മലയാളി എന്ന നിലയ്ക്കു് എനിക്കു് ഏറ്റവും ആത്മനിന്ദ തോന്നിയിട്ടുള്ളതു് മലയാളത്തിലെ ഡോക്ടറൽ പ്രബന്ധങ്ങളുടെ ഓപ്പൺ ഡിഫൻസ് വേളകളിലാണു്. എല്ലാവർക്കും മുൻകൂട്ടി എത്തിച്ചിട്ടുള്ള പ്രബന്ധസംഗ്രഹം വള്ളിപുള്ളി വിടാതെ വായിക്കുക എന്നതാണു് ഇതിലെ പ്രധാന ചടങ്ങു്. മൂന്നു വർഷം (പലപ്പോഴും അഞ്ചും അതിലധികവും വർഷം) ഗവേഷണം നടത്തി തയ്യാറാക്കിയ പ്രബന്ധത്തെക്കുറിച്ചു് മുപ്പതു മിനിറ്റ് സംസാരിക്കാനായി, എഴുതിത്തയ്യാറാക്കിയ പ്രബന്ധ സംഗ്രഹത്തിന്റെ താങ്ങു് ആവശ്യമില്ലാത്ത ഒരു വിദ്യാർഥിയെയും ഞാൻ കണ്ടിട്ടില്ല. മുൻകൂട്ടി വിതരണം ചെയ്ത പ്രബന്ധസംഗ്രഹം വായിക്കുന്നതിനു് എന്താണു് പ്രസക്തി എന്നു് ആരും ചിന്തിക്കാറുമില്ല. കടലാസിൽനിന്നു് കണ്ണെടുക്കാതെ അങ്ങേയറ്റം യാന്ത്രികമായി ഗവേഷകവിദ്യാർഥി പ്രബന്ധസംഗ്രഹം വായിക്കുന്നതു കേട്ടാൽത്തന്നെ മലയാളത്തിലെ ഗവേഷണത്തിന്റെ നിലവാരം എന്തെന്നു് നമുക്കറിയാൻ കഴിയും. ബൗദ്ധികമായ യാതൊരു ഉത്തേജനവും ഗവേഷണത്തിലൂടെ വിദ്യാർഥിക്കു ലഭിച്ചിട്ടില്ല എന്നു് ആ വായനയുടെ ഈണം സാക്ഷ്യപ്പെടുത്തും. തുടർന്നു് പ്രബന്ധ സംഗ്രഹത്തിന്റെ മുക്കും മൂലയും സ്പർശിച്ചുകൊണ്ടു് യാതൊരു കഴമ്പുമില്ലാത്ത കുറേ ചോദ്യങ്ങൾ പുറപ്പെടുന്നു. തട്ടിമുട്ടി ഉത്തരം പറയാൻ കഴിയാത്ത ചോദ്യങ്ങൾക്കു് ‘ഞാൻ അതു് പരിശോധിക്കാം’ എന്നൊക്കെയായിരിക്കും മറുപടി. ചില അക്ഷരത്തെറ്റുകൾ, വിട്ടുപോയ ചില റഫറൻസുകൾ തുടങ്ങിയ കാര്യങ്ങൾ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നതു് ചെയർപേഴ്സൺ എടുത്തുപറയുകയും ഇതൊക്കെയാണെങ്കിലും മഹനീയവും മാതൃകാപരവുമായ ഗവേഷണപ്രബന്ധമാണു് എന്നു് പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഇതാണു് ഓപ്പൺ ഡിഫൻസ് എന്ന ചടങ്ങിന്റെ സാധാരണ പാറ്റേൺ. കോവിഡ് കാലത്തു് ഓപ്പൺ ഡിഫൻസുകൾ ഓൺലൈനിലായപ്പോഴാണു് ഇത്തരം നിരവധി ചടങ്ങുകൾക്കു് ഞാൻ മൂകസാക്ഷിയായതു്. ഡോക്ടറൽ ബിരുദം നേടാനുള്ള ചടങ്ങു് എന്നതിനപ്പുറം ഗവേഷണത്തിനു് പ്രാധാന്യം കല്പിക്കുന്ന പ്രൊഫസർമാർ മലയാളത്തിൽ ഉണ്ടോ? സംശയമാണു്. ചില ഓപ്പൺ ഡിഫൻസുകൾ വലിയ തമാശയാണു്. ഒരു പ്രത്യേക കാലഘട്ടത്തിലെ മാസികളെക്കുറിച്ചോ മറ്റോ ഗവേഷണം നടത്തിയ ഒരു വിദ്യാർഥിയോടു് ഈ കാലഘട്ടം എന്തുകൊണ്ടു തിരഞ്ഞെടുത്തു എന്നു ചോദിച്ചപ്പോൾ, ഞാൻ രേഖീയകാലത്തിൽ വിശ്വസിക്കുന്നില്ല, അതിനാൽ ചോദ്യത്തിനു് ഉത്തരം പറയില്ല എന്നായിരുന്നു മറുപടി. (രേഖീയ ഫെല്ലോഷിപ്പിലും രേഖീയ ശമ്പളത്തിലും വിശ്വാസമുണ്ടു് എന്നതായിരുന്നു ഒരു ആശ്വാസം!) കുടുംബ പ്രാരബ്ധങ്ങൾ കാരണം ഗവേഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞില്ല എന്നും അതിനാൽ ചോദ്യം ചോദിച്ചു് തന്നെ വിഷമിപ്പിക്കരുതു് എന്നും മറ്റൊരു വിദ്യാർഥി കരഞ്ഞുപറയുകയും ചെയർമാൻ അതിനെ പിന്താങ്ങുകയും ചെയ്തു. ലോകത്തു് എവിടെയെങ്കിലും ഇത്തരം തമാശകൾ നടക്കുമോ? ഗവേഷണ പ്രബന്ധങ്ങളും അവയിലേക്കു നയിക്കുന്ന ഗവേഷണവും ഒക്കെ പുറത്തുപറയാൻ കഴിയാത്തവിധം നിലവാരമില്ലാത്തതുകൊണ്ടാണു് ഓപ്പൺ ഡിഫൻസുകൾ തമാശയായി മാറുന്നതു്. മലയാളത്തിന്റെ നിലവാരം എന്നതു് വലിയ ഗൗരവമുള്ള വിഷയമായി ആരും കാണുന്നില്ല. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തു് ഏറ്റവും നിലവാരം കുറഞ്ഞ വിഷയമാണു് മലയാളം. ഞാനിതു് പറയുമ്പോൾ മലയാളം അധ്യാപകർ ക്ഷുഭിതരാവുകയും ഞാൻ മലയാളത്തെയും മലയാളം അധ്യാപകരെയും അപമാനിക്കുന്നു എന്നു് ആരോപിക്കുകയും ചെയ്യാറുണ്ടു്. പക്ഷേ, വസ്തുനിഷ്ഠമായി തെളിയിക്കാൻ കഴിയുന്ന ഒരു സത്യമാണു് ഇതു്.
