images/Child_Asleep.jpg
Child Asleep, a painting by Thomas Sully (1783–1872).
വിവാഹ മാമാങ്കവും വിപ്ലവ വിവാഹങ്ങളും
കെ. രാജേശ്വരി
2007 ഏപ്രിൽ 20

ചൈത്രത്തിലെ അവസാന സന്ധ്യ. വെള്ളക്കുതിരമേലേറി വെളുത്ത ഷെർവാണി ധരിച്ചു് മുല്ലപ്പൂക്കൾകൊണ്ടു് മുഖംമറച്ചെത്തിയ അഭിഷേക് ബച്ചൻ മുൻ ലോക സുന്ദരി ഐശ്വര്യാ റായി ക്കു് വരണമാല്യം ചാർത്തി. ബനാറസിൽ നിന്നെത്തിയ മഹാ പുരോഹിതർ ഹോമകുണ്ഡത്തിൽ അഗ്നിജ്വലിപ്പിച്ചു, അത്യുച്ചത്തിൽ വേദമന്ത്രങ്ങളുരുവിട്ടു. ഗേറ്റിനു് വെളിയിൽ തിക്കും തിരക്കുമുണ്ടാക്കിയ ജനത്തെ നിയമപാലകർ ലാത്തിവീശിയോടിച്ചതും അഭിഷേകിന്റെ കാമുകിയെന്നവകാശപ്പെടുന്ന ഒരു ഒരുമ്പെട്ടവൾ ആത്മഹത്യാശ്രമം നടത്തിയതും ചടങ്ങുകൾക്കു് മാറ്റു കൂട്ടി.

images/Mulayam_Singh_Yadav.jpg
മുലായംസിംഗ്

ബച്ചന്മാരുടെ ധനസ്ഥിതിക്കും ജനസമ്മതിക്കും ഐശ്വര്യയുടെ ഗ്ലാമറിനുമൊത്ത വിധം വർണ്ണശബളമായിരുന്നു ചടങ്ങുകൾ. എന്നിരിക്കിലും നാടടച്ചു് ക്ഷണമോ സർവാണി സദ്യയോ ഉണ്ടായിരുന്നില്ല. മുലായംസിംഗ്, അമർസിംഗ്, അനിൽ അംബാനി, സചിൻ ടെണ്ടുൽക്കർ എന്നിവർക്കു് പുറമെ സഞ്ജയ് ദത്ത്, അജയ് ദേവ്ഗൺ, കാജോൾ, കരൺ ജോഹർ, യാഷ് ചോപ്ര എന്നിങ്ങനെ ഏതാനും സിനിമാക്കാർ മാത്രം. ഉസ്താദ് അംജദ് അലിഖാന്റെ മക്കൾ അയ്ൻ അലി ബങ്കാഷ്, അമൻ അലി ബങ്കാഷ് എന്നിവർ ഉണ്ടായിരുന്നു. സാഹിത്യകാരന്മാരടക്കമുള്ള സാംസ്കാരിക നായകർ ആരെയും കണ്ടില്ല.

images/Anil_Ambani.jpg
അനിൽ അംബാനി

ബച്ചൻ ക്ഷണിക്കാഞ്ഞതോ അവർ പോകാഞ്ഞതോ എന്നറിയില്ല, നെഹ്റു-ഗാന്ധി രാജകുടുംബത്തിൽനിന്നു് ഒരു കുഞ്ഞും താരവിവാഹത്തിനെത്തിയില്ല. സമാജ്വാദി പാർട്ടി യു. പി. എ. സർക്കാറിനുള്ള പിന്തുണ പിൻവലിച്ച സാഹചര്യത്തിൽ കല്യാണ സദ്യക്കു് എന്തു പ്രസക്തി? ബച്ചന്മാർ മതേതരവാദികളായതുകൊണ്ടു് ബി. ജെ. പി.-ക്കാരെ ക്ഷണിച്ചില്ല. മുലായംജിയുടെ ആജന്മ ശത്രു മായാവതി യുടെ കാര്യവും തഥൈവ. 356-ാം അനുച്ഛേദപ്രകാരമുള്ള ഗളഹസ്തത്തിൽനിന്നു് യു. പി. മന്ത്രിയെ രക്ഷിച്ചതിന്റെ പ്രത്യുപകാരമായിട്ടെങ്കിലും സഖാവു് പ്രകാശ് കാരാട്ടി നെ ക്ഷണിക്കേണ്ടതായിരുന്നു. അക്കൂട്ടത്തിൽ എം. എ. ബേബി യെക്കൂടി പങ്കെടുപ്പിച്ചിരുന്നെങ്കിൽ വിവാഹമാമാങ്കം കൈരളി-പീപ്പിൾ ചാനലുകൾ തൽസമയം സംപ്രേക്ഷണം ചെയ്തേനെ. അതുചെയ്യാം? അമിതാഭിനറിയില്ല, വിപ്ലവവാണിഭം. അഭിഷേക്-ഐശ്വര്യ മാംഗല്യത്തിനു് പ്രകാശിനെ ക്ഷണിച്ചില്ല, വൃന്ദയെ ക്ഷണിച്ചില്ല, ബേബി-ബെറ്റി-ബ്രിട്ടാസുമാരെ ആരെയും ക്ഷണിച്ചില്ല.

