ഇന്ത്യക്കു് സ്വാതന്ത്ര്യം കിട്ടിയതു് 1947-ലാണു്. റിപ്പബ്ളിക്കായതു് 1950-ൽ. സ്വാതന്ത്ര്യത്തിന്റെ 19-ാം വർഷത്തിൽ രാജ്യത്തിനു് ആദ്യത്തെ വനിതാ പ്രധാനമന്ത്രിയുണ്ടായി—ഇന്ദിരാ പ്രിയദർശിനി. 1966 മുതൽ 77 വരെയും 1980 മുതൽ 84 വരെയും ഇന്ദിരാജി ഭരണചക്രം തിരിച്ചു. ദുനിയാവിലെ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രിയായിരുന്നു അവർ. ഒന്നാമത്തേതു് സിരിമാവോ ബണ്ടാര നായകെ. സിരിമാവോയുടെയും ഇന്ദിരയുടെയും പാത പിന്തുടർന്നു് പിന്നെയും ഒട്ടേറെ മഹതികൾ വിവിധ രാജ്യങ്ങളുടെ ഭരണഭാരം കൈയാളി—ഗോൾഡാ മേയർ, മാർഗരറ്റ് താച്ചർ, ബേനസീർ ഭൂട്ടോ, ഷേഖ് ഹസീന, ബീഗം ഖാലിദ സിയ, തൻസു സില്ലർ …
ഇന്ദിരാഗാന്ധി തോറ്റു് അധികാരഭ്രഷ്ടയായ 1977-ലാണു് വനിതാ രാഷ്ട്രപതിയെക്കുറിച്ചുള്ള ആലോചന ആദ്യമുണ്ടായതു്. രുഗ്മിണീദേവി അരുൺണ്ഡേൽ ഇന്ത്യൻ പ്രസിഡന്റായാൽ നന്നായിരിക്കുമെന്നു് പ്രധാനമന്ത്രി മൊറാർജി ദേശായി ക്കു തോന്നി.
ഭരതനാട്യ കലാകാരിയും അഡയാറിലെ തിയോസഫിക്കൽ സൊസൈറ്റി അധ്യക്ഷയുമായിരുന്നു രുഗ്മിണീ ദേവി. ഏതായാലും മൊറാർജി ഭായിയേക്കാൾ വിവേകമതിയായിരുന്നു, കലാകാരി. ആയമ്മ രാഷ്ട്രപതിപദം നിഷ്കരുണം നിരാകരിച്ചു. ഒടുവിൽ ലോക്സഭാ സ്പീക്കർ നീലം സഞ്ജീവ റെഡ്ഡി രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു.
പിന്നെയും കാൽനൂറ്റാണ്ടിനു ശേഷമാണു് ഒരു വനിത രാഷ്ട്രപതി സ്ഥാനത്തേക്കു മൽസരിച്ചതു്. അതും മലയാളി മങ്ക. ആനക്കര വടക്കത്തു കുടുംബാംഗം ക്യാപ്റ്റൻ ലക്ഷ്മി. നേതാജി സുഭാഷ് ചന്ദ്രബോസി നൊപ്പം തോക്കെടുത്തു പോരാടിയ പൊന്നാനിയുടെ വീരപുത്രി. എ. പി. ജെ. അബ്ദുൽ കലാമി നെതിരെ വിജയസാധ്യത തെല്ലുമില്ലെന്നറിഞ്ഞുകൊണ്ടും പ്രായത്തിന്റെ പരാധീനത വിസ്മരിച്ചു് അങ്കത്തട്ടിൽ ചാടിയിറങ്ങി. കലാം ജയിച്ചു എന്നതു് പരമാർഥം. പക്ഷേ, മലനാട്ടു മലർമങ്ക ശിരസ്സു് നമിച്ചില്ല.
ആനക്കര വടക്കത്തെ ലക്ഷ്മിയമ്മയുടെ വീരോചിത പോരാട്ടം കഴിഞ്ഞു് അഞ്ചുവട്ടമിഹ പൂത്തു കാനനം. കലാമിന്റെ കാലവും കഴിഞ്ഞു. പുതിയ രാഷ്ട്രപതിയെ തെരഞ്ഞെടുക്കേണ്ട സമയം സമാഗതമായി.
