ചിക്കുൻഗുനിയയെന്നു് മുഖ്യമന്ത്രി അച്യുതാനന്ദനും അല്ലെന്നു് ആരോഗ്യമന്ത്രി ശ്രീമതി ടീച്ചറും ആണയിട്ടു പറഞ്ഞ ഒരിനം പകർച്ചപ്പനിയാൽ മനുഷ്യർ ഈയാംപാറ്റകളെപ്പോലെ പിടഞ്ഞുമരിക്കുന്ന കാലം. കൃത്യമായി പറഞ്ഞാൽ 2006 സെപ്റ്റംബർ 30-ാം തീയതി ശനിയാഴ്ച. സമയം സായംസന്ധ്യ. സ്ഥലം ചേർത്തല. മാർക്സിസ്റ്റു ശക്തികേന്ദ്രം, പകർച്ചപ്പനിയുടെ ആഗോള തലസ്ഥാനം.
ആ സുന്ദരസായന്തനത്തിൽ ചിക്കുൻഗുനിയക്കെതിരെ ഡി. വൈ. എഫ്. ഐ. പ്രവർത്തകർ മനുഷ്യച്ചങ്ങല തീർത്തു. കൊതുകിനും വൈറസിനുമെതിരെ യുവജനശക്തി ഇരമ്പിയാർത്തു. ചേർത്തലപ്പട്ടണം മുദ്രവാക്യമുഖരിതമായി. ആവേശം അണമുറിഞ്ഞൊഴുകി.
പകർച്ചപ്പനിക്കെതിരെ നടന്ന മനുഷ്യച്ചങ്ങല കണ്ടു് ബി. ജെ. പി.-ക്കാരും കോൺഗ്രസുകാരും സി. പി. ഐ.-ക്കാരുമൊക്കെ വാ പൊത്തിച്ചിരിച്ചു. ഡിഫിക്കാരുടെ ബുദ്ധിവൈഭവം അപാരം! പന്തം കൊളുത്തി പ്രകടനമായിരുന്നെങ്കിൽ ചൂടും പുകയുമേറ്റു് ഏതാനും കൊതുകെങ്കിലും ചത്തേനെ.
വാരിക്കുന്തമെടുത്തു് യന്ത്രത്തോക്കിനെ നേരിട്ട വയലാർ രക്തസാക്ഷികളുടെ പിൻതലമുറക്കാരാണു് ചേർത്തലയിലെ ഡിഫിപ്രവർത്തകർ. കൊതുകിനെയല്ല മദയാനയെ ഭയക്കാത്തവർ. വർഗശത്രുക്കളുടെയോ വർഗവഞ്ചകരുടെയോ പരിഹാസത്തിൽ പതറാത്തവർ. തുടിപ്പു നിങ്ങളിൽ നൂറ്റാണ്ടുകളുടെ ചരിത്രമെഴുതിയ ഹൃദയങ്ങൾ, കൊളുത്തി നിങ്ങൾ തലമുറതോറും കെടാത്ത കൈത്തിരി നാളങ്ങൾ!
മുദ്രാവാക്യംവിളി കേട്ടു ഭയന്നിട്ടോ എന്തോ, കൊതുകുകൾ ചേർത്തലത്താലൂക്കിൽ നിന്നു് പറന്നകന്നു. ഒക്ടൊബർ 10 ആകുമ്പോഴേക്കും പനി കെട്ടടങ്ങി. ഒക്ടോബർ 27-നു് വയലാർ രക്തസാക്ഷിദിനം. ചിക്കുൻഗുനിയ എന്ന പേരുപോലുമില്ല കേൾക്കാൻ. എങ്ങും കൊടിതോരണങ്ങൾ, മുദ്രാവാക്യങ്ങൾ മാത്രം.
മെയ് 28-നു് മലയാള മനോരമയുടെ പതിനാറാമതു് എഡിഷൻ ഉദ്ഘാടനം ചെയ്തതും പത്തനംതിട്ടയിൽ പകർച്ചപ്പനി പൊട്ടിപ്പുറപ്പെട്ടതും ഒപ്പം. ചിക്കുൻഗുനിയയെന്നു് ആരോഗ്യമന്ത്രിപോലും സമ്മതിച്ചു. പനിയെ നേരിടാൻ മുഖ്യമന്ത്രി പട്ടാളത്തെ വിളിച്ചു. ആരോഗ്യവകുപ്പിന്റെ കെടുകാര്യസ്ഥതയെയും മന്ത്രിയുടെ കഴിവുകേടിനെയും പറ്റിയുള്ള റിപ്പോർട്ടുകൾ പാറിനടന്നു.
