images/Mahabharata.jpg
Sauti recites the slokas of the Mahabharata, a painting by Mughal artists .
മഹാഭാരതം
എ. ആർ. രാജവർമ്മ

പ്രാമാണികതയിൽ പഞ്ചമമായ മോദമെന്നും, പ്രമാണം നോക്കുമ്പോൾ ശതസാഹസ്രിയായ സംഹിത എന്നും, വ്യാപകത ആലോചിക്കയാണെങ്കിൽ സർവവിഷയാകരം എന്നും, ഉപയോഗത്തെപ്പറ്റി വിചാരിക്കുന്നപക്ഷം സാർവാപജീവ്യം എന്നും വിശ്വവിഖ്യാതമായ ഒരുപൂർവ്വഗ്രന്ഥമാകുന്നു മഹാഭാരതം. ഇതിനോടു സമംചേർത്തു പറയത്തക്ക യോഗ്യതയുള്ള വേറെ ഒരു ഗ്രന്ഥം ഭൂമണ്ഡലത്തിലെങ്ങും തന്നെ ഇല്ല. ശ്രീവേദവ്യാസമഹർഷി വേദങ്ങളെ എല്ലാം തരം തിരിച്ചതിന്റെ ശേഷം അവയിലുള്ള ഗഹനങ്ങളായ സാരാംശങ്ങളെ പാമരന്മാർക്കു സുഗ്രഹമാകത്തക്കവിധത്തിൽ ലഘുപ്പെടുത്തി ലോകാനുഗ്രഹത്തിന്നായിത്തീർത്ത ഗ്രന്ഥമായിട്ടാണു് ഭാരതം ഗണിക്കപ്പെട്ടിരിക്കുന്നതു്. പലവക സുഗന്ധപുഷ്പങ്ങളെ കൂട്ടിച്ചേർത്തു ഒരു കുട്ടിമാല കെട്ടുന്നതിൽ നാരിനു ഏതു നിലയോ ആ നിലയേ ഉള്ളൂ ഈ ഗ്രന്ഥത്തിൽ പാണ്ഡവന്മാരുടെ ചരിത്രത്തിനു്, പ്രസക്താനുപ്രസക്ത്യാ സകലശാസ്ത്രതത്വങ്ങളും ഇതിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. ശ്രീഭഗവൽഗീത സനൽസുജതീയം മുതലായ ഉപനിഷത്തുക്കൾ ഭാരതത്തിന്റെ ചില ഘടങ്ങൾ എന്നേ ഉള്ളല്ലോ. ഇതിന്റെ ഈ വിധം അനന്യസാമാന്യമായ മാഹാത്മ്യാതിരേകത്താൽ അന്ധീകൃതന്മാരായ പാശ്ചാത്യപണ്ഡിതന്മാർ ഇതും ഒരേ കവിയുടെ കൃതി ആയിരിപ്പാനിടയില്ലെന്നു വിസംവദിക്കുന്നു.

മഹാഭാരതമെന്നതു ഒരു ശബ്ദമയമായ മഹാർണ്ണവമാകുന്നു. ചില പുണ്യകാലങ്ങളിലും മറ്റും ചില ധാർമ്മികന്മാർ ഇതിന്റെ ചില വിശേഷപ്പെട്ട ഘട്ടങ്ങളിൽ ഇറങ്ങി സ്നാനതർപ്പണാദികൾ ചെയ്യുന്നതല്ലാതെ ജലക്രീഡയ്ക്കും മറ്റും ഇതു ഉതകുന്നതല്ല. കല്ലോലകോലാഹലകലുഷങ്ങളായ കൂലാസന്നഭാവങ്ങളും പ്രസന്നഗംഭീരങ്ങളായ മദ്ധ്യഭാഗങ്ങളും ഇതിൽ ഉണ്ടു്. കവിമേഘങ്ങൾ ഇതിൽനിന്നെടുത്തു സരസപ്പെടുത്തിയാണു് തങ്ങളുടെ സൂക്താസാരങ്ങളെ കോരിവാരിച്ചൊരിയുന്നതു്. പല പല വിലമതിയ്ക്കാനെളുതല്ലാത്ത രത്നങ്ങൾക്കും ഇതു അനശ്വരമായ ഒരാകരമാകുന്നു. ഇങ്ങനെ സമുദ്രത്തിന്റെപോലെയുള്ള ഇതിന്റെ മഹത്ത്വവും ഗാംഭീര്യവും ആരെയാണു് വിസ്മയിപ്പിക്കാത്തതു്?

