1951, ഇന്ത്യൻ പാർലമെന്റിലേക്കുള്ള ആദ്യത്തെ പൊതുതെരഞ്ഞെടുപ്പു്. കണ്ണൂർ സീറ്റിലെ കമ്യൂണിസ്റ്റ് സ്ഥാനാർഥി എ. കെ. ഗോപാലൻ എ. കെ. ജി.-യെ എതിർക്കുന്നതു് കോൺഗ്രസിലെ സി. കെ. ഗോവിന്ദൻ നായർ. കറപുരളാത്ത പൊതുപ്രവർത്തന പാരമ്പര്യത്തിനുടമകളാണു്, ഇരുവരും. കോൺഗ്രസിലും പിന്നീടു് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലും ഏറെക്കാലം സഹപ്രവർത്തകരുമായിരുന്നു. ഗോപാല-ഗോവിന്ദയുദ്ധം ഉഗ്രമായിരുന്നു. അവസാനം തൊണ്ണൂറായിരം വോട്ടിന്റെ ഭൂരിപക്ഷത്തോടെ എ. കെ. ഗോപാലൻ വിജയിച്ചു.
ദുഷ്യന്ത രാജധാനിയിലെത്തിയ ശാർങ്ഗരവ-ശാരദ്വതന്മാർക്കുണ്ടായ പോലുള്ള വിഭ്രാന്തിയാണു് സഖാവിനും അനുഭവപ്പെട്ടതു്. “ഒരു പുതിയ ജീവിതം പുതിയ ചുറ്റുപാടു് പുതിയ ബന്ധങ്ങൾ ഇവയെല്ലാം എനിക്കു് അപരിചിതമായിരുന്നു. ഒരു മനുഷ്യനെ നശിപ്പിക്കാനായി തയാറാക്കിയ സാഹചര്യങ്ങളാണു് ഞാനവിടെ കണ്ടതു്. ഒന്നാംക്ലാസിലുള്ള യാത്ര. പാർലമെന്റിൽ സുഖസൗകര്യങ്ങളുള്ള മുറി. ആവശ്യത്തിൽ കവിഞ്ഞ പണം. വലിയ താമസസ്ഥലം. കനത്ത ഉത്തരവാദിത്തമൊന്നുമില്ലാത്ത ജീവിതം—ഇവയൊക്കെയാണു് അവിടെ കണ്ടതു്. ഒരു മനുഷ്യന്റെ തല തിരിയാൻ മറ്റെന്തെങ്കിലും ആവശ്യമുണ്ടോ? ദിവസേന പ്രധാനമന്ത്രിയുടെയോ രാഷ്ട്രപതിയുടെയോ ഉപരാഷ്ട്രപതിയുടെയോ ഉദ്യാനവിരുന്നുകളും ചായസൽക്കാരങ്ങളും. എംബസികളുടെ വക വേറെയുമുണ്ടായിരുന്നു. സമൂഹത്തിന്റെ ഉപരിതലത്തിലുള്ള പരിഷ്കൃതരായ സ്ത്രീ-പുരുഷന്മാരുടെ സൗഹൃദബന്ധം സ്ഥാപിക്കാനുള്ള പശ്ചാത്തലങ്ങളായിരുന്നു ഇവ. ഇതിനെല്ലാം ഉപരിയായി സ്റ്റേറ്റ് വിരുന്നുകൾ ജൂവാൻലായ്, ബുൾഗാനിൻ, ഡള്ളസ്, ടിറ്റോ തുടങ്ങിയ വൈദേശികപ്രമാണികളുമായി കൈകുലുക്കാനും ചായ കുടിക്കാനുമുള്ള അവസരങ്ങളും.
