2007 ആഗസ്റ്റ് 1. കേരള മുസ്ലീം രാഷ്ട്രീയ ചരിത്രത്തിലെ ഒരു സുപ്രധാന ദിനം. ഐ. സി. എസ്. അബ്ദുന്നാസിർ മഅദനി കുറ്റക്കാരനല്ലെന്നു് കോടതി കണ്ടെത്തി. ഒമ്പതര വർഷം നീണ്ട കാരാഗൃഹവാസം അവസാനിച്ചു, മഅദനി കേരളത്തിൽ തിരിച്ചെത്തി.
പത്ര-ദൃശ്യ മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും മനുഷ്യാവകാശ പ്രവർത്തകരും സ്വാഭാവികമായി മഅദനിക്കു പിന്നാലെ കൂടി. പത്രങ്ങളായ പത്രങ്ങളൊക്കെ മുഖപ്രസംഗമെഴുതി. മാധ്യമത്തിലും തേജസിലും സിറാജിലും മാത്രമല്ല മനോരമയിലും മാതൃഭൂമിയിലും കേരളകൗമുദിയിലുമൊക്കെ മഅദനി നിറഞ്ഞുതുളുമ്പി. വികലാംഗനും രോഗിയുമായ ഈ മനുഷ്യനു് ആരു്, എത്ര നഷ്ടപരിഹാരം നൽകുമെന്നു് മനുഷ്യാവകാശ പ്രവർത്തകർ മാറത്തലച്ചുകരഞ്ഞു. ഇനിയങ്ങോട്ടുള്ള ചികിൽസ സർക്കാർ നടത്തുമെന്നു് ആരോഗ്യമന്ത്രി പ്രഖ്യാപിച്ചു. ശംഖുമുഖം കടപ്പുറത്തെ യോഗം സകല ചാനലുകളും തൽസമയം സംപ്രേക്ഷണം ചെയ്തു. ഇറച്ചിക്കടയിൽ പട്ടിതൂങ്ങിയപോലെ മൂന്നുമന്ത്രിമാർ യോഗത്തിൽ ആദ്യവസാനം പങ്കെടുത്തു.
മഅദനിയുടെ മടങ്ങിവരവിൽ അത്യാവേശം കാണിക്കാതിരുന്ന പത്രം ചന്ദ്രിക ഒന്നാംപേജിൽ വാർത്ത കൊടുത്തു. ലീഗ് നേതാക്കളുടെ സന്തോഷപ്രകടനവും കൊടുത്തു. പിന്നെ മുഖപ്രസംഗവും ചിത്രങ്ങളും പ്രസിദ്ധീകരിച്ചു. മഅദനിയെ തമിഴ്‌നാട് പോലീസിനു് പിടിച്ചുകൊടുത്തതു് നായനാർ സർക്കാറാണെന്നു് അനുസ്മരിപ്പിച്ചു. മഅദനി മഹാനാണെന്നോ മുസ്ലീംകളുടെ ഏക രക്ഷകനാണെന്നോ ചന്ദ്രികക്കു് പണ്ടും അഭിപ്രായമില്ല. ഇപ്പോഴുമില്ല അഭിപ്രായം. തീവ്രവാദത്തിനു് ലീഗും ചന്ദ്രികയും എതിരാണു്. ജയിൽമോചിതനായ മഅദനി ഇടതുപക്ഷത്തോടൊപ്പം കൂടി നമ്മുടെ പുരത്തറമാന്തും എന്നു് തിരിച്ചറിയാനുള്ള വിവേകവും ഉണ്ടു്.
മുസ്ലീംലീഗിനെ തകർക്കാനുള്ള ശ്രമങ്ങൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. സ്വാതന്ത്ര്യസമരകാലത്തു് ലീഗിനു് ബദലായി കോൺഗ്രസുകാരായ ചില അഞ്ചാം പത്തികൾ മുസ്ലീം മജ്ലിസുണ്ടാക്കി. ഏറനാടൻ മാപ്പിളമാർ അസ്സലുള്ളവരാണു്. അവർ മജ്ലിസിനെ സുക്കൂത്തുപാടിച്ചു. 1957–60 കാലഘട്ടത്തിൽ കമ്യൂണിസ്റ്റ് സ്വാധീനത്തിൽ പ്രോഗ്രസീവ് മുസ്ലീംലീഗുണ്ടായി. അതും ക്ലച്ചുപിടിച്ചില്ല. പോർക്കിറച്ചി ലീഗെന്നു് പരിഹസിക്കപ്പെട്ടു് കാലയവനികക്കു് പിന്നിൽ മറഞ്ഞു.
