പോയ നൂറ്റാണ്ടു കണ്ട ക്രാന്തദർശികളിലൊരാളായിരുന്നു കണ്ടശ്ശാംകടവിലെ വി. എസ്. മാമമാസ്റ്റർ അതുകൊണ്ടാണു് അദ്ദേഹം 1948 മെയ് 26-ാം തീയതി ജനിച്ച തന്റെ മകനു് സുധീരൻ എന്നു പേരിട്ടതു്. സുശീലൻ എന്നോ സുന്ദരൻ എന്നോ ആയിരുന്നെങ്കിലും മാസ്റ്ററെ ഒരാളും കുറ്റപ്പെറ്റുത്തുമായിരുന്നില്ല. എങ്കിലും സുധീരൻ എന്ന പേരാകും തന്റെ പുത്രനു് യോജിക്കുക എന്നു് മാസ്റ്റർക്കു് അന്നേ തോന്നി.
ചെത്തുതൊഴിലാളി പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ അന്തിക്കാട്ടു് ജനിച്ചിട്ടു സുധീരൻ രാഷ്ട്രീയപ്രവർത്തനം തുടങ്ങിയതു് കെ. എസ്. യു.-വിലൂടെയായിരുന്നു. 1971-ൽ കെ. എസ്. യു.-വിന്റെയും 74-ൽ യൂത്ത് കോൺഗ്രസിന്റെയും പ്രസിഡന്റായി തെരഞ്ഞെടുപ്പിൽ കമ്യുണിസ്റ്റ് കോട്ടയായ ആലപ്പുഴ പാർലമെന്റ് സീറ്റിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായി, സുധീരൻ. എതിർസ്ഥാനാർത്ഥി സഖാവ് ഇ. ബാലാനന്ദൻ വോട്ടെണ്ണിത്തീർന്നപ്പോൾ ചെങ്കൊടി താണു. 1948-നു ശേഷം ആലുപ്പുഴ നിന്നു് ദില്ലിയിലേക്കു് വണ്ടികയറിയ ആദ്യത്തെ കോൺഗ്രസുകാരൻ വി. എം. സുധീരൻ. ആലപ്പുഴക്കു് തീവണ്ടിയോടിക്കാൻ ഏറ്റവുമധികം പ്രയത്നിച്ചതും കണ്ടശ്ശാം കടവുകാരൻതന്നെ.
1980-ൽ നിയമസഭയിലേക്കുള്ള പുത്തരിയങ്കം. മണ്ഡലം തന്റെ ജന്മസ്ഥലം ഉൾപ്പെടുന്ന മണലൂർ. എതിരാളി 1967-ലെ ഇടതു തരംഗത്തെ വരെ അതിജീവിച്ച എൻ. ഐ. ദേവസ്സിക്കുട്ടി. പ്രമുഖ പാർലമെന്റേറ്റിയനും വാഗ്മിയുമായിരുന്നു ദേവസ്സിക്കുട്ടി. നല്ലോരു പങ്കു് സുറിയാനി ക്രിസ്ത്യാനികളുള്ള മണലൂർ മണ്ഡലത്തിൽ ബിഷപ്പ് കുണ്ടുകുളത്തിന്റെ പിന്തുണയുമുണ്ടായിരുന്നു ദേവസ്സിക്കുട്ടിക്കു് കടുത്ത പോരാട്ടത്തിനൊടുവിൽ സുധീരൻ ജയിച്ചു. ഭൂരിപക്ഷം 7,932. 1982-ലും 87-ലും 91-ലും ജയം സുധീരനോടോപ്പം തന്നെ.
