ഗൃത്സമദന്‍ ഋഷി; ജഗതിയും അതിശക്വരിയും ഛന്ദസ്സ്; കപിഞ്ജലരുപിയായ ഇന്ദ്രൻ ദേവത.
പക്ഷികൾ കാലംതോറും അന്നം സൂചിപ്പിച്ചുകൊണ്ടു, സ്തോതാക്കൾപോലെ വലംവെച്ചു ശബ്ദിയ്ക്കട്ടെ: അവ, സാമഗര്‍ ഗായത്രവും ത്രൈഷ്ടുഭവുമെന്നപോലെ, ഇരുമൊഴികൾ പാടും – രസിപ്പിയ്ക്കും. 1
ശകുനേ, നീ, ഉദ്ഗാതാവു സാമമെനന്നപോലെ പാടുന്നു; നീ, സവനങ്ങളില്‍ ബ്രാഹ്മണാച്ഛംസിപോലെ ശംസിയ്ക്കുന്നു; നീ, ഒരു യുവാശ്വം പെണ്‍കുതിരകളില്‍ ചെന്നിട്ടെന്നപോലെ ശബ്ദിച്ചു, ഞങ്ങൾക്കു സർവത്ര നന്മ സൂചിപ്പിക്കുക! 2
ശകനേ, നീ ശബ്ദിച്ചു നന്മ സൂചിപ്പിയ്ക്കുക; മിണ്ടാതിരുന്നാലും, ഞങ്ങളുടെ നല്ല മനസ്സറിയുക. നീ മേല്പോട്ടു പറക്കുമ്പോൾ കർക്കരിപോലെ ശബ്ദിയ്ക്കുമല്ലോ! ഞങ്ങൾ നല്ല വീരന്മാരോടുകൂടി യാഗത്തില്‍ സ്തുതിയ്ക്കാം. 3
[1] അന്നം – അന്നലബ്ധി. പക്ഷികൾ വലംവെച്ചു പാടുന്നതു ശുഭമത്രേ. സാമഗര്‍ – സാമവേദികൾ. ഗായത്രവും ത്രൈഷ്ടഭവും – ഗായത്രീ – ത്രിഷ്ടുപ്പ് ഛന്ദസ്സൂക്തങ്ങൾ. ഇരുമൊഴികൾ – ഗാനവും രാഗവും. രസിപ്പിയ്ക്കും – ശ്രോതാക്കളെ.
[2] ശംസിയ്ക്കുന്നു – ‘ശസ്ത്രം’ ചൊല്ലുന്നു.
[3] കർക്കരി – ഒരുതരം വാദ്യം; വീണ (?)