images/Night_Landscape_with_a_River.jpg
Night Landscape with a River, a painting by Aert van der Neer (1604–1677).
സബർമതി ദൂരെയാണു്
കെ. രാജേശ്വരി
images/Mahatma-Gandhi.jpg
മഹാത്മാഗാന്ധി

1969 സെപ്റ്റംബർ 18, മഹാത്മാഗാന്ധി യുടെ ജന്മശതാബ്ദിക്കു് കേവലം രണ്ടാഴ്ച ശേഷിക്കുമ്പോഴാണു് സ്വതന്ത്ര ഇന്ത്യയിൽ അന്നോളമുണ്ടായ ഏറ്റവും രൂക്ഷമായ വർഗീയലഹളയുണ്ടായതു്. അതും ഹിന്ദു-മുസ്ലിം മൈത്രിക്കായി സ്വജീവൻ ബലിയർപ്പിച്ച രാഷ്ട്രപിതാവിന്റെ സ്വന്തം നാട്ടിൽ വളരെക്കാലം അദ്ദേഹത്തിന്റെ താമസസ്ഥലമായിരുന്ന അഹമദാബാദിൽ.

images/Balwantrai_Mehta.jpg
ബൽവന്തറായ് മേത്ത

1965 മുതൽക്കെങ്കിലും ഗുജറാത്തിലെ സാമുദായിക സമാധാനം വെല്ലുവിളികളെ നേരിടുകയായിരുന്നു. ആ വർഷമുണ്ടായ ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധം സ്ഥിതിഗതികൾ വഷളാക്കി. ഏപ്രിൽമാസത്തിൽ കച്ചിലെ ചതുപ്പുനിലങ്ങൾ പാക്കിസ്ഥാൻ കൈയേറിയതോടെയാണു് യുദ്ധത്തിലെ തിരശ്ശീല ഉയരുന്നതു്. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി ബൽവന്തറായ് മേത്ത പാക്കിസ്ഥാന്റെ ആക്രമണത്തിൽ വിമാനം തകർന്നു മരിച്ചതു് വലിയ കോളിളക്കമുണ്ടാക്കി. യുദ്ധകാലത്തു് ഒട്ടേറെ മുസ്ലിംകളെ ദേശരക്ഷാനിയമമുപയോഗിച്ചു് കരുതൽതടങ്കലിൽ പാർപ്പിച്ചു. മുസ്ലിംകളെല്ലാം പാക്കിസ്ഥാൻ ചാരന്മാരാണെന്നു് തൽപരകക്ഷികൾ പ്രചരിപ്പിച്ചു. ഗവർണറായിരുന്ന നവാബ് മെഹ്ദി നവാസ് ജംഗി നെപ്പറ്റിവരെ ആക്ഷേപമുണ്ടായി.

images/Nawab_Mehdi_Nawaz_Jung.jpg
നവാബ് മെഹ്ദി നവാസ് ജംഗ്

1939 മുതൽ ഗുജറാത്തിൽ ആർ. എസ്. എസ്. ശാഖകൾ പ്രവർത്തിക്കുന്നുണ്ടു്. അറുപതുകളിൽ ആർ. എസ്. എസ്. പ്രവർത്തനം ശക്തമായി. നഗരങ്ങളിലെ മധ്യവർഗക്കാരിലും ബുദ്ധിജീവികളിലും ജനസംഘം പിടിമുറുക്കി. 1966-ൽ ജനസംഘത്തിന്റെ നേതൃത്വത്തിൽ നടന്ന ഗോവധനിരോധ സമരം രാജ്യവ്യാപകമായി സാമുദായിക സംഘർഷമുണ്ടാക്കി. 1966-ലെ ഗാന്ധിജയന്തിദിനത്തിൽ മഹാരാഷ്ട്രയിലെ വാഷ്മിൽ ഗോസംരക്ഷണജാഥക്കുനേരെ കല്ലേറുണ്ടായി. ഗോസംരക്ഷകർ തിരിച്ചടിച്ചു. കത്തിക്കുത്തായി. പൊലീസ് വെടിവെപ്പിൽ 11 പേർ പരലോകപ്രാപ്തരായി.

1967-ലെ തെരഞ്ഞെടുപ്പിൽ മുസ്ലിംകൾ കോൺഗ്രസിനെ കൈയൊഴിഞ്ഞു. കോൺഗ്രസ് സർക്കാറിന്റെ ചിറ്റമ്മനയത്തെ കഠിനമായി അപലപിച്ച മുസ്ലിം മജ്ലിസെ മുശാവറ സ്വതന്ത്ര പാർട്ടിയെ പിന്താങ്ങാൻ തീരുമാനിച്ചു. മിക്ക സംസ്ഥാനങ്ങളിലും സ്വതന്ത്ര പാർട്ടി ഭാരതീയ ജനസംഘവുമായി ധാരണയുണ്ടാക്കിയാണു് മൽസരിക്കുന്നതു് എന്നകാര്യം മുശാവറ ഗൗനിച്ചില്ല. കോൺഗ്രസിനു കനത്ത തിരിച്ചടിയുണ്ടായി. ബീഹാറിലും മധ്യപ്രദേശിലും പഞ്ചാബിലും ജനസംഘത്തിനു് പങ്കാളിത്തമുള്ള സർക്കാറുകളുണ്ടായി. ഇന്ത്യൻ പാർലമെന്റിൽ സ്വതന്ത്ര പാർട്ടിക്കു് 44-ഉം ജനസംഘത്തിനു 35-ഉം അംഗങ്ങളായി. (പിരിച്ചുവിട്ട സഭയിൽ ജനസംഘക്കാർ 12 പേരായിരുന്നു.) കോൺഗ്രസ് അധികാരം നിലനിറുത്തി. ജനസംഘത്തിനും ഏതാനും അംഗങ്ങളെ കിട്ടി.

