിക കക്ഷികൾക്കു് വിശിഷ്യ കേരളകോൺഗ്രസിനു് ദേശീയ രാഷ്ട്രീയത്തിൽ നിർണായകമായ പങ്കുവഹിക്കാനാകുമെന്നും സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിനും തീർച്ചയായും അധ്വാനവർഗ്ഗത്തിന്റെ ഉന്നമനത്തിനും കേന്ദ്രത്തിലെ ഭരണപങ്കാളിത്തം സഹായകരമാവുമെന്നുമാണു് തോമസിന്റെ തിയറി. മാണിഗ്രൂപ്പിനു് കേന്ദ്രമന്ത്രിയുണ്ടാവുന്ന പക്ഷം ഇന്ത്യൻ ഫെഡറലിസം തന്നെ ശക്തിപ്പെടും. കാശ്മീർ സിംഹത്തിന്റെ പൗത്രനു് ബി. ജെ. പി. സർക്കാരിൽ മന്ത്രിയാകാമെങ്കിൽ പി. ടി. ചാക്കോ യുടെ മകനു് രണ്ടുവട്ടം ആകാം.
ബി. ജെ. പി.-യുമായുള്ള ബാന്ധവം ഒരു അഡിഷണാലിറ്റിയാകാമെങ്കിലും യു. ഡി. എഫ്. വിട്ടുള്ള കളി വേണ്ടെന്നാണു് മാണി യുടെ ലൈൻ. പഞ്ചായത്തു് തെരഞ്ഞെടുപ്പിൽ സന്ധ്യാകൃഷ്ണനെ സന്ധ്യാനായരാക്കി ജയിപ്പിക്കും പോലാണോ കേന്ദ്രമന്ത്രിസഭാ പ്രവേശം? മെത്രാന്മാർ അംഗീകരിച്ചാലും സോണിയാജി എന്തു വിചാരിക്കും? ഐക്യജനാധിപത്യമുന്നണി വിട്ടാൽ എങ്ങനെ മുഖ്യമന്ത്രിയാകും?
ഏകാംഗ പാർട്ടികളുടെ ഒരു മുന്നണി—ഡെമോക്രാറ്റിക് പാർലമെന്ററി ഫോറം—ഉണ്ടാക്കി ദേശീയ ജനാധിപത്യ സഖ്യത്തിലേക്കുള്ള വിളിയുംകാത്തു് ഒറ്റക്കാലിൽ നിൽക്കുകയാണു് തോമസ്. സിംരഞ്ജിത്സിംഗ്മാനും പ്രകാശ് അംബേദ്ക്കറു മൊക്കെയുണ്ടു് തോമസിന്റെ ഫോറത്തിൽ.
കരുണാകരൻ കഴിഞ്ഞാൽ കേരള രാഷ്ട്രീയം കണ്ട ഏറ്റവും സൂത്രശാലിയായ നേതാവാണു് കെ. എം. മാണി. പാർട്ടി കേരളകോൺഗ്രസായതുകൊണ്ടു് ഒരു പരിധിക്കപ്പുറം വളർച്ചയുണ്ടായില്ലെന്നുമാത്രം. പി. സി. തോമസ് അഴിച്ചുവിട്ട കലാപം ഒതുക്കാൻ ദിവസങ്ങൾ പോലും വേണ്ടിവന്നില്ല. കടുത്തുരുത്തി സീറ്റ് തന്റെ വിശ്വസ്തനായ യുവനേതാവു് സ്റ്റീഫൻ ജോർജിനു് നൽകി. ഇടുക്കിയിൽ തോമസിനോടു അടുപ്പമുള്ള ജോയി വെട്ടിക്കുഴിയുടെ പേരുവെട്ടി, റോഷി അഗസ്റ്റി നെ സ്ഥാനാർഥിയാക്കി. കലാപകാരികൾ മണിക്കൂറുകൾക്കകം കീഴടങ്ങി. മൽസരിച്ച പതിനൊന്നു് സീറ്റുകളിൽ ഒമ്പതിലും മാണിഗ്രൂപ്പ് വിജയിച്ചു.
ഇത്തവണ രണ്ടാമത്തെ മന്ത്രിസ്ഥാനം മറ്റൊരു കത്തോലിക്കനു് നൽകി. റിട്ട. സ്കൂൾ അധ്യാപകനും പാർട്ടി ചെയർമാനുമായ സി. എഫ്. തോമസി നു്. അകത്തോലിക്കരായി മാമ്മൻ മത്തായി യും ജോസഫ് എം. പുതുശ്ശേരി യും നായരായി നാരായണക്കുറുപ്പും ഉണ്ടായിരുന്നെങ്കിലും കൂട്ടത്തിൽ സാധുവും വിശ്വസ്തനും ആയതുകൊണ്ടാണു് സി. എഫ്. തോമസി നു് കുറി വീണതു്. റവന്യുവിനും നിയമത്തിനും പുറമെ ഭവന നിർമാണ വകുപ്പും മാണി കൈവശംവെച്ചു. കേവലം രജിസ്ട്രേഷനും ഗ്രാമവികസനവുമേ തോമസിനു് കൊടുത്തുള്ളു സി. എഫ്. തോമസി നാണെങ്കിൽ വകുപ്പില്ലാ മന്ത്രിയായിരിക്കാൻ പോലും സന്തോഷമേയുള്ളുതാനും.
മന്ത്രിസ്ഥാനം ഏറ്റിട്ടും പാർട്ടി ചെയർമാൻ സ്ഥാനം സി. എഫ്. തോമസ് രാജിവെക്കാത്തതിനെപ്പറ്റിയായി പിന്നെ ആക്ഷേപം. ‘ഒരാൾക്കു് ഒരു പദവി’ എന്ന പദവി എന്ന പഴയ മുദ്രാവാക്യം വീണ്ടും സംഗതമായി. പാർട്ടിയിലെ ഒരു വലിയ വിഭാഗം പി. സി. തോമസ് എം. പി. ചെയർമാനായി കാണാൻ ആഗ്രഹിക്കുന്നവരാണെന്നു് മുൻ എം. പി. സ്കറിയാ തോമസ് തുറന്നടിച്ചു. സി. എഫ്. തോമസ് രാജിക്കത്തു് തന്നെഏൽപിച്ചിട്ടുണ്ടെന്നായി കെ. എം. മാണി.
ഏതായാലും ജുൺ നാലിനു് ചരൽക്കുന്നിൽ നടന്ന കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഒരാൾക്കു് ഒരു പദവി എന്നു് ശഠിക്കുന്ന പാർട്ടി ഭരണഘടനയിലെ വ്യവസ്ഥ മരവിപ്പിച്ചു. സി. എഫ്. തോമസ് പാർട്ടി ചെയർമാനായി തുടരാം. പരസ്യ പ്രസ്താവന നടത്തിയ സ്കറിയാ തോമസി നു് സസ്പെൻഷൻ. പി. സി. തോമസി നെതിരെയും നടപടി വേണമെന്നു് വലിയൊരു വിഭാഗം ആവശ്യപ്പെട്ടെങ്കിലും മരിച്ചു പോയ പി. ടി. ചാക്കോ യെ ഓർത്തു് മാത്രം മാണിസാർ ക്ഷമിച്ചു.
അങ്ങനെ കേരളകോൺഗ്രസ് ചെയർമാനാകുക എന്ന പി. സി. തോമസി ന്റെ സ്വപ്നം (താൽക്കാലികമായെങ്കിലും) പൊലിഞ്ഞു അധികാരത്തിന്റെ അപ്പക്കഷ്ണങ്ങൾ—ഹൗസിംഗ് ബോർഡ് ചെയർമാൻ മുതൽ കലാമണ്ഡലം ഭരണസമിതി അംഗം വരെ—പങ്കുവെക്കുന്ന കാലമായതുകൊണ്ടു് മാണി സാറിനെ പിണക്കാൻ ആർക്കും ഇഷ്ടമില്ല. വെട്ടിക്കുഴി നടുക്കര ജോയിമാർക്കോ പി. എം. മാത്യുവിനോ മിണ്ടാട്ടമില്ല. മാണിസാറിനെ എതിർക്കാൻ സ്കറിയാ തോമസി നോടൊപ്പം അതിയാന്റെ പെമ്പിള്ളപോലും ഉണ്ടായെന്നുവരുകേല. മാണിസാറിനെ ധിക്കരിച്ചതിനു് പടിയടച്ചു് പിണ്ഡം വെച്ച പഴയ ചെയർമാൻ പൊട്ടൻകുളം അപ്പച്ചന്റെ (ജോർജ് ജെ. മാത്യു ഇപ്പോൾ കാഞ്ഞിരപ്പള്ളിയിൽനിന്നുള്ള കോൺഗ്രസ് എം. എൽ. എ.) ഗതിയാകുമോ പി. സി. തോമസി നെ കാത്തിരിക്കുന്നതു്? റബറിനു് വിലയുള്ള കാലമായിരുന്നതുകൊണ്ടു് അപ്പച്ചനു് കോൺഗ്രസിലൊക്കെ പിടിച്ചുകയറാൻ കഴിഞ്ഞു. പിന്നെ കേരളകോൺഗ്രസിന്റെ ചരിത്രവും എഴുതിവെച്ചു. “അനുഭവങ്ങൾ അടിയൊഴുക്കുകൾ”. തോമാച്ചനു് അതും പറ്റിയെന്നുവരില്ല അനുഭവമുണ്ടെങ്കിലും അടിയൊഴുക്കു് അപ്പച്ചനോളമില്ലല്ലോ.