പട്ടാള ഇടപെടലിലും മനോരമയുടെ കുപ്രചാരണത്തിലും പ്രതിഷേധിച്ചു് ഡി. വൈ. എഫ്. ഐ. പത്തനംതിട്ടയിൽ മനുഷ്യച്ചങ്ങല വെണ്ടെന്നു വെച്ചു. പനിയല്ല, മാധ്യമച്ചെറ്റത്തരമാണു് ചെറുത്തുതോൽപിക്കപ്പെടേണ്ടതെന്നു് സി. പി. എം. സംസ്ഥാന സെക്രട്ടറിയറ്റ് പത്രക്കുറിപ്പിറക്കി. കേരളപ്പിറവിക്കു മുമ്പും ശേഷവും പനിപിടിച്ചു് ആളുകൾ മരിച്ചിട്ടുണ്ടെന്നു് മന്ത്രി കോടിയേരി ബാലകൃഷ്ണൻ വെളിപ്പെടുത്തി. ഇനി പത്തനംതിട്ടക്കാരായി, അവരുടെ പാടായി.
സഖാവ് മമ്മൂട്ടിയുടെ മദിരാശി പ്രസംഗമുണ്ടാക്കിയ പുകിലും പുക്കാറും കെട്ടടങ്ങിയശേഷം അൽപമൊരു ആലസ്യത്തിലായിരുന്നു യുവജനസഖാക്കൾ. ചിക്കുൻഗുനിയ കൈവിട്ടുപോയി. മുമ്പാണെങ്കിൽ സ്വാശ്രയ കോളജുകൾക്കെതിരെ സമരം ചെയ്യാമായിരുന്നു. ഇനി അതും പറ്റില്ല. രൂപതാ നയക്കാരുമായി സമവായ ചർച്ച നടത്തുകയാണു് ബേബി സഖാവു്; ദേശാഭിമാനിയാണെങ്കിൽ വിതയത്തിൽ പിതാവിന്റെ ഇടയലേഖനത്തെ പ്രകീർത്തിച്ചു് മുഖപ്രസംഗം എഴുതുന്ന തിരക്കിലും. എന്തതിശയമേ, ദൈവത്തിൻ സ്നേഹം എത്ര മനോഹരമേ!
അലമ്പുണ്ടാക്കാൻ വിഷയമില്ലാതെ വിഷമിച്ചു വിഷാദിച്ചിരിക്കുമ്പോഴാണു് എം. ബി. രാജേഷിനു മുന്നിൽ ശ്രീ. ഗുരുവായൂരപ്പൻ പ്രത്യക്ഷനായതു്. സൗമ്യനും സ്നേഹസമ്പന്നനുമായ ചെറുപ്പക്കാരനാണു് രാജേഷ്. ഒന്നാംതരം തറവാടി. വള്ളുവനാട്ടുകാരൻ, കിരിയാത്തുനായർ. സിന്ധു ജോയി യുടെ പൊണ്ണത്തടിയില്ല. ശ്രീരാമകൃഷ്ണന്റെ നാട്യമോ സ്വരാജിന്റെ ധർഷ്ട്യമോ തരിമ്പുമില്ല. ശ്രീരാമകൃഷ്ണൻ ഒഴിയുമ്പോൾ ഡിഫിയുടെ സംസ്ഥാന സെക്രട്ടറിയാകണം, കൃഷ്ണദാസിനെ തഴയുമ്പോൾ പാർലമെന്റംഗമാകണം എന്നിങ്ങനെ ചെറിയ മോഹങ്ങളേയുള്ളൂ രാജേഷിനു്. പിണറായി സഖാവിന്റെ പിന്തുണയും ഗുരുവായൂരപ്പന്റെ അനുഗ്രഹവുമുണ്ടെങ്കിൽ രണ്ടും സാധിക്കാവുന്നതേയുള്ളൂ.
