“അത്തിമരത്തെ പരിപാലിക്കുന്നവൻ അതിന്റെ പഴം തിന്നും, യജമാനനെ സേവിക്കുന്നവൻ ബഹുമാനിതനാകും” (സുഭാഷിതങ്ങൾ 27:18)
കെ. കരുണാകര ന്റെ ഏറ്റവും വിശ്വസ്തനായ അനുയായി ആരാണു്? പി. പി. ജോർജ് എന്നാണു് ഉത്തരം. ആയകാലത്തു് ലീഡറുടെ നിഴലായി, ഇടംകൈയും വലംകൈയുമായി നടന്നവർ എത്രപേരായിരുന്നു? എം. പി. ഗംഗാധരനും കെ. കെ. രാമചന്ദ്രനും ടി. എച്ച്. മുസ്തഫയും വരെ നേതാവിനെ തള്ളിപ്പറഞ്ഞപ്പോഴും കാർത്തികേയനും രമേശും ഷാനവാസുമൊക്കെ തിരുത്തൽവാദികളായപ്പോഴും ജോർജ് മാഷ് കരുണാകരന്റെ കൂടെ ഉറച്ചുനിന്നു. കപ്പടാ മീശയും കരുണാകരഭക്തിയുമാണു് മാഷിന്റെ മൂലധനം; ലീഡറേ കൺകണ്ട ദൈവം എന്നതാണു് ജീവമന്ത്രം. അറ്റൻബറോ ചിത്രത്തിൽ ഗാന്ധി വെടിയേറ്റു് മരിക്കുന്നതുകണ്ടു് മാഷ് പൊട്ടിക്കരഞ്ഞെന്നും പിന്നെ ‘മ്മക്കു്’ ലീഡറുണ്ടല്ലോ എന്നോർത്തു് ആശ്വസിച്ചതായും ഒരു കഥയുണ്ടു്.
അതിനു് തക്ക ഗുണവും മാഷിനുണ്ടായി. 1977-ൽ ചാലക്കുടിയിലും 80’-ൽ ചേർപ്പിലും മൽസരിച്ചു് ഡീസന്റായി തോറ്റ ജോർജ് മാഷിനെ 1987-ൽ തിരുവമ്പാടിയിൽ നിറുത്തി വിജയിപ്പിച്ചു. 1991-ൽ മന്ത്രിയുമാക്കി. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പി. പി. ജോർജിനെ മാറ്റി ഒല്ലൂർ സീറ്റ് എം. കെ. പോൾസനു കൊടുക്കണമെന്നു് തൃശൂർ മെത്രാൻ വരെ പറഞ്ഞിട്ടും കരുണാകരൻ കേട്ടില്ല. പോൾസനെ മണലൂർക്കയച്ചു. ഒല്ലൂരിൽ ജോർജിനെ നിറുത്തി ജയിപ്പിച്ചു.
കരുണാകരഭക്തരിൽ ഹനുമാനാണു് പി. പി. ജോർജെങ്കിൽ സുഗ്രീവൻ പി. പി. തങ്കച്ചനാ ണു്. 1977-ൽ അങ്കമാലിയിലും 80-ൽ കുന്നത്തുനാട്ടും നിന്നുതോറ്റ തങ്കച്ചൻ വക്കീലിനു് 1982-ൽ പെരുമ്പാവൂർ സീറ്റ് തരപ്പെടുത്തിയതും 1991-ൽ നിയമസഭാ സ്പീക്കറാക്കിയതും കരുണാകരൻ. ഘടകകക്ഷികളും ആന്റണി ഗ്രൂപ്പുകാരും കുത്തിത്തിരുപ്പുണ്ടാക്കി തന്നെ സ്ഥാനഭ്രഷ്ടനാക്കിയപ്പോൾ മുഖ്യമന്ത്രി സ്ഥാനത്തേക്കു് കരുണാകർജി നിർദേശിച്ച പേരു് തങ്കച്ചന്റേതായിരുന്നു. ലീഡറുടെ സിംഹാസനത്തിലിരിക്കാനുള്ള മടികൊണ്ടോ ആന്റണിയെ എതിർക്കാനുള്ള അധൈര്യംകൊണ്ടോ എന്നറിയില്ല തങ്കച്ചൻ വിനയപൂർവം പിന്മാറി. സ്പീക്കർസ്ഥാനംവിട്ടു് കൃഷി-മൃഗസംരക്ഷണ വകുപ്പുമന്ത്രിയായി സ്ഥാനമേറ്റു.
