images/Steen_Doctor_and_His_Patient.jpg
The Sick Woman, a painting by Jan Steen (1625/1626–1679).
അപൂർവ വൈദ്യൻമാർ
കെ. രാജേശ്വരി
images/Oommen_Chandy.jpg
ഉമ്മൻചാണ്ടി

പന്ത്രണ്ടാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവു് ഉമ്മൻചാണ്ടി യോ കുഞ്ഞാലിക്കുട്ടി യോ എന്ന കാര്യമോ ഇനി തീരുമാനിക്കാൻ ബാക്കിയുള്ളു. രാജ്യസഭാംഗമായി ദൽഹിക്കു് പോകുകവഴി പരാജയത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്നു ഒഴിയാൻ ആന്റണി ക്കു് കഴിയും. തോൽവിയുടെ പാപഭാരം പേറാൻ രമേശിനെക്കൂടി കിട്ടുന്നു എന്നതാണു് ഉമ്മൻചാണ്ടിയുടെ നേട്ടം.

images/Thennala.jpg
തെന്നല ബാലകൃഷ്ണപിള്ള

ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ ദയനീയ പരാജയത്തിനു രണ്ടു് പരിഹാരക്രിയകളാണു് കോൺഗ്രസ് ഹൈക്കമാന്റ് വിധിച്ചതു്. ഒന്നു്—കെ. പി. സി. സി. പുനഃസംഘടന, മറ്റേതു് മന്ത്രിസഭ പുനഃസംഘടന. പി. പി. തങ്കച്ചന്റെ സ്ഥാനത്തു് വയോധികനും സർ വാദരണീയനും ഗ്രൂപ്പ് ചിന്താഗതിക്കതീതനുമായ തെന്നല ബാലകൃഷ്ണപിള്ള കോൺഗ്രസ് അധ്യക്ഷനായി വന്നു. വീരശൂരപരാക്രമികളായ മുല്ലപ്പള്ളി രാമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, സി. പി. മുഹമ്മദ് എന്നിവർ ജനറൽ സെക്രട്ടറിമാർ, സി. എൻ. ബാലകൃഷ്ണൻ ഖജാൻജി. ടീം തെന്നല സംഘടനാരംഗത്തു് അദ്ഭുതങ്ങൾ സൃഷ്ടിക്കും, നഷ്ടപ്പെട്ട വോട്ടുകളും അതിലധികവും തിരിച്ചുപിടിക്കും എന്നാണു് ഹൈക്കമാന്റ് കരുതിയതു്.

images/P_K_Kunhalikutty.jpg
പി. കെ. കുഞ്ഞാലികുട്ടി

ഇതേ ശുഭാപ്തിവിശ്വാസത്തോടെയാണു് മന്ത്രിസഭയും പുനഃസംഘടിപ്പിച്ചതു്. കെ. വി. തോമസി നെയും ശങ്കരനാരായണനെ യും ഒഴിവാക്കാനാവില്ല എന്നു് ശഠിച്ച എ. കെ. ആന്റണി ക്കു് മുഖ്യമന്ത്രിപദം ഉപേക്ഷിക്കേണ്ടിവന്നു. നിർഗുണപരബ്രഹ്മത്തിന്റെ സ്ഥാനത്തു് ഊർജസ്വലനായ ഉമ്മൻചാണ്ടി അവതരിച്ചു് ഇതാ കോൺഗ്രസിന്റെ രക്ഷകൻ എന്ന അശരീരിയും തുടർന്നു് പുഷ്പവൃഷ്ടിയുമുണ്ടായി.

