images/Latelier_de_Corot.png
The Artist’s Studio: Young woman seated in front of an easel, a painting by JeanBaptiste Camille Corot (1796–1875).
തെന്നിന്ത്യയിലെ താമര
കെ. രാജേശ്വരി
images/Deve_Gowda.jpg
ദേവഗൗഡ

ഏഷ്യാനെറ്റിന്റെ കന്നട ചാനൽ സുവർണയും എൻ. ഡി. ടി. വി.-യും വെവ്വേറെ സംഘടിപ്പിച്ച എക്സിറ്റ്പോളിനെ ശരിവെച്ചുകൊണ്ടു് കർണാടകത്തിലെ വോട്ടെണ്ണൽ പൂർത്തിയായി. 224 അംഗ നിയമസഭയിൽ ഭാരതീയ ജനതാപാർട്ടി 110 സീറ്റ് നേടി. കേവല ഭൂരിപക്ഷത്തിനു് മൂന്നു കുറവു്. കോൺഗ്രസിനു് 80, ദേവഗൗഡ യുടെ മതേതര ജനതാദളിനു് 28, ചെറുപാർട്ടികളും സ്വതന്ത്രരും കൂടി 6.

images/Chandrababu_Naidu.jpg
ചന്ദ്രബാബു നായിഡു

മറുവശത്തു്, കോൺഗ്രസിനു് മുൻതൂക്കം പ്രവചിച്ച ദ വീക്കിന്റെ അഭിപ്രായസർവേകളും ഡെക്കാൻ ഹെറാൾഡി നോടു് സഹകരിച്ചു് സി. എൻ. എൻ.-ഐ. ബി. എൻ. നടത്തിയ എക്സിറ്റ്പോളും അമ്പേപാളി. അച്ചായന്മാർക്കും സായ്പന്മാർക്കും പറ്റിയ പണിയല്ല ഫലപ്രവചനമെന്നു് ഒരിക്കൽകൂടി തെളിഞ്ഞു.

images/NTRamaRao.jpg
രാമറാവു

ജനവിധി പകൽപോലെ വ്യക്തമാണു്: കക്ഷിരഹിതരുടെയും ചെറുപാർട്ടികളുടെയും പിന്തുണയോടെ ബി. ജെ. പി. മന്ത്രിസഭ നിലവിൽവരും, നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കും, അഞ്ചുകൊല്ലം അമർന്നിരുന്നു് ഭരിക്കും. വിധാൻസൗധത്തിനു മീതെ കാവിക്കൊടി പാറും.

കഴിഞ്ഞ ഒക്ടോബർ 19-നു് അപമാനിതനായി രാജിവെച്ചുപോയ ബി. എസ്. യെദിയൂരപ്പ, അങ്കം ജയിച്ചു് മടങ്ങിവരുകയാണു്—കുതികാൽവെട്ടിയ ഗൗഡക്കും കനത്ത തിരിച്ചടി നൽകിയ ചാരിതാർഥ്യത്തോടെ വൊക്കലിംഗനെതിരെ ലിംഗായത്തുകാരന്റെ മധുരപ്രതികാരം.

ഒറ്റനോട്ടത്തിൽ, പടിപടിയായുള്ള മുന്നേറ്റമാണു് കർണാടകത്തിൽ ബി. ജെ. പി. നടത്തിയതെന്നു് കാണാം. 1983-ൽ നിയമസഭയിൽ അക്കൗണ്ട് തുറന്നു, 1994-ലും 1999-ലും പ്രധാന പ്രതിപക്ഷമായി, 2004-ൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി, 2006-ൽ ഭരണത്തിൽ പങ്കാളിത്തം നേടി, 2008-ൽ ഒറ്റക്കു് ഭരണം പിടിച്ചു.

തെക്കേ ഇന്ത്യയിൽ ഹിന്ദുത്വ രാഷ്ട്രീയത്തിനു് ക്ലച്ചുപിടിക്കില്ലെന്നാണു് സങ്കൽപം. 1977 വരെ തികച്ചും ഉത്തരേന്ത്യൻ പ്രതിഭാസമായിരുന്നു ഭാരതീയ ജനസംഘം. 1980-ൽ ജനതാപാർട്ടി പിളർന്നു് ബി. ജെ. പി. ഉണ്ടായപ്പോഴും വലിയ വ്യത്യാസമൊന്നും ഉണ്ടായില്ല.

ഒറീസയും ബംഗാളും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും തെക്കേ ഇന്ത്യയും ഹിന്ദുത്വത്തിനു് ബാലികേറാമലയായി തുടർന്നു. ആദ്യം രാമറാവു വിന്റെയും പിന്നീടു് ചന്ദ്രബാബു നായിഡു വിന്റെയും കാരുണ്യത്തിലാണു് ആന്ധ്രയിൽ ബി. ജെ. പി. പിച്ചവെച്ചുനടന്നതു്. ബിജു ജനതാദളുമായി സഖ്യം ചെയ്തശേഷമാണു് ഒറീസയിൽ പ്രബല ശക്തിയായതു്; തൃണമൂൽ കോൺഗ്രസുമായുള്ള ധരണയിലാണു് ബംഗാളിൽ ഒന്നോ ഒന്നരയോ സീറ്റുകൾ നേടിയതു്. 1998-ൽ എ. ഡി. എം. കെ. മുന്നണിയിലും 1999-ൽ ഡി. എം. കെ. മുന്നണിയിലും അംഗത്വം നേടുക വഴി തമിഴകത്തുനിന്നു് ലോക്സഭാംഗങ്ങളുണ്ടായി.

