images/Chess_board.jpg
Black and white chessboard, a photograph by King Mali .
ചതുരംഗം
രമ പ്രസന്ന

മാഗോളിത്തെരുവു് കടന്നപ്പോഴാണു് തവിട്ടു് നിറമുള്ള കൈലി ചുറ്റി കണ്ണിൽ അഗ്നിയുമായി അയാൾ മുന്നിൽ വന്നതു്. അയാൾ വരുന്നതും പോകുന്നതും അതീവഭീകരമായ ഏതെങ്കിലും കൃത്യം ചെയ്യാനാകും. രംഗോലിത്തെരുവിലെ പട്ടമ്മാളിന്റെ വീടു് വിൽക്കുന്നില്ലെന്നു് മാമി തീർത്തു് പറഞ്ഞപ്പോഴാണു് മൂന്നു് മാസം മുൻപേ അയാൾ വന്നതു്. ഭാഷാസിനിമയിലെ ഗുണ്ടകളെ പലപ്പോഴും അയാൾ അനുകരിക്കാറുണ്ടെന്നു് കവലയിൽ കാപ്പി വിൽക്കുന്ന മുരുകൻ പറയാറുണ്ടു്.

മാഗോളിത്തെരുവു് പണ്ടെങ്ങോ കുറേയേറെ മംഗോളിയക്കാർ താമസിച്ച തെരുവാണത്രെ. അവിടെയുണ്ടായിരുന്ന മാണിക്യമമ്മ ഒരു മംഗോളിയക്കാരനെ തിരുമണം ചെയ്തുവെന്നും അതിനാലാണു് അവിടെയുള്ള ചില കുട്ടികൾക്കു് മംഗോളിയരുടെ പതിഞ്ഞ മൂക്കും മഞ്ഞളു കലർന്ന നിറവുമുണ്ടായതെന്നു് മുരുകന്റെ കാപ്പിക്കടയിലിരുന്നു സമയം തീറെഴുതുന്നവർ പറയാറുണ്ടു്…

മംഗോളിത്തെരുവു് പറഞ്ഞും ലോപിച്ചും മാഗോളിത്തെരുവായി. ആ തെരുവിൽ നിന്നു ടൗണിലേയ്ക്കുള്ള റോഡിൽ നിന്നു അരക്കിലോമീറ്റർ ഉള്ളിലാണു് രംഗോലിത്തെരുവു്. റോഡ് പുനർനിർമ്മിക്കുന്നുവെന്നും പുതിയ പാതകൾ രംഗോലിത്തെരുവിനുണ്ടാക്കുന്ന ഭൂമിവില മനസ്സിൽ കണ്ട വില്ലാനിർമ്മാണക്കമ്പനിയാണു് തെരുവിന്റെ ആദ്യഭാഗത്തുള്ള വീടുകൾ വാങ്ങാൻ തീരുമാനിച്ചതു്. കൂടുതൽ വിലകിട്ടിയപ്പോൾ മൂന്നു പേർ വീടു വിൽക്കാൻ തയ്യാറായി. പക്ഷേ, പട്ടമ്മാൾ മാത്രം അതിനെതിരു നിന്നു. ആ സമയത്തായിരുന്നു പോയ മാസത്തിലെ അയാളുടെ രംഗപ്രവേശം. മാട്ടുതാവണി പേച്ചു് എന്നു് മുരുകൻ ആരുമില്ലാത്തപ്പോൾ അയാളെ പരിഹസിച്ചിരുന്നു. അയാൾ വരുമ്പോൾ അതീവ ഭവ്യതയോടെ “കാപ്പി എടുക്കട്ടെ അണ്ണാ” എന്നു് പറഞ്ഞു് ഉള്ളിൽ പരിഹസിച്ചു് പുറമേ ലോഹ്യം കൂടി നിൽക്കുന്ന മുരുകനെ നോക്കി ഇരിക്കുമ്പോൾ പലപ്പോഴും ചിരി നിയന്ത്രിക്കാനാവാതെ വന്നിട്ടുണ്ടു്. കത്തിവേഷങ്ങളുടെ എല്ലാ കോലാഹലത്തോടെയും, ഗോഗ്വോ വിളികളോടെയുമാണു് അയാളുടെ വരവു്. ശല്യം സഹിക്ക വയ്യാതെ പട്ടമ്മാൾ രംഗോലിത്തെരുവിലെ സ്ഥലം വിറ്റു് മൈലാപ്പൂരിലേയ്ക്കു് പോയി.

ഇത്തവണത്തെ അയാളുടെ വരവു് എന്നെത്തേടിയായിരുന്നു. ചിന്തിക്കാൻ അധികസമയം കിട്ടുന്നതിനു മുൻപേ അയാൾ എന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു.

