“കേരളത്തിൽ ഇന്നു് പെണ്ണു് പിറന്നുവീഴുമ്പോൾ സന്തോഷമുണ്ടാകുന്നതു് കന്നുകാലിത്തൊഴുത്തിൽ മാത്രമാണു്. പശുക്കിടാവിനെക്കൊണ്ടു് ആദായമുള്ളതിനാൽ അവിടെ സ്വീകാര്യമാണു്. എന്നാൽ, മനുഷ്യനു് പെണ്ണുപിറന്നാൽ പാപമായി കാണുന്ന അവസ്ഥ വന്നിരിക്കുന്നു” പരിഭവിക്കുന്നതു് നിങ്ങൾ ഉദ്ദേശിച്ചയാൾ തന്നെ—സുഗതകുമാരി.
ഇതാണു് ‘ഭാഷാഭൂഷണ’ത്തിൽ എ. ആർ. രാജരാജവർമ്മ കോയിത്തമ്പുരാൻ നിർവചിച്ച അതിശയോക്തി അലങ്കാരം. “ചൊല്ലുള്ളതിൽ കവിഞ്ഞുള്ളതെല്ലാമതിശയോക്തിയാം” എന്ന നിർവചനത്തോടു് “തെല്ലതിൻസ്പർശമില്ലാതെയില്ലലങ്കാരമൊന്നുമേ” എന്നു് തിടുക്കത്തിൽ കൂട്ടിച്ചേർത്തിരിക്കുന്നു, തമ്പുരാൻ. “ഉള്ളതിലധികമോ കുറച്ചോ പറയുന്നതു് അതിശയോക്തി. സാമ്യാദിമൂലകങ്ങളായ മറ്റു മൂന്നുമാതിരി അലങ്കാരങ്ങളിലും ഇതിന്റെ ഒരു ബിന്ദു തൊട്ടുതേച്ചുമിനുക്കിക്കാണും. ലൗകികാലങ്കാരങ്ങൾക്കു് പകിട്ടു തോന്നണമെങ്കിൽ നിറം കാച്ചേണ്ടതുപോലെ, കാവ്യാലങ്കാരങ്ങൾക്കും ഫളഫളായമാനത വേണമെങ്കിൽ അതിശയോക്തിയുടെ സ്പർശം വേണമെന്നു് താൽപര്യം. ശുദ്ധമായ വാസ്തവം ചമൽക്കാരകാരിയാകാഞ്ഞതിനാൽ അതിശയോക്തിയുടെ ഗന്ധം മറ്റലങ്കാരങ്ങളിലും ഗൂഢമായിട്ടാണെങ്കിലും കാണും; അതിനെ ഗൗനിക്കേണ്ടതില്ല” എന്നു് വിശദീകരിക്കുകയും ചെയ്തിരിക്കുന്നു.
ഫളഫളായമാനത (!) മാറ്റിനിറുത്തി ആലോചിക്കുക. മലയാളി മങ്കമാർക്കു് പ്രശ്നങ്ങളുണ്ടു്. പെൺവാണിഭം, സ്ത്രീപീഡനം, സൗന്ദര്യമൽസരം, സ്ത്രീധനമരണം, ‘സ്ത്രീ’ മുതലായ സീരിയലുകൾ, പെൺ ഭ്രൂണഹത്യ… അങ്ങനെ പലതും. എന്നാലും സുഗതകുമാരി പറയുന്നത്ര മോശമാണോ കേരളത്തിലെ സ്ഥിതി? നാദാപുരത്തങ്ങാടിയിലെ ജോനകർക്കെതിരെ ഉറുമിവീശിയ ഉണ്ണിയാർച്ച മുതൽ പുൽപ്പള്ളി സ്റ്റേഷനിലെ പൊലിസുകാർക്കുനേരെ കൊടുവാളോങ്ങിയ അജിത വരെ പിറന്നതു് ഈ മണ്ണിലല്ലേ? ഗൗരിയമ്മ മുതൽ ശോഭനാജോർജ് വരെയുള്ളപ്പോൾ നമ്മൾക്കെന്തിനു് സന്താപം?
