‘അപരാജിതോ’ക്കു് ലൊക്കേഷൻ തേടിനടക്കുമ്പോഴത്തെ ഒരനുഭവം വിവരിക്കുകയാണു് സത്യജിത് റായ്: “…അൽപം നടന്നതോടെ ഗ്രാമത്തിന്റെ ഒരറ്റത്തെത്തി. അവസാനത്തെ വീടിനപ്പുറം അര മൈലോളം തരിശുനിലമായിരുന്നു. അവസാനത്തെ വീടിനു് ചുറ്റുമതിലുമുണ്ടായിരുന്നു… പെട്ടെന്നു് തീവണ്ടിയുടെ ശബ്ദം കേട്ടു. വാതിലിലൂടെ മുടന്തിമുടന്തി നടന്നു് ഞാൻ തരിശുനിലത്തിനപ്പുറത്തേക്കു് നോക്കിനിന്നു. വൈകാതെ ഇടതുഭാഗത്തുനിന്നു് കുറെ മരങ്ങളുടെ പിറകിലായി ട്രെയിൻ കാണാറായി. പാളത്തിനോടു ചേർന്നു് ടെലഗ്രാഫ് തൂണുകളുണ്ടായിരുന്നു. ആകാശത്തു് കറുത്ത പുക നിറച്ചുകൊണ്ടു് വണ്ടി കടന്നുപോയി. പുക മാഞ്ഞുമറഞ്ഞുപോകുന്നതുവരെ ഞാൻ അവിടെത്തന്നെ നിന്നു. എന്റെ ദേഹമാകെ കുളിരു കോരിയിട്ടു. ഒരു പുതിയ, പ്രകാശമാനമായ ആശയം മനസ്സിൽ വരുമ്പോൾ അങ്ങനെയാണു്. ഇതു് അതുമല്ല ഉജ്വലദീപ്തി തന്നെയായിരുന്നു. ഇതുതന്നെ ദെബ് തരണിന്റെ വീടു്. ‘പഥേർ പാഞ്ചാലി’യിൽ അപ്പു ട്രെയിനിന്റെ ശബ്ദം കേൾക്കാറുണ്ടായിരുന്നു. വൈകുന്നേരത്തെ മഞ്ഞിൽ മറയാറുണ്ടായിരുന്നതുകൊണ്ടു് വളരെ അപൂർവമായേ ട്രെയിൻ കാണാൻ കഴിഞ്ഞിരുന്നുള്ളൂ. ഇത്തവണ തന്റെ വീട്ടിൽ നിന്നുകൊണ്ടു് അവൻ തീവണ്ടി കാണും. ഗ്രാമവും അപ്പു കോളേജ് വിദ്യാഭ്യാസത്തിനു് പോകുന്ന കൽക്കത്താ നഗരവുമായുള്ള ചങ്ങലക്കണ്ണിയായി തീവണ്ടിയെ ഉപയോഗിക്കാം. തനിക്കുവേണ്ടി കാത്തിരിക്കുന്ന, തന്നെയോർത്തു് വേവലാതിപ്പെടുന്ന അമ്മയുമായുള്ള ഒരു കണ്ണിയാവും ട്രെയിൻ…”
സത്യജിത് റായിക്കുശേഷം തീവണ്ടിയിൽനിന്നു് ആവേശമുൾക്കൊണ്ട ഒരു പ്രതിഭ ബംഗാളിൽ ഉണ്ടായിട്ടുണ്ടെങ്കിൽ അതു് കുമാരി മമതാ ബാനർജി യാണു്. 1998–99 കാലഘട്ടത്തിൽ പാർലമെന്റിന്റെ റെയിൽവേസ് കമ്മിറ്റി ചെയർപേഴ്സനായിരിക്കുമ്പോഴാകണം ദീദിക്കു് വകുപ്പിന്റെ അപാര സാധ്യതകൾ മനസ്സിലായതു്. മന്ത്രിസഭയിൽ ചേരാമോ എന്ന അടൽജി ചോദിച്ചപ്പോൾ മമത പറഞ്ഞു: റെയിൽവേ വകുപ്പാണെങ്കിൽ നോക്കാം. അന്നുപക്ഷേ, നിതീഷ് കുമാറി നെ മാറ്റാൻ നിവൃത്തിയില്ലായിരുന്നു. മന്ത്രിസഭ തന്നെയും പതിമൂന്നാം മാസത്തിൽ അലസിപ്പോയി. 1999 ഒക്ടോബറിൽ അടൽജി മൂന്നാമതും മന്ത്രിസഭയുണ്ടാക്കിയപ്പോൾ നിതീഷിനെ കൃഷി വകുപ്പിൽ തളച്ചു; റെയിൽവേ മമതക്കുതന്നെ. ദീദി സത്യവാചകം ചൊല്ലി അധികാരമേറ്റ ഒക്ടോബർ 13-നു് ബംഗാളിലാകമാനം തൃണമൂൽ കോൺഗ്രസുകാർ പടക്കംപൊട്ടിച്ചും മധുരപലഹാരം വിതരണം നടത്തിയും ആഹ്ലാദിച്ചു. റെയിലുകളെല്ലാം ബംഗാളിലേക്കു് ! 2000 ഫെബ്രുവരി 25-നും 2001 ഫെബ്രുവരി 26-നും മമതാ ബാനർജി റെയിൽവേ ബജറ്റ് അവതരിപ്പിച്ചു. രണ്ടും പശ്ചിമബംഗാളിന്റെ സമഗ്ര വികസനം ലാക്കാക്കിയും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ ഉന്നംവെച്ചും തയാറാക്കിയവയായിരുന്നു. എന്നാൽ, 2001-ലെ ബജറ്റ് പാസാകും മുമ്പുതന്നെ ദീദി വഴക്കടിച്ചു് മന്ത്രിസ്ഥാനം ഉപേക്ഷിച്ചു. യാത്രക്കൂലി കൂട്ടാഞ്ഞതിന്റെ ഗുണം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ലതാനും. മാനംവെടിഞ്ഞും ദേശീയ ജനാധിപത്യ സഖ്യത്തിലേക്കു് തിരിച്ചുവന്നതു തന്നെ റെയിൽവേ വകുപ്പു് മോഹിച്ചാണു്. മമതയെ മന്ത്രിസഭയിലെടുക്കാൻ വാജ്പേയി ക്കു് മനസ്സാണു്—പക്ഷേ, റെയിൽവേ വകുപ്പു മാത്രം ചോദിക്കരുതു്. അവിടെ അദ്വാനി യുടെ പിന്തുണയോടെ നിതീഷ് തമ്പടിച്ചിരിക്കയാണു്.
