ഇരവിക്കുട്ടിപ്പിള്ള വലിയ പടത്തലവന്റെയും തലക്കുളത്തു വേലുത്തമ്പി ദളവാ യുടെയും വീരരക്തം സിരകളിലോടുന്ന ധീര കേസരിയാണു് ജി. കാർത്തികേയൻ. 1949 ജനുവരി 20-നു് വർക്കലയിലാണു് കാർത്തികേയന്റെ ജനനം. വർക്കല രാധാകൃഷ്ണൻ, വർക്കല കഹാർ എന്നിവരുടെ ചുവടുപിടിച്ചു് അദ്ദേഹത്തിനു് വേണമെങ്കിൽ ‘വർക്കല കാർത്തികേയൻ’ എന്ന പേരു് സ്വീകരിക്കാമായിരുന്നു. പട്ടം താണുപിള്ള മുതൽക്കിങ്ങോട്ടുള്ള നേതാക്കളൊക്കെ ജന്മദേശത്തെ പേരിനോടു കൂട്ടിക്കെട്ടിയവരാണല്ലോ. കാർത്തികേയൻ അസ്സലുള്ളവനാണു്. സ്ഥലപ്പേരു് കൂട്ടിക്കെട്ടാതെയും രാഷ്ട്രീയത്തിൽ നിലനിൽക്കാമെന്നു് അദ്ദേഹം തെളിയിച്ചു.
കേരളാ സ്റ്റുഡന്റ്സ് യൂനിയനിലൂടെയാണു് കാർത്തികേയന്റെ രാഷ്ട്രീയ പ്രവേശം. കെ. എസ്. യു.-വിന്റെ സംസ്ഥാന ട്രഷറർ, ജനറൽ സെക്രട്ടറി, പ്രസിഡന്റ്, കേരള സർവകലാശാല സെനറ്റംഗം, യൂനിവേഴ്സിറ്റി യൂനിയൻ സെക്രട്ടറി എന്നീ നിലകളിലൊക്കെ പ്രശോഭിച്ചു. ഇടക്കാലത്തു് എ. കെ. ആന്റണി യുടെ അപ്രീതിക്കിരയായി സംഘടനയിൽ നിന്നു് ബഹിഷ്കൃതനായി. അക്കാലത്താണു് 1978-ലെ കോൺഗ്രസ് പിളർപ്പു്. കാർത്തികേയൻ കരുണാകരന്റെ വലംകൈയായി; യൂത്ത് കോൺഗ്രസ് ഐയുടെ മുഖ്യ സംഘാടകൻ.
1980 ജനുവരിയിൽ വർക്കല നിന്നു് നിയമസഭയിലേക്കു് പുത്തരിയങ്കം. അത്തവണ മാർക്സിസ്റ്റ് നേതാവു് വർക്കല രാധാകൃഷ്ണനോ ടു് തോറ്റു. 1982-ൽ തിരുവനന്തപുരം നോർത്തിൽ നിന്നു് ആദ്യ ജയം. 87-ൽ നോർത്തിൽ എം. വിജയകുമാറി നോടു് പരാജയം. 1989-ൽ ആര്യനാട്ടു നിന്നു് വീണ്ടും വിജയം. അത്തവണ മന്ത്രിയാകുമെന്നു് പ്രതീക്ഷിച്ചെങ്കിലും ഫലിച്ചില്ല. കാര്യത്തോടടുത്തപ്പോൾ കരുണാകരൻ കളം മാറ്റിച്ചവിട്ടി. കാർത്തികേയൻ ലീഡറോടു് മാനസികമായി അകന്നു. കാരണവരാണെങ്കിൽ പുത്രസ്നേഹം കൊണ്ടു് അന്ധനായിക്കഴിഞ്ഞിരുന്നുതാനും. കരുണാകരനെ അംഗീകരിക്കാം, മുരളി യെ പറ്റില്ല എന്ന തത്ത്വാധിഷ്ഠിത നിലപാടിൽ നിന്നു് തിരുത്തൽവാദമുണ്ടായി. കരുണാകരന്റെ സ്ഥാനത്തു് ആന്റണി മുഖ്യനായി വന്നപ്പോൾ തിരുത്തൽ വാദാചാര്യനും മന്ത്രിയായി. വകുപ്പു് തൊട്ടാൽ ഷോക്കടിക്കുന്ന വിദ്യുച്ഛക്തി. പവർകട്ട് എന്ന പ്രതിഭാസത്തിന്റെ ഉപജ്ഞാതാവു് ആർ. ബാലകൃഷ്ണപിള്ള യാണെങ്കിലും കേരളത്തെ അന്ധതാമിസ്രമാക്കിയതു് കാർത്തികേയനാ യിരുന്നു. 