കോൺഗ്രസിൽ ആരാണു് ചരിത്രം പഠിക്കാൻ മെനക്കെടുന്നതു്? ചോദിക്കുന്നതു് കുമാരനാണു്. യു. കെ. കുമാരൻ—കഥാകൃത്തു്, പത്രപ്രവർത്തകൻ, സർവോപരി കേരള സാഹിത്യ അക്കാദമി വൈസ് ചെയർമാൻ.
കോൺഗ്രസുകാരായ അപൂർവം സാഹിത്യകാരന്മാരിൽ ഒരാളാണു് കുമാരൻ. കെ. എസ്. യു.-വിലൂടെ രാഷ്ട്രീയത്തിലും വീക്ഷണത്തിലൂടെ പത്രപ്രവർത്തനരംഗത്തും പ്രവേശിച്ചയാൾ. വീക്ഷണം അസ്തമിച്ചപ്പോൾ കേരള കൗമുദിയിൽ ചേക്കേറിയെങ്കിലും രാഷ്ട്രീയ വീക്ഷണം തരിമ്പും മാറിയില്ല. ഖദർധാരിയാണു് കുമാരൻ. നമ്മൾ നൂറ്റ നൂലുകൊണ്ടും നമ്മൾ നെയ്ത വസ്ത്രംകൊണ്ടും നിർമിതം ഇതനീതിക്കൊരന്ത്യാവരണം. കോൺഗ്രസിലെ ആന്റണി വിഭാഗത്തോടാണു് കുമാരൻജിക്കു് പ്രതിബദ്ധത. ആദർശധീരന്റെ ജനോപകാര പരിപാടികൾക്കു് സൈദ്ധാന്തിക പിന്തുണ നൽകുന്നവരിൽ പ്രധാനിയാണു് അദ്ദേഹം. മുത്തങ്ങയിൽ ആദിവാസികൾക്കു് നേരെ നടന്ന പൊലീസ് അതിക്രമത്തെ സാംസ്കാരിക നായകർ ആകമാനം അപലപിച്ചപ്പോഴും കുമാരൻ കുലുങ്ങിയില്ല. കലാകൗമുദിയുടെ 1435-ാം ലക്കത്തിൽ (2003 മാർച്ച് 2) അദ്ദേഹമെഴുതിയ ലേഖനം എം. ടി.-സക്കറിയ-കുഞ്ഞബ്ദുള്ളസാറാ ജോസഫ് പ്രഭൃതികൾക്കുള്ള ചുട്ട മറുപടിയായിരുന്നു.
ഇത്രയൊക്കെ പാടുപെട്ടിട്ടും എൻ. പി. മുഹമ്മദ് മരിച്ച ഒഴിവിൽ അക്കാദമി അധ്യക്ഷസ്ഥാനം കൊടുത്തില്ല സർക്കാർ. സാമുദായിക പരിഗണനയാൽ കേച്ചേരിയിൽ നിന്നൊരു പാട്ടെഴുത്തുകാരനെ കൊണ്ടുവന്നു് ചെയർമാനാക്കി. എന്നാലും കുമാരനു് കുണ്ഠിതമേതുമില്ല. ത്യാഗമെന്നതേ നേട്ടം, താഴ്മതാനഭ്യുന്നതി, താരകാമണിമാല ചാർത്തിയാലതും കൊള്ളാം. ഈ സർവോദയ മനഃസ്ഥിതിതന്നെയാകണം നവംബർ 3-ാം തീയതിയിലെ കേരള കൗമുദിയിൽ ‘കോൺഗ്രസുകാരിൽ ചരിത്രം വായിക്കുന്നവർ കൈപൊക്കുക’ എന്ന സോദ്ദേശ ലേഖനമെഴുതാനും പ്രേരണ നൽകിയതു്.