ദേവഗൗഡ യുടെ കാബിനറ്റിൽ റെയിൽവേ വകുപ്പു് കൈയാളിയ രാംവിലാസ് പാസ്വാനാ ണു് ആറു് പുതിയ റെയിൽവേ മേഖലകളുണ്ടാക്കാനുള്ള പരിപാടി ആവിഷ്ക്കരിച്ചതു്. ഭുവനേശ്വർ കേന്ദ്രമാക്കി കിഴക്കൻ തീര റെയിൽവേ, ഹുബ്ലി ആസ്ഥാനമാക്കി ദക്ഷിണ-പശ്ചിമ റെയിൽവേ, ജബൽപൂരിൽ പശ്ചിമ-മധ്യ റെയിൽവേ, അലഹബാദിൽ ഉത്തര-മധ്യ റെയിൽവേ ജയ്പൂരിൽ ഉത്തര-പശ്ചിമ റെയിൽവേ, ഹാജിപുർ കേന്ദ്രമാക്കി പൂർവ കേന്ദ്ര റെയിൽവേ (പാസ്വാൻജിയുടെ നിയോജക മണ്ഡലമാണു് ഹാജിപൂർ). ഗൗഡ യുടെയും ഗുജ്റാലി ന്റെയും മന്ത്രിസഭകൾ അൽപായുസ്സുകയാൽ പാസ്വാനു് ലക്ഷ്യം നേടാനായില്ല. അദ്ദേഹത്തിനു് പിന്നീടൊരിക്കലും റെയിൽവേ വകുപ്പു് കിട്ടിയതുമില്ല.
2001 മാർച്ച് 15-നു് മമതാ ബാനർജി മന്ത്രിസ്ഥാനം ഉപേക്ഷിച്ചുപോയപ്പോഴാണു് നിതീഷ് കുമാറി നു് റെയിൽവേ വകുപ്പു് തിരിച്ചുകിട്ടിയതു്. പാസ്വാനേക്കാൾ വലിയ ബീഹാറുകാരനാണു് നിതീഷ്. ബംഗാളിലേക്കു് അനുവദിച്ച തീവണ്ടികൾ പലതും ബീഹാറിലേക്കു് തിരിച്ചുവിടാൻ പിന്നെ താമസമേതുമുണ്ടായില്ല. മമതാ ബാനർജി തിരിച്ചുവന്നിട്ടും റെയിൽവേ വകുപ്പു് തിരിച്ചുകൊടുത്തതുമില്ല. അദ്വാനിജിയുടെ ഉറച്ച പിന്തുണ കൂടിയായപ്പോൾ ഒരു കൈപയറ്റാൻതന്നെ തുനിഞ്ഞു. നിതീഷ് ഭയ്യ. ഹാജിപൂർ കേന്ദ്രമാക്കി പൂർവ കേന്ദ്ര റെയിൽവേയും ജയ്പൂർ കേന്ദ്രമാക്കി ഉത്തര-പശ്ചിമ റെയിൽവേയും ഒക്ടോബർ 1-നും മറ്റു് നാലു് മേഖലകൾ വരുന്ന ഏപ്രിൽ 1-ാം തീയതിയും നിലവിൽ വരും എന്നു് നിതീഷ് പ്രഖ്യാപിച്ചു.
കേന്ദ്ര തീരുമാനമറിഞ്ഞു് രാജസ്ഥാൻ മുഖ്യമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ബീഹാർ മുഖ്യൻ ലാലുപ്രസാദി നു പോലും നിതീഷിനെ അഭിനന്ദിക്കേണ്ടതായി വന്നു. ബി. ജെ. പി.-യുടെ പിന്തുണ ഉറപ്പാക്കിയതിനോടൊപ്പം ചന്ദ്രബാബു നായിഡു വിനെ വശത്താക്കാനും നയകോവിദനായ നിതീഷിനു് സാധിച്ചു. കർണാടക, ഒറീസ സംസ്ഥാനങ്ങളും കേന്ദ്രത്തിന്റെ തീരുമാനത്തോടു് യോജിച്ചു. ബംഗാൾ, ബംഗാൾ മാത്രം പ്രതിഷേധിച്ചു. കാരണം, കൊൽക്കത്ത ആസ്ഥാനമായുള്ള കിഴക്കൻ റെയിൽവേ വെട്ടിമുറിക്കപ്പെടും.
ജുലൈ 30-നു് പാർട്ടി ഭേദമന്യേ ബംഗാളിൽനിന്നുള്ള അംഗങ്ങൾ പാർലമെന്റിൽ ബഹളമുണ്ടാക്കി. ലോക്സഭയിൽ കോൺഗ്രസിലെ പ്രിയരഞ്ജൻ ദാസ് മുൻഷി യും രാജ്യസഭയിൽ സി. പി. എമ്മിലെ സരളാ മഹേശ്വരി യുമാണു് പ്രശ്നം ഉന്നയിച്ചതു്. കിഴക്കൻ റെയിൽവേ വെട്ടിമുറിച്ചതു് സങ്കുചിത രാഷ്ട്രീയംവെച്ചാണെന്നും ഇന്ത്യയുടെ ഫെഡറലിസത്തോടുള്ള വെല്ലുവിളിയാണെന്നും അവർ ആരോപിച്ചു. ബീഹാറിൽനിന്നും ഒറീസയിൽനിന്നുമുള്ള അംഗങ്ങൾ ഏറ്റുപിടിച്ചു; സഭ ബഹളത്തിൽ മുങ്ങി. തൃണമൂൽ കോൺഗ്രസ് അംഗങ്ങൾ വാക്കൗട്ട് നടത്തി.
മമതാ ബാനർജി അക്ഷരാർഥത്തിൽ പൊട്ടിത്തെറിച്ചു: ഇവിടെ ആരാണു് യഥാർഥപ്രധാനമന്ത്രി? പ്രധാനമന്ത്രിയുടെ ഓഫീസിനെ നോക്കുകുത്തിയാക്കിയിരിക്കുന്നു. പ്രധാനമന്ത്രിയെത്തന്നെ ഒറ്റപ്പെടുത്തിയിരിക്കുന്നു. പ്രധാനമന്ത്രി ബീഹാറുകാരനാണോ? അദ്ദേഹത്തിന്റെ മണ്ഡലം ഇന്ത്യ മുഴുവനുമായിരിക്കണം. കിഴക്കൻ റെയിൽവേ വെട്ടിമുറിച്ചതു് 1905-ലെ ബംഗാൾ വിഭജനത്തേക്കാൾ, 1947-ലെ ഇന്ത്യാ വിഭജനത്തേക്കാൾ നീചമാണു്. ജോർജ് ഫെർണാണ്ടസ് എന്നെ വിളിച്ചു് കേന്ദ്ര മന്ത്രിസഭയിൽ ചേരാൻ ആവശ്യപ്പെട്ടതാണു്. ഞാൻ നിരാകരിച്ചു. 45 രൂപ വിലയുള്ള പാദരക്ഷകളാണു് ഞാൻ ധരിക്കുന്നതു്. അതിലും വിലകുറഞ്ഞതാണു് എനിക്കു് മന്ത്രിസ്ഥാനം…
റെയിൽവേ നയം പുനഃപരിശോധിക്കാൻ ജൂലൈ 31 മുതൽ 12 ദിവസത്തെ സമയം അനുവദിച്ചു മമതാ ദീദി. അല്ലാത്തപക്ഷം ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പു് തങ്ങൾ ബഹിഷ്ക്കരിക്കുമെന്നും ദേശീയ ജനാധിപത്യ സഖ്യം ഉപേക്ഷിക്കാനും മടിക്കില്ലെന്നും ദീദി മുന്നറിയിപ്പു് നൽകി.
