സമീപകാലത്തുണ്ടായതിൽ ഏറ്റവും കനത്ത തിരിച്ചടിയാണു് ഇടതുപക്ഷ ജനാധിപത്യമുന്നണിക്കു് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലുണ്ടായതു്. മാർക്സിസ്റ്റ് പാർട്ടിയുടെ സീറ്റുകൾ 40-ൽനിന്നു് 23 ആയി കുറഞ്ഞു. സി. പി. എം. സ്വതന്ത്രരുടേതു് അഞ്ചിൽനിന്നു് ഒന്നായും. ജോസഫ് ഗ്രൂപ്പിന്റെ അംഗസംഖ്യ ആറിൽനിന്നു് രണ്ടായും ജനതാദളിന്റേതു് നാലിൽനിന്നു് മൂന്നായും എൻ. സി. പി.-യുടേതു് മൂന്നിൽനിന്നു് രണ്ടായും ചുരുങ്ങി. ആർ. എസ്. പി. മാത്രം സിറ്റിംഗ് സീറ്റുകൾ രണ്ടും നിലനിർത്തി.
ഏറ്റവും കടുത്ത ആഘാതമേറ്റതു് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിക്കാണു്. നിയമസഭാംഗങ്ങളുടെ എണ്ണം 18-ൽ നിന്നു് ഏഴിലേക്കു് കുത്തനെ ഇടിഞ്ഞു. രണ്ടു് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറുമടക്കമുള്ള മുൻനിര നേതാക്കളൊന്നടങ്കം തോറ്റു് തട്ടിൻ പുറത്തുകയറി. കമ്യൂണിസ്റ്റ് കോട്ടകൾ മിക്കതും തകർന്നടിഞ്ഞു. ടി. വി. തോമസ് മുതൽ ചാത്തൻമാസ്റ്റർ വരെ തോൽക്കുകയും സുഗതൻസാറിനു് കെട്ടിവെച്ച കാശു് പോവുകയും ചെയ്ത 1965-ൽ മാത്രമേ ഇതിനേക്കാൾ വലിയ പരാജയം സി. പി. ഐ.-ക്കുണ്ടായിട്ടുള്ളൂ. ആർ. എസ്. പി.-യുമായി (മാത്രം) സഖ്യമുണ്ടാക്കി മൽസരിച്ച അന്നു് കേവലം മൂന്നു് സീറ്റേ കിട്ടിയുള്ളൂ. ഇപ്പോഴത്തെ മുന്നണിയുടെ വൈപുല്യവും വൈവിധ്യവും പരിഗണിക്കുമ്പോൾ, 2001-ലെ ഏഴിനേക്കാൾ എത്രയോ മഹത്വമുള്ളതായിരുന്നു, 1965ലെ മൂന്നു്.
ഇത്തവണ അഞ്ചു് സീറ്റാണു് ഇടതുമുന്നണി ഐക്യ ജനാധിപത്യമുന്നണിയിൽനിന്നു് പിടിച്ചെടുത്തതു്—നെടുമങ്ങാട്, ഉടുമ്പൻചോല, മാരാരിക്കുളം, പെരുമ്പാവൂർ, മങ്കട. കൈവശമിരുന്ന 45 സീറ്റ് മുന്നണിക്കു് നഷ്ടപ്പെടുകയും ചെയ്തു. കൈവിട്ടുപോയ 45-ൽ ഏറ്റവും കനത്ത പരാജയമുണ്ടായതു് കൊടുങ്ങല്ലൂരിലാണു്. അതു കഴിഞ്ഞാൽ വർക്കല.
ധീരദേശാഭിമാനി മുഹമ്മദ് അബ്ദുറഹ്മാന്റെ യും സമുന്നത മുസ്ലീംലീഗ് നേതാവു് കെ. എം. സീതിസാഹിബി ന്റെയും ജന്മസ്ഥലമാണു് കൊടുങ്ങല്ലൂർ. കെ. എം. ഇബ്രാഹിമിന്റെ നേതൃത്വത്തിൽ നടന്ന കർഷക സമരങ്ങളുടെ പാരമ്പര്യവും ഈ നാടിനുണ്ടു്. കൊടുങ്ങല്ലൂരിൽ ആദ്യം ചെങ്കൊടി നാട്ടിയ ഇ. ഗോപാലകൃഷ്ണമേനോനും കോൺഗ്രസുകാരനായാണു് രാഷ്ട്രീയ ജീവിതം ആരംഭിച്ചതു്. 1939-ൽ കോൺഗ്രസിന്റെ കൊടുങ്ങല്ലൂർ താലൂക്ക് സെക്രട്ടറിയാകുമ്പോൾ മേനോനു് വയസ്സു് 20. അതിനുമെത്രയോ മുമ്പുതന്നെ മദ്യവർജനവും വിദേശ വസ്ത്ര ബഹിഷ്കരണവുമായി അദ്ദേഹം രംഗത്തുണ്ടായിരുന്നു. 1942-ൽ ഗോപാലകൃഷ്ണ മേനോൻ കമ്യൂണിസ്റ്റായി. അതിനടുത്ത വർഷം കൊച്ചി കർഷകസഭയുടെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1945-ൽ കൊച്ചി നിയമസഭയിലേക്കു് നടന്ന തെരഞ്ഞെടുപ്പിൽ കൊടുങ്ങല്ലൂരിൽ ഗോപാലകൃഷ്ണ മേനോനും തൃശൂരിൽ അച്യുതമേനോനും മൽസരിച്ചു. രണ്ടാളും തോറ്റു.
