മാണിയെ നമ്പിയാലും മാർക്സിസ്റ്റുകാരെ നമ്പരുതെന്നു് ഔസേപ്പച്ചനോടു് പറഞ്ഞതു് ബാലകൃഷ്ണപിള്ള. 1989 ഒക്ടോബറിലെ അവസാന ദിവസങ്ങൾ കേരളകോൺഗ്രസ് ജോസഫ് ഗ്രൂപ്പ് ഐക്യജനാധിപത്യമുന്നണിയോടു് വിടപറയാനൊരുങ്ങുന്ന സമയം.
ഔസേപ്പച്ചനേക്കാൾ ഏഴോണം കൂടുതലുണ്ടവനാണു് പിള്ളേച്ചൻ. 1977–81 കാലത്ത് മാർക്സിസ്റ്റ് മുന്നണിയുടെ അവിഭാജ്യഘടകമായിരുന്നു പിള്ളയുടെ കേരളകോൺഗ്രസ്, മാണി മാപ്ലയുടെ കൈപിടിച്ചു് ഇടതുമുന്നണി വിട്ട അന്നു് സി. പി. എം. നേതാക്കൾക്കു് കൊട്ടാരക്കര ബാലൻ ചതുർഥിയായി. പഞ്ചാബ് മോഡൽ പ്രസംഗം ഊതിപ്പെരുപ്പിച്ചു് സത്യപ്രതിജ്ഞാലംഘനമാക്കിയതും ഇടമലയാർകേസ് വിജിലൻസിനെക്കൊണ്ടു് അന്വേഷിപ്പിച്ചതുമൊക്കെ സഖാക്കളുടെ വൈരനിര്യാതനം.
നമ്പൂതിരിപ്പാടി നെയും നായനാരെ യുമൊക്കെ നിയമസഭയിൽ കണ്ട പരിചയമേയുണ്ടായിരുന്നുള്ളു. അക്കാലം ജോസഫിനു്. ആളു് ശുദ്ധനാണു്. മാണിയുടെ നയമോ പിള്ളയുടെ താൻപോരിമയോ ജേക്കബിന്റെ കുറുക്കൻബുദ്ധിയോ ഇല്ല. വെളുത്തതൊക്കെ പാലെന്നു് കരുതുന്ന പ്രകൃതം.
പ്രകോപനം ആവശ്യത്തിലധികമുണ്ടായിരുന്നുതാനും 1979-ൽ കരുണാകരനും കിടങ്ങൂർജിക്കും കോയക്കുമൊപ്പം ഐ. ജ. മുന്നണിക്കു് അടിക്കല്ലുപാകിയവനാണു് ഔസേപ്പച്ചൻ. 1981-ൽ മാണിയും പിള്ളയും മാർക്സിസ്റ്റ് മുന്നണി പൊളിച്ചുവന്നപ്പോൾ കരുണാകരനു് താൽപര്യം അവരോടായി. 1982-ലെ തെരഞ്ഞെടുപ്പിൽ മാണിക്കു് 17 സീറ്റുകൊടുത്തപ്പോൾ ഔസേപ്പിനു് പന്ത്രണ്ടേ കിട്ടിയുള്ളൂ. കർത്താവിന്റെ കാരുണ്യംകൊണ്ടു് ഔസേപ്പിന്റെ എട്ടുപേർ ജയിച്ചു കയറിയപ്പോൾ മാണി യുടെ (പിള്ളയടക്കം) ആറാളേ രക്ഷപ്പെട്ടുള്ളു. മാണിക്കു് ധനകാര്യം കൊടുത്ത കരുണാകരൻ ഔസേപ്പിനു് റവന്യുവകുപ്പേ നൽകിയുള്ളു. ഒതുക്കൽനയത്തിൽ പ്രതിഷേധിച്ചു് മുന്നണി വിടാൻ ഒരുങ്ങിയപ്പോൾ ടി. എം. ജേക്കബി നെ കോടാലിയാക്കി പാർട്ടി പിളർക്കുമെന്നു് ഭീഷണിപ്പെടുത്തി കരുണാകരൻ.