പ്രൊഫ. രാമൻകർത്ത, ആലുങ്കൽ ദേവസി എന്നിവർ മാറിമാറി എതിരുനിന്നതുകൊണ്ടാണു് തങ്കച്ചനെ വിജയിപ്പിക്കാൻ ഓരോ തവണയും പെരുമ്പാവൂർക്കാർ നിർബന്ധിതരായതു്. ഇത്തവണ ജനതാദളിനു് അങ്കമാലി കൊടുത്തു് സി. പി. എം. പെരുമ്പാവൂർ മണ്ഡലം തിരികെയെടുത്തു. മുനിസിപ്പൽ ചെയർമാൻ മോഹനനും ഏരിയാ സെക്രട്ടറി ശശീന്ദ്രനും സീറ്റിൽ കണ്ണുവെച്ചിരുന്നെങ്കിലും കുറി വീണതു് യുവ നേതാവു് സാജുവിനു്. കോൺഗ്രസ് നേതാവും മുൻ എം. എൽ. എ.-യുമായിരുന്ന പി. ഐ. പൗലോസിന്റെ മകനാണു് സാജു. പതിനെട്ടടവും പയറ്റിയിട്ടും പി. ഡി. പി. സഹായം വേണ്ടുവോളമുണ്ടായിട്ടും തങ്കച്ചൻ അങ്കം തോറ്റു. എറണാകുളം ജില്ലയിലെ പതിനാലിൽ പതിമൂന്നിടത്തും യു. ഡി. എഫ്. സ്ഥാനാർത്ഥികൾ ജയിച്ചപ്പോൾ ഇടതുമുന്നണിയുടെ ആശ്വാസ വിജയം പെരുമ്പാവൂരിൽ. ഇനി വല്ല ജി. സി. ഡി. എ. ചെയർമാനോ മറ്റോ ആയി ശിഷ്ടകാലം കഴിയാമെന്നു കരുതിയിരിക്കുമ്പോഴാണു് കെ. പി. സി. സി. പുനഃസംഘടന.
ഒരാൾക്കു് ഒരു പദവി എന്ന മനോഹരമായ ആശയം ആരുടെ ബുദ്ധിയിലാണാവോ മിന്നിയതു്. മന്ത്രിസ്ഥാനം കിട്ടായ്കയാൽ ഇനി കെ. പി. സി. സിയുടെ ഏക വൈസ് പ്രസിഡന്റാകാമെന്നു് നിനച്ചിരുന്ന ആര്യാടൻ മുഹമ്മദിനെ ഒതുക്കാൻ ‘എ’ ഗ്രൂപ്പിലെ ചില പ്രമാണികൾ മെനഞ്ഞെടുത്ത തന്ത്രമാകാനേ വഴിയുള്ളു. കുഞ്ഞാലിയെ കൊന്നതാരു് എന്ന ചോദ്യവുമായി ഒരു പ്രമുഖ പത്രം രംഗത്തുവന്നതും ശ്രദ്ധേയമാണു്. മാർക്സിസ്റ്റുകാർപോലും മറന്നു തുടങ്ങിയ കുഞ്ഞാലിയെ കുത്തിപ്പൊക്കിയതും ആര്യാടന്റെ നിരപരാധിത്വം തെളിയിക്കാൻ പത്രം പെടാപ്പാടുപെട്ടതുമൊന്നും വെറുതെയല്ല.
എം. എൽ. എ.-മാരോ എം. പി.-മാരോ കെ. പി. സി. സി. ഭാരവാഹികളാകരുതു് എന്ന നിർദ്ദേശം മറ്റൊരു പൊല്ലാപ്പുണ്ടാക്കി. കെ. പി. സി. സി. അധ്യക്ഷൻതന്നെ പാർലമെന്റംഗമാണല്ലോ. എം. പി. സ്ഥാനം രാജിവെക്കാൻ സോണിയാജി സമ്മതിക്കില്ല. അധ്യക്ഷസ്ഥാനം ഒഴിയാൻ അച്ഛനും സമ്മതിക്കില്ല. ഇന്ദിരാഗാന്ധി യുടെ മകന്റെ ഭാര്യക്കു് ഒരേസമയം എ. ഐ. സി. സി. പ്രസിഡന്റും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായിരിക്കാമെങ്കിൽ കെ. കരുണാകരന്റെ മകൻ കെ. പി. സി. സി. പ്രസിഡന്റും എം. പി.-യുമായിരിക്കുന്നതിൽ എന്താണു് അപാകത? അതുകൊണ്ടു് ഒരാൾക്കുമാത്രം രണ്ടു് പദവി; മറ്റെല്ലാവർക്കും ഓരോ പദവി എന്ന തത്ത്വം അംഗീകരിക്കപ്പെട്ടു.
