1. മലയാള ലിപിയുടെ മാനകീകരണം 1999-ൽ ചിത്രകുമാറിന്റെ നേതൃത്വത്തിൽ തനതുലിപിയുടെ സമഗ്രസഞ്ചയം അവതരിപ്പിക്കപ്പെട്ടതോടെ വ്യക്തമായിക്കഴിഞ്ഞിരുന്നു. 2002-ൽ തൂലിക എന്ന യൂണികോഡ് ഫോണ്ട് പുറത്തിറങ്ങിയതോടെയാണു് തനതുലിപിയുടെ ആവിഷ്കാരമുണ്ടായതെന്ന തെറ്റിദ്ധാരണയ്ക്കു് മനോജിന്റെ ലേഖനം ഇടം നല്കുന്നുണ്ടു്. 2002-ൽ വിൻഡോസിൽ യൂണികോഡ് എംബെഡ് ചെയ്തിട്ടില്ല. 2004-ൽ കെവിൻ സൂര്യയുടെ അഞ്ജലി ഓൾഡ് ലിപിക്കുശേഷമാണു് തൂലികയുടെ വരവു്. ഇതിനും അഞ്ചുവർഷം മുമ്പാണു് രചന അക്ഷരവേദി രൂപീകരിക്കുന്നതും സമഗ്രലിപിസഞ്ചയത്തെ അടിസ്ഥാനമാക്കി രചന ഫോണ്ട് രൂപകല്പന ചെയ്യുന്നതും 2005-ൽ യൂണികോഡായി മാറുന്നതും. ഇക്കാര്യങ്ങൾ സായാഹ്നയിൽ അടുത്തയിടെ ചർച്ചചെയ്തിട്ടുണ്ടു്. രചനയാണു് യൂണികോഡ് കാലത്തെ ഭാഷാസാങ്കേതികതയുടെ ദിശനിർണ്ണയിച്ചതു്. 1999-ൽ സമകാലിക മലയാളത്തിൽ രചനയുടെ വരവറിയിച്ചുകൊണ്ടു് ദീർഘമായ ലേഖനം എഴുതിയ മനോജ് ഇക്കാര്യങ്ങൾ എഴുതാൻ വിട്ടുപോയിരിക്കുന്നു.
2. മലയാളത്തിന്റെ മാനകീകരണം നടക്കേണ്ടതു് പദപ്രയോഗങ്ങളിലാണു്. ഇതു് വേഡ് പ്രോസസ്സിങ്/ടൈപ്പ് സെറ്റിങിനേക്കാൾ കാര്യമായ പ്രശ്നമാകുന്നതു് മലയാളത്തിലുള്ള വിവരവ്യവസ്ഥാ നിർമ്മിതിയിലാണു് (Information system). (സായാഹ്ന ഉപയോഗിക്കുന്ന മലയാളം ടെക്കിലേക്കു വരുമ്പോൾ ടൈപ്പ്സെറ്റിങും വിവരവ്യവസ്ഥകളും അഭേദങ്ങളാകുന്നുമുണ്ടു്.) വ്യാകരണപരമായി പദമാനകീകരണത്തിൽ ഏകകണ്ഠമായ ഒരു ഒത്തുതീർപ്പുണ്ടാക്കാൻ കഴിയില്ല. എൻ. വി. യും മാരാരും തമ്മിൽ ഇക്കാര്യത്തിൽ നടന്ന തർക്കം അതാണു് വ്യക്തമാക്കുന്നതു്. ‘തെറ്റില്ലാത്ത മലയാള’ത്തെക്കുറിച്ചിറങ്ങിയ നിരവധി ഗ്രന്ഥങ്ങളും ഇതു വെളിവാക്കുന്നുണ്ടു്. ചെയ്യാവുന്ന പ്രായോഗികമായ കാര്യം പ്രമുഖരായ പ്രസാധകരുടെ സ്റ്റൈൽ മാനുവലുകളുടെ ഏകീകരണമാണു്. ഇതിനു് എത്ര പ്രസാധകർ സ്വന്തം സ്റ്റൈൽ മാനുവലുകളെ ഒരു തുറന്ന ചർച്ചക്കുവെക്കും എന്നു കണ്ടറിയണം. സർക്കാർ സ്ഥാപനങ്ങളായ സാഹിത്യ അക്കാദമിയും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടുമൊക്കെ സ്വന്തം മാനുവലുകൾ അതീവരഹസ്യമായിട്ടാണു കൈകാര്യം ചെയ്യുന്നതു്! സാഹിത്യപ്രവർത്തക സഹകരണസംഘവും ഇക്കാര്യത്തിൽ മോശക്കാരല്ല. ഇത്തരം ഒരു