ചരിത്രബോധമില്ലാത്തവരാണു് കോൺഗ്രസുകാരേവരും എന്നു് കരുതരുതു്. ‘ഗ്ലിംസസ് ഓഫ് വേൾഡ് ഹിസ്റ്ററി’യും ‘ഡിസ്കവറി ഓഫ് ഇന്ത്യ’യുമെഴുതിയതാരാണു്? പണ്ഡിറ്റ് ജവഹർലാൽ നെഹ്റു—രാഷ്ട്രശില്പി, കോൺഗ്രസ് നേതാവു്. ഇന്ത്യാ ചരിത്രത്തിലും സമ്പന്നവും വൈവിധ്യപൂർണ്ണവുമായ ഭാരതീയ സംസ്കാരത്തിലും അഗാധ പണ്ഡിതയാണു് കോൺഗ്രസിന്റെ നേതാവു് സോണിയ മായ്നോ ഗാന്ധി, കേരള ചരിത്ര ഗവേഷണ കൗൺസിൽ പിരിച്ചുവിട്ടു് ഗസറ്റിയേഴ്സ് വകുപ്പു് പുനസ്ഥാപിക്കാൻ ശ്രമിച്ച നമ്മുടെ സാംസ്കാരിക മന്ത്രി കാർത്തികേയൻജി യേയും മറക്കാൻ പാടില്ല.
കോൺഗ്രസിലെ ഗ്രൂപ്പുവഴക്കും കരുണാകരപക്ഷക്കാർക്കു് പെട്ടെന്നുണ്ടായ മാർക്സിസ്റ്റ് പ്രണയവുമാണു് ലേഖനത്തിന്റെ പ്രമേയം. മതേതര ശക്തികളുടെ ശിഥിലീകരണവും ദൗർബല്യവും വർഗീയ ഫാഷിസ്റ്റ് ശക്തികളുടെ വളർച്ചക്കാണു് വഴിയൊരുക്കുക എന്നു് കുമാരൻ താക്കീതു് നൽകുന്നു: “കോൺഗ്രസ് ശിഥിലീകരിച്ചാൽ ഭാവിയിൽ അഭിമുഖീകരിക്കുന്ന ഒരു വലിയ ദുരന്തവും ഇതായിരിക്കും. എന്നാൽ, നേരത്തേ നിർണയിക്കപ്പെട്ട ചിലതു് നേടിയെടുക്കാനുള്ള വ്യഗ്രതയിൽ ചിലർ ഈ ഭീകര യാഥാർത്ഥ്യത്തെ മറക്കുകയോ കണ്ടില്ലെന്നു് നടിക്കുകയോ ചെയ്യുന്നു.” 1979–80 കാലഘട്ടത്തിൽ ഇവിടെയൊരു കൂട്ടർ കോൺഗ്രസിനെ ശക്തിപ്പെടുത്താനായി മാർക്സിസ്റ്റ് പടകുടീരത്തിൽ കുടിയേറിയ പഴങ്കഥ കുമാരൻജി മറന്നതോ ഓർമയില്ലെന്നു് നടിക്കുന്നതോ?
1976-ൽ (അച്ചടിപ്പിശകാവാനേ തരമുള്ളൂ, 1996 എന്നു് തിരുത്തി വായിക്കുക) യു. ഡി. എഫിനു് ജയിക്കാനുള്ള വ്യക്തമായ രാഷ്ട്രീയ സാഹചര്യം ഉണ്ടായിട്ടും പരാജയപ്പെടുകയായിരുന്നു. കുമാരൻ എഴുതുന്നു: “യു. ഡി. എഫ്. സ്ഥാനാർത്ഥികൾ, പ്രത്യേകിച്ചും കോൺഗ്രസ് സ്ഥാനാർത്ഥികൾ പല സ്ഥലത്തും പരാജയപ്പെട്ടതു് നിസ്സാര വോട്ടുകൾക്കാണു്. വളരെ സമർഥമായ കാലുവാരലിന്റെ ഫലമായിരുന്നു ഇതു്. കോൺഗ്രസ് ഭരണത്തിലെത്തിയില്ലെങ്കിലും കുഴപ്പമില്ല, മറ്റു ചിലർ അധികാരത്തിൽ തിരിച്ചെത്തരുതെന്ന നിർബന്ധബുദ്ധിയുടെ ഫലമായിരുന്നു ഈ തോൽവി.” കുന്നംകുളത്തു് ഐ. ഗ്രൂപ്പിലെ ടി. വി. ചന്ദ്രമോഹൻ തോറ്റതു് 884 വോട്ടിനാണു്. തൃശൂർ പാർലമെന്റ് സീറ്റിൽ കെ. കരുണാകരൻ പരാജയപ്പെട്ടതു് ആയിരത്തിൽപരം വോട്ട് വ്യത്യാസത്തിലും. അങ്ങനെയെങ്കിൽ കാലു വാരിയവരാരു്? കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയില്ലെങ്കിലും കുഴപ്പമില്ല എന്നു് നിനച്ചവർ ആരൊക്കെ?