ഇനി ഇവരൊന്നും പോരാ എന്നാണെങ്കിൽ ഇതാ പത്മജ അവതരിക്കുകയായി. കേരളരാഷ്ട്രീയത്തിലെ ഭീഷ്മപിതാമഹൻ കെ. കരുണാകരന്റെ ഏകമകൾ, കെ. പി. സി. സി. പ്രസിഡന്റിന്റെ നേർപെങ്ങൾ. രാഷ്ട്രീയത്തിൽ കച്ചകെട്ടി അഭ്യാസം തുടങ്ങിയിട്ടു് നാളേറെയായില്ല. എങ്കിലും വാഗ് വൈഭവത്തിനോ മെയ് വഴക്കത്തിനോ കുറവേതുമില്ല. മുഖം പത്മദളാകാരം, വാചാചന്ദനശീതളം.
ഏഷ്യാ വൻകരയിലിപ്പോൾ വനിതാ നേതാക്കളുടെ വസന്തമാണു്. മിക്കവരും മുൻകാല രാഷ്ട്രനായകരുടെ മക്കൾ. ഇന്ദിരാഗാന്ധി യാണു് ഈ ട്രെൻഡ് തുടങ്ങിവച്ചതു്. പിന്നീടു് പാക്കിസ്ഥാനിലെ ഭൂട്ടോ യുടെ മകൾ ബേനസീർ, ശ്രീലങ്കൻ ബണ്ഡാരനായകെ യുടെ മകൾ ചന്ദ്രിക, ബംഗ്ലാദേശിൽ മുജീബിന്റെ പുത്രി ശൈഖ്ഹസീന, മ്യാൻമറിൽ ആങ്സാന്റെ മകൾ ആങ്സാൻസൂചി, ഫിലിപ്പിൻസിൽ മുൻ പ്രസിഡന്റ് ഡയസ് ഡാഡോ മകാപഗലി ന്റെ മകൾ ഗ്ലോറിയ, ഏറ്റവുമൊടുവിൽ ഇന്തോനേഷ്യയിൽ സുകർണോപുത്രി മെഗാവതി. ഇവരിൽ ആങ്സാൻസൂചിയൊഴികെ മറ്റെല്ലാവരും ഒരുവട്ടമെങ്കിലും അധികാരസോപാനത്തിലേറിയവരാണു്. ബേനസീറൊഴികെയുള്ളവർ ഇപ്പോൾ ഭരണത്തിൽ തുടരുകയുമാണു്.
വനിതാ നേതാക്കൾ എല്ലാവരും തന്നെ നീണ്ട സമരങ്ങളിലൂടെ അധികാരത്തിലെത്തിയവരാണു്. പട്ടാള മേധാവിത്വത്തിനെതിരെ ഒരുപതിറ്റാണ്ടോളം പോരടിച്ചിട്ടാണു് ബേനസീർ ഭൂട്ടോ ഭരണത്തിൽ വന്നതു്. സമരതീക്ഷ്ണമായ യൗവനത്തിൽ അവരുടെ വിവാഹംപോലും വളരെ വൈകിയാണു് നടന്നതു്. ഹസീനയാണെങ്കിൽ രാഷ്ട്രീയത്തിലിറങ്ങാൻ വേണ്ടി ഭർത്താവിനെ ഉപേക്ഷിക്കുകയാണുണ്ടായതു്. “അദ്ദേഹത്തിനൊരു ഭാര്യയുടെ ആവശ്യമേയുള്ളു; ബംഗ്ലാദേശിനു് എന്നെത്തന്നെ വേണം” എന്നായിരുന്നു ഹസീനയുടെ വെളിപാടു്. തന്റെ പിതാവിനെ അട്ടിമറിച്ച സുഹാർത്തോവിനെയും പിൻഗാമി അബ്ദുറഹ്മാൻ വാഹിദിനെയും തള്ളിപ്പുറത്താക്കിയാണു് മെഗാവതി അധികാരം പിടിച്ചതു്. ലോകത്തിൽ ഏറ്റവുമധികം മുസ്ലിംകളുള്ള രണ്ടു് രാജ്യങ്ങളിലും—ഇന്തോനേഷ്യ, ബംഗ്ലാദേശ്—പെൺഭരണമാണു്. (ഉമ്മപ്പെണ്ണുങ്ങൾക്കുവേണ്ടി സങ്കടഹരജി എഴുതുന്ന എം. എൻ. കാരശേരി ഇതറിയുന്നുണ്ടോ?)