എം. പി., എം. എൽ. എ.-മാരെ ഒഴിവാക്കിയതുകൊണ്ടു് തെരഞ്ഞെടുപ്പിൽ സീറ്റുകിട്ടാത്തവരും കിട്ടിയാലും ജയിക്കാത്തവരുമായ ഒട്ടേറെപ്പേരെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞു. ജനറൽ സെക്രട്ടറിമാർ 14-ഉം ജോയിന്റ് സെക്രട്ടറിമാർ 17-ഉം ഉള്ളതുകൊണ്ടു് നാലു് ഗ്രൂപ്പുകൾക്കും ഒട്ടെല്ലാ സമുദായങ്ങൾക്കും മതിയായ പ്രാതിനിധ്യം കിട്ടി. കോട്ടയം സീറ്റിനു് ശ്രമിച്ചിട്ടു് കിട്ടാതെ വയലാർ രവിയെ പുലഭ്യം പറഞ്ഞു് നടക്കുന്ന ശരത്ചന്ദ്രപ്രസാദ്, കായംകുളത്തുനിൽക്കാൻ കൊതിച്ച രാജ്മോഹൻ ഉണ്ണിത്താൻ, 1980-നുശേഷം മൽസരിക്കാത്ത യു. കെ. ഭാസി, 1987-നുശേഷം സീറ്റ് കിട്ടാത്ത ബെന്നി ബെഹനാൻ, രണ്ടു വട്ടം പാർലമെന്റിലേക്കു് മൽസരിച്ചുതോറ്റ കെ. കെ. വിജയലക്ഷ്മി നാളിതുവരെ സീറ്റ് ലഭിക്കാത്ത എൻ. വേണുഗോപാൽ, വളരെക്കാലമായി പേരു കേൾക്കാനില്ലാതിരുന്ന പി. കെ. വേലായുധൻ എന്നിവരൊക്കെ കെ. പി. സി. സി. ജനറൽ സെക്രട്ടറിമാരായിട്ടുണ്ടു്. പതിമൂന്നാം മണിക്കൂറിൽ സ്ഥാനർത്ഥി പട്ടികയിൽനിന്നു് ഒഴിവാക്കപ്പെട്ട കെ. പി. ധനപാലൻ എറണാകുളത്തും കെ. ശിവദാസൻ നായർ പത്തനംതിട്ടയിലും ഡി. സി. സി. പ്രസിഡന്റുമാരായി. കെ. പി. നൂറുദീൻ കെ. പി. സി. സി. നിർവാഹക സമിതിയിലും ഇടംകണ്ടെത്തി. 39 അംഗ നിർവാഹക സമിതിയിൽ അത്യാവശ്യം എം. പി.-മാരെയും എം. എൽ. എ.-മാരെയുമൊക്കെ ഉൾപ്പെടുത്തിയിട്ടുണ്ടു്. ആര്യാടനും സുധീരനും മുതൽ എസ്. കൃഷ്ണകുമാറും ജോസ് കുറ്റ്യാനിയും വരെയുള്ള 20 പേരെ പ്രത്യേക ക്ഷണിതാക്കളായും നിശ്ചയിച്ചിരിക്കുന്നു.
സി. എൻ. ബാലകൃഷ്ണ നാണു് കെ. പി. സി. സി.-യുടെ ഏക ഖജാൻജി. നാളിതുവരെ ഒരു തെരഞ്ഞെടുപ്പിലും മൽസരിക്കാത്ത ബാലകൃഷ്ണൻ ഇത്തവണ കുന്നംകുളം സീറ്റിനു് ശ്രമിച്ചതാണു്. പക്ഷേ, ടി. വി. ചന്ദ്രമോഹനി ലാണു് ലീഡർ പ്രസാദിച്ചതു്. ഏറെക്കാലം ഡി. സി. സി. പ്രസിഡന്റും ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റുമായി പ്രവർത്തിച്ച പരിചയം കെ. പി. സി. സി. ഖജനാവു് നിറക്കുന്നതിനു് സഹായകരമായിരിക്കും. നിലവിൽ എം. എൽ. എ.-മാരൊന്നുമില്ലാത്ത എഴുത്തച്ഛൻ സമുദായത്തെ പ്രീതിപ്പെടുത്താനും ബാലകൃഷ്ണന്റെ സ്ഥാനലബ്ധി ഉപകരിക്കും.