ഇതിൽനിന്നു് വ്യത്യസ്തമായ പാറ്റേണിലാണു് കർണാടകത്തിൽ ബി. ജെ. പി.-യുടെ വളർച്ച. കോൺഗ്രസിന്റെ അധികാരകുത്തക തകർന്ന 1983 ജനുവരിയിലെ തെരഞ്ഞെടുപ്പിലാണു് ബി. ജെ. പി.-യുടെ രംഗപ്രവേശം. അന്നു് 16 സീറ്റ് നേടി പാർട്ടി രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ചു. സംസ്ഥാനത്തെ പ്രഥമ കോൺഗ്രസിതര സർക്കാറിനെ ബി. ജെ. പി. പുറത്തുനിന്നു് പിന്താങ്ങി. ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടർന്നു് രാമകൃഷ്ണ ഹെഗ്ഡെ രാജിവെച്ചു് നിയമസഭ പിരിച്ചുവിട്ടു. 1985-ലെ തെരഞ്ഞെടുപ്പിൽ ഹെഗ്ഡെ അധികാരത്തിൽ തിരിച്ചെത്തി. പക്ഷേ, ബി. ജെ. പി.-യും അമ്പേ പരാജയപ്പെട്ടു. കോൺഗ്രസ് തിരിച്ചുവന്നു. 1994-ൽ കോൺഗ്രസിന്റെ കടപുഴകി, ജനതാദൾ അധികാരത്തിലേറി. ബി. ജെ. പി. നിയമസഭയിൽ പ്രധാന പ്രതിപക്ഷമായി.

അപ്പോഴേക്കും അഖിലേന്ത്യാ തലത്തിൽ ഹിന്ദുത്വ രാഷ്ട്രീയം പ്രബലമായിക്കഴിഞ്ഞു. കോൺഗ്രസിനു് ബദൽ ബി. ജെ. പി. എന്ന സമവാക്യം അംഗീകൃതമായി. കർണാടകത്തിലെ ബി. ജെ. പി.-ക്കാരും കൊണ്ടുപിടിച്ചു് പരിശ്രമിച്ചു. കഴിയും വിധമുള്ള കലാപരിപാടികൾ സംഘടിപ്പിച്ചു. ധാർവാറിലെ ഈദ്ഗാഹ് മൈതാനത്തു് ദേശീയപതാക ഉയർത്താനുള്ള അവകാശത്തെച്ചൊല്ലിയും ബാബാബുധൻഗിരിയിലെ ആരാധനാസ്വാതന്ത്ര്യത്തിനുവേണ്ടിയും പുക്കാറുണ്ടാക്കി.

1996-ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ ജനതാദൾ വിജയം ആവർത്തിച്ചു. കർണാടക മുഖ്യമന്ത്രി ദേവഗൗഡ ഇന്ത്യൻ പ്രധാനമന്ത്രിയായി ഉയർത്തപ്പെട്ടു. അചിരേണ ഗൗഡയും ഹെഗ്ഡെയും തമ്മിൽ തെറ്റി, ഹെഗ്ഡെ ലോക്ശക്തി എന്നൊരു പാർട്ടിയുണ്ടാക്കി. ഗൗഡയുടെ പിൻഗാമിയായി വന്ന ജെ. എച്ച്. പട്ടേൽ ദുർഭരണത്തിലൂടെ കന്നഡിഗരെ മൊത്തം വെറുപ്പിച്ചു. 1998-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ലോക്ശക്തിയുമായി കൈകോർത്തു് ബി. ജെ. പി. കൂടുതൽ സീറ്റുകൾ നേടി. അടുത്തവർഷം സംസ്ഥാനത്തു് ബി. ജെ. പി.-ലോക് ശക്തിഭരണം വരുമെന്നു് നിരീക്ഷകർ പ്രവചിച്ചു.

images/Yediyurappa.jpg
ബി. എസ്. യെദിയൂരപ്പ

1999-ൽ നിയമസഭയിലേക്കും ലോക്സഭയിലേക്കും ഒരുമിച്ചു് തെരഞ്ഞെടുപ്പു് നടന്നു. തെരഞ്ഞെടുപ്പിനു് തൊട്ടുമുമ്പു് ജെ. എച്ച്. പട്ടേലും ദേവഗൗഡ യുമായി തെറ്റി. രാമകൃഷ്ണ ഹെഗ്ഡെ, ജോർജ് ഫെർണാണ്ടസ് എന്നിവർക്കൊപ്പം പട്ടേൽ ഐക്യജനതാദളിൽ ചേക്കേറി. ഗൗഡ മതേതര ജനതാദൾ എന്ന പുതിയ ബാനർ സ്വീകരിച്ചു. പട്ടേലിന്റെ ജനപ്രീതിയെക്കുറിച്ചു് ഉത്തമബോധ്യമുണ്ടായിരുന്ന ബി. ജെ. പി. സംസ്ഥാന നേതാക്കൾ, ഐക്യദളുമായി ഒരു ബന്ധവും പാടില്ല എന്നു് ശഠിച്ചു. ഫെർണാണ്ടസിനെ പിണക്കാൻ പറ്റാത്തതുകൊണ്ടു് കേന്ദ്രനേതൃത്വം ജെ. ഡി. (യു)-ബി. ജെ. പി. സഖ്യം അടിച്ചേൽപിച്ചു.

