ജനുവരി 18 വെള്ളിയാഴ്ച സി. പി. എം. കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ പതാകയുയർന്നു. അതിനകം മറ്റു 13 ജില്ലകളിലെയും സമ്മേളനങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. സഖാവു് പിണറായി വിജയൻ നയിക്കുന്ന ഔദ്യോഗിക വിഭാഗത്തിന്റെ മേധാവിത്വം പകൽപോലെ തെളിയുകയും ചെയ്തിരുന്നു. എറണാകുളം, കൊല്ലം, പത്തനംതിട്ട ജില്ലകളിലൊഴികെ എല്ലായിടത്തും വി. എസ്. ഗ്രൂപ്പ് തുടച്ചുമാറ്റപ്പെട്ടു. മലപ്പുറത്തും പാലക്കാട്ടും തിരുവനന്തപുരത്തും വിമതന്മാരെ കുരുതികഴിച്ചു. അങ്ങനെ വർധിച്ച ആത്മവിശ്വാസവുമായാണു് വിജയനും കൂട്ടരും സ്വന്തം തറവാട്ടിൽ സമ്മേളനത്തിനെത്തിയതു്. കണ്ണൂരാണെങ്കിൽ ഔദ്യോഗികന്മാരുടെ നെടുങ്കോട്ട. എളുപ്പമാണു് കലക്കിയെടുക്കാൻ; വി. എസിന്റെ പൊടിപോലുമില്ല, കണ്ടുപിടിക്കാൻ.
ജനുവരി 19-നു് പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ടു് പിണറായി സഖാവ് പാർട്ടി വിരുദ്ധർക്കും മാധ്യമ ദുഷ്പ്രഭുക്കൾക്കുമെതിരെ ആഞ്ഞടിച്ചു. പിന്തിരിപ്പൻ ശക്തികളും അമേരിക്കൻ സാമ്രാജ്യത്വവും സി. പി. എമ്മിനെതിരെ നടത്തുന്ന കുപ്രചാരണങ്ങളെ നേരിടാനും അതിജീവിക്കാനും പാർട്ടിക്കു് കഴിഞ്ഞിട്ടുണ്ടു്. പാർട്ടിയെ തകർക്കാൻ ശ്രമിച്ചവർ ഇപ്പോൾ മനോവിഭ്രാന്തിയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയാണു്. കോട്ടയം സമ്മേളനത്തോടെ വിഭാഗീയത പൂർണമായും അവസാനിക്കും… ഒന്നര മണിക്കൂറിലേറെ നീണ്ട ഉദ്ഘാടന ഭാഷണത്തിലൊരിടത്തും വി. എസ്. അച്യുതാനന്ദന്റെ പേരു് പരാമർശിക്കാതിരിക്കാൻ പിണറായി പ്രത്യേകം ശ്രദ്ധിച്ചു. വിദ്യാഭ്യാസ, വ്യവസായ, ആരോഗ്യ, ആഭ്യന്തര മന്ത്രിമാരെ പ്രകീർത്തിച്ചു.
19-നും 20-നും ചർച്ചയിൽ പങ്കെടുത്ത സകല സഖാക്കളും പിണറായിയെ പ്രശംസിച്ചു, വി. എസിനെ അപലപിച്ചു. അച്യുതാനന്ദന്റെ പാർട്ടിവിരുദ്ധ നിലപാടുകളെ, അച്ചടക്കലംഘനത്തെ, അഴിമതിയെ, കെടുകാര്യസ്ഥതയെ, സ്വജനപക്ഷപാതിത്വത്തെ ഒക്കെ പ്രതിനിധികൾ വിമർശിച്ചു. മുഖ്യമന്ത്രിയെപ്പറ്റി നല്ലതുപറയാൻ ഒറ്റയൊരാളും ഉണ്ടായില്ല. വിജയനും ശശിയും ജയരാജന്മാ രും ചർച്ചകേട്ടു് രസിച്ചു് താളംപിടിച്ചു് നിർവൃതിയിലാണ്ടു.