ഏകാധിപത്യത്തിലേക്കു് വഴുതി നീങ്ങിയ പ്രസിഡന്റ് ജോസഫ് എസ്ട്രാഡയെ ജനകീയ അട്ടിമറിയിലൂടെയാണു് ഗ്ലോറിയ പുറത്താക്കിയതു്. ചന്ദ്രികയാണെങ്കിൽ തമിഴ്പുലികളുടെ ആക്രമണത്തിൽ ഒരു കണ്ണുപോയിട്ടും പതറാതെ നിൽക്കുന്നു. ആങ്സാൻസൂചിയുടെ പോരാട്ടം ഇനിയും ഫലപ്രാപ്തിയിലെത്തിയിട്ടില്ല. സ്റ്റോക് ഹോമിൽചെന്നു് നോബൽ സമ്മാനം കൈപ്പറ്റാനോ കാൻസർ ബാധിച്ചു് മരിച്ച ഭർത്താവിന്റെ ദേഹം ലണ്ടനിൽചെന്നു് ഒരു നോക്കു കാണാനോ അവർക്കായില്ല. വീട്ടുതടങ്കലിലും ജയിലിലുമായി സമരം തുടരുകതന്നെയാണു്.
ഇന്ദിരാഗാന്ധിയുടെ മഹനീയ പാരമ്പര്യമുണ്ടായിട്ടും ഇന്ത്യാ മഹാരാജ്യത്തു് നേതാക്കന്മാരുടെ പെൺമക്കൾ രാഷ്ട്രീയപ്പയറ്റിനിറങ്ങുന്നതു് അപൂർവമത്രേ. നെഹ്റു ജിക്കു് ആൺമക്കളില്ലാഞ്ഞതുകൊണ്ടാണു് ഇന്ദിരതന്നെയും രാഷ്ട്രീയത്തിൽ വന്നതു്. രാഹുൽജി നാട്ടിലില്ലാത്തതുകൊണ്ടു് പ്രിയങ്കാജി സോണിയ ക്കും തുണപോകുന്നു. ജഗജീവൻറാമിന്റെ മകൾ മീരാകുമാർ ആയിരിക്കണം അഖിലേന്ത്യാതലത്തിൽ സാമാന്യനിയമത്തിനു് ഏക അപവാദം. ആൺമക്കളെ രാഷ്ട്രീയത്തിലിറങ്ങാൻ പ്രോൽസാഹിപ്പിക്കുന്ന നേതാക്കൾ നിരവധിയുണ്ടു്. പെൺമക്കൾക്കാണു് രാഷ്ട്രീയം നിഷിദ്ധം. കലൈഞ്ജർ കരുണാനിധി യുടെ മക്കൾ അളഗിരി യും സ്റ്റാലിനും തി. മു. ക.-യുടെ പ്രമുഖ നേതാക്കളായി വിലസുന്നു. പെൺകുഴന്തകൾ ശെൽവിയോ കനിമൊഴി യോ രാഷ്ട്രീയത്തിന്റെ ഏഴയലത്തുപോലുമില്ല. ഗ്വാളിയോർ രാജമാതാവാണെങ്കിൽ മകൻ മാധവറാവുമായി തെറ്റിപ്പിരിഞ്ഞശേഷമാണു് പെൺമക്കളായ വസുന്ധരയെയും യശോധരയെയും രാഷ്ട്രീയത്തിൽ കൊണ്ടുവന്നതു്.
കരുണാനിധിയെ പോലെയല്ല കരുണാകരൻ. അദ്ദേഹത്തിനു് മകനും മകളും ഒരുപോലെയാണു്. മുരളി രാഷ്ട്രീയത്തിലിറങ്ങിയപ്പോൾ കരുണാകർജി തടസ്സം പറഞ്ഞില്ല. മകൻ സേവാദൾ ചെയർമാനായി, പാർലമെന്റംഗമായി, കെ. പി. സി. സി. ജനറൽ സെക്രട്ടറിയായി, ഏക വൈസ് പ്രസിഡന്റായി ഇപ്പോഴിതാ പ്രസിഡന്റുമായി. പത്മജ രാഷ്ട്രീയത്തിലിറങ്ങുമ്പോഴും ലീഡർക്കു് യാതൊരു വേവലാതിയുമില്ല. ജനാധിപത്യ പ്രക്രിയയിൽ പങ്കാളിയാകാൻ ഓരോ ഇന്ത്യൻ പൗരനും അവകാശമുണ്ടു്. ഭരണഘടനാപരമായ ആ അവകാശത്തിനു് മുതിർന്ന കോൺഗ്രസ് നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ കരുണാകരൻ എതിരുനിൽക്കുമോ? ഒരിക്കലുമില്ല. തന്റെ മകളായതുകൊണ്ടുമാത്രം പത്മജ യുടെ അവസരം ഇല്ലാതായിപ്പോകരുതെന്നു് കാരണവർക്കു് നിർബന്ധമുണ്ടു്.
