(ഒരു പൂവിനോടു പിണങ്ങി നാടു വിട്ട രാജകുമാരന്റെ കഥ)
ലിയോൺ വെർത്തിനു്
മുതിർന്നൊരാൾക്കാണു് ഈ പുസ്തകം സമർപ്പിക്കുന്നതു് എന്നതിൽ ഞാൻ കുട്ടികളോടു് മാപ്പു ചോദിക്കട്ടെ. പക്ഷേ, അതിനെനിക്കു കാരണമുണ്ടു്: ഈ ലോകത്തു് എനിക്കുള്ള ഏറ്റവും നല്ല സ്നേഹിതനാണയാൾ. മറ്റൊരു കാരണമുണ്ടു്: ഈ മുതിർന്നയാൾക്കു് എല്ലാം മനസ്സിലാകും, കുട്ടികൾക്കുള്ള പുസ്തകങ്ങൾ പോലും. മൂന്നാമതൊരു കാരണം കൂടിയുണ്ടു്: ഫ്രാൻസിലെവിടെയോ വിശപ്പും തണുപ്പും സഹിച്ചു കഴിയുകയാണയാൾ. അയാൾക്കൊരാശ്വാസം കിട്ടണം. ഈ കാരണങ്ങളൊന്നും പോരെന്നാണെങ്കിൽ ഈ മുതിർന്നയാളിന്റെ കുട്ടിക്കാലത്തിനു ഞാൻ ഇതു സമർപ്പിക്കുന്നു. എല്ലാ മുതിർന്നവരും ഒരിക്കൽ കുട്ടികളായിരുന്നു. (ചിലർക്കേ അതോർമ്മയുള്ളുവെങ്കില്പോലും.) അതിനാൽ ഞാൻ ഈ സമർപ്പണം ഇങ്ങനെയൊന്നു ഭേദപ്പെടുത്തട്ടെ:
കുട്ടിയായിരുന്നപ്പോഴത്തെ ലിയോൺ വെർത്തിനു്
അന്നൊരിക്കൽ, എനിക്കാറു വയസ്സുള്ളപ്പോൾ, കന്യാവനങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന ‘പ്രകൃതിയിലെ വാസ്തവകഥകൾ’ എന്നൊരു പുസ്തകം ഞാൻ വായിക്കാനിടയായി; ഗംഭീരമായ ഒരു ചിത്രം ഞാനതിൽ കണ്ടു. ഒരു പെരുമ്പാമ്പു് ഏതോ ജന്തുവിനെ വിഴുങ്ങുന്നതാണു് ചിത്രകാരൻ വരച്ചുവച്ചിരിക്കുന്നതു്. അതിന്റെ ഒരു കോപ്പി ഇവിടെ കാണാം.
പുസ്തകത്തിൽ അതിനെക്കുറിച്ചുള്ള വിശദീകരണം ഇങ്ങനെയായിരുന്നു: “പെരുമ്പാമ്പുകൾ ഇരയെ അകത്താക്കുന്നതു് ചവച്ചരച്ചിട്ടല്ല, അപ്പാടെ വിഴുങ്ങിയിട്ടാണു്. അതിനു ശേഷം അവയ്ക്കു് അനങ്ങാൻ പറ്റാതെയാകുന്നു; ദഹനത്തിനു വേണ്ട ആറു മാസം അവ ഉറക്കത്തിലായിരിക്കും.”
വനത്തിനുള്ളിൽ എന്തൊക്കെ അത്ഭുതങ്ങളാണു നടക്കുന്നതെന്നു് ഞാനന്നു കാര്യമായിട്ടിരുന്നാലോചിച്ചു. തന്നെയുമല്ല, ഒരു ചായപ്പെൻസിലുമായി കുറേ നേരം പണിയെടുത്തതിൽ പിന്നെ ജീവിതത്തിൽ ആദ്യമായി ഒരു ചിത്രം വരയ്ക്കുന്നതിൽ ഞാൻ വിജയം കാണുകയും ചെയ്തു. എന്റെ ചിത്രം നമ്പർ ഒന്നു്. അതു് ഏകദേശം ഇതുപോലിരുന്നു:
ഞാൻ എന്റെ മാസ്റ്റർപീസ് മുതിർന്നവരെ കാണിച്ചുകൊടുത്തു; അതു കണ്ടിട്ടു് അവർക്കു പേടിയാവുന്നില്ലേ എന്നു ഞാൻ ചോദിച്ചു.
അവരുടെ മറുപടി പക്ഷേ, ഇങ്ങനെയായിരുന്നു: “പേടിക്കാനോ? തൊപ്പി കണ്ടാൽ ആരു പേടിക്കാൻ?”
ഞാൻ വരച്ചതു് തൊപ്പിയുടെ പടമൊന്നുമായിരുന്നില്ല. ഒരു പെരുമ്പാമ്പു് ആനയെ വിഴുങ്ങുന്നതിന്റെ ചിത്രമാണതു്. പക്ഷേ, മുതിർന്നവർക്കു് കാര്യം പിടി കിട്ടിയിട്ടില്ലെന്നു വന്നതിനാൽ ഞാൻ രണ്ടാമതൊന്നു വരച്ചു: ഒരു പെരുമ്പാമ്പിന്റെ ഉൾവശമാണു ഞാൻ വരച്ചതു്; മുതിർന്നവർ വ്യക്തമായി കണ്ടുകൊള്ളട്ടെ. വിശദമാക്കിക്കൊടുത്താലല്ലാതെ അവർക്കു കാര്യങ്ങൾ മനസ്സിലാവുക എന്നതില്ല. എന്റെ ചിത്രം നമ്പർ രണ്ടു് ഇങ്ങനെയിരുന്നു:
ഇത്തവണ മുതിർന്നവരുടെ പ്രതികരണം ഒരുപദേശമായിരുന്നു: ഞാൻ ഈ പെരുമ്പാമ്പിന്റെ അകവും പുറവും വരയ്ക്കലൊക്കെ മാറ്റിവച്ചിട്ടു് പോയി ഭൂമിശാസ്ത്രവും ചരിത്രവും കണക്കും വ്യാകരണവും പഠിക്കുന്നതിൽ ശ്രദ്ധിക്കുക. അങ്ങനെയാണു് ഭാവിവാഗ്ദാനമാകേണ്ടിയിരുന്ന ഒരു ചിത്രകാരൻ ആറാമത്തെ വയസ്സിൽ മരണപ്പെടുന്നതു്. ചിത്രം നമ്പർ ഒന്നും ചിത്രം നമ്പർ രണ്ടും പരാജയപ്പെട്ടതു് എന്നെ വല്ലാതെ നിരാശപ്പെടുത്തിക്കളഞ്ഞു. മുതിർന്നവർക്കു് കാര്യങ്ങൾ തനിയേ മനസ്സിലാവുക എന്നതില്ല. എന്തും എപ്പോഴുമിങ്ങനെ വിശദീകരിച്ചു കൊടുക്കണമെന്നു വന്നാൽ കുട്ടികളെ അതെന്തു മാത്രം മടുപ്പിക്കില്ല!
അങ്ങനെയാണു് ഞാൻ മറ്റൊരു തൊഴിൽ രംഗം തിരഞ്ഞെടുക്കുന്നതു്; അതായതു് ഞാൻ ഒരു പൈലറ്റായി. ലോകത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങൾക്കു മേൽ കൂടിയും ഞാൻ പറന്നിട്ടുണ്ടു്; ഇക്കാര്യത്തിൽ ഭൂമിശാസ്ത്രം കുറേയൊക്കെ സഹായിച്ചിട്ടുണ്ടെന്നു സമ്മതിക്കാൻ എനിക്കു മടിയുമില്ല. ചൈനയെ അരിസോണയിൽ നിന്നു തിരിച്ചറിയാൻ ഒറ്റ നോട്ടം കൊണ്ടു് എനിക്കു കഴിയുന്നുണ്ടു്. രാത്രിയിൽ വഴി മനസ്സിലാകാതെ വരുമ്പോൾ അത്തരം അറിവു് വിലയേറിയതുമാണു്. എന്റെ ഈ ജീവിതത്തിനിടയിൽ ഭാരിച്ച കാര്യങ്ങളുമായി നടക്കുന്ന ഒട്ടനേകം പേരെ കണ്ടുമുട്ടാൻ എനിക്കിടവന്നിട്ടുണ്ടു്. മുതിർന്നവർക്കിടയിൽ എത്രയോ കാലം ഞാൻ കഴിച്ചുകൂട്ടിയിരിക്കുന്നു. അവരെ തൊട്ടടുത്തു നിന്നു ഞാൻ പഠിച്ചിരിക്കുന്നു. എന്നിട്ടും പക്ഷേ, എനിക്കവരെക്കുറിച്ചുള്ള അഭിപ്രായത്തിൽ കാര്യമായ വ്യത്യാസമൊന്നും വരുത്തേണ്ടി വന്നിട്ടില്ലെന്നും പറയട്ടെ.
മനസ്സിനു വെളിവുള്ളതായി തോന്നുന്ന ആരെയെങ്കിലും കണ്ടുമുട്ടാൻ ഇടയായെന്നു വയ്ക്കുക; ഞാൻ അയാളെ ഒരു പരീക്ഷണത്തിനു വിധേയനാക്കുന്നു. എപ്പോഴും കൂടെ കൊണ്ടുനടക്കുന്ന ചിത്രം നമ്പർ ഒന്നു് ഞാൻ അയാളെ കാണിച്ചുകൊടുക്കുന്നു. അയാളുടെ പ്രതികരണത്തിൽ നിന്നു് എനിക്കൂഹിക്കാം, കക്ഷി വിവരമുള്ളയാളാണോ അല്ലയോയെന്നു്. പക്ഷേ, ആരായിട്ടെന്താ, ആണാകട്ടെ, പെണ്ണാകട്ടെ, അവർ പറയുന്നതിതായിരിക്കും: “ഇതൊരു തൊപ്പി.”
ഞാൻ പിന്നെ ആ വ്യക്തിയോടു് പെരുമ്പാമ്പിനെക്കുറിച്ചോ കന്യാവനങ്ങളെക്കുറിച്ചോ നക്ഷത്രങ്ങളെക്കുറിച്ചോ ഒന്നും പറയാൻ നില്ക്കില്ല. അയാളുടെ നിലവാരത്തിലേക്കു് ഞാൻ എന്നെ ഇറക്കിക്കൊണ്ടു വരും. എന്നിട്ടു് ഞാൻ അയാളോടു് പാലത്തെക്കുറിച്ചും ഗോൾഫിനെക്കുറിച്ചും ടൈകളെക്കുറിച്ചും സംസാരിക്കും. ഇത്രയും വിവരമുള്ള ഒരു മനുഷ്യനെ പരിചയപ്പെട്ടതിൽ ആ മുതിർന്നവർക്കു ബഹുസന്തോഷവുമാവും.
ആരോടും കാര്യമായിട്ടൊന്നും സംസാരിക്കാനില്ലാതെ അങ്ങനെ ഏകാന്തജീവിതവും നയിക്കുന്ന കാലത്താണു്, ആറു കൊല്ലം മുമ്പു് സഹാറാ മരുഭൂമിയിൽ വച്ചു് എന്റെ വിമാനം ഒരപകടത്തിൽ പെടുന്നതു്. എഞ്ചിനുള്ളിൽ എന്തോ ഒടിയുകയോ മറ്റോ ചെയ്തിരിക്കുന്നു. കൂടെ മെക്കാനിക്കോ വേറേ യാത്രക്കാരോ ഒന്നുമില്ലാത്തതിനാൽ ഞാൻ തന്നെ റിപ്പയറിനു തുനിഞ്ഞിറങ്ങി. കൈയിലുള്ള കുടിവെള്ളം ഒരാഴ്ചത്തേക്കേ തികയുകയുള്ളു എന്നതിനാൽ എനിക്കതൊരു ജീവന്മരണപ്രശ്നവുമായിരുന്നു. അങ്ങനെ ഒന്നാമത്തെ രാത്രി മണൽപ്പരപ്പിൽ ഞാൻ ഉറങ്ങാൻ കിടന്നു; ഏതെങ്കിലും തരത്തിലുള്ള മനുഷ്യസാന്നിദ്ധ്യത്തിൽ നിന്നു് ഒരായിരം മൈൽ അകലെയാണതു്. നടുക്കടലിൽ തകർന്ന കപ്പലിന്റെ മരപ്പൊളിയിൽ പിടിച്ചു പൊന്തിക്കിടക്കുന്ന നാവികന്റേതിനെക്കാളും ഒറ്റപ്പെട്ട അവസ്ഥയിലാണു ഞാൻ. വിചിത്രമായ ഒരു കൊച്ചു ശബ്ദം എന്നെ ഉറക്കത്തിൽ നിന്നുണർത്തിയപ്പോൾ എനിക്കുണ്ടായ വിസ്മയം നിങ്ങൾക്കൂഹിക്കാമല്ലോ. ആ ശബ്ദം പറയുകയാണു്:
“എനിക്കൊരു… ചെമ്മരിയാടിനെ വരച്ചുതരുമോ?”
“എന്തു്!”
“ഒരു ചെമ്മരിയാടിനെ വരച്ചുതരൂ!”
ഇടിവെട്ടേറ്റ പോലെ ഞാൻ ചാടിയെഴുന്നേറ്റു. കണ്ണുകൾ ഞാൻ മുറുക്കെ അടച്ചുതുറന്നു. അതീവശ്രദ്ധയോടെ ഞാൻ ചുറ്റും നോക്കി. ഞാൻ കണ്ടതു് എത്രയും അസാധാരണനായ ഒരു കൊച്ചു മനുഷ്യനെയാണു്; ഗൗരവം മുറ്റിയ മുഖത്തോടെ എന്നെ നിരീക്ഷിച്ചുകൊണ്ടു നില്ക്കുകയാണയാൾ. പില്ക്കാലത്തു് എനിക്കു കഴിയുന്ന വിധത്തിൽ ആ ചങ്ങാതിയുടെ ഒരു ചിത്രം ഞാൻ ഓർമ്മയിൽ നിന്നു വരച്ചതു് നിങ്ങൾക്കിവിടെ കാണാം. യഥാർത്ഥരൂപത്തിന്റെ ഭംഗിയോടു നീതി പുലർത്താൻ അതിനു കഴിഞ്ഞിട്ടില്ലെന്നും ഞാൻ തുറന്നുപറയട്ടെ.
അതു പക്ഷേ, എന്റെ കുഴപ്പവുമല്ല. ആറു വയസ്സുള്ളപ്പോഴല്ലേ മുതിർന്നവർ എന്റെ ചിത്രംവര നിരുത്സാഹപ്പെടുത്തിയതു്? അതു കാരണം പെരുമ്പാമ്പുകളുടെ അകവും പുറവും വരയ്ക്കാനല്ലാതെ മറ്റൊന്നും ഞാൻ പഠിച്ചതുമില്ല.
പൊട്ടിവീണപോലെ പ്രത്യക്ഷമായ ആ രൂപത്തെ കൃഷ്ണമണികൾ പുറത്തു ചാടുമെന്ന മട്ടിൽ തുറിച്ചുനോക്കിക്കൊണ്ടു ഞാൻ നിന്നു. ഞാൻ നില്ക്കുന്നതു് മനുഷ്യസാന്നിദ്ധ്യത്തിൽ നിന്നു് ഒരായിരം മൈൽ അകലെയുള്ള ഒരു മരുഭൂമിയിലാണെന്നു് നിങ്ങളോർക്കണം. എന്നിട്ടും പക്ഷേ, നമ്മുടെ ഈ കൊച്ചുമനുഷ്യനാവട്ടെ, മണല്ക്കൂനകൾക്കിടയിൽ വഴിതെറ്റിയലഞ്ഞതിന്റെ ഒരു ലക്ഷണവും കാണാനില്ല; വിശപ്പോ ദാഹമോ ക്ഷീണമോ പേടിയോ കൊണ്ടു ബോധം കെടുന്ന മട്ടുമില്ല. മനുഷ്യവാസത്തിൽ നിന്നു് ഒരായിരം മൈൽ അകലെക്കിടക്കുന്ന ഒരു മരുഭൂമിയിൽ പെട്ടുപോയ ഒരു മനുഷ്യക്കുട്ടിയുടേതായി യാതൊന്നും അവനിൽ കാണാനില്ല. ഒടുവിൽ, സംസാരശേഷി തിരിച്ചുകിട്ടിയെന്നായപ്പോൾ, ഞാൻ അവനോടു ചോദിച്ചു:
“അല്ല… താനിവിടെ എന്തു ചെയ്യുന്നു?”
അതിനു മറുപടിയായി വളരെ പ്രാധാന്യമുള്ള ഒരു കാര്യമാണതെന്ന പോലെ മുമ്പു പറഞ്ഞതു് സാവധാനം ആവർത്തിക്കുകയാണു് അവൻ ചെയ്തതു്:
“എനിക്കൊരു ചെമ്മരിയാടിന്റെ പടം വരച്ചുതരുമോ?”
ഒരു നിഗൂഢത നിങ്ങൾക്കുൾക്കൊള്ളാനാവുന്നതിലധികമാണെന്നു വരുമ്പോൾ അതിനെ അനുസരിക്കാതിരിക്കാൻ നിങ്ങൾക്കു ധൈര്യം വരില്ല. മനുഷ്യവാസത്തിൽ നിന്നു് ഒരായിരം മൈൽ അകലെ, മരണവും മുന്നിൽ കണ്ടു നില്ക്കുന്ന ഞാൻ, എന്തൊരു വിഡ്ഢിത്തമാണീ കാണിക്കുന്നതെന്ന തോന്നലോടെ, പോക്കറ്റിൽ നിന്നു് ഒരു ഷീറ്റു കടലാസും ഒരു പേനയും പുറത്തെടുത്തു. അപ്പോഴാണു് ഞാൻ ഓർത്തതു്, ഭൂമിശാസ്ത്രവും ചരിത്രവും കണക്കും വ്യാകരണവുമായി എന്റെ പഠനം ചുരുങ്ങിപ്പോയിരുന്നുവെന്നു്. എനിക്കു വരയ്ക്കാനറിയില്ലെന്നു് (അല്പം നീരസത്തോടെ തന്നെ) ഞാൻ അവനോടു പറഞ്ഞു. അവന്റെ മറുപടി ഇതായിരുന്നു:
“അതു സാരമില്ല. എനിക്കൊരു ചെമ്മരിയാടിനെ വരച്ചുതരൂ.”
പക്ഷേ, ഞാൻ അന്നേ വരെ ചെമ്മരിയാടിനെ വരച്ചിട്ടില്ല. അതിനാൽ മുമ്പു പലപ്പോഴും വരച്ചിട്ടുള്ള ആ രണ്ടു ചിത്രങ്ങളിൽ ഒന്നു വരച്ചു് ഞാൻ അവനു കൊടുത്തു. അതു കണ്ടിട്ടു് ആ കൊച്ചു ചങ്ങാതി പറഞ്ഞതു് എന്നെ അത്ഭുതസ്തബ്ധനാക്കിക്കളഞ്ഞു: “വേണ്ട, വേണ്ട, വേണ്ട! പെരുമ്പാമ്പു വിഴുങ്ങിയ ആനയൊന്നും എനിക്കു വേണ്ട. പെരുമ്പാമ്പു് വളരെ അപകടം പിടിച്ച ജന്തുവാണു്; ആനയാണെങ്കിൽ കൊണ്ടുനടക്കാൻ വിഷമവും. ഞാൻ താമസിക്കുന്ന സ്ഥലത്തു് സകലതും വളരെ ചെറുതാണു്. എനിക്കു ചെമ്മരിയാടിനെയാണു വേണ്ടതു്. എനിക്കൊരു ചെമ്മരിയാടിനെ വരച്ചുതരൂ.”
ഞാനപ്പോൾ ഇങ്ങനെയൊന്നു വരച്ചു.
അതിൽ സൂക്ഷിച്ചു നോക്കിയിട്ടു് അവൻ പറയുകയാണു്:
“ഇതു വേണ്ട. കണ്ടിട്ടു് അസുഖം പിടിച്ച പോലിരിക്കുന്നു. എനിക്കു വേറൊന്നിനെ വരച്ചുതരൂ.”
അങ്ങനെ ഞാൻ രണ്ടാമതൊന്നിനെ വരച്ചു.
എന്റെ ചങ്ങാതി കുസൃതി കലർന്ന ഒരു പുഞ്ചിരിയോടെ പറഞ്ഞു:
“തന്നെത്താനൊന്നു നോക്കിയേ. ഇതു ചെമ്മരിയാടൊന്നുമല്ല, മുട്ടാനാടാണു്. അതിനു കൊമ്പുണ്ടല്ലോ.”
അങ്ങനെ ഞാൻ മറ്റൊന്നിനെക്കൂടി വരച്ചു.
പക്ഷേ, മറ്റുള്ളവയെപ്പോലെ ഇതും തിരസ്കരിക്കപ്പെട്ടു.
“ഇതിനിപ്പോഴേ വയസ്സായി. എനിക്കു വേണ്ടതു് ഒരുപാടു കാലം ജീവിച്ചിരിക്കുന്ന ഒരു ചെമ്മരിയാടാണു്.”
ഈ നേരമായപ്പോഴേക്കും എന്റെ ക്ഷമയുടെ നെല്ലിപ്പലക കണ്ടുതുടങ്ങിയിരുന്നു; കാരണം ഞാൻ ഇനിയും വിമാനത്തിന്റെ എഞ്ചിൻപണി തുടങ്ങിയിട്ടില്ല. അതിനാൽ ഞാൻ ഇങ്ങനെയൊരെണ്ണം വരച്ചിട്ടുകൊടുത്തു.
അതിനൊരു വിശദീകരണവും ഞാൻ തട്ടിവിട്ടു.
“ആടിന്റെ പെട്ടി മാത്രമാണിതു്. നീ പറയുന്ന ചെമ്മരിയാടു് ഉള്ളിൽ ഉറങ്ങിക്കിടക്കുന്നുണ്ടു്.”
എന്റെ വിധികർത്താവിന്റെ കുഞ്ഞുമുഖത്തു് ഒരു വെളിച്ചം പൊട്ടിവിടരുന്നതു കണ്ടപ്പോൾ ഞാൻ അമ്പരന്നുപോയി.
“ഇങ്ങനെ തന്നെയാണു് എനിക്കു വേണ്ടിയിരുന്നതു്! ഈ ചെമ്മരിയാടിനു് ഒരുപാടു പുല്ലു വേണ്ടിവരുമോ?”
“അതെന്താ?”
“ഞാൻ താമസിക്കുന്ന സ്ഥലം തീരെ ചെറുതാണു്, അവിടെ… ”
“അതിനു വേണ്ട പുല്ലൊക്കെ അവിടെയുണ്ടാവും,” ഞാൻ പറഞ്ഞു. “തീരെച്ചെറിയ ഒരാടിനെയല്ലേ ഞാൻ നിനക്കു തന്നതു് ?”
അവൻ ചിത്രത്തിനു മേൽകൂടി കുനിഞ്ഞുനോക്കി.
“അത്ര ചെറുതൊന്നുമല്ല… നോക്കിയേ! അതുറ ക്കമായി… ”
ഇങ്ങനെയാണു് ലിറ്റിൽ പ്രിൻസിനെ ഞാൻ പരിചയപ്പെടുന്നതു്.
അവന്റെ സ്വദേശം കണ്ടുപിടിക്കാൻ ഞാൻ ഏറെ നേരമെടുത്തു. ഇത്രയൊക്കെ ചോദ്യങ്ങൾ എന്നോടു ചോദിക്കുന്ന ലിറ്റിൽ പ്രിൻസിനു് ഞാൻ ചോദിക്കുന്നതൊന്നും ചെവിയിൽ പെടാതെപോയി. സന്ദർഭവശാൽ വീണുകിട്ടുന്ന വാക്കുകളിൽ നിന്നാണു് സർവതും എനിക്കു വെളിപ്പെട്ടു കിട്ടുന്നതു്.
ആദ്യമായി എന്റെ വിമാനം കണ്ടപ്പോൾ (എന്റെ വിമാനം ഞാൻ വരച്ചുകാണിക്കാനൊന്നും പോകുന്നില്ല; അത്ര വൈദഗ്ദ്ധ്യം എനിക്കില്ല) അവൻ ചോദിച്ചതിതാണു്:
“അതെന്തു സാധനമാ?”
“അതു സാധനമൊന്നുമല്ല. അതു പറക്കും. വിമാനം എന്നാണു് അതിനു പറയുന്നതു്. എന്റെ വിമാനമാണതു്.”
എനിക്കു പറക്കാൻ കഴിയുമെന്നു് അവനെ ബോധിപ്പിച്ചപ്പോൾ ഞാൻ തെല്ലൊന്നഭിമാനം കൊള്ളുകയും ചെയ്തു.
അപ്പോൾ അവൻ ഉറക്കെച്ചോദിക്കുകയാണു്:
“എന്താ! നിങ്ങൾ ആകാശത്തു നിന്നുവന്നു വീണതാണോ?”
“അതെ,” ഞാൻ വിനയത്തോടെ പറഞ്ഞു.
“ആഹാ! അതു രസമുള്ള കാര്യമാണല്ലോ!”
എന്നിട്ടവൻ മണി കിലുങ്ങുമ്പോലെ പൊട്ടിച്ചിരിച്ചു. ആ ചിരി കേൾക്കാൻ രസമായിരുന്നെങ്കിലും എനിക്കു വല്ലാതെ ദേഷ്യം വന്നു. എന്റെ ദൗർഭാഗ്യങ്ങൾ ഗൗരവത്തിലെടുക്കപ്പെടാതെ പോകുന്നതു് എനിക്കിഷ്ടമല്ല.
എന്നിട്ടു ലിറ്റിൽ പ്രിൻസ് ചോദിച്ചു:
“അപ്പോൾ നിങ്ങളും ആകാശത്തു നിന്നു വന്നതാണല്ലേ! ഏതാ നിങ്ങളുടെ ഗ്രഹം?”
ആ നിമിഷത്തിലാണു് അവന്റെ സാന്നിദ്ധ്യമെന്ന അഭേദ്യമായ ദുരൂഹതയിലേക്കു് ഒരു വെളിച്ചത്തിന്റെ പഴുതു് എനിക്കു കിട്ടുന്നതു്:
“നീ വേറൊരു ഗ്രഹത്തിൽ നിന്നാണോ വരുന്നതു്?”
പക്ഷേ, അവൻ അതിനു മറുപടി പറഞ്ഞില്ല. എന്റെ വിമാനത്തിൽ നിന്നു കണ്ണെടുക്കാതെ തല പിന്നിലേക്കു ചായ്ചുകൊണ്ടു് അവൻ പറഞ്ഞു:
“ഇതിൽ കയറി ഒരുപാടു ദൂരത്തു നിന്നൊന്നും വരാൻ പറ്റില്ല… ”
എന്നിട്ടവൻ ദീർഘനേരം മനോരാജ്യത്തിലാണ്ടു. പിന്നെ ഞാൻ കൊടുത്ത ചെമ്മരിയാടിനെ പോക്കറ്റിൽ നിന്നെടുത്തു് അമൂല്യമായൊരു നിധിയാണതെന്നപോലെ അതും ധ്യാനിച്ചിരുന്നു.
പാതിരഹസ്യം പോലെ അവൻ പറഞ്ഞ ആ “മറ്റു ഗ്രഹങ്ങൾ” എന്റെ ജിജ്ഞാസയെ എന്തു മാത്രം കുലുക്കിയുണർത്തിയെന്നു് നിങ്ങൾക്കൂഹിക്കാവുന്നതേയുള്ളു. അതിനാൽ ആ വിഷയത്തെക്കുറിച്ചു കൂടുതൽ അറിയാൻ ഞാൻ വലിയൊരു ശ്രമം നടത്തി.
“എന്റെ കൊച്ചുചങ്ങാതീ, നീ എവിടുന്നാണു വരുന്നതു്? നീ പറയുന്ന ഈ ‘ഞാൻ താമസിക്കുന്ന സ്ഥലം’ എവിടെയാണു് ? എവിടെയ്ക്കാണു് നീ എന്റെ ആടിനെ കൊണ്ടുപോകുന്നതു്?”
ചിന്താധീനമായ ഒരു മൗനത്തിനു ശേഷം അവൻ ഇങ്ങനെ പറഞ്ഞു:
“നിങ്ങൾ തന്ന കൂടിന്റെ ഏറ്റവും വലിയ ഗുണം രാത്രിയിൽ ആടിനതു് വീടായി ഉപയോഗിക്കാം എന്നതാണു്.”
“അതങ്ങനെയാണു്. വേണമെങ്കിൽ ഞാനൊരു നൂലും കുറ്റിയും കൂടി തരാം; പകലതിനെ കെട്ടിയിടാമല്ലോ.”
ആ വാഗ്ദാനം കേട്ടു് ലിറ്റിൽ പ്രിൻസ് ഞെട്ടിപ്പോയി:
“കെട്ടിയിടാനോ! എന്തു വിചിത്രമാണതു്!”
“കെട്ടിയിട്ടില്ലെങ്കിൽ അതലഞ്ഞുതിരിഞ്ഞു് പിന്നെ കാണാതെയാവില്ലേ?” ഞാൻ ചോദിച്ചു.
എന്റെ ചങ്ങാതിക്കു പിന്നെയും ചിരി പൊട്ടി:
“അതെങ്ങോട്ടു പോകുമെന്നാണു പറയുന്നതു്?”
“എങ്ങോട്ടും. നേരേ മുന്നിൽ കാണുന്നിടത്തു്.”
അപ്പോൾ എന്നെ സമാധാനിപ്പിക്കുന്ന പോലെ ലിറ്റിൽ പ്രിൻസ് പറഞ്ഞു:
“അതു പേടിക്കേണ്ട. ഞാൻ താമസിക്കുന്നിടത്തു് സകലതും തീരെ ചെറുതാണു്!”
എന്നിട്ടു്, നേരിയ വിഷാദത്തോടെയെന്നു് എനിക്കു തോന്നി, അവൻ കൂട്ടിച്ചേർത്തു:
“നേരേ മുന്നിലേക്കു പോയാൽ ആർക്കും അത്രയധികം ദൂരം പോകാൻ പറ്റില്ല… ”
അങ്ങനെയാണു് സുപ്രധാനമായ രണ്ടാമതൊരു വസ്തുത ഞാൻ മനസ്സിലാക്കുന്നതു്: ലിറ്റിൽ പ്രിൻസിന്റെ സ്വദേശമായ ഗ്രഹത്തിനു് ഒരു വീടിനുള്ളത്ര വലിപ്പമേയുള്ളു!
അതു പക്ഷേ, എന്നെ അത്രയ്ക്കങ്ങു വിസ്മയിപ്പിച്ചു എന്നു പറയാനുമില്ല. നാം പേരിട്ടു വിളിക്കുന്ന ഭൂമി, വ്യാഴം, ചൊവ്വ, വെള്ളി തുടങ്ങിയ മഹാഗ്രഹങ്ങൾക്കൊപ്പം വേറെയും നൂറു കണക്കിനു ഗ്രഹങ്ങളുണ്ടെന്നു് എനിക്കറിയാമായിരുന്നു; അവയിൽ ചിലതാകട്ടെ, ദൂരദർശിനിയിൽക്കൂടി നോക്കിയാല്പോലും കണ്ണിൽ പെടാത്തവയും. അവയിലൊന്നിനെ കണ്ടുപിടിച്ചാൽ വാനശാസ്ത്രജ്ഞൻ അവയ്ക്കു നല്കുന്നതു് പേരല്ല, ഒരു നമ്പരാണു്. അയാൾ അതിനെ, ഒരുദാഹരണം പറഞ്ഞാൽ, ‘ഛിന്നഗ്രഹം 325’ എന്നായിരിക്കും വിളിക്കുക. ലിറ്റിൽ പ്രിൻസ് വന്നതു് ബി-612 എന്നറിയപ്പെടുന്ന ഛിന്നഗ്രഹത്തിൽ നിന്നാണെന്നു് എനിക്കു ബലമായ സംശയമുണ്ടു്.
ഈ ഛിന്നഗ്രഹത്തെ ഒരിക്കൽ മാത്രമേ ദൂരദർശിനിയില്ക്കൂടി കണ്ടിട്ടുള്ളു. 1909-ൽ തുർക്കിക്കാരനായ ഒരു വാനനിരീക്ഷകനാണു് അതിനെ കണ്ടെത്തിയതു്.
ജ്യോതിശാസ്ത്രജ്ഞന്മാരുടെ അന്താരാഷ്ട്രസംഘടനയ്ക്കു മുന്നിൽ എല്ലാ തെളിവുകളോടെയും അദ്ദേഹം തന്റെ കണ്ടുപിടുത്തം അവതരിപ്പിച്ചുവെങ്കിലും ആരും അതു വിശ്വസിക്കാൻ തയാറായില്ല; കാരണം അദ്ദേഹം ധരിച്ചിരുന്നതു് തുർക്കിക്കാരുടെ വേഷമായിരുന്നു.
മുതിർന്നവർ അങ്ങനെയാണു്…
പക്ഷേ, ഛിന്നഗ്രഹം ബി-612ന്റെ ഭാഗ്യത്തിനു് പിന്നീടു തുർക്കി ഭരിച്ച ഒരു സ്വേച്ഛാധിപതി ജീവൻ വേണമെങ്കിൽ സർവരും യൂറോപ്യൻ വേഷത്തിലേക്കു മാറിക്കോളണമെന്നു് ഉത്തരവിട്ടു. അങ്ങനെ 1920-ൽ നമ്മുടെ വാനനിരീക്ഷകൻ കോട്ടും സൂട്ടും ടൈയുമൊക്കെയായി രണ്ടാമതും തന്റെ കണ്ടുപിടുത്തം അവതരിപ്പിച്ചു. എല്ലാവരും അദ്ദേഹത്തിന്റെ റിപ്പോർട്ട് കൈയടിച്ചു സ്വീകരിക്കുകയും ചെയ്തു.
