പുലിറ്റ്സർ മാതൃകയിൽ, നിർലജ്ജ പത്രപ്രവർത്തനത്തിനു് സമ്മാനം ഏർപ്പെടുത്തുന്നപക്ഷം ആയതിനു് ഏതുപേരാകും ഉചിതം? മനോരമ പ്രൈസ് എന്നു് പറയാൻ രണ്ടാമതൊന്നു് ആലോചിക്കേണ്ടതില്ല. ചിതൽപുറ്റിനെ ഹിമാലയ പർവതത്തോടു് തുലനം ചെയ്യാനും മൂക്കുന്നിമലയെ വർണിച്ചു് എവറസ്റ്റ് കൊടുമുടിയാക്കാനും അച്ചായനുള്ള പ്രാഗല്ഭ്യം അന്യാദൃശം, അദ്ഭുതാവഹം.
രാജഭരണകാലത്തു് അന്നദാതാവായ പൊന്നുതമ്പുരാനെ നിതരാം സ്തുതിച്ചു, വഞ്ചീശമംഗളം നിറുത്താതെ ആലപിച്ചു. അഞ്ചാം ജോർജ് ചക്രവർത്തിയുടെ ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി കർത്താവു് തമ്പുരാനോടു് മുട്ടിപ്പായി പ്രാർഥിച്ചു. പ്രാർഥനക്കും പ്രവൃത്തിക്കും ഫലമുണ്ടായി: നിയമസഭാംഗത്വം, ബാങ്ക്, ഇൻഷുറൻസ് കമ്പനി, കായൽകൃഷി, തോട്ടങ്ങൾ, അങ്ങനെ പലതും.
സർവശക്തനായ ദൈവം പഴയ നിയമത്തിലെ ഇയ്യോബിനെയെന്നപോലെ കണ്ടത്തിൽക്കാരെയും പരീക്ഷിച്ചു. സാത്താൻ പരദേശ ബ്രാഹ്മണ വേഷത്തിലെത്തി ബാങ്ക് പൊളിച്ചു, ഇൻഷുറൻസ് കമ്പനി പൂട്ടിച്ചു. പത്രം കണ്ടുകെട്ടി, പത്രാധിപനെ ജയിലിലടച്ചു. പ്രിവി കൗൺസിൽ വരെ കേസുനടത്തിയിട്ടും ഫലമുണ്ടായില്ല.
1947 ആഗസ്റ്റ് 15-ന്റെ ശുഭമുഹൂർത്തത്തിൽ കണ്ടത്തിൽ തറവാട്ടുകാരൊന്നടങ്കം കോൺഗ്രസുകാരായി. യൂനിയൻ ജാക്കിന്റെ സ്ഥാനത്തു് ത്രിവർണപതാക ഉയർത്തി, ആറാം ജോർജിനു് പകരം മഹാത്മാഗാന്ധി ക്കു് ‘കീ ജയ്’ വിളിച്ചു. അന്നുമുതലിങ്ങോട്ടു് നെഹ്റു-ഗാന്ധി കുടുംബത്തിന്റെ സ്തുതിഗായകർ.
നഷ്ടപ്പെട്ട മുതലും പ്രൗഢിയും പ്രശസ്തിയുമൊക്കെ പലിശയടക്കം തിരിച്ചുപിടിച്ചു. ഇടപാടുകാരെ വഞ്ചിച്ചതിനു് അനുഭവിച്ച ജയിൽവാസം സ്വാതന്ത്ര്യസമരത്തിന്റെ കണക്കിൽ എഴുതിച്ചേർത്തു. ഉണ്ണൂണ്ണിച്ചായനു് ആദ്യം പത്മശ്രീ കിട്ടി. പിന്നെ പത്മവിഭൂഷൻ. രണ്ടാമത്തെ അവസരത്തിൽ അസൂയാലുക്കൾ അസാരം പ്രശ്നമുണ്ടാക്കി. ‘പട്ടീടെ വാലിനും പത്മവിഭൂഷണം’ എന്നു് കോട്ടയത്തു് കേരള കോൺഗ്രസുകാർ പാടിനടന്നു. പിന്നീടു് മാത്തുകുട്ടിച്ചായനു് പത്മഭൂഷൻ കിട്ടി. മകൻ രാജനു് പത്മശ്രീയും കിട്ടി.
