ഉദാത്തമാണു് ഭാരതീയ സംസ്കാരത്തിലെ പിതാ-പുത്ര ബന്ധ സങ്കല്പം. പിതൃക്കളുടെ മോക്ഷത്തിനായി ആകാശഗംഗയെ തപസ്സുചെയ്തു ഭൂമിയിലേക്കൊഴുക്കി, ഭഗീരഥൻ. പുരൂരവസ്സ് യയാതിക്കു് യൗവനം ദാനംചെയ്തു; ദശരഥൻ ചെയ്ത സത്യം പാലിക്കാൻ ശ്രീരാമചന്ദ്രൻ രാജ്യമുപേക്ഷിച്ചു ജടാവൽക്കലം ധരിച്ചു് വനവാസത്തിനു് പോയി. പിതാവിന്റെ ആജ്ഞയനുസരിച്ചു് മാതൃനിഗ്രഹം ചെയ്തതു് ഭാർഗവരാമൻ, അച്ഛനേറ്റ അപമാനത്തിനു പ്രതിക്രിയയായി ആചാര്യനെ വധിച്ചതു് ധൃഷ്ടദ്യുമ്നൻ.
“യാതൊരുത്തൻ പിതൃവാക്യത്തെ ലംഘിച്ചു
നീതിഹീനം വസിക്കുന്നിതു ഭൂതലേ
ജീമന്മൃതനവൻ പിന്നെ നരകത്തിൽ
മേവും മരിച്ചാലുമില്ലൊരു സംശയം”
എന്നു് അർഥശങ്കക്കിടയില്ലാതെ പറഞ്ഞുവെച്ചിരിക്കുന്നു, തുഞ്ചത്താചാര്യൻ. താതാർഥമായിട്ടു ജീവനെത്തന്നെയും മാതാവുതന്നെയും സീതയെത്തന്നെയും ഞാനുപേക്ഷിപ്പിൻ എന്നു സംശയലേശമെന്യേ പ്രഖ്യാപിക്കുന്നുണ്ടു് എഴുത്തച്ഛന്റെ രാമൻ. പുത്രന്മാരെ ഉത്തമൻ, മധ്യമൻ, അധമൻ എന്നിങ്ങനെ മൂന്നുവിധമായി തരംതിരിച്ചിട്ടുമുണ്ടു്. താതകാര്യം അനാജ്ഞപ്തമെന്നാകിലും മോദേന ചെയ്യുന്ന നന്ദനൻ ഉത്തമൻ, പിത്രാനിയുക്തനായിട്ടു ചെയ്യുന്നവൻ മധ്യമൻ; ഉക്തമെന്നാകിലും ഇക്കാര്യം എന്നാലെ കർത്തവ്യമല്ലെന്നു വെച്ചടങ്ങുന്നവനോ, ‘പിത്രോർമലം’.
‘പുത് ’ എന്ന നരകത്തിൽനിന്നു് പിതാവിനെ ത്രാണനം ചെയ്യുന്നവൻ എന്നാണു് പുത്രൻ എന്ന പദത്തിന്റെ അർഥംതന്നെ. മരിച്ച അച്ഛന്റെ കടംവീട്ടാൻ മകനു് ‘പാവനമായ ബാധ്യത’യുണ്ടെന്നു് ഹിന്ദുനിയമത്തിൽ വ്യവസ്ഥ കാണുന്നു.
ഭാഗവതോത്തനനാണു് കെ. കരുണാകരൻ. പുരാണേതിഹാസങ്ങളിൽ അവഗാഹം നേടിയ ഉത്തമ കുടുംബിനിയായിരുന്നു കല്യാണിക്കുട്ടിയമ്മ. ശ്രീരാമന്റെയും പുരൂരവസ്സിന്റെയുമൊക്കെ കഥകൾ അവർ കുട്ടിക്കാലത്തു് മുരളിക്കു പറഞ്ഞുകൊടുക്കാതിരിക്കാൻ കാരണം കാണുന്നില്ല. അടക്കവും ഒതുക്കവും വിനയവും ഈശ്വരവിശ്വാസവുമുള്ള കുട്ടിയായിരുന്നു മുരളീധരൻ. താരാട്ടുപാടിയാലേ ഉറങ്ങാറുള്ളൂ. കഥയൊന്നു കേട്ടാലേ ഉണ്ണാറുള്ളൂ, കൈവിരൽത്തുമ്പു പിടിച്ചേ നടക്കാറുള്ളു.