കേരളത്തിൽ ആദ്യമായി എം. എൽ. എ.-യായ കമ്യൂണിസ്റ്റ്കാരൻ ഇ. ഗോപാലകൃഷ്ണമേനോൻ ആയിരുന്നു. 1949-ൽ തിരു-കൊച്ചി നിയമസഭയിലേക്കു് കൊടുങ്ങല്ലൂർ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണു് മേനോന്റെ വിജയം. (ഇടതുപക്ഷ സ്വതന്ത്രരായ പാറായിൽ ഉറുമീസ് തരകനും ടി. എ. മൈതീൻകുഞ്ഞും അതിനുമുമ്പുതന്നെ നിയമസഭയിൽ എത്തിയിരുന്നു). കമ്യൂണിസ്റ്റുകാരെ പേപ്പട്ടികളെപ്പോലെ വേട്ടയാടുന്ന കൽക്കത്താ തിസ്സീസുകാലം. ഒളിവിലിരുന്നു കൊണ്ടാണു് മേനോൻ മൽസരിച്ചതും ജയിച്ചതും. തെരഞ്ഞെടുപ്പു് കഴിഞ്ഞു് ഒരു വർഷത്തിനുശേഷമാണു് ഒളിവിൽനിന്നും പുറത്തിറങ്ങിയതും സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തതും.
1952-ൽ ഗോപാലകൃഷ്ണമേനോൻ വിജയം ആവർത്തിച്ചു. 1954-ൽ പരാജയപ്പെട്ടു; 1957-ൽ കേരള നിയമസഭയിലേക്കു് ജയിച്ചു. 1960-ലും 1965-ലും വീണ്ടും പരാജയം.
കമ്യൂണിസ്റ്റ് പാർട്ടി പിളർന്നശേഷമുള്ള ആദ്യത്തെ തെരഞ്ഞെടുപ്പായിരുന്നു 1965-ലേതു്. തൃശൂർ ജില്ലയിലെ സമുന്നത നേതാക്കൾ മിക്കവരും—സി. അച്യുതമേനോൻ, കെ. കെ. വാര്യർ, ഇ. ഗോപാലകൃഷ്ണ മേനോൻ, പി. കെ. ഗോപാലകൃഷ്ണൻ, കെ. പി. പ്രഭാകരൻ, സി. ജനാർദനൻ, വി. വി. രാഘവൻ, പി. കെ. ചാത്തൻ മാസ്റ്റർ, പി. എസ്. നമ്പൂതിരി— സി. പി. ഐ.-യിൽ ഉറച്ചുനിന്നു. വലിയൊരു ഭാഗം അണികളും സി. പി. ഐ.-യോടൊപ്പം നിലകൊണ്ടു. ജില്ലയുടെ തെക്കൻ പകുതിയിലെങ്കിലും സി. പി. എമ്മിനേക്കാൾ പ്രബല ശക്തി സി. പി. ഐ. ആയിരുന്നു. കൊടകരയിൽ സഖാവ് പി. എസ്. നമ്പൂതിരി വിജയിച്ചു. കൊടുങ്ങല്ലൂരിൽ ഗോപാലകൃഷ്ണ മേനോനും മാളയിൽ കെ. എ. തോമസും രണ്ടാംസ്ഥാനത്തെത്തി.
കൊടുങ്ങല്ലൂരു് കണ്ട ഏറ്റവും കടുത്ത പോരാട്ടം 1967-ൽ ആയിരുന്നുവെന്നു് പഴമക്കാർ പറയുന്നു. അന്നു് സി. പി. ഐ.-യിലെ പി. കെ. ഗോപാലകൃഷ്ണൻ 3315 വോട്ടിന്റെ വ്യത്യാസത്തിൽ കോൺഗ്രസിലെ എ. കെ. മുഹമ്മദ് സഗീറിനെ തോൽപിച്ചു. 1967 മുതൽക്കിങ്ങോട്ട് സി. പി. ഐ. സ്ഥാനാർഥികളേ കൊടുങ്ങല്ലൂര് ജയിച്ചിട്ടുള്ളൂ. ഇത്രയേറെക്കാലം കമ്യൂണിസ്റ്റ് പാർട്ടിയോടു് കൂറു് പുലർത്തിയ മറ്റൊരു മണ്ഡലവും സംസ്ഥാനത്തില്ല. ഇന്ത്യാ രാജ്യത്തുതന്നെ കാണുമോ എന്നു് സംശയം 1970-ൽ വീണ്ടും ഇ. ഗോപാലകൃഷ്ണമേനോൻ വിജയിച്ചു. മാർക്സിസ്റ്റ് സ്വതന്ത്രൻ പി. വി. അബ്ദുൽഖാദറിനെ 532 വോട്ടിനാണു് മേനോൻ തോൽപിച്ചതു്.
1977-ൽ കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിൽ പുതിയൊരു നക്ഷത്രം ഉദിച്ചു. സി. പി. ഐ. കൊടുങ്ങല്ലൂർ മണ്ഡലം സെക്രട്ടറി വി. കെ. രാജൻ. സാധാരണക്കാരേക്കാൾ സാധാരണക്കാരൻ; 110 ശതമാനം ജനകീയനും. 1940-ൽ പുല്ലൂറ്റ് ജനിച്ച രാജൻ ചെത്തുതൊഴിലാളിയായാണു് ജീവിതായോധനം തുടങ്ങിയതു്. വയസ്സു് 16 ആകുമ്പോഴേക്കും കമ്യൂണിസ്റ്റ് അനുഭാവിയായി. രാജനു് പാർട്ടി അംഗത്വം നൽകിയതും പിളർപ്പിന്റെ നാളുകളിൽ ഔദ്യോഗിക പക്ഷത്തു് ഉറപ്പിച്ചുനിർത്തിയതും കൊടുങ്ങല്ലൂരെ ആദ്യകാല കമ്യൂണിസ്റ്റ് സംഘാടകൻ ടി. എൻ. കുമാരൻ. 1977-ൽ മാർക്സിസ്റ്റ് സ്വതന്ത്രൻ പി. വി. അബ്ദുൽഖാദറിനെ 8111 വോട്ടിനു് തോൽപിച്ചുകൊണ്ടാണു് രാജന്റെ ജൈത്രയാത്ര ആരംഭിച്ചതു്. 1989-ലും ’82-ലും എസ്. ആർ. പി.-യിലെ കൊള്ളിക്കത്തറ രവിയായിരുന്നു എതിരാളി; 1987-ൽ കോൺഗ്രസിലെ കെ. പി. ധനപാലനും. എല്ലാത്തവണയും രാജൻ പുഷ്പംപോലെ ജയിച്ചു.