ശ്രമത്തിനു് മീഡിയ അക്കാദമിക്കു മുൻകയ്യെടുക്കാൻ കഴിയും. സ്ക്രൈബസ് പ്രോജക്റ്റിന്റെ ഘട്ടത്തിൽ ജനയുഗം പത്രാധിപരായ രാജാജി മാത്യു തോമസ് ഇക്കാര്യത്തിലുള്ള സന്നദ്ധത അറിയിക്കുകയുണ്ടായി. ദേശാഭിമാനിയേയും ഇതിൽ അണിചേർക്കാൻ അക്കാദമിക്കു പ്രയാസമുണ്ടാവില്ല. മലയാളം സർവ്വകലാശാലയടക്കമുള്ള യൂണിവേഴ്സിറ്റികളേയും അവരുടെ പബ്ലിക്കേഷൻ വിഭാഗങ്ങളേയും മലയാളം ഡിപ്പാർട്ടുമെന്റുകളേയും ഇത്തരമൊരു പദമാനകീകരണശ്രമത്തിൽ പ്രതീക്ഷിക്കുന്നതു വിഡ്ഢിത്തമാണു് (ലിസ്സി ടീച്ചറും സന്തോഷും എന്തുപറയുന്നു?)
3. പദപ്രയോഗങ്ങളിലുള്ള മാനകീകരണത്തിൽ വ്യക്തതകൈവന്നാലേ മലയാളത്തിൽ സ്പെൽചെക്കിനുള്ള വഴിതെളിയൂ. മോർഫോളജിക്കൽ അനാലിസിസിനും നിർമ്മിതബുദ്ധിക്കും ഇക്കാര്യത്തിൽ രണ്ടാം സ്ഥാനമേയുള്ളു.
ഇംഗ്ലീഷ് ഭാഷയുടെ സ്പെൽചെക്കർ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നതു് ഇംഗ്ലീഷ് നിഘണ്ടുക്കളെയാണു്. ഈയൊരുമാർഗ്ഗം മലയാളത്തിൽ നടപ്പില്ല. കാരണം, രണ്ടു ഭാഷകളിലേയും ഡിൿഷണറികൾ തമ്മിലുള്ള വ്യത്യാസമാണു്. ഇംഗ്ലീഷ് ഡിൿഷണറിയിലുള്ള വാക്കുകൾ മാത്രമേ ആ ഭാഷാസമൂഹം പറയാനും എഴുതാനും ഉപയോഗിക്കുന്നുള്ളു. ഇംഗ്ലീഷ് ഡിൿഷണറിയിലുള്ള വാക്കുകളൊക്കെ ശരി, അല്ലാത്തവയൊക്കെ തെറ്റു് എന്ന ലളിതമായൊരു നിലപാടിൽ ഇംഗ്ലീഷിലുള്ള സ്പെൽ ചെക്കർ സാക്ഷാല്ക്കരിക്കപ്പെടുന്നു. ഇന്ത്യൻ ഭാഷകളിലേക്കു വരുമ്പോൾ പ്രശ്നം അതീവ സങ്കീർണ്ണമാവുന്നു. മലയാളം നിഘണ്ടുവിലുള്ള പത്തു ശതമാനം വാക്കുകൾ പോലും മലയാളികൾ എഴുതാനും വായിക്കാനും അതേപടി ഉപയോഗിക്കുന്നില്ല. നിഘണ്ടുവിലുള്ള പദങ്ങളെടുത്തു് സന്ധികളും സമാസങ്ങളും വിഭക്തികളും പ്രത്യയങ്ങളുമൊക്കെയായി പുതിയ പ്രയോഗങ്ങൾ മലയാളികൾ സദാ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. ‘നിരക്ഷര’നായൊരു മലയാളിപോലും പുതിയ സന്ധികളും പ്രയോഗങ്ങളും ഭാഷണത്തിൽ കണ്ടുപിടിക്കുന്നുണ്ടു്. നമ്മുടെ ഭാഷാസമൂഹത്തിന്റെ ഈ അതിരുകളില്ലാത്ത സർഗ്ഗാത്മകതയെ ഉൾക്കൊണ്ടായിരിക്കണം മാനകീകരണത്തെക്കുറിച്ചു ചിന്തിക്കാൻ. പുതിയ ലിപിയിൽ സാദ്ധ്യമാകാത്ത മാനകീകരണം തനതുലിപി എളുപ്പമാക്കുന്നുണ്ടു്. അക്ഷരങ്ങൾ വെട്ടിമുറിച്ചതു് പദങ്ങളെ മുറിക്കുന്നതിനും കാരണമായിട്ടുണ്ടല്ലോ.