images/Madhav_Sadashiv_Golwalkar.png
ഗോൾവാൾക്കർ

ജംഇയ്യത്തുൽ ഉലമയുടെ ആഭിമുഖ്യത്തിൽ 1968 ജൂൺ രണ്ടിനു് അഹമദാബാദിൽ നടന്ന സമ്മേളനത്തിൽ അലിഗർ സർവകലാശാലയുടെ സ്വഭാവത്തിൽ മാറ്റംവരുത്തരുതെന്നും സർക്കാർ ഉദ്യോഗസ്ഥരായ മുസ്ലിംകൾക്കു് വെള്ളിയാഴ്ചത്തെ പ്രാർത്ഥനക്കു പ്രത്യേക സൗകര്യം ചെയ്തുകൊടുക്കണമെന്നും ആവശ്യപ്പെട്ടു് പ്രമേയങ്ങൾ പാസായതും ചിലർക്കു പിടിച്ചില്ല. പ്രമേയങ്ങളെ അപലപിച്ചുകൊണ്ടുള്ള ലേഖനങ്ങൾ പത്രങ്ങളിൽ നിറഞ്ഞു. ഗുരുജി ഗോൾവാൾക്കർ അഹമദാബാദിൽ വന്നു് ഹിന്ദുരാഷ്ട്രത്തിന്റെ പ്രസക്തിയെയും പ്രാധാന്യത്തെയും പറ്റി ദീർഘമായി പ്രസംഗിച്ചു.

images/Khan_Abdul_Ghaffar_Khan.jpg
ഖാൻ അബ്ദുൽ ഗാഫർഖാൻ

ജറുസലമിലെ അൽ അഖ്സ പള്ളിയിൽ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ചു് 1969 സെപ്റ്റംബർ ആദ്യവാരത്തിൽ ഗുജറാത്തിലെമ്പാടും പ്രകടനങ്ങൾ നടന്നു. ഇസ്ലാമിനെ തൊട്ടാൽ തൊട്ടവനെ തട്ടും (ജോ ഇസ്ലാം സേ കരേഗാ ദുനിയാ സേ മിൽ ജായേഗാ) എന്ന മട്ടിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴങ്ങി. തൊട്ടുപിന്നാലെ ജനസംഘനേതാവു് പ്രൊഫ. ബാൽരാജ് മഥോക് ഗുജറാത്തിൽ പ്രസംഗപര്യടനം നടത്തി. 1965-ലെ യുദ്ധകാലത്തു് പാക്കിസ്ഥാൻ ദ്വാരകയിലെ ക്ഷേത്രം ആക്രമിച്ചപ്പോൾ ഒരക്ഷരം മിണ്ടാത്തവരാണു് ഇപ്പോൾ അനേകം മൈൽ അകലെയുള്ള പള്ളിയെപ്പറ്റിയൊച്ചപ്പാടുണ്ടാക്കുന്നതു്—മഥോക് ആക്ഷേപിച്ചു.

സെപ്റ്റംബർ 18-നു് വൈകീട്ടു് രണ്ടു ഹിന്ദു സന്ന്യാസിമാർ തെളിച്ചുകൊണ്ടു പോയ കന്നുകാലിക്കൂട്ടത്തിൽനിന്നു് ഒരു പശു വിരണ്ടോടി ഒരു മുസ്ലിം സ്ത്രീയെയും രണ്ടു കുട്ടികളെയും തട്ടിമറിച്ചിട്ടതായിരുന്നു ലഹള തുടങ്ങാനുള്ള പ്രകോപനം. ചില മുസ്ലിം യുവാക്കൾ സ്ത്രീയുടെ പക്ഷം ചേർന്നു് വക്കാണത്തിനു് ചെന്നപ്പോൾ സന്ന്യാസികൾ ജീവനും കൊണ്ടോടി. അവർ സമീപത്തുള്ള ജഗന്നാഥ ക്ഷേത്രത്തിൽ അഭയം തേടിയപ്പോൾ ക്ഷേത്രത്തിനു നേർക്കായി കല്ലേറു്. 13 സന്ന്യാസികൾക്കു് പരിക്കേറ്റു. ക്ഷേത്രത്തിനും കേടുപാടുകൾ സംഭവിച്ചു.

images/Morarji_Desai.jpg
മൊറാർജി ഭായി

പിറ്റേദിവസത്തെ പത്രങ്ങൾ അതിശയോക്തിപരവും പ്രകോപനപരവുമായ വാർത്തകൾ പ്രസിദ്ധീകരിച്ചു. ഉച്ചയായപ്പോഴേക്കും മതിലുകളിലെങ്ങും പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. കടകൾ അടഞ്ഞു. ഫാക്ടറികൾ പ്രവർത്തനം നിറുത്തി ക്രിമിനൽ നടപടി നിയമത്തിലെ 144-ാം വകുപ്പുപ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിരോധനാജ്ഞ തൃണവൽഗണിച്ചു ഹിന്ദു ധർമരക്ഷാ സമിതി പൊതുസമ്മേളനം നടത്തി. മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴങ്ങി. ആ രാത്രിതന്നെ കലാപം പൊട്ടിപ്പുറപ്പെട്ടു. മുസ്ലിംകളുടെ കടകൾ കൊള്ളയടിക്കുകയോ കത്തിക്കുകയോ ചെയ്തു. ജനസംഘക്കാർക്കായിരുന്നു നേതൃത്വമെങ്കിലും കോൺഗ്രസുകാരും സ്വതന്ത്ര പാർട്ടിക്കാരും (മുശാവറ നീണാൽ വാഴട്ടെ!) ലഹളയിൽ തങ്ങളുടെ പങ്കു് ഭംഗിയായി നിർവഹിച്ചു. സബ്കോ സമ്മതി ദേ ഭഗ്വാൻ എന്ന പ്രാർഥനയോടെ പൊലീസുകാർ കൈകെട്ടിനിന്നു. ശുദ്ധ ഗാന്ധിയനും മൊറാർജി ഭായി യുടെ ഉറ്റ അനുചരനുമായ ഹിതേന്ദ്ര ദേശായി യായിരുന്നു അന്നത്തെ ഗുജറാത്ത് മുഖ്യൻ. അഹമദാബാദ് കത്തിയെരിയുമ്പോൾ ദേശായി കാലിന്മേൽ കാലും കയറ്റി അനങ്ങാതെയിരുന്നു. (അദ്ദേഹത്തിനു വീണവായന അറിയില്ലായിരുന്നു). ലഹള തുടങ്ങിയ ഉടനെ അടിച്ചമർത്തിയിരുന്നെങ്കിൽ ഹൈന്ദവവികാരം മുതലെടുത്തു് പിന്നത്തെ തെരഞ്ഞെടുപ്പിൽ ജനസംഘം അധികാരത്തിൽ വന്നേനെയെന്നാണു് ഒരു കോൺഗ്രസ് നേതാവു് പിന്നിടു് ന്യായീകരിച്ചതു്. സെപ്റ്റംബർ 20-നു് ഗാന്ധിജിയുടെ സബർമതി ആശ്രമത്തിനുനേർക്കുപോലും ആക്രമണമുണ്ടായി. 23-ാം തീയതി പട്ടാളം രംഗത്തിറങ്ങിയതോടെയാണു് നഗരം ശാന്തമായതു്. അപ്പോഴേക്കും മരണസംഖ്യ ആയിരം കടന്നു.

