1972 മുതൽ ഗ്രൂപ്പുകളികൊണ്ടു് കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തെ പുഷ്ടിപ്പെടുത്തിയ രണ്ടു പ്രതിഭാശാലികളാണു് കണ്ണോത്തു കരുണാകരനും അറക്കപ്പറമ്പിൽ കുര്യൻ ആന്റണി യും. രണ്ടു മഹാമല്ലൻമാർക്കിടയിൽ നിന്നുപിഴക്കാൻ ചിലർ മൂന്നാം ചേരിയും നാലാംചേരിയും ഗ്രൂപ്പില്ലാത്തവരുടെ ഗ്രൂപ്പുമുണ്ടാക്കിയെങ്കിലും ഒന്നും ക്ലച്ചുപിടിച്ചില്ല. ഗ്രൂപ്പില്ലാത്ത കോൺഗ്രസുകാരനു കൈവല്യമില്ല.
മല്ലന്മാർ ഇരുവരും ഇതാ കളമൊഴിയുന്നു. ഒക്ടോബർ 24-നു് ആന്റണി കേന്ദ്രത്തിൽ പ്രതിരോധമന്ത്രിയായി സത്യവാചകം ചൊല്ലി. ഇനി അദ്ദേഹം ഉപരാഷ്ട്രപതിയോ രാഷ്ട്രപതിയോ പ്രധാനമന്ത്രിതന്നെയോ ആയി പോകാനാണു് സാധ്യത. കരുണാകരനും മകനും പരിവാരസമേതം നവംബർ 12-നു് എൻ. സി. പി.-യിൽ ലയിച്ചു. തെരഞ്ഞെടുപ്പിനുശേഷം മാതൃസംഘടനയിലേക്കു മടങ്ങിക്കൊള്ളും എന്നു് എ. ഐ. സി. സി.-ക്കു നൽകിയ ഉറപ്പു് ജലരേഖയായി.
തൽക്കാലത്തേക്കെങ്കിലും ഗ്രൂപ്പില്ലാതായിരിക്കുന്നു. കോൺഗ്രസിൽ ഏകധ്രുവലോകം ഉമ്മൻചാണ്ടി യാണു്. സർവശക്തൻ കരുണാകർജി കുത്തുവാക്കായാണു് പറഞ്ഞതെങ്കിലും സംഗതി സത്യമായി ഭവിച്ചു: തികച്ചും ഉമ്മൻകോൺഗ്രസ്.
ആന്റണി യെ മുൻനിറുത്തി മൂന്നുപതിറ്റാണ്ടു് ഗ്രൂപ്പുയുദ്ധം നടത്തിയ വീരനാണു് ഉമ്മൻചാണ്ടി തേരുതെളിക്കാനും ഗീത ഉപദേശിക്കാനും തങ്കച്ചൻ. അസ്ത്രങ്ങളെയ്യാനും വെട്ടിപ്പിടിക്കാനും കുഞ്ഞൂഞ്ഞു്. കരുണാകരന്റെ കുടിതന്ത്രങ്ങളെ സമർഥമായി പ്രതിരോധിച്ചു. അനുയായികളെ ഉറപ്പിച്ചുനിറുത്തി ആവശ്യത്തിനു ധനം സമാഹരിച്ചു കഴിയുമ്പോഴൊക്കെ പ്രത്യാക്രമണവും നടത്തി. കരുണാകരനുണ്ടെങ്കിലേ തനിക്കു നിലനിൽപുള്ളു എന്നറിയാവുന്ന ആന്റണി കടുത്ത പ്രയോഗങ്ങളിൽനിന്നു് ശിഷ്യനെ വിലക്കി. ആദർശധീരനോടു് ഒട്ടിച്ചേർന്നുനിൽക്കുമ്പോൾത്തന്നെ മറ്റാരും തിനിക്കു മീതെ ഉയരാതിരിക്കാനും ഉമ്മച്ചൻ ശ്രദ്ധിച്ചു.
സംഘടനാനേതൃത്വത്തിൽ ആന്റണി, നിയമാസഭാകക്ഷി നേതൃത്വത്തിൽ കരുണാകരൻ—ഇതായിരുന്നു 1991 വരെ അംഗീകൃത സമവാക്യം. പരസ്പരം എതിർക്കുമ്പോഴും കടിച്ചുകീറുമ്പോഴും അതിനു് മാറ്റമുണ്ടായില്ല. രാജീവ് ഗാന്ധി യുടെ മരണശേഷം ദൽഹി രാഷ്ട്രീയത്തിൽ കിംഗ്മേക്കറായി ഭാവിച്ചിരുന്ന കരുണാകരൻ, സമവാക്യം തിരുത്തിയെഴുതി ആന്റണി ഗ്രൂപ്പിനെ ഇല്ലായ്മ ചെയ്യാൻ ഒരുങ്ങി. കെ. പി. സി. സി. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ആദർശധീരൻ സഹോദരതുല്യനായ വയലാർ രവി യോടു തോറ്റു. കെ. മുരളീധരൻ ഭരണഘടനാ ബാഹ്യ അധികാരകേന്ദ്രമായി ഉദിച്ചുയർന്നു. മുരളി-മധുസൂദനൻപത്മകുമാർ-പിച്ച ബഷീർ അച്ചുതണ്ടു് സംസ്ഥാനത്തിന്റെ ഭരണം ഏറ്റെടുത്തു. ഉമ്മൻചാണ്ടി യും കെ. പി. വിശ്വനാഥനു മൊഴികെയുള്ള കോൺഗ്രസ് മന്ത്രിമാർ നിഷ്പ്രഭരും നിസ്തേജരുമായി. കരുണാകരൻ മുസ്ലിംലീഗിനെ വഴിവിട്ടു പ്രീണിപ്പിച്ചു. ഇതര ഘടകകക്ഷികളെയൊക്കെ ഒതുക്കി മൂലക്കിരുത്തി.
നീതിമാൻ ഏഴുതവണ അനർഥത്തിൽ നശിച്ചുപോകും എന്നു് വേദപ്രമാണം. കെ. പി. സി. സി.-യിൽ മലർന്നടിച്ചുവിണ ആന്റണി വർക്കിംഗ് കമ്മിറ്റിയിൽ ഉയിർത്തെഴുന്നേറ്റു. പിന്നെ കേന്ദ്രമന്ത്രിയായി. കരുണാകരനോ കാറപകടത്താൽ ശരീരത്തിനും ഭാര്യവിയോഗത്താൽ മനസ്സിനും മുറിവേറ്റു. പിന്നാലെ കാർത്തികേയനും ഷാനവാസും രമേശ് ചെന്നിത്തല യും കാരണവരെ തള്ളിപ്പറഞ്ഞു് തിരുത്തൽവാദികളായി. ഞാറക്കലും ഒറ്റപ്പാലത്തും ഗുരുവായൂരും നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ഐ. ജ. മു. സ്ഥാനാർഥികൾ തോറ്റു ബൗളർ ഹാറ്റിട്ടു.