“നിനക്കു് പെരിയ കളി തന്നെ കളിക്കണമല്ലേടാ” എന്നൊരു ചോദ്യവും. “കാണിച്ചു തരാം” എന്നൊരു ഭീഷണിയും. അതിനു ശേഷം. അയാൾ എന്നെ ഷർട്ടിലുയർത്തി താഴെ നിർത്തി കടന്നുപോയി…

images/chathurangam-03.png

സർക്കാർ സ്ക്കൂളിലെ ചരിത്രം പഠിപ്പിക്കുന്ന മാഷിനോടായിരുന്നു ആദ്യം ഇതേപ്പറ്റി പറഞ്ഞതു്. അതിനദ്ദേഹം പറഞ്ഞ മറുപടി കേട്ടു് എനിയ്ക്കു് ചിരിക്കാനാണു തോന്നിയതു്. ഇവരെല്ലാവരും എന്തിനാണു് എന്നെ ഇത്രയധികം ഭയക്കുന്നതു്. എന്തിനാണു് എന്നെ തടുക്കാൻ ശ്രമിക്കുന്നതു്. മാട്ടുതാവണി ഗുണ്ട ഭീഷണിപ്പെടുത്താനാവും വിധം അപരാധമൊന്നും ഞാൻ ചെയ്തിരുന്നില്ല.

രംഗോലിത്തെരുവിനും അപ്പുറമുള്ള തുന്നൽക്കാരൻ തെരുവിനുമപ്പുറത്താണു് മാലിന്യക്കൂമ്പാരം എടുത്തുകൊണ്ടുവരുന്നവരുടെ വീടുകൾ… അതിനു് ഇടത്തോട്ടു് തിരിയുന്ന വഴിയിലാണു് അലക്കുകാർ താമസിക്കുന്ന സ്ഥലം. അമ്മയും അച്ഛനും ടൗണിലെ ലോണ്ഡ്രികളിൽ നിന്നും ആശുപത്രിക്കാർ കൊടുക്കുന്ന തുണികൾ പുഴുങ്ങിയലക്കുന്നതും ചുറ്റിലുമുള്ള വൃത്തിഹീനമായ ഇടങ്ങളും കണ്ടു വളർന്നതിനാലാകണം ദാരിദ്ര്യത്തിന്റെ തെരുവുകളിലെ അപകർഷതാബോധം ചില നേരങ്ങളിൽ എന്നെയും കീഴടക്കിയിരുന്നു.

പണമുണ്ടാക്കേണ്ടതു് എന്റെയാവശ്യമായിരുന്നു. അതിനായി ഞാൻ ആദ്യശ്രമം നടത്തിയതു് പാട്ടിലായിരുന്നു… കിട്ടുന്ന കൂലി കുടിച്ചു തീർക്കാത്ത അച്ഛനായിരുന്നു എന്റേതു്… അന്തി മയങ്ങുമ്പോൾ വൃത്തിഹീനമായ ജീവിതസാഹചര്യം മറക്കാൻ വില കുറഞ്ഞ മദ്യം കൂടുതൽ സേവിച്ചു് ഉച്ചത്തിലെന്തെക്കെയോ ശബ്ദിച്ചു് ഇടയ്ക്കു് ഹിറ്റ് തമിഴ് സിനിമയുടെ അശ്ലീലച്ചുവയുള്ള പാട്ടു പാടി, ചിലപ്പോൾ അതിഭീകരമായി കരഞ്ഞു നടക്കുന്ന ധാരാളം ആളുകൾ പാർക്കുന്ന ഒരു ചേരിയിൽ അച്ഛൻ ജീവിച്ച അതിമഹത്തായ ജീവിതമായിരുന്നു എനിയ്ക്കു തുണയായതു്. അച്ഛനു ബാങ്ക് അക്കൗണ്ട് ഉണ്ടായിരുന്നു. പത്തു്, നൂറു് രൂപകൾ ചെറിയ സമ്പാദ്യത്തിൽ നിന്നു് അച്ഛൻ ബാങ്കിൽ നിക്ഷേപിക്കുന്നതു ഞാൻ കണ്ടിട്ടുണ്ടു്. അമ്മ വളരെ കരുതലോടെ പണം ചിലവാക്കി. പക്ഷേ, അവരെ രണ്ടു പേരെയും തോല്പിച്ചൊരാൾ വീട്ടിലുണ്ടായിരുന്നു. അച്ഛനും, അമ്മയും രക്തം തൂവിയുണ്ടാക്കിയ പണം കൊടുത്തു് കല്യാണം ചെയ്തയച്ച എന്റെ കൂടപ്പിറപ്പു്.

റെയിൽവേയിലെ പ്യൂൺ എന്നൊക്കെ പറഞ്ഞാൽ ചേരിയിലെ ആൾക്കാർക്കു് കലക്റ്ററെ പോലെയായിരുന്നു. അയാൾക്കു് കാറു വാങ്ങാൻ എന്റെ അച്ഛനുമമ്മയും പുഴുങ്ങി അലക്കു കല്ലിലിടിച്ചു സമ്പാദിച്ച പണം തികയാതെ വന്നു. മാനസിക പീഡനം സഹിക്കാതെ എന്റെ ചേച്ചി ആത്മഹത്യ ചെയ്തപ്പോൾ പോലും അച്ഛൻ മദ്യപിച്ചില്ല.

അച്ഛനു് എന്നിലൊരു പ്രതീക്ഷയുണ്ടായിരുന്നു. അതു് എനിക്കു പെട്ടെന്നു മനസ്സിലായതു് എന്റെ ഐക്യുവിനു് വല്യ ശാസ്ത്രഞ്ജന്മാരുടെ ഐക്യുവോളം വലുപ്പമുണ്ടെന്ന അറിവായിരുന്നു. പാട്ടു പാടി പണമുണ്ടാക്കാൻ ശ്രമിച്ചപ്പോഴും പാട്ടു് എനിയ്ക്കു് പിടിതരാതെ പോയതു് എന്റെ ശിരസ്സിലെ കലയുടെ ഭാഗം ശൂന്യമാണെന്നുള്ള പാട്ടു മാഷുടെ കണ്ടുപിടിത്തമായിരുന്നു.