ആഗസ്റ്റ് 5-ാം തീയതി തൃണമൂൽ കോൺഗ്രസ് ബംഗ്ലാ ബന്ദ് നടത്തി. നഗരങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. സർക്കാർ ഓഫീസുകളിൽ ഹാജർ നില മോശമായിരുന്നു. ഗ്രാമങ്ങളെ ബന്ദ് ബാധിച്ചില്ല. തോട്ടങ്ങളും ഖനികളും തുറമുഖവും പതിവുപോലെ പ്രവർത്തിച്ചു. “ബന്ദുകൊണ്ടു് എന്തു നേടിയെന്നു് അതു് നടത്തിയവർക്കേ അറിയൂ”—ബംഗാൾ മുഖ്യമന്ത്രി സഖാവ് ബുദ്ധദേവ് ഭട്ടാചാര്യ ആത്മഗതം ചെയ്തു. ഗോധ്രയിൽ തീവണ്ടിക്കു് തീപ്പിടിച്ചതു് ബോഗിക്കകത്തുനിന്നാണെന്ന സത്യം മൂടിവെക്കുന്നതിന്റെ പ്രത്യുപകാരമായാണു് പ്രധാനമന്ത്രിയും ഉപപ്രധാനമന്ത്രിയും കിഴക്കൻ റെയിൽവേ വിഭജനത്തിനു് സമ്മതിക്കുന്നതെന്ന ആരോപണം മമത ആവർത്തിച്ചു.
ആഗസ്റ്റ് 12-ാം തീയതി നടന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പു് തൃണമൂൽ കോൺഗ്രസ് അംഗങ്ങൾ ബഹിഷ്ക്കരിച്ചു. അന്നു് മമതയുടെ നേതൃത്വത്തിൽ പാർട്ടി പ്രവർത്തകർ ദൽഹിയിൽ ധർണ നടത്തി. 13-ാം തീയതി തൃണമൂൽ കോൺഗ്രസ് എൻ. ഡി. എ. വിട്ടു. കിഴക്കൻ റെയിൽവേ വിഭജന കാര്യത്തിൽ തങ്ങൾക്കു കൂടി സ്വീകാര്യമായ തീരുമാനമുണ്ടാകാതെ സഖ്യത്തിലേക്കു് മടക്കമില്ല എന്നാണു് മങ്കയിൻ ശപഥം. എന്നാൽ, ദേശീയ ജനാധിപത്യ സഖ്യത്തിനുള്ള പ്രശ്നാധിഷ്ഠിത പിന്തുണ തുടരുകയും ചെയ്യും.
ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ, മറ്റേതൊരു പ്രദേശത്തേക്കാളും സമ്പന്നവും വൈവിധ്യപൂർണ്ണവുമാണു് ബംഗാളിന്റെ സാംസ്ക്കാരിക-രാഷ്ട്രീയ ഭൂമിക. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അസ്തിവാരമുറച്ചതു് ബംഗാളിലായിരുന്നു. ഹിന്ദു നവോത്ഥാനത്തിന്റെ കാഹളധ്വനി ആദ്യം മുഴങ്ങിയതും അവിടെനിന്നുതന്നെ. റാംമോഹൻ റോയ്, ഈശ്വരചന്ദ്ര വിദ്യാസാഗർ, സ്വാമി വിവേകാനന്ദൻ, മൈക്കൽ മധുസൂദൻ ദത്ത്, സർ അശുതോഷ് മുഖർജി, ജഗദീശ് ചന്ദ്രബോസ്, മേഘനാഥ സാഹ, രബീന്ദ്രനാഥ ടാഗോർ, നസ്രുൾ ഇസ്ലാം, ബങ്കിംചന്ദ്ര ചാറ്റർജി, താരാശങ്കർ ബാനർജി, നന്ദലാൽ ബോസ്, ജമിനി റോയ്, രാംകിങ്കർ, സത്യജിത് റായ്, ഋത്വിക് ഘട്ടക്, പങ്കജ് മല്ലിക്, സലിൽ ചൗധരി, അമർത്യ സെൻ—അങ്ങനെ എത്രയോ പ്രതിഭാധനർ.
ദേശീയ പ്രസ്ഥാനത്തിനു് ബംഗാളിന്റെ സംഭാവന പരിശോധിച്ചാലോ? സുരേന്ദ്രനാഥ ബാനർജി യെപ്പോലെയും ചിത്തരഞ്ജൻ ദാസി നെപ്പോലെയുള്ള മിതവാദികൾ, ബിപിൻ ചന്ദ്രപാൽ, സുഭാഷ്ചന്ദ്ര ബോസ് തുടങ്ങിയ തീവ്രവാദികൾ, റാഷ് ബിഹാരി ബോസ്, അരവിന്ദഘോഷ് മുതലായ ഉഗ്രവാദികൾ പിന്നെ സൂര്യസെൻ, ഖുദിറാം ബോസ്, പ്രീതിലത എന്നിങ്ങനെ അത്യുഗ്രവാദികൾ. മുസ്ലീംലീഗിൽ ഫസലുൾഹഖ്, എസ്. എച്ച്. സുഹ്രവർദി; ഹിന്ദു മഹാസഭയുടെ പരമോന്നത നേതാവും ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകനുമായിരുന്ന ശ്യാമപ്രസാദ് മുഖർജി.
ബംഗാളിന്റെ ചുവപ്പൻ പാരമ്പര്യവും ഉജ്വലമാണു്. ഭരണഘടനാ അസംബ്ലിയിലെ ഏക കമ്യൂണിസ്റ്റ് അംഗം ബംഗാളിൽനിന്നായിരുന്നു—സോമനാഥ് ലാഹിരി. പിന്നീടു് ഭൂപേശ് ഗുപ്ത, ഹിരൺ മുഖർജി, ഇന്ദ്രജിത് ഗുപ്ത, ജ്യോതിർമയി ബസു, സോമനാഥ ചാറ്റർജി എന്നിങ്ങനെ അതിപ്രഗല്ഭരായ പാർലമെന്റേറിയന്മാരുടെ നിരതന്നെയുണ്ടായി. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന അജയ് ഘോഷ്, അതുല്യനായ സംഘാടകൻ പ്രമോദ് ദാസ് ഗുപ്ത. ഹരേകൃഷ്ണ കോനാർ, സമർ മുഖർജി, ജതിൻ ചക്രവർത്തി തുടങ്ങി പിന്നെയും എത്രയോ നേതാക്കൾ. വസന്തത്തിന്റെ ഇടിമുഴക്കത്തിനു് കാതോർത്തവർ—ചാരു മജുംദാർ, കനുസന്യാൽ—വേറെയും ഇതൊക്കെയാണെങ്കിലും
നക്ഷത്രതാരാഗ്രഹസംകുലാപി
ജ്യോതിഷ്മതീ ചന്ദ്രമസൈവ രാത്രിഃ
എന്ന കവിവചനം അന്വർഥമാകുന്നതു് മറ്റൊരാളുടെ കാര്യത്തിലാണു്—ജ്യോതി ബസു.
