(രമേശിനു് അറിയാത്തതും അച്ചുമ്മാൻ പറയാത്തതുമായ ചില സങ്കതികൾ)
കേരള ചരിത്രത്തിലെ സർവകാല വിവാദപുരുഷനാണു് ആർ. ശങ്കർ. ജീവിച്ചിരുന്ന കാലത്തു് അദ്ദേഹത്തിന്റെ ഒട്ടുമിക്ക ചെയ്തികളെക്കുറിച്ചും വിവാദമുണ്ടായി. മരണകാരണത്തെക്കുറിച്ചു് കിംവദന്തികൾ പ്രചരിച്ചു. ചരിത്രത്തിലെ സ്ഥാനത്തെക്കുറിച്ചു് തർക്കമുണ്ടു്. ജന്മശതാബ്ദി വേളയിൽ, ശങ്കറിനെച്ചൊല്ലി വീണ്ടും കോലാഹലമുയരുന്നു. മുഖ്യമന്ത്രിയും കെ. പി. സി. സി. പ്രസിഡന്റും പരസ്പരം ചരിത്രം പഠിപ്പിക്കാൻ ശ്രമിക്കുന്നു.
കെ. പി. സി. സി. അധ്യക്ഷനും മുഖ്യമന്ത്രിയുമായിരുന്ന ആളാണു് ആർ. ശങ്കർ. ദീർഘകാലം എസ്. എൻ. ഡി. പി. യോഗം ജനറൽ സെക്രട്ടറിയായിരുന്നു, എസ്. എൻ. ട്രസ്റ്റിന്റെ സ്ഥാപക ജനറൽ സെക്രട്ടറിയും ആയിരുന്നു.
കെ. പി. സി. സി. പ്രസിഡന്റ്, മുഖ്യമന്ത്രി, യോഗം ജനറൽ സെക്രട്ടറി എന്നൊക്കെ പറയുമ്പോൾ യഥാക്രമം രമേശ് ചെന്നിത്തല, വി. എസ്. അച്യുതാനന്ദൻ, വെള്ളാപ്പള്ളി നടേശൻ എന്നിവരുടെ മുഖങ്ങളാകും വായനക്കാരുടെ മനസ്സിൽ തെളിഞ്ഞുവരുക. 10, ജനപഥിന്റെ കരുണാകടാക്ഷംകൊണ്ടുമാത്രം ദേശ്കി നേതാവായ ആൾ, പാർട്ടി നേതാക്കൾ പുല്ലോളം വകവെക്കാത്ത ഭരണാധിപൻ, കള്ളുകച്ചവടക്കാരനായ ധർമപരിപാലകൻ എന്നൊക്കെ ധരിച്ചുപോകാനിടയുണ്ടു്. എന്നാൽ ഇതിനൊക്കെ നേർവിപരീതമായിരുന്നു ആർ. ശങ്കർ. വളയാത്ത നട്ടെല്ലു്, കുനിയാത്ത ശിരസ്സു്, ആജ്ഞാശക്തി സ്ഫുരിക്കുന്ന കണ്ണുകൾ, പാരിലില്ല ഭയമെന്നും ഒട്ടുമില്ല ആരിലും കരുണയെന്നും ഏതിനും പോരുമെന്നും അരുളുന്ന ധീരമായ മുഖകാന്തി. മേഘഗർജനംപോലെയുള്ള സംസാരം. ശങ്കറിനെ ബഹുമാനിക്കാം. സ്നേഹിക്കാൻ പ്രയാസം. എതിർക്കാം, അവഗണിക്കാൻ കഴിയില്ല.
കൊട്ടാരക്കര താലൂക്കിൽ പുത്തൂരിനടുത്തു് കുഴിക്കൽ താഴത്തുമുറിയിൽ വിളയിൽ എന്ന ഇടത്തരം ഈഴവകുടുംബത്തിലാണു് കുഞ്ഞുശങ്കരന്റെ പിറവി. രാമൻ-കുഞ്ഞിക്കാളിദമ്പതികളുടെ അഞ്ചാമത്തെ മകൻ. പഠിക്കാൻ സമർഥൻ, സാഹിത്യത്തിലും രാഷ്ട്രീയത്തിലും തൽപരൻ. കോളജിൽ പഠിക്കുംകാലത്തു് പേരു് പരിഷ്ക്കരിച്ചു് ശങ്കർ എന്നാക്കി. പത്തൊമ്പതാം വയസ്സിൽ ബി. എ. പാസായി. കൊട്ടാരക്കര താലൂക്കിൽ ബിരുദം നേടിയ ആദ്യത്തെ ശ്രീനാരായണീയൻ.
1931-ൽ ഐ. സി. എസിന്റെ എഴുത്തുപരീക്ഷ പാസായെങ്കിലും ഇന്റർവ്യൂവിൽ തഴയപ്പെട്ടു. നാലുകൊല്ലം ശിവഗിരി സ്കൂളിൽ ഹെഡ്മാസ്റ്ററായി പ്രവർത്തിച്ചു. പിന്നീടു് തിരുവനന്തപുരത്തുപോയി നിയമം പഠിച്ചു. 1936-ൽ ടി. എം. വർഗീസി ന്റെ ജൂനിയറായി കൊല്ലത്തു് പ്രാക്ടീസ് തുടങ്ങി.
അക്കാലത്തു് തിരുവിതാംകൂർ ഇളകിമറിയുകയാണു്. നിവർത്തന പ്രക്ഷോഭം ഫലപ്രാപ്തിയിലെത്തിക്കഴിഞ്ഞു. ഈഴവ-ക്രിസ്ത്യൻ-മുസ്ലീം സമുദായങ്ങളുടെ സംയുക്ത രാഷ്ട്രീയകക്ഷി ടി. എം. വർഗീസ്-സി. കേശവന്മാ രുടെ നേതൃത്വത്താലും കെ. സി. മാമ്മൻ മാപ്പിള യുടെ ഉദാരമായ സാമ്പത്തിക സഹായത്താലും പ്രബലശക്തിയായി തീർന്നിരിക്കുന്നു. 1937-ലെ തെരഞ്ഞെടുപ്പിൽ ടി. എം. വർഗീസ് പത്തനംതിട്ടയിൽ മൽസരിച്ചു. കുഴിക്കാല കുമാർ എന്ന നായർ പ്രമാണിയാണു് എതിരാളി. വർഗീസ് സാറിന്റെ പ്രചാരകനായാണു് ശങ്കറിന്റെ രാഷ്ട്രീയപ്രവേശം. തികച്ചും നായർ-ക്രിസ്ത്യൻ യുദ്ധമായി പരിണമിച്ച തെരഞ്ഞെടുപ്പിൽ വർഗീസ് വിജയിച്ചു. തിരുവിതാംകൂറിലെമ്പാടും സംയുക്തകക്ഷി ഇരച്ചുകയറി.