21-ാം തീയതി തിങ്കളാഴ്ച നല്ല ദിവസം. രാവിലെ പുതിയ ജില്ലാ കമ്മിറ്റിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. സകലരും ഔദ്യോഗിക പക്ഷക്കാർ. വി. എസ്. അനുഭാവിയെന്നു് സംശയിക്കപ്പെടുന്ന എ. പി. അബ്ദുല്ലക്കുട്ടി എം. പി.-യെ രണ്ടു പട്ടികയിലും ഉൾപ്പെടുത്തിയില്ല. 45 അംഗ ജില്ലാ കമ്മിറ്റിയിൽ ഒരു മേത്തനെയെങ്കിലും ഇല്ലെങ്കിൽ കുഞ്ഞാലിക്കുട്ടി കുറ്റം പറയും. അതുകൊണ്ടു് രോഗാതുരനായി കഴിയുന്ന കെ. പി. മമ്മുമാസ്റ്ററെ ഉൾപ്പെടുത്തി മാസ്റ്ററുടെ കാലശേഷം ഫാരിസ് അബൂബക്കറെ പരിഗണിക്കാവുന്നതാണു്.
21-ാം തീയതി സമ്മേളന പ്രതിനിധികളെ അഭിവാദ്യം ചെയ്യാൻ സഖാവു് അച്യുതാനന്ദൻ ചെല്ലേണ്ടതായിരുന്നു. കഴിഞ്ഞ രണ്ടുദിവസം നടന്ന ചർച്ചകളുടെ വിശദാംശങ്ങൾ മാധ്യമ സിൻഡിക്കേറ്റിൽനിന്നറിഞ്ഞ അച്ചുമ്മാൻ ആ വഴിക്കു് തിരിഞ്ഞു നോക്കിയില്ല. അബ്ദുല്ലക്കുട്ടി യെ അമർച്ച ചെയ്തതും പി. ശശിയെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തതുമൊക്കെ മുഖ്യമന്ത്രി ഗസ്റ്റ്ഹൗസിലിരുന്നു് അറിഞ്ഞു.
അന്നുവൈകീട്ടു് അതിഗംഭീരമായ റെഡ്വോളണ്ടിയർമാർച്ചും പ്രകടനവും നടന്നു. അനന്തരം ജവഹർ സ്റ്റേഡിയത്തെ ചെങ്കടലാക്കിയ പൊതുസമ്മേളനം. അതാ, അച്ചുമ്മാൻ ശുഭ്രവസ്ത്രധാരിയായി, സുസ്മേരവദനനായി യോഗത്തിനെത്തുന്നു. അടുത്തിരിക്കുന്നവരോടു് കുശലം പറയുന്നു, ചിരിക്കുന്നു. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ ഉച്ചഭാഷിണിക്കുമുന്നിലെത്തുന്നു. തനതുശൈലിയിൽ ആടിയുലഞ്ഞു്, കൈയും കലാശവുമെടുത്തു് പ്രസംഗിക്കുന്നു. കേരളത്തിലെ ഇടതുസർക്കാറിനെ തുരങ്കംവെക്കാൻ ശ്രമിക്കുന്ന ‘സകല’ ശക്തികൾക്കുമെതിരെ യുദ്ധം പ്രഖ്യാപിക്കുന്നു. ഫാരിസ് അബൂബക്കറി നെയും കൂട്ടുകച്ചവടക്കാരെയും ഭംഗ്യന്തരേണ കുറ്റപ്പെടുത്തുന്നു…
ബീഡി തൊഴിലാളികളും നെയ്ത്തുകാരും ചെറുകിട കച്ചവടക്കാരും കൃഷിക്കാരും കർഷകത്തൊഴിലാളികളും മറ്റു സാധുക്കളുമൊക്കെയാണു് കണ്ണൂരെ സാധാരണ സഖാക്കൾ. അവർ ദേശാഭിമാനി മാത്രം വായിക്കുന്നവരും കൈരളി, പീപ്പിൾ, വി ചാനലുകൾ മാത്രം കാണുന്നവരുമാണു്. അവർക്കു് ഗ്രൂപ്പില്ല. വിഭാഗീയതയെപ്പറ്റി വലിയ പിടിപാടില്ല. ആശയസമരം അങ്ങാടിമരുന്നോ പച്ചമരുന്നോ എന്നറിയില്ല. വി. എസ്. അച്യുതാനന്ദൻ വലിയ നേതാവാണെന്നറിയാം. പുന്നപ്ര-വയലാർ സമരനായകനായിരുന്നു എന്നു കേട്ടിട്ടുണ്ടു്. സഖാവിന്റെ പ്രസംഗശൈലി ഇഷ്ടമാണു്.