1914 ജൂലൈ 8-ാം തീയതി കൊൽക്കത്തയിലാണു് ബസുവിന്റെ ജനനം. പിതാവു് അതീവ സമ്പന്നനായ ഭിഷഗ്വരൻ, ബംഗാളി ഭദ്രാലോകിന്റെ യഥാർഥ പ്രതിനിധി. ജെസ്യൂട്ടു പാതിരിമാർ നടത്തിയിരുന്ന സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം; ഉപരിപഠനം പിതാവിന്റെ അന്തസ്സിനൊത്തവിധം ഇംഗ്ലണ്ടിൽ. മിഡിൽ ടെമ്പിളിൽനിന്നു് ബാർ-അറ്റ് ലോ പാസായ ബസുവിനു് കൊൽക്കത്താ ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യാമായിരുന്നു. അല്ലെങ്കിൽ സിവിൽ സർവീസിൽ പ്രവേശിക്കാമായിരുന്നു. അദ്ദേഹത്തിനു പക്ഷേ, രാഷ്ട്രീയത്തിലാണു് കമ്പം കയറിയതു്—അതും കമ്യൂണിസ്റ്റ് പാർട്ടിയിൽ. കോൺഗ്രസുകാരായി, പിന്നെ കോൺഗ്രസ് സോഷ്യലിസ്റ്റായി ഏറ്റവുമൊടുവിൽ കമ്യൂണിസ്റ്റുകാരായവരാണു് നമ്മുടെ ഇ. എം. എസും എ. കെ. ജി.-യും കെ. സി. ജോർജു മൊക്കെ. എന്നാൽ, ജ്യോതിബസു അങ്ങനെയല്ല. ഹാരി പോളിറ്റും രജനീ പാമേദത്തും കത്തിനിന്ന ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാർട്ടിയിലായിരുന്നു ബസുവിന്റെ അരങ്ങേറ്റം.
1946-ൽ ബംഗാൾ നിയമസഭാംഗമായയാളാണു് ജ്യോതിബസു. അതിഭയങ്കരമായ കള്ളവോട്ടും ബൂത്തുപിടിത്തവും നടന്ന 1972-ലൊഴിച്ചു്, 1996 വരെ എല്ലാ തെരഞ്ഞെടുപ്പിലും വിജയിച്ചു. 1952–67 കാലത്തു് പ്രതിപക്ഷ നേതാവു്, 1967–71 കാലഘട്ടത്തിൽ ഉപമുഖ്യമന്ത്രി, 1977 മുതൽ 2000 വരെ മുഖ്യമന്ത്രി, തുടർച്ചയായി അഞ്ചു് തെരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണിയെ നയിച്ചു. അഞ്ചിലും വൻ വിജയം നേടുകയും ചെയ്തു. 1996-ൽ പ്രധാനമന്ത്രി സ്ഥാനത്തിന്റെ വക്കോളമെത്തി ജ്യോതിബസു. ദേശീയ മുന്നണി കക്ഷികൾക്കൊക്കെ അഭിമതനായിരുന്നെങ്കിലും സ്വന്തം പാർട്ടിക്കാർ പാരപണിതു. അത്രയ്ക്കായോ ജ്യോതിബസു എന്നു് സഖാവു് നമ്പൂതിരിപ്പാടിനു് തോന്നി. അതുതന്നെ സുർജിതിനും തോന്നി. ബസുവിന്റെ കാര്യം കുന്തം. ‘ചരിത്രപരമായ വിഡ്ഢിത്തം’ എന്ന വളരെ പാർലമെന്ററിയായ പദപ്രയോഗത്തിലൊതുങ്ങി ബസുവിന്റെ പ്രതികരണം.
പശ്ചിമബംഗാളിനെ മാർക്സിസ്റ്റ് ദുർഭരണത്തിൽനിന്നു് മോചിപ്പിക്കാൻ ഇന്ദിരാജിയും മകൻ രാജീവും ശ്രമിക്കാഞ്ഞിട്ടല്ല. 1980-ലെ ഇന്ദിരാതരംഗം ബംഗാളിൽ ഏശിയില്ല. 1984-ലെ സഹതാപ തരംഗവും തഥൈവ. 1987-ലെ നിയമസഭാ തെരഞ്ഞെടുപ്പു വേളയിൽ രാജീവ് ഗാന്ധി ബംഗാളിൽച്ചെന്നു് കാടിളക്കി: “ജ്യോതിബസുവിനു് വയസ്സ് 73 ആയില്ലേ, ഇനി മാറിക്കൂടേ? യുവാക്കൾക്കും ഒരവസരം കിട്ടട്ടെ.” 1972–77 കാലത്തെ കോൺഗ്രസ് ഭരണത്തിന്റെ മധുരസ്മരണകൾ വോട്ടർമാരുടെ മനസ്സിൽനിന്നു് മാഞ്ഞിരുന്നില്ല എന്നു് ഫലം വ്യക്തമാക്കി. സി. പി. എമ്മിനു് കിട്ടിയതു് 187 സീറ്റ്, ഘടകകക്ഷികൾക്കെല്ലാം കൂടി 64; കോൺഗ്രസിനു് 40, എസ്. യു. സി. ഐ.-ക്കു് 2, മുസ്ലീംലീഗിനു് 1 മിക്കവാറും എല്ലാ തെരഞ്ഞെടുപ്പിലും വോട്ടിന്റെ ശതമാനവും സീറ്റുകളുടെ എണ്ണവും മാറ്റമില്ലാതെ തുടർന്നു. ബംഗാൾ കീഴടക്കാമെന്ന വ്യാമോഹമൊന്നും നരസിംഹറാവു വോ സീതാറാം കേസരി യോ വെച്ചുപുലർത്തിയിരുന്നുമില്ല.
