“എന്റെ മകനായ ബാലനാണു് എന്റെ മുഖ്യ എതിരാളി! പക്ഷേ, ഒന്നവൻ അറിയുന്നില്ല, ഞാൻ വാടക കൊടുക്കുന്ന വീട്ടിൽ താമസിച്ചുകൊണ്ടു്, എന്റെ ചോറും ഭക്ഷണവും കഴിച്ചു്, എന്റെ പശുക്കളുടെ പാലും കുടിച്ചാണു് അവൻ ഈ വൻ പ്രചാരണം എനിക്കെതിരായി നീക്കുന്നതെന്നു്. ഒരു ദരിദ്രനായ ഞാൻ പല പണച്ചാക്കുകളുമായാണു് ഈ നിയോജകമണ്ഡലത്തിൽ ഒരു ജീവന്മരണ സമരം നടത്തുന്നതെന്ന കാര്യവും അവൻ വിസ്മരിക്കുന്നു”: ഇങ്ങനെ പരിതപിച്ചതു് തിരു. കൊച്ചി മുഖ്യമന്ത്രി സി. കേശവൻ.
1951 ഒടുവിൽ നടന്ന പൊതുതെരഞ്ഞെടുപ്പാണു് സന്ദർഭം. ഇരവിപുരം നിയോജകമണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയാണു് സി. കേശവൻ. പ്രധാന എതിരാളി വ്യവസായ പ്രമുഖനും ധനാഢ്യനുമായ വെണ്ടർ കൃഷ്ണപിള്ള. സ്ഥലത്തെ പണച്ചാക്കുകൾ ഒട്ടുമുക്കാലും വെണ്ടറുടെ പിന്നിലുണ്ടു്. തെരഞ്ഞെടുപ്പു മൽസരം ഏതാണ്ടൊരു നായരീഴവയുദ്ധമായി പരിണമിച്ചിരിക്കുന്നു. അപ്പോഴാണു് ഈഴവ വോട്ടുബാങ്കിൽ വിള്ളൽ വീഴ്ത്താവുന്ന ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ രംഗപ്രവേശം. കശുവണ്ടി-കയർ-നെയ്ത്തുതൊഴിലാളികളിൽ നല്ല സ്വാധീനമുള്ള കെ. പി. രാഘവൻപിള്ളയായിരുന്നു ഇരവിപുരത്തെ ഇടതു സ്ഥാനാർത്ഥി; ഇരവിപുരം ഉൾപ്പെടുന്ന കൊല്ലം ലോക് സഭാ സീറ്റിൽ മൽസരിക്കുന്നതു് എൻ. ശ്രീകണ്ഠൻനായരും. ഇരുവരുടെയും മുഖ്യ പ്രചാരകൻ സഖാവു് കെ. ബാലകൃഷ്ണൻ—സി. കേശവന്റെ ദ്വിതീയ പുത്രൻ.
ജന്മനാ പ്രക്ഷോഭകാരിയായിരുന്നു ബാലകൃഷ്ണൻ. ഒരമ്പലം കത്തിയാൽ അത്രയും അന്ധവിശ്വാസം നശിക്കും എന്നു് തുറന്നടിച്ച പിതാവിനു യോജിച്ച പിൻഗാമി. കേശവനെയും വെല്ലുന്നതായിരുന്നു ബാലകൃഷ്ണന്റെ വാഗ്ധോരണി. പന്ത്രണ്ടാം വയസ്സിലായിരുന്നു ആദ്യമായി പൊതുയോഗത്തിൽ പ്രസംഗിച്ചതു്. ഇന്റർമീഡിയറ്റിനു പഠിക്കുമ്പോൾ ആദ്യത്തെ ജയിൽവാസം. നിരോധനം ലംഘിച്ചു് കാശ്മീരിൽ പ്രവേശിച്ച ജവഹർലാൽ നെഹ്റു വിനെ ബയനറ്റ് ചാർജ് ചെയ്തു മുറിവേല്പിച്ചതറിഞ്ഞപ്പോൾ ബാലകൃഷ്ണൻ പൊട്ടിത്തെറിച്ചു. തിരുവനന്തപുരത്തു് പൊന്നറ ജി