എന്നെ പാട്ടു പഠിപ്പിച്ച മാഷ് തന്നെയാണു് എന്റെ സയൻസ് ബ്രെയിന്റെ ശക്തിയെക്കുറിച്ചു് എനിക്കറിവു തന്നതു്. ഒരിക്കൽ പാട്ടു പഠിക്കാൻ കുട്ടികൾ വരാൻ വൈകിയ ഒരിടവേളയിൽ ക്ലാസിലേയ്ക്കു ചെന്ന ഞാൻ കണ്ടതു് മാഷ് സ്വയം ചതുരംഗം കളിക്കുന്നതാണു്. എന്നെ കണ്ടപ്പോൾ കൂടുന്നോ എന്നു് ചോദിച്ചു. അന്നു രണ്ടു നീക്കങ്ങൾ കൊണ്ടു് ഞാൻ മാഷ്ക്കു് ചെക്ക് അടിച്ചപ്പോൾ മാഷ് അത്ഭുതത്തോടെ എന്നെ നോക്കി. ഇനി രക്ഷയില്ല, കുടുങ്ങി എന്നു് പറഞ്ഞു് മാഷ് ഒരിക്കൽ കൂടി കളിച്ചപ്പോൾ മൂന്നു് മിനിട്ടിൽ മാഷിന്റെ മന്ത്രിയും അടുത്ത നീക്കങ്ങളിൽ രണ്ടു കുതിരയും എന്റെ കൈയിലായപ്പോഴാണു് മാഷ് ചരിത്രപ്രസിദ്ധമായ ആ പ്രസ്താവന നടത്തിയതു്…

“തിരുവന്തോരം ചിന്ന പയ്യാ നിനക്കറിയോ ദ്യൂതം എന്താണെന്നു്. മഹാദ്യൂതം! കുരുക്ഷേത്രത്തിന്റെ ആരംഭം അവിടെ നിന്നാണു്. ചെസ്, ചതുരംഗം… ”

“നീ പാട്ടു് പഠിക്കേണ്ട. നിന്റേതു് സയൻസ് ബ്രെയിനാണു്”.

മാഷ് വരേണ്ട എന്നു് പറഞ്ഞിട്ടും ഞാൻ വീണ്ടും പാട്ടു പഠിച്ചു കൊണ്ടിരുന്നു. നൂറും ഇരുനൂറും രൂപയ്ക്കു് ഗാനമേളകളിൽ ഞാൻ കോറസ് പാടി. എന്റെ ചേരിചരിത്രം സ്ലം ഡോഗ് മില്യന്യർ പോലെ പെട്ടെന്നൊരു നാൾ ഉണ്ടായ വിജയമായിരുന്നില്ല.

സർക്കാർ സ്ക്കൂളിൽ പോലും മത്സരം വരുമ്പോൾ മാഷുമാരുടെ കുട്ടികൾക്കു് പ്രാമുഖ്യം കൊടുക്കാറുണ്ടായിരുന്നു. മത്സരം ആരെയുമറിയിക്കാതെ നടത്തുക, ഉയർന്ന വീടുകളിലെ കുട്ടികൾക്കു സമ്മാനം കൊടുക്കുക ഇതൊക്കെ പതിവായിരുന്നു. ചേരികളിലെ കുട്ടികളെ സാധാരണ പൗരന്മാരായി ആരും അംഗീകരിച്ചിരുന്നില്ല.

തികച്ചും അപ്രതീക്ഷിതമായി എന്റെ അച്ഛനുമമ്മയും അലക്കു തുണികൾ കൊണ്ടുവരുന്ന ആശുപത്രിയിലെ അൽഷൈമേഴ്സ് വാർഡിനു വേണ്ടി മുൻ ലോക ചാമ്പ്യൻ കുറേയേറെ കുട്ടികളോടു് ചെസ് കളിക്കാൻ തയ്യാറായി. അതു കാണാൻ പോയപ്പോഴാണു് എന്നോടു് വളരെയധികം കരുണ കാണിക്കാറുള്ള വർഗീസ് ഡോക്ടർ എനിക്കൊരു ചെസ് ടേബിൾ തന്നതു്.

ആദ്യമായാണു് ഇതേ പോലൊരു സംഭവം എന്റെ ജീവിതത്തിലുണ്ടായതു്. ആ സൗഹാർദ്ദമൽസരത്തിൽ ഞാൻ മുൻ ലോകചാമ്പ്യനെ രണ്ടു് തവണ സമനിലയിൽ കുടുക്കി.