കോൺഗ്രസിൽ നേതാക്കൾക്കു് ഒരു ക്ഷാമവുമില്ല. സിദ്ധാർഥ ശങ്കർ റായേ പ്പോലെ സടകൊഴിഞ്ഞ സിംഹങ്ങൾ, പ്രണബ് മുഖർജി യെപ്പോലെ പല്ലില്ലാത്ത വ്യാഘ്രങ്ങൾ, ഇരുന്നിടത്തുനിന്നെഴുന്നേൽക്കാൻ പരസഹായം വേണ്ട ഗനിഖാൻ ചൗധരിയെപ്പോലുള്ള കൊലകൊമ്പന്മാർ, പിന്നെ സോമൻ മിത്ര യെയും പ്രിയരഞ്ജൻ ദാസ് മുൻഷി യെയും പോലുള്ള ഭല്ലൂകങ്ങൾ. എത്ര നേതാക്കന്മാരുണ്ടോ അത്രയും ഗ്രൂപ്പുമുണ്ടു്. ഓരോ ഗ്രൂപ്പിന്റെയും മുഖ്യലക്ഷ്യം എതിർ ഗ്രൂപ്പുകൾക്കു് പാരപണിയുക; ഏക പരിപാടി ഹൈക്കമാന്റിനെ പ്രീണിപ്പിക്കുക. ഈ ദുഃസ്ഥിതിക്കെതിരെ പടവെട്ടിയ ഒറ്റയാൾ പട്ടാളം—മമതാ ബാനർജി.
1955 ജനുവരി 5-ാം തീയതി കൊൽക്കത്തയിലാണു് മമതയുടെ ജനനം. കൊൽക്കത്ത സർവകലാശാലയിൽനിന്നു് എം. എ., ബി. എഡ്., എൽ. എൽ. ബി. ബിരുദങ്ങൾ നേടി. യൂത്ത് കോൺഗ്രസിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. 1980-ലെ പിളർപ്പുകാലത്തു് ഇന്ദിരാ പക്ഷത്തു് നിന്നു. മഹിളാ കോൺഗ്രസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയാലായിരുന്നു. പുത്തരിയങ്കം. അത്തവണ തെരഞ്ഞെടുപ്പു് ഗോദയിൽ മലർന്നടിച്ചുവീണതു് സി. പി. എമ്മിന്റെ ഹെവിവെയിറ്റ് താരം സോമനാഥ് ചാറ്റർജി. മാർക്സിസ്റ്റുകാർ ഞെട്ടി. കോൺഗ്രസുകാരും ഞെട്ടി. അങ്ങനെ മമത എന്ന താരം ഉദിച്ചു. പാർലമെന്റിനകത്തും പുറത്തും മമത മാർക്സിസ്റ്റുകാർക്കെതിരെ തീതുപ്പി. 1987-ൽ അവർ അഖിലേന്ത്യാ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയായി നാമനിർദേശം ചെയ്യപ്പെട്ടു.
1989-ലെ തെരഞ്ഞെടുപ്പിൽ സോമനാഥ് ചാറ്റർജി ജാദവ്പൂരിൽ നിന്നില്ല. സഖാവു് കൂടുതൽ സുരക്ഷിതമായ ഭോൽപൂരിൽ ചേക്കേറി. അത്തവണ മമതാ ബാനർജി സി. പി. എമ്മിലെ മാലിനി ഭട്ടാചാര്യ യോടു് തോറ്റു. തെരഞ്ഞെടുപ്പു് പരാജയംകൊണ്ടും അവരുടെ പെരുമാറ്റത്തിനു് മയമുണ്ടായില്ല. വാക്കുകളുടെ മൂർച്ചയും കുറഞ്ഞില്ല. 1990-ൽ സംസ്ഥാന യൂത്ത് കോൺഗ്രസ് അധ്യക്ഷയായി. 1991-ലെ തെരഞ്ഞെടുപ്പാകുമ്പോഴേക്കും മമതയും ജാദവ്പൂർ ഉപേക്ഷിച്ചു. അവർ കൊൽക്കത്ത സൗത്തിൽ അങ്കംകുറിച്ചു. സഹതാപതരംഗത്തിന്റെ സഹായമില്ലാതെതന്നെ (രാജീവ്ഗാന്ധി കൊല്ലപ്പെടുംമുമ്പുതന്നെ ബംഗാളിൽ പോളിംഗ് കഴിഞ്ഞിരുന്നു) നല്ല ഭൂരിപക്ഷം നേടി വിജയിച്ചു. 1991–93 കാലത്തു് മാനവശേഷി വകുപ്പിൽ സ്പോർട്സ് യുവജനക്ഷേമ വകുപ്പുകളുടെ ചുമതലയോടെ സഹമന്ത്രിയായി പ്രവർത്തിച്ചു. 1996-ൽ കൊൽക്കത്ത സൗത്തിൽനിന്നുതന്നെ വീണ്ടും പാർലമെന്റിലേക്കു് ജയിച്ചു.
വിജയലക്ഷ്മി പണ്ഡിറ്റ് മുതൽ പത്മജാ വേണുഗോപാൽ വരെയുള്ള കോൺഗ്രസ് വനിതാ നേതാക്കളിൽനിന്നൊക്കെ വ്യത്യസ്തയാണു് മമതാ ബാനർജി. ഏതെങ്കിലും നേതാവിന്റെ മകൾ/സഹോദരി/ഭാര്യ എന്നീ നിലക്കു് നേതാക്കളായവരാണു് അധികം പേരും. മമതയാണെങ്കിൽ അവിവാഹിത, ഏകാന്തപഥിക കൊൽക്കത്തയിലെ ഹരീഷ് ചാറ്റർജി സ്ട്രീറ്റിലെ കൊച്ചുവീട്ടിൽ ഒറ്റക്കു് താമസിക്കുന്നു. ഏറ്റവും നിരാർഭാടവും ലളിതവുമായ ജീവിതം. കൈയിൽ വളയില്ല. കാലിൽ കൊലുസില്ല. മെയ്യിലലങ്കാരമൊന്നുമില്ല, നെറ്റിയിലൊരു സിന്ദൂരപ്പൊട്ടുപോലും പതിവില്ല. സൗന്ദര്യസംവർധക വസ്തുക്കളുടെയും സുഗന്ധ തൈലങ്ങളുടെയും കാര്യം പറയാനുമില്ല. പരുക്കൻ ഖദർസാരിയാണു് വേഷം. അതും വെള്ളമാത്രം, നിറപ്പകിട്ടു് പാടില്ല.