ശ്രീധരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അതി ഗംഭീരമായ പ്രസംഗം ചെയ്തു: “ഇന്ത്യൻ ജനതയുടെ ആവേശത്തിന്റെ പ്രതീകമായ നെഹ്റുവിന്റെ ശരീരത്തിൽനിന്നു് തെറിച്ച ചോരത്തുള്ളികളിൽനിന്നും ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിൽ, ബ്രിട്ടീഷുകാരെ താങ്ങിനിർത്തുന്ന നാട്ടുരാജ്യങ്ങളിലെ കിരീടംവെച്ച തലകൾ പറന്നുപോകും.” രാജ്യദ്രോഹ പ്രസംഗമെന്ന കുറ്റം ചുമത്തി തൊട്ടടുത്ത ദിവസം ബാലകൃഷ്ണൻ ലോ കോളേജിൽനിന്നു് പുറത്താക്കപ്പെട്ടു. മാപ്പെഴുതിക്കൊടുത്തിരുന്നെങ്കിൽ തിരിച്ചെടുക്കുമായിരുന്നു. നിവർത്തന പ്രക്ഷോഭകാലത്തു് കോഴഞ്ചേരിയിൽ രാജ്യദ്രോഹ പ്രസംഗം നടത്തിയതിനു് രണ്ടു വർഷം കഠിനതടവനുഭവിച്ച ഒരച്ഛന്റെ മകനാണു് ബാലകൃഷ്ണൻ. മാപ്പെഴുതാൻ വിസമ്മതിച്ചതിനാൽ നിയമപഠനം എന്നേക്കുമായി അവസാനിച്ചു.
പൊതുജീവിതത്തിൽ അച്ഛനായിരുന്നു ബാലന്റെ മാർഗ ദീപം. അമേരിക്കൻ മോഡൽ ഭരണഘടനയെ എതിർത്തു പ്രസംഗിച്ചതിനു് ശിക്ഷിക്കപ്പെട്ടു് സെൻട്രൽ ജയിലിലേക്കയയ്ക്കപ്പെടുമ്പോൾ ബാലകൃഷ്ണൻ ചന്ദ്രികക്കെഴുതി: “എന്റെ പല സുഹൃത്തുക്കളും പൂജപ്പുരയിലുണ്ടു്. എന്റെ നേതാവും മാർഗദർശിയുമായ പിതാവു് അവിടെയുണ്ടു്. ഒരാദർശത്തിന്റെ പിന്നാലെ പോകുന്നു എന്ന അസൂയാജന്യമായ മാനസിക സുഖമുണ്ടു്. നിന്റെ പുഞ്ചിരികൂടി വേണ്ടിയിരുന്നു. പക്ഷേ, നീ കരയാനാണു് തീരുമാനിച്ചതു്. എന്റെ നിർഭാഗ്യം.”
സെൻട്രൽ ജയിലിൽവെച്ചാണു് ബാലകൃഷ്ണൻ എൻ. ശ്രീകണ്ഠൻനായരെ പരിചയപ്പെടുന്നതു്. ജീവിതാന്ത്യംവരെ ആ അടുപ്പം നീണ്ടുനിന്നു. 1947 സെപ്റ്റംബറിൽ കേരളാ സോഷ്യലിസ്റ്റ് പാർട്ടി രൂപം കൊണ്ടപ്പോൾ അതിൽച്ചേരാൻ ബാലകൃഷ്ണനു് രണ്ടാമതൊന്നു് ആലോചിക്കേണ്ടി വന്നില്ല. മാർക്സിസം—ലെനിനിസത്തിൽ അവഗാഹം നേടിയിരുന്ന ബാലൻ കോൺഗ്രസ് സർക്കാറിന്റെ കടുത്ത വിമർശകനായി മാറി. സി. കേശവൻ മന്ത്രിയായിരിക്കുമ്പോൾ ജയിലിൽ കിടക്കാനുള്ള ഭാഗ്യവുമുണ്ടായി ബാലകൃഷ്ണനു്. ‘മന്ത്രികുമാരൻ അറസ്റ്റിൽ’ എന്ന ശീർഷകത്തിലാണു് സ്വന്തം അമ്മാവൻ നടത്തുന്ന കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചതു്.