ഗദ്യത്തിൽ സാധിച്ചെടുക്കുന്ന മാനകീകരണം പദ്യത്തിൽ ഒരിക്കലും പ്രായോഗികമല്ലെന്നും നാമോർക്കണം. മലയാള കവിതയിൽ നവംനവങ്ങളായ പദരൂപീകരണത്തിന്റെ സാദ്ധ്യതകൾ അനന്തമാണു്. അവിടെ ഒരുതരത്തിലുമുള്ള സ്റ്റാന്റേർഡൈസേഷനും നടപ്പില്ല.
മലയാളം സ്പെൽചെക്കറിൽ ഒരു പദം/പ്രയോഗം തെറ്റോ ശരിയോ എന്നു നിർണ്ണയിച്ചാൽ മാത്രം പോര, ഒരുമിച്ചെഴുതിയ ഒരു പദം എവ്വിധം വേർതിരിയാം, അടുത്തടുത്തുവരുന്ന പദങ്ങളുടെ സംയോജനങ്ങൾ സാദ്ധ്യമാണോ എന്നൊക്കെയുള്ള വിതാനങ്ങളിലേക്കുകൂടി സ്പെൽചെക്കറിനെ കൊണ്ടെത്തിക്കേണ്ടതുണ്ടു്. ഇംഗ്ലീഷിൽ ഇത്തരം നിർദ്ദേശങ്ങളുടെ ആവശ്യമേയില്ല. (ഗ്രാമർചെക്കുമായി ഇതിനെ കൂട്ടിക്കുഴക്കരുതു്).
പദമാനകീകരണത്തിലുള്ള വ്യക്തത കൈവന്നാൽ മലയാളത്തിൽ അതു നടപ്പാക്കാനുള്ള ആദ്യവേദി സായാഹ്ന ഉപയോഗിക്കുന്ന മലയാളം ടെക് ആയിരിക്കും. സ്വതന്ത്രവും തുറന്നതുമാണു് അതിന്റെ സാങ്കേതികത എന്നതിനു പുറമെ, തനതുലിപിയാണു് അതിന്റെ അക്ഷരങ്ങൾ എന്നതും ഇതിനു സഹായകരമായിത്തീരുന്നു. (യൂണികോഡിനെ സംബന്ധിച്ചു് പുതിയ ലിപിയും പഴയ ലിപിയും തമ്മിൽ ഭേദമില്ലെങ്കിലും പുതിയലിപിയിൽ ദൈർഘ്യമുള്ള പദങ്ങളെ മുറിക്കാനുള്ള പ്രവണത കൂടുതലാണ്. ‘മലയാളഭാഷാസാങ്കേതികപദാവലീരൂപീകരണം’ എന്നതിനൊരു സ്റ്റാൻഡേർഡു നിശ്ചയിക്കുമ്പോൾ പഴയ-പുതിയ ലിപികൾ രണ്ടു തരത്തിലേ നിർണ്ണയിക്കാനിട വരൂ എന്നു തോന്നിയിട്ടുണ്ടു്).