അച്ചുമ്മാന്റെ പ്രസംഗം കേട്ടു് കണ്ണൂർ സഖാക്കൾ ഇളകിമറിഞ്ഞതും കൈയടിച്ചുതിമിർത്തതും സ്വാഭാവികം. ഹർഷാരവമുയർന്നപ്പോൾ പ്രസംഗകന്റെ ആവേശം വർദ്ധിച്ചു: ഏതു് കുപ്രചാരണം അഴിച്ചുവിട്ടാലും സി. പി. എമ്മിന്റെ രാഷ്ട്രീയ നയം തിരുത്താമെന്നോ തിരുത്തിക്കാമെന്നോ ആരും കരുതണ്ടാാാാ. പാർട്ടിയെ പലവിധ സ്വാധീനങ്ങളിലൂടെ ലക്ഷ്യത്തിൽ നിന്നു് വ്യതിചലിപ്പിക്കാമെന്നു് ‘ആരു’ കരുതിയാലും അതു നടക്കില്ല. പാർട്ടിയും സർക്കാറും ലക്ഷ്യം കൈവരിക്കുകതന്നെ ചെയ്യും…
നിലയ്ക്കാത്ത കൈയടി കേട്ടു് ശശിയും വിജയനും കടപ്പല്ലു് ഞെരിച്ചു. ഗോവിന്ദന്റെ യും ജയരാജന്മാ രുടെയും മുഖം മഞ്ഞളിച്ചു. എന്തു ചെയ്യാം. കണ്ണൂരും വി. എസാ ണു് താരം എന്നു് മാധ്യമ സിൻഡിക്കേറ്റ് ഉദ്ഘോഷിച്ചു.
സംസ്ഥാന സമ്മേളനത്തിൽ ഇതേ കളിതന്നെയാണു് കാരണവർ കളിച്ചതു്. ബഹുഭൂരിപക്ഷം പ്രതിനിധികളും വിരുദ്ധ വിഭാഗക്കാർ. ചർച്ചയിൽ എമ്പാടും വിമർശങ്ങൾ. കേന്ദ്ര നേതൃത്വം കാരക്കോലും തോട്ടിയും ആവശ്യമെങ്കിൽ ഉപയോഗിക്കാൻ മയക്കുവെടിയുമായി നിന്നതുകൊണ്ടു മാത്രമാണു് വി. എസി നും വിരലിലെണ്ണാവുന്നത്ര അനുചരന്മാർക്കും സംസ്ഥാന കമ്മിറ്റിയിൽ കടന്നുകൂടാൻ കഴിഞ്ഞതു്. മൽസരം നടന്നിരുന്നെങ്കിൽ, കോട്ടയത്തു് മലപ്പുറവും തിരുവനന്തപുരവും ആവർത്തിച്ചേനെ. ഇനി വിഭാഗീയതയില്ല, വിമർശങ്ങൾ ഉൾക്കൊണ്ടു് തെറ്റുതിരുത്തി മുന്നോട്ടുപോകും എന്നു് ഏറ്റുപറഞ്ഞാണു് സമ്മേളനനഗരിയിൽനിന്നു് അച്ചുമ്മാൻ പൊതുയോഗത്തിനു് പോയതു്.
