images/Plane_tree_bark_pattern.jpg
Bark of London Plane tree, a photograph by Ian Alexander.
വെള്ളിനക്ഷത്രമേ നിന്നെ നോക്കി…
കെ. രാജേശ്വരി
images/M_mukundan.jpg
മുകുന്ദൻ

1499-ാമതു് ലക്കം കലാകൗമുദിയിൽ (മെയ് 23–29) മുഖ്യപത്രാധിപന്റേതായി ഇപ്രകാരം ഒരറിയിപ്പു് പ്രത്യക്ഷമായി: കലാകൗമുദി വീക്ക്ലി അടുത്ത ലക്കം (1500) മുതൽ സമ്പൂർണ്ണമായി പരിഷ്കരിക്കുകയാണു്. മാറുന്ന കാലത്തിന്റെ ശീലങ്ങൾ ഉൾക്കൊള്ളുന്ന പരിവർത്തനമാണു് കലാകൗമുദിക്കു് വരുത്തുന്നതു്. വായനക്കാരുടെയും ഏജൻസി സുഹൃത്തുക്കളുടെയും താൽപര്യം പരിഗണിച്ചു് പുതിയ കലാകൗമുദിയുടെ ഒറ്റപ്രതി വില 10 രൂപയായിരിക്കും. മുഖചിത്രം മുതൽ അവസാനപുറംവരെ കാഴ്ചയിലും ഉള്ളടക്കത്തിലും മാറ്റവുമായെത്തുന്ന പുതിയ പുതിയ കലാകൗമുദിയുടെ ലക്ഷ്യം വായനയുടെ ഉൽസവകാലം വീണ്ടും വായനക്കാർക്കു സമ്മാനിക്കുകയാണു്.

images/MSukumaran.jpg
എം. സുകുമാരൻ

അറിയിപ്പു് 1499-ാം ലക്കത്തിലേ വന്നുള്ളുവെങ്കിലും കലാകൗമുദി മാറുന്നു എന്നു കേൾക്കാൻ തുടങ്ങിയിട്ടു് മാസങ്ങളായിരുന്നു. വെള്ളിനക്ഷത്രത്തിന്റെ പ്രസാധക-പത്രാധിപൻ പ്രസാദ് ലക്ഷ്മണനായിരിക്കും കലാകൗമുദിയുടെ പുതിയ ചുമതലക്കാരനെന്നും എൻ. ആർ. എസ്. ബാബു നാമമാത്ര പത്രാധിപനായി തുടരുമെന്നും കിംവദന്തികളുണ്ടായിരുന്നു. കമൽറാം സജീവ് മാതൃഭൂമിയിൽ വരുത്തിയതിലും കടുത്ത, കനത്ത മാറ്റങ്ങളായിരിക്കും പ്രസാദ് കലാകൗമുദിയിൽ ഉണ്ടാക്കുകയെന്നും വാരിക, തിരിച്ചറിയാനാകാത്തവിധം മാറിപ്പോകുമെന്നും തൽപരകക്ഷികൾ പറഞ്ഞുപരത്തി.

images/MT_VASUDEVAN_NAIR.jpg
എം. ടി. വാസുദേവൻനായർ

1975-ൽ ആരംഭിച്ചതാണു് കലാകൗമുദി 29 വർഷത്തിനും 1499 ലക്കങ്ങൾക്കുംശേഷം സമഗ്രമായ ഒരഴിച്ചുപണി അനിവാര്യമെന്നു് അണിയറക്കാർക്കു തോന്നിയതിൽ അസ്വാഭാവികമായി ഒന്നുമില്ല. മാതൃഭൂമിയെ അപേക്ഷിച്ചു് മാറ്റത്തെ ഉൾക്കൊള്ളാൻ ഉൽസുകമാണുതാനും, കലാകൗമുദി.

