സഭാപതിപിള്ളയുടെ ബന്ധുവായ ഗുരുനാഥപിള്ളയുടെ ഭവനം ഉദയമാർത്താണ്ഡന്റെ അരമനയിൽനിന്നു ഒന്നരനാഴിക ദൂരത്തായിരുന്നു. ആ ദൂരം നടന്നു തീരുന്നതിലകത്തു കൊലക്കേസ്സിനെപ്പറ്റി അതുവരെ തുമ്പുണ്ടായ സംഗതികളേയും അതുകളിൽനിന്നുള്ള അനുമാനങ്ങളേയും തിട്ടപ്പെടുത്തി പിറ്റെ ദിവസം പ്രഭാതം മുതൽ പ്രവൃത്തിക്കേണ്ട വഴി നിർണ്ണയിക്കാമെന്നു വിചാരിച്ചുകൊണ്ടു പുറത്തിറങ്ങി തലതാഴ്ത്തി കയ്യും പിന്നിൽ കെട്ടി, വഴിയോരംപറ്റി നടന്നുതുടങ്ങി. പിള്ളയുടെ മനസ്സു കേസ്സിന്റെ സമാധിയിൽ പ്രവൃത്തിച്ചിരുന്നിട്ടും ചരണങ്ങൾക്കു് വൃത്തിവിസ്മരണം വരാഞ്ഞതു് എന്തുകൊണ്ടാണെന്നു വിദ്വാന്മാർ തീർച്ചയാക്കേണ്ടതാണു്. ഭൂമണ്ഡലം മുഴുവൻ കുലുക്കി നിറച്ചപോലിരുന്ന അന്നത്തെ ഇരുട്ടിൽ വിളക്കില്ലാതെ വഴി നടക്കാൻ കള്ളനും ഈ പിള്ളയുമല്ലാതെ അത്രവേഗം ആരും വിചാരിക്കില്ല. വഴി തെറ്റാതേയും വല്ല നാഴികക്കല്ലിലോ മറ്റൊ ഇരടി വീഴാതേയും ഇദ്ദേഹം ഉദ്ദേശിച്ച സ്ഥലത്തുചെന്നു ചേർന്നതു കുറ്റക്കാരുടെ നിർഭാഗ്യം.
ഇൻസ്പെക്ടറുടെ കാലുകൾ മുന്നോട്ടു നടന്നേടത്തോളം ബുദ്ധിയും കേസ്സിലെ സംഗതികളിൽ പ്രവേശിച്ചിട്ടുണ്ടായിരുന്നു എന്നു് അദ്ദേഹത്തിന്റെ നോട്ടുപുസ്തകത്തിലെ കുറിപ്പുകൊണ്ടു കാണാം. ഇതാണു് കുറിപ്പു്.
‘ക്ഷൗരത്തിൽ രോമം പോയതിന്റെ അതൃത്തിയിലാണു് കത്തികൊണ്ടു മുറി വീണിട്ടുള്ളതു്. ശബ്ദം കേട്ടിട്ടുള്ളതും വാസ്തവം. ഞെട്ടി എന്നു പറയുന്നതും സംഭവിച്ചിരിക്കാം. എന്നാൽ ക്ഷൗരത്തിന്നു സാധാരണ കത്തിപിടിക്കുന്ന സമ്പ്രദായവും മുറിയുടെ ആഴവും കൂട്ടി നോക്കുമ്പോൾ അബദ്ധത്തിൽ ഇങ്ങിനെ ഒരു മുറി വീഴാൻ സംഗതിയില്ല എന്നു മാത്രമല്ല ആത്മരക്ഷയ്ക്കു ജാഗ്രതയോടുകൂടി പെട്ടെന്നു പ്രവൃത്തിക്കുന്ന പ്രകൃതിചാപല്യം, കഴുത്തിൽ കത്തിയുണ്ടെന്നുള്ള പ്രജ്ഞ വിട്ടു കത്തിയുള്ള ഭാഗത്തേക്കു കഴുത്തിനെ തിരിക്കില്ല. പഴക്കമുള്ള ക്ഷൗരക്കാരൻ ഞെട്ടിയാൽ കത്തി പിൻവലിക്കാനാണു് സംഗതിയുള്ളതു്. അതുകൊണ്ടു ക്ഷൗരക്കാരൻ ഇതിൽനിന്നു ചാടിപ്പോകില്ല.