images/Sachin-Tendulkar.jpg
സചിൻ ടെണ്ടുൽക്കർ

പൂജ്യ പൂജാവ്യതിക്രമം കണ്ടു് മിണ്ടാതിരിക്കുന്നവരല്ല, ധീരസഖാക്കൾ. താരവിവാഹത്തിന്റെ മൂന്നാംപക്കം ദേശാഭിമാനി ഒന്നാംപേജിൽ ആദ്യ വെടിപൊട്ടിച്ചു: “സ്വർണ നിറത്തിലുള്ള ലോഹപ്പെട്ടി. റിബണഴിച്ചു് തുറന്നാൽ മൂന്നു് അറകൾ. ഒന്നിൽ സ്വിറ്റ്സർലന്റിൽനിന്നു് ഇറക്കുമതി ചെയ്ത 24 മിഠായികൾ. മറ്റൊന്നിൽ കൊച്ചുഗണേശ വിഗ്രഹം. മൂന്നാമത്തെ അറയിൽ ആറുപേജുള്ള ക്ഷണപത്രം… കുടുംബാംഗങ്ങൾക്കു പുറമെ നൂറു വി. വി. ഐ. പി.-കൾക്കു് മാത്രം പ്രവേശനമുള്ള അഭിഷേക് ബച്ചൻ-ഐശ്വര്യ റായ് വിവാഹത്തിന്റെ ക്ഷണപത്രം ഇങ്ങനെയായാൽ മൂന്നുദിവസം നീളുന്ന വിവാഹമോ?…”

images/Mayawati.jpg
മായാവതി

ആർഭാട വിവാഹത്തിന്റെ പ്രത്യാഘാതങ്ങളിലേക്കു് വിരൽചൂണ്ടുന്ന പരമ്പര ‘കാണം വിറ്റും കല്യാണം’ ഏപ്രിൽ 23 മുതൽ 27 വരെ പ്രസിദ്ധീകരിച്ചു. “ഏറെ ലളിതമായിരുന്നു കേരളത്തിലെ എല്ലാ സമൂഹങ്ങളിലെയും വിവാഹം. ഇന്നിപ്പോൾ കഥ മാറി. സ്ത്രീധനം നിരോധിച്ചെങ്കിലും അതൊരുവശത്തു് തുടരുന്നതിനിടെ അതിരുകടന്ന ആർഭാടമായി വിവാഹമാമാങ്കങ്ങൾ അരങ്ങുതകർക്കുന്നു. ഏറെ ചെലവുള്ള ക്ഷണക്കത്തു് മുതൽ ആർഭാടം തുടങ്ങുകയായി. കല്യാണത്തലേന്നു് രാത്രിയിലെ മദ്യസൽക്കാരം, പിന്നെ ആട്ടവും പാട്ടും കഥകളിയുമൊക്കെയായി ആഘോഷരാവുകൾ. പൂരാഘോഷങ്ങളെ വെല്ലുംവിധം ആളുകളെ വിളിച്ചുവരുത്തി ശീതീകരിച്ച കല്യാണമണ്ഡപങ്ങളിൽ അരങ്ങേറുന്ന വിവാഹം. ആയിരക്കണക്കിനു് രൂപയുടെ പട്ടുസാരിയും കിലോക്കണക്കിനു് സ്വർണവും. എണ്ണമറ്റ ധൂർത്തിന്റെ ഒടുങ്ങാത്ത പരമ്പരയായി മാറിക്കഴിഞ്ഞു മലയാളിയുടെയും മാംഗല്യമഹാമഹം”: പത്രം പരിതപിച്ചു.

സമീപകാലത്തു് നടന്ന അത്യാർഭാട വിവാഹങ്ങളുടെ ഞെട്ടിപ്പിക്കുന്ന വിശദാംശങ്ങൾ ദേശാഭിമാനിയിലുണ്ടു്. അഞ്ചു് ഉദാഹരണങ്ങൾ (സംക്ഷിപ്തം) നോക്കുക:

images/Yash_Chopra.jpg
യാഷ് ചോപ്ര

തൃശൂർ ജില്ലക്കാരനായ പ്രമുഖ വ്യവസായിയുടെ മകന്റെ വിവാഹം. മുംബൈയിലെ സ്റ്റാർ ഹോട്ടൽ കോംപ്ലൿസിൽ ആയിരക്കണക്കിനു് പേർക്കിരിക്കാവുന്ന പന്തലിൽ നടത്തിയതിനു മൊത്തം ചെലവു് മൂന്നു് കോടി ഇന്ത്യൻ രൂപ. മൂന്നുദിവസം നീണ്ട ചടങ്ങുകൾ. അതിഥികൾക്കു് താമസിക്കാൻ സ്റ്റാർ ഹോട്ടലുകൾ. മൂന്നുദിവസവും പ്രമുഖരുടെ കച്ചേരികൾ, നൃത്തം, മറ്റു കലാപരിപാടികൾ. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവർക്കു് പ്രത്യേക ഭക്ഷണ വിഭവങ്ങൾ. വിളമ്പാൻ പാരമ്പര്യ വേഷമണിഞ്ഞവർ.