രണ്ടുവർഷം മുമ്പു് അച്ഛൻ മുകുന്ദപുരത്തു് മൽസരിച്ചപ്പോഴായിരുന്നു പത്മജയുടെ അരങ്ങേറ്റം. പഴയതുപോലെ ഓടിപ്പാഞ്ഞുനടക്കാൻ പറ്റിയ പ്രായമല്ല കാരണവർക്കു്. മുന്നിൽനിന്നും പിന്നിൽനിന്നും കുത്താൻ തയാറായി നിൽക്കുകയാണു് കുത്തുവിളക്കിന്റെ തണ്ടുമായി അനന്തരവന്മാർ. മുരളീധരനാണെങ്കിൽ കോഴിക്കോട്ടു് ജീവന്മരണപ്പോരാട്ടത്തിൽ. വൃദ്ധനും വിധുരനുമായ നേതാവിനു് അങ്കത്തുണ പോകാൻ പത്മജയല്ലാതെ ആരുണ്ടു്?
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പത്മജക്കൊരു സീറ്റുകിട്ടും എന്നു് രാഷ്ട്രീയ ജ്യോതിഷികൾ പ്രവചിച്ചു. ചാലക്കുടിയിലാവും കുടിവെപ്പെന്നു് മാധ്യമങ്ങൾ പ്രചരിപ്പിച്ചു. വടക്കേക്കരയിലേക്കോ വടക്കൻ പറവൂർക്കോ മാറാൻ സിറ്റിംഗ് എം. എൽ. എ. സാവിത്രി ലക്ഷ്മണൻ വട്ടംകൂട്ടി. ചാലക്കുടിയിലെ സ്ഥാനാർത്ഥി ലിസ്റ്റ് പരിഗണനയ്ക്കെടുത്തപ്പോൾ ആന്റണി മിണ്ടിയില്ല. കരുണാകരൻ തറവാടിയാണു്. മകളുടെ പേരു് അദ്ദേഹം പറയുന്ന പ്രശ്നമില്ല. സാവിത്രി ലക്ഷ്മണൻ—ഒരുതരം, രണ്ടുതരം, മൂന്നുതരം. ലേലം ഉറപ്പിച്ചു. പത്മജക്കു് സീറ്റില്ല.
ചാലക്കുടി സീറ്റുവെച്ചു് തന്നെ ബ്ലാക്ക്മെയിൽ ചെയ്യാൻ ചിലർ ശ്രമിച്ചപ്പോൾ ലീഡർ പൊട്ടിത്തെറിച്ചു. ഇന്ദിരാഗാന്ധിയുടെ മകന്റെ ഭാര്യ വിരണ്ടു. സമാധാനദൗത്യവുമായി ദൂതന്മാരെ അയച്ചു. ആറന്മുളയിലെയും വടക്കേക്കരയിലെയും പേരാവൂരിലെയും സ്ഥാനാർത്ഥികളെ മാറ്റി പ്രശ്നം ഒതുക്കി.
തെരഞ്ഞെടുപ്പു് കഴിഞ്ഞു. കെ. പി. സി. സി. പ്രസിഡന്റ് സ്ഥാനത്തു് മുരളീധരന്റെ അരിയിട്ടുവാഴ്ചയും നടന്നു. മകനെപ്പറ്റി കരുണാകരനു് ഇനി ഉത്കണ്ഠ വേണ്ട. മകളെക്കൂടി ഒരു നിലയിലാക്കിയാൽ മനസ്സമാധാനത്തോടെ കണ്ണടയ്ക്കാം. മുരളി ഗ്രൂപ്പിസത്തിനതീതനായ യു. എൻ. സെക്രട്ടറി ജനറലിനെപ്പോലെ നിഷ്പക്ഷനായപ്പോൾ ഗ്രൂപ്പിന്റെ നേതൃത്വം പത്മജയ്ക്കായി. പത്മജയെ അംഗീകരിക്കാത്തവർ ‘ഐ’ ഗ്രൂപ്പിൽ വേണ്ട. തേറമ്പിൽ രാമകൃഷ്ണൻ മുതൽ എം. എ. ചന്ദ്രശേഖരൻ വരെയും മാലേത്തു് സരളാദേവി മുതൽ പി. പി. ജോർജു വരെയുമുള്ളവർക്കു് പത്മജയായി നേതാവു്. നാടൊട്ടുക്കു് പത്മജയുടെ പടമുള്ള പോസ്റ്ററുകൾ നിറഞ്ഞു.