images/George_Fernandes.jpg
ജോർജ് ഫെർണാണ്ടസ്

പട്ടേലിന്റെ പാപഭാരം ബി. ജെ. പി. പേറേണ്ടിവന്നു. എസ്. എം. കൃഷ്ണ യുടെ നേതൃത്വത്തിൽ കോൺഗ്രസ് തിരിച്ചുവരവു് നടത്തി. ഐക്യജനതാദളിനും ബി. ജെ. പി.-ക്കും കനത്ത തിരിച്ചടി കിട്ടി. മുഖ്യമന്ത്രി പട്ടേലും പ്രതിപക്ഷ നേതാവു് യെദിയൂരപ്പ യും സ്ഥിരം മണ്ഡലങ്ങളിൽ തോറ്റു് തൊപ്പിയിട്ടു. കേന്ദ്രത്തിൽ ബി. ജെ. പി. നയിക്കുന്ന ദേശീയ ജനാധിപത്യസഖ്യം അധികാരത്തിലേറി. കർണാടകത്തിൽനിന്നു് അനന്തകുമാർ കാബിനറ്റ് മന്ത്രിയായി.

images/Dharam_Singh.jpg
എൻ. ധരംസിംഗ്

കൃഷ്ണയുടെ ഭരണപരാജയം മുതലാക്കി കർണാടകം പിടിക്കാൻ 2004-ൽ ബി. ജെ. പി. അരയും തലയും മുറുക്കി കളത്തിലിറങ്ങി. പക്ഷേ, കോൺഗ്രസിതര വോട്ടുകൾ ജനതാദളിനും ബി. ജെ. പി.-ക്കുമിടക്കു് ഭിന്നിച്ചു. 79 സീറ്റ് നേടി ബി. ജെ. പി. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കോൺഗ്രസിനു് 65, മതേതര ജനതാദളിനു് 58. ഒപ്പം ലോക്സഭയിലേക്കു് നടന്ന തെരഞ്ഞെടുപ്പിൽ ബി. ജെ. പി. നേട്ടം കൊയ്തു. അവർക്കു് 18 സീറ്റ് കിട്ടിയപ്പോൾ കോൺഗ്രസിനു് എട്ടും ജനതാദളിനു് രണ്ടും സ്ഥാനങ്ങളേ ലഭിച്ചുള്ളൂ.

images/Somanahalli_Mallaiah_Krishna.jpg
എസ്. എം. കൃഷ്ണ

സുദീർഘമായ കൂടിയാലോചനകൾക്കൊടുവിൽ ബി. ജെ. പി.-യെ അധികാരത്തിൽനിന്നു് മാറ്റിനിറുത്താനും ഭരണസ്തംഭനം ഒഴിവാക്കാനുംവേണ്ടി കൈകോർക്കാൻ മതേതര ജനതാദളും കോൺഗ്രസും തീരുമാനിച്ചു. എസ്. എം. കൃഷ്ണ മുഖ്യമന്ത്രിയാകരുതെന്നു് ഗൗഡ ശഠിച്ചു. എൻ. ധരംസിംഗ് രാജ്ഭവനിൽ പകരക്കാനായി വന്നു. കൃഷ്ണയെ ഗവർണറാക്കി മഹാരാഷ്ട്ര രാജ്ഭവനിൽ പുനരധിവസിപ്പിച്ചു.

images/Siddaramaiah.jpg
സിദ്ധരാമയ്യ

കോൺഗ്രസ്-ജനതാദൾ മന്ത്രിസഭ തട്ടിയും മുട്ടിയും മുന്നോട്ടുനീങ്ങി. കൃഷ്ണയെപ്പോലെ കഴിവോ കാര്യപ്രാപ്തിയോ ഉള്ള ദേഹമല്ല ധരംസിംഗ്. കോൺഗ്രസിലാണെങ്കിൽ നേതാക്കൾക്കു് ഒരു ക്ഷാമവുമില്ല. വാളെടുത്തവരൊക്കെ വെളിച്ചപ്പെടാൻ തുടങ്ങി. മുംബൈയിലിരുന്നു് കൃഷ്ണ കരുക്കൾ നീക്കി. അതിനിടെ ദേവഗൗഡയുടെ കോപത്തിനിരയായി സിദ്ധരാമയ്യ മന്ത്രിസഭയിൽനിന്നും മതേതര ജനതാദളിൽനിന്നും പുറത്തായി. പഞ്ചായത്തു് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സിദ്ധരാമയ്യ യുമായി സഹകരിച്ചതു് ഗൗഡയെ കൂടുതൽ കുപിതനാക്കി. തന്റെ പാർട്ടി കുളംതോണ്ടാനാണു് കോൺഗ്രസ് ശ്രമിക്കുന്നതെന്നു് ഗൗഡക്കു് തോന്നി. ഗൗഡ തോളിലിരുന്നു് ചെവി തിന്നുകയാണെന്നു് കോൺഗ്രസുകാർക്കും തോന്നി. ധരംസിംഗ് അഞ്ചുകൊല്ലം തികച്ചു് ഭരിച്ചിരുന്നെങ്കിൽ അടുത്തതവണ ബി. ജെ. പി. മുന്നിൽ രണ്ടു് ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്നേനെ.

images/Ananthkumar.jpg
അനന്തകുമാർ

ഏതായാലും അതുണ്ടായില്ല. ഗൗഡയുടെ ഇളയമകൻ കുമാരസ്വാമി രായ്ക്കുരാമാനം പാർട്ടി പിളർത്തി. ബഹുഭൂരിപക്ഷം എം. എൽ. എ.-മാരും കുമാരസ്വാമിക്കൊപ്പം പോയി—1995 ആഗസ്റ്റ് അവസാനം ചന്ദ്രബാബു നായിഡു എൻ. ടി. രാമറാവു വിനോടു് ചെയ്ത അതേ ചതി.