സർവകലാശാലകളുടെ അക്കാദമിക് നിലവാരത്തിന്റെ സൂചകമായി ഇക്കാലത്തു് ഉയർത്തിക്കാണിക്കുന്നതു് നാക്കിന്റെ അക്രഡിറ്റേഷനും ചില റാങ്കിങ്ങുകളുമൊക്കെയാണു്. സ്ഥിതിവിവരക്കണക്കുകളായി പ്രസ്താവിക്കാവുന്ന ചില വിലയിരുത്തലുകളെ ഗുണപരമായ വിലയിരുത്തലുകൾ എന്നു് നാക്കു് വിശേഷിപ്പിക്കുന്നുണ്ടെങ്കിൽപ്പോലും, ഗുണപരമായ യാതൊരു വിലയിരുത്തലും അതിലില്ല; പ്രത്യേകിച്ചും അധ്യാപനത്തിന്റെയും ഗവേഷണത്തിന്റെയും മേഖലകളിൽ. അതുകൊണ്ടുതന്നെ അക്രഡിറ്റേഷനു് മൂല്യമൊന്നുമില്ല. എന്നാൽ നിലവാരത്തിന്റെ മികച്ച ഒരു സൂചകമാണു് ഡോക്ടറൽ പ്രബന്ധങ്ങൾ. മലയാളത്തിലെ ഡോക്ടറൽ പ്രബന്ധങ്ങളെ സംബന്ധിക്കുന്ന ചില വിലയിരുത്തലുകളാണു് ഇവിടെ ചർച്ച ചെയ്യുന്നതു്. ഒരു വ്യക്തിയുടെ വിലയിരുത്തലിനു് അക്കാദമിക സമൂഹം എന്തു മൂല്യം കല്പിക്കും എന്നു ചിന്തിക്കുന്നവർക്കായി ചില കാര്യങ്ങൾ: കഴിഞ്ഞ പത്തുവർഷങ്ങളിൽ ഇക്കാര്യത്തെക്കുറിച്ചു് നിരവധി അധ്യാപകരുമായി ഞാൻ ആശയവിനിമയം നടത്തി. ഇങ്ങനെയാണു് ഗവേഷണപ്രബന്ധം രചിക്കേണ്ടതു് എന്ന മാതൃകയായി വിദ്യാർഥികൾക്കു മുന്നിൽ വയ്ക്കാൻ തക്ക മികവുള്ള ഒരു പ്രബന്ധം ചൂണ്ടിക്കാണിക്കാനാണു് ഞാൻ അധ്യാപകരോടു് ആവശ്യപ്പെട്ടതു്. നിരവധി പ്രബന്ധങ്ങൾക്കു് മാർഗനിർദേശം നൽകുകയും അതിലുമധികം പ്രബന്ധങ്ങൾ മൂല്യനിർണയം ചെയ്യുകയും ചെയ്ത അധ്യാപകർക്കാർക്കും അങ്ങനെ ഒരു പ്രബന്ധംപോലും നിർദേശിക്കാനില്ലായിരുന്നു. ‘മോശമല്ലാത്ത’, ‘തരക്കേടില്ലാത്ത’ എന്നൊക്കെ വിശേഷിപ്പിച്ച പ്രബന്ധങ്ങളാണു് അധ്യാപകർ ചൂണ്ടിക്കാണിച്ചതു്. കേരളത്തിലെ എല്ലാ സർവകലാശാലകളിലെയും പല പ്രബന്ധങ്ങൾ പല കാലയളവിൽ പരിശോധിച്ചതുകൂടാതെ, അധ്യാപകർ നിർദേശിച്ച പ്രബന്ധങ്ങളും ഞാൻ പരിശോധിച്ചു. കൂടാതെ, ‘ഭാഷയ്ക്കൊരു ഡോളർ’ സമ്മാനം നേടിയ പ്രബന്ധങ്ങളും. വ്യക്തിനിഷ്ഠമായ ഒരു പരിശോധനയായിരുന്നില്ല അതു്. പ്രബന്ധങ്ങളെ വിലയിരുത്താനായി കേരളത്തിലെ സർവകലാശാലകൾ മാർഗനിർദേശങ്ങളോ വിലയിരുത്തൽ സൂചകങ്ങളോ ഒന്നും ആവിഷ്കരിച്ചിട്ടില്ല എന്ന പ്രശ്നം മറികടക്കാനായി, പ്രബന്ധ മൂല്യനിർണയത്തിനു് വിശദമായ ഒരു ചട്ടക്കൂടു് തയ്യാറാക്കി അതു് മനസ്സിൽവച്ചുകൊണ്ടാണു് ഞാൻ പ്രബന്ധങ്ങൾ പരിശോധിച്ചതു്. പ്രശസ്തമായ പല സർവകലാശാലകളും പ്രബന്ധപരിശോധകർക്കു നൽകുന്ന മാർഗനിർദേശങ്ങൾ, പ്രബന്ധങ്ങളുടെ വിലയിരുത്തലിനെക്കുറിച്ചുള്ള ഗവേഷണപഠനങ്ങൾ എന്നിവ ഉപയോഗിച്ചാണു് ഈ ചട്ടക്കൂടു് ഞാൻ തയ്യാറാക്കിയതു്. (സാഹിത്യഗവേഷണം—സിദ്ധാന്തവും പ്രയോഗവും എന്ന എന്റെ പുസ്തകത്തിൽ (കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു്, 2021) ഈ ചട്ടക്കൂടു് ചേർത്തിട്ടുണ്ടു്.) നൂറിൽപ്പരം പ്രബന്ധങ്ങൾ പൊതുവായും മുപ്പതോളം പ്രബന്ധങ്ങൾ വിശദമായും ഞാൻ പരിശോധിക്കുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തിൽ മനസ്സിലാക്കിയ ചില കാര്യങ്ങളിലേക്കു് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുകയാണു്. നമ്മുടെ ഗവേഷണത്തിന്റെ നിലവാരം എന്താണു് എന്നതിന്റെ ചില സൂചനകൾ മാത്രമാണു് ഇവിടെ അവതരിപ്പിക്കുന്നതു്.