images/Ma_Baby.jpg
എം. എ. ബേബി

കോട്ടയത്തിനടുത്തു് മണർകാട്ടു് കരിമണൽ വ്യവസായിയുടെ മകളുടെ കല്യാണം. പതിനായിരം പേർക്കിരിക്കാവുന്ന പന്തൽ. ഇന്ത്യൻ, ചൈനീസ് വിഭവങ്ങൾ ഉൾപ്പെടെ ഭക്ഷണത്തിനു് ചെലവായതു് 35 ലക്ഷം രൂപ. വിവാഹമണ്ഡപത്തിനു് പ്രത്യേകം തയാറാക്കിയ താമരക്കുളം. രണ്ടു് പ്രൊഫഷനൽ ട്രൂപ്പുകളുടെ ഗാനമേള. വരനും വധുവിനും ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ കുതിരവണ്ടിയിലാണു് യാത്ര ഉദ്ദേശിച്ചതു്. പക്ഷേ, മേളം കേട്ടു് കുതിര ബഹളംവെച്ചതോടെ അതു് ഉപേക്ഷിച്ചു. വധുവിനു് പ്രത്യേകം തയാറാക്കിയ വസ്ത്രങ്ങൾക്കു് ചെലവായതു് രണ്ടു ലക്ഷം രൂപ. ആപാദചൂഡം സ്വർണമണിഞ്ഞല്ല വധു എത്തിയതു്. പകരം ലക്ഷങ്ങളുടെ വിലയുള്ള വൈരക്കൽ മാലയണിഞ്ഞായിരുന്നു.

images/PrakashKarat.jpg
പ്രകാശ് കാരാട്ട്

ചങ്ങനാശ്ശേരിക്കടുത്തു് ശാന്തിപുരത്തു് അമേരിക്കൻ മലയാളിയുടെ മകളുടെ വിവാഹത്തിനു് ഒരുക്കിയതു് 20 ലക്ഷം രൂപ ചെലവിൽ രണ്ടു് പന്തലുകൾ. ഒരു പന്തൽ കല്യാണത്തിനും മറ്റേതു് കലാപരിപാടികൾക്കും. ചലച്ചിത്ര പിന്നണി ഗായകരുടെ ഗാനമേള. നാലുകെട്ടു് മാതൃകയിലൊരുക്കിയ വിവാഹവേദി. വിവാഹത്തിനു് മാത്രം ചലവായതു് ഒരുകോടി.

കോട്ടയം ടൗണിൽ വൻകിട ഹോട്ടൽ ഗ്രൂപ്പ് ഉടമയുടെ മകളുടെ വിവാഹം ഒരാഴ്ചയിലേറെ നീണ്ട ചടങ്ങുകളോടെയായിരുന്നു. ഓരോ ദിവസവും വ്യത്യസ്ത കലാപരിപാടികൾ. ചലച്ചിത്ര ഗായകരുടെ ഗാനമേളയും മേളവിദഗ്ദ്ധരുടെ തായമ്പകയുമെല്ലാം അരങ്ങേറി. പതിനായിരത്തിലേറെ പേർക്കിരിക്കാവുന്ന പന്തലായിരുന്നു കോട്ടയത്തെ വീട്ടിൽ ഒരുക്കിയതു്.

കൊച്ചി നഗരത്തിൽ അടുത്തിടെ നടന്ന പ്രമുഖ വ്യവസായിയുടെ മകളുടെ വിവാഹം. വധു അണിഞ്ഞതു് ഏകദേശം 250 പവന്റെ ആഭരണം. വിവാഹസാരിയുടെ വില ഒരുലക്ഷത്തിനടുത്തു്. വിവാഹവും സൽക്കാരവും നടന്നതു് രണ്ടു പഞ്ചനക്ഷത്ര ഹോട്ടലുകളിൽ.

images/Karunakaran_Kannoth.jpg
കെ. കരുണാകരൻ

ഇനി, സ്ഥലപരിമിതി നിമിത്തം ദേശാഭിമാനി വിട്ടുകളഞ്ഞ ഒരു അനാർഭാട വിവാഹ കഥ. പ്രമുഖ വ്യവസായി, അമേരിക്കൻ മലയാളി, കരിമണൽ വ്യവസായി എന്നിങ്ങനെ സൂചനകളിലൂടെ മാത്രം വധുപിതാക്കളെ പരാമർശിക്കുന്ന കലാപരിപാടി രാജേശ്വരിക്കു തീരെയും വശമില്ലായ്കയാൽ കഥാപാത്രങ്ങളുടെ പേരും വേദിയും തീയതിയും സമയവുമൊക്കെ വെട്ടിത്തുറന്നെഴുതാനാണു് നിശ്ചയിച്ചിട്ടുള്ളതു്. സഖാക്കൾ സദയം പൊറുക്കണം.