1938 ജൂണിൽ സംയുക്ത രാഷ്ട്രീയകക്ഷി, പട്ടം താണുപിള്ള, കുമ്പളത്തു് ശങ്കുപിള്ള മുതലായവരെക്കൂടി ഉൾപ്പെടുത്തി തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസായി രൂപാന്തരം പ്രാപിച്ചു. ആവിർഭാവകാലം മുതൽ സ്റ്റേറ്റ് കോൺഗ്രസ് പ്രവർത്തകനും പ്രചാരകനുമായിരുന്നു ആർ. ശങ്കർ. 1938 ആഗസ്റ്റിൽ സർ സി. പി. സ്റ്റേറ്റ് കോൺഗ്രസിനെ നിരോധിച്ചു, നേതാക്കളെ തുറുങ്കിലടച്ചു. 18 മാസത്തെ തടവും 2000 രൂപ പിഴയുമാണു് ശങ്കറിനു് വിധിക്കപ്പെട്ട ശിക്ഷ. എങ്കിലും ഒക്ടോബറിൽ നേതാക്കളെ വിട്ടയച്ചു, ശങ്കറും മോചിതനായി.
1939-ൽ (കൊല്ലവർഷം 1114) സ്റ്റേറ്റ് കോൺഗ്രസിന്റെ നേതൃത്വത്തിൽ അത്യുഗ്രൻ പ്രക്ഷോഭണം നടന്നു. സി. പി. രാമസ്വാമി അയ്യർ ക്കെതിരെ ഒട്ടേറെ ആരോപണങ്ങൾ ഉന്നയിച്ചു് മഹാരാജാവിനു് നിവേദനം സമർപ്പിച്ചു. നേതാക്കൾ ഒന്നടങ്കം ജയിലിലായി. ശങ്കർ ഒന്നര വർഷം കാരാഗൃഹവാസം അനുഭവിച്ചു.
ജയിൽവാസം കഴിഞ്ഞു് തിരിച്ചെത്തുമ്പോഴേക്കും തിരുവിതാംകൂറിലെ രാഷ്ട്രീയ സാഹചര്യം മാറിമറിഞ്ഞിരിക്കുന്നു. സി. പി.-ക്കെതിരെ കൊടുത്ത നിവേദനം സ്റ്റേറ്റ് കോൺഗ്രസ് വീരോചിതമായി പിൻവലിച്ചതോടെ പ്രക്ഷോഭണം കെട്ടടങ്ങി. ടി. എൻ. ക്യൂ. ബാങ്ക് തകർന്നു, മലയാള മനോരമ അടച്ചുപൂട്ടി. മാമ്മൻ മാപ്പിള യും മകനും പരിവാരങ്ങളും ക്രിമിനൽ പുള്ളികളായി പൂജപ്പുര സെൻട്രൽ ജയിലിൽ സുഖവാസം അനുഭവിക്കുന്നു. സ്റ്റേറ്റ് കോൺഗ്രസ് നേതാക്കൾ മിക്കവരും മാപ്പെഴുതിക്കൊടുത്തു് വക്കീൽപണി പുനരാരംഭിക്കുകയും ചെയ്തിരിക്കുന്നു.
സ്റ്റേറ്റ് കോൺഗ്രസിന്റെ ആരംഭകാലം മുതൽ പ്രക്ഷോഭണത്തിൽ സഹകരിച്ചിരുന്ന എസ്. എൻ. ഡി. പി. യോഗനേതൃത്വത്തിനു് വീണ്ടുവിചാരമുണ്ടായി. സഹോദരൻ അയ്യപ്പൻ ഭക്തിവിലാസത്തുചെന്നു് സചിവോത്തമനെ മുഖം കാണിച്ചു. സി. പി.-യിൽനിന്നു് കിട്ടിയ ‘ഉറപ്പുകളെ’ തുടർന്നു് ധർമപരിപാലകർ സമരത്തിൽനിന്നു് പിന്മാറി. യോഗനേതാക്കളിൽ ചിലർ ജില്ലാ ജഡ്ജിമാരായും ലേബർ കമീഷണറായുമൊക്കെ നിയമിതരായി. കേരളകൗമുദി സി. പി. അനുകൂലപത്രമായി; പത്രാധിപർ സുകുമാരൻ നിയമസഭാംഗമായി നോമിനേറ്റ് ചെയ്യപ്പെട്ടു.
മറുവശത്തു്, മന്നത്തു് പത്മനാഭപിള്ള യദ്ദേഹം തിരുവിതാംകൂർ നാഷനൽ കോൺഗ്രസ് എന്ന ബദൽ സംഘടനയുണ്ടാക്കി പ്രവർത്തിക്കുകയാണു്. സ്റ്റേറ്റ് കോൺഗ്രസ് ക്രിസ്ത്യാനികളുടെ പാർട്ടിയാണെന്നു് നാടൊട്ടുക്കു് നടന്നു് പ്രസംഗിക്കുന്നു, സർക്കാറിൽനിന്നു് കിട്ടാവുന്നത്ര ആനുകൂല്യങ്ങൾ നേടിയെടുക്കുന്നു.
എസ്. എൻ. ഡി. പി.-യും എൻ. എസ്. എസും മൽസരിച്ചാണു് സചിവോത്തമന്റെ ഷഷ്ട്യബ്ദപൂർത്തി ആഘോഷിച്ചതു്. എൻ. എസ്. എസുകാർ സ്വാമിയുടെ വെണ്ണക്കൽ പ്രതിയുണ്ടാക്കി തമ്പാനൂർ സത്രത്തിനു് മുന്നിൽ സ്ഥാപിച്ചു; എസ്. എൻ. ഡി. പി. വക പ്രതിമ ഹജൂർ കച്ചേരിയുടെ മുന്നിലും പ്രതിഷ്ഠിച്ചു. 16 കത്തോലിക്കാ മെത്രാന്മാർ ചേർന്നു് തങ്കത്തളികയിൽ മംഗളപത്രമെഴുതി രാമസ്വാമി അയ്യർക്കു് സമർപ്പിച്ചു.