കഴിഞ്ഞ ഇരുപത്തഞ്ചു വർഷങ്ങളിൽ കേരളത്തിലെ സർവകലാശാലകളിൽ നിന്നു് ഡോക്ടറേറ്റ് ബിരുദം ലഭിച്ച പ്രബന്ധങ്ങളിൽ ‘മികച്ച പ്രബന്ധം’ എന്നു വിശേഷിപ്പിക്കാവുന്ന ഒരെണ്ണം പോലുമില്ല—ഇരുപത്തഞ്ചു വർഷങ്ങൾക്കുള്ളിൽ കേരളത്തിലെ ഒരു സർവകലാശാലയ്ക്കും മികച്ച ഒരു പ്രബന്ധം പോലും സൃഷ്ടിക്കാൻ കഴിഞ്ഞില്ല എന്നതിന്റെ അർഥമെന്താണു്? (മനോജ് കുറൂരിന്റെ ‘നാടോടിത്താളങ്ങൾ ആധുനികമലയാള കവിതയിൽ’ (2009 എം. ജി. സർവകലാശാല) പോലുള്ള ചുരുക്കം ചില പ്രബന്ധങ്ങളെ ഞാൻ മാറ്റിനിർത്തുന്നു. പാണ്ഡിത്യം, വിശകലനശേഷി, മൗലികമായ തിരിച്ചറിവുകൾ എന്നിവയെല്ലാമുണ്ടെങ്കിലും, സാധാരണമായ ഒരു ഗവേഷണമേഖലയല്ല ഈ പഠനത്തിന്റേതു്. സാഹിത്യപഠനം, സംസ്കാര പഠനം, മാധ്യമപഠനം എന്നിങ്ങനെ ഏറ്റവും കൂടുതൽ ഗവേഷണം നടക്കുന്ന മേഖലകളിലെ പ്രബന്ധങ്ങളെക്കുറിച്ചാണു് ഞാൻ പറയുന്നതു്.) ഇരുപത്തഞ്ചു വർഷത്തെ പ്രോഗ്രസ് കാർഡിൽ മലയാളത്തിന്റെ സ്കോർ പൂജ്യമാണു്.
മികച്ചതൊന്നും സൃഷ്ടിക്കുന്നില്ല എന്നതു് ഒരു കാര്യം. പുറത്തെടുക്കാൻ കൊള്ളാത്ത നിലവാരത്തിലുള്ളവയാണു് മലയാളത്തിലെ പ്രബന്ധങ്ങളുടെ ഭൂരിഭാഗവും എന്നതാണു് നമ്മെ ഞെട്ടിക്കുന്ന പ്രശ്നം. ശരാശരി എന്നു വിശേഷിപ്പിക്കാവുന്ന പ്രബന്ധങ്ങൾപോലും വളരെ കുറവാണു്. ഇതു് കേരളത്തിലെ അധ്യാപകർക്കും ഗവേഷകർക്കും ഒക്കെ അറിയാവുന്ന ഒരു സത്യമാണു്. ആർക്കും ഇതു് ഒരു പ്രശ്നമായി തോന്നുന്നില്ല എന്നതാണു് പ്രശ്നം. ഇങ്ങനെയൊക്കെ ആയാൽ മതി എന്നല്ല, ഇങ്ങനയേ ആകാവൂ എന്നു് വാശിയുള്ളവരാണു് നമ്മുടെ മലയാളം അധ്യാപകരിൽ കൂടുതലും.
പ്രബന്ധങ്ങളിലെ രീതിശാസ്ത്രപരമായ പ്രശ്നങ്ങളും ഗവേഷണത്തിന്റെ സാങ്കേതിക ചിട്ടകളും ഇവിടെ ചർച്ച ചെയ്യാൻ കഴിയുകയില്ല. എന്നാൽ സാമാന്യബോധമുള്ള ആർക്കും മനസ്സിലാക്കാൻ കഴിയുന്ന ചില കാര്യങ്ങൾ ചൂണ്ടിക്കാണിക്കാം.

നിഗമനങ്ങൾ, ഉപദർശനങ്ങൾ എന്നൊക്കെയുള്ള തലക്കെട്ടിനു കീഴിൽ, ഗവേഷണത്തിലൂടെ തങ്ങൾക്കുണ്ടായ തിരിച്ചറിവുകൾ അഥവാ തങ്ങളുടെ ‘കണ്ടെത്തലുകൾ’ പ്രബന്ധരചയിതാക്കൾ അക്കമിട്ടു് അവതരിപ്പിക്കാറുണ്ടു് മലയാളം പ്രബന്ധങ്ങളിൽ. കരിവള്ളൂരിന്റെ പ്രാദേശിക ചരിത്രത്തെക്കുറിച്ചു് നടത്തിയ ഗവേഷണത്തിലൂടെ കണ്ടെത്തിയ ചില കാര്യങ്ങൾ നോക്കൂ:
- പ്രേതപിശാചുക്കളിൽനിന്നു് രക്ഷനേടാൻ ഇരുമ്പു് കൈയിൽ കരുതുന്നു. പ്രസവിച്ച സ്ത്രീക്കും കുഞ്ഞിനുമരുകിൽ ഇരുമ്പു് വയ്ക്കുന്നതു് ഇത്തരം വിശ്വാസത്തിന്റെ പിൻബലത്താലാണു്.
- കരിവെള്ളൂരിലെ വിദ്യാഭ്യാസ പാരമ്പര്യമുള്ള മറ്റൊരു സമുദായം തിയ്യസമുദായമാണു്.
- ചാലിയ സമുദായക്കാർ കരിവള്ളൂർ പ്രധാന നഗരമായി കണക്കാക്കുന്നു. അവരുടെ നാലുനഗരങ്ങളിൽ ഒന്നാണു് കരിവള്ളൂർ.
- പത്താംതരം മുതൽ പി. എച്ച്. ഡി. വരെയുള്ള വിദ്യാഭ്യാസ യോഗ്യത നേടിയ സ്ത്രീകൾ പഞ്ചായത്തിലുണ്ടു്. എഞ്ചിനീയറിങ്, മെഡിക്കൽ വിദ്യാഭ്യാസം നേടിയവരും തൊഴിൽ ചെയ്യുന്നവരുമുണ്ടു്.
- കലാരംഗത്തു് പ്രവർത്തിക്കുന്ന ധാരാളം സ്ത്രീകൾ കരിവള്ളൂരിലുണ്ടു്. നിർമ്മലാ രവീന്ദ്രൻ, വി. അമ്മിണി തുടങ്ങിയവർ ദലിതു് സമൂഹത്തിൽനിന്നും ഉയർന്നുവന്ന കലാകാരികളാണു്.