2001-മാണ്ടിലെ തെരഞ്ഞെടുപ്പിൽ മൂന്നാം ഗ്രൂപ്പുകാരായ മൂന്നുപേരാണു് പാസായതു്. കാർത്തികേയൻ, കെ. സി. വേണുഗോപാൽ, വി. ഡി. സതീശൻ, രണ്ടു് എം. എൽ. എ.-മാരുള്ള നാലാം ഗ്രൂപ്പിനു് ഒരു മന്ത്രിയാകാമെങ്കിൽ മൂന്നംഗങ്ങളുള്ള മൂന്നാം ഗ്രൂപ്പിനു് നിശ്ചയമായും ഒരു മന്ത്രി വേണം. അങ്ങനെ കാർത്തികേയൻ മന്ത്രിയായി. വകുപ്പുകൾ ഭക്ഷ്യവും സിവിൽ സപ്ലൈസും, സാംസ്കാരികവും.
സംസ്കൃത പണ്ഡിതനും സാഹിത്യകാരനുമായ ടി. കെ. രാമകൃഷ്ണനാ ണു് കഴിഞ്ഞ മന്ത്രിസഭയിൽ സാംസ്കാരിക വകുപ്പു് കൈകാര്യം ചെയ്തതു്. 1991–96 കാലത്തു് ഭരണധുരന്ധനായ ടി. എം. ജേക്കബും. ഇത്തവണയും സാംസ്കാരിക വകുപ്പിന്മേൽ ജേക്കബിനു് കണ്ണുണ്ടായിരുന്നു. പക്ഷേ, ആന്റണി അടുത്തില്ല. ചിത്രകാരനും ഗായകനുമായ ഡോ. എം. കെ. മുനീറും സിനിമാ നടൻ ഗണേശ് കുമാറു മൊക്കെ മന്ത്രിസഭയിലുണ്ടായിട്ടും സാംസ്കാരിക വകുപ്പു് വിശ്വസിച്ചേൽപിച്ചതു് ജി. കാർത്തികേയനെ യാണു്. സ്വന്തം നിലക്കു് നല്ലൊരു വായനക്കാരനും സിനിമാ സംഗീത ആസ്വാദകനുമാണു് കാർത്തികേയൻ. അദ്ദേഹത്തിന്റെ ധർമപത്നി ഡോ. എം. ടി. സുലേഖയാണെങ്കിൽ എഴുത്തുകാരി, എൻ. എസ്. എസ്. കോളേജിൽ മലയാള വകുപ്പധ്യക്ഷയും. ഭർതൃകർമാനുകരണമത്രേ പാതിവ്രത്യ നിഷ്ഠാ വധൂനാമെന്നു് നിർണയം.
കേരളത്തിലെ സാംസ്കാരിക നായകരിലധികവും കമ്യൂണിസ്റ്റുകാരോ ഇടതുപക്ഷ സഹയാത്രികരോ ആണു്. യു. ഡി. എഫ്. സർക്കാറിനെ സ്ഥാനത്തും അസ്ഥാനത്തും എതിർത്തു പ്രസ്താവനയിറക്കുകയാണു് അവരുടെ സ്ഥിരം അജണ്ട. പണ്ടു് കരുണാകരൻ ക്രിസ്തുവിന്റെ ആറാം തിരുമുറിവു് നിരോധിച്ചപ്പോൾ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനായി മുറവിളി കൂട്ടിയവർ അതേ തീരുമാനം നായനാർ പിന്തുടർന്നപ്പോൾ സമ്പൂർണ മൗനം പാലിച്ചു. കഴിഞ്ഞ ഇടതുപക്ഷ സർക്കാർ പെരിയാറിലെ വെള്ളം വിൽക്കാൻ തീരുമാനിച്ചപ്പോൾ ബുദ്ധിജീവികളത്രയും ഉറക്കം നടിച്ചു; ആ തീരുമാനം ഈ സർക്കാർ നടപ്പാക്കാൻ തുനിഞ്ഞപ്പോൾ നെഞ്ചത്തിടിയും നിലവിളിയുമായി.