1987-ലെ തെരഞ്ഞെടുപ്പാകുമ്പോഴേക്കും ഗ്രൂപ്പ് സമവാക്യങ്ങൾ ആകെ മാറി. ജേക്കബ് മാണി ഗ്രൂപ്പിലും പിള്ള ജോസഫ് ഗ്രൂപ്പിലും ചേക്കേറി. അത്തവണ മധ്യതിരുവിതാംകൂർ മണ്ഡലങ്ങളിലെമ്പാടും കാലുവാരലിന്റെ പെരുന്നാളായിരുന്നു. തിരുവല്ലയിലും കല്ലുപ്പാറയിലും വാഴൂരും പൂഞ്ഞാറ്റിലും കടുത്തുരുത്തിയിലുമൊക്കെ ഇടതുമുന്നണി സ്ഥാനർഥികൾ ജയിച്ചു. ജോസഫിനു് (പിള്ളയടക്കം) അഞ്ചു് എം. എൽ. എ.-മാരുണ്ടായി; മാണി ക്കു് ജേക്കബ ടക്കം നാലും.
മാണിയും ഔസേപ്പും അങ്ങനെ ചട്ടിയും കലവുമായി തട്ടിമുട്ടി പോകുമ്പോൾ 1989-ലെ ലോക്സഭാ തെരഞ്ഞെടുപ്പു്. ജോസഫ് ഗ്രൂപ്പിന്റെ സിറ്റിംഗ് സീറ്റുകളാണു് മൂവാറ്റുപുഴയും മുകുന്ദപുരവും ഔസേപ്പച്ചൻ മൂവാറ്റുപുഴ (മാത്രം) ചോദിച്ചു് കരുണാകരൻ മൂവാറ്റുപുഴ മാണിക്കു് കൊടുത്തു. ജോസഫിനു ഇടുക്കി തരാം എന്നു് പറഞ്ഞു. കണ്ണോത്തെ മാരാരുടെ ഓശാരം വാങ്ങുന്നവനല്ല പാലത്തിനാൽ കുഞ്ഞേട്ടന്റെ മകൻ ഔസേപ്പച്ചൻ. മൂവാറ്റുപുഴ കിട്ടിയില്ലെങ്കിൽ മുന്നണി വിടും എന്നു് ഭീഷണി മുഴക്കി. സത്യത്തിൽ മൂവാറ്റുപുഴയേക്കാൾ ഉറച്ച യു. ഡി. എഫ് സീറ്റാണു് ഇടുക്കി. ഒരു മൂച്ചിനു് കിണറ്റിൽ ചാടിയാൽ ഒമ്പതു മൂച്ചിനും കയറിപ്പോരാൻ പറ്റില്ലെന്നു് ബാലകൃഷ്ണപിള്ള ഗുണദോഷിച്ചതൊന്നും ഔസേപ്പിന്റെ ചെവിയിൽ കയറിയില്ല. ശുദ്ധഗതിക്കാരൻ എന്തും വിശ്വസിക്കുന്നു; ബുദ്ധിമാൻ ലക്ഷ്യത്തിൽ തന്നെ ശ്രദ്ധവെക്കുന്നു. വിവേകി ജാഗരൂകതയോടെ തിന്മയിൽനിന്നു് അകന്നുമാറുന്നു.