സഖാവു് എം. കെ. ദാമോദരനാണു് കഥാപുരുഷൻ. മാർൿസിസ്റ്റുകാരൻ, നാസ്തികൻ, അടിയന്തിരാവസ്ഥയിൽ ജയിൽവാസം അനുഭവിച്ചയാൾ. ഹൈക്കോടതിയിൽ പറന്നുവെട്ടും അഭിഭാഷകൻ, മുൻ അഡ്വക്കേറ്റ് ജനറൽ. മാർൿസിസ്റ്റ് പാർട്ടിയുടെയും മുരിങ്ങൂർ ധ്യാനകേന്ദ്രത്തിന്റെയും പ്രധാന നിയമോപദേഷ്ടാവു്.

സഖാവിന്റെ ഏക മകൾ തനുശ്രീയുടെ വിവാഹം 2007 ജനുവരി 17 ബുധനാഴ്ച (ലാവ്ലിൻ കേസ് സി. ബി. ഐ. അന്വേഷിക്കണമെന്നു് ഹൈക്കോടതി വിധിച്ചതിന്റെ പിറ്റേന്നു്) എറണാകുളം ഇൻഫന്റ് ജീസസ് പള്ളിയിൽ നടന്നു. ക്രിസ്തുമതാചാരപ്രകാരം, തികച്ചും ലളിതമായ ചടങ്ങുകളോടെ. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പാർട്ടിയുടെ അത്യുന്നത നേതാക്കളും മാത്രം പങ്കെടുത്ത ചടങ്ങു്. അനന്തരം, അതിഥികൾക്കു് ഭക്ഷണമൊരുക്കിയതു് താജ് റെസിഡൻസി ഹോട്ടലിൽ.

images/Kadri_Gopalnath.png
കദ്രിഗോപാൽനാഥ്

വിവാഹസൽക്കാരം നടന്നതു് വൈകീട്ടു് കുണ്ടന്നൂരെ ലെ മെറിഡിയൻ ഹോട്ടലിനോടു് ചേർന്നുള്ള ഗൾഫാർ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിൽ. പൂർണമായും ശീതീകരിച്ച ഓഡിറ്റോറിയം, പതിനായിരക്കണക്കിനു് പനിനീർപ്പൂക്കൾ കൊണ്ടു് അലങ്കരിച്ച വേദി. സംഗീത പരിപാടി ഒരുക്കിയതു് ബാലഭാസ്കർ. സാൿസോഫോണും ചെണ്ടയും ചേർത്തു് ജൂഗൽബന്ദി നടത്തിയതു് കദ്രിഗോപാൽനാഥും മട്ടന്നൂർ ശങ്കരൻകുട്ടി യും. അമിതാബ് ബച്ചനെ പ്പോലെ കേവലം നൂറു് വി. വി. ഐ. പി.-കളെ വിളിച്ചുനടത്തിയ ഡൂക്ക്ലി പരിപാടിയല്ല. അദ്ധ്വാനിക്കുന്ന വർഗത്തിന്റെ അനിഷേധ്യ നേതാക്കളും അഭിഭാഷകരും ന്യായാധിപരും വൈദിക ശ്രേഷ്ഠരുമൊക്കെയായി ആയിരങ്ങൾ പങ്കെടുത്തു. വന്നവർക്കൊക്കെ ഭക്ഷണവും കൊടുത്തു. ഇന്ത്യനും ചൈനീസും കോണ്ടിനെന്റെലുമായി നിരവധി വിഭവങ്ങൾ. വായുടെ രുചിയും വയറിന്റെ വലുപ്പവുമനുസരിച്ചു് എന്തും കഴിക്കാം.

images/M_C_Josephine.jpg
എം. സി. ജോസഫൈൻ

സൽക്കാരത്തിൽ പങ്കെടുത്തു് മൂക്കറ്റം ഭക്ഷിച്ചു് ഏമ്പക്കമിട്ടുപോയവരാണു് ദേശാഭിമാനിയിലെ പത്രാധിപ ലേഖക സഖാക്കൾ. തനുശ്രീ പരിണയത്തിനു് എത്ര രൂപ ചെലവായിക്കാണുമെന്നു് കണക്കുകൂട്ടാൻ മറന്നുപോയതാകാം. പ്രകാശ് കാരാട്ടി നെയും എം. എ. ബേബി യെയും ക്ഷണിക്കാതെ അമിതാഭ് ബച്ചന്റെ മകന്റെ കല്യാണം ഘോഷിക്കുമെന്നു് സങ്കൽപിക്കാൻ ധൈര്യപ്പെടാഞ്ഞതുമാകാം.