സംസ്ഥാനത്തു് സി. പി. ഐ.-ക്കു് ഏറ്റവും വലിയ വിജയമുണ്ടായതും 1977-ൽ ആയിരുന്നു. 1967-ൽ 19-ഉം 70-ൽ 16-ഉം സീറ്റുകൾ നേടിയ സി. പി. ഐ.-ക്കു് 1977-ൽ 23 സീറ്റുകളിൽ വിജയിക്കാനായി. മറുഭാഗത്തു് സി. പി. എമ്മിനു് 17 സീറ്റേ കിട്ടിയുള്ളൂ. നാല് സി. പി. ഐ.ക്കാർ ലോക്സഭയിലേക്ക് ജയിച്ചു. സി. പി. എമ്മിനു് ഒന്നും കിട്ടിയില്ല. തൃശൂർ ജില്ലയിൽ സി. പി. ഐ. മൽസരിച്ച നിയമസഭാ സീറ്റുകൾ മൂന്നും കൊടുങ്ങല്ലൂർ, നാട്ടിക, ചേർപ്പ്—വിജയിച്ചു. ലോക്സഭയിലേക്കു് തൃശൂര് നിന്നു് കെ. എ. രാജനും തെരഞ്ഞെടുക്കപ്പെട്ടു.
1980 ആകുമ്പോഴേക്കും സി. പി. ഐ. വീണ്ടും മാർക്സിസ്റ്റ് മുന്നണിയിലായി. ലോക്സഭാംഗങ്ങൾ രണ്ടായും നിയമസഭാംഗങ്ങൾ 17 ആയും കുറഞ്ഞു. തൃശൂർ ലോക്സഭാ സീറ്റും ജില്ലയിൽ കൈവശമിരുന്ന മൂന്നു് നിയമസഭാ മണ്ഡലങ്ങളും പാർട്ടിക്കു് നിലനിർത്താൻ കഴിഞ്ഞു. 1982-ൽ സീറ്റുകൾ 13 ആയി കുറഞ്ഞു; പ്രമുഖ നേതാക്കളായ പി. കെ. വാസുദേവൻ നായരും പി. എസ്. ശ്രീനിവാസനും ഇ. ചന്ദ്രശേഖരൻനായരും പരാജയമടഞ്ഞു. തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂരും ചേർപ്പും പാർട്ടി നിലനിർത്തി, നാട്ടിക നഷ്ടപ്പെട്ടു; മാളയിൽ കരുണാകരനോ ടു് പൊരുതിയ സഖാവു് ഇ. ഗോപാലകൃഷ്ണമേനോൻ 3410 വോട്ടിന്റെ വ്യത്യാസത്തിൽ പരാജിതനായി.
1984 അവസാനം ലോക്സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സി. പി. ഐ. കടപുഴകി. ഇന്ദിരാഗാന്ധി മരിച്ചതിനെ തുടർന്നുണ്ടായ സഹതാപ തരംഗത്തിൽ സി. പി. ഐ.-യുടെ സീറ്റുകളൊക്കെ ഒലിച്ചുപോയി. തൃശൂരിൽ സഖാവ് വി. വി. രാഘവൻ അമ്പതിനായിരത്തിൽപരം വോട്ടുകൾക്കു് കോൺഗ്രസിലെ പി. എ. ആന്റണി യോടു് തോറ്റു. ഈ കുത്തൊഴുക്കിലും കൊടുങ്ങല്ലൂർ പിടിച്ചുനിന്നു—മുകുന്ദപുരം ലോക്സഭാ മണ്ഡലത്തിൽപ്പെട്ട മറ്റു് ആറിടത്തും ഐക്യമുന്നണി സ്ഥാനാർഥി മുന്നേറിയപ്പോൾ കൊടുങ്ങല്ലൂരിൽ മാത്രം ഇടതുമുന്നണി സ്ഥാനാർഥി എം. എം. ലോറൻസ് ആയിരത്തിൽപരം വോട്ടിനു് ലീഡ് ചെയ്തു. 1987-ൽ സി. പി. ഐ. ഉയിർത്തെഴുന്നേറ്റു സംസ്ഥാനത്തു് 25 സീറ്റിൽ മൽസരിച്ചതിൽ 16-ഉം വിജയിച്ചു. തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂരും ചേർപ്പും നിലനിർത്തി. കൃഷ്ണൻ കണിയാംപറമ്പിൽ എന്ന യുവ പോരാളി നാട്ടിക സീറ്റ് തിരിച്ചുപിടിച്ചു. ചേർപ്പിൽനിന്നു് ജയിച്ച വി. വി. രാഘവൻ മന്ത്രിയായി മികച്ച ഭരണാധികാരിയെന്നു് പേരെടുത്തു.
1987-ൽ തന്നെയാണു് മീനാക്ഷി തമ്പാന്റെ അരങ്ങേറ്റം. ഏറെക്കാലം ചിറ്റൂർ എം. എൽ. എ.-യും പിന്നീട് രാജ്യസഭാംഗവുമായിരുന്ന പി. ബാലചന്ദ്രമേനോന്റെ മരുമകൾ, കമ്യൂണിസ്റ്റുകാരനായ അഡ്വ. കെ. ആർ. തമ്പാന്റെ ഭാര്യ; ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ ഇംഗ്ലീഷ് അധ്യാപിക ജൂലിയസ് സീസറും ഹാംലെറ്റുമെന്നപോലെ മാർക്സിസം-ലെനിനിസവും മനഃപാഠമാണു് മീനാക്ഷി ടീച്ചർക്കു്. മഹിളാ സംഘത്തിലും കമ്യൂണിസ്റ്റ് പാർട്ടിയിലും ദീർഘകാലം പ്രവർത്തിച്ച പരിചയവുമുണ്ടു്. കെ. ആർ. ഗൗരിയമ്മ ക്കുശേഷം കേരളംകണ്ട ഏറ്റവും മികച്ച വനിതാ നേതാവാണു് മീനാക്ഷി തമ്പാൻ. തന്റേടവും താൻപോരിമയും സമാസമം. വാഗ്വിലാസം വേണ്ടുവോളം. നാലാള് കൂടുന്നിടത്തു് നിവർന്നേ നിൽക്കൂ. ഞായം പറയുമ്പോൾ നാവു് കോടില്ല.