ഇത്രയുമൊക്കെയായല്ലോ, ഇനി മണിയടി നിറുത്താം, മുഖസ്തുതി അവസാനിപ്പിച്ചുകളയാം എന്നു് കണ്ടത്തിൽക്കാർ കരുതുമോ? ഒരിക്കലുമില്ല. ആദിത്യചന്ദ്രന്മാരും നെഹ്റു-ഗാന്ധി കുടുംബവുമുള്ളിടത്തോളം കാലം പത്രത്തിന്റെ നയത്തിൽ യാതൊരു മാറ്റവും പ്രതീക്ഷിക്കേണ്ടതില്ല. മദാമ്മാഗാന്ധിയെ എത്ര പ്രശംസിച്ചാലും മനോരമക്കു് മതിവരില്ല, കൊതിതീരില്ല. ആയമ്മയുടെ സൗന്ദര്യം, സൗശീല്യം, സന്മനോഭാവം, സഹാനുഭൂതി, സർവമത സമഭാവന…
മലയാളത്തിന്റെ ഠ വട്ടത്തിൽ മനോരമയുടെ മണിനാദം ഒതുങ്ങിപ്പോകരുതെന്ന നിർബന്ധബുദ്ധിയിൽനിന്നാണു് 1982-ൽ ദ വീക്കിന്റെ ഉദ്ഭവം. മുതലാളിയുടെ മൂത്ത മകനാണു് ചീഫ് എഡിറ്റർ, ഇളയ മകൻ പ്രിന്ററും പബ്ളിഷറും. പേരുപോലെ വീക്കാണു് വീക്ക്. ഇക്കിളി റിപ്പോർട്ടുകൾ, ആഴം കുറഞ്ഞ വിശകലനങ്ങൾ, അർധനഗ്ന ചിത്രങ്ങൾ. തനി പഞ്ചാരപ്പാലുമുട്ടായി.
നെഹ്റു-ഗാന്ധി കുടുംബാംഗങ്ങളെ ശ്ലാഘിക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കാറില്ല. ദ വീക്ക്. ഒന്നിടവിട്ട ലക്കങ്ങളിൽ മദാമ്മയുടെയും മക്കളുടെയും വർണചിത്രങ്ങൾ നിർബന്ധം. കല്യാണപ്രായം കഴിഞ്ഞു് കരനിറഞ്ഞുനിൽക്കുന്ന ചെറുപ്പക്കാരെക്കുറിച്ചുള്ള ലേഖനത്തിൽവരെ രാഹുൽജിക്കാണു് പ്രാധാന്യം.
സ്വാതന്ത്ര്യപ്രാപ്തിയുടെ വജ്രജൂബിലിയും പ്രസിദ്ധീകരണത്തിന്റെ രജതജൂബിലിയും പ്രമാണിച്ചു് വിവിധ മേഖലകളിൽ ഉയർന്നുവരുന്ന പ്രതിഭകളെ ദ വീക്ക് കണ്ടെത്തുന്നു. ഐ. എം. ആർ. ബി. ഇന്റർ നാഷനൽ ആണു് ഓരോ രംഗത്തെയും പ്രതിഭകളെ ഷോർട്ട്ലിസ്റ്റ് ചെയ്തിട്ടുള്ളതു്. വിദഗ്ദ്ധരടങ്ങിയ ജൂറിയാണു് വിജയിയെ തെരഞ്ഞെടുക്കുക. രാഷ്ട്രീയം, സിനിമ, സ്പോർട്സ് എന്നീ വിഭാഗങ്ങളിൽ വായനക്കാർക്കും അഭിപ്രായം അറിയിക്കാൻ അവകാശമുണ്ടു്.
രാഷ്ട്രീയത്തിൽ ഉദിച്ചുയരുന്ന താരങ്ങൾ എന്നു് വിശേഷിപ്പിച്ചു് വീക്ക് അവതരിപ്പിക്കുന്ന അഞ്ചുപേരെ പരിചയപ്പെടുക:
- ഒന്നു്:
- രാഹുൽഗാന്ധി. അമേതിയിൽനിന്നുള്ള പാർലമെന്റംഗം. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി യുടെയും യു. പി. എ. അധ്യക്ഷ സോണിയഗാന്ധി യുടെയും മകൻ. ഇന്ദിരാഗാന്ധി യുടെ പൗത്രൻ. പണ്ഡിറ്റ് ജവഹർലാൽ നെഹ്റു വിന്റെ ചെറുമകൻ.
- രണ്ടു്:
- മിലിന്ദ് ദേവ്ര. സൗത്ത് മുംബൈ എം. പി. മഹാരാഷ്ട്ര പി. സി. സി. മുൻ പ്രസിഡന്റ് മുരളി ദേവ്ര യുടെ മകൻ.