നലമുള്ളൊരു നവഗുണപരിമളനായിരിക്കണം രാഷ്ട്രപതിയെന്നു് ഇടതുപക്ഷ പാർട്ടികൾ കാലേക്കൂട്ടി വ്യവസ്ഥ വെച്ചു. ആൾ രാഷ്ട്രീയക്കാരനായിരിക്കണം. കലാമിനെപ്പോലെ അരാഷ്ട്രീയ ബുദ്ധിജീവികൾ പറ്റില്ല. പുരോഗമന ചിന്താഗതിക്കാരും പവൻമറ്റു് മതനിരപേക്ഷരരും ആയേ മതിയാകൂ.
എണ്ണിപ്പറയാൻ ഗുണങ്ങൾ ഒമ്പതും തികഞ്ഞ ഒരാൾ സി. പി. എമ്മിലുണ്ടു്—സോമനാഥ് ചാറ്റർജി. ഹിന്ദുമഹാസഭാ നേതാവു് നിർമൽചന്ദ് ചാറ്റർജി യുടെ മകൻ. പ്രമുഖ അഭിഭാഷകൻ, പ്രഗല്ഭ പാർലമെന്റേറിയൻ. ലോക്സഭ കണ്ട എക്കാലത്തേയും ഏറ്റവും കാൻറ്റാങ്കർസ് സ്പീക്കർ. സോമൻ സഖാവിനെ രാഷ്ട്രപതിയാക്കിയാൽ സോഷ്യലിസം ഉടനടി നടപ്പാകും. മുലായം, ലാലു യാദവരുടെ പിന്തുണ സോമനാഥനു പ്രതീക്ഷിക്കാം. അതുവെച്ചു് കോൺഗ്രസിനോടു് വിലപേശാമെന്നായിരുന്നു പദ്ധതി. കഴിഞ്ഞ ജനുവരിയിൽ മുലായം സർക്കാറിനെ പിരിച്ചുവിടാൻ കേന്ദ്രം തുനിഞ്ഞിറങ്ങിയപ്പോൾ, 356-ാം അനുച്ഛേദത്തിന്റെ ആജന്മശത്രു മുത്തുവേൽ കരുണാനിധി വരെ ആ നീക്കത്തെ പിന്തുണച്ചപ്പോൾ അതിനെ ചെറുത്തുതോൽപിച്ചതു് സി. പി. എം. ആയിരുന്നു. കാരണം, കൊൽക്കത്തയിൽ നിന്നു് ദൽഹിയിലേക്കുള്ള പാത ലക്നോവിലൂടെയാണു്.
ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പു് ഫലം സഖാക്കളുടെ കണക്കുകൂട്ടൽ തെറ്റിച്ചു. മുലായമിന്റെ മുഖ്യശത്രു മായാവതി ഒറ്റക്കു് അധികാരം പിടിച്ചു. യാദവ ബന്ധുക്കളായ മാർക്സിസ്റ്റുകാരെ യാതൊരു കാരണവശാലും ബഹൻജി പിന്താങ്ങുകയില്ല. സോമൻസഖാവു് തന്ത്രപൂർവം പിൻമാറി. പകരം ഇടതുപക്ഷ നേതാക്കൾ കോൺക്ലേവു കൂടി പുരോഗമന വാദിയും മതനിരപേക്ഷനുമെന്നു് അവർക്കു് തോന്നിയ ഒരു കോൺഗ്രസുകാരനെ രാഷ്ട്രപതി സ്ഥാനത്തേക്കു നിർദേശിച്ചു—പ്രണബ്കുമാർ മുഖർജി.