അങ്ങനെ ഔസേപ്പച്ചൻ ഐക്യജനാധിപത്യമുന്നണിയിൽനിന്നു് പുറത്തുചാടി, മൂവാറ്റുപുഴയിൽ നോമിനേഷൻ കൊടുത്തു. ഐക്യമുന്നണി സ്ഥാനാർഥിയായി മാണി ഗ്രൂപ്പിലെ പി. സി. തോമസ് രംഗത്തുവന്നു. ഇടതുമുന്നണി ജോസഫിനെ പിന്തുണച്ചില്ല. പകരം പ്രൊഫ. സി. പൗലോസ് എന്നൊരു പാവം കോടീശ്വരനെ സ്ഥാനാർഥിയാക്കി. ശക്തമായ ത്രികോണമൽസരത്തിൽ മാഷ് ജയിക്കും എന്നു് പറഞ്ഞു് വിശ്വസിപ്പിച്ചു. മൂവാറ്റുപുഴക്കാർ മണ്ടന്മാരായതുകൊണ്ടു് മൽസരം ഏകപക്ഷീയമായിപ്പോയി. പൗലോസ്സാറിന്റെ കോടികൾ പോയതും എസ്റ്റേറ്റുകളിൽ ചിലതു് അന്യാധീനമായതും മെച്ചം പി. സി. തോമസ് ദൽഹിക്കു് വണ്ടികയറി. പി. ജെ. ജോസഫി ന്റെ ജാമ്യസംഖ്യ ഖജനാവിലേക്കു് മുതൽക്കൂട്ടി.
പരാജയത്തിൽനിന്നു് പാഠം പഠിച്ചു് ഐക്യമുന്നണിയിലേക്കു് തിരിച്ചുപോകാമായിരുന്നു. കരുണാകരനും ബാലകൃഷ്ണപിള്ള യും കൈപിടിച്ചു് കൂട്ടിക്കൊണ്ടുപോയേനെ. പക്ഷേ, പാലത്തിനാൽക്കാരന്റെ ദുരഭിമാനം അനുവദിച്ചില്ല. പകരം പിള്ളേച്ചനെതിരെ കൂറുമാറ്റ നിരോധ നിയമപ്രകാരം സ്പീക്കർക്കു് പരാതി കൊടുത്തു. സ്പീക്കർ വർക്കല രാധാകൃഷ്ണൻ ബാലകൃഷ്ണപിള്ള യെ അയോഗ്യനാക്കി. ഇ. രാജേന്ദ്രൻ കൊടുത്ത തെരഞ്ഞെടുപ്പുകേസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്നു എന്ന കാരണം പറഞ്ഞു് കൊട്ടാരക്കരയിൽ ഉപതെരഞ്ഞെടുപ്പു് നടത്തിയതുമില്ല. പിന്നെയും ഒരു വർഷം തെക്കുവടക്കു് തേരാപാരാ നടന്നശേഷമാണു് സഖാക്കൾ കനിവു് കാണിച്ചതു്. 1991 ജനുവരിയിലെ ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പിനും ശേഷം ജോസഫ് ഗ്രൂപ്പിനെ ഇടതുമുന്നണിയിൽ പ്രവേശിപ്പിച്ചു.
പാപിചെന്നേടം പാതാളം. 1991-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടുതുമുന്നണി തോറ്റമ്പി. ജോസഫ് ഗ്രൂപ്പ് നിലംപരിശായി ഇടുക്കിയിൽനിന്നു് ലോക്സഭയിലേക്കു് മൽസരിച്ച ഔസേപ്പച്ചൻ പാലാ കെ. എം. മാത്യു വിനോടു് തോറ്റു; കുത്തക സീറ്റായ തൊടുപുഴ കൈവിട്ടു. നിയമസഭയിൽ ഒരംഗം—ഡോ. കെ. സി. ജോസഫ്—മാത്രമായി. എല്ലാത്തിനുമുപരി കേരളകോൺഗ്രസിന്റെ അഭിമാനഭാജനമായിരുന്ന തെരഞ്ഞെടുപ്പുചിഹ്നം കുതിര അന്ത്യശ്വാസം വലിച്ചു. മാണി യും ജേക്കബും പിള്ളയും മന്ത്രിമാരായി സ്റ്റേറ്റുകാറിൽ ഊരുചുറ്റിയപ്പോൾ പാവം ഔസേപ്പച്ചൻ പുറപ്പുഴയിലെ തറവാട്ടുവീട്ടിൽ കൃഷിയും മൃഗപരിപാലനവുമായി ഒതുങ്ങിക്കൂടി.
