images/A_street_flower_seller.jpg
A street flower seller, a painting by Augustus Edwin Mulready (1844–1905).
ധർമയോഗവും സംഘ പരിപാലനവും
കെ. രാജേശ്വരി
images/Lal_Krishna_Advani.jpg
എൽ. കെ. അദ്വാനി

എൽ. കെ. അദ്വാനി തൊട്ടു് അശുദ്ധമാക്കിയ സുകുമാര പ്രതിമയെ നെയ്യാറിലെ ജലംകൊണ്ടു് കഴുകുമെന്നു് ഈഴവ നവോത്ഥാന മണ്ഡലം നേതാക്കൾ—ഡോ. എം. എസ്. ജയപ്രകാശ്, പ്രൊഫ. ടി. ബി. ജയകുമാർ, ഡോ. പി. കെ. സുകുമാർ, ചെറായി രാമദാസ് മുതൽ പേർ—പ്രഖ്യാപിച്ചതായി ചില പത്രങ്ങൾ (കേരള കൗമുദിയല്ല) റിപ്പോർട്ട് ചെയ്തിരിക്കുന്നു. അരുവിപ്പുറത്തു് ഗുരുദേവൻ ഈഴവ ശിവപ്രതിഷ്ഠക്കു് കരിങ്കല്ലു് മുങ്ങിയെടുത്തയിടത്തു് നിന്നുള്ള വെള്ളംകൊണ്ടായിരിക്കും പ്രതിമ കഴുകുക എന്നു് നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ടു്.

images/MS_Jayaprakash.jpg
ഡോ. എം. എസ്. ജയപ്രകാശ്

ഈഴവർ ഹിന്ദുക്കളല്ല ശ്രീനാരായണൻ ഹിന്ദുസന്ന്യാസിയല്ല: ശിവഗിരി ഹിന്ദു മഠവുമല്ല എന്നു് ഉദ്ഘോഷിക്കുന്നവരാണു് ഡോ. ജയപ്രകാശും കൂട്ടരും എസ്. എൻ. ഡി. പി. യോഗം ശതാബ്ദി ആഘോഷത്തിനും പത്രാധിപ പ്രതിമാ അനാവരണത്തിനും ഹിന്ദുത്വ രാഷ്ട്രീയക്കാരനെ എഴുന്നള്ളിച്ചു കൊണ്ടുവന്നതു് അവർ എങ്ങനെ സഹിക്കും?

1988-ൽ അരുവിപ്പുറം പ്രതിഷ്ഠയുടെ ശതാബ്ദി എസ്. എൻ. ഡി. പി. യോഗത്തിന്റെ ആഭിമുഖ്യത്തിൽ ആഘോഷിച്ചപ്പോൾ ബി. ജെ. പി ദേശീയ പ്രസിഡന്റ് എന്ന നിലക്കു് പങ്കെടുത്തയാളാണു് അദ്വാനി. അന്നു് ഈഴവ നവോത്ഥാന മണ്ഡലമുണ്ടായിരുന്നോ ഭാരവാഹികൾ പ്രതിഷേധിച്ചോ എന്നു് അറിയില്ല. യോഗത്തിന്റെ ശതാബ്ദി ആഘോഷത്തിൽ ഉപപ്രധാനമന്ത്രി പങ്കെടുത്തതിലാണു് ജയപ്രകാശ് പ്രഭൃതികൾക്കു് പ്രതിഷേധം.