മുഖർജി നിസ്സാരനല്ല. മുതിർന്ന നേതാവാണു്. കേന്ദ്രത്തിൽ സുപ്രധാന വകുപ്പുകൾ മിക്കതും കൈയാളി കഴിവുതെളിയിച്ചിട്ടുണ്ടു്. ആരോപണവിധേയനല്ല. വൃത്തിയും വെടിപ്പുമുണ്ടു്. സൗമ്യനാണു്, സോമനാഥനെപ്പോലെ ചാടിക്കടിക്കില്ല. മുമ്പു് മൂന്നു തവണ പ്രധാനമന്ത്രിപദത്തിനടുത്തുവരെ എത്തിയതാണു്—ആദ്യം ഇന്ദിരാജി വെടിയേറ്റു മരിച്ചപ്പോൾ, പിന്നെ രാജീവ്ജി ബോംബുസ്ഫോടനത്തിൽ കൊല്ലപ്പെട്ടപ്പോൾ, ഏറ്റവുമൊടുവിൽ മദാമ്മജി പ്രധാനമന്ത്രിപദം നിരാകരിച്ചപ്പോൾ.
മൂന്നു തവണയും കപ്പിനും ചുണ്ടിനുമിടക്കു തട്ടിപ്പോയി. പ്രധാനമന്ത്രിയാകാൻ കഴിയാത്തവനെ പ്രഥമ പൗരനാക്കുന്നതിൽ കാവ്യനീതിയുടെ ഒരംശമുണ്ടു്.
പക്ഷേ, കോൺഗ്രസുകാർ സമ്മതിച്ചില്ല. എറിയാനറിയാവുന്നവനു് വടി കൊടുക്കരുതെന്നാണു് പാർട്ടിയുടെ നയം. ജനപിന്തുണയില്ലാത്തവരെയും കാൽകാശിനു കൊള്ളാത്തവരെയുമേ കോൺഗ്രസിനു് അംഗീകരിക്കാനാകൂ. പ്രധാന വകുപ്പുകൾ കൈയാളുന്നവരത്രയും രാജ്യസഭാവാസികളാണു്—മൻമോഹൻ സിംഗ്, അർജുൻ സിംഗ്, ശിവരാജ് പാട്ടീൽ, എ. കെ. ആന്റണി, ഓസ്കാർ ഫെർണാണ്ടസ്, മുരളി ദേവ്റ … പഞ്ചാബിൽ ജനിച്ചു് ദൽഹിയിൽ സ്ഥിരതാമസമാക്കിയ മൻമോഹൻജി രാജ്യസഭാംഗമാകാൻ വേണ്ടി റേഷൻ കാർഡ് ഗുവാഹത്തിക്കു് മാറ്റിയ ആളാണു്. പാർലമെന്റിലേക്കെന്നല്ല പഞ്ചായത്തിലേക്കു ജയിക്കാൻ വേണ്ടത്ര ജനപിന്തുണയെങ്കിലുമുണ്ടായിരുന്നെങ്കിൽ മദാമ്മാ ഗാന്ധി സർദാർജിയെ പ്രധാനമന്ത്രിയാക്കുമായിരുന്നില്ല. ഏതായാലും മുഖർജിയുടെ പേരു് മദാമ്മ വെട്ടി. ബാബുജിയെ കേന്ദ്രമന്ത്രിസഭയിൽ നിന്നു് ഒഴിവാക്കാനാവില്ല എന്നാണു് പുറമേക്കു പറഞ്ഞ ന്യായം.
പകരം, കോൺഗ്രസ് ഏതാനും പേരുകൾ നിർദേശിച്ചു—മോത്തിലാൽ വോറ, ശിവരാജ് പാട്ടീൽ, ഡോ. കരൺസിംഗ്, സുശീൽ കുമാർ ഷിൻഡെ. ഹിന്ദുത്വ വാദിയും മുൻ കാശ്മീർ മഹാരാജാവുമായ കരൺസിംഗ് ഇടതുപക്ഷത്തിനു് അസ്വീകാര്യൻ. മുൻ മഹാരാഷ്ട്ര മുഖ്യനും പട്ടികജാതിക്കാരനുമായ ഷിൻഡെയും സ്വീകാര്യനല്ല. ശിവരാജ് പാട്ടീൽ ദുർബല സ്ഥാനാർഥി, ശെഖാവത്തിനോടേറ്റുമുട്ടിയാൽ ജയിക്കണമെന്നില്ല.
