പുന്നെല്ലു് പഴുത്തുവിരിഞ്ഞ പാടത്തിന്റെ മണവും, സ്വർണ്ണനിറത്തിൽ തലയുയർത്തുന്ന ഉദയസൂര്യനും ഒരുമിച്ചുകൂടുന്നിടത്താണു് പാത. പടിഞ്ഞാട്ടേക്കു് ചെരിഞ്ഞുനിന്ന പുലരിവെയിലിനു താഴെ, അതങ്ങനെ ചെമ്മണ്ണു് പൊതിഞ്ഞു് മലർന്നുകിടക്കുകയാണു്.
അതിലൂടെയാണു് നീണ്ട പീലിയുമായി മയിൽ നടന്നുവന്നതു്. അവനോടൊപ്പം ഇണയുമുണ്ടായിരുന്നു.
“എവിടേയ്ക്കാ?”
വെയിൽ ചോദിച്ചു.
“ഒരിറ്റു മഴക്കാർ തേടിയിറങ്ങിയതാണു്, ഞങ്ങൾ.”
അവൻ പറഞ്ഞു.
ചെറുപ്പം വർണ്ണാഭമാക്കിയ കിളിമുഖത്തു് നേരിയ വിഷാദവുമായി പെൺമയിൽ തലതാഴ്ത്തി നിന്നതേയുള്ളൂ.
“നിങ്ങൾ കൂട്ടുചേർന്നിട്ടു് കാലമെത്രയായി?”
വെയിൽ ചോദ്യം തുടർന്നു.
പീലിക്കാരൻ തെല്ലു വിഷമത്തിലായെന്നു തോന്നി.
“തികച്ചും ഒരു മനുഷ്യവർഷം കഴിഞ്ഞു.”
കുട്ടികളാവാത്തതിന്റെ മ്ലാനത പെണ്ണിന്റെ മുഖത്തെ ചൂഴ്‌ന്നുനിൽപ്പുണ്ടു്. അതിന്റെ വേവലാതിയോടെ അന്യപുരുഷനു മുന്നിൽ നിൽക്കാൻ ഏതൊരു സ്ത്രീക്കാണു് കഴിയുക? വെയിൽ തന്നെ കൊതിയോടെ നോക്കുന്നതുമാതിരി തോന്നി, അവൾക്കു്. എന്നാൽ, വെയിൽ അങ്ങനെയൊന്നും നോക്കിയതല്ല. അതിന്റെ ദൃഷ്ടിക്കു സഹജമായ ചൂടിനെ അവൾ തെറ്റിദ്ധരിച്ചതാണു്. നമുക്കു പോകാമെന്നു് അവൾ പീലിക്കാരനു് കണ്ണെറിഞ്ഞു.
“ഞാനുള്ളപ്പോൾ മേഘം വരില്ല.”
വെയിൽ പറഞ്ഞു.
പീലിക്കാരൻ നിരാശയോടെ ഇണയെ നോക്കി.
“നമുക്കു് മടങ്ങിപ്പോകാം?”
അവൾ മന്ത്രിച്ചു.
വെയിലിനു് അവരുടെ നിരാശ കണ്ടു് മുഖം മങ്ങി.
“ആ ചോല കാണുന്നില്ലേ, അതിനകത്തേക്കു് ഞാനങ്ങിറങ്ങിയാൽ നിങ്ങൾക്കാവശ്യമുള്ള മേഘം ഉരുവപ്പെടും. അതിനു് പക്ഷേ, സമയമെടുക്കും.”
പെണ്ണിന്റെ മുഖം ഓരോതവണയും കൂടുതൽ കൂടുതൽ വാടി. പുലർന്നിട്ടും ഉരുകാൻ കൂട്ടാക്കാതെ പിടിച്ചുനിന്ന മഞ്ഞു് ഇതെല്ലാം കാണുന്നുണ്ടായിരുന്നു.