കെ. എസ്. പി. പിളർന്നു് ആർ. എസ്. പി.-യുണ്ടായപ്പോൾ ബാലകൃഷ്ണൻ ശ്രീകണ്ഠൻ ചേട്ടനോടൊപ്പം നിന്നു. ചവറ ലഹളക്കേസിൽ പ്രതിയായി തടവുശിക്ഷ അനുഭവിച്ചിരുന്ന ശ്രീകണ്ഠൻനായർ വിമോചിതനായതിന്റെ തൊട്ടുപിന്നാലെയാണു് പൊതുതെരഞ്ഞെടുപ്പു് നടന്നതു്. സി. കേശവനെ എതിർത്തു പ്രസംഗിക്കുന്നതിൽ ബാലകൃഷ്ണനു് പ്രയാസമുണ്ടായിരുന്നു. ബാലന്റെ ധർമസങ്കടം മനസ്സിലാക്കിയ ശ്രീകണ്ഠൻ ചേട്ടൻ പറഞ്ഞു: “എനിക്കു് ഇക്കാര്യത്തിൽ നിന്നെ ഉപദേശിക്കാൻ സാധ്യമല്ല. നിനക്കു രാഷ്ട്രീയം വേണോ, അതോ വെറും ഗാർഹിക ബന്ധം മതിയോ എന്നു് നീ തന്നെയാണു് തീരുമാനിക്കേണ്ടതു്. രാഷ്ട്രീയത്തിൽതന്നെ നിലയുറപ്പിക്കുന്നതു് ശരിയല്ലെന്നു് തോന്നുന്നുവെങ്കിൽ ഒരു നിമിഷം പോലും അവിടെ നിൽക്കരുതു്. അച്ഛനോടുള്ള സ്നേഹം നിന്നെ രാഷ്ട്രീയത്തിൽനിന്നു് പിന്തിരിപ്പിക്കുകയാണെങ്കിൽ എനിക്കു നിന്നെപ്പറ്റി മതിപ്പുണ്ടായിരിക്കുകയില്ല. പക്ഷേ, ഒരു കൊച്ചനുജനു് പ്രതീക്ഷിക്കാവുന്ന ഒരു ചേട്ടന്റെ സ്നേഹം നിനക്കു് എപ്പോഴും എന്നിൽനിന്നു് പ്രതീക്ഷിക്കാം.” ഈ ഗീതോപദേശം മർമവേധിയായിരുന്നു. ബാലകൃഷ്ണന്റെ പ്രസംഗ നിർഝരിയിൽ കോൺഗ്രസ് കോട്ടകൾ കിടിലംകൊണ്ടു. പൊടിപാറിയ പോരാട്ടത്തിനൊടുവിൽ സി. കേശവൻ കഷ്ടിച്ചു ജയിച്ചു. ശ്രീകണ്ഠൻനായർ ലോക്സഭാംഗവുമായി. പ്രസംഗ യജ്ഞത്തിന്റെ ഫലമായി ബാലകൃഷ്ണന്റെ ശ്വാസനാളത്തിൽ തുള വീണു. അതി കഠിനമായ നെഞ്ചുവേദനമൂലം ആശുപത്രി കിടക്കയെ ശരണം പ്രാപിച്ചു.
ആ തെരഞ്ഞെടുപ്പോടെ സി. കേശവൻ സജീവ രാഷ്ട്രീയം വിട്ടു. 1954-നു ശേഷം മയ്യനാട്ടു തിരിച്ചെത്തി ശാന്തമായി വിശ്രമജീവിതം നയിച്ചു. അച്ഛന്റെ ആത്മകഥക്കു് അവതാരികയെഴുതിയതു് ബാലകൃഷ്ണൻ തന്നെ. 1954-56 കാലത്തു് തിരു-കൊച്ചി നിയമസഭാംഗവും 1971–77 കാലഘട്ടത്തിൽ ലോക്സഭാംഗവുമായിരുന്നു ബാലകൃഷ്ണൻ. പോകപ്പോകെ വിപ്ലവ സോഷ്യലിസത്തേക്കാൾ സുരാപാനത്തോടായി ബാലനു കമ്പം. 1969 ജൂലൈ ഏഴിനു് കേശവൻ ദിവംഗതനായി. 84 ജൂലൈ 16-നു് ബാലകൃഷ്ണനും.