images/Balachandran_chullikad.jpg
ബാലചന്ദ്രൻ

മൂന്നു് പതിറ്റാണ്ടു് മുമ്പു് മലയാളത്തിൽ ആഴ്ചപ്പതിപ്പെന്നുപറയാൻ മാതൃഭൂമിയും കഷ്ടിച്ചൊരു മലയാളനാടുമേ ഉണ്ടായിരുന്നുള്ളു. മാതൃഭൂമി കത്തിനിൽക്കുന്നു. എം. ടി. വാസുദേവൻനായരാ ണു് പത്രാധിപൻ. മലയാള സാഹിത്യം, സിനിമ, സംസ്കാരം—ഇവയുടെയൊക്കെ അവസാന വാക്കു്—മാതൃഭൂമി. 1975 ആഗസ്റ്റ് 17-നു് കലാകൗമുദി പിറന്നുവീഴുമ്പോൾ എം. എസ്. മണിയാണു് പത്രാധിപർ. എസ്. ജയചന്ദ്രൻനായരും എൻ. ആർ. എസ്. ബാബുവും സഹപത്രാധിപർ. മാതൃഭൂമിയുടേതിൽ നിന്നു് ഭിന്നവും വ്യതിരിക്തവുമായ സ്വരം കേൾപ്പിക്കാൻ, തനതായ പാതവെട്ടിത്തെളിക്കാൻ അവർക്കു സാധിച്ചു. ആനുകാലിക സംഭവങ്ങളോടു്—വിശേഷിച്ചു് രാഷ്ട്രീയത്തോടു്—സക്രിയമായ പ്രതികരണം കലാകൗമുദിക്കു സാധിച്ചു. ഫീച്ചറുകൾ, അഭിമുഖസംഭാഷണങ്ങൾ, റിപ്പോർട്ടുകൾ എന്നിവയിലൂടെ വീക്ക്ലിജേണലിസം മലയാളത്തിൽ അവതരിപ്പിച്ചതുതന്നെ കലാകൗമുദിയാണു്. സാഹിത്യത്തിലും ആധുനികതയുടെ സ്പന്ദനങ്ങൾ വാരിക ആവേശപൂർവം ഏറ്റുവാങ്ങി. സച്ചിദാനന്ദന്റെ യും ബാലചന്ദ്രന്റെ യുമൊക്കെ കവിതകൾ ആരംഭകാലം മുതൽ കലാകൗമുദി പ്രസിദ്ധീകരിച്ചു.

images/Satchidanandan.jpg
സച്ചിദാനന്ദൻ

1980 ആകുമ്പോഴേക്കും കലാകൗമുദി, മാതൃഭൂമിക്കു് മുന്നിലെത്തി. എം. ടി. വാസുദേവൻനായർ മാനേജ്മെന്റുമായി പിണങ്ങി മാതൃഭൂമി വിട്ടു. ആർട്ടിസ്റ്റ് നമ്പൂതിരി മാതൃഭൂമിയിൽനിന്നും പ്രൊഫ. എം. കൃഷ്ണൻനായർ മലയാളനാടിൽനിന്നും പിന്നാലെ കാർട്ടൂണിസ്റ്റ് ടോംസ് മലയാള മനോരമയിൽനിന്നും കലാകൗമുദിയിൽ ചേക്കേറി. എം. പി. നാരായണപിള്ള എന്നു ജഗൽ പ്രസിദ്ധനായ പുല്ലുവഴി നാണപ്പൻ കലാകൗമുദിയിൽ കോളമെഴുതാൻ തുടങ്ങി. പിന്നെ ഒ. വി. വിജയൻ, ഗുരു നിത്യ ചൈതന്യയതി. എൺപതുകളും തൊണ്ണൂറുകളുടെ ആദ്യ പകുതിയുമാണു് കലാകൗമുദിയുടെ ‘വസന്തകാലം’. എം. ടി.-യുടെ ‘രണ്ടാമൂഴം’; പുനത്തിലി ന്റെ ‘കന്യാവനങ്ങൾ’; മുകുന്ദന്റെദൈവത്തിന്റെ വികൃതികൾ’; എം. സുകുമാരന്റെ ‘പിതൃതർപ്പണം’, ‘ജനിതകം’; സി. രാധാകൃഷ്ണന്റെ ‘സ്പന്ദമാപിനകളേ നന്ദി’, ‘ഇവിടെ എല്ലാവർക്കും സുഖം തന്നെ’; ഒ. എൻ. വി.-യുടെ ‘സ്വയംവരം’, ടി. പത്മനാഭന്റെ ‘ഗൗരി’, ‘കടൽ’; എൻ. എസ്. മാധവന്റെ ‘കാർമൈൻ’, ‘നാലാംലോകം’; സക്കറിയ യുടെ ‘ഞാനുറങ്ങാൻ പോകുംമുമ്പായ്’—ഇവയൊക്കെ കലാകൗമുദിയിലാണു് പ്രസിദ്ധീകരിച്ചുവന്നതു്.