സഞ്ജയ് അയ്യർ എന്ന ആ മുൻ ലോകചാമ്പ്യൻ എന്നോടു് ആരാണു പരിശീലകൻ എന്നു് ചോദിച്ചു. എന്നെ ആദ്യം ചതുരംഗം പഠിപ്പിച്ചതു് മുരുകനായിരുന്നു. ഉച്ചയൂണു് കഴിഞ്ഞു് കാപ്പിക്കടയിലിരുന്നുള്ള നേരം പോക്കു്. പട്ടാളത്തിലായിരുന്ന മുരുകന്റെ സഹോദരൻ ഒരവധിക്കാലത്തു് മുരുകനെ പഠിപ്പിച്ച ചതുരംഗക്കളി എനിക്കും വശമായി. എന്റെ വിശാലമായ സയൻസ് ബ്രെയിൻ കാരണമാകാം രണ്ടു ദിവസം കൊണ്ടു് അതെന്റെ മനസ്സിൽ കുടിയേറി… ഞാനെന്തോ കൗശലം പ്രയോഗിച്ചോ, കള്ളക്കളിയിലോ ജയിക്കുന്നുവെന്നു് മുരുകൻ വിശ്വസിച്ചു. അതിനാൽ ചൈൽഡ് പ്രോഡിജി എന്നെല്ലാം പറയും പോലൊരു വാർത്താപ്രാധാന്യം എനിക്കു് ലഭിച്ചില്ല.

സഞ്ജയ് അയ്യർ എന്ന മുൻ ലോകചാമ്പ്യൻ ജോലിയിൽ നിന്നു വിരമിച്ചു് ചതുരംഗത്തിന്റെ ലോകവക്താവായി നടക്കുന്ന കാലത്താണു് ഞാൻ അദ്ദേഹത്തെ പരിചയപ്പെടുന്നതു്. ‘നന്നായി കരുനീക്കാനറിയുന്ന കുട്ടി’ എന്നൊരു പരിഗണന അദ്ദേഹം എനിയ്ക്കു തന്നിരുന്നു. അങ്ങനെയങ്ങനെയാണു് സഞ്ജയ് അയ്യർ എന്ന മുൻ ലോകചാമ്പ്യന്റെ ചിറകിനു കീഴിൽ ഞാൻ പരിശീലനം ആരംഭിച്ചതു്. കൃത്യമായി കരുനീക്കാനല്ലാതെ ബുദ്ധിപൂർവ്വമായ കൗശലങ്ങൾ കാട്ടാൻ എനിക്കറിയില്ലായിരുന്നു. പ്രായോഗികതലത്തിൽ ലോകനിലവാരത്തിന്റെ ബാലപാഠങ്ങൾ അയ്യർ സാർ എനിയ്ക്കു് പറഞ്ഞു തന്നു.

images/chathurangam-01.png

അങ്ങനെയൊരു നാളിൽ, ചേരിനിവാസിയും അലക്കുകാരുടെ മകനുമായ മറ്റൊരു കർണ്ണനു് അംഗരാജകിരീടം ലഭിക്കുന്നതു്. 2018-ലെ ലോകചാമ്പ്യനായ അനിരുദ്ധോ മഹോപാദ്ധ്യായ എന്ന അതീവ പ്രശസ്തനായ, ഇന്ത്യയുടെ അഭിമാനമെന്നു് രാഷ്ട്രനേതാക്കളെല്ലാം അഭിനന്ദിക്കുകയും പദ്മശ്രീ പുരസ്ക്കാരം ലഭിക്കുകയും ചെയ്ത, അദ്ദേഹത്തെ ഞാൻ തോല്പിക്കുന്നതു്. പക്ഷേ, എന്നെ തീർത്തും നിരാശപ്പെടുത്തിക്കൊണ്ടു് ആ വാർത്ത വന്നതു് സ്പോർട്സ് പേജിന്റെ ആരും തന്നെ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചെറിയ, ചിത്രമില്ലാത്ത, വാർത്തയായാണു്.

അതിനടുത്ത നാളുകളിൽ എന്റെ നിരാശയെ തിർത്തും ഇല്ലാതാക്കിക്കൊണ്ടു് എന്റെ ചിത്രം വച്ച വാർത്തകളൊക്കെ ചില പത്രമാസികകളിൽ അല്പം പ്രാധാന്യത്തോടെ അച്ചടിച്ചു വന്നു. സഞ്ജയ് അയ്യർ എന്ന മുൻ ചാമ്പ്യനായിരുന്നു അതിനു പിന്നിൽ പ്രവർത്തിച്ചതു്…

പിന്നീടു് റോട്ടറിയുടെ ധനശേഖരണത്തിനായി ചെസ് കളിച്ചപ്പോഴാണു് അനിരുദ്ധിനെ വീണ്ടും ഞാൻ തോല്പിച്ചതു്. എന്നെ അത്രയൊന്നും സന്തോഷമില്ലാതെ അദ്ദേഹം അഭിനന്ദിച്ചപ്പോൾ എനിയ്ക്കു് വലിയ സങ്കടമൊന്നും തോന്നിയില്ല. ജയിക്കുമ്പോഴും തോറ്റവരുടെ അവസ്ഥയിലാകുന്നവരിലൊരാളാണു് ഞാൻ എന്നെനിക്കു് മനസ്സിലായി…

ലോക ചാമ്പ്യൻഷിപ്പ് ഇന്ത്യയിലേയ്ക്കു് വരുന്നതിനു മുമ്പുള്ള പരിശീലനം പോലെ ദേശീയതലത്തിൽ നടത്താൻ തീരുമാനിച്ച ചെസ് ടീമിലേയ്ക്കു് എന്നെയുൾപ്പെടുത്തി സഞ്ജയ് അയ്യർ മാഷ് എന്നെ അത്ഭുതപ്പെടുത്തി.