images/Mullappally_Ramachandran.jpg
മുല്ലപ്പള്ളി രാമചന്ദ്രൻ

ഉമ്മൻചാണ്ടി ആദ്യം ബാലകൃഷ്ണപിള്ള യെയും ടി. എം. ജേക്കബി നെയും മന്ത്രിസഭയിൽനിന്നൊഴിവാക്കി. പിന്നെ മുസ്ലിംലീഗിൽനിന്നു് ഐ. ടി. വകുപ്പു് ഏറ്റെടുത്തു. അനന്തരം കരുണാകരനെ യും മകനെയും പാർട്ടിയിൽനിന്നു് പടിയടച്ചു പിണ്ഡംവെച്ചു. മുഖ്യമന്ത്രിയുടെ ധീരോദാത്തമായ നടപടികളെയത്രയും കെ. പി. സി. സി. പിന്തുണച്ചു. പാർട്ടിയിലുളളത്ര ശല്യം പുറത്തുനിന്നു് കരുണാകരനു ചെയ്യാനാവില്ല എന്നു് സോണിയാ മാഡവും അരുളിചെയ്തു.

images/A_k_antony.jpg
എ. കെ. ആന്റണി

മുഖ്യമന്ത്രിയുടെ അത്യുജ്വലമായ പ്രതിച്ഛായയും സർക്കാറിന്റെ ഭരണനേട്ടങ്ങളും വെച്ചുനോക്കുമ്പോൾ കൂത്തുപറമ്പ്, അഴീക്കോട് മണ്ഡലങ്ങളിൽ ഐക്യമുന്നണി നല്ല പ്രകടനം കാഴ്ചവെക്കേണ്ടതായിരുന്നു. പ്രതിഷേധം വികസനവിരുദ്ധവും ജനദ്രോഹകരവുമായ നയം പിന്തുടരുന്ന സാഹചര്യത്തിൽ വിശേഷിച്ചും ബി. ജെ. പി.-ക്കാരുടെ മനഃസാക്ഷി വോട്ട് വേറെയുമുണ്ടായിരുന്നു. കള്ളവോട്ട് തടയാൻ വമ്പിച്ച പൊലീസ് സന്നാഹം ഏർപ്പെടുത്തി. മുഖ്യനും പരിവാരങ്ങളും കണ്ണൂരിൽ തമ്പടിച്ചു് കാടിളക്കി പ്രചാരണം നടത്തി. രാഷ്ട്രീയത്തിലെ ക്രിമിനൽവത്കരണത്തിനെതിരെ സുപ്രീംകോടതിയിൽ പോരാടി ജയിച്ച ധീരനാണു് കൂത്തുപറമ്പിലെ കോൺഗ്രസ് സ്ഥാനാർഥി എന്നതും പരമാർശിക്കപ്പെട്ടു.

images/R_Balakrishna_Pillai.jpg
ബാലകൃഷ്ണപിള്ള

ഇതൊക്കെയായിട്ടും ഉപതെരഞ്ഞെടുപ്പിൽ മാർക്സിസ്റ്റ് സ്ഥാനാർഥികൾ വിജയിച്ചു. ഭൂരിപക്ഷം കുത്തനെ ഉയർന്നു. കൂത്തുപറമ്പിൽ സഖാവു് ജയരാജനു് കിട്ടിയതിന്റെ പകുതി വോട്ടുപോലും കോൺഗ്രസിനു് പിടിക്കാനായില്ല. സംസ്ഥാനത്തെ എക്കാലത്തെയും ഏറ്റവും കൂടിയ ഭൂരിപക്ഷം. തെരഞ്ഞെടുപ്പു് ഫലത്തിൽ മാർക്സിസ്റ്റുകാരേക്കാൾ സന്തോഷിച്ചതു് കരുണാകര വിഭാഗം. കോൺഗ്രസുകാർ ഉമ്മൻചാണ്ടി യോടു് വിദ്വേഷം വെച്ചുപുലർത്തുന്ന മാതൃഭൂമി, കേരള കൗമുദി പത്രങ്ങളുടെ ആഹ്ലാദവും വർണനാതീതമായിരുന്നു.