കേരളത്തെ സംബന്ധിച്ചിടത്തോളം മക്കൾ രാഷ്ട്രീയത്തിന്റെ തുടക്കം സി. കേശവനിൽനിന്നാണെന്നു് കരുണാകരൻ ഒരിക്കൽ പറയുകയുണ്ടായി. (കേശവനോടൊപ്പം 1952–54 കാലത്തും ബാലകൃഷ്ണനോടൊപ്പം 1954–56 കാലഘട്ടത്തിലും നിയമസഭാംഗമായിരുന്നു കരുണാകരൻ) പറഞ്ഞതു കരുണാകരനാണെങ്കിലും സംഗതി സത്യമാണു്. അച്ഛനോടു് മല്ലടിച്ചാണു് ബാലകൃഷ്ണൻ നേതാവായതെന്നു മാത്രം. ടി. എം. വർഗീസിന്റെ യോ എ. ജെ. ജോണി ന്റെയോ മക്കൾ രാഷ്ട്രീയത്തിലിറങ്ങിയില്ല. കോഴിപ്പുറത്തു് മാധവമേനോനും കുട്ടിമാളുവമ്മ യും രാഷ്ട്രീയക്കാരായിട്ടും കുട്ടികളാരും ആവഴി പിന്തുടർന്നില്ല. താണുപിള്ള സാറിന്റെ മകളുടെ ഭർത്താവു് പട്ടം കൃഷ്ണപിള്ള കുറേക്കാലം പി. എസ്. പി. രാഷ്ട്രീയം പയറ്റിയെങ്കിലും ക്ലച്ചു പിടിച്ചില്ല. 1962-ൽ കൃഷ്ണപിള്ള തിരുവനന്തപുരത്തുനിന്നു് ലോക് സഭയിലേക്കു് മൽസരിച്ചപ്പോൾ പി. എസ്. നടരാജപിള്ള റെബലായി നിന്നു് ജയിച്ചു. കമ്യൂണിസ്റ്റു പാർട്ടിയും പൊന്നറ ശ്രീധറുമൊക്കെ നടരാജപിള്ളയെ പിന്തുണച്ചു. 1978 സെപ്റ്റംബറിൽ തിരുവനന്തപുരം ഈസ്റ്റ് നിയോജക മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ്-ഐ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായി ഭാഗ്യപരീക്ഷണം നടത്തിയ കൃഷ്ണപിള്ള മാർക്സിസ്റ്റു പാർട്ടിയിലെ അനിരുദ്ധനോടും തോറ്റു.
പി. എം. എസ്. എ. പൂക്കോയ തങ്ങളുടെ പുത്രൻ മുഹമ്മദാലി ശിഹാബ് തങ്ങൾ മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റു സ്ഥാനത്തെത്തിയതൊഴിച്ചാൽ ഏറെക്കാലത്തേക്കു് മക്കൾ രാഷ്ട്രീയത്തിനു കൂമ്പുണ്ടായില്ല. എൺപതുകളുടെ അന്ത്യത്തിലും തൊണ്ണൂറുകളുടെ ആദ്യ പകുതിയിലുമായി മൺമറഞ്ഞ പല നേതാക്കളുടെയും മക്കൾ രംഗത്തു വന്നു. ടി. കെ. ദിവാകരന്റെ മകൻ ബാബു, സി. എച്ച്. മുഹമ്മദ്കോയ യുടെ മകൻ മുനീർ, പി. ടി. ചാക്കോ യുടെ പുത്രൻ പി. സി. തോമസ്. കെ. എം. ജോർജി ന്റെ മകൻ ഫ്രാൻസിസ് എന്നിവരൊക്കെ ഇക്കൂട്ടത്തിൽപ്പെടുന്നു. മുതിർന്ന കമ്യൂണിസ്റ്റ് നേതാക്കളുടെ സന്തതികളും—ഇ. എം. എസിന്റെ മകൻ ശ്രീധരൻ, ശിവൻപിള്ള യുടെ രാജു, കെ. പി. പ്രഭാകരന്റെ രാജേന്ദ്രൻ, സി. കെ. വിശ്വനാഥിന്റെ ബിനോയ്—മടിച്ചു നിന്നില്ല.