തിരിച്ചടികളുണ്ടായിട്ടും ലീഡറുടെ ഔദ്ധത്യത്തിനോ കുരുട്ടുബുദ്ധിക്കോ കുറവേതുമുണ്ടായില്ല. ദൽഹിയിൽ നരസിംഹറാവു വും പാണക്കാട്ട് ശിഹാബ്തങ്ങളുമുള്ളപ്പോൾ കരുണാകരൻ ആരെ പേടിക്കാൻ എന്തിനെ പേടിക്കാൻ? 1994 ജൂണിൽ ഒഴിവുവന്ന രാജ്യസഭ സ്ഥാനങ്ങളിൽ ഒന്നു് അദ്ദേഹം മുസ്ലിം ലീഗിനു ദാനം ചെയ്തു. മറ്റേതു് വയലാർ രവി ക്കും കൊടുത്തു. ഡോ. എം. എ. കുട്ടപ്പനു് സീറ്റു നിഷേധിച്ചതിൽ പ്രതിഷേധിച്ചു് ഉമ്മൻ ചാണ്ടി ജൂൺ 16-നു് രാജിവെച്ചു. പിന്നാലെ കെ. പി. വിശ്വാനാഥനും രാജികൊടുത്തു. കരുണാകരനെ നിയമസഭാകക്ഷി നേതൃത്വത്തിൽനിന്നും നീക്കണമെന്നാവശ്യപ്പെട്ടു് ആന്റണി ഗ്രൂപ്പുകാരായ 20 അംഗങ്ങൾ ഹൈക്കമാന്റിനു് കത്തുകൊടുത്തു.
ഉമ്മൻചാണ്ടി യുടെ രാജിയും ആന്റണി ഗ്രൂപ്പിന്റെ കലാപവും കരുണാകരന്റെ നിലതെറ്റിച്ചു. പിന്നലെ ഐ. എസ്. ആർ. ഒ. ചാരക്കേസ് പൊങ്ങിവന്നു. കൂത്തുപറമ്പു് വെടിവെപ്പുണ്ടായി. മുഖ്യമന്ത്രിയുടെ പ്രതിച്ഛായ പാടെ മങ്ങി. ഉമ്മൻചാണ്ടി ആ സവിശേഷ സാഹചര്യം തികച്ചും മുതലെടുത്തു. നേതൃമാറ്റം ഘടകകക്ഷികൾക്കിടയിലും ചിന്താവിഷയമായി. 1969-ൽ നമ്പൂതിരിപ്പാടി നോടു് ചെയ്ത ചതി, 1995-ൽ ലീഗുകാർ കരുണാകരനോ ടു് ആവർത്തിച്ചു. മുസ്ലിം ലീഗിനൊപ്പം മാണിപിള്ള ജേക്കബ് വിഭാഗം കേരള കോൺഗ്രസുകളും നേതൃമാറ്റം ആവശ്യപ്പെട്ടു. നിർണായക സമയത്തു് റാവുജിയും കരുണാകരനെ കൈവിട്ടു. രാഷ്ട്രീയത്തിൽ നന്ദിയെന്ന പദത്തിനെന്തർഥം എന്ന ആത്മഗതത്തോടെ കാരണവർ മാർച്ച് 16-നു് രാജികൊടുത്തു.
കരുണാകരന്റെ പകരക്കാരനാകണമെന്നു് ഉമ്മൻചാണ്ടി മോഹിച്ചെങ്കിലും ഫലവത്തായില്ല. കൃത്യസമയത്തു് ആന്റണി ക്രാഷ് ലാന്റുചെയ്തു. മന്ത്രിസഭയിലും കുഞ്ഞൂഞ്ഞിനു് ഇടം ലഭിച്ചില്ല. പടനയിക്കാനും പഴികേൾക്കാനും ഉമ്മൻചാണ്ടി മന്ത്രി മന്ദിരത്തിൽ രാപാർക്കാൻ മറ്റുപലരും.
കേന്ദ്രമന്ത്രിയായി പോയിട്ടും കരുണാകരന്റെ ശൗര്യം കുറഞ്ഞില്ല. ആന്റണി ക്കെതിരെ കഴിയുംവിധം പാരകൾ പണിതു് സ്വാമി ശാശ്വതികാനന്ദ യെയും നാരായണപ്പണിക്കരെയും കുത്തിയിളക്കി പ്രശ്നങ്ങളുണ്ടാക്കി. കരുണാകരൻ പോയിട്ടും മുന്നണിയുടെ ഏഴരശ്ശനി മാറിയില്ല. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തോറ്റമ്പി. പിന്നാലെ വന്ന നിയമസഭാതെരഞ്ഞെടുപ്പുകളിലും തോൽവി ആവർത്തിച്ചു. ലീഡറും മകനും വിശ്വസ്താനുയിയികളും പരാജിതരായി. അവരെന്നെ മുന്നിൽനിന്നും പിന്നിൽനിന്നും കുത്തി എന്നു് കരുണാകരൻ വിലപിച്ചു. എന്നാലും കേന്ദ്രത്തിൽ നരസിംഹറാവു വിനും കേരളത്തിന്റെ ആന്റണി ക്കും അധികാരം നഷ്ടപ്പെട്ടതിൽ ആനന്ദം കണ്ടെത്തി.
കേന്ദ്രനേതൃത്വത്തിൽ സീതാറാം കേസരി വന്നപ്പോൾ കാരണവരുടെ സ്ഥിതി പിന്നെയും മോശമായി. കൽക്കത്ത എ. ഐ. സി. സി.-യിൽവെച്ചു് വയലാർ രവി യും പി. സി. ചാക്കോ യും കൈവിട്ടു. ഏതാനും ഏഴാംകൂലികൾ മാത്രം ഗ്രൂപ്പിൽ അവശേഷിച്ചു. സീതാറാം കേസരി യെ അട്ടിമറിച്ചു് സോണിയ വന്നപ്പോൾ ജന്മം സഫലമായി എന്നായിരുന്നു കരുണാകരന്റെ പ്രതികരണം. മദാമ്മ പക്ഷേ, ലീഡറെ തീണ്ടാപ്പാടകലെ നിറുത്തി. കുർബാനയും കുമ്പസാരവും കുന്തിരിക്കവുമില്ലെങ്കിലും ആന്റണി മാമോദീസാവെള്ളം വീണ അസ്സൽ ക്രിസ്ത്യാനിയാകുന്നു. അതും സോണിയയെപ്പോലെത്തന്നെ കത്തോലിക്കാ സമുദായാംഗം.