എഴുത്തച്ഛന്മാർക്കു് ലഭിച്ച പരിഗണനപോലും നമ്പൂതിരിമാർക്കുണ്ടായിട്ടില്ല. ധീവര, വിശ്വകർമ സമുദായങ്ങളുടെയും കൽദായ, പൊന്തകോസ്തു സഭകളുടെയും കാര്യവും വ്യത്യസ്തമല്ല. സർവലോക നമ്പൂരാരേ, ധീവരരേ, വിശ്വകർമജരേ, കൽദായരേ, പൊന്തകോസ്തുകാരേ സംഘടിക്കുവിൻ!
സ്ഥാനമാനങ്ങളെ ചൊല്ലി മൂന്നാം ഗ്രൂപ്പിൽ ചില്ലറ പൊട്ടലും ചീറ്റലുമൊക്കെയുണ്ടായി. നിർവാഹക സമിതിയിൽ ഇടംകിട്ടാഞ്ഞ കെ. സി. വേണുഗോപാൽ പാളയത്തിൽ പടയുണ്ടാക്കി. വേണുവിനെ എ. ഐ. സി. സി. അംഗമാക്കിയിട്ടും മുറുമുറുപ്പു് തീർന്നിട്ടില്ല. തനിക്കു് സ്ഥാനം കിട്ടാത്തതിലല്ല, പുനലൂർ മധു വിനെ ജോയിന്റ് സെക്രട്ടറിയാക്കിയതിലാണു് ഹിദുർ മുഹമ്മദിനു് പ്രയാസം. മധു പാരപണിഞ്ഞതുകൊണ്ടല്ല നാട്ടുകാർ വോട്ടു് ചെയ്യാഞ്ഞതുകൊണ്ടാണു് പുനലൂരിൽ ഹിദുർ മുഹമ്മദ് തോറ്റതു് എന്നു് മൂന്നാംഗ്രൂപ്പിലെ നേതാക്കൾക്കറിയാം. ഏതായാലും ഹിദുർ മുഹമ്മദ് ‘ഐ’ ഗ്രൂപ്പിലേക്കു് തിരിച്ചുപോയിട്ടുണ്ടു്.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുണ്ടായ തർക്കവും പുക്കാറുമായി താരതമ്യം ചെയ്താൽ മറ്റെല്ലാം നിസ്സാരം. കെ. പി. സി. സി. ഉപാധ്യക്ഷൻ എന്നതു് ചില്ലറ പോസ്റ്റെങ്ങാനുമാണോ? കെ. മുരളീധരനെ പ്പോലുള്ള പ്രഗല്ഭമതികൾ മറ്റാരും ഇന്നു് പാർട്ടിയിൽ ഇല്ലാത്തതുകൊണ്ടു് ഏറ്റവും കുറഞ്ഞതു് രണ്ടു് വൈസ് പ്രസിഡന്റുമാർ വേണം എന്നു് നിശ്ചയിച്ചു. രണ്ടിലധികമായാൽ ജനപിന്തുണയില്ലാത്ത മൂന്നും നാലും ഗ്രൂപ്പുകൾ അവകാശവാദം ഉന്നയിക്കുമെന്നതിനാൽ ‘എ’, ‘ഐ’ ഗ്രൂപ്പുകാർക്കു് ഓരോ സ്ഥാനം എന്നും തീരുമാനിച്ചു. നിലവിൽ നിയമസഭാംഗമാകയാൽ ആര്യാടൻ മുഹമ്മദിന്റെ ക്ലെയിം ഇല്ലാതായി. തെക്കു് ചിറയിൻകീഴു മുതൽ വടക്കു് പട്ടാമ്പി വരെയുള്ള സീറ്റുകളിൽ മാറി മാറി മൽസരിക്കുകയും മൽസരിച്ചപ്പോഴൊക്കെ തോൽക്കുകയും ചെയ്ത എം. ഐ. ഷാനവാസിനേ ക്കാൾ കെ. പി. സി. സി. വൈസ് പ്രസിഡന്റാകാൻ ആർക്കുണ്ടു് യോഗ്യത? അങ്ങനെ ‘എ’ ഗ്രൂപ്പിന്റെ നോമിനി തീരുമാനമായി.
