2005 ജൂൺ 17 വെള്ളിയാഴ്ച രാവിലെ ഒമ്പതു മണി സമയം. പാലക്കാട് ജില്ലയിൽ കരിമ്പുഴ പഞ്ചായത്തിൽപ്പെട്ട കോട്ടപ്പുറത്തു് അമ്പതോളം സഖാക്കൾ പ്രകടനമായെത്തി കവുങ്ങിൻതോപ്പുകളിലേക്കു് ഇരച്ചുകയറി. ഇങ്കിലാബ് വിളികളാൽ സ്ഥലം മുഖരിതമായി. വി. എസ്. അച്യുതാനന്ദനും മാർക്സിസ്റ്റ് പാർട്ടിക്കും ജയ്വിളിച്ചുകൊണ്ടു് അവർ കവുങ്ങിൻതൈകൾ വെട്ടാൻ തുടങ്ങി…
ബാലൻ നായർ, കോയ, സ്കന്ദൻ, നരേന്ദ്രൻ, കുര്യൻ, മുരളി തുടങ്ങിയ പതിനഞ്ചോളം പേരുടെ കവുങ്ങിൻതോപ്പുകൾ കൊടുവാളിനും കൈമഴുവിനും ഇരയായി. കർഷകരിൽ ചിലർ വിപ്ലവകാരികളുടെ കാലുപിടിച്ചു കരഞ്ഞു; കഞ്ഞികുടി മുട്ടിക്കല്ലേ എന്നപേക്ഷിച്ചു. എന്തുഫലം? വിദ്യാർത്ഥികളുടെ മുന്നിലിട്ടു് അധ്യാപകനെ വെട്ടിക്കൊല്ലുന്നവരുണ്ടോ കൃഷിക്കാരുടെ കരച്ചിൽ കണ്ടാൽ കുലുങ്ങുന്നു? അവർ മുദ്രാവാക്യം വിളിച്ചുകൊണ്ടുതന്നെ തുടർന്നു വെട്ടി: രക്തസാക്ഷികൾ സിന്ദാബാദ്! രക്തപതാക സിന്ദാബാദ്!
12 മണിയായപ്പോഴേക്കും ജോലി പൂർത്തിയായി. 25 ഏക്കർ സ്ഥലം നിരപ്പായി, 4000-ൽ പരം കവുങ്ങുകൾ—ഒരു വർഷം മുതൽ അഞ്ചുവർഷം വരെ പ്രായമായവ—പരലോകപ്രാപ്തരായി. ധീര സഖാക്കൾ മുദ്രാവാക്യം വിളിച്ചുകൊണ്ടുതന്നെ പിരിഞ്ഞുപോയി—നെൽപ്പാടത്തു് കവുങ്ങുകൃഷി നടത്താനൊരുങ്ങിയ വർഗശത്രുക്കളെ നിലംപരിശാക്കിയ കൃതാർത്ഥതയോടെ.
പറയുമ്പോൾ എല്ലാം പറയണമല്ലോ? വെട്ടിനിരത്തിയതത്രയും വിരുദ്ധന്മാരുടെയും വർഗശത്രുക്കളുടെയും കവുങ്ങുകൾ മാത്രം. പാർട്ടി സഖാക്കളുടെ കവുങ്ങുകൾ നെൽവയലുകളിൽ തലയുയർത്തി നിന്നു. കരിമ്പുഴ പഞ്ചായത്ത് പ്രസിഡന്റടക്കം പല സി. പി. എം. നേതാക്കളും വയലുകൾ കവുങ്ങിൻതോട്ടമാക്കിയവരാകുന്നു. അവയിൽനിന്നൊന്നും ഒരാളും കൂമ്പാളപോലും അടർത്തിയില്ല. രക്തപതാക തണലിൽ വിരിയും വർഗവികാരം സിന്ദാബാദ് !