അങ്ങനെ ഗുരുവായൂർ സത്യഗ്രഹം നടത്താൻ ഡിഫി തീരുമാനമായി. സത്യഗ്രഹ സമരം കൊണ്ടുള്ള നേട്ടങ്ങൾ പലതാണു്. ഒന്നാമതായി പ്രവർത്തകരെ ആവേശഭരിതരാക്കാം. രണ്ടാമതു് മൂന്നാർ ദൗത്യം, ചിക്കുൻഗുനിയ, കടലാക്രമണം, ഗ്രൂപ്പുവഴക്കു്, മാധ്യമ സിൻഡിക്കേറ്റ് എന്നിവയിൽനിന്നൊക്കെ ജനശ്രദ്ധ തിരിക്കാം. മൂന്നാമതു് പുരോഗമനചിന്താഗതിക്കാരുടെയും മതനിരപേക്ഷതാ നാട്യക്കാരുടെയും പിന്തുണ ആർജിക്കാം. എല്ലാത്തിനുമുപരി പി. ശ്രീരാമകൃഷ്ണനു് രണ്ടാം കേളപ്പനും എം. ബി. രാജേഷിനു് രണ്ടാം എ. കെ. ജി.-യുമായി പേരെടുക്കാം.
എം. ബി. രാജേഷി നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ ഒരജണ്ട കൂടി കണ്ടേക്കാം. വയലാർ രവി യുടെ മകനുള്ള അയോഗ്യത രാജേഷിന്റെ മകൾക്കുമുണ്ടു്. മേഴ്സി രവി സിറിയൻ കത്തോലിക്കാ സമുദായാംഗമെങ്കിൽ നിനിത കണിച്ചേരി മുസ്ലീം നാമധാരിണി എന്ന വ്യത്യാസമേയുള്ളൂ. ഗുരുവായൂരമ്പലം അഹിന്ദുക്കൾക്കും സന്തതിപരമ്പരകൾക്കുമായി തുറന്നുകിട്ടുന്ന പക്ഷം കുട്ടിക്കു ചെങ്കൊടികൊണ്ടു് തുലാഭാരം നടത്താം.
രണ്ടാം ഗുരുവായൂർ സത്യഗ്രഹത്തിനു മുന്നോടിയായി ദേശാഭിമാനി വാരികയും ചിന്തയും ഒട്ടേറെ അച്ചടിമഷി പറ്റിച്ചു. എൻ. വി. പി. ഉണിത്തിരി, എം. ബി. രാജേഷ്, സ്വാമി ജ്ഞാനോദയൻ എന്നിവരാണു് ചിന്തയുടെ താളുകളെ ധന്യരാക്കിയ ചിന്തകർ. കൂടാതെ, ഒന്നാം ഗുരുവായൂർ സത്യഗ്രഹത്തെക്കുറിച്ചു് സഖാവ് വിഷ്ണു ഭാരതീയന്റെ ആത്മകഥയിൽനിന്നുള്ള ഭാഗങ്ങൾ പുനഃപ്രസിദ്ധീകരിച്ചിരിക്കുന്നു.
യാഗശാലകളിൽനിന്നും യജ്ഞശാലകളിൽനിന്നും ഹോമകുണ്ഡങ്ങളിൽനിന്നും വമിക്കുന്ന പുകപടലങ്ങളുടെ ഇരുട്ടിൽനിന്നു് ജനാധിപത്യ ആശയങ്ങളുടെ പ്രകാശ വഴികളിലൂടെ കേരളീയ സാമൂഹിക ജീവിതത്തെ മുന്നോട്ടുനയിക്കാൻ രണ്ടാം ഗുരുവായൂർ സത്യഗ്രഹം ഒരു തുടക്കമായിരിക്കും: രാജേഷ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. അതോടൊപ്പം ചരിത്രപരമായ ഒരു വെളിപ്പെടുത്തലും നടത്തിക്കാണുന്നു.; ഡി. വൈ. എഫ്. ഐ. വിശ്വാസികളല്ലാത്തവരുടെ മാത്രം സംഘടനയല്ല. സംഘടനയിലെ 46 ലക്ഷത്തിൽപരം അംഗങ്ങളിൽ ബഹുഭുരിപക്ഷവും വിവിധ വിശ്വാസങ്ങൾ വെച്ചുപുലർത്തുന്നവരാണു്.