തങ്കമണി സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്ത്രീ വോട്ടുകളിൽ കണ്ണുനട്ടാണു് മാളയിൽ മീനാക്ഷി തമ്പാനെ അങ്കത്തിനിറക്കിയതു്. ആറ്റുംമണമേലെ ഉണ്ണിയാർച്ചയെപ്പോലെ അവർ അടരാടുകയും ചെയ്തു. പക്ഷേ, ആനയെ മയക്കുന്ന അരിങ്ങോടരാണു് കരുണാകരൻ ചേകവർ. ഇരിങ്ങാലക്കുട കോളേജിലെ മലയാളം അധ്യാപികയായ സാവിത്രി ലക്ഷ്മണൻ മുതൽ തങ്കമണിയിൽ വെടിയേറ്റു് മരിച്ച കോഴിമല അവറാച്ചന്റെ ഭാര്യവരെ ലീഡർക്കുവേണ്ടി വോട്ടുപിടിക്കാനെത്തി. 6292 വോട്ടിന്റെ ഭൂരിപക്ഷത്തോടെ കരുണാകർജി അങ്കം ജയിച്ചു.
1989-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ സീറ്റ് തിരിച്ചുപിടിക്കാനായി മീനാക്ഷി തമ്പാനെ അയച്ചു. ഇത്തവണയും പോരാട്ടം പൊടിപാറി. കഷ്ടിച്ചു് ആറായിരം വോട്ടിനു് പി. എ. ആന്റണി വിജയിച്ചു. അത്തവണയും സി. പി. ഐ.-ക്കു് സീറ്റൊന്നും കിട്ടിയില്ല.
1991-ൽ പാർട്ടി നേതൃത്വം സുരക്ഷിതമായ കൊടുങ്ങല്ലൂർ സീറ്റുതന്നെ മീനാക്ഷി ടീച്ചർക്കു് കൊടുത്തു. മുസ്ലീംലീഗിലെ അഹമ്മദ് കബീർ ആയിരുന്നു എതിരാളി. 11,189 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ടീച്ചർ വിജയിച്ചു. നാട്ടികയിൽ കൃഷ്ണനും ചേർപ്പിൽ രാഘവനും വിജയം ആവർത്തിച്ചു. അന്തിക്കാട്ടെ ചെത്തുതൊഴിലാളി നേതാവും മുൻമന്ത്രിയുമായ കെ. പി. പ്രഭാകരന്റെ മകൻ കെ. പി. രാജേന്ദ്രനാ ണു് അത്തവണ തൃശൂരിൽനിന്നു് പാർലമെന്റിലേക്കു് മൽസരിച്ചു് തോൽക്കാനുള്ള യോഗമുണ്ടായതു്. കൊടുങ്ങല്ലൂരിൽനിന്നു് മാളയിലേക്കു് മാറിയ വി. കെ. രാജൻ മണ്ഡലമാകെ ഇളക്കിമറിച്ചു. രാജീവ്ഗാന്ധി മരിച്ച സഹതാപ തരംഗമുണ്ടായിട്ടും കരുണാകരന്റെ ഭൂരിപക്ഷം 2474-ലേക്കു് കുത്തനെ ഇടിഞ്ഞു.
1996-ൽ സി. പി. ഐ. തിളക്കമാർന്ന പ്രകടനം നടത്തി. നിയമസഭയിലെ അംഗസംഖ്യ 12-ൽനിന്നു് 18 ആയി ഉയർന്നു. ലോക്സഭയിലേക്കും രണ്ടാളെ അയക്കാൻ കഴിഞ്ഞു. തൃശൂർ ജില്ലയിൽ പാർട്ടി മൽസരിച്ച സീറ്റുകൾ അഞ്ചും വിജയിച്ചു. തൃശൂർ ലോക്സഭാ സീറ്റിൽ ഏറെക്കാലത്തിനുശേഷം ചെങ്കൊടി പാറി. സഖാവ് വി. വി. രാഘവനോ ടേറ്റു് തൃശൂരങ്ങാടിയിൽ മലർന്നടിച്ചു് വീണതു് കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യർ കെ. കരുണാകരൻ. ഏഴിൽ അഞ്ചു് മണ്ഡലത്തിലും ലീഡറാണു് ലീഡ് ചെയ്തതു്; പക്ഷേ, നാട്ടികയിലെയും ചേർപ്പിലെയും ഭൂരിപക്ഷംകൊണ്ടു് അതു് മറികടന്നു് വി. വി. രാഘവൻ ദൽഹിക്കു് വണ്ടികയറി. അടിതെറ്റിയാൽ ലീഡറും വീഴുമെന്നു് അണികൾ അടക്കം പറഞ്ഞു; തന്നെ മുന്നിൽനിന്നും പിന്നിൽനിന്നും കുത്തി എന്നു് നേതാവു് വിലപിച്ചു.
