മൂന്നക്ഷരംകൊണ്ടു് മൂപ്പാരും പുകഴ്പെറ്റ പൊടിപൂരം തിരുനാൾ നാടുനീങ്ങി. അപ്രതീക്ഷിതമോ ആകസ്മികമോ ആയിരുന്നില്ല അന്ത്യം. അക്കാരണംകൊണ്ടുതന്നെ പത്രമാസികാദികളും ദൃശ്യമാധ്യമങ്ങളും മഹച്ചരമം ശരിക്കാഘോഷിച്ചു. യക്ഷകിന്നര ഗന്ധർവന്മാർ വീരഭദ്ര പ്രചോദിതരായി വിലാപഗാനാലാപം നടത്തി. ഡെയ്ലി ടെലഗ്രാഫ് മുതൽ ഗോമതിവരെ മുഖപ്രസംഗമെഴുതി; സഞ്ചയനം പ്രമാണിച്ചു് വാരികകളുടെ നടുമുറ്റത്തു് കണ്ണോക്കു ലേഖനങ്ങൾ കൂമ്പാരം കൂടി. അനുശോചന സന്ദേശങ്ങൾ അണമുറിഞ്ഞൊഴുകി: ലിറ്റൻസ്ട്രാച്ചിയുടെ, വാട്ടർഗേറ്റ് നിക്സന്റെ, കൊച്ചിത്തമ്പുരാന്റെ, ഇട്ടൂപ്പു മുതലാളിയുടെ, ചീതക്കുട്ടി കെട്ടിലമ്മയുടെ, ശോഭനാ ജോർജിന്റെ…
സർക്കാർ ബഹുമതിയോ ആചാരവെടിയോ സർവാണിസദ്യയെങ്കിലുമോ ഉണ്ടായില്ലെങ്കിലും ഐവർമഠത്തിൽ നടന്ന സംസ്കാര കർമങ്ങൾ പൊടിപാറിയെന്നാണു് റോയിറ്റർ റിപ്പോർട്ട്. പുലരുവാനേഴര രാവുള്ളപ്പോൾ ടൂർ പ്രോഗ്രാം തെറ്റിച്ചു് ടൂറിസം മന്ത്രിയെത്തി; കിഴക്കു വെള്ളകീറിയതും ചുവപ്പുനാടകൊണ്ടു് കെട്ടിയ പുഷ്പ ചക്രവുമേന്തി അഡീഷനൽ ജില്ലാ മജിസ്ട്രേറ്റും. ശവസംസ്കാരം കഴിഞ്ഞ ശേഷമാണു് സാംസ്കാരിക മന്ത്രി വന്നതു്. പയ്യൻസിന്റെ സ്മരണ നിലനിറുത്താൻ സാംസ്കാരികവകുപ്പു് നടപടി എടുക്കും എന്നൊരു ഭീഷണി മുഴക്കി കശ്മലൻ. ശവസംസ്കാരച്ചടങ്ങുമായി സർക്കാർ സഹകരിച്ചില്ല എന്ന പരാതി ഗൗരവമായി പരിശോധിക്കും, കുറ്റക്കാർക്കെതിരെ നടപടിയും ഉണ്ടാകും.
സർക്കാർ ബഹുമതിയോടെ ശവമടക്കു നടത്തേണ്ടും പുള്ളികളുടെ പട്ടികയിൽ സാഹിത്യകാരന്മാരുടെ പേരുവിവരം കാണുന്നില്ലെന്നാണു് ബന്ധപ്പെട്ട രേഖകൾ പരിശോധിച്ച ശേഷം ഡപ്പിടി കളക്ടൻ അറിയിച്ചതു്. അതല്ല, ബഹുമതി കൂടിയേ തീരുവെന്നാണെങ്കിൽ നിർദ്ദിഷ്ട ഫാറത്തിൽ അഞ്ചുർപ്യ സ്റ്റാമ്പൊട്ടിച്ചു് മറുപടിക്കു ലാക്കോട്ടു സഹിതം അപേക്ഷിക്കണം. സർക്കാറിൽനിന്നു് സ്പെഷൽ ഓർഡർ വാങ്ങണം. അന്തിക്കാടു ഭഗവതീക്ഷേത്ര നടയിലെ ആലുമുറിച്ചു് ആസനം പൊള്ളിയ വി. എം. ഗോപാലമേനോനാണു് തൃശ്ശിവപേരൂർ ജില്ലാ കളക്ടൻ. കാഞ്ഞവെള്ളത്തിൽ ചാടിയ മേനോൻ പച്ചവെള്ളം കണ്ടാലും ഞെട്ടും. വല്ലാത്ത സർക്കാർ പ്രഭാവത്തിനേക്കാൾ ഇല്ലാത്ത സർക്കാർ പ്രഭാവം സുഖംകേൾ.