അവസാന ഖണ്ഡികയിലാണു് കുമാരേട്ടന്റെ ചരിത്രവിജ്ഞാനം കര കവിഞ്ഞൊഴുകുന്നതു്. “1976-ൽ പശ്ചിമ ബംഗാളിലും ഇതുപോലുള്ള ഒരു രാഷ്ട്രീയ സമസ്യ ഉരുത്തിരിയുകയുണ്ടായി. കോൺഗ്രസിന്റെ നെടുങ്കോട്ടയായ ബംഗാളിൽ ഗ്രൂപ്പുകൾ തലപൊക്കി. അജയ മുഖർജിയുടെ നേതൃത്വത്തിൽ ബംഗ്ലാ കോൺഗ്രസുണ്ടായി. മാർക്സിസ്റ്റ് പാർട്ടിയുടെ സഹായത്തോടെ മുഖർജി മുഖ്യമന്ത്രിയായി. ഏതാനും മാസം അദ്ദേഹം ഭരിച്ചു. അദ്ദേഹത്തെ താഴെയിറക്കി പിന്നീടു് നടന്ന തെരഞ്ഞെടുപ്പിൽ ഇടതു മുന്നണി അധികാരത്തിലേറി. അതിനു് ശേഷം ബംഗാളിൽ കോൺഗ്രസ് അധികാരത്തിൽ വന്നിട്ടില്ല…”
ലേഖകൻ പറയുന്ന രാഷ്ട്രീയ സമസ്യ ഉരുത്തിരിഞ്ഞതു് 1967-ലാണു്; 1976-ലല്ല. (വീണ്ടും അച്ചടിപ്പിശകെന്നു് സമാധാനിക്കുക.) അജയ് കുമാർ മുഖർജി യെ ബംഗാൾ പി. സി. സി. പ്രസിഡന്റ് സ്ഥാനത്തുനിന്നു് നീക്കിയതു് 1966 ജനുവരി 20-നു്, ബംഗ്ലാ കോൺഗ്രസുണ്ടാക്കിയതു് ആ വർഷം ജൂലൈ 15-നു്. 1967 ഫെബ്രുവരിയിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. 280 അംഗസഭയിൽ കോൺഗ്രസിനു് 127; ഇടതുപാർട്ടികൾക്കെല്ലാംകൂടി 151. അജയ് മുഖർജി മുഖ്യമന്ത്രിയും സഖാവു് ജ്യോതിബസു ഉപമുഖ്യനുമായി മാർച്ച് 2-നു് ഐക്യമുന്നണി സർക്കാർ അധികാരത്തിലേറി. നവംബർ 2-നു് ഭക്ഷ്യമന്ത്രി ഡോ. പി. സി. ഘോഷ് പാലംവലിച്ചു. ഗവർണർ ധരംവീര മന്ത്രിസഭയെ ഡിസ്മിസ് ചെയ്തു. കോൺഗ്രസ് പിന്തുണയോടെ ഡോ. ഘോഷ് മന്ത്രിസഭയുണ്ടാക്കിയെങ്കിലും അതും അൽപായുസ്സായി.