images/Hitendra_Desai.jpg
ഹിതേന്ദ്ര ദേശായി

അഹമദാബാദിന്റെ മാറ്റൊലി മറ്റു നഗരങ്ങളിലുമുണ്ടായി. കൊള്ളയും കൊള്ളിവെപ്പും പൊലീസ് വെടിവെപ്പും നിത്യസംഭവങ്ങളായി. മഹാത്മാവിന്റെ ജന്മശതാബ്ദിയാഘോഷത്തിൽ പങ്കെടുക്കാനായി ഇന്ത്യയിലെത്തിയ ഖാൻ അബ്ദുൽ ഗാഫർഖാനെ സാമുദായിക ലഹളകൾ ഖിന്നനാക്കി. ഗുരുവിന്റെ വഴിതന്നെ ശിഷ്യനും പിന്തുടർന്നു. ഒക്ടോബർ മൂന്നു മുതൽ മൂന്നു ദിവസം അതിർത്തി ഗാന്ധി ഉപവസിച്ചു. അനുഭാവസൂചകമായി ഗുജറാത്ത് ഗവർണർ ശ്രീമൻ നാരായണനും ഒരുദിവസം ഭക്ഷണം വെടിഞ്ഞു.

സാമുദായിക സൗഹാർദത്തിനുവേണ്ടി മഹാത്മാഗാന്ധി എത്രവലിയ സത്യാഗ്രഹങ്ങൾ നടത്തിയതാണു്. ഹിന്ദുക്കളുടെയോ മുസ്ലിംകളുടെയോ മനോഭാവത്തിൽ എന്തെങ്കിലും മാറ്റമുണ്ടായോ? ഒന്നുമുണ്ടായില്ല എന്നതാണു് സത്യം.

1924 സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 8 വരെ 21 ദിവസം നീണ്ട ഉപവാസമായിരുന്നു ഇക്കൂട്ടത്തിൽ ഏറ്റവും ഉഗ്രം. സെപ്റ്റംബർ 9, 10 തീയതികളിൽ ദൽഹിക്കടുത്തു് കോഹട്ടിൽ ഉണ്ടായ ഹിന്ദു-മുസ്ലിം ലഹളയെതുടർന്നാണു് സാമുദായികമൈത്രിക്കായി ഗാന്ധിജി ഉപവസിച്ചതു്. സെപ്റ്റംബർ 17-നു് മൗലാനാ മുഹമ്മദലി യുടെ ഭവനത്തിൽവെച്ചാണു് ഉപവാസതീരുമാനം പ്രഖ്യാപിച്ചതു്.

images/Molana-Muhammad-Ali.jpg
മൗലാനാ മുഹമ്മദലി

ഏഴുവർഷത്തിനുശേഷം മൗലാനാ മുഹമ്മദലി യുടെ മരണംപോലും വർഗീയകലാപത്തിനു് കാരണമാകുന്നതു് കാണാൻ മഹാത്മാവിനു് യോഗമുണ്ടായി. വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കാനായി ലണ്ടനിലെത്തിയ മുഹമ്മദലി 1931 ജനുവരി നാലിനു് നിര്യാതനായി. ജറൂസലമിലാണു് ഖബറടക്കം നടത്തിയതു്. ആ സമയത്തു് ഗാന്ധിജി യർവാദാ ജയിലിലായിരുന്നു. അതേവർഷം മാർച്ച് 23-നു ഭഗത്സിംഗിനെ യും രാജ്ഗുരു, സുഖ്ദേവ് എന്നിവരെയും ലാഹോർ ജയിലിൽ കഴുമരത്തിലേറ്റി. തൂക്കിക്കൊലയിൽ പ്രതിഷേധിച്ചു് രാജ്യത്തെമ്പാടും ഹർത്താലാചരിച്ചു. കാൺപൂരിൽ പക്ഷേ, ഹർത്താൽ ഭാഗികമായിരുന്നു. മുസ്ലിം വ്യാപാരികൾ കടയടയ്ക്കാൻ വിസമ്മതിച്ചു. മൗലാനാ മുഹമ്മദലി മരിച്ചപ്പോൾ ഹിന്ദുക്കൾ കടയടിച്ചില്ല. അതുകൊണ്ടു് ഭഗത്സിംഗി നെ തൂക്കിയാൽ ഞങ്ങളും അടയ്ക്കില്ല. വിലാപയാത്ര കഴിഞ്ഞുവന്നു് ഹിന്ദുക്കൾ പകരം ചോദിച്ചു. അടി കലശലായി. പിറ്റേദിവസം കടകൾ കത്തിച്ചു. കോൺഗ്രസ് നേതാവും പത്രപ്രവർത്തകനുമായിരുന്ന ഗണേശ്ശങ്കർ വിദ്യാർത്ഥിലഹളക്കാരുടെ കുത്തേറ്റുമരിച്ചു. മൊത്തം മരണസംഖ്യ 166.