വളപ്പിൽ രണ്ടുവിധം കാലടികൾ കണ്ടതുകൊണ്ടു രണ്ടാളെങ്കിലും കൂട്ടുകാരുണ്ടെന്നുള്ളതിന്നു സംശയമില്ല. ആ രണ്ടാളുകളും നിന്നിരുന്ന ദിക്കിൽനിന്നു ക്ഷൗരക്കാരൻ ജനലിന്നു സമീപത്തു നിന്നാൽ കാണാം. ക്ഷൗരക്കാരൻ താടിയിൽ കൈകൊടുത്തുനിന്നതു ക്ഷൗരം ഇന്ന ദിക്കിലായി എന്നു് ഇവർക്കു് അറിവു കൊടുക്കാനായിരിക്കാം. അല്ലെങ്കിൽ ജഗന്മോഹിനി വന്നപ്പോൾ ക്ഷൗരക്കാരൻ അറയുടെ ഒരു മൂക്കിലേക്കു മാറിയാൽ മതിയായിരുന്നുവല്ലോ.
തകിടുംകൂടും വല്ല നിധിയെപ്പറ്റി അറിവു കൊടുക്കുന്നതായിരിക്കാം. ഒരു സമയം ആ വിവരം അറിയാൻവേണ്ടി കൊല ചെയ്തതായിരിക്കാം. അതെടുത്തു് വളപ്പിലേക്കു എറിഞ്ഞു കൊടുത്തതായിരിക്കാൻ വഴിയില്ല. ഏറുപടക്കം പൊട്ടിയ ഉടനെ ആരെങ്കിലും കാണാതിരിക്കാൻ വളപ്പിൽ നിന്നിരുന്നവർ തലതാഴ്ത്തി ഓടിയിരിക്കാൻ സംഗതിയുള്ളതുകൊണ്ടു ക്ഷൗരക്കാരൻ തകിടുംകൂടും എടുത്തു് എറിയുന്നതുവരെ നിന്നിരിക്കില്ല. അങ്ങിനെയാണെങ്കിൽ അരമനക്കകത്തു ആരോ ഒരാൾ കൂടി ഈ കൃത്യത്തിൽ ചേർന്നു കാണണം. തകാമണിയല്ല. ജഗന്മോഹിനിയുമല്ല. ശേവുകനുമല്ല. ശേവുകനാണെങ്കിൽ നിലവിളികൂട്ടാതിരിക്കാനാണല്ലോ സംഗതി. അപ്പോൾ, താഴത്തുണ്ടായിരുന്നവരിൽ ആരെങ്കിലുമായിരിക്കണം. ആ കൂട്ടുകാരൻ മുകളിലെ ജനലിന്നു നേരെ താഴത്തുനിന്നാൽ തകിടും കൂടും ആരും കാണാതെ കയ്ക്കലാക്കാം.
ഒരു കുടുംബത്തിലെ ഒരു ക്ഷൗരക്കാരൻ ഇങ്ങിനെ ചതിച്ചു എന്നു ജനശ്രുതിയുണ്ടായാൽ പിന്നെ ആ കുടുംബത്തിലുള്ളവരെ ആരേയും നാട്ടുകാർ വിശ്വസിക്കയില്ല. പിന്നെ ക്ഷൗരംകൊണ്ടുപജീവിക്കാൻ നോക്കേണ്ട. ഇനിയുള്ള കാലം ആ കുടുംബം ഈ പ്രവൃത്തി കൂടാതെ കഴിക്കാൻ തക്കവണ്ണം പണം കൂട്ടാതെ ഒരുവൻ കൊലപാതകത്തിന്നു തുനിയില്ല. കയ്യിൽ കൂട്ടാതെകഴുത്തറക്കാൻ കൈ വരില്ല. അപ്പോൾ—അത്ര സംഖ്യ കൊടുക്കാൻ തക്ക ധനമുള്ള ഒരുവൻകൂടി ഈ കൃത്യത്തിൽ ചേർന്നിരിക്കാം. അതുകൊണ്ടു ക്ഷൗരക്കാരന്റെ വീടു് ഒന്നു പരിശോധിക്കണം. അതു് ഒരു ചെറ്റപ്പുരയായതുകൊണ്ടു വല്ല ദിക്കിലും കുഴിച്ചിട്ടിരിക്കാനാണു് എളുപ്പം. ഇവനെ തൂക്കിക്കൊന്നാലും കുടുംബം അനുഭവിക്കണമെന്ന വിചാരത്തിൽ കുടുംബത്തിലുള്ള വല്ലവരേയും ആ സംഗതി അറിയിച്ചിരിക്കാനും എളുപ്പമുണ്ടു്.