images/Atal_Bihari_Vajpayee.jpg
വാജ്പേയി

എൽ. കെ. അദ്വാനി ക്കു് എന്താണൊരു പോരായ്മ? ഇന്ദ്രപ്രസ്ഥം വാഴുന്നവരിൽ ഏറ്റവും ബലവാനാണു് അദ്വാനിജി. തേരു തെളിക്കുന്നതു് വാജ്പേയി യാണെങ്കിലും അസ്ത്രങ്ങളയക്കുന്നതു്. അദ്വാനിയാണു് ഭാരതീയ ജനസംഘത്തിന്റെയും പിന്നീടു് ബി. ജെ. പി.-യുടെയും അധ്യക്ഷനായിരുന്നു. അടിയന്തരാവസ്ഥയിൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ടു്. കാൽ നൂറ്റാണ്ടു് രാജ്യസഭയിലും തുടർന്നു ലോക്സഭയിലും അംഗമായിരുന്നു. അയോധ്യയിൽ പഴയ ഒരു കെട്ടിടം പൊളിച്ച കേസിൽ പ്രതിയാണു്. ഇപ്പോൾ അഭിനവ സർദാർ പട്ടേലായി. ഉരുക്കു മനുഷ്യനായി പ്രശോഭിക്കുന്നു. മനുഷ്യൻ നന്നായാൽ മതി എന്നാണു് ഗുരുവചനം. ദേശീയ രാഷ്ട്രീയത്തിൽ അദ്വാനിയേക്കാൾ നല്ല മനുഷ്യരെ കാണാൻ പ്രയാസം. (കേരളത്തിൽ നമുക്കു് ആന്റണിയുണ്ടു്.) മൽസ്യ-മാംസങ്ങൾ കഴിക്കില്ല. മദ്യപാനമില്ല, പുകവലിയില്ല, പൊടിവലിയില്ല, വെറ്റില മുറുക്കില്ല. ഭഗവാൻ ശ്രീരാമനെ പോലെ ഏകപത്നീവ്രതക്കാരൻ. മര്യാദാ പുരുഷോത്തമൻ. സുജനാപവാദം ഭയന്നു് ശ്രീരാമൻ പത്നിയെ കാട്ടിലുപേക്ഷിച്ചു: ജെയിൻ ഹവാലാ കേസിൽ ആരോപണ വിധേയനായപ്പോൾ അദ്വാനി പ്രതിപക്ഷ നേതൃത്വം രാജിവെച്ചു. കുറ്റവിമുക്തനാകും വരെ തെരഞ്ഞെടുപ്പിൽ മൽസരിക്കില്ല എന്നു് പ്രഖ്യാപിച്ചു.

images/A_k_antony.jpg
എ. കെ. ആന്റണി

പത്രാധിപർ സുകുമാരന്റെ പ്രതിമ അനാവരണം ചെയ്യുന്നതിനും എസ്. എൻ. ഡി. പി. യോഗം ശതാബ്ദി ആഘോഷത്തിന്റെ സമാപന സമ്മേളനത്തിനും തന്നെ ക്ഷണിച്ചതിനു് ഉപപ്രധാനമന്ത്രി പ്രസംഗവശാൽ നന്ദി പ്രകാശിപ്പിച്ചു: “ഇതൊരു ബഹുമതിയായാണു് ഞാൻ കാണുന്നതു് ഇത്രയും പ്രധാനപ്പെട്ട ഒരു ചടങ്ങിനു എന്നെ പ്രത്യേകമായി ക്ഷണിച്ചതു് എന്തിനെന്നു് അറിയില്ല. എന്നെ ക്ഷണിച്ച യോഗം നേതാക്കളോടും ഇതിനായി പ്രത്യേക താൽപര്യം കാണിച്ച മുഖ്യമന്ത്രി എ. കെ. ആന്റണി യോടും എനിക്കു് നന്ദിയുണ്ടു്…”