- മൂന്നു്:
- സചിൻ പൈലറ്റ്. ദൗസയെ ലോക്സഭയിൽ പ്രതിനിധാനം ചെയ്യുന്ന അംഗം. മുൻ കേന്ദ്രമന്ത്രി രാജേഷ് പൈലറ്റി ന്റെ മകൻ, മുൻ ജമ്മുകാശ്മീർ മുഖ്യൻ ഫാറൂഖ് അബ്ദുല്ല യുടെ ജാമാതാവു്.
- നാലു്:
- ഒമർ അബ്ദുല്ല. മുൻ കേന്ദ്രമന്ത്രി. കാശ്മീർ സിംഹം ഷെഖ് അബ്ദുല്ല യുടെ പൗത്രൻ, ഫാറൂഖ് അബ്ദുല്ല യുടെ പുത്രൻ, സചിൻ പൈലറ്റി ന്റെ സ്യാലൻ.
- അഞ്ചു്:
- ജ്യോതിരാദിത്യ സിന്ധ്യ: ഗ്വാളിയോറിലെ യുവരാജാവു്, ഗുണെയിൽനിന്നുള്ള ജനപ്രതിനിധി. മുൻ കേന്ദ്രമന്ത്രി മാധവറാവു സിന്ധ്യ യുടെ മകൻ. രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധരാ രാജെ യുടെ അനന്തരവൻ.
വീക്കിന്റെ ലിസ്റ്റ് എപ്പടി? അഞ്ചു യോഗ്യന്മാരും പരമ്പരാഗത രാഷ്ട്രീയക്കാർ. വിദ്യാർഥിപ്രസ്ഥാനത്തിലിറങ്ങി ചുമ്മാതങ്ങു് മുദ്രാവാക്യം വിളിച്ചു് നേതാവായ ഏഴാംകൂലികളല്ല. ഇവരാരും. പ്രഗല്ഭരായ പിതാക്കളുടെ പിൻഗാമികളായി ദേശസേവനത്തിനിറങ്ങിയ രാജകുമാരന്മാർ. വായിൽ തങ്കക്കരണ്ടിയുമായി പിറന്നുവീണവർ, വിദേശബിരുദം നേടിയവർ, സുരക്ഷിത മണ്ഡലങ്ങളിൽനിന്നു് ലോക്സഭാംഗങ്ങളായവർ.
ഒമർ അബ്ദുല്ല യൊഴികെ നാലുപേരും കോൺഗ്രസുകാർ. അച്ചായന്മാർ കൊണ്ടു പിടിച്ചു് ശ്രമിച്ചിട്ടും കണ്ടെത്താൻ കഴിയാത്തതെന്തെന്നാൽ ബി. ജെ. പി.-യിലോ സി. പി. എമ്മിലോ എസ്. പി.-ബി. എസ്. പി.-കളിലോ കൊള്ളാവുന്ന ചെറുപ്പക്കാരെയത്രേ. എന്തുചെയ്യാം? കണ്ടത്തിൽക്കാരടക്കം തറവാടികളത്രയും കഴിഞ്ഞ ആറുപതിറ്റാണ്ടായി കോൺഗ്രസുകാരാണു്.
നമ്മുടെ സതീശൻ പാച്ചേനി യേക്കാൾ, വി. ഡി. സതീശനേ ക്കാൾ, പി. സി. വിഷ്ണുനാഥി നേക്കാൾ എന്തെങ്കിലും മേന്മ അവകാശപ്പെടാവുന്നവരാണോ, വീക്ക് പാടുപെട്ടു് കണ്ടെടുത്ത പഞ്ചമഹാ യുവകേസരികൾ? ശാസ്താംകോട്ടയിൽ ഒരിടത്തരം കുടുംബത്തിൽ ജനിച്ചതുകൊണ്ടു് വിഷ്ണുനാഥ് കെ. എസ്. യു. പ്രസിഡന്റും ചെങ്ങന്നൂർ എം. എൽ. എ.-യുമായി. ഗ്വാളിയോർ രാജകൊട്ടാരത്തിൽ പിറന്നിരുന്നെങ്കിൽ ജ്യോതിരാദിത്യ സിന്ധ്യയേക്കാൾ, നെഹ്റു-ഗാന്ധി കുടുംബത്തില്ലെങ്കിൽ രാഹുൽഗാന്ധി യേക്കാൾ കേമനാകുമായിരുന്നു.