അഞ്ചുവർഷത്തിനുശേഷം വീണ്ടും തെരഞ്ഞെടുപ്പു് വന്നു. ആറു് എം. എൽ. എ.-മാരുണ്ടായി. പൊതുമരാമത്തു്, ഭവനനിർമാണ, വിദ്യാഭ്യാസ വകുപ്പുകളോടെ മന്ത്രിസ്ഥാനവും ലഭിച്ചു. പത്തുകൊല്ലത്തെ കാത്തിരിപ്പിനുശേഷം ഭരണം കൈവന്നപ്പോൾ പത്തു പുത്തുനുണ്ടാക്കാൻ പാർട്ടി നേതാക്കൾ ഉൽസാഹിച്ചു. വകുപ്പുകൾ മൂന്നിലും കൊയ്ത്തുംമെതിയുമായി പ്രീഡിഗ്രി കോളജുകളിൽനിന്നു് വേർപെടുത്തിയും ഡി. പി. ഇ. പി. നടപ്പിൽവരുത്തിയും മൈത്രി ഭവനപദ്ധതിയിലൂടെ ഔസേപ്പച്ചൻ വിവാദനായകനായി. പ്ലസ്ടൂ കോഴ്സുകൾ ക്രിസ്ത്യൻ മാനേജ്മെന്റുകൾക്കു് സൗജന്യമായും മറ്റുള്ളവർക്കു് പെട്ടാൽപെട്ട വിലയ്ക്കും വിതരണംചെയ്തു.
ഭരണം പൊടിപറത്തി മുന്നേറവേ, പാർട്ടി ചെറുതായൊന്നു് പിളർന്നു. ടി. വി. എബ്രഹാമും എം. വി. മാണിയും മാണിഗ്രൂപ്പിൽ ചേക്കേറി. പ്ലസ്ടൂ അനുവദിച്ചതിലെ വിവേചനം ഹിന്ദു-മുസ്ലിം സമുദായങ്ങളെ കുപിതരാക്കി. ഇടതുപക്ഷത്തിന്റെ പരമ്പരാഗത വോട്ടുബാങ്കിൽ വിള്ളലുണ്ടായി. എൻ. എസ്. എസ്. സമദൂര സിദ്ധാന്തപ്രകാരം തന്നെ യു. ഡി. എഫിനെ സഹായിച്ചു. ഔസേപ്പച്ചനെ തോൽപിക്കുമെന്നു് നടേശൻ മുതലാളി പ്രതിജ്ഞയെടുത്തു. ഈഴവ-മുസ്ലിം വോട്ടർമാർ തിരിഞ്ഞുകുത്തി. തൊടുപുഴ ഔസേപ്പച്ചന്റെ വാട്ടർലൂവായി. കൃഷിക്കും മൃഗപരിപാലനത്തിനുമായി പിന്നെയും ഒരു അഞ്ചുവർഷ ഇടവേള.
തൊടുപുഴയിൽ ജോസഫിനു് കുഴിതോണ്ടിയ ഈഴവ-മുസ്ലിം സമുദായാംഗങ്ങൾ തൊട്ടുടത്ത പൂഞ്ഞാറിൽ ക്യൂനിന്നു് പി. സി. ജോർജിനു് വോട്ടുകുത്തി. ജോർജും ഡോ. കെ. സി. ജോസഫും മാത്രമായി. ജോസഫ് ഗ്രൂപ്പ് എം. എൽ. എ.-മാർ അചിരേണ പി. ജെ. ജോസഫും പി. സി. ജോർജു മായി തെറ്റി. പാർട്ടി പിന്നെയും പിളർന്നു. ടി. എസ്. ജോണും ഈപ്പൻവർഗീസും ജോർജിനൊപ്പം പോയി. അങ്ങനെ സെക്കുലർ കേരള കോൺഗ്രസുണ്ടായി. പി. സി. ജോർജ്ജ് അച്യുതാനന്ദന്റെ ആത്മീയ നേതൃത്വം അംഗീകരിച്ചു് അഴിമതി, സ്ത്രീപീഡനം, വനംകൈയേറ്റം എന്നിവയെയൊക്കെ എതിർക്കാൻ തുടങ്ങി. അതോടെ ഔസേപ്പച്ചനു് അച്ചുമ്മാൻ ചതുർഥിയായി. അദ്ദേഹം പിണറായി വിജയന്റെ പാദപത്മങ്ങളിൽ അഭയം തേടി.