ഭൂനിയോഗ ഉത്തരവു് പ്രകാരം നെൽവയലുകൾ തരിശിടുന്നതും നാണ്യവിളകൾ കൃഷിചെയ്യുന്നതും കുറ്റകരമാണു്. നിയമലംഘനം തടയാനും കുറ്റവാളികളെ പാഠംപഠിപ്പിക്കാനും തുനിഞ്ഞിറങ്ങിയവരെ അഭിനന്ദിക്കുകയല്ലേ വേണ്ടതു്? എന്നാൽ ഉമ്മൻചാണ്ടി യുടെ പൊലീസ് ധീരദേശാഭിമാനികൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു. അറസ്റ്റുചെയ്തു് കോടതിയിൽ ഹാജരാക്കി. നീതിപീഠം കനിഞ്ഞു് ജാമ്യം അനുവദിച്ചു. കേസ് ഇപ്പോഴും നടക്കുന്നു.
കവുങ്ങുവെട്ടുസമരത്തിന്റെ ആവേശകരമായ ദൃശ്യങ്ങൾ അന്നുതന്നെ ടെലിവിഷൻ ചാനലുകൾ ജനങ്ങളിലെത്തിച്ചു. പിറ്റേ ദിവസം പത്രങ്ങളായ പത്രങ്ങളൊക്കെ ഏറ്റുപിടിച്ചു. മുതലക്കണ്ണീരുമായി കോൺഗ്രസും ബി. ജെ. പി.-യും പാഞ്ഞെത്തി. വർഗ വഞ്ചകരായ വലതു കമ്യൂണിസ്റ്റുകാരും അവരോടൊപ്പം കൂടി.
പാർട്ടി ജില്ലാ സെക്രട്ടറി പി. ഉണ്ണി യും കർഷകത്തൊഴിലാളി യൂനിയൻ സെക്രട്ടറി ആർ. ചിന്നക്കുട്ടനും വരെ (രണ്ടാളും പിണറായി ഗ്രൂപ്പുകാർ) കവുങ്ങുവെട്ടുകാരെ കൈയൊഴിഞ്ഞുകളഞ്ഞു! നേതൃത്വത്തിന്റെ അറിവോടെയല്ല സമരമെന്നു് ഉണ്ണി. പഞ്ചായത്ത് തെരഞ്ഞെടുപ്പു് ആസന്നമായിരുന്ന വേളയിൽ നേതാക്കൾ അടവുനയം പയറ്റിയതാകാം. പക്ഷേ, സമരക്കാരെ ആ വാക്കുകൾ നൊമ്പരപ്പെടുത്തി.
സെപ്റ്റംബറിൽ പഞ്ചായത്തു് തെരഞ്ഞെടുപ്പു് നടന്നു. പാലക്കാട് ജില്ലയിലെമ്പാടും ചെങ്കൊടി പാറി. ജില്ലാ പഞ്ചായത്തിലെ 29 ഡിവിഷനുകളിൽ 28-ഉം ജയിച്ചു. 13-ൽ 12 ബ്ലോക്ക് പഞ്ചായത്തുകളും നേടി. കരിമ്പുഴ പക്ഷേ, മുഖം തിരിച്ചുനിന്നു. ഇടതുപക്ഷത്തിനു് ഭരണം നഷ്ടമായി. 17 അംഗ പഞ്ചായത്തിൽ ലീഗിനു് ആറും കോൺഗ്രസിനു് നാലും മെമ്പർമാരുണ്ടായി. സി. പി. എമ്മിനു് അഞ്ചും സി. പി. ഐ.-ക്കു് രണ്ടും സ്ഥാനങ്ങളേ ജയിക്കാനായുള്ളു. ഡി. ഐ. സി.-യോ ബി. ജെ. പി.-യോ നിലംതൊട്ടില്ല. യു. ഡി. എഫിലെ പ്രേമ രാധാകൃഷ്ണൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
ഒരു പതിറ്റാണ്ടു മുമ്പു് ആലപ്പുഴ ജില്ലയിലാണു് വാഴവെട്ടുസമരത്തിന്റെ ആവിർഭാവം. വയലുകളിൽ വാഴ, തെങ്ങു്, മരച്ചീനി, കൈതച്ചക്ക എന്നിവ കൃഷിചെയ്യുന്നതിനെതിരെ മാർക്സിസ്റ്റ് നേതൃത്വത്തിലുള്ള കെ. എസ്. കെ. ടി. യു. രംഗത്തുവന്നു. നെൽക്കൃഷി ഇല്ലാത്തതുകൊണ്ടു് കർഷകത്തൊഴിലാളികൾക്കു് തൊഴിലില്ലാതാകുന്നു. വാഴയും തെങ്ങും വെട്ടിനിരത്തിക്കൊണ്ടു് സഖാക്കൾ പ്രത്യക്ഷ സമരം നടത്തി.
