images/Little_Flower_Sellers.jpg
Little Flower Sellers, a painting by Augustus Edwin Mulready (1844–1905).
തോമായുടെ സങ്കീർത്തനങ്ങൾ
കെ. രാജേശ്വരി
images/Lal_Krishna_Advani.jpg
അദ്വാനി

കർത്താവു് എന്റെ ഇടയനാകുന്നു. എനിക്കു് ഒന്നിനും കുറവുണ്ടാകയില്ല. പച്ചപ്പുൽത്തകിടികളിൽ അവൻ എന്നെ കിടത്തുന്നു. ശാന്തമായ ജലാശയങ്ങളിലേക്കു് അവൻ എന്നെ നയിക്കുന്നു. എന്റെ ശത്രുക്കളുടെ സാന്നിധ്യത്തിൽ നീ എന്റെ മുന്നിൽ വിരുന്നുമേശയൊരുക്കുന്നു: നീ എന്റെ ശിരസ്സിൽ തൈലാഭിഷേകം നടത്തുന്നു: എന്റെ പാനപാത്രം നിറഞ്ഞൊഴുകുന്നു. നന്മയും കരുണയും എന്റെ ആയുഷ്കാലം മുഴുവൻ എന്നെ പിന്തുടരും. തീർച്ച ഞാൻ കാർത്താവിന്റെ ആലയത്തിൽ എന്നെന്നും പാർക്കും.

images/CF_Thomas.jpg
സി. എഫ്. തോമസ്

നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ അനുഗ്രഹത്താലും നാടുവാഴുന്ന സംഘപരിവാറിന്റെ കാരുണ്യത്താലും പുള്ളോലിൽ തോമസ് ചാക്കോച്ചന്റെ മകൻ തോമസ് കുട്ടിക്കു് കേന്ദ്രത്തിൽ സഹമന്ത്രിയുദ്യോഗം തരമായിരിക്കുന്നു. സിംഹപരാക്രമിയായിരുന്നെങ്കിലും ചാക്കോച്ചനു് സംസ്ഥാന മന്ത്രിയാകാനേ കഴിഞ്ഞുള്ളു ആട്ടിൻകുട്ടിയെപോലെ സൗമ്യനായ മകൻ അതിലുമൊക്കെ എത്ര ഉയരത്തിലെത്തിയിരിക്കുന്നു! ഹല്ലേ ലുയ്യാ!!

images/K_M_Mani.jpg
കെ. എം. മാണി

തോമസുകുട്ടിയുടെ രാഷ്ട്രീയ ഗുരുനാഥൻ മാണി സാറിന്റെ ഹൃദയവ്യഥ ചിന്തനീയം. മുമ്പൊരിക്കൽ കേന്ദ്രമന്ത്രിയാകാൻ ചമഞ്ഞൊരുങ്ങി പുറപ്പെട്ട ദേഹമാണല്ലോ പുള്ളിക്കാരൻ. വി. പി. സിംഗി ന്റെ മന്ത്രിസഭ പൊളിഞ്ഞ 1990 നവംബർ കോൺഗ്രസിന്റെയും മറ്റു അനവധി സാഹസികരുടെയും പിന്തുണയോടെ നേതാജി ചന്ദ്രശേഖർ മന്ത്രിസഭയുണ്ടാകുമ്പോൾ മീനച്ചിൽ താലൂക്കിന്റെ അഡിഷനാലിറ്റിയുമായെത്തിനാൻ മാണി. അന്നു ലോക്സഭയിൽ പി. സി. തോമസു ണ്ടു്. രാജ്യസഭയിൽ തോമസ് കുതിരവട്ടവും. പക്ഷേ, കേന്ദ്രമന്ത്രിയാകാൻ സർവഥാ യോഗ്യൻ നാം തന്നെയെന്നു കൽപിച്ചു. പാർലമെന്റിന്റെ ഒരു മണ്ഡലത്തിലും അംഗമല്ലെങ്കിലും കെ. എം. മാണി രായ്ക്കുരാമാനം കരുണാകരൻ പാരപണിതു. മാണിസാറിന്റെ മന്ത്രിസ്ഥാനം വെള്ളത്തിൽ വരച്ച വരപോലെയായി.