ഡോക്ടറൽ ഗവേഷണത്തിലൂടെയുണ്ടാകുന്ന ഇത്തരം ‘കണ്ടുപിടുത്ത’ങ്ങളെക്കുറിച്ചു് ഞാൻ ഒരു ഫേസ്ബുക്ക് കുറിപ്പു് ഇട്ടപ്പോൾ അമേരിക്കയിൽ ജോലി ചെയ്യുന്ന ഒരു സുഹൃത്തു് എന്നെ ഫോണിൽ വിളിച്ചു. ഒരു പ്രബന്ധത്തിൽ ഇങ്ങനെയൊക്കെ എഴുതിവയ്ക്കുമെന്നു് അദ്ദേഹത്തിനു് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഞാൻ തമാശ പറയുകയാണു് എന്നു് ഉറപ്പുവരുത്താനാണു് അദ്ദേഹം വിളിച്ചതു്! മലയാളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ നിലവാരം മനസ്സിലാകാനായി തീസിസുകൾ വായിക്കണ്ട; തീസിസുകളുടെ നിഗമനങ്ങൾ മാത്രം ഒന്നു മറിച്ചുനോക്കിയാൽ മതി. മലയാളം പഠിച്ചാൽ ബുദ്ധി മരവിച്ചുപോകുമെന്നോ, ബുദ്ധി മരവിച്ചു പോയവർ മാത്രമേ മലയാളം പഠിക്കൂ എന്നോയുള്ള നിഗമനത്തിൽ മാത്രമേ എത്തിച്ചേരാൻ കഴിയൂ. ഓണത്തിന്റെ സാംസ്കാരിക വിശകലനം നടത്തിയിട്ടു് “വിനോദകലകൾ ആസ്വദിക്കുക, ചിരിക്കുക, തിന്നുക, കുടിക്കുക, വ്യാപാരം നടത്തുക, മത്സരങ്ങളിൽ പങ്കെടുക്കുക തുടങ്ങിയവയാണു് ഓണാഘോഷപരിപാടികളുടെ പൊതുസവിശേഷത” എന്നു കണ്ടെത്തുന്നതിന്റെ ബുദ്ധിശൂന്യത ഞെട്ടിക്കുന്നതല്ലേ? വരിക്കച്ചക്കനിവേദ്യം, കണ്ണിമാങ്ങ നിവേദ്യം എന്നിവ പദ്മനാഭസ്വാമിക്ഷേത്രത്തിന്റെ സംസ്കാര സവിശേഷതകളാണു് എന്നു് ഗവേഷണം ചെയ്തു സ്ഥാപിക്കുന്ന പ്രബന്ധത്തെക്കുറിച്ചു് ആലോചിച്ചുനോക്കൂ. ഇതൊന്നും ഒറ്റപ്പെട്ട ഉദാഹരണങ്ങളല്ല; നമ്മുടെ ഗവേഷണപ്രബന്ധങ്ങളുടെ പൊതുനിലവാരം വ്യക്തമാക്കുന്ന അനവധി പ്രബന്ധങ്ങളിൽ ചിലതു മാത്രമാണു്. ഇനി ഒരു പ്രബന്ധത്തിലെ നോവൽ വിശകലനം കാണുക. “രൂപേഷ് എഴുതിയ വസന്തത്തിലെ പൂമരങ്ങൾ എന്ന നോവലിൽ എഴുപതുകളിലെ തീവ്രവാദപ്രസ്ഥാനവുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങൾ സൂചിപ്പിക്കപ്പെടുന്നുണ്ടു്. നക്സൽ അനുഭാവികളായ രണ്ടു കൂട്ടുകാരികളിൽ ഒരാൾ കളക്ടറാവുന്നതും മറ്റേയാൾ വിപ്ലവപ്രവർത്തനവുമായി മുന്നോട്ടുപോകുന്നതും ഇരുവരും തമ്മിലുള്ള ആത്മബന്ധങ്ങളാണു് നോവലിന്റെ പ്രമേയം. അതിസാധാരണവും കാല്പനികവുമായ പ്രമേയവും പരിചരണവുമാണു് നോവലിസ്റ്റ് ഈ നോവലിലൂടെ നിർവഹിക്കുന്നതു്.” ഇത്തരമൊരു ആസ്വാദനക്കുറിപ്പു് എഴുതാൻ കഴിയുന്നതിൽ എട്ടാം ക്ലാസു് വിദ്യാർഥികൾക്കുപോലും അഭിമാനം തോന്നില്ല. (വാക്യഘടനയിലെ തെറ്റുകൾ നോക്കൂ) ഇത്തരം നിരവധി മൂന്നുവരി വിശകലനങ്ങൾ ഒരു പ്രബന്ധത്തിൽ കാണുമ്പോൾ, രീതിശാസ്ത്രത്തെക്കുറിച്ചോ ഗവേഷണ സംസ്കാരത്തെക്കുറിച്ചോ ഒന്നുമല്ല നാം വ്യാകുലപ്പെടേണ്ടതു്. നമ്മുടെ ഉന്നതവിദ്യാഭ്യാസരംഗത്തുനിന്നു് സാമാന്യബോധം തന്നെ ഇല്ലാതായിരിക്കുന്നു എന്നു മാത്രമേ മനസ്സിലാക്കാൻ കഴിയൂ. ഇത്തരം മൂന്നുവരിക്കുറിപ്പുകൾ എഴുതിയാൽപ്പോലും നിങ്ങൾക്കു് ഡോക്ടറേറ്റ് കിട്ടും. എന്തിനാണു് ഈ പ്രഹസനത്തിനായി പൊതുപണം ഒഴുക്കുന്നതു? കഴിഞ്ഞ പത്തു വർഷമെങ്കിലുമായി ഞാൻ മലയാളം തീസിസുകൾ വിശകലനം ചെയ്യുകയാണു്. മാത്രമല്ല, മലയാളം ബി. എ., എം. എ. വിദ്യാർഥികൾ എഴുതിയെടുക്കുന്ന ലക്ചർ നോട്ടുകൾ, ചോദ്യപ്പേപ്പറുകൾ, സിലബസുകൾ, പി. എച്ച്. ഡി. മൂല്യ നിർണയ റിപ്പോർട്ടുകൾ എന്നിവയെല്ലാം പരിശോധിക്കാറുണ്ടു്. അവസരം കിട്ടുമ്പോഴെല്ലാം ഓപ്പൺ ഡിഫൻസുകളിൽ ഓൺലൈനിൽ പങ്കെടുക്കാറുണ്ടു്. നമ്മുടെ ഉന്നതവിദ്യാഭ്യാസ രംഗത്തു് ഏറ്റവും നിലവാരം കുറഞ്ഞ വിഷയം മലയാളമാണെന്നതിൽ എനിക്കു് ഒരു സംശയവുമില്ല. ആർക്കും നിഷേധിക്കാനാവാത്ത തെളിവുകൾ മലയാളം തീസിസുകളിൽ നിറഞ്ഞുനിൽക്കുകയാണു്.