1980-ൽ മന്ത്രിസ്ഥാനത്തേക്കു് പരിഗണിക്കപ്പെടേണ്ടിയിരുന്ന പേരാണു് സുധീരന്റേതു്. ആന്റണി ഗ്രൂപ്പിനെ പ്രതിനിധാനം ചെയ്തു് ഈഴവരായ വക്കം പുരുഷോത്തമനും ഷൺമുഖദാസും മന്ത്രിമാരായപ്പോൾ സുധീരൻ സവിനയം മാറിനിന്നു. 1982-ൽ ഈഴവമന്ത്രി വയലാർ രവി, സ്പീക്കർ വക്കം പുരുഷോത്തമൻ. അപ്പോഴുമില്ല സുധീരനു് പരിഭവം. വക്കം പാർലമെന്റംഗമായിപ്പോയപ്പോൾ സ്പീക്കറായത് സുധീരൻ. കേരളനിയമസഭ കണ്ട ഏറ്റവും നിഷ്പക്ഷമതിയായ സ്പീക്കർ സുധീരനായിരുന്നു. അദ്ദേഹത്തിന്റെ സുധീരമായ റൂളിംഗുകൾ ഭരണപക്ഷക്കാരെ വിശിഷ്യ കരുണാകരനെ വിറളിപ്പിടിപ്പിച്ചു. പ്രിവിലേജ് കമ്മിറ്റി ചെയർമാനായി ഡെപ്യൂട്ടി സ്പീക്കറെ നിയമിച്ചതും നിയമസഭാ സമ്മേളനത്തിനു് തൊട്ടുമുമ്പും ശേഷവും ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിനെ വിമർശിച്ചതുമൊക്കെ ലീഡർക്ക് സഹിക്കാവുന്നതിലപ്പുറമായിരുന്നു ഈ കാട്ടിൽ മറ്റൊരു സിംഹമോ?
1991-ൽ ലീഡർ പകവീട്ടി വി. എം. സുധീരനെ ഒരുകാരണവശാലും മന്ത്രിയാക്കാൻ പറ്റില്ല എന്നു് കരുണാകരൻ വെട്ടിത്തുറന്നു പറഞ്ഞു. മന്ത്രിയാകാൻ വേണ്ടി മുസ്തഫ യെപ്പോലെ ലീഡറുടെ കാൽക്കൽ വീഴാനൊന്നും പോയില്ല സുധീരൻ. 1995-ൽ രാജ്യഭാരമൊഴിഞ്ഞു് കരുണാകർജി വടക്കോട്ടു് വണ്ടികയറിയപ്പോൾ ആന്റണി മുഖ്യനായി; സുധീരൻ ആരോഗ്യമന്ത്രിയും. ആരോഗ്യവകുപ്പാകുന്ന ഈജിയൻതൊഴുത്തു് വൃത്തിയാക്കാനും സുധീരമായ ശ്രമങ്ങളുണ്ടായി മാനദണ്ഡം ലംഘിച്ചു് ഒറ്റ സ്ഥലം മാറ്റമെങ്കിലും നടന്നില്ല.
ആന്റണി മന്ത്രിസഭയുടെ കാലത്താണു് ശിവഗിരിയിലെ പൊലീസ് നടപടി. കോടതിവിധി നടപ്പാക്കാൻവേണ്ടി ശിവഗിരിയിലേക്കു് പൊലീസിനെ അയക്കുന്നതിൽ തെറ്റില്ല എന്ന പക്ഷക്കാരനായിരുന്നു സുധീരൻ. കടവൂർ ശിവദാസനും കരുണാകരനും വയലാർ രവി യും ഗൗരിയമ്മ യും അച്യുതാനന്ദനു മൊക്കെ സ്വാമി ശാശ്വതീകാനന്ദ ക്കൊപ്പം നിലയുറപ്പിച്ചപ്പോഴും സുധീരനു് കുലുക്കമുണ്ടായില്ല. അതോടെ കേരള കൗമുദിയും സുധീരനു് എതിരായി.