അവനേയും ആ പണത്തിനേയും കണ്ടുപിടിക്കാൻ വല്ല വിദ്യയും പ്രയോഗിക്കണം. കൊലക്കേസ്സിൽനിന്നു വിട്ടുപോരുന്നതിന്ന വളരെ ബുദ്ധി ഉപയോഗിച്ചു കാണുന്നതുകൊണ്ടു് ക്രിമിനാൽ വ്യവഹാരശീലമുള്ളവരുടെ ആലോചനയുണ്ടെന്നൂഹിക്കാം.’
സഭാപതിപിള്ള ഗുരുനാഥപിള്ളയുടെ വീടെത്തിയ ഉടനെ കുളിച്ചു ഭക്ഷണം കഴിച്ചു അന്നുരാത്രി തന്നെ ക്ഷൗരക്കാരന്റെ വീട്ടിൽ ആരും അറിയാതെ ചെന്നു് അതിനുള്ളിലുള്ളവർ സംഭാഷണം ചെയ്യുന്നതിനെ കേൾക്കുകയും കാവലുള്ളതു് എവിടെയാണെന്നു് നോക്കുകയും ചെയ്യേണമെന്നു് വിചാരിച്ചു് ഗുരുനാഥപിള്ളയുടെ ഇറയത്തു് കിടക്കാൻ വട്ടംകൂട്ടി. അന്നു രാത്രി തനിച്ചു് പോകുന്നതിൽ വല്ല അപകടവും നേരിട്ടേക്കാമെന്നും മറ്റും ഗുരുനാഥപിള്ള മുടക്കം പറഞ്ഞുകൊണ്ടിരിക്കുന്ന മദ്ധ്യേ ഉന്മറത്തു് ഒരു വിളി കേട്ടു. ചെന്നു നോക്കിയപ്പോൾ മണിരാമന്റെ ആളാണു്. ഒരെഴുത്തുണ്ടെന്നു പറഞ്ഞു് സഭാപതിപിള്ളയുടെ കയ്യിൽ കൊടുത്തു. ഇതാണു് എഴുത്തിലെ വാചകം.
‘ഇന്നു രാത്രി ഇവിടെ കഴിച്ചുകൂട്ടാൻ ഞങ്ങൾക്കു വളരെ ഭയമായിരിക്കുന്നു. ബുദ്ധിമുട്ടാണെന്നു വിചാരിക്കാതെ ദയവുചെയ്തു ഇങ്ങോട്ടുതന്നെ വന്നാൽകൊള്ളാം. നിങ്ങൾക്കു വേണ്ടി ഏല്പിച്ചിരുന്ന വണ്ടി നിങ്ങൾ പോയ ഉടനെ വന്നു. അതുതന്നെ അങ്ങോട്ടയക്കുന്നു. എന്തുകൊണ്ടും നിങ്ങൾ ഇവിടെത്തന്നെ ഇരിക്കുന്നതല്ലെ നല്ലതു്. നിങ്ങൾ ഇല്ലാത്ത പക്ഷം രണ്ടു പോലീസുകാരെ കാവലിന്നയക്കേണമെന്നു് തകാമണി അപേക്ഷിക്കുന്നു. വരാതിരിക്കരുതെ.’
എഴുത്തിലെ വർത്തമാനം ഗുരുനാഥപിള്ളയോടു പറഞ്ഞു. അതനുസരിച്ചുപോകുന്നതു ഗുരുനാഥപിള്ളക്കു് അത്ര ബോദ്ധ്യമായില്ല. എന്തായാലും തന്നെ പോകുന്നതു യുക്തമല്ലെന്നു പറഞ്ഞു കൈത്തോക്കും കയ്യിലെടുത്തു ഗുരുനാഥപിള്ളയും കൂടെ പുറപ്പെട്ടു. ഒരു പോലീസ്സുസൈന്യം മുഴുവനും കീഴിലിരിക്കുമ്പോൾ ഗുരുനാഥപിള്ളയെ ബുദ്ധിമുട്ടിക്കേണ്ടാവശ്യമില്ലെന്നും വല്ല സഹായവും വേണമെന്നു നിർബന്ധിക്കുന്നപക്ഷം കൈത്തോക്കിന്റെ സഹായം മാത്രം മതി എന്നും പറഞ്ഞ് അതു വാങ്ങി സഭാപതിപിള്ള തനിച്ചു വണ്ടിയിൽ കയറി അരമനയിലേക്കു തിരിയെ വന്നു.