സാംസ്കാരിക നായകരായി ഭാവിക്കുന്ന തൂലികത്തൊഴിലാളികളെ ചട്ടം പഠിപ്പിക്കുന്ന ഭാരിച്ച ജോലിയാണു് കാർത്തികേയൻജി ഏറ്റെടുത്തതു്. പഴയൊരു കോൺഗ്രസുകാരനും നിലവിൽ സർക്കാറിന്റെ നിതാന്ത വിമർശകനുമായ സുകുമാർ അഴീക്കോടി നു് നേർക്കാണു് മന്ത്രി ആദ്യം കുരച്ചു ചാടിയതു്. അതുകഴിഞ്ഞു് സക്കറിയ, പിന്നെ ഒ. എൻ. വി. മന്ത്രി പുംഗവനുമായി പൊരുത്തപ്പെട്ടു പോകാൻ കഴിയില്ലെന്നു് തോന്നിയതുകൊണ്ടു് കലാമണ്ഡലം അധ്യക്ഷ പദവി ഏറ്റെടുക്കാൻ വിസമ്മതിച്ചു എം. ടി. വാസുദേവൻ നായർ (വിഷസർപ്പങ്ങളെ പേടിച്ചു് കാൽക്കീഴിൽ നോക്കിനടക്കാൻ പഠിപ്പിച്ച കാരണവന്മാരുടെയും വലിയ അപകടങ്ങളിൽ നിന്നു് കാത്തുരക്ഷിക്കുന്ന കൊടിക്കുന്നത്തമ്മയുടെയും അനുഗ്രഹം). ഡോ. എം. എം. ബഷീറും എം. തോമസ് മാത്യു വും ശ്രീമൂലനഗരം മോഹനനും കൈപൊള്ളിയപ്പോഴേ പഠിച്ചുള്ളൂ.
കേരള ചരിത്ര ഗവേഷണ കൗൺസിലിനു് നേരെ നടത്തിയ പരാക്രമമാണു് കാർത്തികേയന്റെ ഏറ്റവും വലിയ ഭരണനേട്ടം. കൗൺസിലിന്റെ ചെയർമാൻ തന്റെ മുന്നിൽ ഓച്ഛാനിച്ചുനിൽക്കാഞ്ഞതാണത്രെ മന്ത്രിയെ ശുണ്ഠിപിടിപ്പിച്ചതു്. അക്ബറിന്റെ സിംഹാസനത്തിൽ മൂട്ടയോ? ആരവിടെ, കൗൺസിൽ പിരിച്ചുവിട്ടിരിക്കുന്നു! ആർ. എസ്. ശർമയും ഇർഫാൻ ഹബീബും മുതൽ കെ. രാജേശ്വരി വരെയുള്ളവർ പിരിച്ചുവിടലിനെ അപലപിച്ചു. ദേശാഭിമാനിയും മാതൃഭൂമിയും മുഖപ്രസംഗവുമെഴുതി. കെ. കരുണാകരനെ മാനിക്കാത്ത കാർത്തികേയനു ണ്ടോ കെ. രാജേശ്വരിയെ ഗൗനിക്കുന്നു? ചരിത്ര ഗവേഷണത്തിനു് കൗൺസിലൊന്നും വേണ്ട. ഗസറ്റിയർ വകുപ്പു് ധാരാളം മതിയാകുമെന്നു് അദ്ദേഹം ഉദ്ഘോഷിച്ചു. ചരിത്രമേ വേണ്ട എന്നു് പറയാഞ്ഞതു ദൈവാധീനം.