കടം കയറി മുടിഞ്ഞ കർഷകൻ തെങ്ങോ വാഴയോ നടരുതു്, നെൽക്കൃഷിതന്നെ നടത്തണം എന്നു ശഠിക്കുന്നതിന്റെ ലോജിക്ക് സി. പി. ഐ.-ക്കാർക്കു് പിടികിട്ടിയില്ല. വാഴവെട്ടുസമരത്തെ മനോരമയേക്കാൾ രൂക്ഷമായി വിമർശിച്ചതു് കിസാൻ സഭാ നേതാവു് സി. കെ. ചന്ദ്രപ്പൻ. ഏറ്റുപിടിച്ചതു് വെളിയം ഭാർഗവൻ. വലതന്മാർക്കു് ചുട്ട മറുപടി നൽകിയവർ എ. കണാരനും വി. എസ്. അച്യുതാനന്ദനും.
തൊഴിലവസരം നഷ്ടപ്പെടുത്തുന്ന യാതൊരു പരിഷ്കാരത്തെയും സി. പി. എം. പിന്തുണക്കുകയില്ല. എഴുപതുകളുടെ തുടക്കത്തിൽ ട്രാക്ടറിനും എൺപതുകളിൽ കമ്പ്യൂട്ടറിനുമെതിരെ നടത്തിയ ഐതിഹാസിക സമരങ്ങൾ ഉത്തമ ദൃഷ്ടാന്തം. ട്രാക്ടറും പവർടില്ലറും അവതരിപ്പിച്ചതിനു് മുഖ്യമന്ത്രി അച്യുതമേനോനും വ്യവസായമന്ത്രി ടി. വി. തോമസും അഗ്രോ മെഷിനറി കോർപറേഷൻ ചെയർമാൻ ഇ. പി. ഗോപാലനും എത്ര പഴികേട്ടു? അഗ്രോ ഉഗ്രോ ഗോപാലാ, നിന്നെപ്പിന്നെക്കണ്ടോളാം എന്നായിരുന്നു അക്കാലത്തെ ഒരു ജനപ്രിയ മുദ്രാവാക്യം.
തൊഴിൽനഷ്ടത്തെക്കുറിച്ചല്ലാതെ പരിസ്ഥിതി പ്രശ്നത്തെക്കുറിച്ചു് അന്നൊന്നും സഖാക്കൾക്കു് ചിന്തയേ ഉണ്ടായിരുന്നില്ല. സിംഹവാലനെ സംരക്ഷിക്കാൻ ജലവൈദ്യുത പദ്ധതി ഉപേക്ഷിക്കുന്നതിനെ നിശിതമായി വിമർശിച്ചവർ, സൈലന്റ് വാലിയില്ലെങ്കിൽ പൂയംകുട്ടി നടപ്പാക്കിയേ പറ്റൂ എന്നു് ശഠിക്കുന്നവർ. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ എക്കാലത്തെയും ഏറ്റവും കടുത്ത വിമർശകൻ സഖാവു് ഇ. ബാലാനന്ദനാ ണു്.