കന്റോൺമെന്റ് ഹൗസിൽ താമസിക്കുന്നതു് അച്യുതാനന്ദനാ ണെങ്കിലും സംസ്ഥാനത്തെ യഥാർത്ഥ പ്രതിപക്ഷനേതാവു് കരുണാകരനാണെന്നു് ആന്റണിക്കുമറിയാം. സ്ഥാനത്തും അസ്ഥാനത്തുമൊക്കെ ആന്റണിയുടെ മണ്ടയ്ക്കുമേടാനാണു് കാരണവർക്കിഷ്ടം. തൃശൂർ ജില്ലയെ അവഗണിക്കുന്നു. ‘ഐ’ ഗ്രൂപ്പുകാരെ മാനിക്കുന്നില്ല, നയപരമായ കാര്യങ്ങൾ തന്നോടാലോചിക്കുന്നില്ല… അങ്ങനെ പോകുന്നു പരാതികൾ. മന്ത്രിസഭ തയാറാക്കിക്കൊടുത്ത നയപ്രഖ്യാപന പ്രസംഗത്തിലെ ഒരു ഖണ്ഡിക ഗവർണർ വായിക്കാതെ വിട്ടതു് ആന്റണിയുടെ പിടിപ്പുകേടുകൊണ്ടാണു്. മന്ത്രിസഭാരഹസ്യം ചോർന്നതിനുത്തരവാദി മുഖ്യമന്ത്രിയാണു്, തൃശ്ശിവപേരൂരിൽ കലക്ടറായി നാലാം വേദക്കാരനെ നിയമിച്ചതു് പൂർവാചാരലംഘനമാണു്—എന്നിങ്ങനെ കുത്തുവാക്കുകളും. കെ. പി. സി. സി.-യും ഡി. സി. സി.-കളും പുനഃസംഘടിപ്പിക്കുമ്പോൾ കരുണാകർജി പരമാവധി വിലപേശും. കോർപറേഷനുകളുടെയും ബോർഡുകളുടെയും കാര്യവും തഥൈവ.
ടൂറിസം വികസന കോർപറേഷന്റെ ചെയർപേഴ്സനാകണമെന്നു് പത്മജക്കു് മോഹം. അമ്മയില്ലാത്ത കുഞ്ഞല്ലേ, അമ്പിളിയമ്മാവനെ വേണമെന്നു് പറഞ്ഞാലും അച്ഛൻ പിടിച്ചുകൊടുക്കും. വകുപ്പുമന്ത്രിയാണെങ്കിൽ നമ്മുടെ വിധേയൻ തൊമ്മി. 1984-ൽ വരാപ്പുഴമെത്രാനെവരെ ധിക്കരിച്ചിട്ടാണു് തോമസ് മാഷിനു് എറണാകുളത്തു് സീറ്റ് തരപ്പെടുത്തിയതു്. ഫ്രഞ്ചുചാരക്കേസിൽപ്പെട്ടു് പ്രതിച്ഛായപോയ മാഷിനെ ഡി. സി. സി. പ്രസിഡന്റാക്കിയതും പിന്നെ എം. എൽ. എ.-യാക്കിയതും ലീഡർ തന്നെ. ഉമ്മൻചാണ്ടി യുടെ പേരുവെട്ടിയിട്ടാണു് തോമസിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതു്. ഇത്രയൊക്കെയായിട്ടും “കെ. ടി. ഡി. സി. ചെയർമാനെ യു. ഡി. എഫ്. തീരുമാനിക്കും” എന്നു് മന്ത്രി പറഞ്ഞാൽ ആർക്കാണു് ദേഷ്യം വരാത്തതു്? കിട്ടേണ്ടതു് കിട്ടിയപ്പോൾ തോമസിനു് തോന്നേണ്ടതുതോന്നി. യു. ഡി. എഫ്. തീരുമാനത്തിനോ മുഖ്യന്റെ അംഗീകാരത്തിനോ കാത്തുനിന്നില്ല. പത്മജാ വേണുഗോപാൽ കെ. ടി. ഡി. സി. ചെയർപേഴ്സനായി.