സ്വന്തം മകനെ രാഷ്ട്രീയത്തിൽ നട്ടു നനച്ചു വളർത്തി വലുതാക്കി തന്നോളം പോന്ന മഹാവൃക്ഷമാക്കിയ ഒരു നേതാവുണ്ടെങ്കിൽ അതു് കരുണാകരനാണു്. കെ. എസ്. യു.-വിലോ യൂത്ത് കോൺഗ്രസിലോ പ്രവർത്തിച്ച പരിചയമില്ല മുരളി ക്കു്. സേവാദൾ ചെയർമാനായി നിയമിക്കപ്പെടുമ്പോൾ അദ്ദേഹം കോൺഗ്രസിലെ നാലണ മെമ്പറെങ്കിലുമായിരുന്നുമില്ല. മുരളി അമരക്കാരനായ ശേഷമാണു് സേവാദൾ എന്ന ഒന്നുണ്ടെന്നു് കോൺഗ്രസുകാർ തന്നെയും അറിയുന്നതു്. 1989-ലെ ലോക് സഭാ സ്ഥാനാർത്ഥി നിർണയം നടക്കുമ്പോൾ സേവാദളിനും കിട്ടി പ്രാതിനിധ്യം. പ്രതിനിധി കെ. മുരളീധരനായതു സ്വാഭാവികം. കരുണാകരൻ മൂത്രമൊഴിക്കാൻ പോയ തക്കം നോക്കി ആന്റണി യാണു് മുരളിയുടെ പേരു് കോഴിക്കോട് സീറ്റിലേക്കു് നിർദ്ദേശിച്ചതു്. ഒരു ചെറുപ്പക്കാരൻ നന്നാകുന്ന കാര്യമാണല്ലോ എന്നു കരുതി കരുണാകരൻ എതിർത്തില്ലെന്നു് മാത്രം. ഇ. കെ. ഇമ്പിച്ചി ബാവ യെ മലർത്തിയടിച്ചു് മുരളി ദൽഹിക്കു വണ്ടി കയറി.
1991-ൽ കരുണാകരൻ മുഖ്യമന്ത്രി കസേരയിൽ തിരിച്ചെത്തി. ഏതു കാര്യവും എം. പി.-യോടൂകൂടി ആലോചിച്ചേ ചെയ്യാവൂ എന്നു് ലീഡർ തിട്ടുരം പുറപ്പെടുവിച്ചു. വയലാർ രവി കെ. പി. സി. സി. പ്രസിഡന്റായപ്പോൾ ജനറൽ സെക്രട്ടറിമാരിലൊരാളായി മുരളിയെ നാമനിർദ്ദേശം ചെയ്തു. “കെ. മുരളീധരൻ സംസ്ഥാനത്തെ പ്രമുഖ കോൺഗ്രസ് നേതാക്കളിലൊരാളാണു്” എന്നു് പ്രസിഡന്റ് സ്വയം ന്യായീകരിച്ചു. 1996-ൽ കോഴിക്കോട്ടും ’98-ൽ തൃശൂരും നിന്നു് തോറ്റിട്ടും മുരളീധരനു് യാതൊരു ഗ്ലാനിയും ഉണ്ടായില്ല. രണ്ടുവട്ടം അടുപ്പിച്ചു് തോറ്റവർക്കു് ടിക്കറ്റില്ല എന്ന തത്ത്വം കാറ്റിൽ പറത്തിക്കൊണ്ടു് ലീഡർ മകനു സീറ്റ് തരമാക്കി. ഇത്തവണ വൻ ഭൂരിപക്ഷത്തോടെ മുരളി ജയിക്കുകയും ചെയ്തു.