ബംഗാളിലെ കമ്യൂണിസ്റ്റ് ഭരണം പിഴുതെറിയണം, ചുവപ്പന്മാരെ പിതൃഭൂമിയായ ചൈനയിലേക്കയക്കണം എന്നതാണു് മമതയുടെ ജീവിതലക്ഷ്യം. എന്തുചെയ്യാം? ബംഗാളിലെ ഒരു കോൺഗ്രസ് നേതാവിനുമില്ല ഇക്കാര്യത്തിൽ നിർബന്ധബുദ്ധി. 1996-ൽ മാർക്സിസ്റ്റ് പിന്തുണയോടെ കേന്ദ്രത്തിൽ ഐക്യമുന്നണി സർക്കാറുണ്ടാക്കിയതോടെ മമതക്കു് ഈർഷ്യ വർധിച്ചു. മാർക്സിസ്റ്റുകാർ പിന്തുണക്കുന്നതും സി. പി. ഐ. പങ്കാളിത്തം വഹിക്കുന്നതുമായ സർക്കാറിനു് കോൺഗ്രസ് പിന്തുണ നൽകുകയോ? ഒരിക്കലും പാടില്ല. 1997 ജൂലൈ 21-നു് മമതയുടെ ഗ്രൂപ്പുകാർ കൊൽക്കത്തയിൽ അതിഗംഭീരമായ റാലി നടത്തി. പി. സി. സി. പ്രസിഡന്റ് സോമൻ മിത്ര യെ ഉള്ളഴിഞ്ഞു് പ്രോൽസാഹിപ്പിച്ചിരുന്ന സീതാറാം കേസരി ക്കുള്ള താക്കീതായിരുന്നു അതു്. കേസരി ദൂതന്മാരായി ജിതേന്ദ്ര പ്രസാദി നെയും അഹമ്മദ് പട്ടേലി നെയും അയച്ചു. ഫലമുണ്ടായില്ല. ക്വിറ്റിന്ത്യാ ദിനമായ ആഗസ്റ്റ് 8-നു് അഖിലേന്ത്യാ തൃണമൂൽ കോൺഗ്രസ് പിറന്നു.
കേസരിയുടെ സ്ഥാനത്തു് സോണിയ വന്നിട്ടും മമത വഴങ്ങിയില്ല. 1998-ലെ ഇടക്കാല തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ബി. ജെ. പി.-യുമായി ധാരണയുണ്ടാക്കി. തൃണമൂൽ കോൺഗ്രസിനുള്ള മുസ്ലീം പിന്തുണയെ ബി. ജെ. പി. ബാന്ധവം പ്രതികൂലമായി ബാധിച്ചാലോ എന്ന ഭയംകൊണ്ടാണു് പരസ്യമായ സഖ്യമുണ്ടാക്കാത്തതു്. ഏതായാലും സംഗതി ഏറ്റു. തൃണമൂൽ കോൺഗ്രസ് ഏഴിടത്തും ബി. ജെ. പി. ഒന്നിലും വിജയിച്ചു. ഇടതുമുന്നണിക്കു് 33 സീറ്റ് കിട്ടി; എ. ബി. എ. ഗനിഖാൻ ചൗധരി മാൾഡ സീറ്റ് നിലനിറുത്തിയതായിരുന്നു സോണിയാ കോൺഗ്രസിന്റെ ആശ്വാസ ജയം. കൊൽക്കത്ത സൗത്തിൽ മമതാ ബാനർജി പുഷ്പം പോലെ ജയിച്ചു. തൃണമൂൽ നേതാക്കളായ സുദീപ് ബന്ദോപാധ്യായ കൊൽക്കത്ത നോർത്ത്വെസ്റ്റിലും അജിത് പാഞ്ച കൊൽക്കത്ത നോർത്ത് ഈസ്റ്റിലും വിക്രം സർക്കാർ ഹൗറയിലും വെന്നിക്കൊടി നാട്ടി. ജാദവ്പൂരിൽ കൃഷ്ണബോസ് (തൃണമൂൽ) വിജയിച്ചു. ശ്യാമപ്രസാദ് മുഖർജി ക്കു് (1952) ശേഷം ഒരു ജനസംഘക്കാരൻ ബംഗാളിൽനിന്നു് ലോക്സഭയിലെത്തി. ബി. ജെ. പി. സംസ്ഥാന അധ്യക്ഷൻ തപൻ സിക്ദാർ 1.36 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തൊടെയാണു് ഡംഡം മണ്ഡലത്തിൽനിന്നു് സിക്ദാർ വിജയിച്ചതു്.
തൃണമൂൽ കോൺഗ്രസ് മന്ത്രിസഭയിൽ ചേരുകയുണ്ടായില്ല. (റെയിൽവേ വകുപ്പു കിട്ടിയാൽ ചേരാം എന്ന അഭിപ്രായം പിന്നീടുണ്ടായി എങ്കിലും) ഗുജറാത്തിൽ ക്രിസ്ത്യാനികൾക്കുനേരെ നടന്ന അക്രമങ്ങളിലും ഗ്രഹാംസ്റ്റെയിൻസിനെ ചുട്ടുകൊന്ന പ്രശ്നത്തിലുമൊക്കെ മമത കഠിനമായി പ്രതിഷേധിച്ചു. വനിതാ സംവരണബിൽ പാസാക്കുന്നതിലുള്ള അലംഭാവത്തെ അപലപിച്ചു. (ബിൽ കീറിയെറിയാൻ തുനിഞ്ഞ ആർ. ജെ. ഡി. അംഗത്തെ കൈയേറ്റം ചെയ്യാനും മടിച്ചില്ല). റിതാവർമ്മയെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്കു ബി. ജെ. പി. നിർദ്ദേശിച്ചപ്പോൾ ചെറുത്തുതോൽപിച്ചതും കോൺഗ്രസിലെ പി. എം. സയീദി നു് തൽസ്ഥാനം നേടിക്കൊടുത്തതും മമതാ ബാനർജി തന്നെ. ഇതൊക്കെയാണെങ്കിലും പ്രധാന പ്രശ്നങ്ങളിലൊക്കെ അവർ വാജ്പേയി യെ പിന്താങ്ങി. അവിശ്വാസ പ്രമേയ ചർച്ചാ വേളയിലും തൃണമൂൽ കോൺഗ്രസ് ബി. ജെ. പി.-ക്കൊപ്പം ഉറച്ചു നിന്നു.
1999-ലെ തെരഞ്ഞെടുപ്പാകുമ്പോഴേക്കും തൃണമൂൽ കോൺഗ്രസ് ദേശീയ ജനാധിപത്യ സഖ്യത്തിൽ പൂർണ അംഗമായി. തെരഞ്ഞെടുപ്പുഫലം വളരെ പ്രോൽസാഹനജനകമായിരുന്നു. ഇടതുമുന്നണിയുടെ സീറ്റുകൾ 29 ആയി കുറഞ്ഞു. തൃണമൂലിന്റേതു് എട്ടും ബി. ജെ. പി.-യുടേതു് രണ്ടും കോൺഗ്രസിന്റേതു മൂന്നുമായി വർധിച്ചു. പശ്ചിമബംഗാളിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണു് കൊൽക്കത്താ സൗത്തിൽ മമതാ ബാനർജിക്കു ലഭിച്ചതു്—2.14 ലക്ഷം. ഇടതുമുന്നണിയുടെ സീറ്റുകളിൽ മാത്രമല്ല. ഭൂരിപക്ഷത്തിലും കുറവുണ്ടായി. 1998-ൽ മിഡ്നാപൂരിൽനിന്നു് 2,75,419 വോട്ടിനു ജയിച്ച ഇന്ദ്രജിത് ഗുപ്ത ക്കു് 1999-ൽ 28,773 വോട്ടിന്റെ ഭൂരിപക്ഷമേ കിട്ടിയുള്ളൂ. പാൻസ്കുരയിൽ ഗീതാ മുഖർജി യുടെ ഭൂരിപക്ഷം 1,79,543-ൽ നിന്നു് 46,858 ആയി കുറഞ്ഞു.