ഫെബ്രുവരി വ്യാഴാഴ്ച വൈകീട്ടു് കോട്ടയം നാഗമ്പടം മൈതാനം മനുഷ്യമഹാസമുദ്രമായി. പ്രകാശ് കാരാട്ടി ന്റെ ഉദ്ഘാടനപ്രസംഗം, പിണറായി യുടെ അധ്യക്ഷപ്രസംഗം, അനന്തരം അഭിവാദന പ്രസംഗത്തിനായി മുഖ്യമന്ത്രി എഴുന്നേറ്റു. ജനസമുദ്രം ഇരമ്പിയാർത്തു. കണ്ണേ കരളേ വി. എസ്സേ… എന്ന മുദ്രാവാക്യം മുഴങ്ങി. ഓരോ വാചകത്തിനും നിലയ്ക്കാത്ത കരഘോഷം. “കൈയടിച്ചതും ജയ് വിളിച്ചതും മതി, ഇനി പ്രസംഗം കഴിഞ്ഞിട്ടു് മതി ബാക്കി” എന്നു് വി. എസിനു് പറയാമായിരുന്നു. പക്ഷേ, പറഞ്ഞില്ല. ജനത്തിന്റെ ആവേശം മുതലെടുത്തു് അച്ചുമ്മാൻ പുതിയ നമ്പരുകൾ ഇറക്കി. അപ്പോഴേക്കും മഴതുടങ്ങി. ജനം ഇരുന്നിടത്തുനിന്നെഴുന്നേറ്റു. ആവേശത്തിനു് കുറവില്ല. കൈയടിക്കും ജയ്വിളിക്കും കുറവേതുമില്ല. മഴ നനഞ്ഞതറിയാതെ, പ്രായം വകവെക്കാതെ മുഖ്യൻ പ്രസംഗം തുടരുകയാണു്. കേൾവിക്കാരുടെ ആവേശം നുരഞ്ഞു പൊങ്ങി. ഉൽസാഹപ്രഹർഷത്തിനിടെ ഒരു പ്രവർത്തകൻ കാലി പ്ലാസ്റ്റിക് കുപ്പി വേദിയിലേക്കെറിഞ്ഞു. മഴകനത്തു, നാഗമ്പടം മൈതാനത്തു് വെള്ളം കെട്ടി. നല്ല മഴയാണെന്നു് ഒരു വോളണ്ടിയർ മുഖ്യമന്ത്രിയെ ഓർമ്മിപ്പിച്ചു. നിറുത്തിക്കളയാം എന്നു് വി. എസും പറഞ്ഞു. പ്രതികൂല കാലാവസ്ഥ നിമിത്തം യോഗം അവസാനിച്ചു.
ഈ ഘട്ടത്തിൽ ഒരൽപം സംയമനം പാർട്ടി സെക്രട്ടറി കാണിച്ചിരുന്നെങ്കിൽ കോട്ടയം സമ്മേളനത്തിന്റെ ചരിത്രം മറ്റൊന്നാകുമായിരുന്നു. വി. എസിനു് ജയ്വിളിച്ച വിവരദോഷികൾ വീട്ടിൽ പൊയ്ക്കോട്ടെ എന്നു കരുതിയാൽ മതിയായിരുന്നു. പക്ഷേ, കണ്ണൂർക്കളരിയുടെ കാർക്കശ്യം അതിനു് അനുവദിച്ചില്ല. മൈക്കിനു മുന്നിൽ വന്നു് അധ്യക്ഷൻ പൊട്ടിത്തെറിച്ചു: ഇതാണോ കമ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്കാരം? എന്തു തോന്ന്യാസവും കാണിക്കാനുള്ളതാണോ പാർട്ടിയുടെ യോഗം?… ചോദിച്ചതു് കേൾവിക്കാരോടായിരുന്നെങ്കിലും ചോദ്യം വി. എസിനോടായിരുന്നു.
ഉഷാ ഉതുപ്പിന്റെ ഗാനമേളയല്ല, കമ്യൂണിസ്റ്റ് പാർട്ടിയുടെ സമ്മേളനം. ഉള്ളിൽ കിടക്കുന്ന കള്ളിന്റെ വീര്യം പുറത്തുകാണിക്കരുതു് എന്ന ശാസനയിലൂടെ സഖാവു് വിജയൻ അച്ചുമ്മാനു് മുദ്രാവാക്യം വിളിച്ച മൊത്തം സഖാക്കളെ കള്ളുകുടിയന്മാരും കൊള്ളരുതാത്തവരുമാക്കി മുദ്രയടിച്ചു. വോളണ്ടിയർമാർ ചുവന്ന കുപ്പായവുമിട്ടുനിന്നാൽ പോര എന്ന വചനത്തിലൂടെ അടിതുടങ്ങാനുള്ള സൂചനയും നൽകി. ചെങ്കുപ്പായ സൈന്യം മുദ്രാവാക്യവീരന്മാരെ തെരഞ്ഞുപിടിച്ചു് തല്ലി, അവർ തിരിച്ചുംതല്ലി. സി. പി. എമ്മിന്റെ ചരിത്രത്തിലെ നാഴികകല്ലായിരിക്കും കോട്ടയം സമ്മേളനം എന്ന പിണറായി സഖാവിന്റെ വാക്കുകൾ അറംപറ്റി.