കരുണാകരനെപ്പോലെ മകനെ സ്നേഹിച്ച, അവന്റെ ഭാവി സുശോഭനമാക്കാൻ ത്യാഗം സഹിച്ച ഏതച്ഛനുണ്ടു് ഭൂമിമലയാളത്തിൽ? മുരളിയെ സേവാദൾ ചെയർമാനാക്കാൻ, പാർലമെന്റംഗമാക്കാൻ, പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽസെക്രട്ടറിയും ഏക വൈസ്പ്രസിഡന്റും തുടർന്നു് പ്രസിഡന്റു തന്നെയുമാക്കാൻ കരുണാകരൻ സഹിച്ച ക്ലേശമെത്രയാണു്, ആയിനത്തിൽ കേട്ട അപഖ്യാതി എത്രയാണു്. കിട്ടുമ്മാനെയും കിങ്ങിണിക്കുട്ടനെയും പരിഹസിച്ചു നാടകമെഴുതാനും ആകാശവാണിയിലൂടെ പ്രക്ഷേപണം ചെയ്യാനുംവരെ ഇവിടെ ആളുണ്ടായി.
ഇളമാൻ കടവറിയില്ല എന്നൊരു ചൊല്ലുണ്ടു്. തളികയിലെന്നോണം കെ. പി. സി. സി. പ്രസിഡന്റുപദം കരഗതമായപ്പോൾ മുരളീധരനു തോന്നി താനൊരു ദേശ്കീ നേതാവായിക്കഴിഞ്ഞെന്നു്. അദ്ദേഹം നിഷ്പക്ഷനും ഗ്രൂപ്പ് ചിന്തക്കതീതനുമായി. കൂട്ടത്തിൽ കുറിയവനെ നമ്പാൻ കൊള്ളില്ല എന്നു് അച്ഛൻ ആവർത്തിച്ചു പറഞ്ഞെങ്കിലും മകന്റെ ചെവിട്ടിൽകയറിയില്ല. പ്രസിഡന്റിന്റെ പക്വതയെപ്പറ്റി മനോരമ നാലു നല്ലവാക്കു പറഞ്ഞപ്പോഴേക്കും മുരളി പുളകിത ഗാത്രനായി. ചോറിങ്ങും കൂറങ്ങും എന്ന മട്ടായി കാര്യങ്ങൾ.
അറിയാത്ത പിള്ള ചൊറിയുമ്പോഴറിയും എന്നുമുണ്ടു് പഴമൊഴി. രാജ്യസഭാ തെരഞ്ഞെടുപ്പു് കൊടിത്തൂവയുടെ (നായ്ക്കരുണപ്പൊടിയുടെ) ഫലംചെയ്തു. കോടോത്തു ഗോവിന്ദൻ നായരുടെയും പി. സി. ചാക്കോ യുടെയും പേരുവെട്ടി തെന്നല ബാലകൃഷ്ണപിള്ള സ്ഥാനാർത്ഥിയായപ്പോൾ മുരളീധരനു് അസാരം ചൊറിഞ്ഞു. മുതുനെല്ലിക്കപോലെ മധുരിച്ചു, മൂത്തവർ വാക്കു്. ചെയ്യരുതാത്തതു ചെയ്തവനെങ്കിലും ഇയ്യെന്നെത്തള്ളല്ലേ, തമ്പുരാനേ! ഏതൊരു തെറ്റിനും മാപ്പുകൊടുക്കുന്ന കോടതിയാണു് ലീഡറുടെ പിതൃഹൃദയം. അച്ഛനും മകനും ഒന്നായി ക്രൂര നസ്രാണിക്കും കൂട്ടർക്കുമെതിരെ അങ്കംകുറിച്ചു.