ലീഗിലെ സി. എച്ച്. ആധിപത്യത്തിനെതിരെയുള്ള കലാപം 1973-ലെ പിളർപ്പിൽ കലാശിച്ചു. ബാഫഖി തങ്ങളെ സ്വാധീനിച്ചു് മുഹമ്മദ്കോയ യെ മന്ത്രിപദത്തിൽനിന്നൊഴിവാക്കാൻ സാധിച്ചെങ്കിലും തൽസ്ഥാനം കരസ്ഥമാക്കാൻ ഉമർ ബാഫഖി ക്കു് കഴിഞ്ഞില്ല. വലിയ തങ്ങളുടെ മരണശേഷം പാർട്ടി നേതൃത്വം കൈപ്പിടിയിലൊതുക്കാൻ ചെറിയ മമ്മൂക്കേയിക്കോ ബാവാഹാജിക്കോ സാധിച്ചില്ല. പൂക്കോയത്തങ്ങളും ശിഹാബ് തങ്ങളും സി. എച്ചി ന്റെ വരുതിയിൽനിന്നു. നമ്പൂതിരിപ്പാടിന്റെ കൈപിടിച്ചു് ഉമർ ബാഫഖി തങ്ങൾ പ്രതിപക്ഷത്തേക്കു് നീങ്ങി. ബാവാഹാജിയുടെ സ്പീക്കർ സ്ഥാനം ആടുകടിച്ചതു് ലാഭം. അടിയന്താവസ്ഥക്കാലത്തു് മമ്മൂക്കേയിയും കൂട്ടരും കണ്ണൂർ ജയിലിൽ ഗോതമ്പുണ്ട തിന്നു് സുഖവാസമനുഭവിച്ചു.
1977-ലെ തെരഞ്ഞെടുപ്പിൽ കോയാലീഗ് കൊടി നാട്ടി. വിമതന്മാർ നിലംപരിശായി; ബാവാഹാജി തിരൂര് പോയി തൊപ്പിയിട്ടു. സി. എച്ച്. പൂർവാധികം ശോഭയോടെ മന്ത്രിസ്ഥാനത്തു് തിരിച്ചെത്തി. 51 ദിവസത്തേക്കാണെങ്കിൽപോലും കേരള സുൽത്താനുമായി. മുഹമ്മദുകോയ യുടെയും എം. കെ. ഹാജിയുടെയും കാലശേഷം ലീഗുകൾ രണ്ടും കൂടി ഇമ്മിണി വല്യ ഒന്നായി. ഒരുമക്കു് ഒമ്പതാണു് ബർക്കത്തു്.
കേരളത്തിലെ, വിശിഷ്യ മലബാറിലെ മുസ്ലീംകളിൽ മുക്കാലേ മുണ്ടാണിയും സുന്നികളാണു്. മുസ്ലീംലീഗിന്റെ നേതാക്കളിൽ ഏറിയപങ്കും മുജാഹിദുക്കളായ സുജായികൾ. അഴുക്കുവെള്ളത്തിൽ മുഴക്കാളെ പറ്റിക്കുന്ന പരിപാടിക്കെതിരെ സുന്നിവികാരം ആളിക്കത്തി. 1983-മാണ്ടിൽ മുസ്ലീം ഡെമോക്രാറ്റിക് പാർട്ടി രൂപവത്കൃതമായി. 1984-ലെ മഞ്ചേരി ഉപതെരഞ്ഞെടുപ്പിൽ എം. ഡി. പി. വീരചരമം പ്രാപിച്ചു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിലെ പിളർപ്പു് ലീഗ് നേതൃത്വത്തിനു് തലവേദനയുണ്ടാക്കി. പാണക്കാട്ട് തങ്ങന്മാർ ഇ. കെ. അബൂബക്കർ മുസ്ലിയാർ ക്കും ഔദ്യോഗിക വിഭാഗത്തിനുമൊപ്പം ഉറച്ചുനിന്നു. ആൾസ്വാധീനം കൂടുതലുള്ള എ. പി. അബൂബക്കർ മുസ്ലിയാർ കടുത്ത ലീഗ് വിരോധിയായി, മാർക്സിസ്റ്റ് പാളയത്തിൽ കുടിയേറി. വിമതവിഭാഗം അരിവാൾ സുന്നികൾ എന്നു് അറിയപ്പെട്ടു. എ. പി. വിഭാഗത്തെ വത്തക്ക സുന്നികളെന്നു് ലീഗുകാർ പരിഹസിച്ചു. തണ്ണിമത്തൻ പോലെ പുറം പച്ച. അകം ചുവപ്പു്.
കമ്യൂണിസ്റ്റ് പാർട്ടികളും കാന്തപുരം മുസ്ല്യാരും ഒത്തുപിടിച്ചു് ശ്രമിച്ചിട്ടും മുസ്ലീംലീഗിന്റെ കനത്ത പോർച്ചട്ടയിൽ ഒരു പോറലെങ്കിലും ഏൽപിക്കാൻ കഴിഞ്ഞില്ല. യു. ഡി. എഫ്. തകർന്നടിഞ്ഞ 1987-ൽ പോലും മലപ്പുറം കോട്ട കുലുങ്ങിയില്ല. തൊണ്ണൂറുകളുടെ തുടക്കത്തിൽ മണ്ഡൽ കമീഷൻ റിപ്പോർട്ടും കുവൈത്ത് യുദ്ധവും അൽപം കുഴപ്പമുണ്ടാക്കിയെങ്കിലും 1991-ൽ ലീഗ് അധികാരത്തിൽ തിരിച്ചെത്തി. അതും കനപ്പെട്ട വകുപ്പുകളോടെ.
ഹാജി അബ്ദുസത്താർ സേട്ട്, അബ്ദുറഹ്മാൻ ആലിരാജ, സി. പി. മമ്മുക്കേയി, പോക്കർസാഹിബ്, കെ. എം. സീതിസാഹിബ്, കെ. ഉപ്പിസാഹിബ് മുതലായ ഗംഭീരന്മാർ ചേർന്നാണു് 1937-ൽ മലബാർ ജില്ലാ മുസ്ലീംലീഗ് കമ്മിറ്റിയുണ്ടാക്കിയതും അതിനടുത്തവർഷം ചന്ദ്രിക പ്രസിദ്ധീകരിക്കാൻ തുടങ്ങിയതും. ആലിരാജാവിന്റെ മരണത്തിനും സത്താർസേട്ടുവിന്റെ പാക്കിസ്ഥാൻ പൗരത്വ സ്വീകരണത്തിനും ശേഷവും മലബാറിൽ ലീഗിനു് സുശക്തമായ നേതൃനിര ഉണ്ടായിരുന്നു. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളും ശിഷ്യൻ മുഹമ്മദ്കോയ യും പാർട്ടിയെ നയിച്ചു.
1971-ൽ ബാഫഖി തങ്ങളും 1984-ൽ സി. എച്ച്. മുഹമ്മദ്കോയ യും കണ്ണടച്ചു. സി. എച്ചിനുശേഷം ആരു് എന്ന ചോദ്യം ലീഗിനെ തുറിച്ചുനോക്കി. 1984-ൽ അവുക്കാദർകുട്ടിനഹ പാർലമെന്ററിപാർട്ടി ലീഡറായി, ഉപമുഖ്യമന്ത്രിയും. 1987-ൽ ബാവാഹാജിയായി നിയമസഭാകക്ഷി നേതാവു്. 1991-ൽ പാവം ഹാജിക്കു് സീറ്റേ കിട്ടിയില്ല. ഇ. അഹമ്മദി നെ അഖിലേന്ത്യാ നേതാവാക്കി പാർലമെന്റിലേക്കയച്ചു. പി. എം. അബൂബക്കറും യു. എ. ബീരാനും തഴയപ്പെട്ടു. മുസ്ലീംലീഗിൽ പുതിയ സൂര്യനുദിച്ചു—പി. കെ. കുഞ്ഞാലിക്കുട്ടി. മലപ്പുറത്തുകാരുടെ സ്വന്തം കുഞ്ഞാപ്പ. നിയമസഭാകക്ഷി നേതാവും വ്യവസായമന്ത്രിയും. ശിഹാബ് തങ്ങളുടെ വാൽസല്യഭാജനം, കരുണാകരന്റെ വലംകൈ.