എന്നാൽ തത്താദൃശമായ സമുദ്രത്തേയും ചുളുകത്തിനുള്ളിലാക്കി ചൂഷണം ചെയ്തു വിസർജ്ജനം ചെയ്യുന്നതിനു് ഒരു മഹാനുഭാവൻ ഉണ്ടായതുപോലെ ഈ ഭാരതത്തേയും ഹൃദയസംപുടത്തിൽ ഗ്രഹിച്ചു ഭാഷാന്തരരൂപേണ വെളിയിൽ വിടുന്നതിനു ഒരു മഹാൻ നമ്മുടെ ഇടയിൽതന്നെ ജനിച്ചിരിക്കുന്നു. സമുദ്രം പാനം ചെയ്തതു ‘വിന്ധ്യമഹാഗിരിയുടെ സംസ്തഭയിതാ’വായ അഗസ്ത്യമുനി ആണെങ്കിൽ ഭാരതം ഭാഷപ്പെടുത്തിയതു ‘സരസദ്രുതകവികിരീടമണി’ ആയ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനാർകൾ ആകുന്നു.

ഭാരതം ഒരു പരിവൃത്തി പാരായണം ചെയ്തു തീർക്കുന്നതുപോലും ബഹുസംവത്സര സാദ്ധ്യമായിരിക്കെ ഇതിനെ പരിമിതമായകാലത്തിനുള്ളിൽ വൃത്താനുവൃത്തവും പദാനുപദവുമായി പരിഭാഷപ്പെടുത്തുന്നതു കുഞ്ഞിക്കുട്ടൻ തമ്പുരാനൊഴികെ മറ്റൊരു കവിക്കും സാധിക്കുന്നതല്ല. ഈ ബ്രഹ്മാണ്ഡഗ്രന്ഥം ഒരാളായിട്ടു പകർത്തി എഴുതുക തന്നെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണു്. ശ്രീവേദവ്യാസനും ഗ്രന്ഥം ചമയ്ക്കയും എഴുതി സംഗ്രഹിക്കയുംകൂടി ഒന്നിച്ചു ചെയ്യുന്നതിനു സാധിക്കായ്കയാൽ ഒരു നല്ല രായസക്കാരന്റെ സഹായം ആവശ്യപ്പെട്ടിരുന്നു പോലും. ഒരിക്കൽ പറഞ്ഞു കൊടുക്കുന്നതിനെ മറക്കാതേയും തെറ്റാതേയും മുറക്കു എഴുതിക്കൊണ്ടു വരുന്നതിനു ശേഷിമാനായ ഒരെഴുത്തുകാരൻ ആരുണ്ടെന്നു മഹർഷി ശ്രീപരമേശ്വരനോടു ചോദിച്ചപ്പോൾ ആ ദേവൻ തന്റെ പുത്രനായ മഹാഗണപതിയെ ശുപാർശി ചെയ്തുവത്രേ. എന്നാൽ ഗണപതി ലിപിക്കാരസ്ഥാനം വഹിക്കണമെങ്കിൽ ചില ഉടമ്പടികൾ എല്ലാം വേണം. കവി ഒരിക്കൽ പറഞ്ഞതിനെ ആവർത്തിച്ചു പറയുകയില്ലെങ്കിൽ എഴുത്തുകാരൻ ഒരു പദം എഴുതിക്കഴിഞ്ഞാൽ കവിക്കു അടുത്ത പദം ആലോചിച്ചു പറവാൻവേണ്ടി മെനക്കെടുകയില്ല. ഗ്രന്ഥകാരൻ അവിച്ഛിന്നമായി പറഞ്ഞു കൊടുത്താൽ എഴുത്തുകാരൻ അവിച്ഛിന്നമായി എഴുതും. ഈ ഉടമ്പിടിയിൽ വേദവ്യാസൻ ഒന്നു കുഴങ്ങിയെങ്കിലും അതിനെ സ്വീകരിച്ചു. ഗണപതിക്കു ഇടവിടാതെ എഴുതാൻ വക കൊടുക്കണം അത്രയേ ഉള്ളല്ലോ. അതിലേക്കു വ്യാസൻ ഒരു പോരു പണിഞ്ഞു. ഒരു പണ്ഡിതനായ എഴുത്തുകാരനു അർത്ഥം ഗ്രഹിക്കാതെ കേട്ടതിനെ ഏട്ടിൽ കുറിക്കുന്നതു അഭിമാനമല്ല. അതുകൊണ്ടു ഗണപതി അർത്ഥം മനസ്സിലാക്കിത്തന്നെ എഴുതുമല്ലോ എന്നു വ്യാസൻ അഭിപ്രായപ്പെട്ടു. ഗണപതി ശരി വെയ്ക്കുകയും ചെയ്തു. ഗ്രന്ഥകാരനും എഴുത്തുകാരനും തങ്ങളുടെ വേലയിൽ പ്രവേശിച്ചു. മഹർഷിക്കു എവിടെ എങ്കിലും ആലോചിച്ചുണ്ടാക്കുന്നതിൽ വാഗ്ദ്ധാടി തടഞ്ഞാൽ അദ്ദേഹം അവിടെ ആർക്കും അർത്ഥമാകാത്ത വിധം അതികഠിനമായ ഒരു ശ്ലോകമോ അർദ്ധമോ പാദമോ ആവശ്യംപോലെ നിബന്ധിക്കും; ദേവൻ അർത്ഥം മനസ്സിലാകാതെ കുഴങ്ങും, മനസ്സിലായി വരുംമുമ്പെ അപ്പുറം കവി ഉണ്ടാക്കിത്തീരുകയും ചെയ്യും. ഈ വിധം ഗണപതിയുടെ പല്ലുടയ്ക്കുന്ന ഘട്ടങ്ങളെ ആണു മഹാഭാരതത്തിൽ ‘ഗണപതികട്ടനം’ എന്നു പറയുന്നതു്. ഈ ഐതിഹ്യം ഭാരതത്തിൽ അവിടവിടെ ചിതറിക്കിടക്കുന്ന ചില ദുർഘടശ്ലോകങ്ങൾക്കു ഒരാഗമം കല്പിക്കാനും ആകപ്പാടെ ഗ്രന്ഥമാഹാത്മ്യത്തെ പ്രശംസിപ്പാനും വേണ്ടി ഉണ്ടാക്കിത്തീർത്ത ഒരർത്ഥവാദമാണെന്നുള്ളതു അതിസ്പഷ്ടമാകുന്നു. എങ്കിലും ഇതിൽനിന്നു പൂർവ്വന്മാർ, ഭാരതം ഒരാവൃത്തി പകർത്തുന്നതുപോലും സാധാരണക്കാർക്കു ദുഷ്കരമായി വിചാരിച്ചിരുന്നു എന്നു തെളിയുന്നു.