അന്നാണു് ആദ്യമായി എനിക്കൊരു ഭീഷണി ലഭിച്ചതു്.

ചേരിക്കാരിൽ പല ഗുണ്ടകളുമുണ്ടു്. അവരാണു് പലരെയും പലപ്പോഴും പേടിപ്പിക്കുന്നതും ക്വട്ടേഷനെടുത്തു് ആളുകളെ പൊതിരെ തല്ലിവിടുന്നതും, അതിനാൽ ഒരു ഭീഷണി വന്നപ്പോൾ എനിക്കതു് തമാശയായി തോന്നി. പക്ഷേ, പിറ്റേന്നും അതേ ഭീഷണി തുടർന്നപ്പോൾ എനിക്കതു് കാര്യമായി എടുക്കേണ്ടി വന്നു. അങ്ങനെയൊരു നാളാണു് മാട്ടുതാവണിക്കാരൻ സ്ഥിരം ഗുണ്ട എന്നെ ഷർട്ടിലുയർത്തി “നിനക്കു് പെരിയ കളി തന്നെ കളിക്കണമല്ലേ” എന്നു് ചോദിച്ചതു്.

എന്റെ ശിരസ്സിലെ മെഡുല്ല ഒബ്ലാംഗേറ്റ ഏതു് പ്രതികരണമാണു് ഒരു വാടകഗുണ്ടയോടു് ചെയ്യേണ്ടതെന്നു് എന്നോടു് പറഞ്ഞു തന്നില്ല. തീയും, വീഴ്ചയുമെല്ലാം പെട്ടെന്നു ശ്രദ്ധിക്കാൻ സന്ദേശങ്ങളയയ്ക്കുന്ന എന്റെ ഉള്ളിലെ കമാൻഡോ ഇതിനു മാത്രം നിർദ്ദേശവും തരുന്നില്ലല്ലോ എന്നോർത്തു് ഞാൻ രക്ഷപ്പെടാനുള്ള വഴികളാലോചിച്ചു.

ഒരാൾ ഭീഷണിപ്പെടുത്തുന്നു എന്നു കാട്ടി ചെറിയ വീഡിയോ ഉണ്ടാക്കി പോസ്റ്റ് ചെയ്യാൻ മുരുകൻ പറഞ്ഞു. പക്ഷേ, വഴിയിലൂടെ നടന്നു പോകുമ്പോൾ ഒരു വണ്ടി വന്നിടിച്ചാൽ അപകടമരണമെന്നല്ലാതെ അതിനു് വേറൊരു കാരണം തേടിപ്പോകാൻ ഞാൻ സമൂഹത്തിലെ വലിയ ഹീറോയൊന്നുമായിരുന്നില്ല. എങ്ങനെയായിരിക്കും ഒരു വാടകക്കൊലയാളി എന്നെ ഇല്ലാതാക്കുക എന്നാലോചിക്കുന്നതിനെക്കാൾ ബുദ്ധിപൂർവ്വമായി രക്ഷപ്പെടാനൊരു മാർഗ്ഗം തേടുകയാണു് നല്ലതെന്നു് എന്റെ മനസ്സു് എന്നെ ഓർമ്മപ്പെടുത്തി.

ചതുരംഗം കളിച്ചു് ലോകചാമ്പ്യനാകണമെന്നൊരു മോഹമൊന്നും എനിക്കില്ലായിരുന്നു. സഞ്ജയ് അയ്യർ എന്ന നല്ല മനുഷ്യൻ എന്നെ നിർബന്ധിക്കുന്നതിനാൽ ചെസ് കളിയ്ക്കുന്ന ഞാൻ ആർക്കും ഒരു ഭീഷണിയാണെന്നു് എനിയ്ക്കൊരിക്കലും തോന്നിയിരുന്നില്ല.പക്ഷേ, ഇപ്പോഴാണു് അതിന്റെ ഗൗരവം എനിയ്ക്കു മനസ്സിലായതു്. ഞാൻ ഈ മത്സരത്തിൽ കളിയ്ക്കണമെന്നു് അയ്യർ സാർ വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തുന്നു. അങ്ങനെ ചെയ്താൽ മാട്ടുതാവണി ഗുണ്ട എന്നെ തട്ടിക്കളയും എന്നെനിയ്ക്കു് ഉറപ്പുമുണ്ടു്.

രക്ഷപ്പെടാനൊരു മാർഗ്ഗമന്വേഷിച്ചു് ഉറക്കം തെറ്റിയ ഒരു പ്രഭാതത്തിലാണു് അതു് സംഭവിച്ചതു്.

മാട്ടുതാവണിഗുണ്ട എന്റെ ചേരിയിലേയ്ക്കു് വരുന്നു. തിളങ്ങുന്ന ഒരു കത്തി കാട്ടി ശബ്ദിക്കരുതെന്നു് പറഞ്ഞു് എന്നോടു് കൂടെ വരാൻ ആജ്ഞാപിക്കുന്നു. അയാളുടെ ഓമ്നി ഏതൊക്കെയോ ഉൾപ്രദേശത്തിലൂടെ സഞ്ചരിക്കുന്നു. ആൾപ്പാർപ്പില്ലാത്ത ഒരിടത്തു് ഒരു നെൽപ്പാടത്തിലൂടെ നടന്നു് കനാലും കടന്നു് എത്തിയ ചതുപ്പു പ്രദേശം എന്നെ ഞെട്ടിച്ചു.