തെന്നല ബാലകൃഷ്ണപിള്ള കെ. പി. സി. സി.-യുടെ ഇടക്കാല പ്രസിഡന്റായി വന്നപ്പോൾ മുരളിയായി ഏക വൈസ് പ്രസിഡന്റ്. പ്രസിഡന്റിന്റെ ഫീഡർകാറ്റഗറിയാണു് വൈസ് പ്രസിഡന്റ്. തെന്നല താൽക്കാലിക പ്രസിഡന്റു മാത്രമാണെന്നു് ഇടക്കിടെ കരുണാകരൻ ഓർമപ്പെടുത്തിക്കൊണ്ടുമിരുന്നു. ഏതായാലും ആന്റണി മുഖ്യമന്ത്രി സ്ഥാനമേറ്റ ദിവസം തന്നെ മുരളീധരന്റെ അരിയിട്ടു വാഴ്ചയും നടന്നു.
മകൻ കെ. പി. സി. സി. പ്രസിഡന്റായിട്ടും കാരണവരുടെ നിലപാടിനു മാറ്റമില്ല. സർക്കാറിനെയും നേതൃത്വത്തെയും ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കുകയാണദ്ദേഹം. ആന്റണി-ഉമ്മൻചാണ്ടി-ചെന്നിത്തല പ്രഭൃതികളോടാണിപ്പോൾ മുരളീധരനു താൽപര്യം. അച്ചടക്കത്തിന്റെ ആവശ്യകതയെപ്പറ്റിയാണു് മുരളിയുടെ പ്രഭാഷണങ്ങളേറെയും. പത്മജ യുടെ രാഷ്ട്രീയ പ്രവേശത്തെപ്പറ്റി മുരളിക്കു് ആശങ്കയുണ്ടു്. ഒരു നേതാവും ഒന്നിലധികം മക്കളെ ഒരേസമയം രാഷ്ട്രീയത്തിലിറക്കിയ ചരിത്രമില്ല. സഞ്ജയ് ഗാന്ധി യുടെ മരണശേഷമാണു് ഇന്ദിര രാജീവി നെ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതു്. കരുണാകരനു് മകൻ, മകൾ എന്ന വ്യത്യാസമൊന്നുമില്ല. രണ്ടു മക്കൾക്കും തുല്യ നീതി എന്നാണു് അദ്ദേഹത്തിന്റെ നയം. അച്ഛനെ ധിക്കരിച്ചു് പി. സി. ചാക്കോ യെ പി. സി. സി. വൈസ് പ്രസിഡന്റാക്കാൻ മുരളി ശ്രമിച്ചെങ്കിലും ഫലവത്തായില്ല. കരുണാകര ഗ്രൂപ്പിനു നേതാവു് പത്മജ; കരുണാകര വിരുദ്ധ ഗ്രൂപ്പിന്റെ നേതാവു് മുരളീധരൻ, ബാലി-സുഗ്രീവ യുദ്ധം ആരംഭിക്കാറായി. “അച്ഛൻ കൊടുത്തൊരു മാല ബാലിക്കുമുണ്ടു്, ആന്റണി നൽകിയ മാല സുഗ്രീവനും” എന്നാണു് ഇപ്പോഴത്തെ അവസ്ഥ.
കരുണാകരന്റേതിനെക്കാൾ എത്രയോ ദയനീയമാണു് ആർ. ബാലകൃഷ്ണപിള്ള യുടെ കാര്യം. വാളകം മുതൽ പുലമൺ വരെയുള്ള മഹാ സാമ്രാജ്യത്തിലൊതുങ്ങുന്നതാണു് അദ്ദേഹത്തിന്റെ പാർട്ടിയെങ്കിലും കൊട്ടാരക്കര ബാലകൃഷ്ണൻ കേരള രാഷ്ട്രീയത്തിലെ ഏറ്റവും തലയെടുപ്പുള്ള കൊമ്പനാണു്. ഭരണത്തിലും പ്രതിപക്ഷത്തിലും പന്തീരായിരം എന്നാണു് അദ്ദേഹത്തിന്റെ മാർക്കറ്റു വില. കാലാകാലങ്ങളിൽ കെ. എം. മാണി യോടും കെ. കരുണാകരനോടുമൊക്കെ കൊമ്പു കോർത്തു് കാടുമുഴങ്ങും വിധം ചിന്നം വിളിച്ചു നടന്ന ബാലകൃഷ്ണപിള്ളയിപ്പോൾ നിന്ദിതനും പീഡിതനുമായി ഐക്യജനാധിപത്യ മുന്നണിയുടെ വടക്കേ പറമ്പിൽ തളക്കപ്പെട്ടുനിൽക്കുന്നു.