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കെ. കരുണാകരന്റെ മകളുടെ മകൾ ഐശ്വര്യയുടെ വിവാഹം അഞ്ചുകൊല്ലം മുമ്പു് ഇതേ ഗൾഫാർ കൺവെൻഷൻ സെന്ററിലാണു് നടന്നതു്. ഉള്ളതു പറയണമല്ലോ, ലാളിത്യത്തിൽ കരുണാകർജിയെ ബഹുദൂരം പിന്തള്ളി സഖാവു് ദാമോദരൻ.

images/P_Rajeev.jpg
പി. രാജീവ്

മകളുടെ വിവാഹം ലെ മെറിഡിയനിൽ വെച്ചു് നടത്തിയതുകൊണ്ടു് ദാമോദരന്റെ വിപ്ലവാവേശത്തിനു് തേയ്മാനം സംഭവിച്ചെന്നു മാന്യ വായനക്കാർ ധരിച്ചുപോകരുതു്. മാർച്ച് 11 ഞായറാഴ്ച എറണകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസ് ഓഡിറ്റോറിയത്തിൽ ഹോട്ടൽ തൊഴിലാളി ഫെഡറേഷൻ സംഘടിപ്പിച്ച സെമിനാറിൽ സഖാവു് വികാരാധീനനായി: രാജ്യം സോഷ്യലിസ്റ്റ് ആദർശങ്ങളിൽനിന്നു് അകന്നുപോകുന്നു, പണക്കാരും പാവങ്ങളും തമ്മിലുള്ള അന്തരം വർദ്ധിക്കുന്നു! പട്ടിണിപ്പാവങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്ന വിധത്തിൽ കോടതി വിധികൾ വന്നുകൊണ്ടേയിരിക്കുന്നു!!

images/Jehangir_Ardeshir_Sabavala.jpg
ജഹാംഗീർ സബാവാല

ദാമോദരനെ വിട്ടു പരമ്പരയിലേക്കു് മടങ്ങുക. പൊന്നും പട്ടും വാങ്ങാൻ പൊടിക്കുന്ന ലക്ഷങ്ങളെക്കുറിച്ചാണു് ഏപ്രിൽ 24-ലെ ഉപന്യാസമെങ്കിൽ വിവാഹത്തിനു് ഹാൾ കിട്ടാനുള്ള പെടാപ്പാടാണു് 25-നു് ചർച്ചാവിഷയം. സ്വർണത്തിനു് വിലക്കൂടുതലുള്ള കാലത്തുപോലും 25 പവനാണു് ഭൂരിഭാഗം പേരും വാങ്ങുന്നതു്. 125 പവൻ വരെ വാങ്ങുന്നവരുണ്ടു്. ഈയിടെയായി ഡയമണ്ട് വാങ്ങുന്നവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ടു്. വിവാഹത്തോടനുബന്ധിച്ചു് വധുവിനും വീട്ടുകാർക്കുമായി വാങ്ങുന്ന വസ്ത്രത്തിനു് ഇടത്തരം കുടുംബം 50,000 രൂപവരെ ചെലവഴിക്കുന്നുണ്ടു്. ഉയർന്ന വരുമാനക്കാർ ലക്ഷങ്ങൾ തന്നെ പൊടിക്കുന്നു.

images/Rajendra_Yadav.jpg
രാജേന്ദ്ര യാദവ്

ഓഡിറ്റോറിയങ്ങളിൽ ശരാശരി വാടക 15,000 രൂപയാണു്. ഇതു് ഹാൾ വാടക മാത്രം. വിവാഹസദ്യയുടെ ചെലവു് അമ്പതിനായിരത്തിനും ഒരു ലക്ഷത്തിനുമിടക്കു് വരും. കോഴിക്കോട് കോർപറേഷൻ വക ടാഗോർ ഹാളിനു് വാടക 20,086 രൂപയാണു്. വൈദ്യുതി ചാർജ് പുറമെ. സ്വകാര്യ എ. സി. ഓഡിറ്റോറിയത്തിന്റെ വാടക 26,500 രൂപ. പാലക്കാട് ജില്ലയിൽ ചെറുതും വലുതുമായി അഞ്ഞൂറിലധികം കല്യാണമണ്ഡപങ്ങളുണ്ടു്. ഇതിൽ 80 എണ്ണം വൻകിട. പാലക്കാട് പ്രസന്നലക്ഷ്മി കല്യാണമണ്ഡപത്തിൽ വാടക 30,000 രൂപയും നികുതിയും. ഒരാൾക്കു് സദ്യക്കു് 75 രൂപയാകും.

images/Mrinal-sen.jpg
മൃണാൾസെൻ

“തൃശൂരിൽ വിവാഹഹാളിന്റെ വാടക പതിനായിരത്തിൽ തുടങ്ങി ഒന്നരലക്ഷം രൂപ വരെയുണ്ടു്. തൃശൂരിലെ ക്ഷേത്രം വകയായുള്ള വിവാഹമണ്ഡപത്തിനു് ഉപകരണങ്ങളടക്കം ഓരോ പ്ലേറ്റിനും 300 മുതൽ 500 രൂപ വരെ ഈടാക്കി വിവാഹസദ്യ ഒരുക്കിക്കൊടുക്കുന്ന അരഡസനോളം ഹോട്ടലുകൾ തൃശൂർ നഗരത്തിലുണ്ടു്. മാസങ്ങൾക്കു് മുമ്പേ ബുക്കുചെയ്തില്ലെങ്കിൽ ഇവിടങ്ങളിലൊന്നും ഇടംകിട്ടില്ല…” പറയുന്നതു് ദേശാഭിമാനിയാണു്. സത്യമാകാനേ തരമുള്ളു.