എ. ഐ. സി. സി. അംഗീകരിച്ച സ്ഥാനാർഥിപ്പട്ടിക വെട്ടിത്തിരുത്തി, തന്റെ മൂന്നു് ആഡുതലികൾക്കു് സീറ്റുവാങ്ങിക്കൊടുക്കാൻ വേണ്ടത്ര ആജ്ഞാശക്തി 2001 ഏപ്രിൽ മാസത്തിലും കരുണാകരനിൽ അവശേഷിച്ചിരുന്നു. ഐ. ഗ്രൂപ്പിനു് 28 എം. എൽ. എ.-മാരുണ്ടായി; മൂന്നുമന്ത്രിമാരും. ആന്റണി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദിവസംതന്നെ മുരളി യെ കെ. പി. സി. സി. അധ്യക്ഷനായി വാഴിക്കാനും കരുണാകരനു കഴിഞ്ഞു.
കെ. വി. തോമസി നെ മന്ത്രിയാക്കണം എന്നു് ശഠിച്ചു് ഉമ്മൻചാണ്ടി യുടെ കസേര തട്ടിത്തെറിപ്പിക്കാനും കാരണവർക്കു സാധിച്ചു. മന്ത്രിപദത്തിനുപകരം ഐ. ജ. മുന്നണി കൺവീനർ സ്ഥാനം കൊണ്ടു് കുഞ്ഞൂഞ്ഞ് തൃപ്തനാകേണ്ടിവന്നു. രാമമംഗലം പെരുംതൃക്കോവിലിലെ ഓവുതാങ്ങിയുടെ അവസ്ഥയിലെത്തി, ഉമ്മൻചാണ്ടി.
ആന്റണി ഗ്രൂപ്പിനെ പ്രതിനിധാനം ചെയ്തു് മന്ത്രിമാരായവർ കെ. ശങ്കരൻനാരായണൻ, എം. എം. ഹസ്സൻ, ഡോ. എം. എ. കുട്ടപ്പൻ എന്നിവർ. ഇവരിൽ ഹസ്സൻ മാത്രം ഒറിജിനിൽ ‘എ’ ഗ്രൂപ്പുകാരൻ. മറ്റിരുവരും ഓരോ കാലത്തു് കരുണാകരനു മായി തെറ്റി ഗ്രൂപ്പുമാറിവന്നവർ. ആന്റണിയുടെ മുൻകാല വിശ്വസ്തർ—ആര്യാടൻ, വിശ്വനാഥൻ, തിരുവഞ്ചൂർ—ഹതാശരായി.
കരുണാകരൻ പാരപണി തുടരുമ്പോൾത്തന്നെ മുഖ്യമന്ത്രിയും കെ. പി. സി. സി. പ്രസിഡന്റും ഒറ്റക്കരളായി. ആന്റണി സ്ഥാനത്തും അസ്ഥാനത്തുമൊക്കെ മുരളീധരനെ പ്രശംസിച്ചു, മുരളിയുടെ വളർച്ചയും മുഖ്യനുമായുള്ള അടുപ്പവും ഉമ്മൻചാണ്ടി യെ ചകിതനാക്കി. അദ്ദേഹം ആര്യാടനാദികളുമായി നിത്യസമ്പർക്കം പുലർത്തി. മുരളിയുടെ ചിറകരിയാൻ പുതിയ തന്ത്രങ്ങൾ മെനഞ്ഞു.
ഏതായാലും ആന്റണി-മുരളി ഐക്യം 2003 ഏപ്രിൽവരെയേ നീണ്ടുള്ളു. രാജ്യസഭാ സ്ഥാനാർഥിനിർണയത്തിൽ അവർ തമ്മിൽ തെറ്റി. കരുണാകരൻ കോടോത്ത് ഗോവിന്ദൻ നായരെ റെബലാക്കിനിറുത്തി. തക്കസമയത്തു് കുഞ്ഞാലിക്കുട്ടി ഉണർന്നു പ്രവർത്തിച്ചതുകൊണ്ടു് ആറു് എം. എൽ. എ.-മാരെ അടർത്തിയെടുത്തു് തെന്നല യുടെ വിജയം ഉറപ്പാക്കാൻ ആന്റണി ക്കു സാധിച്ചു.
മുരളിയെ അധ്യക്ഷപദത്തിൽനിന്നു നീക്കണം കരുണാകരനും കൂട്ടർക്കുമെതിരെ നടപടിയെടുക്കണമെന്നു് മലയാളമനോരമ ഉപദേശിച്ചു. ആന്റണി പക്ഷേ, അച്ചടക്കനടപടിക്കു് എതിരായിരുന്നു. ഹൈക്കമാന്റ് അനങ്ങിയില്ല. അതോടെ കരുണാകരനു് വാശികൂടി. എറണാകുളം ഉപതെരഞ്ഞെടുപ്പിൽ കരുണാകരപക്ഷകാർ പരസ്യമായി ഇടതുസ്ഥാനാർഥിക്കു് വോട്ടിപിടിച്ചു. പിന്നാലെ വമ്പിച്ച ശക്തിപ്രകടനം നടത്തി. ഹൈക്കമാന്റിനെ വെല്ലുവിളിച്ചു. കരുണാകരപക്ഷക്കാർ പുതിയ പാർട്ടി പ്രഖ്യാപിക്കുന്നതിന്റെ വക്കുവരെയെത്തി.
ആന്റണി പിന്നെയും സമാധാനത്തിനും സമവായത്തിനും പരിശ്രമിച്ചു. മുരളീധരനെ മന്ത്രിയാക്കി. കരുണാകരനെ രാജ്യസഭയിലേക്കയച്ചു. പത്മജ ക്കു് ഏറ്റവും ഉറച്ച മുകുന്ദപുരം പാർലമെന്റ് സീറ്റും നൽകി. ഉമ്മൻചാണ്ടി യും കൂട്ടരും തികച്ചും കുപിതരായി. മനോരമക്കും മനസ്താപമുണ്ടായി.
2004 മേയിൽ നടന്ന തെരഞ്ഞെടുപ്പു് ഉമ്മൻചാണ്ടി ക്കു് ആഹ്ലാദം പകർന്നു. മുരളി യും പത്മജ യും മാത്രമല്ല, രമേശ് ചെന്നിത്തല യും വി. എം. സുധീരനും വരെ തോറ്റു. കരുണാകരപക്ഷക്കാർ നിലംപരിശായി. ആന്റണി ക്കു് മുഖം നഷ്ടപ്പെട്ടു. മഞ്ചേരി പോയ ലീഗും മുവാറ്റുപുഴ നഷ്ടപ്പെട്ട മാണിയും അസംതൃപ്തർ. ബാലകൃഷ്ണപിള്ള യും ടി. എം. ജേക്കബും പണ്ടേ ആന്റണി ക്കെതിരാണു്. ആദർശധീരൻ തുടരണമെന്ന നിർബന്ധമൊന്നും ഗൗരിയമ്മ ക്കും ഉണ്ടായിരുന്നില്ല. നേതൃമാറ്റം ആസന്നം. കുഞ്ഞാലിക്കുട്ടി മുന്നിൽനിന്നും ഉമ്മൻചാണ്ടി പിന്നിൽ നിന്നും കുത്തി. 2004 ആഗസ്റ്റ് 29-ന്റെ സായംസന്ധ്യയിൽ ആന്റണി രാജികൊടുത്തു.