ഡോ. സുകുമാർ അഴീക്കോട്, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, ഇയ്യങ്കോട് ശ്രീധരൻ എന്നീ പ്രഗല്ഭമതികളുടെ ലേഖനങ്ങളും കെ. പി. രാമനുണ്ണി യുമായി പി. പി. സത്യൻ നടത്തിയ അഭിമുഖവുമാണു് ദേശാഭിമാനി വാരികയിലുള്ളതു്. അഹിന്ദുക്കളെ ക്ഷേത്രത്തിലെന്നപോലെ അമുസ്ലീംകളെ പള്ളിയിലും കയറ്റണമെന്നു് രാമനുണ്ണി ശഠിക്കുന്നു. യാഥാസ്ഥിതികരായ പള്ളിക്കമ്മിറ്റിക്കാരെ ഖുർആനും ഹദീസും ഉദ്ധരിച്ചു് വിമർശിച്ചിട്ടുമുണ്ടു്.
സൈബർ യുഗത്തിന്റെ സകല സൗഭാഗ്യങ്ങളും അനുഭവിച്ചുകൊണ്ട് ശീതീകരിച്ച മുറിയിലിരുന്നു് ആധ്യാത്മികത വിളമ്പുന്ന കോമാളികളോടു് സഖാവു് ഇയ്യങ്കോടൻ ചോദിക്കുന്നു:
- കാലിൽ ആണിരോഗമുള്ളവരോടും ചെരിപ്പു് ധരിച്ചു് നാലമ്പലത്തിൽ കയറരുതെന്നു് നിങ്ങൾ സിദ്ധാന്തിക്കുന്നു. അതേസമയം പോത്തിന്റേയും പശുവിന്റേയും തോലിൽ പൊതിഞ്ഞ ചെണ്ടയും മദ്ദളവും ഇടയ്ക്കയും ശ്രീകോവിൽ വരെ എത്തുന്നു.
- പൊള്ളാച്ചിയിൽ നിന്നും ഉദുമലപേട്ടയിൽനിന്നും മുസ്ലീം സഹോദരന്മാർ നടത്തുന്ന പൂന്തോട്ടങ്ങളിൽനിന്നു്, അവർ തന്നെ ഇറുത്തെടുത്തുകൊണ്ടുവരുന്ന ടൺകണക്കിലുള്ള ജമന്തിയും ചെണ്ടുമല്ലിയും തുളസിയുമെല്ലാം പുണ്യാഹം തളിച്ചാണോ ക്ഷേത്രത്തിൽ സ്വീകരിക്കുന്നതു്?
- ആനക്കും നായക്കും പൂച്ചക്കും അമ്പലപ്രവേശനമാകാമെങ്കിൽ, അന്യമതത്തിൽ ജനിച്ചുപോയെന്ന അപരാധം ചുമത്തി ഗുരുവായൂർ ഭക്തനായ പൗരനെ ആട്ടിയോടിക്കുന്നതിന്റെ ന്യായമെന്തു്?
- അന്യമതസ്ഥരായ വിദഗ്ദ്ധന്മാർ നിർമിക്കുന്ന ജനറേറ്ററും മോട്ടോറും ക്ഷേത്രാവശ്യത്തിനു് ഉപയോഗിക്കാമോ?
- ഗുരുവായൂർ ടൗൺഷിപ്പിലെ വിദ്യുച്ഛക്തി ആപ്പീസിൽ എഞ്ചിനീയർ ക്രിസ്ത്യൻ സമുദായാംഗമാണു്. അദ്ദേഹം മുഖേന വിതരണം ചെയ്യുന്ന വിദ്യുച്ഛക്തിക്കു് എങ്ങനെയാണു് പുണ്യാഹം തളിക്കുക?
- ഗുരുവയൂരമ്പലത്തിനുള്ളിൽ പലതരത്തിലുള്ള വഴിപാടിനും രസീത് നൽകുന്നുണ്ടു്. ഇതെല്ലാം വിവിധ മതസ്ഥരുടെ പ്രസുകളിലാണു് അച്ചടിക്കുന്നതു്. ക്ഷേത്രാചാരപ്രകാരം ഇതു് ശരിയാണോ?
- തനി കമ്യൂണിസ്റ്റുകാരായ സി. കെ. ഗുപ്തനും തോട്ടത്തിൽ രവീന്ദ്രനു മൊക്കെ ദൈവവിശ്വാസിയും ക്ഷേത്രവിശ്വാസിയുമാണെന്നു് പ്രതിജ്ഞയെടുത്തു് ദേവസ്വം ബോർഡിലിരിക്കുന്നതു് മാർക്സിസം-ലെനിനിസത്തിന്റെ തത്ത്വങ്ങൾ പ്രകാരം ശരിയാണോ?