ജില്ലയിലെ ഗംഭീര വിജയത്തിന്റെ ശിൽപി അന്നത്തെ സി. പി. ഐ. ജില്ലാ കൗൺസിൽ സെക്രട്ടറി വി. കെ. രാജനാ യിരുന്നു. കരുണാകരൻ ഒഴിഞ്ഞ മാളയിൽ രാജൻ മേഴ്സി രവി യെ 3241 വോട്ടിന്റെ വ്യത്യാസത്തിൽ പരാജയപ്പെടുത്തി. ത്രികോണ മൽസരത്തിന്റെ ആനുകൂല്യമുണ്ടായ ഒല്ലൂരിൽ സി. എൻ. ജയദേവൻ ജയിച്ചു. ചേർപ്പിൽ കെ. പി. രാജേന്ദ്രനും അനായാസം വിജയിച്ചു. 60 ശതമാനം ഈഴവരുള്ള നാട്ടികയിൽ എസ്. എൻ. ഡി. പി. യോഗം പ്രസിഡന്റു് ഡോ. കെ. കെ. രാഹുലൻ ദയനീയമാംവിധം പരാജയപ്പെട്ടു. സഖാവു് കൃഷ്ണൻ കണിയാംപറമ്പിലി ന്റെ ഭൂരിപക്ഷം 9691.
വിപ്ലവത്തിന്റെ ദാർശനിക പ്രശ്നങ്ങൾ അപഗ്രഥിച്ചും കമ്യൂണിസ്റ്റുകാരന്റെ ജനാധിപത്യ സങ്കൽപം വിശദീകരിച്ചും ഗൗരിയമ്മ യുടെ ജെ. എസ്. എസിലെത്തിയ മുൻ നക്സലൈറ്റ് കെ. വേണു വുമായിരുന്നു കൊടുങ്ങല്ലൂരിൽ അത്തവണ മീനാക്ഷി തമ്പാനെ എതിരിട്ടതു്. കൊടുങ്ങല്ലൂർക്കാരുടെ ജനാധിപത്യ സങ്കൽപം വേണുവിന്റേതുമായി പൊരുത്തപ്പെടാത്തതുകൊണ്ടോ എന്തോ ടീച്ചർ പാട്ടുംപാടി ജയിച്ചു. ഭൂരിപക്ഷം 14,109. കൊടുങ്ങല്ലൂരിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം, തൃശൂർ ജില്ലയിലെ 1996-ലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷവും. മുകുന്ദപുരം പാർലമെന്റ് സീറ്റിൽ മൽസരിച്ച മാർക്സിസ്റ്റ് സ്ഥാനാർഥി ലിസ്റ്റിൽനിന്നു് പുറത്തുപോകും; നാട്ടികയിൽ കെ. ജി. ശിവാനന്ദനും കൊടുങ്ങല്ലൂരിൽ എൻ. വേലപ്പനും സാധ്യത തെളിയും കൊടുങ്ങല്ലൂരിൽ വി. കെ. ഗോപിയുടെ പേരും ശക്തമായി കേട്ടിരുന്നു.
എനിക്കുശേഷം പ്രളയം എന്ന സനാതന സിദ്ധാന്തം ഉരുക്കഴിക്കുന്ന സഖാക്കളും ഏറെയുണ്ടു് ഈ നാട്ടിൽ. പീരുമേട്ടിൽ 1977 മുതൽ തുടർച്ചയായി മൽസരിക്കുന്ന സി. എ. കുര്യനോ 1982 മുതൽ പട്ടാമ്പിയിൽ നിൽക്കുന്ന കെ. ഇ. ഇസ്മയിലോ നാട്ടിക മണ്ഡലം 1987 മുതൽക്കു് അട്ടിപ്പേറാക്കിയ കൃഷ്ണനോ ചുമ്മാതങ്ങനെ ഒഴിയുമോ? വിജയസാധ്യത എന്ന ഉമ്മാക്കികാട്ടി മൂപ്പന്മാർ മൂന്നാളും വെളിയം ഭാർഗവനെ ബന്ദിയാക്കി. കുര്യച്ചനും കെ. ഇ.-ക്കും കൃഷ്ണനുമാകാമെങ്കിൽ ഞങ്ങൾക്കുമാകാമല്ലോ എന്ന ഞായം പറഞ്ഞു് പ്രകാശ് ബാബു വും മീനാക്ഷി തമ്പാനും പി. രാജു വും രംഗത്തിറങ്ങി. നാദാപുരത്തെ സത്യനും വാഴൂരെ രാജേന്ദ്രനും മാത്രമേ സീറ്റ് പോയുള്ളൂ. ഇ. ചന്ദ്രശേഖരൻ നായർ ഒഴിഞ്ഞ കരുനാഗപ്പള്ളിയിൽ യുവപോരാളികളായ മുല്ലക്കര രത്നാകരനെ യും സോണി ബി. തെങ്ങമ ത്തെയും തള്ളിമാറ്റി കൊല്ലം ജില്ലാ സെക്രട്ടറി കെ. സി. പിള്ള സ്ഥാനാർഥിയായി.
യു. ഡി. എഫ്., വിജയസാധ്യത തീരെയില്ലാത്ത സീറ്റുകളാണല്ലോ, ജെ. എസ്. എസിനും സി. എം. പി.-ക്കും കൊടുക്കുക? അങ്ങനെ ചേർപ്പ് സി. എം. പി.-ക്കു കിട്ടി. കൊടുങ്ങല്ലൂർ വീണ്ടും ജെ. എസ്. എസിനും വലിയ തെരച്ചിലിനുശേഷമാണു് ഗൗരിയമ്മ ഉമേഷിനെ കണ്ടെത്തിയതു്. എസ്. എൻ. ഡി. പി. യോഗത്തിന്റെ കൊടുങ്ങല്ലൂർ യൂനിയൻ പ്രസിഡന്റും ബാറുടമയുമായ ഉമേഷിനു് വീരശ്രീ വെള്ളാപ്പള്ളി നടേശ ന്റെ അനുഗ്രഹാശിസ്സുകളുമുണ്ടായിരുന്നു. ശ്രീനാരായണ ധർമപരിപാലനത്തോടെന്നപോലെ ജനാധിപത്യ സംരക്ഷണത്തോടും കള്ളു് കച്ചവടക്കാർക്കുള്ള പ്രതിബദ്ധത പ്രസിദ്ധമാണല്ലോ. ഉമേഷിന്റെ പിതാവു് ചള്ളിയിൽ കൃഷ്ണനാണു് കൊടുങ്ങല്ലൂർ കൊട്ടാരം വിലയ്ക്കു് വാങ്ങി സ്ഥലത്തെ ആദ്യത്തെ ബാർ ഹോട്ടൽ തുടങ്ങിയതു്. (കാട്ടുകുതിര?) 1977-ൽ എസ്. ആർ. പി സ്ഥനാർഥിയായി കൊടുങ്ങല്ലൂരിൽ മൽസരിച്ചു് ജാമ്യസംഖ്യ ഖജനാവിലേക്കു് മുതൽകൂട്ടിയയാളുമാണു് കൃഷ്ണൻ.