ഏതാണ്ടു് ഇതേ കാലത്തു് തെക്കേ ചക്രവാളത്തിൽ ശുക്രനക്ഷത്രമുദിച്ചു—അബ്ദുന്നാസിർ മഅദനി. അത്യുജ്വലപ്രസംഗകൻ, കടുത്ത ലീഗ് വിരോധി. ആർ. എസ്. എസ്. മാതൃകയിൽ ഇസ്ലാമിക സേവൿസംഘ് രൂപവത്ക്കരിച്ചു. നാടൊട്ടുക്കു് നടന്നു് സിറാജുന്നിസയെക്കുറിച്ചു് പ്രസംഗിച്ചു. മഅദനി ഉസ്താദിന്റെ വ്അള് കേൾക്കാൻ ആളെറേക്കൂടി. താടിയും മോടിയുമുള്ള സുജായികളത്രയും ലീഗിൽ തുടർന്നെങ്കിലും പണിയും തൊരവുമില്ലാത്ത ചെറുബാല്യക്കാർ കുറേപ്പേർ അയ്യെസ്സായി കവാത്തടിച്ചുനടന്നു. ഉസ്താദിനെതിരെ ഒട്ടേറെ കേസുകളുണ്ടായി. ആർ. എസ്. എസുകാരുടെ ആക്രമണത്തിൽ മഅദനിയുടെ വലതുകാൽ പോയി. ഇന്ത്യാ രാജ്യത്തെ മൊത്തം മുസ്ലീംകളെയും രക്ഷിക്കാൻ ഇറങ്ങിപ്പുറപ്പെട്ടയാൾക്കു് സ്വന്തം കാൽപോലും കാത്തുസൂക്ഷിക്കാൻ കഴിഞ്ഞില്ലെന്നു് മന്ത്രി മുസ്തഫ പരിഹസിച്ചു.
1992 ഡിസംബർ 6. കറുത്ത ഞായറാഴ്ച. ബാബരി മസ്ജിദിന്റെ മിനാരങ്ങൾ തകർന്നു. പിന്നാലെ ഐ. എസ്. എസ്. നിരോധിക്കപ്പെട്ടു. മഅദനി ഒളിവിൽ പോയി. ഒളിവിലിരുന്നുകൊണ്ടു് ഐ. എസ്. എസ്. പിരിച്ചുവിട്ട മഅദനി, വെളിയിൽ വന്നു് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി രൂപവത്ക്കരിച്ചു. മുസ്ലീം-പിന്നാക്ക-ദലിത് ഐക്യത്തിന്റെ പ്രവാചകനായാണു് ഉസ്താദിനെ പിന്നെ നാം കാണുന്നതു്. ബാബരി മസ്ജിദ് പൊളിച്ചതു് ബി. ജെ. പി., പൊളിക്കാൻ കൂട്ടുനിന്നതു് കോൺഗ്രസ്, ഒത്താശ ചെയ്തതു് മുസ്ലീംലീഗ്, നരസിംഹറാവു വിനെ ദജ്ജാലിനോടുപമിക്കുന്ന മഅദനിയുടെ ‘മുസ്ലീംലീഗ് മറുപടി പറയണം’ എന്ന പ്രസംഗക്കാസറ്റ് കച്ചവടത്തിൽ റെക്കോർഡിട്ടു. ഭരണത്തിന്റെ തിരക്കിൽ മഅദനിക്കു് മറുപടി പറയാൻ ലീഗുകാർക്കെവിടെ സമയം, സൗകര്യം? ചുളയില്ലാത്ത ചക്കയാണു് പി. ഡി. പി.-യെന്നു് കുഞ്ഞാലിക്കുട്ടി പരിഹസിച്ചു.
പള്ളി പൊളിഞ്ഞപ്പോഴും കുഞ്ഞാപ്പയും കൂട്ടരും മന്ത്രിക്കസേരയിൽ അള്ളിപ്പിടിച്ചിരുന്നു. കോൺഗ്രസ് ബന്ധം പുനഃപരിശോധിക്കണം എന്നു് ഇബ്രാഹിം സുലൈമാൻസേട്ട് അഭിപ്രായപ്പെട്ടപ്പോൾ കുഞ്ഞാപ്പ കുപിതനായി. പള്ളി വേറേ, സ്രാമ്പി വേറെ. മന്ത്രിസ്ഥാനമില്ലാതെ ദുനിയാവുമില്ല, ആഖിറവുമില്ല. വ്രണിതഹൃദയനായ സേട്ടുസാഹിബ് ലീഗിന്റെ പടിക്കു് പുറത്തായി. നിരാശാബാധിതരായ ബീരാനും അബൂബക്കറും സേട്ടിനൊപ്പം പോയി.