images/H_D_Kumaraswamy.jpg
കുമാരസ്വാമി

കുമാരസ്വാമിയും കൂട്ടരും ബി. ജെ. പി.-യുടെ പാളയത്തിലേക്കാണു് പോയതു്. ഭൂരിപക്ഷം തെളിയിക്കാനാവാതെ ധരംസിംഗ് രാജിവെച്ചു. സ്പീക്കർ കുമാരസ്വാമി ക്കൊപ്പം നിന്നതുകൊണ്ടു് കൂറുമാറ്റ നിരോധ നിയമം പ്രാവർത്തികമാക്കാനുമൊത്തില്ല. കുമാരസ്വാമി മുഖ്യനും യെദിയൂരപ്പ ഉപമുഖ്യനുമായി ബദൽ മന്ത്രിസഭ 2006 ഫെബ്രുവരി മൂന്നിനു് സത്യവാചകം ചൊല്ലി. മകൻ ചെയ്തതു് നല്ല കാര്യമാണെന്നു് തിരിച്ചറിഞ്ഞു് ഗൗഡ മകനെ അനുഗ്രഹിച്ചു.

images/Gundurayaru.png
ആർ. ഗുണ്ടുറാവു

ആർ. ഗുണ്ടുറാവു, എസ്. ബംഗാരപ്പ എന്നീ പ്രഗല്ഭ മുൻഗാമികളെ അനുസ്മരിപ്പിക്കുന്ന ഭരണമാണു് കുമാരസ്വാമി കാഴ്ചവെച്ചതു്. വികസന പ്രവർത്തനങ്ങൾ എമ്പാടും നടന്നു. ഖനിയുടമകളും റിയൽ എസ്റ്റേറ്റ് ബിസിനസുകാരും കൈയിട്ടു വാരി. കൊയ്ത്തും മെതിയുമായി കർഷകപുത്രൻ മുന്നേറി. ബി. ജെ. പി.-ക്കാരാണെങ്കിൽ കിട്ടിയ അവസരം മുതലാക്കി കാവിവത്ക്കരണം തുടങ്ങിവെച്ചു. ദൾ-ബി. ജെ. പി. സർക്കാർ കാലാവധി തികച്ചിരുന്നെങ്കിൽ അടുത്തതവണ കോൺഗ്രസ് നാലിൽ മൂന്നു് ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമായിരുന്നു. എന്നാൽ അതും സംഭവിച്ചില്ല. മുൻധാരണപ്രകാരം 20 മാസം പൂർത്തിയാക്കുന്ന 2007 ഒക്ടോബർ രണ്ടിനു് കുമാരസ്വാമി യെദിയൂരപ്പ ക്കുവേണ്ടി മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞുകൊടുക്കേണ്ടതായിരുന്നു. സ്ഥാനമൊഴിയാൻ കുമാരസ്വാമി ഒരുക്കമായിരുന്നു. ജ്യേഷ്ഠൻ രേവണ്ണ ഉപമുഖ്യമന്ത്രിയാകാൻ കുപ്പായം തയ്പിച്ചിരിക്കുകയും ആയിരുന്നു. ഒരു കാരണവശാലും സ്ഥാനമൊഴിയരുതെന്നു് ഗൗഡ കൽപിച്ചു, കുമാരസ്വാമി അനുസരിച്ചു.

images/S_Bagarappa.jpg
എസ്. ബംഗാരപ്പ

ബി. ജെ. പി. കീഴടങ്ങും അല്ലെങ്കിൽ ഹിന്ദുത്വവാദികളെ അകറ്റിനിറുത്താൻ കോൺഗ്രസ് കുമാരസ്വാമിയെ പിന്തുണക്കും എന്നായിരുന്നു ദേവഗൗഡ യുടെ മനോരഥം. രണ്ടും സംഭവിച്ചില്ല. ബി. ജെ. പി. പിന്തുണ പിൻവലിച്ചു, മന്ത്രിസഭ താഴെ വീണു. തൽക്ഷണം നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പു് നടത്തിയിരുന്നെങ്കിൽ കോൺഗ്രസ് ജയിച്ചുകയറിയേനെ. എന്നാൽ, കരുണാകരനെ പ്പോലെ തന്ത്രശാലിയായ ഒരു കോൺഗ്രസ് നേതാവു് കർണാടകത്തിൽ ഉണ്ടായിരുന്നില്ല. എസ്. എം. കൃഷ്ണ ഗവർണറുദ്യോഗം രാജിവെച്ചു് തിരിച്ചെത്തുമ്പോഴേക്കും ഏറെ വൈകി.

images/Karunakaran_Kannoth.jpg
കരുണാകരൻ

ദേവഗൗഡ വൊക്കലിംഗ സമുദായക്കാരനും യെദിയൂരപ്പ ലിംഗായത്തുകാരനുമാണു്. ഗൗഡയുടെ രാഷ്ട്രീയവഞ്ചനക്കു് സാമുദായികമാനം കൈവന്നു. മതേതര ജനതാദളിലെ ലിംഗായത്തു് എം. എൽ. എ.-മാർപോലും പ്രകോപിതരായി. ഗൗഡയുടെ കുടുംബത്തിനകത്തും പ്രശ്നങ്ങളുണ്ടായി. ഉപമുഖ്യനാകാനുള്ള അവസരം അച്ഛൻ തട്ടിത്തെറിപ്പിച്ചതിൽ രേവണ്ണ പരിഭവിച്ചു. കാര്യങ്ങളുടെ പോക്കിൽ കുമാരസ്വാമി യും അതൃപ്തി പ്രകടിപ്പിച്ചു. ഒടുവിൽ ഗൗഡ വഴങ്ങി. ദൾ-ബി. ജെ. പി. മുന്നണി പുനരുജ്ജീവിപ്പിച്ചു.