ആ ഛിന്നഗ്രഹത്തെക്കുറിച്ചു് ഇത്രയും വിശദാംശങ്ങൾ ഞാൻ പറഞ്ഞതും അതിന്റെ നമ്പറിനെക്കുറിച്ചു പ്രത്യേകം പരാമർശിച്ചതും മുതിർന്നവരുടെ സ്വഭാവം മനസ്സിൽ വച്ചുകൊണ്ടാണു്. ഒരു പുതിയ കൂട്ടുകാരനെ കിട്ടിയെന്നു് നിങ്ങൾ ചെന്നു പറയുമ്പോൾ അവനെക്കുറിച്ചുള്ള പ്രധാനപ്പെട്ട കാര്യങ്ങളൊന്നുമല്ല അവർക്കറിയേണ്ടതു്. “അവന്റെ ശബ്ദം കേൾക്കാനെങ്ങനെ? ഏതു കളിയാണു് അവനു് ഏറ്റവും ഇഷ്ടം? അവൻ പൂമ്പാറ്റകളെ ശേഖരിക്കാറുണ്ടോ” എന്നൊന്നും അവർ ചോദിക്കില്ല. പകരം അവർ ആവശ്യപ്പെടുകയാണു്: “എന്താണവന്റെ പ്രായം? അവനു് എത്ര ചേട്ടാനിയന്മാരുണ്ടു്? അവന്റെ ഭാരമെന്തു്? അവന്റെ അച്ഛൻ എത്ര കാശുണ്ടാക്കുന്നു?” ഈ തരം ചോദ്യങ്ങൾക്കുത്തരമായിക്കിട്ടുന്ന അക്കങ്ങളിലൂടെയാണു് തങ്ങൾ അവനെക്കുറിച്ചു മനസ്സിലാക്കുന്നതു് എന്നാണവരുടെ ഭാവം.
മുതിർന്നവരോടു് നിങ്ങൾ ഇങ്ങനെയൊന്നു പറയുകയാണെന്നിരിക്കട്ടെ: “ഇളംചുവപ്പുനിറത്തിലൂള്ള ഇഷ്ടിക കൊണ്ടു കെട്ടിയതും ജനാലപ്പടികളിൽ ജറേനിയം ചെടികളും മേല്ക്കൂരയിൽ മാടപ്രാവുകളുമുള്ള മനോഹരമായ ഒരു വീടു ഞാൻ കണ്ടു.” ആ വീടിനെക്കുറിച്ചു് ഒരു ധാരണയും അവർക്കു കിട്ടില്ല. “20000 ഡോളർ മതിപ്പുള്ള ഒരു വീടു ഞാൻ കണ്ടു.” എന്നു നിങ്ങൾ അവരോടു പറയണം. അപ്പോൾ അവർ ഇങ്ങനെ അത്ഭുതം കൂറും: “ഹാ, എത്ര സുന്ദരമായൊരു വീടാണതു്!”
അതേപ്രകാരം, നിങ്ങൾ അവരോടു പറഞ്ഞുവെന്നു വയ്ക്കുക: “ലിറ്റിൽ പ്രിൻസ് എന്നൊരാൾ ഉണ്ടായിരുന്നു എന്നതിനു തെളിവു് അവൻ സുന്ദരനായിരുന്നു, അവന്റെ ചിരി മനോഹരമായിരുന്നു, അവൻ ഒരാടിനെ അന്വേഷിച്ചു നടന്നിരുന്നു എന്നതാണു്. ഒരാൾക്കു ചെമ്മരിയാടിനെ വേണമെന്നു് ആഗ്രഹം തോന്നിയാൽ അതു മതി, അങ്ങനെയൊരാൾ ഉണ്ടെന്നതിനു തെളിവായി.” ഇതു പക്ഷേ, അവരോടു പറഞ്ഞിട്ടെന്തു പ്രയോജനം കിട്ടാൻ? അവർ തോളു വെട്ടിക്കുകയേയുള്ളു; നിങ്ങൾ വെറും ശിശുവാണെന്നും അവർ പറയും. അതേ സമയം “ഛിന്നഗ്രഹം നമ്പർ ബി-612ൽ നിന്നാണു് അവൻ വന്നതു്” എന്നു പറഞ്ഞുനോക്കൂ; അവർക്കപ്പോൾ എല്ലാം ബോദ്ധ്യമായിക്കഴിഞ്ഞു; അവർ പിന്നെ ചോദ്യങ്ങളുമായി നിങ്ങളെ അലട്ടാൻ വരികയുമില്ല.
അവർ അങ്ങനെയാണു്. എന്നുവച്ചു് നിങ്ങളതു മനസ്സിൽ കൊണ്ടുനടക്കുകയും വേണ്ട. മുതിർന്നവരല്ലേ എന്നു കരുതി അതങ്ങു ക്ഷമിച്ചുകൊടുത്തേക്കുക.
എന്നാൽ ജീവിതം എന്തെന്നറിയാവുന്ന നാം അക്കങ്ങളെ കാര്യമായിട്ടെടുക്കുന്നേയില്ല. ഈ കഥ യക്ഷിക്കഥകളുടെ മട്ടിൽ പറഞ്ഞുതുടങ്ങാനായിരുന്നു എനിക്കിഷ്ടം. എങ്ങനെയെന്നാൽ: “ഒരിക്കൽ ഒരിടത്തു് ഒരു ലിറ്റിൽ പ്രിൻസ് ഉണ്ടായിരുന്നു; അവനോളം പോലുമില്ലാത്ത ഒരു ഗ്രഹത്തിലാണു് അവൻ താമസിച്ചിരുന്നതു്; ഒരു ചെമ്മരിയാടു് അവന്റെ വലിയൊരു ആഗ്രഹ മായിരുന്നു… ”
അങ്ങനെയൊരു തുടക്കം നല്കിയിരുന്നെങ്കിൽ ജീവിതം എന്തെന്നു മനസ്സിലാകുന്നവർക്കു് എന്റെ കഥയുടെ യാഥാർത്ഥ്യം ഒന്നുകൂടി ബോദ്ധ്യപ്പെടുമായിരുന്നു.
എന്റെ പുസ്തകം അലക്ഷ്യമായി വായിക്കപ്പെടരുതെന്നാണു് എന്റെ ആഗ്രഹം. ഈ ഓർമ്മകൾ പകർത്തി വയ്ക്കാനായി കണക്കിലധികം മനഃക്ലേശം ഞാൻ അനുഭവിച്ചുകഴിഞ്ഞു. എന്റെ ചങ്ങാതി തന്റെ ചെമ്മരിയാടുമായി എന്നെ പിരിഞ്ഞുപോയിട്ടു് ആറു കൊല്ലം കഴിഞ്ഞിരിക്കുന്നു. ഇന്നു് ഞാൻ ഈ കഥ വിവരിക്കുന്നതു് ഞാൻ അവനെ മറക്കില്ല എന്നുറപ്പു വരുത്താനാണു്. ഒരു സ്നേഹിതനെ മറക്കുക എന്നു പറഞ്ഞാൽ എത്ര ഖേദകരമാണതു്. എല്ലാവർക്കും സ്നേഹിതന്മാരെ കിട്ടിക്കോളണമെന്നുമില്ല. ഞാൻ അവനെ മറക്കുക എന്നു വന്നാൽ അക്കങ്ങളിലല്ലാതെ മറ്റൊന്നിലും താല്പര്യമില്ലാത്ത മുതിർന്നവരെപ്പോലെയായി ഞാനും എന്നാണു് അതിനർത്ഥം…
അങ്ങനെയൊരുദ്ദേശ്യം മനസ്സിൽ വച്ചുകൊണ്ടാണു് ഞാൻ പോയി ഒരു പെട്ടി ചായവും കുറേ പെൻസിലും വാങ്ങിയതു്. എന്റെ പ്രായത്തിൽ വരയ്ക്കാൻ തുടങ്ങുക എന്നതു് വളരെ ദുഷ്കരമായ കാര്യമാണു്; ആറു വയസ്സുള്ളപ്പോൾ പെരുമ്പാമ്പിന്റെ അകവും പുറവും വരച്ചതല്ലാതെ മുൻപരിചയവും എനിക്കില്ലല്ലോ. എന്നാല്ക്കൂടി കഴിയുന്നത്ര വിശ്വസ്തമായി എന്റെ ദൗത്യം നിർവഹിക്കാൻ ഞാൻ ശ്രമിക്കാം. അതിൽ വിജയം കാണുമെന്നു് എനിക്കത്ര വലിയ ഉറപ്പുമില്ല. ഒരു ചിത്രം കുറേയൊക്കെ ഭേദമായിരുന്നു; രണ്ടാമതൊന്നു വരച്ചതാകട്ടെ, വിഷയവുമായി ഒരു സാദൃശ്യവുമില്ലാതെപോയി. ലിറ്റിൽ പ്രിൻസിന്റെ ഉയരത്തിന്റെ കാര്യത്തിലും എനിക്കു പിശകു പറ്റുന്നു: ഒന്നിൽ പൊക്കം കൂടുതലാണെങ്കിൽ മറ്റൊന്നിൽ അവനു പൊക്കം തീരെ കുറഞ്ഞുപോകുന്നു. അവന്റെ വേഷത്തിന്റെ നിറത്തിലും എനിക്കു ചില സംശയങ്ങളുണ്ടു്. അതിനാൽ എന്നെക്കൊണ്ടാവുന്നത്ര ഭംഗിയായി, ചിലപ്പോൾ നന്നായും ചിലപ്പോൾ മോശമായും, തപ്പിത്തടഞ്ഞു ഞാൻ മുന്നോട്ടു പോകുന്നു…
സുപ്രധാനമായ മറ്റു ചില വിശദാംശങ്ങളിലും ഞാൻ പിശകുകൾ വരുത്തുന്നുണ്ടു്. അതു പക്ഷേ, എന്റെ പിഴ കൊണ്ടല്ല. എന്റെ സ്നേഹിതൻ യാതൊന്നും എനിക്കു വിശദീകരിച്ചു തന്നിരുന്നില്ല. ഞാൻ അവനെപ്പോലെ തന്നെയാണെന്നു് അവൻ വിചാരിച്ചിരുന്നിരിക്കണം. എനിക്കുണ്ടോ പെട്ടികളുടെ തുളകളിലൂടെ നോക്കി ഉള്ളിലുള്ള ചെമ്മരിയാടിനെ കാണാനറിയുന്നു! ഞാനും കുറേശ്ശേ മുതിർന്നവരെപ്പോലെയായിട്ടുണ്ടാവും. എനിക്കും പ്രായം കൂടിവരികയല്ലേ.
ഓരോ ദിവസവും ഞങ്ങൾ തമ്മിലുള്ള സംഭാഷണങ്ങളിൽ നിന്നു് ലിറ്റിൽ പ്രിൻസിനെക്കുറിച്ചുള്ള വിവരങ്ങൾ എനിക്കു കിട്ടിത്തുടങ്ങി: അവന്റെ സ്വദേശമായ ഗ്രഹത്തെക്കുറിച്ചു്, അവിടെ നിന്നും അവൻ വിട്ടുപോന്നതിനെക്കുറിച്ചു്, അവന്റെ യാത്രയെക്കുറിച്ചു്. അതു പോലും പക്ഷേ, വളരെ സാവധാനമാണു കിട്ടിയിരുന്നതു്. അങ്ങനെയാണു് ബയോബാബുകൾ വരുത്തിയ വിപത്തിനെക്കുറിച്ചു് മൂന്നാം ദിവസം ഞാൻ അറിയുന്നതു്.
ഇത്തവണയും ഞാൻ നന്ദി പറയേണ്ടതു് ചെമ്മരിയാടിനോടു തന്നെയാണു്. അന്നു പെട്ടെന്നാണു് ലിറ്റിൽ പ്രിൻസ് എന്നോടു ചോദിക്കുന്നത്—എന്തോ ഗൗരവമേറിയ സംശയം തന്നെ പിടിച്ചുലച്ച പോലെ: “ചെമ്മരിയാടുകൾ കുറ്റിച്ചെടികൾ തിന്നുമെന്നുള്ളതു ശരിയല്ലേ?”
“അതെ, അതു ശരിയാണു്.”
“ഹാവൂ! എനിക്കു സന്തോഷമായി!”
ചെമ്മരിയാടുകൾ കുറ്റിച്ചെടികൾ തിന്നുന്നതിൽ എന്താണിത്ര പ്രാധാന്യമെന്നു് എനിക്കു പിടി കിട്ടിയില്ല. അപ്പോഴാണു് ലിറ്റിൽ പ്രിൻസ് ചോദിക്കുന്നതു്:
“എന്നു പറഞ്ഞാൽ അവ ബയോബാബുകളും തിന്നില്ലേ?”
ബയോബാബുകൾ കുറ്റിച്ചെടികളല്ല, കോട്ടകൾ പോലത്തെ കൂറ്റൻ മരങ്ങളാണെന്നു് ഞാൻ അവനു പറഞ്ഞുകൊടുത്തു; ഇനി ഒരാനപ്പറ്റത്തെത്തന്നെ അവൻ കൂട്ടിക്കൊണ്ടു പോയാലും ഒരൊറ്റ ബയോബാബു തിന്നുതീർക്കാൻ അവയ്ക്കു കഴിയില്ലെന്നും ഞാൻ പറഞ്ഞുമനസ്സിലാക്കി.
ആനപ്പറ്റത്തെപ്പറ്റി പറഞ്ഞപ്പോൾ ലിറ്റിൽ പ്രിൻസിനു ചിരി പൊട്ടി.
“അവയെ ഒന്നിനു മുകളിലൊന്നായി അടുക്കിവയ്ക്കേണ്ടി വരും,” അവൻ പറഞ്ഞു.
അപ്പോഴാണു് അവന്റെ ബുദ്ധി പുറത്തു വരുന്നതു്:
“അത്ര വലുതായി വളരുന്നതിനു മുമ്പു് ബയോബാബുകൾ കുഞ്ഞുതൈകളായിരിക്കുമല്ലോ?”
“തികച്ചും ശരിയാണതു്, ” ഞാൻ പറഞ്ഞു. “അല്ല, ആടു് നിന്റെ ബയോബാബു തൈകൾ തിന്നണമെന്നു നിനക്കു തോന്നാനെന്താ കാരണം?”
അവന്റെ മറുപടി പെട്ടെന്നായിരുന്നു. “ഓ, അതു വിടെന്നേ!” അതിൽ കൂടുതൽ എന്തു വ്യക്തമാക്കാനെന്ന മട്ടിൽ അവൻ പറഞ്ഞു. അവനിൽ നിന്നൊരു സഹായം കിട്ടില്ലെന്നു വന്നതോടെ ആ പ്രശ്നത്തിനു തൃപ്തികരമായ ഒരുത്തരം കണ്ടെത്താൻ എനിക്കു മനസ്സു നല്ലവണ്ണം പ്രവർത്തിപ്പിക്കേണ്ടി വന്നു.
മറ്റേതു ഗ്രഹത്തിലുമെന്ന പോലെ ലിറ്റിൽ പ്രിൻസിന്റെ ഗ്രഹത്തിലും നല്ല ചെടികളും ചീത്തച്ചെടികളുമുണ്ടെന്നു് ഞാൻ മനസ്സിലാക്കി. നല്ല ചെടികളിൽ നിന്നു് നല്ല വിത്തുകളും ചീത്തച്ചെടികളിൽ നിന്നു് ചീത്ത വിത്തുകളും ഉണ്ടാകണമല്ലോ. വിത്തുകൾ പക്ഷേ, അദൃശ്യമായിരിക്കും. ഭൂഗർഭത്തിൽ അവ ഗാഢനിദ്രയിലായിരിക്കും; അപ്പോഴാണു് അതിലൊന്നു് ഇനിയുണരാമെന്നു് പെട്ടെന്നങ്ങു തീരുമാനിക്കുക. ആ കുഞ്ഞുവിത്തു് മൂരി നിവരുന്നു, സൂര്യനു നേർക്കു പതുക്കെ ഒരു തളിരില നീട്ടുന്നു. അതൊരു മുള്ളങ്കിയുടെ മുളയോ റോസാച്ചെടിയുടെ തൈയോ ആണെങ്കിൽ അതവിടെ നിന്നു വളരട്ടേയെന്നേ ആരും പറയൂ. മറിച്ചു് അതൊരു കളയാണെങ്കിൽ കഴിയുന്നത്ര വേഗം, കണ്ട നിമിഷം തന്നെ, അതിനെ പറിച്ചെടുത്തു നശിപ്പിക്കേണ്ടതുമാകുന്നു.
ലിറ്റിൽ പ്രിൻസിന്റെ ഗ്രഹത്തിലും അമ്മാതിരി ചില അന്തകവിത്തുകൾ ഉണ്ടായിരുന്നു; ബയോബാബു മരങ്ങളുടെ വിത്തുകളാണവ. ആ ഗ്രഹത്തിലെ മണ്ണു നിറയെ അതായിരുന്നു. ഇടപെടാൻ വൈകിപ്പോയാൽ പിന്നെ കാര്യങ്ങൾ കൈ വിട്ടുപോകുന്ന തരമാണു് ഈ ബയോബാബ് മരം. ഗ്രഹം മൊത്തം അവ വളർന്നുപടരും. വേരുകൾ കൊണ്ടതു തുളച്ചിറങ്ങും. ഗ്രഹം തീരെച്ചെറുതും ബയോബാബുകൾ വളരെയധികവുമാണെങ്കിൽ അതു പൊട്ടിത്തെറിക്കുകയും ചെയ്യും.
“അതൊരു നിഷ്ഠയുടെ കാര്യമാണു്,” ലിറ്റിൽ പ്രിൻസ് പിന്നീടെന്നോടു പറഞ്ഞു. “പ്രഭാതത്തിൽ സ്വന്തം ദേഹം വൃത്തിയാക്കിക്കഴിഞ്ഞാൽ പിന്നെ എന്റെ ഗ്രഹം വൃത്തിയാക്കേണ്ട നേരമാകുന്നു. കണ്ടാൽ റോസാച്ചെടിയുടെ തൈ പോലിരിക്കുന്ന ബയോബാബുകൾ തല പൊക്കുന്ന നിമിഷം തന്നെ അവ പിഴുതെടുത്തു കളയണം. ക്ഷീണിപ്പിക്കുമെങ്കിലും എളുപ്പം ചെയ്യാവുന്ന പണിയുമാണതു്.”
പിന്നൊരിക്കൽ അവൻ എന്നോടു പറയുകയാണു്: “നിങ്ങൾ നല്ലൊരു ചിത്രം വരയ്ക്കണം; നിങ്ങൾ താമസിക്കുന്നിടത്തെ കുട്ടികളും കാര്യം മനസ്സിലാക്കട്ടെ. എന്നെങ്കിലും യാത്ര ചെയ്യേണ്ടി വരികയാണെങ്കിൽ അവർക്കതുപയോഗപ്പെടും. ഇന്നത്തെ ജോലി മറ്റൊരു ദിവസത്തേക്കു മാറ്റിവയ്ക്കുന്നതു് ചിലപ്പോഴൊക്കെ സൗകര്യപ്രദമാണെന്നു വരാം. ബയോബാബുകളുടെ കാര്യത്തിൽ അങ്ങനെ ചെയ്യുന്നതു് ആപത്തു ക്ഷണിച്ചുവരുത്തുകയാണു്. ഒരു കുഴിമടിയൻ താമസിച്ചിരുന്ന ഒരു ഗ്രഹം എനിക്കറിയാം. മൂന്നു കുറ്റിച്ചെടികൾ വളർന്നുവരുന്നതു് അയാൾ അത്ര കാര്യമാക്കിയില്ല… ”
ലിറ്റിൽ പ്രിൻസിന്റെ വിവരണം അനുസരിച്ചു് ഞാൻ ആ ഗ്രഹത്തിന്റെ ഒരു ചിത്രം വരച്ചുണ്ടാക്കി. ഒരുപദേശിയുടെ സ്വരത്തിൽ സംസാരിക്കാൻ എനിക്കൊട്ടും താല്പര്യമില്ല; എന്നാലും ഞാൻ പറയട്ടെ, ബയോബാബുകൾ ഉണ്ടാക്കുന്ന വിപത്തിനെക്കുറിച്ചു് ആരും ഇതു വരെ ബോധവാന്മാരായിട്ടില്ല. അതിനാൽ കുട്ടികളേ, ബയോബാബുകളെ കരുതിയിരിക്കുക.
എന്റെ സ്നേഹിതന്മാരും എന്നെപ്പോലെ തന്നെ കുറേക്കാലം ഈ അപകടം കണ്ടില്ലെന്നു നടിച്ചു നടന്നു. അതിനാൽ അവർക്കു വേണ്ടിയാണു് ഈ ചിത്രം ഇത്ര ക്ലേശിച്ചു ഞാൻ വരച്ചതു്. ഇതു വഴി ഞാൻ പകർന്നു നല്കാൻ ഉദ്ദേശിക്കുന്ന സന്ദേശം എന്റെ ബുദ്ധിമുട്ടിനു മതിയായ പ്രതിഫലമാണെന്നു ഞാൻ കരുതുന്നു.
നിങ്ങൾ ചോദിച്ചേക്കും, “ബയോബാബുകളുടെ ചിത്രം പോലെ അത്ര ഗംഭീരവും മനസ്സിൽ തറയ്ക്കുന്നതുമായ വേറേ ചിത്രങ്ങൾ പുസ്തകത്തിൽ കാണാത്തതെന്തുകൊണ്ടാണു്?”
അതിനുള്ള മറുപടി ലളിതമാണു്. ഞാൻ ശ്രമിച്ചിരുന്നു. പക്ഷേ, മറ്റുള്ളവയുടെ കാര്യത്തിൽ ഞാൻ അത്ര വിജയിച്ചില്ല. എന്റെ കഴിവിനുമപ്പുറം ശ്രമിക്കാൻ എന്നെ പ്രേരിപ്പിച്ചതു് ഒരാവശ്യകതയുടെ അടിയന്തിരപ്രാധാന്യമായിരുന്നു.
ലിറ്റിൽ പ്രിൻസ്! നിന്റെ ദാരുണമായ കുഞ്ഞുജീവിതത്തിന്റെ വിശദാംശങ്ങൾ ക്രമേണ ഞാൻ അറിഞ്ഞതു് ഈ വിധമായിരുന്നു. കുറേക്കാലത്തേക്കു് നിന്റെ ആകെയുള്ള വിനോദം സൂര്യാസ്തമയം നോക്കിയിരിക്കൽ മാത്രമായിരുന്നു. ഈ പുതിയ കാര്യം ഞാൻ അറിയുന്നതു് നാലാം ദിവസം കാലത്താണു്. അന്നു നീ പറഞ്ഞു:
“അസ്തമയങ്ങൾ എനിക്കു വളരെ ഇഷ്ടമാണു്. വരൂ, നമുക്കൊരസ്തമയം കാണാൻ പോകാം.”
“പക്ഷേ, അതിനു സമയമാവേണ്ടേ?” ഞാൻ ചോദിച്ചു.
“ഏതിനു് ?”
“സൂര്യൻ അസ്തമിക്കാൻ.”
ആദ്യം നീ വല്ലാതെ അമ്പരന്നതായി എനിക്കു തോന്നി; പിന്നെ നീ പൊട്ടിച്ചിരിച്ചു. നീ പറഞ്ഞു:
“ഞാൻ ഇപ്പോഴും നാട്ടിലാണെന്നു വിചാരിച്ചുപോയി!”
അതിൽ തെറ്റില്ല. അമേരിക്കയിൽ നട്ടുച്ചയായിരിക്കുമ്പോൾ ഫ്രാൻസിൽ അസ്തമയമായിരിക്കുമെന്നു് ആർക്കുമറിയാം.
ഒറ്റ മിനുട്ടു കൊണ്ടു് ഫ്രാൻസിലേക്കു പറക്കാൻ പറ്റിയാൽ നട്ടുച്ചയിൽ നിന്നു നിങ്ങളെത്തുന്നതു് അസ്തമയത്തിലേക്കായിരിക്കും. കഷ്ടകാലത്തിനു പക്ഷേ, ഫ്രാൻസ് വളരെ ദൂരത്തായിപ്പോയി. എന്നാൽ നിന്റെ ഗ്രഹത്തിൽ, ലിറ്റിൽ പ്രിൻസ്, നിനക്കു കസേര രണ്ടുമൂന്നടി പിന്നിലേക്കു മാറ്റിയിട്ടാൽ മതി. ഇഷ്ടമുള്ളപ്പോഴൊക്കെ പകലസ്തമിക്കുന്നതും കണ്ടു നിനക്കിരിക്കാം…
“അന്നൊരു ദിവസം ഞാൻ നാല്പത്തിനാലു് അസ്തമയങ്ങൾ കണ്ടു!”
അല്പനേരം കഴിഞ്ഞു നീ പറഞ്ഞു:
“മനസ്സു സങ്കടപ്പെടുമ്പോഴാണു് അസ്തമയം മനോഹരമാവുക… ”
“നാല്പത്തിനാലു് അസ്തമയങ്ങൾ കണ്ട ദിവസം,” ഞാൻ ചോദിച്ചു, “നിന്റെ മനസ്സിൽ അത്ര സങ്കടമുണ്ടായിരുന്നോ?”
പക്ഷേ, ലിറ്റിൽ പ്രിൻസ് അതിനു മറുപടി പറഞ്ഞില്ല.
അഞ്ചാമത്തെ ദിവസം—ആ ചെമ്മരിയാടാണു് ഇവിടെയും എന്നെ സഹായിച്ചതു്—ലിറ്റിൽ പ്രിൻസിന്റെ ജീവിതത്തിലെ മറ്റൊരു രഹസ്യം എനിക്കു വെളിപ്പെട്ടുകിട്ടി. പെട്ടെന്നു്, ഒരു മുഖവുരയുമില്ലാതെ, ഏറെക്കാലത്തെ മൗനധ്യാനത്തിനു വിധേയമായൊരു പ്രശ്നത്തിൽ നിന്നുയർന്നു വന്നതാണതെന്ന പോലെ, അവൻ ചോദിച്ചു:
“ചെമ്മരിയാടിനു് കുറ്റിച്ചെടികൾ തിന്നാമെങ്കിൽ അതിനു പൂക്കളും തിന്നുകൂടേ?”
“ആടുകൾ കൈയിൽ കിട്ടുന്നതെന്തും കഴിക്കും,” ഞാൻ പറഞ്ഞു.
“മുള്ളുള്ള പൂക്കളും?”
“അതെ. മുള്ളുള്ള പൂക്കളും.”
“അപ്പോൾ പിന്നെ മുള്ളുകൾ കൊണ്ടെന്താ ഗുണം?”
അതെനിക്കറിയില്ലായിരുന്നു. ആ സമയത്തു് ഞാൻ എഞ്ചിനിൽ നിന്നു് ഒരു ബോൾട്ട് ഊരിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു. എന്റെ വേവലാതി കൂടിവരികയായിരുന്നു; കാരണം, എന്റെ വിമാനത്തിന്റെ തകരാറു് അത്രയെളുപ്പം പരിഹരിക്കാവുന്നതല്ലെന്നു് തെളിഞ്ഞുവരികയായിരുന്നു; ദാഹിച്ചു മരിക്കേണ്ടി വരുമെന്നുള്ള ഘട്ടത്തിലേക്കു കൈയിലുള്ള വെള്ളം കുറയുകയും.
“മുള്ളുകൾ കൊണ്ടെന്താ ഗുണം?”
ലിറ്റിൽ പ്രിൻസ് ഒരു ചോദ്യം ചോദിച്ചാൽ അതിനൊരുത്തരം കിട്ടാതെ അവൻ വിടില്ല. ഞാനാണെങ്കിൽ ആ ബോൾട്ടിന്റെ കാര്യത്തിൽ വെറി പിടിച്ചു നില്ക്കുകയായിരുന്നു. അധികം ആലോചിക്കാൻ നില്ക്കാതെ ഞാൻ പറഞ്ഞു:
“മുള്ളുകൾ കൊണ്ടു് ഒരുപയോഗവുമില്ല. പൂക്കൾക്കു വിദ്വേഷം കാണിക്കാനുള്ള വഴിയാണതു്!”
“അയ്യോ!” ഒരു നിമിഷം അവൻ ഒന്നും മിണ്ടിയില്ല; എന്നിട്ടവൻ ഒരുതരം അമർഷത്തോടെ എന്റെ നേർക്കു് ആഞ്ഞടിച്ചു:
“നിങ്ങൾ പറഞ്ഞതു ഞാൻ വിശ്വസിക്കുന്നില്ല! പൂക്കൾ തീരെ ദുർബലരാണു്. അവർ ശുദ്ധരുമാണു്. ആത്മവിശ്വാസം കിട്ടാൻ വേണ്ടി അവർ ഓരോ വഴി നോക്കുന്നുവെന്നേയുള്ളു. തങ്ങളുടെ മുള്ളുകൾ കണ്ടാൽ ആരും പേടിച്ചുപോകുമെന്നാണു് അവർ കരുതുന്നതു്… ”
ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. ആ സമയം ഞാൻ മനസ്സിൽ പറയുകയായിരുന്നു: “ഇപ്പോൾ ഈ ബോൾട്ട് ഊരിപ്പോന്നില്ലെങ്കിൽ ഞാനതു് ചുറ്റിക വച്ചു് അടിച്ചിളക്കാൻ പോവുകയാണു്.” ലിറ്റിൽ പ്രിൻസ് പിന്നെയും എന്റെ ചിന്തയ്ക്കു തടയിട്ടു:
“നിങ്ങൾ ശരിക്കും വിശ്വസിക്കുന്നുണ്ടോ, പൂക്കൾ… ”
“അയ്യോ, ഇല്ല!” ഞാൻ വിളിച്ചുപറഞ്ഞു. “ഇല്ല, ഇല്ല, ഇല്ല! ഞാൻ ഒന്നിലും വിശ്വസിക്കുന്നില്ല. മനസ്സിൽ അപ്പോൾ വന്നതു ഞാൻ വിളിച്ചുപറഞ്ഞുവെന്നേയുള്ളു. ഞാൻ ഗൗരവമുള്ള ഒരു കാര്യം ചെയ്യുകയാണെന്നു നിനക്കു കണ്ടൂടേ!”
അവൻ അമ്പരപ്പോടെ എന്നെ മിഴിച്ചുനോക്കി.
“ഗൗരവമുള്ള കാര്യം!”
കൈയിൽ ഒരു ചുറ്റികയും ഗ്രീസു പുരണ്ട വിരലുകളുമായി, കാണാൻ ഭംഗിയില്ലാത്തതെന്നു് അവനു തോന്നിയ ഒരു വസ്തുവിനെ കുനിഞ്ഞു നോക്കിക്കൊണ്ടു നില്ക്കുകയാണു ഞാൻ.
“മുതിർന്നവരെപ്പോലെയാണു് നിങ്ങൾ സംസാരിക്കുന്നതു്!”
അതു കേട്ടപ്പോൾ ഞാനൊന്നു ചൂളി. പക്ഷേ, അവൻ വിടുന്നില്ല:
“നിങ്ങൾ സകലതും കൂട്ടിക്കുഴയ്ക്കുകയാണു്… നിങ്ങൾക്കു് യാതൊന്നിന്റെയും വാലും തുമ്പും പിടി കിട്ടുന്നില്ല… ”
അവനു ശരിക്കും കോപം വന്നിരിക്കയാണു്. അവന്റെ സ്വർണ്ണമുടി ഇളംകാറ്റിലിളകി.
“മുഖം ചുവന്നുതുടുത്ത ഒരാൾ താമസിക്കുന്ന ഒരു ഗ്രഹം എനിക്കറിയാം. അയാൾ ഇന്നേ വരെ ഒരു പൂവു മണത്തിട്ടില്ല, ഒരു നക്ഷത്രത്തെ കണ്ണെടുത്തു നോക്കിയിട്ടില്ല, ഒരാളെയും സ്നേഹിച്ചിട്ടില്ല. കണക്കു കൂട്ടുകയല്ലാതെ ജീവിതത്തിൽ ഒരു വസ്തു അയാൾ ചെയ്തിട്ടില്ല. ദിവസം മുഴുവൻ അയാൾ പറഞ്ഞുകൊണ്ടിരിക്കുന്നതാകട്ടെ, നിങ്ങൾ ഇപ്പോൾ പറഞ്ഞതു തന്നെ: ‘ഞാൻ ഗൗരവമുള്ള ഒരു കാര്യം ചെയ്യുകയാണു്!’ എന്നിട്ടു് അഭിമാനം കൊണ്ടു് അയാൾ സ്വയം ഊതിവീർപ്പിക്കും. പക്ഷേ, ഞാൻ ഇപ്പറഞ്ഞയാൾ മനുഷ്യനൊന്നുമല്ല—ഒരു കൂൺ!”
“ഒരു എന്താണെന്നാ പറഞ്ഞതു്?”
“ഒരു കൂൺ!”
ലിറ്റിൽ പ്രിൻസിന്റെ മുഖം രോഷം കൊണ്ടു വിളർത്തിരുന്നു.