1969 ഫെബ്രുവരി 9-നു് ബംഗാൾ നിയമസഭയിലേക്കു് ഇടക്കാല തെരഞ്ഞെടുപ്പു് നടന്നു. ഐക്യമുന്നണിക്കു് 210 സീറ്റ് കിട്ടി. സി. പി. എം. 80, സി. പി. ഐ. 30, ബംഗ്ലാ കോൺഗ്രസ് 33, ഫോർവേഡ് ബ്ലോക്ക് 21, ആർ. എസ്. പി. 12, മറ്റുള്ളവർ 34. വീണ്ടും അജയ് മുഖർജി മുഖ്യമന്ത്രി, ജ്യോതിബസു ഉപമുഖ്യമന്ത്രി. ഇത്തവണ മുന്നണിക്കകത്തു് അഭിപ്രായവ്യത്യാസം രൂക്ഷമായി. 1970 മാർച്ച് 16-നു് മന്ത്രിസഭ നിലംപൊത്തി. ബദലുണ്ടാക്കാൻ ജ്യോതിബസു കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മാർച്ച് 19-നു് ബംഗാൾ രാഷ്ട്രപതിഭരണത്തിലായി.
1971 മാർച്ച് 10-നു് വീണ്ടും തെരഞ്ഞെടുപ്പു്. സി. പി. എം. മുന്നണിക്കു് 108, കോൺഗ്രസിനു് 105. അത്തവണ അജയ് മുഖർജി കോൺഗ്രസ് പിന്തുണയോടെ മന്ത്രിസഭയുണ്ടാക്കി. കിഴക്കൻ പാക്കിസ്ഥാനിൽ നിന്നുള്ള അഭയാർഥി പ്രവാഹവും നക്സൽ അക്രമവും സർക്കാറിന്റെ നില തെറ്റിച്ചു. ജൂൺ 28-നു് മുഖർജിയുടെ മൂന്നാമൂഴവും കഴിഞ്ഞു, വീണ്ടും രാഷ്ട്രപതിഭരണം.
1972 മാർച്ച് 11-നു് നടന്ന തെരഞ്ഞെടുപ്പിൽ സി. പി. എം. തകർന്നടിഞ്ഞു. കോൺഗ്രസ്-സി. പി. ഐ. മുന്നണി പശ്ചിമ ബംഗാൾ തൂത്തുവാരി. 280-ൽ 216-ഉം കോൺഗ്രസ് നേടി; സി. പി. എം. 13-ൽ ഒതുങ്ങി. അതിഗംഭീര ബൂത്തു പിടിത്തവും അക്രമവും നടന്ന ബാരാനഗറിൽ ജ്യോതിബസു പരാജിതനായി. സി. പി. ഐ. സ്ഥാനാർത്ഥി ശിവപാദ ഭട്ടാചാര്യയുടെ ഭൂരിപക്ഷം 38,000. 1946 മുതൽ ബംഗാൾ നിയമസഭയുടെ അവിഭാജ്യ ഘടകമായിരുന്ന ജ്യോതിബസുവിന്റെ ഏക തെരഞ്ഞെടുപ്പു് പരാജയം.
1972 മാർച്ച് 20-നു് കോൺഗ്രസ് നേതാവു് സിദ്ധാർഥ ശങ്കർ റായ് മന്ത്രിസഭ രൂപവത്കരിച്ചു. ഭരണഘടനാ വിദഗ്ദ്ധൻ, ദേശബന്ധു, സി. ആർ. ദാസിന്റെ ചെറുമകൻ. ഭരണം പൊടിപൊടി. നക്സലുകളെന്നു് സംശയിക്കപ്പെട്ട നൂറുകണക്കിനു് യുവാക്കൾ പൊലീസുമായുള്ള ‘ഏറ്റുമുട്ടലിൽ’ കൊല്ലപ്പെട്ടു. മുമ്പേ പറന്ന പക്ഷികളത്രയും സർക്കാറിന്റെ ഉരുക്കുമുഷ്ടിയാൽ പിടഞ്ഞുമരിച്ചു. പിന്നാലെ അടിയന്തിരാവസ്ഥയുമെത്തി—കരൾ പിളരുംകാലം.