images/Kodikunnil_Suresh.jpg
കൊടിക്കുന്നിൽ സുരേഷ്

“അർഹിക്കുന്ന പ്രഹരമാണു് യു. ഡി. എഫിനു് ലഭിച്ചിരിക്കുന്നതു്. വോട്ടർമാർ കാത്തിരുന്നു് കോൺഗ്രസിനെ അടിക്കുകയായിരുന്നു” എന്നു് കേരള കൗമുദി വിലയിരുത്തി. “ഐക്യമുന്നണിയെയും സർക്കാറിനെയും കുറിച്ചു് നിയമസഭയിൽ ഐക്യമുന്നണിക്കു് നൂറു് സീറ്റ് നേടിക്കൊടുത്ത കേരള ജനതയ്ക്കുണ്ടായിരുന്ന മതിപ്പു് മടുപ്പായി മാറിയിരിക്കുന്നു. ഈ ഗവൺമെന്റിന്റെ സാമ്പത്തികവും സാമൂഹികവും ആരോഗ്യസംരക്ഷണപരവും വിദ്യാഭ്യാസപരവും മറ്റുമായ നയങ്ങളും പരിപാടികളും ഈ നാട്ടിലെ പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ക്ഷേമം ലക്ഷ്യമാക്കിക്കൊണ്ടുള്ളവയല്ല. എന്നതോന്നൽ ജനങ്ങളിൽ ഉറച്ചിരിക്കുന്നു. അവർ മുന്നണിയിൽനിന്നും സർക്കാറിൽ നിന്നും അതിവേഗം ബഹുദൂരം പിന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു” എന്നു് മാതൃഭൂമിയും അഭിപ്രായപ്പെട്ടു.

images/P_C_Thomas.jpg
പി. സി. തോമസ്

കേരളകൗമുദിയെപ്പോലെ നിരങ്കുശമായോ മാതൃഭൂമിയെപ്പോലെ നിരുത്തരവാദപരമായോ അഭിപ്രായപ്രകടനം നടത്താനാവില്ല മലയാള മനോരമക്കു്. സംഘടനാപ്രശ്നത്തിലാണെങ്കിലും ഭരണരംഗത്താണെങ്കിലും ഉമ്മൻചാണ്ടി യുടെ മുഖ്യോപദേഷ്ടാവു് മനോരമയാണു്. സർക്കാർ വികസനനയത്തെ ശ്ലാഘിക്കാനും പ്രതിപക്ഷത്തെ നിന്ദിക്കാനും എന്നും മുന്നിൽ നിന്നതു് മലയാളത്തിന്റെ സുപ്രഭാതം തന്നെ. രാഷ്ട്രീയത്തിന്റെ ഗതിവിധി പ്രവചനാതീതമാണെന്നും ഒരു തെരഞ്ഞെടുപ്പുഫലം ഒന്നിന്റെയും അവസാനമല്ലെന്നുമൊക്കെ ആശ്വസിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ജൂൺ ആറാം തീയതിയിലെ മുഖപ്രസംഗത്തിനു് മൊത്തത്തിൽ അറിയിപ്പിന്റെ സ്വരമാണു്. “പഞ്ചായത്ത് തെരഞ്ഞെടുപ്പും തുടർന്നു് നിയമസഭാ തെരഞ്ഞെടുപ്പും മുന്നിൽ കാണുന്ന യു. ഡി. എഫിനു് ഉപതെരഞ്ഞെടുപ്പു ഫലം ആഘാത ചികിൽസയുടെ തുടക്കമാവണം. തെരഞ്ഞെടുപ്പു് ഫലത്തിന്റെ വിശകലനവും ചെന്നെത്തുന്നതു് യു. ഡി. എഫിനും അതിനെ നയിക്കുന്ന കോൺഗ്രസിനും ഇനി ഏറ്റെടുക്കാനുള്ള ഭാരിച്ച ഉത്തരവാദിത്തങ്ങളിലാണു്.