images/UR_Ananthamurthy.jpg
അനന്തമൂർത്തി

യെദിയൂരപ്പ യും കുമാരസാമി യും ഒന്നിച്ചു് രാജ്ഭവനിൽച്ചെന്നു് മന്ത്രിസഭയുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചു. രാമേശ്വർ താക്കൂർ എന്നൊരു മഹാനാണു് കർണാടക ഗവർണർ. ഒരിക്കൽ പിണങ്ങിപ്പിരിഞ്ഞു് പരസ്പരം പിന്തുണ പിൻവലിച്ചവർ ചേർന്നു് വീണ്ടും മന്ത്രിസഭയുണ്ടാക്കുന്നതു് ശരിയാണോ എന്നു് ഗവർണർജിക്കു് സംശയം. യെദിയൂരപ്പയെ ക്ഷണിക്കരുതെന്നു് കോൺഗ്രസും മാർക്സിസ്റ്റ് പാർട്ടിയും അഭിപ്രായപ്പെട്ടു. അവസരവാദ സഖ്യത്തിനു് മന്ത്രിസഭയുണ്ടാക്കാൻ അനുവാദം നൽകരുതെന്നു് അനന്തമൂർത്തി മുതലായ സാംസ്ക്കാരിക നായകരും ഗവർണറോട് അപേക്ഷിച്ചു.

images/Rameshwar_Thakur.jpg
രാമേശ്വർ താക്കൂർ

പാവം താക്കൂർ എന്തുചെയ്യാനാണു്? നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ അംഗബലമുള്ള പാർട്ടിയെ/സഖ്യത്തെ മന്ത്രിസഭയുണ്ടാക്കാൻ ക്ഷണിച്ചേ മതിയാവൂ എന്നു് ബൊമ്മെ കേസിൽ സുപ്രീംകോടതി വിധിച്ചിട്ടുണ്ടു്. ആ വിധി മാനിക്കാത്തതിനാണു് ബീഹാർ ഗവർണർ ബൂട്ടാസിംഗി ന്റെ കസേര തെറിച്ചതു്. യെദിയൂരപ്പ യെ ക്ഷണിച്ചാൽ സോണിയഗാന്ധി യും സീതാറാം യെച്ചൂരി യും കോപിക്കും, അനന്തമൂർത്തി പരിഭവിക്കും. ക്ഷണിച്ചില്ലെങ്കിൽ സുപ്രീംകോടതി കഴുത്തിനുപിടിക്കും, ആർ. എസ്. എസുകാർ കർണാടകം കത്തിക്കും. യെദിയൂരപ്പക്കു് സാങ്കേതികമായി ഭൂരിപക്ഷമുണ്ടു് പക്ഷേ, മന്ത്രിസഭക്കു് അധികനാൾ ആയുസ്സുണ്ടാവാനിടയില്ല എന്നൊരു റിപ്പോർട്ടെഴുതി വടക്കോട്ടയച്ചു.

images/Yechuri.jpg
സീതാറാം യെച്ചൂരി

ബി. ജെ. പി.-ക്കാർ തികച്ചും പ്രകോപിതരായി. പാർലമെന്റ് നടയിൽ ധർണയായി, സുപ്രീംകോടതിയിൽ ഹർജിയായി. യെദിയൂരപ്പ യും കുമാരസ്വാമി യും കൂടി എം. എൽ. എ.-മാരെ വിമാനത്തിൽ ദൽഹിയിലെത്തിച്ചു് രാഷ്ട്രപതിയുടെ മുമ്പാകെ തലയെണ്ണിക്കാണിച്ചു. ഗതികെട്ടു് കേന്ദ്രം ബദൽ മന്ത്രിസഭക്കു് അനുമതി നൽകി. ഒക്ടോബർ 12-ാം തീയതിയിലെ ശുഭമുഹൂർത്തത്തിൽ ബി. എസ്. യെദിയൂരപ്പ കർണാടക മുഖ്യനായി സത്യവാചകം ചൊല്ലി.

images/Buta_Singh.jpg
ബൂട്ടാസിംഗ്

യെദിയൂരപ്പയോടൊപ്പം മതേതര ജനതാദളുകാരാരും സത്യപ്രതിജ്ഞ ചെയ്തില്ല. വിശ്വാസവോട്ടിനുശേഷം ജെ. ഡി. (എസ്) മന്ത്രിമാർ ചേരും എന്നാണു് കുമാരസ്വാമി പറഞ്ഞതു്. ഖനി, നഗരവികസനവകുപ്പുകൾ കിട്ടണമെന്നു് ദേവഗൗഡ ശഠിച്ചു. സാധ്യമല്ല എന്നു് യെദിയൂരപ്പ തീർത്തുപറഞ്ഞു. കുപിതനായ കർഷകൻ പിന്തുണ പിൻവലിച്ചു. അധികാരമേറ്റു് ഏഴാം ദിവസം യെദിയൂരപ്പ യുടെ മന്ത്രിസഭ മൂക്കുകുത്തി. നിയമസഭ പിരിച്ചുവിട്ടു. വീണ്ടും ഗവർണർ ഭരണം.