ഉത്തർപ്രദേശുകാരൻ ബ്രാഹ്മണൻ വേണം രാഷ്ട്രപതിയാകാൻ എന്നു് മായാവതി നിർദേശിച്ചു. സുശീൽകുമാർ ഷിൻഡെ യെ ഒരു കാരണവശാലും പരിഗണിക്കരുതെന്നും ശഠിച്ചു. (ഈ കാട്ടിൽ മറ്റൊരു സിംഹമോ, അതും നാം യു. പി. ഭരിക്കുമ്പോൾ?) കോൺഗ്രസ് ഹൈക്കമാന്റ് ഷിൻഡെയെ കൈവിട്ടു. താജ് ഇടനാഴിക്കേസിൽ ബഹൻജിയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അപേക്ഷ യു. പി. ഗവർണർ നിരാകരിച്ചപ്പോൾ തൃപ്തിയായി. ബ്രാഹ്മണൻ വേണം എന്ന ആവശ്യം ഉപേക്ഷിച്ചു. കോൺഗ്രസിനു് ബി. എസ്. പി. നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു.
മായാവതി യുടെ പിന്തുണ ഉറപ്പായതോടെ സി. പി. എമ്മിന്റെ പ്രസക്തി കുറഞ്ഞു. ശിവരാജ് പാട്ടീൽ ദുർബലൻ, ജനപിന്തുണയില്ലാത്തവൻ എന്നു് പരിഭവിച്ച സഖാക്കൾക്കു മുന്നിൽ കോൺഗ്രസ് കുഴിയിലേക്കു കാൽ നീട്ടിയിരിക്കുന്ന മൂന്നു നേതാക്കികളെ അവതരിപ്പിച്ചു—നിർമലാ ദേശ്പാണ്ഡെ, പ്രതിഭാ പാട്ടീൽ, മൊഹ്സിനാ കിദ്വായ്. മൂന്നുപേരും തുല്യനിലയിൽ അപ്രശസ്തർ, അപ്രസക്തർ. ആരെ വേണമെങ്കിൽ തെരഞ്ഞെടുക്കാം. ഏതെടുത്താലും ഒന്നര ഉറുപ്പിക.
ഇടതുപക്ഷക്കാർക്കു് പൊതുവിലും മാർക്സിസ്റ്റുകാർക്കു് പ്രത്യേകിച്ചും ബുദ്ധി കടുകട്ടിയാണു്. അവർ ഉടനെ പ്രതിഭാ പാട്ടീൽ മതിയെന്നു പറഞ്ഞു. കാരണം, ആയമ്മയുടെ പേരിൽതന്നെയുണ്ടു് പ്രതിഭ!
നിലവിൽ രാജസ്ഥാൻ ഗവർണറാണു് പ്രതിഭാ പാട്ടീൽ മുമ്പു് മഹാരാഷ്ട്രയിൽ മന്ത്രിയായിരുന്നു. കുറച്ചുകാലം പി. സി. സി. അധ്യക്ഷയായും വളരെ കുറച്ചുകാലം രാജ്യസഭാ ഉപാധ്യക്ഷയായും പ്രവർത്തിച്ചിട്ടുണ്ടു്. അഖിലേന്ത്യാ പ്രസിദ്ധയൊന്നുമല്ല. ഒരു പദവിയിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുമില്ല. ശ്രീമതി ടീച്ചറെപ്പോലെ ഒരു മന്ത്രി, സാവിത്രി ലക്ഷ്മണനെ പ്പൊലൊരു പാർലമെന്റംഗം, തെന്നലച്ചേട്ടനെപ്പോലെ പി. സി. സി. പ്രസിഡന്റ്, രാംദുലാരി സിൻഹ യെപ്പോലുള്ള ഗവർണർ.
പ്രതിഭാ പാട്ടീലി ന്റെ ഗുണഗണങ്ങൾ പാടിപ്പുകഴ്ത്തുകയാണു് മുഖ്യധാരാ മാധ്യമങ്ങൾ.