images/Bhagat_Singh.jpg
ഭഗത്സിംഗ്

1946–48 കാലഘട്ടത്തിൽ ഗാന്ധിജിക്കു് പിടിപ്പതു് പണിയായിരുന്നു. 1946 ആഗസ്റ്റ് 16-നു മുസ്ലിംലീഗുകാർ പ്രത്യക്ഷസമരദിനം കൊണ്ടാടി. കൽക്കത്തയിൽ ആയിരക്കണക്കിനു് ഹിന്ദുക്കൾ കൊല്ലപ്പെട്ടു. 18-നു ഹിന്ദുക്കൾ തിരിച്ചടിച്ചു. മൃതദേഹങ്ങൾ തെരുവിൽ കാക്കയും കഴുകനും കൊത്തിവലിച്ചു. ഗുലാം സൽവാർ എന്ന സ്ഥലം എം. എൽ. എ.-യുടെ നേതൃത്വത്തിൽ നവഖാലിയിൽ ഹിന്ദുക്കൾക്കെതിരെ ആക്രമം തുടങ്ങി. അതിന്റെ പ്രതിധ്വനി ബീഹാറിലെ ആറു ജില്ലകളിലുണ്ടായി. ആക്രമം തുടർന്നാൽ താൻ മരണംവരെ നിരാഹാരസത്യഗ്രഹം നടത്തുമെന്നു് ഗാന്ധിജി ഭീഷണി മുഴക്കി. 1946 നവംബർ ഏഴു മുതൽ 47 മാർച്ച് രണ്ടുവരെ നവ്ഖാലിയിലെ വിവിധ ഗ്രാമങ്ങളിൽ പദയാത്ര നടത്തി. ഹിന്ദു-മുസ്ലിം മൈത്രിയുടെ സന്ദേശം പ്രചരിപ്പിച്ചു. അനന്തരം ബിഹാറിലെത്തി ഇതേ നടപടി അവിടെയും ആവർത്തിച്ചു.

images/Raj_guru.jpg
രാജ്ഗുരു

1930 മാർച്ച് 12-നു ഗാന്ധിജിയും അനുചരരും ഉപ്പുസത്യഗ്രഹത്തിനു് ദണ്ഡിയിലേക്കു പുറപ്പെട്ടതു് അഹമദാബാദിലെ സബർമതി ആശ്രമത്തിൽനിന്നായിരുന്നു. പൂർണസ്വാതന്ത്ര്യം നേടിയ ശേഷമേ ഇനി സബർമതിയിൽ തിരികെ പ്രവേശിക്കുവെന്നു് തദവസരത്തിൽ പ്രതിജ്ഞയെടുത്തിരുന്നു. മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യം വിഭജിക്കപ്പെടും എന്നുറപ്പായപ്പോൾ ഗാന്ധിജി വിലപിച്ചു “പൂർണ സ്വാതന്ത്ര്യം ഇപ്പോഴും അകലെയാണു്… സബർമതി വളരെ ദൂരെയാണു് നവ്ഖാലി സമീപത്തും.” ആഗസ്റ്റ് 15 നമ്മുടെ വിചാരണാദിനമാണു്. സ്വാതന്ത്ര്യപ്രാപ്തി ആഘോഷിക്കാനുള്ളതല്ല. അതു് ഉപവാസത്തിനും നൂൽക്കാനും പ്രാർഥിക്കാനുമുള്ള ദിവസമാണു്.

images/Sukh_dev.jpg
സുഖ്ദേവ്

മഹാത്മാവിന്റെ പ്രാർത്ഥനകൾ വ്യഥാവിലായി. വിഭജനത്തെതുടർന്നു് ചോരപ്പുഴയൊഴുകി. പാക്കിസ്ഥാനിൽനിന്നു് ഇന്ത്യയിലേക്കും തിരിച്ചും അഭയാർഥിപ്രവാഹമുണ്ടായി. ഹിന്ദുവും മുസൽമാനും സിഖുകാരനും കത്തിയെടുത്തു് ഉപവാസം ആരംഭിച്ചു. നാലാം തീയതിയാകുമ്പോഴേക്കും നഗരം ശാന്തമായി. വിവിധ സമുദായ നേതാക്കൾ അഭ്യർഥിച്ചതനുസരിച്ചു് ഉപവാസം അവസാനിപ്പിച്ചു. 1948 ജനുവരി 13 മുതൽ 18 വരെ ദൽഹിയിൽ വീണ്ടും ഉപവാസം 30-നു സാമുദായിക സൗഹാർദത്തിന്റെ ബലിപീഠത്തിൽ ജീവത്യാഗം.

images/V_P_Singh.jpg
വി. പി. സിംഗ്

ഗുജറാത്തിനെ സംബന്ധിച്ചിടത്തോളം എൺപതുകളുടെ അന്ത്യംവരെ ഒരു പ്രബല രാഷ്ട്രീയശക്തിയല്ലായിരുന്നു ബി. ജെ. പി. 1980-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അവർക്കു് ഒമ്പതുസീറ്റേ ലഭിച്ചുള്ളു. ‘85-ൽ 12 സീറ്റുകൾ നേടി. എന്നാൽ 1989 ആകുമ്പോഴേക്കും സ്ഥിതിഗതികൾ പാടേ മാറി. അയോധ്യയിലെ ശിലാന്യാസത്തിന്റെ പശ്ചാത്തലത്തിൽ നാടൊട്ടുക്കു് രാമശിലാപൂജകൾ സംഘടിപ്പിച്ചു് സാമുദായികവികാരം ആളിക്കത്തിച്ചു. ഗോധ്രയിൽ രാമശിലാഘോഷയാത്രക്കുനേരെ കല്ലേറുണ്ടായി. അതേതുടർന്നു വർഗീയലഹള പൊട്ടിപ്പുറപ്പെട്ടു. 1990 ഫെബ്രുവരിയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 33 സീറ്റ് മാത്രം ജയിച്ചു് പ്രതിപക്ഷത്തായി. ബി. ജെ. പി. 66-ലും ഘടകകക്ഷിയായ ജനതാദൾ 70-ലും വിജയിച്ചു. ജനതാദളിലെ ചിമൻഭായ് പട്ടേൽ ബി. ജെ. പി.യുടെ പങ്കാളിത്തത്തോടെ കൂട്ടുമന്ത്രിസഭയുണ്ടാക്കി. ഒരു വർഷത്തിനകം അഖിലേന്ത്യാടിസ്ഥാനത്തിൽ ദൾ-ബി. ജെ. പി. സഖ്യം ശിഥിലമായി. ഗുജറാത്ത് മന്ത്രിസഭയിൽനിന്നു് അവർ പിന്മാറി.