രാജ്യസഭാ തെരഞ്ഞെടുപ്പിൽ റിബലിനെ നിറുത്തി മൽസരിപ്പിക്കാനും മാറാടു് പുനരധിവാസക്കാര്യത്തിൽ ആന്റണി യെ തീരഞ്ചും എതിർക്കാനും എറണാകുളത്തും തിരുവല്ലയിലും ഔദ്യോഗിക സ്ഥാനാർത്ഥികൾക്കു പാരപണിയാനുമൊക്കെ കാരണവരും പുത്രനും ഒറ്റക്കെട്ടായിരുന്നു. നേതൃമാറ്റത്തിൽ കുറഞ്ഞ ഒന്നുകൊണ്ടും ഞങ്ങൾ തൃപ്തരാവില്ല. എറണാകുളത്തെ പരാജയം കോൺഗ്രസിന്റേതല്ല, ആന്റണിയുടേതു മാത്രം. തിരുവല്ലയിലെ ജയം തോൽവിയേക്കാൾ ഭയാനകം.
നവംബർ 19-ന്റെ റാലി ആന്റണിക്കുള്ള താക്കീതും പൊതുയോഗം മുരളീധരന്റെ അരിയിട്ടുവാഴ്ചയുമായിരുന്നു. പടുകൂറ്റൻ കട്ടൗട്ടുകൾ ലീഡറുടെ പിൻഗാമി ആരെന്നു മൂകമായെങ്കിലും ഉച്ചത്തിൽ പ്രഖ്യാപിച്ചു. മുരളിയാണെങ്കിൽ അച്ഛനേക്കാളുറക്കെ ആന്റണിയെ വിമർശിച്ചു. നേതൃമാറ്റമില്ലെങ്കിൽ പിളരും ഞാൻ നാടാകെ!
നാലു് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുഫലം പുറത്തുവന്നപ്പോൾ ഹൈക്കമാന്റ് അക്ഷരാർത്ഥത്തിൽ ലോ കമാൻഡായി. സോണിയ യുടെ നേതൃത്വം സമ്പൂർണ പരാജയമെന്നു നിരീക്ഷകരും മാധ്യമങ്ങളും വിധിയെഴുതി. പ്രവർത്തകസമിതി രാജിനാടകം കളിച്ചു് കൂടുതൽ അപഹാസ്യമായി. രാജ്യത്താകമാനം കോൺഗ്രസ് വിമതർ പത്തിയുയർത്തി. ദില്ലി മുഖ്യമന്ത്രിസ്ഥാനത്തേക്കു് ചൗധരി പ്രേംസിംഗ് അവകാശവാദമുന്നയിച്ചു. പഞ്ചാബ് മുഖ്യനെ മാറ്റാതെ തിരിച്ചുപോവില്ല എന്നു് രജീന്ദർ കൗർ ഭട്ടൽ മങ്കമ്മാൾ ശപഥം നടത്തി. കൂനിന്മേൽ കുരു എന്നപോലെ അജിത് ജോഗി കുടുങ്ങി, പാർട്ടി മാനംകെട്ടു. കാലാവധി തികയുംവരെ കാത്തുനിൽക്കാതെ മാർച്ച്–ഏപ്രിലിൽ ജനവിധി തേടാൻ ബി. ജെ. പി. തീരുമാനിക്കുകകൂടി ചെയ്തപ്പോൾ എല്ലാം തികഞ്ഞു.