കലങ്ങിയ വെള്ളത്തിൽ മീൻപിടിക്കാൻ കമ്യൂണിസ്റ്റുകാരോളം വിരുതു് മറ്റാർക്കുമില്ല. നാഷനൽ ലീഗ് ദേശീയം, യൂനിയൻ ലീഗ് വർഗീയമെന്നു് മാർക്സിസ്റ്റാചാര്യൻ ഗ്രന്ഥം നോക്കി കണ്ടുപിടിച്ചു. മഅദനി യെ മഹാത്മാഗാന്ധി യോടുപമിച്ചു. ഒറ്റപ്പാലം ഉപതെരഞ്ഞെടുപ്പിൽ പി. ഡി. പി.-യും ഐ. എൻ. എല്ലും ഇടതുപക്ഷത്തെ സഹായിച്ചു. സർവാദരണീയനായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ നൂറിലേറെ വേദികളിൽ പ്രസംഗിച്ചിട്ടും ഐക്യമുന്നണി സ്ഥാനാർഥി അതിഭയങ്കരതോൽവി ഏറ്റുവാങ്ങി. ഗുരുവായൂരിൽ ഒറ്റപ്പാലം ആവർത്തിച്ചു. പി. ഡി. പി പിടിച്ച വോട്ട് ലീഗിന്റെ കുഴി തോണ്ടി, അബ്ദുസ്സമദ് സമദാനി യെ തോൽപിച്ചു് ഇടതു സ്വതന്ത്രൻ പി. ടി. കുഞ്ഞുമുഹമ്മദ് തിരുവനന്തപുരത്തേക്കു് വണ്ടികയറി. സമദാനിയെ രാജ്യസഭാംഗമാക്കിക്കൊണ്ടു് കുഞ്ഞാലിക്കുട്ടി ഗുരുവായൂർക്കാരെ തോൽപിച്ചു.
ഒറ്റപ്പാലം, ഗുരുവായൂർ തോൽവികളുടെ പാപഭാരം കരുണാകരന്റെ മേൽ ചുമത്തി കുഞ്ഞാലിക്കുട്ടി തടി സലാമത്താക്കി. കാരണവരുടെ സ്ഥാനത്തു് ആദർശധീരൻ വന്നിട്ടും ലീഗുകാരുടെ ‘വികസന’നയത്തിനു് യാതൊരു മാറ്റവും ഉണ്ടായില്ല. മൽസരിക്കാൻ തിരൂരങ്ങാടി സീറ്റ് കിട്ടിയതോടെ അന്തപ്പന്റെ തല തികച്ചും കുഞ്ഞാപ്പയുടെ കക്ഷത്തിലായി. പി. ഡി. പി.-യും ഐ. എൻ. എല്ലും വെവ്വേറെ സ്ഥാനാർഥികളെ നിറുത്തി ഗണ്യമായി വോട്ടുപിടിച്ചെങ്കിലും ആന്റണി യെ തോൽപിക്കാൻ കഴിഞ്ഞില്ല.
1996-ലെ തെരഞ്ഞെടുപ്പിൽ ഒറ്റക്കു് മൽസരിച്ച പി. ഡി. പി. ചുള പോയിട്ടു് പൊല്ലപോലുമില്ലാത്ത ചക്കയെന്നു് തെളിഞ്ഞു. എല്ലാ സീറ്റിലും മഅദനിപാർട്ടിക്കു് ജാമ്യ സംഖ്യ നഷ്ടമായി. ഇടതരുമായി ധാരണയിൽ മൽസരിച്ചിട്ടും നാഷനൽ ലീഗ് നിലംതൊട്ടില്ല. യൂനിയൻ ലീഗിനു് തിരു-കൊച്ചി മണ്ഡലങ്ങൾ നഷ്ടമായെങ്കിലും മലപ്പുറം കോട്ട സുരക്ഷിതം, നിയമസഭാകക്ഷിക്കു് അമരക്കാരൻ പാണ്ടിക്കടവത്തു കുഞ്ഞാപ്പ.
1998-ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു് തൊട്ടുമുമ്പായാണു് കോഴിക്കോട് ഐസ്ക്രീം പാർലർ പെൺവാണിഭക്കേസ് പുറത്തുവരുന്നതു്. ഈ തെരഞ്ഞെടുപ്പു് കഴിഞ്ഞാൽ ഒരു പ്രമുഖ നേതാവു് ജയിലിലാകുമെന്നു് മഅദനി പ്രസംഗിച്ചുനടന്നു. ഇ. കെ. നായനാരാ ണു് അക്കാലത്തു് മുഖ്യമന്ത്രി, പി. ശശി പൊളിറ്റിക്കൽ സെക്രട്ടറി. മലക്കുൽ മൗത്തിന്റെ റൂഹിനെ പിടിച്ചവൻ കുഞ്ഞാപ്പ. തെരഞ്ഞെടുപ്പു് കഴിഞ്ഞപ്പോൾ മഅദനി അകത്തു്, കുഞ്ഞാലി പുറത്തു്! കോയമ്പത്തൂർ സ്ഫോടനക്കേസിൽ പ്രതിയായി അന്നു് പിടിക്കപ്പെട്ട മഅദനി പിന്നെ കേരളം കാണുന്നതു് 2007 ആഗസ്റ്റ് ഒന്നിനാണു്. അഡ്വക്കറ്റ് ജനറൽ എം. കെ. ദാമോദരന്റെ നിയമോപദേശത്തിൽ ഐസ്ക്രീം കേസ് അട്ടിമറിഞ്ഞു കുഞ്ഞാലിക്കുട്ടി പ്രതിയായില്ല.