images/Kpappan.jpg
കെ. പി. അപ്പൻ

എസ്. ജയചന്ദ്രൻനായരും എൻ. ആർ. എസ്. ബാബുവും ലക്ഷ്മികാന്ത്പ്യാരേലാൽ മാരായിത്തുടർന്നു. അവർക്കു് പിന്തുണ നൽകാൻ കള്ളിക്കാടു് രാമചന്ദ്രൻ, ഇ. വി. ശ്രീധരൻ, വിജു വി. നായർ എന്നൊരു പുത്തൻ താരവും കലാകൗമുദിയിൽ ഉദയം ചെയ്തു—ഉസ്താദ് അല്ലാരഖാ, കിശോരി അമോൺകർ, ലതാമങ്കേഷ്കർ, ജെ. ആർ. ഡി. ടാറ്റ തുടങ്ങിയവരെപ്പറ്റിയുള്ള ലേഖനങ്ങൾ, സി. അച്യുതമേനോനു മായി അഭിമുഖം, വി. പി. സിംഗു മായി സംവാദം.

images/M-krishnan-nair.jpg
എം. കൃഷ്ണൻനായർ

ഈഴവ/മാർക്സിസ്റ്റ് വായനക്കാരെ ലക്ഷ്യമാക്കിയുള്ള ആഴംകുറഞ്ഞ രാഷ്ട്രീയ ലേഖനങ്ങളായിരുന്നു എക്കാലവും കലാകൗമുദിയുടെ അക്കിലീസ്ഹീൽ. മാർക്സിസ്റ്റ് പാർട്ടിക്കു് പുറത്തു് കഷ്ടിച്ചു് വി. എം. സുധീരനെ യും വയലാർ രവി യെയും അംഗീകരിക്കാനുള്ള ഹൃദയവിശാലതയേ വാരികക്കുണ്ടായിട്ടുള്ളു.

images/CK_janu.jpg
സി. കെ. ജാനു

ഇക്കാലമത്രയും ആഭ്യന്തരവും ബാഹ്യവുമായ സമ്മർദ്ദങ്ങൾ നേരിടുകയായിരുന്നു, കേരള കൗമുദി. മലയാള മനോരമയും മാതൃഭൂമിയും തിരുവനന്തപുരത്തു് എഡിഷൻ തുടങ്ങി, മധു-മണി തർക്കം കോടതിയിലെത്തി ഓതിരംകടകംവെട്ടി. പത്രത്തിന്റെ സർക്കുലേഷൻ കുറഞ്ഞു. മാനേജ്മെന്റിലെ പ്രശ്നങ്ങൾ വാരികയെയും ബാധിച്ചു.

images/Nitya_Chaitanya_Yati.jpg
നിത്യ ചൈതന്യയതി

1997-ൽ കലാകൗമുദിയുടെ ഹൃദയം പിളർന്നു. ഇന്ത്യൻ എക്സ്പ്രസ് (മധുര) ഗ്രൂപ്പ് പെട്ടാൽപ്പെട്ട വിലകൊടുത്തു ജയചന്ദ്രൻനായരെ റാഞ്ചി. ആർട്ടിസ്റ്റ് നമ്പൂതിരിയും പ്രൊഫ. കൃഷ്ണൻനായരും എം. പി. നാരായണപിള്ള, ഒ. വി. വിജയൻ, നിത്യചൈതന്യയതി, ബാലചന്ദ്രൻ ചുള്ളിക്കാടു് മുതൽ പേരും ജയചന്ദ്രൻനായരെ പിന്തുടർന്നു. ഡോക്ടർ ഇയാൻ വിൽമുട്ടി നെ വെല്ലുന്ന വൈഭവത്തോടെ ജയചന്ദ്രൻനായർ കലാകൗമുദിയെ ക്ലോൺ ചെയ്തു് മലയാളം വാരികയുണ്ടാക്കി. ഇന്ത്യൻ എക്സ്പ്രസിന്റെ വിപുലമായ സൗകര്യങ്ങളും ജയചന്ദ്രൻനായരുടെ സംഘടനാ വൈഭവവും മലയാളത്തിനു തുണയായി. കലാകൗമുദിയുടെ ഈഴവ/മാർക്സിസ്റ്റ് ലൈനിനു പകരം സവർണ/ഹിന്ദുത്വ പ്രത്യശാസ്ത്രമാണു് മലയാളം കൈയാളിയതു്.