“പൂക്കൾക്കു മുള്ളുകളുണ്ടായിട്ടു് ലക്ഷക്കണക്കിനു വർഷങ്ങളായി. എന്നിട്ടും ലക്ഷക്കണക്കിനു വർഷങ്ങളായി ആടുകൾ അവ തിന്നൊടുക്കുന്നു. പ്രയോജനമില്ലെങ്കിലും എന്തിനാണു പൂക്കൾക്കു മുള്ളുകൾ വളരുന്നതെന്നു മനസ്സിലാക്കാൻ ശ്രമിക്കുക പ്രധാനപ്പെട്ട കാര്യമല്ലേ? ആടുകളും പൂക്കളും തമ്മിലുള്ള നിരന്തരയുദ്ധം, അതു പ്രധാനപ്പെട്ട കാര്യമല്ലേ? ഒരു തുടുത്തു കൊഴുത്ത മനുഷ്യൻ കൂട്ടിക്കൂട്ടി വയ്ക്കുന്ന അക്കങ്ങളേക്കാൾ പ്രധാനപ്പെട്ട കാര്യമല്ലേ അതു് ? ഈ പ്രപഞ്ചത്തിൽ മറ്റെങ്ങുമില്ലാത്ത ഒരപൂർവ്വപുഷ്പം എന്റെ ഗ്രഹത്തിലുണ്ടെന്നു് എനിക്കറിയാമെന്നു വയ്ക്കുക; എന്നിട്ടൊരു പ്രഭാതത്തിൽ ഒരു കുഞ്ഞാടു്, താനെന്താണു ചെയ്യുന്നതെന്നറിയാതെ, ഒറ്റക്കടി കൊണ്ടു് ആ പൂവിനെ ഇല്ലാതാക്കിയാൽ—അതു പ്രധാനപ്പെട്ട കാര്യമല്ലേ?”
അവന്റെ മുഖത്തു് വിളർച്ച മാറി തുടുപ്പായിക്കഴിഞ്ഞിരുന്നു.
“ഒരാൾ ഒരു പൂവിനെ സ്നേഹിക്കുന്നുണ്ടെങ്കിൽ, കോടാനുകോടികളായ നക്ഷത്രങ്ങളിൽ അതൊന്നു മാത്രമേയുള്ളുവെങ്കിൽ, അതു പോരേ നക്ഷത്രങ്ങളെ നോക്കിനില്ക്കുമ്പോൾ അയാൾക്കു സന്തോഷം തോന്നാൻ? അയാൾ സ്വയം പറയുകയാണു്, ‘എന്റെ പൂവു് അവിടെവിടെയോ ഉണ്ടു്…’ പക്ഷേ, ഒരാടു് ആ പൂവു തിന്നുകയാണെങ്കിൽ അയാളെ സംബന്ധിച്ചിടത്തോളം പൊടുന്നനേ നക്ഷത്രങ്ങളൊന്നാകെ കെട്ടണഞ്ഞുപോവുകയാണു്… അതു നിങ്ങൾക്കു പ്രധാനപ്പെട്ട കാര്യമല്ല?”
അവനു പിന്നെ മറ്റൊന്നും പറയാൻ പറ്റാതെയായി. വിങ്ങിപ്പൊട്ടിവന്ന കരച്ചിൽ കാരണം വാക്കുകൾ അവന്റെ തൊണ്ടയിൽ കുടുങ്ങി.
ഇരുട്ടായിക്കഴിഞ്ഞിരുന്നു. ഞാൻ പണിയായുധങ്ങൾ താഴെയിട്ടു. ഈ നിമിഷത്തിൽ ചുറ്റികയും ബോൾട്ടുമൊക്കെ എനിക്കെന്തു്? ദാഹത്തെയും മരണത്തെയും കുറിച്ചു ഞാനെന്തിനുത്കണ്ഠപ്പെടണം? ഒരു നക്ഷത്രത്തിൽ, ഒരു ഗ്രഹത്തിൽ, എന്റെ ഗ്രഹത്തിൽ, ഈ ഭൂമിയിൽ ഒരു കുഞ്ഞുരാജകുമാരനു് സാന്ത്വനം വേണം. ഞാനവനെ കൈകളിലെടുത്തു താരാട്ടി. ഞാൻ പറഞ്ഞു:
“നീ സ്നേഹിക്കുന്ന ആ പൂവിനു് ഒരപകടവും പറ്റില്ല. ഞാൻ നിന്റെ ആടിനു് ഒരു വായ്പൂട്ടു വരച്ചിടാം. നിന്റെ പൂവിനു ചുറ്റും ഞാനൊരു വേലി വരയ്ക്കാം. ഞാൻ… ” എന്തു പറയണമെന്നു് എനിക്കറിയാതെയായി. ഞാനാകെ പതറി. എങ്ങനെയാണു് അവനിലേക്കെത്തുക എന്നു്, എവിടെയാണവനെ കണ്ടെത്തുക എന്നു് എനിക്കു പിടികിട്ടിയില്ല.
വളരെ നിഗൂഢമായ ഒരിടമാണതു്, കണ്ണീരിന്റെ ദേശം.
വൈകാതെ ഈ പൂവിനെക്കുറിച്ചു കൂടുതലായി ഞാനറിഞ്ഞു. ലിറ്റിൽ പ്രിൻസിന്റെ ഗ്രഹത്തിൽ പൂക്കൾ സരളസൗന്ദര്യമുള്ളവയായിരുന്നു. ഇതളുകൾ ഒരടുക്കേ ഉണ്ടാവൂ; അവയ്ക്കു നില്ക്കാൻ അല്പമിടമേ വേണ്ടൂ; ആർക്കും അവ ഒരു ശല്യമായതുമില്ല. ഒരു പ്രഭാതത്തിൽ അവ പുൽത്തട്ടിൽ പ്രത്യക്ഷപ്പെടുന്നതു കാണാം; സന്ധ്യയാവുന്നതോടെ അവ വാടിവീഴുകയും ചെയ്യും. പക്ഷേ, ഒരു ദിവസം, എവിടെ നിന്നു പാറിവന്നുവെന്നറിയാത്ത ഒരു വിത്തിൽ നിന്നു് ഒരു ചെടി നാമ്പെടുത്തു; ലിറ്റിൽ പ്രിൻസ് ആ കുഞ്ഞുനാമ്പിന്റെ വളർച്ച ശ്രദ്ധാപൂർവം നിരീക്ഷിച്ചുകൊണ്ടിരുന്നു. അവന്റെ ഗ്രഹത്തിലെ മറ്റേതു ചെടിയും പോലെയായിരുന്നില്ല അതു്; അതു പുതിയൊരു തരം ബയോബാബ് ആയേക്കാനും മതി.
ചെടിയുടെ വളർച്ച പെട്ടെന്നുതന്നെ നിലച്ചു; അതു പൂവിടാനുള്ള ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി. ആ മുഴുത്ത മൊട്ടിന്റെ വികാസം കണ്ടുനിന്ന കൊച്ചുരാജകുമാരനു് അത്ഭുതകരമായ ഒരു മായാരൂപമാണു് അതിൽ നിന്നു പുറത്തു വരിക എന്നു തോന്നിപ്പോയി. പക്ഷേ, അതിനൊരു തിടുക്കവുമുണ്ടായില്ല; തന്റെ പച്ചിലയറയുടെ മറയിൽ അവൾ തന്റെ ചമയങ്ങൾ ഒന്നൊന്നായി എടുത്തണിഞ്ഞുകൊണ്ടിരുന്നു. എത്ര ശ്രദ്ധയോടെയാണവൾ തന്റെ നിറങ്ങൾ തിരഞ്ഞെടുത്തതു്, എത്ര സാവകാശമാണവൾ തന്റെ പുടവകളെടുത്തുടുത്തതു്, ഇതളുകളൊന്നൊന്നായി നിരത്തിവച്ചതു് ! പാടത്തെ പോപ്പിപ്പൂക്കളെപ്പോലെ ചുളുങ്ങിക്കൂടി ലോകത്തേക്കു വരാൻ അവൾക്കിഷ്ടമുണ്ടായിരുന്നില്ല. തന്റെ സൗന്ദര്യത്തിന്റെ പൂർണ്ണദീപ്തിയോടെ തന്നെ വേണം അവൾക്കു ലോകത്തിനു മുന്നിൽ പ്രത്യക്ഷപ്പെടാൻ. അതെ, അവളൊരു പൊങ്ങച്ചക്കാരിപ്പൂവായിരുന്നു! അവളുടെയാ നിഗൂഢമായ അണിഞ്ഞൊരുങ്ങൽ ദിവസങ്ങൾ, ദിവസങ്ങൾ നീണ്ടു.
അങ്ങനെ ഒരു ദിവസം, കൃത്യം സൂര്യനുദിക്കുന്ന മുഹൂർത്തത്തിൽ അവൾ സ്വയം പ്രത്യക്ഷപ്പെടുത്തി.
ഇത്രയും സൂക്ഷ്മവും വിശദവുമായ ഒരുക്കം കഴിഞ്ഞിട്ടു് കോട്ടുവായിട്ടുകൊണ്ടു് അവൾ പറയുകയാണു്:
“ഹാവൂ! ഇനിയുമെന്റെ ഉറക്കം പോയിട്ടില്ല. ക്ഷമിക്കണേ. എന്റെ ഇതളുകൾ ഇപ്പോഴും ശരിക്കൊരടുക്കായിട്ടില്ല.”
പക്ഷേ, ലിറ്റിൽ പ്രിൻസിനു് തന്റെ ആരാധന മറച്ചുവയ്ക്കാൻ കഴിഞ്ഞില്ല:
“ഹൊ! എത്ര സുന്ദരിയാണു നീ!”
“ഞാൻ പിന്നെ അങ്ങനെയല്ലേ?” കൊഞ്ചിക്കൊണ്ടു് പൂവു പറഞ്ഞു. “സൂര്യനുദിക്കുന്ന നേരത്തു തന്നെയാണു് ഞാനും ജനിച്ചതു്… ”
അവളല്പം ഗർവുകാരിയാണെന്നൂഹിക്കാൻ കൊച്ചുരാജകുമാരനു പ്രയാസമുണ്ടായില്ല; എന്നാലും എത്ര ഹൃദയഹാരിയാണവൾ!
“പ്രാതലിനുള്ള നേരമായെന്നു തോന്നുന്നു,” അവൾ പെട്ടെന്നു പറഞ്ഞു, “എന്റെ ആവശ്യങ്ങളെക്കുറിച്ചോർക്കാൻ ദയവുണ്ടാകുമെങ്കിൽ… ”
ലിറ്റിൽ പ്രിൻസ് ആകെ നാണിച്ചുപോയി; അവൻ ഓടിപ്പോയി ഒരു പാത്രത്തിൽ വെള്ളം കൊണ്ടുവന്നു് ചെടിയ്ക്കു നനച്ചുകൊടുത്തു.
അധികം വൈകാതെ അവൾ തന്റെ പൊങ്ങച്ചവും ഗർവും കൊണ്ടു് അവനെ പീഡിപ്പിക്കാൻ തുടങ്ങി—അതവനെ വല്ലാതെ കഷ്ടപ്പെടുത്തി എന്ന സത്യവും പറയണമല്ലോ. ഉദാഹരണത്തിനു്, അന്നൊരു ദിവസം തന്റെ നാലു മുള്ളുകളെക്കുറിച്ചു സംസാരിക്കുന്നതിനിടയിൽ അവൾ ലിറ്റിൽ പ്രിൻസിനോടു പറയുകയാണു്:
“നഖങ്ങളും കൊണ്ടു് കടുവകൾ ഇങ്ങോട്ടു വരട്ടെ!”
“എന്റെ ഗ്രഹത്തിൽ കടുവകളില്ല,” ലിറ്റിൽ പ്രിൻസ് പ്രതിഷേധിച്ചു, “തന്നെയുമല്ല, കടുവകൾ പുല്ലു തിന്നാറുമില്ല.”
“അതിനു ഞാൻ പുല്ലൊന്നുമല്ലല്ലോ,” പൂവു് മധുരമായി പറഞ്ഞു.
“അല്ല, ഞാൻ പറഞ്ഞതു്… ”
“എനിക്കു കടുവകളെ ഒരു പേടിയുമില്ല,” അവൾ തുടർന്നു, “പക്ഷേ, എനിക്കു കാറ്റു തീരെ പറ്റില്ല. അതു തടുക്കാൻ ഒരു തട്ടി നിങ്ങളുടെ കൈയിൽ ഉണ്ടാവില്ലെന്നു തന്നെ കരുതട്ടെ?”
“കാറ്റു പറ്റില്ല—ഒരു ചെടിയുടെ കാര്യത്തിൽ അതത്ര നല്ലതല്ല” ലിറ്റിൽ പ്രിൻസ് അഭിപ്രായപ്പെട്ടു. എന്നിട്ടവൻ തന്നോടു തന്നെ പറഞ്ഞു, “ഈ പൂവു് ഒരല്പം കുഴപ്പം പിടിച്ചതാണല്ലോ… ”
“രാത്രിയിൽ എന്നെ ഒരു സ്ഫടികഗോളത്തിനുള്ളിൽ വച്ചേക്കണം. നിങ്ങളുടെ നാട്ടിൽ എന്തു തണുപ്പാണു്എനിക്കൊട്ടും സഹിക്കാൻ പറ്റുന്നില്ല. എന്റെ നാട്ടിലാണെങ്കിൽ… ”
പെട്ടെന്നവൾ നിർത്തി. അവൾ ഇവിടെ വന്നതു് ഒരു വിത്തിന്റെ രൂപത്തിലാണു്. അപ്പോൾപ്പിന്നെ മറ്റു ലോകങ്ങളെക്കുറിച്ചു് അവൾക്കെന്തറിയാൻ? അങ്ങനെയൊരു പച്ചക്കള്ളം പറയാൻ പോയി പിടിക്കപ്പെട്ടതിന്റെ നാണക്കേടു മറയ്ക്കാനും ലിറ്റിൽ പ്രിൻസിന്റെ ശ്രദ്ധ മാറ്റാനുമായി അവൾ ഒന്നുരണ്ടു വട്ടം ചുമച്ചു.
“തട്ടിയുടെ കാര്യം?”
“ഞാൻ അതു കിട്ടുമോയെന്നു നോക്കാൻ പോകുമ്പോഴാണു് നീ എന്നോടു സംസാരിക്കാൻ തുടങ്ങിയതു്.”
എന്നാലും അവനൊരു കുറ്റബോധം തോന്നട്ടേയെന്നു വച്ചു് അവൾ ഒന്നു കൂടി ചുമച്ചു.
ഇതു കാരണം അവളോടു് അത്ര സ്നേഹവും സന്മനോഭാവവും ഉണ്ടായിട്ടു കൂടി ലിറ്റിൽ പ്രിൻസിനു് അവളുടെ മേൽ സംശയമായിത്തുടങ്ങി. അവൾ പറഞ്ഞതൊക്കെ താനെന്തിനു കാര്യമായിട്ടെടുത്തു എന്നു് അവൻ സ്വയം പഴിച്ചു.
“അവൾ പറഞ്ഞതു ഞാൻ കേൾക്കരുതായിരുന്നു,” രഹസ്യം പറയുന്നപോലെ ഒരു ദിവസം അവൻ എന്നോടു പറഞ്ഞു. “പൂക്കൾ പറയുന്നതു നാം ശ്രദ്ധിക്കാനേ പാടില്ല. അവയെ നോക്കിനില്ക്കുക, അവയുടെ മണം നുകരുക—അത്ര മാത്രം. എന്റെ പൂവു് എന്റെ ഗ്രഹമൊന്നാകെ സുഗന്ധം പരത്തിയിരുന്നു. പക്ഷേ, അതെങ്ങനെ ആസ്വദിക്കണമെന്നു് എനിക്കറിയാതെപോയി. ആ കടുവാക്കഥയൊക്കെ എന്റെ മനസ്സമാധാനം കളയുന്നതിനു പകരം എന്റെ മനസ്സിൽ അവളോടുള്ള സ്നേഹവും കരുണയും നിറയ്ക്കേണ്ടതായിരുന്നു… ”
അവൻ തന്റെ രഹസ്യംപറച്ചിൽ തുടരുകയായിരുന്നു:
“എനിക്കന്നു് യാതൊന്നും മനസ്സിലായിരുന്നില്ല എന്നതാണു വാസ്തവം. ഞാനവളെ വിലയിരുത്തേണ്ടിയിരുന്നതു് അവളുടെ വാക്കുകൾ കൊണ്ടല്ല, പ്രവൃത്തികൾ കൊണ്ടായിരുന്നു. എന്റെ ഗ്രഹത്തെ അവൾ സുഗന്ധപൂരിതമാക്കി, എന്റെ ജീവിതത്തെ അവൾ പ്രകാശപൂർണ്ണവുമാക്കി. ഞാൻ അവളെ വിട്ടു് ഓടിപ്പോരരുതായിരുന്നു… അവളുടെയാ ബാലിശമായ നാട്യങ്ങൾക്കടിയിലുള്ള സ്നേഹം ഞാൻ മനസ്സിലാക്കേണ്ടതായിരുന്നു. പൂക്കൾ പുറമേ കാണുമ്പോലെയല്ല! പക്ഷേ, അന്നെനിക്കു തീരെ ചെറുപ്പമായിരുന്നു; എങ്ങനെയാണവളെ സ്നേഹിക്കേണ്ടതെന്നു് ആ പ്രായത്തിൽ എനിക്കറിയില്ലായിരുന്നു… ”
ഒരു പറ്റം ദേശാടനപ്പക്ഷികളുടെ കുടിയേറ്റത്തിന്റെ മറവിലാണു് അവൻ തന്റെ ഗ്രഹത്തിൽ നിന്നു പലായനം ചെയ്തതെന്നു് എനിക്കു തോന്നുന്നു. താൻ യാത്ര തിരിക്കുന്നതിന്റന്നു കാലത്തു് അവൻ തന്റെ ഗ്രഹത്തിലെ കാര്യങ്ങളെല്ലാം ചിട്ടയാക്കി വച്ചിരുന്നു. ജ്വലിച്ചു കൊണ്ടിരുന്ന അഗ്നിപർവതങ്ങൾ രണ്ടും അവൻ ശ്രദ്ധയോടെ വൃത്തിയാക്കിവച്ചു. രാവിലത്തെ ഭക്ഷണം ചൂടാക്കാൻ അവനതു വളരെ സൗകര്യമായിരുന്നു. അണഞ്ഞുപോയ ഒരഗ്നിപർവതം കൂടിയുണ്ടായിരുന്നു. പക്ഷേ, അവൻ പറഞ്ഞപോലെ “എന്തും സംഭവിക്കാമല്ലോ!” അതിനാൽ അവൻ അതും കൂടി വൃത്തിയാക്കി. നന്നായി തുടച്ചു കരി കളഞ്ഞു വച്ചാൽ അഗ്നിപർവതങ്ങൾ പൊട്ടിത്തെറിക്കലൊന്നുമില്ലാതെ ഒരേ നിലയ്ക്കു തെളിഞ്ഞു കത്തും. അഗ്നിപർവതസ്ഫോടനങ്ങൾ ചിമ്മിനിയിലെ തീപിടുത്തം പോലെയാണു്. ഭൂമിയിലെ അഗ്നിപർവതങ്ങൾ തീർച്ചയായും നമുക്കു ചുരണ്ടി വൃത്തിയാക്കി വയ്ക്കാൻ പറ്റാത്തവയാണു്; അത്ര ചെറിയ മനുഷ്യരാണു നമ്മൾ. അതുകൊണ്ടു തന്നെയാണു് അവ നമുക്കു് ഇത്ര ദുരിതം നല്കുന്നതും.
ശേഷിച്ച ബയോബാബ് തൈകൾ കൂടി ലിറ്റിൽ പ്രിൻസ് പിഴുതെടുത്തു. താനിനി ഇവിടേയ്ക്കു മടങ്ങിവരാൻ പോകുന്നില്ലെന്നു് അവനു തോന്നി. പക്ഷേ, താൻ നിത്യവും ചെയ്തിരുന്ന ആ പ്രവൃത്തികൾ ഇന്നവനു് അമൂല്യമായിരുന്നു; കാരണം ആ ഗ്രഹത്തിൽ അവന്റെ അവസാനത്തെ പ്രഭാതമാണതു്. ആ പൂവിനു് അവസാനമായി വെള്ളമൊഴിക്കുമ്പോൾ, സ്ഫടികഗോളം കൊണ്ടു് അതിനെ മൂടാൻ തുടങ്ങുമ്പോൾ താൻ കരച്ചിലിന്റെ വക്കത്തെത്തിയിരിക്കുന്നുവെന്നു് അവനു ബോദ്ധ്യമായി.
“പോയി വരട്ടെ,” അവൻ പൂവിനോടു പറഞ്ഞു.
പക്ഷേ, അവൾ ഒന്നും മിണ്ടിയില്ല.
“പോയി വരട്ടെ,” അവൻ ആവർത്തിച്ചു.
അവൾ ഒന്നു ചുമച്ചു. അതു പക്ഷേ, അവൾക്കു ജലദോഷമുള്ളതു കൊണ്ടായിരുന്നില്ല.
“ഞാൻ പൊട്ടസ്വഭാവം കാണിച്ചു,” ഒടുവിൽ അവൾ പറഞ്ഞു. “എന്നോടു ക്ഷമിക്കണം. അവിടെ സന്തോഷമായിരിക്കാൻ നോക്കൂ.”
ശകാരങ്ങൾ ഒന്നുമുണ്ടായില്ലെന്നതു് അവനെ അത്ഭുതപ്പെടുത്തി. എന്തു ചെയ്യണമെന്നറിയാതെ, മൂടാനെടുത്ത സ്ഫടികഗോളം പാതിവഴിയിൽ ഉയർത്തിപ്പിടിച്ചു് അവൻ നിന്നുപോയി. അവളുടെ സ്വഭാവത്തിൽ പെട്ടെന്നുണ്ടായ ആ മാധുര്യം അവനു മനസ്സിലായില്ല. “ഞാൻ നിന്നെ സ്നേഹിച്ചിരുന്നുവെന്നതിൽ സംശയിക്കാനില്ല,” പൂവു പറഞ്ഞു. “ഇത്ര കാലം നിനക്കതു മനസ്സിലായില്ലെന്നതു് എന്റെ കുറ്റം കൊണ്ടു തന്നെയാണു്. അതു പോകട്ടെ. പക്ഷേ, നീ… നീയും എന്നെപ്പോലെ പൊട്ടത്തരം കാണിച്ചു. സന്തോഷമായിരിക്കാൻ ശ്രമിക്കൂ… ആ സ്ഫടികഗോളം താഴെ വയ്ക്കൂ. ഇനിയെനിക്കു് അതിന്റെ ആവശ്യമില്ല.”
“പക്ഷേ, കാറ്റു്… ”
“എന്റെ ജലദോഷം അത്രയ്ക്കൊന്നുമില്ല. രാത്രിയിലെ തണുത്ത കാറ്റു് നല്ലതാണു്. ഞാൻ ഒരു പൂവാണല്ലോ.”
“പക്ഷേ, ജന്തുക്കൾ… ”
“പൂമ്പാറ്റകളെ പരിചയപ്പെടണമെങ്കിൽ രണ്ടുമൂന്നു ശലഭപ്പുഴുക്കളെ സഹിക്കാതെ പറ്റില്ല. പൂമ്പാറ്റകൾക്കു് നല്ല ഭംഗിയുണ്ടെന്നു തോന്നുന്നു. തന്നെയുമല്ല, പൂമ്പാറ്റകളും പുഴുക്കളുമല്ലാതെ മറ്റാരാണു് എന്നെ കാണാൻ വരിക? നീ അകലെയുമായിരിക്കും. പിന്നെ മൃഗങ്ങൾ… എനിക്കവയെ പേടിയൊന്നുമില്ല. എനിക്കു നഖങ്ങളുണ്ടല്ലോ.”
അവൾ തന്റെ നാലു മുള്ളുകൾ എടുത്തുകാട്ടി. എന്നിട്ടു പറഞ്ഞു:
“വെറുതെ ചുറ്റിത്തിരിഞ്ഞു് ഇങ്ങനെ നില്ക്കേണ്ട. എന്തായാലും പോകാൻ തീരുമാനിച്ചതല്ലേ. പൊയ്ക്കോളൂ.”
താൻ കരയുന്നതു് അവൻ കാണുന്നതു് അവൾക്കിഷ്ടമായിരുന്നില്ല, അതാണു കാര്യം. അവൾ അത്രയ്ക്കൊരഭിമാനിയായിരുന്നു…
അവൻ എത്തിപ്പെട്ടതു് 325, 326, 327, 328, 329, 330 എന്നിങ്ങനെ നമ്പരുള്ള ഛിന്നഗ്രഹങ്ങളുടെ സമീപത്താണു്. അവയെക്കുറിച്ചു കൂടുതലറിയാനായി അവൻ അവയോരോന്നായി സന്ദർശിക്കാൻ തുടങ്ങി.
അവയിൽ ആദ്യത്തേതിൽ താമസിച്ചിരുന്നതു് ഒരു രാജാവാണു്. മൃദുരോമക്കുപ്പായവും കടുംചുവപ്പായ അംഗവസ്ത്രവുമണിഞ്ഞു് ലളിതമെങ്കിലും പ്രൗഢമായ ഒരു സിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുകയാണദ്ദേഹം. “ആഹാ! എന്റെയൊരു പ്രജ ഇതാ വരുന്നു!” ലിറ്റിൽ പ്രിൻസ് ചെല്ലുന്നതു കണ്ടപ്പോൾ രാജാവു് ആഹ്ലാദത്തോടെ വിളിച്ചുപറഞ്ഞു.
ലിറ്റിൽ പ്രിൻസ് സ്വയം ചോദിച്ചു:
“മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത എന്നെ ഇദ്ദേഹം എങ്ങനെ തിരിച്ചറിഞ്ഞു?”
രാജാക്കന്മാർ ലോകത്തെ കാണുന്നതു് എത്ര ലഘൂകരിച്ചിട്ടാണെന്നു് അവൻ അറിഞ്ഞിട്ടില്ല. അവർക്കു് എല്ലാ മനുഷ്യരും പ്രജകളാണു്.
“അടുത്തു വരൂ, ഞാൻ നിന്നെ നന്നായിട്ടൊന്നു കാണട്ടെ,” ഒടുവിൽ തനിക്കൊരാളെ ഭരിക്കാൻ കിട്ടി എന്നതിന്റെ അഭിമാനത്തോടെ രാജാവു് അവനെ ക്ഷണിച്ചു.
ഇരിക്കാൻ ഒരു സ്ഥലത്തിനായി ലിറ്റിൽ പ്രിൻസ് ചുറ്റും നോക്കി; പക്ഷേ, ആ ഗ്രഹമൊന്നാകെ രാജാവിന്റെ ഉജ്ജ്വലമായ അംഗവസ്ത്രം നിറഞ്ഞുകിടക്കുകയാണു്. അതിനാൽ അവനു നില്ക്കുകയല്ലാതെ വഴിയില്ല; ക്ഷീണം കാരണം അവൻ കോട്ടുവായിടാനും തുടങ്ങി.
“രാജാവിനു മുന്നിൽ വച്ചു് കോട്ടുവായിടുന്നതു് ആചാരവിരുദ്ധമാണു്,” ചക്രവർത്തി കല്പിച്ചു. “അങ്ങനെ ചെയ്യരുതെന്നു നാം വിലക്കുന്നു.”
“എനിക്കതു തടുക്കാൻ പറ്റുന്നില്ല,” പരുങ്ങിക്കൊണ്ടു് ലിറ്റിൽ പ്രിൻസ് പറഞ്ഞു. “നീണ്ട യാത്ര കഴിഞ്ഞാണു് ഞാൻ വരുന്നതു്, ഉറങ്ങാനും പറ്റിയില്ല… ”
“അങ്ങനെയാണെങ്കിൽ,” രാജാവു പറഞ്ഞു, “കോട്ടുവായിടാൻ നിന്നോടു നാം കല്പിക്കുന്നു. കോട്ടുവായ എനിക്കൊരു പുതുമയാണു്. ഉം, ഒന്നു കൂടി കോട്ടുവായിടൂ. ഇതൊരു കല്പനയാണു്.”
“എനിക്കു പേടിയാവുന്നു… എനിക്കിപ്പോൾ കോട്ടുവാ വരുന്നില്ല… ” ആകെ പരിഭ്രമിച്ചുകൊണ്ടു് ലിറ്റിൽ പ്രിൻസ് പറഞ്ഞു.
“ശരി, ശരി!” അപ്പോൾ രാജാവു് പറഞ്ഞു. “എങ്കിൽ ഞാൻ കല്പിക്കുന്നു—ചിലപ്പോൾ നീ കോട്ടുവായിടുക, മറ്റു ചിലപ്പോൾ… ” രാജാവു് അതു പൂർത്തിയാക്കിയില്ല; ആൾക്കെന്തോ മുഷിച്ചിലു തോന്നിയിരിക്കുന്നു.
രാജാവിനു വേണ്ടതിതാണു്: തന്റെ അധികാരം സർവരാലും മാനിക്കപ്പെടണം. ഏകാധിപതിയായ താൻ ആജ്ഞാലംഘനം വകവച്ചു കൊടുക്കുന്ന പ്രശ്നമില്ല. പക്ഷേ, ആൾ നല്ലവനും കൂടിയായിരുന്നു; അതിനാൽ അദ്ദേഹത്തിന്റെ ആജ്ഞകൾക്കു് ഒരു മയവും ന്യായവും ഉണ്ടായിരുന്നു.
“ഞാൻ ഒരു ജനറലിനോടു്,” ഉദാഹരണമായി അദ്ദേഹം പറഞ്ഞു, “ഞാൻ ഒരു ജനറലിനോടു് താൻ ഒരു കടല്ക്കിളിയാകാൻ കല്പിക്കുകയും ജനറൽ അതനുസരിക്കാതിരിക്കുകയും ചെയ്താൽ അതു് ജനറലിന്റെ കുറ്റമാകുന്നില്ല; അതെന്റെ കുറ്റമാണു്.”
“ഞാൻ ഒന്നിരുന്നോട്ടെ?” ലിറ്റിൽ പ്രിൻസ് പേടിയോടെ ചോദിച്ചു.
“നിന്നോടു് ഇരിക്കാൻ ഞാൻ കല്പിക്കുന്നു,” തന്റെ അംഗവസ്ത്രം ഒന്നൊതുക്കിക്കൊടുത്തുകൊണ്ടു് രാജാവു് പറഞ്ഞു.
പക്ഷേ, ലിറ്റിൽ പ്രിൻസിന്റെ ആലോചന ഇതായിരുന്നു: ആ ഗ്രഹം തീരെച്ചെറുതാണു്. അപ്പോൾ എന്തിനു മേലാണു് ശരിക്കും രാജാവിന്റെ രാജ്യഭാരം?
“സർ… ” ധൈര്യം സംഭരിച്ചുകൊണ്ടു് അവൻ ചോദിച്ചു, “ഒരു ചോദ്യം ചോദിക്കാൻ എന്നെ അനുവദിക്കുമോ?”
“എന്നോടൊരു ചോദ്യം ചോദിക്കാൻ ഞാൻ നിന്നോടു കല്പിക്കുന്നു,” രാജാവു് തിടുക്കത്തോടെ പറഞ്ഞു.
“സർ… അങ്ങെന്തിനെയാണു് ഭരിക്കുന്നതു്?”
“സർവതിനെയും,” രാജാവിനു് രണ്ടാമതൊന്നു് ആലോചിക്കേണ്ടി വന്നില്ല.
“സർവതിനെയും?”
രാജാവു് കൈ കൊണ്ടു് ഒരു ചേഷ്ട കാണിച്ചതിൽ ഈ ഗ്രഹവും മറ്റു ഗ്രഹങ്ങളും സർവ നക്ഷത്രങ്ങളും ഉൾപ്പെട്ടിരുന്നു.
“അതിനെയൊക്കെ?” ലിറ്റിൽ പ്രിൻസ് ചോദിച്ചു.
“അതിനെയൊക്കെ… ” രാജാവു് പറഞ്ഞു.
എന്തെന്നാൽ അദ്ദേഹം ഏകാധിപതി മാത്രമല്ല, ഏകച്ഛത്രാധിപതി കൂടിയായിരുന്നു.
“നക്ഷത്രങ്ങൾ അങ്ങയെ അനുസരിക്കുന്നു?”
“സംശയമെന്തു്?” രാജാവു് പറഞ്ഞു. “അവ തത്ക്ഷണം അനുസരിക്കുന്നു. അനുസരണക്കേടു് ഞാൻ വച്ചുപൊറുപ്പിക്കില്ല.”
ഇത്രയ്ക്കൊരു പരമാധികാരം കൊച്ചുരാജകുമാരനു സങ്കല്പിക്കാൻ കഴിയാത്തതായിരുന്നു. അങ്ങനെയൊരധികാരം കൈയാളാൻ കഴിഞ്ഞിരുന്നെകിൽ ഇരിക്കുന്ന കസേരയിൽ നിന്നിളകാതെ തന്നെ ദിവസം നാല്പത്തിനാലല്ല, എഴുപത്തിരണ്ടല്ല, നൂറോ ഇരുന്നൂറോ തവണ സൂര്യാസ്തമയം കാണാൻ തനിക്കു കഴിയുമായിരുന്നു! താൻ ഉപേക്ഷിച്ചു പോന്ന തന്റെ കൊച്ചുഗ്രഹം അവനപ്പോൾ ഓർമ്മ വന്നു; അതിന്റെ വിഷാദത്തോടെ അവൻ രാജാവിനോടു് ഒരു സഹായം ചോദിക്കാൻ ധൈര്യം കാണിച്ചു. “എനിക്കൊരു സൂര്യാസ്തമയം കാണണമെന്നുണ്ടു്… അങ്ങൊരു സഹായം ചെയ്യുമോ?… സൂര്യനോടു് അസ്തമിക്കാൻ ഒന്നാജ്ഞാപിക്കുമോ?”
“ഞാൻ ഒരു ജനറലിനോടു് ഒരു പൂവിൽ നിന്നു് മറ്റൊരു പൂവിലേക്കു് ഒരു പൂമ്പാറ്റയെപ്പോലെ പറക്കാനോ ഒരു ദുരന്തനാടകം എഴുതാനോ ഒരു കടല്ക്കാക്കയായി രൂപം മാറാനോ ആജ്ഞാപിക്കുകയും അയാൾക്കു് എന്റെ കല്പന നിറവേറ്റാനാകാതെ വരികയും ചെയ്താൽ ആരാണു കുറ്റക്കാരൻ?” രാജാവു ചോദിച്ചു, “ഞാനോ ജനറലോ?”