വിവാദ കുതുകികളായ ചില സാംസ്കാരിക നായകർ ഈയവസരം മുതലാക്കി സർക്കാറിന്റെ മണ്ടക്കു മേടി. സുകുമാർ അഴീക്കോട്, സാറാജോസഫ്, കെ. ജി. ശങ്കരപ്പിള്ള, ബാലചന്ദ്രൻ ചുള്ളിക്കാട് എന്നിവർ അവയിൽ പ്രമാണികൾ. ആദ്യത്തെ മൂന്നുപേരും അടുത്തൂൺ പറ്റിയ കോളേജ് അധ്യാപകരും കേരള-കേന്ദ്ര സാഹിത്യ അക്കാദമി അവാർഡു ജേതാക്കളും ഇടതുപക്ഷ സഹയാത്രികരും അക്കാരണംകൊണ്ടുതന്നെ കാർത്തികേയവിരോധികളുമാകുന്നു. ഇന്നു നീ, നാളെ ഞാൻ. നാം നാടുനീങ്ങുമ്പോഴും ഐക്യമുന്നണി ഭരണമാണെങ്കിൽ, കാർത്തികേയൻ തന്നെയാണു് മന്ത്രി, ഗോപാലമേനോനാണു് കളക്ടറുമെങ്കിൽ ഔദ്യോഗിക ബഹുമതി ഗോപി! അതുകൊണ്ടു് കാറ്റുള്ളപ്പോൾ പാറ്റണം, വെയിലുള്ളപ്പോൾ വൈക്കോലുണക്കണംം. മറ്റുള്ളവരുടെ അനുഭവത്തിൽ നിന്നു് പാഠം പഠിക്കുന്നവരല്ലോ വിവേകശാലികൾ!
അധികാരത്തെ വിമർശിച്ച വി. കെ. എൻ. ഇപ്പോഴുണ്ടായ സംഭവങ്ങൾ കണ്ടുചിരിക്കുകയായിരിക്കുമെന്നു് പറഞ്ഞു, ശങ്കരപ്പിള്ള. പനമ്പിള്ളി യെപ്പോലുള്ള ഭരണാധികാരികൾ ഇപ്പോഴില്ല എന്നു അഴീക്കോടു് പരിതപിച്ചു. സർക്കാറിന്റെ കാഴ്ചപ്പാടു് സങ്കുചിതമാണു്. അവർക്കു് വി. കെ. എന്നിന്റെ മഹത്ത്വം അറിയില്ല. പോൾ സാറിനെ തെമ്മാടിക്കുഴിയിലടക്കിയപ്പോൾ (1952) പനമ്പിള്ളി മന്ത്രി എന്തുചെയ്തു, വൈലോപ്പിള്ളി യുടെ ശവദാഹം എ. ഐ. ടി. യു. സിക്കാർ തടഞ്ഞപ്പോൾ (1985) ഇടതുപക്ഷ ബുദ്ധിജീവികൾഎവിടെയായിരുന്നു എന്നൊന്നും തിരിച്ചുചോദിക്കരുതു്. സാഗരഗർജനത്തിൽ ചോദ്യമില്ല.