മുഖ്യമന്ത്രി സ്ഥാനത്തേക്കു് വക്കം പുരുഷോത്തമൻ ഒരുകൈ നോക്കിയെങ്കിലും ഫലിച്ചില്ല. ഭൂരിപക്ഷം എം. എൽ. എ.-മാരും കുഞ്ഞൂഞ്ഞിനെ തുണച്ചു. അങ്ങനെ ഉദ്ദേശിച്ചതിലും പതിറ്റാണ്ടുവൈകി ഉമ്മൻചാണ്ടി മുഖ്യനായി. കരുത്തും, ആജ്ഞാശക്തിയും പ്രകടിപ്പിക്കാനുള്ള ശ്രമം ആദ്യം മുതലേ വ്യക്തമായിരുന്നു. കടവൂർ ശിവദാസനെ യും കെ. വി. തോമസി നെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന ആന്റണി യുടെ അഭ്യർഥന നിരാകരിച്ചു. മതമേലധ്യക്ഷന്മാരുടെവരെ ഇംഗിതത്തിനെതിരായി ബാലകൃഷ്ണപ്പിള്ള യെയും ടി. എം. ജേക്കബി നെയും മന്ത്രിമാരാക്കാൻ വിസമ്മതിച്ചു. കരുണാകരന്റെ ഇഷ്ടാനിഷ്ടങ്ങൾ മാനിക്കാതെ ‘ഐ’ ഗ്രൂപ്പിൽനിന്നുള്ള മന്ത്രിമാരെ നിശ്ചയിച്ചു.
മുമ്പു മൂന്നുതവണ മന്ത്രിയായിരുന്നു കഴിവുതെളിയിച്ചിട്ടുള്ളയാളാണു് ഉമ്മൻചാണ്ടി. മുഖ്യമന്ത്രിയായപ്പോൾ അതിയാൻ തൊട്ടതൊക്കെ പിഴച്ചു. മദ്യനയം, ലോട്ടറി നിരോധനം, റജീന, സുനാമി സൂര്യനെല്ലി, ഹവാല, നരേന്ദ്രൻ റിപ്പോർട്ട്—ആകക്കൂടി കുഴപ്പങ്ങളുടെ കുംഭമാസം. ആന്റണി യുടെ ശാപമാകാനേ തരമുള്ളു—കുഞ്ഞാലിക്കുട്ടി അപമാനിതനായി പടിയിറങ്ങി. പിന്നാലെ ഹൈക്കോടതിയുടെ വിമർശശരം തറച്ചു് കെ. പി. വിശ്വാനാഥൻ. ഏറ്റവുമൊടുവിൽ ലോകയുക്തയുടെ ചക്രായുധമേറ്റു് കെ. കെ. രാമചന്ദ്രൻ.
കരികാല ചോളൻ മുതൽ കരിങ്കാലി കരുണാകരൻ വരെ പല പുംഗനവന്മാരും ഈ ഭാർഗവാക്ഷേത്രത്തിൽ ഭരണം കൈയാളിയിട്ടുണ്ടു്. എന്നാൽ കേരളം കണ്ട എക്കാലത്തെയും ഏറ്റവും വഷളൻ മുഖ്യമന്ത്രി ആരെന്നു് ചോദിച്ചാൽ നിർമൽസരബുദ്ധികളായ ആരും ഉമ്മൻചാണ്ടി എന്നുത്തരം പറയും.
കുഞ്ഞാലിക്കുട്ടി തിരായ ലൈംഗികാപവാദം കൈകാര്യം ചെയ്തരീതി മാത്രംമതി കുഞ്ഞൂഞ്ഞിന്റെ അപ്രാഗല്ഭ്യം തെളിയിക്കാൻ. റജീനയുടെ വെളിപ്പെടുത്തലുണ്ടായി 48 മണിക്കൂറിനകം, ഏറ്റവും കൂടിയതു് ഒരാഴ്ചക്കകം വ്യവസായമന്ത്രിയുടെ രാജിവാങ്ങിയിരുന്നെങ്കിൽ പ്രശ്നം ആറിത്തണുത്തുപോയേനെ. അതിനുപകരം പത്രക്കാരെ തല്ലിയൊതുക്കാനാണു് മുഖ്യന്റെ പൊലീസ് തുനിഞ്ഞതു്. പ്രശ്നം നാൾക്കുനാൾ വഷളായി നാട്ടുകാരൊന്നടങ്കം എതിരായി. രണ്ടുമാസം കഴിഞ്ഞു് കുഞ്ഞാലി രാജിവെക്കുമ്പോഴേക്കും മന്ത്രിസഭയുടെ പ്രതിച്ഛായ തകർന്നു തരിപ്പണമായിരുന്നു.
അഴിമതിയുടെ പൂക്കാലമായിരുന്നു ഉമ്മൻഭരണകാലം. പൊലീസ്, എക്സൈസ്, നികുതി, വനം, റവന്യൂ, ആരോഗ്യവകുപ്പുകളെക്കുറിച്ചു് പരാതികൾ പെരുകി. മന്ത്രിമാരായ ശക്തൻ നാടാർ ക്കും വക്കം പുരുഷോത്തമനു മെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നു. പിച്ച ബഷീർ കാലഘട്ടം ഇതിലുമെത്ര ഭേദം എന്നു് നീരീക്ഷകർ അദ്ഭുതം കൂറി. എസ്. എസ്. എൽ. സി ചോദ്യക്കടലാസു ചോർച്ചപോലുള്ള പുതുമയാർന്ന സംഭവങ്ങൾ കാണാനും മലയാളികൾക്കു ഭാഗ്യം സിദ്ധിച്ചു.
സർക്കാറിനു ജനപിന്തുണയേയില്ലെന്നു് പഞ്ചായത്ത്-മുനിസിപ്പൽ തെരഞ്ഞെടുപ്പുകൾ തെളിയിച്ചു. ബി. ജെ. പി. വോട്ടുകൾ മൊത്തമായി വാങ്ങിയിട്ടും തിരുവനന്തപുരം ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി പരാജിതനായി. പി. കെ. വി.യേക്കാൾ കൂടിയ ഭൂരിപക്ഷത്തോടെ പന്ന്യൻ രവീന്ദ്രൻ ജയിച്ചു.