പുത്തൻചന്ത ലോക്കപ്പിൽനിന്നു് മോചിതരായ പി. കെ. കുഞ്ഞും ടി. എ. അബ്ദുല്ലയും പൊലീസ് ഐ. ജി. കരീം സാഹിബിന്റെ സ്വാധീനത്തിൽപ്പെട്ടു് സ്വാമിഭക്തരായി. സി. പി.-യുടെ അനുഗ്രഹാശിസുകളോടെ തിരുവിതാംകൂർ മുസ്ലീംലീഗ് സ്ഥാപിതമായി. സാമ്രാജ്യത്വയുദ്ധം ജനകീയ യുദ്ധമായി മാറിയപ്പോൾ സഖാക്കളെയും സി. പി. കടാക്ഷിച്ചു. കെ. സി. ജോർജ് പ്രസിഡന്റും പി. ടി. പുന്നൂസ് സെക്രട്ടറിയുമായി തിരുവിതാംകൂർ കമ്യൂണിസ്റ്റ് പാർട്ടി നിലവിൽ വന്നു. ജാപ് വിരുദ്ധ ഓട്ടന്തുള്ളൽ അരങ്ങേറി.
ഈയൊരു രാഷ്ട്രീയ കാലാവസ്ഥയിൽ, ശങ്കറിനു് വേണമെങ്കിൽ മാപ്പെഴുതിക്കൊടുത്തു് നേരത്തേ ജയിൽമോചിതനാകാമായിരുന്നു. വക്കീൽപണി പുനരാരംഭിക്കുകയോ സർക്കാറിൽ കനത്ത ശമ്പളവും കിമ്പളവും കിട്ടുന്ന എന്തെങ്കിലും ഉദ്യോഗം സ്വീകരിക്കുകയോ ചെയ്യാമായിരുന്നു. പക്ഷേ, താണുപിള്ള സാറിന്റെയും വർഗീസ് സാറിന്റെയും വിനീത ശിഷ്യനായി, സി. കേശവന്റെ വിശ്വസ്ത അനുയായിയായി സ്റ്റേറ്റ് കോൺഗ്രസിൽ തുടരാനായിരുന്നു ശങ്കറിനു് താൽപര്യം. 1944-ലെ തെരഞ്ഞെടുപ്പിൽ കൊല്ലം-കൊട്ടാരക്കര മണ്ഡലത്തിൽ സ്റ്റേറ്റ് കോൺഗ്രസ് സ്ഥാനാർഥിയായി ശങ്കർ നോമിനേഷൻ കൊടുത്തു. ജയിൽവാസം അനുഭവിച്ചവരുടെയൊക്കെ പത്രികകൾ തള്ളി. ശങ്കറിന്റെ പത്രികയും തള്ളിപ്പോയി.
എസ്. എൻ. ഡി. പി. യോഗത്തിന്റെ വഴിപിഴച്ച പോക്കിലും സഹോദരൻ അയ്യപ്പന്റെ സ്വാമിഭക്തിയിലും പ്രതിഷേധമുണ്ടായിരുന്ന ഒരു വിഭാഗം ഈഴവർ നേതൃത്വം പിടിച്ചെടുക്കുന്നതിനെക്കുറിച്ചു് ഗാഢമായി ചിന്തിച്ചു. സി. കേശവന്റെ പരസ്യമായ പിന്തുണയോടെ 1944 ഡിസംബറിൽ ചങ്ങനാശ്ശേരിയിൽ നടന്ന എസ്. എൻ. ഡി. പി. സമ്മേളനത്തിൽ ആർ. ശങ്കർ യോഗം ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇതേ മാതൃകയിൽ കുമ്പളത്തു ശങ്കുപിള്ള, എം. എൻ. ഗോവിന്ദൻനായർ മുതൽ പേരെ ഉപയോഗിച്ചു് എൻ. എസ്. എസ്. നേതൃത്വവും പിടിക്കണം എന്നായിരുന്നു കേശവന്റെ മനോരഥം.
ആർ. ശങ്കർ ജനറൽ സെക്രട്ടറിയായതോടെ യോഗം സ്റ്റേറ്റ് കോൺഗ്രസ് പക്ഷത്തേക്കു് തിരിച്ചുവരും, ദിവാനെതിരെ വാളെടുക്കും എന്നു് പ്രതീക്ഷിച്ചവർ നിരാശരായി. നിലവിലുള്ള സാഹചര്യത്തിൽ സമരത്തിനു് പ്രസക്തിയില്ല എന്നു് തിരിച്ചറിഞ്ഞതുകൊണ്ടാകാം, കമ്പനി നിയമപ്രകാരം രൂപവത്കൃതമായ യോഗത്തെ ലിക്വിഡേറ്റ് ചെയ്യാൻപോലും സ്വാമി മടിക്കില്ല. എന്നു് ഭയപ്പെട്ടതുകൊണ്ടുമാകാം, അതുമല്ലെങ്കിൽ ശത്രുക്കൾ ആക്ഷേപിക്കുംപോലെ മുഴുത്ത അപ്പക്കഷണങ്ങൾ കണ്ടു് വായിൽ വെള്ളമൂറിയതുമാകാം സംഘടനയുടെ നിലപാടു് മാറ്റാൻ ശങ്കർ ശ്രമിച്ചില്ല. ശങ്കർ വഞ്ചിച്ചു എന്നു് സ്റ്റേറ്റ് കോൺഗ്രസുകാർ തിരുവിതാംകൂറിലെങ്ങും പാടിനടന്നു.
യോഗനേതൃത്വവും തിരുവിതാംകൂർ ഭരണകൂടവുമായുള്ള സൗഹൃദവും സഹകരണവും പൂർവാധികം ശക്തമായി. 1945 സെപ്റ്റംബറിൽ സി. പി. അവതരിപ്പിച്ച വിദ്യാഭ്യാസബില്ലിനെ എൻ. എസ്. എസും എസ്. എൻ. ഡി. പി.-യും അഹമഹമികയാ പിന്തുണച്ചു. ക്രിസ്ത്യൻ സഭകൾ അപലപിച്ചു. സ്റ്റേറ്റ് കോൺഗ്രസിന്റെ കൊല്ലം സമ്മേളനം ബില്ലിനെ എതിർത്തു് പ്രമേയം പാസാക്കി. പ്രമേയം അവതരിപ്പിച്ചതു് സി. കേശവൻ, പിന്താങ്ങിയതു് കുമ്പളത്തു് ശങ്കുപിള്ള.