1996-ലും സുധീരനു് പാട്ടുംപാടി ജയികവുന്ന അന്തരീക്ഷമായിരുന്നു മണലൂരിൽ പക്ഷേ, ചേർത്തലയിൽ തന്റെ വിജയം ഉറപ്പാക്കണമെങ്കിൽ സുധീരനും കൂടെ വേണമെന്നു് ആന്റണി ക്കു് തോന്നി അങ്ങനെ സുധീരൻ ആലുപ്പുഴ ലോക് സഭാ സീറ്റിൽ സ്ഥാനാർത്ഥിയായി. എതിരാളി സിറ്റിംഗ് എം. പി. കൂടിയായ ടി. ജെ. ആഞ്ചലോസ്. ശാശ്വതീകാനന്ദ യും നാരായണപ്പണിക്കരും ദിനകരനും ഒത്തുപിടിച്ചു് എതിർത്തിട്ടും കരുണാകരൻ കഴിവിനൊത്തവിധം പാരകൾ പണിഞ്ഞിട്ടും സംസ്ഥാനമാകെ ആഞ്ഞടിച്ച ഇടതുപക്ഷതരംഗത്തെ തടഞ്ഞുനിർത്താൻ ഗൗരിയമ്മ-സുധീരൻ-ആന്റണി കൂട്ടുകെട്ടിനു് കഴിഞ്ഞു. ഇരുപത്താറായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തോടെ സുധീരൻ ജയിച്ചു.
1996-ലെ തെരഞ്ഞെടുപ്പു് മുന്നിൽകണ്ടു കൊണ്ടാണു് ആന്റണി ചാരായം നിരോധിച്ചതു്. ആന്ധ്രയിൽ എൻ. ടി. രാമറാവു ചാരായനിരോധ വാഗ്ദാനത്തിലൂടെ സ്ത്രീവോട്ടർന്മാരെ വശത്താക്കിയതായിരുന്നു പ്രകോപനം. ചാരായം നിരോധിച്ചതോടെ കേരളം ഭൂലോക വൈകുണ്ഠമായെന്നു് മലയാള മനോരമയും ദീപികയും പ്രചരിപ്പിച്ചു. തെരഞ്ഞെടുപ്പു് കഴിഞ്ഞു് വിദേശമദ്യം നിരോധിക്കുമെന്നായിരുന്നു ആന്റണി യുടെ ഡാവ്.
വ്യാജമദ്യത്തിന്റെ ഒഴുക്കു് തടയാൻ ചാരായഷാപ്പുകൾ പുനഃസ്ഥാപിക്കുകയേ വഴിയുള്ളുവെന്നു് വി. എസ്. അച്യുതാനന്ദനും കേരള കൗമുദിയും ആത്മഗതം ചെയ്തപ്പോഴൊക്കെ ആന്റണി ഉറഞ്ഞുതുള്ളി—ചാരായനിരോധനത്തിൽ തൊട്ടുകളിക്കരുതു്. പള്ളിയും പട്ടക്കാരും വിശ്വാസികളെ തെരുവിലിറക്കി മദ്യവിപത്തിനെതിരെ പ്രക്ഷോഭം നടത്തി. ചാരായം ഇല്ലാതായതോടെ കള്ളിന്റെ പ്രസക്തി വർധിച്ചു. കള്ളുഷാപ്പുകൾ ലേലംകൊള്ളാൻ തലക്കിടിയായി സിലോൺപൊടി കലക്കി കള്ളുണ്ടാകുന്ന വിദ്യപ്രചരിച്ചതോടെ ‘കള്ളു് ചെത്തരുതു്’ എന്ന ശ്രീ നാരായണസൂക്തം പ്രയോഗികമായി.