ഗീതാ മുഖർജിയുടെ മരണത്തെത്തുടർന്നു് 2000 ജൂൺ ആറാം തീയതി നടന്ന പാൻസ്കുര ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിലെ വിക്രം സർക്കാർ സി. പി. ഐ. നേതാവു് ഗുരുദാസ് ദാസ് ഗുപ്ത യെ മുട്ടുകുത്തിച്ചു. കോൺഗ്രസ് സ്ഥനാർഥിയുടെ ജാമ്യസംഖ്യ പൊതുഖജനാവിലേക്കു മുതൽക്കൂട്ടായി. തൃണമൂലിനു ജയസാധ്യതയുള്ള സ്ഥലങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ വോട്ടുമറിക്കുന്ന പ്രവണത 1999-ലെ തെരഞ്ഞെടുപ്പിലും പ്രകടമായിരുന്നു. കൊൽക്കത്ത നോർത്ത്വെസ്റ്റിൽ സുദീപ് ബന്ദോപാധ്യായ ജയിച്ചപ്പോൾ ജാമ്യസംഖ്യ നഷ്ടമായതു് സിദ്ധാർഥ ശങ്കർറായിക്കായിരുന്നു.
പാൻസ്കുരക്കു തൊട്ടുമുമ്പു് കോൺഗ്രസിനുമേൽ മമത നിർണായകമായ മറ്റൊരു വിജയം നേടിയിരുന്നു. മാർച്ച് 29-നു നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ സ്ഥാനാർഥി ജയന്തോ ഭട്ടാചാര്യ കോൺഗ്രസിലെ ദേവപ്രസാദ് റോയിയെ അട്ടിമറിച്ചു. 69 അംഗ കോൺഗ്രസ് നിയമസഭാ കക്ഷിയിലെ 33 പേർ വോട്ടുമാറ്റി കുത്തി. അട്ടിമറിക്കു ചൂട്ടുപിടിച്ചതു് പി. സി. സി. തലവൻ സോമൻമിത്ര
തീവണ്ടിക്കൂലി കൂട്ടാതെയും പെട്രോൾ വില ഉയർത്തുമ്പോൾ രാജിഭീഷണി മുഴക്കിയും മാർക്സിസ്റ്റ് പാർട്ടിയെ കഠിനമായി വിമർശിച്ചും മമതാ ബാനർജി പിടിമുറുക്കുന്നതു് സഖാക്കൾ കാണുന്നുണ്ടായിരുന്നു. തെരഞ്ഞെടുപ്പടുക്കുമ്പോഴേക്കും തൃണമൂൽ കോൺഗ്രസിലേക്കു് സ്ഥാനമോഹികൾ ഇരച്ചുകയറുകയും സോണിയാ കോൺഗ്രസ് 1996-ൽ തമിഴ്‌നാട്ടിലെന്ന പോലെ തുടച്ചുനീക്കപ്പെടുകയും ചെയ്യും എന്നതും സ്പഷ്ടമായിരുന്നു. നിർണായകമായ ആ ദശാസന്ധിയിൽ സഖാവ് ജ്യോതിബസു സ്ഥാനമൊഴിയാൻ തീരുമാനിച്ചു. പ്രായാധിക്യവും അനാരോഗ്യവും നിമിത്തം അദ്ദേഹം അവശനായിക്കഴിഞ്ഞിരുന്നു. ലോക്സഭയിലെ കക്ഷിനേതാവു് സോമനാഥ് ചാറ്റർജി, ധനകാര്യമന്ത്രി അഷിംഗ് ദാസ് ഗുപ്ത, ഭൂപരിഷ്കരണമന്ത്രി സൂര്യകാന്ത് മിശ്ര എന്നിവരൊക്കെ ഭൈമീകാമുകരായി ഉണ്ടായിരുന്നെങ്കിലും ആഭ്യന്തരമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ യാണു് ബസുവിന്റെ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ടതു്.
ബസുവിനേക്കാൾ 30 വയസ്സിനു് ഇളപ്പമുണ്ടു് ഭട്ടാചാര്യക്കു്. ജ്യോതി കായസ്ഥനെങ്കിൽ ബുദ്ധദേവ് ബ്രാഹ്മണൻ. ബംഗാളി സാഹിത്യത്തിൽ ബിരുദാനന്തര ബിരുദധാരി, നാടകകൃത്തു്, ബുദ്ധിജീവി, തികച്ചും ഗൗരവക്കാരൻ, സത്യസന്ധൻ, ലളിതജീവിതത്തിനു പേരുകേട്ട വ്യക്തി, ഏതുനിലക്കും മമതാ ബാനർജിക്കൊത്ത എതിരാളി. പാർട്ടിക്കകത്തെ വിമതരെയൊക്കെ ഒതുക്കി മൂലക്കിരുത്തിയ ഭട്ടാചാര്യ ഘടകകക്ഷികളുമായുള്ള ബന്ധം ദൃഢമാക്കി. 2001 ഏപ്രിൽ ആകുമ്പോഴേക്കും എണ്ണയിട്ടയന്ത്രംപോലെ പ്രവർത്തന സജ്ജമായി ഇടതുമുന്നണി.
മറുഭാഗത്തു് മമതയുടെ തന്ത്രങ്ങൾ പാടെ പാളി. തെഹൽകാ വെളിപ്പെടുത്തലുകളെത്തുടർന്നു് 2001 മാർച്ച് 15-നു് അവർ കേന്ദ്രമന്ത്രിസഭയിൽനിന്നു രാജിവെച്ചു. തൃണമൂൽ കോൺഗ്രസ് ദേശീയ ജനാധിപത്യ സഖ്യം ഉപേക്ഷിച്ചു കോൺഗ്രസുമായി കൂട്ടുചേർന്നു. അതോടെ കോൺഗ്രസിൽനിന്നു് ഉണ്ടാകാമായിരുന്ന പ്രവാഹം തടസ്സപ്പെട്ടു. കോൺഗ്രസുകാർ തനതുശൈലിയിൽ തൊഴുത്തിൽക്കുത്തു് നടത്തുകയും ചെയ്തു. ഇടതുപക്ഷത്തെ അപേക്ഷിച്ചു പ്രവർത്തകരും പണവും കുറവായിരുന്നു തൃണമൂൽ കോൺഗ്രസ്-കോൺഗ്രസ് സഖ്യത്തിനു്. ഫലം റൈറ്റേഴ്സ് ബിൽഡിംഗിനു മുകളിൽ ആറാംതവണയും ചെങ്കൊടി. 294 അംഗസഭയിൽ ഇടതുമുന്നണിക്കു് 199, തൃണമൂൽ-കോൺഗ്രസ് സഖ്യത്തിനു് 86. സി. പി. എമ്മിനു് തനിച്ചു് 143, തൃണമൂൽ കോൺഗ്രസിനു് 60.
