വ്യവസായവകുപ്പു് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി യുടെ രാജി ഏൽപിച്ച ആഘാതത്തിൽ നിന്നു് സംസ്ഥാനം മുക്തമാകുംമുമ്പു് ഇതാ വനംമന്ത്രി കെ. പി. വിശ്വനാഥനും സ്ഥാനത്യാഗം ചെയ്തിരിക്കുന്നു. വൃഥാപവാദത്തിന്റെ ഇരകളാണു് ഇരുവരും. റജീന എന്ന ഒരുമ്പെട്ടവൾ ഉന്നയിച്ച ആരോപണങ്ങളാണു് കുഞ്ഞാലിക്കു് കുഴികുത്തിയതെങ്കിൽ ഹൈക്കോടതി നടത്തിയ പരാമർശങ്ങളാണു് പാവം വിശ്വനാഥന്റെ കസേര തെറിപ്പിച്ചതു്. രാജിയില്ല, അന്വേഷണവുമില്ല എന്ന തത്ത്വാധിഷ്ഠിത നിലപാടാണു് കുഞ്ഞാലിക്കുട്ടി ആദ്യം കൈക്കൊണ്ടതു്. മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും, ഐക്യമുന്നണിക്കകത്തുള്ള ട്രോജൻ കുതിരകളുടെയും സമ്മർദ്ദം അതികഠിനമായിരുന്നെങ്കിലും രണ്ടുമാസം പിടിച്ചുനിൽക്കാനും മന്ത്രിയായിരുന്നു് മകന്റെ നിക്കാഹ് നടത്തിക്കൊടുക്കാനും കുഞ്ഞാലിക്കുട്ടിക്കു് സാധിച്ചു. മുസ്ലിംലീഗിന്റെ മൊത്തം വിലപേശൽ ശക്തിയും വിനിയോഗിക്കേണ്ടിവന്നു. പാണക്കാടുതങ്ങളുടെയും മുഖ്യമന്ത്രിയുടെയും പ്രതിച്ഛായക്കു മങ്ങലേൽപിച്ചു. മുന്നണിയുടെ ജനപിന്തുണ നന്നെ കുറഞ്ഞു എന്നിത്യാദി പാർശ്വഫലങ്ങൾ ബാക്കി.
രാജിവെക്കില്ല, സുപ്രീംകോടതിയിൽ അപ്പീൽപോകും എന്നായിരുന്നു വിശ്വനാഥന്റെ നിലപാടു്. താൻ നിരപരാധിയാണെന്നു് മന്ത്രി നെഞ്ചിൽ കൈ വെച്ചു പറഞ്ഞു. കോടതിയുടെ നീതിബോധത്തെ ചോദ്യം ചെയ്യാനും മടിച്ചില്ല. എന്തുചെയ്യാം, മുസ്ലിംലീഗല്ല, കോൺഗ്രസ്. നേരത്തോടു നേരമെത്തുമ്പോഴേക്കും നിലപാടു മാറ്റേണ്ടിവന്നു. അഭിപ്രായം ഇരുമ്പുലക്കയല്ലെന്നു തെളിയിച്ചുകൊണ്ടു് മന്ത്രി രാജിക്കത്തു കൊടുത്തു.
ജയാപജയങ്ങളോ രാഷ്ട്രീയത്തിലെ ഉയർച്ചതാഴ്ചകളോ വകവെക്കുന്നവനല്ല, കുന്നംകുളം കല്ലായിൽ പങ്ങന്റെ മകൻ വിശ്വനാഥൻ. ചെറുപ്പത്തിൽ നല്ലൊരു കായികതാരമായിരുന്നു. കേരളവർമ കോളേജിലെ ബാസ്കറ്റ്ബാൾ ടീം ക്യാപ്റ്റനായിട്ടുണ്ടു്. ഉറച്ച ശരീരമെന്നപോലെ സ്പോർട്സ്മാൻ സ്പിരിറ്റും കളിക്കളത്തിൽ നിന്നു് ആർജിച്ചു.