“അവിടുന്നു തന്നെ,” സംശയമില്ലാതെ ലിറ്റിൽ പ്രിൻസ് പറഞ്ഞു.
“അങ്ങനെ തന്നെ. ഓരോരുത്തരിൽ നിന്നും അവനവനാവുന്നതേ നാം ആവശ്യപ്പെടാൻ പാടുള്ളു,” രാജാവു് പറഞ്ഞു. “അധികാരം ആധാരമാക്കേണ്ടതു് മറ്റെന്തിലുമുപരി യുക്തിയെയാണു്. പോയി കടലിൽ ചാടാൻ പ്രജകളോടു കല്പിച്ചാൽ അവർ വിപ്ലവം കൂട്ടില്ലേ? എന്നെ അനുസരിക്കാൻ എനിക്കാവശ്യപ്പെടാം, കാരണം, എന്റെ കല്പനകൾ യുക്തിക്കു നിരക്കുന്നതാണു്.”
“അപ്പോൾ എന്റെ അസ്തമയം?” ലിറ്റിൽ പ്രിൻസ് തന്റെ ആവശ്യം ഓർമ്മിപ്പിച്ചു; കാരണം, ഒരു ചോദ്യം ചോദിച്ചാൽ അതിനുത്തരം കിട്ടാതെ അവൻ വിടില്ലല്ലോ.
“നിന്റെ അസ്തമയം നിനക്കു കിട്ടുന്നതാണു്. അതിനു ഞാൻ കല്പന പുറപ്പെടുവിക്കാം. പക്ഷേ, എന്റെ ഭരണരീതിയനുസരിച്ചു് അനുകൂലമായ സാഹചര്യമെത്തുന്നതു വരെ എനിക്കു കാത്തിരിക്കേണ്ടി വരും.”
“അതെന്നായിരിക്കും?” ലിറ്റിൽ പ്രിൻസ് ചോദിച്ചു.
“അതോ, അതു്… ” ഒരു തടിയൻ പഞ്ചാംഗം തുറന്നുകൊണ്ടു് രാജാവു് പറഞ്ഞു, “അതു്… അതു്… ഇന്നു രാത്രി ഏകദേശം എട്ടിനു് ഇരുപതു മിനുട്ടുള്ളപ്പോഴായിരിക്കും. എന്റെ കല്പന എത്ര നന്നായിട്ടാണു പാലിക്കപ്പെടുന്നതെന്നു് നിനക്കപ്പോൾ കാണാം!”
ലിറ്റിൽ പ്രിൻസ് കോട്ടുവായിട്ടു. തനിക്കു നഷ്ടപ്പെട്ട അസ്തമയത്തെ ഓർത്തു് അവനു വിഷാദം തോന്നി. അതുമല്ല, അവനു കുറേശ്ശെ ബോറടിക്കാനും തുടങ്ങിയിരുന്നു.
“എനിക്കിനി ഇവിടെ ഒന്നും ചെയ്യാനില്ല,” അവൻ രാജാവിനോടു പറഞ്ഞു. “അതിനാൽ ഞാൻ യാത്ര തുടരുകയാണു്.”
“പോകരുതു് !” രാജാവു് കല്പിച്ചു; തനിക്കൊരു പ്രജയെ കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു അദ്ദേഹം. “പോകരുതു്. ഞാൻ നിന്നെ ഒരു മന്ത്രിയാക്കാം.”
“എന്തിന്റെ?”
“നീതിന്യായത്തിന്റെ മന്ത്രി!”
“അതിനിവിടെ ആരെയും വിധിക്കാനില്ലല്ലോ!”
“നമുക്കതറിയില്ലല്ലോ,” രാജാവു് പറഞ്ഞു. “ഞാൻ ഇതുവരെ എന്റെ രാജ്യം മുഴുവനായിട്ടൊന്നു ചുറ്റിക്കണ്ടിട്ടില്ല. എനിക്കു പ്രായമായി; വണ്ടിയിൽ പോകാനുള്ള ഇടവും ഇവിടെയില്ല. നടന്നാൽ എനിക്കു ക്ഷീണിക്കുകയും ചെയ്യും.”
“പക്ഷേ, ഞാൻ എല്ലാം കണ്ടുകഴിഞ്ഞു!” ഗ്രഹത്തിന്റെ മറ്റേവശത്തേക്കു് ഒരു തവണ കൂടി തിരിഞ്ഞു നോക്കിക്കൊണ്ടു് ലിറ്റിൽ പ്രിൻസ് പറഞ്ഞു. “അവിടെയും ആരുമില്ല… ”
“എങ്കിൽ നാം നമ്മെത്തന്നെ വിധിക്കുക,” രാജാവു് പറഞ്ഞു. “അതാണേറ്റവും പ്രയാസം. അന്യരെ വിധിക്കുന്നതിനേക്കാൾ പ്രയാസമാണു് സ്വയം വിധിക്കുക. തെറ്റു പറ്റാതെ സ്വയം വിധിക്കാൻ കഴിഞ്ഞാൽ നിങ്ങൾ ജ്ഞാനിയായിക്കഴിഞ്ഞു.”
“ശരിയാണതു്,” ലിറ്റിൽ പ്രിൻസ് പറഞ്ഞു. “പക്ഷേ, എനിക്കെന്നെ എവിടെ വച്ചും വിധിക്കാം. അതിനു ഞാൻ ഇവിടെത്തന്നെ ജീവിക്കണമെന്നില്ല.”
“ഒരു കിഴവൻ എലി എന്റെ ഗ്രഹത്തിലെവിടെയോ ജീവിക്കുന്നുണ്ടെന്നു ഞാൻ ന്യായമായും സംശയിക്കുന്നു.” രാജാവു് പറഞ്ഞു. “രാത്രിയിൽ ഞാനവന്റെ ഒച്ച കേട്ടു. ആ കിഴവനെലിയെ നിനക്കു വിധിക്കാം. ഇടയ്ക്കിടെ നീയവനെ വധശിക്ഷയ്ക്കു വിധിക്കുക.
അങ്ങനെ അവന്റെ ജീവൻ നിന്റെ നീതിയ്ക്കു വിധേയമായിരിക്കും. പക്ഷേ, ഓരോ വട്ടവും നീയവനു മാപ്പു നല്കുകയും വേണം. കാരണം, നമുക്കു വേറൊന്നെടുക്കാൻ ഇല്ലല്ലോ.”
“എനിക്കാരെയും വധശിക്ഷയ്ക്കു വിധിക്കാൻ താല്പര്യമില്ല,” ലിറ്റിൽ പ്രിൻസ് പറഞ്ഞു, “എനിക്കു യാത്ര തുടരാൻ നേരവുമായി.”
“അരുതു് !” രാജാവു് കല്പിച്ചു.
പക്ഷേ, പോകാനുള്ള ഒരുക്കങ്ങൾ ചെയ്തു കഴിഞ്ഞ ലിറ്റിൽ പ്രിൻസിനു് ആ വൃദ്ധനായ രാജാവിനെ സങ്കടപ്പെടുത്തണമെന്നുണ്ടായിരുന്നില്ല.
“തന്റെ കല്പന അനുസരിക്കപ്പെടണമെന്നാണു് അവിടുത്തെ ആഗ്രഹമെങ്കിൽ അങ്ങെനിക്കു് യുക്തിസഹമായ ഒരാജ്ഞ നല്കണം. ഉദാഹരണത്തിനു് അങ്ങയ്ക്കെന്നോടാജ്ഞാപിക്കാം, ഒരു മിനുട്ടു കഴിയുന്നതിനു മുമ്പു് ഇവിടം വിടുക. ഇപ്പോൾ അനുകൂലമായ സാഹചര്യമാണെന്നു് എനിക്കു തോന്നുന്നു… ”
രാജാവു് അതിനു മറുപടി ഒന്നും പറയാത്തതുകൊണ്ടു് ലിറ്റിൽ പ്രിൻസ് ഒരു നിമിഷം താറി നിന്നു. പിന്നെ ഒരു ദീർഘനിശ്വാസത്തോടെ യാത്ര പറഞ്ഞിറങ്ങി.
“ഞാൻ നിന്നെ എന്റെ സ്ഥാനപതിയാക്കുന്നു,” രാജാവു് തിടുക്കത്തിൽ പിന്നാലെ വിളിച്ചുപറഞ്ഞു. പരമാധികാരം കൈയാളുന്ന ഭാവമായിരുന്നു അദ്ദേഹത്തിനു്.
“ഈ മുതിർന്നവർ വിചിത്രസ്വഭാവികളാണു്,” യാത്ര തുടർന്നുകൊണ്ടു് ലിറ്റിൽ പ്രിൻസ് തന്നോടു തന്നെ പറഞ്ഞു.
രണ്ടാമത്തെ ഗ്രഹത്തിലെ അന്തേവാസി ഒരു പൊങ്ങച്ചക്കാരനായിരുന്നു.
“ആഹാ! ഒരാരാധകൻ എന്നെ കാണാൻ വന്നിരിക്കുന്നു!” ദൂരെ നിന്നേ ലിറ്റിൽ പ്രിൻസിനെ കണ്ടിട്ടു് അയാൾ ആർത്തുവിളിച്ചു.
എന്തെന്നാൽ, പൊങ്ങച്ചക്കാർക്കു് മറ്റുള്ളവരൊക്കെ തങ്ങളുടെ ആരാധകരാണല്ലോ. “ഹലോ,” ലിറ്റിൽ പ്രിൻസ് പറഞ്ഞു, “താങ്കളുടെ തൊപ്പി കണ്ടിട്ടു തമാശ തോന്നുന്നല്ലോ.”
“സല്യൂട്ടു് ചെയ്യാനുള്ള തൊപ്പിയാണിതു്,” ആ വലിയ പൊങ്ങച്ചക്കാരൻ പറഞ്ഞു. “ആളുകൾ എന്നെ പുകഴ്ത്തിപ്പറയുമ്പോൾ ഞാൻ തൊപ്പിയുയർത്തി അതു സ്വീകരിക്കുന്നു. കഷ്ടമെന്നു പറയട്ടെ, ഇതു വഴി ഇപ്പോൾ ആരും വരാറില്ല.”
“അതെയോ?” അയാൾ എന്തിനെക്കുറിച്ചാണു സംസാരിക്കുന്നതെന്നു് കൊച്ചുരാജകുമാരനു മനസ്സിലായില്ല.
“താനൊന്നു കൈയടിക്കൂ,” അയാൾ അവനോടു പറഞ്ഞു.
ലിറ്റിൽ പ്രിൻസ് കൈയടിച്ചു. പൊങ്ങച്ചക്കാരൻ അപ്പോൾ താനതു വിനയത്തോടെ സ്വീകരിക്കുന്നു എന്ന മട്ടിൽ തൊപ്പി ഒന്നു പൊന്തിച്ചു.
“ആ രാജാവിനെ കാണാൻ പോയതിനെക്കാൾ രസമുണ്ടിതു്,” ലിറ്റിൽ പ്രിൻസ് മനസ്സിൽ പറഞ്ഞു. അവൻ പിന്നെയും കൈയടിച്ചു. പൊങ്ങച്ചക്കാരൻ പിന്നെയും തൊപ്പി പൊന്തിച്ചു.
ഈ അഭ്യാസം അഞ്ചു മിനുട്ട് ആവർത്തിച്ചപ്പോൾ കൊച്ചുരാജകുമാരനു മടുപ്പു വന്നുതുടങ്ങി.
“തൊപ്പി താഴേക്കു പോരാൻ എന്തു ചെയ്യണം?”
പൊങ്ങച്ചക്കാരൻ പക്ഷേ, അതു കേട്ടില്ല. പൊങ്ങച്ചക്കാർക്കു് പുകഴ്ത്തലല്ലാതൊന്നും കാതിൽ പെടില്ല.
“താനെന്നെ ശരിക്കും ആദരിക്കുന്നുണ്ടോ?” അയാൾ ലിറ്റിൽ പ്രിൻസിനോടു ചോദിച്ചു.
“ആദരിക്കുക എന്നു പറഞ്ഞാൽ?”
“ആദരിക്കുക എന്നു പറഞ്ഞാൽ ഈ ഗ്രഹത്തിലെ ഏറ്റവും സുന്ദരനായ, ഏറ്റവും നന്നായി വേഷം ധരിച്ച, ഏറ്റവും പണക്കാരനായ, ഏറ്റവും ബുദ്ധിമാനായ മനുഷ്യൻ ഞാനാണെന്നു നീ കരുതുന്നു എന്നാണർത്ഥം.”
“പക്ഷേ, ഈ ഗ്രഹത്തിൽ നിങ്ങളൊരാളല്ലേയുള്ളു!”
“ഒരുപകാരം ചെയ്യെന്നേ! എന്നെയൊന്നാദരിക്കൂ!”
“ഞാൻ നിങ്ങളെ ആദരിക്കുന്നു,” ചെറുതായൊന്നു തോളു വെട്ടിച്ചുകൊണ്ടു് ലിറ്റിൽ പ്രിൻസ് പറഞ്ഞു. “പക്ഷേ, ഇതിൽ ഇത്ര താല്പര്യം തോന്നാൻ എന്തിരിക്കുന്നു!”
ലിറ്റിൽ പ്രിൻസ് അവിടന്നു യാത്ര തുടർന്നു.
“ഈ മുതിർന്നവർ ശരിക്കും വിചിത്രസ്വഭാവികൾ തന്നെ,” അവൻ തന്നോടു തന്നെ പറഞ്ഞു.
അടുത്ത ഗ്രഹത്തിൽ താമസിച്ചിരുന്നതു് ഒരു മുഴുക്കുടിയനാണു്. ആ സന്ദർശനം അല്പനേരത്തേക്കേ ഉണ്ടായിരുന്നുള്ളുവെങ്കിലും അതു് ലിറ്റിൽ പ്രിൻസിനെ വല്ലാതെ ഖിന്നനാക്കിക്കളഞ്ഞു.
“താങ്കളിവിടെ എന്തു ചെയ്യുന്നു?” അവൻ കുടിയനോടു ചോദിച്ചു; കുറേ ഒഴിഞ്ഞ കുപ്പികളും വേറേ കുറേ നിറഞ്ഞ കുപ്പികളും മുന്നിൽ വച്ചു് മൗനം പൂണ്ടിരിക്കുകയാണയാൾ.
“കുടിക്കുന്നു,” വിഷണ്ണഭാവത്തോടെ അയാൾ പറഞ്ഞു.
“എന്തിനു കുടിക്കുന്നു?” അവൻ ചോദിച്ചു.
“മറക്കാൻ,” കുടിയൻ പറഞ്ഞു.
“എന്തു മറക്കാൻ?” അവനു് അയാളോടു സഹതാപം തോന്നിത്തുടങ്ങിയിരുന്നു.
“നാണക്കേടു മറക്കാൻ,” തല താഴ്ത്തിക്കൊണ്ടു് കുടിയൻ സമ്മതിച്ചു.
“എന്തു നാണക്കേടു്?” ലിറ്റിൽ പ്രിൻസിനു് അയാളെ സഹായിക്കണമെന്നുണ്ടായിരുന്നു.
“കുടിക്കുന്നതിന്റെ നാണക്കേടു്!” കുടിയൻ സംസാരം അവസാനിപ്പിച്ചു്, അഭേദ്യമായ ഒരു മൗനത്തിലേക്കു പിൻവാങ്ങി.
തല പെരുത്തുകൊണ്ടാണു് ലിറ്റിൽ പ്രിൻസ് അവിടുന്നു പോയതു്.
“ഈ മുതിർന്നവർ ശരിക്കും, ശരിക്കും വിചിത്രസ്വഭാവികളാണു്,” യാത്ര തുടരുമ്പോൾ അവൻ സ്വയം പറഞ്ഞു.
നാലാമത്തെ ഗ്രഹം ഒരു ബിസിനസ്സുകാരന്റേതായിരുന്നു. അയാൾ കണക്കുകൂട്ടലിൽ മുഴുകിയിരിക്കുകയാണു്; ലിറ്റിൽ പ്രിൻസ് ചെന്നുകയറിയിട്ടു് അയാളൊന്നു തല പൊക്കി നോക്കിയിട്ടുകൂടിയില്ല.
“ഹലോ,” ലിറ്റിൽ പ്രിൻസ് പറഞ്ഞു. “താങ്കളുടെ കൈയിലെ സിഗററ്റ് കെട്ടുപോയിരിക്കുന്നു.”
“മൂന്നും രണ്ടും അഞ്ചു്. അഞ്ചും ഏഴും പന്ത്രണ്ടു്. പന്ത്രണ്ടും മൂന്നും പതിനഞ്ചു്. ഹലോ. പതിനഞ്ചും ഏഴും ഇരുപത്തിരണ്ടു്. ഇരുപത്തിരണ്ടും ആറും ഇരുപത്തെട്ടു്. അതു കൊളുത്താൻ എനിക്കു സമയമില്ല. ഇരുപത്താറും അഞ്ചും മുപ്പത്തൊന്നു്. ഹൗ! എല്ലാം കൂടി അമ്പതു കോടി പതിനാറു ലക്ഷത്തി ഇരുപത്തിരണ്ടായിരത്തി എഴുനൂറ്റിമുപ്പത്തൊന്നു്!”
“അമ്പതു കോടി എന്തു്?” ലിറ്റിൽ പ്രിൻസ് ചോദിച്ചു.
“ഊം? താനിതുവരെ പോയില്ലേ? അമ്പതു കോടി… എനിക്കു നിർത്താൻ പറ്റില്ല… എനിക്കൊരുപാടു ചെയ്യാനുണ്ടു്! അതിപ്രധാനമായ സംഗതിയാണു ഞാൻ ചെയ്യുന്നതു്. കളി പറഞ്ഞിരിക്കാൻ എനിക്കു സമയമില്ല. രണ്ടും അഞ്ചും ഏഴു്… ”
“അമ്പതുകോടി എന്താണെന്നു്?” ലിറ്റിൽ പ്രിൻസ് ആവർത്തിച്ചു; ചോദ്യം ചോദിച്ചാൽ പിന്നെ ഉത്തരം കിട്ടിയിട്ടല്ലാതെ അവൻ അടങ്ങില്ല എന്നറിയാമല്ലോ.
ബിസിനസ്സുകാരൻ തല പൊക്കി നോക്കി.
“ഞാൻ ഈ ഗ്രഹത്തിൽ താമസിക്കാൻ തുടങ്ങിയിട്ടു് അമ്പത്തിനാലു കൊല്ലമായിരിക്കുന്നു; ഇതിനിടയ്ക്കു് മൂന്നു തവണ മാത്രമാണു് എന്റെ ജോലിക്കു വിഘ്നം നേരിട്ടതു്. ഒന്നാമത്തേതു് ഇരുപത്തിരണ്ടു കൊല്ലം മുമ്പാണു്; എവിടുന്നെന്നറിയാതെ ഒരു വണ്ടു വന്നെന്റെ മേശപ്പുറത്തു വീണു. അതുണ്ടാക്കിയ ബഹളം കാരണം നാലിടത്തെന്റെ കണക്കു പിഴച്ചു. രണ്ടാമതു് പതിനൊന്നു കൊല്ലം മുമ്പായിരുന്നു; വാതമാണു് അന്നു പ്രശ്നമുണ്ടാക്കിയതു്. എനിക്കു വേണ്ടത്ര വ്യായാമം കിട്ടുന്നില്ലെന്നേ. ഒന്നിറങ്ങി നടക്കാൻ സമയം കിട്ടേണ്ടേ? മൂന്നാമത്—അതിപ്പോഴാണു്! ഞാനെന്താ പറഞ്ഞുകൊണ്ടു വന്നതു്? അമ്പതു കോടി… ”
“എന്തമ്പതു കോടി?”
ആ ചോദ്യത്തിനു മറുപടി കൊടുക്കാതെ തനിക്കു സമാധാനമായി പണിയെടുക്കാൻ പറ്റില്ലെന്നു് ബിസിനസ്സുകാരനു് അപ്പോൾ ബോദ്ധ്യമായി.
“അതോ, ഇടയ്ക്കൊക്കെ ആകാശത്തു കാണുന്ന ആ ചെറിയ വസ്തുക്കൾ,” അയാൾ പറഞ്ഞു.
“പൂച്ചികൾ?”
“അല്ലല്ല, തിളങ്ങുന്ന വക.”
“തേനീച്ചകൾ?”
“അല്ലെന്നേ. മടിയന്മാരെ ദിവാസ്വപ്നത്തിലാഴ്ത്തുന്ന സ്വർണ്ണനിറത്തിലുള്ള ആ ചെറിയ വസ്തുക്കൾ. ഞാൻ ആ തരക്കാരനൊന്നുമല്ല. ഞാൻ സുപ്രധാനമായ സംഗതികളിൽ ഏർപ്പെടുന്നയാളല്ലേ. പകല്ക്കിനാവു കാണാൻ എന്റെ ജീവിതത്തിൽ എവിടെ നേരം?”
“നക്ഷത്രങ്ങളെക്കുറിച്ചാണോ നിങ്ങൾ പറയുന്നതു്?”
“അതെ, അതു തന്നെ. നക്ഷത്രങ്ങൾ.”
“അമ്പതു കോടി നക്ഷത്രങ്ങൾ കൊണ്ടു് നിങ്ങൾ എന്തു ചെയ്യുന്നു?”
“അമ്പതു കോടി പതിനാറുലക്ഷത്തി ഇരുപത്തീരായിരത്തി എഴുന്നൂറ്റിമുപ്പത്തൊന്നു്. ഞാൻ പ്രധാനപ്പെട്ട സംഗതികൾ ചെയ്യുന്നയാളാണു്. എന്റെ കണക്കുകളൊക്കെ കൃത്യമായിരിക്കും.”
“ആ നക്ഷത്രങ്ങൾ നിങ്ങൾ എന്തു ചെയ്യുന്നു?”
“ഞാൻ എന്തു ചെയ്യുന്നുവെന്നോ?”
“അതെ.”
“ഒന്നും ചെയ്യുന്നില്ല. ഞാൻ അവയെ സ്വന്തമാക്കുന്നു.”
“നിങ്ങൾ നക്ഷത്രങ്ങളുടെ ഉടമസ്ഥനാണെന്നോ?”
“അതെ.”
“പക്ഷേ, ഞാൻ കണ്ട ഒരു രാജാവു്… ”
“രാജാക്കന്മാർക്കു് ഒന്നും സ്വന്തമല്ല; അവർ അവയെ ഭരിക്കുകയാണു്… രണ്ടും തമ്മിൽ നല്ല വ്യത്യാസമുണ്ടു്.”
“നക്ഷത്രങ്ങൾ സ്വന്തമാക്കിയിട്ടു് നിങ്ങൾക്കതു കൊണ്ടു് എന്താ ഗുണം?”
“അതെന്നെ ധനികനാക്കുന്നു.”
“ധനികനായതുകൊണ്ടെന്താ ഗുണം?”
“ആരെങ്കിലും പുതിയ നക്ഷത്രങ്ങൾ കണ്ടുപിടിച്ചാൽ എനിക്കവയും വാങ്ങാൻ പറ്റും.”
“ഈയാളുടെ വാദം ആ കുടിയന്റേതു പോലിരിക്കുന്നു,” ലിറ്റിൽ പ്രിൻസ് മനസ്സിൽ പറഞ്ഞു.
എന്നാലും അവനു പിന്നെയും ചോദിക്കാനുണ്ടായിരുന്നു.
“എങ്ങനെയാണു് നക്ഷത്രങ്ങൾ ഒരാളുടെ മാത്രം സ്വന്തമാവുക?”
“എങ്കില്പിന്നെ അവ ആരുടെയാണു്?” ബിസിനസ്സുകാരൻ മുഷിച്ചിലോടെ ചോദിച്ചു.
“ആർക്കറിയാം? ആരുടേയുമല്ല.”
“എങ്കിൽ അവ എന്റേതാണു്, കാരണം, നക്ഷത്രങ്ങൾക്കുടമയാവുന്നതിനെക്കുറിച്ചു് ആദ്യം ആലോചിച്ചതു ഞാനാണല്ലോ.”
“അതു മാത്രം മതിയോ?”
“പിന്നെന്താ? ഉടമസ്ഥരില്ലാത്ത ഒരു വജ്രം നിങ്ങൾ കണ്ടുവെന്നിരിക്കട്ടെ, അതു നിങ്ങളുടേതാണു്. ആരുടെയുമല്ലാത്ത ഒരു ദ്വീപു് നിങ്ങൾ കണ്ടുപിടിച്ചാൽ അതു നിങ്ങളുടെ സ്വന്തമായി. ഒരു നൂതനാശയം നിങ്ങളുടെ മനസ്സിൽ വന്നാൽ നിങ്ങൾ പോയി പേറ്റെന്റെടുക്കുന്നു: അതു പിന്നെ നിങ്ങളുടെ സ്വന്തമാണു്. എന്റെ കാര്യവും അതു തന്നെ: നക്ഷത്രങ്ങൾ എന്റെ സ്വന്തമാണു്, എന്തെന്നാൽ അവ സ്വന്തമാക്കുന്നതിനെക്കുറിച്ചു് എനിക്കു മുമ്പു് ആരും ചിന്തിച്ചിട്ടില്ല.”
“അതെ, അതു ഞാൻ സമ്മതിച്ചു,” ലിറ്റിൽ പ്രിൻസ് പറഞ്ഞു. “അതിരിക്കട്ടെ, നക്ഷത്രങ്ങൾ കൊണ്ടു് നിങ്ങൾ എന്തു ചെയ്യുന്നു?”
“ഞാനവ മാനേജു ചെയ്യുന്നു,” ബിസിനസ്സുകാരൻ പറഞ്ഞു. “ഞാനവ കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തുന്നു. നല്ല ജോലിയാണതു്. പക്ഷേ, ഞാൻ ഗൗരവമുള്ള കാര്യങ്ങൾ ചെയ്യുന്ന ഒരാളാണല്ലോ!”
ലിറ്റിൽ പ്രിൻസിനു പക്ഷേ, അയാളുടെ ഉത്തരം തൃപ്തിയായില്ല.
“എനിക്കൊരു മഫ്ലർ സ്വന്തമായിട്ടുണ്ടെങ്കിൽ,” ലിറ്റിൽ പ്രിൻസ് പറഞ്ഞു, “എനിക്കതു കഴുത്തിൽ ചുറ്റി കൂടെക്കൊണ്ടുപോകാം. എനിക്കൊരു പൂവു് സ്വന്തമായിട്ടുണ്ടെങ്കിൽ എനിക്കതു് ഇറുത്തെടുത്തുകൊണ്ടു പോകാം. അതുപോലെ പക്ഷേ, നിങ്ങൾക്കു് നക്ഷത്രങ്ങൾ ഇറുത്തെടുക്കാൻ പറ്റില്ലല്ലോ!”
“ഇല്ല, എന്നാൽ എനിക്കവ ബാങ്കിൽ നിക്ഷേപിക്കാമല്ലോ.”
“എന്നു പറഞ്ഞാൽ?”
“എന്നു പറഞ്ഞാൽ എന്റെ നക്ഷത്രങ്ങളുടെ ആകെയെണ്ണം ഒരു കടലാസുകഷണത്തിൽ ഞാനെഴുതുന്നു. അതൊരലമാരയുടെ വലിപ്പിൽ വച്ചു പൂട്ടുന്നു.”
“അത്രേയുള്ളു?”
“അതു മതി.”
“ഇയാൾ പറയുന്നതിൽ ഒരു രസമുണ്ടു്,” ലിറ്റിൽ പ്രിൻസ്. “അതിൽ കവിതയുമുണ്ടു്. പക്ഷേ, അതിലൊരു ഗൗരവമില്ല.”
എന്താണു് ഗൗരവമുള്ള കാര്യം എന്നതിൽ ലിറ്റിൽ പ്രിൻസിന്റെ ധാരണ മുതിർന്നവരുടേതിൽ നിന്നു വളരെ വ്യത്യസ്തമായിരുന്നു.
“എനിക്കു സ്വന്തമായി ഒരു പൂവുണ്ടു്,” അവൻ ബിസിനസ്സുകാരനുമായുള്ള സംഭാഷണം തുടർന്നു, “അതിനു ഞാൻ എന്നും വെള്ളമൊഴിച്ചുകൊടുക്കുന്നുണ്ടു്. എനിക്കു മൂന്നു് അഗ്നിപർവതങ്ങളുമുണ്ടു്; എല്ലാ ആഴ്ചയും ഞാനവ ചുരണ്ടി വൃത്തിയാക്കി വയ്ക്കും (കെട്ടുപോയതൊന്നുകൂടി; നമ്മൾ കരുതിയിരിക്കണമല്ലോ.) അങ്ങനെ ഞാനവയുടെ ഉടമസ്ഥനായതുകൊണ്ടു് എന്റെ പൂവിനെന്തെങ്കിലും ഗുണമുണ്ടു്, എന്റെ അഗ്നിപർവതങ്ങൾക്കും എന്തെങ്കിലും ഗുണമുണ്ടു്. പക്ഷേ, നക്ഷത്രങ്ങൾക്കു് നിങ്ങളെക്കൊണ്ടു് എന്തു ഗുണമാണുള്ളതു്?”
ബിസിനസ്സുകാരൻ വായ തുറന്നെങ്കിലും അയാൾക്കു മറുപടി പറയാൻ ഒന്നുമുണ്ടായില്ല. ലിറ്റിൽ പ്രിൻസ് തന്റെ വഴിക്കു പോവുകയും ചെയ്തു.
“ഈ മുതിർന്നവർ തികച്ചും വിചിത്രസ്വഭാവക്കാർ തന്നെ!” യാത്ര തുടരുന്നതിനിടയിൽ അവൻ സ്വയം പറഞ്ഞു.
അഞ്ചാമത്തെ ഗ്രഹം ഇതുവരെ കണ്ടതിൽ നിന്നൊക്കെ വ്യത്യസ്തമായിരുന്നു. ഏറ്റവും വലിപ്പം കുറഞ്ഞ ഗ്രഹമാണതു്. ഒരു തെരുവുവിളക്കിനും അതു കൊളുത്തുന്നയാൾക്കുമുള്ള ഇടമേ അതിലുള്ളു. ആകാശത്തൊരിടത്തു്, ഒരു മനുഷ്യൻ പോലുമില്ലാത്ത, ഒറ്റ വീടു പോലുമില്ലാത്ത ഒരു ഗ്രഹത്തിൽ ഒരു തെരുവുവിളക്കും അതു കൊളുത്താൻ ഒരാളുമുണ്ടായതു കൊണ്ടെന്താ പ്രയോജനം എന്നതിനു് മതിയായൊരു വിശദീകരണം കണ്ടെത്താൻ ലിറ്റിൽ പ്രിൻസിനു കഴിഞ്ഞില്ല. എന്നാല്ക്കൂടി അവൻ സ്വയം ഇങ്ങനെ പറഞ്ഞു: “ഈ മനുഷ്യൻ വിഡ്ഢിയാണെന്നു വരാം. എന്നാൽ ഇദ്ദേഹത്തെക്കാൾ വിഡ്ഢികളല്ലേ, ആ രാജാവും ആ ബിസിനസ്സുകാരനും ആ പൊങ്ങച്ചക്കാരനും ആ കുടിയനും. ഇദ്ദേഹം ചെയ്യുന്ന പ്രവൃത്തിയിൽ എന്തെങ്കിലും അർത്ഥമെങ്കിലും ഉണ്ടല്ലോ. അയാൾ വിളക്കു കൊളുത്തുമ്പോൾ ഒരു നക്ഷത്രത്തിനു്, ഒരു പൂവിനു ജീവൻ വീഴുന്ന പോലെയാണതു്. വിളക്കു കെടുത്തുമ്പോൾ ഒരു നക്ഷത്രത്തെയോ ഒരു പൂവിനെയോ അയാൾ ഉറക്കാൻ കിടത്തുകയുമാണു്. മനോഹരമായ ഒരു തൊഴിലാണതു്. മനോഹരമാണെന്നതിനാൽ പ്രയോജനപ്രദവുമാണതു്.”
ആ ഗ്രഹത്തിലെത്തിയപ്പോൾ വിളക്കു കൊളുത്തുന്നയാളെ അവൻ ബഹുമാനത്തോടെ വണങ്ങി.
“ഗുഡ് മോണിംഗ്, എന്താ ഇപ്പോത്തന്നെ വിളക്കു കെടുത്തിക്കളഞ്ഞതു്?”
“അങ്ങനെയാണു് കല്പന,” അയാൾ പറഞ്ഞു, “ഗുഡ് മോണിംഗ്.”
“എന്താണു് കല്പന?”
“വിളക്കു കെടുത്തണമെന്നു്. ഗുഡ് ഈവനിംഗ്.”
അയാൾ വിളക്കു പിന്നെയും കൊളുത്തി.
“നിങ്ങളെന്തിനാണു് പിന്നെയും അതു കൊളുത്തിയതു്?”
“അതാണു് കല്പന.”
“എനിക്കൊന്നും മനസ്സിലാകുന്നില്ല,” ലിറ്റിൽ പ്രിൻസ് പറഞ്ഞു.
“മനസ്സിലാക്കാൻ വേണ്ടി ഒന്നുമില്ല,” വിളക്കു കൊളുത്തുന്നയാൾ പറഞ്ഞു. “കല്പന കല്പനയാണു്. ഗുഡ് മോണിംഗ്.”
അയാൾ പിന്നെയും വിളക്കു കെടുത്തി.
എന്നിട്ടയാൾ ചുവന്ന ചതുരക്കള്ളികളുള്ള ഒരു തൂവാലയെടുത്തു് നെറ്റിയിലെ വിയർപ്പു തുടച്ചു.