images/Punathil.jpg
പുനത്തിൽ

മലയാളത്തിന്റെ ആവിർഭാവത്തോടെ കലാകൗമുദി തളർന്നു. മുൻനിര സാഹിത്യകാരന്മാർ വാരികയെ കൈവിട്ടു. ‘ലന്തൻബത്തേരിയിലെ ലുത്തിനിയകള’ല്ലാതെ ശ്രദ്ധേയമായ നോവലുകളൊന്നും ഏഴുവർഷത്തിനകത്തു് കലാകൗമുദിയിൽ വന്നിട്ടില്ല. പിന്നെ, കെ. പി. അപ്പന്റെ യും സുകുമാർ അഴീക്കോടി ന്റെയും ചില ലേഖനങ്ങൾ, ടി. പത്മനാഭന്റെ ആത്മപ്രശംസ, ശ്രീരാമന്റെ വേറിട്ടകാഴ്ചകൾ, ദ്രാവിഡ പ്രസ്ഥാനത്തിന്റെ ചരിതം. രാഷ്ട്രീയ ലേഖനങ്ങളുടെ നിലവാരം മുന്നേക്കാൾ മോശമായി. വയലാർ രവി യുടെ നർമഭാവന വരെ വായനക്കാർക്കുമേൽ അടിച്ചേൽപിക്കപ്പെട്ടു.

images/C_RADHAKRISHNAN.jpg
സി. രാധാകൃഷ്ണൻ

2004 ജനുവരിയിൽ മറ്റൊരു വിസ്മയം: കമൽറാം സജീവ് എന്നൊരു ചെറു ബാല്യക്കാരൻ പഴമയുടെ മാറാലകളത്രയും തൂത്തുമാറ്റി മാതൃഭൂമി ആഴ്ചപ്പതിപ്പിനെ നവീകരിച്ചു! മുഖചിത്രം മുതൽ അവസാനപുറംവരെ അദ്ഭുതകരമാംവിധം മാറി, മാറ്റത്തെ വായനക്കാർ സർവാത്മനാ അംഗീകരിക്കുകയും ചെയ്തു. പുറത്തുനിന്നു് ആളെ ഇറക്കുമതി ചെയ്യുന്നതിനെതിരെ യൂനിയൻ മുറുമുറുത്തു; പി. രാജന്റെ അരുമയാന ശിഷ്യനാണു് കമൽറാം സജീവ് എന്നു് അസൂയക്കാർ പ്രചരിപ്പിക്കുകയും ചെയ്തു. പക്ഷേ, രണ്ടും ഫലിച്ചില്ല.

images/Maythil_Radhakrishnan.jpg
മേതിൽ രാധാകൃഷ്ണൻ

മാതൃഭൂമിക്കു മാറാമെങ്കിൽ കലാകൗമുദിക്കു മൂന്നുവട്ടം മാറാം. അങ്ങനെയാണു് വെള്ളിനക്ഷത്രത്തിൽ നിന്നു് പ്രസാദ് ലക്ഷ്മൺ കലാകൗമുദിയുടെ എക്സിക്യൂട്ടീവ് എഡിറ്ററായി എത്തുന്നതു്. എം. എസ്. മണി മുഖ്യപത്രാധിപനായും എൻ. ആർ. എസ്. ബാബു പത്രാധിപനായും തുടരുന്നു. വിജു വി. നായർ അസിസ്റ്റന്റ് എഡിറ്റർ, ഇ. വി. ശ്രീധരൻ ചീഫ് സബ് എഡിറ്റർ, വി. ഡി. സെൽവരാജ് കോപ്പി എഡിറ്റർ.