1946-ൽ ദിവാൻ അമേരിക്കൻ മോഡൽ ഭരണഘടന മുന്നോട്ടുവെച്ചു. ആർ. ശങ്കറും എസ്. എൻ. ഡി. പി.-യും അമേരിക്കൻ മോഡലിനെയും സ്വതന്ത്ര തിരുവിതാംകൂർ വാദത്തെയും പിന്തുണച്ചു. പ്രത്യുപകാരമായി കൊല്ലം കന്റോൺമെന്റ് മൈതാനത്തു് കോളജ് തുടങ്ങാൻ 27 ഏക്കർ സ്ഥലം സർക്കാർ പതിച്ചുകൊടുത്തു. അവിടെ 1948-ൽ എസ്. എൻ. കോളജും 1951-ൽ വനിതാ കോളജും യാഥാർഥ്യമായി.
സ്റ്റേറ്റ് കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടിയും അമേരിക്കൻ മോഡലിനെ അതികഠിനമായി എതിർത്തു. അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്ന മുദ്രാവാക്യവുമായി ആലപ്പുഴയിലും ചേർത്തലയിലും തൊഴിലാളികൾ 1946 ഒക്ടോബർ 20-നു് പണിമുടക്കി. 24-നു് പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമിച്ചു, 27-നു് വയലാറിൽ കൂട്ടക്കുരുതി അരങ്ങേറി.
സ്റ്റേറ്റ് കോൺഗ്രസും എസ്. എൻ. ഡി. പി.-യും സോഷ്യലിസ്റ്റ് നേതാക്കളുമൊക്കെ പുന്നപ്ര-വയലാർ സമരത്തിനു് എതിരായിരുന്നു. എ. പി. ഉദയഭാനു വിന്റെ നേതൃത്വത്തിൽ കോൺഗ്രസ് ഡെലിഗേഷനും ശങ്കർ അടക്കമുള്ള യോഗനേതാക്കളും സാഹസത്തിനൊരുങ്ങരുതെന്നു് കമ്യൂണിസ്റ്റ് നേതാക്കളെ വിലക്കിയതാണു്. ഫലമുണ്ടായില്ല. “…ബുദ്ധിയുടെ ലേശമെങ്കിലുമുള്ളവരാരും വിശ്വസിക്കാത്ത നുണകൾ ഈ പാവങ്ങളെക്കൊണ്ടു് വിശ്വസിപ്പിക്കുന്നതിനു് കമ്യൂണിസ്റ്റുകൾക്കു് കഴിഞ്ഞു. അങ്ങനെ തോക്കിന്റെ മുമ്പിൽ അടക്കാമരവാരികളുമായി അവർ യുദ്ധത്തിനിറങ്ങി. ആപത്തുള്ള ഈ ഘട്ടം വന്നപ്പോഴേക്കും ഈഴവേതരരായ തൊഴിലാളികളും നേതാക്കളും മിക്കവാറും രംഗത്തുനിന്നു് മാറി. മുന്നണി നേതാക്കന്മാർ പലരും ഒളിച്ചു. ചിലർ ഈ സംരംഭവുമായി തങ്ങൾക്കു് ബന്ധമില്ലെന്ന പ്രസ്താവനകൾ പുറപ്പെടുവിച്ചു. പിന്മാറിക്കളയാൻ സാധ്യമാകാതെ മുമ്പിൽ അകപ്പെട്ടുപോയ അന്യരായ ചില നേതാക്കന്മാർ ഈ സാധു തൊഴിലാളികളെ ആഹൂതിചെയ്യാൻ തന്നെ തീരുമാനിച്ചു…” പിന്നീടു് ശങ്കർ വിലയിരുത്തി.
ചേർത്തല താലൂക്കിലെ പോലീസ് നടപടിയെ എസ്. എൻ. ഡി. പി.-യും കേരള കൗമുദിയും ന്യായീകരിച്ചു. കോൺഗ്രസ്, ആണ്ടോടാണ്ടു് ഒക്ടോബർ 27 വഞ്ചനാദിനമായി ആചരിച്ചു. സോഷ്യലിസ്റ്റ് നേതാവു് ശ്രീകണ്ഠൻ നായർ ജയ്ഹിന്ദ് പത്രത്തിൽ ‘പരാജയത്തിന്റെ പാഠങ്ങൾ’ എന്ന ശീർഷകത്തിൽ ലേഖനപരമ്പര പ്രസിദ്ധീകരിച്ചു (അതു് പിന്നീടു് ‘വഞ്ചിക്കപ്പെട്ട വേണാടു്’ എന്ന പേരിൽ പുസ്തകമാക്കി).
ദിവാനെ പ്രീണിപ്പിച്ചു് കിട്ടാവുന്നത്ര ആനുകൂല്യങ്ങൾ കൈപ്പറ്റിയ മന്നത്തപ്പൻ, അമേരിക്കൻ മോഡലിനെ വിമർശിച്ചു് രംഗത്തുവന്നു. “കിഴക്കു് മലയുണ്ടു്, മലയിൽ പിറുത്തിച്ചക്കയുണ്ടു്. പടിഞ്ഞാറു് കടലുണ്ടു്, കടലിൽ മീനുണ്ടു്. അത്രയേയുള്ളൂ സ്വതന്ത്ര തിരുവിതാംകൂർ” എന്നു് പ്രഖ്യാപിച്ചു. ദിവാന്റെ പ്രതികാര നടപടികളിൽനിന്നു് സർവീസ് സൊസൈറ്റിയെ രക്ഷപ്പെടുത്താനായി, ഔദ്യോഗിക സ്ഥാനമാനങ്ങൾ ഒഴിഞ്ഞു് മന്നം സർവതന്ത്രസ്വതന്ത്രനായി. 1947 മെയ് 27-നു് മുതുകുളത്തു് നടത്തിയ പ്രസംഗത്തെ തുടർന്നു് മന്നം അറസ്റ്റ് ചെയ്യപ്പെട്ടു.