കരുണാകരപക്ഷത്തോടു് തികഞ്ഞ അസഹിഷ്ണുത പുലർത്തിയിരുന്ന ഉമ്മൻചാണ്ടി യായിരുന്നു കോൺഗ്രസ് പിളർപ്പിന്റെ പ്രധാന ശിൽപികളിൽ ഒരാൾ. ലീഡറുടെ നോമിനികൾ ആരെയും മന്ത്രിയാക്കിയില്ല. മുരളി യെ മുന്നണി കൺവീനറുമാക്കിയില്ല. അച്ഛനും മകനും ഉറഞ്ഞുതുള്ളിയപ്പോൾ അച്ചടക്കത്തിന്റെ വാൾവീശി.
പാർട്ടി പിളർന്നേ മതിയാകു എന്ന വാശി രണ്ടുപേർക്കേയുണ്ടായിരുന്നുള്ളു—ഉമ്മൻചാണ്ടി ക്കും മുരളി ക്കും. മാർക്സിസ്റ്റുകാരുടെ കൂടെച്ചേർന്നു് സ്വർഗരാജ്യം പണിയാമെന്നു് ചിന്ന ലീഡർ കണക്കുകൂട്ടി. പിന്നിടു് ഏതെങ്കിലും കാലത്തു് മൂപ്പനാരുടെ മകൻ വാസനെപ്പോലെ തിരിച്ചുവരുകയുമാകാം. കുഞ്ഞൂഞ്ഞിന്റെ കണക്കുകൂട്ടൽ മറ്റൊരു വിധമായിരുന്നു: മാർക്സിസ്റ്റുകാർക്കൊപ്പം പോകാൻ യഥാർഥകോൺഗ്രസുകാർ കൂട്ടാക്കില്ല അവസാനം കടന്നപ്പള്ളി യുടെയും ഷൺമുഖദാസി ന്റെയും ഗതിവരും മുരളി ക്കും കൂട്ടർക്കും.
ഡി. ഐ. സി.(കെ)ക്കു് ഇടതുമുന്നണിയിൽ ഇടം കിട്ടാതെ വന്നപ്പോൾ ഉമ്മൻചാണ്ടി ക്കു് ആഹ്ലാദിക്കാൻ അവസരം കിട്ടി. പക്ഷേ, മുസ്ലിംലീഗ് ഇടനിലനിന്നു് കരുണാകരാദികളെ ഐ. ജ. മുന്നണിയിൽ തിരികെ കൊണ്ടുവന്നപ്പോൾ ചിരിമാഞ്ഞു. ഉമ്മൻ കോൺഗ്രസിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു. മുന്നണിയുടെ പരാജയകാരണങ്ങളിൽ ഒന്നു് ഡി. ഐ. സി. ബാന്ധവമായിരുന്നു.
കരുണാകരപക്ഷക്കാരോടു കാണിച്ച അതേ വൈരനിര്യാതനബുദ്ധി ഉറച്ച ആന്റണിഭക്തരോടും പ്രകടിപ്പിച്ചു. തലേക്കുന്നിൽ ബഷീറോ വി. എം. സുധീരനോ സ്ഥാനാർഥിത്വത്തിനു പരിഗണിക്കപ്പെട്ടില്ല. ജയ സാധ്യത കുറവാണെന്നുപറഞ്ഞു് എം. എം. ഹസ്സനെ തഴഞ്ഞു. ഒരുകാരണവും പറയാതെ എം. എ. കുട്ടപ്പനെ യും (രണ്ടിടത്തും പകരം സ്ഥാനാർഥികൾ ഡീസന്റായി തോറ്റു). കെ. മുഹമ്മദാലി ക്കും ബി. വിജയകുമാറിനും സീറ്റുകിട്ടിയെങ്കിലും കോൺഗ്രസുകാരുടെതന്നെ വാരലിൽ കാലിടറി വീണു. ശങ്കരനാരായണൻ ബുദ്ധിപൂർവം മൽസരരംഗത്തുനിന്നു് മാറിനിന്നു. കുഞ്ഞൂഞ്ഞിന്റെ കളി തീരെയും നടക്കാത്ത ഒരാളുണ്ടെങ്കിൽ അതു പ്രൊഫ. കെ. വി. തോമസാ ണു്. ഹൈക്കമാൻഡിനെ നേരിട്ടു പിടിച്ചു് സീറ്റുതരപ്പെടുത്തി, ഖദർധാരികളുടെ സകലകുതന്ത്രങ്ങളും മറികടന്നു് ജയിച്ചുകേറി.
തെരഞ്ഞെടുപ്പു ഫലം ഒട്ടും അപ്രതീക്ഷിതമായിരുന്നില്ല. കോൺഗ്രസിന്റെ സീറ്റുകൾ 63-ൽ നിന്നു് 23 ആയി കുറഞ്ഞു. കാസർകോട്, കോഴിക്കോട്, വയനാട്, ഇടുക്കി, കൊല്ലം ജില്ലകളിൽ അഹിംസാ പാർട്ടിക്കാരാരും നിലംതൊട്ടില്ല. കോട്ടയം ജില്ലയിൽനിന്നു് തന്നെക്കൂടാതെ മറ്റൊരു കോൺഗ്രസുകാരനെ ജയിപ്പിച്ചെടുക്കാൻ ഉമ്മൻചാണ്ടി ക്കു കഴിഞ്ഞില്ല. എൻ. എസ്. എസിന്റെ പിന്തുണയാൽ (വെള്ളാപ്പള്ളി യുടെ എതിർപ്പുകൊണ്ടും) ആലപ്പുഴ പത്തനംതിട്ട ജില്ലകളിൽ സാമാന്യം വിജയമുണ്ടായി. തിരുവനന്തപുരം ജില്ലയിൽ സി. പി. എമ്മിലെ തമ്മിലടി മൂലം വർക്കലയും കഴക്കൂട്ടവും കിട്ടി. നീലൻ റെബലായിനിന്നതുകൊണ്ടു് കോവളവും, പിന്നെ എല്ലാം കരുത്തൻമാരുടെ ഒറ്റപ്പെട്ട ജയങ്ങൾ—എൻ. ശക്തൻ, ജി. കാർത്തികേയൻ, കെ. വി. തോമസ്, കെ. ബാബു, വി. ഡി. സതീശൻ, തേറമ്പിൽ രാമകൃഷ്ണൻ, ടി. എൻ. പ്രതാപൻ, കെ. അച്യുതൻ, സി. പി. മുഹമ്മദ്, എ. പി. അനിൽകുമാർ, ആര്യാടൻ മുഹമ്മദ്, കെ. സി. ജോസഫ്.