അച്ചടക്കം ലംഘിച്ച കരുണാകരാദികൾക്കെതിരെ കർശന നടപടിയെടുക്കണം, മുരളിയെ കെ. പി. സി. സി. പ്രസിഡന്റുസ്ഥാനത്തുനിന്നു നീക്കണം എന്നു് ‘എ’ ഗ്രൂപ്പുകാർ ആവശ്യമുന്നയിച്ചു. മലയാളമനോരമയും അതേറ്റുപിടിച്ചു. ആന്റണി വീണ്ടും ഐക്യത്തിന്റെ മകുടിയൂതി. കരുണാകരനെ പിണക്കുന്നതു് അപകടമാണെന്നു് ഇ. അഹമ്മദ് ഹൈക്കമാന്റിനെ ഉണർത്തിച്ചു. മുരളിക്കു് ആഭ്യന്തരവകുപ്പിന്റെ ചുമതലയോടെ ഉപമുഖ്യമന്ത്രിപദം നൽകുന്നതു് പ്രശ്നപരിഹാരത്തിനുതകുമെന്നു് ആർ. ബാലകൃഷ്ണപിള്ള യും ടി. എം. ജേക്കബും അഭിപ്രായം പറഞ്ഞു.
അച്ചടക്കലംഘനത്തിനു പാരിതോഷികം ആഭ്യന്തരവകുപ്പോ? ഉമ്മൻചാണ്ടി കോപിച്ചു. ഉപമുഖ്യമന്ത്രിപദം മുസ്ലിംലീഗിനവകാശപ്പെട്ടതാണെന്നായി മനോരമ. ഉപമുഖ്യമന്ത്രിസ്ഥാനമൊന്നും വേണ്ട, ‘വികസന’ പ്രവർത്തനത്തിൽ ഇടങ്കോലിടാതിരുന്നാൽ മാത്രം മതിയെന്നു ലീഗ്. ആഭ്യന്തരമില്ലെങ്കിൽ ധനകാര്യമായാലും പോരായ്കയില്ല എന്നു് ‘ഐ’ ഗ്രൂപ്പ്. സൂചികുത്തുവതിന്നിടം തരില്ലെന്നു വിരുദ്ധ പക്ഷം.
കീടനാശിനി വകുപ്പുതന്നു് ഒതുക്കാൻ നോക്കണ്ട: മുരളീധരൻ തുറന്നടിച്ചു. നേതൃമാറ്റത്തിൽ കുറഞ്ഞു് ഒന്നുംകൊണ്ടും തൃപ്തരല്ല. അപമാനം സഹിച്ചു് പാർട്ടിയിൽ തുടരാനുമാവില്ല. ജനുവരി 28-ാം തീയതിയിലെ കൺവെൻഷനിൽ അന്തിമ തീരുമാനം.
കോൺഗ്രസ് പിളർന്നു് പ്രാദേശിക പാർട്ടിയുണ്ടാകുന്നതിൽ പുതുമയില്ല. 1964-ൽ നമ്മുടെ കെ. എം. ജോർജും ആർ. ബാലകൃഷ്ണപിള്ള യുമാണു് ഈ പ്രവണതക്കു തുടക്കംകുറിച്ചതു്. പിന്നെ അജയ് മുഖർജി യുടെ ബംഗ്ലാ കോൺഗ്രസ്, ചൗധരി ചരൺസിംഗി ന്റെ ഭാരതീയ ക്രാന്തിദൾ, ബിജു പട്നായ്കി ന്റെ ഉത്കൽ കോൺഗ്രസ്, എസ്. ബംഗാരപ്പ യുടെ കർണാടക ക്രാന്തിരംഗ, നടികർ തിലകം ശിവാജി ഗണേശന്റെ തമിഴക മുന്നേറ്റ മുന്നണി, ബൻസിലാലി ന്റെ ഹരിയാന വികാസ് പാർട്ടി, മാധവറാവു സിന്ധ്യ യുടെ മധ്യപ്രദേശ് വികാസ് പാർട്ടി, കറുപ്പനയ്യാ മൂപ്പനാരുടെ തമിഴ് മാനിലാ കോൺഗ്രസ്, മമതാ ബാനർജി യുടെ തൃണമൂൽ കോൺഗ്രസ്, വാഴപ്പാടി രാമമൂർത്തി യുടെ തമിഴക രാജീവ് കോൺഗ്രസ്—അങ്ങനെ പലതും. പരിശ്രമശീലത്തിലോ പരാക്രമത്തിലോ മുൻപറഞ്ഞ ആരേക്കാളും പിന്നിലല്ല കണ്ണോത്ത് കരുണാകരൻ.