- വയലാർ രവി യുടെ മകന്റെ വിവാഹസമയത്തും പൗത്രന്റെ ചോറൂണുസമയത്തും കേരളം ഭരിച്ചിരുന്നതു് ഇടതുപക്ഷസർക്കാറുകളായിരുന്നു. ഗുരുവായൂരമ്പലം ഭരിച്ചിരുന്നതു് ഇടതുപക്ഷ കമ്മിറ്റികൾ. പുണ്യാഹം വിധിച്ച തന്ത്രിയെ എന്തുകൊണ്ടു് കഴുത്തിനു പിടിച്ചു പുറത്താക്കിയില്ല?
- 1957 മുതൽ 2007 വരെ എത്ര കമ്യൂണിസ്റ്റ്/ മാർക്സിസ്റ്റ് മുഖ്യമന്ത്രിമാർ സംസ്ഥാനം ഭരിച്ചു. എന്തുകൊണ്ടു് നാളിതുവരെ ക്ഷേത്രങ്ങൾ അഹിന്ദു വിശ്വാസികൾക്കും അവിശ്വാസികൾക്കുമായി തുറന്നുകൊടുത്തില്ല? നമ്പൂതിരിപ്പാടും നായനാരും അച്യുതമേനോനും വാസുദേവൻ നായരു മൊക്കെ സവർണമൂരാച്ചികളായതുകൊണ്ടാണോ?
- യേശുദാസിനു് ക്ഷേത്രപ്രവേശനം നൽകണമെന്ന മന്ത്രിയുടെ ശിപാർശയിൽ ഗുരുവായൂർ ദേവസ്വം കമ്മിറ്റി എന്തു തീരുമാനമെടുത്തു?
- യേശുദാസൊഴികെയുള്ള അഹിന്ദുവിശ്വാസികളെ മന്ത്രി എന്തേ വിസ്മരിച്ചു? ഗാനഗന്ധർവൻ സാംസ്കാരിക മന്ത്രിയുടെ സുഹൃത്തായതുകൊണ്ടും മകന്റെ വിവാഹച്ചടങ്ങിന്റെ സംപ്രേക്ഷണാവകാശം പാർട്ടി ചാനലിനു നൽകിയതുകൊണ്ടുമാണോ കത്തെഴുതിയതു്?
- യേശുദാസിനു നൽകിയ പ്രത്യേക പരിഗണന എന്തുകൊണ്ടു് യൂസഫലി കേച്ചേരിക്കു കിട്ടിയില്ല? പാട്ടുകാരനേക്കാൾ മോശക്കാരനോ പാട്ടെഴുത്തുകാരൻ?
ഏതായാലും ജൂൺ 18 തിങ്കളാഴ്ച കിഴക്കേനടയിൽ രണ്ടാം ഗുരുവായൂർ സത്യഗ്രഹം അരങ്ങേറി. രാവിലെ ഒമ്പതരയുടെ ശുഭമുഹൂർത്തത്തിൽ, എം. ബി. രാജേഷ് നയിച്ച നവോത്ഥാന ജ്വാലാപ്രയാണം എ. കെ. ജി. കവാടത്തിലെത്തിയതോടെ സത്യാഗ്രഹ പരിപാടിക്കു യവനിക ഉയർന്നു. മുഖ്യപ്രഭാഷണത്തിൽ ഡോ. സുകുമാർ അഴീക്കോട് തന്ത്രിക്കും ബ്രാഹ്മണോത്തമർക്കുമെതിരെ കത്തിക്കയറി. ശ്രീനാരായണ ക്ഷേത്രങ്ങൾ എമ്പാടുമുള്ളപ്പോൾ മകന്റെ വിവാഹത്തിനും പൗത്രന്റെ ചോറൂണിനും ഗുരുവായൂർ തെരഞ്ഞെടുത്ത വയലാർ രവി ക്കെതിരെ കുത്തുവാക്കുകൾ തൊടുത്തുവിട്ടു. അതുകേട്ടു് ഡിഫിക്കാർ കൈയടിച്ചു.