ഇന്ത്യൻ യൂനിയന്റെ സൈനികശക്തിക്കും ജനങ്ങളുടെ രാഷ്ട്രീയ ഇച്ഛാശക്തിക്കുമെതിരെ സർ സി. പി.-ക്കു് പിടിച്ചു നിൽക്കാനാവില്ലെന്നു് മന്നത്തിനു് മനസ്സിലായി. എന്നാൽ അത്രയും ബുദ്ധി ശങ്കറിനുണ്ടായില്ല. വെട്ടേറ്റ മുറിവുമായി സചിവോത്തമൻ മൈലാപ്പൂർക്കു് മടങ്ങുംവരെ എസ്. എൻ. ഡി. പി. യോഗം സ്വതന്ത്ര തിരുവിതാംകൂർ വാദവുമായി ഉറച്ചുനിന്നു.
1947 ജൂലൈ 25-നു് സി. പി.-ക്കു് വെട്ടേറ്റു; ആഗസ്റ്റ് 13-നു് തിരുവിതാംകൂർ ഇന്ത്യൻ യൂനിയനിൽ ലയിക്കാനുള്ള കരാർ ഒപ്പിട്ടു. 1948 ഫെബ്രുവരിയിൽ നിയമസഭയിലേക്കുള്ള ആദ്യത്തെ തെരഞ്ഞെടുപ്പു നടന്നു. അതുവരെ വഞ്ചീശമംഗളം പാടിനടന്ന സകല സംഘടനകളും വ്യക്തികളും കോൺഗ്രസ് മച്ചമ്പിമാരായി. എൻ. എസ്. എസ്., എസ്. എൻ. ഡി. പി., മുസ്ലീംലീഗ്, കത്തോലിക്കാ കോൺഗ്രസ് എന്നിവരൊക്കെ സീറ്റുകൾ കണക്കുപറഞ്ഞു വാങ്ങി. കുഴമ്പ-വള്ളിക്കോട് മണ്ഡലത്തിൽനിന്നു് മന്നവും കൊല്ലത്തുനിന്നു് ശങ്കറും തെരഞ്ഞെടുക്കപ്പെട്ടു.
1948 മാർച്ച് 24-നു് പട്ടം താണുപിള്ള യും സി. കേശവനും ടി. എം. വർഗീസും സത്യപ്രതിജ്ഞ ചെയ്തു് അധികാരമേറ്റു. മന്ത്രിസഭക്കു് ആറുമാസമേ ആയുസ്സുണ്ടായുള്ളൂ. അപ്പോഴെക്കും ഗ്രൂപ്പായി, ഒപ്പുശേഖരണമായി. ഒക്ടോബർ 10-നു് പട്ടം രാജിവെച്ചു; 22-നു് സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേർന്നു! പട്ടത്തിന്റെ പകരക്കാരനായി, പറവൂർ ടി. കെ. നാരായണപിള്ള തിരുവിതാംകൂർ പ്രധാനമന്ത്രിയായി. താണുപിള്ള സാറിനെ ക്രിസ്ത്യാനികൾ പുകച്ചുപുറത്താക്കിയതാണെന്നും ടി. കെ. നാരായണപിള്ള ടി. എം. വർഗീസി ന്റെ ബിനാമിയാണെന്നുമുള്ള കിംവദന്തി തിരുവനന്തപുരത്തു് പടർന്നു. ഹിന്ദുക്കളെ പ്രീണിപ്പിക്കാനും സമുദായ സംഘടനകളുടെ പിന്തുണ ഉറപ്പാക്കാനും വേണ്ടി മുഖ്യമന്ത്രി മന്നത്തിനെയും ശങ്കറിനെയും ദേവസ്വം ബോർഡ് മെമ്പർമാരാക്കി. വെളുക്കാൻ തേച്ചതു് പാണ്ടായി. മന്നവും ശങ്കറും ടി. കെ.-ക്കു് എതിരാവാൻ അധികം നാൾ വേണ്ടി വന്നില്ല. ദേവസ്വം ഭരണംകൊണ്ടു് പൊറുതിമുട്ടി മുഖ്യമന്ത്രി ബോർഡ് പുനഃസംഘടിപ്പിച്ചു് വേറെ മെമ്പർമാരെ നിയമിച്ചു.
അതോടെ എൻ. എസ്. എസും എസ്. എൻ. ഡി. പി.-യും സർക്കാറിനെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചു. തിരുവിതാംകൂറിൽ ക്രിസ്ത്യാനികളുടെ ഭരണമാണെന്നു് ശങ്കറും മന്നവും തുറന്നടിച്ചു. ഹിന്ദുമഹാമണ്ഡലവും ഡെമോക്രാറ്റിക് കോൺഗ്രസുമുണ്ടാക്കി, നായർ-ഈഴവ സമുദായങ്ങളെ സർക്കാറിനു് തീർത്തും എതിരാക്കി. നെടുമങ്ങാട്, നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പുകളിൽ ഭരണം കോൺഗ്രസിനു് തിരിച്ചടിയുണ്ടായി. 1951 ഫെബ്രുവരി 24-നു് ടി. കെ. മന്ത്രിസഭ രാജിവെച്ചു. തൽസ്ഥാനത്തു് സി. കേശവൻ തിരു-കൊച്ചി മുഖ്യമന്ത്രിയായി. മന്നത്തെ യും ശങ്കറി നെയും തിരിച്ചുകൊണ്ടുവരാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചു. കഴിഞ്ഞതൊക്കെ മറന്നു് രണ്ടാളും മാതൃസംഘടനയിൽ തിരിച്ചെത്തി.
നേതാക്കന്മാർ തിരിച്ചുപോയെങ്കിലും ജനം കൂടെച്ചെല്ലാൻ വിസമ്മതിച്ചു. നായന്മാർ പട്ടത്തിന്റെ പി. എസ്. പി.-യിൽ ചേക്കേറി, ഈഴവർ ചെങ്കൊടി പിടിച്ചു് കമ്യൂണിസ്റ്റ്കാരായി. 1951 അവസാനം പൊതുതെരഞ്ഞെടുപ്പു് നടന്നു. ടി. കെ. നാരായണപിള്ള ചിറയിൻകീഴ് മണ്ഡലത്തിൽ നിന്നു് പാർലമെന്റിലേക്കു് മൽസരിച്ചു് വീരമൃത്യു വരിച്ചു. മൽസരിക്കാതിരിക്കാനുള്ള ബുദ്ധി മന്നത്തിനു് ഉണ്ടായിരുന്നു. ശങ്കർ സ്വദേശമായ കൊട്ടാരക്കരയിൽ മൽസരിച്ചു് പി. എസ്. പി.-യിലെ കൃഷ്ണൻനായരോടു് തോറ്റു. നായന്മാർ കാലുവാരിയതുകൊണ്ടാണു് ശങ്കർ തോറ്റതെന്നു് ശ്രീനാരായണീയർ വിശ്വസിച്ചു. അതോടെ മന്നവും ശങ്കറും തമ്മിലുള്ള വ്യക്തിബന്ധം ശിഥിലമായി.