വിദ്യാർത്ഥിയായിരിക്കെ കെ. എസ്. യു.-വിന്റെ നീലക്കൊടി പിടിച്ചു രാഷ്ട്രീയത്തിലിറങ്ങിയതാണു്. 1967–70 കാലത്തു് യൂത്ത് കോൺഗ്രസിന്റെ തൃശൂർ ജില്ലാ പ്രസിഡന്റ്. പാർട്ടി പിളർന്നപ്പോൾ (1969) ഇന്ദിരാജി യുടെ പിന്നിൽ ഉറച്ചുനിന്നു. 1970-ൽ കുന്നംകുളത്തു് കോൺഗ്രസ് സ്ഥാനാർത്ഥിയായെങ്കിലും സി. പി. എമ്മിലെ ടി. കെ. കൃഷ്ണ നോടു തോറ്റു. 1970 മുതൽ 17 കൊല്ലം തൃശൂർ ഡി. സി. സി. സെക്രട്ടറിയായി പ്രശോഭിച്ചു. 1977-ൽ കുന്നംകുളത്തു് ടി. കെ. കൃഷ്ണനെ മലർത്തിയടിച്ചു് നിയമസഭാംഗമായി.
ലോ കോളേജിൽ പഠിക്കുംകാലത്താരംഭിച്ചതാണു് ആന്റണി, ഉമ്മൻചാണ്ടി മുതൽ പേരുമായുള്ള ആത്മബന്ധം. 1978-ൽ കോൺഗ്രസ് വീണ്ടും പിളർന്നപ്പോൾ ഇന്ദിരാജിയെ തള്ളിപ്പറഞ്ഞു് വിശ്വനാഥൻ ആദർശധീരനൊപ്പം നിലകൊണ്ടു. 1980-ലെ തെരഞ്ഞെടുപ്പിൽ മാർക്സിസ്റ്റ് മുന്നണി സ്ഥാനാർത്ഥിയായി കുന്നംകുളത്തു ജയിച്ചു. രണ്ടു കൊല്ലത്തിനകം മാർക്സിസ്റ്റ്-ആന്റണി ഗ്രൂപ്പ് ബാന്ധവം അവസാനിച്ചു, നായനാർ മന്ത്രിസഭ തകർന്നു. പി. സി. ചാക്കോ യും കടന്നപ്പള്ളി യും കെ. പി. ഉണ്ണികൃഷ്ണനും അഖിലേന്ത്യാ ലൈൻ സ്വീകരിച്ചു് ഇടതുമുന്നണിയിലേക്കു തിരിച്ചുപോയി. വിശ്വനാഥൻ ആന്റണിക്കൊപ്പം ഉറച്ചുനിന്നു. കുന്നംകുളത്തിനപ്രം മ്മക്കെന്തുട്ട് അഖിലേന്ത്യ?
1982 തെരഞ്ഞെടുപ്പു് പക്ഷേ, നഷ്ടക്കച്ചവടമായി. സംസ്ഥാനത്തു് ഐക്യജനാധിപത്യമുന്നണി വെന്നിക്കൊടി പാറിച്ചു. കുന്നംകുളത്തു് വിശ്വനാഥൻ തോറ്റു. വിജയി സി. പി. എമ്മിൽ കെ. പി. അരവിന്ദാക്ഷൻ. ഭൂരിപക്ഷം 1240. അതോടെ വിശ്വനാഥൻ കുന്നംകുളമുപേക്ഷിച്ചു് കൊടകരക്കു പോയി. 1987-ൽ ഇടതുതരംഗത്തിനിടയിലും കൊടകരയിൽ വിജയിച്ചു. സഖാവു് എം. എ. കാർത്തികേയനെതിരെ വിശ്വനാഥന്റെ ഭൂരിപക്ഷം 2536.