കെ. പി. സി. സി. പ്രസിഡന്റ് നായരും ഒരു വൈസ് പ്രസിഡന്റ് മുസ്ലിമുമാകയാൽ മറ്റേ വൈസ് പ്രസിഡന്റ് ക്രിസ്ത്യാനിയായേ തീരൂ. മുഖ്യമന്ത്രി കത്തോലിക്കനും യു. ഡി. എഫ്. കൺവീനർ ഓർത്തഡോക്സ് സഭാക്കാരനുമായതിനാൽ വൈസ് പ്രസിഡന്റ് യാക്കോബായക്കാരനാകുന്നതാണു് ഭംഗി. എല്ലാ യോഗ്യതയും തികഞ്ഞ ഒരാളെ മുരളിതന്നെ കണ്ടെത്തി—പി. സി. ചാക്കോ.
പനശ്ശേരിൽ ചാക്കോ ചാക്കോ 1946 സെപ്റ്റംബർ 29-നു് കാഞ്ഞിരപ്പള്ളിയിൽ ജനിച്ചു. വിദ്യാർത്ഥിയായിരിക്കുമ്പോൾ രാഷ്ട്രീയത്തിലിറങ്ങി. കെ. എസ്. യു.-വിന്റെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, അഖിലേന്ത്യാ ജനറൽ സെക്രട്ടറി, എന്നീ നിലകളിൽ പ്രശോഭിച്ച ചാക്കോ കേവലം 31-ാം വയസ്സിൽ കെ. പി. സി. സി. ജനറൽ സെക്രട്ടറിയായി. ആന്റണി യുടെ ഉറ്റ അനുയായിയും കരുണാകരന്റെ കടുത്ത വിമർശകനുമായിരുന്ന ചാക്കോയാണു് കോൺഗ്രസ് കൂടി ഉൾപ്പെട്ട ഇടതുപക്ഷ ഐക്യമുന്നണിയെപ്പറ്റി എഴുപതുകളുടെ അന്ത്യത്തിൽ ഉറക്കെ ചിന്തിച്ച ആദ്യ വ്യക്തി.
1979-ൽ ആന്റണിഗ്രൂപ്പുകൂടി ഉൾപ്പെട്ട ഇടതുപക്ഷ മുന്നണി യാഥാർത്ഥ്യമായി; 1980-ൽ ചാക്കോ മന്ത്രിയുമായി. ഒന്നരവർഷത്തിനകം ആന്റണിഗ്രൂപ്പ് മുന്നണി വിട്ടപ്പോൾ മന്ത്രിസഭ തകർന്നു. ചാക്കോയും ഷൺമുഖദാസും കടന്നപ്പള്ളി യും ആന്റണിയോടൊപ്പം ചേർന്നില്ല. അവർ കോൺഗ്രസ്-എസ് ഉണ്ടാക്കി മാർക്സിസ്റ്റുമുന്നണിയിൽനിന്നു. 1982-ലെ തെരഞ്ഞെടുപ്പിൽ എറണാകുളത്തു് മൽസരിച്ച ചാക്കോ എ. എൽ. ജേക്കബിനോടു് തോറ്റു. യു. ഡി. എഫ്. സർക്കാറിനെ നിശിതമായി വിമർശിച്ചിരുന്ന ചാക്കോ പെട്ടെന്നൊരു ദിവസം കോൺഗ്രസ്-ഐയിലേക്കു് തിരികെ വന്നപ്പോൾ കരുണാകരൻപോലും അമ്പരന്നു. ശരദ്പവാർ മാതൃസംഘടനയിലേക്കു് തിരിച്ചുപോയതായിരുന്നു ചാക്കോയുടെ മനംമാറ്റത്തിനു് കാരണം. മുടിയനായ പുത്രന്റെ തിരിച്ചുവരവിൽ കരുണാകരനോ ആന്റണിക്കോ പ്രത്യേക സന്തോഷമൊന്നും തോന്നിയില്ല. 1987-ലെ തെരഞ്ഞെടുപ്പിൽ ചാക്കോക്കു് സീറ്റ് കിട്ടിയതുമില്ല.