കാറ്റും മഴയും വകവെക്കാതെ ഒട്ടേറെ പ്രതിഭകൾ കിഴക്കെ നടയിലെത്തി—പി. ഗോവിന്ദപിള്ള, ഡോ. എൻ. വി. പി. ഉണിത്തിരി, ബാലചന്ദ്രൻ ചുള്ളിക്കാട്, സി. വി. ശ്രീരാമൻ, ഡി. വിനയചന്ദ്രൻ, അശോകൻ ചരുവിൽ, രാവുണ്ണി, ബാബു എം. പാലിശ്ശേരി, മട്ടന്നൂർ ശങ്കരൻകുട്ടി എന്നിങ്ങനെ പലരും. പ്രസംഗം കഴിഞ്ഞു കലാപരിപാടികൾ അരങ്ങേറി. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ കടുത്ത ജാഗ്രതയോടെ സമൂഹത്തെയാകെ പങ്കാളികളാക്കി മുന്നോട്ടുപോകുമെന്ന പ്രതിജ്ഞയോടെ സത്യഗ്രഹം സമ്പൂർണമായി.
അവിശ്വാസികളിൽനിന്നു് ക്ഷേത്രത്തെ രക്ഷിക്കാൻ ബി. ജെ. പി.-ക്കാർ സമാന്തര സത്യാഗ്രഹം നടത്തിയെങ്കിലും ക്ലച്ചുപിടിച്ചില്ല. ജൂലൈ 2-ാം തീയതിയാണു് യൂത്ത് കോൺഗ്രസിന്റെ ഗുരുവായൂർ സത്യഗ്രഹം. എ. ഐ. വൈ. എഫിന്റെ സത്യഗ്രഹവും വൈകാതെയുണ്ടാകും. ഡെപ്യൂട്ടി സ്പീക്കർ ജോസ് ബേബി ഉദ്ഘാടനം ചെയ്യാനാണു് സാധ്യത.
രണ്ടാം ഗുരുവായൂർ സത്യഗ്രഹത്തിന്റെ കൊടിയിറങ്ങി നാലാം ദിവസം, പ്രധാന സിൻഡിക്കേറ്റ് പത്രമായ ദീപിക അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശത്തെ തള്ളിപ്പറഞ്ഞുകൊണ്ടു് അനുകരണീയമായ ശൈലിയിൽ മുഖപ്രസംഗം എഴുതി. ‘ആചാരങ്ങൾ തെറ്റിക്കാൻ ആകരുതു് ക്ഷേത്രപ്രവേശം’ എന്ന ശീർഷകത്തിൽ ജൂൺ 21-നു് ദീപിക എഴുതിയ എഡിറ്റോറിയൽ വായിച്ചാൽ കുമ്മനം രാജശേഖരനു പോലും രോമാഞ്ചമുണ്ടാകും.
“വിശ്വാസിക്കു ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കുന്നതു് ഹൈന്ദവ വിശ്വാസക്രമമനുസരിച്ചു് ആരാധിക്കാനും പ്രാർഥിക്കാനുമാണു്. അല്ലാതെ അവിടങ്ങളിൽ പാലിക്കപ്പെട്ടും അനുഷ്ഠിക്കപ്പെട്ടും പോരുന്ന നിഷ്ഠകളും ആചാരങ്ങളുമെല്ലാം അലങ്കോലപ്പെടുത്താനല്ല. അതുവഴി വിശ്വാസത്തെ അവഹേളിക്കാനുമല്ല. ഓരോരുത്തർക്കും തോന്നുംപടി മാറ്റിക്കുറിക്കാവുന്നതല്ല കർമാനുഷ്ഠാനങ്ങളും ആചാരങ്ങളും. ഹിന്ദുവായാലും അഹിന്ദുവായാലും വിശ്വാസത്തിന്റെ പേരുപറഞ്ഞു് ക്ഷേത്രപ്രവേശനത്തിനു് അനുമതി നേടുന്നതു് ദൈവത്തെ നിന്ദിക്കാനല്ല. ആകരുതു്.
ഇവിടെ സാങ്കേതികമായ അനുമതിയോ അവകാശമോ അല്ല വിഷയം. വിശ്വാസത്തിന്റെ സംരക്ഷണവും ആചാരങ്ങളുടെ പാലനവുമാണു്. അവ ഉറപ്പു വരുത്താൻ തയാറാവാത്തവർ വിശ്വാസിയാണെന്നവകാശപ്പെട്ടു് ക്ഷേത്രത്തിൽ പ്രവേശിച്ചു് വിധികൾ അലങ്കോലമാക്കുമ്പോൾ ഒരു സമൂഹമാണു് അവഹേളിക്കപ്പെടുകയോ പരിഹസിക്കപ്പെടുകയോ ചെയ്യുന്നതു്. അതിനുള്ള ആയുധമല്ല ക്ഷേത്രപ്രവേശനസ്വാതന്ത്ര്യം.”