മറുവശത്തു് സമൂഹത്തിന്റെ എല്ലാ തട്ടിലുമുള്ള ജനങ്ങൾ പാർലമെന്റ് അംഗങ്ങളെ കാണാനും നിവേദനം സമർപ്പിക്കാനും എന്നും ദൽഹിയിൽ എത്തിക്കൊണ്ടിരുന്നു. അങ്ങനെ ഒരാളുടെ ജീവിതത്തിൽ അധികാരപ്രമത്തതയും അഹങ്കാരവും സുഖലോലുപതയും കടന്നുകയറാനുള്ള എല്ലാ സാഹചര്യങ്ങളും അവിടെയുണ്ടായിരുന്നു. എന്നെപ്പോലെ ഉടുതുണിക്കു് മറുതുണിയില്ലാതെ തലചായ്ക്കാൻ സ്ഥലമില്ലാതെ. ചായക്കോ വണ്ടിക്കൂലിക്കോ വകയില്ലാതെ സമൂഹത്തിലെ മാന്യന്മാരാൽ പരിഹസിക്കപ്പെട്ടും കഷ്ടപ്പെട്ടും കഴിഞ്ഞിരുന്ന കമ്യൂണിസ്റ്റുകാർ പെട്ടെന്നുണ്ടായ ഈ സുഖപ്രമത്തതയിൽ കാൽവഴുതിപ്പോവാൻ ഇടയുണ്ടായിരുന്നു.
പാർലമെന്റിൽ പ്രവേശിച്ച എന്നെ രണ്ടു കാര്യങ്ങളാണു് അലട്ടിയതു് ഒന്നാമതായി ഈ ചട്ടക്കൂട്ടിൽ എനിക്കു് എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന ആശങ്ക. രണ്ടാമതു് അഞ്ചുകൊല്ലത്തിനുശേഷം ഈ ഘടനയുടെ ദുഷിച്ച ഫലങ്ങൾ ബാധിക്കാതെ എനിക്കു് പുറത്തുവരാൻ കഴിയുമോ എന്ന ചിന്ത…”
കാൽനൂറ്റാണ്ടുകാലം ലോക്സഭയിൽ പ്രതിപക്ഷനേതാവായിരുന്നിട്ടും പാർലമെന്ററി ദുശ്ശീലങ്ങൾക്കു് അടിപ്പെട്ടില്ല സഖാവ്, എ. കെ. ജി.. സാധാരണക്കാരെക്കാൾ സാധാരണക്കാരനായി പാവങ്ങളുടെ പടത്തലവനായി അദ്ദേഹം ജീവിച്ചു.
എ. കെ. ജി.-യുടേതു് ഒറ്റപ്പെട്ട ഒരു ഉദാഹരണമല്ല. തിരുവിതാംകൂറിലെ ആദ്യ കമ്യൂണിസ്റ്റ് എന്നുപറയാവുന്ന കെ. സി. ജോർജ്ജി നെ നോക്കുക. സാമാന്യം ധനസ്ഥിതിയുള്ള കുടുംബത്തിലെ അംഗവും എം. എ., എൽ. എൽ. ബി. ബിരുധധാരിയുമായിരുന്നു ജോർജ്. തിരുവനന്തപുരത്തു് അഭിഭാഷകനായിരിക്കെ. സ്റ്റേറ്റ് കോൺഗ്രസ് രാഷ്ട്രീയം അദ്ദേഹത്തെ ഗ്രസിച്ചു. അചിരേണ കോൺഗ്രസ് സോഷ്യലിസ്റ്റായി. പിന്നീടു് കമ്യൂണിസ്റ്റും. ജോലിനോക്കിയിരുന്ന സഹോദരി മാസംപ്രതി അയച്ചിരുന്ന 15 രൂപകൊണ്ടാണു് ജോർജ്ജും എറണാകുളത്തെത്തുന്ന ഇടതുപക്ഷ രാഷ്ട്രീയക്കാരൊക്കെയും സുഭിക്ഷമായി ജീവിച്ചിരുന്നതു്“…ആഹാരത്തിനും വേഷത്തിനുമെല്ലാം ഏറ്റവും കുറച്ചുമാത്രം ചെലവാക്കിയിരുന്ന ഞങ്ങൾ സിനിമക്കും അങ്ങനെതന്നെയാണു് ചെലവുചെയ്തതു്. ഏറ്റവും കുറഞ്ഞ ടിക്കറ്റ് തറ ടിക്കറ്റായിരുന്നു. ഒരണയുടെ ടിക്കറ്റ്. അതിൽ കുറഞ്ഞ ടിക്കറ്റില്ലാതിരുന്നതുകൊണ്ടാണു് ഒരണ ചെലവാക്കിയതു്…”
1952-ൽ തിരു-കൊച്ചി സംസ്ഥാനത്തു നിന്നു് കെ. സി. ജോർജ്ജി നെ രാജ്യസഭയിലേക്കു് തെരഞ്ഞെടുത്തു പാർലമെന്റംഗമായ ശേഷമെങ്കിലും സ്വഭാവത്തിനു് മാറ്റമുണ്ടായോ?