2001-ലെ തെരഞ്ഞെടുപ്പാകുമ്പോഴേക്കും മഅദനിക്കു് മാനസാന്തരമുണ്ടായി. ഐക്യജനാധിപത്യമുന്നണിക്കു് പിന്തുണ പ്രഖ്യാപിച്ചു. പി. ഡി. പി. പ്രവർത്തകർ വീടുവീടാന്തരം കയറി വോട്ടുപിടിച്ചു: ആന്റണി അധികാരത്തിൽ വന്നാലുടൻ ഉസ്താദിനെ മോചിപ്പിക്കും! ആദർശധീരൻ വീണ്ടും മുഖ്യമന്ത്രിയായി, വികസനനായകൻ വ്യവസായമന്ത്രിയും. മഅദനി ജയിലിൽതന്നെ. പഹയനു് പരോൾ കൊടുത്താൽ നാട്ടിൽ സാമുദായിക ലഹളയുണ്ടാകുമെന്നു് പോലീസ് മേധാവി റിപ്പോർട്ട് കൊടുത്തു.
ലീഗിനകത്തു് കുഞ്ഞാപ്പ പരമശക്തനായി. ഉചിതമായ സമയത്തു് യുക്തമായ തീരുമാനം കൈകൊള്ളാൻ സംസ്ഥാനകമ്മിറ്റി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തും, തങ്ങൾ എന്തു് തീരുമാനിക്കണമെന്നു് കുഞ്ഞാലിക്കുട്ടി തീരുമാനിക്കും. വ്യവസായ-വിവര സാങ്കേതിക വകുപ്പുകളിൽ വികസനം ജിൽജില്ലായി നടന്നു.
സുലൈമാൻ സേട്ടു വിന്റെ അതേ വിധിയുണ്ടായി ബനാത്ത്വാലക്ക്. 2004-ലെ തെരഞ്ഞെടുപ്പിൽ അഖിലേന്ത്യാ പ്രസിഡന്റിനു് സീറ്റില്ല. അഹമ്മദിനെ പൊന്നാനിക്കു് മാറ്റി, മഞ്ചേരി മജീദിനും രാജ്യസഭാസീറ്റ് കോടീശ്വരൻ വഹാബിനും കൊടുത്തു. ഹംക്കുൽ ബഡ്ക്കൂസുകളായ മഞ്ചേരിക്കാർ മജീദിനെ തോൽപിച്ചു് കൈയിൽ വെച്ചുകൊടുത്തപ്പോഴും കുഞ്ഞാലിക്കുട്ടി ക്കു് കൂസലുണ്ടായില്ല. കുന്നു കുലുങ്ങും; കുഞ്ഞാപ്പ കുലുങ്ങില്ല. ലോക്സഭാ തെരഞ്ഞെടുപ്പുപരാജയം ആദർശധീരന്റെ പിടലിക്കുവെച്ചു് വികസനനായകൻ കൈകഴുകി. കൊരമ്പയിൽ ഹാജി മരിച്ച ഒഴിവിൽ സംസ്ഥാന ജനറൽ സെക്രട്ടറിയുമായി. അന്തപ്പന്റെ സ്ഥാനത്തു് കുഞ്ഞൂഞ്ഞു് വന്നപ്പോഴും ലീഗുകാരുടെ ഖുറൈശിത്തരത്തിനു് കുറവേതുമുണ്ടായില്ല.
കുഞ്ഞാലിക്കുട്ടി സായ്വ് അങ്ങനെ ബാഗ്ദാദിലെ ഖലീഫയെക്കാൾ പ്രതാപത്തിലിരിക്കും കാലത്താണു് റജീനയുടെ പുറപ്പാടു്. ഇന്ത്യാവിഷൻ പിന്നിൽനിന്നും മാതൃഭൂമി മുന്നിൽനിന്നും കുത്തി. വിനീതനെ പിന്തുണക്കാൻ ചന്ദ്രികയല്ലാതെ ഒരു പത്രവും ഉണ്ടായില്ല. സ്വയം പ്രവാചകനായി വിശേഷിപ്പിച്ചപ്പോൾ, ദീനുൽ ഇസ്ലാമിനെതിരായ ഗൂഢാലോചന എന്നാക്രോശിച്ചപ്പോൾ മലപ്പുറം കാക്കമാർ വാപൊത്തിച്ചിരിച്ചു.