വി. എസ്.-പിണറായി യുദ്ധത്തിൽ വിജയപക്ഷത്തു് ഉറച്ചു നിന്ന ഏക ഘടകകക്ഷി ജോസഫ് ഗ്രൂപ്പ് ഡി. ഐ. സി.(കെ)യുടെ ഇടതുമുന്നണി പ്രവേശനത്തെ അനുകൂലിച്ച ആൾ പി. ജെ. ജോസഫ്. വിജയന്റെയെന്നപോലെ ഔസേപ്പച്ചന്റെ കണക്കുകൂട്ടലും പാളി. ഡി. ഐ. സി. പുറത്തു്, വി. എസ്. അകത്തു്. ജോസഫ് ഗ്രൂപ്പിന്റെ പതിവുസീറ്റുകൾ ചിലതെങ്കിലും സി. പി. എം. ഏറ്റെടുത്തു. ഔസേപ്പച്ചൻ കഠിനമായി പരിഭവിച്ചു. കാഞ്ഞിരപ്പള്ളിയിലും ചങ്ങനാശ്ശേരിയിലുമൊക്കെ റെബലുകളെ നിറുത്തി.
വോട്ടെണ്ണിത്തീർന്നപ്പോൾ ജോസഫ് ഗ്രൂപ്പിനു ജയിക്കാൻ സാധിച്ചതു് നാല് സീറ്റാണു്. പി. ജെ. ജോസഫ് (തൊടുപുഴ), മോൻസ് ജോസഫ് (കടുത്തുരുത്തി), ടി. യു. കുരുവിള (കോതമംഗലം), വി. സുരേന്ദ്രൻപിള്ള (തിരുവനന്തപുരം വെസ്റ്റ്) ജാതിതിരിച്ചു് പറഞ്ഞാൽ ജോസഫും മോൻസും സുറിയാനി കത്തോലിക്കർ, കുരുവിള യാക്കോബായ സുറിയാനി, സുരേന്ദ്രൻ വെള്ളാളപ്പിള്ള.
ഭരണം നൂറുനാൾ പിന്നിടുംമുമ്പു് വിമാനവിവാദം ആളിക്കത്തി. സഹയാത്രികയെ കയറിപ്പിടിച്ചതല്ല അവർ ഇങ്ങോട്ടുവന്നു് തന്റെ മേൽ മുട്ടുകയായിരുന്നെന്നു് ഔസേപ്പച്ചൻ ആണയിട്ടിട്ടും മുഖ്യമന്ത്രിക്കു വിശ്വാസം വന്നില്ല. കൃത്യസമയത്തു് പിണറായി വിജയൻ മാവിലായിക്കാരനായി. ഐ. ജി. സന്ധ്യ യെക്കൊണ്ടു് അന്വേഷിപ്പിച്ചു. സന്ധ്യ അന്വേഷിച്ചു് ഔസേപ്പ് പുണ്യാളനല്ലെന്ന് റിപ്പോർട്ട് കൊടുത്തു. റിപ്പോർട്ട് കിട്ടിയതും മുഖ്യൻ ഔസേപ്പച്ചനെ വിളിച്ചു രാജിചോദിച്ചു. നിരപരാധിയാണെന്നു് മാറത്തടിച്ചു് പറഞ്ഞിട്ടും ഫലമുണ്ടായില്ല. രാജിക്കത്തെഴുതിക്കൊടുത്തു് പടിയിറങ്ങി വിമാനവിവാദത്തെക്കുറിച്ചു് ജുഡിഷ്യൽ അന്വേഷണം നടത്തുമെന്നു് തീരുമാനിച്ചു. കൊല്ലം ഒന്നായിട്ടും ടേംസ് ഓഫ് റഫറൻസ് നിശ്ചയിക്കുകയാകട്ടെ, ജഡ്ജിയെ നിയമിക്കുകയാകട്ടെ ജഡ്ജിയെ നിയമിക്കുകയാകട്ടെ ചെയ്തില്ല. ഔസേപ്പച്ചനു് കൃഷിയും മൃഗപരിപാലനവുംതന്നെ ശരണം.