വിശ്വാസിയായ ഏതൊരാൾക്കും ക്ഷേത്രത്തിൽ പ്രവേശിക്കാൻ സാധിക്കുന്ന തരത്തിൽ സർക്കാർ നിയമനിർമാണം നടത്തുമെന്നു് മന്ത്രി സുധാകരൻ പറയുന്നു. ജൂൺ 22-ന്റെ ലക്കം ചിന്ത കാണുക: ജന്മം കൊണ്ടോ മതം കൊണ്ടോ ഹിന്ദുവായ വ്യക്തിക്കു് ക്ഷേത്രത്തിൽ പ്രവേശിക്കാം എന്നാണു് നിലവിലുള്ള നിയമം. വിശ്വാസംകൊണ്ടു് ഹിന്ദുവായ ഒരാൾക്കു് തീർച്ചയായും ക്ഷേത്രത്തിൽ പ്രവേശിക്കാൻ അവസരം ലഭിക്കണം. അതിനാൽ വിശ്വാസംകൊണ്ടു് ഹിന്ദുവാണെങ്കിലും ക്ഷേത്രത്തിൽ പ്രവേശിക്കാം എന്ന തരത്തിലായിരിക്കും നിയമത്തിൽ ഭേദഗതി വരുത്തുക. വിശ്വാസിയാര് എന്നു തീരുമാനിക്കാനുള്ള അധികാരം തന്ത്രിമാർക്കില്ല…
മാന്യ വായനക്കാരേ, നിങ്ങൾക്കെന്തു തോന്നുന്നു? ബഹു മന്ത്രി സംസ്ഥാനത്തെ സകല ക്ഷേത്രങ്ങളും അഹിന്ദുക്കൾക്കായി തുറന്നുകൊടുക്കുമോ? അതോ ദീപികയുടെ വിദുരോപദേശമനുസരിച്ചു് അടങ്ങിയൊതുങ്ങി നാമം ജപിച്ചു് ഒരിടത്തിരിക്കുമോ? രണ്ടാമത്തേതിനാണു് അധികം സാധ്യത. കാരണം അഹിന്ദുക്കളുടെ—യേശുദാസിന്റെ അടക്കം—ക്ഷേത്രപ്രവേശനത്തെ കഠിനമായി എതിർക്കുന്നതു് എൻ. എസ്. എസ്. ജനറൽ സെക്രട്ടറി പി. കെ. നാരായണപ്പണിക്കരാ ണു്. സുധാകരനെ പ്പോലെ വാ പോയ വാക്കത്തിയല്ല പണിക്കരദ്ദേഹം. പണിക്കരു് പറഞ്ഞാൽ പറഞ്ഞതാണു്. ഇരവിക്കുട്ടിപ്പിള്ള വലിയ പടത്തലവന്റെയും തലക്കുളത്തു വേലുത്തമ്പി യുടെയും രാജാകേശവദാസന്റെ യും വീരരക്തം സിരകളിലോടുന്ന, മന്നത്തു പത്മനാഭപിള്ള സാറിന്റെ ധീരപിൻഗാമി.