1952-ൽ എസ്. എൻ. ട്രസ്റ്റ് രൂപവത്ക്കരിച്ചു. സമുദായം വക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ട്രസ്റ്റിനു് കീഴിൽ കൊണ്ടുവന്നു. യോഗത്തിന്റെയും ട്രസ്റ്റിന്റെയും ഭരണസാരഥ്യം ശങ്കർ തന്നെ കൈയാളി. 1953-ൽ എസ്. എൻ. ഡി. പി. യോഗത്തിന്റെ സുവർണജൂബിലി അതിഗംഭീരമായി കൊണ്ടാടി. ജൂബിലിയുടെ വരവു ചെലവു് കണക്കുകളെക്കുറിച്ചുള്ള മുറുമുറുപ്പുകൾ നിലനിൽക്കവേ, 1954-ൽ ശങ്കറെ വീണ്ടും യോഗം ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. പ്രസിഡന്റായി വന്നതു് കെ. സുകുമാരൻ, കേരളകൗമുദി പത്രാധിപർ. പ്രസിഡന്റും സെക്രട്ടറിയും തമ്മിൽ അടിമൂത്തു. 1954-ലെ ഇടക്കാല തെരഞ്ഞെടുപ്പിൽ കേരളകൗമുദി ഇടതുപക്ഷത്തെ പിന്തുണച്ചു. കൊല്ലത്തു് മൽസരിച്ച ആർ. ശങ്കർ ആർ. എസ്. പി. നേതാവു് ടി. കെ. ദിവാകരനോ ടു് തോറ്റു. കേരളകൗമുദിക്കു് ബദലായി ശങ്കർ കൊല്ലത്തുനിന്നു് ദിനമണി എന്നൊരു ദിനപത്രം ആരംഭിച്ചു.
1955-ൽ ശങ്കർ എസ്. എൻ. ഡി. പി. യോഗം അധ്യക്ഷനായി. 1956-ൽ വീണ്ടും ജനറൽ സെക്രട്ടറിയായി. 1957 മുതൽ എസ്. എൻ. ട്രസ്റ്റിൽ ഒതുങ്ങിക്കൂടി. പിന്നീടൊരിക്കലും യോഗനേതൃത്വത്തിലേക്കു് തിരിച്ചുവന്നില്ല. 1955–56 ആകുമ്പോഴേക്കും തിരു-കൊച്ചിയിലെ കോൺഗ്രസ് നേതൃത്വം പൂർണമായും പനമ്പിള്ളി യുടെ കൈപ്പിടിയിൽ ഒതുങ്ങിക്കഴിഞ്ഞു. സി. കേശവൻ സജീവ രാഷ്ട്രീയത്തിൽനിന്നു് പിന്മാറി, ടി. എം. വർഗീസ് പനമ്പിള്ളിയോടു് കലഹിച്ചു് പാർട്ടി വിട്ടു; എ. ജെ. ജോൺ ഗവർണറായി പോയി. ഗോവിന്ദമേനോനു് ‘ചങ്കരനെ’ പണ്ടേ കണ്ടുകൂടാ. 1957-ലെ തെരഞ്ഞെടുപ്പിൽ ശങ്കറിനു് മൽസരിക്കാൻ സീറ്റുകിട്ടിയില്ല.
1957 മാറ്റത്തിന്റെ വർഷമായിരുന്നു. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലേറി. പനമ്പിള്ളി തോറ്റതുകൊണ്ടു് പി. ടി. ചാക്കോ പ്രതിപക്ഷ നേതാവായി. കെ. എ. ദാമോദരമേനോൻ കെ. പി. സി. സി. പ്രസിഡന്റുമായി. കേരളകൗമുദി കമ്യൂണിസ്റ്റ്പക്ഷത്തു് ഉറച്ചുനിന്നു. ദിനമണി സർക്കാറിനെ കടന്നാക്രമിച്ചു. വിദ്യാഭ്യാസനിയമവും കാർഷികബന്ധബില്ലുമൊക്കെയായി അന്തരീക്ഷം കലുഷിതമായി.
1959 ഏപ്രിൽ മൂന്നിനു് കെ. പി. സി. സി. തെരഞ്ഞെടുപ്പു് നടന്നു. പനമ്പിള്ളി യും കെ. പി. മാധവൻനായരും കോഴിപ്പുറത്തു് മാധവമേനോനും എ. പി. ഉദയഭാനു വും സി. എം. സ്റ്റീഫനും മലയാള മനോരമയുമൊക്കെ കെ. എ. ദാമോദരമേനോനെ പിന്തുണച്ചു. എന്നാൽ പി. ടി. ചാക്കോ യുടെ ഉറച്ച പിന്തുണയോടെ ആർ. ശങ്കർ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ശങ്കറും ചാക്കോയും ഒറ്റക്കെട്ടായി കമ്യൂണിസ്റ്റുകാർക്കെതിരെ തിരിഞ്ഞു. ലീഗ്, പി. എസ്. പി. കക്ഷികളുടെയും എൻ. എസ്. എസിന്റെയും ഉറച്ച പിന്തുണ ശങ്കർ-ചാക്കോ അച്ചുതണ്ടിനു് ലഭിച്ചു. എ. ഐ. സി. സി. പ്രസിഡന്റ് ഇന്ദിരാഗാന്ധി പച്ചക്കൊടി കാണിച്ചപ്പോൾ ജൂൺ 12-നു് വമ്പിച്ച ഹർത്താലോടെ വിമോചനസമരം ആരംഭിച്ചു. ജൂലൈ 31-നു് സർക്കാർ ഡിസ്മിസ് ചെയ്യപ്പെട്ടു.