ഇന്ദിരാജി യുടെ നാമത്തിൽ പുതിയ പാർട്ടിയുണ്ടാക്കും, കൊടിയും ചിഹ്നവും പിന്നാലെ തീരുമാനിക്കും എന്നു് ജനുവരി 28-നു് തിരുവനന്തപുരത്തു് ടാഗോർ തിയറ്ററിൽ തിങ്ങിനിറഞ്ഞ പുരുഷാരത്തോടു് കരുണാകരൻ പ്രഖ്യാപിച്ചു. ‘കോൺഗ്രസ് പിളർന്നു’ എന്നു് ടി. വി. ചാനലുകൾ മാലോകരെ അറിയിച്ചു.
രണ്ടു മന്ത്രിമാരടക്കം 17 എം. എൽ. എ.-മാർ പങ്കെടുത്ത ഗ്രൂപ്പു മഹായോഗത്തിൽ, പക്ഷേ, കെ. മുരളീധരനെ കണ്ടില്ല. കുരുക്ഷേത്ര യുദ്ധകാഹളം മുഴങ്ങിക്കഴിഞ്ഞു എന്നു് മുരളി പ്രഖ്യാപിച്ചിട്ടു് 48 മണിക്കൂർ തികഞ്ഞിരുന്നില്ല. 28-ാം തീയതി പുലരുമ്പോൾ കടുത്ത ആന്റണിവിരുദ്ധനും നേതൃമാറ്റ വാദിയുമായിരുന്ന മുരളീധരൻ അന്തിചായുംമുമ്പു് അച്ഛനെ തള്ളിപ്പറഞ്ഞു: എന്റെ നേതാവു് സോണിയാഗാന്ധി യാണു്. കെ. കരുണാകരൻ പാർട്ടി വിടുമെന്നോ പുതിയ പാർട്ടിയുണ്ടാക്കുമെന്നോ കരുതുന്നില്ല. ഹിന്ദു സംഘപരിവാറിന്റെ കടന്നാക്രമണത്തെ ചെറുക്കലാണു് ഇപ്പോഴത്തെ പ്രധാന കർത്തവ്യം. മാറിയ സാഹചര്യത്തിൽ നേതൃമാറ്റം അപ്രസക്തം, അനാവശ്യം.
കെ. പി. സി. സി. പ്രസിഡന്റ് പദം ഒഴിയാനും മന്ത്രിയാകാനും തയാർ, തയാർ, തയാർ! വകുപ്പേതായാലും പ്രശ്നമില്ല. കീടനാശിനിയെങ്കിൽ കീടനാശിനി, രാസവളമെങ്കിൽ രാസവളം, വേഷമെനിക്കെന്തെന്നു വിധിപ്പതുവിഭോ ഭവച്ചിത്തം, വിശ്വപ്രിയമായ് നടനം ചെയ്വതു് വിധേയനെൻ കൃത്യം.
കലോട്ടിസ് ഓഫിയോ മാക്കസ് എന്നു് ശാസ്ത്ര നാമമുള്ള ഒരു സാധു ജീവിയാണു് ഓന്തു്. കെ. പി. സി. സി. പ്രസിഡന്റിന്റെ നിറംമാറ്റംകണ്ടു് ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ മൊത്തം ഓന്തുകളും മഞ്ഞളിച്ചുപോയി. രാഷ്ട്രീയ നിരീക്ഷകർ മൂക്കത്തു വിരൽവെച്ചു. കരുണാകരനെ കിടുവപിടിക്കുകയോ?