ആദ്യമായി മരണഭയം എന്നിലുണ്ടായി. മാട്ടുതാവണിഗുണ്ട എന്നെ തൂക്കിയെടുത്തു് ചതുപ്പിലേയ്ക്കിടാനാഞ്ഞപ്പോൾ ചതുരംഗത്തിലെ കുതിരയെ വെട്ടിയ അംഗരക്ഷകനെ പോലെ ഞാനയാളുടെ കഴുത്തിൽ മുറുകിപ്പിടിച്ചു. കാൽ വഴുതി അയാളും ഞാനും ചതുപ്പിലേയ്ക്കു് വീണു. പെട്ടെന്നുണ്ടായ കാൽ വഴുതലായതിനാൽ ചതുപ്പിന്റെ ഒരരികിലാണു് ഞങ്ങൾ വീണതു്. പതിയെ പതിയെ ഞങ്ങൾ ചതുപ്പിലേയ്ക്കു് താഴുന്നുണ്ടായിരുന്നു…

താഴുന്നതിനു മുൻപു് അല്പദൂരം ചതുപ്പു് നീന്തൽ നടത്തിയാൽ രക്ഷപ്പെടാമെന്നൊരു ധൈര്യം എന്നിലുണ്ടായി. ചേരിയുടെ ദാരിദ്രം നിറഞ്ഞ എന്നെപ്പോലെയായിരുന്നില്ല താവണിഗുണ്ട. അയാൾക്കു് സാമാന്യത്തിലധികം ശരീരഭാരമുണ്ടായിരുന്നു. അയാൾ എന്നെക്കാൾ മുൻപേ താഴ്‌ന്നു പോകും എന്നെനിക്കുറപ്പുണ്ടായിരുന്നു.

വളരെയധികം കഷ്ടപ്പെട്ടു് ഞാനൊരുവിധത്തിൽ തെന്നിത്തെറിച്ചു് നിൽക്കുന്ന ചതുപ്പിനൊരു വശത്തേയ്ക്കു് കയറി. അവിടെ നിന്നു് നോക്കിയപ്പോൾ താവണിഗുണ്ടയുടെ ദയനീയമുഖം എനിയ്ക്കു് കാണാനായി. ഒരു ഗുണ്ട എങ്ങനെയുണ്ടാകുന്നു എന്നു് ചേരിയിൽ വളർന്ന എനിയ്ക്കു് നന്നായി അറിയാമായിരുന്നു. അതിനാൽ അയാളെ രക്ഷിക്കണമെന്നു് എനിക്കാഗ്രഹമുണ്ടായി.

നെൽപ്പാടത്തിലേയ്ക്കു് വെള്ളം കയറ്റുന്ന പമ്പിന്റെ അടുത്തുണ്ടായിരുന്ന ഹോസ് പൈപ്പിൽ ഒരു പ്രതീക്ഷ എനിയ്ക്കുണ്ടായി. അതെടുത്തു് നീട്ടിയെറിഞ്ഞു് അയാളോടു് രക്ഷപെടാൻ ശ്രമിക്കാൻ ഞാൻ പറഞ്ഞു.

അയാൾ എന്നെ സംശയത്തോടെ നോക്കിയെങ്കിലും പതിയെ മുന്നോട്ടു് വന്നു. അയാൾ രക്ഷപ്പെടുമെന്നു് ഉറപ്പായപ്പോൾ അവിടെ നിന്നാൽ എന്നെ അയാൾ മറ്റേതെങ്കിലും വിധത്തിൽ കൊല്ലുമെന്നു് എന്റെ ബുദ്ധി എന്നെ ഓർമ്മപ്പെടുത്തിയതിനാൽ ഞാനവിടെ നിന്നോടി രക്ഷപ്പെട്ടു.

പാടം കഴിഞ്ഞു് കൈത്തോട്ടിൽ മുങ്ങി ചേറും ചെളിയും നീക്കി ഞാനോടി. ഗ്രാമപ്രദേശത്തെത്തിയപ്പോൾ അവിടെ കണ്ട ഒരു കാളവണ്ടിയിൽ കയറി. മാഗോളിത്തെരുവിലേയ്ക്കു് അവിടെ നിന്നു് ഏകദേശം 30 കിലോ മീറ്ററുണ്ടെന്നു് വണ്ടിക്കാരൻ പറഞ്ഞു. ഒരു വിധത്തിൽ മുരുകന്റെ കടയിലെത്തി ഒന്നും പറയാനാവാതെ ഞാനിരുന്നു.

ചെസ് ഇനിയൊരിക്കലും കളിക്കില്ലെന്നു് ഞാൻ എന്നോടു തന്നെ പറഞ്ഞു.