മണിരാമനും തകാമണിയും ദാസിമാരും തകാമണിയുടെ കെട്ടിടത്തിന്റെ മുകളിൽ പിള്ളയുടെ വരവു കാത്തിരിക്കയായിരുന്നു. പിള്ള കയറിച്ചെന്ന ഉടനെ സല്ക്കരിച്ചു മുകളിൽതന്നെ കിടക്ക വിരിച്ചുകൊടുത്തു സ്ത്രീകളെല്ലാം അറയിലും മണിരാമനും സഭാപതി പിള്ളയും തളത്തിലുമാണു് കിടന്നതു്.
- സ. പി.:
- വല്ല നിധിയും ഇവിടെ ഉള്ളതായിട്ടു കേൾവിയുണ്ടൊ?
- മ. രാ:
- കേട്ടിട്ടില്ല. പക്ഷേ, ഇല്ലെന്നു വിചാരിക്കാനും പാടില്ല.
- സ. പി.:
- ആ തകിടും കൂടും അങ്ങിനെ വല്ല അറിവും കൊടുക്കുന്നതായിരിക്കാമെന്നു് എനിക്കു തോന്നുന്നു. എന്താ അങ്ങടെ അഭിപ്രായം?
- മ. രാ:
- ഇങ്ങിനെയുള്ള കാര്യത്തിൽ എന്നെപ്പോലെ ഉള്ളവരുടെ അഭിപ്രായം കാശിനു വിലയില്ല. നിങ്ങളുടെ ഊഹങ്ങൾ പിഴച്ചു കണ്ടിട്ടുമില്ല.
- സ. പി.:
- അഭിപ്രായത്തിന്നു വിലയുണ്ടൊ ഇല്ലയൊ എന്നു മറ്റുള്ളവരല്ലെ തീർച്ചയാക്കേണ്ടതു്? അതിനെപ്പറ്റി നിങ്ങൾ വല്ലതും ആലോചിച്ചിട്ടുണ്ടെങ്കിൽ അതെന്തെന്നറിവാൻ ആഗ്രഹമുണ്ടു്.
- മ. രാ:
- തകിടുംകൂടും എന്തിന്നുള്ളതായിരിക്കുമെന്നു ഞാൻ ആലോചിച്ചില്ല. നിങ്ങൾ പറഞ്ഞേടംകൊണ്ടു നിങ്ങടെ ഊഹം ശരിയായിരിക്കുമെന്നു തോന്നുന്നു.
- സ. പി.:
- ഇവിടെ ചിലവു കഴിച്ചു കൊല്ലത്തിൽ എന്താദായമുണ്ടെന്നറിയാമോ?
- മ. രാ:
- നിശ്ചയമില്ല.
- സ. പി.:
- സുമാറായിട്ടറിഞ്ഞാൽ മതി.
- മ. രാ:
- കണക്കു നോക്കിയാൽ തിട്ടമായിട്ടുതന്നെ അറിയാമല്ലോ.
- സ. പി.:
- കണക്കു് ആരുടെ കൈവശത്തിലാണെന്നറിയാമോ?
- മ. രാ:
- താക്കോലുകളെല്ലാം ജഗന്മോഹിനി അമ്മാൾ കൊണ്ടുപോയിരിക്കുന്നു.
ഈ സംഭാഷണത്തിന്നു ശേഷം രണ്ടു പേരും മിണ്ടാതെ കിടന്നു. നേരം പുലർന്നപ്പോൾ രണ്ടാളും താഴത്തിറങ്ങി. ജഗന്മോഹിനി അമ്മാളെ വിട്ടയക്കാൻ ഒരാളെ സ്റ്റേഷനിലേക്കയച്ചു. അതിന്നു ശേഷം രണ്ടാളുംകൂടി തേക്കിൻകാട്ടിലേക്കു ചെന്നു് തലേദിവസം അടയാളംവെച്ച ദിക്കിൽനിന്നു കാലടികളെ പിന്തുടർന്നു തുടങ്ങി. പത്തുപതിനഞ്ചടി തെക്കോട്ടു പോയപ്പോൾ അവിടെവെച്ചു്, പിരിഞ്ഞപോലെ ഒരുത്തന്റെ കാലടികൾ കിഴക്കോട്ടു പോയതായി കണ്ടു.