“ഹൗ, ക്ഷീണിപ്പിക്കുന്നൊരു പണിയാണെന്റേതു്. മുമ്പിതിങ്ങനെയായിരുന്നില്ല. കാലത്തു ഞാൻ വിളക്കു കെടുത്തിവയ്ക്കും, സന്ധ്യക്കു് പിന്നെയും ചെന്നു് കൊളുത്തുകയും ചെയ്യും. പകൽ ബാക്കിയുള്ള സമയം എനിക്കു് എന്റെ കാര്യം നോക്കാമായിരുന്നു, രാത്രിയിൽ ബാക്കിസമയം ഉറങ്ങുകയും ചെയ്യാമായിരുന്നു.”
“അതിനു ശേഷം പുതിയ കല്പന വന്നുവെന്നാണോ?”
“കല്പന മാറിയിട്ടൊന്നുമില്ല,” അയാൾ പറഞ്ഞു. “അതല്ലേ അതിന്റെ കഷ്ടം! ഓരോ കൊല്ലം ചെല്ലുന്തോറും ഗ്രഹത്തിന്റെ ഭ്രമണവേഗം കൂടിവരികയാണു്, കല്പനയിൽ മാറ്റം വരുത്തിയിട്ടുമില്ല!”
“എന്നിട്ടെന്തുണ്ടായി?”
“എന്നിട്ടെന്തുണ്ടാവാൻ—ഗ്രഹം ഇപ്പോൾ ഒരു മിനുട്ടു കൊണ്ടു് ഒരു ഭ്രമണം പൂർത്തിയാക്കും. എനിക്കു് ഒരു നിമിഷത്തെ വിശ്രമം കിട്ടുന്നുമില്ല. ഓരോ മിനുട്ടിലും എനിക്കു് വിളക്കു കൊളുത്തുകയും കെടുത്തുകയും വേണം!”
“അതു നല്ല തമാശയായിട്ടുണ്ടല്ലോ! ഇവിടെ ഒരു ദിവസത്തിനു് ഒരു മിനുട്ടിന്റെ ദൈർഘ്യമേയുള്ളു!”
“ഇതിൽ ഒരു തമാശയുമില്ല!” വിളക്കു കൊളുത്തുന്നയാൾ പറഞ്ഞു. “നാം സംസാരിച്ചു നില്ക്കുന്നതിനിടെ ഒരു മാസം പൊയ്ക്കഴിഞ്ഞു.”
“ഒരു മാസം?”
“അതെ ഒരു മാസം. മുപ്പതു മിനുട്ട്. മുപ്പതു ദിവസം. ഗുഡ് ഈവനിംഗ്.”
അയാൾ വിളക്കു പിന്നെയും കൊളുത്തി.
തനിക്കു തന്നിരിക്കുന്ന ഉത്തരവു് അക്ഷരം പ്രതി അനുസരിക്കുന്ന ഈ ജോലിക്കാരനോടു് ലിറ്റിൽ പ്രിൻസിനു സ്നേഹം കൂടിക്കൂടി വന്നു. മുമ്പൊരു കാലത്തു് പിന്നിലേക്കു കസേര നീക്കിയിട്ടിരുന്നു തനിക്കു കിട്ടിയ അസ്തമയങ്ങൾ അവൻ ഓർത്തു. ഈ ചങ്ങാതിയെ സഹായിക്കണമെന്നു് അവനു തോന്നി.
“നോക്കൂ… വേണ്ടപ്പോൾ വിശ്രമിക്കാൻ ഒരു വഴി പറഞ്ഞുതരട്ടെ?”
“പറയൂ, ഒന്നു വിശ്രമിച്ചാൽ കൊള്ളാമെന്നാണു് എപ്പോഴും എന്റെ ആഗ്രഹം,” അയാൾ പറഞ്ഞു.
ജോലിയിൽ കള്ളം കാണിക്കാതിരിക്കുമ്പോൾത്തന്നെ മടി പിടിച്ചിരിക്കാൻ കൊതിക്കുന്നതിൽ അസ്വാഭാവികതയൊന്നുമില്ല.
ലിറ്റിൽ പ്രിൻസ് ഇങ്ങനെ വിശദീകരിച്ചു:
“മൂന്നടി വച്ചാൽ ചുറ്റിവരാവുന്നത്ര ചെറുതാണല്ലോ നിങ്ങളുടെ ഗ്രഹം. അല്പം കൂടി പതുക്കെ നടന്നാൽ നിങ്ങൾക്കെപ്പോഴും പകൽവെളിച്ചത്തായിരിക്കാം. വിശ്രമിക്കണമെന്നു തോന്നുമ്പോൾ നടക്കുക… നിങ്ങൾക്കിഷ്ടമുള്ളത്ര നേരം പകൽ നീണ്ടുനില്ക്കും.”
“എനിക്കതുകൊണ്ടു് വലിയ ഗുണമില്ല,” അയാൾ പറഞ്ഞു. “നല്ലൊരുറക്കമാണു് എന്റെ ജീവിതാഭിലാഷം.”
“എങ്കിൽ നിങ്ങൾ ഭാഗ്യദോഷിയാണു്, ” ലിറ്റിൽ പ്രിൻസ് പറഞ്ഞു.
“ഭാഗ്യദോഷി തന്നെ,” വിളക്കു കൊളുത്തുന്നയാൾ പറഞ്ഞു. “ഗുഡ് മോണിംഗ്.”
അയാൾ വിളക്കു കെടുത്തി.
“മറ്റുള്ളവർക്കൊക്കെ,” യാത്ര തുടരുമ്പോൾ ലിറ്റിൽ പ്രിൻസ് സ്വയം പറഞ്ഞു, “ആ മനുഷ്യനെ പുച്ഛമായിരിക്കും, ആ രാജാവിനു്, ആ പൊങ്ങച്ചക്കാരനു്, ആ ബിസിനസ്സുകാരനു്, ആ കുടിയനു്. പക്ഷേ, പരിഹാസ്യനായി എനിക്കു തോന്നാത്തതു് അയാൾ മാത്രമാണു്. തന്നെക്കുറിച്ചു മാത്രമല്ലാതെ മറ്റു ചിലതിനെക്കുറിച്ചു കൂടി അയാൾക്കു ചിന്തയുള്ളതു കൊണ്ടാവാം അങ്ങനെയായതു്.”
കുറ്റബോധത്തോടെ ഒരു നെടുവീർപ്പയച്ചുകൊണ്ടു് അവൻ ആത്മഗതം തുടർന്നു:
“എനിക്കു സുഹൃത്താക്കാൻ തോന്നുക അയാളെ മാത്രമാണു്. പക്ഷേ, അയാളുടെ ഗ്രഹം തീരെച്ചെറുതായിപ്പോയി. അതിൽ രണ്ടു പേർക്കുള്ള ഇടമില്ല… ”
വാസ്തവത്തിൽ ആ ഗ്രഹം ഉപേക്ഷിച്ചു പോരുന്നതിൽ തനിക്കിത്രയ്ക്കു ദുഃഖം തോന്നാനുള്ള കാരണം മറ്റൊന്നാണെന്നു സമ്മതിക്കാൻ കൊച്ചുരാജകുമാരനു മടിയായിരുന്നു: ദിവസം ആയിരത്തി നാനൂറ്റി നാല്പതു് സൂര്യാസ്തമയങ്ങൾ കൊണ്ടനുഗൃഹീതമാണതെന്നതു്!
ആറാമത്തെ ഗ്രഹം ഒടുവിൽ കണ്ടതിനെക്കാൾ പത്തു മടങ്ങു് വലുതായിരുന്നു. തടിയൻ പുസ്തകങ്ങൾ എഴുതിക്കൂട്ടുന്ന വൃദ്ധനായ ഒരു മാന്യദേഹമാണു് അവിടത്തെ അന്തേവാസി.
“ആഹാ, അതാ, ഒരു പര്യവേക്ഷകൻ വരുന്നു!” ലിറ്റിൽ പ്രിൻസ് വരുന്നതു കണ്ടപ്പോൾ അയാൾ സ്വയം ഉറക്കെപ്പറഞ്ഞു.
ലിറ്റിൽ പ്രിൻസ് കിതച്ചുകൊണ്ടു് മേശയ്ക്കരികിൽ വന്നിരുന്നു. അവൻ ഇതിനകം കുറേയേറെ യാത്ര ചെയ്തുകഴിഞ്ഞിരിക്കുന്നു!
“നീ എവിടുന്നു വരുന്നു?” അദ്ദേഹം ചോദിച്ചു.
“ആ തടിച്ച പുസ്തകം എന്താണു്?” ലിറ്റിൽ പ്രിൻസ് ചോദിച്ചു. “താങ്കൾ എന്താണു ചെയ്യുന്നതു്?”
“ഞാൻ ഒരു ഭൗമശാസ്ത്രജ്ഞനാണു്,” വൃദ്ധൻ പറഞ്ഞു.
“ഭൗമശാസ്ത്രജ്ഞനെന്നു പറഞ്ഞാൽ?”
“ഏതു കടലിന്റെയും പുഴയുടെയും മലയുടെയും നഗരത്തിന്റെയും മരുഭൂമിയുടെയും സ്ഥാനം കൃത്യമായി അറിയുന്ന പണ്ഡിതൻ.”
“ഇതു കൊള്ളാമല്ലോ,” ലിറ്റിൽ പ്രിൻസ് പറഞ്ഞു. “ശരിക്കൊരു പ്രവൃത്തി ചെയ്യുന്നയാളെ ഒടുവിൽ ഞാൻ കണ്ടെത്തി!” ഭൗമശാസ്ത്രജ്ഞന്റെ ഗ്രഹത്തിലൂടെ അവനൊന്നു കണ്ണോടിച്ചു. ഇത്ര വിശിഷ്ടമായ ഒരു ഗ്രഹം അവൻ ഇതിനു മുമ്പു കണ്ടിട്ടില്ല.
“താങ്കളുടെ ഗ്രഹം വളരെ മനോഹരമായിരിക്കുന്നു,” അവൻ പറഞ്ഞു. “ഇതിൽ കടലുകളുണ്ടോ?”
“അതെനിക്കു പറയാൻ പറ്റില്ല,” ഭൗമശാസ്ത്രജ്ഞൻ പറഞ്ഞു.
“അതു കഷ്ടമായല്ലോ,” കൊച്ചുരാജകുമാരനു നിരാശയായി. “മലകളുണ്ടോ?”
“അതെനിക്കു പറയാൻ പറ്റില്ല,” ഭൗമശാസ്ത്രജ്ഞൻ പറഞ്ഞു.
“പുഴകൾ, നഗരങ്ങൾ, മരുഭൂമികൾ?”
“അതുമെനിക്കു പറയാൻ പറ്റില്ല.”
“പക്ഷേ, താങ്കളൊരു ഭൗമശാസ്ത്രജ്ഞനുമാണു്!”
“അതു ശരി തന്നെ,” ഭൗമശാസ്ത്രജ്ഞൻ പറഞ്ഞു. “പക്ഷേ, ഞാൻ പര്യവേക്ഷകനല്ലല്ലോ. എന്റെ ഗ്രഹത്തിൽ ഒറ്റ പര്യവേക്ഷകൻ പോലുമില്ല. പുഴയുടെയും മലയുടെയും കടലിന്റെയും മരുഭൂമിയുടെയും കണക്കെടുക്കാൻ ഭൗമശാസ്തജ്ഞൻ പോകാറില്ല. അങ്ങനെ ചുറ്റിയടിച്ചു കളയാനുള്ളതല്ല, അയാളുടെ സമയം. അയാൾ തന്റെ മേശ വിട്ടു പോകാറില്ല. അയാൾ പര്യവേക്ഷകരെ തന്റെ പഠനമുറിയിലേക്കു വിളിയ്ക്കുകയാണു്. അവരോടു് ചോദ്യങ്ങൾ ചോദിക്കുകയും അവർക്കോർമ്മയുള്ളതു് എഴുതിയെടുക്കുകയുമാണു്. അവരിലാരുടെയെങ്കിലും ഓർമ്മകൾ അയാൾക്കു താല്പര്യമുണർത്തുകയാണെങ്കിൽ അയാളുടെ സ്വഭാവത്തെക്കുറിച്ചന്വേഷിക്കാൻ ഉത്തരവിടുന്നു.”
“അതെന്തിനു്?”
“കള്ളം പറയുന്ന പര്യവേക്ഷകൻ ഭൂമിശാസ്ത്രപുസ്തകങ്ങൾ കുളമാക്കില്ലേ? അയാൾ കുടിയനായാലും കുഴപ്പമാണു്.”
“അതെന്താ?”
“കുടിയന്മാർ എല്ലാം രണ്ടായിട്ടു കാണും. ഒരു മലയുള്ളിടത്തു് രണ്ടുണ്ടെന്നു് ഭൗമശാസ്ത്രജ്ഞൻ എഴുതിവയ്ക്കുകയും ചെയ്യും.”
“പര്യവേക്ഷകനാകാൻ തീരെപ്പറ്റാത്ത ഒരാളെ എനിക്കറിയാം,” ലിറ്റിൽ പ്രിൻസ് പറഞ്ഞു.
“അങ്ങനെ വരാം. അപ്പോൾ, പര്യവേക്ഷകന്റെ സ്വഭാവശുദ്ധി തെളിഞ്ഞു കഴിഞ്ഞാൽ പിന്നെ അയാളുടെ കണ്ടുപിടുത്തത്തെക്കുറിച്ചു് അന്വേഷിക്കാൻ ഉത്തരവിടുന്നു.”
“നേരിട്ടു പോയിക്കണ്ടിട്ടു്?”
“അല്ല. അതത്ര എളുപ്പമല്ല. പകരം പര്യവേക്ഷകനോടു് തെളിവു നല്കാൻ ആവശ്യപ്പെടുകയാണു്. ഉദാഹരണത്തിനു് താൻ വലിയൊരു മല കണ്ടുപിടിച്ചു എന്നാണു് അയാൾ അവകാശപ്പെടുന്നതെങ്കിൽ തെളിവായി അതിൽ നിന്നുള്ള വലിയ കല്ലുകൾ അയാൾ കൊണ്ടുവരണം.”
പര്യവേക്ഷകൻ പെട്ടെന്നുഷാറായി.
“നീ വളരെ ദൂരെ നിന്നു വരുന്നതല്ലേ! നീയും ഒരു പര്യവേക്ഷകനാണു്! നീ നിന്റെ ഗ്രഹത്തെക്കുറിച്ചു് വിസ്തരിച്ചു പറയൂ!”
തന്റെ തടിയൻ രജിസ്റ്റർ തുറന്നു വച്ചിട്ടു് അദ്ദേഹം പെൻസിലിന്റെ മുന കൂർപ്പിച്ചു. പര്യവേക്ഷകരുടെ വിവരണങ്ങൾ ആദ്യം പെൻസിലിലേ രേഖപ്പെടുത്തൂ; തെളിവുകൾ ഹാജരാക്കിക്കഴിഞ്ഞതിനു ശേഷം മാത്രമാണു് മഷി ഉപയോഗിക്കുക.
“തുടങ്ങിക്കോ,” ഭൗമശാസ്ത്രജ്ഞൻ തിടുക്കപ്പെടുത്തി.
“ഓ, ഞാൻ താമസിക്കുന്ന ഗ്രഹം അത്ര താല്പര്യമുണർത്തുന്നതൊന്നുമല്ല,” ലിറ്റിൽ പ്രിൻസ് പറഞ്ഞു. “വളരെ ചെറുതാണതു്. മൂന്നഗ്നിപർവതങ്ങളുണ്ടു്. കത്തുന്നതു രണ്ടും കെട്ടതൊന്നും. എന്നാലും നമ്മൾ കരുതിയിരിക്കണമല്ലോ.”
“നമ്മൾ കരുതിയിരിക്കണം,” ഭൗമശാസ്ത്രജ്ഞൻ സമ്മതിച്ചു.
“എനിക്കൊരു പൂവു കൂടി സ്വന്തമായിട്ടുണ്ടു്.”
“ഞങ്ങൾ പൂക്കളുടെ കാര്യം രേഖപ്പെടുത്താറില്ല,” ഭൗമശാസ്ത്രജ്ഞൻ പറഞ്ഞു.
“അതെന്താ? എന്റെ ഗ്രഹത്തിലെ ഏറ്റവും മനോഹരമായ കാര്യമാണതു്!”
“ഞങ്ങൾ അവ വിട്ടുകളയുകയാണു ചെയ്യുക,” ഭൗമശാസ്ത്രജ്ഞൻ പറഞ്ഞു, “കാരണം അവ നൈമിഷികങ്ങളാണു്.”
“നൈമിഷികം—എന്നു പറഞ്ഞാൽ?”
“ഏതു പുസ്തകത്തെക്കാളും ഗൗരവമുള്ള സംഗതികൾ പ്രതിപാദിക്കുന്ന പുസ്തകങ്ങളാണു് ഭൂമിശാസ്ത്രപുസ്തകങ്ങൾ,” ഭൗമശാസ്ത്രജ്ഞൻ പറഞ്ഞു. “അവയ്ക്കു കാലഹരണം വരിക എന്നതില്ല. ഒരു മല അതിന്റെ സ്ഥാനം മാറുക എന്നതു് എത്രയോ അപൂർവമാണു്. അത്രയപൂർവമാണു് കടൽ വറ്റി വരളുക എന്നതും. ചിരസ്ഥായികളായ കാര്യങ്ങളെക്കുറിച്ചാണു് ഞങ്ങൾ എഴുതുന്നതു്.”
“പക്ഷേ, കെട്ടുപോയ അഗ്നിപർവതങ്ങൾ പിന്നൊരിക്കൽ സജീവമായെന്നു വരാം,” ലിറ്റിൽ പ്രിൻസ് ഇടയ്ക്കു കേറി പറഞ്ഞു. “അതു് നൈമിഷികമാണോ?”
“അഗ്നിപർവതങ്ങൾ സജീവമോ അല്ലാതെയോ ആകട്ടെ, ഞങ്ങൾക്കു് അതൊരുപോലെയാണു്,: ഭൗമശാസ്ത്രജ്ഞൻ പറഞ്ഞു. “ഞങ്ങളുടെ പരിഗണനയിൽ വരുന്നതു് മലകളാണു്. അവയ്ക്കു മാറ്റവുമില്ല.”
“പക്ഷേ, നൈമിഷികം—എന്നു പറഞ്ഞാൽ?” ലിറ്റിൽ പ്രിൻസ് ആവർത്തിച്ചു; ഒരു ചോദ്യം ചോദിച്ചാൽ അതിനുത്തരം കിട്ടാതെ അവൻ വിടില്ലല്ലോ.
“നൈമിഷികം എന്നു പറഞ്ഞാൽ ഏതു നിമിഷവും മറഞ്ഞുപോകാവുന്നതു് എന്നർത്ഥം.”
“എങ്കിൽ എന്റെ പൂവും ഏതു നിമിഷവും മറഞ്ഞുപോകുമോ?”
“സംശയമെന്താ!”
“എന്റെ പൂവു് നൈമിഷികമാണു്,” ലിറ്റിൽ പ്രിൻസ് സ്വയം പറഞ്ഞു. “ലോകത്തോടു പൊരുതിനില്ക്കാൻ അവൾക്കുള്ളതോ, നാലു മുള്ളുകളും. ഞാനവളെ അവിടെ ഒറ്റയ്ക്കു വിട്ടിട്ടു പോരുകയും ചെയ്തു!”
ഇതാദ്യമായി അവനു് കുറ്റബോധം തോന്നുകയായിരുന്നു. പക്ഷേ, പെട്ടെന്നു തന്നെ അവൻ ധൈര്യം വീണ്ടെടുക്കുകയും ചെയ്തു.
“ഇനി ഞാൻ എങ്ങോട്ടു പോകണമെന്നാണു് താങ്കൾ പറയുക?” അവൻ ചോദിച്ചു.
“ഭൂമിയിലേക്കു പൊയ്ക്കോ,” അദ്ദേഹം പറഞ്ഞു, “വളരെ പ്രസിദ്ധമാണതു്.”
തന്റെ പൂവിനെക്കുറിച്ചോർത്തുകൊണ്ടു് ലിറ്റിൽ പ്രിൻസ് അവിടെ നിന്നു യാത്ര തിരിച്ചു.
അങ്ങനെ ഏഴാമത്തെ ഗ്രഹം ഭൂമിയായിരുന്നു. ഭൂമി എന്നു പറയുന്നതു് വെറുമൊരു സാധാരണ ഗ്രഹമല്ല. നൂറ്റിപ്പതിനൊന്നു രാജാക്കന്മാരും (ഇവരിൽ ആഫ്രിക്കൻ രാജാക്കന്മാരുമുണ്ടേ) ഏഴായിരം ഭൗമശാസ്ത്രജ്ഞന്മാരും ഒമ്പതു ലക്ഷം ബിസിനസ്സുകാരും എഴുപത്തഞ്ചു ലക്ഷം കുടിയന്മാരും മുപ്പത്തൊന്നു കോടി പത്തു ലക്ഷം പൊങ്ങച്ചക്കാരും ഉൾക്കൊള്ളുന്നതാണതു്; എന്നു പറഞ്ഞാൽ ഏകദേശം ഇരുന്നൂറു കോടി മുതിർന്നവർ.
ഭൂമിയുടെ വലിപ്പത്തെക്കുറിച്ചു് നിങ്ങൾക്കൊരു ധാരണ കിട്ടാൻ വേണ്ടി പറയുകയാണു്: വൈദ്യുതി കണ്ടുപിടിക്കുന്നതിനു മുമ്പു് ആറു ഭൂഖണ്ഡങ്ങളിലെയും തെരുവുവിളക്കുകൾ കൊളുത്തുന്നതിനു് നാലു ലക്ഷത്തി അറുപത്തീരായിരത്തിയഞ്ഞൂറ്റിപ്പതിനൊന്നു പേരുടെ സേവനം വേണ്ടിവന്നിരുന്നു.
അല്പം ദൂരെ നിന്നു നോക്കിയാൽ അതു മനോഹരമായൊരു കാഴ്ച തന്നെയായിരുന്നു. ഓപ്പെറായിലെ നൃത്തരംഗം ചിട്ടപ്പെടുത്തിയിരിക്കുന്നതു പോലെ തോന്നും. ആദ്യത്തെ ഊഴം ന്യൂസിലാന്റിലെയും ഓസ്ട്രേലിയായിലെയും വിളക്കു കൊളുത്തലുകാരുടേതാണു്. തങ്ങളുടെ ഭാഗത്തെ വിളക്കുകൾ തെളിച്ചുകഴിഞ്ഞാൽ അവർ പോയിക്കിടന്നുറങ്ങും. തുടർന്നു് ചൈനയിലെയും സൈബീരിയയിലെയും വിളക്കുകാർ തങ്ങളുടെ നൃത്തച്ചുവടുകളുമായി കടന്നു വരികയായി; അവരും പിന്നെ ഇരുവശങ്ങളിലൂടെ അണിയറയിലേക്കു മടങ്ങുന്നു. അതും കഴിഞ്ഞാൽ റഷ്യയിലെയും ഇന്ത്യയിലെയും വിളക്കുകാരുടെ ഊഴമാണു്; പിന്നെ ആഫ്രിക്കയിലെയും യൂറോപ്പിലെയും; പിന്നെ തെക്കേ അമേരിക്കക്കാർ; പിന്നെ വടക്കേ അമേരിക്കക്കാർ. അരങ്ങത്തേക്കുള്ള അവരുടെ വരവിൽ ക്രമം തെറ്റുക എന്നതുണ്ടാവില്ല. അത്ഭുതാദരങ്ങൾ ജനിപ്പിക്കുന്ന കാഴ്ച തന്നെയാണതു്!
ഉത്തരധ്രുവത്തിൽ ആകെയുള്ള ഒരു തെരുവുവിളക്കു കൊളുത്തുന്നയാൾക്കും അതുപോലെ ദക്ഷിണധ്രുവത്തിലെ ഒറ്റവിളക്കു കൊളുത്തുന്നയാൾക്കും മാത്രമേ അല്ലലറിയാതെ, അലസമായി ജീവിക്കാനുള്ള ഭാഗ്യം കിട്ടിയുള്ളു. അവർക്കു് കൊല്ലത്തിൽ രണ്ടു വട്ടം മാത്രം വിളക്കു കത്തിച്ചാൽ മതി.
രസിപ്പിക്കാൻ നോക്കുമ്പോൾ നാം ചിലപ്പോൾ നേരിൽ നിന്നകന്നു പോയെന്നു വരാം. വിളക്കു കൊളുത്തലുകാരെക്കുറിച്ചു് ഞാൻ ഇപ്പോൾ പറഞ്ഞതു മുഴുവൻ സത്യമാകണമെന്നില്ല. നമ്മുടെ ഗ്രഹത്തെക്കുറിച്ചറിയാത്തവർക്കു് തെറ്റായ ഒരു ധാരണയാണു് ഞാൻ നല്കിയതെന്നും വരാം. ഭൂമിയുടെ വളരെച്ചെറിയൊരു ഭാഗത്തേ മനുഷ്യൻ വസിക്കുന്നുള്ളു. ഭൂമുഖത്തുള്ള ഇരുന്നൂറു കോടി മനുഷ്യരെ ഒരുമിച്ചു നിർത്തിയാൽ ഇരുപതു മൈൽ നീളവും ഇരുപതു മൈൽ വീതിയുമുള്ള ഒരു മൈതാനത്തൊതുങ്ങാനേയുണ്ടാവൂ. മറ്റൊരു വിധത്തിൽ പറഞ്ഞാൽ മനുഷ്യരെ മൊത്തം പസിഫിക് സമുദ്രത്തിലെ ഒരു ചെറിയ ദ്വീപിലേക്കു് ആട്ടിക്കയറ്റാം!
മുതിർന്നവർക്കു പക്ഷേ, ഇതു പറഞ്ഞാൽ വിശ്വാസമാവില്ല. ഒരുപാടിടത്തു നിറഞ്ഞിരിക്കുകയാണു തങ്ങളെന്നാണു് അവരുടെ ധാരണ. തങ്ങൾ ബയോബാബുകളെപ്പോലെയാണെന്നാണു് അവരുടെ വിചാരം. അതിനാൽ സ്വയം കണക്കു കൂട്ടി ബോദ്ധ്യപ്പെടാൻ അവരെ ഉപദേശിക്കുക—കണക്കുകളാണു് അവർക്കിഷ്ടം; അവർ അഭിരമിക്കുന്നതതിലാണു്. പക്ഷേ, നിങ്ങൾ അതിനു വേണ്ടി സമയം കളയണമെന്നില്ല. ഞാൻ പറയുന്നതു് നിങ്ങൾക്കു വിശ്വാസമാണെന്നു് എനിക്കറിയാം.
ലിറ്റിൽ പ്രിൻസ് ഭൂമിയിൽ വന്നിറങ്ങിയപ്പോൾ ആകെ അമ്പരന്നുപോയി; കാരണം, എങ്ങും ഒരു മനുഷ്യനേയും കാണാനില്ല. താൻ വന്ന ഗ്രഹം മാറിപ്പോയോ എന്നു് ലിറ്റിൽ പ്രിൻസിനു സംശയം തോന്നിത്തുടങ്ങുമ്പോഴാണു് മുന്നിൽ പൂഴിമണ്ണിൽ നിലാവിന്റെ നിറമുള്ള ഒരു വളയം ചുരുളഴിയുന്നതു കാണുന്നതു്.
“ഗുഡ് ഈവനിംഗ്,” ലിറ്റിൽ പ്രിൻസ് ഉപചാരത്തോടെ പറഞ്ഞു.
“ഗുഡ് ഈവനിംഗ്,” പാമ്പു് പറഞ്ഞു.
“ഇതേതു ഗ്രഹത്തിലാണു് ഞാൻ വന്നിരിക്കുന്നതു്?” ലിറ്റിൽ പ്രിൻസ് ചോദിച്ചു.
“ഭൂമിയിൽ… ആഫ്രിക്കയിൽ… ”
“അതെയോ!… ഭൂമിയിൽ മനുഷ്യരാരുമില്ലേ?”
“ഇതു് മരുഭൂമിയാണു്. മരുഭൂമിയിൽ മനുഷ്യരില്ല. ഭൂമി വളരെ വിശാലമല്ലേ,” പാമ്പു് പറഞ്ഞു.
ലിറ്റിൽ പ്രിൻസ് ഒരു കല്ലിന്മേലിരുന്നിട്ടു് ആകാശത്തേക്കു കണ്ണുയർത്തി.
“ആകാശത്തു നക്ഷത്രങ്ങൾ കൊളുത്തി വച്ചിരിക്കുന്നതു് എന്നെങ്കിലുമൊരു നാൾ ഓരോരുത്തരും അവനവന്റെ നക്ഷത്രത്തെ കണ്ടെടുക്കാൻ വേണ്ടിയാണോ?” ലിറ്റിൽ പ്രിൻസ് ഓർത്തു. “എന്റെ നക്ഷത്രം നോക്കൂ—നേരേ മുകളിൽ തന്നെയുണ്ടു്. പക്ഷേ, എത്രയകലെയാണതു്!”
“മനോഹരമായിട്ടുണ്ടു്,” പാമ്പു് പറഞ്ഞു. “നീ എന്തിനാണു് ഭൂമിയിലേക്കു വന്നതു്?”
“ഒരു പൂവും ഞാനും തമ്മിൽ ചില പ്രശ്നങ്ങളുണ്ടായി,” ലിറ്റിൽ പ്രിൻസ് പറഞ്ഞു.
“അയ്യോ!” പാമ്പു് പറഞ്ഞു.
രണ്ടു പേരും ഒന്നും മിണ്ടിയില്ല.
“മനുഷ്യരൊക്കെ എവിടെപ്പോയി?” ഒടുവിൽ ലിറ്റിൽ പ്രിൻസ് സംഭാഷണം തുടർന്നു. “മരുഭൂമിയിൽ ഏകാകിയായ പോലെ തോന്നുന്നു.”
“മനുഷ്യർക്കിടയിലായാലും ഏകാകിയാവാം,” പാമ്പു് പറഞ്ഞു.
ലിറ്റിൽ പ്രിൻസ് കുറേ നേരം ആ പാമ്പിനെ നോക്കിനിന്നു.
“നിന്നെ കാണാൻ വളരെ വിചിത്രമായിരിക്കുന്നു,” ഒടുവിൽ അവൻ പറഞ്ഞു, “വിരലിന്റെ വണ്ണം പോലുമില്ല.”
“എന്നാൽ ഒരു രാജാവിന്റെ വിരലിനെക്കാൾ ശക്തി എനിക്കുണ്ടു്,” പാമ്പു് പറഞ്ഞു.
ലിറ്റിൽ പ്രിൻസിനു ചിരി വന്നു.
“നിനക്കത്ര ശക്തിയൊന്നുമില്ല… നിനക്കു കാലു പോലുമില്ല. നിനക്കു ദൂരത്തേക്കു പോകാൻ തന്നെ പറ്റില്ല.”
“ഏതു കപ്പൽ കൊണ്ടുപോകുന്നതിലുമകലേക്കു നിന്നെ ഞാൻ കൊണ്ടുപോകാം,” പാമ്പു് പറഞ്ഞു.
എന്നിട്ടവൻ ലിറ്റിൽ പ്രിൻസിന്റെ കണങ്കാലിൽ കയറിച്ചുറ്റി ഒരു സ്വർണ്ണത്തള പോലെ കിടന്നു.
“ഞാൻ തൊടുന്ന ആരെയും അവരുടെ സ്വദേശത്തേക്കു ഞാൻ യാത്രയാക്കും,” പാമ്പു് തുടർന്നു. “പക്ഷേ, പക്ഷേ, നീ നിർദ്ദോഷിയാണു്. നീ വരുന്നതൊരു നക്ഷത്രത്തിൽ നിന്നാണു്… ”
ലിറ്റിൽ പ്രിൻസ് അതിനു മറുപടി പറഞ്ഞില്ല.
“എനിക്കു നിന്നെ കണ്ടിട്ടു സഹതാപം തോന്നുന്നു… കല്ലു കൊണ്ടുള്ള ഈ ഭൂമിയിൽ എത്ര ദുർബലനാണു നീ… ” പാമ്പു് പറഞ്ഞു. “എന്നെങ്കിലുമൊരിക്കൽ സ്വന്തം ഗ്രഹത്തിലേക്കു തിരിച്ചു പോകാൻ നിനക്കാഗ്രഹം തോന്നുമ്പോൾ അന്നു ഞാൻ നിന്നെ സഹായിക്കാം… ”
“നീ പറഞ്ഞതെനിക്കു മനസ്സിലായി,” ലിറ്റിൽ പ്രിൻസ് പറഞ്ഞു. “പക്ഷേ, നീയെന്തിനാണിങ്ങനെ കടംകഥകളിലൂടെ സംസാരിക്കുന്നതു്?”
“എല്ലാ കടംകഥകൾക്കും ഞാൻ ഉത്തരം കണ്ടെത്തുന്നുമുണ്ടു്,” പാമ്പു് പറഞ്ഞു.
പിന്നെ രണ്ടു പേരും നിശബ്ദരായി.
മരുഭൂമിയുടെ ഒരറ്റം മുതൽ മറ്റേയറ്റം വരെ നടന്നിട്ടും ഒരു പൂവിനെ മാത്രമേ ലിറ്റിൽ പ്രിൻസ് കണ്ടുള്ളു. മൂന്നിതളുള്ള ഒരു പൂവു്—കണക്കിൽ പെടുത്താനില്ലാത്തൊരു പൂവു്.
“ഗുഡ് മോണിംഗ്” ലിറ്റിൽ പ്രിൻസ് പറഞ്ഞു.
“ഗുഡ് മോണിംഗ്,” പൂവു പറഞ്ഞു.
“മനുഷ്യരുള്ളതെവിടെയാ?” ലിറ്റിൽ പ്രിൻസ് വളരെ മര്യാദയോടെ ചോദിച്ചു.
ഒരു വർത്തകസംഘം കടന്നുപോകുന്നതു് ഒരിക്കൽ ആ പൂവു കണ്ടിട്ടുണ്ടു്.