പ്രസിദ്ധരായ പൂർവികരുടെ മേൽവിലാസമില്ലെങ്കിൽ ഈ യുവ രാഷ്ട്രീയ പ്രതിഭകളുടെ ഭാഗധേയം എന്താകുമായിരുന്നു? 1975-ൽ പുനരാരംഭിച്ച നാഷനൽ കോൺഫറൻസിന്റെ ഭരണത്തിനു് യവനിക വീണതു് 2002 ഒക്ടോബറിൽ ഒമർ അബ്ദുല്ല യുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിനെ നേരിട്ട വേളയിലാണു്. രാഹുൽഗാന്ധി യുടെ ജനസമ്മതി എത്രയെന്നു് ഏപ്രിലിൽ നടക്കുന്ന യു. പി. വിധാൻസഭാ തെരഞ്ഞെടുപ്പു് തെളിയിക്കും.
ഈവകയൊന്നും അറിയാത്തവരല്ല കോട്ടയം അച്ചായന്മാർ. മനുഷ്യരെ മണ്ടന്മാരാക്കുന്നതിൽ, മണ്ടന്മാരെ മരമണ്ടന്മാരായി നിലനിറുത്തുന്നതിലാണു് അവരുടെ വ്യാപാര വിജയം കുടികൊള്ളുന്നതു്. മറ്റൊരു സംഗതി: മോത്തിലാൽ, ജവഹർ ലാൽ, ഇന്ദിര, രാജീവ്, രാഹുൽ; മാമ്മൻ മാപ്പിള, കെ. എം. മാത്യു, മാമ്മൻ മാത്യു, ജയന്ത് മാമ്മൻ എന്ന ക്രമത്തിലേ അവർക്കു് ചിന്തിക്കാൻ കഴിയൂ.
വിക്രംചന്ദ്ര, അർണബ് ഗോസ്വാമി, ബർഖദത്ത്, രജത്ശർമ എന്നീ വിദഗ്ദ്ധരാലും വീക്കിന്റെ വായനക്കാരാലും തെരഞ്ഞെടുക്കപ്പെടാൻ പോകുന്ന താരം ആരായിരിക്കും? ഞാൻ ബെറ്റുവെക്കാൻ തയ്യാറാണു്. ഉത്തരം: രാഹുൽഗാന്ധി. മിലിന്ദ് ദേവ്രയോ സചിൻ പൈലറ്റോ ഒമർ അബ്ദുല്ല യോ ജ്യോതിരാദിത്യസിന്ധ്യ യോ രാഹുലിനേക്കാൾ വഷളന്മാരായതുകൊണ്ടല്ല, ഹിതപരിശോധന നടത്തുന്നതു് കണ്ടത്തിലെ അച്ചായന്മാരായതുകൊണ്ടുതന്നെ.
മിലിന്ദിനോസചിനോജ്യോതിരാദിത്യ നോ രാഹുൽജിയേക്കാൾ വോട്ടുകിട്ടിയാൽ അവരുടെ കാര്യം കട്ടപ്പുക! കുൽദീപ് ബിഷ്ണോയ് (ഭിവാനിയിൽനിന്നുള്ള പാർലമെന്റ് മെമ്പർ, ബൻസിലാലിന്റെ മകൻ) പോയ വഴി പോകാം. അതുകൊണ്ടു് ദേവ്ര, പൈലറ്റ്, സിന്ധ്യ കുമാരന്മാർ മാമ്മൻ മാത്യു വിന്റെ കാലുപിടിച്ചു് ചതിക്കല്ലേ മുതലാളീ എന്നപേക്ഷിക്കാനുമുണ്ടു് സാധ്യത.
രാഹുൽഗാന്ധി 2007-ലെ ഉദയതാരമായി വാഴ്ത്തപ്പെടുകയാൽ സ്വാതന്ത്ര്യലബ്ധിയുടെ 60-ാം വാർഷികവും വീക്കിന്റെ 25-ാം വാർഷികവും ധന്യമാകും എന്നു് നിശ്ചയം.
വെന്നരിയെ യു. പി. കാക്കുവാൻ കോപ്പിടും നൃപതിയുടെ കരങ്ങൾക്കു് പുരസ്ക്കാരലബ്ധി കരുത്തുപകരുമെന്നതിലുമില്ല സന്ദേഹം. യു. പി. എ. ഭരണം അവസാനിക്കും മുമ്പു് ഫിലിപ്പ് മാത്യു, ജേക്കബ് മാത്യു എന്നിവർക്കു് കൂടിയും ‘പത്മ’ പുരസ്ക്കാരങ്ങൾ പ്രതീക്ഷിക്കാവുന്നതാണു്. ധർമോസ്മദ് കുലദൈവതം!
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.