സമ്മേളനം അടിച്ചുപിരിഞ്ഞു എന്നു് സിൻഡിക്കേറ്റ് ചാനലുകളും പത്രങ്ങളും ആഹ്ലാദപൂർവം റിപ്പോർട്ട് ചെയ്തു. സംസ്ഥാന കമ്മിറ്റി പിടിച്ച വിജയോന്മാദത്തിൽ, വിജയൻ വി. എസ്. അനുകൂല മുദ്രാവാക്യം വിളിച്ചവരെ ആളെ വിട്ടു് തല്ലിച്ചു എന്ന മട്ടിലാണു് പത്രങ്ങൾ റിപ്പോർട്ട് ചെയ്തതു്. ചാനലുകൾ പിണറായിയുടെ മേഘഗർജ്ജനം ആവർത്തിച്ചു സംപ്രേക്ഷണം ചെയ്തു് കൃതാർഥരായി. അങ്ങനെ വിജയമുഹൂർത്തത്തിൽ വിജയൻ വീണ്ടും വില്ലനായി, വി. എസിനു് വീണ്ടും ദുരന്ത നായകന്റെ പരിവേഷം ലഭിച്ചു.
ഇതാണു് വിജയൻ സഖാവിന്റെ വിധി. ഭൂരിപക്ഷം ജില്ലാ കമ്മിറ്റികളും ഏരിയാകമിറ്റികളും ലോക്കൽ, ബ്രാഞ്ച്കമ്മിറ്റികളും സഖാവിനോടൊപ്പമാണു്. സംസ്ഥാന കമ്മിറ്റിയിൽ അഞ്ചിൽ നാലുഭാഗവും അദ്ദേഹത്തിനു പിന്നിൽ പാറപോലെ ഉറച്ചു നിൽക്കുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് രൂപവത്കരിക്കുമ്പോൾ അതിലും മൃഗീയ ഭൂരിപക്ഷം കിട്ടും. കേരളത്തിൽനിന്നുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ കാര്യവും തഥൈവ. കെ. ഇ. എൻ., പോക്കറാദി സൈദ്ധാന്തികരും ഉദരനിമിത്തം ബഹുകൃതവേഷക്കാരായ ഇതര പിണ്ടിക്കേറ്റ് ബുജികളും പിണറായി സങ്കീർത്തനനിരതരാണു്. പാർട്ടി പത്രവും അബ്കാരി ചാനലും വിജയ വൈജയന്തികളാണു്. ഫാരിസ് മുതലാളി ആരംഭിക്കാൻ പോകുന്ന ‘വാർത്ത’ പത്രവും ചാനലും വി. എസ്. സംഹാരികൾകൂടിയായിരിക്കും. ക്യാപ്റ്റൻ കൃഷ്ണൻ നായർ, ഗൾഫാർ മുഹമ്മദാലി, പി. വി. അബ്ദുൽ വഹാബ്, സാന്റിയാഗോമാർട്ടിൻ, സിനിമാനടൻ മമ്മൂട്ടി, ഗോകുലം ഗോപാലൻ മുതലായ ഉദാരമതികൾ പിണറായി സഖാവിന്റെ ആപ്തമിത്രങ്ങളാണു്, സദാ സഹായസന്നദ്ധരുമാണു്. കമ്യൂണിസത്തിന്റെ പുഷ്കല കാലത്തു് കിഴക്കൻ യൂറോപ്പിലോ റഷ്യയിലോ ആണു് ജീവിച്ചിരുന്നതെങ്കിൽ സ്റ്റാലിനെ ക്കാൾ, ബെറിയ യെക്കാൾ, എറിക്ക് ഹോനേക്കറെ ക്കാൾ, ചൗഷസ്ക്യൂ വിനേക്കാൾ കേമനാകുമായിരുന്നു നമ്മുടെ വിജയൻ.