“ഒരു പാർലമെന്റ് മെമ്പർ മൂന്നാക്ലാസിൽ യാത്രചെയ്യുകയോ! അതേ ഞാൻ ഒന്നാംക്ലാസ് യാത്രപ്പടിയും വാങ്ങിക്കൊണ്ടു് ആ കാലമത്രയും മൂന്നാംക്സാസിലാണു് യാത്രചെയ്തിരുന്നതു്. അന്നു് എം. പി.-മാർക്കു് ഇന്നത്തെപ്പോലെ ഒന്നാംക്ലാസ് ഉണ്ടായിരുന്നതു് പണമായി നൽകുകയായിരുന്നു. പാർലമെന്റിലേക്കുള്ള എന്റെ ആദ്യത്തെ യാത്ര. മറ്റുള്ളവരുടെ നിർബന്ധത്തിനു് വഴങ്ങി രണ്ടാംക്ലാസിലായിരുന്നു. അങ്ങനെ ഒരിക്കൽ മാത്രമാണു് ഞാൻ മൂന്നാംക്ലാസിലല്ലാതെ പാർലമെന്റിൽ പോയതു്. ഔചാരികമായി മാത്രം. സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന രണ്ടുമൂന്നുപേരോടൊപ്പം രണ്ടുമൂന്നുദിവസം ഒരു കമ്പാർട്ടുമെന്റിൽ കഴിഞ്ഞു കൂടുന്നതു് വളര മുഷിപ്പനായിട്ടാണു് എനിക്കനുഭവപ്പെട്ടതു്. ആദ്യദിവസം കുറേനേരം വല്ലതുമൊക്കെ സംസാരിച്ചുകഴിഞ്ഞാൽ പിന്നെ എല്ലാവരും വല്ലതുമൊക്കെ വായിച്ചുകൊണ്ടിരിക്കും. എനിക്കാണെങ്കിൽ യാത്രക്കിടയിൽ പുസ്തകത്തിൽനിന്നു് പഠിക്കുന്നതിൽ കൂടുതൽ മറ്റുള്ളവരിൽനിന്നും ചുറ്റുപാടുകളിൽ നിന്നും പഠിക്കുന്നതാണിഷ്ടം. അതുകൊണ്ടു് സാധാരണക്കാരുടെയിടയിൽ മൂന്നാംക്ലാസിൽ യാത്രചെയ്യാനാണു് ഞാൻ ഇഷ്ടപ്പെടുന്നതു്. അതാണു് ആദ്യത്തെ കാരണമെങ്കിൽ മറ്റൊരു കാരണം കൂടിയുണ്ടു് ആവുന്നേടത്തോളം എത്രയും കുറച്ചു് പണമേ ചെലവാക്കാവൂ എന്നു് എനിക്കു് നിർബന്ധമുണ്ടു്. പ്രത്യേകിച്ചു് പൊതുസ്വത്തിന്റെ കാര്യത്തിൽ പാർലമെന്റിൽനിന്നു് എനിക്കു് ലഭിക്കുന്ന പണം പൊതുസ്വത്താണോ എന്നു ചോദിച്ചേക്കാം. അതെ എന്നാണു് എന്റെ അഭിപ്രായം. അതൊരുപക്ഷേ ഒരു വീക്ഷണത്തിന്റെ പ്രശ്നമായിരിക്കാം. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ എം. പി.