images/Lal_Krishna_Advani.jpg
ലാൽകൃഷ്ണ അദ്വാനി

വി. പി. സിംഗ് മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിലൂടെ തങ്ങളുടെ ഹിന്ദു വോട്ടുബാങ്ക് തകർക്കാനാണു് ശ്രമിക്കുന്നതെന്നു തിരിച്ചറിഞ്ഞപ്പോൾ ബി. ജെ. പി. വീണ്ടും അയോധ്യാപ്രശ്നം ആളിക്കത്തിച്ചു. 1990 ഒക്ടോബർ 30-നു അയോധ്യയിൽ കർസേവ നടത്തുമെന്നും അതിന്റെ മുന്നോടിയായി അദ്വാനി രഥയാത്ര നടത്തുമെന്നും പ്രഖ്യാപനമുണ്ടായി. സെപ്റ്റംബർ 25-നു് ഗുജറാത്തിലെ സോമനാഥക്ഷേത്രത്തിൽനിന്നു് അദ്വാനിയുടെ എയർകണ്ടീഷൻ ചെയ്ത ഡി. സി. എം. ടൊയോട്ട പ്രയാണം ആരംഭിച്ചു. ഗസ്നിയിലെ മഹ്മൂദിന്റെ ആക്രമണത്തിലും പിന്നീടു് ഔറാംഗസിബിന്റെ ഭരണകാലത്തും തകർക്കപ്പെട്ട സോമനാഥക്ഷേത്രം സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം സർദാർ പട്ടേലി ന്റെ ഉൽസാഹത്തിൽ പുനർനിർമിക്കപ്പെട്ടതാണു്. ആ നിലക്കു് പ്രതീകാത്മകമായ പ്രാധാന്യവുമുണ്ടു് സോമനാഥക്ഷേത്രത്തിനു്.

images/Sardar_patel.jpg
സർദാർ പട്ടേൽ

ഒക്ടോബർ 23-നു ബീഹാറിലെ സമസ്തിപൂരിൽവെച്ചു് രഥം തടയപ്പെട്ടു. അന്നുതന്നെ കേന്ദ്രസർക്കാറിനുള്ള പിന്തുണ ബി. ജെ. പി. പിൻവലിക്കുകയും ചെയ്തു. നവംബർ ഏഴിനു് മന്ത്രിസഭ രാജിവെച്ചു. നിരോധനാജ്ഞ ലംഘിച്ചു് കർസേവക്കൊരുങ്ങിയവർക്കുനേരെ വെടിവെപ്പുണ്ടായി. നിരവധി പേർ മരിച്ചു. 1991 മേയിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും ബി. ജെ. പി.യുടെ മുഖ്യവിഷയം രാമക്ഷേത്രമായിരുന്നു. “സരയുനദിയുടെ ഗദ്ഗദവും അയോധ്യയുടെ വേദനയും കർസേവകരുടെ രക്തസാക്ഷിത്വവും നിങ്ങൾ ഓർമിക്കുക. അമ്മമാരേ യുവാക്കളേ ഒരു ഹിന്ദുവും രാമക്ഷേത്രത്തിൽനിന്നു് മുഖം തിരിക്കാനാവില്ല. രാമന്റെ ഒരു ശത്രുവിനെയും നമ്മൾ വെറുതെ വിട്ടുകൂടാ…”

ഗുജറാത്തിന്റെ തലസ്ഥാനമായ ഗാന്ധിനഗറിൽ ലാൽകൃഷ്ണ അദ്വാനി വന്നു് അങ്കം കുറിച്ചു. (പാവം ഗാന്ധി!) അദ്ദേഹം വൻ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു. സംസ്ഥാനത്തെ 26 ലോക് സഭാ മണ്ഡലങ്ങളിൽ 20-ഉം ബി. ജെ. പി. പിടിച്ചു.

images/Keshubhai_Patel.jpg
കേശുഭായ് പട്ടേൽ

1992 ഡിസംബർ ആറിനു് ബാബരി മസ്ജിദ് തകർന്നുവീണു. അതേതുടർന്നു ഗുജറാത്തിലെ പല നഗരങ്ങളിലും സാമുദായിക ലഹളകളുണ്ടായി അഹമദാബാദിലും സൂറത്തിലും കലാപം ആളിക്കത്തി. പൊലീസുകാർ പതിവുപോലെ നിസ്സംഗത പാലിച്ചു. സംസ്ഥാനത്തെ മരണസംഖ്യ 246. 1995 മാർച്ച് ആദ്യം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റക്കു് മൽസരിച്ച ബി. ജെ. പി. മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ അധികാരത്തിലേറി. 182 അംഗ നിയമസഭയിൽ ബി. ജെ. പി.-ക്കു കിട്ടിയതു് 121. തലമുതിർന്ന നേതാക്കളായ കേശുഭായ് പട്ടേലും ശങ്കർസിംഗ് വഗേല യും മുഖ്യമന്ത്രിസ്ഥാനം മോഹിച്ചു. ഇരുവരും സ്വയംസേവകർ. പട്ടേൽ സവർണനെങ്കിൽ വഗേല പിന്നാക്ക സമുദായക്കാരൻ. വഗേല വാജ്പേയി യുടെ ആരാധകൻ: പട്ടേൽ അദ്വാനി യുടെ അടുത്ത ശിങ്കിടി. എം. എൽ. എ.-മാർ അധികവും പട്ടേലിന്റെ ഭാഗത്തായിരുന്നതിനാലും അന്നു് അദ്വാനി യുടെ സുവർണകാലമായിരുന്നതിനാലും കേശുഭായ് മുഖ്യനായി.

images/Shankersinh_vaghela.jpg
ശങ്കർസിംഗ് വഗേല

ഏഴു മാസത്തിനകം കലാപം പൊട്ടിപ്പുറപ്പെട്ടു. പട്ടേലി ന്റെയും പാർട്ടി ജനറൽ സെക്രട്ടറി നരേന്ദ്ര മോഡി യുടെയും കെടുകാര്യസ്ഥതക്കെതിരെ വഗേല പരസ്യമായി രംഗത്തു വന്നു. 54 എം. എൽ. എ.-മാർ വഗേലക്കു് പിന്തുണ നൽകി. 1995 ഒക്ടോബറിൽ കേശുഭായി യെ ഒഴിവാക്കി. സുരേഷ് മേത്ത മുഖ്യമന്ത്രിയായി. 1996 സെപ്റ്റംബർ 19-നു് മേത്തയുടെ മന്ത്രിസഭയെ കേന്ദ്രം ഡിസ്മിസ് ചെയ്തു. ഇതിനോടകം ശുദ്ധ ‘മതേതര’നായി മാറിക്കഴിഞ്ഞിരുന്ന ശങ്കർസിംഗ് വഗേല കോൺഗ്രസ് പിന്തുണയോടെ ബദൽ മന്ത്രിസഭയുണ്ടാക്കിയെങ്കിലും അധികകാലം പിടിച്ചുനിൽക്കാനായില്ല.