1989-ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാൻ ചാക്കോ പരമാവധി ശ്രമിച്ചു. മാവേലിക്കരയിൽ പി. ജെ. കുര്യനും തൃശൂരിൽ പി. എ. ആന്റണി യും സിറ്റിങ് എം. പി.-മാർ എന്ന നിലക്കു് സീറ്റുറപ്പിച്ചു. ലത്തീൻ കാത്തോലിക്കാ സംവരണമായ എറണാകുളത്തു് കെ. വി. തോമസും ഉറപ്പിച്ചു. കോട്ടയത്തു് രമേശ് ചെന്നിത്തല യും മുകുന്ദപുരത്തു് സാവിത്രി ലക്ഷ്മണ നെയും കരുണാകരൻ സ്ഥാനാർത്ഥികളാക്കി. ഇടുക്കി ജോസഫ് ഗ്രൂപ്പിനും മൂവാറ്റുപുഴ മാണി ഗ്രൂപ്പിനും കൊടുത്തപ്പോൾ ചാക്കോവിനു് സീറ്റില്ല. മൂവാറ്റുപുഴ സീറ്റ് കിട്ടിയേ തീരു എന്നു് വാശിപിടിച്ചു് ജോസഫ് ഗ്രൂപ്പ് ഇടുക്കി നിരസിച്ചു; മുന്നണി വിടുകയും ചെയ്തു. ജോസഫ് ഗ്രൂപ്പ് ഇടുക്കി ഉപേക്ഷിച്ച കാര്യമറിഞ്ഞു് ചാക്കോ പാഞ്ഞെത്തി നാമനിർദ്ദേശപത്രിക നൽകി. കോൺഗ്രസ് സ്ഥാനാർത്ഥി പാലാ കെ. എം. മാത്യുവായിരിക്കുമെന്നു് കരുണാകരൻ പ്രഖ്യാപിച്ചു. ചാക്കോ പത്രിക നൽകിയ കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ “ഡമ്മിയായിട്ടായിരിക്കും” എന്നായിരുന്നു ലീഡറുടെ മറുപടി.
ഏതായാലും 1991-ൽ ചാക്കോക്കു് സീറ്റു കിട്ടി. തൃശൂരിൽ സി. പി. ഐ. നേതാവു് കെ. പി. രാജേന്ദ്രനെ തോൽപിച്ചു് ചാക്കോ ലോക് സഭാംഗമായി. ക്രമേണ കരുണാകരന്റെ അടുപ്പക്കാരനായ ചാക്കോ ’96-ൽ മുകുന്ദപുരത്തേക്കു് മാറി. വി. വിശ്വനാഥമേനോനെ തോൽപിച്ചു് വീണ്ടും പാർലമെന്റിലെത്തി. കൽക്കത്താ എ. ഐ. സി. സി.-യിൽ പ്രവർത്തക സമിതിയിലേക്കുള്ള തന്റെ പത്രിക മുക്കിയെന്നാരോപിച്ചു് കരുണാകരൻ വയലാർ രവിയെയും പി. സി. ചാക്കോവിനെയും തള്ളിപ്പറഞ്ഞു. മൂന്നാംഗ്രൂപ്പിലും ഇടംകിട്ടാതെ ചാക്കോയും രവിയും ഗ്രൂപ്പില്ലാത്തവരുടെ ഗ്രൂപ്പുണ്ടാക്കി. 1998-ലെ തെരഞ്ഞെടുപ്പിൽ പി. സി. ചാക്കോ ക്കു് മുകുന്ദപുരം സീറ്റുകൊടുക്കാൻ പാടില്ലെന്നായി കരുണാകരൻ. അവിടെ ചാക്കോയുടെ കൂട്ടർ (യാക്കോബായക്കാർ) കുറവാണെന്നതു തന്നെ കാരണം. അതോടെ യാക്കോബായ സുറിയാനി സഭ ഇളകി. അവസാനം, കത്തോലിക്കനായ എ. സി. ജോസി നെ മുകുന്ദപുരത്തേക്കു് മാറ്റി ചാക്കോക്കു് ഇടുക്കി സീറ്റുകൊടുത്തു. ഇടുക്കിയിലെ പോരാട്ടം കടുത്തതായിരുന്നു. നേരിയ ഭൂരിപക്ഷത്തിലാണു് ജോസഫ് ഗ്രൂപ്പിലെ ഫ്രാൻസിസ് ജോർജി നെ കീഴടക്കിയതു്.