-യായതു് കമ്യൂണിസ്റ്റ് പാർട്ടി മെമ്പറെന്ന നിലയിൽ പാർട്ടിയുടെ രാഷ്ട്രീയസ്വാധീനം കൊണ്ടു മാത്രമാണു്. അതുകൊണ്ടു് അതുവഴി എനിക്കുള്ള വരുമാനത്തിന്റെ അവകാശി പാർട്ടിയാണു്. ഒരു പാർട്ടിപ്രവർത്തകനെന്ന നിലയിൽ എനിക്കു് ന്യായമായി ജീവിക്കാനുള്ള അവകാശമുണ്ടു്. അതിനുവേണ്ടി മാത്രം ആ പണം ചെലവാക്കാം. ബാക്കിയുള്ളതു് പാർട്ടിയുടെ സ്വത്താണു്. ആർഭാടജീവിതം നയിക്കാനോ സ്വന്തമായി സമ്പാദിക്കാനോ ആ പണം ഉപയോഗിക്കാൻ എനിക്കവകാശമില്ല. ഇതാണെന്റെ അഭിപ്രായം. അന്നു് ഞാൻ അവിവാഹിതനായിരുന്നതുകൊണ്ടു് ബാക്കിയുള്ള പണം മുഴുവൻ അർഹരായ പാർട്ടി സഖാക്കൾക്കു് പണമായും വസ്ത്രങ്ങളും മറ്റു സാധനങ്ങളുയായും കൊടുക്കുകയാണു് ചെയ്തിരുന്നതു്. പാർലമെന്റ് കഴിഞ്ഞു് മടങ്ങിവരുമ്പോൾ അമ്മയോടും സഹോദരിയോടുമൊപ്പം വീട്ടിലാണു് താമസിച്ചിരുന്നതെങ്കിലും ഒറ്റപ്പൈസപോലും ഞാൻ വീട്ടുചെലവിനു കൊടുത്തിട്ടില്ല. അത്രയും വേണമായിരുന്നോ എന്നു് ഞാൻ പിൽക്കാലത്തു് ആലോചിച്ചിട്ടുണ്ടു്…”
1957-ൽ സഖാക്കളുടെ ഭരണം വന്നു മന്ത്രിമാരുടെ പ്രതിമാസ ശമ്പളം 500 രൂപയാണെങ്കിലും തങ്ങൾ മുന്നൂറ്റമ്പതേ വാങ്ങു എന്നു് നമ്പൂതിരിപ്പാടു് പ്രഖ്യാപിച്ചു. മുണ്ടുമുറുക്കിയുടുത്തു് ഭരിച്ചിട്ടും 59 ജൂലൈയിൽ തിരുവനന്തപുരം വിട്ടുപോകുമ്പോഴേക്കും മന്ത്രിമാർ മിക്കവരും കടക്കാരായിരുന്നു.
കണ്ണൂരുനിന്നു് 750 മൈൽ താണ്ടി മദ്രാസിലേക്കു് പട്ടിണിജാഥ നയിച്ച സഖാവ് എ. കെ. ഗോപാലൻ 1977-ൽ നിര്യാതനായി. ഋഷിതുല്യനായ കെ. സി. ജോർജ്ജ് 1986-ലും കുടുംബസ്വത്തു് വിറ്റ പണം പാർട്ടിക്കു് സംഭാവന ചെയ്ത ഇ. എം. എസ്. നമ്പൂതിരിപ്പാടു് 1998-ലും ഇഹലോകവാസം വെടിഞ്ഞു.