പ്രകൃതാനുപ്രകൃതമായി വരുന്ന അനേകം ആനുഷംഗിക വിഷയങ്ങളെ എല്ലാം തള്ളിക്കളഞ്ഞു അനുസ്യൂതമായ കുരുപാണ്ഡവ കഥയെ മാത്രം അടിസ്ഥാനപ്പെടുത്തി വാലും തലയും ഇല്ലാത്ത ഏതാനും പദ്യങ്ങളെക്കൊണ്ടു ഒരു ഭാരതസംഗ്രഹം ഭാഷയിൽ ചെയ്കവകയ്ക്കു എഴുത്തച്ഛനെ നാം എത്രയോ കൊണ്ടാടുന്നു. ഇതേവരെ കൊണ്ടാടിയതൊന്നും പോരാ; ഇനി ചില സ്മാരകവും മറ്റു വേണം പോലും; ഈ സ്ഥിതിക്കു ഒരക്ഷരംപോലും വിടാതെ ആ ഗ്രന്ഥത്തെ ഭാഷയിൽ തീർത്ത കുഞ്ഞിക്കുട്ടൻ തമ്പുരാനെ കേരളീയർ ശിരസാ വഹിച്ചാലും മതിയാകുമോ? കുറ്റമല്ല കാളിദാസൻ.

‘പുരാണമിത്യേവ ന സാധു സവം

ന ചാപി കാവ്യം നവമിത്യവദ്യം’

എന്നു് ആവലാധി പറയുന്നതു്. ചക്രവാകിയ്ക്കു രാത്രിയിൽ സംഗമം ഇല്ലെന്നുള്ളതുപോലെ കീർത്തികാമിനിക്കും ഒരു ശാപമുണ്ടു്. അവൾക്കു തന്റെ കാമുകന്റെ പിൽക്കാലമാണു് യൗവനോല്ലാസവും, വിലാസഭംഗികളും, സൗഭാഗ്യഭാഗ്യോദയവും എല്ലാം തികയുന്നതു്. ഇതെന്തൊരു കഷ്ടമാണു്? വൈധവ്യം വന്നതിനു മേലാണോ സ്ത്രീകൾക്കു നല്ലകാലം വരേണ്ടതു്? എഴുത്തച്ഛന്റെ സഹജീവികൾ അദ്ദേഹത്തെ ആക്ഷേപിക്കയും ഉപദ്രവിക്കയും ചെയ്തു പിൻഗാമികളായ നാം അദ്ദേഹത്തിന്റെ മാഹാത്മ്യം അറിഞ്ഞു് ഉചിതങ്ങളായ സ്മാരകങ്ങളെ പ്രതിഷ്ഠിക്കാൻ ഉദ്യോഗിച്ചു വരുന്നു. അതിനാൽ ആധുനികന്മാർ ഭാഷാമഹാഭാരതത്തെ വേണ്ടുംവണ്ണം ആദരിച്ചില്ലെങ്കിലും തമ്പുരാനു ലേശം കുണ്ഠിതത്തിനു് അവകാശമില്ല. അവിടുത്തെ ഭാരതവിവർത്തനകീർത്തിലത ഇപ്പോൾ അങ്കുരിച്ചതേ ഉള്ളല്ലോ; കാലക്രമത്തിൽ അതു ശാഖോപശാഖമായിപ്പടർന്നു കേരളം ആസകലം വ്യാപിച്ചുകൊള്ളും.