ഏതായാലും മലയാള മാനിലാ കോൺഗ്രസ് പ്രാവർത്തികമായില്ല. ലീഡറുടെ കാൽ തൊട്ടു വന്ദിച്ചശേഷം മുരളീധരൻ സത്യവാചകം ചൊല്ലി അധികാരമേറ്റു. കീടനാശിനി വകുപ്പല്ല, മറിച്ചു് തൊട്ടാൽ ഷോക്കടിക്കുന്ന വിദ്യുച്ഛക്തി വകുപ്പാണു് മുഖ്യൻ മുരളിക്കു നൽകിയിരിക്കുന്നതു്. കടവൂരിനു് ആരോഗ്യം, ശങ്കരനു് ടൂറിസം, കെ. വി. തോമസി നു് എക്സൈസ്, എല്ലാം വികസന സാദ്ധ്യതയുള്ളവ.
എന്താവാം മുരളിയുടെ മനംമാറ്റത്തിനു കാരണം? കരുണാകരനുമായുള്ള ഒത്തുകളിയെന്നു പരക്കെ വിശ്വാസം. പത്മജ യുമായുള്ള കുടുംബവഴക്കെന്നു് അഭ്യൂഹം. ഇനിയുള്ള കാലം, വലിയ വകുപ്പൊന്നുമില്ലെങ്കിലും മന്ത്രിയുദ്യോഗം ഭരിച്ചു സ്വസ്ഥനാകാം എന്നു കരുതിയതുമാകാം. 2111-ാമാണ്ടിൽ ആരെന്നുമെന്തെന്നുമാരറിഞ്ഞു സഖേ! വെയിലുള്ളപ്പോൾ വൈക്കോലുണക്കണം, കാറ്റുള്ളപ്പോൾ പാറ്റണം എന്നൊന്നും മുരളീധരനെ പഠിപ്പിക്കേണ്ടതില്ല. വിത്തുഗുണം പത്തുഗുണം. കൈയിലുള്ള ഒരു കിളി ഗ്രൂപ്പിലുളള രണ്ടിനേക്കാൾ വളരെ മെച്ചം. മതിലേരിക്കന്നി വാഴുന്നോരോടു പറഞ്ഞപോലെ ഇല്ലാഞ്ഞിട്ടില്ലാഞ്ഞാലെന്തെന്നച്ഛാ, ഉണ്ടായിട്ടില്ലാഞ്ഞാലുള്ളുരുക്കം!
മുരളിയുടെ നിതാന്ത വിമർശകനായ കെ. കെ. രാമചന്ദ്രൻ മാസ്റ്ററെ സത്യപ്രതിജ്ഞാ ചടങ്ങിൽ കണ്ടില്ല; ലെയ്സൺ കമ്മിറ്റി കൺവീനർ ഉമ്മൻചാണ്ടി യെയും. മന്ത്രിപദം മോഹിച്ചു് ‘ഐ’ ഗ്രൂപ്പിൽനിന്നു് മറുകണ്ടം ചാടിയ എം. പി. ഗംഗാധരന്റെ യും തേറമ്പിൽ രാമകൃഷ്ണന്റെ യും കാര്യം വളരെ കഷ്ടം!
നേതൃമാറ്റ വിവാദത്തിനു് അൽപ വിരാമം. ഇനി ശ്രദ്ധ സീറ്റു വിഭജനത്തിലേക്കു്. കോൺഗ്രസ് മൽസരിക്കുന്ന 17 മണ്ഡലങ്ങളിൽ ഒമ്പതെണ്ണമേ കരുണാകരൻ ആവശ്യപ്പെടുന്നുള്ളു. ജയസാധ്യതയുള്ള സീറ്റുകൾ മാത്രം മതി. തന്റെ മണ്ഡലമായ മുകുന്ദപുരം മകൾക്കു കൊടുക്കുകയും വേണം. തെരഞ്ഞെടുപ്പു കഴിയുമ്പോൾ ഹൈക്കമാന്റിനെതിരെയുമുണ്ടാവില്ല കമാന്റ്. സംസ്ഥാനത്തെ സീറ്റുകളിലധികവും സഖാക്കൾ കൈയടക്കുകയും ചെയ്യും. അപ്പോൾ കരുണാകരൻ ആവശ്യപ്പെടും—ആന്റണി ഒഴിക, മുരളി വാഴ്ക.
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.