1977 മാർച്ചിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തരേന്ത്യയിലാകമാനം കോൺഗ്രസ് തകർന്നടിഞ്ഞു. ബംഗാളിലെ 42 സീറ്റുകളിൽ മൂന്നിടത്തേ പാർട്ടി ജയിച്ചുള്ളു. സി. പി. എം. 17, ജനത 13, മറ്റുള്ളവർ 7. ഏപ്രിൽ 30-നു് സംസ്ഥാന മന്ത്രിസഭ ഡിസ്മിസ് ചെയ്യപ്പെട്ടു. സിദ്ധാർഥ ദാ റൈറ്റേഴ്സ് ബിൽഡിംഗ് വിട്ടിറങ്ങി. ജൂണിൽ നടന്ന തെരഞ്ഞെടുപ്പിൽ സി. പി. എം. ഒറ്റക്കു് ഭൂരിപക്ഷം നേടി—178 സീറ്റ്. ജനതാപാർട്ടിക്കു് 29, കോൺഗ്രസിനു് 20.
1977 ജൂൺ 21-നു് ജ്യോതിബസു മുഖ്യമന്ത്രിയായി സത്യവാചകം ചൊല്ലി. അന്നുയർന്ന ചെങ്കൊടി ഇന്നും അക്ഷീണം പാറുകയാണു്.
എന്താണു് ബംഗാളിലെ ഇടതുമുന്നണിയുടെ വിജയരഹസ്യം? ഭൂപരിഷ്കരണം നടപ്പാക്കിയതോ, കോൺഗ്രസിലെ ഗ്രൂപ്പുവഴക്കോ? ബംഗാളിയിൽ മനോരമ പ്രസിദ്ധീകരിക്കാത്തതുകൊണ്ടാണെന്നു് വാദിക്കുന്നവരുണ്ടു്; ജ്യോതിബസുവിനു് നായനാരോ ളം നർമബോധമില്ലാത്തതുകൊണ്ടാണെന്നു് സമർഥിക്കുന്നവരും. 1972–77 കാലത്തെ കോൺഗ്രസ് ഭരണത്തിന്റെ മധുരസ്മരണകൾ ബംഗാളിയുടെ ഹൃദയത്തിൽ മായാതെ നിൽക്കുന്നു എന്നതും കാരണമാകാം. യു. കെ. കുമാരൻ അംഗീകരിച്ചാലും ഇല്ലെങ്കിലും ഒരു കാര്യം സത്യമാണു്—1949–50 കാലത്തു് തിരുകൊച്ചിയിലും അടിയന്തിരാവസ്ഥക്കാലത്തു് സംസ്ഥാനത്താകെയും നടന്നതിലും എത്രയോ ഭയാനകമായ മനുഷ്യാവകാശ ലംഘനമാണു് കോൺഗ്രസ് ഭരണകാലത്തു് ബംഗാളിൽ നടന്നതു്. കരുണാകരനു് മാപ്പു് കൊടുക്കാൻ മലയാളിക്കാവും, സിദ്ധർഥ ശങ്കർ റായി യോടു് ക്ഷമിക്കാൻ ബംഗാളിക്കു് സാധിക്കില്ല.
1999 ഒക്ടോബറിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ കൊൽക്കത്ത നോർത്ത് വെസ്റ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മൽസരിച്ച സിദ്ധാർഥനു് ജാമ്യസംഖ്യ തിരിച്ചുപിടിക്കാൻ കഴിഞ്ഞില്ല!
അജയ് മുഖർജി യല്ല, സിദ്ധാർഥ ശങ്കർ റായി യാണു് ബംഗാളിൽ കോൺഗ്രസിന്റെ കുഴിതോണ്ടിയതു്. ഇവിടെ കോൺഗ്രസിന്റെ ശവപ്പെട്ടിയിൽ അവസാനത്തെ ആണിയടിക്കുന്നതു് ആന്റണി ആയിരിക്കും. വിലാപയാത്രക്കു് മുന്നിൽ കുന്തിരിക്കം പുകയുന്ന ധൂപക്കുറ്റി വീശുന്നവർ കുമാരൻ മുതൽപേരും.
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.