വി. കെ. രാജന്റെ സ്വപ്നങ്ങൾസഫലീകരിക്കാൻ തന്നെ വിജയിപ്പിക്കണമെന്നായി ഉമേഷ്. ഏതാനും സി. പി. ഐ.ക്കാരടക്കം ഒരു വിഭാഗം ഇടതുപക്ഷക്കാർ ഉമേഷിനു് പിന്തുണ നൽകി. മണ്ഡലത്തിലാകമാനം അതിശക്തമായ ജാതിവികാരം ആളിക്കത്തിക്കാനും ജനാധിപത്യസംരക്ഷണക്കാർ മറന്നില്ല. കോൺഗ്രസുകാർ പതിവുപോലെ നിസ്സംഗരായി നിലകൊണ്ടപ്പോൾ ഐക്യമുന്നണിയുടെ പ്രചാരണ ദൗത്യം പി. ഡി. പി. ഏറ്റെടുത്തു. നാദാപുരത്തെ ലഹളയുടെ വിശദാംശങ്ങൾ വീടുവീടാന്തരം കയറി വർണിച്ചുപറഞ്ഞു് മുസ്ലീം വോട്ടുകൾ ഉമേഷിനു് ഉറപ്പാക്കി.
ബി. ജെ. പി. സ്ഥാനാർഥി മാടമ്പ് കുഞ്ഞുകുട്ടൻ ശക്തമായി രംഗത്തിറങ്ങിയതോടെ അന്യഥാ മീനാക്ഷിതമ്പാനു് കിട്ടാവുന്ന സവർണ ഹിന്ദുവോട്ടുകൾ വിഭജിക്കപ്പെടുമെന്നു് ഉറപ്പായി. യഥാക്രമം കോട്ടപ്പുറം, ഇരിങ്ങാലക്കുട രൂപതക്കാരായ ലത്തീൻ, സിറിയൻ ക്രിസ്ത്യാനികൾ പണ്ടേ കമ്യൂണിസ്റ്റ് വിരുദ്ധരാണു്. തൊട്ടടുത്ത വടക്കേക്കരയിൽ പി. രാജീവും ഇരിങ്ങാലക്കുടയിൽ ടി. ശശിധരനും സ്ഥാനാർത്ഥികളായി വന്നതുകൊണ്ടു് എസ്. എഫ്. ഐ. ഡി. വൈ. എഫ്. ഐ പ്രവർത്തകർ, കൊടുങ്ങല്ലൂർ, മാള മണ്ഡലങ്ങളിൽനിന്നു് പ്രവഹിച്ചതു് സി. പി. ഐ. സ്ഥാനാർഥികളെ ബാധിച്ചു. പ്രചാരണത്തിന്റെ അവസാന ഘട്ടമെത്തുമ്പോഴേക്കും ധനദൗർലഭ്യം പ്രശ്നമായി. വോട്ടെടുപ്പിന്റെയന്നു് പുലർച്ചെ ചാലക്കുടി ഒഴികെ ജില്ലയിലെ 13 മണ്ഡലങ്ങളിലും ബി. ജെ. പി.-ക്കാർ തിരിഞ്ഞു. അനുഭാവികളുടെ വോട്ട് താമരക്കു്, പ്രവർത്തകരുടേതു് യു. ഡി. എഫിനു്.
വോട്ടെണ്ണിത്തീർന്നപ്പോൾ ചേർപ്പും ചേലക്കരയുമൊഴികെ 12 മണ്ഡലത്തിലും ഐക്യമുന്നണി വിജയിച്ചു. കുന്നംകുളത്തുനിന്നു് എൻ. ആർ. ബാലനെ മണലൂർക്കും ഇരിങ്ങാലക്കുടയിൽനിന്നു് ലോനപ്പൻ നമ്പാടനെ കൊടകരക്കും മാറ്റിയ മാർക്സിസ്റ്റ് തന്ത്രം പാടെ പാളി. കുന്നംകുളവും ഇരിങ്ങാലക്കുടയും നഷ്ടപ്പെട്ടു. കൊടകരയോ മണലൂരോ കിട്ടിയതുമില്ല.
കൊടുങ്ങല്ലൂരിൽ മീനാക്ഷി തമ്പാൻ 11,914 വോട്ടിനു് തോറ്റു. പരാജയത്തിന്റെ മുഖ്യശിൽപി കൃഷ്ണൻ കണിയാംപറമ്പിൽ നാട്ടികയിൽ 11770 വോട്ടിനും യു. എസ്. ശശി മാളയിൽ 11981 വോട്ടിനും സി. എൻ. ജയദേവൻ ഒല്ലൂരിൽ 10698 വോട്ടിനും തോറ്റു് നേതാക്കളോടു് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ചേർപ്പിൽ കെ. പി. രാജേന്ദ്രൻ 2243 വോട്ടിനു് ജയിച്ചതാണു് സി. പി. ഐ.-യുടെ ആശ്വാസ ഗോൾ.