1991-ൽ കൊടകര നിന്നു് വീണ്ടും വിജയം. സംസ്ഥാനത്തു് ഐക്യമുന്നണിക്കു് ഭൂരിപക്ഷം. മന്ത്രിസ്ഥാനത്തേക്കു് ആന്റണി നിർദ്ദേശിച്ച പേരു് വി. എം. സുധിരന്റേ തായിരുന്നു. ഒരു കാരണവശാലും സുധീരനെ മന്ത്രിസഭയിലെടുക്കില്ല എന്നു് കരുണാകരനു് ശാഠ്യം. തൃശൂർ ജില്ലക്കാരൻ, ശ്രീനാരായണീയൻ, ആന്റണി ഗ്രൂപ്പുകാരൻ എന്നീ പരിഗണനകളെല്ലാം തികഞ്ഞ പകരക്കാരൻ കെ. പി. വിശ്വനാഥൻ. മന്ത്രിയായശേഷവും ആന്റണിയോടുള്ള കൂറിനോ ഗ്രൂപ്പുവികാരത്തിനോ കുറവേതുമുണ്ടായില്ല. വനംവകുപ്പിൽ കൈയിട്ടുവാരാൻ കരുണാകരനെ അനുവദിച്ചതുമില്ല.
ഡോക്ടർ എം. എ. കുട്ടപ്പനു് രാജ്യ സഭാ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചു് 1994 ജൂൺ 16-നു് ഉമ്മൻചാണ്ടി മന്ത്രിസ്ഥാനം രാജിവെച്ചു. മുഖ്യമന്ത്രിയിൽ അവിശ്വാസം പ്രകടിപ്പിച്ചുകൊണ്ടു് സെപ്റ്റംബർ 24-നു് വിശ്വനാഥനും രാജികൊടുത്തു. കരുണാകരനെ കോൺഗ്രസ് നിയമസഭാകക്ഷി നേതൃസ്ഥാനത്തുനിന്നു് നീക്കണമെന്നു് ആന്റണി ഗ്രൂപ്പുകാർ സെപ്റ്റംബർ 27-നു് ഹൈക്കമാന്റിനോടു് അഭ്യർത്ഥിച്ചു. ആ പോരാട്ടം 1995 മാർച്ച് 16-നു് ലക്ഷ്യം നേടി. കരുണാകരന്റെ സ്ഥാനത്തു് ആന്റണി മുഖ്യമന്ത്രിയായി വന്നപ്പോൾ വിശ്വനാഥൻ തഴയപ്പെട്ടു. പകരം വന്നതു് വി. എം. സുധീരൻ.
അതോടെ വിശ്വനാഥനു് ആന്റണിയോടു് നീരസമായി. സുധീരനെ തീരെ കണ്ടുകൂടാതെയുമായി. വിശ്വനാഥനേക്കാൾ എട്ടുവയസ്സിനിളപ്പമാണു് സുധീരൻ. വിശ്വനാഥൻ ആദ്യം നിയമസഭാംഗമായ 1977-ൽ സുധീരൻ ലോൿസഭാംഗമായി. അഖിലേന്ത്യാ പ്രസിദ്ധനാണു് സുധീരൻ. വിശ്വനാഥനെ കുന്നംകുളത്തിനു് വടക്കോ കൊടകരക്കു തെക്കോ നാലാളറിയില്ല.
1996-ൽ കൊടകരയിൽ വീണ്ടും ജയം. സീറ്റ് പ്രതിപക്ഷത്തായെന്നു മാത്രം. 2001-ൽ കൊടകര പിടിക്കാൻ സി. പി. എം. കരുത്തനായ സ്ഥാനാർത്ഥിയെ രംഗത്തിറക്കി—ലോനപ്പൻ നമ്പാടൻ. മൽസരം കടുത്തതായിരുന്നുവെങ്കിലും വിശ്വനാഥൻ വിജയിച്ചു.