മലയാളത്തിന്റെ നിലവാരം ഇങ്ങനെ ആയതിനു പിന്നിൽ സങ്കീർണമായ പല കാരണങ്ങളുമുണ്ടു്. മലയാളത്തിൽ നല്ലൊരു നിരൂപണ സംസ്കാരം വളർന്നിട്ടില്ല എന്നതാണു് ഒരു പ്രധാന കാരണം. ആനുകാലികങ്ങൾക്കു വേണ്ടി എഴുതുന്ന പുസ്തകക്കുറിപ്പുകളാണു് നമ്മുടെ നിരൂപണത്തിന്റെ കാതലായ ഭാഗം. ഗൗരവമുള്ള വിശകലനങ്ങളും പഠനങ്ങളും എഴുതുന്നതിൽ പൊതുവേ ഉദാസീനരാണു് നമ്മുടെ നിരൂപകർ. അതുകൊണ്ടുതന്നെ മലയാളത്തിലെ വിഖ്യാത കൃതികളും എഴുത്തുകാരും വിലയിരുത്തപ്പെടുകയോ അവരുടെ കൃതികൾ സൂക്ഷ്മപരിശോധനകൾക്കും വ്യാഖ്യാനങ്ങൾക്കും വിധേയമാവുകയോ ചെയ്യുന്നില്ല. അങ്ങനെയുള്ള വിമർശന സംസ്കാരത്തിന്റെ പിൻബലമില്ലാതെ സാഹിത്യഗവേഷണം സാധ്യമാവുകയില്ല. രണ്ടാമതായി, പാഠപുസ്തകങ്ങൾ ഇല്ലാതെ പഠിക്കേണ്ടിവരുന്ന ഒരു വിഷയമാണു് മലയാള സാഹിത്യം. ഏതെങ്കിലും കാലത്തു് ആരെങ്കിലും എഴുതിയ ലേഖനങ്ങളുടെ ഫോട്ടോക്കോപ്പികൾ ആണു് പല വിഷയങ്ങൾക്കും ലഭ്യമായ പഠനപ്രഭവം. ഒരു ഉദാഹരണം മാത്രം എടുത്തുകാണിക്കാം. ഇംഗ്ലീഷിലുള്ള മുപ്പതു് പാഠപുസ്തകങ്ങളെങ്കിലും കൾച്ചറൽ സ്റ്റഡീസ് മേഖലയിൽ ഞാൻ കണ്ടിട്ടുണ്ടു്. മലയാളത്തിലോ? ചില ലേഖനസമാഹാരങ്ങൾ മാത്രമാണു് ഉള്ളതു്. പഠനമേഖലയെ സമഗ്രമായി പരിചയപ്പെടുത്തുന്ന പാഠപുസ്തകങ്ങൾ സാഹിത്യപാഠ്യപദ്ധതിയിലെ മിക്ക വിഷയങ്ങൾക്കും ഇല്ല. പാഠപുസ്തകങ്ങൾ എഴുതുക എന്നതു് ഉന്നതവിദ്യാഭ്യാസ രംഗത്തെ അധ്യാപകരുടെ പ്രധാന അക്കാദമിക ധർമമാണു്. നോവൽ, ചെറുകഥ, കവിത, സാഹിത്യസിദ്ധാന്തം, നിരൂപണം എന്നിങ്ങനെയുള്ള മേഖലകളൊക്കെ വിദ്യാർഥികൾ പഠിക്കുന്നതു് പാഠപുസ്തകങ്ങളില്ലാതെയാണു്. ഇക്കാരണങ്ങളാൽ നമ്മുടെ വിദ്യാർഥികൾക്കു ലഭിക്കുന്ന വിഷയപരമായ അടിത്തറ ദുർബലമാണു്.

അക്കാദമിക് റൈറ്റിങ് എല്ലാ വിഷയങ്ങളിലും വളരെ പ്രാധാന്യത്തോടെ ഇന്നു് ലോകമെമ്പാടും പഠിപ്പിക്കുമ്പോൾ, ആലേഖനശേഷികൾ പരിശീലിപ്പിക്കാനാവില്ലെന്ന യാഥാസ്ഥിതിക മനോഭാവമാണു് ഇവിടുത്തെ അധ്യാപകർക്കു് ഇന്നുമുള്ളതു്. ചിന്തയുടെയും വിശകലനത്തിന്റെയും ഭാഷ കാണാൻ കഴിയില്ല എന്നു മാത്രമല്ല, അങ്ങേയറ്റം മോശമായ ഭാഷയാണു് കൂടുതൽ പ്രബന്ധങ്ങളിലും. നല്ല മലയാളം, എഴുത്തു നന്നാക്കാം എന്നിങ്ങനെയുള്ള പേരുകളിൽ വിറ്റഴിയുന്ന പുസ്തകങ്ങൾ ആശയങ്ങൾ എങ്ങനെ വ്യക്തമായും ശക്തമായും അവതരിപ്പിക്കാം എന്നല്ല ചർച്ച ചെയ്യുന്നതു്. ക്രമീകരണം എന്നു് എഴുതാൻ പാടില്ല, ക്രമവത്കരണം എന്നു് എഴുതണം; ശിൽപ്പം എന്നു് എഴുതിയാൽ ‘ശില’യുമായുള്ള ബന്ധം ഇല്ലാതായിത്തീരും അതിനാൽ ശില്പം എന്നു തന്നെ എഴുതണം. ഇത്തരത്തിലുള്ള വരട്ടുവ്യാകരണ നിയമങ്ങളാണു് എഴുത്തു നന്നാക്കാനായി ഈ രചയിതാക്കൾ ഉപദേശിക്കുന്നതു്. എഴുത്തിന്റെ ലക്ഷ്യം ആശയവിനിമയമല്ല പഴഞ്ചൻ വ്യാകരണ നിയമങ്ങളെ നിലനിർത്തലാണു് എന്നാണു് ഇവരുടെ മതം. എഴുത്തിനെക്കുറിച്ചു്, പ്രത്യേകിച്ചും അക്കാദമിക ലേഖന രചനയെക്കുറിച്ചു് ചർച്ചയും ചിന്തയും ഒന്നും കേരളത്തിൽ നടക്കാറില്ല. ഇതു് പ്രബന്ധരചനയെ കാര്യമായി ബാധിച്ചിട്ടുണ്ടു്. ഘടനയും ചിട്ടയും ഇല്ലാത്ത പ്രബന്ധങ്ങളും, ലക്ഷ്യവും മാർഗവും ഇല്ലാത്ത എഴുത്തും നമ്മെ ഞെട്ടിക്കും. ഗവേഷണമെന്നാൽ അടിക്കുറിപ്പുകളും റഫറൻസുകളും അടങ്ങിയിട്ടുള്ള ദീർഘമായ ഉപന്യാസമാണു് എന്ന ചിന്ത നിലനിന്നിരുന്ന കാലത്തു് എഴുത്തിന്റെ ചിട്ട, ആശയ ക്രമീകരണം, വാക്യഘടന എന്നിവയെക്കുറിച്ചു് അധ്യാപകർക്കും ഗവേഷകർക്കും മെച്ചപ്പെട്ട തിരിച്ചറിവുണ്ടായിരുന്നു. ഇന്നു് ഇത്തരം അറിവുകളില്ല എന്നു മാത്രമല്ല, പ്രബന്ധം എഡിറ്റു ചെയ്യുന്നതും പ്രൂഫ് തിരുത്തുന്നതും പോലും ആവശ്യമില്ലാതായിത്തീർന്നിരിക്കുന്നു. മലയാളം എം. എ. കഴിഞ്ഞുവരുന്ന ഒരാൾക്കു് നല്ല മലയാളമെഴുതാനുള്ള പരിശീലനം പോലും ലഭിക്കുന്നില്ല എന്നതാണു് വാസ്തവം.