images/Karunakaran_Kannoth.jpg
കരുണാകരൻ

സ്കുളിലും കോളജിലുമൊക്കെ പഠിക്കും കാലത്തു് കെ. എസ്. സി.-യുടെ സാധാരണ മെമ്പറെങ്കിലുമായിരുന്നോ തോമസ് എന്നു സംശയം യൂത്ത് ഫ്രണ്ടിലും അദ്ദേഹം സജീവ അംഗമായിരുന്നില്ല. ടി. എം. ജേക്കബും പി. എം. മാത്യുവുമൊക്കെയായിരുന്നു അക്കാലത്തു് യുവതുർക്കികൾ. തൊടുപുഴയിൽ വക്കീലായിരുന്ന തോമസിനെ രാഷ്ട്രീയത്തിൽ കൈപിടിച്ചിറക്കിയതും 1987-ൽ വാഴൂരിൽ സ്ഥാനാർഥിയാക്കിയതും മാണിസാർ. കോട്ടയം ജില്ലയിലെ (ഏക) നായർ സംവരണ മണ്ഡലമാണു് വാഴൂർ പി. ചാക്കോ യുടെ മകനല്ല പടച്ചതമ്പുരാൻ നിന്നാലും ചമ്പക്കര കുറുപ്പന്മാരും കറുകച്ചാൽ നായന്മാരും സ്വജാതിക്കേ വോട്ടുകൊടുക്കു. അങ്ങനെ അത്തവണ സഖാവു് കാനം രാജേന്ദ്രൻ പാസായി. വാഴൂർക്കാർ വിട്ടാലും മാണിസാർ വിടുമോ? 1989-ൽ മൂവാറ്റുപുഴയിൽ നിറുത്തി ലോക്സഭാംഗമാക്കി. 1991, 96, 98, 99 വർഷങ്ങളിൽ വൻ ഭൂരിപക്ഷത്തോടെ വിജയം ആവർത്തിച്ചു.

images/V_P_Singh.jpg
വി. പി. സിംഗ്

മാണിക്കു ശേഷം തോമസ് എന്നു് പാർട്ടി പ്രവർത്തകർ വിശ്വസിച്ചു. അണികളും വിശ്വസിച്ചു മലയാള മനോരമയും ദീപികയും പ്രചരിപ്പിക്കുകയാൽ സത്യവിശ്വാസികളാകെയും ഒരുങ്ങിയിരുന്നു. പി. സി. തോമസാ യിരിക്കും തന്റെ പിൻഗാമിയെന്നു് മാണി സാർതന്നെയും സൂചിപ്പിക്കാതിരുന്നില്ല.

images/TM_Jacob.jpg
ടി. എം. ജേക്കബ്

അഞ്ചു പെൺമക്കൾക്കിടയിൽ തനിക്കുമുണ്ടല്ലോ ഒരു മകൻ എന്ന കാര്യം മാണി അൽപം വൈകിയാണു് ഓർമിച്ചതു്. മറ്റു പാർട്ടികളിലൊക്കെ മക്കൾ രാഷ്ട്രീയമാണു്. പൂക്കോയത്തങ്ങളു ടെ മകൻ മുഹമ്മദുകോയ യുടെ മകൻ. കരുണാകര പുത്രൻ ടി. കെ. ദിവാകരന്റെ യും ബേബി ജോണി ന്റെയും മക്കൾ പിന്നെ ബാലകൃഷ്ണപിള്ള യുടെ മകൻ ടി. എം. ജേക്കബി ന്റെ മകൻ അനൂപ് ജേക്കബ് വരെ മേക്കപ്പിട്ടു അന്നു് ആൺമക്കളുള്ളതിൽ ആരു വേണമെങ്കിലും ഏതു സമയത്തും രംഗത്തിറങ്ങാം. എങ്കിൽ പിന്നെ നമ്മുടെ കൂട്ടക്കാരനെ മാത്രം എന്തിനു് മാറ്റിനിറുത്തണം.