ഗ്രന്ഥകർത്താവു ഭാഷാന്തരം പൂർത്തിചെയ്തു് തീർത്തിരിക്കുന്നുവെങ്കിലും സമഗ്രമായ പുസ്തകം അച്ചടിച്ചു പ്രസിദ്ധം ചെയ്തു കഴിഞ്ഞിട്ടില്ലാത്ത ഈ ഘട്ടത്തിൽ തർജ്ജമയെക്കുറിച്ചു അഭിപ്രായം പറവാൻ പുറപ്പെടുന്നതു അനുചിതമാകുന്നു. അല്ലെങ്കിൽ ഈ ഗ്രന്ഥത്തിന്റെ സംഗതിയിൽ അങ്ങനെ ആലോചിപ്പാനുമില്ല. പരിപൂർണ്ണമായ പുസ്തകം കൈവശം കിട്ടിയിരുന്നു എന്നുവരികിലും അതു മുഴുവൻ ഒരാവൃത്തി വായിച്ചു ഗുണദോഷനിരൂപണം ചെയ്യുന്നതിനു അധികം പേർ ഉണ്ടാവുകയില്ല. ഈ ലേഖനകർത്താവിനു അതു അശക്യമാണെന്നു തീരുമാനംതന്നെ. അതിനാൽ ഭാരതത്തിന്റെ സംഗതിയിൽ സ്ഥാലീപുലാകന്യായം തന്നെ സർവഥാ ശരണീകരണീയമായിത്തീർന്നിരിക്കുന്നു. പാചകന്മാർ നാലോ അഞ്ചോ പറ അരി കിടന്നു വേവുന്ന പാത്രത്തിൽനിന്നു ഒരു തവി അരി എടുത്തു അതിൽ നാലോ അഞ്ചോ എണ്ണത്തിന്റെ വേവു നോക്കിയാണല്ലോ പാത്രത്തിലെ അരിയുടെ മുഴുവനും പാകം നിശ്ചയിക്കുന്നതു്. ഈ ന്യായപ്രകാരം നോക്കിയതിൽ തർജ്ജമ മൂലത്തിനു അദ്യന്തം യോജിച്ചതും സ്വാംസ്യക്കുറവില്ലാത്തതും ആയിട്ടു കാണപ്പെട്ടിരിക്കുന്നു എന്നു സമ്മതിച്ചേ തീരു. മൂലത്തിനുതന്നെ മിക്കഭാഗങ്ങളിലും പറയത്തക്ക കാവ്യരസമൊന്നും ഇല്ലെങ്കിൽ അതിനു ഭാഷാന്തരകർത്താ ഉത്തരവാദിയല്ലല്ലോ. എന്നാൽ അകൃത്രിമ രമണീയങ്ങളായ പ്രകൃതി സിദ്ധചമൽക്കാരങ്ങളാൽ അലംകൃതങ്ങളായ പല ഭാഗങ്ങളും ഭാരത്തിൽ ഉണ്ടു്. അതുകളുടെ തർജ്ജമയ്ക്കു ഒരു മാറ്റുകൂടി സ്വാരസ്യം കുട്ടുന്നതിനു വകയില്ലയോ എന്നു ചോദിക്കാൻ ഭാവിക്കും മുമ്പു, രണ്ടു ഭാഷകളുടേയും ശക്തി താരതമ്യം, വൃത്താനുവൃത്തവിവർത്തനം എന്നുള്ള കവിയുടെ പ്രതിജ്ഞ, ദ്രുതഗതി, ഗ്രന്ഥത്തിന്റെ വലുപ്പം എന്ന പല പല സംഗതികളും ഒന്നു ചേർന്നുവന്നു ചോദ്യകർത്താവിന്റെ വാങ് മുദ്രണം ചെയ്തു കളയുന്നു. മൂലത്തിനു വ്യാഖ്യാനാപേക്ഷ ഉള്ളിടങ്ങളിലെല്ലാം ഭാഷാന്തരണത്തിനും അതുണ്ടെങ്കിൽ അതിനെ ഒരു വൈകല്യമായി ഗണിച്ചുകൂടല്ലോ.