പലപല കാരണങ്ങൾ കണ്ടെത്താൻ കഴിയുമെങ്കിലും, മലയാളത്തിലെ ഗവേഷണവും ഗവേഷണപ്രബന്ധങ്ങളും നിലവാരത്തകർച്ചയുടെ പടുകുഴിയിൽ വീണതിനു പ്രബലമായ ഒരു കാരണമുണ്ടെങ്കിൽ അതു് കാലടിയിലെ ശ്രീശങ്കര സംസ്കൃത സർവകലാശാലയാണു്. വിഖ്യാതനായ പ്രഭാഷകനും എഴുത്തുകാരനുമായ സുനിൽ പി. ഇളയിടത്തിൽ നിന്നാണു് ഇതിന്റെ തുടക്കം. സുനിലിന്റെ ഡോക്ടറൽ പ്രബന്ധം മാതൃകയാക്കിക്കൊണ്ടു് ആദ്യം കാലടിയിലെ ഒരു സംഘം അധ്യാപകരും പിന്നീടു് മറ്റു സർവകലാശാലകളിലെ അധ്യാപകരും ആശയരാഹിത്യത്തെ ഭാഷാപരമായ നാട്യം കൊണ്ടു മറച്ചുവയ്ക്കുന്ന ഒരു വ്യാജ അക്കാദമിക വ്യവഹാരഭാഷ കേരളം മുഴുവൻ വ്യാപിപ്പിച്ചു. ഒരു പ്രബന്ധസംഗ്രഹത്തിലെ അവസാനവാക്യത്തിലൂടെ ഇതു് ഉദാഹരിക്കാം.
“വിശകലനങ്ങളിലൂടെ ഉരുവംകൊണ്ട തെളിച്ചങ്ങളെയും നിഗമനങ്ങളെയും ക്രോഡീകൃത രൂപത്തിൽ അവതരിപ്പിക്കുകയാണു് ഉപസംഹാരത്തിൽ ചെയ്യുന്നതു്.”

‘ഉപസംഹാരത്തിൽ നിഗമനങ്ങൾ ക്രോഡീകരിച്ചിരിക്കുന്നു’ എന്നു് ലളിതമായി പറയാവുന്ന കാര്യമാണു് നാട്യത്തിലൂടെ ഇങ്ങനെ പെരുകി വലുതായിരിക്കുന്നതു്. ഈ ഭാഷയാണു് ഇന്നത്തെ വിദ്യാർഥികൾ എഴുതുന്നതു്. (പലരും സംസാരിക്കുന്നതുപോലും ഇങ്ങനെയാണു്!) ഈ ഭാഷ എങ്ങനെ ഉണ്ടായി എന്നറിയണമെങ്കിൽ സുനിൽ പി. ഇളയിടം എഴുതുന്നതു് വായിച്ചാൽ മതി. ഒരു ഉദാഹരണം ഇതാ:
“മറ്റെല്ലാ മഹാഖ്യാനങ്ങളും മരിച്ചു മണ്ണടിഞ്ഞെന്നു് തെളിയിക്കാൻ കഴിഞ്ഞാലും ചൂഷണമെന്ന മഹാഖ്യാനം ഇപ്പോഴും അഭംഗുരം തുടരുന്നുണ്ടു്. നിശ്ചയമായും അതു് പഴയ രൂപങ്ങളിൽ മാത്രമല്ല ജീവിക്കുന്നതു്. അധ്വാനത്തിനുമേലുള്ള മൂലധനത്തിന്റെ ചൂഷണം ഇപ്പോഴുമുണ്ടു്; പഴയതിനേക്കാൾ ശക്തമായി. ഒപ്പം പ്രകൃതിക്കുമേൽ, സ്ത്രീകൾക്കുമേൽ, ജാതി-വർണ്ണവിഭാഗങ്ങൾക്കുമേൽ, മത-ലൈംഗിക ന്യൂനപക്ഷങ്ങൾക്കുമേൽ എല്ലാം നാനാതരം ചൂഷണങ്ങൾ അരങ്ങേറുന്നുണ്ടു്. പുതിയ രൂപങ്ങളിൽ. പുതിയ ഭാവങ്ങളിൽ. അതുകൊണ്ടുതന്നെ സമരങ്ങളും പുതിയ രൂപങ്ങളിലാണു്. ചൂഷകരും ചൂഷിതരുമെന്ന നിലയിൽ മനുഷ്യവംശം വിഭജിതമായി തുടരുകയാണു്. ഈ തുടർച്ച കൊണ്ടുതന്നെയാണു് വർഗവൈരുധ്യങ്ങളുടെ പുതിയ ക്രമങ്ങൾ പിറവിയെടുക്കുന്നതു്; പുതിയ രൂപങ്ങളിൽ വർഗസമരം തുടരുന്നതും.”