images/CNBalakrishnan.jpg
സി. എൻ. ബാലകൃഷ്ണൻ

പരാജയ കാരണങ്ങളെക്കുറിച്ചു് അന്വേഷിക്കാൻ കെ. പി. സി. സി. നിയോഗിച്ച മൂന്നംഗ കമ്മിറ്റി നിഷ്കൃഷ്ടമായ പഠനത്തിനൊടുവിൽ എത്തിച്ചേർന്നതു് മൂന്നു സംഗതികളിലാണു്. ഒന്നു്—സി. പി. എമ്മിന്റെ കള്ളവോട്ട്, രണ്ടു്—കോൺഗ്രസിന്റെ ഘടനാപരമായ ദൗർബല്യം, മൂന്നു്—സാമുദായിക ധ്രുവീകരണം. അല്ലാതെ മാതൃഭൂമിയും മറ്റുചില വിവരദോഷികളും പറയുംപോലെ ഭരണത്തിനെതിരായി വിധിയെഴുത്തൊന്നുമല്ല, ഉപതെരഞ്ഞെടുപ്പു ഫലം. ഉമ്മൻചാണ്ടി യിലും ഐക്യമുന്നണി സർക്കാറിലും ജനത്തിനിപ്പോൾ ഭയങ്കര വിശ്വാസമാണു്, വികസന പ്രവർത്തനങ്ങളോടു്—മദ്യനയം, കരിമണൽ ഖനനം, സ്മാർട്ട് സിറ്റി അടക്കം—വൻ മതിപ്പുമാണു്.

images/K_M_Mani.jpg
കെ. എം. മാണി

പരാജയകാരണങ്ങളിൽ ആദ്യത്തേതിനും മൂന്നാമത്തേതിനും ചികിൽസ എവിടെ സി. പി. എമ്മുണ്ടോ, അവിടെ കള്ളവോട്ടുണ്ടു്. തെരഞ്ഞെടുപ്പു് ദിവസം പൊലീസിനെയല്ല പട്ടാളത്തെ വിന്യാസിച്ചു. ഫോട്ടോ പതിച്ച ഐഡന്റിറ്റി കാർഡിനു പകരം ഡി. എൻ. എ. പരിശോധന നിർബന്ധമാക്കിയാലും സഖാക്കൾ കള്ളവോട്ട് ചെയ്യും. വരുന്ന തെരഞ്ഞെടുപ്പിൽ 140 സീറ്റിലും തോറ്റാലും മാർക്സിസ്റ്റുകാരുടെ കള്ളവോട്ടിനെ പഴിച്ചു് ഉമ്മൻചാണ്ടി ക്കു തടിയൂരാം. ഹിന്ദുക്കളും മുസ്ലിംകളും സംഘടിച്ചു് ഇടതുപക്ഷത്തിനു് വോട്ടു കൊടുത്തുവത്രെ. അഴീക്കോട്ടും കൂത്തുപറമ്പിലും ക്രിസ്ത്യൻ വോട്ടർമാർ തീരെ കുറവാണു്. അതുകൊണ്ടു് ആ വോട്ടുകൾ പോയില്ല. മുസ്ലിം വോട്ടിന്റെ കൂടുതൽ മൗലികാവകാശം ലീഗിനാണു്. മുസൽമാൻമാരെ ഉറപ്പിച്ചുനിറുത്തേണ്ടതു് പാണക്കാടൻ തങ്ങളു ടെയും പി. കെ. കുഞ്ഞാലിക്കുട്ടി യുടെയും ഉത്തരവാദിത്തം. ഹിന്ദുക്കളുടെ വഴിതെറ്റിച്ചതു് കെ. കരുണാകരൻ. നിയമസഭാ തെരഞ്ഞെടുപ്പാകുമ്പോഴേക്കു് ഹിന്ദുക്കൾക്കു് സദ്ബുദ്ധി തോന്നാൻ ദൈവത്തോടു് പ്രാർത്ഥിക്കാം.

images/KV_Thomas.jpg
കെ. വി. തോമസ്

സംഘടനാ ദൗർബല്യം പരിഹരിച്ചേ മതിയാവൂ. ലോകത്തെ ഏറ്റവും വലിയ ജനധിപത്യ പാർട്ടിയാണു് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. കോൺഗ്രസ് ദുർബലമായാൽ രാജ്യത്തെ ജനാധിപത്യ സമ്പ്രാദയം അപകടത്തിലാകും. മതേതരത്വവും സോഷ്യലിസവുമൊക്കെ അന്യംനിന്നു പോകും. കോൺഗ്രസ് ശക്തിപ്പെടണമെങ്കിൽ പാർട്ടിക്കകത്തു് ജനാധിപത്യം രൂഢബലമാകണം, അതിനു് സംഘടനാ തെരഞ്ഞെടുപ്പു് നടക്കണം.