മൂന്നു നാൾ കഴിഞ്ഞു് മുരുകന്റെ കാപ്പിക്കടയിലിരുന്നു് എന്റെ അനുഭവങ്ങളുടെ തീക്ഷ്ണത വീണ്ടും വീണ്ടും ഓർമ്മിച്ചുകൊണ്ടിരുന്ന ഒരു സായാഹ്നത്തിൽ മധുരമീനാക്ഷികോവിലിന്റെ അടുത്തുള്ള മാട്ടുതാവണിയിൽ നിന്നു് അയാൾ വീണ്ടും മാഗോളിത്തെരുവിലേയ്ക്കു് വന്നു.

ഇപ്രാവശ്യം വന്നതു് എന്നോടു് നന്ദി പറയാനാണു്. മുരുകന്റെ കാപ്പിക്കടയിലിരുന്നു് അയാളോടു് ഞാൻ പറഞ്ഞു:

“നിങ്ങൾ കാരണം ഞാൻ ചെസ് നിർത്തി.”

“ചെസോ എന്താതു്… ”

ചെസ് എന്തെന്നു് അറിയാതയോ ഇയാളെന്നെ കൊല്ലാൻ വന്നതു്…

“എടോ തന്നെ കൊല്ലാൻ വന്നതു് ചെസിനു വേണ്ടിയല്ല. തന്റെ അളിയൻ റെയിൽവേ പ്യൂൺ അയാളാണു് തന്നെ അപകടപ്പെടുത്താൻ അയ്യായിരം രൂപ തന്നതു്.”

എന്റെ ജീവന്റെ വില അയ്യായിരം രൂപയെന്നറിഞ്ഞു് എനിക്കെന്നോടു് അളവില്ലാത്ത സഹതാപം തോന്നി.

“നിന്റെ പെങ്ങൾ മരിച്ച കേസിൽ നീ അയാൾക്കെതിരെ കേസ് കൊടുത്തില്ലേ… അയാൾക്കു സസ്പെൻഷനായി. അതിന്റെ വാശിയിലാണു് നിനക്കായി ഒരു ക്വൊട്ടേഷൻ എനിയ്ക്കു് കിട്ടിയതു്.”

എനിയ്ക്കു് ചിരിയടക്കാനായില്ല.

images/chathurangam-02.png

എന്റെയുള്ളിൽ മന്ത്രിയുടെ അബദ്ധനീക്കത്തിൽ ചെക്കിലകപ്പെട്ട രാജാവിന്റെ മുഖമായിരുന്നു…

“നീയെന്തിനാ ചിരിക്കുന്നതു്…?”

“അപ്പോളെനിക്കിനിയും ചെസ് കളിക്കാമല്ലേ…?”

“നീയെന്തു വേണമെങ്കിലും കളിച്ചോ…,”

അയാൾ കാപ്പിയുടെ മട്ടും കൂടി കുടിച്ചിറങ്ങിപ്പോയി…

ഒരു കാലാൾ ചതുരംഗക്കളത്തിൽ ആരും എതിർക്കാനാവാതെ മുന്നോട്ടു പോകുന്നതും കിരീടം വച്ചൊരു രാജാവു് നോക്കിയിരിക്കുന്നതും ചിന്തിച്ചു് ഞാൻ മുരുകന്റെ കാപ്പിക്കടയിലിരുന്നു…

രമ പ്രസന്ന

കഥകളി ആചാര്യനായിരുന്ന ശ്രീമാങ്ങാനം രാമപ്പിഷാരടിയുടെയും, ഗവണ്മെന്റ് സ്കൂൾ അദ്ധ്യാപികയായിരുന്ന കമല പിഷാരസ്യരുടെയും മകൾ. സോഷ്യോളജിയിൽ ബിരുദാനന്തബിരുദം. പാലസ് ഗ്രൗണ്ടിൽ നടന്ന സഹസ്രവീണയിൽ പങ്കെടുത്തു് ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സ് അംഗീകാരം ലഭിച്ചിട്ടുണ്ടു്. സുപ്രസിദ്ധ വീണവിദ്വാൻ ചിട്ടി ബാബുവിന്റെ പ്രധാന ശിഷ്യ വിദുഷി ശാന്തി റാവുവിൽ നിന്നും കർണ്ണാടിക് ക്ലാസിക്കൽ വീണയിൽ 14 വർഷമായി തുടരുന്ന വീണാപഠനം. ഗുരുവിനോടൊപ്പം ബാംഗ്ലൂർ ദൂരദർശൻ, ചൗഡയ്യ മെമ്മോറിയൽ, മറ്റു് പല അരങ്ങുകളിലും വീണവായിച്ചിരിക്കുന്നു.