- സ. പി.:
- ഞാൻ എടത്തു കയ്യന്റെ പിന്നാലെ പോയിട്ടു വരട്ടെ. അങ്ങ് വലത്തു കയ്യനെ കാത്തുനില്ക്കും.
- മ. രാ:
- എടത്തു കയ്യനാണെന്നു് എങ്ങിനെ അറിഞ്ഞു?
- സ. പി.:
- കിഴക്കെ വളപ്പിൽനിന്നു തെക്കോട്ടു നോക്കീട്ടാണു് അരമനയുടെ കിഴക്കെ ചുമരിലേക്കു് എറിഞ്ഞിട്ടുള്ളതു് എന്ന അവന്റെ വലത്തെ കാലടി അധികം ഊന്നിക്കണ്ടതുകൊണ്ടറിഞ്ഞു. അങ്ങിനെ എറിയേണമെങ്കിൽ എടത്തു കയ്യനായിരിക്കണം.
- മ. രാ:
- നിങ്ങൾ വല്ലാത്ത മനുഷ്യൻ. ഞാൻ കാത്തു നില്ക്കുന്നവന്റെ അടയാളം വല്ലതും ഊഹിച്ചിട്ടുണ്ടോ?
- സ. പി.:
- അതും ഉണ്ടു്.
- മ. രാ:
- പോയി പിടിച്ചുകൊണ്ടു വരൂ.
(സഭാപതിപിള്ള എടത്തു കയ്യനെ പിന്തുടർന്നു പോയി. മണിരാമൻ തെക്കോട്ടു പോയ കാലടികളെ നോക്കുന്ന മദ്ധ്യേ ഒരു ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയപ്പോൾ സഭാപതിപിള്ള ഒരു കുഴിയിൽ!
മണിരാമൻ ഓടിച്ചെന്നു നോക്കിയപ്പോൾ വളപ്പിലെ കഴുങ്ങിൻ തൈക്കൾ നനക്കേണ്ടതിന്ന വെള്ളം നിറെപ്പാൻ ഭൂമിയിൽ കുഴിച്ചിട്ടിരുന്ന ഒരു മൺതൊട്ടിയുടെ അടിയിൽ ഒരു തടിച്ച കടലാസ്സിൽ മുന മേല്പോട്ടാക്കി തറച്ചു വെച്ചിരുന്ന മൊട്ടുസൂചികൾ സഭാപതിപിള്ളയുടെ കാലിൽ കയറിയിരിക്കുന്നു. തൊട്ടിയുടെ മുകളിൽ ചുള്ളിക്കൊമ്പുകൾ നിരത്തി മേലെ മണ്ണിട്ടിരുന്നതുകൊണ്ടു് സഭാപതിപിള്ള ചതി അറിഞ്ഞില്ല. കാലിൽ കയറിയിരുന്ന മൊട്ടുസൂചികൾ ഒരു വിധം വലിച്ചടുത്തു. രക്തം ഒഴുകിക്കൊണ്ടിരുന്ന കാൽനോക്കാതെ സഭാപതിപിള്ള സൂചികളേയും കടലാസ്സിനേയും സൂക്ഷിച്ചു നോക്കുന്നതു് മണിരാമൻ കണ്ടപ്പോൾ,
- മ. രാ:
- എന്താ ഹേ, നിങ്ങടെ കാൽ സ്വന്തം കാലോ ആരാന്റെ കാലോ?
- സ. പി.:
- സൂചിയിൽ വിഷമുണ്ടോ എന്നു നോക്കുകയാണു് ചെയ്തതു്. അതോടുകൂടി കടലാസ്സു് എവിടുന്നു് വന്നതാണെന്നറിയാൻ തരമുണ്ടോ എന്നു നോക്കി. കള്ളൻ എന്നെ പറ്റിച്ചു എങ്കിലും അവനെ ഞാൻ പിടിക്കും.