ഔസേപ്പച്ചന്റെ പകരക്കാരനായി കുരുളാൻ വന്നു. കോതമംഗലം ചേലാടു് തോമ്പ്രാംകുടിയിൽ ഉതുപ്പു മകൻ കുരുവിള പ്രൊഫഷനൽ രാഷ്ട്രീയക്കാരനല്ല. കൃഷിയും കച്ചവടവും അത്യാവശ്യം കൈയേറ്റവും ഇതര കലാപരിപാടികളുമായി മുന്നേറിയ ഒരു യാക്കോബായക്കാരൻ പല ബിസിനസുകൾക്കിടയിൽ രാഷ്ട്രീയത്തിലും അൽപം മുതലിറക്കി—ലാഭത്തിനോ മാനത്തിനോ വേണ്ടിയല്ല, സേവനം ഒന്നുമാത്രം ലാക്കാകി. കേരളകോൺഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ സംസ്ഥാന ട്രഷർ ഹൗസിംഗ് ബോർഡ് ചെയർമാൻ എന്നീ നിലകളിലൊക്കെ സേവനം ചെയ്തു് വശംകെട്ടു. പാർട്ടി ചെയർമാന്റെയും പ്രവർത്തകരുടെയും മറ്റു് ജനാധിപത്യവിശ്വാസികളുടെയും നിർബന്ധമൊന്നുകൊണ്ടു് മാത്രം 2006-ൽ കോതമംഗലത്ത് സ്ഥാനാർഥിയായി. എതിരാളി കോൺഗ്രസിന്റെ വി. ജെ. പൗലോസ് കരുണാകരന്റെ പാർട്ടി കണ്ടറിഞ്ഞു് സഹായിച്ചതുകൊണ്ടും വി. ജെ. പൗലോസിന്റെ ജനസമ്മതികൊണ്ടും കുരുവിള ചെറിയ ഭൂരിപക്ഷത്തോടെ വിജയിച്ചു.
വിമാനദുരന്തത്തിൽ മാനംകെട്ട ഔസേപ്പച്ചൻ സ്വജാതിക്കാരാനായ മോൻസ് ജോസഫി നെ മന്ത്രിയാക്കുമെന്നാണു് സകലരും കരുതിയതു്. എന്നാൽ കെ. എം. മാണി യെ മന്ത്രിയാക്കിയ കെ. എം. ജോർജിന്റെ യും പി. ജെ. ജോസഫിനെ മന്ത്രിയാക്കിയ കെ. എം. മാണി യുടെയും ടി. എം. ജേക്കബി നെ മന്ത്രിയാക്കിയ പി. ജെ. ജോസഫി ന്റെതന്നെയും അനുഭവം മറക്കാൻ പാടില്ല. അങ്ങനെ മോൻസ് തഴയപ്പെട്ടു, കുരുളാൻ മന്ത്രിയായി.
വർഷം ഒന്നു് തികയുമ്പോഴേക്കും ചരിത്രം ആവർത്തിച്ചു. ഔസേപ്പിനെ ചതിച്ചതു് പെണ്ണെങ്കിൽ പാവം കുരുളാനെ കുഴിയിലിറക്കിയതു് മണ്ണിടപാടു്. കുരുവിളയുടെ മക്കൾ കൈയേറിയതും കാശുകൊടുത്തു വാങ്ങിയതുമായ അൽപം ഭൂമി തിരുവല്ലാക്കാരൻ ഒരച്ചായനു് വിൽക്കാൻ കരാറെഴുതി. അപ്പോഴേക്കും മുടിഞ്ഞ മൂന്നാർ ദൗത്യം വന്നു. ഭൂമിക്കു വിലയിടിഞ്ഞു. അച്ചായൻ സ്ഥലം തീരുവേണ്ട പണം തിരിച്ചു കിട്ടിയാൽ മതി എന്ന നിലപാടെടുത്തു. അതെങ്ങനെ നടക്കും? കച്ചവടം വേറെ രാഷ്ട്രീയം വേറെ. ചുവരുണ്ടെങ്കിലേ ചിത്രരചന നടക്കു. കാശിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നു് കുരുളാൻ അറുത്തുമുറിച്ചു് പറഞ്ഞു.