പാണ്ടിക്കടവത്തു് കുഞ്ഞാപ്പയുടെ പതനം പഴുപ്ലാച്ചക്കയുടേതുപോലെ പരിതാപകരമായിരുന്നു. ആദ്യം കാക്ക കൊത്തി. പിന്നെ അണ്ണാൻ തുരന്നു. മഴ പെയ്തു വെള്ളമിറങ്ങി കുരു മുളച്ചു. ചീഞ്ഞളിഞ്ഞു് ഈച്ചയാർത്തു. ഒടുവിൽ നിലത്തുവീണു് പൊട്ടി. മകന്റെ നിക്കാഹ് കഴിയുംവരെ പിടിച്ചുനിന്നു. പിന്നെ രാജിക്കത്തു് കൊടുത്തു് കൊടപ്പനക്കലേക്കു് തിരിച്ചുചെന്നു.
സാക്ഷികൾ കൂറുമാറി, പ്രോസിക്യൂട്ടർ പ്രതിഭാഗം ചേർന്നു, തെളിവുകൾ ശങ്കാപങ്കിലമായി. കേസ് ഐസ്ക്രീം പോലെ അലിഞ്ഞുപോയി. കുഞ്ഞാപ്പ പുലിയാണെന്നു് ലീഗുകാർ പാടിനടന്നു. 2006-മാണ്ടിൽ നാരായണപ്പണിക്കർ ക്കു് സ്വീകാര്യമായ രീതിയിൽ നരേന്ദ്രൻ കമീഷൻ റിപ്പോർട്ട് നടപ്പാക്കി. അനന്തരം നാലകത്ത് സൂപ്പി ക്കും ഇസ്ഹാക്ക് കുരികൾ ക്കും സീറ്റ് നിഷേധിച്ചു. സുരക്ഷിതമായ മലപ്പുറത്തുനിന്നു് എം. കെ. മുനീറി നെ ജയസാധ്യത കുറഞ്ഞ മങ്കടയിലേക്കു് പറഞ്ഞുവിട്ടു. തിരുവമ്പാടി മായിൻഹാജിക്കും കൊടുവള്ളി മുരളിക്കും കൊടുത്തു. കുറ്റിപ്പുറത്തു് പുലിയുടെ മീശപറിക്കാൻ കെ. ടി. ജലീൽ എന്നൊരു ചെറുബാല്യക്കാരൻ കളത്തിലിറങ്ങി. കാന്തപുരം മുസ്ല്യാരു മുതൽ കമലാ സുറയ്യ വരെ ജലീലിനു് പിന്തുണക്കാർ. ജമാഅത്തെ ഇസ്ലാമിയും പി. ഡി. പി.-യും സംസ്ഥാന വ്യാപകമായി ഇടതുപക്ഷത്തെ പിന്തുണച്ചു. ഒടുവിൽ മുസീബത്തിന്റെ നായ മൂത്താപ്പാനേം കടിച്ചു. മുനീറും മുഹമ്മദ് ബഷീറും തോറ്റു, മുരളിയും മായിൻഹാജിയും തോറ്റു; പാണ്ടിക്കടവത്തു് കുഞ്ഞാപ്പയും തോറ്റു!
തെരഞ്ഞെടുപ്പു് തോറ്റതിന്റെ ഉത്തരവാദിത്തം കുഞ്ഞാലിക്കുട്ടി സാഹിബിനാണെന്നു് ചില ലോക ഹറാമികൾ കണ്ടുപിടിച്ചു. തൊട്ടുതലേന്നുവരെ കുഞ്ഞാപ്പ പുലിയാണു്, കടുവയാണു്, കാട്ടുപോത്താണു്, കാണ്ടാമൃഗമാണെന്നു് പാടിനടന്ന ചില പടുജാഹിലുകളുമുണ്ടായിരുന്നു. അക്കൂട്ടത്തിൽ. തെരഞ്ഞെടുപ്പു് ഫുട്ബാൾ കളിപോലെയാണു്. രണ്ടിലൊരു കൂട്ടർ ജയിച്ചേ മതിയാകൂ. ഒരുഭാഗം ജയിച്ചാൽ മറ്റവർ തോൽക്കും. അതിലിത്ര തൊള്ള പൊളിക്കാനൊന്നുമുണ്ടായിരുന്നില്ല. പിന്നെ, ലീഗ് മാത്രമല്ല തോറ്റതു്. ഐക്യമുന്നണിയിലെ സകല കക്ഷികൾക്കുമുണ്ടായി തിരിച്ചടി. രമേശ് ചെന്നിത്തല യോ ഉമ്മനോ സ്ഥാനമൊഴിഞ്ഞില്ല. മാണി യോ പിള്ളയോ ഗൗരി യോ രാഘവനോ രാഷ്ട്രീയമുപേക്ഷിച്ചു് കാശിക്കു് പോയില്ല. അവരുടെയൊന്നും രാജി ആരും ചോദിച്ചുമില്ല. തീർന്നില്ല, യൂനിയൻ ലീഗിന്റെ സകല തീരുമാനങ്ങളും കൈക്കൊണ്ടിരുന്നതു് പാണക്കാടു് തങ്ങളു ടെ തിരുനാമത്തിലായിരുന്നല്ലോ? പരാജയത്തിന്റെ കാര്യത്തിൽ സംസ്ഥാന പ്രസിഡന്റിനു് യാതൊരു ഉത്തരവാദിത്തവുമില്ലേ? പാണ്ടിക്കടവത്തു് കുഞ്ഞാപ്പ ന്യായവാദത്തിനൊന്നും നിന്നില്ല. ലീഗിന്റെ ജനറൽ സെക്രട്ടറിപദം ചുമ്മാ ഒഴിഞ്ഞുകൊടുത്തു.