എന്തുചെയ്യാം? ഇതു് ഇന്ത്യയായിപ്പോയി. എഴുതപ്പെട്ട ഭരണഘടനയും നീതിന്യായ കോടതികളുമുണ്ടു്. അയ്യഞ്ചു കൊല്ലം കൂടുമ്പോൾ തെരഞ്ഞെടുപ്പു് നടക്കും. കോൺഗ്രസ്, ബി. ജെ. പി. മുതലായ ബൂർഷ്വാ പാർട്ടികളോടു് താരതമ്യം ചെയ്യുമ്പോൾ വിപ്ലവകക്ഷി തുലോം ദുർബലമാണു്. കേരളത്തെ സംബന്ധിച്ചിടത്തോളം പിന്നെയും ഏറെയുണ്ടു് ദുർഘടങ്ങൾ. ഇവിടെ മുസ്ലിംലീഗുണ്ടു്, കേരള കോൺഗ്രസിലെ വിവിധ ഗ്രൂപ്പുകളുണ്ടു്, സി. പി. ഐ., ആർ. എസ്. പി. മുതലായ സ്വൈരക്കേടുകൾ വേറെയുമുണ്ടു്. ജനങ്ങൾ അക്ഷരാഭ്യാസമുള്ളവരാണു്, പത്രം വായിക്കുന്നവരും ടെലിവിഷൻ കാണുന്നവരുമാണു്. മനോരമ, മാതൃഭൂമി പത്രങ്ങളുടെ പകുതിപോലും സർക്കുലേഷനില്ല, ദേശാഭിമാനിക്കു്. കൈരളി, പീപ്പീൾ, വി ചാനലുകളെക്കാൾ ജനം കാണുന്നതു് ഏഷ്യാനെറ്റും സൂര്യയും ഇന്ത്യാവിഷനും മനോരമ ന്യൂസുമാണു്. പി. രാജീവും കെ. ഇ. എൻ. കുഞ്ഞഹമ്മദും പ്രതിഭാശാലികളാണെന്നതിൽ സംശയമില്ല. പക്ഷേ, പാർട്ടി സഖാക്കൾ തന്നെയും കൂടുതൽ വായിക്കുന്നതു് അപ്പുക്കുട്ടൻ വള്ളിക്കുന്നി ന്റെയും കെ. ഗോപാലകൃഷ്ണന്റെ യും ഒ. അബ്ദുല്ല യുടെയും സിൻഡിക്കേറ്റ് കോളങ്ങളാണു്.
ചുരുക്കിപറഞ്ഞാൽ, വ്യത്യസ്തനാമൊരു നേതാവാം വിജയനെ സത്യത്തിലാരും തിരിച്ചറിയുന്നില്ല. പാർട്ടിയുടെ ലോക്കൽ കമ്മിറ്റി മുതൽ മേലോട്ടുള്ള സഖാക്കൾക്കു് പിണറായി ആദരണീയനും ആരാധ്യനുമാണു്. പക്ഷേ, പൊതുസമൂഹത്തിൽ എ. കെ. ജി.-ക്കോ ഇ. കെ. നായനാർ ക്കോ കിട്ടിയിരുന്ന സ്വീകാര്യത വിജയൻ സഖാവിനു് ലഭിക്കുന്നില്ല. സഖാവിന്റെ നോക്കിലും വാക്കിലുമുള്ള പാരുഷ്യം, ശരീരഭാഷയുടെ ധാർഷ്ട്യം സാധാരണക്കാരെ അകറ്റി നിറുത്തുന്നു എന്നതാകാം കാരണം. ഇതേ വല്ലായ്ക, ഇ. പി. ജയരാജനും എം. വി. ഗോവിന്ദനു മുണ്ടു്. പിണറായിക്കു് പഠിക്കുന്ന സ്വരാജ്നായർക്കുപോലുമുണ്ടു്.