images/Sunil_Gangopadhyay.jpg
സുനിൽ ഗംഗോപാധ്യായ

തൃശൂരെ പ്രധാന കല്യാണമണ്ഡപങ്ങൾ മൂന്നെണ്ണം ദേവസ്വം വകയാണു്—പുഷ്പാഞ്ജലി, നീരാഞ്ജലി, കൗസ്തുഭം. പിന്നെ കൂർക്കഞ്ചേരിയിലെ എസ്. എൻ. ഡി. പി. വക ഓഡിറ്റോറിയം. ഇവയിൽ ഏറ്റവും വലുതും വാടക കൂടിയതും തിരുവമ്പാടിയിലെ കൗസ്തുഭം ഓഡിറ്റോറിയം.

കൗസ്തുഭത്തിൽ വെച്ചാണു് സഖാവു് ഇ. കെ. നായനാരു ടെ മകൻ വിനോദിന്റെ വിവാഹം നടന്നതു്. 1998 ഡിസംബർ 26-നു്. വധുവിനും കാതിലും കഴുത്തിലും കൈകളിലും കൂടി ഏകെ 250 പവന്റെ പണ്ടമേ ഉണ്ടായിരുന്നുള്ളു. മെട്രിക് കണക്കിൽ രണ്ടു കിലോഗ്രാം. വധൂവരന്മാരുടെ വർണ ചിത്രം സിൻഡിക്കേറ്റ് പത്രങ്ങളിൽ കണ്ടു് ജനം അൽപമൊന്നു് അന്ധാളിച്ചു. പാർട്ടിക്കകത്തു് വിരുദ്ധ ഗ്രൂപ്പുകാർ ഒന്നും രണ്ടും പറഞ്ഞു.

images/Ek_nayanar.jpg
ഇ. കെ. നായനാർ

ഏറമ്പാല കൃഷ്ണൻനായനാരെ നമുക്കറിയാം. അദ്ദേഹം കറതീർന്ന കമ്യൂണിസ്റ്റാണു്, കയ്യൂർ സമരനായകനാണു്, മുനയൻകുന്നു സമരകാലത്തു് കൊടും കാട്ടിൽ രണ്ടാഴ്ച ചക്കപ്പഴം മാത്രം തിന്നു ജീവിച്ചയാളാണു്. “മുഖ്യമന്ത്രിമാരിൽ ഇ. എം. എസും അച്യുതമേനോനും ഞാനും മാത്രമാണു് സത്യസന്ധർ” എന്നു പ്രഖ്യാപിക്കുകപോലും ചെയ്തിട്ടുണ്ടു്. മഹാത്മജി ക്കു് കസ്തൂർബ യെന്നപോലെയാണു് നായനാർ ക്കു് ശാരദ ടീച്ചർ. സഖാവോ ടീച്ചറോ സ്വർണത്തിനും പണത്തിനും കണക്കുപറയില്ല, ആർഭാട വിവാഹത്തെ ഒരു വിധത്തിലും പ്രോൽസാഹിപ്പിക്കില്ല.

വിനോദിന്റെ ഭാര്യ വീട്ടുകാർ ചുറ്റുപാടുള്ള കൂട്ടരാണു്. അവർ കുറച്ചു് പണ്ടം പണിയിച്ചു പെൺകുട്ടിയുടെ ദേഹത്തണിയിച്ചു. നമുക്കെന്തു ചെയ്യാൻ സാധിക്കുമെടോ? നായനാർ ചോദിച്ചു. അതോടെ വിവാദം കെട്ടടങ്ങി.

images/Binoy_vishwam.jpg
ബിനോയ് വിശ്വം

നായനാരുടെ ചുവടുപിടിച്ചു് ധനമന്ത്രി ശിവദാസമേനോൻ ദൗഹിത്രി നീതയുടെ കല്യാണം നടത്തിയപ്പോൾ പൊല്ലാപ്പായി. നായനാർക്കു് എന്തു വിഡ്ഢിത്തവും പറയാം, പ്രവർത്തിക്കാം. ലൈസൻസുണ്ടു്. മേനോൻ മാഷിനോടു് പാർട്ടി വിശദീകരണം ചോദിച്ചു. എന്തിനിത്ര ആർഭാടം? അതും സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ?