കള്ളുകച്ചവടക്കാരിൽ അഗ്രഗണ്യനായ വെള്ളാപ്പള്ളി നടേശൻ ധർമപരിപാലന യോഗം സെക്രട്ടറിയായി. ആനമയക്കി കലക്കി വിഷക്കള്ളുണ്ടാക്കിയവരിൽ പലരും ഡയറക്ടർമാരുമായി. എസ്. എൻ. ഡി. പി.-യുടെ യോഗം! സാംസ്കാരികമന്ത്രിയുടെ ജാമാതാവിനു് ബാർ നടത്താൻവേണ്ടി ചട്ടങ്ങൾ മാറ്റപ്പെടുന്നതും അബ്കാരികളുടെ മണിയറപൂകാൻ സിനിമാ-ടി. വി. താരങ്ങൾ മൽസരിക്കുന്നതും മലയാളികൾ കണ്ടു. മദ്യനിരോധത്തെ അട്ടിമറിക്കുന്നുവെന്നു് ആന്റണി വിലപിച്ചു.
1997-ൽ മറ്റം ഫിനാൻസ് കേസുമായി ബന്ധപ്പെട്ടാണു് നടേശനും സുധീരനും തമ്മിൽ ഉടക്കുന്നതു് കേസ് സി. ബി. ഐ.-ക്കു് വിടണമെന്നു് സുധീരൻ ആവശ്യപ്പെട്ടു. അനുയായികൾ ഹൈക്കോടതിയെ സമീപിച്ചു് അനുകൂല ഉത്തരവും വാങ്ങി. അമ്പടാ, ഒരു ചോവനു് ഇത്ര ധിക്കാരമോ എന്നായി വെള്ളാപ്പള്ളി. കുമാരനാശാനെ ക്കാളും ആർ. ശങ്കറി നെക്കാളും പ്രഗല്ഭൻ എന്നു് സ്വയം അവകാശപ്പെടുന്ന നടേശന്റെ അന്നത്തെ ഉറ്റതോഴൻ വയലാർ സമരനായകൻ വി. എസ്. അച്യുതാനന്ദൻ. സുധീരൻ ഇനി ലോക് സഭ കാണില്ല എന്നു് നടേശനും കള്ളുമുതലാളിയുടെ ധാർഷ്ട്യത്തിനുമുന്നിൽ തലകുനിക്കില്ല എന്നു് സുധീരനും പ്രഖ്യാപിച്ചു.
1998 ഫെബ്രുവരിയിലെ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിലെ മാർക്സിസ്റ്റ് സ്ഥാനാർത്ഥി സി. എസ്. സുജാത യായിരുന്നെങ്കിലും യഥാർഥമൽസരം വി. എം. സുധീരനും വെള്ളാപ്പള്ളി നടേശനു മായിട്ടായിരുന്നു. കാശും കള്ളും വെള്ളം പോലെ ഒഴുകി. ഒറ്റ ഈഴവനും സുധീരനു് വോട്ടുകൊടുക്കരുതെന്നു് നടേശൻ മുതലാളി ഉത്തരവിറക്കി. സുധീരൻ വിജയിച്ചെന്നു മാത്രമല്ല, ഭൂരിപക്ഷം ഇരട്ടിച്ചു. തെരഞ്ഞെടുപ്പിനുശേഷം വി. എസും നടേശനും തമ്മിൽ അകന്നു. പിന്നെ വെളിയം ഭാർഗവനും കൃഷ്ണൻ കണിയാംപറമ്പിലു മായി നടേശന്റെ സഹകാരികൾ. അതും അധികം നീണ്ടില്ല. നടേശൻ ബി. ജെ. പി. ക്യാമ്പിലേക്കു കൂടുമാറി. 1999-ലെ തെഞ്ഞെടുപ്പിൽ സുധീരനെ തോൽപിക്കാൻ പ്രത്യേക ശ്രമമൊന്നും മുതലാളിയുടെ ഭാഗത്തുനിന്നുണ്ടായില്ല. വെറുതെ ഇരുമ്പിൽ കടിച്ചു് പല്ലുകളയുന്നതെന്തിനു്?