ആരോമലാമഴകു ശുദ്ധി മൃദുത്വമാഭ
സാരള ്യമെന്ന ഗുണത്തിനെല്ലാം
പാരിങ്കലേതുപമ
(വീണപൂവു്, കുമാരനാശാൻ)
എന്നു് അദ്ഭുതം കൂറുന്നു. പഠിക്കുന്ന കാലത്തു് പ്രതിഭ കോളജ് ബ്യൂട്ടിയായിരുന്നെന്നു് സൗന്ദര്യാരാധകർ, പിംഗ്പോങ്ങ് ചാമ്പ്യനായിരുന്നെന്നു് കായികപ്രേമികൾ. രാഷ്ട്രപതിയുടെ സ്ത്രീലിംഗം രാഷ്ട്രപത്നിയോ രാഷ്ട്രപതിച്ചിയോ എന്ന കാര്യത്തിൽ സംസ്കൃത പണ്ഡിതരുടെ അഭിപ്രായം തേടുന്നു, ഭാഷാസ്നേഹികൾ. ജൽഗാവിന്റെ മാണിക്യം, മഹാരാഷ്ട്രത്തിന്റെ മരതകം, മരുഭൂമിയിൽ വിരിഞ്ഞ കൽഹാര കുസുമം എന്നൊക്കെ വർണിക്കുന്ന കവികുഞ്ജരന്മാരുമുണ്ടു്.
ഇദംപ്രഥമമായി ഒരു വനിതയെ പ്രസിഡന്റ് പദത്തിലെത്തിച്ചതിന്റെ ക്രെഡിറ്റ് അവകാശപ്പെടുന്നു. ഇടതു-വലതു് കമ്യൂണിസ്റ്റ് പാർട്ടികൾ. കെ. ആർ. നാരായണൻ രാഷ്ട്രപതിയായപ്പോഴും സഖാക്കൾ ഇതേ ഡാവിറക്കിയിരുന്നു. എട്ടുകാലി മമ്മൂഞ്ഞു് വെൽവുതാക!
ഡോ. രാജേന്ദ്രപ്രസാദ് മുതൽ ഡോ. എ. പി. ജെ. അബ്ദുൽകലാം വരെ പല പ്രതിഭാശാലികളും അലങ്കരിച്ച രാഷ്ട്രപതി സ്ഥാനത്തേക്കു് പ്രതിഭാ പാട്ടീലി നു് എന്താണു് യോഗ്യത? മൂത്തുനരച്ച കോൺഗ്രസ് നേതാവെന്നതോ, പേരിൽ തന്നെ പ്രതിഭയുണ്ടെന്നതോ? നെഹ്റു-ഗാന്ധി കുടുംബത്തിന്റെ അക്രീത ദാസി എന്നതാണോ? പ്രസിഡന്റു സ്ഥാനത്തേക്കു് പരിഗണിക്കപ്പെടാൻ മറ്റൊരു വനിതയുമില്ലേ, ഈ ഭാരതവർഷത്തിൽ?
പത്തു കൊല്ലം മുമ്പു് നജ്മാ ഹിപ്ത്തുല്ല യുടെ പേരു് ഉപരാഷ്ട്രപതി സ്ഥാനത്തേക്കു് ഉയർന്നുവന്നപ്പോൾ ടാങ്കുവെച്ചതു് കോൺഗ്രസുകാർ തന്നെ. പ്രത്യേകിച്ചു് കോൺഗ്രസ് അധ്യക്ഷൻ സീതാറാം കേസരി. കഴിവും കാര്യപ്രാപ്തിയുമുള്ള, തന്റേടവും താൻപോരിമയുമുള്ള നേതാവാണു് നജ്മ. അവരുടെ ചെരിപ്പിന്റെ വാറഴിക്കാൻ യോഗ്യതയില്ല പ്രതിഭാ പാട്ടീലിനു്. സോണിയ ഗാന്ധി യുടെയും ഉപജാപകരുടെയും പീഡനം സഹിക്കവയ്യാതെ നജ്മ ബി. ജെ. പി.-യിൽ അഭയം തേടിയെന്നാണു് ചരിത്രം.