images/P_C_Thomas.jpg
പി. സി. തോമസ്

ജോസ്. കെ. മാണി യെ കടുത്തുരുത്തിയിൽ സ്ഥാനാർഥിയാക്കാൻ പറഞ്ഞപ്പോൾ തോമാച്ചൻ കലമ്പി. കടുത്തുരുത്തി പി. എം. മാത്യുവിനു കൊടുക്കണം. ഇടുക്കി ജോയി വെട്ടിക്കുഴിക്കും. മാണിസാർ കോപാകുലനായി. കടുത്തുരുത്തി സ്റ്റീഫൻ ജോർജിനും ഇടുക്കി റോഷി അഗസ്റ്റിനും കൊടുത്തു. വിരുദ്ധന്മാർ മാളത്തിലൊളിച്ചു. അനന്തരം സന്ധ്യയായി, ഉഷസ്സായി, തെരഞ്ഞെടുപ്പു് കഴിഞ്ഞു. മാണി വീണ്ടും മന്ത്രിയുമായി. കേരള കോൺഗ്രസിന്റെ മഹോന്നത പാരമ്പര്യമനുസരിച്ചു രണ്ടാമത്തെ മന്ത്രി അകത്തോലിക്കനോ നായരോ ആകണമെന്ന അഭിപ്രായമുന്നയിച്ചു. പി. സി. തോമസും അകത്തോലിക്കരായ മാമ്മൻ മത്തായി യും ജോസഫ് എം. പുതുശ്ശേരി യും തലക്കുളത്തു വേലുത്തമ്പിയുടെ വീരരക്തം സിരകളിൽലോടുന്ന കെ. നാരായണക്കുറുപ്പും മന്ത്രിസ്ഥാനം കൊതിച്ചു മനപായസമുണ്ടിരിക്കുമ്പോൾ കത്തോലിക്കനായ സി. എഫ്. തോമസി നെയാണു് മാണി അനുകൂലിച്ചതു്. മന്ത്രിയായ ശേഷവും സി. എഫ്. തോമസ് പാർട്ടി ചെയർമാനായി തുടരുന്നതു് ശരിയല്ല എന്നായി പി. സി. തോമസ്. മാണിസാർ പാർട്ടി ഭരണഘടനതന്നെ തിരുത്തിയെഴുതി. അക്കൂട്ടത്തിൽ പി. സി. തോമസി നെ പടിയടച്ചു പിണ്ഡവും വെച്ചു.

images/P_M_S_A_Pukkoya_Tangal.jpg
പൂക്കോയത്തങ്ങൾ

മാണിഗ്രൂപ്പിൽ നിന്നു ബഹിഷ്കൃതനായ തോമസിനു് വേണമെങ്കിൽ സ്വന്തമായി ഒരു കേരള കോൺഗ്രസുണ്ടാക്കാമായിരുന്നു. അതിനു പണം വേണം. ആൾസ്വാധീനവും മെത്രാന്മാരുടെ അനുഗ്രഹവും വേണം. മറുഭാഗത്ത് കെ. എം. മാണി അതിശക്തനായി നിൽക്കുന്നു. പി. ടി. ചാക്കോ യുടെ പരാക്രമമൊക്കെ കാലം മറക്കുകയും ചെയ്തിരിക്കുന്നു. ചത്ത സിംഹത്തെക്കാൾ ജീവനുള്ള നായക്കാണു് ശ്രേഷ്ഠത എന്നവേദപാഠം ശരിക്കറിവുള്ളവരല്ലോ തിരുവിതാംകൂർ ക്രിസ്ത്യാനികൾ.

images/P_Chacko.jpg
പി. ചാക്കോ

അനന്തരം പി. സി. തോമസ് ഇന്ത്യൻ ഫെഡറൽ ഡെമൊക്രാറ്റിക് പാർട്ടി എന്നൊരു പെട്ടകം തീർത്തു് ബി. ജെ. പി.-യുടെ പടിവാതിലിൽ മുട്ടിവിളിച്ചു. കർത്താവേ നിന്നിൽ ഞാൻ അഭയം തേടുന്നു: എന്നെ ഒരിക്കലും ലജ്ജിതനാക്കരുതേ! നിന്റെ നീതിയിൽ എന്നെ രക്ഷിച്ചാലും. നീ എനിക്കു് അഭയം നൽകുന്ന പാറയും രക്ഷയേകുന്ന ശക്തി ദുർഗവുമാകേണമേ!