പാണ്ടിക്കടവത്തു് മുഹമ്മദ്ഹാജിയുടെ മകനു് പകരംവെക്കാൻ മറ്റേതു് നേതാവുണ്ടു് മുസ്ലീംലീഗിൽ? ആരുമില്ല സാർ. നോവൺ. സി. എച്ചി ന്റെ മകനെയും നഹ സായ്വി ന്റെ മകനെയും കൂട്ടി മൂന്നുകൊണ്ടു് ഗുണിച്ചാലും അരകുഞ്ഞാപ്പയാകില്ല.
ജനറൽ സെക്രട്ടറി സ്ഥാനത്തു് ആദ്യം അഹമ്മദ് സാഹിബി നെ അവരോധിച്ചു. പിന്നെ കുഞ്ഞാലിക്കുട്ടി ക്കു് അധികച്ചുമതല നൽകി. ഇപ്പോഴിതാ, അഹമ്മദ് സാഹിബ് തടി സേഫാക്കുന്നു, സഫറാളിയായിപ്പോയ മഅദനി മടങ്ങിവരുന്നു. ഇനിയെന്തു കരണീയം? പാണ്ടിക്കടവത്തു് കുഞ്ഞാപ്പതന്നെ ലീഗിനു് വീണ്ടും നേതാവു്.
2007 ആഗസ്റ്റ് 2. കേരള മുസ്ലീം ചരിത്രത്തിലെ പരമപ്രധാനമായ ദിവസം. കോഴിക്കോട്ട് ചേർന്ന ലീഗ് സംസ്ഥാനകമ്മിറ്റി പി. കെ. കുഞ്ഞാലിക്കുട്ടി യെ ജനറൽ സെക്രട്ടറിയായും ഉമർബാഫഖി തങ്ങളെ ട്രഷററായും ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. അബ്ദുന്നാസിർ മഅദനി യല്ല അക്ബർ പാദുഷ വന്നാലും ലീഗുകാർക്കിനി പേടിക്കാനില്ല.
പി. ഡി. പി. പോലെ കേവലം ഒരാൾക്കൂട്ടമല്ല മുസ്ലീംലീഗ്, സുസംഘടിതമായ ഒരു രാഷ്ട്രീയപാർട്ടി. കുഞ്ഞാലിക്കുട്ടി ക്കു് സമശീർഷനല്ല, മഅദനി, കുഞ്ഞാപ്പക്കു് കുഞ്ഞാപ്പയുടെ വഴി, മഅദനിക്കു് മഅദനി മാർഗം. പശു നിൽക്കുന്നിടത്തു് പശുവും അമ്മോശൻ നിൽക്കുന്നിടത്തു് അമ്മോശനും നിൽക്കുന്നതാണു് ഉചിതം.
കുഞ്ഞാലിക്കുട്ടി ശൈലി മാറ്റുമോ എന്നു് ചോദിക്കുന്നവരുണ്ടു്. ബദർ മുഴുവൻ പാടിക്കേട്ടശേഷം അബുജാഹിൽ ദീനിൽ കൂടിയോ എന്നു് ചോദിക്കുന്നതു് പോലെയാണതു്. എടുത്തതിനു് അടുത്ത കൂലികൊടുക്കുന്നവനും വഴിപ്പെട്ടോർക്കും വഴിപ്പെടാത്തവർക്കും ഒതുക്കം ചെയ്യുന്നവനുമായ അല്ലാഹു കുഞ്ഞാപ്പയെയും പാർട്ടിയെയും കാത്തുരക്ഷിക്കട്ടെ.
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.