നേർവിപരീതമാണു് വി. എസി ന്റെ സ്ഥിതി. മൂന്നരക്കോടി മലയാളികൾക്കും ആരാധ്യനാണു് മുഖ്യമന്ത്രി. പി. കൃഷ്ണപിള്ള, ഇ. എം. എസ്. നമ്പൂതിരിപ്പാട്, എ. കെ. ഗോപാലൻ, ആർ. സുഗതൻ, സി. അച്യുതമേനോൻ, സി. കേശവൻ, കെ. കേളപ്പൻ മുതലായ തീപ്പെട്ട തമ്പുരാക്കന്മാരുടെയും എ. കെ. ആന്റണി, വി. എം. സുധീരൻ തുടങ്ങിയ ജീവിച്ചിരിക്കുന്ന വിശുദ്ധന്മാരുടെയും കൂട്ടത്തിലാണു് വി. എസ്. അച്യുതാനന്ദ ന്റെ സ്ഥാനം. അദ്ദേഹത്തെ പേരെടുത്തു് പറഞ്ഞു് കുറ്റപ്പെടുത്താൻ ഉമ്മൻചാണ്ടി ക്കോ രമേശ് ചെന്നിത്തല ക്കോ നാവു പൊങ്ങുന്നില്ല, കുഞ്ഞാലിക്കുട്ടി ക്കോ കൃഷ്ണദാസിനോ ധൈര്യംവരില്ല. അച്യുതമേനോനെ ക്കാൾ മാധ്യമപിന്തുണ കിട്ടിയ ആളാണു് അച്യുതാനന്ദൻ. വി. എസിനെ വിമർശിക്കുമ്പോൾ മനോരമപോലും സംയമനം പാലിക്കും. അച്ചുമ്മാനെ നിർദാക്ഷിണ്യം കുറ്റപ്പെടുത്തിയ ദീപികയുടെ സർക്കുലേഷൻ 85,000-ത്തിൽനിന്നു് 15,000-ത്തിലേക്കു് താണു എന്നാണു് ചരിത്രം. കത്തനാന്മാർ വീണ്ടെടുത്തു് വീണ്ടും മാമോദീസമുക്കിയ ദീപിക ഇപ്പോൾ മാതൃഭൂമിയെക്കാൾ ആവേശത്തോടെ പിണറായി യെ പഴിക്കുന്നു; വി. എസി നെ വാഴ്ത്തുന്നു!
ഓരോ മലയാളിയുടെ മനസ്സിലിം ഒരു വി. എസ്. ഉണ്ടു്. അനീതിക്കും അക്രമത്തിനും അഴിമതിക്കും സ്ത്രീപീഡനത്തിനും വനനശീകരണത്തിനുമെതിരെ പൊരുതുന്ന ഒരാൾ. പഴയ ബ്ലാക്ക് ആന്റ് വൈറ്റ് സിനിമകളിൽ സത്യൻ അഭിനയിച്ച ധീരോദാത്ത നായകൻ. ഒന്നുകിൽ തച്ചോളി ഒതേനൻ, അല്ലെങ്കിൽ ആരോമൽചേകവർ. മലപ്പുറത്തു് വി. എസ്. ഗ്രൂപ്പുകാർ തോറ്റപ്പോഴും ദേശാഭിമാനി പത്രാധിപസ്ഥാനത്തുനിന്നു് അദ്ദേഹത്തെ നീക്കംചെയ്തപ്പോഴും തെരഞ്ഞെടുപ്പിൽ സീറ്റുനിഷേധിച്ചപ്പോഴും മൂന്നാർ ദൗത്യം പരാജയപ്പെട്ടപ്പോഴുമൊക്കെ ജനം ദുഃഖിച്ചു. മലയാളിയുടെ മനസ്സിൽ പിണറായി വിജയനു മുണ്ടു്—കോട്ടയം ചെല്ലപ്പന്റെ റോളിലാണെന്നു മാത്രം.
പരാജയത്തിൽ വി. എസ്. ശക്തനാകുന്നു. വിജയത്താൽ വിജയൻ തളരുന്നു. പരാജയമാണു് വി. എസിന്റെ വിജയം. വിജയമാണു് വിജയന്റെ പരാജയം.
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.