“നിനക്കു് വേഗമങ്ങു് നിവർന്നുനിന്നാലെന്താ?”
അതു് കുറ്റപ്പെടുത്തുന്നതുപോലെ വെയിലിനോടു് ചോദിച്ചു.
“അതിനു് മലതന്നെ വിചാരിക്കണം. അവനു പിന്നിൽനിന്നു് പൊങ്ങിവരുന്നതു് ശ്രമകരമാണെന്നു് കാണുന്ന നിങ്ങൾക്കുപോലും മനസ്സിലാകുന്നതാണല്ലോ. അവനിങ്ങനെ കുത്തനെ നിൽക്കുവോളം പതിയെ നിവരുകയല്ലാതെ മറ്റെന്തു ചെയ്യാൻ!”

കാര്യം ശരിയായിരുന്നു. താൻ പറന്നുചെന്നു് മലയോടു് കുനിയാൻ പറയാമെന്നു് മഞ്ഞു് ഏറ്റു.
“അങ്ങനെ ചുമ്മാ പറഞ്ഞാലൊന്നും അവൻ കേൾക്കില്ല, എന്തെങ്കിലും കൗശലം പ്രയോഗിക്കേണ്ടിവരും.”
വെയിൽ മുന്നറിയിപ്പുനൽകി.
പറന്നുചെന്ന മഞ്ഞു് മലയോടു പറഞ്ഞതു് ഇത്തരത്തിലാണു്.
“നിന്റെ കാലിനു് വാതം ബാധിച്ചല്ലോ ചങ്ങാതീ.”
മല പുല്ലുപോലെ പുഞ്ചിരിക്കുകയാണുണ്ടായതു്. അവൻ അതൊന്നും വിശ്വസിക്കാൻ കൂട്ടാക്കിയില്ല. അപ്പോൾ, മഞ്ഞു് അവന്റെ കാലടികളെ മൊത്തമായങ്ങു പിടികൂടി. തെല്ലിട കഴിഞ്ഞപ്പോൾ കാലടികളിലെ തരിപ്പ് ശരിക്കും മല തിരിച്ചറിഞ്ഞു.
“വാതം! അയ്യോ, ഞാനിനി എന്തു ചെയ്യും?”
അതു് ശബ്ദായമാനമായി വെപ്രാളപ്പെട്ടു.
“വഴിയുണ്ടു്. അതിനു് നീ വ്യായാമം ചെയ്യേണ്ടിവരും.”
മഞ്ഞു പറഞ്ഞു.
എന്തുതന്നെ പറഞ്ഞാലും അനുസരിക്കുന്ന ചുറ്റുപാടിലായിരുന്നു, മല.
“കുറച്ചുനേരം നീ നന്നായൊന്നു് കുനിഞ്ഞുനിൽക്കു്.”
മല അനുസരിച്ചു. മുന്നിലെ തടസ്സം മാറിയതോടെ വെയിൽ നിവർന്നുനടന്നു്, പാടത്തേക്കങ്ങു നീങ്ങിപ്പോയി. ഇടിവാളുപോലെ അതു് ചോലയിലേക്കു് കുത്തനെ ഇറങ്ങി.
ഓർക്കാപ്പുറത്തും, സമയം തെറ്റിച്ചുകൊണ്ടും വെയിൽ സഭാപ്രവേശം നടത്തിയതോടെ, ഒഴിഞ്ഞുമാറാൻ സമയംകിട്ടാത്ത ചോല ആവി തൂകി. അതങ്ങനെ മാനം നോക്കി പറന്നു. കിഴക്കേച്ചെരിവിൽ അതു് മേഘമായി ഉരുണ്ടുകൂടിയപ്പോൾ അസ്വാഭാവികമായി എന്തോ തോന്നിയ മല മുഖമുയർത്തി. പിടികൊടുക്കാതെ ഞൊടിയിടയിൽ വെയിൽ മേഘത്തിനു പിറകിൽ ഒളിഞ്ഞു. എല്ലാം തന്റെ വരുതിയിൽത്തന്നെയാണെന്ന സമാധാനത്തോടെ മല തന്റെ വ്യായാമത്തിലേക്കുതന്നെ മടങ്ങുകയും ചെയ്തു.