കുറെ തുണി കൊണ്ടുവരീച്ചു് കാലിൽ കെട്ടി. പിന്നെയും അടികളെ പിന്തുടർന്നു. തീവണ്ടി ആപ്പീസിലേക്കുള്ള വഴിയിൽ എടത്തു കയ്യൻ ചെന്നു ചേർന്നിട്ടുണ്ടെന്നു കണ്ടപ്പോൾ സഭാപതിപിള്ള അവിടുന്ന തിരിച്ചു സമീപത്തുള്ള ഒരു ഷാപ്പിൽ കയറി. ആ ഷാപ്പിൽനിന്നു തലേന്നു രാത്രി മൊട്ടുസൂചികൾ വിറ്റിട്ടുണ്ടെന്നറിഞ്ഞപ്പോൾ ഷാപ്പുകാരനോടു ചോദിച്ചു് സൂചിയും തടിച്ച കടലാസ്സും വാങ്ങിയവൻ ഒരു തമിഴനാണെന്നും ഭാഷകൊണ്ടു് മദ്രാശിക്കാരനാണെന്നും മനസ്സിലാക്കി. ഉടനെ തീവണ്ടി ആപ്പീസ്സിൽ ചെന്നു ചില കമ്പികൾ കൊടുത്തു. സഭാപതിപിള്ള അരമനയിലേക്കു തന്നെ മടങ്ങി.
സഭാപതിപിള്ള മടങ്ങി എത്തിയതിന്നു് അല്പം മുമ്പു ജഗന്മോഹിനിയെ പോലീസ് സ്റ്റേഷനിൽനിന്നു് കൂട്ടിക്കൊണ്ടു് വന്നിട്ടുണ്ടായിരുന്നു. സഭാപതിപിള്ള വന്നവരവേ കണക്കുകൾ എടുത്തു നോക്കി മണിരാമനേയും ജഗന്മോഹിനിയേയും കൂട്ടി നിർത്തി പണവും വിലപിടിച്ച സാധനങ്ങളും സൂക്ഷിക്കുന്ന അറ തുറക്കാൻ പറഞ്ഞു. ഉദയമാർത്താണ്ഡൻ അല്ലാതെ വേറെ ആരും ആ പൂട്ടു തുറക്കാൻ പാടില്ലെന്നും തുറന്നാൽ വലിയ അപകടമുണ്ടാവുമെന്നും അദ്ദേഹം പണ്ടൊരിക്കൽ പറഞ്ഞിട്ടുണ്ടെന്നും അതുകൊണ്ടു തനിക്കു തുറക്കാൻ ധൈര്യമില്ലെന്നും പറഞ്ഞു ജഗന്മോഹിനി താക്കോൽ സഭാപതിപിള്ളയുടെ കയ്യിൽ കൊടുത്തു. അദ്ദേഹം താക്കോൽ വാങ്ങി അറയുടെ വാതിൽ പരിശോധിച്ചപ്പോൾ അസാധാരണയായി യാതൊന്നും കണ്ടില്ല. വാതിൽ തുറന്നു് ഉള്ളിൽ കടന്നു. നിലം മുതൽ സാമാന്യം തട്ടുവരെ ഉയരമുള്ളതും അഞ്ചുവശം സമചതുരമുള്ളതുമായ ഒരു ഇരിമ്പു പെട്ടിയായിരുന്നു അതിന്നകത്തു്. കാലിൽ ഉണ്ടായിരുന്ന ചുളുചൂളെക്കുത്തു് തനിക്കു് കാലത്തു പിണഞ്ഞതിനെ നിരന്തരം ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നതുകൊണ്ടു് ആ ഇരുമ്പു പെട്ടിയുടെ സമീപത്തു് ആലോചിച്ചുകൊണ്ടു വളരെ നേരംനിന്ന ശേഷമാണു് അതിനെ തൊട്ടിട്ടുള്ളതു്. ഇരിമ്പു പെട്ടിയുടെ അകത്തേക്കു കടക്കാനുള്ള വാതിൽ ഒന്നരച്ചാൺ അകത്തോട്ടു തള്ളീട്ടായിരുന്നു. വാതിൽ ഒരു പലകയല്ലെന്നും ഒപ്പം വലിപ്പത്തിലുള്ള ആറു പലകകൾ നിർത്തി നിരന്നിട്ടാണെന്നും സഭാപതിപിള്ള നോക്കി മനസ്സിലാക്കി. കൈകൾ സമീപത്തു കൊണ്ടുവരാതെ തുറന്നാൽ വലിയ അപകടം വരാൻ മാർഗ്ഗമില്ലെന്നു സൂക്ഷ്മമായി അനുമാനിച്ചു ഒരു കുരുവാനെക്കൊണ്ടു വന്നു നീളമുള്ള ഒരു കൊടിൽകൊണ്ടു തക്കോൽ പിടിച്ചു കഴിയുന്നതും ദൂരത്തും നേർ മാർഗ്ഗം ഒഴിച്ചും നിന്നു തുറക്കാൻ പറഞ്ഞു. അവൻ തുറന്നപ്പോൾ ഇരുപുറത്തുനിന്നും രണ്ടിരിമ്പു പലകകൾ അതിശക്തിയോടുകൂടി വന്നു ചേർന്നു കൊടിൽ പിടിച്ചു അങ്ങുമിങ്ങും ഇളകി നോക്കിയപ്പോൾ ഒരിത്തിരിപോലും അനങ്ങുന്നില്ല. പുറത്തുവന്നു് ഈ പെട്ടി ഉണ്ടാക്കിയ കാലം ചോദിച്ചറിഞ്ഞു ആ കൊല്ലത്തെ കണക്കു പരിശോധിച്ചു പെട്ടി ഉണ്ടാക്കിയവന്റെ പേർ അറിഞ്ഞു. പെട്ടിയുടെ സമീപത്തു് അടിച്ചുവാരാത്തപോലെ മണ്ണു് അധികം കണ്ടു ചില സംശയങ്ങൾ ഉണ്ടായതിനാൽ ഒന്നും പരിശോധിക്കാനല്ലെന്നുള്ള ഭാവത്തോടുകൂടി അരമനയുടെ മിറ്റത്തു നടന്നു പെട്ടി തുറക്കുന്നതിന്നു് അതുണ്ടാക്കിയവനെത്തെന്നെ കൂട്ടിക്കൊണ്ടു വരാൻ താൻ പോകുന്നു എന്നു പറഞ്ഞു തീവണ്ടി ആപ്പീസ്സിലേക്കു ചെന്നു. വഴിയാക്കാനാണെന്നു പറഞ്ഞു മണിരാമനും കൂടെച്ചെന്നു. സ്റ്റേഷൻമാസ്റ്ററും സഭാപതിപിള്ളയും കൂടി കുറെനേരം സ്വകാര്യം പറഞ്ഞതിന്നുശേഷം ഇൻസ്പെക്ടർ മദ്രാശിക്കു ശീട്ടുവാങ്ങി. വണ്ടിയിൽ കയറി വണ്ടി നീങ്ങി. മണിരാമൻ സലാം പറഞ്ഞു പിരിഞ്ഞു.
രസികരഞ്ജിനി പുസ്തകം 5 ലക്കം 2.
ഭാഷാപോഷണത്തിനു് മാതൃകാപരമായ ഒരു ആനുകാലിക പ്രസിദ്ധീകരണം ആവശ്യമാണെന്നു കണ്ടു് രാമവർമ്മ അപ്പൻ തമ്പുരാൻ ആരംഭിച്ച മാസികയാണു് രസികരഞ്ജിനി. 1902-ൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ പത്രാധിപത്യത്തിൽ അതിന്റെ ആദ്യലക്കം പുറത്തുവന്നു. വിഷയവൈവിധ്യത്തിലും ആശയപുഷ്ടിയിലും ശൈലീവൈചിത്ര്യത്തിലും ഭാഷാശുദ്ധിയിലും നിർബന്ധമുണ്ടായിരുന്നതിനാൽ രസികരഞ്ജിനി സമാനപ്രസിദ്ധീകരണങ്ങൾക്കു് ഒരു മാതൃകയായിത്തീർന്നു. രസികരഞ്ജിനി ഭാഷാസാഹിത്യത്തിനു ചെയ്തിട്ടുള്ള സേവനങ്ങൾ അമൂല്യമാണു്. ഉണ്ണുനീലിസന്ദേശം ആദ്യം വെളിച്ചം കണ്ടതു് ഈ മാസികയിലൂടെയാണു്. എന്നാൽ സാമ്പത്തികക്ലേശം മൂലം 1907-ഓടുകൂടി അതിന്റെ പ്രസിദ്ധീകരണം നിർത്തിവയ്ക്കേണ്ടതായി വന്നു.
ചിത്രീകരണം: വി. പി. സുനിൽകുമാർ