മന്ത്രിസഭാ രൂപവത്കരണ വേളയിൽ വീണ്ടും തഴയപ്പെട്ടു, കെ. പി. വിശ്വനാഥൻ. സ്വന്തം ഗ്രൂപ്പിൽ നിന്നു് ഒരീഴവനെ മന്ത്രിയാക്കണമെന്നു് ആന്റണിക്കു് തോന്നിയില്ല. ഉമ്മൻചാണ്ടി യും തിരുവഞ്ചൂരും ആര്യാടനും തുല്യ ദുഃഖിതർ. ലോൿസഭാ തെരഞ്ഞെടുപ്പിനുശേഷം നാൽവർ സംഘം പ്രബലമായി. മുസ്ലിംലീഗിന്റെ പിന്തുണ കൂടി ലഭിച്ചപ്പോൾ ആന്റണി പുറത്തു്, ഉമ്മൻചാണ്ടി അകത്തു്. ആന്റണിയെപോലെയല്ല, അസ്സലുള്ളവനാണു് കുഞ്ഞൂഞ്ഞ്. തിരുവഞ്ചൂരിനെയും വിശ്വനാഥനെയും ആര്യാടനെയും മന്ത്രിമാരാക്കി.
ആന്റണിയുടെ ശാപംകൊണ്ടാണെന്നു് ശത്രുക്കൾ പറയുന്നു. കുഞ്ഞാലിക്കുട്ടിക്കു് പിന്നാലെ ഇതാ വിശ്വനാഥനും ഹജൂരിന്റെ പടിയിറങ്ങുകയാണു്. ചന്ദനലേപ സുഗന്ധവുമായി വിശ്വനാഥൻ തൃശ്ശിവപേരൂർക്കു് മടങ്ങുമ്പോൾ വി. എം. സുധീരനും ആഹ്ലാദിക്കാം.
ചന്ദന മാഫിയയുമായി മന്ത്രിക്കു നേരിട്ടു ബന്ധമുണ്ടെന്നാണു് ഹൈക്കോടതിയുടെ കണ്ടെത്തൽ. വാളയാറിൽ വനംവകുപ്പുകാർ പൂട്ടിച്ച ചന്ദന ഫാക്ടറിയുടമസ്ഥർ മന്ത്രിക്കു് ടെലഗ്രാമയച്ചു. അതിന്മേൽ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിനുത്തരവിട്ടു എന്നാണു ജഡ്ജി പറയുന്ന കാരണം. നേരിട്ടു് ബന്ധമുണ്ടായിരുന്നെങ്കിൽ പ്രതികൾ മൊബൈൽ ഫോണിൽ വിളിക്കുകയേ ചെയ്യുമായിരുന്നുള്ളൂ, മന്ത്രി ഉദ്യോഗസ്ഥനെ ഉടനടി സസ്പെൻഡ് ചെയ്യുകയും ഉണ്ടായേനെ. നമ്മുടെ ഹൈക്കോടതി ജഡ്ജിമാരുടെ ബുദ്ധിയും ലോകപരിചയവും എത്ര ശോചനീയം!