മതികെട്ടാൻചോല മാണി ഗ്രൂപ്പുകാർ കൈയേറിയ പ്രശ്നം ഏറ്റെടുത്തുകൊണ്ടാണു് വി. എസിന്റെ രംഗപ്രവേശം. പെരിയാറും മലമ്പുഴ ജലസംഭരണിയും വിൽക്കാനുള്ള നീക്കത്തെയും പ്രതിപക്ഷ നേതാവു് കഠിനമായി എതിർത്തു. പിന്നീടങ്ങോട്ടു് ജൈത്രയാത്രയായിരുന്നു—വാഗമൺ, പൂയംകുട്ടി, പഞ്ചാരക്കൊല്ലി, പ്ലാച്ചിമട, മറയൂർ…പരിസ്ഥിതിപ്രേമികളുടെ വീരനായകൻ വി. എസ്. അച്യുതാനന്ദൻ. വയലുകൾ നികത്തുന്നതുകൊണ്ടാണു് കിണറുകൾ വറ്റുന്നതും വരൾച്ചയുണ്ടാകുന്നതും. അങ്ങനെ നോക്കുമ്പോൾ പഴയ വാഴവെട്ടു സമരം പരിസ്ഥിതിയെ സംരക്ഷിക്കാൻ, വരൾച്ച തടയാനുള്ള ധീര ശ്രമം. ജലസംരക്ഷണത്തിനാവശ്യം നെൽവയലുകൾ, മനോരമക്കുഴികളല്ല.
മലമ്പുഴയിൽ വി. എസിനെ തോൽപിക്കാൻ വനം-കോള-കരിമണൽ-റിയൽ എസ്റ്റേറ്റ് ലോബി പണമൊഴുക്കി. സ്വന്തം പാർട്ടിയിലെ ചില യൂദാസുകളും അവർക്കൊപ്പം ചേർന്നു. സകല കുന്തന്ത്രങ്ങളെയും അതിജീവിച്ചു് അച്യുതാനന്ദൻ ജയിച്ചുകയറിയപ്പോൾ, മുഖ്യമന്ത്രിയായപ്പോൾ പരിസ്ഥിതിപ്രേമികൾ ആശ്വസിച്ചു, നെൽവയലുകൾ കോരിത്തരിച്ചു—ഇതാ രക്ഷകൻ!
ഭൂവിനിയോഗ ഉത്തരവനുസരിച്ചു് നെൽവയലുകളുടെ സംരക്ഷകർ റവന്യൂ വകുപ്പാണു്. റവന്യൂ മന്ത്രിയുടെ നിലപാടു് വലിയൊരളവുവരെ വയൽ സംരക്ഷണത്തെ ബാധിക്കും. അച്യുതാനന്ദൻ പ്രതിപക്ഷനേതാവായിരുന്നപ്പോൾ കമ്യൂണിസ്റ്റ് നിയമസഭാ കക്ഷി നേതാവായിരുന്നയാളാണു് പുതിയ റവന്യൂ മന്ത്രി കെ. പി. രാജേന്ദ്രൻ. മറ്റു സി. പി. ഐ.-ക്കാരെപ്പോലെയല്ല, വി. എസിനോടു് അഗാധമായ സ്നേഹാദരവുകളുള്ളയാളാണു്; പരിസ്ഥിതിപ്രശ്നത്തിൽ മുഖ്യമന്ത്രിയുടെ നിലപാടിനോടു് യോജിപ്പുമുണ്ടു്.
അങ്ങനെ കാര്യങ്ങൾ ജിൽജില്ലായി മുന്നോട്ടുനീങ്ങുമ്പോൾ അടുത്ത കഥാപാത്രം പ്രവേശിക്കുന്നു—ജനാബ് എം. എ. യൂസഫലി. തൃശൂർ ജില്ലയിലെ തളിക്കുളം സ്വദേശി, ദുബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എം. കെ. ഗ്രൂപ്പിന്റെ അമരക്കാരൻ, ഇന്ത്യയിലും ഗൾഫിലും കെനിയയിലും ടാൻസാനിയയിലും സ്പെയിനിലും ഇന്തോനേഷ്യയിലും ഹോങ്കോംഗിലുമൊക്കെയായി പരന്നുകിടക്കുന്ന വമ്പൻ വ്യവസായ സാമ്രാജ്യത്തിനു് അധിപൻ. 120 മില്യൻ ദിർഹം ചെലവിട്ടു് ദുബൈയിൽ പണിതീർത്ത ലുലു ഹൈപ്പർ മാർക്കറ്റ് മാത്രം മതി യൂസഫലി സാഹിബിന്റെ വാണിജ്യവൈഭവം വെളിപ്പെടാൻ.