ചരിത്രകാരന്മാർ പിരിച്ചുവിടലിനെതിരെ കോടതിയെ സമീപിച്ചു സ്റ്റേ വാങ്ങി. ഇടക്കാല ഉത്തരവിന്റെ ബലത്തിൽ മൂന്നു മാസത്തോളം പ്രവർത്തിച്ചു. 2001 ഡിസംബർ 21-നു് സിംഗിൾ ജഡ്ജി ഹർജി തള്ളി വിധിയായി. പിറ്റേ ദിവസം കാർത്തികേയ കിങ്കരൻ വൈലോപ്പിള്ളി സംസ്കൃതി ഭവനിലെത്തി കൗൺസിലിന്റെ ഓഫീസ് പൂട്ടി മുദ്രവെച്ചു. ഒന്നാം നിലയിലുള്ള ലൈബ്രറിയും റിസർച്ച് സെന്ററും എന്തുകൊണ്ടോ ഒഴിവാക്കി. ജനുവരി 25-നു് ചരിത്രകാരന്മാരുടെ അപ്പീൽ പരിഗണനക്കു് വന്നപ്പോൾ ഡിവിഷൻ ബെഞ്ച് സ്റ്റാറ്റസ് കോ ഉത്തരവായി. കോടതിയുത്തരവു് തൃണവത്ഗണിച്ചു് ഫെബ്രുവരി ഏഴാം തീയതി സർക്കാർ ലൈബ്രറിയും റിസർച്ചു സെന്ററും പുതിയ താഴിട്ടു് പൂട്ടി. അന്നുതന്നെ കൗൺസിലിലേക്കുള്ള വഴികാണിച്ചുകൊണ്ടു് പി. എം. ജി. ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന ബോർഡുകളും മായ്ച്ചു. ഫെബ്രുവരി 23-നു് വൈകുന്നേരം കൗൺസിലിന്റെ ഓഫീസിൽ സാംസ്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ കർസേവ അരങ്ങേറി. തേക്കിൻ പലകകൊണ്ടുതീർത്ത വാതിൽ അറുത്തുമുറിച്ചാണു് കർസേവകർ അകത്തു കടന്നതു്. ഓഫീസുപകരണങ്ങളും രേഖകളുമൊക്കെ നീക്കപ്പെട്ടു. ചുവരിൽ തൂക്കിയിരുന്ന ഇളംകുളം കുഞ്ഞൻപിള്ള യുടെയും കെ. പി. പത്മനാഭമേനോന്റെ യും ഛായാചിത്രങ്ങൾക്കു പോലും സ്ഥാനഭ്രംശം സംഭവിച്ചു. (കർസേവക്കു് മേൽനോട്ടം വഹിച്ചതു് കേരളത്തിലെ ചുവർചിത്രങ്ങളെപ്പറ്റി ഗവേഷണം നടത്തിയ എം. ജി. ശശിഭൂഷൺ. സംസ്കൃതി ഭവൻ സെക്രട്ടറി; ‘ഇസങ്ങൾക്കപ്പുറം’ എഴുതിയ ഗുപ്തൻ നായരു ടെ മകൻ). മാർച്ച് 18-ാം തീയതി ചീഫ് ജസ്റ്റിസ് ബി. എൻ. ശ്രീകൃഷ്ണ യും ജസ്റ്റിസ് എം. രാമചന്ദ്രനുമുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ചരിത്രകാരന്മാരുടെ അപ്പീൽ അനുവദിച്ചു. കൗൺസിൽ പിരിച്ചുവിട്ടുകൊണ്ടുള്ള സെപ്റ്റംബർ 22-ലെ സർക്കാർ ഉത്തരവു് അസ്ഥിരപ്പെടുത്തി; രണ്ടാഴ്ചക്കകം ഓഫീസും സാധനസാമഗ്രികളും പഴയമട്ടിൽ തിരികെയേൽപിക്കാനും ഉത്തരവായി.