വിശ്വനാഥന്റെ സങ്കടവും ദേഷ്യവും, ഹൈക്കോടതിയുടെ നേർക്കാണു് അണമുറിഞ്ഞൊഴുകിയതു്: ഹൈക്കോടതി ഉത്തരവിനു് ശേഷം മാത്രമാണു് താൻ ടെലഗ്രാം കണ്ടതു്, വിജിലൻസ് അന്വേഷണത്തിനു് ഉത്തരവിട്ടിട്ടേയില്ല. പ്രതികളെ അറിയില്ല, അവരുടെ ജാമ്യാപേക്ഷയിൽ പറയുന്ന കാര്യങ്ങൾ കളവാണു്, അതോടൊപ്പമുള്ള രേഖകൾ വ്യാജമാണു്, ഉത്തരവിടുംമുമ്പു് തനിക്കുപറയാനുള്ളതു് കേട്ടില്ല…
ഇക്കാര്യത്തിൽ കോടതിയെയും പ്രോസിക്യൂഷനെ വേണം കുറ്റംപറയാൻ. പഴയൊരു കോൺഗ്രസുകാരനും സായിഭക്തനുമായ പ്രോസിക്യൂഷൻസ് ഡയറക്ടർ ജനറൽ പി. വി. മാധവൻ നമ്പ്യാരാണു് സർക്കാർ ഭാഗം വാദിച്ചതു്. സത്യസന്ധൻ എന്ന ദുഷ്പേരു് കേൾപ്പിച്ചയാളാണു് നമ്പ്യാർ. ടിയാൻ പ്രതികളുടെ ജാമ്യാപേക്ഷയെ തീരഞ്ചും എതിർത്തു് കേസ് തള്ളിച്ചു. വനംവകുപ്പുദ്യോഗസ്ഥർക്കെതിരായ സകല ആരോപണങ്ങളും ഖണ്ഡിച്ചു. അതേസമയം മന്ത്രിക്കു് വേണ്ടി ഒരക്ഷരം മിണ്ടിയില്ല.
സർക്കാറിന്റെ, എന്നുവെച്ചാൽ മന്ത്രിമാരുടെ താൽപര്യം സംരക്ഷിക്കാൻ ബാധ്യസ്ഥമാണു് പ്രോസിക്യൂഷൻ. ഈ നിലക്കു്, ജാമ്യാപേക്ഷയെ അനുകൂലിക്കുകയും ഉദ്യോഗസ്ഥരെ തള്ളിപ്പറയുകയുമാണു് വേണ്ടിയിരുന്നതു്: അമർനാഥ് ഷെട്ടി അഴിമതിക്കാരനായതുകൊണ്ടു് വിജിലൻസ് അന്വേഷണത്തിനുത്തരവിട്ടു. കൈക്കൂലി കിട്ടാത്തതുകൊണ്ടു് വനംവകുപ്പുകാർ ചന്ദനഫാക്ടറി ഉടമകളെ പീഡിപ്പിക്കുന്നു എന്ന മട്ടിൽ ഇങ്ങനെ വാദിക്കാൻ നമ്പ്യാർക്കു് മനസ്സാക്ഷിക്കുത്തുണ്ടെങ്കിൽ നമ്മുടെ സ്റ്റേറ്റ് അറ്റോർണിയെ അറിയിക്കാമായിരുന്നു അതും ചെയ്തില്ല.
ഏതായാലും മാധവൻ നമ്പ്യാരുടെ ദിനങ്ങൾ എണ്ണപ്പെട്ടു. ഡി. ജി. പി.-യുടെ കാര്യത്തിൽ കോൺഗ്രസിനും മുസ്ലിംലീഗിനു മാണി ഗ്രൂപ്പിനും ഏകാഭിപ്രായമാണു്. സത്യ, സമത്വ, സ്വാതന്ത്ര്യങ്ങളുടെ പതാകവാഹകരും വന വന്യജീവി സംരക്ഷണ വ്യഗ്രരുമായ കോഴിക്കോടൻ പത്രവും ഇക്കാര്യത്തിൽ സർക്കാറിനു് പൂർണ പിന്തുണ നൽകുന്നു.