4. ‘പലതരം കീബോർഡുകളും എഡിറ്ററുകളും ഇല്ലാത്ത അവസ്ഥ’ യൂണികോഡുകാലത്തു് ആശ്വാസ്യമല്ല. ആസ്കികാലത്തു് സർക്കാർ തലത്തിൽ ഒരു ‘കീബോർഡു കമ്മിറ്റി’ ഉണ്ടായിരുന്നു. പി. ഗോവിന്ദപ്പിള്ള ദീർഘകാലം അതിന്റെ ചെയർമാനായിരുന്നു. വർഷങ്ങളോളം കമ്മിറ്റി മീറ്റിംഗകൾ കൂടിയെങ്കിലും ഒരു ഏകീകൃത കീബോർഡുണ്ടാക്കാൻ അതിനു കഴിഞ്ഞില്ല. ടൈപ്പ്റൈറ്റർ കാലത്തുപോലും നമുക്കു് മൂന്നു തരം കീബോർഡുകളുണ്ടായിരുന്നു—റെമിങ്ടൺ, ഹാൽഡ, ഗോദ്റെജ്. അടിസ്ഥാന സ്വര-വ്യഞ്ജനങ്ങളുള്ള കമ്പ്യൂട്ടർ കീബോർഡുകളിലൂടെ മലയാളത്തിലെ എല്ലാ കൂട്ടക്ഷരങ്ങളും ഉല്പാദിപ്പിച്ചെടുക്കാൻ കഴിയും എന്നു രചന വാദിച്ചപ്പോൾ ഈ വിദഗ്ദ്ധ സമിതിക്കതു മനസ്സിലാക്കാൻ കഴിഞ്ഞതുമില്ല. രചനയെ പി. ഗോവിന്ദപ്പിള്ള ഘോരമായി എതിർക്കാൻ ഒരു കാരണം അതാണു് (“തലമുടി നരച്ച വൃദ്ധരുടേയും തലച്ചോറു നരച്ച യുവാക്കളുടേയും പണിയാണു് രചന”). യൂണിക്കോഡ് കാലത്തു് കീബോർഡുകൾക്കു് ഒരു ഏകീകരണം കൊണ്ടുവരേണ്ട ആവശ്യമല്ല. ഉദാഹരണത്തിനു് ലിപ്യന്തരണത്തിനു തന്നെ ഇന്ന് മൂന്നോ നാലോ തരങ്ങളുണ്ടു്—വരമൊഴി, മൊഴി കീമാൻ, സ്വനലേഖ, ഗുഗ്ൾ ട്രാൻസ്ലിറ്ററേഷൻ… എന്നിവ. ഇവയ്ക്കും ഒരു ദശകം മുമ്പേ ആസ്കിയിൽ ഇറങ്ങിയ ‘മംഗ്ലീഷി’ന്റെ വകഭേദങ്ങളാണിവ. ഇതിനിയുമത് പെരുകിക്കൊണ്ടിരിക്കും. (രചനയുടെ ആസ്കി എഡിറ്ററിൽ എം.ട്രാൻ (MTran) എന്നൊരു മംഗ്ലീഷിന്റെ വകഭേദമുണ്ടായിരുന്നു). ഇത്തരത്തിലുള്ള ‘ധാരാളിത്ത’ങ്ങൾ ഒരു കണക്കിനു നല്ലതാണു്. എന്റെ ഇഷ്ടത്തിനും അഭിരുചികൾക്കും എളുപ്പങ്ങൾക്കും വിരൽവഴക്കത്തിനുമനുസരിച്ചു് എനിക്കു സ്വന്തമായൊരു കീബോർഡ് അനായാസേന ഉണ്ടാക്കിയെടുക്കാനുള്ളൊരു സാങ്കേതികതയാണു് ഏറ്റവും അഭികാമ്യം. ഇൻസ്ക്രിപ്റ്റു് കീബോർഡിന്റെ പല മാറ്റങ്ങളും ഇപ്പോൾ പ്രചരിക്കുന്നുണ്ടു്. Huskey അത്തരത്തിലൊന്നാണു്.
5. സ്ക്രൈബസിലുള്ള ആദ്യപരീക്ഷണം 2013 കാലത്തു് ലേഖകൻ സൂചിപ്പിക്കുന്നതുപോലെ DAKF-ന്റെ നേതൃത്വത്തിലാണു നടക്കുന്നതു്. പക്ഷേ, ‘പ്രജാശക്തി’ കേവലം ചില ട്രയൽ റണ്ണുകളിൽ മാത്രം ഒതുങ്ങി. സ്ക്രൈബസ് ടൈപ്പ്സെറ്റിങിന്റെ കുറ്റമറ്റ സാങ്കേതികത പ്രാവർത്തികമാവുന്നതു് 2019-ൽ ജനയുഗം പത്രത്തിലാണു്. ഖത്തറിലുള്ള ഫ്രീ സോഫ്റ്റ് വെയർ കൂട്ടായ്മ ഇൻഡിക് കമ്പ്യൂട്ടിംഗിനു വേണ്ടി ഫഹദ് അൽ സെയ്ദിയുടെ നേതൃത്വത്തിൽ നടത്തിയ പരീക്ഷണങ്ങളാണു് ഇതിനു് അടിസ്ഥാനമേകിയതു്. ജനയുഗത്തിലെ വിജയത്തെത്തുടർന്നു് ദേശാഭിമാനി പത്രം സ്ക്രൈബസിലേക്കു മാറാനുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ടു്. ദേശാഭിമാനി പത്രം 2020 ജനുവരിയിൽ അടിച്ചിറക്കാനുള്ള പ്ലാനാണു് ആദ്യമുണ്ടായിരുന്നതു്. നിർഭാഗ്യകരമായൊരു കാര്യം ജനയുഗത്തിൽ നിന്നും ഭിന്നമായി ദേശാഭിമാനിയുടെ തനതുലിപിയോടുള്ള അനാഭിമുഖ്യമാണു്. അതുകൊണ്ടു് ലേഖനത്തിൽ അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുന്ന ‘തനതുലിപിയാണു് മലയാളത്തിന്റെ ലിപി’ എന്ന ആശയം സ്വീകാര്യമാകാൻ ഇനിയും കാലമെടുക്കും. ദേശാഭിമാനി മനോരമയുടെ വഴിയേ പോകില്ലെന്ന് നമുക്കാശിക്കാം.