images/T_Padmanabhan.jpg
ടി. പത്മനാഭൻ

1500-ാം ലക്കത്തിനു് എക്സിക്യൂട്ടിവ് എഡിറ്റർ എഴുതിയ ആമുഖം വാരികക്കു് ഇടക്കാലത്തുണ്ടായ അപചയം പരോക്ഷമായി സമ്മതിക്കുന്നു: …ഒരു കാലത്തു് കലാകൗമുദി കാണാൻ ഒരുപാടു് മലയാളികൾ കേരളത്തിൽ കാത്തിരുന്നു. നല്ല വായനയുടെ വസന്തം വിടർത്തിയ ആ കാലം അനേകായിരങ്ങൾക്കു് ഇന്നും ഹരിത സാന്ദ്രമായ ഓർമയാണു്… ഭാഗ്യനിർഭാഗ്യങ്ങളുടെ ഒരു നിഴൽക്കളിയാണു് ജീവിതം. വ്യക്തിക്കും പ്രസ്ഥാനത്തിനും എല്ലാം ബാധകമാണു് ഈ നിയമം. ഈ യാഥാർത്ഥ്യത്തിൽ നിന്നു് പാഠം ഉൾക്കൊണ്ടുകൊണ്ടു് കലാകൗമുദിക്കു് ഒരു പുതിയ മുഖം നൽകി, വളർച്ചയുടെ രണ്ടാംഘട്ടം തുടങ്ങുകയാണു്.

images/NS_Madhavan.jpg
എൻ. എസ്. മാധവൻ

കാലം ഒരുപാടു് മാറി. വായനക്കാരനു് കിന്നരിവെച്ച പദങ്ങളൊന്നും ഇന്നാവശ്യമില്ല. അവന്റെ ജീവിതം യാഥാർഥ്യങ്ങളുടെ ഉരകല്ലുകളിൽ ഉരുമ്മി വളരെ മൂർച്ചയുള്ളതായി മാറിയിരിക്കുന്നു. കാപട്യത്തിനും പൊങ്ങച്ചത്തിനും ഇടമില്ലാതായി. കാലത്തിനു് വെളിച്ചംപകരേണ്ട ചില സത്യങ്ങൾ അസത്യത്തിന്റെ കോട്ടിംഗ് ഇല്ലാതെ നൽകേണ്ട കാലമാണിതു്. കാലാനുസാരിയായ വിഷയങ്ങൾ കാലത്തിനു പ്രകാശം പകരുന്ന രീതിയിൽ ഒരു പച്ച മനുഷ്യന്റെ സത്യസന്ധമായ വികാരങ്ങളോടെ പകർന്നുതരാനാണു് ഈ രണ്ടാംഘട്ടത്തിൽ ഞങ്ങൾ ശ്രമിക്കുന്നതു്: ആമുഖം ഉറപ്പിച്ചു പറയുന്നു.

images/Alla_Rakha.jpg
ഉസ്താദ് അല്ലാരഖാ

1500 മുതൽ 1509 വരെയുള്ള പത്തുലക്കങ്ങൾ പിന്നിട്ടശേഷം തിരിഞ്ഞുനോക്കുമ്പോൾ കടലാസിന്റെ മേന്മ, അച്ചടി, ലേ ഔട്ട്, ഉള്ളടക്കം, ഇലസ്ട്രേഷൻ എന്നിവയിൽ ഏതെങ്കിലും ഒന്നിൽ കലാകൗമുദി മുമ്പത്തേക്കാൾ മികവു പുലർത്തുന്നുണ്ടോ? സങ്കടകരമാണു് ഉത്തരം: ഇല്ല. 1499 നേക്കാൾ ഒരു സെന്റീമീറ്ററെങ്കിലും മുന്നേറിയിട്ടില്ല. പിന്നാക്കം പോയിട്ടേയുള്ളൂ.