images/V_P_Singh.jpg
വിശ്വനാഥ് പ്രതാപ് സിംഗ്

ഉപപ്രധാനമന്ത്രിയെത്തന്നെ തെരഞ്ഞുപിടിച്ചു് ക്ഷണിച്ചു ആലവട്ടവും വെൺചാമരവുമായി ആനയിച്ചുകൊണ്ടുവരാൻ യോഗനേതാക്കളെ പ്രേരിപ്പിച്ച ചേതോവികാരം അദ്വാനിക്കറിയില്ലെങ്കിലും നമുക്കറിയാം. 1990-ാമാണ്ടിൽ വിശ്വനാഥ് പ്രതാപ് സിംഗ് എന്ന വിവരദോഷി കോൺഗ്രസ് സർക്കാറുകൾ കുടത്തിലടച്ചു് ഭദ്രമായി സൂക്ഷിച്ച മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് എന്ന ഭൂതത്തെ സാമൂഹിക നീതിയുടെ പേരുപറഞ്ഞു് തുറന്നുവിട്ടപ്പോൾ സോമനാഥ ക്ഷേത്രത്തിൽ നിന്നു് അയോധ്യയിലേക്കു രഥയാത്ര നടത്തി മന്ത്രിസഭ തകർത്തവനാകുന്നു ലാൽകൃഷ്ണ അദ്വാനി. ത്രേതായുഗത്തിൽ ശ്രീരാമനായും ദ്വാപര യുഗത്തിൽ ശ്രീകൃഷ്ണനായും വേഷമെടുത്തു് അസുര നിഗ്രഹം ചെയ്ത ഭഗവാൻ കലിയുഗത്തിൽ ലാൽകൃഷ്ണനായി അവതരിച്ചതാകാനേ വഴിയുള്ളു.

കംസാസുരദ്വിരദകേസരി വീര, ഘോര

വൈരാകരാമയവിരോധകരാജ, ശൗരേ,

ഹംസാദിരമ്യ സരസീരുഹ പാദമൂല,

ശ്രീഭൂപതേ, ഹരഹരേ, സകലാമയംമേ.

അന്നു വി. പി. സിംഗി ന്റെ സ്തുതിഗായകർ ഡോ. കെ. കെ. രാഹുലനും കൂട്ടരുമായിരുന്നു. രാഹുല നിഗ്രഹം നടത്തി യോഗ നേതൃത്വമേറ്റ നടേശൻ അദ്വാനിയുടെ ആരാധകനായതു സ്വഭാവികം.

images/Swami_Saswathikananda.jpg
ശാശ്വതികാനന്ദ സ്വാമി

മെയ് 18-നു് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ കേൾവിക്കാരനായെങ്കിലും എത്തിയിരുന്നില്ല ഡോ. രാഹുലൻ. 21-ാം നൂറ്റാണ്ടിനെ ഇന്ത്യയുടേതാക്കി മാറ്റാൻ ശ്രീനാരായണ ഗുരുവും പത്രാധിപർ കെ സുകുമാരനും മുന്നോട്ടുവെച്ച സാമൂഹിക നീതി, സാമൂഹിക മൈത്രി, സാമൂഹിക സമത്വം എന്നീ മൂല്യങ്ങൾ അനിവാര്യമാണെന്ന അദ്വാനിയുടെ പ്രസ്താവന പിറ്റേന്നത്തെ പത്രത്തിൽ വായിച്ചു് ഡോക്ടർ കൃതാർഥനായിരിക്കും. കോടതി വിധിയുടെ മറപിടിച്ചു് ശിവഗിരി മഠം പിടിച്ചെടുക്കാനുള്ള ഹിന്ദുത്വവാദികളുടെ ‘ഗ്രാന്റ് ഡിസൈൻ’ തുറന്നുകാണിച്ച അതിലേക്കു് അച്ചടി മഷി ഒട്ടേറെ വറ്റിച്ച കേരള കൗമുദി പത്രാധിപനും കുടുംബാംഗങ്ങളും പേട്ടയിൽ അദ്വാനിക്കും ആന്റണിക്കുമൊപ്പം ഫോട്ടോക്കു് പോസ് ചെയ്തതറിഞ്ഞു് സ്വാമി പ്രകാശാനന്ദ യും പുഞ്ചിരി തൂകിക്കാണണം. ആ ധന്യനിമിഷത്തിനു സാക്ഷ്യം വഹിക്കാൻ ശാശ്വതികാനന്ദ സ്വാമി കളുണ്ടായില്ലല്ലോ എന്നോർത്തു വിഷാദിക്കയും ചെയ്തിരിക്കാം.