മന്ത്രിക്കെതിരായ പരാമർശങ്ങൾ നീക്കികിട്ടാൻ സർക്കാർ സുപ്രീംകോടതിയെ സമീപിക്കുന്നുണ്ടു്. കിട്ടാവുന്നതിൽ ഏറ്റവും മികച്ച വക്കീലിനെ ഏർപ്പാടാക്കും. വേണുഗോപാലെങ്കിൽ വേണുഗോപാൽ, നരിമാനെങ്കിൽ നരിമാൻ. പരലോകത്തുനിന്നു് പൽക്കിവാലയെ കൊണ്ടുവരാനും ശ്രമിക്കാവുന്നതാണു്. അഗ്നിപരീക്ഷയിൽ സത്യം തെളിയിച്ച വിശ്വനാഥൻ തിരിച്ചെത്തുംവരെ വനംവകുപ്പിന്റെ അധികചുമതല തിരുവഞ്ചൂരിനു് നൽകിയിരിക്കുന്നു.
ഇന്നാട്ടിലെ കൊച്ചുകുട്ടികൾക്കു വരെ അറിയാവുന്ന രഹസ്യം—വാളയാറിനും പരിസരത്തുമുള്ള ചന്ദന ഫാക്ടറികളത്രയും അത്യുന്നത മുസ്ലിംലീഗ് നേതാവിന്റെ സന്തുബന്ധുക്കളും ബിനാമികളും നടത്തുന്നവയാണു്. ഇടതുമുന്നണി ഭരിച്ചാലും വലതുമുന്നണി ഭരിച്ചാലും ബി. ജെ. പി.-യോ ശിവസേനയോ ഭരണം പിടിച്ചാലും അവ പൂട്ടിക്കാനാവില്ല. ചന്ദന ഫാക്ടറി പൂട്ടിക്കേണ്ടതു് വ്യവസായ, തദ്ദേശ സ്വയംഭരണവകുപ്പുകളാണു്. സഖാക്കൾ സുശീലാഗോപാലനും പാലോളി മുഹമ്മദ്കുട്ടി യും ഭരിച്ചകാലത്തുപോലും ചന്ദനഫാക്ടറികൾ നിർബാധം പ്രവർത്തിച്ചു. പി. ആർ. കുറുപ്പും നീലലോഹിതദാസ് നാടാരും സി. കെ. നാണു വും ചുമതല വഹിച്ച വനംവകുപ്പു് തങ്ങളാലാവുംവിധം പിന്തുണയും നൽകി. മുസ്ലിംലീഗുകാർ വ്യവസായ, തദ്ദേശ ഭരണവകുപ്പുകൾ കൈയാളുന്ന ഐക്യമുന്നണിയുടെ കാലത്തെ കുറിച്ചു് പറയാനുമില്ല. ആന്റണിയുടെ ആദർശധീരതക്കു പരിമിതികളുണ്ടു്. കുഞ്ഞാലിക്കുട്ടി യുടെ കരുണാകടാക്ഷംകൊണ്ടു് മുഖ്യമന്ത്രിയായ കുഞ്ഞൂഞ്ഞെ ങ്ങനെ ചന്ദനഫാക്ടറി പൂട്ടിക്കും?
സംസ്ഥാനത്തിന്റെ വ്യവസായ പുരോഗതിക്കു് പ്രതിജ്ഞാബദ്ധനാണു് ലീഗ് നേതാവു്. മറയൂരെ അവസാനത്തെ ചന്ദനം വരെ മുറിച്ചെടുക്കും. വാറ്റി തൈലമുണ്ടാക്കും, വിറ്റു് വിദേശനാണ്യം നേടും. ജാതി-മത-പാർട്ടി-ഗ്രൂപ്പുഭേദമെന്യേ ഇന്നാട്ടിലെ എല്ലാ നല്ല മനുഷ്യരുടെയും പിന്തുണ നേതാവിനുണ്ടു്. കെ. പി. വിശ്വനാഥന്റെ സ്ഥാനത്തു് വി. എം. സുധീരനോ വി. എസ്. അച്യുതാനന്ദനോ വനംവകുപ്പു ഭരിച്ചാലും ചന്ദനക്കൊള്ള നിർബാധം തുടരും, വേലുത്തമ്പി ദളവാ ക്കും തടയാൻ കഴിയില്ല, മലപ്പുറം വീരപ്പനെ.
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.