പരാജയത്തിനിടയിലും ഉമ്മൻചാണ്ടി ക്കു് സന്തോഷിക്കാൻ ഏറെയുണ്ടായിരുന്നു. ഏറ്റവും പ്രധാനം ഡി. ഐ. സി.-യുടെ ദയനീയപരാജയം. മൽസരിച്ച 18 സീറ്റിൽ പതിനേഴും തോറ്റു. മുരളീധരനും ഗംഗാധരനും ശോഭന യും ശങ്കരനും സുഗതനുമൊക്കെ പരാജിതരായി. മാലേത്തു സരളാദേവി ക്കു് ജാമ്യസംഖ്യപോലും നഷ്ടമായി. കരുണാകരന്റെ കരങ്ങൾക്കു് ശക്തികൂട്ടാൻ ചെന്ന ടി. എം. ജേക്കബി നും കനത്തതിരിച്ചടികിട്ടി.
മാണിഗ്രൂപ്പ് ഒഴികെയുള്ള ഘടകകക്ഷികൾക്കും വലിയ ക്ഷതം സംഭവിച്ചു. ഗൗരിയമ്മ, ബാലകൃഷ്ണപിള്ള, എം. വി. രാഘവൻ മുതലായ വൻമരങ്ങൾ കടപുഴകി. ചെറു ഘടകകക്ഷികൾക്കു് ഇനിയങ്ങോട്ടു് പ്രസക്തിയില്ല, പ്രാധാന്യവുമില്ല. ഒന്നുകിൽ കോൺഗ്രസിൽ ലയിക്കാം അല്ലെങ്കിൽ കാടിവെള്ളം കുടിച്ചു് യു. ഡി. എഫിന്റെ കോലയിൽ കിടക്കാം.
ചെറുഘടകകക്ഷികൾക്കും മന്ത്രിസ്ഥാനം എന്ന 1967 മുതൽ പിന്തുടർന്നിരുന്ന സനാതന സിദ്ധാന്തം 2004-ൽ തിരുത്തിയെഴുതിയ ധീരനാണു് ഉമ്മൻചാണ്ടി. ഇടതുമുന്നണിയിൽ എൻ. സി. പി., കേരള കോൺഗ്രസ് (സെക്കുലർ), കോൺഗ്രസ്-എസ് കക്ഷികൾക്കു കിട്ടുന്ന പരിഗണനയേ മേലിൽ ഐ. ജ. മുന്നണിയിൽ ആർ. എസ്. പി. ഗ്രൂപ്പുകളും, പിള്ള, ജേക്കബ് വിഭാഗം കേരള കോൺഗ്രസുകളും സി. എം. പി.-യും പ്രതിക്ഷക്കേണ്ടതുള്ളു.
ആദ്യം കരുണാകരന്റെ യും പിന്നെ ആന്റണി യുടെയും തോളിലിരുന്നു ചെവിതിന്ന മുസ്ലിംലിഗീനു് അർഹമായ ശിക്ഷ ജനങ്ങൾ നൽകി. പാണക്കാട്ടുനിന്നുള്ള അരുളപ്പാട് ഏറനാടൻ മാപ്പിളമാർ തള്ളി. പാണ്ടിക്കടവത്തെ വിനീതൻ പുലിയല്ല ഊറാമ്പുലിയാണെന്നു തെളിഞ്ഞു. മുസ്ലിംലീഗീന്റെ അപ്രമാദിത്വം അവസാനിച്ചു. വിലപേശൽ ശക്തി നന്നേ കുറഞ്ഞു. ആദ്യം കിട്ടിയ അവസരത്തിൽത്തന്നെ ഉമ്മൻചാണ്ടി സമദാനിയുടെ രാജ്യസഭാ സീറ്റെടുത്തു് പി. ജെ. കുര്യനു കൊടുത്തു. മാറാട് അന്വേഷണ റിപ്പോർട്ടിനുശേഷം ലീഗിന്റെ പ്രതിച്ഛായ പിന്നെയും മങ്ങി. തിരുവമ്പാടി ഉപതെരഞ്ഞെടുപ്പു ഫലം പുറത്തുവരുന്നതോടെ സംഗതി പിന്നെയും വഷളാകും. സമീപഭാവിയിലൊന്നും ലീഗുകാർക്കു് കോൺഗ്രസിനെ ബ്ലാക്ക്മെയിൽ ചെയ്തു കാര്യം നടത്താനാവില്ല.
ഡി. ഐ. സി. (കെ) ഉമ്മൻചാണ്ടി ആഗ്രഹിച്ചവിധം നാമാവിശേഷമായി. പി. ശങ്കരനും ഡി. സുഗതനും വി. ബാലറാമും ശോഭനാജോർജു മൊക്കെ മാതൃസംഘടനയിൽ നിരുപാധികം ലയിച്ചു. അച്ഛനും മകനും ഏതാനും സിൽബന്തികളുമൊത്തു് എൻ. സി. പി.-യിൽ ലയിക്കുന്നു. ഇടതുമുന്നണിയിൽ രാഷ്ട്രീയാഭയം കിട്ടിയാൽപോലും കടന്നപ്പള്ളി യുടെയും ഷൺമുഖദാസി ന്റെയും വിധിയാണു് അവരെ കാത്തിരിക്കുന്നതു്.
ആന്റണി യും വയലാർ രവി യും ദേശീയനേതാക്കളായി വടക്കോട്ടുപോയി. വക്കം പുരുഷോത്തമനും ശങ്കരണനാരായണനും മിക്കവാറും ഷെഡിൽ കയറി. പി. സി. ചാക്കോ കേന്ദനേതൃത്വത്തിനു് തികച്ചും അനഭിമതൻ. വി. എം. സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും ജി. കാർത്തികേയനു മൊക്കെ നിറംമങ്ങി. കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ പരമോന്നത നേതാവു് ഉമ്മൻചാണ്ടി.
ഊർജസ്വലനാണു് ഉമ്മൻചാണ്ടി സദാകർത്തവ്യനിരതൻ, മികച്ച സംഘാടകൻ വിഭവസമാഹരമണത്തിൽ അദ്വീതിയൻ ഭരണപക്ഷത്തും പ്രതിപക്ഷത്തും ഒരുപോലെ ശോഭിക്കുന്ന നിയമസഭാ സാമാജികൻ. മെയ്യു് കണ്ണാക്കിയ അഭ്യാസി. കണ്ണോത്തെ കരുണാകരഗുരുക്കളെയും അറക്കപ്പറമ്പിലെ ആദർശധീരനെയുംവരെ മലർത്തിയടിച്ച പരാക്രമി.
സുസംഘടിതമായ ഗ്രൂപ്പും വിശ്വസ്തരായ സചിവരുമുണ്ടു് ഉമ്മൻചാണ്ടി ക്കു്. ആര്യാടൻ, വിശ്വാനാഥൻ, തിരുവഞ്ചൂർ, എം. മുരളി… അങ്ങനെ നീളുന്നു ആ പട്ടിക. കുഞ്ഞൂഞ്ഞിന്റെ ഇടംകൈയും വലംകൈയുമായി നിൽക്കുന്നവർ പി. ടി. തോമസ്, ബെന്നി ബെഹനാൻ. പിന്നിൽ പണസഞ്ചിയുമായി മുത്തൂറ്റുഗ്രൂപ്പു, മുന്നിൽ വഴികാട്ടാൻ മലയാളമനോരമ. ആശീർവദിച്ചയക്കാൻ നിതാന്തവന്ദ്യ ദിവ്യ മഹിമ ശ്രീ കാതോലിക്കാബാവ തിരുമേനി.