കെ. ബി. ഗണേഷ് കുമാറി നു് എന്തു് രാഷ്ട്രീയ പാരമ്പര്യമുണ്ടെന്നു് മാലോകർക്കറിയാം. 1985-ൽ കെ. ജി. ജോർജി ന്റെ ‘ഇരകൾ’ എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണു് ഗണേശൻ വെള്ളി വെളിച്ചത്തിലെത്തുന്നതു്. കേരള കോൺഗ്രസ് പ്രതിനിധാനം ചെയ്യുന്ന മധ്യ തിരുവിതാംകൂർ സമ്പന്ന ക്രൈസ്തവ സമൂഹത്തിന്റെ പശ്ചാത്തലമായിരുന്നു ഇരകളുടേതു്. പിതാവിനെ ധിക്കരിക്കുന്ന, പിതാവിനാൽ കൊല്ലപ്പെടുന്ന ബേബി എന്ന ചെറുപ്പക്കാരന്റെ വേഷമായിരുന്നു ഗണേശനു്. ‘ഇരകൾ’ സാമ്പത്തിക വിജയമായിരുന്നില്ലെങ്കിലും നടനു് പിന്നെയും വേഷങ്ങൾ കിട്ടി. സിനിമാ പ്രസിദ്ധീകരണങ്ങളുടെ ഗോസിപ്പു കോളങ്ങളിലാണു് ഗണേശൻ നിറഞ്ഞുനിന്നതു്. അചിരേണ ഭാര്യയും പിണങ്ങിപ്പിരിഞ്ഞു.
1999-ലെ ലോക് സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തോ കൊല്ലത്തോ ഗണേശൻ സ്ഥാനാർത്ഥിയാകുമെന്ന ശ്രുതിയുണ്ടായിരുന്നു. കോൺഗ്രസ് ടിക്കറ്റു മോഹിച്ചു കരുണാകരനെയാണു് സമീപിച്ചതു്. തിരുവനന്തപുരം സീറ്റ് ലീഡർ വി. എസ്. ശിവകുമാറിനു കൊടുത്തു; കൊല്ലം അർജുൻസിംഗിനെ സ്വാധീനിച്ചു് എം. പി. ഗംഗാധരൻ നേടിയെടുത്തു. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പിള്ളതന്നെ മകനെ വിളിച്ചു് പത്തനാപുരം സീറ്റു കൊടുക്കുകയായിരുന്നു. നാട്ടുകാരനും പ്രമുഖ പാർലമെന്റേറിയനുമായ പ്രകാശ് ബാബു വിനെ അടിയറവു പറയിച്ചു് ഗണേശൻ പുത്തരിയങ്കം ജയിച്ചു. മുന്നണിക്കു് ഭൂരിപക്ഷവും കിട്ടി.
കേരള കോൺഗ്രസ് (ബി)യെ പ്രതിനിധാനം ചെയ്തു് ആരാകണം മന്ത്രിയെന്നതിനു് തർക്കമേയില്ല. പാർട്ടിയുടെ ജീവാത്മാവും പരമാത്മാവുമായ പിള്ളയദ്ദേഹത്തിന്റെ പേരു തന്നെ നിർദ്ദേശിക്കപ്പെട്ടു.
അപ്പോഴാണു് ആന്റണിക്കൊരു നമ്പൂരി ശങ്ക—ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടയാളെ മന്ത്രിയാക്കാമോ? ഗവർണർക്കുമുണ്ടായത്രെ ഇത്തരമൊരു സംശയം. തൊട്ടഅയൽ സംസ്ഥാനത്തു് ശിക്ഷ കിട്ടുക മാത്രമല്ല തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ അയോഗ്യത കൽപിക്കപ്പെടുകയും ചെയ്യപ്പെട്ട പുരട്ചിതലൈവിക്കു മുഖ്യമന്ത്രിയാകാം. ഇവിടെ അയോഗ്യതയൊന്നുമില്ലാത്ത പാവം പിള്ളക്കു് ഒരു സാദാ മന്ത്രിയായിക്കൂടാ! അങ്ങനെ ഗണേഷ് കുമാർ മന്ത്രിയായി.