നിയമാനുസൃതമായ രീതിയിൽ കൗൺസിൽ പിരിച്ചുവിടാനുള്ള നടപടി കൈക്കൊള്ളാമെന്നു് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഒന്നുകിൽ സൊസൈറ്റീസ് ആക്ടിലെ 23-ാം വകുപ്പു് പ്രകാരം പൊതുയോഗം വിളിച്ചു് പിരിഞ്ഞുപോകൽ പ്രമേയം പ്രത്യേക ഭൂരിപക്ഷത്തോടെ പാസാക്കിയെടുക്കാം. അല്ലെങ്കിൽ 25-ാം വകുപ്പനുസരിച്ചു് ജില്ലാ കോടതിയിൽ അന്യായം ഫയലാക്കാം. രണ്ടും ദുഷ്കരം, ആകയാൽ സംസ്കൃതി ഭവനിൽ നിന്നു് കുടിയൊഴിഞ്ഞുപോകണമെന്ന് കാണിച്ചു് സാംസ്ക്കാരിക വകുപ്പു് സെക്രട്ടറി തീട്ടൂരം പുറപ്പെടുവിച്ചു. (വൈലോപ്പിള്ളി ഉണ്ടായിരുന്നെങ്കിൽ ‘കുടിയൊഴിപ്പിക്കൽ’ എന്നൊരു കാവ്യം രചിച്ചേനെ). ചരിത്രകാരന്മാർ വീണ്ടും കോടതികയറി. സ്റ്റേ ഉത്തരവിന്റെ ബലത്തിൽ കൗൺസിൽ സംസ്കൃതി ഭവനിൽ തുടരുകയാണു്.
ചരിത്ര കൗൺസിലിന്റെതിനേക്കാൾ ഭയങ്കരമായിരുന്നു വനിതാ കമീഷന്റെ വിധി. സാംസ്കാരിക വിദ്യുച്ഛക്തി മന്ത്രിമാർക്കെതിരായ ലൈംഗികാപവാദക്കേസിൽ നോട്ടീസയക്കാൻ തീരുമാനിച്ചതും കമീഷൻ പുനഃസംഘടിപ്പിച്ചതും ഒപ്പം. (ഇതിനു് സംസ്കൃതത്തിൽ ‘കാകതാലീയ ന്യായം’ എന്നു് പറയും. ‘കാക്ക വന്നു, പനമ്പഴവും വീണു’.) ഭർത്താവിനെ ന്യായീകരിച്ചും ജസ്റ്റിസ് ശ്രീദേവി യെ അപലപിച്ചും സുലേഖ ടീച്ചർ മനോരമയിലെഴുതിയ ലേഖനം വായിച്ചാൽ ഹിലാരി മദാമ്മ വരെ നാണിച്ചു പോകും! വനിതാ കമീഷനിൽ നിന്നയച്ചുതന്ന പരാതി വായിച്ചു് തന്റെ ഭാര്യയും കുട്ടികളും ചിരിച്ചു മണ്ണുകപ്പിയെന്നാണു് കാർത്തികേയൻജി പിന്നീടു് പറഞ്ഞതു്. പുനഃസംഘടനയെ ചോദ്യം ചെയ്തു് ശ്രീദേവിയും കൂട്ടരും ഹർജി കൊടുത്തെങ്കിലും സ്റ്റേ കിട്ടിയില്ല. കേരള ഹൈക്കോടതിയിൽ കെട്ടിക്കിടക്കുന്ന ഒരു ലക്ഷത്തി ഇരുപത്തയ്യായിരം കേസുകളിൽ ഒന്നുകൂടി.
എം. എം. ബഷീറി ന്റെയും തോമസ് മാത്യു വിന്റെയും വഴിയേ അടൂർ ഗോപാലകൃഷ്ണനും യാത്രയാകുന്നു. ചലച്ചിത്ര അക്കാദമിയിലെ ഒരു ജീവനക്കാരിയുടെ ഡെപ്യൂട്ടേഷൻ റദ്ദാക്കിയതും സെക്രട്ടറിയുടെ സ്ഥലംമാറ്റവുമാണു് പ്രകോപനം. അക്കാദമിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ഇടപെടുന്നു. ഫിലിം അവാർഡ് ജൂറിയെ മാറ്റിമറിച്ചു. ജെ. സി. ഡാനിയേൽ അവാർഡിന്റെ കാര്യത്തിൽ തിരിമറി നടത്തി എന്നൊക്കെയാണു് അടൂരിന്റെ ആരോപണം. ഏഴു കൊല്ലത്തിലൊരിക്കൽ ഒരു സിനിമയെടുക്കുന്ന അടൂർ ഗോപാലകൃഷ്ണൻ അത്ര വലിയ മഹാനൊന്നുമല്ല എന്നാണു് കാർത്തികേയന്റെ പക്ഷം. കഥാപുരുഷനെപ്പറ്റി വളരെയൊന്നും പാർലമെന്ററിയല്ലാത്ത പരാമർശങ്ങളും മന്ത്രി നടത്തി. അടൂർ ഗോപാലകൃഷ്ണനല്ല റിച്ചാർഡ് അറ്റൻബറോ ആയാലും സർക്കാർ കാര്യത്തിൽ ഇടപെടാൻ അനുവദിക്കില്ലാ എന്നു് കാർത്തികേയൻജി പ്രഖ്യാപിച്ചിട്ടുണ്ടു്.