കരുണാകരനെപ്പോലെ സർവസമുദായ പ്രീണനത്തിൽ വിശ്വസിക്കുന്നയാളല്ല ഉമ്മൻചാണ്ടി. ആന്റണി ക്കുള്ള മതേതര പ്രതിച്ഛായയുമില്ല. എനിക്കു് എന്റെ സമുദായം എന്റെ സമുദായത്തിനു് ഞാൻ പി. ടി. ചാക്കോ ക്കുശേഷം ക്രൈസ്തവമുദ്ര ഇത്ര ആഴത്തിൽ പതിഞ്ഞ മറ്റൊരു നേതാവു് കോൺഗ്രസ് പാർട്ടിയിൽ ഉണ്ടായിട്ടില്ല. സ്വഭാവികമായും ഹിന്ദു-മുസ്ലിം മതസ്ഥർ കുഞ്ഞൂഞ്ഞിനെ സംശയദൃഷ്ടിയോടെയാണു് വീക്ഷിക്കുന്നതു്. ഉമ്മൻകോൺഗ്രസ് എന്ന കരുണാകരന്റെ കുത്തുവാക്കിലുമുണ്ടു് പ്രകടമായ വർഗീയ ധ്വനി.
എന്നാൽ കേരളത്തിലെ ക്രിസ്ത്യാനികൾക്കു ഒന്നടങ്കം സ്വീകാര്യനാണോ ഉമ്മൻചാണ്ടി? അല്ല എന്നാണു് ഉത്തരം. സമ്പത്തും സംഘടനാബലവും സ്വാധീനവും കൊണ്ടു് മുന്നിൽ നിൽക്കുന്നതു് സിറിയൻ കത്തോലിക്കരാണു്. അവരിൽ ഒരുപങ്കു് (കോതമംഗലം, പാലാ, കാഞ്ഞിരപ്പള്ളി, ഇടുക്കി, ചങ്ങനാശ്ശേരി രൂപതകൾ) പണ്ടേ കേരള കോൺഗ്രസാണു്. ശേഷിച്ചവർക്കു പോലും ശീശ്മക്കാരൻ ഉമ്മൻചാണ്ടി യോടു പ്രിയമല്ല. ഒളവണ്ണയിൽ കന്യാസ്ത്രീകളെ ആക്രമിച്ച സംഭവത്തിലും ചാലക്കുടിയിൽ ഫാ. ജോബ് ചിറ്റിലപ്പിള്ളി വധക്കേസിലുമൊക്കെ ഉമ്മൻചാണ്ടി ശക്തമായ നിലപാടു് സ്വീകരിച്ചില്ലെന്നു് കത്തോലിക്കാ സമുദായ നേതൃത്വത്തിനു് പരാതിയുണ്ടു്.
സിറിയൻ കത്തോലിക്കരെപ്പോലെയല്ല, ദരിദ്രരും നേർബുദ്ധികളും ജന്മനാ കോൺഗ്രസുകാരുമാണു് ലത്തീൻ കത്തോലിക്കർ. വേളാങ്കണ്ണി മാതാവു കഴിഞ്ഞാൽ ഇന്ദിരാഗാന്ധി; നമ്മുടെ ചിഹ്നം കൈപ്പത്തി. ഉമ്മൻചാണ്ടി യുടെ ഭരണകാലത്തു് അവർപോലും തെറ്റി. നെയ്യാറ്റിൻകര മെത്രാനരമന ആക്രമിച്ച കേസിൽ പ്രതികളെ രക്ഷിക്കാൻ മുഖ്യമന്ത്രി ഇടപെട്ടു എന്നു് ആരോപണമുണ്ടായി. ബിഷപ്പ് സൂസപാക്യം പിണങ്ങി. കൊച്ചി മെത്രാന്റെ വിപ്രതിപത്തി ഡോമിനിക് പ്രസന്റെഷന്റെ പരാജയത്തിൽ കലാശിച്ചു.
മലങ്കരസഭയിലെ അന്ത്യോഖ്യാപക്ഷക്കാർക്കു് അന്തിക്രിസ്തുവാണു് ഉമ്മൻചാണ്ടി. അടച്ചുപൂട്ടിയ പള്ളികൾ ആരാധനക്കായി തുറന്നുകിട്ടണം എന്നാണു് അവരുടെ ലളിതമായ ആവശ്യം. പരിശുദ്ധ പത്രോസ്ശ്ലീഹ നേരിട്ടു ശ്രമിച്ചാലും തീരാത്ത പ്രശ്നമാണെന്നുമാത്രം. ഉമ്മൻചാണ്ടി എതിർസഭക്കാരൻ അവനെ ക്രൂശിക്ക! ശ്രേഷ്ഠ കാതോലിക്കാ ബാവയുടെ വാക്കിനുവിലയുണ്ടായി. യാക്കോബായ മേഖലയിലെമ്പാടും ചെങ്കൊടി പാറി. പെരുമ്പാവൂർ, കുന്നത്തുനാട്, പിറവം കോതമംഗലം, മൂവാറ്റുപുഴ മണ്ഡാലങ്ങളൊക്കെ 1996-ലെ ഇടതുപക്ഷ തരംഗത്തിൽ യു. ഡി. എഫിനൊപ്പം നിന്നവയാണു്.
ഓർത്തഡോക്സ് മാർത്തോമ സി. എസ്. ഐ. വിഭാഗം ക്രിസ്ത്യാനികളാണു് ഉമ്മൻചാണ്ടി ക്കു് പിന്തുണക്കാർ ടി. എം. വർഗീസിനും സി. എം. സ്റ്റീഫനും എത്താൻ കഴിയാത്ത മുഖ്യമന്ത്രിപദത്തിൽ നമ്മുടെ കുഞ്ഞൂഞ്ഞു് കയറിയിരുന്നതിൽ അവർ അഭിമാനിക്കുന്നു.