images/Vellappally_Natesan.jpg
വെള്ളാപ്പള്ളി നടേശൻ

മെയ് 10-നു് എറണാകുളത്ത് നടന്ന മൂന്നാമതു് ശ്രീനാരായണ ലോകസമ്മേളനം ഉദ്ഘാടനം ചെയ്തതു് അദ്വാനിയേക്കാൾ വലിയ ഹിന്ദുത്വവാദിയായിരുന്നു—കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പുംഗവനെ പൊന്നാടയണിച്ചതു് എസ്. എൻ. ട്രസ്റ്റ് ചെയർമാൻ പട്ടത്തുവിള ദാമോദരൻ. ഉപഹാരം നൽകിയതു് മുഖ്യ സംഘാടകൻ വെള്ളാപ്പള്ളി നടേശൻ. പണ്ഡിത ശ്രേഷ്ഠനും മികച്ച വാഗ്മിയും പ്രഗല്ഭ അധ്യാപകനും തത്ത്വചിന്തകനുമെല്ലാമായ ഡോ. ജോഷിയുടെ സാന്നിധ്യം ചടങ്ങിന്റെ പ്രൗഢി വർധിപ്പിക്കുന്നതായി എന്നു് പുളകം കൊണ്ടതു് മെയ് 11-ന്റെ കേരളകൗമുദി.

images/Narayana_Guru.jpg
ശ്രീനാരായണഗുരു

ഗുരുദേവദർശനം അഖിലേന്ത്യാ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും. ഗവേഷകർക്കു് സാമ്പത്തിക സഹായം നൽകും. യോഗം ആരംഭിക്കാനുദ്ദേശിക്കുന്ന ശ്രീനാരായണ ദേശീയ സർവകലാശാലക്കു് സകലവിധ പിന്തുണയും ഉറപ്പാക്കും. എന്നൊക്കെ മന്ത്രി വാഗ്ദാനം ചെയ്തു ശ്രീനാരായണ സന്ദേശം പ്രചരിപ്പിക്കുന്നതിൽ കേരള കൗമുദിയുടെ സേവനത്തെ പ്രകീർത്തിക്കാനും മറന്നില്ല. ഗുരുദേവദർശനത്തിന്റെ കാലിക പ്രാധാന്യത്തെപ്പറ്റി ജോഷിജി ശരിക്കും വാചാലനായി.

images/Manohar_Joshi.jpg
മനോഹർ ജോഷി

“21-ാം നൂറ്റാണ്ടു് ഇന്ത്യയുടെ നൂറ്റാണ്ടാക്കാൻ നമ്മൾ ദൃഢനിശ്ചയത്തിലാണു് ഈ നൂറ്റാണ്ടിനെ ഇന്ത്യ ആത്മീയശക്തി കൊണ്ടാണു് നയിക്കുക. അതിനായി ഗുരുദേവനെ പോലുള്ള മഹാനായ ഒരു സാമൂഹിക വിപ്ലവകാരിയുടെ ഉദ്ബോധനങ്ങൾ നമ്മുടെ ശക്തിയാണു്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭഘട്ടത്തിൽ ശ്രീനാരായണഗുരു കേരളത്തിന്റെ സാമൂഹിക സ്ഥിതിയിൽ വൻ മാറ്റമുണ്ടാക്കിയ ഒരു പ്രസ്ഥാനം തുടങ്ങി. കാലചക്രത്തിന്റെ പ്രത്യേകതയോ ചരിത്രം ആവർത്തിക്കുന്നതോ എന്നറിയില്ല. ഗുരു അന്നു് നേരിട്ട മതസ്പർധയുടെയും മതപരിവർത്തനത്തിന്റെയും പ്രശ്നങ്ങൾ ഇപ്പോഴും നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്നു…