സാറാജോസഫ് ഒരടികൂടി മുന്നോട്ടു കയറി, പത്മശ്രീ കിട്ടാത്തതുകൊണ്ടു് സംസ്ഥാന ബഹുമതി നിഷേധിച്ചു എന്ന വാദഗതി അൽപത്തമാണെന്നു പറഞ്ഞു. അഞ്ജു ബോബി ജോർജിനു വരെ ലഭിച്ച പത്മശ്രീ കിട്ടാഞ്ഞതോ വി. കെ. എന്നിന്റെ അയോഗ്യത? എങ്കിൽ പത്മ അവാർഡുകളൊന്നും ലഭിക്കാതിരുന്ന എൻ. പി. മുഹമ്മദ്, നാഗവള്ളി ആർ. എസ്. കുറുപ്പ്, തിക്കോടിയൻ മുതൽ പേരുടെ ശവസംസ്കാരം സർക്കാർ ബഹുമതിയോടെ നടത്തിയോ?
അത്ലറ്റിക്സിനെക്കുറിച്ചുള്ള ഫെമിനിസ്റ്റ് വീക്ഷണം എന്തെന്നറിയില്ല. വി. കെ. എന്നിന്റെ മരിച്ചടക്കിനു് സർക്കാർ ബഹുമതി കിട്ടാഞ്ഞതിനു് പാവം അഞ്ജു ബോബി ജോർജ് എന്തുപിഴച്ചു? കഴിഞ്ഞ ആഗസ്റ്റ്–സെപ്റ്റംബറിൽ ഫ്രാൻസിലെ സാങ്ദെനിയിൽ നടന്ന 9-ാമതു് ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 6.70 മീറ്റർ ചാടി വെങ്കലം നേടിയവൾ അഞ്ജു. കഴിഞ്ഞയാണ്ടിൽ അർജുന അവാർഡു നേടി, ഈ വർഷം പത്മശ്രീയും. വെങ്കലവും അർജുനയും പത്മശ്രീയുമൊക്കെപ്പോയാലും 6.70 മീറ്റർ എന്ന മഹാദൂരം ബാക്കി നിൽക്കുകയില്ലേ?
ബാലചന്ദ്രനിൽ രുദ്രൻവെളിച്ചപ്പാടു് ആവേശിച്ചു. പള്ളിവാളും കാൽച്ചിലമ്പുമായി കവി ഉറഞ്ഞുതുള്ളി: “പൊലീസ് നായ ചത്താലും സംസ്ഥാന ബഹുമതികളോടെ സംസ്കരിക്കുന്ന കേരളത്തി… ഹിയ്യേ… വി. കെ. എന്നോടു് കാട്ടിയ വിവേചനം സാംസ്കാരികാപരാധം… ഹിയ്യേ, ഹിയ്യേ… കോൺഗ്രസിലെ അഴിമതിയും അധികാരക്കൊതിയും തുറന്നുകാണിച്ചതുകൊണ്ടാണു് സംസ്ഥാന ബഹുമതി നിഷേധിച്ചതു്…”
വീക്ഷണത്തിൽ ജോലി ചെയ്യുമ്പോഴും പിന്നീടും അഴിമതിയോടു്, വിശിഷ്യാ കോൺഗ്രസിലെ അഴിമതിയോടു് അസഹിഷ്ണുത പുലർത്തിയ ധീരനാണു് ബാലചന്ദ്രൻ. ഒരു പതിറ്റാണ്ടുമുമ്പു്, ദേശീയ സാംസ്കാരിക ഐക്യത്തിന്റെ ഉന്നമനം ലാക്കാക്കി പ്രവർത്തിച്ചിരുന്ന ‘സുരഭി’ എന്ന സന്നദ്ധ സാംസ്കാരിക സംഘടനയുമായി സഹകരിച്ചു് കവി സംഘടിപ്പിച്ച മാനസോൽസവംതന്നെ മനോഹരമായ ഉദാഹരണം. അക്കാലത്തു് കരുണാകരന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനും കോൺഗ്രസിലെ ഹെവിവെയ്റ്റു താരവുമായ എൻ. വേണുഗോപാലായിരുന്നു സുരഭിയുടെ ചെയർമാൻ. യുവ കോൺഗ്രസ് നേതാക്കൾ കെ. സി. രമേശ്, സി. എം. ഉണ്ണി, ജോൺ ഡേവിഡ് എന്നിവർ ഇതര സംഘാടകർ. സ്വാഗതസംഘം കൺവീനർ ബാലചന്ദ്രൻ ചുള്ളിക്കാടു്.