1936 മുതൽക്കു് ഇന്നേ തീയതിവരെയും തിരുവിതാംകൂർ-കൊച്ചി ഭാഗത്തു് ക്രിസ്ത്യാനികളുടെ പാർട്ടിയാണു് കോൺഗ്രസ്. പട്ടം, പനമ്പിള്ളി, ശങ്കർ, കരുണാകരൻ മാരെയൊക്കെ കാലാകാലങ്ങളിൽ കൊണ്ടു നടന്നെന്നുമാത്രം. വിവിധ ക്രിസ്ത്യൻ സഭകളെ കൂട്ടിയോജിപ്പിച്ചുകൊണ്ടുപോകുന്നതിനാണു് ഉമ്മൻചാണ്ടി ശ്രമിക്കുന്നതു്. സ്വാശ്രയ വിദ്യാഭ്യാസ നിയമം, മുരിങ്ങൂർ ധ്യാനകേന്ദ്രം എന്നിങ്ങനെ ചൂണ്ടകൾ മാറിമാറി ഉപയോഗിക്കുന്നു.
ഗ്രൂപ്പുകളസ്തമിച്ചു, ഉമ്മൻചാണ്ടി ഏകച്ഛത്രാധിപത്യം വഹിക്കുന്ന പുതിയ കോൺഗ്രസ്. ഈ അവസ്ഥ എത്രനാൾ തുടരും? ഗ്രൂപ്പില്ലാത്ത കോൺഗ്രസ് ഉപ്പു ചേർക്കാത്ത കറിപോലെ അരുചികരവും അയ്യനേത്തിന്റെ നോവലില്ലാത്ത കേരള ശബ്ദം ആഴ്ചപ്പതിപ്പുപോലെ അനാകർഷകവും ആയിരിക്കുമെന്നു് നിഷ്പക്ഷമതികൾ ഒന്നടങ്കം സമ്മതിക്കും.
കെ. ശങ്കരനാരായണൻ മുതൽ എം. എ. ചന്ദ്രശേഖരൻ വരെയും സി. വി. പത്മരാജൻ മുതൽ സാവിത്രി ലക്ഷമണൻ വരെയുമുള്ള പഴയ കരുണാകരൻ ഗ്രൂപ്പുകാർ സംഘടിക്കുക എന്നതാണു് ഒരു സാധ്യത. അവരിൽ നല്ലൊരുപങ്കു് ജനസ്വാധീനമോ നേതൃഗുണമോ ഇല്ലാത്ത ഏഴാംകൂലികളാണു്. ഉമ്മൻചാണ്ടി യെ അംഗീകരിക്കാത്ത തനി ആന്റണിഗ്രൂപ്പുകാർ കലാപം ചെയ്യുക എന്നതാണു് ഒരു സാധ്യത. വി. എം. സുധീരൻ, എം. എം. ഹസ്സൻ, എം. എ. കുട്ടപ്പൻ, തലേക്കുന്നിൽ ബഷീർ എന്നിവരൊക്കെ നല്ല യോദ്ധക്കളാണു്. മികച്ച പടനായകരല്ല. കുഞ്ഞൂഞ്ഞിനെതിരായ കലാപം തങ്കച്ചൻ അനുവദിക്കുകയുമില്ല.
എൻ. എ. എസിന്റെ സമ്പൂർണ പിന്തുണയോടെ മുന്നേറുന്ന രമേശ് ചെന്നിത്തല യിലാണു് ഇനി നമ്മുടെ പ്രതീക്ഷ. കരുണാകരന്റെ കളരിയിൽ കച്ചകെട്ടി പയറ്റുപഠിച്ചവൻ. ചെറുപ്രായത്തിൽ എം. എൽ. എ. ആയി, മന്ത്രിയായി, എം. പി.-യായി, എ. ഐ. സി. സി. സെക്രട്ടറിയായി, കെ. പി. സി. സി. പ്രസിഡന്റുപദത്തിലെത്തിയ ദേഹം. കോട്ടയമാണു് ലോകത്തിന്റെ നടുമധ്യം എന്നു കരുതുന്ന ഉമ്മൻചാണ്ടി യെപ്പോലല്ല; ദൽഹിയിൽ ശക്തരായ മിത്രങ്ങളുണ്ടു്. ഇംഗ്ലീഷും ഹിന്ദിയും പച്ചവെള്ളംപോലെ സംസാരിക്കും. തന്ത്രശാലിയാണു് നാരായണപ്പണിക്കരുടെയും സുകുമാരൻ നായരുടെയും കണ്ണിലുണ്ണി.
തിരു-കൊച്ചി ഭാഗത്തിപ്പോൾ ക്രിസ്ത്യാനികളുടേതിനേക്കാൾ നായൻമാരുടെ പാർട്ടിയാണു് കോൺഗ്രസ്. തിരുവനന്തപുരം മുതൽ തൃശൂർവരെയുള്ള എട്ടുജില്ലകളിൽനിന്നായി 18 കോൺഗ്രസ് എം. എൽ. എ.-മാർ. അവരിൽ പകുതിപ്പേർ നായന്മാർ, ക്രിസ്ത്യാനികൾ നാലുപേർ, അവരിൽ സുറിയാനി വിഭാഗത്തിൽനിന്നു് ഉമ്മൻചാണ്ടി മാത്രം. നായന്മാരെ മൊത്തം തോൽപിക്കും എന്നു് വെള്ളാപ്പള്ളി നടേശൻ ഉഗ്രപ്രതിജ്ഞയെടുത്ത ആലപ്പുഴ ജില്ലയിൽ കോൺഗ്രസിൽനിന്നു് നായന്മാർ മാത്രമേ ജയിച്ചുള്ളു. മറുവശത്തു് നടേശഗുരു കൈമെയ് മറന്നു് പിന്തുണച്ച ഈഴവ സ്ഥാനാർഥികൾ തോൽക്കുകയും ചെയ്തു. നായരീഴവ വൈരം വിജയിപ്പൂതാക!
1995-ലെ നേതൃമാറ്റ പ്രശ്നത്തിൽ കരുണാകരനൊ പ്പം ഉറച്ചുനിന്നയാളാണു് പണിക്കരദ്ദേഹം. ഉമ്മൻചാണ്ടി യോടു് യാതൊരു വൈരാഗ്യവുമില്ല. എൻ. എസ്. എസിനു് നരേന്ദ്രൻ കമിഷൻ റിപ്പോർട്ട് തങ്ങൾക്കു കൂടി ബോധ്യമായ രീതിയിൽ നടപ്പിൽ വരുത്തിയതിനു കടപ്പാടുണ്ടുതാനും. എന്നാലും രമേശാണു് പണിക്കരുടെ വാൽസല്യഭാജനം; മുഖ്യമന്ത്രിപദത്തിലേക്കുള്ള നായർ സ്ഥാനാർത്ഥി ഉമ്മൻചാണ്ടി യുടെ നേതൃത്വത്തെ വെല്ലുവിളിക്കാൻ രമേശ് ചെന്നിത്തല ശക്തനാകുംവരെ കോൺഗ്രസിൽ സമാധാനകാലം. ആ നല്ല നാളെക്കുവേണ്ടി കാത്തിരിക്കാം. ജയ്ഹിന്ദ്! ജയ് കോൺഗ്രസ്!!
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.