“മനുഷ്യർ?” അവൾ ആവർത്തിച്ചു. “അവർ ആറോ ഏഴോ പേരുണ്ടായിരുന്നുവെന്നു തോന്നുന്നു. വർഷങ്ങൾക്കു മുമ്പു് ഞാൻ അവരെ കണ്ടിരുന്നു. പക്ഷേ, അവരിപ്പോൾ എവിടെയാണെന്നു് ആർക്കറിയാം. കാറ്റവരെ അടിച്ചുപറത്തിക്കൊണ്ടു പോവുകയാണു്. അവർക്കു വേരുകളില്ല, അതിന്റെ വിഷമം അവർ അനുഭവിക്കുന്നുമുണ്ടു്.”
“ഗുഡ് ബൈ,” ലിറ്റിൽ പ്രിൻസ് പറഞ്ഞു.
“ഗുഡ് ബൈ,” പൂവു് പറഞ്ഞു.
പിന്നെ ലിറ്റിൽ പ്രിൻസ് ഒരു വലിയ മലയുടെ മുകളിൽ കയറി. അവനാകെ പരിചയമുള്ളതു് മൂന്നഗ്നിപർവതങ്ങൾ മാത്രമാണല്ലോ; അവയാണെങ്കിൽ അവന്റെ മുട്ടോളമെത്തുകയുമില്ല. കെട്ടുപോയ അഗ്നിപർവതം അവൻ തന്റെ കാലു വയ്ക്കാനുള്ള പീഠമായിട്ടാണുപയോഗിച്ചിരുന്നതു്. “ഇത്രയും ഉയരമുള്ള ഒരു മലയ്ക്കു മുകളിൽ നിന്നു്,” അവൻ സ്വയം പറഞ്ഞു, “ഈ ഗ്രഹമാകെയും അതിലുള്ള മനുഷ്യരെയും ഒറ്റ നോട്ടത്തിൽ എനിക്കു കാണാൻ പറ്റണം.” അവൻ ആകെ കണ്ടതു പക്ഷേ, സൂചി പോലെ കൂർത്ത പാറക്കുന്നുകൾ മാത്രമാണു്.
“ഹലോ,” അവൻ സൗമ്യമായി പറഞ്ഞു.
“ഹലോ… ഹലോ… ഹലോ…,”മാറ്റൊലി ഏറ്റുപറഞ്ഞു.
“നിങ്ങളാരാ?” ലിറ്റിൽ പ്രിൻസ് ചോദിച്ചു.
“നിങ്ങളാരാ… നിങ്ങളാരാ… നിങ്ങളാരാ… ”മാറ്റൊലി ഏറ്റുപിടിച്ചു.
“നമുക്കു കൂട്ടുകാരാകാം. ഞാനൊറ്റയ്ക്കാണു്,” അവൻ പറഞ്ഞു.
“ഞാനൊറ്റയ്ക്കാണു്… ഞാനൊറ്റയ്ക്കാണു്… ഞാനൊറ്റയ്ക്കാണു്… ”മാറ്റൊലി ആവർത്തിച്ചു.
“എന്തു വിചിത്രമായ ഗ്രഹം!” അവൻ മനസ്സിൽ പറഞ്ഞു. “ആകെ വരണ്ടും കല്ലിച്ചും കൂർത്തതും. ആളുകളാണെങ്കിൽ ഒരു ഭാവനയുമില്ലാത്തവരും. ഞാൻ പറയുന്നതാവർത്തിക്കാനേ അവർക്കറിയൂ. എന്റെ ഗ്രഹത്തിലാണെങ്കിൽ എനിക്കൊരു പൂവുണ്ടായിരുന്നു; ആദ്യം കേറി സംസാരിക്കുക അവളായിരിക്കും… ”
കുറേ നേരം മണലും മഞ്ഞും പാറയും താണ്ടി ലിറ്റിൽ പ്രിൻസ് ചെന്നെത്തിയതു് ഒരു പാതയിലാണു്. ആളുകളുള്ളിടത്തേക്കാണല്ലോ പാതകൾ പോവുക.
“ഗുഡ് മോണിംഗ്,” അവൻ പറഞ്ഞു.
റോസാപ്പൂക്കൾ വിടർന്നു നില്ക്കുന്ന ഒരു പൂന്തോട്ടത്തിനു മുന്നിലാണു് അവൻ നില്ക്കുന്നതു്.
“ഗുഡ് മോണിംഗ്,” റോസാപ്പൂക്കൾ പറഞ്ഞു.
ലിറ്റിൽ പ്രിൻസ് അവയെ നോക്കിനിന്നു. അവ കാണാൻ അവന്റെ പൂവിനെപ്പോലിരുന്നു.
“നിങ്ങളാരാ?” അമ്പരപ്പോടെ അവൻ ചോദിച്ചു.
“ഞങ്ങൾ റോസാപ്പൂക്കൾ,” അവർ പറഞ്ഞു.
അവനു വല്ലാത്ത സങ്കടം തോന്നി. അവന്റെ പൂവു് അവനോടു പറഞ്ഞിരുന്നതു് ഈ പ്രപഞ്ചത്തിൽ തന്നെപ്പോലെ താനൊരാൾ മാത്രമേയുള്ളുവെന്നാണു്. എന്നിട്ടിവിടെയിതാ, അവളെപ്പോലെ ഒരയ്യായിരം പൂക്കൾ, അതും ഒരൊറ്റ ഉദ്യാനത്തിൽ!
“ഇതു കണ്ടാൽ അവൾക്കു നീരസമാകും,” അവൻ സ്വയം പറഞ്ഞു. “താൻ അവളെ കളിയാക്കാതിരിക്കാനായി അവൾ ഭയങ്കരമായി ചുമയ്ക്കും, മരിക്കാൻ പോകുന്നതായി അഭിനയിക്കും. അവളെ പരിചരിച്ചു് ജീവിതത്തിലേക്കു മടക്കിക്കൊണ്ടു വരുന്നതായി എനിക്കും അഭിനയിക്കേണ്ടി വരും; ഇല്ലെങ്കിൽ എന്നെ നാണം കെടുത്താനായി അവൾ ശരിക്കും മരിച്ചുവെന്നു വരാം.”
അവന്റെ ചിന്തകൾ ഇങ്ങനെ തുടർന്നു: “ഈ പ്രപഞ്ചത്തിൽ മറ്റെങ്ങും കാണാത്ത ഒരു പൂവു സ്വന്തമായിട്ടുള്ളതിനാൽ ഞാനെന്നെ ഒരു സമ്പന്നനായി കരുതിയിരുന്നു. അതു വെറുമൊരു സാധാരണ റോസാപ്പൂവു മാത്രമായിരുന്നുവെന്നു് എനിക്കിപ്പോൾ മനസ്സിലാകുന്നു. വെറുമൊരു റോസാപ്പൂവും മുട്ടോളമില്ലാത്ത മൂന്നു് അഗ്നിപർവതങ്ങളും (അതിലൊന്നു് കെട്ടുപോയതുമാണു്)… ഇത്രയും കൊണ്ടു് ഞാനെങ്ങനെ ഒരു രാജകുമാരനാവാൻ!”
അവൻ പുൽത്തട്ടിൽ കമിഴ്‌ന്നടിച്ചു വീണു് തേങ്ങിക്കരഞ്ഞു.
ഈ സമയത്താണു് കുറുക്കന്റെ വരവു്.
“ഗുഡ് മോണിംഗ്,” കുറുക്കൻ പറഞ്ഞു.
“ഗുഡ് മോണിംഗ്,” തിരിഞ്ഞുനോക്കിയപ്പോൾ ആരെയും കണ്ടില്ലെങ്കിലും ലിറ്റിൽ പ്രിൻസ് വിനയപൂർവം പറഞ്ഞു.
“ഞാൻ ഇവിടെത്തന്നെയുണ്ടു്,” ആ ശബ്ദം പറഞ്ഞു, “ആപ്പിൾ മരത്തിനടിയിൽ.”
“നീയാരാ?” ലിറ്റിൽ പ്രിൻസ് ചോദിച്ചു. “നിന്നെ കാണാൻ നല്ല ചന്തമുണ്ടല്ലോ.”
“ഞാനാണു് കുറുക്കൻ,” കുറുക്കൻ പറഞ്ഞു.
“വായോ, നമുക്കു കളിക്കാം,” ലിറ്റിൽ പ്രിൻസ് നിർദ്ദേശം വച്ചു. “എനിക്കാകെ സങ്കടം തോന്നുന്നു.”
“എനിക്കു നിന്റെ കൂടെ കളിക്കാൻ പറ്റില്ല,” കുറുക്കൻ പറഞ്ഞു. “ഞാൻ ഇണങ്ങിയിട്ടില്ല.”
“ഓ, എങ്കിൽ ഞാൻ പറഞ്ഞതു ക്ഷമിച്ചേക്കൂ,” ലിറ്റിൽ പ്രിൻസ് പറഞ്ഞു. ഒന്നു കൂടി ആലോചിച്ചിട്ടു് അവൻ ചോദിച്ചു, “അല്ലാ, ഈ ‘ഇണങ്ങുക’ എന്നു പറഞ്ഞാൽ എന്താണർത്ഥം?”
“നീ ഈ ഭാഗത്തുള്ളയാളല്ലല്ലോ,” കുറുക്കൻ പറഞ്ഞു. “നീ ആരെ അന്വേഷിച്ചാണു വന്നതു്?”
“ഞാൻ മനുഷ്യരെയാണു് അന്വേഷിക്കുന്നതു്,” ലിറ്റിൽ പ്രിൻസ് പറഞ്ഞു. ‘ഇണങ്ങുക’ എന്നു പറഞ്ഞാൽ എന്താണെന്നു പറയൂ.”
“മനുഷ്യരുടെ കൈയിൽ തോക്കുണ്ടു്,” കുറുക്കൻ പറഞ്ഞു. “അതും കൊണ്ടു് അവർ വേട്ടയ്ക്കു പോവുകയും ചെയ്യും. അതൊരു ബുദ്ധിമുട്ടുള്ള കാര്യമാണു്. അവർ കോഴികളെ വളർത്തുകയും ചെയ്യുന്നുണ്ടു്. അവരുടെ കാര്യത്തിൽ എനിക്കു താല്പര്യമുള്ള സംഗതി അതു മാത്രമാണു്. നീ കോഴികളെ നോക്കിനടക്കുകയാണോ?”
“അല്ല,” ലിറ്റിൽ പ്രിൻസ് പറഞ്ഞു. “ഞാൻ കൂട്ടുകാരെയാണു് തേടുന്നതു്. ‘ഇണങ്ങുക’ എന്നാൽ എന്താണെന്നു പറയൂ.”
“പലപ്പോഴും അവഗണിക്കപ്പെടുന്ന ഒരു പ്രവൃത്തിയാണതു്; ബന്ധം സ്ഥാപിക്കുക എന്നാണതിനർത്ഥം.”
“ബന്ധം സ്ഥാപിക്കുക?”
“അതു തന്നെ,” കുറുക്കൻ പറഞ്ഞു. “എന്നെ സംബന്ധിച്ചിടത്തോളം നീ മറ്റു നൂറായിരം കൊച്ചുകുട്ടികളെപ്പോലെ ഒരു കുട്ടി മാത്രമാണു്. എനിക്കു നിന്നെക്കൊണ്ടു് ഒരാവശ്യവുമില്ല. നിനക്കും എന്നെക്കൊണ്ടു് ആവശ്യമൊന്നുമില്ല. നിനക്കു ഞാൻ മറ്റു നൂറായിരം കുറുക്കന്മാരെപ്പോലെ ഒരു കുറുക്കൻ മാത്രമാണു്. പക്ഷേ, നീ എന്നെ ഇണക്കിയാൽ നമുക്കന്യോന്യം ആവശ്യം വരും. എനിക്കു നീ ലോകത്തെ ഒരേയൊരു കുട്ടിയായിരിക്കും. നിനക്കു ഞാൻ ലോകത്തെ ഒരേയൊരു കുറുക്കനും… ”
“എനിക്കു മനസ്സിലായി വരുന്നുണ്ടു്,” ലിറ്റിൽ പ്രിൻസ് പറഞ്ഞു. “ഒരു പൂവുണ്ടു്… അവൾ എന്നെ ഇണക്കിയെടുത്തു എന്നെനിക്കു തോന്നുന്നു.”
“അങ്ങനെ വരാം,” കുറുക്കൻ പറഞ്ഞു. “ഭൂമിയിൽ എന്തൊക്കെ നാം കാണുന്നു.”
“അല്ലല്ല, ഇതു ഭൂമിയിലല്ല!” ലിറ്റിൽ പ്രിൻസ് പറഞ്ഞു.
കുറുക്കനു് അതു പിടി കിട്ടിയില്ലെന്നു തോന്നി.
“വേറൊരു ഗ്രഹത്തിൽ?”
“അതെ.”
“ആ ഗ്രഹത്തിൽ വേട്ടക്കാരുണ്ടോ?”
“ഇല്ല.”
“അതു കൊള്ളാമല്ലോ! അവിടെ കോഴിയുണ്ടോ?”
“ഇല്ല.”
“എല്ലാം തികഞ്ഞതെന്നു് ഒന്നിനെയും പറയാൻ പറ്റില്ല,” കുറുക്കൻ നെടുവീർപ്പിട്ടു.
പക്ഷേ, അവൻ തന്റെ ചിന്തകളിലേക്കു തിരിച്ചുവന്നു.
“എന്റെ ജീവിതം വളരെ വിരസമാണു്.” കുറുക്കൻ പറഞ്ഞു. “ഞാൻ കോഴികളെ വേട്ടയാടുന്നു; മനുഷ്യർ എന്നെ വേട്ടയാടുന്നു. എല്ലാ കോഴികളും ഒരേ പോലെയാണു്, എല്ലാ മനുഷ്യന്മാരും ഒരേ പോലെയാണു്. അതു കാരണം എനിക്കു കുറേശ്ശെ ബോറടിച്ചു തുടങ്ങിയിരിക്കുന്നു. എന്നാൽ നീ എന്നെ ഇണക്കിയെടുത്താൽ എന്റെ ജീവിതത്തിൽ സൂര്യനുദിച്ച പോലെയായിരിക്കുമതു്. മറ്റെല്ലാ കാലൊച്ചകളിൽ നിന്നും വ്യത്യസ്തമായ ഒരു കാലൊച്ച ഞാൻ തിരിച്ചറിയും. മറ്റു കാലൊച്ചകൾ എന്നെ മാളത്തിലേക്കു വിരട്ടിയോടിക്കുകയാണു്. അതേ സമയം നിന്റെ കാലൊച്ച സംഗീതം പോലെ എന്നെ മാളത്തിൽ നിന്നു പുറത്തേക്കു ക്ഷണിക്കും. അതാ അവിടെ ആ ഗോതമ്പുപാടം കണ്ടില്ലേ? ഞാൻ അപ്പം കഴിക്കാറില്ല. എനിക്കു് ഗോതമ്പു കൊണ്ടു് ഒരുപയോഗവുമില്ല. ഗോതമ്പുപാടങ്ങൾക്കു് എന്നോടു പറയാൻ ഒന്നുമില്ല. അതു ദുഃഖകരമാണു്. പക്ഷേ, നിന്റെ മുടിയ്ക്കു് സ്വർണ്ണനിറമാണല്ലോ. നീയെന്നെ ഇണക്കിയെടുത്തു കഴിഞ്ഞാൽ എന്തു രസമായിരിക്കും! സ്വർണ്ണനിറമായ ഗോതമ്പുമണികൾ കാണുമ്പോൾ എനിക്കു നിന്നെ ഓർമ്മ വരും. ഗോതമ്പുപാടത്തു കാറ്റു വീശുന്ന സംഗീതവും കേട്ടു ഞാനിരിക്കും… ”
കുറുക്കൻ പിന്നെ ഒന്നും മിണ്ടാതെ ലിറ്റിൽ പ്രിൻസിനെത്തന്നെ ഉറ്റു നോക്കിക്കൊണ്ടിരുന്നു.
“എന്നെ ഇണക്കില്ലേ?”
“എനിക്കതിൽ വിരോധമൊന്നുമില്ല,” ലിറ്റിൽ പ്രിൻസ് പറഞ്ഞു. “പക്ഷേ, എനിക്കത്രയ്ക്കു നേരമില്ല. എനിക്കെന്റെ കൂട്ടുകാരെ തേടിപ്പിടിക്കണം; പിന്നെ മനസ്സിലാക്കാൻ ഒരുപാടു കിടക്കുന്നുമുണ്ടു്.”
“നിങ്ങൾക്കിണങ്ങിക്കിട്ടിയ കാര്യങ്ങളേ നിങ്ങൾക്കു മനസ്സിലായെന്നു പറയാനുള്ളു,” കുറുക്കൻ പറഞ്ഞു. “ആളുകൾക്കിപ്പോൾ പഠിക്കാനും മനസ്സിലാക്കാനുമുള്ള നേരമൊന്നുമില്ല. അവരിപ്പോൾ എല്ലാം കടയിൽ നിന്നു റെഡിമെയ്ഡായിട്ടാണു വാങ്ങുക. പക്ഷേ, സൗഹൃദം കടയിൽ കിട്ടില്ലെന്നതിനാൽ ആളുകൾക്കിപ്പോൾ സുഹൃത്തുക്കളുമില്ല. നിനക്കൊരു കൂട്ടുകാരനെ വേണമെങ്കിൽ എന്നെ ഇണക്കൂ!”
“അതിനു ഞാനെന്തു ചെയ്യണം?”
“നിനക്കു നല്ല ക്ഷമ വേണം,” കുറുക്കൻ പറഞ്ഞു. “ആദ്യം നീ എന്നിൽ നിന്നല്പം ദൂരെ അവിടെ ആ പുല്പുറത്തിരിക്കണം. ഞാൻ നിന്നെ ഏറുകണ്ണിട്ടു നോക്കിക്കൊണ്ടിരിക്കും; നീ ഒന്നും മിണ്ടരുതു്. എല്ലാ തെറ്റിദ്ധാരണകളുടെയും മൂലകാരണം ഭാഷയാണല്ലോ. പിറ്റേന്നു് നിനക്കു് കുറച്ചുകൂടി അടുത്തിരിക്കാം. അങ്ങനെ ഓരോ ദിവസം ചെല്ലുന്തോറും… ”
അടുത്ത ദിവസം ലിറ്റിൽ പ്രിൻസ് അതേ സ്ഥാനത്തു ചെന്നു.
“ഒരേ സമയത്തു തന്നെ വരാൻ പറ്റിയാൽ അതായിരിക്കും നല്ലതു്,” കുറുക്കൻ പറഞ്ഞു. “ഉദാഹരണത്തിനു് വൈകിട്ടു നാലു മണിക്കാണു് നീ വരുന്നതെങ്കിൽ മൂന്നു മണിയാകുമ്പോഴേ എന്റെ സന്തോഷം തുടങ്ങും. നാലു മണി അടുക്കുന്തോറും എന്റെ സന്തോഷവും കൂടിക്കൂടി വരും. നാലു മണിയായാൽ ആകാംക്ഷയും ആഹ്ലാദവും കൊണ്ടു് ഞാൻ തുള്ളിച്ചാടുകയായിരിക്കും! സന്തോഷത്തിനു കൊടുക്കേണ്ട വിലയെന്താണെന്നു ഞാനപ്പോൾ പഠിക്കും! എന്നാൽ തോന്നിയ നേരത്താണു നീ വരുന്നതെങ്കിൽ നിന്നെ വരവേല്ക്കാനുള്ള ഒരുക്കം എപ്പോൾ തുടങ്ങണമെന്നു് ഞാനെങ്ങനെ അറിയാൻ?… ഓരോന്നിനും അതാതിന്റെ ചടങ്ങുണ്ടു്… ”
“ചടങ്ങെന്നു പറഞ്ഞാൽ?”
“പലപ്പോഴും അവഗണിക്കപ്പെടുന്ന മറ്റൊരു പ്രവൃത്തിയാണു് ചടങ്ങും,” കുറുക്കൻ പറഞ്ഞു. “ഒരു ദിവസത്തെ മറ്റു ദിവസത്തിൽ നിന്നു്, ഒരു മണിക്കൂറിനെ മറ്റു മണിക്കൂറുകളിൽ നിന്നു വ്യത്യസ്തമാക്കുന്ന വസ്തുതയാണതു്. ഉദാഹരണത്തിനു് എന്റെ വേട്ടക്കാർക്കു് ഒരു ചടങ്ങുണ്ടു്. എല്ലാ വ്യാഴാഴ്ചയും അവർ പെൺകുട്ടികളുമായി നൃത്തം ചെയ്യാൻ പോകും. അങ്ങനെ വ്യാഴാഴ്ചകൾ എനിക്കു് ആനന്ദത്തിന്റെ ദിവസങ്ങളാകുന്നു. എനിക്കു് മുന്തിരിത്തോപ്പു വരെ ഒരു നടത്തയ്ക്കു് അവസരവും കിട്ടും. മറിച്ചു് തങ്ങൾക്കു തോന്നിയ പോലെയാണു് അവർ നൃത്തത്തിനു പോകുന്നതെങ്കിൽ ഏതു ദിവസവും മറ്റേതു ദിവസവും പോലെയായിരിക്കും; എനിക്കൊരു ഒഴിവുദിവസം കിട്ടാനും പോകുന്നില്ല.”
ഈ വിധമാണു് ലിറ്റിൽ പ്രിൻസ് കുറുക്കനെ ഇണക്കിയതു്. തമ്മിൽ പിരിയാനുള്ള സമയമടുത്തപ്പോൾ…
“അയ്യോ,” കുറുക്കൻ പറഞ്ഞു, “ഞാനിപ്പോൾ കരയും.”
“അതിനു നീ നിന്നെപ്പറഞ്ഞാൽ മതി,” ലിറ്റിൽ പ്രിൻസ് പറഞ്ഞു. “എനിക്കു നിന്നെ ദ്രോഹിക്കണമെന്നു് ഒരുദ്ദേശ്യവുമുണ്ടായില്ല. ഞാൻ നിന്നെ ഇണക്കമെന്നതു് നിന്റെ ആഗ്രഹമായിരുന്നു… ”
“അതെ, അതു ശരി തന്നെ,” കുറുക്കൻ പറഞ്ഞു.
“എന്നിട്ടു നീയിപ്പോൾ കരയാൻ തുടങ്ങുകയും!”
“അതെ, അതും ശരി തന്നെ,” കുറുക്കൻ പറഞ്ഞു.
“അപ്പോൾ അതു കൊണ്ടു് നിനക്കൊരു ഗുണവുമുണ്ടായിട്ടില്ലെന്നതല്ലേ ശരി?”
“ഗുണമൊക്കെയുണ്ടായിട്ടുണ്ടു്,” കുറുക്കൻ പറഞ്ഞു. “നിന്റെ മുടിയുടെ നിറം കാണുമ്പോൾ എനിക്കു് ഗോതമ്പുപാടം ഓർമ്മ വരുന്നില്ലേ?” പിന്നെ അവൻ കൂട്ടിച്ചേർത്തു:
“ആ റോസാപ്പൂക്കളെ ഒന്നു കൂടി പോയിക്കാണൂ; ലോകമാകെയെടുത്താൽ നിന്റെ റോസാപ്പൂവു പോലൊന്നു് വേറെയില്ലെന്നു നിനക്കു ബോദ്ധ്യമാകും. എന്നിട്ടു് എന്നോടു യാത്ര പറയാൻ വാ, അപ്പോൾ ഞാനൊരു രഹസ്യം നിനക്കു സമ്മാനമായി തരാം.”
ലിറ്റിൽ പ്രിൻസ് റോസാപ്പൂക്കളെ ഒന്നുകൂടി കാണാൻ ചെന്നു.
“എന്റെ റോസാപ്പൂവുമായി ഒരു സാദൃശ്യവും നിങ്ങൾക്കില്ല,” അവൻ പറഞ്ഞു. “നിങ്ങൾ ഇതു വരെ യാതൊന്നുമായിട്ടില്ല. ആരും നിങ്ങളെ ഇണക്കിയിട്ടില്ല, നിങ്ങൾ ആരെയും ഇണക്കിയിട്ടുമില്ല. എന്റെ കുറുക്കൻ മുമ്പേതു പോലെയായിരുന്നോ, അതുപോലെയാണു് നിങ്ങൾ. നൂറായിരം മറ്റു കുറുക്കന്മാരെപ്പോലെ ഒരു കുറുക്കനായിരുന്നു അവൻ. പക്ഷേ, ഞാനവനെ എന്റെ കൂട്ടുകാരനാക്കി; ഇന്നു് ഈ ലോകത്തു് അവനെപ്പോലൊരു കുറുക്കൻ വേറെയില്ല!”
റോസാപ്പൂക്കൾ അയ്യടാ! എന്നായിപ്പോയി.
“നിങ്ങൾക്കു ഭംഗിയുണ്ടെന്നു സമ്മതിച്ചു, പക്ഷേ, നിങ്ങൾ വെറും പൊള്ളയുമാണു്,” അവൻ തുടർന്നു, “നിങ്ങൾക്കു വേണ്ടി ജീവൻ കളയാൻ ആരുമില്ല. എന്റെ റോസാപ്പൂവു് കാണാൻ നിങ്ങളെപ്പോലെ തന്നെയാണെന്നു് ഒരു സാധാരണ വഴിപോക്കൻ പറഞ്ഞേക്കും. പക്ഷേ, നിങ്ങളെപ്പോലുള്ള നൂറു കണക്കിനു പൂക്കളെക്കാൾ എനിക്കു പ്രധാനം അവളാണു്. കാരണം അവളെയാണു ഞാൻ വെള്ളം കൊടുത്തു വളർത്തിയതു്. അവളെയാണു ഞാൻ സ്ഫടികഗോളം കൊണ്ടു മൂടിവച്ചതു്. അവളെയാണു ഞാൻ മറ വച്ചു സംരക്ഷിച്ചതു്. അവൾക്കു വേണ്ടിയാണു ഞാൻ ശലഭപ്പുഴുക്കളെ കൊന്നതു് (പൂമ്പാറ്റയാകാൻ വേണ്ടി കൊല്ലാതെ വിട്ട രണ്ടുമൂന്നെണ്ണമൊഴിച്ചാൽ). അവൾ പറയുന്നതിനാണു ഞാൻ കാതു കൊടുത്തതു്, അതിനി പരാതിയായാലും പൊങ്ങച്ചമായാലും, ഇനിയല്ല, ചില നേരത്തെ മൗനമായാലും. അവൾ എന്റെ റോസാപ്പൂവാണു്.”
അവൻ തിരിച്ചു് കുറുക്കനെ കാണാൻ ചെന്നു.
“ഗുഡ് ബൈ,” അവൻ പറഞ്ഞു.
“ഗുഡ് ബൈ,” കുറുക്കൻ പറഞ്ഞു. “ഇതാ എനിക്കു പറയാനുള്ള രഹസ്യം; വളരെ ലളിതമാണതു്: തെളിഞ്ഞു കാണാൻ ഹൃദയം കൊണ്ടു കാണണം. ഉള്ളിലുള്ളതു് കണ്ണുകൾ കാണില്ല.”
“ഉള്ളിലുള്ളതു് കണ്ണുകൾ കാണില്ല,” മറക്കാതിരിക്കാൻ വേണ്ടി ലിറ്റിൽ പ്രിൻസ് അതുരുക്കഴിച്ചു.
“നിന്റെ പൂവിനു വേണ്ടി നീ കളഞ്ഞ സമയം തന്നെയാണു് നിന്റെ പൂവിനെ നിനക്കത്ര പ്രധാനമാക്കുന്നതും.”
“എന്റെ പൂവിനു വേണ്ടി ഞാൻ കളഞ്ഞ സമയം തന്നെയാണു്… ” മറക്കാതിരിക്കാൻ വേണ്ടി ലിറ്റിൽ പ്രിൻസ് ആവർത്തിച്ചു.
“ആളുകൾ ആ സത്യം മറന്നുകഴിഞ്ഞു,” കുറുക്കൻ പറഞ്ഞു. “പക്ഷേ, നീയതു മറക്കരുതു്. നീ എന്തിനെ ഇണക്കിയോ, അതിനു നീയാണുത്തരവാദി. നിന്റെ പൂവിന്റെ ഉത്തരവാദിത്വം നിനക്കാണു്… ”
“എന്റെ പൂവിന്റെ ഉത്തരവാദിത്വം എനിക്കാണു്… ” മറക്കാതിരിക്കാൻ വേണ്ടി ലിറ്റിൽ പ്രിൻസ് ആവർത്തിച്ചു.
“ഗുഡ് മോണിംഗ്,” ലിറ്റിൽ പ്രിൻസ് പറഞ്ഞു.
“ഗുഡ് മോണിംഗ്,” റയിൽവേ സ്വിച്ച്മാൻ പറഞ്ഞു.
“താങ്കൾ ഇവിടെ എന്തു ചെയ്യുന്നു?”
“ഞാൻ യാത്രക്കാരെ ആയിരം വീതമുള്ള കെട്ടുകളാക്കി തരം തിരിക്കുന്നു,” സ്വിച്ച്മാൻ പറഞ്ഞു. “എന്നിട്ടവരെ വണ്ടിയിൽ കയറ്റി പറഞ്ഞുവിടുന്നു, ചിലരെ ഇടത്തോട്ടു്, ചിലരെ വലത്തോട്ടു്.”
ഈ സമയത്തു് പ്രകാശമാനമായ ഒരു എക്സ്പ്രസ് ട്രെയിൻ സ്വിച്ച്മാന്റെ ക്യാബിൻ പിടിച്ചുകുലുക്കിക്കൊണ്ടു് ഇടിമുഴക്കത്തോടെ പാഞ്ഞുപോയി.
“അവർ വളരെ തിരക്കിലാണല്ലോ,” ലിറ്റിൽ പ്രിൻസ് പറഞ്ഞു. “അവർ എന്തു തേടിപ്പോവുകയാണു്?”
“അതു ട്രെയിൻ ഡ്രൈവർക്കു പോലുമറിയില്ല,” സ്വിച്ച്മാൻ പറഞ്ഞു.
ഈ സമയത്തു് മറ്റൊരെക്സ്പ്രസ് ഒച്ചയും വെളിച്ചവുമായി എതിർദിശയിലേക്കു കുതിച്ചുപാഞ്ഞു.
“പോയവർ ഇത്ര വേഗം തിരിച്ചുവന്നോ?” ലിറ്റിൽ പ്രിൻസ് ചോദിച്ചു.
“പോയവരല്ല, വരുന്നതു്,” സ്വിച്ച്മാൻ പറഞ്ഞു. “ഇതൊരു വച്ചുമാറ്റമാണു്.”
“സ്വസ്ഥാനത്തവർക്കു സ്വസ്ഥത ലഭിച്ചില്ലേ?”
“സ്വസ്ഥാനത്തു സ്വസ്ഥത ലഭിച്ചിട്ടാരുമില്ല,” സ്വിച്ച്മാൻ പറഞ്ഞു.
മൂന്നാമതൊരെക്സ്പ്രസിന്റെ ഗർജ്ജനം അവർ കേട്ടു.
“ആദ്യം പോയവരുടെ പിന്നാലെ പോവുകയാണോ ഇവർ?” ലിറ്റിൽ പ്രിൻസ് ചോദിച്ചു.
“അവർ ഒന്നിന്റെയും പിന്നാലെ പോവുകയല്ല,” സ്വിച്ച്മാൻ പറഞ്ഞു. “അവർ ഉള്ളിൽക്കിടന്നുറങ്ങുകയാണു്, അല്ലെങ്കിൽ കോട്ടുവായുമിട്ടിരിക്കുകയാണു്. കുട്ടികൾ മാത്രം ജനാലച്ചില്ലുകളിൽ മൂക്കമർത്തിവച്ചു നില്ക്കുന്നു.”
“തങ്ങൾക്കെന്താണു വേണ്ടതെന്നു് കുട്ടികൾക്കു മാത്രമറിയാം,” ലിറ്റിൽ പ്രിൻസ് പറഞ്ഞു. “ഒരു തുണിപ്പാവയ്ക്കു മേൽ അവർ സമയം കളയും; അങ്ങനെ അവർക്കതു പ്രധാനപ്പെട്ടതുമാകും. അതു പിന്നെ ആരെങ്കിലും എടുത്തുകൊണ്ടു പോയാൽ അവർ കരയുകയായി… ”
“അവർ ഭാഗ്യം ചെയ്തവരാണു്,” സ്വിച്ച്മാൻ പറഞ്ഞു.
“ഗുഡ് മോണിംഗ്,” ലിറ്റിൽ പ്രിൻസ് പറഞ്ഞു.
“ഗുഡ് മോണിംഗ്,” കച്ചവടക്കാരൻ പറഞ്ഞു.
ദാഹശമനത്തിനുള്ള ഗുളികയാണു് അയാൾ വിറ്റുകൊണ്ടിരുന്നതു്. ഒരു ഗുളിക വിഴുങ്ങിയാൽ പിന്നെ ഒരാഴ്ചത്തേക്കു് വെള്ളം കുടിക്കേണ്ട കാര്യമില്ല.
“അതു കൊണ്ടെന്താ ഗുണം?” ലിറ്റിൽ പ്രിൻസ് ചോദിച്ചു.
“അത്രയും സമയം കൂടി നമുക്കു ലാഭിക്കാമല്ലോ,” കച്ചവടക്കാരൻ പറഞ്ഞു. “ആഴ്ചയിൽ അമ്പത്തിമൂന്നു മിനിട്ടു് ഇതു വഴി ലാഭിക്കാമെന്നു് വിദഗ്ദ്ധർ കണക്കു കൂട്ടിയിരിക്കുന്നു.”
“ആ അമ്പത്തിമൂന്നു മിനിട്ടു കൊണ്ടു് ഞാൻ എന്തു ചെയ്യും?”
“നിനക്കിഷ്ടമുള്ളതെന്തും.”