images/Kasturba.jpg
കസ്തൂർബ

0 × 0 × 0 × 0 = 0 എന്ന സങ്കീർണ സമവാക്യംകൊണ്ടു് ഗണിതശാസ്ത്രത്തിനു് നിസ്തുല സംഭാവനയർപ്പിച്ച മേനോമ്മാഷുണ്ടോ പാർട്ടിയുടെ സിംപിൾ ചോദ്യത്തിനു് മുന്നിൽ ചൂളുന്നു? പേരമകളുടെ പുതിയാപ്ല മുസൽമാനാണു്, മതസൗഹാർദം നിലനിറുത്താൻ വേണ്ടിയാണു് അസാരം ആർഭാടം എന്നു് മറുപടി നൽകി. അൿബർ പാദുഷ മുതൽ കെ. ഇ. എൻ. കുഞ്ഞഹമ്മദു വരെയുള്ളവർ എന്തെന്തു ത്യാഗങ്ങൾ സഹിച്ചാണു് ഇന്നാട്ടിൽ ഹിന്ദു-മുസ്ലിം മൈത്രിയുണ്ടാക്കുന്നതെന്നു് അറിയാവുന്നതിനാൽ പാർട്ടി ക്ഷമിച്ചു, മാപ്പുകൊടുത്തു.

images/KEN.jpg
കെ. ഇ. എൻ. കുഞ്ഞഹമ്മദ്

മാഷിന്റെ ദൗഹിത്രൻ ശിവ് ഒരു മദാമ്മയെ പരിണയിച്ചപ്പോഴുമുണ്ടായി അൽപസ്വൽപം അധികച്ചെലവു്. മൂത്ത മകളുടെ മകളോടു് ക്ഷമിക്കാമെങ്കിൽ രണ്ടാമത്തെ മകളുടെ മകനോടും ക്ഷമിക്കാൻ പാർട്ടി ബാധ്യസ്ഥം. ഇതു് മതസൗഹാർദത്തിന്റേതിനേക്കാൾ അന്താരാഷ്ട്ര സമാധാനത്തിന്റെ പ്രശ്നമായതുകൊണ്ടു് പ്രത്യേകിച്ചും.

images/D_sreedevi.png
ഡി. ശ്രീദേവി

ലാളിത്യത്തിന്റെ വഴിയിലേക്കു് മടങ്ങാം എന്ന ആഹ്വാനത്തിലാണു് പരമ്പര അവസാനിക്കുന്നതു്: “സാധാരണക്കാരെ സംബന്ധിച്ചു് വിവാഹം അവരുടെ ജീവിതത്തിലെ ഒരു പ്രധാന കാര്യം തന്നെയാണു്, അതു് ആർഭാടരഹിതമായും മാതൃകാപരമായും നടത്തുകയെന്നതാണു് കേരളം ശീലിക്കേണ്ടതു്. ഒട്ടേറെ മാതൃകാ വിവാഹങ്ങൾ നടന്ന നാടാണിതു്. ലളിതമായ ചടങ്ങുകളോടെ നാലാളെ അറിയിച്ചു് വിവാഹം നടത്തുന്നതിൽ തെറ്റൊന്നുമില്ല. അനാവശ്യ ചെലവുകളും ആർഭാടങ്ങളും ഒഴിവാക്കി, നാട്ടുകാരുടെയും അയൽക്കാരുടെയും സഹകരണത്തോടെ, കൂട്ടായ്മയായി വിവാഹങ്ങൾ നടത്താം. ആവശ്യമായ ചെറിയ ചെലവുകൾക്കു് പരസ്പര സഹകരണത്തോടെ പണംകണ്ടെത്താം…”

images/Akg.jpg
എ. കെ. ജി.

അനാർഭാട വിവാഹങ്ങൾ കൊണ്ടു് മാതൃകകാണിച്ച എ. കെ. ജി.-സുശീല, ബിനോയ് വിശ്വം-ഷൈല സി. ജോർജ്, ഗ്രാമപ്രകാശ്-ബീന ദമ്പതികളെക്കുറിച്ചും പള്ളം കുടുംബത്തെപ്പറ്റിയുമുള്ള കുറിപ്പുകൾ പരമ്പരക്കൊപ്പമുണ്ടു്. എം. സി. ജോസഫൈൻ, ജസ്റ്റിസ് ഡി. ശ്രീദേവി, കെ. കെ. ശൈലജ ടീച്ചർ എന്നീ മഹതികളുടെ അഭിപ്രായങ്ങളും വായിക്കാം.

ഏപ്രിൽ 26-ലെ പത്രത്തിൽ ഡോ. സുകുമാർ അഴീക്കോടി ന്റെ ചെറുലേഖനവുമുണ്ടു്: “കോടികളുടെ ആർഭാട ചടങ്ങുകൊണ്ടൊന്നും രണ്ടു് ഹൃദയങ്ങളെ അടുപ്പിക്കാനാവില്ല. ഇതു കഴിഞ്ഞു് രണ്ടാംദിവസം പിരിഞ്ഞുപോകുന്ന ദമ്പതികൾ എത്രയാണു്? വിവാഹധൂർത്തിന്റെ അടിത്തട്ടിലുള്ളതു് ഉപഭോഗ സംസ്കാരമാണു്. സമ്പത്തിന്റെ പ്രകടനം സമുദായത്തിൽ സ്ഥാനം നേടുന്നതിനാണു്…”