കല്ലുവാതുക്കൽ ദുരന്തത്തോടെ സഖാക്കളുടെ കണ്ണുതുറന്നു. വിദേശമദ്യവിൽപന ബീവറേജസ് കോർപറേഷൻ വഴിയാക്കി. കള്ളിന്റേതു് ചെത്തുതൊഴിലാളികളുടെ സഹകരണസംഘം വഴിയും അതോടെ അബ്കാരികളുടെ വെള്ളംകുടി മുട്ടി. അക്കൂട്ടർ ഒന്നടങ്കം ഇടതുമുന്നണിക്കെതിരായി. പുതിയ മദ്യനയത്തെ കോടതിയിൽ ചോദ്യം ചെയ്തെങ്കിലും ഫലമുണ്ടായില്ല—കള്ളുകച്ചവടം നടത്താൻ മൗലികാവകാശമൊന്നുമില്ല എന്നു് ഹൈക്കോടതി വിധിച്ചു.
പുതിയ മദ്യനയം ഈഴവസമുദായത്തിനെതിരാണെന്നു് വീരശ്രീ വെള്ളാപ്പള്ളി നടേശൻ പ്രഖ്യാപിച്ചു. കള്ളുചെത്താതെയും കൊടുക്കാതെയും കുടിക്കാതെയും എന്തു് ശ്രീനാരായണധർമ്മം? അബ്കാരികൾ ആളും അർഥവും കൊണ്ടു് ഐക്യമുന്നണിയെ സഹായിച്ചു. അടുത്ത എക്സൈസ് മന്ത്രി താനായിരിക്കുമെന്നു് അവകാശപ്പെട്ടു് ഒരു ധീരവനിത മുൻകൂർ പണപ്പിരിവു് നടത്തി. മദ്യവ്യാപാരവുമായി നേരിട്ടു് ബന്ധമുള്ള മൂന്നു സ്ഥാനാർത്ഥികളെ യു. ഡി. എഫ്. രംഗത്തിറക്കി. അവർ മൂന്നാളും വിജയിച്ചു എന്നുമാത്രമല്ല, അവരിലൊരാൾ ശ്രീനാരായണഗുരു വിന്റെ പേരിൽ സത്യവാചകം ചൊല്ലി ചരിത്രം സൃഷ്ടിച്ചു. (സി. കേശവൻ മുതൽ വി. എം. സുധീരൻ വരെയുള്ള ഏതെങ്കിലും ഈഴവനു് ഈ ‘ബുദ്ധി’ തോന്നിയോ?)
ഐക്യമുന്നണി വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. മഹാഗാന്ധിയനായ ആന്റണി മുഖ്യമന്ത്രിയും വളരെക്കാലം മൊറാർജി ശിഷ്യനായിരുന്ന ശങ്കരനാരായണൻ എക്സൈസ് മന്ത്രിയുമായി. ഐക്യമുന്നണി ജയിച്ചാൽ ആദ്യത്തെ പരിപാടി കള്ളുസംഘം പിരിച്ചുവിടലായിരിക്കുമെന്നു് മലയാള മനോരമ പ്രവച്ചിരുന്നു. മാത്തുക്കുട്ടിച്ചായൻ പറയുന്നതാണു് യു. ഡി. എഫ്. കൺവീനർക്കു് പ്രമാണം; കുഞ്ഞുഞ്ഞു പറയുന്നതിനപ്പുറമില്ല തങ്കച്ചൻ. അങ്ങനെ മദ്യമുതലാളിമാരെ തിരികെ കൊണ്ടുവരാൻ തീരുമാനമായി.
സംഘങ്ങളുടെ സ്ഥാനത്തു് മുതാലാളിമാരെണെങ്കിൽ കള്ളിന്റെ ഉൽപാദനം കൂടും സംസ്ഥാനത്തിന്റെ ഖജനാവു് നിറയുമെന്നാണു് ഉമ്മൻചാണ്ടി യുടെ സിദ്ധാന്തം മുതലാളിമാരോടുള്ള ബഹുമാനംകൊണ്ടു് തെങ്ങും പനയും കൂടുതൽ കള്ളുചുരത്തും. പിന്നെ വല്ല പോരായ്മയുമുണ്ടെങ്കിലും ആനമയക്കി കലക്കുകയുമാകാം. മനുഷ്യർ വിഷക്കള്ളു് കുടിച്ചു് ചത്താലും കുഴപ്പമില്ല, മുതലാളിമാർക്കു് ലാഭം കിട്ടണം. ഖജനാവു് നിറയണം ആന്റണി യുടെ സൽപേരു് ആ ചന്ദ്രതാരം നിലനിൽക്കണം.