1994 സെപ്റ്റംബർ 17-നു് ആലുവാ മണപ്പുറത്തു് മാനസോൽസവത്തിന്റെ ഉദ്ഘാടനകർമ്മം നിർവഹിച്ചതു് എതിരവീരശരച്ചന്ദ്ര—ബൗദ്ധൻ, എതിരറ്റ സിംഹള സാഹിത്യകാരൻ. അധ്യക്ഷൻ ഡോ. യു. ആർ. അനന്തമൂർത്തി, മുഖ്യപ്രഭാഷകൻ എം. ടി. വാസുദേവൻ നായർ.
19-ാം തീയതി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തതു് അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ—താളവാദ്യകലാകാരൻ, കേരള രാഷ്ട്രീയത്തിലെ ഭീഷ്മപിതാമഹൻ സർ ചാത്തു. ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതക്കും എന്നും ദേശീയ സാഹിത്യത്തിന്റെ സംഭാവനയുണ്ടായിരുന്നു. ഒരൊറ്റ ഇന്ത്യ എന്ന സങ്കല്പത്തെ ഊട്ടിയുറപ്പിച്ചതു് മഹാഭാരതവും രാമായണവും പോലുള്ള ഇതിഹാസങ്ങളാണു്. മതസമന്വയത്തിന്റെയും സത്യത്തിന്റെയും അഹിംസയുടെയും ഉന്നതമൂല്യങ്ങൾക്കുവേണ്ടിയാണു് ദേശീയസാഹിത്യം എന്നും നിലകൊണ്ടതു്, രാജ്യം രാഷ്ട്രീയമായി വേർതിരിഞ്ഞിനിന്ന കാലത്തും കലയും സാഹിത്യവും ജനങ്ങളെയും സംസ്കാരങ്ങളെയും സമന്വയിപ്പിക്കാനാണു് ശ്രമിച്ചതു്: കരുണാകരൻ പറഞ്ഞു. സുരഭിയുടെ ആഭിമുഖ്യത്തിൽ ദേശീയസാഹിത്യഫോറം രൂപവത്കരിക്കുമെന്നു് ചടങ്ങിൽ അധ്യക്ഷത വഹിച്ച എൻ. വേണുഗോപാൽ അറിയിച്ചു. കൃതജ്ഞതപറഞ്ഞ ബാലചന്ദ്രൻ മുഖ്യനെ നിതരാം സ്തുതിച്ചു. ഓണനിലാവിൽ മുങ്ങിയ ആലുവാ മണപ്പുറം കവിവചനം കേട്ടു് കോരിത്തരിച്ചു. ഭീഷ്മാചാര്യൻ വെൺചന്ദ്രികക്കു് നിറം കൂടുമാറൊന്നു പുഞ്ചിരിക്കൊള്ളുക മാത്രം ചെയ്തു.
ചടങ്ങിനൊടുവിൽ മുഖ്യമന്ത്രിയും സംഘാടകരും സാഹിത്യ നായകരും ചേർന്നു് ദേശീയ ഐക്യത്തിനും സമാധാനത്തിനും വേണ്ടിയുള്ള ഹൃദയംഗമായ മൗനപ്രാർത്ഥനയോടെ ദീപ്തമായ നൂറുകണക്കിനു് മൺചെരാതുകൾ പെരിയാറ്റിലൊഴുക്കി.
ആലുവാപ്പുഴ പിന്നെയുമൊഴുകി. സുരഭിയെക്കുറിച്ചോ ദേശീയ സാഹിത്യ ഫോറത്തെക്കുറിച്ചോ പിന്നീടൊരിക്കലും ആരും കേൾക്കുകയുണ്ടായില്ല. മാസങ്ങൾക്കകം കരുണാകരന്റെ മന്ത്രിസഭ തകർന്നു. വേണുഗോപാലും കെ. സി. രമേശുമൊക്കെ മൂന്നാംഗ്രൂപ്പിൽ ചേക്കേറി (ഇക്കഴിഞ്ഞ എറണാകുളം ഉപതെരഞ്ഞെടുപ്പിനു മുമ്പായി ഇരുവരും കരുണാകരപക്ഷത്തു തിരിച്ചെത്തി). ഭരണസ്വാധീനമുപയോഗിച്ചു് നെല്ലായും പണമായും ഖദർധാരികൾ പിരിച്ചതിന്റെ—പുട്ടടിച്ചതിന്റെയും—കണക്കു് കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ പരിശോധിച്ചു ബോധ്യപ്പെട്ടോ എന്തോ?