1999 ലോകസഭയിലേക്കുള്ള ഇടക്കാല തെരഞ്ഞെടുപ്പു് നടക്കുന്നു. കോൺഗ്രസ് സ്ഥാനാർഥി സിറ്റിംഗ് എം. പി.-യും മുൻ കേന്ദ്രമന്ത്രിയുമായ മുല്ലപ്പള്ളി രാമചന്ദ്രൻ ആദർശശാലികളായ അപൂർവം കോൺഗ്രസ് നേതാക്കളിൽ ഒരാൾ. സി. കെ. ഗോവിന്ദൻ നായർ ക്കു് ഒത്ത പിൻഗാമി. കരുണാകരനും ആന്റണി ക്കും ഒരുപോലെ അനഭിമതനാണു് രാമചന്ദ്രൻ എല്ലാ അർഥത്തിലും ഒറ്റയാൻ.
സി. പി. എം. കോട്ടയാണു് കണ്ണൂർ ജില്ല എന്നിരിക്കിലും 1967-നു ശേഷം ഒറ്റ മാർക്സിസ്റ്റുകാരനും കണ്ണൂരിനെ പ്രതിനിധാനം ചെയ്തു് ലോകസഭയിലെത്തിയിട്ടില്ല. 1970-ലും 77-ലും സി. പി. ഐ.-യിലെ സി. കെ. ചന്ദ്രപ്പൻ കോൺഗ്രസ് പിന്തുണയോടെ ജയിച്ചു. 1980-ൽ കോൺഗ്രസിലെ കെ. കുഞ്ഞമ്പു മാർക്സിസ്റ്റ് പിന്തുണയോടെയും വിജയിച്ചു. 1984 മുതൽ അഞ്ചുതവണ മുല്ലപ്പള്ളി രാമചന്ദ്രൻ ഐക്യജനാധിപത്യ മുന്നണിയുടെ ബാനറിൽ മൽസരിച്ചു ജയിച്ചു് ഓരോ തവണയും ഇടതുമുന്നണി സ്ഥാനാർത്ഥികളെ മാറിമാറി പരീക്ഷിച്ചു. 1984-ൽ പാട്യം രാജൻ 89-ൽ പി. ശശി 91-ൽ അഡ്വ. ഇബ്രാഹിംകുട്ടി 96-ൽ കോൺഗ്രസ്-എസിലെ കടന്നപ്പള്ളി രാമചന്ദ്രൻ 98-ൽ അന്നത്തെ ആരോഗ്യമന്ത്രി എ. സി. ഷൺമുഖദാസ്. വ്യാപകമായി കള്ളവോട്ടും ബൂത്തുപിടിത്തവും നടത്തിയിട്ടുപോലും മുല്ലപ്പള്ളിയെ തോൽപിക്കാൻ സഖാക്കൾക്കു് കഴിഞ്ഞില്ല.
1999-ൽ കോൺഗ്രസ്-എസിൽനിന്നു് ബലാൽക്കാരമായി കണ്ണൂർ സീറ്റ് തിരിച്ചെടുത്ത സി. പി. എം. സഖാവു് അബ്ദുല്ലക്കുട്ടി യെ സ്ഥാനാർഥിയാക്കി. എസ്. എഫ്. ഐ. സംസ്ഥാന പ്രസിഡന്റും വെട്ടിത്തിളങ്ങുന്ന പ്രതിച്ഛായയ്ക്കുടമയായിരുന്നു അബ്ദുല്ലക്കുട്ടി. മുസ്ലിം വോട്ടുകളിൽ ഒരു പങ്കു് തട്ടുക എന്നൊരു ദുഷ്ടലാക്കും ഉണ്ടായിരുന്നു. അന്നു് മനമങ്ങും തനുവിങ്ങും എന്ന മട്ടിൽനിന്ന മുസ്ലിംലീഗിന്റെ സഹായവും പ്രതീക്ഷിച്ചിരുന്നു. (ഇതേ പ്രതീക്ഷ, സി. എം. ഇബ്രാഹി മിനെ സ്ഥാനാർത്ഥിയാക്കിയ കോഴിക്കോട്ടും ഉണ്ടായിരുന്നു. പാണക്കാടു് തങ്ങളുടെ പാദപത്മങ്ങളിൽ അഭയം തേടിയ മുരളീധരൻ മുസ്ലിംവോട്ടു് ഉറപ്പാക്കി വിജയം വരിച്ചു) മുല്ലപ്പള്ളിക്കു് പരിധിവിട്ടു് താഴാനും കഴിയില്ല. കള്ളവോട്ടും ബൂത്തുപിടിത്തവും പൂർവാധികം ഭംഗിയായി നടന്നു. അബ്ദുല്ലക്കുട്ടി വിജയിച്ചു.