ആ തക്കംനോക്കി മഞ്ഞു് ഇറക്കമിറങ്ങി, പാടത്തെത്തി. അവിടെ മഞ്ഞു് കണ്ടതു്, സപ്തവർണ്ണങ്ങൾ മഴവില്ലുപോലെ അടുക്കിവെച്ച അനേകം പീലിക്കണ്ണുകളിൽ ആന്ദോളനംചെയ്തുകൊണ്ടു് പീലിക്കാരൻ ഇണയുടെ മുന്നിൽ വിജൃംഭിക്കുന്നതാണു്. അതിന്റെ മെല്ലിച്ചുയർന്ന ഉടലിൽനിന്നു് എന്തോ കൊഴിഞ്ഞുവീഴുന്നു. അതത്രയും കൊത്തിത്തിന്നുകയാണു്, പിട.
നാണത്തോടെ അവളൊന്നു് കൂവി. അതിനു പിന്നിലായി പീലിക്കാരനും. അതിലൂടെ അവർ നന്ദി അറിയിക്കുകയാണെന്നു് വ്യക്തം. വെയിലിനും, മഞ്ഞിനും തങ്ങളറിയാതെ മേനിയിൽ കുളിരു കയറി.
വൈകാതെ ഇരുമയിലുകളും തുറസ്സിൽനിന്നു്, തുറുവിലേക്കു കയറിമറഞ്ഞു. തെല്ലുമുമ്പു്, ഇങ്ങോട്ടുവരുമ്പോൾ പീലിക്കാരനായിരുന്നു മുന്നിലെങ്കിൽ, മടങ്ങുമ്പോൾ പിടയായിരുന്നു. അമ്മയെ മാത്രമല്ല, അതാവാൻപോകുന്നവളേക്കൂടി പിൻപറ്റുകയെന്നതാണു് കീഴ്‌വഴക്കം.
വ്യായാമം കഴിഞ്ഞു് മല തലയുയർത്തിയപ്പോൾ, വെയിൽ ഓടിച്ചെന്നു് പഴയതുപോലെ ചെരിഞ്ഞുനിന്നുകൊടുത്തു. തിടുക്കത്തിൽ യാത്രപറഞ്ഞു് മഞ്ഞു് ചെടിപ്പടർപ്പിലേക്കും കയറി.

1969-ൽ തമിഴ്‌നാട്ടിൽ ജനനം. ആദ്യ ഭാഷ തമിഴ്. പഠിച്ചതും വളർന്നതും തിരുവില്വാമലയിൽ. 4 പുസ്തകങ്ങൾ എഴുതിയിട്ടുണ്ടു്. ‘ഹൂ ഈസ് അഫ്റൈഡ് ഓഫ് വി. കെ. എൻ.’ എന്ന ആദ്യ പുസ്തകത്തിനു് 2018-ലെ ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചു. നിരവധി റേഡിയോ നാടകങ്ങളും സ്കിറ്റുകളും രചിച്ചിട്ടുണ്ടു്. ആകാശവാണി ഡ്രാമാ ബി. ഗ്രേഡ് ആർട്ടിസ്റ്റ്. ടെലിവിഷൻ സ്കിറ്റുകളിൽ അഭിനയിച്ചിട്ടുണ്ടു്. വി. കെ. എൻ. അമ്മാമനാണു്. തിരുവില്വാമലയിൽ സ്ഥിരതാമസം.
ഭാര്യ: ജ്യോതി
മക്കൾ: ബ്രഹ്മദത്തൻ, നിരഞ്ജന