12-ാം ലോക് സഭക്കു് 13 മാസമേ ആയുസ്സുണ്ടായുള്ളൂ. ജയലളിത പാലം വലിച്ചപ്പോൾ മന്ത്രിസഭ തകർന്നു. വീണ്ടും തെരഞ്ഞെടുപ്പു വന്നു. സോണിയാഗാന്ധി യുടെ വിദേശ ജനനപ്രശ്നം ഉന്നയിച്ച ശരദ് പവാറും കൂട്ടരും പാർട്ടി വിട്ടപ്പോൾ ചാക്കോ ഷൾഗവ്യത്തിലായി. കോൺഗ്രസിൽ ഉറച്ചുനിന്നപ്പോഴും സീറ്റിന്റെ കാര്യം ബുദ്ധിമുട്ടായി. ഒടുവിൽ കറങ്ങിത്തിരിഞ്ഞു് കോട്ടയത്തു് എത്തി. എതിരാളി പ്രബലനും ജനസമ്മതനുമായ സുരേഷ് കുറുപ്പ്. സഖാക്കൾ പണം പച്ചവെള്ളംപോലെ ഒഴുക്കി. യാക്കോബായക്കാരൻ സ്ഥാനാർത്ഥിയായി വന്നതു് ഓർത്തഡോക്സുകാർക്കു് രസിച്ചില്ല. മലയാള മനോരമപോലും കുറുപ്പിനെ കാര്യമായി എതിർത്തില്ല. ഉമ്മൻചാണ്ടി യുടെ തട്ടകമായ പുതുപ്പള്ളിയിൽ കുറുപ്പിനായിരുന്നു നേരിയ മുൻതൂക്കം. നാരായണപ്പണിക്കരുടെ സമദൂര സിദ്ധാന്തവും സുരേഷിനെ തുണച്ചു. കത്തോലിക്കർക്കു് ഭൂരിപക്ഷമുള്ള ചങ്ങനാശ്ശേരിയും കടുത്തുരുത്തിയുമേ ചാക്കോയോടൊപ്പം നിന്നുള്ളു.
തെരഞ്ഞെടുപ്പു പരാജയത്തിനുശേഷം ‘ഐ’ ഗ്രൂപ്പിൽ തിരിച്ചെത്തി പി. സി. ചാക്കോ. മുരളിയുടെ അടുപ്പക്കാരനും വിശ്വസ്തനുമായിമാറാൻ നാളേറെ വേണ്ടി വന്നില്ല. മുരളിയെ അംഗീകരിക്കാം, പത്മജ യെ പറ്റില്ല എന്ന നിലപാടുകാരനാണു് ചാക്കോ. കെ. പി. സി. സി. എക്സിക്യൂട്ടീവ് അംഗമായിരിക്കാനുള്ള പ്രവർത്തന പരിചയമോ പക്വതയോ പത്മജക്കില്ലെന്നു് ചാക്കോ തെളിച്ചു പറഞ്ഞു.
പത്മജയെ അംഗീകരിക്കാത്തവരും ‘ഐ’ ഗ്രൂപ്പിൽ വേണ്ട എന്നാണു് കരുണാകരന്റെ തീരുമാനം. പി. സി. ചാക്കോയല്ല കെ. മുരളീധരനായാലും ഇക്കാര്യത്തിൽ ഇളവൊന്നുമില്ല. പി. സി. ചാക്കോയെയല്ല പി. പി. തങ്കച്ചനെ വേണം കെ. പി. സി. സി. ഉപാധ്യക്ഷനാക്കാനെന്നൊരു കത്തെഴുതി കെ. വി. തോമസ് വശം ദൽഹിക്കയച്ചു. തോമസ് മാഷിനാണെങ്കിൽ ചാക്കോ ‘ഐ’ ഗ്രൂപ്പിൽ കയറി വിലസുന്നതിൽ കടുത്ത ഈർഷ്യയുണ്ടു്. ഗ്രൂപ്പിന്റെ പിന്തുണ തങ്കച്ചനാണെന്നു് പത്മജ ഉദ്ഘോഷിച്ചു.