കോതമംഗലം ചേലാട്ടുകാരന്റെ വിറ്റകാശും പലിശയുമുണ്ടു് തിരുവല്ലാക്കാരൻ അച്ചായന്റെ കൈയിൽ. അതിയാൻ മൊത്തം കടലാസും പി. സി. ജോർജ്ജും സംഭവം കൈയും കലാശവുമെടുത്തു നിയമസഭയിലവതരിപ്പിച്ചു. പുകിലായി, പുക്കാറായി. കലക്ടറോടു് അന്വേഷിക്കാൻ ഉത്തരവായി. സ്വന്തം അമ്മായിയപ്പന്റെ മതിലുപൊളിപ്പിച്ച രാജുനാരായണസ്വാമിയാണു് ഇടുക്കി ജില്ലാ കലക്ടർ. സ്വാമി അന്വേഷിച്ചു റിപ്പോർട്ട് കൊടുത്തതോടെ കുരുളാന്റെ കസേരയുടെ കാലിളകി. മംഗളവും മാധ്യമവും കുരുവിളക്കെതിരെ വാളെടുത്തു. കേരളകൗമുദിയും മാതൃഭൂമിയും മോശമാക്കിയില്ല. അൽപമൊന്നു് മടിച്ചുനിന്നശേഷം മലയാള മനോരമയും അക്കൂട്ടത്തിൽ ചേർന്നു. ചാനലുകളായ ചാനലുകളൊക്കെ കുരുവിളയുടെ ഭൂമിയിടപാടുകളെക്കുറിച്ചു് പകലന്തിയോളം ചർച്ച ചെയ്തു.
രാജി ആസന്നം എന്നു് മാധ്യമങ്ങൾ ആർത്തുവിളിക്കുന്നതിനിടെ ഔസേപ്പച്ചനും കുരുളാനും കൂടി പാർട്ടി ഓഫിസുകൾ കയറിയിറങ്ങി. വി. എസി നെ കണ്ടു, വെളിയത്തെ കണ്ടു. ചന്ദ്രചൂഡനെ യും കടന്നപ്പള്ളി യെയും കണ്ടു. എല്ലാത്തിനുമുപരി പിണറായി ഭഗവാനെ മുഖം കാണിച്ചു് സങ്കടമുണർത്തിച്ചു. കുരുളാന്റെ നിരപരാധിത്വം പറഞ്ഞും പാടിയും കേൾപ്പിച്ചു. നോക്കട്ടെ എന്നു് പിണറായി പറഞ്ഞു. എൽ. ഡി. എഫിൽ ആലോചിക്കാമെന്നു് ഭാർഗവ-ചന്ദ്രചൂഡന്മാരും ഉറപ്പുകൊടുത്തു.
ഇടതുമൂപ്പന്മാരുടെ ഉറപ്പിന്റെ ബലത്തിൽ ചീഫ് സെക്രട്ടറിയെ കണ്ടു. ഏതാനും ചില ഉറപ്പുകൾ അങ്ങോട്ടുനൽകി. ചില്ലറ സഹായം ഇങ്ങോട്ടു പ്രതീക്ഷിച്ചു. വലതുമുന്നണിയിലേക്കും ദൂതന്മാർ പോയി. ചെന്നിത്തല ഒഴികെയുള്ള നേതാക്കൾ കുരനിറുത്തി കുറേശ്ശേ വാലാട്ടാൻ തുടങ്ങി. ഉമ്മൻചാണ്ടി എതിർപ്പിന്റെ കുന്തമുന അച്യുതാനന്ദനെതിരെ തിരിച്ചു. മാണി യും കുഞ്ഞാലിക്കുട്ടി യും മൗനം ഭജിച്ചു. യാക്കോബായ സഭ കുരളാനു് പരിപൂർണ പിന്തുണ പ്രഖ്യാപിച്ചു.