കോൺഗ്രസ് സഖ്യം നഷ്ടക്കച്ചവടമാണെന്നു തിരിച്ചറിഞ്ഞ ദീദി ദേശീയ ജനാധിപത്യ സഖ്യത്തിലേക്കു തിരികെപോയി. അപ്പോഴേക്കും റെയിൽവേ വകുപ്പു് നിതീഷ്കുമാർ കൈക്കലാക്കി കഴിഞ്ഞു. ബീഹാറിലെ മുഖ്യമന്ത്രിസ്ഥാനമാണു് നിതീഷിന്റെ സ്വപ്നം. അതിനുവേണ്ടിയാണു് ജനതാദൾ പിളർത്തി സമതാ പാർട്ടിയുണ്ടാക്കിയതും മതേതര രാഷ്ട്രീയം ക്ലച്ചുപിടിക്കാഞ്ഞു് ബി. ജെ. പി. സഖ്യത്തിൽ ചേർന്നതും ഗെയ്സാൽ തീവണ്ടിയപകടമുണ്ടായപ്പോൾ മന്ത്രിസ്ഥാനം രാജിവെച്ചതുമൊക്ക. 2000-മാണ്ടു് മാർച്ച് മൂന്നാം തീയതി കഷ്ടിച്ചൊരു മന്ത്രിസഭയുണ്ടാക്കിയതുമാണു്. ലാലുപ്രസാദ് യാദവ് അതിലും വേന്ദ്രനായതുകൊണ്ടു് ഏഴുദിവസത്തിനകം രാജിവെച്ചു. പോകേണ്ടി വന്നു. ഇനി പൂർവ കേന്ദ്ര റെയിൽവേയുണ്ടാക്കി ഒരു കൈകൂടി കളിക്കുക തന്നെ.
റെയിൽവേ വകുപ്പു കിട്ടാതെ കേന്ദ്രമന്ത്രിസഭയിൽ ചേരില്ല. കിഴക്കൻ റെയിൽവേ വിഭജിക്കുന്നപക്ഷം ദേശീയ ജനാധിപത്യ സഖ്യത്തിൽ തുടരില്ല എന്നൊക്കെയുള്ള മമതയുടെ പ്രഖ്യാപനങ്ങൾ തൃണമൂൽ കോൺഗ്രസിനകത്തു് കലാപത്തിനു വഴിമരുന്നിട്ടിരിക്കുന്നു. കിഴക്കൻ റെയിൽവേയും കേന്ദ്രമന്ത്രിസഭാ പ്രവേശവുമായുള്ള ബന്ധം സുദീപ് ബന്ദോപാധ്യായ ക്കും വിക്രം സർക്കാറിനും പിടികിട്ടുന്നില്ല. ജയന്തോ ഭട്ടാചാര്യ യുടെ സ്ഥിതിയും വ്യത്യസ്തമല്ല. ബി. ജെ. പി.-ക്കാർ കേന്ദ്രമന്ത്രിസ്ഥാനം കാട്ടി മോഹിപ്പിക്കുമ്പോൾ പുറംതിരിഞ്ഞുനിൽക്കാൻ യോഗികളൊന്നുമല്ല അവർ. മമതാ ബാനർജിയെപ്പോലെ സർവസംഗ പരിത്യാഗികളല്ല അവരുടെ ഭാര്യമാരും പെൺമക്കളും. അവർക്കു പട്ടുസാരികൾ വേണം, സ്വർണാഭരണങ്ങളും, കോൺഗ്രസിൽനിന്നു വഴക്കിട്ടുപോന്നതു തന്നെ കേന്ദ്രമന്ത്രിയായി രാജ്യത്തെ സേവിക്കാനുള്ള ത്വരകൊണ്ടായിരുന്നല്ലോ?
മമതയുടെ വാക്കുകേട്ടു കേന്ദ്രമന്ത്രിസ്ഥാനം ഉപേക്ഷിച്ച അജിത് പാഞ്ച യുടെ കാര്യമാണു് കഷ്ടാൽ കഷ്ടം. മന്ത്രിസ്ഥാനം ഉള്ളപ്പോൾത്തന്നെ കൊടുങ്ങല്ലൂരമ്പലത്തിലെ ശിവനെപ്പോലെ നിസ്തേജനായിരുന്നു പാഞ്ച. രാജിവെച്ചശേഷമാണു് വേണ്ടായിരുന്നു എന്നു തോന്നിയതു്. മമത കോൺഗ്രസിനൊപ്പമായിരുന്നപ്പോഴും പാഞ്ച ബി. ജെ. പി.-ക്കൊപ്പം ഉറച്ചുനിന്നു. തൃണമൂൽ കോൺഗ്രസ് ദേശീയ ജനാധിപത്യസഖ്യത്തിൽ തിരിച്ചുവന്നപ്പോൾ പാഞ്ചയെ തിരിച്ചെടുത്തുമില്ല. മമതയുടെ വിലക്കു വകവെക്കാതെ പാഞ്ച ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തുകയും ചെയ്തു. ഇനിയെങ്കിലും കണ്ണുതുറക്കുമോ പ്രധാനമന്ത്രി?
ബി. ജെ. പി.-യെ സംബന്ധിച്ചിടത്തോളം ബുദ്ധദേവി നെക്കാൾ വലിയ ശത്രു ലാലു യാദവ നാണു്. മമതയേക്കാൾ വിശ്വസിക്കാവുന്ന മിത്രം നിതീഷും. മമതാ ബാനർജി പോയാൽ എവിടംവരെ പോകും? കെട്ടിലമ്മ ചാടിയാൽ കൊട്ടിയമ്പലംവരെ. അധികം തുള്ളിയാൽ കള്ളി വെളിച്ചത്താകും. പാർട്ടി പിളരും. കോൺഗ്രസ് രക്തം സിരകളിലോടുന്ന എം. പി.-മാരുണ്ടോ അധികാരംകണ്ടാൽ അടങ്ങിയിരിക്കുന്നു?
ഏതായാലും ബുദ്ധദേവ് ഭട്ടാചാര്യ ക്കു സന്തോഷിക്കാം. തന്റെ എതിരാളികളെ ഭിന്നിപ്പിച്ച നിതീഷ് കുമാറി നോടു് അദ്ദേഹം നന്ദിയുള്ളവനായിരിക്കും.
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.