images/Uddhav_thackeray.jpg
ഉദ്ധവ് താക്കറെ

…മതം മാറ്റത്തെ അദ്ദേഹം ഗുരുതരപ്രശ്നമായി നോക്കിക്കൊണ്ടിരുന്നു. ബുദ്ധമതത്തിലേക്കു് പരിവർത്തനം നടത്തണമെന്ന ഏതാനും ഉറ്റ അനുയായികളുടെ അഭിപ്രായത്തെ അദ്ദേഹം നിരാകരിച്ചുവെന്നു മാത്രമല്ല. ഇസ്ലാം ക്രിസ്ത്യൻ മതങ്ങളിൽ നിന്നു് തിരികെ വരുന്നവർക്കു് വീണ്ടും സമൂഹത്തിൽ പ്രത്യേക പരിഗണന നൽകണമെന്നും ഗുരു ആവശ്യപ്പെടുകയുണ്ടായി. മതംമാറ്റമല്ല മനുഷ്യ സ്വഭാവത്തിലാണു് മാറ്റം വരേണ്ടതെന്നു് അദ്ദേഹം പറഞ്ഞു. ഗുരു അനുവദിച്ചിരുന്നെങ്കിൽ നല്ലൊരു വിഭാഗം കേരളീയർ ഹിന്ദുമതത്തിൽ നിന്നു് വേർപിരിയുമായിരുന്നു. ആത്മീയമായ കരുത്തിന്റെ സ്തൂപമായും ഹൈന്ദവ പ്രതിരോധത്തിന്റെ മഹാഭിത്തിയായും മാറ്റത്തിന്റെ മന്ദമാരുതനായും അദ്ദേഹം നിലകൊണ്ടു. അദ്ദേഹം സൃഷ്ടിച്ച തീപ്പൊരി സമൂഹത്തിനാകെ വെളിച്ചമായി.

images/CPRamaswami_Aiyar.jpg
സി. പി. രാമസ്വാമി അയ്യർ

ആർ. എസ്. എസും ബി. ജെ. പി. പോലുള്ള പ്രസ്ഥാനങ്ങൾക്കു് ശ്രീനാരായണഗുരു വലിയൊരു പ്രചോദനമായിരുന്നെന്നും മന്ത്രി വെളിപ്പെടുത്തി. മുതിർന്ന ആർ. എസ്. എസ്. നേതാവും ഭാരതീയ വിചാര കേന്ദ്രം ഡയറക്ടറുമായ പി. പരമേശ്വരൻ രണ്ടു് പതിറ്റാണ്ടു മുമ്പു് ഗുരുവിന്റെ ജീവചരിത്രം രചിച്ചകാര്യവും ജോഷി ഓർമിപ്പിച്ചു. ഹിന്ദുധർമ പ്രചാരകനും വേദവേദാന്ത വിജ്ഞാന വിത്തുമായിരുന്ന ദിവാൻ സർ സി. പി. രാമസ്വാമി അയ്യർ ക്കു് കേരള കൗമുദിയും യോഗവും നൽകിയ പിന്തുണയെ കുറിച്ചോ മന്നത്തപ്പനോടു് ചേർന്നു് ആർ. ശങ്കറു ണ്ടാക്കിയ ഹിന്ദു മഹാമണ്ഡലത്തെ പറ്റിയോ ഡോ. ജോഷി ഒന്നും പറഞ്ഞുകേട്ടില്ല. ബഹുകാര്യ വ്യഗ്രതക്കിടക്കയിൽ മറന്നതാകാം.