images/Ahmed_Patel.jpg
അഹമ്മദ് പട്ടേൽ

സംഘടനാ തെരഞ്ഞെടുപ്പു് വേഗം നടക്കണമെന്നാവശ്യപ്പെട്ടാണു് കരുണാകരനു മകനും പടയൊരുക്കിയതു്. തെരഞ്ഞെടുപ്പു് പ്രഖ്യാപിച്ചപ്പോഴേക്കും അവർ പാർട്ടിക്കു് പുറത്തായി. ശല്യക്കാർ പോയ സ്ഥിതിക്കു് ഇനിയെന്തിനാണു് തെരഞ്ഞെടുപ്പു് മുമ്പത്തെപ്പോലെ നോമിനേഷൻ പോരേ എന്നു് ചിലർ ചോദിച്ചതാണു്. പക്ഷേ, ഉമ്മൻചാണ്ടി യും അഹമ്മദ് പട്ടേലും സമ്മതിച്ചില്ല. ജനാധിപത്യമാണു് നമ്മുടെ പ്രാണവായു. ഭാരവഹികളെ നിർണയിക്കുന്നതിനു് കോൺഗ്രസിലെ നാലണമെമ്പർക്കുവരെ അവസരം നൽകണം.

images/K_Sankaranarayanan.jpg
കെ. ശങ്കരനാരായണൻ

സംഘടനാ തെരഞ്ഞെടുപ്പു് ശാന്തമായി നടന്നു. ഒരിടത്തെങ്കിലും വോട്ടെടുപ്പു് വേണ്ടിവന്നില്ല. നേതാക്കൾ തമ്മിൽ സ്ഥാനങ്ങൾ വീതിച്ചെടുത്തു് ‘സമവായ’മുണ്ടാക്കി. കെ. പി. സി. സി. അധ്യക്ഷനെ തെരഞ്ഞെടുത്ത വിധമാണു് ഏറ്റവും അനുസ്മണീയം. സാധുക്കളും ബുദ്ധിഹീനരുമായ കെ. പി. സി. സി. അംഗങ്ങൾക്കുണ്ടോ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള കഴിവും പ്രാപ്തിയും? അവർ ജൂൺ 18-ാം തീയതി രാവിലെ കുളിച്ചു് ശുഭ്രവസ്ത്രം ധരിച്ചു് ഇന്ദിരാഭവനിൽ യോഗം ചേർന്നു് തങ്ങൾക്കൊരു അധ്യക്ഷനെ തെരഞ്ഞെടുത്തു തരണേ എന്നു് അത്യുന്നതങ്ങളിലിരിക്കുന്ന സോണിയാ മദാമ്മയോടു് അപേക്ഷിച്ചാൽ ഉപേക്ഷിക്കുന്നവളല്ല മദാമ്മാഗാന്ധി. അവർ കൂടിയാലോചനകൾക്കുശേഷം വിനീതവിധേയൻ രമേശ് ചെന്നിത്തല യെ കെ. പി. സി. സി. പ്രസഡന്റായി നിയമിച്ചു് തീട്ടൂരം പുറപ്പെടുവിച്ചു. സമാധാനപരമായ സംഘടനാ തെരഞ്ഞെടുപ്പിനു് സമാധാനപൂർണമായ അവസാനം.

images/Ramesh_Chennithala.jpg
രമേശ് ചെന്നിത്തല

വന്ധ്യവയോധികൻ തെന്നല ബാലകൃഷ്ണപിള്ള ഗവർണറായി പോകുമെന്നാണു് കേൾക്കുന്നതു്. ഷില്ലോങ്ങിലെയോ കോഹിമയിലെയോ രാജ്ഭവനിൽ ധാരയും പിഴിച്ചിലും ഞവരക്കിഴിയുമായി ഗ്രൂപ്പുവഴക്കിന്റെ ശല്യമില്ലാതെ ശിഷ്ടകാലം കഴിക്കാൻ ആശംസിക്കുക.