‘ചൂഷണങ്ങൾ പുതിയ രീതികളിൽ തുടർന്നുകൊണ്ടിരിക്കുന്നു; അതിനാലാണു് വർഗസമരങ്ങൾ തുടരുന്നതും’ എന്നു് ഏഴു വാക്കുകളിൽ പറയാവുന്ന കാര്യമാണു് 59 വാക്കുകളിൽ സുനിൽ പറയുന്നതു്. വലിച്ചുനീട്ടലും ചുറ്റിക്കെട്ടിപ്പറയലും ഒരു വശത്തു്; വായിക്കുന്നവരെ അടിച്ചിരുത്താൻ വേണ്ടിമാത്രം ഉപയോഗിക്കുന്ന വാക്കുകളുടെ തിരയടി മറുവശത്തു്. “ബൃഹദ്ഘടനയായ ജനുസ്സിനുള്ളിൽ സാധ്യമായ ആവിഷ്കാരം, ജനുസ്സിന്റെ ക്രമത്തിനുള്ളിലെ കേവലസ്ഥാനം, സ്വയം പരാമർശകത്വമുള്ള ജൈവവസ്തു, ആത്മാവിൽനിന്നു് അഹത്തിലേക്കുള്ള ആത്മബോധവിച്ഛേദം, പരമ്പരാഗതസഹൃദയത്വത്തിന്റെ അവശിക്ഷ്ടബലം, ഭാവകകേന്ദ്രിതത്വത്തിൽനിന്നു് ജനകീയവത്കരിക്കപ്പെട്ട വായന, ആധുനികതയിലെ പ്രതിഭാവനകളുടെ ഭാവുകത്വപരമായ മൂർത്തീകരണം, പ്രതിനിധാനപരതയിൽനിന്നു് മോചിപ്പിക്കപ്പെട്ടു് ബഹുഭാഷിതത്തിലേക്കു് കടത്തിനിർത്തപ്പെട്ട വാക്കു്, സ്വയംപര്യാപ്തമണ്ഡലത്തെ പ്രശ്നവല്ക്കരിക്കുന്ന രൂപപ്രശ്നം, രൂപങ്ങളുടെ ലഘുതമസ്സാധാരണഗുണിതങ്ങളിൽനിന്നു് കെട്ടിപ്പടുക്കപ്പെടുന്ന ജനുസ്സ്, വിഷയിയുടെ ഗ്രാഹ്യതയിൽ കുടികൊള്ളുന്ന അറിവു്…” എന്നൊക്കെ വായിക്കുമ്പോൾ ആരും പത്തിമടക്കും. സന്ദർഭവുമായി ബന്ധിപ്പിച്ചു് ഇവയെ വായിക്കാൻ ശ്രമിച്ചാൽ മനസ്സിലാകും യാതൊരു കാര്യവുമില്ലാത്ത വാചകമടിയാണെന്നു്.” I see my wife,” എന്നു പറയേണ്ടിടത്തു് “I see some sense-data of my wife” എന്നു പറയുന്നതിൽ ആനന്ദം കണ്ടെത്തുന്ന തത്വചിന്തകനെപ്പോലെ, ഇത്തരം വാക്കുകൾ എഴുതുന്നതാണു് ഗവേഷണം എന്നു് വിദ്യാർഥികൾ ധരിച്ചുവെച്ചിരിക്കുന്നു. ഇളയിടത്തിന്റെ തീസിസ് ആധാരമാക്കി അദ്ദേഹം ‘ദമിതം’ എന്ന പുസ്തകം പ്രസിദ്ധീകരിക്കുകയും, മലയാളം അധ്യാപകർ ഇതു് തങ്ങളുടെ ബൈബിൾ ആക്കി കൊണ്ടുനടക്കുകയും ചെയ്തതോടെയാണു് ഈ വ്യാജവ്യവഹാരം മലയാളത്തിൽ വ്യാപിച്ചതു്. വിജ്ഞാനം നേടാൻ ആഗ്രഹിക്കുന്നവരെ അതിൽനിന്നു് തടയുക എന്ന അധികാരിവർഗ മനോഭാവമാണു് ദുർഗ്രഹമായ എഴുത്തിന്റെ പ്രധാന കാരണം എന്നു് അക്കാദമിക ലേഖന വിദഗ്ധർ പണ്ടുതന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ടു്.

ഇളയിടത്തിൽ നിന്നു് മലയാളത്തിൽ വ്യാപകമായ മറ്റൊരു അധാർമികത, ഉദ്ധരണികളും പരാവർത്തനങ്ങളും കൊണ്ടു് പ്രബന്ധം നിർമിക്കുന്ന രീതിയാണു്. പ്രബന്ധത്തിന്റെ എൺപതും തൊണ്ണൂറും ശതമാനം ഉദ്ധരണികളും പരാവർത്തനങ്ങളും നിറഞ്ഞ നിരവധി പ്രബന്ധങ്ങൾ ഞാൻ വായിച്ചിട്ടുണ്ടു് എന്നു പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുമോ? കടുത്ത പകർപ്പുരചനയായി വിലയിരുത്തപ്പെടുകയും, കർശനമായ ശിക്ഷാനടപടികളിലൂടെ നേരിടണമെന്നു് യു. ജി. സി. നിർദേശിക്കുകയും ചെയ്ത ഈ എഴുത്തുരീതികൾ അത്യന്താധുനിക ഗവേഷണമാതൃകകളായി കാലടിയിലെ അധ്യാപകർ ഇന്നും പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണു്. ഇതോടൊപ്പം, സംസ്കാര പഠനം എന്നതിനെക്കുറിച്ചു് വികലമായ ധാരണകളും അവർ പരത്തി. പ്രാദേശിക ചരിത്രമാണു് സംസ്കാര പഠനമായി ഇവർ പറഞ്ഞുറപ്പിച്ചതു്. വെറും ഡേറ്റാ കളക്ഷനായിരുന്നു ഇവരുടെ പ്രാദേശിക ചരിത്രം. ഒരു പ്രദേശത്തു് ഇത്ര ട്യൂട്ടോറിയൽ കോളേജുകളുണ്ടെന്നും, എത്ര പേർ എസ്. എസ്. എൽ. സി. പാസ്സായിട്ടുണ്ടെന്നും ഒക്കെ കണ്ടെത്തിയ പ്രാദേശിക ചരിത്രപ്രബന്ധങ്ങൾ ആരെയും ഞെട്ടിക്കും. ഇതെല്ലാം കാലടിയിൽ ആരംഭിക്കുകയും ക്രമേണ മറ്റു സർവകലാശാലകളിലേക്കു വ്യാപിക്കുകയും ചെയ്ത തട്ടിപ്പുകളാണു്. എന്തും എഴുതാം എങ്ങനെയും എഴുതാം എന്ന ഇന്നത്തെ അവസ്ഥയിൽ മലയാളത്തെ എത്തിച്ചതിൽ സുനിൽ പി. ഇളയിടവും കാലടി സർവകലാശാലയും വഹിച്ച പങ്കു് തിരിച്ചറിയുന്നിടത്തുനിന്നു മാത്രമേ മലയാള ഗവേഷണത്തിനു് കരകയറാൻ പറ്റുകയുള്ളൂ.