ബി. ജെ. പി.-യിൽ ചേക്കേറി എന്ന അയോഗ്യതയുണ്ടു് നജ്മക്കു്. ഷീലാ ദീക്ഷിതോ? അടിയുറച്ച കോൺഗ്രസുകാരി, മതനിരപേക്ഷ കാഴ്ചപ്പാടുണ്ടു്, കഴിവും പ്രാപ്തിയുമുണ്ടു്. കഴിഞ്ഞ ഒമ്പതു കൊല്ലമായി ദൽഹി മുഖ്യമന്ത്രി. മികച്ച ഭരണാധികാരി. അഴിമതിയുടെ നിഴൽപോലും തീണ്ടിയിട്ടില്ല. ജനസമ്മത, ജഗത്പ്രസിദ്ധ. പക്ഷേ, മദാമ്മാഗാന്ധിക്കു കണ്ടുകൂടാ. ഏറ്റവുമടുത്ത മുഹൂർത്തത്തിൽ മുഖ്യമന്ത്രിപദത്തിൽനിന്നു് കെട്ടുകെട്ടിക്കും. പിന്നല്ലേ, രാഷ്ട്രപതി?
ഫക്രുദീൻ അലി അഹ്മദിന്റെ യും ഗ്യാനി സെയിൽസിംഗി ന്റെയും ശ്രേണിയിൽപെട്ട പ്രസിഡന്റായിരിക്കും പ്രതിഭാ പാട്ടീൽ 10, ജനപഥിൽ നിന്നു് ചരടുവലിക്കുമ്പോൾ ചാടുന്ന, തുള്ളുന്ന, നൃത്തംവെക്കുന്ന പാവ. കിട്ടാവുന്നതിൽ ഏറ്റവും കഴിവു കുറഞ്ഞയാളെ തെരഞ്ഞെടുത്തു, സോണിയ ഗാന്ധി.
അമ്മായിയമ്മ വേലിചാടിയാൽ മരുമകൾ മതിലു ചാടുമെന്നൊരു പഴമൊഴിയുണ്ടു്. ഫക്രുദീനെയും സെയിൽസിംഗി നെയും ഇന്ദിരാഗാന്ധി തന്നിഷ്ടപ്രകാരം തെരഞ്ഞെടുത്തതാണു്. പ്രതിഭയെ സോണിയ തെരഞ്ഞെടുത്തു് ബുദ്ധിരാക്ഷസരായ ഇടതുപക്ഷ നേതാക്കളെക്കൊണ്ടു് അംഗീകരിപ്പിച്ചു, അവരുടെ നേട്ടമായി അവകാശപ്പെടാൻ അവസരവും നൽകി.
പ്രതിഭാ പാട്ടീലി ന്റെ സ്ഥാനാരോഹണം സ്ത്രീശാക്തീകരണത്തെ ത്വരിതപ്പെടുത്തുമെന്നു പറയുന്നവരുണ്ടു്. വനിതാ പ്രധാനമന്ത്രിയുടെ കാലത്തു നടന്ന ശാക്തീകരണത്തെക്കുറിച്ചു് ബോധ്യമില്ലാത്തവർ. ഇന്ദിരാജി യുടെ ഭരണകാലത്താണു് വധൂദഹനം സുകുമാര കലയായി വളർന്നുവന്നതു്. പെൺഭ്രൂണഹത്യയുടെ തുടക്കം ഇന്ദിര ഭരിക്കുമ്പോൾ, സതിയുടെ പുനരാഗമനം രാജീവ് നാടുവാഴുമ്പോൾ. സോണിയ-പ്രതിഭാ യുഗവും മോശമാകാനിടയില്ല.
ഒറ്റയൊരു കാര്യത്തിൽ സമാധാനത്തിനു് വകയുണ്ടു്: പ്രതിഭാ പാട്ടീലി ന്റെ സ്ഥാനത്തു് രേണുകാ ചൗധരി യെയോ ശോഭനാ ജോർജിനെ യോ രാഷ്ട്രപതി സ്ഥാനാർഥിയാക്കിയില്ലല്ലോ?
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.