കേരളത്തിലെ സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളിൽ കനപ്പെട്ട സംഭാവനകൾ നൽകിയ ആളാണു് യൂസഫലി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മുഖ്യ ശിൽപികളിലൊരാൾ, കേന്ദ്ര വഖഫ് കൗൺസിൽ അംഗം, പെരിന്തൽമണ്ണ എം. ഇ. എസ്. മെഡിക്കൽ കോളേജ് ചെയർമാൻ, ദയാപരനും ധർമ്മിഷ്ഠനുമാണു്. അക്കാരണംകൊണ്ടുതന്നെ രാഷ്ട്രീയ നേതാക്കൾക്കും മതമേലധ്യക്ഷന്മാർക്കും പ്രിയങ്കരൻ. കെ. കരുണാകരന്റെ ആത്മമിത്രം. ബി. ജെ. പി. ഭരിക്കുമ്പോഴാണു് യൂസഫലിയെ കേന്ദ്രസർക്കാർ വഖഫ് കൗൺസിലിലേക്കു് നാമനിർദ്ദേശം ചെയ്തതു്. പരിശുദ്ധ പത്രോസ് ശ്ലീഹയുടെ സിംഹാസനത്തിലിരുന്നരുളുന്ന യാക്കോബായ, സുറിയാനി സഭയുടെ പരമാധ്യക്ഷൻ, അന്ത്യോഖ്യയുടെയും കിഴക്കിന്റെയും പാത്രിയാർക്കീസ് നിതാന്തവന്ദ്യ മേറോൻ മോർ ഇഗ്നാത്തിയോസ് സക്കാ പ്രഥമൻ ബാവ കഴിഞ്ഞകൊല്ലം കേരളത്തിൽ വന്നപ്പോൾ യൂസഫലി സാഹിബിനെ സഭയുടെ കമാന്ററായി പ്രഖ്യാപിച്ചു. അന്ത്യോഖ്യയുടെ കമാന്ററാകുന്ന ആദ്യത്തെ നാലാം വേദക്കാരൻ ഇദ്ദേഹമാണെന്നു് പറയേണ്ടതില്ലല്ലോ? യാക്കോബായക്കാരേക്കാൾ ബുദ്ധിമാന്മാരാണു് കത്തോലിക്കരെന്നതു് സുവിദിതം. 1996-ൽ തന്നെ നസ്രാണി ദീപിക യൂസഫലിക്കു് അന്താരാഷ്ട്ര ബിസിനസുകാരനുള്ള അവാർഡ് കൊടുത്തു് ബഹുമാനിച്ചു. 2005-ാം ആണ്ടിൽ ഇന്ത്യാ ഗവൺമെന്റ് പ്രവാസി ഭാരതീയ സമ്മാനത്താലും സാഹിബിനെ ആദരിച്ചു. വൈകാതെ പത്മഭൂഷണവും കിട്ടിയേക്കാം.
പബ്ലിസിറ്റിയിൽ കമ്പമില്ലാത്തതാണോ പത്രക്കാർക്കു് കള്ളുവാങ്ങിക്കൊടുത്തതാണോ എന്നറിയില്ല, യൂസഫലി സാഹിബിന്റെ അപദാനങ്ങൾ അധികമങ്ങനെ പാടിക്കേട്ടിട്ടില്ല. നമ്മുടെ നാട്ടിൽ ചില മുന്തിയ അബ്കാരികളോളംപോലും ഇദ്ദേഹം അറിയപ്പടുന്നില്ല എന്നതു് ദുഃഖസത്യം മാത്രം. യൂസഫലി എന്ന പേരു കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിലേക്കു് കയറിവരുന്നതു് തളിക്കുളത്തെ വ്യവസായി അല്ല, കേച്ചേരിയിലെ പാട്ടെഴുത്തുകാരനാണു്.