images/Lata-Mangeshkar.jpg
ലതാമങ്കേഷ്കർ

വായനക്കാരുടെ കത്തുകൾ ഒടുവിലേക്കുമാറ്റിയതാണു് വിപ്ലവകരമായ ഒരു മാറ്റം. ലേഖനങ്ങളെയും റിപ്പോർട്ടുകളെയും കാർട്ടൂൺ വിഴുങ്ങുന്നു. ടി. കെ. സുജിത് എന്ന കാർട്ടൂണിസ്റ്റിനെ (ഗോപീകൃഷ്ണന്റെ ദയനീയാനുകരണം) തുടലൂരി വിട്ടിരിക്കുന്നു. ലേ ഔട്ട് പഴയതിനേക്കാൾ അനാകർഷകം. രാഷ്ട്രീയ ലേഖനങ്ങൾ മുമ്പേപോലെ ഉപരിപ്ലവം. (1500-ാം ലക്കത്തിൽ വയലാർ രവി എട്ടുകാലി മമ്മൂഞ്ഞായി പുനർജനിച്ചിരിക്കുന്നു). പത്മനാഭൻ നമ്പൂതിരിയുടെ ഏറനാടൻ ലീഗ് രാഷ്ട്രീയമാണു് പിന്നെയും ഭേദം. അതുതന്നെയും കേരളശബ്ദത്തിൽ അജയനും കോയാമുവും ചെയ്യുന്നത്ര എത്തിയിട്ടില്ല.

images/JRD_TATA.jpg
ജെ. ആർ. ഡി. ടാറ്റ

1501-ാം ലക്കത്തിൽ, മലയാളത്തിലെ ആദ്യത്തെ റിപ്പോർട്ടിംഗ് നോവൽ എന്ന അവകാശവാദത്തോടെ പുനത്തിൽ കുഞ്ഞബ്ദുള്ള യുടെ ‘മറുകര’ ആരംഭിച്ചു. തൊട്ടുപിന്നാലെ മനോരമ ആഴ്ചപ്പതിപ്പിൽ ‘വാകമരങ്ങളും’ പ്രസിദ്ധീകരണം തുടങ്ങി. രണ്ടിന്റെയും നിലവാരം ഏകദേശം തുല്യം. ‘വാകമരങ്ങൾ’ക്കു റീഡബിലിറ്റി അൽപം കൂടും.

images/Ian_Wilmut.jpg
ഇയാൻ വിൽമുട്ട്

1505-ാം ലക്കം പൊൻകുന്നം വർക്കി പതിപ്പാണു്. മാതൃഭൂമിയുടെയും മലയാളത്തിന്റെയും പതിപ്പുകളേക്കാൾ രണ്ടു കൽപടവു താഴെയാണു് കലാകൗമുദിയുടെ നില. ഇപ്രകാരമൊന്നു് തട്ടിക്കൂട്ടുംമുമ്പു്, അരവിന്ദനു അന്ത്യോപചാരമർപ്പിച്ച 812-ാമതു് ലക്കമോ ബഷീറിനെ അനുസ്മരിച്ച 984-ാമതു് ലക്കമോ ഏറ്റവുമൊടുവിൽ വി. കെ. എന്നി നെ പ്രണമിച്ച 1483-ാം ലക്കമെങ്കിലുമോ മറിച്ചുനോക്കാമായിരുന്നു, വാരികയുടെ പ്രവർത്തകർക്കു്.

images/C_achuthamenon.jpg
സി. അച്യുതമേനോൻ

കലാകൗമുദി വായനക്കാർക്കായി സൗജന്യ സമ്മാനപദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ടു്. 420 രൂപ റൊക്കം നൽകി വാർഷിക വരിക്കാരാവുന്നവർക്കു് ഒരു സമ്മാനം ഉറപ്പാണു്—ഒരു ചാക്കു് നിറപറ അരിയാകാം, ഓഡിയോ സി. ഡി.-യോ വീഡിയോ സി. ഡി.-യോ ആകാം. കലാകൗമുദി വരിക്കാരാകുവിൻ, ഭാഗ്യം പരീക്ഷിപ്പിൻ. മനോരമ ആഴ്ചപ്പതിലെന്നപോലെ ‘മാന്തി വിജയിക്കൽ’ പദ്ധതികളും പിന്നാലെ പ്രതീക്ഷിക്കുന്നു.