മാർക്സിസ്റ്റ് പാർട്ടി യുവനേതാക്കളെ മുൻനിറുത്തി ദുഷ്കരമായ സീറ്റുകൾ വെട്ടിപ്പിടിച്ച സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ടു്. എ. കെ. ബാലൻ (ഒറ്റപ്പാലം), സുരേഷ് കുറുപ്പു് (കോട്ടയം), എ. വിജയരാഘവൻ (പാലക്കാട്) തുടങ്ങിയവർ ഉദാഹരണം. ഇവരിൽ ചിലരെങ്കിലും നല്ല പാർലമെന്റേയന്മാരായി പേരെടുത്തവരുമാണു്. പിൽക്കാലത്തു് നിയമനിർമാണസഭയിൽ വെട്ടിത്തിളങ്ങിയ പി. കെ. വാസുദേവൻ നായരും സി. കെ. ചന്ദ്രപ്പനും നന്നെ ചെറുപ്രായത്തിൽ ലോക്സഭയിൽ എത്തിയവരാണു്.
മുല്ലപ്പള്ളിയെ മലർത്തിയടിച്ചു് ജയന്റ് കില്ലറായി ദൽഹിക്കു് വണ്ടികയറിയ ശേഷം സ. അബ്ദുല്ലക്കുട്ടിയെപ്പറ്റി കേൾക്കാനില്ലായിരുന്നു. അദ്ദേഹം എ. കെ. ജി.-യുടെ കാൽനഖേന്ദുമരീചികൾ പിന്തുടർന്നു് ജനസേവനം നടത്തുന്നുണ്ടാകും എന്നു സമാധാനിച്ചിരിക്കുമ്പോഴാണു് തരംതാഴ്ത്തൽ വാർത്ത വരുന്നതു്. മയ്യിൽ ഏരിയാ കമ്മിറ്റിയിൽനിന്നു് സഖാവിനെ നാറാത്തു് ലോക്കൽ കമ്മിറ്റിയിലേക്കാണു് തരംതാഴ്ത്തിയിരിക്കുന്നതു്.
വളപട്ടണത്തുകാരനായ ഒരു ചങ്ങാതിയുമൊത്തു് വടകരയിൽ വ്യാപാരസ്ഥാപനം തുടങ്ങിയതിനെപ്പറ്റിയുള്ള പരാതികളെത്തുടർന്നാണു് തരംതാഴ്ത്തൽ എന്നാണു് ബൂർഷ്വാപത്രങ്ങൾ നൽകുന്ന സൂചന. പാർട്ടിമര്യാദക്കു് നിരക്കാത്ത പ്രവർത്തനങ്ങൾ നടത്തി. വിഭാഗീയത വളർത്തുന്ന നടപടികൾ കൈക്കൊണ്ടു. വ്യക്തിതാൽപര്യത്തിനുവേണ്ടി പദവി ദുരുപയോഗപ്പെടുത്തി. പാർട്ടി നേതൃത്വത്തെ ധിക്കരിച്ചു എന്നിവയാണു് ചാർജുകൾ. ഇവയിൽ അവസാനത്തെ ചാർജു് മാത്രം മതി പാർട്ടിയിൽനിന്നു് പുറത്താക്കപ്പെടാൻ. ഗൗരിയമ്മ മുതൽ ആഞ്ചലോസ് വരെയുള്ളവർ പോയ വഴിക്കു് പുല്ലുപോലും മുളച്ചിട്ടില്ല.