images/C_M_Ibrahim.jpg
സി. എം. ഇബ്രാഹിം

വെളുക്കാൻ തേച്ചതു് വെള്ളപ്പാണ്ടായി. ദേവഗൗഡ യെ പാഠംപഠിപ്പിക്കുമെന്നു് ലിംഗായത്തുകാർ പ്രതിജ്ഞയെടുത്തു. എം. പി. പ്രകാശും സി. എം. ഇബ്രാഹി മുമൊക്കെ മതേതര ജനതാദൾ വിട്ടു. സഹതാപതരംഗത്തിൽ ബി. ജെ. പി. ജയിച്ചാലോ എന്നുപേടിച്ചു് കേന്ദ്രം തെരഞ്ഞെടുപ്പു് നീട്ടിക്കൊണ്ടുപോയി. നിയോജകമണ്ഡല പുനർനിർണയവും വോട്ടർപട്ടിക പുതുക്കലും പ്രമാണിച്ചു് രാഷ്ട്രപതിഭരണം ആറുമാസം കൂടി നീട്ടണം എന്നു് കോൺഗ്രസ് ആവശ്യപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പു് കമീഷൻ വഴങ്ങിയില്ല. അങ്ങനെ മെയ് മാസത്തിൽ മൂന്നുഘട്ടമായി വോട്ടെടുപ്പു് നിശ്ചയിച്ചു.

images/Sonia_Gandhi.jpg
സോണിയഗാന്ധി

തെരഞ്ഞെടുപ്പു് നീട്ടിക്കൊണ്ടുപോകാൻ കോൺഗ്രസ് ശ്രമിച്ചതിന്റെ രഹസ്യം പരസ്യമാണു്. രാഷ്ട്രപതിഭരണം നിലനിന്ന ആറുമാസവും അഹിംസാ പാർട്ടിക്കാർ പരസ്പരം പാരപണിയുകയായിരുന്നു. ഒരു മുൻകാല സിനിമാനടിയുമായി ബന്ധപ്പെടുത്തി കൃഷ്ണയെ അപകീർത്തിപ്പെടുത്താൻ വരെ ശ്രമം നടന്നു. കോൺഗ്രസിനകത്തു് ഏറ്റവും കുറഞ്ഞതു് മൂന്നു ചേരികളെങ്കിലും ഉണ്ടായിരുന്നു—എസ്. എം. കൃഷ്ണ നയിക്കുന്ന പ്രബല വിഭാഗം; ധരംസിംഗ്, ജാഫർശരീഫ്, മല്ലികാർജുന ഖാർഗെ എന്നിവരുൾപ്പെട്ട വിരുദ്ധ വിഭാഗം; എം. പി. പ്രകാശ്, സിദ്ധരാമയ്യ മുതലായ മുൻ ജനതാദൾകാർ. ഇതിനൊക്കെ പുറമെ ദൽഹിയിൽനിന്നു് നേരിട്ടു് അവതരിക്കുന്ന ഓസ്കാർ ഫെർണാണ്ടസ്, മാർഗരറ്റ് ആൽവ തുടങ്ങിയ മൂടില്ലാത്താളികൾ…

images/Margaret_Alva.jpg
മാർഗരറ്റ് ആൽവ

കോൺഗ്രസിൽ സീറ്റുവിഭജനവും സ്ഥാനാർഥിനിർണയവും കീറാമുട്ടിയായി. ഓരോ നേതാവും ബന്ധുക്കൾക്കും പാർശ്വവർത്തികൾക്കും വേണ്ടി വിലപേശി. ഒരു ഘട്ടത്തിൽ ജാഫർ ശരീഫ് പാർട്ടിയിൽ നിന്നു് കിട്ടിയ ‘ഉറപ്പു’കളുടെ അടിസ്ഥാനത്തിൽ രാജി പിൻവലിച്ചു. ഓരോ മണ്ഡലത്തിലും രണ്ടും മൂന്നും റെബലുകൾ പ്രത്യക്ഷപ്പെട്ടു. കുറേപ്പേരെയൊക്കെ പിൻവലിപ്പിച്ചു. ബാക്കിയുള്ളവർ മൽസരരംഗത്തു് തുടർന്നു.

images/Mallikarjun_Kharge.jpg
മല്ലികാർജുന ഖാർഗെ

കർണാടക ബി. ജെ. പി.-യിൽ പ്രബലമായ രണ്ടു് ഗ്രൂപ്പുകളാണുള്ളതു്. ഒന്നു് യെദിയൂരപ്പ യുടേതു്, മറ്റേതു് അനന്തകുമാറി ന്റേതു്. മുഖ്യമന്ത്രി സ്ഥാനാർഥി യെദിയൂരപ്പ യാണെന്നു് പാർട്ടി മുമ്പേ തീരുമാനിച്ചിരുന്നു. അനന്തകുമാറിനെ അദ്വാനി തന്നെ പറഞ്ഞു് അനുനയിപ്പിച്ചു. സ്ഥാനാർഥി നിർണയത്തിലെ പരാതികൾ പറഞ്ഞു തീർത്തു, റെബലുകളെ ചതുരുപായങ്ങളും പയറ്റി പിൻവലിപ്പിച്ചു.

ലിംഗായത്ത് കാർഡ് യെദിയൂരപ്പ അതിവിദഗ്ദ്ധമായി പ്രയോഗിച്ചു. ബി. ജെ. പി.-യാണു് ലിംഗായത്തുകൾക്കു് ഏറ്റവുമധികം ടിക്കറ്റ് നൽകിയതു്. യെദിയൂരപ്പക്കെതിരെ മുൻ മുഖ്യമന്ത്രി ബംഗാരപ്പ പൊതുസ്ഥാനാർഥിയായി വന്നതും ഗുണം ചെയ്തു. ഒരു ലിംഗായത്തുകാരൻ മുഖ്യമന്ത്രിയാകാതിരിക്കാൻ ഇതര സമുദായക്കാർ ഒന്നടങ്കം പ്രവർത്തിക്കുന്നു എന്ന ധ്വനി വന്നു. ഷിക്കാരിപ്പുരയിൽ ബംഗാരപ്പ ജയിച്ചില്ല. സംസ്ഥാനത്തെമ്പാടും ലിംഗായത്തു് വോട്ടുകൾ ബി. ജെ. പി.-ക്കു് കിട്ടുകയും ചെയ്തു.

images/Oscar_Fernandes.jpg
ഓക്സാർ ഫെർണാണ്ടസ്

ബി. ജെ. പി.-യുടെ പ്രചാരണയന്ത്രം അക്ഷീണം പ്രവർത്തിച്ചു. ആളിനും അർഥത്തിനും ക്ഷാമമുണ്ടായില്ല. വിജയം മുന്നിൽകണ്ടു് വ്യവസായികൾ ഉദാരമായി സംഭാവന കൊടുത്തു. ഖനിയുടമകളും റിയൽ എസ്റ്റേറ്റ് രാജാക്കന്മാരും അതേ പാത പിന്തുടർന്നു.