images/Atal_Bihari_Vajpayee.jpg
വാജ്പേയി

1996 മെയ് മാസത്തിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി. ജെ. പി. 16 ഇടത്തു് വിജയിച്ചു. ഹവാലാ കേസിൽപെട്ട അദ്വാനി മൽസരരംഗത്തുനിന്നു് വിട്ടുനിന്നു. ഗാന്ധിനഗർ സീറ്റിൽ എ. ബി. വാജ്പേയി മൽസരിച്ചു ജയിച്ചു. 1998 ഫ്രെബ്രുവരിയിൽ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം ഗുജറാത്ത് നിയമസഭയിലേക്കും വോട്ടെടുപ്പ് നടന്നു. ലോക്സഭാ സീറ്റുകൾ 16-ഉം ബി. ജെ. പി. നിലനിറുത്തി. ഗാന്ധിനഗറിൽനിന്നു് അദ്വാനി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. നിയമസഭയിലേക്കു് ബി. ജെ. പി. 117-ൽ വിജയിച്ചപ്പോൾ കോൺഗ്രസിനു് 53-ഉം വഗേല യുടെ ആർ. ജെ. പി.-ക്കു് മൂന്നും സീറ്റേ കിട്ടിയുള്ളു. മുൻ മുഖ്യമന്ത്രി ഛബിൽദാസ് ഗുപ്ത, പി. സി. സി. പ്രസിഡന്റ് ഡി. സി. പട്ടേൽ, ആർ. ജെ. പി. നേതാക്കളായ ദീലീപ് പരേഖ്, വിപുൽ ചൗധരി എന്നിവരൊക്കെ തോറ്റുതൊപ്പിയിട്ടു. കേശുഭായ് പട്ടേൽ ഒരിക്കൽകൂടി സംസ്ഥാനത്തിന്റെ ഭരണസാരഥ്യം ഏറ്റെടുത്തു.

കേശുഭായിയുടെ ഭരണകാലത്തു് സംസ്ഥാനത്തു് സാമുദായിക സംഘർഷം വ്യാപിച്ചു. ഇത്തവണ ക്രിസ്ത്യാനികളുടെ നേർക്കാണു് സംഘപരിവാർ ശ്രദ്ധകേന്ദ്രീകരിച്ചതു്. ഗുജറാത്തിലെ ആദിവാസി മേഖലയിൽ നടക്കുന്ന മതപരിവർത്തനങ്ങളെപ്പറ്റി ആർ. എസ്. എസ്. നേതൃത്വം ആശങ്കാകുലരായിരുന്നു. തെക്കൻ ഗുജറാത്തിലെ ഡാങ്സ് ജില്ലയിൽ 1981-നു ശേഷം ക്രിസ്ത്യാനികളുടെ എണ്ണം 416 മടങ്ങു് വർധിച്ചിട്ടുണ്ടെന്നു് വിശ്വഹിന്ദു പരിഷത്ത് ആരോപിച്ചു. മതപരിവർത്തനത്തിനായി മാത്രം വിവിധ ക്രിസ്ത്യൻ ഗ്രൂപ്പുകൾ പ്രതിവർഷം 4500 കോടി രൂപ ഇന്ത്യയിൽ ചെലവഴിക്കുന്നുണ്ടെന്നും അവർ കുറ്റപ്പെടുത്തി.

images/Narendra_Modi.jpg
നരേന്ദ്ര മോഡി

തുടക്കം രാജ്കോട്ടിലായിരുന്നു ഐ. പി. മിഷൻ സ്കൂളിലെ ഹിന്ദുവിദ്യാർത്ഥിനികൾക്കു് അധ്യാപകർ ബൈബിൾ വിതരണം ചെയ്തതിൽ പ്രതിഷേധിച്ചു ബജറംഗ്ദൾ പ്രവർത്തകർ സ്കൂളിലെത്തി ബൈബിൾ കത്തിച്ചു. ജൂലൈ മധ്യത്തിൽ വസ്തുതർക്കത്തെതുടർന്നു് സൂറത്ത് ജില്ലയിലെ ഒരു ഗ്രാമത്തിൽ ഹിന്ദു-ക്രിസ്ത്യൻ ആദിവാസികൾ തമ്മിൽ ഏറ്റുമുട്ടി. മിഷനറിമാർ നടത്തുന്ന സ്കൂൾകെട്ടിടം തകർക്കപ്പെട്ടു. ഇരുഭാഗത്തും സ്വത്തുനാശമുണ്ടായി.

ക്രിസ്ത്യാനികളായ ആദിവാസികൾ ഒരു ഹിന്ദുക്ഷേത്രം ആക്രമിച്ചു് വിഗ്രഹം തകർക്കുകയും ശ്രീകോവിലിൽ കുരിശു് നാട്ടുകയും ചെയ്തതാണു് പ്രകോപനമെന്നു പറയുന്നു. ബജറംഗ്ദൾ ആഞ്ഞടിച്ചു. 1998 ഡിസംബറിലെ അവസാനത്തെയാഴ്ച ഹിന്ദു-ക്രിസ്ത്യൻ ഏറ്റുമുട്ടലുകൾ കൊണ്ടു് ഡാങ്സ് ജില്ല വാർത്താപ്രാധാന്യം നേടി. ആറു പള്ളികളും രണ്ടു സ്കൂളുകളും നിരവധി വാഹനങ്ങളും അഗ്നിക്കിരയായി. സൂറത്ത് ജില്ലയിലേക്കും ആക്രമം വ്യാപിച്ചു. അവിടെയും രണ്ടു പള്ളികൾ ചാമ്പലായി. 1998-ന്റെ രണ്ടാം പകുതിയിൽ തെക്കൻ ഗുജറാത്തിൽ മാത്രം ക്രിസ്ത്യാനികൾക്കെതിരെ 40 അക്രമ സംഭവങ്ങളുണ്ടായി.