ആഗസ്റ്റ് ഒമ്പതിനു് കോട്ടയം തിരുനക്കര മൈതാനത്തു് ശങ്കർ അടക്കമുള്ള വിമോചനസമര നേതാക്കൾക്കു് അതിഗംഭീര സ്വീകരണം നൽകപ്പെട്ടു. അതേസമയത്തു്, മധ്യകേരളത്തിലെമ്പാടും ഈഴവരും പട്ടികജാതിക്കാരും ആക്രമണത്തിനിരയായി. യോഗം ജനറൽ സെക്രട്ടറി കെ. ആർ. നാരായണൻ അക്രമത്തിനെതിരെ ഒരു പ്രസ്താവന പുറപ്പെടുവിച്ചു. ശങ്കർ അത്രപോലും ചെയ്തില്ല.
1960 ഫെബ്രുവരിയിൽ ഇടക്കാല തെരഞ്ഞെടുപ്പു് നടന്നു. തിരു-കൊച്ചി ഭാഗത്തെ ഒരു സീറ്റും സുരക്ഷിതമല്ലെന്നു് തിരിച്ചറിഞ്ഞു് ശങ്കർ വിദൂരസ്ഥമായ കണ്ണൂര് മൽസരിച്ചു. മുസ്ലീംലീഗിന്റെ നിർലോഭമായ പിന്തുണയാൽ സഖാവു് സി. കണ്ണനെ തോൽപിച്ചു് നിയമസഭയിലെത്തി. നേതൃത്വത്തെക്കുറിച്ചു് തർക്കമുണ്ടായി. ഒടുവിൽ പട്ടം താണുപിള്ള മുഖ്യമന്ത്രി, ശങ്കർ ഉപമുഖ്യമന്ത്രി എന്നു് തീരുമാനമായി. ശങ്കറിന്റെ ഒഴിവിൽ സി. കെ. ഗോവിന്ദൻനായർ കെ. പി. സി. സി. പ്രസിഡന്റായി. മുസ്ലീംലീഗിനെ നിയമസഭയിലെടുക്കുന്നതിനെ ചൊല്ലിയും പുക്കാറുണ്ടായി. സീതിസാഹിബി നെ സ്പീക്കറാക്കി ആ കടമ്പയും കടന്നു.
ശങ്കർ-ചാക്കോ അച്ചുതണ്ടു് തെരഞ്ഞെടുപ്പിനുശേഷവും ഫലപ്രദമായി പ്രവർത്തിച്ചു. വിരുദ്ധശക്തികൾ പനമ്പിള്ളി യുടെ രഹസ്യപിന്തുണയോടെ സി. കെ. ഗോവിന്ദൻനായരു ടെയും സി. എം. സ്റ്റീഫന്റെ യും നേതൃത്വത്തിൽ കർമനിരതരായി. സീതിസാഹിബി ന്റെ മരണശേഷം മുസ്ലീംലീഗിനെ മുക്കൂട്ടുമുന്നണിയിൽ നിന്നു് തുരത്തുന്നതിൽ അവർ വിജയിച്ചു. ശങ്കർ-ചാക്കോ അച്ചുതണ്ടു് പട്ടത്തെ ഗവർണറാക്കി പഞ്ചാബിലേക്കും പറപ്പിച്ചു. അതേ തുടർന്നു് പി. എസ്. പി.-യും മുന്നണി വിട്ടു. 1962 സെപ്റ്റംബർ 26-നു് ശങ്കർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
ശങ്കർ മുഖ്യമന്ത്രിയായതോടെ സി. കെ. ജി.-സ്റ്റീഫൻ ഗ്രൂപ്പുകാരുടെ ആക്രമണത്തിനു് മൂർച്ച കൂടി. ശങ്കറിനും ദാമോദരമേനോനുമെതിരെ അഴിമതി ആരോപണം ഉയർന്നു. ഒരു മന്ത്രിയുടെ നാലാമത്തെ കുഞ്ഞിന്റെ പിതൃത്വത്തെ ചൊല്ലി തർക്കമുണ്ടായി. സി. കെ. ജി. ഒഴിഞ്ഞപ്പോൾ വീണ്ടും കെ. പി. സി. സി. തെരഞ്ഞെടുപ്പു വന്നു. 1963 ഒക്ടോബർ ആറിനു് തെരഞ്ഞെടുപ്പു് പൊതുയോഗം അടിച്ചുപിരിഞ്ഞു. 27-ാം തീയതി കെ. പി. മാധവൻനായർ വിജയിച്ചു.
1963 ഡിസംബർ എട്ടിനു് ആഭ്യന്തരമന്ത്രി ചാക്കോ സഞ്ചരിച്ചിരുന്ന സ്റ്റേറ്റ് കാർ തൃശൂര് വെച്ചു് ഒരു കൈവണ്ടിയിലിടിച്ചു. കാറിലുണ്ടായിരുന്ന സ്ത്രീയെക്കുറിച്ചു് പലകഥകളും പ്രചരിച്ചു. അരണയുടെ ബുദ്ധിയും പാമ്പിന്റെ പകയുമുള്ള ആഭ്യന്തരമന്ത്രിക്കെതിരെ കമ്യൂണിസ്റ്റ് പാർട്ടിയിലെ ഇ. പി. ഗോപാലൻ ആഞ്ഞടിച്ചു. കോൺഗ്രസിലെ പി. ഗോപാലൻ അസാന്മാർഗിയായ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു് നിയമസഭാ കവാടത്തിൽ സത്യഗ്രഹം നടത്തി. അവസാനം വരെ ശങ്കർ ചാക്കോ ക്കൊപ്പം ഉറച്ചുനിന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി ഗുൽസാരിലാൽനന്ദ യും ചാക്കോ ഒഴിയണം എന്നു അഭിപ്രായം പ്രകടിപ്പിച്ചു. വ്രണിതഹൃദയനായി ചാക്കോ 1964 ഫെബ്രുവരി 20-നു് രാജിവെച്ചു. അതോടെ ശങ്കർ-ചാക്കോ അച്ചുതണ്ടു് ഒടിഞ്ഞു.