തൃശൂരിന്റെ തനിയാവർത്തനമായിരുന്നു കൊല്ലം ജില്ലയിൽ. വിഷമദ്യ ദുരന്തവും എസ്. എൻ. കോളേജ് സമരവും ശ്രീനാരായണ പ്രതിമാധ്വംസനവും ഇടതുമുന്നണിയെ വേട്ടയാടി. ആർ. എസ്. പി.-യിലെ പിളർപ്പു് മുന്നണിയുടെ ബഹുജനാടിത്തറയെ ബാധിച്ചു. സി. പി. ഐ.-യുടെ കൈവശമുണ്ടായിരുന്ന അഞ്ചു് സീറ്റുകളിൽ പുനലൂരൊഴികെ നാലും നഷ്ടപ്പെട്ടു. കരുനാഗപ്പള്ളിയിൽ കൊടുങ്ങല്ലൂർ ആവർത്തിച്ചു. കഴിഞ്ഞതവണ 16350 വോട്ടിനു് ചന്ദ്രശേഖരൻ നായർ ജയിച്ച കരുനാഗപ്പള്ളിയിൽ ഇത്തവണ ജനാധിപത്യ സംരക്ഷണ സമിതി നേതാവും വെള്ളാപ്പള്ളിയുടെ നിയമോപദേഷ്ടാവുമായ എ. എൻ. രാജൻബാബു വിജയിച്ചു. നല്ലൊരു പാർലമെന്റേറിയനെന്നു് പേരെടുത്ത പ്രകാശ്ബാബു പത്തനാപുരത്തു് സിനിമാനടന്റെ ഗ്ലാമറിനു മുമ്പിൽ നിഷ്പ്രഭനായി.
വൈക്കത്തു് പി. നാരായണൻ വിജയിച്ചതൊഴിച്ചാൽ മധ്യകേരളത്തിൽ സി. പി. ഐ. പച്ച തൊട്ടില്ല. പറവൂരിൽ മാർക്സിസ്റ്റ് പാർട്ടിയിലെ ഗ്രൂപ്പ് വഴക്കാണു് പി. രാജു വിന്റെ കുഴിതോണ്ടിയതു്. പീരുമേട്ടിൽ ഇ. എം. ആഗസ്തി എതിരാളിയായി വന്നപ്പോൾതന്നെ സി. എ. കുര്യന്റെ പരാജയം സുനിശ്ചിതമായിരുന്നു. (അതുകൊണ്ടു് ഉടുമ്പൻചോലയിൽ സി. പി. എം. വിജയിച്ചു) വാഴൂരിൽ കാനം രാജേന്ദ്രനു പകരം പ്രൊഫ. തുളസീദാസിനെ സ്ഥാനാർഥിയാക്കിയിട്ടും ഒരദ്ഭുതവും സംഭവിച്ചില്ല. കെ. നാരായണക്കുറുപ്പി ന്റെ ഭൂരിപക്ഷം ഇരട്ടിച്ചതല്ലാതെ. ചേർത്തലയിൽ സി. കെ. ചന്ദ്രപ്പൻ കിണഞ്ഞു് പരിശ്രമിച്ചിട്ടും ആന്റണി യുടെ ഭൂരിപക്ഷം കുറക്കാനല്ലാതെ തോൽപിക്കാൻ കഴിഞ്ഞില്ല.
സ്മരണകളിരമ്പുന്ന രണസ്മാരകങ്ങളുടെ നാട്ടിൽ സി. പി. ഐ.-ക്കു് അതിഭയങ്കരമായ ഒരു ചളിപ്പുകൂടിയുണ്ടായി. വ്യാപാരി സംഘടനയുടെ മുൻ ഭാരവാഹിയായ ഒരു അബ്ദുൽറഹീമിനെ സ്വതന്ത്രവേഷം കെട്ടിച്ചു് രംഗത്തിറക്കിയതു കണ്ടു് വലിയ ചുടുകാട്ടിൽ അന്ത്യവിശ്രമം കൊള്ളുന്ന പുന്നപ്ര വയലാർ രക്തസാക്ഷികളും ആർ. സുഗതനും ഞെളിപിരി കൊണ്ടിട്ടുണ്ടാകും. ആലപ്പുഴയിൽ അരിവാൾ ധാന്യക്കതിർ അടയാളത്തിൽ മൽസരിക്കാൻ ആളില്ലാതായിരിക്കുന്നു! തിരൂരങ്ങാടിയിൽ അബ്ദുഹാജിയെ സ്വതന്ത്രനാക്കി നിർത്തുന്നതും ആലപ്പുഴയിൽ അബ്ദുൽറഹീമിനെ നിർത്തുന്നതും തമ്മിലുള്ള വ്യത്യാസം നേതാക്കൾക്കു് ഇനിയെങ്കിലും മനസ്സിലാകുമോ എന്തോ? തിരൂരങ്ങാടിയിൽ ഹാജി തോറ്റതു് 19173 വോട്ടിനു്, ആലപ്പുഴയിൽ റഹീം തോറ്റതു് 19163-നും. വ്യത്യാസം 10 വോട്ടിന്റെ മാത്രം.
മണിച്ചന്റെ മാസപ്പടി ബുക്കിൽ പേരു വന്ന ഭാർഗവി തങ്കപ്പ നെ ഒഴിവാക്കിയതുകൊണ്ട് കിളിമാനൂർ നഷ്ടപ്പെട്ടില്ല. ഭൂരിപക്ഷം കുറഞ്ഞെങ്കിലും എൻ. രാജൻ വിജയിച്ചു. കഴിഞ്ഞ രണ്ടുതവണയായി (1991, 96) നഷ്ടപ്പെട്ട നെടുമങ്ങാടു് മാങ്കോട് രാധാകൃഷ്ണൻ 156 വോട്ടിന്റെ ഭൂരിപക്ഷത്തിലാണെങ്കിലും തിരിച്ചുപിടിച്ചു.