സ്വന്തം നാട്ടിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു കൺവെൻഷൻ സെന്റർ പണിതുയർത്തണമെന്നു് യൂസഫലി ആഗ്രഹിച്ചതു് സ്വാഭാവികം. തൃശൂർ കോർപറേഷൻ പരിധിക്കുള്ളിൽ (പഴയ അയ്യന്തോൾ പഞ്ചായത്ത്) പുഴയ്ക്കൽ ആണു് അനുയോജ്യമായി കണ്ടെത്തിയതു്. പതിനെട്ടു് ഏക്കർ കോൾനിലം വാങ്ങി മണ്ണടിച്ചു് നികത്തിയപ്പോൾ ഒരാളും ആക്ഷേപം പറഞ്ഞില്ല. കെ. എസ്. കെ. ടി. യു. മിണ്ടിയില്ല. വില്ലേജ് ഓഫിസർ മുതൽ ലാന്റ് യൂസ് കമീഷണർ വരെയുള്ള പ്രതാപശാലികളാരും അങ്ങോട്ടു തിരിഞ്ഞുനോക്കിയില്ല. കാരണം ലളിതം-കരിമ്പുഴയിലെ കവുങ്ങുകർഷകരെപ്പോലെ ഏഴാംകൂലികളല്ല എം. കെ. ഗ്രൂപ്പുകാർ.
അങ്ങനെ പുഴയ്ക്കൽ പാടത്തു് താജ്മഹൽപോലെ ഉയർന്നു വന്നൂ, ലുലു ഇന്റർനാഷനൽ കൺവെൻഷൻ സെന്റർ. കേരളത്തിലെ ഏറ്റവും വലുതു്, ഇന്ത്യയിൽ രണ്ടാമത്തേതു്. 1800 കാറുകൾക്കു് പാർക്കിംഗ് സൗകര്യം, സ്വന്തം ഹെലിപാഡ്, 4750 പ്രതിനിധികൾക്കുവേണ്ട സൗകര്യങ്ങൾ, ഓപ്പൺ എയർ ഓഡിറ്റോറിയം, ബാങ്ക്വറ്റ് ഹാൾ, കോൺഫറൻസ് ഹാളുകൾ—എല്ലാം എം. കെ. ഗ്രൂപ്പിന്റെ പ്രൗഢിക്കിണങ്ങുന്നവ.
കൺവെൻഷൻ സെന്ററിന്റെ ഉദ്ഘാടനം ജൂലൈ രണ്ടിനു് മുഖ്യമന്ത്രി നിർവഹിക്കും എന്ന വാർത്ത വന്നതോടെ പ്രതിഷേധക്കാർ കൂടിളകി. നക്സലുകൾ തനതു് ശൈലിയിൽ പോസ്റ്ററൊട്ടിച്ചു. വയൽ നികത്തി പണിതീർത്ത കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തരുതെന്നു് കാണിച്ചു് ടി. എൻ. പ്രതാപൻ മുഖ്യമന്ത്രിക്കു് നിവേദനം നൽകി. കോൺഗ്രസിലെ ആന്റണി ഗ്രൂപ്പുകാരനും വി. എം. സുധീരന്റെ വിനീത ശിഷ്യനുമാണു് പ്രതാപൻ. യൂസഫലിയുടെ ജന്മനാടായ തളിക്കുളം ഉൾപ്പെടുന്ന നാട്ടിക മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന എം. എൽ. എ.-യുമാണു്?
ഉമ്മൻചാണ്ടി യെപ്പോലെ ഉദ്ഘാടനക്കമ്പക്കാരനല്ല, അച്യുതാനന്ദൻ. സ്വർണാഭരണശാലകളുടെയോ ബാർബർഷാപ്പുകളുടെയോ ഉദ്ഘാടനത്തിനു് വി. എസിനെ പ്രതീക്ഷിക്കരുതു്. കർശന പരിശോധനക്കു ശേഷമേ ചടങ്ങുകൾ സ്വീകരിക്കൂ. 2003-ാമാണ്ടിൽ പിറവത്തും കോതമംഗലത്തുമായി ടി. എം. ജേക്കബി ന്റെ നിയമസഭാംഗത്വ രജതജൂബിലി കൊണ്ടാടിയപ്പോൾ പ്രതിപക്ഷനേതാവിനെ ക്ഷണിച്ചതാണു്. അഴിമതി ആരോപണ വിധേയന്റെ ആഘോഷത്തിൽ പങ്കെടുക്കാൻ വേറെ ആളെ നോക്കണം എന്നു് മുഖത്തടിച്ചു പറഞ്ഞു. അതാണു് വി. എസ്! അതേ വി. എസിനു് മന്ത്രിസഭയിൽ ജേക്കബിന്റെ പഴയ നേതാവു് പി. ജെ. ജോസഫ് മൈത്രി-പൂക്കൃഷി ആരോപണ വിധേയനായി സസുഖം തുടരുന്നുവെന്നതു് മറ്റൊരു സംഗതി.