images/TM_Jacob.jpg
ടി. എം. ജേക്കബ്

കെ. കരുണാകരന്റെ ശിഷ്യനായിരുന്നു രമേശ് ചെന്നിത്തല. വില്ലാളിവീരൻ വീരമണികണ്ഠൻ നന്നേ ചെറുപ്രായത്തിൽ എം. എൽ. എ.-യായി, മന്ത്രിയായി, നാലുവട്ടം ലോക്സഭാംഗമായി. വിദ്യാർത്ഥി, യുവജന രംഗത്തു് വെട്ടിത്തിളങ്ങി. ശോഭനാ ജോർജി നെപ്പോലുള്ള പ്രതിഭകളെ കണ്ടെടുത്തു. യൂത്ത് കോൺഗ്രസിലെന്നപോലെ മൂത്ത കോൺഗ്രസിലും ശോഭിച്ചു. കാര്യസാധ്യത്തിനായി കരുണാകരന്റെ കാൽക്കൽ നമസ്കരിച്ചു. കാര്യം കണ്ടശേഷം കാരണവരുടെകാലുവാരി തിരുത്തൽവാദിയായി. നമ്പർ 10, ജനപഥിലെ ശേവുകക്കാരനും മദാമ്മഗാന്ധിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനുമായി, എ. ഐ. സി. സി. ജോയിന്റ് സെക്രട്ടറിസ്ഥാനം വരെയെത്തി.

images/KR_Gouriamma.jpg
കെ. ആർ. ഗൗരിയമ്മ

ക്രിസ്ത്യാനികളുടെ പാർട്ടിയാണു് ഉമ്മൻ കോൺഗ്രസ് എന്ന ദുഷ്പ്രചാരണത്തെ നേരിടാൻ സരളമായ പോംവഴിയാണു് അഹമ്മദ് പട്ടേൽ കണ്ടെത്തിയിട്ടുള്ളതു്. നായർ സമുദായാംഗമായ രമേശിനെ കെ. പി. സി. സി. പ്രസിഡന്റും ഈഴവനായ വയലാർ രവി യെ കേന്ദ്രമന്ത്രിയുമാക്കുക. അതോടെ നടേശ-നാരായണ സഖ്യം പ്രസാദിക്കും, വരുന്ന തെരഞ്ഞെടുപ്പിൽ നായന്മാരും ഈഴവരും ഐക്യമുന്നണിക്കു് മൽസരിച്ചു് വോട്ടുകൊടുക്കും.

images/Karunakaran_Kannoth.jpg
കരുണാകരൻ

അഹമ്മദ് പട്ടേലിനേ ക്കാൾ പ്രായോഗികമതികളാണു് എ. കെ. ആന്റണി യും ഉമ്മൻചാണ്ടി യും. 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഐക്യമുന്നണിയെ കാത്തിരിക്കുന്നതു് രാഷ്ട്രീയ സുനായിയാണെന്നു് രണ്ടുപേർക്കുമറിയാം. രമേശ് ചെന്നിത്തല യല്ല, രാഹുൽഗാന്ധി പി. സി. സി. പ്രസിഡന്റായാലും അതിനു മാറ്റമുണ്ടാകാനിടയില്ല. പന്ത്രണ്ടാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവു് ഉമ്മൻചാണ്ടി യോ കുഞ്ഞാലിക്കുട്ടി യോ എന്ന കാര്യമേ ഇനി തീരുമാനിക്കാൻ ബാക്കിയുള്ളൂ. രാജ്യസഭാംഗമായി ദൽഹിക്കു് പോകുക വഴി പരാജയത്തിന്റെ ഉത്തരവാദിത്തത്തിൽനിന്നു് ഒഴിയാൻ ആന്റണി ക്കു് കഴിയും. തോൽവിയുടെ പാപഭാരം പേറാൻ രമേശിനെക്കൂടി കിട്ടുന്നു എന്നതാണു് ഉമ്മൻചാണ്ടി യുടെ നേട്ടം.