images/CHmohammedKoya.jpg
മുഹമ്മദുകോയ

രണ്ടു വർഷത്തോളം ദേശീയ ജനതധിപത്യ സഖ്യത്തിന്റെ കോലായയിൽകാത്തുകിടക്കേണ്ടിവന്നു തോമസ്ജിക്കു്. ബി. ജെ. പി.-ക്കു് തൊട്ടുകൂടായ്മയില്ലെന്നു് ഉച്ചൈസ്തരം ഉദ്ഘോഷിച്ചു. അദ്വാനി-വാജ്പേയിമാരെ നീതരാം സ്തുതിച്ചു. ‘പോട്ട’യുൾപ്പെടെയുള്ള ജനക്ഷേമകരമായ നടപടികളെയൊക്കെ സർവാത്മനാ പിന്തുണച്ചു. എന്നിട്ടും പ്രധാനമന്ത്രിയുടെ കരളലിഞ്ഞില്ല. മാണിസാർ സാധ്യമായത്രയും പാരകൾ പ്രയോഗിച്ചു. മറ്റൊരു മലയാളി മന്ത്രിയായാൽ തന്റെ പ്രാമാണ്യം കുറയുമോ എന്നൊരു ശങ്ക രാജേട്ടനുമുണ്ടായി. മൂവാറ്റുപുഴയിൽ തോമസിനോടു മൽസരിച്ചു് ജാമ്യസംഖ്യ പൊതു ഖജനാവിലേക്കു മുതൽകൂട്ടിയ വി. വി. അഗസ്റ്റ്യൻ എന്നൊരു പുമാൻ അതിനിടെ ദേശീയ ന്യൂനപക്ഷ കമിഷൻ അംഗമായി ദൽഹിക്കു വണ്ടികയറി. അത്തിവൃക്ഷത്തെ പരിപാലിക്കുന്നവൻ അതിന്റെ പഴം തിന്നും. യജമാനനെ സേവിക്കുന്നവൻ ബഹുമാനിതനാവും.

images/KANAM_RAJENDRAN.jpg
കാനം രാജേന്ദ്രൻ

അവസാനം അദ്വാനി ജിയുടെ കുരുണാകടാക്ഷം തോമസിനു് മേൽ പതിഞ്ഞു. (വെള്ളാപ്പള്ളി നടേശന്റെ വക ചെറിയൊരു ശിപാർശയും ഉണ്ടായിരുന്നുവോ?) നിയമകാര്യ വകുപ്പു് സഹമന്ത്രിയായി തോമസ് സത്യവാചകം ചൊല്ലി. സംസ്ഥാനത്തു് നിയമ വകുപ്പു മന്ത്രി മാണിസാറാണെന്നിരിക്കെ വകുപ്പു് നിശ്ചയത്തിലുമുണ്ടു് കാവ്യനീതിയുടെ ഒരംശം.

images/Anoop_jacob.jpg
അനൂപ് ജേക്കബ്

കരുണാകരൻ കഴിഞ്ഞാൽ കേരള രാഷ്ട്രീയം കണ്ട ഏറ്റവും കൗശലക്കാരനായ നേതാവാണു് കെ. എം. മാണി. സ്വന്തം പാർട്ടിക്കാരെ ഒതുക്കുന്നതിലും മൂലക്കിരുത്തുന്നതിലുമാണു് അദ്ദേഹത്തിനു പ്രാവീണ്യം. വിധിവൈപരിത്യമെന്നേ പറയേണ്ടു. മാണി കുഴിച്ച കുഴിയിൽ വൈകാതെ മാണിയും മലർന്നടിച്ചു വീഴും. 1977 അവസാനം വി. ടി. സെബാസ്റ്റ്യനെയും കെ. വി. കുര്യനെയും ഒതുക്കാനാണു് പി. ജെ. ജോസഫി നെ മന്ത്രിയാക്കിയതു്. സെബാസ്റ്റ്യനും കുര്യനും പാടെ ഒതുങ്ങി. പക്ഷേ, ജോസഫ് മാണിക്കെതിരെ ഗ്രൂപ്പുണ്ടാക്കി. പാർട്ടി പൊളിച്ചു. 1980 ജനുവരിയിൽ ഒ. ലൂക്കോസ് മന്ത്രിയാകാതിരിക്കാൻ വേണ്ടി തൃശൂർ ജില്ലാ പ്രാതിനിധ്യവാദം ഉയർത്തി. ലോനപ്പൻ നമ്പാടനെ വാഴിച്ചു. രണ്ടു് വർഷത്തിനു ശേഷം നമ്പാടൻ കാലുമാറി. മാണി അംഗമായിരുന്ന കരുണാകരന്റെ കാസ്റ്റിംഗ് മന്ത്രിസഭ തകർത്തു. 1991 ജൂണിൽ സി. എഫ്. തോമസി നെ ഒഴിവാക്കാൻ പഴയ കത്തോലിക്കൻ-അകത്തോലിക്കൻ-നായർ ഫോർമുല പൊടിതട്ടിയെടുത്തു് ടി. എം. ജേക്കബി നെ മന്ത്രിയാക്കി. അചിരേണ ജേക്കബ് സ്വന്തം ഗ്രൂപ്പുണ്ടാക്കി. വേറെ പാർട്ടിയും സ്ഥാപിച്ചു. 1978 നവബംറിൽ മാണിസാർ മുഖ്യമന്ത്രിപദത്തിനു് തൊട്ടടുത്തെത്തിയപ്പോൾ പിന്നിൽ നിന്നു കുത്തിയതു് പ്രൊഫ കെ. എ. മാത്യു എന്ന കേരള കോൺഗ്രസ് എം. എൽ. എ. ആയിരുന്നു.