6. ജനയുഗം പ്രോജക്റ്റിലൂടെ ജനയുഗം കൈവരിച്ച സാങ്കേതികതയുടെ വ്യാപനം ഗൗരവമായി ഉൾക്കൊണ്ടിട്ടുള്ളതു് മീഡിയ അക്കാദമിയാണു്. സ്ക്രൈബസിന്റെ ഇന്നുള്ള പരിമിതികളെ മറികടക്കാൻ ഐടി രംഗത്തുള്ള കൂട്ടായ്മകളും സർക്കാർ ഫണ്ടിങും അത്യാവശ്യമാണു്. ഇതിനെ ഏകോപിപ്പിക്കാൻ അക്കാദമിക്കു കഴിയും എന്നാണു് പ്രതീക്ഷിക്കുന്നതു്, കേരളത്തിലെ പതിനായിരത്തിലേറെ വരുന്ന ഡി.റ്റി.പി. സെന്ററുകളെ അഡോബിൽ നിന്നും മൈക്രോസോഫ്റ്റിൽ നിന്നും രക്ഷിച്ചെടുത്തു് സ്വതന്ത്രവും തുറന്നതുമായ ഒരു ഇടത്തിലെത്തിക്കണമെങ്കിൽ സ്ക്രൈബസിനും മീഡിയ അക്കാദമിക്കും ഏറെക്കുറെ പോകാനുണ്ടു്.
7. ഡിജിറ്റൽ പബ്ലിഷിംഗിൽ മലയാള അക്ഷരങ്ങളുടെ കുറ്റമറ്റ തനതുസാക്ഷാൽക്കാരം സാദ്ധ്യമാക്കാൻ മലയാളത്തിൽ ഇന്നു് ഒരൊറ്റ സംവിധാനമേയുള്ളു—സായാഹ്ന ഫൗണ്ടേഷൻ. മലയാളം ടെക്കിൽ നടക്കുന്ന പരീക്ഷണങ്ങളും കണ്ടെത്തലുകളുമാണു് തനതുലിപിയുടെ ഭാവി. ഐ. ടി. അറ്റ്സ്കൂളിന്റെ തനതുലിപിയിലുള്ള ആഭിമുഖ്യം ഉപരിതലസ്പർശിയാണെന്നുള്ളതിന്റെ ഏകതെളിവു് മനോജ് ചൂണ്ടിക്കാണിക്കുന്ന നമ്മുടെ പാഠപുസ്തകങ്ങളുടെ ഗതികേടാണു്. സർക്കാർ സംവിധാനങ്ങളോ സർവ്വകലാശാലകളോ ഔദ്യോഗിക ഭരണഭാഷാവകുപ്പോ മലയാള അക്ഷരങ്ങളെ സംരക്ഷിച്ചു നിറുത്തുമെന്നു് പ്രതീക്ഷിക്കുന്നതു് പാഴ്‌വേലയാണു്. യൂണിക്കോഡ് മലയാളത്തിൽ കടന്നുകൂടിയ അനാവശ്യ കൂട്ടക്ഷരങ്ങളിൽ നിന്നും രക്ഷപ്പെടാനുള്ള സംവിധാനവും ഒരുക്കിയിരിക്കുന്നതു് രചന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൈപ്പോഗ്രഫി ആണു്.
– ഹുസൈൻ, കെ. എച്ച്.