images/K_K_Shailaja.jpg
കെ. കെ. ശൈലജ

ഇതുകൊണ്ടൊന്നും അരിശംതീരാഞ്ഞു് ഏപ്രിൽ 27-നു് ദേശാഭിമാനി മുഖപ്രസംഗം എഴുതി, ‘കുടുംബം മുടിക്കുന്ന ധൂർത്തു് ’ എന്ന ശീർഷകത്തിൽ, അഭിഷേക്-ഐശ്വര്യ വിവാഹമാണു് ഇത്തരമൊരന്വേഷണത്തിനു് പ്രേരകമായതെന്നു് പത്രാധിപർ തുറന്നു പറയുന്നു: “…വിവാഹത്തെയും എങ്ങനെ പണം വാരാവുന്ന ഉപാധിയാക്കാമെന്നാണു് ബച്ചൻ അന്വേഷിച്ചതു്. ക്രിക്കറ്റ് മാമാങ്കങ്ങളുടെ തൽസമയ സംപ്രേക്ഷണം വിൽക്കുന്നതുപോലെ വിവാഹ ചടങ്ങിന്റെ വീഡിയോ റെക്കോർഡിംഗും വിറ്റു് ബച്ചൻ പുതിയ മാതൃക സൃഷ്ടിച്ചു…”

images/E_M_S_Namboodiripad.jpg
ഇ. എം. എസ്.

വിവാഹചടങ്ങുകളുടെ വീഡിയോ അവകാശം വിറ്റതിലാണു് പാർട്ടി പത്രത്തിനു രോഷമെന്നു് സ്പഷ്ടം. ഈയിടെ ഗാനഗന്ധർവന്റെ മകൻ കല്യാണം കഴിച്ചപ്പോൾ എന്തുസംഭവിച്ചു? അനാർഭാട വിവാഹം നമ്മുടെ പാർട്ടി ചാനൽ ലൈവായി ടെലികാസ്റ്റ് ചെയ്തു. വധു അണിഞ്ഞ പട്ടുവസ്ത്രങ്ങളുടെ മിനുപ്പും സ്വർണാഭരണങ്ങളുടെ ഫാഷനും കണ്ടു് മനസ്സിലാക്കാൻ ഭൂമിമലയാളത്തിൽ സകല മഹിളാമണികൾക്കും സാധിച്ചു. സാംസ്കാരിക മന്ത്രിയടക്കമുള്ള ധീരസഖാക്കൾ സദ്യ ഉണ്ടു് കൈകഴുകുന്നതു് കണ്ടു് ഉമിനീരിറക്കാൻ ദരിദ്ര നാരായണന്മാർക്കും അവസരം കിട്ടി. ബച്ചൻ ദുഷ്ടൻ ധനദുർമോഹംമൂലം കൈരളിയെ അടുപ്പിച്ചില്ല. എന്തൊരു ധാർമികാപഭ്രംശം! എന്തൊരു സംസ്കാരലോപം! സർവരാജ്യ തൊഴിലാളികളേ, സംഘടിക്കുവിൻ, അമിതാഭ് ബച്ചനെ അപലപിക്കുവിൻ!

images/Sukumar_azhikode.jpg
സുകുമാർ അഴീക്കോട്

വാൽക്കഷണം: മെയ് ഏഴിന്റെ ലക്കം ഔട്ട്ലുക്ക് കാണുക. അഭിഷേക്-ഐശ്വര്യ വിവാഹ ചടങ്ങുകളെ അപലപിക്കുന്നവർ മൃണാൾസെൻ, കിരൺ നഗർകർ, പരിതോഷ് സെൻ, സുനിൽ ഗംഗോപാധ്യായ, അരവിന്ദ് കൃഷ്ണ മെഹ്റോത്ര, രാജേന്ദ്ര യാദവ്, പ്രഭാഷ് ജോഷി, ജഹാംഗീർ സബാവാല … എല്ലാവരും സാംസ്കാരിക നായകർ; താരവിവാഹത്തിനു് ക്ഷണിക്കപ്പെടാഞ്ഞവരും. വ്യത്യാസം ഒന്നേയുള്ളു—ആർഭാടത്തെയാണു് പി. രാജീവ് എതിർക്കുന്നതു്, അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയുമാണു് മേൽപറഞ്ഞ ബുദ്ധിജീവികൾ അപലപിച്ചതു്. ഇപ്പോൾ മനസ്സിലായോ, ബുദ്ധിജീവികൾ വാഴക്കൃഷി നടത്തണമെന്നു് ദേവസ്വം മന്ത്രി പറഞ്ഞതിന്റെ പൊരുൾ?

അഡ്വക്കറ്റ് എ. ജയശങ്കർ
images/ajayasankar.jpg

അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.

Colophon

Title: Vivaha Mamangavum Viplava Vivahangalum (ml: വിവാഹ മാമാങ്കവും വിപ്ലവ വിവാഹങ്ങളും).

Author(s): K. Rajeswari.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, K. Rajeswari, Vivaha Mamangavum Viplava Vivahangalum, കെ. രാജേശ്വരി, വിവാഹ മാമാങ്കവും വിപ്ലവ വിവാഹങ്ങളും, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 9, 2025.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Child Asleep, a painting by Thomas Sully (1783–1872). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.