ഏതാണ്ടു് ഇതേകാലത്തുതന്നെയാണു് മധ്യപ്രദേശിലെ ഝാബുവായിൽ കന്യാസ്ത്രീകളെ മാനഭംഗപ്പെടുത്തിയതും ഒറീസയിലെ മനോഹർപൂരിൽ ഗ്രഹാം സ്റ്റ്യൂവർട്ട് സ്റ്റെയിൻസ് എന്ന മിഷനറിയെയും രണ്ടു കുട്ടികളെയും ചുട്ടുകൊന്നതും. ക്രിസ്ത്യാനികൾക്കെതിരായ അക്രമം ലോകവ്യാപകമായ പ്രതിഷേധത്തിനിടയാക്കി. “കൊലപാതകം കൊലപാതകവും ബലാൽസംഗം, ബലാൽസംഗവുമാണു്. കുറ്റവാളി ഏതു ജാതിക്കാരനോ സമുദായക്കാരനോ എന്നതു് പ്രശ്നമല്ല”—പ്രധാനമന്ത്രി പ്രഖ്യാപിച്ചു. 1999 ജനുവരി 30-നു് (രക്തസാക്ഷിദിനം) ഉപവാസമനുഷ്ഠിച്ചു വാജ്പേയി മഹാത്മഗാന്ധി യുടെ പാത പിന്തുടർന്നു.

images/TN_Seshan.jpg
ടി. എൻ. ശേഷൻ

കാർഗിൽയുദ്ധം കൊടുമ്പിരിക്കൊണ്ട 1999 ജൂലൈയിൽ അഹമദാബാദിൽ സാമുദായിക സംഘർഷം ഉടലെടുത്തു. ലോകകപ്പ് ക്രിക്കറ്റ് മൽസരത്തിൽ ഇന്ത്യ പാക്കിസ്ഥാനെ തോൽപിച്ചതായിരുന്നു പ്രകോപനം. ആഹ്ലാദപ്രകടനം നടത്തിയ ബജ്റംഗ്ദൾ പ്രവർത്തകർ പാക്കിസ്ഥാനും മുസ്ലിംകൾക്കുമെതിരെ ആഭാസകരമായ മുദ്രാവാക്യങ്ങൾ മുഴക്കി. പ്രകോപിതരായ മുസ്ലിം യുവാക്കൾ അവരെ ചോദ്യം ചെയ്തു. ജൂലൈ 20-നും ആഗസ്റ്റ് ഒന്നിനുമിടക്കു് സ്ഥിതിഗതികൾ നിയന്ത്രണാതീതമായി. 27-ാം തീയതി നാലുപേർകത്തിക്കുത്തിൽ മരിച്ചു. ലക്ഷക്കണക്കിനു് രൂപയുടെ സ്വത്തുക്കൾ അഗ്നിക്കിരയായി. ഗണേശ് ഉൽസവത്തോടുനുബന്ധിച്ചു സൂറത്തിലും സെപ്റ്റംബറിൽ ചെറുകിടലഹളകളുണ്ടായി.

സംസ്ഥാനത്തു് നിലനിന്ന സാമുദായിക സംഘർഷവും ഹിന്ദുത്വവികാരവും 1999 ഒക്ടോബറിലെ തെരഞ്ഞെടുപ്പിൽ ബി. ജെ. പി.-ക്കു് ഗുണകരമായി. 20 ലോക്സഭാ സീറ്റുകൾ പാർട്ടി കൈയടക്കി. ടി. എൻ. ശേഷൻ എതിരാളിയായി വന്നിട്ടും ഗാന്ധിനഗറിൽ അദ്വാനി വിജയിച്ചു. കോൺഗ്രസ് ടിക്കറ്റിൽ മൽസരിച്ച ശങ്കർസിംഗ് വഗേല യും തെരഞ്ഞെടുക്കപ്പെട്ടു.

ഭരണത്തിന്റെ നാനാമേഖലകളിലും പരാജയമെന്നു തെളിയിച്ച കേശുഭായ് പട്ടേലി നെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നു മാറ്റാൻ കേന്ദ്രനേതൃത്വം നിർബന്ധിതമായി. ആർ. എസ്. എസ്. പ്രചാരകനായിരുന്ന നരേന്ദ്രമോഡി ക്കാണു് മുഖ്യമന്ത്രിയാകാൻ കുറിവീണതു്. ഇക്കഴിഞ്ഞ ദിവസമാണു് മോഡി രാജ്കോട്ടിൽനിന്നു് നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടതു്. 1998-ൽ ബി. ജെ. പി. സ്ഥാനാർഥിക്കു് ലഭിച്ചതിന്റെ പകുതി ഭൂരിപക്ഷമേ മുഖ്യമന്ത്രിയായിരുന്നിട്ടും മോഡിക്കു് കിട്ടിയുള്ളു. കേശുഭായ് പട്ടേൽ അനാരോഗ്യം ഭാവിച്ചു് പ്രചാരണരംഗത്തുനിന്നു് വിട്ടുനിന്നു. കേശുഭായിയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നു് മാറ്റിയതിൽ പ്രതിഷേധിച്ചു് പട്ടേൽസമുദായക്കാർ ബി. ജെ. പി.-യോടു് നീരസം പ്രകടിപ്പിച്ചു. രാമക്ഷേത്രനിർമാണം എന്ന പ്രഖ്യാപിത ലക്ഷ്യത്തിൽനിന്നു് പാർട്ടി പിന്നാക്കം പോകുന്നതു് വി. എച്ച്. പി.-യെയും ബജ്റംഗ്ദളിനെയും ചൊടിപ്പിച്ചു. രാജ്കോട്ടിനൊപ്പം ഉപതെരഞ്ഞെടുപ്പു് നടന്ന സയാജിഗഞ്ചിലും ബഹുവയിലും കോൺഗ്രസ് സ്ഥാനാർഥികൾ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു.

images/Rajnath_Singh.jpg
രാജ്നാഥ് സിംഗ്

ബി. ജെ. പി.-ക്കു് ഒറ്റക്കു് ഭരിക്കാൻ ഭൂരിപക്ഷമുള്ള ഒരേയൊരു സംസ്ഥാനമാണു് ഗുജറാത്ത്. അവിടെ 2003 ഫെബ്രുവരിയിൽ നിയമസഭാ തെരഞ്ഞെടുപ്പു് നടക്കാനിരിക്കുന്നു. ഏതാണ്ടു് രാജ്നാഥ് സിംഗി ന്റെ വിധിയാണു് നരേന്ദ്രമോഡി യെ കാത്തിരിക്കുന്നതു് എന്നും ഉറപ്പായിരിക്കുമ്പോഴാണു് സാമുദായിക ലഹളകൾ പൊട്ടിപ്പുറപ്പെടുന്നതു്.