കടുത്ത സാമ്പത്തികമാന്ദ്യം നിലനിൽക്കുന്ന ഇക്കാലത്തു് ആരെങ്കിലും വ്യാപാരസ്ഥാപനം നടത്തുമോ? അഥവാ നടത്തുന്നെങ്കിൽത്തന്നെ പാർട്ടിമര്യാദക്കു് നിരക്കുന്ന മട്ടിൽ ബിനാമിയായി നടത്തിയാൽ പോരായിരുന്നോ? എല്ലാം പോകട്ടെ പാർട്ടി നേതൃത്വത്തെ ധിക്കരിച്ചു് കേരളസംസ്ഥാനത്തു് ആർക്കെങ്കിലും വ്യാപാരം നടത്താനാകുമോ? മുഖ്യമന്ത്രിയുടെ പുത്രവധു രണ്ടരക്കിലോ സ്വർണംചാർത്തി കതിർമണ്ഡപത്തിൽ നിൽക്കുന്നതും പാർട്ടിയുടെ ചില സമുന്നത നേതാക്കളുടെ മക്കൾ പ്രൊഫഷനൽ കോളേജുകളിൽ പേമെന്റ് സീറ്റിൽ പഠിക്കുന്നതും കണ്ടിട്ടാകണം അബ്ദുല്ലക്കുട്ടി വ്യാപാരം തുടങ്ങിയതു്. ബുദ്ധിമോശം എന്നല്ലാതെ എന്തുപറയാൻ.
വ്യക്തിതാൽപര്യം മുൻനിറുത്തി യുവനേതാക്കൾ പദവി ദുരുപയോഗം ചെയ്യുന്ന ആദ്യത്തെ സംഭവവും അല്ല. 1993 സെപ്റ്റംബറിൽ ഒറ്റപ്പാലം ഉപതെഞ്ഞെടുപ്പിൽ ജയിച്ചു് എസ്. ശിവരാമനെ ഓർമയുണ്ടോ? ഒറ്റപ്പാലം മണ്ഡലം കണ്ട ഏറ്റവും വലിയ ഭൂരിപക്ഷമായിരുന്നു ശിവരാമന്റെതു്. ചെറ്റക്കുടിലിലെ താരോദയത്തെപ്പറ്റി പുകഴ്ത്തിപ്പാടി പത്രമാധ്യമങ്ങൾ. 1996 ഏപ്രിൽ മാസത്തിൽ പൊതുതെരഞ്ഞെടുപ്പാകുമ്പോഴേകും സി. പി. എം. നേതൃത്വത്തിനു് തീർത്തും അനഭിമതനായി ശിവരാമൻ. മധ്യതിരുവിതാംകൂറിൽനിന്നുള്ള ഒരു കോൺഗ്രസ് എം. പി.-യോടൊപ്പമായിരുന്നു ശിവരാമന്റെ തീനും കുടിയും. മാർക്സിസ്റ്റ് എം. പി. കോൺഗ്രസ് എം. പി.-യെ അനുകരിച്ചാൽ എന്തു സംഭവിക്കും? ഏതായാലും ശിവരാമന്റെ ചീട്ടു് കീറി. ഒറ്റപ്പാലം സീറ്റ് എസ്. അജയകുമാറി നു് കൊടുത്തു. 2000-ാമാണ്ടു് സെപ്റ്റംബറിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു് തെരഞ്ഞെടുപ്പു് നടന്നപ്പോൾ പാലക്കാടു് ജില്ലയിലെ ലക്കിടി പേരൂർ ഗ്രാമപഞ്ചായത്തിൽ ശിവരാമനു് പാർട്ടി കനിഞ്ഞു് ഒരു സീറ്റ് നൽകി. ശിവരാമൻ മൽസരിച്ചു. ജയിച്ചു് വിണ്ടും എം. പി.-യായി (മെമ്പർ ഓഫ് പഞ്ചായത്ത്). പഞ്ചായത്തിൽ ഇടതുപക്ഷ മുന്നണിക്കു് ഭൂരിപക്ഷം കിട്ടിയതുകൊണ്ടും പ്രസിഡന്റുസ്ഥാനം പട്ടികജാതിക്കാർക്കു് സംവരണം ചെയ്തിരുന്നതിനാലും ശിവരാമൻ പ്രസിഡന്റുമായി.