images/Rahul_Gandhi.png
രാഹുൽഗാന്ധി

ഐക്യമുന്നണിയുടെ ജനപിന്തുണയെക്കുറിച്ചു് സംശയമേയില്ലാത്തതുകൊണ്ടാണു് ആന്റണി എം. എൽ. എ. സ്ഥാനം രാജിവെയ്ക്കുന്നതു് വൈകിച്ചു് ചേർത്തലയിലെ ഉപതെരഞ്ഞെടുപ്പു് ഭീഷണി ഒഴിവാക്കിയതു്. സെപ്റ്റംബറിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും നടത്താനിടയില്ല. കാരണം, തെരഞ്ഞെടുപ്പു് നടന്നാൽ ഭരണമുന്നണിയുടെ ചെമ്പുതെളിയും.

images/P_M_S_A_Pukkoya_Tangal.jpg
പാണക്കാടൻ തങ്ങൾ

ജേക്കബ്, പിള്ള, താമരാക്ഷൻമാരുടെ കാൽനഖേന്ദുമരീചികൾ പിന്തുടർന്നു് സഖാവു് ഷിബു ബേബിജോണും ഐക്യജനാധിപത്യ മുന്നണി വിട്ടിരിക്കുന്നു. മന്ത്രിസ്ഥാനം ഉപേക്ഷിക്കാനുള്ള വൈമനസ്യം കൊണ്ടും തങ്ങളെ ഒരു കാരണവശാലും ഇടതുമുന്നണിയിൽ പ്രവേശിപ്പിക്കില്ല എന്നറിയാവുന്നതുകൊണ്ടാണു് സഖാക്കൾ എം. വി. രാഘവനും കെ. ആർ. ഗൗരിയമ്മ യും ഐക്യമുന്നണിയിൽ തൂടരുന്നതു്.

images/Shibu-Baby-John.jpg
ഷിബു ബേബി ജോൺ

ഐക്യജനാധിപത്യ മുന്നണിയുടെ നിലനിൽപു് മുസ്ലിംലീഗിനെ ആശ്രയിച്ചാണിരിക്കുന്നതു്. പല കാരണങ്ങളാലും ലീഗ് നേതാക്കൾ സംതൃപ്തരല്ല. കരുണാകരന്റെ യും ആന്റണി യുടെയും കാലത്തു് വ്യവസായ-വിദ്യാഭ്യാസ-മരാമത്ത് വകുപ്പുകൾ മുസ്ലിംലീഗ് സ്വന്തം സാമ്രാജ്യമാക്കി. നികുതി പിരിച്ചു് വികസനപ്രവർത്തനം നടത്തുകയായിരുന്നു. ഉമ്മൻചാണ്ടി യുടെ ഇടപെടൽ നാൾക്കുനാൾ വർധിക്കുകയാൽ ഇപ്പോൾ കച്ചവടം മുമ്പേപ്പോലെ ലാഭകരമല്ലാതായിരിക്കുന്നു. പാർട്ടിയുടെ ശക്തികേന്ദ്രമായ കുഞ്ഞാലിക്കുട്ടി സാഹീബ് മന്ത്രിപ്പണി പോയി എരിയും വെയിലത്തു് കയിലും കുത്തി നടക്കുന്നു. മുസ്ലിംകൾ ലീഗിൽനിന്നും മുന്നണിയിൽനിന്നും അകന്നുകന്നു പോകുകയാണു്. കാന്തപുരം മുസ്ലിയാരും എൻ. ഡി. എഫും ചേർന്നു് മുസ്ലിംലീഗിന്റെ അടിത്തറ മാന്തുകയാണു്. ഐക്യമുന്നണിയിൽ തുടരുന്നപക്ഷം സമീപകാലത്തൊരിക്കലും ഉണ്ടാകാത്തയത്ര ഭയാനകമായിരിക്കും പരാജയം.