ബി. ജെ. പി.-ക്കു് പ്രചാരണത്തിനായി അദ്വാനി യും നരേന്ദ്രമോഡി യുമടക്കമുള്ള നേതാക്കൾ വന്നു. കർണാടകത്തെ ഗുജറാത്താക്കും എന്നു് പ്രഖ്യാപിച്ചു. ഗുജറാത്തു് മോഡൽ വികസനം എന്ന ആശയം നഗരവോട്ടർമാരെ സ്വാധീനിച്ചുവെന്നു് തെരഞ്ഞെടുപ്പു് ഫലം തെളിയിച്ചു. വിലക്കയറ്റവും വിഷമദ്യദുരന്തവും ബി. ജെ. പി.-ക്കു് ഗുണകരമായി.

images/Rahul_Gandhi.jpg
രാഹുൽഗാന്ധി

കോൺഗ്രസിനുവേണ്ടി സോണിയഗാന്ധി പ്രചാരനത്തിനെത്തി. രാഹുൽഗാന്ധി പതിവു് ശൈലിയിൽ റോഡ്ഷോ സംഘടിപ്പിച്ചു. യു. പി.-യിലും ഗുജറാത്തിലും ഉണ്ടായ അതേ റിസൽട്ട് കർണാടകയിൽ ആവർത്തിച്ചു.

ജയ്പൂർ സ്ഫോടനപരമ്പര രണ്ടും മൂന്നും ഘട്ടങ്ങളിലെ വോട്ടെടുപ്പിനെ സ്വാധീനിച്ചു. ബാംഗ്ലൂരിലെ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിനുനേരെ നടന്ന ആക്രമണശ്രമം പൊടുന്നനെ ഓർമിപ്പിക്കപ്പെട്ടു. തീവ്രവാദി ഭീഷണിയെ ചെറുക്കാൻ ബി. ജെ. പി.-യല്ലാതെ ആരുണ്ടു്?

images/V_S_Achuthanandan.jpg
വി. എസ്.

മേൽപറഞ്ഞവക്കൊപ്പം യെദിയൂരപ്പ യുടെ വ്യക്തിപ്രാഭവം ബി. ജെ. പി.-ക്കു് തുണയായി. കോൺഗ്രസിനു് മുൻതൂക്കം പ്രവചിച്ച ദ വീക്കും സി. എൻ. എൻ. ചാനലുംവരെ, മുഖ്യമന്ത്രി സ്ഥാനത്തേക്കു് യെദിയൂരപ്പ ക്കു് കൂടുതൽ ജനപിന്തുണയുണ്ടെന്നാണു് വിലയിരുത്തിയതു്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇവിടെ കണ്ട വി. എസ്. പ്രാഭവം പോലൊന്നു് കർണാടകത്തിൽ പ്രത്യക്ഷമായി. സംസ്ഥാനത്തിന്റെ സകല പ്രശ്നങ്ങൾക്കുമുള്ള ഒറ്റമൂലി യെദിയൂരപ്പ മാത്രം!

അചഞ്ചലമായ ആത്മവിശ്വാസത്തോടെയാണു് യെദിയൂരപ്പ തെരഞ്ഞെടുപ്പിനെ നേരിട്ടതു്. ശുക്രൻ ഏഴിലും വ്യാഴം പതിനൊന്നിലും നിൽക്കുകയാൽ ജയം ഉറപ്പാണെന്നു് യെദിയൂരപ്പയെ ജ്യോതിഷികൾ പറഞ്ഞു് ബോധ്യപ്പെടുത്തിയിരുന്നു. സംഖ്യാശാസ്ത്രമനുസരിച്ചു് പേരു് യെദ്യൂരപ്പ എന്നാക്കി മാറ്റുകയും ചെയ്തു. പിന്നെ ആരെ, എന്തിനെ പേടിക്കാൻ? ബംഗാരപ്പ ഷിക്കാരിപ്പുരയിൽ കാടിളക്കി പ്രചാരണം ആരംഭിച്ചപ്പോൾ പാർട്ടി ഉപദേശിച്ചതാണു് മൂന്നാംഘട്ടത്തിൽ പോളിംഗ് നടക്കുന്ന വടക്കൻ ജില്ലകളിലെവിടെയെങ്കിലും ഒരു മണ്ഡലത്തിൽ കൂടി നോമിനേഷൻ കൊടുക്കാൻ. യെദിയൂരപ്പ അതു് വിനയപൂർവം നിരസിച്ചു. ഷിക്കാരിപുരക്കാർക്കു് വേണ്ടെങ്കിൽ, കർണാടക മുഖ്യമന്ത്രി ആകണ്ട.