തിരുത്തൽവാദികൾക്കു് ലീഡറുടെ കുടുംബസ്നേഹത്തോടു് എതിർപ്പുണ്ടായതു് സ്വാഭാവികം. നാലാം ഗ്രൂപ്പുമുണ്ടാക്കി, ഭാര്യയെ എം. എൽ. എ.-യുമാക്കി, പിന്നെയും വയലാർ രവിക്കാണു് മുറുമുറുപ്പു്. (കെ. മുരളീധരനെ കെ. പി. സി. സി. ജനറൽ സെക്രട്ടറിയായി നാമനിർദ്ദേശം ചെയ്തതു് രവി തന്നെ) ഏതായാലും ആന്റണി അവസരത്തിനൊത്തുയർന്നു. കരുണാകരന്റെ കുടുംബാംഗങ്ങളൊക്കെ പരമയോഗ്യരാണെന്ന സത്യം വെട്ടിത്തുറന്നുപറഞ്ഞു. അല്ലെങ്കിൽ സോണിയാഗാന്ധി ക്കു് എ. ഐ. സി. സി. പ്രസിഡന്റും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായിരിക്കാമെങ്കിൽ പത്മജക്കു് കേവലം കെ. ടി. ഡി. സി. ചെയർപേഴ്സനാകാൻ എന്തു് അയോഗ്യത?
ടൂറിസം മന്ത്രി കെ. വി. തോമസാണെങ്കിലും ഭരണം പത്മജയാകാനാണിട.
“രാജ്യാഭിഷേകം കൃതം രാമനെങ്കിലോ
രാജ്യാനുഭൂതി സൗമിത്രിക്കു നിർണയം”
എന്നാണല്ലോ കവി വചനം. പത്മജക്കു് ഭരണപരിചയമില്ല എന്നു് ഭാവിയിലാരും പരാതിപ്പെടുകയുമില്ല.
തഴക്കം വന്ന നേതാവിനെപ്പോലെയാണു് പത്മജയുടെ വാക്കും പ്രവൃത്തികളും. കെ. ടി. ഡി. സി. ചെയർപേഴ്സനായയുടൻ ജ്യോത്സ്യരെക്കാണാനോടിയതു് ഉദാഹരണം. അച്ഛന്റെ സ്ഥിരം ജ്യോത്സ്യനായ പൂഞ്ഞാർ മിത്രൻ നമ്പൂതിരിയെയല്ല പരപ്പനങ്ങാടി ഉണ്ണികൃഷ്ണപ്പണിക്കരെയാണു് പത്മജക്കു് വിശ്വാസം. ചന്ദ്രികാ കുമാരതുംഗ യുടെയും ജയലളിത യുടെയുമൊക്കെ ഗ്രഹനില നോക്കുന്നതും പണിക്കരാണു് (പണിക്കരുടെ ശുക്രൻ ഏഴിലും വ്യാഴം പന്ത്രണ്ടിലുമാണു്). ഇനി ഏതേതു് ക്ഷേത്രങ്ങളിൽ ആനയെ നടക്കിരുത്തും ഏതൊക്കെ ദേവന്മാർക്കു് കിരീടം ചാർത്തും എന്നേ നോക്കാനുള്ളു.
പരപ്പനങ്ങാടിയിൽ നിന്നു് മടങ്ങുംവഴി പാണക്കാട്ടെത്തി സയ്യിദ് മുഹമ്മദാലി ശിഹബ് തങ്ങളെ ക്കണ്ടു് അനുഗ്രഹം വാങ്ങാനും പത്മജ മറന്നില്ല. വൈകാതെ സ്വാമി ശാശ്വതികാനന്ദ യുടെയും മാർ വർക്കി വിതയത്തിലി ന്റെയും അനുഗ്രഹവും തേടാവുന്നതാണു്.
ഇരുപത്തേഴു് എം. എൽ. എ.-മാരും മൂന്നു് മന്ത്രിമാരുമുള്ള ഏഴു് ഡി. സി. സി. പ്രസിഡന്റുമാരുണ്ടാകാൻ പോകുന്ന ‘ഐ’ ഗ്രൂപ്പിന്റെ അനിഷേധ്യനേതാവു് ഇപ്പോൾ പത്മജയാണു്. ഒരു ഗ്രൂപ്പിന്റെയോ കോൺഗ്രസ്സ് പാർട്ടിയുടെയോ നാലതിരിനുള്ളിൽ ഒതുങ്ങുന്ന വ്യക്തിത്വമല്ല അവരുടേതു്. ഇനിയങ്ങോട്ടു് പത്മജയുടെ യുഗമാണു്. പൂക്കാലം വരവായി!
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.