ഏതായാലും കൺവെൻഷൻ സെന്റർ ഉദ്ഘാടനത്തിൽനിന്നു് മുഖ്യമന്ത്രി പിൻമാറിയില്ല. ചടങ്ങിൽ അധ്യക്ഷത വഹിക്കുന്നതിൽനിന്നു് പ്രതാപന്റെ നേതാവു് ഉമ്മൻചാണ്ടി യും പിൻവാങ്ങിയില്ല (മുഖ്യമന്ത്രി ഉദ്ഘാടകനും പ്രതിപക്ഷനേതാവു് അധ്യക്ഷനുമായി ഏതെങ്കിലും ചടങ്ങു് ഇതിനു മുമ്പു് ഭൂമിമലയാളത്തിൽ നടന്നതായി അറിയില്ല. ലോക സമാധാനത്തിനും അന്താരാഷ്ട്ര സഹവർത്തിത്വത്തിനുമുള്ള നൊബേൽ സമ്മാനത്തിനും യൂസഫലി സാഹിബിനെ പരിഗണിക്കാവുന്നതാണു്). വയൽ നികത്തലിനെതിരെ നടപടിയെടുക്കാൻ ബാധ്യസ്ഥരായ റവന്യൂ മന്ത്രി കെ. പി. രാജേന്ദ്രനും ജില്ലാകലക്ടർ കെ. എസ്. പ്രേമചന്ദ്രക്കുറുപ്പും ആശംസാപ്രസംകരായും എത്തി. കൂടാതെ, സ്ഥലം എം. പി. എന്ന നിലക്കു് സി. കെ. ചന്ദ്രപ്പനും എം. എൽ. എ. തേറമ്പിൽ രാമകൃഷ്ണനും മേയർ ആർ. ബിന്ദു വും ആശംസ നേർന്നു.
ഉദ്ഘാടന മഹാമഹം സമംഗളം പര്യവസാനിച്ചു എന്നെഴുതാൻ വയ്യ. കാരണം, മുഖ്യമന്ത്രി പ്രസംഗിക്കാൻ എഴുന്നേറ്റയുടൻ ‘പോരാട്ടം’ പ്രവർത്തകർ എന്നു് അവകാശപ്പെടുന്ന മൂന്നു് യുവാക്കൾ ‘നൿസൽബാരി സിന്ദാബാദ് ’ വിളിച്ചു് കരിങ്കൊടി വീശി വേദിയിലേക്കു് കുതിച്ചു. ഇടതുസർക്കാറിന്റെ വാക്കും പ്രവൃത്തിയും തമ്മിലുള്ള വൈരുധ്യം വിശദമാക്കുന്ന ലഘുലേഖകൾ അവർ യോഗസ്ഥലത്തു് വാരിവിതറി. ആദ്യം ഒന്നമ്പരന്നെങ്കിലും നിയമപാലകർ പാഞ്ഞെത്തി പ്രതിഷേധക്കാരെ തൂക്കിയെടുത്തു് കൊണ്ടുപോയി.