അത്യുത്തര കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി തീരെ മോശമായില്ല. ഹോസ്ദുർഗിൽ എം. കുമാരനും നാദാപുരത്തു് ബിനോയ്വിശ്വ വും വിജയിച്ചു.
പാലക്കാട് ജില്ലയിൽ പക്ഷേ, മുഞ്ഞബാധയുണ്ടായി. മണ്ണാർക്കാട്ട് ജോസ് ബേബി യും പട്ടാമ്പിയിൽ കെ. ഇ. ഇസ്മയിലും കടപുഴകി. ഇസ്മയിലിന്റെ ജയം സുനിശ്ചിതമാണെന്നാണു് മലയാള മനോരമ പോലും പ്രവചിച്ചതു്. എ. വി. ഗോപിനാഥ് കോൺഗ്രസ് ടിക്കറ്റ് കിട്ടിയിട്ടും മൽസരിക്കാഞ്ഞതും സഖാവിനു് പ്രത്യാശ നൽകി. പേര്യ വനംകൊള്ളയെപ്പറ്റിയുള്ള ആരോപണമാണോ കൃഷിഭൂമിക്കു് പകരം തരിശു് ഭൂമി കിട്ടിയ ആദിവാസികളുടെ ശാപമാണോ മന്ത്രിപുംഗവന്റെ അടിതെറ്റിച്ചതു്?
ഏത് നിലക്കും സി. പി. ഐ.-ക്കാർക്കു് ആശ്വാസത്തിനു് വകയുണ്ടു്. രണ്ടിലേറെ തവണ ആരെയും എം. എൽ. എ. ആക്കരുതെന്ന നയത്തിൽനിന്നു് നേതൃത്വം പിന്നാക്കം പോയെങ്കിലും ജനം ആ പരിപാടിയെ സർവാത്മനാ അംഗീകരിച്ചിരിക്കുന്നു. മൂന്നാം വട്ടമോ അതിൽക്കൂടുതലോ മൽസരിച്ച ഒറ്റ സി. പി. ഐ.-ക്കാരനും വിജയിച്ചിട്ടില്ല. ഇത്തവണത്തെ എം. എൽ. എ.-മാരിൽ എം. കുമാരനും ബിനോയ്വിശ്വവും മാങ്കോട് രാധാകൃഷ്ണനും കന്നിക്കാരാണു്, മറ്റു് നാലുപേരും രണ്ടാംതവണക്കാരും.
തെരഞ്ഞെടുപ്പു് ഫലം സഖാക്കൾ കൂലംകഷമായി പഠിക്കുമെന്നും പരാജയകാരണങ്ങൾ കണ്ടുപിടിച്ചു് പരിഹരിക്കുമെന്നും ഉറപ്പാണു്. നവയുഗത്തിന്റെ 2001 മെയ് 15-ന്റെ ലക്കത്തിൽ പി. കെ. വാസുദേവൻനായർ പേരു് വെച്ചെഴുതിയ എഡിറ്റോറിയൽ വായിപ്പിൻ: “എൽ. ഡി. എഫ്. മൊത്തമായും ഘടകകക്ഷികൾ വെവ്വേറെയും ഗൗരവപൂർവം തെരഞ്ഞെടുപ്പു് ഫലങ്ങൾ സ്വയംവിമർശപരമായി വിശകലനം ചെയ്യുമല്ലോ? വെളിച്ചം ഉള്ളിലേക്കു് വീശിയുള്ള പരിശോധന ആവശ്യമാണു്. കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ കൂടുതൽ ജനങ്ങളുടെ പിന്തുണ ആർജിക്കാൻ എന്തുകൊണ്ടു് കഴിഞ്ഞില്ലെന്നും പ്രതിയോഗിക്കു് സഖ്യശക്തികളെ തട്ടിക്കൂട്ടാൻ അനുകൂലമായ കാലാവസ്ഥക്കു് കാരണമെന്തെന്നും അന്വേഷിക്കേണ്ടതുണ്ടു്. കമ്യൂണിസ്റ്റ് പാർട്ടി സ്വന്തമായി മേൽപ്പറഞ്ഞ പരിശോധന എല്ലാം നടത്തുന്നതാണു്.”
പ്രതികൂല സാഹചര്യങ്ങളിലും സഖാവു് പ്രത്യാശാഭരിതനാണു്. മുഖപ്രസംഗം ഇങ്ങനെ അവസാനിക്കുന്നു: “വളരെ പ്രതികൂലമായ സാഹചര്യങ്ങളിലാണു് പാർട്ടി കേരളത്തിൽ പ്രവർത്തിക്കേണ്ടതു്. എന്നാൽ ഇത്തരം പരീക്ഷണം പാർട്ടിക്കു് പുതിയതല്ല. നമ്മുടെ പ്രസ്ഥാനം ധാരാളം പരീക്ഷണങ്ങൾ അതിജീവിച്ചിട്ടുണ്ടു്. ജനങ്ങളുമായുള്ള ബന്ധം കൂടുതൽ കൂടുതൽ വ്യാപകവും ദൃഢതരവുമാക്കണം. നയപരിപാടികളിലും ആദർശങ്ങളിലും ഉറച്ചുനിൽക്കണം. കേരളത്തിന്റെ സമഗ്ര വികസനമെന്ന ലക്ഷ്യത്തിനുവേണ്ടി പോരാട്ടം തുടരണം. വർഗീയ ഫാഷിസ്റ്റ് ശക്തികൾ മുഖ്യ വെല്ലുവിളി ഉയർത്തുമ്പോൾ എന്തുവില കൊടുത്തും ദേശീയ ഐക്യത്തിനും മതസൗഹാർദത്തിനും വേണ്ടി പോരാടണം. ഇത്തരം പ്രവർത്തനങ്ങളിൽ കൂടിയാണു് ഇന്നത്തെ പ്രതികൂല സാഹചര്യത്തെ അനുകൂലമാക്കി മാറ്റേണ്ടതു്. സഖാക്കളേ, മുന്നോട്ടു്!
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.