ഗാന്ധിശിഷ്യന്മാരുടെ ഈ പുതുപുത്തൻ മദ്യനയം തെറ്റാണെന്നു് തിരുത്തൽ ശക്തിയായി പ്രവർത്തിക്കുന്ന കരുണാകരനു തോന്നിയില്ല. മദ്യം ഹറാമായ മുസ്ലിംലീഗുകാർക്കും തോന്നിയില്ല. മദ്യനയം ധിറുതിപിടിച്ചു നടപ്പാക്കിയതുകൊണ്ടല്ലേ ഇടതുമുന്നണി തോറ്റമ്പിയതു് എന്നു് അച്യുതാനന്ദനു് സന്ദേഹം. ഇടതരുടെ മദ്യനയത്തിനെതിരെ ചന്ദ്രഹാസമെടുത്ത ബിഷപ്പ് സൂസപാക്യ ത്തിനു് മിണ്ടാട്ടമില്ല കുടിയന്മാരുടെ ഭാഗ്യം!
മദ്യമാഫിയയാൽ സംസ്ഥാനം ഗ്രസിക്കപ്പെടുമ്പോൾ അതാ സുധീരന്റെ ഒറ്റപ്പെട്ടതെങ്കിലും ഉറച്ച ശബ്ദം കേൾക്കുന്നു—മദ്യനയത്തിൽ ധിറുതിപിടിച്ചു് മാറ്റം വരുത്തരുതു്. മദ്യമുതലാളിമാരെ തിരിച്ചു കൊണ്ടുവരികയുമരുതു്. മാനിഷാദ! എന്നു വിലക്കാൻ ഇവനാരു് വാല്മികി മഹർഷി യോ എന്നായി ഭരണക്കാർ. സുധീരനു് എതിരഭിപ്രായമുണ്ടെങ്കിൽ പാർട്ടി വേദിയിൽ ഉന്നയിക്കണമെന്നു് ഉമ്മൻചാണ്ടി. പാർട്ടിയിൽ ചർച്ചയേ ഉണ്ടായില്ല. ഐക്യജനാധിപത്യമുന്നണി ചാടിക്കയറി തീരുമാനിക്കുകയായിരുന്നുവെന്നു് സുധീരൻ. ആന്റണി ഇതെല്ലാം കേട്ടു് ഞാൻ മാവിലായിക്കാരനാണേ എന്ന മട്ടിലിരിക്കുന്നു.
മദ്യനിരോധം ‘ഘട്ടം ഘട്ടമായി’ നടപ്പാക്കുമെന്നാണു് ഉമ്മൻചാണ്ടി ഉറപ്പുതരുന്നതു്. അതു് കേവലം കുറുപ്പിന്റെ ഉറപ്പാകില്ല എന്നു പ്രത്യാശിക്കുക. അടുത്തഘട്ടത്തിൽ ബിവറേജസ് കോർപറേഷൻ പിരിച്ചുവിട്ടു് വിദേശമദ്യ വിൽപനയും അബ്കാരികളെ ഏൽപിക്കും. അതിനടുത്ത ഘട്ടത്തിൽ കള്ളുവാറ്റു് കുടിൽവ്യവസായമായി അംഗീകരിക്കും; എക്സൈസ് വകുപ്പു് പിരിച്ചുവിടും.
അങ്കുശമില്ലാത്ത കാപട്യമേ മണ്ണിൽ ആന്റണിയെന്നു വിളിക്കുന്നു നിന്നെ ഞാൻ!
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.