images/V_P_Singh.jpg
വി. പി. സിംഗ്

കലാകൗമുദിക്കു വന്ന മാറ്റം ശരിക്കുബോധ്യപ്പെടണമെങ്കിൽ 1509-ാം ലക്കത്തിൽ യുവകഥാകാരി ഇന്ദുമേനോനെ ക്കുറിച്ചു് എ. ഫിറോസ് ബാബു തയാറാക്കിയ ലേഖനം വായിപ്പിൻ: ചെറുപ്പം മുതലേ മുഴുവൻ സമയവും വായനയിൽ മുഴുകിയിരുന്നെങ്കിലും എഴുതാനുള്ള മോഹമൊന്നുമുണ്ടായിരുന്നില്ല… ഒന്നാംക്ലാസിൽ ചേരുമ്പോൾ അവിടെ എഴുത്തും വായനയും അറിയാമായിരുന്ന ഒരേയൊരു വിദ്യാർത്ഥിനി താനായിരുന്നുവെന്നു് ഇന്ദു കൗതുകത്തോടെ ഓർക്കുന്നു. ഒരു ദിവസംപോലും കഥ വായിച്ചുതരാതെ അച്ഛനെ ഉറക്കാൻ വിടില്ലായിരുന്നു. പൂമ്പാറ്റയിലെയും ബാലരമയിലെയും കഥകൾ വായിച്ചു തീരുമ്പോൾ, കലാകൗമുദിയും മാതൃഭൂമിയും വായിക്കാൻ നിർബന്ധിക്കും. കുറച്ചുകഴിഞ്ഞപ്പോൾ അച്ഛനെ വിഷമിപ്പിക്കാതിരിക്കാനായി സ്വയം തപ്പിത്തടഞ്ഞു വായിക്കാൻ തുടങ്ങി… ബാലസാഹിത്യം വായിക്കേണ്ട കാലത്തു് ഒ. വി. വിജയന്റെഖസാക്കിന്റെ ഇതിഹാസ’വും മാധവിക്കുട്ടി യുടെ ‘എന്റെ കഥ’യും മേതിൽ രാധാകൃഷ്ണന്റെ ‘സൂര്യവംശ’വും വായിച്ചതിന്റെ നല്ലതോ വിപരീതങ്ങളോ ആയ ഫലങ്ങൾ തന്റെ എഴുത്തിലുണ്ടായിട്ടുണ്ടാവാം എന്നു് ഇന്ദുപറയുന്നു… ക്രിസ്തുവിനെപ്പോലെ ഒരു സത്യത്തെ അന്വേഷിക്കാനുള്ള വ്യഗ്രത ഇന്ദുവിന്റെ എല്ലാ കഥാപാത്രങ്ങളിലുമുണ്ടു്.

images/Sukumar_azhikode.jpg
സുകുമാർ അഴീക്കോട്

ഈശോ മറിയം യൗസേപ്പേ, ഈയാത്മാവിനു കൂട്ടായിരിക്കേണമേ! കലാകൗമുദിയും മാതൃഭൂമിയും വായിച്ചു് ബാക്കി സമയത്താണു് ബാലരമയും പൂമ്പാറ്റയും വായിച്ചിരുന്നതെങ്കിൽ ഒന്നുകൂടി ജോറായേനെ. ‘ഖസാക്കിന്റെ ഇതിഹാസ’വും ‘സൂര്യവംശ’വുമല്ല ‘മാജിക് മൗണ്ടനും’ ‘വാർ ആന്റ് പീസും’ വായിക്കേണ്ട കുട്ടിയായിരുന്നല്ലോ ഇന്ദു.

images/V_M_Sudheeran.jpg
വി. എം. സുധീരൻ

കഥയെഴുത്തു തുടർന്നെങ്കിലും എഴുത്തിന്റെ ഉത്തുംഗാവസ്ഥകൾ പിന്നിട്ടതു് 2002 സെപ്റ്റംബർ 22-നുശേഷമായിരുന്നുവെന്നു് ഇന്ദുപറയുന്നു. ഇന്ദുവിന്റെ ആദ്യ പുസ്തകം സമർപ്പിച്ചിരിക്കുന്നതും ആ ദിവസത്തിനാണു്. തൽക്കാലം വെളിപ്പെടുത്താനാഗ്രഹിക്കാത്ത രഹസ്യമായി ഇന്ദു അതു് സൂക്ഷിക്കുന്നു: ലേഖനം തുടരുന്നു. ഇനി 2003 സെപ്റ്റംബറിൽ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച ഇന്ദുവിന്റെ ആദ്യസമാഹാരം—ഒരു ലെസ്ബിയൻ പശു—തുറന്നുനോക്കൂ. സമർപ്പണം 2002 സെപ്റ്റംബർ 25 എന്ന ദിവസത്തിനു്. ലേഖനത്തിൽ കാണുന്നതോ പുസ്തകത്തിൽ വായിക്കുന്നതോ ശരിയെന്നു സംശയിക്കുന്നവർക്കു് വേണ്ടിയാകണം, ഇന്ദുവിന്റെ വീട്ടഡ്രസും ഫോൺ നമ്പറും നൽകിയിട്ടുണ്ടു്.