നമ്മുടെ അധ്യാപക സമൂഹത്തിനു് ഇതൊന്നും പ്രശ്നമേയല്ല. എന്തു ചവറു് എഴുതിക്കൊണ്ടുവന്നാലും ഒപ്പിട്ടുകൊടുക്കുന്ന ഗവേഷണ മാർഗദർശികളും, എന്തു് എങ്ങനെ എഴുതിയാലും ഗംഭീരം എന്നു വിശേഷിപ്പിച്ചുകൊണ്ടു് ഡോക്ടറേറ്റ് ബിരുദം നൽകാൻ ശുപാർശ ചെയ്യുന്ന പരിശോധകരും, ഓപ്പൺ ഡിഫൻസ് വെറും പ്രഹസനമാക്കുന്ന ഗവേഷക സമൂഹവും ഒക്കെ ചേർന്നു് ഗവേഷണത്തെയും പ്രബന്ധരചനയെയും ലജ്ജാകരമായ ഒന്നാക്കിമാറ്റിക്കഴിഞ്ഞു. ഇവരാണു് നമ്മുടെ യുവജനതയെ പഠിപ്പിക്കുന്നതു്, ഇവരാണു് ഗവേഷണ രീതിശാസ്ത്രം പ്രസംഗിക്കുന്നതു്. ഈ അവസ്ഥ തുടരേണ്ടതു് ഈ അധ്യാപക സമൂഹത്തിന്റെ ആവശ്യമാണു്. ഫാക്കൽറ്റി ഇമ്പ്രൂവ്മെന്റ് പ്രോഗ്രാം എന്ന പേരിൽ 75000 രൂപ ശംബളത്തോടുകൂടി രണ്ടു മുതൽ മൂന്നു വർഷം വരെയും ഫെലോഷിപ്പോടുകൂടി രണ്ടു തൊട്ടു അഞ്ചു വർഷം വരെയും ഗവേഷണം നടത്താം. ഇങ്ങനെ മാസംതോറും നല്ലൊരു തുക കൈപറ്റി അഞ്ചു വർഷം വരെ കാര്യമായ പണി ചെയ്യാതെ നടക്കുകയും, അവസാനം കോതയ്ക്കു വായിൽത്തോന്നിയ പാട്ടു് എഴുതി, അക്ഷരത്തെറ്റുകൾ പോലും തിരുത്താതെ പ്രബന്ധമായി സമർപ്പിച്ചു് ഡോക്ടറേറ്റു വാങ്ങാനും, അതിന്റെ പേരിൽ ഇതുപോലെത്തന്നെയുള്ള ഗവേഷണത്തിനു മാർഗനിർദേശം നൽകാനും, പ്രമോഷൻ വാങ്ങാനും, കഴിയുക എന്നതു് എല്ലാവർക്കും കിട്ടുന്ന ഭാഗ്യമല്ലല്ലോ. ഗവേഷണം ലജ്ജാകരമായ ഈ നിലയിൽ തുടരുക എന്നതു് മലയാളം അധ്യാപക സമൂഹത്തിന്റെ ആവശ്യമാണു്. വിമർശനങ്ങൾ ഉയരുമ്പോൾ, എല്ലാ വിഷയങ്ങളും ഇങ്ങനെത്തന്നെയാണു് എന്ന ന്യായീകരണം നിർമിച്ചു് സ്വയം ആശ്വസിപ്പിക്കുകയാണു് അവർ. മറ്റൊരു വിഷയത്തിനും ഇത്ര മോശമായ നിലവാരം ഇല്ല എന്നതാണു് വാസ്തവം. മറ്റു വിഷയങ്ങളിൽ നല്ല ഗവേഷണം എവിടെയെങ്കിലുമൊക്കെ നടക്കുന്നുണ്ടു്. മലയാളത്തിലോ? ഇവിടെയില്ലാത്ത നിലവാരം എവിടെയുണ്ടാകും? ഇതൊന്നും വിദൂരമായിപ്പോലും നമ്മുടെ അധ്യാപകരെ അലട്ടുന്നില്ല. തങ്ങളുടെ വാട്ടസ്ആപ്പ് കൂട്ടായ്മയിലെ ചർച്ചകൾ എങ്ങനെ പുറത്തറിയുന്നു എന്നതാണു് അവരുടെ വലിയ സൈദ്ധാന്തിക പ്രശ്നം. ശ്രദ്ധേയമായ നേട്ടമൊന്നുമുണ്ടാക്കാത്ത ഉപരിപ്ലവമായ ഒരു പ്രസ്ഥാനമായി കഴിയുന്ന കാലത്തുപോലും, ലജ്ജാകരം എന്നു് ആരും മലയാള ഗവേഷണത്തെ വിശേഷിപ്പിക്കുമായിരുന്നില്ല. ഇന്നോ ഡോക്ടറേറ്റ് എന്നതു് ഒരു അശ്ലീലപദമായിത്തീർന്നിരിക്കുന്നു. മലയാളവും വേണ്ട, ഗവേഷണവും വേണ്ട നമ്മുടെ അധ്യാപകർക്കു്; ഈ അശ്ലീലപദം മതി.

സാഹിത്യനിരൂപകനും ഭാഷാശാസ്ത്രജ്ഞനും.
കേരളസർവകലാശാലയിൽ നിന്നു് ഭാഷാശാസ്ത്രത്തിൽ എം. എ. ഡോക്ടറേറ്റ് ബിരുദങ്ങൾ നേടിയ ശേഷം ഗവേഷണ-അധ്യാപന രംഗത്തു് മുപ്പതിലേറെ വർഷങ്ങൾ പ്രവർത്തിച്ചു. ഇപ്പോൾ ഓക്സ്ഫോർഡ് യൂണിവേർസിറ്റി പ്രസ്സിന്റെ ലാംഗ്വേജ് കൺസൾട്ടന്റും മലയാളം-ഇംഗ്ലീഷ് ഓൺലൈൻ നിഘണ്ടുവിന്റെ ചീഫ് എഡിറ്ററും ആണു്. കേരള കേന്ദ്ര സർവകലാശാല, യെമെനിലെ യൂണിവേർസിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി എന്നിവടങ്ങളിൽ ഭാഷാശാസ്ത്രം അസോസിയേറ്റ് പ്രൊഫസ്സർ ആയിരുന്നു. അതിനു മുൻപു് ദ്രാവിഡ ഭാഷാ ഗവേഷണകേന്ദ്രം, എസ്. സി. ആർ. ടി., മൈസൂറിലെ സെൻട്രൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജസ് എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ടു്.
മലയാളത്തിന്റെ രൂപഘടനയും വാക്യഘടനയും, കേരളത്തിലെ ആദിവാസി ഭാഷകൾ, സംസ്കൃതത്തിലെ ദ്രാവിഡ പദങ്ങൾ, മലയാള ഭാഷാബോധനം, ഗവേഷണരീതിശാസ്ത്രം എന്നീ മേഖലകളിലാണു് പ്രധാനമായും പ്രവർത്തിച്ചിട്ടുള്ളതു്. ഭാഷാശാസ്ത്രം, സാഹിത്യനിരൂപണം, വിദ്യാഭ്യാസം എന്നീ വിഷയങ്ങളിലായി 15 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. ഭാഷാഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കേരളഭാഷാ നിഘണ്ടുവിന്റെ അസിസ്റ്റന്റ് എഡിറ്ററും, ദ്രാവിഡ ഭാഷാകേന്ദ്രം പ്രസിദ്ധീകരിച്ച മൂന്നു വാല്യങ്ങളുള്ള Dravidian Encyclopedia-യുടെ അസോഷ്യേറ്റ് എഡിറ്ററും ആയിരുന്നു. 2013-ൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിരൂപണത്തിനുള്ള ഡോ. കെ. എം. ജോർജ് പുരസ്കാരം നേടി.
- സാഹിത്യഗവേഷണം—സിദ്ധാന്തവും പ്രയോഗവും
- ഭാഷയും ഭാഷാശാസ്ത്രവും
- വാക്യദർശനം
- Malayalam—A Descriptive Outline
- Tribal Languages of Kerala
- A grammar of Malayalam
- Malayalam Tutor
- പി. ഒരു പുനർവായന
- ശിരോലിഖിതത്തിന്റെ കാർബൺ പതിപ്പുകൾ
- ഹാസ്യത്തിന്റെ രസതന്ത്രം
- പാഠ്യപദ്ധതി സിദ്ധാന്തം
- മാർക്സിയൻ വിദ്യാഭ്യാസ ദർശനം
- പാഠാസൂത്രണം