നിയമസഭയിൽ റവന്യുമന്ത്രിയായി ഞെളിഞ്ഞിരിക്കുമ്പോഴും മാണിസാറിന്റെ മുഖത്തൊരു വിഷാദച്ഛവി കാണുന്നില്ലേ? ഇടത്തും വലത്തുമിരിക്കുന്നവർ സി. എച്ചി ന്റെ മകൻ മുനീറും ടി. കെ. ദിവാകരന്റെ മകൻ ബാബു വും. തൊട്ടപ്പുറത്തു് ബാലകൃഷ്ണപിള്ള യുടെ ഗണേശൻ. നേരെ എതിർവശത്തു് മുൻനിരയിൽ സി. പി. ഐ.-യുടെ നിയമസഭാകക്ഷി നേതാവു് കെ. പി. പ്രഭാകരന്റെ മകൻ രാജേന്ദ്രൻ. പിൻബെഞ്ചുകളിൽ ബേബി ജോണി ന്റെയും സി. കെ. വിശ്വനാഥന്റെ യും പി. കെ. ശ്രീനിവാസന്റെ യും മക്കൾ കരുണാകരന്റെ മുരളി കെ. പി. സി. സി. പ്രസിഡന്റായിരിക്കുന്നു. പത്മജ യാണെങ്കിൽ രാജ്യസഭയിലേക്കു പോകാൻ ഒരുങ്ങിനിൽക്കുന്നു. നമ്മുടെ സന്തതി മാത്രം ഒരു പഞ്ചായത്തു് മെമ്പറെങ്കിലും ആകാതെ… ചിത്തമാംവലിയവൈരി കീഴമർന്നു് അത്തൽതീർന്ന മാണി സാർ എങ്ങനെയും സഹിക്കും. പാവം കുട്ടിയമ്മ(ശ്രീമതി അന്നമ്മ മാണി)യുടെ കാര്യമോ?
മാന്യ വായനക്കാരേ ജോസ് കെ. മാണി യെ തടഞ്ഞുനിർത്താൻ പി. സി. തോമസി നോ മറ്റാർക്കെങ്കിലുമോ കഴിയുമെന്നു് നിങ്ങൾക്കു തോന്നുന്നുണ്ടോ? നിശ്ചയമായും കഴിയുകേല. അവൻ വീണ്ടും വരികതന്നെ ചെയ്യും. “വെള്ളിമേഘങ്ങൾക്കു മിതെ അഗ്നിരഥത്തെ ഞാൻ കാണുന്നു അവൻ വീണ്ടും വരുന്നു. സത്യവിശ്വാസികളെ ഒരുങ്ങിക്കൊൾവിൻ ഉണർവുള്ള മണവാട്ടികളേ നിങ്ങളുടെ ദീപങ്ങളെ കൊളുത്തുവിൻ!”
കടപ്പാടു്: ഈ ലേഖനത്തിന്റെ തലക്കെട്ടിനു് മഹാബുദ്ധിജീവിയും ഒരു കർഷകൻ എന്ന നിലക്കു് എല്ലാ കേരളകോൺഗ്രസുകാരുടെയും ഐക്യം കാംക്ഷിക്കുന്ന വ്യക്തിയുമായ സക്കറിയ യുടെ പ്രസിദ്ധമായ കഥയോടു് കടപ്പാടു്.
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.