images/Vayalar_Ravi.jpg
വയലാർ രവി

1509-ാം ലക്കം കലാകൗമുദിയിൽ ഇന്ദുമേനോന്റെ വർണചിത്രങ്ങൾ വെറും അഞ്ചെണ്ണമേയുള്ളൂ. (വെള്ളിനക്ഷത്രത്തിൽ കാവ്യാമാധവന്റെ യും നവ്യാ നായരു ടെയും പടങ്ങളാണു്. പാരമ്പര്യ നിരാസത്തിന്റെയും വിമതലൈംഗികതയുടെയും വക്താവെന്നവകാശപ്പെടുന്ന ഇന്ദു രവിവർമച്ചിത്രത്തിലെപ്പോലെ പരമ്പരാഗത വേഷത്തിലാണു് ഫോട്ടോക്കു് പോസ് ചെയ്തിട്ടുള്ളതു്. പട്ടു പാവാടയുമണിഞ്ഞു് വയൽവരമ്പിലൂടെ നടക്കുന്ന ഇന്ദു, കസവുമുണ്ടും നേര്യതുമായി വാതിൽ മറഞ്ഞുനിൽക്കുന്ന ഇന്ദു. കഥയും ലേഖനവും വായിച്ചിട്ടും ടിയാളുടെ മഹത്ത്വം മനസ്സിലാക്കാത്തവർ ഇന്ദുവിന്റെ പടംകണ്ടു് ബോധ്യപ്പെടട്ടെ എന്നു് പത്രാധിപൻ കരുതിക്കാണും. 24 വയസ്സുള്ള ഇന്ദുമേനോനെ പാവാടക്കാരിയാക്കിയതിനെപ്പറ്റി സഹൃദയഹൃദയാഹ്ലാദകരം എന്നല്ലാതെ എന്തുപറയാൻ?

images/Indumenon.jpg
ഇന്ദുമേനോൻ

അങ്ങനെ വെള്ളിനക്ഷത്രമായി ഉയരുകയാണു് കലാകൗമുദി. കാലം ഒരുപാടു മാറി. വായനക്കാരനു് കിന്നരിവെച്ച പദങ്ങളല്ല, എഴുത്തുകാരികളുടെ (നേതാക്കളുടെയുമാകാം) വർണ ചിത്രങ്ങളാണു് ഇന്നാവശ്യം. കലാകൗമുദിയുടെ തുടർന്നുള്ള ലക്കങ്ങളിൽ സെന്റർസ്പ്രെഡുകളും ബ്ലോ അപ്പുകളും പ്രതീക്ഷിക്കുവിൻ. ഇന്ദുമേനോന്റെ, സിതാരയുടെ, സി. കെ. ജാനു വിന്റെ, വിനയയുടെ, പ്രിയങ്കഗാന്ധി യുടെ, ശോഭനാ ജോർജിന്റെ

അഡ്വക്കറ്റ് എ. ജയശങ്കർ
images/ajayasankar.jpg

അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.

Colophon

Title: Vellinakshathrame Ninne Nokki... (ml: വെള്ളിനക്ഷത്രമേ നിന്നെ നോക്കി...).

Author(s): K. Rajeswari.

First publication details: Not available.

Deafult language: ml, Malayalam.

Keywords: Article, K. Rajeswari, Vellinakshathrame Ninne Nokki..., കെ. രാജേശ്വരി, വെള്ളിനക്ഷത്രമേ നിന്നെ നോക്കി..., Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 29, 2025.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Bark of London Plane tree, a photograph by Ian Alexander . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.