കുഞ്ഞിക്കുട്ടൻ രാജാവിനു പദ്യനിർമ്മാണശക്തി ഒരു കൂടപ്പിറവി ആണു്. ഇംഗ്ലീഷ് മഹാകവിയായ പോപ്പിന്റെ സംഗതിയിൽ പറയാറുള്ളതുപോലെ അവിടേയ്ക്കു വേണമെങ്കിൽ ശ്ലോകത്തിൽതന്നെ വെടി പറയാം. സംസ്കൃതപാണ്ഡിത്യത്തെപ്പറ്റി ആലോചിക്കയാണെങ്കിൽ കൊടുങ്ങല്ലൂർ കോയിക്കലേ സ്തംഭങ്ങൾ പോലും സംസ്കൃതഭാഷാഭിജ്ഞങ്ങളാണെന്നു പ്രസിദ്ധമാകുന്നു. മലയാളഭാഷയുടെ ശുദ്ധിയെക്കുറിച്ചോ ചോദിപ്പാനില്ല; മദ്ധ്യകേരളമായ കൊടുങ്ങല്ലൂർ ദേശത്തേ നടപ്പുഭാഷയെ ആണു് അത്യുത്തമമായി ഗണിച്ചിരിക്കുന്നതു. കവിക്കു ബാല്യസഹവാസം വെണ്മണി പ്രഭൃതികളുമായിരുന്നു. ഇതെല്ലാം കൂടി ചേർത്തു നോക്കുമ്പോൾ ഭാരതതർജ്ജമയിൽ ഒരഭിപ്രായം പറയാൻതന്നെ അസ്താദൃശന്മാരുടെ ജിഹ്വപ്രസരിക്കുന്നില്ല. പ്രകൃതനിരൂപണത്തിനു വിഷയമായ ഈ മഹാഗ്രന്ഥം കേരളത്തിലേ സകല പുസതകശാലകളേയും എന്നന്നേയ്ക്കും അലങ്കരിക്കട്ടെ; ഈ മഹാകവിയും അനന്യസാധ്യങ്ങളായ ഈദൃശവ്യവസായങ്ങൾകൊണ്ടു കേരളമഹാജനങ്ങളുടെ കൃതജ്ഞതയ്ക്കു മേലാലും പാത്രീഭവിക്കട്ടേ എന്നാശംസിക്കുന്നു.

രസികരഞ്ജിനി (പുസ്തകം: 5, ലക്കം: 3)

രസികരഞ്ജിനി
images/rasikaranjini.jpg

ഭാഷാപോഷണത്തിനു് മാതൃകാപരമായ ഒരു ആനുകാലിക പ്രസിദ്ധീകരണം ആവശ്യമാണെന്നു കണ്ടു് രാമവർമ്മ അപ്പൻ തമ്പുരാൻ ആരംഭിച്ച മാസികയാണു് രസികരഞ്ജിനി. 1902-ൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ പത്രാധിപത്യത്തിൽ അതിന്റെ ആദ്യലക്കം പുറത്തുവന്നു. വിഷയവൈവിധ്യത്തിലും ആശയപുഷ്ടിയിലും ശൈലീവൈചിത്ര്യത്തിലും ഭാഷാശുദ്ധിയിലും നിർബന്ധമുണ്ടായിരുന്നതിനാൽ രസികരഞ്ജിനി സമാനപ്രസിദ്ധീകരണങ്ങൾക്കു് ഒരു മാതൃകയായിത്തീർന്നു. രസികരഞ്ജിനി ഭാഷാസാഹിത്യത്തിനു ചെയ്തിട്ടുള്ള സേവനങ്ങൾ അമൂല്യമാണു്. ഉണ്ണുനീലിസന്ദേശം ആദ്യം വെളിച്ചം കണ്ടതു് ഈ മാസികയിലൂടെയാണു്. എന്നാൽ സാമ്പത്തികക്ലേശം മൂലം 1907-ഓടുകൂടി അതിന്റെ പ്രസിദ്ധീകരണം നിർത്തിവയ്ക്കേണ്ടതായി വന്നു.

Colophon

Title: Mahabharatham (ml: മഹാഭാരതം).

Author(s): AR Rajavarma.

First publication details: Rasikaranjini; Kerala; Book 5, No. 3;

Deafult language: ml, Malayalam.

Keywords: Article, A. R. Rajavarma, Mahabharatham, എ. ആർ. രാജവർമ്മ, മഹാഭാരതം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 24, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Sauti recites the slokas of the Mahabharata, a painting by Mughal artists . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: JS Aswathy; Proofing: Abdul Gafoor; Typesetter: LJ Anjana; Editor: PK Ashok; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.