images/Shobhana_George.png
ശോഭനാ ജോർജ്

നിയമസഭാ തെരഞ്ഞെടുപ്പിനു് മുമ്പു് ഭരണമുന്നണി പൊളിച്ചു് കുഞ്ഞാലിക്കുട്ടി യും കൂട്ടരും കരുണാകരന്റെ ഭാഗത്തേക്കു് പോയാൽ ഗൗരിയമ്മ യും രാഘവനും സസന്തോഷം പിന്തുടരും. ജേക്കബും പിള്ളയും ഷിബു ബേബിജോണും ഇപ്പോൾത്തന്നെ കരുണാകരന്റെ ക്യാമ്പിലുണ്ടു്. പി. സി. തോമസി നെക്കൂടി അക്കൂട്ടത്തിൽ പെടുത്താം (ബി. ജെ. പി.-യുമായി സീറ്റുധാരണയുമുണ്ടാക്കാം). അപ്പോൾ അതാവും യഥാർഥ ഐക്യമുന്നണി. ഉമ്മൻചാണ്ടി യുടെയും കെ. എം. മാണി യുടെയും കാര്യം കട്ടപ്പുക. അണികൾ മൊത്തം കരുണാകരപക്ഷത്തേക്കു് പോകും. സോണിയാ കോൺഗ്രസ്, 1970-ലെ സംഘടനാ കോൺഗ്രസിന്റെ അവസ്ഥയിലാകും. മൂപ്പനാരും ചിദംബരവും തമിഴ് മാനില കോൺഗ്രസുണ്ടാക്കിയശേഷം ഔദ്യോഗിക പക്ഷത്തു് ഉറച്ചുനിന്ന ഇ. വി. എസ്. ഇളങ്കോവന്റെ പരുവത്തിലെത്തും ഉമ്മൻചാണ്ടി.

images/M_V_Raghavan.jpg
എം. വി. രാഘവൻ

മുമ്പു് കെ. കരുണാകരനെ യും എ. കെ. ആന്റണി യെയും കുഴിയിലിറക്കിയ പരിചയവും പാരമ്പര്യവുമുണ്ടു് കുഞ്ഞാലിക്കുട്ടി ക്കു്. ഇനി ഉമ്മൻചാണ്ടി യുടെ ഊഴം. മുന്നണി വിടാൻ കാരണങ്ങൾ എത്രയുമെങ്കിലുമുണ്ടു് മുസ്ലിംലീഗിനു്. മാറാട്ടെ പുനരധിവാസപ്രശ്നം മുതൽ സ്പെഷൽ റിക്രൂട്ട്മെന്റ് വരെ. സോണിയാ കോൺഗ്രസുമായുള്ള ബന്ധം പിരിയുന്നപക്ഷം ഇ. അഹമ്മദ് കേന്ദ്രമന്ത്രിപദം ഒഴിയേണ്ടിവരും എന്ന കാര്യവും കുഞ്ഞാലിക്കുട്ടി ക്കു് ആവേശം പകരും.

images/Vayalar_Ravi.jpg
വയലാർ രവി

ഏതു് സാഹചര്യത്തിലും തെരഞ്ഞെടുപ്പിനു് ശേഷം കരുണാകരവിഭാഗം കോൺഗ്രസിനെ അംഗീകരിക്കാനും തിരിച്ചുകൊണ്ടുവരാനും ഹൈക്കമാന്റ് നിർബന്ധിതമാകും. അല്ലാത്തപക്ഷം കേരളം പശ്ചിമബംഗാളാകും. ഉമ്മൻചാണ്ടി സിദ്ധാർഥ ശങ്കർ റായി യും.

അഡ്വക്കറ്റ് എ. ജയശങ്കർ
images/ajayasankar.jpg

അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.

Colophon

Title: Apoorva Vaidyanmar (ml: അപൂർവ വൈദ്യൻമാർ).

Author(s): K. Rajeswari.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, K. Rajeswari, Apoorva Vaidyanmar, കെ. രാജേശ്വരി, അപൂർവ വൈദ്യൻമാർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; River Valley Campus, Malayinkeezh,; Trivandrum 695571; India.

Date: June 18, 2026.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The Sick Woman, a painting by Jan Steen (1625/1626–1679). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.