പണിക്കർ സാറിന്റെ വാക്കു ധിക്കരിച്ചു് ക്രിസ്ത്യാനികളെയും മുസ്ലീംകളെയും യഹൂദന്മാരെയുമൊക്കെ ക്ഷേത്രത്തിൽ വിളിച്ചുകയറ്റാൻ ചുണയുണ്ടോ, ചങ്കൂറ്റമുണ്ടോ ജി. സുധാകരനു് ? സ. ഇയ്യങ്കോടന്റെ അഭിപ്രായം മാനിച്ചു് ചുറ്റമ്പലത്തിനകത്തു് ചെരിപ്പിട്ടു നടക്കാൻ ആണിരോഗിക്കാർക്കു് അനുവാദം നൽകാമോ? എന്നാൽ അതു തന്നെ കാണണം. തിരുവിതാംകൂർ ഭാഗത്തു് അതിശക്തമായ വോട്ടു ബാങ്കുണ്ടു് എൻ. എസ്. എസിനു്. മന്നത്തപ്പന്റെ പിന്തുണയോടെയാണു് 1957-ൽ ആദ്യ കമ്യൂണിസ്റ്റ് സർക്കാർ യാഥാർഥ്യമായതു്. മന്നം ഇടഞ്ഞപ്പോൾ 1960-ൽ സഖാക്കൾ നിലംപരിശായി. കമ്യൂണിസ്റ്റു നായന്മാരാരും നിയമസഭയിൽ കാണില്ലെന്ന ശപഥം കാരണവർ മിക്കവാറും പാലിച്ചു. തിരുവിതാംകൂർ പ്രദേശത്തുനിന്നു് ഇറവങ്കര ഗോപാലക്കുറുപ്പ് മാത്രമേ പാസായുള്ളൂ. 1996-ൽ എൻ. എസ്. എസ്. ഇടതുമുന്നണിയെ പിന്തുണച്ചപ്പോൾ ജി. സുധാകരൻ കായംകുളത്തു വിജയിച്ചു. 2001 സമദൂര സിദ്ധാന്തം അനുവർത്തിച്ചപ്പോൾ എം. എം. ഹസനോ ടു തോറ്റു. 2006-ൽ സുധാകരൻ അമ്പലപ്പുഴക്കു മാറി. വെള്ളാപ്പള്ളി നടേശന്റെ വിശ്വസ്തൻ ഡി. സുഗതനായിരുന്നു എതിരാളി. സകല നായന്മാരെയും തോൽപിക്കുമെന്നു് നടേശൻ പ്രതിജ്ഞയെടുത്തപ്പോൾ പണിക്കരും കളത്തിലിറങ്ങി. ഫലം, ആലപ്പുഴ ജില്ലയിൽ മൽസരിച്ച സകല നായന്മാരും മുന്നണി ഭേദമന്യേ വിജയ വൈജയന്തി പാറിച്ചു. പ്രധാന ഗുണഭോക്താക്കൾ ജി. സുധാകരൻ, കെ. സി. വേണുഗോപാൽ, ബാബു പ്രസാദ്, വിഷ്ണുനാഥ്, വെള്ളാപ്പള്ളി യെ വെല്ലുവിളിക്കുന്ന ലാഘവത്തോടെ പണിക്കരദ്ദേഹത്തിന്റെ താടിക്കു പിടിക്കാനാവില്ലെന്നതു മൂന്നരത്തരം.
ഇനി എം. ബി. രാജേഷി ന്റെ ചിന്ത ലേഖനത്തിലേക്കു തിരിച്ചുപോകാം. നാരായണപ്പണിക്കരു ടെ നിലപാടിനെ അപലപിച്ചുകൊണ്ടു് സഖാവു് എഴുതുന്നു: നായർക്കു മണിയടിക്കാനുള്ള അവകാശം നിഷിദ്ധമായിരുന്ന ഗുരുവായൂർ ക്ഷേത്രത്തിലെ ശ്രീകോവിലിൽ കയറി മണിയടിച്ചതിനു് മർദനമേറ്റു വാങ്ങുമ്പോൾ മഹാനായ കൃഷ്ണപിള്ള പറഞ്ഞവാക്കുകൾ ഇപ്പോഴും പ്രസക്തമാണെന്നാണു് വ്യക്തമാക്കുന്നതു്. “ഉശിരുള്ള നായർ മണിയടിക്കും, എച്ചിൽ പെറുക്കി നായർ പുറത്തടിക്കും.” അന്നു് കൃഷ്ണപിള്ള പറഞ്ഞതിനു് എഴുപത്തഞ്ചു വർഷത്തിനു ശേഷവും സാംഗത്യം നഷ്ടപ്പെട്ടിട്ടില്ലെന്നു് നാം അതോടെ തിരിച്ചറിയേണ്ടിവരും.
രാജേഷ് പറയുന്നതു് അക്ഷരം പ്രതി സത്യമാണു്. സഖാവു് കൃഷ്ണപിള്ളയുടെ വാക്കുകൾക്കു സാംഗത്യം കൂടിയിട്ടേയുള്ളൂ. പണിക്കർസാറും രാജേഷും ഉശിരുള്ള നായന്മാരാണു്. മന്ത്രി സുധാകരൻ ഉശിരുള്ള നായരോ വെറും എച്ചിൽ പെറുക്കിയോ എന്ന പ്രശ്നമേ ഇനി ബാക്കിയുള്ളൂ.
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.