എണ്ണിപ്പറയാൻ ഗുണങ്ങൾ ഒമ്പതും തികഞ്ഞ നേതാവല്ലേ തങ്കച്ചൻ? ചാക്കോയെപ്പോലെ നല്ല ഒന്നാന്തരം യാക്കോബായ സുറിയാനി ക്രിസ്ത്യാനിയാണു് തങ്കച്ചനും. ശ്രേഷ്ഠ കാതോലികാ ബാവയുടെയും വൈദികരുടെയും വാൽസല്യഭാജനം. വിശ്വാസസംരക്ഷണാർഥം 1977 ഡിസംബറിൽ നിരോധനാജ്ഞ ലംഘിച്ചു് പ്രകടനം നടത്തവേ പൊലീസ് മർദ്ദനമേറ്റ പാരമ്പര്യം, മന്ത്രിയായും സ്പീക്കറായും പ്രവർത്തിച്ച പരിചയം, നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റു എന്ന അനുകൂലഘടകവും. ചാക്കോ കാഞ്ഞിരപ്പള്ളിക്കാരനെങ്കിൽ തങ്കച്ചൻ അങ്കമാലിക്കാരൻ. പിന്നെ ചാക്കോയുടേതുപോലെ ചായം തേച്ചുകറുപ്പിച്ചതല്ല വെഞ്ചാമരംപോലെ നരച്ചതാണു് തല. ക്ലീൻ ഷേവു ചെയ്ത മുഖം. ക്ലീൻ ഇമേജ്. തങ്കംപോലൊരു തങ്കച്ചനുള്ളപ്പോൾ അവസരവാദിയെ ആർക്കുവേണം?
മുരളീധരനും വാശിയിൽത്തന്നെയായിരുന്നു. ചില നേതാക്കളുടെ ‘ഗണപതിശൈലി’യെ അദ്ദേഹം വിമർശിച്ചു. മുരളിയുടെ തത്ത്വാധിഷ്ഠിതനിലപാടിനെ ഭിന്ന ഗ്രൂപ്പുകൾ അഭിനന്ദിക്കുകയും ചെയ്തു. പക്ഷേ, കെ. പി. സി. സി. പ്രസിഡന്റിനേക്കാൾ 37 ഓണം കൂടുതൽ ഉണ്ടയാളാണു് ലീഡർ. പി. സി. ചാക്കോക്കു് ഇനി ‘ഐ’ ഗ്രൂപ്പിൽ സ്ഥാനമില്ലെന്നും അദ്ദേഹത്തിനു് വേണമെങ്കിൽ അഞ്ചാം ഗ്രൂപ്പോ ആറാം ഗ്രൂപ്പോ ഉണ്ടാക്കാമെന്നും കരുണാകരൻ വെട്ടിത്തുറന്നു പറഞ്ഞു. മുരളിയെക്കണ്ടും മാമ്പൂകണ്ടും മദിക്കരുതെന്നു് ചാക്കോക്കും മനസ്സിലായി.
കാരണവരെ പിണക്കാൻ ഹൈക്കമാണ്ടിനുമുണ്ടായിരുന്നില്ല താൽപര്യം. ‘ഐ’ ഗ്രൂപ്പിന്റെ ആഭ്യന്തര കാര്യത്തിൽ ആന്റണിയും കൂട്ടരും ഇടപെട്ടതുമില്ല. അങ്ങനെ പി. പി. തങ്കച്ചൻ വൈസ് പ്രസിഡന്റായി.
ഇപ്പോഴിതാ പുനഃസംഘടിപ്പിക്കപ്പെട്ട കെ. പി. സി. സി. എക്സിക്യൂട്ടീവിൽ ചാക്കോയും അംഗമാണു്. പത്മജയും അംഗമാണു്. പത്മജാ ബ്രിഗേഡിനു് നല്ല പ്രാതിനിധ്യം കിട്ടിയിട്ടും കരുണാകർജിയുടെ മുറുമുറുപ്പു് മാറിയിട്ടില്ല. യൂത്ത് കോൺഗ്രസ്, കെ. എസ്. യു., പിന്നെ മറ്റു് പോഷക സംഘടനകൾ ഇവയൊക്കെ പുനഃസംഘടിപ്പിക്കാൻ ഇരിക്കുന്നതല്ലേയുള്ളൂ. അവയിലൊന്നും തന്റെ അനുയായികൾ, മകളുടെ ആരാധകർ പിന്തള്ളപ്പെട്ടുപോകരുതല്ലോ? കാരണവരുടെ ജന്മനാടായ വടക്കേ മലബാറിൽ ഇങ്ങനെയൊരു നാടൻ പാട്ടുണ്ടു്:
പതിനെട്ടു് നാട്ടിലും പത്തില്ലത്തും
ഏറ്റം തെളിഞ്ഞു നീ വായോ മോളേ
കത്തുന്ന പട്ടോലപ്പൂത്തിരിപോലെ
പൂത്തുള്ള പൂവത്തലറിപോലെ…
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.