ഏതായാലും രാജിക്കത്തു് മുഖ്യനെ ഏൽപിച്ചു് ഫ്രാൻസിലേക്കു് പോയിരിക്കയാണു് ഗോപാലകൃഷ്ണൻ. മൂന്നാഴ്ച കഴിഞ്ഞു മടങ്ങിവരുമ്പോഴേക്കും സർക്കാർ തീരുമാനം അറിയിക്കണം. ഫ്രാൻസിലല്ല അന്റാർട്ടികയിൽ പോയി വന്നാലും കാർത്തികേയനു മാനസാന്തരമുണ്ടാകില്ല. മലകളിളകി മാറാം, മഹാജനാനാം മനമിളകാ. മന്ത്രിസഭാ യോഗത്തിനു് ശേഷമാണു് അടൂരിനെതിരെ കാർത്തികേയൻ ആഞ്ഞടിച്ചതെന്നും അതുകൊണ്ടുതന്നെ സർക്കാർ വഴങ്ങാനിടയില്ലെന്നുമാണു് മലയാള മനോരമ നൽകുന്ന സൂചന.
അടൂർ സ്വയം രാജിവെച്ചൊഴിഞ്ഞതു നന്നായി. അല്ലെങ്കിൽ അക്കാദമി ഇരിക്കുന്നിടത്തു് കുളം കുഴിക്കാനും ചെയർമാനെ കരിമ്പുള്ളി കുത്തിച്ചു കഴുതപ്പുറത്തേറ്റി നാടു കടത്താനും മടിക്കുമായിരുന്നില്ല സാംസ്ക്കാരിക മന്ത്രി.
ചലച്ചിത്ര അക്കാദമിക്കൊരു ചെയർമാൻ വേണമെന്നേയുള്ളൂ. അതിപ്പോൾ അടൂർ ഗോപാലകൃഷ്ണ നായാലെന്തു്, കെ. എസ്. ഗോപാലകൃഷ്ണനാ യാലെന്തു്? പിന്നെ സർക്കാരിടപെടലിന്റെ കാര്യം. ആലപ്പുഴ നടന്ന സംസ്ഥാന സ്കൂൾ യുവജനോൽസവത്തിൽ തിരുത്തൽവാദിയായ സ്ഥലം എം. എൽ. എ. കഥകൾ പുനഃപരിശോധിച്ചു മാർക്കിട്ടു എന്ന വാർത്ത, ഗോപീകൃഷ്ണന്റെ കാർട്ടൂൺ സഹിതം ജനുവരി 19-ന്റെ മാതൃഭൂമിയിൽ കണ്ടു. അതു വെച്ചുനോക്കുമ്പോൾ ഇതൊക്കെ എത്ര നിസ്സാരം!
അടൂർ ഗോപാലകൃഷ്ണൻ ഇനി എന്തു് ചെയ്യും? നിഴൽക്കുത്തു കഴിഞ്ഞ നിലക്കു് ഇനി ഏഴു വർഷത്തിനു ശേഷമേ അടുത്ത ചിത്രം സാക്ഷാത്ക്കരിക്കാനാകൂ. അതുവരെ രാമനാമം ജപിച്ചു് ഒരു ഭാഗത്തിരിക്കട്ടെ. ‘കഥാപുരുഷനി’ലെ വേലുശ്ശാരുടെ നാമജപം ഓർമയുണ്ടാകുമല്ലോ.
രാമരാമരാമരാമരാമ പാഹിമാം
രാമപാദം ചേരണേ മുകുന്ദ രാമ പാഹിമാം
ദീനതകൾ നീക്കി നീയനുഗ്രഹിക്ക ദൈവമേ
മാനവ ശിഖാമണേ മുകുന്ദ രാമ പാഹിമാം.
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.