കോൺഗ്രസിനു് ഈ ഇനത്തിൽപ്പെട്ട ഒരൊറ്റ നേതാവു് ഉണ്ടായിരുന്നില്ല. കൃഷ്ണപോലും യെദ്യൂരപ്പക്കുമുന്നിൽ നിഷ്രഭനായി. അതേസമയത്തു് കോൺഗ്രസിൽ സ്ഥാനമോഹികൾക്കു് ഒരു കുറവും ഉണ്ടായിരുന്നില്ല. മൽസരിച്ചവരും മൽസരിക്കാത്തവരുമായി ആറുപേരെങ്കിലും ഉണ്ടായിരുന്നു മുഖ്യമന്ത്രിപദ മോഹികൾ.

മതേതര ജനതാദളിന്റെ അപചയമാണു് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ സവിശേഷത. ബി. ജെ. പി.-യുമായി കൂട്ടുകൂടിയതോടെ പാർട്ടിയുടെ മതേതര പ്രതിച്ഛായക്കു് മങ്ങലേറ്റു. ന്യൂനപക്ഷ സമുദായങ്ങൾ കോൺഗ്രസിലേക്കു് നീങ്ങി. യെദിയൂരപ്പയെ വഞ്ചിച്ചുവെന്നാരോപിച്ചു് ലിംഗായത്തുകൾ ബി. ജെ. പി.-യിലേക്കും പോയി. സിദ്ധരാമയ്യ, സിന്ധ്യ, പ്രകാശ്, ഇബ്രാഹിം എന്നിങ്ങനെയുള്ള മുതിർന്ന നേതാക്കളൊക്കെ പലപ്പോഴായി പാർട്ടി വിട്ടുപോയി. ഒടുവിൽ ഗൗഡ ആന്റ് സൺസ് എന്ന സ്വകാര്യ സംരംഭമായി പാർട്ടി അധഃപതിച്ചു. പഴയ മൈസൂർ സംസ്ഥാനത്തെ വൊക്കലിംഗക്കാർക്കിടയിൽ മാത്രം പാർട്ടിയുടെ സ്വാധീനം അവശേഷിച്ചു.

images/Jyotiraditya_Scindia.jpg
സിന്ധ്യ

ബി. ജെ. പി.-യുടെ അംഗബലം 79-ൽനിന്നു് 110-ലേക്കും കോൺഗ്രസിന്റേതു് 65-ൽനിന്നു് 80-ലേക്കും ഉയർന്നപ്പോൾ മതേതര ജനതാദളിന്റേതു് 58-ൽ നിന്നു് 28-ലേക്കു് നിപതിച്ചു. ആർക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയിൽ കോൺഗ്രസിനും ബി. ജെ. പി.-ക്കുമിടക്കുനിന്നു് വിലപേശാം എന്ന പദ്ധതി നടപ്പായില്ല. കർഷകനിപ്പോൾ കണ്ടകശ്ശനിയുടെ അപഹാരകാലമാണു്.

അങ്ങനെ കർണാടകത്തിൽ താമര വിരിഞ്ഞു. തെക്കേ ഇന്ത്യയിൽ പാർട്ടിക്കു് അഭിമാനകരമായ ആദ്യ വിജയം. തെലുങ്കാന സംസ്ഥാനവാദത്തെ പിന്തുണച്ചുകൊണ്ട് ആന്ധ്രയിലായിരിക്കും അടുത്ത പരിശ്രമം. നിലവിൽ കോൺഗ്രസും തെലുഗുപ്രദേശവും പ്രത്യേക സംസ്ഥാനത്തിനെതിരാണു്. തെലുങ്കാന രാഷ്ട്രസമിതിയെ കൂടാതെ സംസ്ഥാന വിഭജനത്തിനായി വാദിക്കുന്നതു് ബി. ജെ. പി. മാത്രം. ഇതേ തന്ത്രം പ്രയോഗിച്ചാണു് തെക്കൻ ബീഹാറിൽ ബി. ജെ. പി. പിടിമുറിക്കിയതും ഝാർഖണ്ഡ് രൂപവത്ക്കരിച്ചു് അധികാരം കൈക്കലാക്കിയതും.

images/Lkadvani.jpg
ലാൽകൃഷ്ണ അദ്വാനി

ദേശീയതലത്തിൽ ബി. ജെ. പി. തിരിച്ചു വരവിന്റെ പാതയിലാണു്. പഞ്ചാബ്, ഉത്തരഖണ്ഡ്, ഗുജറാത്ത്, ഹിമാചൽ, ഇപ്പോൾ കർണാടക. ഇതിനിടയിൽ ഉത്തർപ്രദേശ് മാത്രം ദുഃസ്വപ്നമായി. അടുത്തവർഷം പൊതുതെരഞ്ഞെടുപ്പു് നടക്കാനിരിക്കെ അണികളെ ആവേശഭരിതരാക്കാനും ഘടകകക്ഷികളെ ഉറപ്പിച്ചുനിറുത്താനും സാമ്പത്തിക സ്രോതസ്സുകൾ വരണ്ടുപോകാതിരിക്കാനും സഹായകരമായ വിജയം.

യെദിയൂരപ്പ യുടെ ജീവിതാഭിലാഷം നിറവേറുകയാണു്. ഇനി പൂവണിയാനുള്ളതു് ലാൽകൃഷ്ണ അദ്വാനി യുടെ സ്വപ്നം.

അഡ്വക്കറ്റ് എ. ജയശങ്കർ
images/ajayasankar.jpg

അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.

Colophon

Title: Thennindiayile Thamara (ml: തെന്നിന്ത്യയിലെ താമര).

Author(s): K. Rajeswari.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, K. Rajeswari, Thennindiayile Thamara, കെ. രാജേശ്വരി, തെന്നിന്ത്യയിലെ താമര, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 28, 2025.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The Artist’s Studio: Young woman seated in front of an easel, a painting by JeanBaptiste Camille Corot (1796–1875). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.