വിഭജനത്തിനുമുമ്പും ശേഷവും സാമുദായിക സംഘർഷത്തിനു കുപ്രസിദ്ധി നേടിയ പട്ടണമാണു് ഗോധ്ര. ജനസംഖ്യയുടെ 35 ശതമാനത്തിലധികം മുസ്ലിംകളാണു്. സ്വാതന്ത്ര്യപ്രാപ്തിക്കുമുമ്പു് മുസ്ലിംലീഗിന്റെ ശക്തികേന്ദ്രമായിരുന്നു ഗോധ്ര. അവിടത്തെ ഘഞ്ചി മുസ്ലിംകൾ പ്രായേണ വിദ്യാവിഹീനരും കലാപകുതുകികളുമാണു്. വിഭജനത്തിനുശേഷം ഒരുകൂട്ടം സിന്ധി അഭയാർഥികൾ പട്ടണത്തിലെത്തുകയും അവരും ഘഞ്ചികളുമായി സംഘർഷം ഉടലെടുക്കുകയും ചെയ്തു. ഗോധ്രയിലെ മറ്റു ഹിന്ദുക്കളെ അപേക്ഷിച്ചു് സാമുദായകവാദികളായിരുന്നു സിന്ധികൾ. വിഭജനത്തിന്റെ തിക്തഫലങ്ങൾ ഏറെ അനുഭവിച്ചവരാണു് അവർ.

1948-നും 1980-നുമിടക്കു് ഗോധ്രയിൽ നാലുതവണ ഗുരുതരമായ ലഹളകൾ നടന്നു. 1965-ൽ നിരവധി വീടുകൾ ചാമ്പലാക്കി. കത്തിക്കുത്തിലും വെടിവെപ്പിലുമായി നാലുപേർ മരിക്കുകയും ചെയ്തു. 1980 ഒക്ടോബറിനും 81 സെപ്റ്റംബറിനുമിടക്കു് പലതവണ ലഹളകൾ ആവർത്തിച്ചു ഒക്ടോബർ 29-നു് രണ്ടു കച്ചവടക്കാർ തമ്മിലുണ്ടായ തർക്കം കലാപമായിമാറി. ഒട്ടേറെ വീടുകൾ അഗ്നിക്കിരയായി. അഞ്ചു് അംഗങ്ങളുള്ള ഒരു സിന്ധികുടുംബം ജീവനോടെ ചുട്ടെരിക്കപ്പെട്ടു. 1981 ആഗസ്റ്റ് ഒന്നാം തീയതി രണ്ടു മുസ്ലിംകൾ കൊല്ലപ്പെട്ടു. പിറ്റേന്നു് രണ്ടു ഹിന്ദുക്കളും 1989-ൽ രാമശിലാപൂജയോടനുബന്ധിച്ചും 92-ൽ ബാബരി മസ്ജിദ് തകർച്ചയോടനുബന്ധിച്ചും ഗോധ്ര കലാപകലുഷിതമായി.

ഗോധ്രയുടെ പശ്ചാത്തലവും പൂർവചരിത്രവും വെച്ചുനോക്കുമ്പോൾ തീവണ്ടിക്കു തീകൊളുത്തിയ സംഭവം തികച്ചും യാദൃച്ഛികം എന്നുപറഞ്ഞുകൂടാ. തീകൊളുത്തപ്പെട്ട വണ്ടി സബർമതി എക്സ്പ്രസായിരുന്നുവെന്നതിനുമുണ്ടു് പ്രതീകാത്മകപ്രാധാന്യം. ആക്രമികളെ പിന്തിരിപ്പിക്കുന്നതിലും രക്ഷാപ്രവർത്തനം നടത്തുന്നതിലും പൊലിസ്-റെയിൽവേ-ഫയർഫോഴ്സ് അധികാരികളുടെ ഭാഗത്തുനിന്നുണ്ടായ അലംഭാവവും നമ്മുടെ നാട്ടിലെ പൊതുനിലവാരത്തിലുള്ളതുതന്നെ. ഗോധ്ര സംഭവത്തിനു തിരിച്ചടി ഉടനുണ്ടാകുമെന്നുറപ്പായിരുന്നെങ്കിലും സംഘർഷസാധ്യതയുള്ളിടങ്ങളിൽ അർധ സൈനിക വിഭാഗങ്ങളെ വിന്യസിക്കാതിരുന്ന ഗുജറാത്ത് സർക്കാറിന്റെ ജാഗ്രതക്കുറവും കലാപം പടരുമ്പോൾ കൈകെട്ടിനിന്ന നിയമപാലകരുടെ കർത്തവ്യബോധവും പരസ്പരപൂരകമാണു്.

ഗോധ്ര സംഭവത്തോടു് അഞ്ചരക്കോടി ഗുജറാത്തികൾക്കുള്ള പ്രതിഷേധമാണു് പ്രകടിപ്പിക്കപ്പെടുന്നതു് എന്നഭിപ്രായപ്പെട്ട നരേന്ദ്ര മോഡി യെ എത്ര അഭിനന്ദിച്ചാലാണു് മതിവരിക? കൊതിതീരുക? വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുവരെ ഈ ടെമ്പോ നിലനിറുത്താനായാൽ ബി. ജെ. പി.-ക്കു ജയം സുനിശ്ചിതം. സബർമതി എത്ര ദൂരെയാണു്?

അഡ്വക്കറ്റ് എ. ജയശങ്കർ
images/ajayasankar.jpg

അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.

Colophon

Title: Sabarmathi Dooreyanu (ml: സബർമതി ദൂരെയാണു്).

Author(s): K. Rajeswari.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, K. Rajeswari, Sabarmathi Dooreyanu, കെ. രാജേശ്വരി, സബർമതി ദൂരെയാണു്, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; River Valley Campus, Malayinkeezh,; Trivandrum 695571; India.

Date: June 11, 2026.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Night Landscape with a River, a painting by Aert van der Neer (1604–1677). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.