“ഇഷ്ടമുള്ളതു ചെയ്യാൻ അമ്പത്തിമൂന്നു മിനിട്ടെനിക്കു കിട്ടിയാൽ,” ലിറ്റിൽ പ്രിൻസ് സ്വയം പറഞ്ഞു, “ഒരു തെളിനീരുറവയിലേക്കു ഞാൻ സാവകാശം നടന്നുപോകും.”
മരുഭൂമിയിൽ വച്ചു് എനിക്കപകടം പിണഞ്ഞിട്ടു് എട്ടാമത്തെ ദിവസമാണന്നു്; കച്ചവടക്കാരന്റെ കഥ കേട്ടുകൊണ്ടിരിക്കുമ്പോൾ കൈയിലുള്ള വെള്ളത്തിന്റെ അവസാനത്തെ തുള്ളി ഞാൻ ഊറ്റിക്കുടിക്കുകയായിരുന്നു.
“ആഹാ,” ഞാൻ ലിറ്റിൽ പ്രിൻസിനോടു പറഞ്ഞു, “നിന്റെ കഥകൾ കേൾക്കാൻ രസകരം തന്നെ. പക്ഷേ, എന്റെ വിമാനത്തിന്റെ കേടു തീർക്കാൻ എനിക്കിനിയും കഴിഞ്ഞിട്ടില്ല. കുടിക്കാനാകട്ടെ, ഒരു തുള്ളി വെള്ളം ബാക്കിയില്ല. ഒരു നീരുറവയുള്ളിടത്തേക്കു സാവകാശം നടന്നുപോകാൻ എനിക്കും വിരോധമൊന്നുമില്ല!”
“എന്റെ കൂട്ടുകാരൻ കുറുക്കൻ… ” ലിറ്റിൽ പ്രിൻസ് പറഞ്ഞു.
“എന്റെ കൊച്ചുചങ്ങാതീ, ഇതു കുറുക്കനുമായി ബന്ധപ്പെട്ട വിഷയമല്ല!”
“എന്തുകൊണ്ടു്?”
“നമ്മൾ ദാഹിച്ചു മരിക്കാൻ പോവുകയാണെന്നതുകൊണ്ടു്.”
എന്റെ മനസ്സിലുള്ളതു പിടി കിട്ടാത്തതു കൊണ്ടു് അവന്റെ മറുപടി ഇങ്ങനെയായിരുന്നു:
“മരണത്തിന്റെ വക്കത്താണെങ്കിലും ഒരു കൂട്ടുകാരനെ കിട്ടുന്നതു് നല്ല കാര്യമാണു്. ഒരു കുറുക്കനെ കൂട്ടുകാരനായി കിട്ടിയപ്പോൾ എനിക്കെന്തു സന്തോഷമായെന്നോ!”
“അപകടമെന്നു പറഞ്ഞാൽ അവനു മനസ്സിലാവില്ല,” ഞാൻ എന്നോടു തന്നെ പറഞ്ഞു. “അവനു വിശപ്പും ദാഹവുമൊന്നുമില്ല. അല്പം സൂര്യപ്രകാശം കിട്ടിയാൽ അവനതു മതി.”
എന്നാൽ ലിറ്റിൽ പ്രിൻസ് എന്നെ നോക്കിനില്ക്കുകയായിരുന്നു; എന്റെ ചിന്തയ്ക്കു് അവൻ മറുപടിയും തന്നു:
“എനിക്കും ദാഹിക്കുന്നു… നമുക്കിവിടെയെങ്ങാനും കിണറുണ്ടോ എന്നു നോക്കാം… ”
ഞാൻ തളർച്ച കാണിക്കുന്ന ഒരു ചേഷ്ട കാണിച്ചു. ഒരു മരുഭൂമിയുടെ വൈപുല്യത്തിൽ, ഒരു ദിശാബോധവുമില്ലാതെ, കിണറു നോക്കി നടക്കുക എന്നതു് വിഡ്ഢിത്തമാണു്. എന്നാല്ക്കൂടി ഞങ്ങൾ നടന്നു തുടങ്ങി.
മണിക്കൂറുകളോളം മൗനമായി ഞങ്ങൾ നടന്നു; ഒടുവിൽ രാത്രിയായി, നക്ഷത്രങ്ങൾ പുറത്തുവന്നു തുടങ്ങി. ദാഹം കാരണം എനിക്കു പനിച്ചു തുടങ്ങിയിരുന്നു. സ്വപ്നത്തിലെന്ന പോലെ ഞാൻ നക്ഷത്രങ്ങളെ നോക്കി. ലിറ്റിൽ പ്രിൻസിന്റെ വാക്കുകൾ എന്റെ ഓർമ്മയിൽ നൃത്തം വയ്ക്കുകയായിരുന്നു.
“അപ്പോൾ നിനക്കും ദാഹമുണ്ടല്ലേ?” ഞാൻ ചോദിച്ചു.
എന്റെ ചോദ്യത്തിനു് അവൻ ഉത്തരം പറഞ്ഞില്ല. അവൻ ഇത്രമാത്രം പറഞ്ഞു:
“വെള്ളം ഹൃദയത്തിനും നല്ലതായിരിക്കും… ”
ആ മറുപടി എനിക്കു മനസ്സിലായില്ലെങ്കിലും ഞാൻ തിരിച്ചൊന്നും പറഞ്ഞില്ല. അവനോടു തിരിച്ചു ചോദിച്ചിട്ടു ഫലമില്ലെന്നു് എനിക്കറിയാമായിരുന്നു.
അവൻ ക്ഷീണിച്ചിരുന്നു. അവൻ താഴെയിരുന്നു. ഞാൻ അവനരികിലിരുന്നു. അല്പനേരത്തെ മൗനത്തിനു ശേഷം അവൻ പറഞ്ഞു:
“ഒരദൃശ്യപുഷ്പം ഉള്ളിലുള്ളതിനാൽ നക്ഷത്രങ്ങൾ മനോഹരമാണു്.”
ഞാൻ പറഞ്ഞു, “അതെ, അതു ശരിയാണു്.” പിന്നെ മറ്റൊന്നും പറയാതെ നിലാവത്തു പരന്നുപരന്നു കിടക്കുന്ന മണൽത്തിട്ടകളിലേക്കു ഞാൻ കണ്ണയച്ചു.
“മരുഭൂമി മനോഹരമാണു്,” ലിറ്റിൽ പ്രിൻസ് കൂട്ടിച്ചേർത്തു.
അതു സത്യമായിരുന്നു. മരുഭൂമികൾ എനിക്കെന്നും പ്രിയപ്പെട്ടതായിരുന്നു. നിങ്ങൾ മരുഭൂമിയിലെ മണല്ക്കൂന മേൽ ഇരിക്കുകയാണു്; നിങ്ങൾ യാതൊന്നും കാണുന്നില്ല, യാതൊന്നും കേൾക്കുന്നില്ല. ആ നിശ്ശബ്ദതയിലും എന്തോ തിളങ്ങുന്നു, ഒരു സംഗീതം സ്പന്ദിക്കുന്നു…
“മരുഭൂമി മനോഹരമാവുന്നതു്,” ലിറ്റിൽ പ്രിൻസ് പറഞ്ഞു, “എവിടെയോ അതൊരു കിണർ ഒളിപ്പിച്ചു വച്ചിരിക്കുന്നു എന്നതിനാലാണു്.”
മരുഭൂമിയുടെ നിഗൂഢമായ ആ ദീപ്തിയ്ക്കു് പെട്ടെന്നൊരർത്ഥം കൈവന്നതായി എനിക്കനുഭവപ്പെട്ടു. കുഞ്ഞായിരിക്കുമ്പോൾ പഴയൊരു വീട്ടിലാണു് ഞാൻ താമസിച്ചിരുന്നതു്. അതിനുള്ളിൽ എവിടെയോ ഒരു നിധി കുഴിച്ചിട്ടിട്ടുണ്ടെന്നു് ആളുകൾ പറഞ്ഞിരുന്നു. അതെ, അതു കണ്ടെത്താനുള്ള വഴി ആർക്കുമറിയില്ലായിരുന്നു, അതിനാരും ശ്രമിച്ചിട്ടു തന്നെയില്ലായിരുന്നു. പക്ഷേ, ആ വീടിനു് അതൊരു മാന്ത്രികപരിവേഷം നല്കിയിരുന്നു. എന്റെ വീടു് അതിന്റെ ഹൃദയത്തിലെവിടെയോ ഒരു രഹസ്യം ഒളിപ്പിച്ചു വച്ചിരിക്കുന്നു… “അതെ,” ഞാൻ ലിറ്റിൽ പ്രിൻസിനോടു പറഞ്ഞു, “വീടു്, നക്ഷത്രങ്ങൾ, മരുഭൂമി—അവയ്ക്കവയുടെ സൗന്ദര്യം നല്കുന്നതു് പുറമേക്കദൃശ്യമായതെന്തോ ആണു്.”
“എന്റെ കുറുക്കൻ പറഞ്ഞതിനോടു് നിങ്ങളും യോജിക്കുന്നുവെന്നതിൽ എനിക്കു സന്തോഷമുണ്ടു്,” അവൻ പറഞ്ഞു.
ലിറ്റിൽ പ്രിൻസിനു് ഉറക്കം വരുന്നുണ്ടായിരുന്നു; ഞാൻ അവനെ കൈകളിൽ കോരിയെടുത്തു് വീണ്ടും നടന്നു. എന്റെ ഹൃദയം ഇളകിമറിയുകയായിരുന്നു. തൊട്ടാൽ പൊട്ടുന്ന ഒരു നിധിയാണു് ഞാൻ എടുത്തുകൊണ്ടു നടക്കുന്നതെന്നു് എനിക്കു തോന്നി. ഇത്ര ലോലമായ മറ്റൊന്നു് ഈ ലോകത്തില്ലെന്നുപോലും എനിക്കു തോന്നിപ്പോയി. നിലാവിന്റെ വെളിച്ചത്തിൽ ആ വിളറിയ നെറ്റിത്തടവും അടഞ്ഞ കണ്ണുകളും ഇളംകാറ്റത്തിളകുന്ന മുടിച്ചുരുളുകളും കണ്ടപ്പോൾ ഞാൻ സ്വയം പറഞ്ഞു: “ഞാനിപ്പോൾ കാണുന്നതു് പുറന്തോടു മാത്രമാണു്, സുപ്രധാനമായിട്ടുള്ളതു് അദൃശ്യമാണു്… ”
ഒരർദ്ധമന്ദസ്മിതത്തിൽ അവന്റെ ചുണ്ടുകൾ പാതി വിടർന്നപ്പോൾ ഞാൻ എന്റെ ആത്മഗതം തുടർന്നു: “ഈ കുഞ്ഞിനെ എന്റെ ഹൃദയത്തോടത്ര അടുപ്പിക്കുന്നതു് ഒരു പൂവിനോടുള്ള അവന്റെ ആത്മാർത്ഥതയാണു്—ഉറങ്ങുമ്പോൾപ്പോലും ഒരു പൂവിന്റെ ഓർമ്മ വിളക്കിൽ നാളം പോലെ അവന്റെയുള്ളിൽ തെളിഞ്ഞു നില്ക്കുന്നു… ” ഞാൻ കരുതിയതിലും ലോലമാണവനെന്നു് എനിക്കപ്പോൾ തോന്നി. വിളക്കുകൾ അനാഥമാകരുതു്; ഒന്നു കാറ്റൂതിയാൽ മതി, അവ കെട്ടുപോകാൻ. അങ്ങനെ നടന്നുനടന്നു്, പുലർച്ചയോടടുക്കുമ്പോൾ ഞാൻ കിണറു കണ്ടു.
“മനുഷ്യർ,” ലിറ്റിൽ പ്രിൻസ് പറഞ്ഞു, “എക്സ്പ്രസ്സ് ട്രെയിനുകളിൽ കയറി യാത്ര പുറപ്പെടും; പക്ഷേ, തങ്ങൾ എന്തന്വേഷിച്ചാണിറങ്ങിയിരിക്കുന്നതെന്നു് അവർക്കോർമ്മയുണ്ടാവില്ല. ഒടുവിൽ എന്തു ചെയ്യണമെന്നറിയാതെ, പ്രക്ഷുബ്ധചിത്തരായി ഒരു വൃത്തത്തിനുള്ളിലെന്നപോലെ അവർ ഉഴറിപ്പാഞ്ഞു നടക്കും… ഫലമില്ലാത്ത കാര്യമാണതു്.”
ഞങ്ങൾ കണ്ട കിണർ സഹാറായിലെ മറ്റൊരു കിണറു പോലെയുമായിരുന്നില്ല. സഹാറായിലെ കിണറുകളെ മണലിൽ കുഴിച്ച കുഴികളെന്നേ വിശേഷിപ്പിക്കാനുള്ളു. പക്ഷേ, ഈ കിണർ ഗ്രാമത്തിലെ കിണറു പോലിരുന്നു. എന്നാൽ ഗ്രാമമൊന്നും അവിടെ കാണാനുമില്ല. ഞാൻ സ്വപ്നം കാണുകയാണെന്നു് എനിക്കു തോന്നിപ്പോയി…
“ഇതു വളരെ വിചിത്രമായിരിക്കുന്നല്ലോ,” ഞാൻ ലിറ്റിൽ പ്രിൻസിനോടു പറഞ്ഞു. “നമുക്കു വേണ്ടി എല്ലാം തയാറാക്കി വച്ചിരിക്കുന്ന പോലെയാണു്: കപ്പി, കയറു്, തൊട്ടി… ”
അവൻ ചിരിച്ചുകൊണ്ടു് കയറിൽ പിടിച്ചു് തൊട്ടി കിണറ്റിലേക്കിറക്കി. കാറ്റു മറന്ന കാറ്റുകാട്ടി പോലെ ആ പഴയ കപ്പി ഞരങ്ങി.
“കേട്ടുവോ?” ലിറ്റിൽ പ്രിൻസ് ചോദിച്ചു. “കിണറിനെ നാം ഉറക്കത്തിൽ നിന്നുണർത്തിയിരിക്കുന്നു. അതു പാടുകയാണു്… ”
അവനെ അധികം ക്ഷീണിപ്പിക്കാൻ എനിക്കു മനസ്സു വന്നില്ല. “ഇങ്ങു തരൂ,” ഞാൻ പറഞ്ഞു. “നിനക്കതു താങ്ങാൻ പറ്റില്ല.”
ഞാൻ വെള്ളം നിറഞ്ഞ തൊട്ടി പതുക്കെ ഉയർത്തി ആൾമറമേൽ വച്ചു. കപ്പിയുടെ സംഗീതം എന്റെ കാതുകളിൽ നിന്നു മാഞ്ഞിരുന്നില്ല. അലയടങ്ങാത്ത വെള്ളത്തിൽ വെയിലു തിളങ്ങുന്നതു ഞാൻ കണ്ടു.
“ആ വെള്ളത്തിനെനിക്കു ദാഹിക്കുന്നു,” ലിറ്റിൽ പ്രിൻസ് പറഞ്ഞു. “എനിക്കതു കുറച്ചു കുടിക്കാൻ തരൂ… ”
അവൻ തേടിനടന്നതെന്തായിരുന്നുവെന്നു് എനിക്കപ്പോൾ മനസ്സിലായി!
ഞാൻ വെള്ളത്തൊട്ടി അവന്റെ ചുണ്ടിലേക്കുയർത്തി. അവൻ കണ്ണടച്ചുപിടിച്ചുകൊണ്ടു് വെള്ളം കുടിച്ചു. ഒരു വിരുന്നിന്റെ മാധുര്യം അതിനുണ്ടായിരുന്നു. ആ ജലം വെറുമൊരു പാനീയമായിരുന്നില്ല. ആ മധുരം അതിനു കിട്ടിയതു് നക്ഷത്രങ്ങൾക്കടിയിലെ ഞങ്ങളുടെ നടത്തയിൽ നിന്നാണു്, കപ്പിയുടെ സംഗീതത്തിൽ നിന്നാണു്, എന്റെ കൈകളുടെ അദ്ധ്വാനത്തിൽ നിന്നാണു്. അതു് ഹൃദയത്തിനുന്മേഷദായകമായിരുന്നു, ഒരുപഹാരം പോലെ. ഇതു പോലെയാണു് കൊച്ചുകുട്ടിയായിരിക്കുമ്പോൾ ക്രിസ്തുമസ് മരത്തിലെ വിളക്കുകളും പാതിരാകുർബാനയുടെ സംഗീതവും ചിരിക്കുന്ന മുഖങ്ങളുടെ സൗമ്യതയുമൊക്കെക്കൂടി എനിക്കു കിട്ടിയ ക്രിസ്തുമസ് സമ്മാനത്തെ ദീപ്തമാക്കിയിരുന്നതും.
“നിങ്ങളുടെ നാട്ടിലെ ആൾക്കാർ,” ലിറ്റിൽ പ്രിൻസ് പറഞ്ഞു, “ഒരേ തോട്ടത്തിൽ അയ്യായിരം റോസാപ്പൂക്കൾ നട്ടുവളർത്തും; എന്നാൽ തങ്ങൾ തേടുന്നതു് അവർ അതിൽ കാണുകയുമില്ല.”
“അവരതു കാണുന്നില്ല,” ഞാൻ പറഞ്ഞു.
“അതേ സമയം തങ്ങൾ തേടുന്നതു് ഒരൊറ്റ റോസാപ്പൂവിലോ ഒരല്പം വെള്ളത്തിലോ അവർക്കു കണ്ടെടുക്കാവുന്നതേയുള്ളു.”
“അതെ, അതു സത്യമാണു്,” ഞാൻ സമ്മതിച്ചു.
ലിറ്റിൽ പ്രിൻസ് ഇതും കൂടി പറഞ്ഞു:
“എന്നാൽ കണ്ണുകൾ അന്ധമാണു്. ഹൃദയം കൊണ്ടു വേണം നോക്കാൻ… ”
ഞാൻ വെള്ളം കുടിച്ചു കഴിഞ്ഞിരുന്നു. എനിക്കിപ്പോൾ ശ്വാസം അയച്ചുവിടാമെന്നായിരിക്കുന്നു. സൂര്യോദയസമയത്തു് മണലിനു തേനിന്റെ നിറമാണു്. ആ നിറം എന്റെ ഹൃദയത്തിനു സന്തോഷം പകരുകയുമായിരുന്നു. എന്നിട്ടും ഈ വിഷാദം എനിക്കെവിടുന്നു വന്നു?
“നിങ്ങൾ പറഞ്ഞ വാഗ്ദാനം പാലിക്കണം,” വീണ്ടും എനിക്കരികിൽ വന്നിരുന്നുകൊണ്ടു് ലിറ്റിൽ പ്രിൻസ് പറഞ്ഞു.
“ഏതു വാഗ്ദാനം?”
“ഓർമ്മയില്ലേ… എന്റെ ആടിനൊരു വായ്പൂട്ടു്; എന്റെ പൂവിന്റെ ഉത്തരവാദിത്വം എനിക്കല്ലേ… ”
ഞാൻ പോക്കറ്റിൽ നിന്നു് എന്റെ ചിത്രങ്ങൾ പുറത്തെടുത്തു. ലിറ്റിൽ പ്രിൻസ് അവ ഓരോന്നായി നോക്കിയിട്ടു് ചിരിച്ചുകൊണ്ടു പറഞ്ഞു:
“നിങ്ങളുടെ ബയോബാബുകൾ കണ്ടിട്ടു് കാബേജു പോലിരിക്കുന്നു.”
“അയ്യോ!” എന്റെ ബയോബാബുകളുടെ പേരിൽ ഞാനെത്ര അഭിമാനിച്ചിരുന്നതാണു്!
“നിങ്ങളുടെ കുറുക്കൻ… അതിന്റെ ചെവി കണ്ടിട്ടു് കൊമ്പു പോലിരിക്കുന്നു… നീളവും കൂടിപ്പോയി.”
എന്നിട്ടവൻ പിന്നെയും ചിരിച്ചു.
“ഇതു ശരിയല്ല, ലിറ്റിൽ പ്രിൻസ്,” ഞാൻ പറഞ്ഞു. “പെരുമ്പാമ്പിന്റെ അകമോ പുറമോ വരയ്ക്കാമെന്നല്ലാതെ എനിക്കു വര അറിയില്ല.”
“ഓ, അതു സാരമില്ല,” അവൻ പറഞ്ഞു, “കുട്ടികൾക്കു മനസ്സിലാകും.”
ഞാൻ പിന്നെ പെൻസിൽ കൊണ്ടു് ഒരു വായ്പൂട്ടു വരച്ചു. അതവന്റെ കൈയിൽ കൊടുക്കുമ്പോൾ എന്റെ ഹൃദയം വിങ്ങുകയായിരുന്നു.
“നിന്റെ മനസ്സിലുള്ളതെന്താണെന്നു് എനിക്കു മനസ്സിലാകുന്നില്ല,” ഞാൻ പറഞ്ഞു.
പക്ഷേ, അതിനവൻ മറുപടി പറഞ്ഞില്ല. പകരം അവൻ ഇങ്ങനെ പറഞ്ഞു: “ഞാൻ ഭൂമിയിൽ വന്നിട്ടു്… നാളെ ഒരു വർഷമാകുന്നു… ”
അല്പനേരം ഒന്നും മിണ്ടാതിരുന്നിട്ടു് അവൻ പറഞ്ഞു:
“ഇതിനു വളരെയടുത്തൊരിടത്താണു് ഞാൻ വന്നിറങ്ങിയതു്.”
അവന്റെ മുഖം ചുവന്നു.
അപ്പോഴും എന്തിനെന്നറിയാത്ത വല്ലാത്തൊരു ദുഃഖം എന്നെ ബാധിച്ചു. എന്നാൽ എനിക്കൊരു ചോദ്യം ചോദിക്കാനുണ്ടായിരുന്നു:
“അപ്പോൾ, എട്ടു ദിവസം മുമ്പു്, നിന്നെ ഞാൻ ആദ്യമായി കണ്ട പ്രഭാതത്തിൽ, മനുഷ്യവാസത്തിൽ നിന്നൊരായിരം മൈൽ അകലെ, ഒറ്റയ്ക്കു നീ നടന്നുപോയതു് യാദൃച്ഛികമായിരുന്നില്ല, അല്ലേ? നീ ഭൂമിയിലിറങ്ങിയ സ്ഥലത്തേക്കു തിരിച്ചുപോവുകയായിരുന്നു?”
ലിറ്റിൽ പ്രിൻസിന്റെ മുഖം വീണ്ടും ചുവന്നു.
ഒന്നറച്ചിട്ടു് ഞാൻ പറഞ്ഞു:
“ഒരു വർഷം കഴിഞ്ഞതു കൊണ്ടാണോ അതു്?”
ലിറ്റിൽ പ്രിൻസിന്റെ മുഖം ആകെ ചുവന്നു. അവൻ ഒരിക്കലും ചോദ്യങ്ങൾക്കു മറുപടി പറഞ്ഞിരുന്നില്ല; പക്ഷേ, ഒരാളുടെ മുഖം ചുവക്കുമ്പോൾ അതിനർത്ഥം ‘അതെ’ എന്നല്ലേ?
“എനിക്കെന്തോ ഭയം തോന്നുന്നു… ” ഞാൻ ലിറ്റിൽ പ്രിൻസിനോടു പറഞ്ഞു.
ഞാൻ പറഞ്ഞുതീരും മുമ്പേ അവൻ പറഞ്ഞു:
“ഇനി നിങ്ങളുടെ ജോലി നടക്കട്ടെ. നിങ്ങളുടെ വിമാനത്തിന്റെ എഞ്ചിൻ നന്നാക്കൂ. ഞാൻ ഇവിടെ കാത്തിരിക്കാം. നാളെ രാത്രിയിൽ ഇവിടെ വരൂ.”
എനിക്കൊരു ഉറപ്പു തോന്നിയില്ല. ഞാൻ ആ കുറുക്കനെ ഓർത്തു. ഇണക്കാൻ നിന്നുകൊടുത്താൽ കരയേണ്ടിവരും.
കിണറിനരികിലായി ഒരു പൊളിഞ്ഞ കന്മതിൽ ഉണ്ടായിരുന്നു. അടുത്ത ദിവസം സന്ധ്യക്കു് എഞ്ചിൻ പണി കഴിഞ്ഞു മടങ്ങുമ്പോൾ ദൂരെ നിന്നേ ഞാൻ എന്റെ ലിറ്റിൽ പ്രിൻസിനെ കണ്ടു. മതിലിനു മുകളിൽ കയറി കാലും തൂക്കിയിട്ടിരിക്കുകയാണവൻ. അവൻ ഇങ്ങനെ പറയുന്നതു ഞാൻ കേട്ടു:
“നിനക്കോർമ്മയില്ലേ?” അവൻ ആരോടോ സംസാരിക്കുകയാണു്. “പറഞ്ഞ സ്ഥലം ഇതല്ല.”
മറ്റൊരു ശബ്ദം അതിനു മറുപടി പറഞ്ഞതു കൊണ്ടാവണം, അവൻ പറയുന്നതു കേട്ടു:
“അതെയതെ, ദിവസം ഇതു തന്നെ; പക്ഷേ, സ്ഥലം ഇതായിരുന്നില്ല.”
ഞാൻ മതിലിനടുത്തേക്കു നടക്കുകയായിരുന്നു. മറ്റാരെയും ഞാൻ കണ്ടില്ല, മറ്റൊരു ശബ്ദവും ഞാൻ കേട്ടില്ല. പക്ഷേ, ലിറ്റിൽ പ്രിൻസ് പിന്നെയും ആരോടോ മറുപടി പറയുകയാണു്:
“തീർച്ചയായും. മണലിൽ എന്റെ കാല്പാടുകൾ തുടങ്ങുന്നതു നിനക്കു കാണാം. അവിടെ എന്നെ കാത്തുനിന്നാൽ മതി. ഇന്നു രാത്രി ഞാൻ അവിടെയുണ്ടാവും.”
ഞാനപ്പോൾ മതിലിൽ നിന്നു് ഇരുപതു മീറ്റർ മാത്രം അകലെയാണു്; എന്നിട്ടും ആരും എന്റെ കണ്ണിൽ പെട്ടില്ല.
അല്പനേരത്തെ മൗനത്തിനു ശേഷം ലിറ്റിൽ പ്രിൻസ് പിന്നെയും പറയുകയാണു്:
“നിന്റെ വിഷം നല്ലതല്ലേ? എനിക്കൊരുപാടു നേരം വേദനിക്കേണ്ടി വരില്ലെന്നു നിനക്കു തീർച്ചയല്ലേ?”
ഞാൻ സ്തംഭിച്ചു നിന്നുപോയി; എന്റെ ഹൃദയം പടപടാ ഇടിക്കുകയായിരുന്നു; പക്ഷേ, എന്നിട്ടും എനിക്കൊന്നും മനസ്സിലായിട്ടില്ല.
“ഇനി പൊയ്ക്കോ,” ലിറ്റിൽ പ്രിൻസ് പറഞ്ഞു. “ഞാൻ ഈ മതിലിനു മുകളിൽ നിന്നൊന്നിറങ്ങട്ടെ.”
ഞാൻ മതിലിനു ചുവട്ടിലേക്കു കണ്ണു താഴ്ത്തി; ഞാൻ നിന്ന നില്പിൽ ഒന്നു ചാടിപ്പോയി!
എന്റെ കണ്മുന്നിൽ ലിറ്റിൽ പ്രിൻസിനെ നോക്കി ചുരുട്ടയിട്ടു കിടക്കുകയാണു്, മുപ്പതു സെക്കന്റു കൊണ്ടു് ജീവനെടുക്കുന്ന ആ മഞ്ഞപ്പാമ്പുകളിൽ ഒരെണ്ണം. പോക്കറ്റിൽ നിന്നു റിവോൾവറെടുക്കാനുള്ള ബദ്ധപ്പാടിൽ ഞാൻ ഒരടി പിന്നിലേക്കു വച്ചു. പക്ഷേ, ആ ഒച്ച കേട്ടു് സർപ്പം പൂഴിക്കു മുകളിലൂടെ നേർത്തൊരു നീർച്ചാലു പോലെ ഒഴുകിപ്പോയി; എന്നിട്ടൊരു തിടുക്കവുമില്ലാതെ, ചിലമ്പിച്ച ഒച്ചയോടെ കല്ലുകൾക്കിടയിലേക്കിഴഞ്ഞുമറഞ്ഞു.
ഞാൻ മതിലിനടുത്തേക്കോടിച്ചെന്നതും എന്റെ ലിറ്റിൽ പ്രിൻസ് എന്റെ കൈകളിലേക്കു വന്നുവീണതും ഒരുമിച്ചായിരുന്നു; അവന്റെ മുഖം മഞ്ഞു പോലെ വിളറിവെളുത്തിരുന്നു.
“എന്താണിവിടെ നടക്കുന്നതു്? നീയിപ്പോൾ പാമ്പുകളുമായി സംസാരിക്കാൻ തുടങ്ങിയോ?”
അവൻ എപ്പോഴും കഴുത്തിൽ കെട്ടിയിരുന്ന സ്വർണ്ണനിറത്തിലുള്ള മഫ്ളർ ഞാൻ അയച്ചുകെട്ടി. അവന്റെ നെറ്റി നനച്ചിട്ടു് കുറച്ചു വെള്ളം കുടിപ്പിക്കുകയും ചെയ്തു. അവനോടു പിന്നെയൊന്നും ചോദിക്കാൻ എനിക്കു ധൈര്യം വന്നില്ല. മുഖത്തു ഗൗരവം വരുത്തിക്കൊണ്ടു് അവൻ എന്നെ ഉറ്റുനോക്കി; പിന്നെ എന്റെ കഴുത്തിൽ കൈ ചുറ്റി അവൻ എന്നെ കെട്ടിപ്പിടിച്ചു. അവന്റെ ഹൃദയം മിടിക്കുന്നതു ഞാനറിഞ്ഞു, വെടി കൊണ്ട പക്ഷിയുടെ മരിക്കുന്ന ഹൃദയം പോലെ. അവൻ പറഞ്ഞു:
“നിങ്ങളുടെ എഞ്ചിന്റെ തകരാറു ശരിയായതിൽ എനിക്കു സന്തോഷം തോന്നുന്നു; ഇനി നിങ്ങൾക്കു നാട്ടിലേക്കു പറക്കാമല്ലോ… ”
“അതു നിനക്കെങ്ങനെ മനസ്സിലായി?”
ഒരിക്കലും ശരിയാകില്ലെന്നു തോന്നിയ തകരാറു കണ്ടുപിടിച്ചുവെന്നു് അവനോടു പറയാൻ വരികയായിരുന്നു ഞാൻ.
എന്റെ ചോദ്യത്തിനു് മറുപടി പറയാതെ അവൻ ഇങ്ങനെ പറഞ്ഞു:
“ഞാനും ഇന്നു് നാട്ടിലേക്കു മടങ്ങുകയാണു്.” പിന്നെ വിഷാദത്തോടെ, “പക്ഷേ, വളരെയകലേക്കാണതു്… കൂടുതൽ ദുഷ്കരവുമാണു്.”
അത്യസാധാരണമായതെന്തോ നടക്കുകയാണെന്നു് എനിക്കു മനസ്സിലായി. ഒരു കുഞ്ഞിനെയെന്ന പോലെ ഞാനവനെ എന്റെ കൈകളിൽ അടുക്കിപ്പിടിച്ചിരിക്കുകയായിരുന്നു; എന്നാൽ ഒരഗാധഗർത്തത്തിലേക്കു് തല കുത്തി വീഴുകയാണവനെന്നും അതു തടയാൻ ഞാൻ വിചാരിച്ചാൽ കഴിയില്ലെന്നും എനിക്കു തോന്നിപ്പോയി…
അവന്റെ മുഖം ഗൗരവം പൂണ്ടിരുന്നു; അവന്റെ നോട്ടം അകലെയെങ്ങോ അലയുകയായിരുന്നു.
“നിങ്ങൾ തന്ന ചെമ്മരിയാടു് എന്റെ കൈയിലുണ്ടു്. അതിന്റെ കൂടു് കൈയിലുണ്ടു്. അതിന്റെ വായ്പ്പൂട്ടുണ്ടു്… ” വിഷാദം കലർന്ന പുഞ്ചിരിയോടെ അവൻ പറഞ്ഞു.
ഞാൻ ഏറെ നേരം കാത്തു. അവൻ പതുക്കെപ്പതുക്കെ സാധാരണ നില വീണ്ടെടുക്കുകയാണു്.
“എന്റെ പൊന്നു ചങ്ങാതീ, തനിക്കു പേടി തട്ടിയതാണു്… ” ഞാൻ പറഞ്ഞു.
“അതെ, അതിൽ സംശയമില്ല.” അവൻ ഒന്നു ചിരിച്ചു.
“ഇന്നു രാത്രിയിൽ ഞാൻ വല്ലാതെ പേടിക്കും… ”
പരിഹാരമില്ലാത്തതെന്തോ നടക്കാൻ പോകുന്നുവെന്ന ബോധം എന്നെ വീണ്ടും മരവിപ്പിക്കുന്നതു ഞാനറിഞ്ഞു. ആ ചിരി ഇനി ഒരിക്കലും കേൾക്കാൻ പറ്റില്ലെന്ന ചിന്ത എനിക്കു താങ്ങാവുന്നതിലധികമാണെന്നും ഞാനറിഞ്ഞു. മരുഭൂമിയിൽ ഒരു തെളിനീരുറവ പോലെയായിരുന്നു എനിക്കതു്.
“കുട്ടീ, നീ വീണ്ടും ചിരിക്കുന്നതു് എനിക്കു കേൾക്കണം,” ഞാൻ പറഞ്ഞു.
പക്ഷേ, അവൻ പറഞ്ഞതിതാണു്:
“ഇന്നു രാത്രിയിൽ ഒരു കൊല്ലം തികയും. കഴിഞ്ഞ കൊല്ലം ഞാൻ ഭൂമിയിൽ വന്നിറങ്ങിയ അതേ സ്ഥാനത്തിനു നേരേ മുകളിലായി എന്റെ നക്ഷത്രം നില്പുണ്ടാവും.”