മന്ത്രിയായതും ഗണേശൻ ആന്റണിയുടെ ആളായി. പിള്ളയുടെ അവസ്ഥ കറിവേപ്പിലക്കു തുല്യം. മുഖ്യനെ പിന്താങ്ങാൻ നൂറംഗങ്ങൾ തികച്ചുമുള്ളപ്പോൾ ബാലകൃഷ്ണപിള്ളയെ ആരു ഗൗനിക്കാൻ? കരുണാകരൻ മാത്രമാണു് അൽപം സഹതാപമെങ്കിലും പ്രകടിപ്പിച്ചതു്. നാരായണപ്പണിക്കർ യാതൊരു സൗമനസ്യവും കാണിച്ചില്ല. (സമുദായാചാര്യാ, അങ്ങിതു കാണുന്നുണ്ടോ?)
ജയലളിതക്കേസിലെ വിധി വന്നപ്പോഴെങ്കിലും ആന്റണി മനസ്സു് മാറ്റുമെന്നാണു് പാവം പിള്ള കരുതിയതു്. നിയമസഭാംഗമായിരിക്കാൻ അയോഗ്യയായ ആൾക്കു് മുഖ്യമന്ത്രിയാകാൻ കഴിയില്ല എന്നാണു് സുപ്രീം കോടതി വിധിച്ചതു്. അതിന്റെയർത്ഥം സഭാംഗമാകാൻ യോഗ്യനായ പിള്ളക്കു് മന്ത്രിയാകാൻ യാതൊരു തടസ്സവുമില്ല എന്നല്ലേ? ഏതു് പിള്ള, എന്തുപിള്ള എന്ന നിലപാടിലാണു് ആന്റണി. സുപ്രീംകോടതി വിധിയുടെ വെളിച്ചത്തിൽ പിള്ളയുടെ സഭാംഗത്വംതന്നെ അപകടത്തിലാണെന്നു് പറയുന്നു, എം. പി. ഗംഗാധരൻ. അച്ഛനുവേണ്ടി സ്ഥാനമൊഴിയാൻ തയാറാണെന്നു് നാഴികക്കു് നാൽപതു വട്ടം പറഞ്ഞിരുന്ന ഗണേശൻ ഇപ്പോൾ പറയുന്നതു് ധാർമ്മികതയുടെ പേരിൽ അച്ഛൻ മന്ത്രിസ്ഥാനത്തുനിന്നു് സ്വയം ഒഴിഞ്ഞുമാറി നിൽക്കുകയാണെന്നാണു്. ഗണേശൻ ‘ഇര’കളിൽ അഭിനയിക്കുന്നതിനും നാലഞ്ചു് കൊല്ലം മുമ്പു് ‘വെടിക്കെട്ടു്’ എന്ന സിനിമയിൽ അഭിനയിച്ചയാളാണു് ബാലകൃഷ്ണപിള്ള. രാഷ്ട്രീയാഭിനയമാണെങ്കിൽ ഗണേശന്റെ ജനനത്തിനും വളരെ മുമ്പു് ആരംഭിച്ചതാണു്. ബാലകൃഷ്ണപിള്ളയോടാണു് ഈ വായ്പ്പിട്ടു്!
രാഷ്ട്രീയത്തിൽ മകനെയെന്നല്ല സ്വന്തം നിഴലിനെപോലും വിശ്വസിക്കരുതെന്നല്ലേ കരുണാകരന്റെയും ബാലകൃഷ്ണപിള്ളയുടെയും അവസ്ഥ സൂചിപ്പിക്കുന്നതു്. മക്കളെ രാഷ്ട്രീയത്തിലിറക്കാൻ മേക്കപ്പിടുവിച്ചു നിറുത്തിയിട്ടുള്ള മാണി സാറും ടി. എം. ജേക്കബും ദയവായി ഇക്കാര്യം ശ്രദ്ധിക്കുമല്ലോ?
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.