പ്രസിദ്ധീകൃതമായ കവിതാ സമാഹാരങ്ങൾ
  1. നക്ഷത്രങ്ങളുടെകവിത—അവതാരിക ശ്രീ ഓ എൻ വി (ശ്രീ ഓ എൻ വി ‘ഭാവശുദ്ധിയുള്ള കവിത’ എന്നു് ഈ കവിതാ സമാഹാരത്തെ വിശേഷിപ്പിച്ചിട്ടുണ്ടു്).
  2. സൂര്യകാന്തം—അവതാരിക സുഗതകുമാരി ടീച്ചർ
  3. അർദ്ധനാരീശ്വരം—മഹാകവി അക്കിത്തം
  4. കുചേലഹൃദയം
  5. കവിതയിൽ നിന്നു് കൈതൊട്ടുണർത്തിടാം—മുഖക്കുറിപ്പു് സച്ചിദാനന്ദൻ
  6. വെയിൽ മഴക്കഥകൾ—കേരളത്തിനു് പുറത്തുള്ള 11 എഴുത്തുകാരുടെ 20 കഥകൾ. സെൽഫ് എഡിറ്റഡ് ആന്തോളജി.
പുരസ്ക്കാരങ്ങൾ
  1. BCKA സാഹിത്യത്തിനുള്ള യുവകലാശ്രേഷ്ഠ പുരസ്ക്കാരം 2016.
  2. ‘കുചേലഹൃദയം’ എന്ന കവിതയ്ക്കു് 2015-ലെ കവി അയ്യപ്പൻ പുരസ്ക്കാരം. ബാംഗ്ലൂർ കോൺഫെഡറേഷൻ ഓഫ് ഓൾ കർണ്ണാടക മലയാളി അസോസിയേഷൻ പുരസ്ക്കാരം.
  3. 2014 ബെസ്റ്റ് പോയട്രി വിഭാഗത്തിൽ എൻ പി അബു മെമ്മോറിയൽ പുരസ്കാരം.
  4. ‘അന്തർദ്ധാര’ എന്ന കവിതയ്ക്കു് കേരളസമാജം ദൂരവാണിനഗർ ബെസ്റ്റ് പോയട്രി 2015/ 2017,2019-ലെ ബെസ്റ്റ് പോയട്രി പുരസ്ക്കാരം.
  5. ‘അഗ്നി’, ‘വിസ്മയത്തുടിപ്പുകൾ’ എന്ന കവിതകൾക്കു് 2013-ലെയും, 2014-ലെയും കൈരളി കവിതാ പുരസ്കാരം.
  6. ‘അതിരുകൾ’, എന്നീ കവിതയ്ക്കു് 2014-ലെ ബാംഗ്ലൂർ കേരളസമാജം പുരസ്കാരം.
  7. ഫഗ്മയുടെ കവിതാ പുരസ്കാരം.
  8. ‘കനകരേഖാലക്ഷ്മി’ എന്ന കഥയ്ക്കു് ബാംഗ്ലൂർ റൈറ്റേഴ്സ് ഫോറത്തിന്റെ കഥാമൽസരത്തിൽ സമ്മാനം ലഭിച്ചിട്ടുണ്ടു്.
  9. ‘പൂനവാക്ദേവത’ കവിതാപുരസ്ക്കാരം.
  10. സർഗ്ഗ ഭൂമി ബുക്സിന്റെ 2018-ലെ കവിതാ പുരസ്ക്കാരം.
  11. ‘മഴയിലുള്ളതു്’ എന്ന കവിതയ്ക്കു് ശാസ്ത്രസാഹിത്യവേദി രജതജൂബിലി പ്രൈസ്.
  12. ‘നീലക്കുറിഞ്ഞിപ്പൂവുകളുടെ താഴ്‌വരയിൽ’ എന്ന കഥയ്ക്കു് ക്രിസ്റ്റ്യൻ റൈറ്റേഴ്സ് ഫോറം കഥപ്രൈസ്.
  13. ‘വാക്കിലൊതുങ്ങാത്ത മൗനം’ എന്ന കവിതയ്ക്കു് ചെന്നെ കവിസംഗമം സ്പെഷ്യൽജൂറി പ്രൈസ് 2019.
  14. നവോത്ഥാനശ്രേഷ്ഠപുരസ്കാരം 2018—കവിത.
  15. പ്രതിലിപി കാവ്യഹൃദയം പുരസ്ക്കാരം 2019.
  16. പ്രൈം ഇന്ത്യാ പോയട്രി പ്രൈസ് 2020.
  17. ദി ഹാവൻ പോയട്രി പ്രൈസ് 2020.

അകം, കലാകൗമുദി, കേരളകൗമുദി, തുളസീദളം, ക്ഷേത്രദർശനം, മുദ്രപത്രം മാസിക, സഹജ, സർഗ്ഗജാലകം, പ്രവാസിഎക്സ്പ്രസ്, പൂനെവാക്ദേവത, ബാംഗ്ലൂർ നാദം, ബാംഗ്ലൂർ ജാലകം, ഇ-മലയാളി, തസ്രാക് മാഗസിൻ, നവമലയാളി, ശാന്തം മാസിക, വിമൻസ് ഇറാ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും മലയാള മനോരമ, മാധ്യമം എന്നീ വർത്തമാനപ്പത്രങ്ങളിലും സൃഷ്ടികൾ പ്രകാശിതമായിട്ടുണ്ടു്. കവിതകടഞ്ഞു്, കവിതയുടെ കടൽ, കഥമാനവീയം എന്നീ സമാഹാരങ്ങളിൽ കവിതയും, കഥയും പ്രസിദ്ധീകൃതമായിട്ടുണ്ടു്…

ചിത്രീകരണം: വി. പി. സുനിൽകുമാർ

Colophon

Title: Chathurangam (ml: ചതുരംഗം).

Author(s): Rema Prasanna.

First publication details: Sayahna Foundation; Trivandrum, Kerala; 2020-11-27.

Deafult language: ml, Malayalam.

Keywords: Short Story, Rema Prasanna, Chathurangam, രമ പ്രസന്ന, ചതുരംഗം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 21, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Black and white chessboard, a photograph by King Mali . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.