images/Parameshwaran.jpg
പി. പരമേശ്വരൻ

ഉത്തരവാദ ഭരണ പ്രക്ഷോഭത്തിൽ നിന്നു് പിന്മാറിയ ശേഷം സ്വാതന്ത്ര്യ പ്രാപ്തി വരെയുള്ള കാലമത്രയും ഗുരുസ്വാമിക്കു തുല്യനായിരുന്നു ദിവാൻ സ്വാമി. വയലാറിൽ വാരിക്കുന്തി ധാരികളായ ശ്രീനാരായണീയർക്കു് നേരെ തോക്കുകൾ തീ തുപ്പിയപ്പോഴും സ്വാമി പാദം ജയിക്കണം എന്നായിരുനു ധർമപരിപാലനയോഗവും കേരള കൗമുദിയും ഭജിച്ചതു്.

images/R_Sankar.jpg
ആർ. ശങ്കർ

മുറിഞ്ഞ മൂക്കുമായി ദിവാൻ വിമാനം കയറും വരെയും നമ്മൾ സ്വതന്ത്ര തിരുവിതാംകൂർ വാദക്കാരും അമേരിക്കൻ മോഡൽ ഭരണഘടനയുടെ സ്തുതിഗായകരുമായിരുന്നല്ലോ? മന്നത്തു പത്മനാഭപിള്ള സാറിനെയും ആർ. ശങ്കർ അദ്ദേഹത്തെയും ദേവസ്വം ബോർഡിൽ നിന്നു് കുടിയിറക്കിയപ്പോൾ നമുക്കു് ഹിന്ദു വികാരം ആളിക്കത്തി. തിരുവിതാംകൂറിൽ ക്രിസ്ത്യാനികളുടെ ഭരണമാണു്. ടി. കെ. നാരായണപിള്ള, ജോൺ ഫിലിപ്പോസി ന്റെ ബിനാമി ടി. എം. വർഗീസ് വർഗീയസാണു്. കത്തോലിക്കാ മെത്രാന്മാർ ഗൂഢാലോചന നടത്തി ശബരിമല ക്ഷേത്രം കത്തിക്കുകയായിരുന്നു—അങ്ങനെ എന്തൊക്കെ ആരോപണങ്ങൾ! സമീപകാലത്തു് നരേന്ദ്ര മോഡി യും തൊഗാഡിയ യും നടത്തുംപോലുള്ള പ്രസംഗങ്ങളാണു് അന്നു് ഹിന്ദുമത രക്ഷാർത്ഥം യോഗ സൊസൈറ്റി നേതാക്കൾ ചെയ്തിരുന്നതു്. തിരുവിതാംകൂറിൽ എവിടെ മൽസരിച്ചാലും ആർ. ശങ്കർ വിജയിക്കില്ല എന്ന സ്ഥിതിയുണ്ടായതും അങ്ങനെയാണു്.

images/Parur_T_K_Narayana_Pillai.png
ടി. കെ. നാരായണപിള്ള

ശ്രീനാരായണഗുരുവിന്റെ ഛായാപടം പാർലമെന്റിൽ സ്ഥാപിക്കണം എന്നു് പി. പരമേശ്വരൻ ആവശ്യപ്പെട്ടു. ഇതേ ആവശ്യം തിരുവനന്തപുരത്തു് യോഗം പ്രസിഡന്റ് സി. കെ. വിദ്യാസാഗർ ആവർത്തിച്ചു. സ്പീക്കർ മനോഹർ ജോഷി കനിഞ്ഞു. സെൻട്രൽ ഹാളിൽ വീരസവർക്കർക്കടുത്തു് എവിടെയെങ്കിലും സ്ഥലം അനുവദിക്കുമെന്നു പ്രതീക്ഷിക്കുക. ധർമ്മപരിപാലന വ്യഗ്രനായ ഏതെങ്കിലും മദ്യമുതലാളി ചിത്രം സ്പോൺസർ ചെയ്യുമെന്നും.