പി. സി. ജോർജും മാധ്യമങ്ങളും കുരനിറുത്തിയതേയില്ല. മീതേക്കുമിതെ ആരോപണങ്ങൾ ചീഫ് സെക്രട്ടറിയെ സ്വാധീനിച്ചു. പ്രതിപക്ഷത്തെ വളച്ചു. കമ്മ്യൂണിസ്റ്റ് കക്ഷികളെ വശീകരിച്ചു, എന്നൊക്കെയുള്ള കിംവദന്തികൾ. ഊഹാപോഹങ്ങൾക്കിടക്കു് ഓണവും ചതയവും കടന്നുപോയി.
ആഗസ്റ്റ് 30-നു ഇടതുമുന്നണിയോഗം. കലക്ടറുടെയും ചീഫ് സെക്രട്ടറിയുടെയും റിപ്പോർട്ട് എതിരാണു്, കുരുവിള രാജിവെക്കണമെന്നു് മുഖ്യൻ പറഞ്ഞു. അതുതന്നെ ശരിയെന്നു് പിണറായി, ചന്ദ്രചൂഡൻ, കൃഷ്ണൻകുട്ടി, കടന്നപ്പള്ളി. കുരുവിള യുടെ കൂടെ പി. സി. ജോർജി നെക്കൂടി പറഞ്ഞുവിടണമെന്നു് വെളിയം ഭാർഗവൻ. അങ്ങനെ കുരുവിള മന്ത്രിസഭയിൽ നിന്നും ജോർജ് ഇടതുമുന്നണിയിൽനിന്നും പുറത്തായി.
എല്ലാം ദൈവഹിതം എന്നു് കുരുളാനു് സമാധാനിക്കാം. അദ്ദേഹത്തിനു് രാഷ്ടീയമല്ല, ബിസിനസാണു് മുഖ്യം. മന്ത്രിസ്ഥാനത്തേക്കാൾ ഭൂമിയിടപാടാണു് പ്രധാനം. പാവം ഔസേപ്പച്ചന്റെ കാര്യമാണു് കഷ്ടം. വിമാനവിവാദം തീരുന്ന മട്ടില്ല. സുരേന്ദ്രൻ പിള്ള യെ മന്ത്രിയാക്കിയാൽ അച്ചായന്മാരും അച്ചന്മാരും എതിരാകും. മോൻസാണെങ്കിൽ കാൽക്കീഴീൽനിന്നു് മണ്ണൊലിച്ചുപോകും. മന്ത്രിസ്ഥാനമില്ലെങ്കിൽ പണത്തിന്റെ ഉറവ വറ്റും പാർട്ടിയുടെ ശിഖരങ്ങൾ ക്രമേണ ഉണങ്ങും. പിന്നെ സി. പി. എമ്മിന്റെ പുറമ്പോക്കിൽ കുടിൽ കെട്ടിക്കിടക്കുന്നതുകൊണ്ടു് എന്തു് പ്രയോജനം? പ്രവർത്തകരും ചെറുകിട നേതാക്കളുമൊക്കെ മാണിഗ്രൂപ്പിലേക്കോ കോൺഗ്രസിലേക്കോ പോകും.
പണ്ടു് കെ. എസ്. പി.-ക്കും കെ. ടി. പി.-ക്കും സമീപഭൂതകാലത്തു് കോൺഗ്രസ്-എസിനുമുണ്ടായ അതേ വിധിതന്നെയാണു് ഔസേപ്പ് വിഭാഗം കേരള കോൺഗ്രസിനുമുണ്ടാകാൻ പോകുന്നതു്. കൊട്ടാരക്കര ബാലന്റെ ശാപം പാലത്തിനാൽ കുഞ്ഞേട്ടന്റെ മകനെ വിടാതെ പിന്തുടരും തീർച്ച.
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.