ചാക്കോ രാജിവെച്ച ഒഴിവിൽ കെ. എം. ജോർജി നെ മന്ത്രിയാക്കിയിരുന്നെങ്കിൽ കത്തോലിക്കർ പിന്നെയും ക്ഷമിച്ചേനെ. ശങ്കർ പക്ഷേ, ടി. എ. തൊമ്മനെ യാണു് മന്ത്രിയാക്കിയതു്. ‘തമ്മിൽ ഭേദം തൊമ്മൻ’ എന്നാണു് പറഞ്ഞ കാരണം. ചോവന്റെ ഭരണത്തിൽ തീർത്തും അസംതൃപ്തനായിരുന്ന മന്നത്തു് പത്മനാഭൻ ചാക്കോ യുമായി സൗഹൃദം സ്ഥാപിച്ചു. ശങ്കറിനെ മനോരമയും സ്റ്റീഫനും ഏറ്റെടുത്തു. മദ്യത്തിൽ അഭയം തേടിയ പി. ടി. ചാക്കോ ആഗസ്റ്റ് ഒന്നിനു് ഹൃദയം തകർന്നു് മരിച്ചു.
ശങ്കർ കോഴിത്തലയിൽ കൂടോത്രം ചെയ്യിച്ചു് ചാക്കോ യെ കൊല്ലിച്ചു എന്നു് കത്തോലിക്കർ വിശ്വസിച്ചു. പ്രതികാരത്തിന്റെ ദൈവമായ യഹോവേ പ്രകാശിക്കണമേ എന്നു് മുട്ടിപ്പായി പ്രാർഥിച്ചു. ചാക്കോയുടെ കുഴിമാടത്തിൽനിന്നു് കേരള കോൺഗ്രസുണ്ടായി. മന്നത്തു് പത്മനാഭൻ മുന്നിൽനിന്നും കുളത്തുങ്കൽ പോത്തൻ പിന്നിൽനിന്നും നയിച്ചു. കെ. എം. ജോർജി ന്റെ നേതൃത്വത്തിൽ 15 എം. എൽ. എ.-മാർ പ്രത്യേകം ഗ്രൂപ്പായി. പി. കെ. കുഞ്ഞു് അവതരിപ്പിച്ച അവിശ്വാസപ്രമേയം പാസായി. സെപ്റ്റംബർ ഒമ്പതിനു് ശങ്കർ രാജിവെച്ചു. എല്ലാം ശുഭമായി എന്നു് മന്നം ആശ്വസിച്ചു.
1965-ലെ തെരഞ്ഞെടുപ്പിൽ ഈഴവർക്കു് ബഹുഭൂരിപക്ഷമുള്ള ആറ്റിങ്ങൽ മണ്ഡലത്തിലാണു് ശങ്കർ മത്സരിച്ചതു്. വാശിയേറിയ മൽസരത്തിൽ സി. പി. എമ്മിലെ കെ. അനിരുദ്ധൻ വിജയിച്ചു. 1967-ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ചിറയിൻകീഴിൽ ഭാഗ്യം പരീക്ഷിച്ചു് അനിരുദ്ധനോടു് വീണ്ടും പരാജയം ഏറ്റുവാങ്ങി. അതോടെ ശങ്കറിനെ കോൺഗ്രസുകാർ തഴഞ്ഞു. 1970-ലെ ഇടക്കാല തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലം വക്കം പുരുഷോത്തമനു് കൊടുത്തു. വക്കം ജയിച്ചു, മന്ത്രിയുമായി. 1971-ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വീണ്ടും ചിറയിൻകീഴ് മൽസരിക്കാൻ മോഹിച്ചു. പക്ഷേ, ശങ്കറിന്റെ പേരു വെട്ടി വയലാർ രവി സ്ഥാനാർഥിയായി.
എസ്. എൻ. ട്രസ്റ്റിലെ കൃത്രിമങ്ങളെക്കുറിച്ചു് ആനന്ദരാജൻ എന്നൊരു ശ്രീനാരായണീയൻ ശങ്കറിനെതിരെ കേസ് കൊടുത്തു. ആനന്ദരാജന്റെ പിന്നിൽ പത്രാധിപർ സുകുമാരൻ ആണെന്നു് ജനം അടക്കം പറഞ്ഞു. 1972 നവംബർ ആറിനു് കേസിൽ പ്രതികൂല വിധിയുണ്ടായി. അന്നു് രാത്രി ‘വീണപൂവി’ലെ ചില ഭാഗങ്ങൾ ഭാര്യയെ വായിച്ചു കേൾപ്പിച്ചു് ഉറങ്ങാൻ കിടന്ന ശങ്കർ പിറ്റേന്നു് ഉണർന്നില്ല. ശങ്കറിന്റെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ടു് കേരളകൗമുദി അനുകരണീയ ശൈലിയിൽ മുഖപ്രസംഗം എഴുതി എന്നതും ശവസംസ്ക്കാരച്ചടങ്ങുകളിൽ പത്രാധിപർ സുകുമാരൻ ആദ്യവസാനം പങ്കെടുത്തതും ചരിത്രം.
കൊല്ലത്തുകാർ ശങ്കറെ മറന്നു എന്നു് പറയാനാവില്ല. അവർ അദ്ദേഹത്തിന്റെ പൂർണകായ പ്രതിമയുണ്ടാക്കി കാക്കകൾക്കു് വിസർജിക്കാൻ ചിന്നക്കടയിൽ പി. ഡബ്ല്യു. ഡി. റസ്റ്റ്ഹൗസിനു മുന്നിൽ പ്രതിഷ്ഠിച്ചു.
നയം, വിനയം, അഭിനയം—ഇതുമൂന്നും ശങ്കറിനു് അന്യമായിരുന്നു. തലയെടുപ്പും താൻപോരിമയും തുറന്നടിച്ച സംസാരശൈലിയും ഒട്ടേറെ ശത്രുക്കളെ നേടിക്കൊടുത്തു. തണ്ടൻചോവനെ നായന്മാരും നസ്രാണികളും വെറുത്തതു് സ്വാഭാവികം. വർഗവഞ്ചകനായ കോൺഗ്രസുകാരനെ ഈഴവർ ഒറ്റപ്പെടുത്തിയതു് അതിനേക്കാൾ സ്വാഭാവികം. കോൺഗ്രസുകാർ ശങ്കറെ സമുദായ നേതാവായി പരിഗണിച്ചു; സമുദായാംഗങ്ങൾ കോൺഗ്രസ് നേതാവായും നോക്കിക്കണ്ടു. താൻ കൈപിടിച്ചുയർത്താൻ ശ്രമിച്ച സമുദായം ശങ്കറെ പാതാളത്തിലേക്കു് ചവിട്ടിത്താഴ്ത്തി. അങ്ങനെ അരിയെത്താതെ അദ്ദേഹത്തിന്റെ ആയുസ്സൊടുങ്ങി.
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.