“കുട്ടീ,” ഞാൻ പറഞ്ഞു, “ഇതെല്ലാം ഒരു ദുഃസ്വപ്നമല്ലേ? പാമ്പുമായുള്ള ആ സംഭാഷണവും തമ്മിൽ കാണാമെന്നു പറഞ്ഞിരിക്കുന്ന ആ സ്ഥലവും നക്ഷത്രവുമൊക്കെ… ”
പക്ഷേ, എന്റെ ചോദ്യത്തിനു് അവൻ മറുപടി പറഞ്ഞില്ല. പകരം അവൻ പറഞ്ഞു:
“കാണാതെ കിടക്കുന്നതാണു് പ്രധാനപ്പെട്ട കാര്യം… ”
“അതെ, അതെനിക്കറിയാം… ”
“പൂവിന്റെ കാര്യത്തിലും അതു ശരിയാണു്. ഒരു നക്ഷത്രത്തിൽ ജീവിക്കുന്ന പൂവിനെയാണു് നിങ്ങൾ സ്നേഹിക്കുന്നതെങ്കിൽ രാത്രിയിൽ ആകാശത്തേക്കു നോക്കിനില്ക്കുന്നതു നല്ലതായിരിക്കും. എല്ലാ നക്ഷത്രങ്ങളിലും പൂക്കൾ വിടർന്നു നില്പുണ്ടാവും… ”
“അതെ, എനിക്കറിയാം… ”
“വെള്ളത്തിന്റെ കാര്യവും അതു തന്നെ. ആ കപ്പി കാരണം, ആ കയറു കാരണം നിങ്ങൾ എനിക്കു കുടിക്കാൻ തന്ന വെള്ളം സംഗീതം പോലെയായിരുന്നു. നിങ്ങൾക്കതോർമ്മയുണ്ടോ? അതു നല്ലതായിരുന്നു… ”
“അതെ, എനിക്കറിയാം… ”
“രാത്രിയിൽ നിങ്ങൾ ആകാശത്തേക്കു നോക്കിനില്ക്കും. എന്റെ നക്ഷത്രം അത്ര ചെറുതായതിനാൽ അതിന്റെ സ്ഥാനം ചൂണ്ടിക്കാണിച്ചു തരാൻ എനിക്കു കഴിയില്ല. അതങ്ങനെയാവുന്നതാണു നല്ലതും. എന്റെ നക്ഷത്രം നിങ്ങൾക്കു മറ്റൊരു നക്ഷത്രം മാത്രമായിരിക്കും. അതിനാൽ നിങ്ങൾക്കു് ആകാശത്തെ എല്ലാ നക്ഷത്രങ്ങളെയും കാണാൻ ഇഷ്ടമായിരിക്കും… അവരെല്ലാം നിങ്ങളുടെ കൂട്ടുകാരുമാവും. അതിനും പുറമേ ഞാൻ നിങ്ങൾക്കൊരു സമ്മാനം തരാൻ പോവുകയുമാണു്.”
അവൻ പിന്നെയും ചിരിച്ചു.
“ലിറ്റിൽ പ്രിൻസ്! ലിറ്റിൽ പ്രിൻസ്! ആ ചിരി കേൾക്കാൻ എനിക്കെന്തിഷ്ടമാണെന്നോ!”
“അതു തന്നെയാണെന്റെ സമ്മാനം! നാം വെള്ളം കുടിച്ച ആ സമയത്തെന്നപോലെ… ”
“നീയെന്താണു പറഞ്ഞുകൊണ്ടു വരുന്നതു്?”
“എല്ലാവർക്കുമുണ്ടു് നക്ഷത്രങ്ങൾ,” അവൻ പറഞ്ഞു. “പക്ഷേ, അവ ഒന്നല്ല. സഞ്ചാരികൾക്കവ വഴികാട്ടികളാണു്. മറ്റുള്ളവർക്കു് വെറും കൊച്ചുവിളക്കുകളും. മറ്റു ചിലർക്കു്, പണ്ഡിതന്മാർക്കു്, വിഷമപ്രശ്നങ്ങളാണവ. ആ ബിസിനസ്സുകാരനു് അവ സ്വർണ്ണനാണയങ്ങളായിരുന്നു. പക്ഷേ, അവയെല്ലാം നിശബ്ദനക്ഷത്രങ്ങളാണു്. പക്ഷേ, നിങ്ങൾക്കു്, നിങ്ങൾക്കു മാത്രം മറ്റാർക്കും കിട്ടാത്ത നക്ഷത്രങ്ങളുണ്ടാവും.”
“നീയെന്താണു പറയുന്നതു്?”
“രാത്രിയിൽ നിങ്ങൾ ആകാശത്തേക്കു നോക്കിനില്ക്കുമ്പോൾ, ആ നക്ഷത്രങ്ങളിലൊന്നിൽ ഞാനുണ്ടെന്നതിനാൽ, ആ നക്ഷത്രങ്ങളിലൊന്നിൽ ഞാനിരുന്നു ചിരിക്കുന്നുണ്ടെന്നതിനാൽ, എല്ലാ നക്ഷത്രങ്ങളും തന്നെ നോക്കി ചിരിക്കുന്നതായി നിങ്ങൾക്കു തോന്നും. നിങ്ങൾ മാത്രമേ ചിരിക്കുന്ന നക്ഷത്രങ്ങളെ കാണൂ!”
അവൻ പിന്നെയും ചിരിച്ചു.
“നിങ്ങളുടെ ദുഃഖം ശമിക്കുമ്പോൾ (കാലം ശമിപ്പിക്കാത്ത ഏതു ദുഃഖമിരിക്കുന്നു!) എന്നെ പരിചയപ്പെട്ടതിൽ നിങ്ങൾ സന്തുഷ്ടനായിരിക്കും. നിങ്ങൾ എന്നും എന്റെ സ്നേഹിതനായിരിക്കും. എന്നോടൊപ്പം ചിരിക്കാൻ നിങ്ങൾക്കാഗ്രഹം തോന്നും. അതിന്റെ രസത്തിനു മാത്രമായി ചിലപ്പോൾ നിങ്ങൾ ജനാല തുറന്നിടും. ആകാശത്തേക്കു നോക്കി നിങ്ങൾ ചിരിക്കുന്നതു കാണുമ്പോൾ നിങ്ങളുടെ സ്നേഹിതന്മാർക്കു തീർച്ചയായും അമ്പരപ്പുണ്ടാവും! അപ്പോൾ നിങ്ങൾ അവരോടു പറയും: ‘അതെ, നക്ഷത്രങ്ങൾ കാണുമ്പോൾ എനിക്കു ചിരി വരും!’ നിങ്ങൾക്കു വട്ടാണെന്നു് അവർ വിധിയെഴുതും. അതു ഞാൻ നിങ്ങൾക്കു മേൽ പ്രയോഗിക്കുന്ന മോശപ്പെട്ടൊരു കൗശലമായിരിക്കും… ”
അവൻ പിന്നെയും ചിരിച്ചു.
“നക്ഷത്രങ്ങൾക്കു പകരം ചിരിക്കുന്ന കുഞ്ഞുമണികളാണു ഞാൻ നിങ്ങൾക്കു തന്നതെന്ന പോലെയായിരിക്കുമതു്.”
എന്നിട്ടവൻ വീണ്ടും ചിരിച്ചു. പിന്നെ അവന്റെ മുഖത്തു് ഗൗരവഭാവം തിരിച്ചുവന്നു.
“ഇന്നു രാത്രിയിൽ… അറിയാമല്ലോ… നിങ്ങൾ വരരുതു്.”
“ഞാൻ നിന്നെ ഒറ്റയ്ക്കു വിടില്ല,” ഞാൻ പറഞ്ഞു.
“ഞാൻ വേദനിക്കുന്നതായി നിങ്ങൾക്കു തോന്നും; ഞാൻ മരിക്കുകയാണെന്നു നിങ്ങൾക്കു തോന്നും. അതങ്ങനെയാണു്. അതു കാണാനായി വരരുതു്. അതുകൊണ്ടു് ഒരു ഗുണവും നിങ്ങൾക്കുണ്ടാവില്ല… ”
“ഞാൻ നിന്നെ ഒറ്റയ്ക്കു വിടില്ല.”
അവന്റെ മുഖത്തു് ഉത്കണ്ഠ നിഴലിച്ചു.
“ഞാനിതു പറയുന്നതു്… ആ പാമ്പിന്റെ കാര്യമായതു കൊണ്ടാണു്. അവൻ നിങ്ങളെ കടിക്കാൻ പാടില്ല. പാമ്പുകൾ ദുഷ്ടബുദ്ധികളാണു്. അവർ ചിലപ്പോൾ രസത്തിനു വേണ്ടി നിങ്ങളെ കടിച്ചെന്നു വരും… ”
“ഞാൻ നിന്നെ ഒറ്റയ്ക്കു വിടില്ല.”
ധൈര്യം കൊടുക്കുന്ന എന്തോ ചിന്ത അവന്റെ മനസ്സിൽ വന്നപോലെ തോന്നി:
“രണ്ടാമതു കടിക്കാൻ വേണ്ടി അവയ്ക്കു വിഷമുണ്ടാവില്ലെന്നു പറയുന്നതു് ശരിയാണു്.”
അന്നു രാത്രിയിൽ അവൻ തന്റെ യാത്രയ്ക്കിറങ്ങുന്നതു് ഞാൻ കാണാതെപോയി. ഒരൊച്ചയും കേൾപ്പിക്കാതെ അവൻ സ്ഥലം വിടുകയായിരുന്നു. ഒടുവിൽ, ഞാൻ പിന്നാലെയോടി അവനൊപ്പമെത്തിയപ്പോൾ കാലുറപ്പിച്ചു ചവിട്ടി, അതിവേഗം നടക്കുകയാണവൻ. അവൻ ഇത്രമാത്രം പറഞ്ഞു:
“ആഹാ, നിങ്ങളിങ്ങെത്തിയോ… ”
അവൻ എന്റെ കൈ പിടിച്ചു. പക്ഷേ, അവന്റെ ഉത്കണ്ഠ മാറിയിരുന്നില്ല. “നിങ്ങൾ വന്നതു തെറ്റായിപ്പോയി. നിങ്ങൾ വിഷമിക്കും. എന്നെക്കാണുമ്പോൾ മരിച്ച പോലെ തോന്നും; പക്ഷേ, അതു ശരിയായിരിക്കില്ല… ”
ഞാൻ ഒന്നും മിണ്ടിയില്ല.
“ഞാൻ പറയുന്നതു മനസ്സിലാവുന്നുണ്ടോ?… വളരെയകലെയാണതു്. അത്രയും ദൂരം ഈ ഉടൽ ഒപ്പം കൊണ്ടുപോകാൻ എനിക്കു കഴിയില്ല. വലിയ ഭാരമാണതിനു്.”
ഞാൻ ഒന്നും മിണ്ടിയില്ല.
“എന്നാലതിനെ അനാഥമായ പഴയൊരു കക്കായോട്ടി പോലെ കണ്ടാൽ മതി. പഴയ കക്കായോട്ടികളിൽ ദുഃഖകരമായി ഒന്നുമില്ല… ”
ഞാൻ ഒന്നും മിണ്ടിയില്ല.
എന്റെ പ്രതികരണമില്ലായ്മ അവനെ നിരുത്സാഹപ്പെടുത്തിയെന്നു തോന്നി. എന്നാലും അവൻ ഒരു ശ്രമം കൂടി നടത്തി.
“നോക്കൂ, എത്ര സുന്ദരമായിരിക്കുമതു്. ഞാനും നക്ഷത്രങ്ങളെ നോക്കിനില്ക്കും. എല്ലാ നക്ഷത്രങ്ങളും തുരുമ്പിച്ച കപ്പിയുള്ള കിണറുകളായിരിക്കും. എല്ലാ നക്ഷത്രങ്ങളും എനിക്കു കുടിക്കാനായി പുതുവെള്ളം കോരിയൊഴിക്കും… ”
ഞാൻ ഒന്നും മിണ്ടിയില്ല.
“എന്തു രസമായിരിക്കുമതു്! നിങ്ങൾക്കവ അമ്പതു കോടി കുഞ്ഞുമണികളായിരിക്കും; എനിക്കു് അമ്പതു കോടി തെളിനീരുറവകളും… ”
അവനും പിന്നെ ഒന്നും മിണ്ടിയില്ല; അവൻ കരയുകയായിരുന്നു.
“ഇതാ, ആ സ്ഥലമെത്തി. ഇനി ഞാൻ ഒറ്റയ്ക്കു പോകട്ടെ.”
അവൻ മണ്ണിലിരുന്നു; അവനു പേടിയായിരുന്നു. പിന്നെ അവൻ പറഞ്ഞു:
“എന്റെ പൂവിനെ അറിയാമല്ലോ… അവളുടെ ഉത്തരവാദിത്വം എനിക്കാണു്. അവൾ തീരെ ബലഹീനയാണു്. വളരെ ശുദ്ധമനസ്കയുമാണു്. ഈ ലോകത്തോടു പൊരുതിനില്ക്കാൻ ഒരു ഗുണവുമില്ലാത്ത നാലു മുള്ളുകളേ അവൾക്കുള്ളു… ”
ഞാനും താഴെയിരുന്നു; എനിക്കു നില്ക്കാൻ പറ്റാതായിക്കഴിഞ്ഞിരുന്നു.
“അതാ… അത്രേയുള്ളു… ”
അവൻ പിന്നെയുമൊന്നു മടിച്ചു; പിന്നെ അവൻ എഴുന്നേറ്റു നിന്നു. അവൻ ഒരടി മുന്നോട്ടു വച്ചു. എനിക്കനങ്ങാൻ കഴിഞ്ഞില്ല.
അവന്റെ കണങ്കാലിനടുത്തു് ഒരു മഞ്ഞനിറം മിന്നിമായുന്നതേ കണ്ടുള്ളു. ഒരു നിമിഷം അവൻ നിശ്ചേഷ്ടനായി നിന്നു. അവൻ നിലവിളിച്ചില്ല. വളരെ ശാന്തനായിട്ടാണു് അവൻ പതിച്ചതു്, ഒരു മരം വീഴുന്ന പോലെ. പൂഴിയായതു കാരണം ഒരൊച്ചയുമുണ്ടായില്ല.
അതിനു ശേഷം ആറു കൊല്ലം കടന്നുപോയിരിക്കുന്നു… ഈ കഥ ഞാൻ മുമ്പാരോടും പറഞ്ഞിട്ടില്ല. ഞാൻ ജീവനോടെ തിരിച്ചു വന്നതിൽ എന്റെ കൂട്ടുകാർക്കു സന്തോഷമായിരുന്നു. ഞാൻ ദുഃഖിതനായിരുന്നു; പക്ഷേ, ഞാൻ അവരോടു പറഞ്ഞതു് “ഞാൻ ക്ഷീണിതനാണു്” എന്നായിരുന്നു.
ഇപ്പോൾ എന്റെ ദുഃഖത്തിനു് തെല്ലൊരു ശമനം കിട്ടിയിരിക്കുന്നു. എന്നു പറഞ്ഞാൽ… പൂർണ്ണമായി മാറിയിട്ടില്ല. അവൻ തന്റെ ഗ്രഹത്തിലേക്കു മടങ്ങിപ്പോയി എന്നു് എനിക്കുറപ്പാണു്; കാരണം, നേരം വെളുത്തപ്പോൾ അവന്റെ ശരീരം ഞാൻ കണ്ടില്ല. അത്ര ഭാരക്കൂടുതലുള്ള ശരീരവുമായിരുന്നില്ല അതു്… രാത്രിയിൽ നക്ഷത്രങ്ങൾക്കു കാതോർത്തു കിടക്കാൻ എനിക്കിഷ്ടമാണു്. അമ്പതു കോടി കുഞ്ഞുമണികൾ മുഴങ്ങുന്ന പോലെയാണതു്…
പക്ഷേ, വിചിത്രമായ ഒരു കാര്യമുണ്ടു്… ലിറ്റിൽ പ്രിൻസിനു വേണ്ടി ആ വായ്പൂട്ടു വരച്ചു കൊടുക്കുമ്പോൾ അതിൽ ഒരു തോൽവാറു പിടിപ്പിക്കാൻ ഞാൻ വിട്ടുപോയി. അതില്ലാതെ ആ വായ്പൂട്ടു് ആടിന്റെ മുഖത്തു വച്ചുകെട്ടാൻ അവനു കഴിയുകയുമില്ല. അപ്പോൾ ഞാൻ ആലോചിച്ചുപോവുകയാണു്: എന്തായിരിക്കും അവന്റെ ഗ്രഹത്തിൽ നടന്നിട്ടുണ്ടാവുക? ആടു് അവന്റെ പൂവിനെ കടിച്ചു തിന്നിട്ടുണ്ടാവുമോ?…
ഞാൻ തന്നെ അതിനു സമാധാനവും കാണും: “ഒരിക്കലുമില്ല! ലിറ്റിൽ പ്രിൻസ് എല്ലാ രാത്രിയും ഒരു സ്ഫടികഗോളം കൊണ്ടു് പൂവു് അടച്ചുവയ്ക്കാറുണ്ടു്; ആടു വന്നു കടിക്കാതെ അവൻ ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ടു്.” അപ്പോൾ എനിക്കു സന്തോഷമായി. നക്ഷത്രങ്ങളൊന്നാകെ മധുരതരമായി ചിരിക്കുകയും ചെയ്യും.
ചിലപ്പോൾ എനിക്കു തോന്നും: “ആർക്കും ഒരു നിമിഷത്തേക്കു് ശ്രദ്ധയൊന്നു മാറിപ്പോകാമല്ലോ; അതു മതി! ഒരു രാത്രിയിൽ അവൻ സ്ഫടികഗോളത്തിന്റെ കാര്യം മറന്നുവെന്നു വരാം, ആടു് രാത്രിയിൽ ഒച്ചയുണ്ടാക്കാതെ പുറത്തു ചാടിയെന്നു വരാം… അപ്പോൾ കുഞ്ഞുമണികൾ കണ്ണീർത്തുള്ളികളായി മാറുകയാണു്… ”
ഇതെല്ലാം ഒരു മഹാരഹസ്യമാണു്. ലിറ്റിൽ പ്രിൻസിനെ സ്നേഹിക്കുന്ന നിങ്ങൾക്കും. എനിക്കാകട്ടെ, നമുക്കെവിടെയെന്നറിയാത്ത ഒരിടത്തു്, നാമൊരിക്കലും കണ്ടിട്ടില്ലാത്ത ഒരാടു് ഒരു റോസാപ്പൂ തിന്നാൽ അഥവാ തിന്നില്ലെങ്കിൽ ഈ പ്രപഞ്ചത്തിന്റെ അവസ്ഥ തന്നെ മാറിപ്പോവുകയാണു്.
ആകാശത്തേക്കു നോക്കൂ. എന്നിട്ടു സ്വയം ചോദിക്കൂ: “ആടു് പൂവു തിന്നോ ഇല്ലയോ?” അതിനുള്ള ഉത്തരത്തിനനുസൃതമായി സകലതും മാറുന്നതു നിങ്ങൾക്കു കാണാം…
അതെത്ര പ്രാധാന്യമുള്ള കാര്യമാണെന്നു് ഒരു മുതിർന്നയാളും ഒരു കാലത്തും മനസ്സിലാക്കുകയുമില്ല!
ഇതാണു് എന്നെ സംബന്ധിച്ചിടത്തോളം, ഈ ലോകത്തെ ഏറ്റവും മനോഹരവും ഏറ്റവും ദുഃഖകരവുമായ ഭൂദൃശ്യം. മുൻപേജിൽ കണ്ടതു തന്നെയാണിതു്. നിങ്ങളുടെ ഓർമ്മയിൽ തറഞ്ഞു നില്ക്കാൻ വേണ്ടിയാണു് ഞാനതു് ഒന്നുകൂടി വരച്ചതു്. ഇവിടെ വച്ചാണു് ലിറ്റിൽ പ്രിൻസ് ഈ ലോകത്തു പ്രത്യക്ഷനായതു്, പിന്നീടു് അപ്രത്യക്ഷനായതും.
എന്നെങ്കിലുമൊരിക്കൽ ആഫ്രിക്കൻ മരുഭൂമിയിലൂടെ യാത്ര ചെയ്യേണ്ടി വരുമ്പോൾ ആ സ്ഥലം നിങ്ങൾ തിരിച്ചറിയും എന്നുറപ്പു വരുത്താനായി ശ്രദ്ധ വച്ചു് ഇതിലേക്കു നോക്കൂ. ആ സ്ഥലത്തെത്തിയാൽ ധൃതി വച്ചു പോവുകയുമരുതു്. ആ നക്ഷത്രത്തിനു നേരേ ചുവട്ടിലായി അല്പനേരം നില്ക്കുക. അപ്പോൾ ഒരു ബാലൻ മുന്നിൽ വരികയാണെങ്കിൽ, അവൻ ചിരിക്കുകയാണെങ്കിൽ, അവന്റെ മുടിയ്ക്കു സ്വർണ്ണനിറമാണെങ്കിൽ, നിങ്ങളുടെ ചോദ്യങ്ങൾക്കു് അവനിൽ നിന്നു മറുപടി കിട്ടുന്നില്ലെങ്കിൽ—എങ്കിൽ അവനാരാണെന്നു് നിങ്ങൾക്കു മനസ്സിലാകും. അങ്ങനെയൊന്നു സംഭവിച്ചാൽ ദയവായി എന്നെ ആശ്വസിപ്പിക്കുക. അവൻ മടങ്ങിവന്നുവെന്നു് എത്രയും വേഗം എന്നെ അറിയിക്കുക.
Le Petit Prince (കൊച്ചുരാജകുമാരൻ) എന്ന ബാലസാഹിത്യകൃതിയുടെ പേരിൽ പ്രശസ്തനായ ഫ്രഞ്ച് എഴുത്തുകാരൻ അന്ത്വാൻ ദ് സാന്തെ-എക്സ്യുപെരി 1900 ജൂൺ 29-നു് ഫ്രാൻസിലെ ലിയോണിൽ ഒരു പ്രഭുകുടുംബത്തിൽ ജനിച്ചു. ഒന്നാം ലോകമഹായുദ്ധം ആരംഭിക്കുമ്പോൾ വിദ്യാർത്ഥിയായിരുന്ന അന്ത്വാൻ 1921-ൽ ഫ്രഞ്ച് സൈന്യത്തിൽ ചേർന്നു. അടുത്ത കൊല്ലം പൈലറ്റ് പരിശീലനം പൂർത്തിയാക്കുകയും എയർ ഫോഴ്സിലേക്കു മാറുകയും ചെയ്തു. മൊറോക്കോയിൽ അല്പകാലത്തെ പോസ്റ്റിങ്ങിനു ശേഷം അദ്ദേഹം എയർ ഫോഴ്സിൽ നിന്നു പിരിഞ്ഞു. എന്നാൽ ഇതിനകം വൈമാനികജീവിതം അദ്ദേഹത്തിന്റെ ജീവിതാവേശമായി മാറിക്കഴിഞ്ഞിരുന്നു. 1923-ൽ ഒരു വിമാനാപകടത്തിൽ അദ്ദേഹത്തിന്റെ തലയ്ക്കു ക്ഷതം പറ്റിയിരുന്നു. എന്നാൽ അതുകൊണ്ടൊന്നും പിന്മാറാതെ അദ്ദേഹം ഒരു മെയിൽ പൈലറ്റായി ജോലി സ്വീകരിച്ചു. മരുഭൂമിയും അവിടുത്തെ നിവാസികളും അദ്ദേഹത്തിനു വളരെ പ്രിയമായിരുന്നു. ആ സ്നേഹം കൊണ്ടാണു് അദ്ദേഹം പടിഞ്ഞാറൻ സഹാറയിലെ ഒരു വിമാനത്താവളത്തിന്റെ ഡയറക്ടറായതും. മരുഭൂമിയിൽ തകർന്നുവീഴുന്ന വിമാനങ്ങളിലെ പൈലറ്റുകളെ രക്ഷപ്പെടുത്തുക എന്നതും അദ്ദേഹത്തിന്റെ ജോലിയിൽ ഉൾപ്പെട്ടിരുന്നു. 1929-ൽ അദ്ദേഹം അർജ്ജന്റീനയിലെ ഒരു എയർ മെയിൽ ലൈനിന്റെ മേധാവിയായി. അദ്ദേഹത്തിന്റെ സാഹിത്യജീവിതം ആരംഭിക്കുന്നതു് ഇക്കാലത്താണു്. ആദ്യത്തെ നോവലുകളായ Southern Mail, Night Flight എന്നിവയുടെ പ്രമേയം സ്വന്തം വൈമാനികജീവിതം തന്നെയാണു്. 1935-ൽ പാരീസിൽ നിന്നു് സെയ്ഗോണി (ഇന്നത്തെ ഹോ-ചിമിൻ സിറ്റി) ലേക്കുള്ള യാത്രയിൽ പറന്നുയർന്നു് ഇരുപതു മണിക്കൂർ കഴിഞ്ഞപ്പോൾ വിമാനം സഹാറയിൽ തകർന്നുവീണു. അദ്ദേഹത്തിനും സഹപൈലറ്റിനും ജീവൻ നിലനിർത്താൻ ഉണ്ടായിരുന്നതു് അല്പം ചോക്ലേറ്റും കുറച്ചു ബിസ്കറ്റും മാത്രമായിരുന്നു. നാലു ദിവസം കഴിഞ്ഞു് മരുഭൂമിയിലെ ഒരു ഗോത്രവംശക്കാരൻ അവരെ രക്ഷപ്പെടുത്തുകയായിരുന്നു. അദ്ദേഹം 1939-ൽ എഴുതിയ ‘കാറ്റും മണലും നക്ഷത്രങ്ങളും’ എന്ന പേരിലുള്ള ഓർമ്മക്കുറിപ്പുകൾ പ്രമേയമാക്കുന്നതു് ഈ അനുഭവങ്ങളാണു്. 1939-ൽ രണ്ടാം ലോകമഹായുദ്ധം തുടങ്ങുമ്പോൾ തലേ വർഷം ഗ്വാട്ടിമാലയിൽ വെച്ചുണ്ടായ ഒരു വിമാനാപകടത്തിൽ പറ്റിയ പരിക്കുകളിൽ നിന്നു മോചിതനാവുന്നേ ഉണ്ടായിരുന്നുള്ളു അദ്ദേഹം. എന്നാല്ക്കൂടി അദ്ദേഹം ഫ്രഞ്ച് എയർ ഫോഴ്സിൽ ചേരാൻ അപേക്ഷ കൊടുക്കുകയും അതു് അംഗീകരിക്കപ്പെടുകയും ചെയ്തു. എന്നാൽ ഫ്രാൻസ് നാസികൾക്കധീനമായപ്പോൾ അദ്ദേഹം അമേരിക്കയിലേക്കു പലായനം ചെയ്തു. ആ പ്രവാസകാലത്താണു് എക്സ്യുപെരി ‘ലിറ്റിൽ പ്രിൻസ്’ എഴുതുന്നതു്. അദ്ദേഹം തന്നെ വരച്ച ചിത്രങ്ങളോടെ 1943-ൽ ഇംഗ്ലീഷ് പരിഭാഷയോടൊപ്പം അവിടെ അതു പ്രസിദ്ധീകരിക്കുകയും ചെയ്തു.
പക്ഷേ, തന്റെ ജന്മദേശം യുദ്ധത്തിനു നടുവിലായിരിക്കുമ്പോൾ അടങ്ങിയിരിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. എയർ ഫോഴ്സിൽ ചേരാൻ അദ്ദേഹം വീണ്ടും അപേക്ഷ കൊടുത്തു. അപ്പോൾ പ്രായം നാല്പത്തിമൂന്നായിരുന്നു; പരിക്കുകൾ കാരണം വസ്ത്രം മാറാൻ പോലും പരസഹായം വേണമെന്ന നിലയിലുമായിരുന്നു. അതേ സമയം അദ്ദേഹത്തിന്റെ അന്താരാഷ്ട്രപ്രശസ്തിയിൽ നിന്നു ലഭിക്കുന്ന പ്രചാരമൂല്യം എക്സ്യുപെരിയെ വീണ്ടും സൈന്യത്തിലെടുക്കുന്നതിനു പ്രേരകമായി. അങ്ങനെ 1943 ഏപ്രിലിൽ വടക്കേ ആഫ്രിക്കയിൽ ഒരു നിരീക്ഷണപ്പൈലറ്റായി അദ്ദേഹം സർവ്വീസിൽ തിരിച്ചുവന്നു. സഖ്യകക്ഷികൾ തെക്കൻ ഫ്രാൻസിൽ നടത്താനിരിക്കുന്ന ഒരാക്രമണത്തിനു മുന്നോടിയായി നിരീക്ഷണപ്പറക്കൽ നടത്താൻ കോർസിക്ക ദ്വീപിലെ ഒരു വിമാനത്താവളത്തിൽ നിന്നു് 1944 ജൂലൈ 31-ന് എക്സ്യുപെരി ഒരു P-38 വിമാനത്തിൽ പറന്നുയർന്നു. അദ്ദേഹം പിന്നെ മടങ്ങിയെത്തിയില്ല. സാന്തെ-എക്സ്യുപെരി യുദ്ധത്തിൽ കൊല്ലപ്പെട്ടതായി എട്ടു ദിവസം കഴിഞ്ഞു് ഔദ്യോഗികമായ അറിയിപ്പുണ്ടായി. 1998-ൽ ഒരു ഫ്രഞ്ച് മീൻപിടുത്തക്കാരന് മാഴ്സേ ഭാഗത്തെ കടലിൽ നിന്നു് എക്സ്യുപെരിയുടെ ഐഡന്റിറ്റി ബ്രേസ്ലെറ്റ് കിട്ടി; രണ്ടു കൊല്ലം കഴിഞ്ഞു് അതേ ഭാഗത്തു നിന്നുതന്നെ അദ്ദേഹത്തിന്റെ വിമാനത്തിന്റെ അവശിഷ്ടങ്ങളും കണ്ടുകിട്ടി.
മതഗ്രന്ഥങ്ങൾ ഒഴിവാക്കിയാൽ ലോകത്തു് ഏറ്റവുമധികം ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെടുകയും ഏറ്റവും കൂടുതൽ വില്ക്കുകയും ചെയ്ത പുസ്തകമാണു് എക്സ്യൂപെരിയുടെ Le Petit Prince എന്ന ഈ നോവെല്ല. വിമാനം തകർന്നു് മരുഭുമിയിൽ പെട്ടുപോയ ഒരു ഏകാന്തവൈമാനികനും ദുശ്ശാഠ്യക്കാരിയായ ഒരു പൂവിനോടു പിണങ്ങി തന്റെ രാജ്യമായ ഒരല്പഗ്രഹത്തിൽ നിന്നു് ഗോളാന്തരയാത്ര നടത്തി ഒടുവിൽ ഭൂമിയിലെത്തുകയും ചെയ്യുന്ന സ്വർണ്ണമുടിക്കാരനായ ഒരു രാജകുമാരനും തമ്മിലുള്ള ഈ കൂടിക്കാഴ്ച അതിൽ അന്തർലീനമായ ദുരന്തബോധം കൊണ്ടാണു് ഇന്നും വായനക്കാരെ ആകർഷിക്കുന്നതു്. മുതിർന്നവർക്കു വേണ്ടി എഴുതിയ ഈ കുട്ടിക്കഥയുടെ സന്ദേശം നാം കാണാതെപോകരുതു്. മുതിർന്നവരാകുന്നതോടെ യഥാർത്ഥസൗന്ദര്യം നമ്മുടെ കാഴ്ചയിൽ വരുന്നില്ല. സംഖ്യകളുടേയും ലാഭനഷ്ടങ്ങളുടേയും വികാരഹീനമായ ബൗദ്ധികതയുടേയും അയാഥാർത്ഥലോകത്തു നിന്നു് സൗന്ദര്യത്തിന്റെയും നിഷ്കളങ്കതയുടേയും വൈകാരികതയുടേയും ആ ബാല്യകാലലോകത്തേക്കുള്ള മടക്കമാണു് ഭൂമിയിലെ ജീവിതത്തെ സഹനീയമാക്കാനുള്ള ഒരേയൊരു വഴി.
കൊല്ലം സ്വദേശിയാണു്. റെയിൽവേയിൽ ബുക്കിംഗ് ക്ലർക്ക് ആയിരുന്നു. ഇപ്പോൾ വിവർത്തകൻ മാത്രമാണു്. കാഫ്ക (കഥകൾ, വിചാരണ, കത്തുകളും ഡയറിക്കുറിപ്പുകളും), ബോദ്ലേർ (കലാകാരന്റെ കുമ്പസാരങ്ങൾ), ബാഷോ (കവിതകളും യാത്രകളും), ഹാൻസ് ആൻഡേഴ്സൻ (കഥ കൈ ചൂണ്ടുന്നത് നിങ്ങളെ), റൂമി (പ്രണയം നമ്മുടെ പ്രവാചകൻ), അന്ത്വാൻ ദി സാങ്ങ്ത് എക്സ്യുപെരി (ലിറ്റിൽ പ്രിൻസ്), റില്ക്കെ (ഒരു യുവകവിക്കയച്ച കത്തുകൾ), ഉലാവ് എച്ച്. ഹേഗ് (ഇലക്കുടിലുകളും മഞ്ഞുവീടുകളും), വീസ്വാവ ഷിംബോർസ്ക്ക (അത്ഭുതങ്ങളുടെ മേള), ബെർത്തോൾട്ട് ബ്രെഹ്റ്റ് (കവിതയുടെ ദുരിതകാലം), ബോർഹസ് (സ്വപ്നവ്യാഘ്രങ്ങൾ) തുടങ്ങിയ വിവർത്തനപുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടു്.
ചിത്രീകരണം: അന്ത്വാൻ ദ് സാന്തെ-എക്സ്യുപെരി.