1998 ഡിസംബറിൽ പ്രസിദ്ധീകരിച്ച ‘ചിദംബര സ്മരണ’ ആദ്യ പതിപ്പിലെ കവിയുടെ ജീവചരിത്രക്കുറിപ്പിൽ ഇങ്ങനെയും ഒരു വാക്യം കാണുന്നു: 1994 സെപ്റ്റംബറിൽ ആലുവായിൽവെച്ചു് കേന്ദ്ര സാഹിത്യ അക്കാദമിയുടെയും സുരഭിയുടെയും സംയുക്താഭിമുഖ്യത്തിൽ 22 ഇന്ത്യൻ ഭാഷകളിലെ 220 സാഹിത്യകാരന്മാരെ പങ്കെടുപ്പിച്ചു നടത്തിയ ‘മാനസോൽസവം’ എന്ന ദേശീയ സാഹിത്യ സമ്മേളനത്തിന്റെ സ്വാഗതസംഘം കൺവീനറായി പ്രവർത്തിച്ചു.
ഇനി ഡോ. കെ. ഗോപിനാഥൻ എഡിറ്റ് ചെയ്തു് തൃശൂർ കറന്റ് പ്രസിദ്ധീകരിച്ച ‘ഇ. എം. എസ്.: വാക്കും സമൂഹവും’ എന്ന ഗ്രന്ഥത്തിൽ നിന്നു് ബാലചന്ദ്രന്റെ ഒരു വാക്യം: ഇ. എം. എസി ന്റെ അറിവോ സമ്മതമോ അംഗീകാരമോ ആശീർവാദമോ ഇല്ലാതെതന്നെ ഒരു എഴുത്തുകാരൻ എന്ന നിലയിൽ അംഗീകാരം നേടാൻ എനിക്കു കഴിഞ്ഞു എന്ന കാര്യത്തിൽ അനൽപമായ ചാരിതാർഥ്യം എനിക്കുണ്ടു്. (കെ. കരുണാകരനോടു് അസൂയതോന്നും സഖാവു് ഇ. എമ്മിനു്).
അക്കാദമി അവാർഡ് വാങ്ങിയവർ, നിരസിച്ചവർ, തിരിച്ചുകൊടുത്തവർ എന്ന ഭേദ ചിന്ത കൂടാതെ ഏതൊരു സാഹിത്യകാരന്റെയും ശവദാഹവും പുലകുളിയടിയന്തിരവും സർക്കാർ ഏറ്റെടുത്തു നടത്തട്ടെ. നെല്ലും അരിയും എണ്ണയും സിവിൽസപ്ലൈസ് വകുപ്പിന്റെ ഓണച്ചന്തയിൽനിന്നു്, വിറകു് വനംവകുപ്പിന്റെ ഗോഡൗണിൽനിന്നും. ഇളയതിന്റെ ദക്ഷിണ ദേവസ്വം വകുപ്പു നൽകണം. സ്വദേശി-വിദേശി ഭേദമെന്യേ സകല ഷാപ്പുകൾക്കും ഉച്ചവരെ ഹർത്താൽ നിർബന്ധം. അനുശോചന പ്രമേയങ്ങളെ വിനോദനികുതിയിൽനിന്നു് തീർത്തും ഒഴിവാക്കണം. ശവസംസ്കാരവേളയിൽ പൊലീസ് ബാന്റ് ‘ഹയീസേ ജോളീ ഗുഡ് ഫെല്ലോ’ എന്ന ത്യാഗരാജ കീർത്തനം അഠാണ രാഗത്തിൽ ആലപിക്കുകകൂടി ചെയ്താൽ സുഖം, സന്തോഷം, സമാധാനായങ്ങടു് സമാധ്യാവാം.
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.