ഇതുപോലെ ഒരനുഭവം സി. പി. ഐ.-ക്കുമുണ്ടായി. 1984 മുതൽ കൈവിട്ടുപോയ അടൂർ ലോക്സഭാ സീറ്റ് തിരിച്ചുപിടിക്കാൻ പാർട്ടി 1998 ചെങ്ങറ സുരേന്ദ്രൻ എന്ന യുവപോരാളിയെ രംഗത്തിറക്കി. സിറ്റിംഗ് എം. പി. കൊടികുന്നിൽ സുരേഷി നെ തോൽപിച്ചു് സുരേന്ദ്രൻ പാർട്ടിയുടെ മാനം കാത്തു. കഷ്ടിച്ചൊരു കൊല്ലത്തിനകം സുരേന്ദ്രൻ മണ്ഡലത്തിൽ അൺപോപ്പുലറായി. നിശ്ചയിച്ചുറപ്പിച്ച വിവാഹം ഒഴിവാക്കാൻ വേണ്ടി നിരപരാധിയെ കഞ്ചാവുകേസിൽ കുടുക്കി എന്നായിരുന്നു ആരോപണം. പാർട്ടി ഇടപെട്ടു് വിവാഹം നടത്തിയെങ്കിലും ഉദ്ദേശിച്ച ഫലമുണ്ടായില്ല. 1999-ലെ തെരഞ്ഞെടുപ്പിൽ കൊടിക്കുന്നിൽ സുരേഷ് വിജയിച്ചു.
ഇന്ത്യൻ പാർലമെന്റുപോലെ അപകടം പിടിച്ച സ്ഥലത്തേക്കു് യുവനേതാക്കളെ എന്തുധൈര്യത്തിലാണു് തെരഞ്ഞെടുത്തയയ്ക്കുക? ഭീകരന്മാരുടെ ആക്രമണം ഒരു വശത്തു്. പാർലമെന്ററി ദുശ്ശീലങ്ങൾ. മറുവശത്തു് ആരു് എപ്പോൾ വിഭാഗീയത വളർത്തും പദവി ദുരുപയോഗപ്പെടുത്തും എന്നു പ്രവചിക്കാൻ കഴിയില്ല. ബൂർഷ്വാ പാർട്ടികൾക്കാണെങ്കിൽ പൂഞ്ഞാർ മിത്രൻനമ്പൂതിരിപ്പാടി നെയോ പരപ്പനങ്ങാടി ഉണ്ണികൃഷ്ണ പണിക്കരെ യോ സമീപിക്കാം. വിപ്ലവ പാർട്ടികൾ അതും സാധ്യമല്ല. പോയിട്ടും വന്നിട്ടും ഒറ്റവഴിയേ കാണാനുള്ളു. വരുന്ന തലമുറയെങ്കിലും ദുശ്ശീലങ്ങളിൽ നിന്നു് രക്ഷിക്കണമെന്ന ആത്മാർഥമായ ആഗ്രഹം കമ്മ്യൂണിസ്റ്റ് നേതൃത്വത്തിനുണ്ടെങ്കിൽ ഇ. എം. എസ്. പറഞ്ഞുവെച്ചതു് പ്രവർത്തിക്കുക. രാഷ്ട്രീയ വിദ്യാഭ്യാസം നൽകുക. അല്ലാതെ ഒരുവഴിയുമില്ല.
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.