images/Praveen_Togadia.jpg
തൊഗാഡിയ

ബി. ജെ. പി.-യോടെന്നപോലെ ശിവസേനയോടും നമുക്കു് തൊട്ടുകൂടായ്മയൊന്നുമില്ല. 2001 നവംബറിൽ സ്വകാര്യ സന്ദർശനത്തിനായി തിരുവനന്തപുരത്തു വന്ന ഉദ്ധവ് താക്കറെ യും കുടുംബവും രണ്ടു് പുണ്യസ്ഥലങ്ങളാണു് സന്ദർശിച്ചതു്. ഒന്നു് ശ്രീപത്മനാഭ സ്വാമി ക്ഷേത്രം. മറ്റേതു് കേരള കൗമുദി ഓഫീസ്. ഉദ്ധവിനോടൊപ്പം ഭാര്യ രശ്മി, ഭാര്യാപിതാവു് മാധവ് പതാങ്കർ, ശിവസേനാ സംസ്ഥാന പ്രമുഖ് എം. ഭുവനചന്ദ്രൻ മുതൽ പേരുമുണ്ടായിരുന്നു. കേരള കൗമുദി ഓഫീസിൽ മുഖ്യ പത്രാധിപരും കുടുംബാംഗങ്ങളും ചേർന്നു് അവരെ സ്വീകരിച്ചു. പത്രാധിപർ സുകുമാരന്റെ സ്മൃതിമണ്ഡപത്തിൽ ഉദ്ധവും ഭാര്യയും പുഷ്പമാല്യമർപ്പിക്കുകയും ചെയ്തു. താക്കറെ പുത്രന്റെ സന്ദർശന വാർത്തയും ചിത്രവും നവംബർ 21-നു് ആറു് എഡിഷനുകളിലും ഒന്നാം പേജിൽ വെണ്ടക്കയായി വരുകയും ഉണ്ടായി. നെയ്യാറ്റിൽ നിന്നോ കിള്ളിയാറ്റിൽ നിന്നോ വെള്ളമെടുത്തു് സ്മൃതിമാണ്ഡപം കഴുകണമെന്നു് ഡോ. ജയപ്രകാശി നു തോന്നിയില്ല. ചെറായി രാമദാസിനും തോന്നിയില്ല.

images/TMVargheese.jpg
ടി. എം. വർഗീസ്

നമ്പൂതിരിമാർ മുതൽ ആദിവാസികൾ വരെയുളള ഹിന്ദുക്കൾ ഒന്നിച്ചുനിൽക്കണമെന്നു് നടേശ ഗുരുവിന്റെ പുത്തൻ വെളിപാടു്. അസംഘടിതരായതു കൊണ്ടാണു് ആദിവാസികൾക്കു് നേരെ തോക്കുചൂണ്ടാൻ സർക്കാറിനും അരയന്മാർക്കെതിരെ വാളുയർത്താൻ മുസ്ലിംകൾക്കും ധൈര്യം വന്നതു്. ത്രിശൂൽകാ നിശാൻ ഹിന്ദു കാ പെഹ് ചാൻ! സംസ്ഥാനത്തെ ഹൈന്ദവ ഏകീകരണത്തിനു മുതലാളി മുൻകൈയെടുക്കുമെന്നു് പ്രത്യാശിക്കുക.

ഹാ ജയ ജയ നടേശ! നടേശ! നടേശ!

ജയിക്കുക മഹാദേവ,

ദീനാവന പരായണ

ജയിക്കുക ചിദാനന്ദ

ദയാ സിന്ധോ ജയിക്കുക.

അഡ്വക്കറ്റ് എ. ജയശങ്കർ
images/ajayasankar.jpg

അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.

Colophon

Title: Dharmayogavum Sangha Paripalanavum (ml: ധർമയോഗവും സംഘ പരിപാലനവും).

Author(s): K. Rajeswari.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, K. Rajeswari, Dharmayogavum Sangha Paripalanavum, കെ. രാജേശ്വരി, ധർമയോഗവും സംഘ പരിപാലനവും, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; River Valley Campus, Malayinkeezh,; Trivandrum 695571; India.

Date: June 15, 2026.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: A street flower seller, a painting by Augustus Edwin Mulready (1844–1905). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.