images/Babyjohn.jpg
ബേബി ജോൺ

നിങ്ങൾ അളന്നുകൊടുക്കുന്ന അതേ അളവിൽതന്നെ നിങ്ങൾക്കും അളന്നു കിട്ടും എന്ന ദൈവവചനം മാണിയുടെ കാര്യത്തിൽ അച്ചട്ടാണു്. തന്നെ രാഷ്ട്രീയത്തിൽ കൈപിടിച്ചുയർത്തിയ കെ. എം. ജോർജി നെ പിന്നിൽ നിന്നു് കുത്തിയാണു്. 1975 ഡിസംബർ 26-നു് മാണി ആദ്യം മന്ത്രിയായതു്. ‘ഒരാൾക്കു് ഒരു പദവി’ സിദ്ധാന്തവും കത്തോലിക്കൻ-അകത്തോലിക്കൻ-നായർ ഫോർമുലയുമുപയോഗിച്ചു് ജോർജ് സാറിനെ ഒരരുക്കാക്കി. അധികാരത്തിന്റെ ബലത്തിൽ ഗ്രൂപ്പുണ്ടാക്കി. അദ്ദേഹത്തിന്റെ നിലനിൽപുതന്നെ വെള്ളത്തിലാക്കി. കുഞ്ഞുമാണിയുടെ വഞ്ചനയിൽ മനംനൊന്തു് ഹൃദയം തകർന്നാണു് 1976 ഡിസംബർ 11-നു് കെ. എം. ജോർജ് കർത്താവിൽ നിദ്ര പ്രാപിച്ചതു്. നക്രബാഷ്പവും പുഷ്പചക്രവുമായി ഓടിയെത്തിയ മാണിയെ ജോർജിന്റെ ബന്ധുക്കൾ കൈവെച്ചില്ലെന്നേയുള്ളു.

images/K_Narayana_Kurup.png
കെ. നാരായണക്കുറുപ്പ്

കേരളാ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഇതിലൊന്നും പുതുമായില്ല. ചീത്ത വൃക്ഷത്തിൽ നല്ല ഫലങ്ങൾ കായ്ക്കുന്നില്ല. ഓരോ വൃക്ഷത്തെയും അതിന്റെ ഫലം കൊണ്ടാണു് അറിയുന്നതു് മുള്ളുകളിൽ നിന്നു് അത്തിപ്പഴങ്ങൾ ശേഖരിക്കുന്നില്ല. ഞെരിഞ്ഞിലിൽനിന്നു മുന്തിരിപ്പഴങ്ങളും പറിക്കുന്നില്ല.

images/George_Fernandes.jpg
ജോർജ് ഫെർണാണ്ടസ്

2004 ഒക്ടോബറിൽ ലോക് സഭയുടെ കാലാവധി അവസാനിക്കും. ഈ വർഷം അവസാനം നടക്കുന്ന ദൽഹി രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മികച്ച വിജയം ബി. ജെ. പി. നേടുന്ന പക്ഷം ലോക്സഭ നേരത്തേ പിരിച്ചുവിട്ടു് 2004 ഏപ്രിൽ മെയ് മാസങ്ങളിൽ പൊതുതെരഞ്ഞെടുപ്പു് നടത്തിയേക്കും. ദേശീയ ജനാധിപത്യം സഖ്യം അധികാരത്തിൽ തിരിച്ചുവരുകയോ വരാതിരിക്കുകയോ ചെയ്യാം. പക്ഷേ, പി. സി. തോമസ് ഇനിയൊരിക്കൽ പാർലമെന്റിലെത്തുക അസാധ്യം. 11 മുതൽ 17 വരെ മാസങ്ങളാണു് തോമാച്ചന്റെ മന്ത്രിപദവിയുടെ ദൈർഘ്യം.