വയൽനികത്തലിനെതിരായ തന്റെ നിലപാടിൽ യാതൊരു മാറ്റവും വന്നിട്ടില്ലെന്നു് മുഖ്യൻ ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. വാഴവെട്ടുസമരത്തിൽ തനിക്കുണ്ടായ ചരിത്രപരമായ പങ്കാളിത്തത്തെക്കുറിച്ചും ഏതാനും ചില കാര്യങ്ങൾ അനുസ്മരിച്ചു. നിലംനികത്തലിനെതിരെ കുട്ടനാട്ടിൽ നടന്ന കൺവെൻഷൻ ഉദ്ഘാടനം ചെയ്തു എന്നതു് സത്യമാണു്. ആ യോഗത്തിൽ പങ്കെടുത്ത ഒരാൾ ഒരു വാഴത്തൈ ഒടിച്ചു എന്നതു സത്യം. അതിന്റെ പേരിൽ ബൂർഷ്വാ പത്രങ്ങൾ തന്നെ വെട്ടിനിരത്തലിന്റെ നായകനാക്കി ചിത്രീകരിക്കുകയായിരുന്നു.(വി. എസിന്റെ ഗീർവാണം കേട്ടു് വേദിയിലിരുന്ന സഖാവു് ചന്ദ്രപ്പന്റെ വികാര വിചാരങ്ങൾ മാന്യ വായനക്കാർ ഭാവനചെയ്യുക.)
നിലംനികത്തുന്നതിനു് പച്ചക്കൊടി കാട്ടിയവർ ഇപ്പോൾ പ്രതിഷേധവുമായി രംഗത്തുവന്നതിനെ ജനം തിരിച്ചറിയുമെന്നു് പ്രതാപനെ കൊള്ളിച്ചു് മുഖ്യമന്ത്രി പറഞ്ഞു. 15 കൊല്ലമായി കൃഷി നടക്കാതെ കാടുപിടിച്ചു് കിടന്ന പ്രദേശത്തു് താമരപോലെ 40 കോടി ചെലവാക്കി ഒരു സ്ഥാപനം പടുത്തുയർത്തിയവരെ അഭിനന്ദിക്കുകയാണു് വേണ്ടതു്, അല്ലതെ പ്രതിഷേധ ഗോഷ്ഠി കാണിക്കുകയല്ല—നൿസലുകളെ വി. എസ്. ഉപദേശിച്ചു.
വി. എസിനെ ഇനി ആർക്കും ന്യൂനപക്ഷവിരുദ്ധനോ വികസനവിരുദ്ധനോ ആയി മുദ്രകുത്താനാവില്ല. ക്രാന്തദർശികളായ കെ. കരുണാകരനും എം. എ. യൂസഫലി യും കൂട്ടരും നെടുമ്പാശ്ശേരി വില്ലേജിലെ ആവണംകോട്-തുറവുങ്കര പാടം നികത്തിയതുകൊണ്ടാണു് അച്യുതാനന്ദനു് കൊച്ചി അന്തർദേശീയ വിമാനത്താവളക്കമ്പനി ചെയർമാനും സഖാവു് എസ്. ശർമ ക്കു് ഡയറൿടറും ആകാൻ കഴിഞ്ഞതു് എന്ന കാര്യവും പ്രസ്താവ്യമാണു്.
വയൽ നികത്തുന്നതിനെതിരെ കർശനമായ വ്യവസ്ഥകളോടെ പുതിയ നിയമം നിയമസഭയുടെ അടുത്ത സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നു് റവന്യൂ മന്ത്രി രാജേന്ദ്രൻ പ്രഖ്യാപിച്ചിട്ടുണ്ടു്. പ്രവാസി വ്യവസായികൾക്കു് ഇളവുനൽകുമെന്നു് പ്രത്യാശിക്കുക. മാർൿസിസ്റ്റ് പാർട്ടിയുടെയും കെ. എസ്. കെ. ടി. യു.-വിന്റെയും സമ്മേളനങ്ങൾക്കു് ലുലു കൺവെൻഷൻ സെന്റർ സൗജന്യമായോ സഹായനിരക്കിലോ ലഭ്യമാക്കുന്നതു് നന്നായിരിക്കും. അങ്ങനെയെങ്കിൽ, വിപ്ലവകാരികളുടെ സഹായ-സഹകരണങ്ങൾ തുടർന്നും പ്രതീക്ഷിക്കാം. വിപ്ലവം ജയിക്കട്ടെ! കർഷകത്തൊഴിലാളി-പ്രവാസി വ്യവസായി ഐക്യം നീണാൾ വാഴട്ടെ!
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.