images/KM_George.jpg
കെ. എം. ജോർജ്

പണ്ടു മാണിസാറിനെ പിന്നിൽ നിന്നു കുത്തിയ പ്രൊഫ. കെ. എ. മാത്യുവിനു് കേവലം 15 ദിവസമാണു് (1978 നവംബർ 16 മുതൽ ഡിസംബർ 1 വരെ) മന്ത്രിയായിരിക്കാൻ കഴിഞ്ഞതു്. അതുവെച്ചു നോക്കുമ്പോൾ പി. സി. തോമസ് ഭാഗ്യവാൻ കർത്താവിനാൽ അനുഗ്രഹിക്കപ്പെട്ടവൻ.

images/Surjit_Singh_Barnala.png
എസ്. എസ്. ബർണാല

ഹിന്ദുത്വവാദികളോടു് കൂട്ടുചേർന്നതു് മഹാപാപമായി എന്നു ചില ദോഷൈകദൃക്കുകൾ പറയുന്നുണ്ടു്. അതിലൊന്നും കഥയില്ല. 1977-ൽ മാർക്സിസ്റ്റുകാർക്കോ 1980-ൽ ഇന്ദിരാ കോൺഗ്രസുകാർക്കോ ആർ. എസ്. എസിനോടു് അയിത്തമുണ്ടായിരുന്നില്ല. കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞെടുപ്പു കാലത്തു് മാണി ഗ്രൂപ്പിനുമുണ്ടായിരുന്നില്ല തൊട്ടു കൂടായ്മ. വാജ്പേയി യുടെ മന്ത്രിസഭയിൽ അംഗമായതുകൊണ്ടു് ജോർജ് ഫെർണാണ്ടസി നോ ഉമർ അബ്ദുല്ല ക്കോ എസ്. എസ്. ബർണാല ക്കോ എന്തെങ്കിലും പതിത്വം ആരെങ്കിലും കല്പിച്ചിട്ടുണ്ടോ?

images/Omar_Abdullah.jpg
ഉമർ അബ്ദുല്ല

കേരളത്തിലെ കർഷകരുടെ താൽപര്യ സംരക്ഷണമാണു് തന്റെ പ്രധാനകർത്തവ്യമെന്നു് മന്ത്രി തോമസ് വ്യക്തമാക്കിയിട്ടുണ്ടു്. കർഷകരുടെ (കിഴക്കൻ മേഖലയിലെ റബർ, ഏലം, തേയില, കാപ്പി, കഞ്ചാവു് തോട്ടമുടമകളുടെ എന്നു് തിരുത്തുക) കാര്യം കുശാൽ. വലതുമുന്നണി ഭരിക്കുമ്പോൾ മാണി, ഇടത്തരാണെങ്കിൽ ഔസേപ്പ്, ബി. ജെ. പി.-യാണെങ്കിൽ തോമസ്. ദേശത്തിൽ ധാന്യം സുലഭമാകട്ടെ പർവതങ്ങളുടെ കൊടുമുടികളിൽ അതു് വിളഞ്ഞുലയട്ടെ ലെബനാനെപ്പോലെ അതു ഫലസമൃദ്ധമാകട്ടെ!

അടിക്കുറിപ്പു്: കേരള കോൺഗ്രസ് സ്ഥാപകരിൽ ഒരാളായിരുന്ന ജോസഫ് പുലിക്കുന്നേൽ മുൻകൈയെടുത്തു് പാലായിലെ ‘ഓശാന’ പ്രസിദ്ധീകരിച്ച മലയാളം ബൈബിളിൽ നിന്നാണു് ഈ ലേഖനത്തിലെ എല്ലാ ഉദ്ധരണികളും. സ്തോത്രം.

അഡ്വക്കറ്റ് എ. ജയശങ്കർ
images/ajayasankar.jpg

അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.

Colophon

Title: Thomayude Sankeerthanangal (ml: തോമായുടെ സങ്കീർത്തനങ്ങൾ).

Author(s): K. Rajeswari.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, K. Rajeswari, Thomayude Sankeerthanangal, കെ. രാജേശ്വരി, തോമായുടെ സങ്കീർത്തനങ്ങൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; River Valley Campus, Malayinkeezh,; Trivandrum 695571; India.

Date: June 12, 2026.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Little Flower Sellers, a painting by Augustus Edwin Mulready (1844–1905). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.